ഇനി ഉണ്ടാവാത്ത ഒരു സഹവാസക്കാലം: യുകെ കുമാരന്റെ അനുഭവക്കുറിപ്പിന്റെ തുടര്‍ച്ച

വീക്ഷണം പത്രാധിപസമിതി അംഗങ്ങള്‍ അന്ന് താമസിച്ചിരുന്നത് എറണാകുളം നോര്‍ത്തില്‍ ഡണ്‍ലപ്പ് കമ്പനിക്ക് പിറകിലുള്ള ഒരു വീട്ടിലായിരുന്നു.
ഇനി ഉണ്ടാവാത്ത ഒരു സഹവാസക്കാലം: യുകെ കുമാരന്റെ അനുഭവക്കുറിപ്പിന്റെ തുടര്‍ച്ച

രുപക്ഷേ, അങ്ങനെയൊരു സഹവാസക്കാലം കേരള രാഷ്ട്രീയത്തില്‍ അതിനുമുമ്പോ അതിനുശേഷമോ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. കെ.പി.സി.സി. പ്രസിഡന്റും മറ്റു ഭാരവാഹികളും ഒരേ കൂരക്ക് കീഴില്‍ ഒന്നിച്ചുറങ്ങി, ഒരേ ഭക്ഷണം കഴിച്ചു കഴിഞ്ഞൊരു കാലം. വളരെ ലളിതമായിരുന്നു അവരുടെ ജീവിതക്രമം. ഞങ്ങളത് വളരെ കൗതുകത്തോടെയാണ് വീക്ഷിച്ചുകൊണ്ടിരുന്നത്.

വീക്ഷണം പത്രാധിപസമിതി അംഗങ്ങള്‍ അന്ന് താമസിച്ചിരുന്നത് എറണാകുളം നോര്‍ത്തില്‍ ഡണ്‍ലപ്പ് കമ്പനിക്ക് പിറകിലുള്ള ഒരു വീട്ടിലായിരുന്നു. കമ്പനി എടുത്തുതന്ന ഒരു കെട്ടിടമാണ്. വീക്ഷണത്തിന് അടുത്തായിരുന്നതുകൊണ്ട് പത്രാധിപസമിതി അംഗങ്ങള്‍ക്ക് പോയിവരാന്‍ വളരെ എളുപ്പമാണെന്നു കരുതിയതുകൊണ്ടാണ് അവിടെ വീടെടുത്തത്. അതിനു തൊട്ടടുത്താണ് കെ.പി.സി.സി. ഭാരവാഹികള്‍ താമസിക്കുന്ന കെട്ടിടം. പലരും പലയിടത്തായിരുന്നു അതിനു മുന്‍പ് താമസിച്ചിരുന്നത്. ഒന്നിച്ചൊരിടത്താകണമെന്നത് കെ.പി.സി.സി. പ്രസിഡന്റിന്റെ ആശയമായിരുന്നു. ആരും എതിര്‍പ്പൊന്നും പറഞ്ഞില്ല. അഞ്ചോളം മുറികളുള്ള ഒറ്റനില കെട്ടിടം. ഭക്ഷണം പാചകം ചെയ്യാന്‍ ഒരു പാചകക്കാരനേയും വെച്ചു. പച്ചക്കറിവിഭവങ്ങളാണ് അവിടെ ഉണ്ടാക്കിയിരുന്നത്. കെ.പി.സി.സി. പ്രസിഡന്റ് ഒഴിച്ച് മറ്റെല്ലാവരും സസ്യേതര ഭക്ഷണം ഇഷ്ടപ്പെടുന്നവരായിരുന്നു. പ്രസിഡന്റ് പച്ചക്കറി മാത്രമേ കഴിക്കൂ. (ഡോക്ടറുടെ നിര്‍ബന്ധം കാരണം പിന്നീട് ആ ശീലത്തില്‍ ചെറിയ മാറ്റം വരുത്തുകയുണ്ടായി). അതുകൊണ്ട് തന്നെ മറ്റുള്ളവരും പച്ചക്കറിയിലേക്ക് മാറുകയായിരുന്നു. ഒന്നിച്ചുള്ള ഈ താമസത്തെ ഞങ്ങള്‍ തമാശയ്ക്ക് 'കോണ്‍ഗ്രസ്സുകാരുടെ കമ്യൂണ്‍' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പഴയ റഷ്യയിലെ കൂട്ടുകൃഷിക്കളത്തെ ഓര്‍മ്മിച്ചുകൊണ്ടാണ് ഞങ്ങളങ്ങിനെ വിളിച്ചിരുന്നത്. ഒന്നിച്ചുള്ള ഈ താമസം കൊണ്ട് കെ.