ഇഎംഎസ്സും കുമാരനാശാനും: പഴയ ഒരു വിവാദം പുതിയ പാഠങ്ങള്‍

ഇഎംഎസ്സും കുമാരനാശാനും: പഴയ ഒരു വിവാദം പുതിയ പാഠങ്ങള്‍

1991-ലെ പൊതുതെരഞ്ഞെടുപ്പു കാലത്താണ് കുമാരനാശാനെ ബ്രിട്ടീഷുകാരുടെ പാദദാസന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പ്രഖ്യാതമായ ലേഖനം പുറത്തുവന്നത്.

1991-ലെ പൊതുതെരഞ്ഞെടുപ്പു കാലത്താണ് കുമാരനാശാനെ ബ്രിട്ടീഷുകാരുടെ പാദദാസന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പ്രഖ്യാതമായ ലേഖനം പുറത്തുവന്നത്. പ്രധാനമന്ത്രി വി.പി. സിങ് മണ്ഡല്‍ ശുപാര്‍ശകള്‍ നടപ്പിലാക്കും എന്ന പ്രഖ്യാപനം നടത്തിയ ശേഷം രാജിവച്ചു വീണ്ടും ജനവിധി തേടുന്ന സമയമായിരുന്നു അത്. ഇടതു പക്ഷത്തിന്റെ പിന്തുണ വി.പി. സിങിനായിരുന്നു. പ്രചാരണത്തിനായി തിരുവനന്തപുരത്തു വി.പി. സിങ് എത്തിയ സമയത്തു പിന്നാക്ക സമുദായങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ടി.കെ. മാധവന്റെ പ്രതിമയില്‍ അദ്ദേഹം ഹാരാര്‍പ്പണം നടത്തുകയുണ്ടായി. ആ സമയത്താണ് ദേശാഭിമാനി ഇ.എം.എസ്സിന്റെ ലേഖനം പ്രസിദ്ധീകരിച്ചത്. പിന്നാക്ക സമുദായങ്ങള്‍ നമ്മുടെ ദേശീയ പ്രസ്ഥാനത്തിലും സാമൂഹിക വിമോചനസമരങ്ങളിലും നല്‍കിയ സംഭാവനകളെ അനുസ്മരിക്കുന്ന ലേഖനങ്ങള്‍ ചേര്‍ത്തുകൊണ്ട് ഒരു പ്രത്യേക പതിപ്പു ദേശാഭിമാനി ആസൂത്രണം ചെയ്യുകയായിരുന്നു. അതിലേക്കായാണ് അന്ന് അങ്കമാലിയില്‍ മകന്‍ അനിയന്റെ (ഇ.എം. ശ്രീധരന്‍) വീട്ടില്‍ കഴിയുകയായിരുന്ന ഇ.എം.എസ്സിനെ ബന്ധപ്പെട്ടു ലേഖനം സംഘടിപ്പിച്ചതെന്ന് അന്ന് അതിന്റെ ചുമതലക്കാരനായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഓര്‍മ്മിക്കുന്നു. പിന്നീട് അതു വലിയൊരു വിവാദത്തിനു തിരികൊളുത്തി. ഏതാനും ദിവസം കഴിഞ്ഞു കേരള കൗമുദിയും മലയാള മനോരമയും ഇ.എം.എസ്സിന്റെ ലേഖനത്തിലെ ചില ഭാഗങ്ങള്‍ പുന:പ്രസിദ്ധീകരിച്ചു. ദേശാഭിമാനി പതാധിപസമിതി അംഗങ്ങള്‍ ലേഖനത്തില്‍നിന്നു ശ്രദ്ധാപൂര്‍വ്വം വെട്ടിമാറ്റിയ ഭാഗങ്ങള്‍കൂടി കൂട്ടിച്ചേര്‍ത്തു പ്രസിദ്ധീകരിച്ചുകൊണ്ടാണ് രണ്ടു പത്രങ്ങളും ഇ.എം.എസ്സിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെ ആഞ്ഞടിച്ചത്.

കുമാരനാശാനെപ്പറ്റിയും ശ്രീനാരായണ പ്രസ്ഥാനത്തെപ്പറ്റിയും ഇ.എം.എസ്സിന്റെ നിലപാടുകളില്‍ പുതുമയൊന്നും യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നില്ല. ദേശീയ പ്രസ്ഥാനത്തോട് നാരായണഗുരുവും ശിഷ്യന്മാരും സ്വീകരിച്ചിരുന്ന സമീപനത്തെ സംബന്ധിച്ച് ദേശീയ സമരകാലം മുതലേ വിമര്‍ശനങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. ഒന്നാം ലോകയുദ്ധകാലത്തു ബ്രിട്ടീഷ് യുദ്ധ സംരംഭങ്ങള്‍ക്ക് അകമഴിഞ്ഞു പിന്തുണ നല്‍കിയ ഗാന്ധിജിക്ക് യുദ്ധാനന്തരം അവര്‍ നല്‍കിയത് സ്വരാജ് ആയിരുന്നില്ല; മറിച്ചു റൗലറ്റ് കരിനിയമവും ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊലയുമാണ്. അതോടെ രാജ്യം ഇളകിമറിഞ്ഞു. നാടെങ്ങും നിസ്സഹകരണ പ്രസ്ഥാനം അലയടിച്ചു. ബ്രിട്ടീഷ് ഭരണത്തിനു കീഴിലുള്ള മലബാറിലും അന്ന് അതിന്റെ അലയൊലികള്‍ ശക്തമായിരുന്നു.  

ആ അവസരത്തിലാണ് ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തിയ വെയില്‍സ് രാജകുമാരനില്‍നിന്ന് കുമാരനാശാന്‍ പട്ടും വളയും സ്വീകരിച്ചത്. 1921 നവമ്പര്‍ മാസത്തിലാണ് രാജകുമാരന്റെ സന്ദര്‍ശനമുണ്ടായത്. ശ്രീനാരായണ ശിഷ്യരില്‍ കോഴിക്കോട്ടെ മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്‍ വക്കീലും എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി കുമാരനാശാനും അടക്കമുള്ളവര്‍ സ്വീകരിച്ചിരുന്നതില്‍നിന്നു ഭിന്നമായി, ദേശീയ പ്രസ്ഥാനവുമായി യോജിച്ചു നിന്നുകൊണ്ടുള്ള സമരത്തിനാണ് ടി.കെ. മാധവന്‍ ഊന്നല്‍ നല്‍കിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കാക്കിനാഡ സമ്മേളനത്തില്‍ (1923) അദ്ദേഹവും പങ്കെടുത്തിരുന്നു. തൊട്ടടുത്ത വര്‍ഷം കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ വൈക്കത്തു ക്ഷേത്രനടയില്‍ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ അതിന്റെ മുന്നണിയില്‍ ടി.കെ. മാധവനും അന്നത്തെ കെ.പി.സി.സി നേതാക്കളായ കെ.പി. കേശവമേനോനും കെ. മാധവന്‍ നായരും അടക്കമുളളവര്‍ അണി നിരന്നിരുന്നു. ഈ ഭിന്നതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കുമാരനാശാന്‍ അടക്കമുള്ള പിന്നാക്ക സമുദായ നേതാക്കളുടെ സാമ്രാജ്യത്വ പ്രീണന നയത്തെ ഇ.എം.എസ്. വിമര്‍ശിച്ചത്.

ഈ വിമര്‍ശനങ്ങള്‍ വസ്തുതാപരമായി ശരിയുമാണ്. ദേശീയ പ്രസ്ഥാനത്തില്‍ പല തരത്തിലുള്ള ധാരകള്‍ ഉള്‍ച്ചേര്‍ന്നിരുന്നു. പ്രസ്ഥാനത്തെ നയിച്ചിരുന്നത് മേല്‍ജാതി വിഭാഗങ്ങളില്‍പ്പെട്ട നേതാക്കളാണ്. ഗാന്ധിജി ഒഴിച്ച് മറ്റൊരു നേതാവും ജാതിയുടേയും സാമൂഹികമായ പാര്‍ശ്വവല്‍ക്കരണത്തിന്റേയും പ്രശ്‌നങ്ങളെക്കുറിച്ചു ചിന്തിച്ചിരുന്നുപോലുമില്ല. ഗാന്ധിജി തെക്കേ ആഫ്രിക്കയില്‍ പ്രക്ഷോഭം നയിക്കുന്ന കാലത്ത് 1905-ല്‍ നടന്ന കല്‍ക്കത്തയിലെ കോണ്‍ഗ്രസ്സ് സമ്മേളത്തില്‍ പങ്കെടുത്തിരുന്നു. അന്ന് അവിടെ കണ്ട കാര്യങ്ങള്‍ അദ്ദേഹം ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ പരസ്യമായി മലമൂത്ര വിസര്‍ജ്ജനം, അതു മൂടാതെ പരിസര മലിനീകരണം. ഇതു കണ്ടു സഹിക്കാതെ വിസര്‍ജ്ജ്യം കുഴിച്ചു മൂടാന്‍ തെക്കേ ആഫ്രിക്കയില്‍നിന്നു വന്ന നവാഗതന്‍ സ്വമേധയാ തയ്യാറായി. നാട്ടിലെ നേതാക്കള്‍ക്ക് വിസര്‍ജ്ജ്യം തങ്ങളുടെ പ്രശ്‌നമായിരുന്നില്ല; അതിനു തോട്ടികളുണ്ടല്ലോ എന്ന നിലപാടായിരുന്നു അവരുടേത്. ഭക്ഷണശാലയിലും ഇതേ തരത്തിലുള്ള ജാതീയ വിഭജനങ്ങള്‍ യാതൊരു മറയുമില്ലാതെ കാണപ്പെട്ടു. അവിടെ ഉയര്‍ന്ന ജാതിക്കാര്‍ക്ക് വേറെ തന്നെയായിരുന്നു ഭോജനശാല. 