പി.സി.സിയുടെ ചെലവ് സാരമായി കുറയ്ക്കാമെന്നതിന് പുറമെ, എല്ലാവരുമായും നിരന്തര സമ്പര്‍ക്കമുണ്ടാകുമെന്നും  പ്രസിഡന്റ് കരുതിയിരുന്നു. അതേറെക്കുറെ ശരിയുമായിരുന്നു. അവര്‍ ഒന്നിച്ചുണ്ടാകുന്ന അവസരങ്ങളിലൊക്കെ പല വിഷയങ്ങളെക്കുറിച്ചും ഉള്ളുതുറന്ന ചര്‍ച്ചകള്‍ നടന്നിരുന്നതായും ഓര്‍മ്മിക്കുന്നു. വീക്ഷണത്തിന്റെ കാര്യത്തില്‍ കുറേക്കൂടി ശ്രദ്ധചെലുത്താന്‍ വേണ്ടിയായിരിക്കാം പ്രസിഡന്റ് വീക്ഷണത്തിന്റെ അടുത്തുതന്നെ താമസിക്കാന്‍ തീരുമാനിച്ചതെന്നും തോന്നിയിരുന്നു. ആ ധാരണ ശരിയായിരുന്നെന്ന് പിന്നീട് പലപ്പോഴും ബോധ്യപ്പെടുകയുണ്ടായി.

വീക്ഷണം വാരിക അച്ചടിച്ചിരുന്നത് എറണാകുളം നോര്‍ത്തിലുള്ള വിയാനി പ്രിന്റേഴ്സിലായിരുന്നു. കളര്‍ അടിക്കാന്‍ വീക്ഷണം പ്രസ്സില്‍ സൗകര്യമില്ലാതിരുന്നതിനാലാണ് പുറത്ത് അച്ചടിച്ചിരുന്നത്. അവിടെയാണെങ്കില്‍ വലിയ തിരക്കുമാണ്. വാരിക അച്ചടിക്കാന്‍ തുടങ്ങുന്നത് ചിലപ്പോള്‍ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിട്ടാകും. ആദ്യത്തെ ഫോറം അച്ചടിച്ചു പത്രാധിപസമിതി അംഗീകരിച്ചാല്‍ മാത്രമേ തുടര്‍ അച്ചടി അവര്‍ നടത്തുകയുള്ളൂ. അതുകൊണ്ടുതന്നെ പല ആഴ്ചകളിലും അര്‍ദ്ധരാത്രി കഴിഞ്ഞും എനിക്ക് അവിടേക്ക് പോകേണ്ടിവന്നു.  അങ്ങനെ പോകുമ്പോഴായിരിക്കും പലപ്പോഴും പ്രസിഡന്റിന്റെ കാര്‍ വീക്ഷണത്തിലേക്ക് പോകുന്നത് കാണുക. അല്ലെങ്കില്‍ തിരിച്ചുവരുന്നത്. പൊതുപരിപാടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നവഴി പലപ്പോഴും പ്രസിഡന്റ് വീക്ഷണം ഓഫീസില്‍ കയറും. എല്ലാ വിവരങ്ങളും കൃത്യമായി തിരക്കാനാണ് സന്ദര്‍ശനം. അര്‍ദ്ധരാത്രി റോഡിലൂടെ നടന്നുപോവുന്ന എന്നെ കാണുമ്പോള്‍ വാഹനം നിര്‍ത്തും. അപ്പോഴൊക്കെ അദ്ദേഹം തിരക്കാറുള്ളത് എഴുത്തുകാര്‍ വാരികയുമായി സഹകരിക്കുന്നതിനെക്കുറിച്ചാണ്. ഒടുവില്‍ ഇങ്ങനെ അഭിപ്രായപ്പെടും: ''എല്ലാ എഴുത്തുകാരേയും സഹകരിപ്പിക്കണം. പലതരം ആശയങ്ങള്‍ തമ്മില്‍ നിരന്തര ചര്‍ച്ചകളും ഉണ്ടാകണം.'' എഴുത്തുകാരേയും സാംസ്‌ക്കാരിക പ്രവര്‍ത്തകരേയും വീക്ഷണവുമായി ബന്ധപ്പെടുത്താനാണ് വീക്ഷണം വേദി രൂപീകരിച്ചത്. പ്രസിഡന്റിന്റെ ഒരാശയമായിരുന്നു. എല്ലാ സ്ഥലങ്ങളിലും വീക്ഷണം വേദി സംഘടിപ്പിച്ചു. എഴുത്തില്‍ താല്‍പ്പര്യമുള്ളവരെ, പ്രത്യേകിച്ചും ജനാധിപത്യ വിശ്വാസികളെ ഇതുമായി സഹകരിപ്പിക്കാനും കഴിഞ്ഞു. എന്നാല്‍, അതിന് ഏറെ മുന്‍പോട്ടു പോകാന്‍ സാധിച്ചില്ല. ഒരു സാംസ്‌ക്കാരികവേദി എന്നതിനപ്പുറം, പലരും ഇതിനെ കണ്ടത് രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള എളുപ്പവഴിയായിട്ടായിരുന്നു. അതിനു സാദ്ധ്യമല്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ പലരും വേദിയൊഴിഞ്ഞു. തുറന്ന സംവാദത്തിനുള്ള ജനാധിപത്യ വേദി എന്ന അദ്ദേഹത്തിന്റെ ആശയം അങ്ങനെ ഫലപ്രാപ്തിയിലെത്താതെ കൊഴിഞ്ഞുപോയി.

വീക്ഷണം ഓഫീസിലേക്ക് പോകുമ്പോഴൊക്കെ ചിലപ്പോള്‍ കാലത്തോ അല്ലെങ്കില്‍ വൈകീട്ടോ ഒരാളെ കാണുക പതിവായിരുന്നു. വെള്ളവസ്ത്രം ധരിച്ചു കൈയില്‍ കറുത്തൊരു ഹാന്‍ഡ്ബാഗുമായിട്ടാണ്  അയാള്‍ വരിക. വന്ന ഉടനെ നേരെ പഴയ പ്രസ്സിനടുത്തേക്ക് പോകും. പത്രം അച്ചടിക്കാന്‍ വേണ്ടി പുതിയ പ്ലമാഗ് റോട്ടറി സ്ഥാപിച്ചതിനുശേഷം തൊട്ടപ്പുറത്ത് പഴയ ഫ്‌ലാറ്റ്‌ബെഡ് റോട്ടറി  വെറുതെ കിടക്കുകയാണ്. വളരെ പ്രതീക്ഷയോടെയാണ് ഫ്‌ലാറ്റ്ബെഡ് റോട്ടറി എവിടെനിന്നോ സംഘടിപ്പിച്ചതെങ്കിലും അത് ഒരു വിജയമായിരുന്നില്ല. വേഗതക്കുറവും അച്ചടിയിലുള്ള പൂര്‍ണ്ണത ഇല്ലായ്മയും കാരണം അതു വേണ്ടെന്ന് വെക്കുകയായിരുന്നു. എങ്ങനെയെങ്കിലും അത് കയ്യൊഴിക്കണമെന്ന് മാനേജര്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. എന്നാല്‍, അത് അത്ര എളുപ്പമായിരുന്നില്ല. കാരണം അത്തരമൊരു റോട്ടറിക്ക് ആവശ്യക്കാര്‍ വളരെ കുറവായിരുന്നു. 