കുമാരനാശന്‍
കുമാരനാശന്‍

കോണ്‍ഗ്രസ്സിന്റെ അന്നത്തെ പ്രമുഖ നേതാക്കളായ ഗോപാല്‍ കൃഷ്ണ ഗോഖലേയ്ക്കും ലോകമാന്യ തിലകനും ലാലാ ലജ്പത് റായിയും അടക്കമുള്ള മറ്റു നേതാക്കള്‍ക്കും ഇതൊന്നും അസ്വീകാര്യമായി തോന്നിയില്ല. എന്നാല്‍, എന്തുകൊണ്ട് ഗാന്ധിജി അതിനോടു വിയോജിച്ചു എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ സമീപകാല ജീവചരിത്രകാരന്മാരായ രാമചന്ദ്ര ഗുഹയും കാതറീന്‍ ടൈഡ്രിക്കും ജോസഫ് ലെലിവെല്‍ഡും ഏതാണ്ട് ഒരേ ഉത്തരം തന്നെയാണ് നല്‍കുന്നത്. അതായത് ദക്ഷിണാഫ്രിക്കയിലെ അനുഭവങ്ങള്‍. അതില്‍നിന്നുള്ള പാഠങ്ങള്‍. അവിടെ ജാതി ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയില്‍നിന്നു വന്ന കൂലികള്‍ എന്ന നിലയില്‍ ഒരേ സാമൂഹിക പീഡനങ്ങള്‍ക്കു ജാതിഭേദമെന്യേ സകലരും വിധേയരായിരുന്നു. അതിനാല്‍ ജാത്യാതീതമായ ഒരു സവിശേഷ ദേശീയബോധം അവിടെയുള്ള ഇന്ത്യക്കാര്‍ക്കിടയില്‍ നിലനിന്നിരുന്നു. ഇന്ത്യയിലും സാമ്രാജ്യ വിരുദ്ധ സമരനിരയില്‍ ജനങ്ങളെ ഒന്നിപ്പിക്കണമെങ്കില്‍ ജാതിക്കെതിരായ സമരം അനിവാര്യമാണെന്ന് ഗാന്ധിജി കണ്ടറിഞ്ഞു. തെക്കേ ആഫ്രിക്കയില്‍നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ഗാന്ധിജി ഈ പ്രശ്‌നത്തിനു സവിശേഷമായ പ്രാധാന്യം നല്‍കുകയും ചെയ്തു. 

ടികെ മാധവന്‍
ടികെ മാധവന്‍

എന്നാല്‍, ദേശീയപ്രസ്ഥാനത്തിലെ ഒരു വലിയ വിഭാഗം നേതാക്കളും അത്തരമൊരു സമീപനം ആത്മാര്‍ത്ഥമായി സ്വീകരിക്കുകയുണ്ടായില്ല എന്നതു സത്യം. അവര്‍ പുറമേ ഗാന്ധിശിഷ്യരും അകമേ ജാതിക്കോമരങ്ങളുമായി കഴിഞ്ഞുകൂടി. ഈയൊരു വൈരുധ്യം ദേശീയ പ്രസ്ഥാനത്തിലും അതിനുശേഷം നമ്മുടെ സ്വാതന്ത്ര്യാനന്തര ദേശീയ ജീവിതത്തിലും മായ്ക്കാനാകാത്ത ഒരു കറയായി നിലനിന്നു. അതു കഴുകിക്കളയാന്‍ ഇന്ത്യന്‍ ദേശീയതയിലെ മുഖ്യധാരയിലെ പാര്‍ട്ടികളോ നേതാക്കളോ വലിയ ശ്രമമൊന്നും ഒരിക്കലും നടത്തുകയുണ്ടായില്ല. 

കെപി കേശവമേനോന്‍
കെപി കേശവമേനോന്‍


അക്കൂട്ടത്തിലാണ് കമ്യൂണിസ്റ്റുകാരും പെട്ടു പോയതെന്നു സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകള്‍ക്കു ശേഷം കുമാരനാശാനെപ്പറ്റി ഇ.എം.എസ്. നടത്തിയ വിമര്‍ശനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആശാനെ ബ്രിട്ടീഷുകാരുടെ പാദദാസന്‍ എന്നു കളിയാക്കുന്ന നമ്പൂതിരിപ്പാട് ഇതേ നിലപാട് തന്നെയാണ് ഗാന്ധിജിയും ബ്രിട്ടീഷ് സാമ്രാജ്യത്തോട് ഒന്നാം ലോകയുദ്ധകാലത്തുപോലും സ്വീകരിച്ചത് എന്ന കാര്യം സൗകര്യപൂര്‍വ്വം മറക്കുകയാണ്. അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം വരുന്നത് 1991-ലെ തെരഞ്ഞെടുപ്പ് കാലത്താണ്. അപ്പോഴേയ്ക്കും ദേശീയ ജീവിതത്തില്‍ കീഴാളധാരകളും അവരുടെ ചിന്താപദ്ധതികളും വലിയ മേല്‍ക്കൈ നേടിക്കഴിഞ്ഞിരുന്നു. വി.പി. സിങിന്റെ മന്ത്രിസഭ തന്നെയും ഈ പുതിയ കീഴാളവര്‍ഗ്ഗ അവബോധത്തിന്റെ പ്രതിഫലനമായിരുന്നു. അതുകൊണ്ടാണ് മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനം 1990-ല്‍ അദ്ദേഹം നടത്തിയതും തുടര്‍ന്നു വീണ്ടും ജനവിധി തേടാന്‍ തീരുമാനിച്ചതും. ഉത്തര്‍പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളില്‍ മണ്ഡല്‍ രാഷ്ടീയം അപ്പോഴേക്കും തരംഗമായി ആഞ്ഞടിക്കാന്‍ തുടങ്ങിയിരുന്നു. റാം മനോഹര്‍ ലോഹ്യ മുതല്‍ കാന്‍ഷിറാം വരെയുള്ള രാഷ്ട്രീയ ചിന്തകരുടെ സ്വാധീനം സമൂഹത്തില്‍ അതിനകം വളരെ പ്രകടമായി കഴിഞ്ഞിരുന്നു. 

എന്തുകൊണ്ട് കീഴാള സമുദായങ്ങള്‍ ദേശീയ സമരകാലത്തു ബ്രിട്ടീഷ് ഭരണത്തോടു മേല്‍ജാതി മേധാവിത്വമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നിലപാടുകളില്‍നിന്നു വ്യത്യസ്തമായ നിലപാടു സ്വീകരിച്ചു എന്നതിനെപ്പറ്റി അതിനകം വലിയ വിവാദങ്ങളും വിശകലനങ്ങളും നടന്നു വരികയായിരുന്നു. ദേശീയ പ്രസ്ഥാനത്തിലെ മുഖ്യധാരയുടെ നിലപാടുകളില്‍നിന്നു വ്യത്യസ്തമായ കീഴാള ധാരകളേയും പ്രസ്ഥാനങ്ങളേയും പറ്റിയുള്ള അക്കാദമികമായ പഠനങ്ങളും അതിനകം ധാരാളം പുറത്തുവന്നു കഴിഞ്ഞിരുന്നു. കൊല്‍ക്കത്തയിലെ രണജിത് ഗുഹ, പാര്‍ത്ഥാ ചാറ്റര്‍ജി തുടങ്ങിയ ചരിത്രപണ്ഡിതന്മാര്‍ സബാള്‍ട്ടണ്‍ പഠനങ്ങള്‍ അഥവാ കീഴാള സമൂഹപഠനങ്ങള്‍ എന്ന പേരില്‍ ഒരുപറ്റം പ്രബന്ധങ്ങള്‍ പുറത്തിറക്കിയത് അതിനകം ആഗോളതലത്തില്‍ത്തന്നെ വലിയ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞിരുന്നു. ഇ.എം.എസ്. അടക്കമുള്ള മാര്‍ക്‌സിസ്റ്റ് ചിന്തകരും അവരോട് അനുഭാവമുള്ള അക്കാദമിക പണ്ഡിതന്മാരും തിരുവനന്തപുരം ആസ്ഥാനമാക്കി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ച് അവിടെനിന്നും സോഷ്യല്‍ സയന്റിസ്റ്റ് എന്ന പേരില്‍ വളരെ പ്രശസ്തമായ നിലയില്‍ ഒരു അക്കാദമിക പ്രസിദ്ധീകരണം 1970 തുടക്കം മുതല്‍ നടത്തിവരുന്നുണ്ടായിരുന്നു. ഇന്ത്യയിലും പുറത്തുമുള്ള നിരവധി ചരിത്ര, സാമൂഹികശാസ്ത്ര പണ്ഡിതന്മാര്‍ അതില്‍ എഴുതിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതിനാല്‍ 1991-ല്‍ ആശാനെക്കുറിച്ചുള്ള വിമര്‍ശനം വീണ്ടും ഉയര്‍ത്തുമ്പോള്‍ ഇന്ത്യയിലെ ചരിത്ര, സാമൂഹികശാസ്ത്ര മേഖലകളിലെ പുതിയ പഠനങ്ങള്‍ നല്‍കിയ ഉള്‍ക്കാഴ്ചകള്‍ ഇ.എം.എസിനു ലഭ്യമായിരുന്നില്ല എന്ന ന്യായീകരണത്തില്‍ കഴമ്പില്ല. ആശാനെക്കുറിച്ചും ശ്രീനാരായണനെക്കുറിച്ചും കീഴാളവര്‍ഗ്ഗ മുന്നേറ്റങ്ങളെക്കുറിച്ചും താന്‍ നേരത്തെ മനസ്സില്‍ ഉറപ്പിച്ച നിലപാടുകളില്‍ മാറ്റം വേണമെന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയിരിക്കാനിടയില്ല എന്നു മാത്രമാണ് അതിനാല്‍ അനുമാനിക്കേണ്ടത്. 

എന്തുകൊണ്ട് തോന്നിയില്ല എന്ന ചോദ്യത്തിന് ഉത്തരം കാണണമെങ്കില്‍ 1920-കള്‍ മുതല്‍ രാജ്യത്തു നടന്നുവന്ന പ്രക്ഷോഭങ്ങളുടേയും അതിന്റെ ഭാഗമായ സംവാദ, വിവാദങ്ങളുടേയും ചരിത്രം പരിശോധിക്കണം. ലണ്ടനില്‍ വട്ടമേശ സമ്മേളനത്തിനു കോണ്‍ഗ്രസ്സിന്റെ ഒരേയൊരു പ്രതിനിധിയായി ഗാന്ധിജി എത്തിച്ചേര്‍ന്നപ്പോള്‍ മുസ്ലിംകള്‍ ഒഴികെയുള്ള സകല ഇന്ത്യക്കാരുടേയും പ്രതിനിധി താനാണ് എന്ന അവകാശവാദമാണ് ഉയര്‍ത്തിയത്. അംബേദ്കര്‍ അതിനെ ചോദ്യം ചെയ്തു. ഗാന്ധിജി പ്രതിനിധാനം ചെയ്യുന്ന സവര്‍ണ്ണ വിഭാഗങ്ങളില്‍നിന്ന് തനിക്കോ തന്റെ സമുദായത്തിനോ നീതി കിട്ടുകയില്ല എന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. ഇന്ത്യാചരിത്രത്തിലെ ഈ സുപ്രധാനമായ സാമൂഹികപ്രശ്‌നം അവഗണിച്ചുകൊണ്ട് തങ്ങളുടെ സമഗ്രമായ മേധാവിത്വം ഉറപ്പിക്കാനാണ് ദേശീയപ്രസ്ഥാന നേതൃത്വത്തിലെ സവര്‍ണ്ണ വിഭാഗം ഉത്സുകരായത്. അത് ദേശീയതലത്തിലും പ്രാദേശിക തലത്തിലും അങ്ങനെത്തന്നെയായിരുന്നു. 
കുമാരനാശാന്‍ തന്നെ ഇക്കാര്യം വളരെ ശക്തമായ നിലയില്‍ ആവിഷ്‌കരിക്കുകയുണ്ടായി. വര്‍ണ്ണവിവേചനത്തിന്റെ പൈശാചികതയെക്കുറിച്ചു അദ്ദേഹം എഴുതിയതു ഇങ്ങനെയാണ്:
എന്തിനു ഭാരതധരേ, കരയുന്നു പാര-
തന്ത്ര്യം നിനക്ക് വിധികല്പിതമാണു തായേ !
ചിന്തിക്ക, ജാതിമദിരാന്ധരടിച്ചു തമ്മി-
ലന്തപ്പെടും സമയമെന്തിനയേ, സ്വരാജ്യം? 