എംസി വര്‍ഗീസ്
എംസി വര്‍ഗീസ്

അപ്പോഴാണ് അത് വാങ്ങാന്‍ തയ്യാറായി ഒരാള്‍ വന്നത്. അയാളെയാണ് ചില ദിവസങ്ങളില്‍ രാവിലെയും വൈകീട്ടും വീക്ഷണം ഓഫീസില്‍ കണ്ടിരുന്നത്. ആ ഫ്‌ലാറ്റ്ബെഡ് റോട്ടറി സ്വന്തമാക്കുക എന്നത് അയാളുടെ ഏറ്റവും വലിയ ആഗ്രഹമാണത്രേ. പിന്നീടൊരുനാള്‍, ആ വ്യക്തിയുമായി നേരിട്ട് സംസാരിക്കാനിടയായി. ''പേര് വര്‍ഗീസ്. കോട്ടയത്ത് ഒരു വാരിക നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അച്ചടിക്കുന്നത് ഒരു ട്രെഡില്‍ പ്രസ്സിലാണ്. വാരികയുടെ കോപ്പികള്‍ കൂടിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് വലിയൊരു പ്രസ്സ് വാങ്ങണമെന്ന് തോന്നിയത്. പുതിയ പ്രസ്സ് വാങ്ങാന്‍ പണമില്ല. വീക്ഷണം അച്ചടിക്കുന്ന ഫ്‌ലാറ്റ്ബെഡ് റോട്ടറി മതിയാകുമെന്ന് കരുതി.'' അതുകൊണ്ടാണ് ഇവിടേക്ക് വന്നത്.

അദ്ദേഹം പറഞ്ഞു. വളരെ പക്വതയോടെ സംസാരിക്കുന്ന ഒരാള്‍. പിന്നീട് കണ്ടത് പ്രസ്സ് അഴിച്ചെടുത്ത് ലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്നതാണ്, അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായിരിക്കുന്നു. മംഗളം വാരിക അച്ചടിക്കാനായിരുന്നു പ്രസ്സ് വാങ്ങിയത്. മംഗളം വലിയൊരു പ്രസിദ്ധീകരണമായി വളരുന്നതാണ് പിന്നീട് കണ്ടത്. അദ്ദേഹം മംഗളം വര്‍ഗ്ഗീസ് എന്ന പ്രശസ്തമായ പത്രഉടമയായി പില്‍ക്കാലത്ത് അറിയപ്പെട്ടു.

വീക്ഷണത്തിന്റെ വളര്‍ച്ച
വീക്ഷണം വാരികയില്‍ തിരക്കിട്ട ജോലികള്‍ ഉള്ളതുകാരണം പത്രവുമായി ബന്ധപ്പെടാന്‍ എനിക്ക് സമയം ലഭിച്ചിരുന്നില്ല. എങ്കിലും അതിന്റെ വളര്‍ച്ച വളരെ കൗതുകത്തോടെ അടുത്തുനിന്നു കാണുകയായിരുന്നു. അതിന്റെ പിറവിയില്‍ എന്റെകൂടി ചെറിയൊരു സാന്നിദ്ധ്യമുണ്ടല്ലോ എന്ന അറിവ് ഏറെ സന്തോഷമുണ്ടാക്കുന്ന ഒന്നായിരുന്നു. ജനാധിപത്യവിശ്വാസികളുടെ, പ്രത്യേകിച്ചും കോണ്‍ഗ്രസ്സുകാരുടെ നേതൃത്വത്തില്‍ മുന്‍പും പത്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്ടുനിന്നും കൊല്ലത്തുനിന്നും ആരംഭിച്ച പത്രങ്ങള്‍ക്ക് വലിയ ആയുസ്സുണ്ടായിരുന്നില്ല. അങ്ങനെയൊരു അവസ്ഥ വീക്ഷണത്തിനും ഉണ്ടാകുമോ എന്നൊരാശങ്ക എല്ലാവരിലുമുണ്ടായിരുന്നു. കേരളത്തിലെ മുഖ്യധാരാ പത്രങ്ങളില്‍ പലതും ജനാധിപത്യചേരിയോട് ചേര്‍ന്നുനില്‍ക്കുന്നവയാണ്. കോണ്‍ഗ്രസ്സിന്റെ വാര്‍ത്തകള്‍ക്കും പ്രസ്താവനകള്‍ക്കുമെല്ലാം അവര്‍ മതിയായ ഇടം കൊടുക്കാറുമുണ്ട്. ഒരുപക്ഷേ, അത് മതി എന്നും അവര്‍ കരുതിയിട്ടുണ്ടാകും. എന്തുതന്നെയായാലും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന് പത്രത്തോട് അത്ര ആഭിമുഖ്യമുണ്ടായിരുന്നില്ല. പത്രത്തിന്റെ നടത്തിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍പ്പോലും, ഒരിക്കല്‍പ്പോലും പത്രമോഫീസില്‍ ഒന്നു കയറിപ്പോകാത്ത പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു. ഒരുപക്ഷേ, ഇത്തരം സാഹചര്യം മുന്‍പും ഉണ്ടായതുകൊണ്ടാകാം ഈ പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള പത്രങ്ങള്‍ വേര് പിടിക്കാതെ പോയത്. വീക്ഷണം പത്രം പില്‍ക്കാലത്ത് അഭിമുഖീകരിച്ച വളര്‍ച്ച ഇല്ലായ്മക്ക് കാരണവും ഇതൊക്കെയാകാം.

തുടക്കത്തില്‍ ഇത്തരം പരിമിതികള്‍ അത്രയൊന്നും ദൃശ്യമായിരുന്നില്ല. ഒരു വിഭാഗത്തിന് അത്ര മമത ഇല്ലായിരുന്നെങ്കില്‍പ്പോലും, പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷത്തിന് വീക്ഷണത്തോട് ഏറെ താല്‍പ്പര്യമുണ്ടായിരുന്നു. അവര്‍ പത്രത്തെ ഉദാരമായി സഹായിച്ചുകൊണ്ടിരുന്നു. പാര്‍ട്ടി പത്രം എന്ന നിലയില്‍ വീക്ഷണം നല്ല നിലവാരം പുലര്‍ത്തിയിരുന്നു. പത്രാധിപരടക്കം പത്രാധിപസമിതിയിലുള്ളവരെല്ലാം നല്ല കഴിവുള്ളവരായിരുന്നു. സി.പി. ശ്രീധരന്റെ മുഖപ്രസംഗം കോണ്‍ഗ്രസ്സുകാര്‍ക്ക് ആത്മവീര്യം പകരുന്നതായിരുന്നു. എത്ര സങ്കീര്‍ണ്ണമായ പ്രശ്‌നമാണെങ്കില്‍പ്പോലും പത്രാധിപര്‍ മുഖപ്രസംഗത്തിലൂടെ എല്ലാ സമസ്യകള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുമായിരുന്നു. മുഖപത്രമില്ലാതിരുന്ന കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അങ്ങനെയൊരു വഴി തുറന്നുകിട്ടിയിരുന്നില്ല. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പലതിനും ഉത്തരം കിട്ടാതെ ഉഴലുകയായിരുന്നു. വീക്ഷണം അതിനൊരു മാറ്റം വരുത്തി. പത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ പംക്തി പത്രാധിപസമിതിയില്‍പ്പെട്ട ഒരാള്‍ എഴുതുന്ന ഒന്നായിരുന്നു. നിരീക്ഷകന്‍ എന്ന കോളത്തില്‍ ദിവസവും എഴുതുന്ന ആ പംക്തി തീക്ഷ്ണമായ രാഷ്ട്രീയ ആക്ഷേപഹാസ്യവിമര്‍ശനമായിരുന്നു. തുടക്കത്തില്‍ ആ പംക്തിക്ക് ആരും അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ പംക്തിക്ക് വായനക്കാര്‍ വര്‍ദ്ധിക്കുകയും 'നിരീക്ഷകന്‍' ആരാണെന്ന അന്വേഷണം തുടര്‍ച്ചയായി വരികയും ചെയ്തു. മുഖപ്രസംഗത്തിന്റെ അത്രതന്നെ പ്രാധാന്യത്തോടെ ഈ പംക്തിയെ പലരും വിലയിരുത്തുന്നുണ്ടായിരുന്നു. സമാനതകള്‍ ഇല്ലാത്ത വിമര്‍ശനരീതിയും തെളിഞ്ഞ ഭാഷയുമായിരുന്നു ഈ കോളത്തിന്റെ പ്രത്യേകത. നിരീക്ഷകനെ തേടി ധാരാളം കത്തുകളും പത്രമോഫീസില്‍ വരാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ പെണ്‍കുട്ടികളുടെ പ്രണയാഭ്യര്‍ത്ഥനകളുമുണ്ടായിരുന്നു. കാസര്‍ഗോഡ് നിന്നും വന്ന പി.വി. രവീന്ദ്രന്‍ എന്ന പത്രാധിപസമിതി അംഗമാണ് കോളം എഴുതിയിരുന്നത്. പല പ്രത്യേകതകളും ഈ വ്യക്തിക്കുണ്ടായിരുന്നു. മലയാളത്തിലെ പ്രമുഖരായ ചില എഴുത്തുകാരുടെ പ്രശസ്തമായ ചില കൃതികള്‍ ഇയാള്‍ക്ക് കാണാപ്പാഠമായിരുന്നു. ആവശ്യപ്പെട്ടാല്‍ തുടക്കം മുതല്‍ ഒടുക്കംവരെ പറഞ്ഞുകേള്‍പ്പിക്കുകയും ചെയ്യും. ഇംഗ്ലീഷ് ഭാഷയിലുള്ള  അപാരമായ പ്രാഗല്‍ഭ്യമാണ് ഇയാളുടെ മറ്റൊരു പ്രത്യേകത. വളരെ ഒഴുക്കോടുകൂടി ഇംഗ്ലീഷ് എഴുതുകയും സംസാരിക്കുകയും ചെയ്യും. കോഴിക്കോട് ദേവഗിരി കോളേജില്‍ ഇംഗ്ലീഷ് എം.എ. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനാടിസ്ഥാനത്തില്‍ പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇത്തരമൊരു വളര്‍ച്ചയിലേക്ക് നയിക്കുന്ന ജീവിതസാഹചര്യത്തിലല്ല അയാള്‍ ജനിച്ചതും വളര്‍ന്നതും. കാസര്‍ഗോഡ് കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു സാധാരണ സ്‌കൂളിലും, സര്‍ക്കാര്‍ കോളേജിലുമാണ് പഠിച്ചത്. എന്നിട്ടും ഭാഷകളില്‍ ഇത്രമാത്രം പ്രാഗല്‍ഭ്യം എങ്ങനെ ലഭിച്ചു എന്നതായിരുന്നു അത്ഭുതം. ഇംഗ്ലീഷ് ഭാഷയെ ഭയപ്പാടോടെ കാണുന്നവരെ ആ ഭാഷയിലേക്ക് ആകര്‍ഷിക്കാന്‍, അയാള്‍ പിന്നീട് ഒരു പുസ്തകവും എഴുതുകയുണ്ടായി. 