രാമചന്ദ്ര ഗുഹ
രാമചന്ദ്ര ഗുഹ


കേരളത്തില്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ കേന്ദ്രം അന്നത്തെ മലബാര്‍ ജില്ലയുടെ തലസ്ഥാനമായ കോഴിക്കോട് ആയിരുന്നു. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന അവസരത്തില്‍ തന്നെ ഈ നഗരത്തില്‍ നാട്ടുകാരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വിദ്യാസമ്പന്നരായ യുവജനങ്ങള്‍ തയ്യാറായി. യുദ്ധസന്നാഹങ്ങള്‍ക്കു ജനപിന്തുണ തേടി നഗരസഭ 1916-ല്‍ വിളിച്ചു ചേര്‍ത്ത ടൗണ്‍ഹാളിലെ യോഗത്തില്‍ അന്നത്തെ കളക്ടര്‍ ഇവാന്‍സും അഭിഭാഷകനായ കെ.പി. കേശവമേനോനും തമ്മില്‍ ഉരസലുണ്ടായി. മേനോന്‍ മലയാളത്തില്‍ പ്രസംഗിച്ചതാണ് കളക്ടറെ പ്രകോപിതനാക്കിയത്. അതേ വര്‍ഷം തളിക്ഷേത്ര പരിസരത്ത് അയിത്തജാതിക്കാര്‍ക്കു പ്രവേശനമില്ല എന്ന ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചവരില്‍ മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്‍ വക്കീലും ഉല്‍പ്പതിഷ്ണുക്കളായ മറ്റു പൗരപ്രമുഖരും മുന്നിലുണ്ടായിരുന്നു. ആ ബോര്‍ഡ് പിഴുതുമാറ്റാന്‍ കേശവമേനോനും മഞ്ചേരി രാമയ്യരും കെ. മാധവന്‍ നായരും അയിത്തജാതിക്കാരനായ മിതവാദി സി. കൃഷ്ണന്‍ വക്കീലും ഒന്നിച്ചാണ് അങ്ങോട്ട് പുറപ്പെട്ടത്. ഇന്ത്യയില്‍ത്തന്നെ ജാതിപീഡനങ്ങള്‍ക്കെതിരായ ആദ്യത്തെ പരസ്യമായ പ്രതിഷേധമാണ് അന്ന് കോഴിക്കോട്ടു നടന്നത്.
എന്നാല്‍, ജാതീയമായ പ്രശ്‌നങ്ങളുടേയും സാമൂഹിക പീഡനങ്ങളുടേയും വിഷയത്തില്‍ മാതൃഭൂമിയും മിതവാദിയും തമ്മില്‍ അന്നു പലതവണ ഏറ്റുമുട്ടല്‍ നടക്കുകയുണ്ടായി. മാതൃഭൂമി പൊതുവില്‍ സവര്‍ണ്ണ മനോഭാവമുള്ള മേല്‍ജാതി വിഭാഗങ്ങളുടെ നിലപാടുകളെയാണ് പ്രതിഫലിപ്പിച്ചത്. അതിനോട് കടുത്ത വിയോജിപ്പാണ് തിയ്യ സമുദായ അംഗമായ കൃഷ്ണന്‍ വക്കീല്‍ പ്രകടിപ്പിച്ചത്. കാക്കിനാഡ  കോണ്‍ഗ്രസ്സിന്റെ തീരുമാനത്തിന്റെ  ഭാഗമായി വൈക്കത്തു  സത്യാഗ്രഹം തുടങ്ങാനുള്ള നീക്കത്തെ അതിനാല്‍ മിതവാദി കണ്ടത് ''ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള സമരത്തിലേയ്ക്ക് കൂടുതല്‍ ആളുകളെ കബളിപ്പിച്ചു വശീകരിക്കുന്നതിനുള്ള കോണ്‍ഗ്രസ്സിന്റെ ഒരു തന്ത്രം'' ആയിട്ടാണ്.  മിതവാദി ഇക്കാര്യത്തില്‍ തീവ്രമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും നാരായണഗുരു സമരത്തെ പിന്താങ്ങുകയാണ് ചെയ്തത്. മിതവാദി തന്നെ പിന്നീട് സമരം ശക്തമായപ്പോള്‍ സമരത്തെ പിന്തുണക്കുകയും ജനവികാരത്തെ മാനിക്കാത്ത തിരുവിതാംകൂര്‍ ഭരണാധികാരികള്‍ക്ക് റഷ്യയിലെ വിപ്ലവത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

റാം മനോഹര്‍ ലോഹ്യ
റാം മനോഹര്‍ ലോഹ്യ


ഇത്തരത്തിലുള്ള ഉരസലുകള്‍ മാതൃഭൂമിയും മിതവാദിയും തമ്മില്‍ അന്നു നടന്നതില്‍ പ്രധാനമായ പ്രശ്‌നം ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്നെയാണ്. അതില്‍ വളരെ ശ്രദ്ധേയമായ ഒരു തര്‍ക്കം ജാക്‌സണ്‍ ജഡ്ജിക്ക് കോഴിക്കോട്ടു നഗരത്തിലെ അഭിഭാഷകര്‍ നല്‍കിയ 'വിരുന്നും പൂജയും' സംബന്ധിച്ച മാതൃഭൂമിയുടെ വിമര്‍ശനവും അതിനു മിതവാദി നല്‍കിയ ചുട്ടമറുപടിയുമാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി വിവാദം കുറേക്കാലം കത്തിനിന്നു. മിതവാദിയും മഞ്ചേരി രാമയ്യരെപ്പോലുള്ള അഭിഭാഷക പ്രമാണിമാരുമാണ് ഹൈക്കോടതി ജഡ്ജിയായി നിയമനം കിട്ടിയ ജാക്‌സണ് വിരുന്നു നല്‍കിയത്. അതേപ്പറ്റി മാതൃഭൂമി മുഖപ്രസംഗത്തില്‍ ഇങ്ങനെ ചോദിച്ചു: ''ഈ ബഹുമതിയെ അര്‍ഹിക്കാന്‍ മിസ്റ്റര്‍ ജാക്‌സണ്‍ എന്തുചെയ്തിട്ടുണ്ട്? ഈ വക ആഘോഷങ്ങള്‍ക്കൊരുങ്ങിയ വക്കീല്‍മാരുടെ മനോഭാവം മനസ്സിലാക്കാന്‍ പ്രയാസമായിരിക്കുന്നു. ചവിട്ടിയ കാലിനെ നമസ്‌കരിക്കുന്നവരാണ് ഇന്ത്യക്കാര്‍ എന്നൊരു ഇംഗ്ലീഷ് സ്ത്രീ പറഞ്ഞത് എത്ര ശരിയാണ്!''

ജോസഫ് ലെലിവെല്‍ഡ്
ജോസഫ് ലെലിവെല്‍ഡ്


ഇതിനുള്ള മിതവാദിയുടെ പ്രതികരണത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും അതിനു മാതൃഭൂമി നല്‍കിയ മറുപടിയില്‍ വിഷയത്തില്‍ ഒളിഞ്ഞിരുന്ന യഥാര്‍ത്ഥ പ്രശ്‌നം പുറത്തു വരുന്നുണ്ട്. മുഖപ്രസംഗരൂപത്തില്‍ മാതൃഭൂമി നല്‍കിയ മറുപടിയില്‍ ഇങ്ങനെ പറയുന്നു: ''എന്നെന്നും ഈ രാജ്യത്തെ അടിമത്തത്തില്‍ വെക്കാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യക്കാരുടെ ആധിപത്യത്തെ ഈ രാജ്യത്തില്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന 'ഒരിന്ത്യക്കാരന്' ഉയര്‍ന്ന ജാതിക്കാരുടെ അക്രമത്തെപ്പറ്റി ആക്ഷേപിക്കാന്‍ എന്തധികാരം ഇരിക്കുന്നു? കെനിയയില്‍ നടക്കുന്ന അഴിമതികളുടെ കര്‍ത്താക്കന്മാരെ പൂജിക്കുന്ന ഒരാള്‍ക്ക് ഇന്ത്യയില്‍ ആചരിക്കുന്ന അയിത്തത്തെ നിന്ദിക്കാന്‍ അര്‍ഹതയുണ്ടോ?'' നിസ്സഹകരണ സമരത്തെ കളിയാക്കുന്ന മിതവാദിയുടെ മുഖപ്രസംഗത്തിലെ ഒരു വാചകം മാതൃഭൂമിയെ വല്ലാതെ പ്രകോപിപ്പിച്ചതായാണ് കാണാന്‍ കഴിയുക. ഒരാള്‍ ''എത്രത്തോളം സഹകരണത്യാഗിയോ, അത്രത്തോളം ജാതിസ്പര്‍ധയുള്ളവനായിരിക്കും'' അയാള്‍ എന്നതാണ് മിതവാദിയുടെ ആ വാചകം.

കാന്‍ഷിറാം
കാന്‍ഷിറാം


ഇത്തരം തര്‍ക്കങ്ങള്‍ ദേശീയപ്രസ്ഥാന കാലത്തു നാട്ടിലെങ്ങും നടന്നിരുന്നു. കീഴാള വിഭാഗങ്ങളുടെ ദേശാഭിമാനത്തേയും രാജ്യകൂറിനേയും പരസ്യമായി ചോദ്യം ചെയ്യുന്ന സമീപനമാണ് പലപ്പോഴും മാതൃഭൂമിപോലുള്ള ദേശീയ മാധ്യമങ്ങള്‍ സ്വീകരിച്ചത് എന്ന് അവയുടെ പഴയ താളുകള്‍ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.  അംബേദ്കര്‍ മുതല്‍ നാരായണഗുരു വരെയുള്ളവര്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയരായിട്ടുണ്ട്. അംബേദ്കറെപ്പറ്റി സംഘപരിവാര ചിന്തകനായ അരുണ്‍ ഷൂരി എഴുതിയ പുസ്തകം-കള്ളദൈവങ്ങളെ ആരാധിക്കുന്നവര്‍ -അത്തരത്തിലുള്ള ഒന്നാണ്. അംബേദ്കര്‍ ബ്രിട്ടീഷ് ഏജന്റാണ് എന്നത്രെ ഷൂരിയുടെ പക്ഷം.
നാരായണഗുരുവും അത്തരം ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടതായിവന്നിട്ടുണ്ട്. 1916 സെപ്റ്റംബര്‍ 11-ന് സ്വാമിയുടെ ഷഷ്ടിപൂര്‍ത്തി ആയിരുന്നു. പിറ്റേന്ന് ആലുവ ആശ്രമത്തില്‍ എത്തിച്ചേര്‍ന്ന സ്വാമിയെ കാണാനായി തമിഴ്നാട്ടില്‍നിന്നും വന്ന ചില ബ്രാഹ്മണര്‍ യുദ്ധത്തില്‍ ബ്രിട്ടന്‍ ജയിക്കാനായി പ്രാര്‍ത്ഥിക്കാന്‍ ഗുരു ആഹ്വാനം ചെയ്തത് എന്തിന് എന്ന ചോദ്യമാണ് ഉന്നയിച്ചത്. ആ ചോദ്യം ഗാന്ധിജിയോട് ആരും ചോദിച്ചതായി കേട്ടറിവില്ല. ഗാന്ധിജിയും യുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കാനായി ആഹ്വാനം ചെയ്തതാണ്. നാരായണഗുരു അതിനു നല്‍കിയ മറുപടിയില്‍ ജാതിപീഡനത്തിനു വിധേയരായ സമുദായങ്ങളുടെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ''ഇംഗ്ലീഷുകാര്‍ ജയിക്കാന്‍ നാം തന്നെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. കാരണം നമുക്കൊക്കെ സന്ന്യാസം നല്‍കിയ ഗുരുവാണവര്‍.'' ജാതിബദ്ധമായ ഹിന്ദു സമൂഹത്തില്‍ കീഴാളര്‍ക്കു വിമോചനം സാധ്യമാക്കിയത് ബ്രിട്ടീഷ് ഭരണമാണ് എന്ന കൃത്യമായ നിലപാടാണ് സ്വാമി ഇവിടെ വ്യക്തമാക്കുന്നത്. അതിനു കാരണമായ സാമൂഹിക പ്രശ്‌നങ്ങളുടെ നേരെ മേല്‍ജാതി വിഭാഗങ്ങളുടെ പ്രതികരണം എന്തായിരുന്നു എന്ന് മാതൃഭൂമിയും മിതവാദിയും തമ്മില്‍ നടന്ന വിവാദത്തിലും തെളിഞ്ഞുവരുന്നുണ്ട്. 
സാമ്രാജ്യ വിരുദ്ധ പോരാട്ടങ്ങളുടെ ചൂരിലും ചൂടിലും അത്തരം കടുത്ത വാക്കുകളും പരാമര്‍ശങ്ങളും സ്വാഭാവികമാണ്. എന്നാല്‍, അതൊക്കെ കഴിഞ്ഞ് അരനൂറ്റാണ്ട് പിന്നിട്ട വേളയിലും നമ്പൂതിരിപ്പാടിനു സ്വന്തം നിലപാടിലും സമീപനത്തിലും പുനരവലോകനം ആവശ്യമാണ് എന്ന തോന്നലുണ്ടായില്ല എന്നാണ് മണ്ഡലാനന്തര കാലത്തെ ദേശാഭിമാനി ലേഖനത്തിലും അദ്ദേഹം വ്യക്തമാക്കുന്നത്. അതു സമകാല രാഷ്ട്രീയത്തില്‍ നിഷേധഫലങ്ങളുണ്ടാക്കും എന്നു പത്രാധിപസമിതിക്കു തോന്നിയതുകൊണ്ടാവണം അവര്‍ ആ ലേഖനത്തില്‍ ചില മിനുക്കുപണികള്‍ ചെയ്തതും പല ഭാഗങ്ങളും ഒഴിവാക്കിയതും. പിന്നീട് വിഷയം വിവാദമായപ്പോഴും ഇ.എം.എസ്. നിലപാട് പുനപ്പരിശോധിക്കാനോ തിരുത്താനോ തയ്യാറായതുമില്ല. 

എന്താണ് ഇതു ചൂണ്ടിക്കാണിക്കുന്നത്? ജാതിയും ജാതിപീഡനവും സംബന്ധിച്ച പ്രശ്‌നങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കാലാകാലമായി സ്വീകരിച്ച നിലപാടുകളില്‍ എന്തെങ്കിലും പാളിച്ചയുണ്ടായോ എന്ന മട്ടിലുള്ള ഒരു സ്വയം വിമര്‍ശനത്തിനും പാര്‍ട്ടി തയ്യാറായില്ല എന്നു തന്നെയാണ് അതു വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ബ്രാഹ്മണമേധാവിത്വം നിലനില്‍ക്കുന്നു എന്ന ആരോപണത്തിനു സ്വീകാര്യതയുണ്ടാക്കുന്നത് ഇത്തരം നിലപാടുകളാണ് എന്നു പറയേണ്ടിവരും. ഇ.എം.എസ്സിന്റെ കാലം കഴിഞ്ഞു പതിറ്റാണ്ടുകള്‍ക്കുശേഷം അതേ പാര്‍ട്ടി ദളിത് വിഭാഗങ്ങളുടെ സവിശേഷ പ്രശ്‌നങ്ങള്‍ പഠിക്കാനും അവരെ പ്രത്യേകമായി സംഘടിപ്പിക്കാനും തീരുമാനിച്ചു എന്നതു വേറെ കാര്യം. നാരായണഗുരു മുതല്‍ അംബേദ്കര്‍ വരെയുള്ള ദേശീയ നേതാക്കളുടേയും വ്യക്തിത്വങ്ങളുടേയും കാര്യത്തില്‍ കുറേക്കൂടി അവധാനപൂര്‍ണ്ണമായ സമീപനം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പുലര്‍ത്തേണ്ടതായിരുന്നു എന്നാണ് ഈ വിവാദങ്ങളും അവയുടെ ബാക്കിപത്രവും നല്‍കുന്ന സന്ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com