'ഇംഗ്ലീഷ് പഠിക്കാന്‍ ഒരു ഫോര്‍മുല' എന്ന പുസ്തകം കേരളത്തില്‍ ആയിരക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. ഈ പുസ്തകത്തിന്റെ പ്രചാരണത്തിനു വേണ്ടി പ്രസാധകര്‍ ഒരു പ്രമുഖ നടനെ മരത്തില്‍ കയറ്റി ''എച്ചൂച്ച് മി'' എന്നു പറയിപ്പിക്കുന്ന പരസ്യവും പുറത്തിറക്കുകയുണ്ടായി. ഇംഗ്ലീഷില്‍ ഇത്രമാത്രം കഴിവുണ്ടായിട്ടും പി.വി. രവീന്ദ്രന്‍ എന്ന എഴുത്തുകാരന് ഇംഗ്ലീഷ് ബിരുദാനന്തരബിരുദ പരീക്ഷ മറികടക്കാന്‍ ഭാഗ്യമുണ്ടായില്ല എന്നതും മറ്റൊരത്ഭുതം. മൂന്നു വര്‍ഷം തുടര്‍ച്ചയായി പരീക്ഷയ്ക്ക് പണമടച്ചു. എന്നാല്‍, പരീക്ഷ അടുക്കാറാവുമ്പോള്‍, എഴുതാന്‍ കഴിയാത്ത എന്തെങ്കിലുമൊന്ന് മുന്നില്‍ വന്നുപെടും. അങ്ങനെ മൂന്നു പ്രാവശ്യവും രവീന്ദ്രന് എം.എ. പരീക്ഷ എഴുതാന്‍ സാധിച്ചില്ല.
അതിനിടയില്‍ മനസ്സിനെ ഉലച്ച രണ്ടു മരണങ്ങളും സംഭവിക്കുകയുണ്ടായി. പ്രശസ്ത നാടകകൃത്ത് സി.എന്‍. ശ്രീകണ്ഠന്‍ നായരും വീക്ഷണം വാരികയെ ഏറെ സഹായിച്ചുകൊണ്ടിരുന്ന എം.സി. സുഭാഷ്ചന്ദ്രന്റേയും മരണം. രണ്ടുപേരുടേയും മരണങ്ങള്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു. ജീവിതം ഏറ്റവും സജീവമായിക്കൊണ്ടിരുന്ന ഒരു വേളയിലാണ് അവര്‍ രണ്ടുപേരും മറഞ്ഞുപോയത്. എന്റെ എറണാകുളം ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ധാരാളം ഇടപഴകിയ വ്യക്തിയാണ് സി.എന്‍. ശ്രീകണ്ഠന്‍ നായര്‍. ആദ്യഘട്ടത്തില്‍ എന്നെ അത്രയൊന്നും ഗൗനിക്കാതിരുന്ന അദ്ദേഹം പിന്നെ പലരീതിയില്‍ എന്നെ പരിഗണിക്കുകയുണ്ടായി. 'ലങ്കാലക്ഷ്മി' എന്ന നാടകം എഴുതിക്കൊണ്ടിരുന്ന വേളയില്‍ ചിലപ്പോഴൊക്കെ അദ്ദേഹം അതിനെക്കുറിച്ച് വാചാലനാകാറുണ്ട്. 'കാഞ്ചനസീത'യ്ക്കും 'സാകേത'ത്തിനും ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം 'ലങ്കാലക്ഷ്മി' എഴുതിയത്. ഒരു നാടകത്തിന്റെ മൂന്നാം ഭാഗം എന്ന നിലയില്‍ മലയാള നാടകരചനയിലെ ഒരു പുതിയ അനുഭവമായിരുന്നു ലങ്കാലക്ഷ്മി. മൂന്നു നാടകങ്ങളും മൂന്നു വ്യത്യസ്ത ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്തിരുന്നത്. കാഞ്ചനസീതയില്‍ സാത്വികഗുണവും സാകേതത്തില്‍ താമസഗുണവും ലങ്കാലക്ഷ്മിയില്‍ രാജസഗുണവും പ്രതിനിധാനം ചെയ്യുന്നുവെന്ന് ഡോ. അയ്യപ്പപ്പണിക്കര്‍ ലങ്കാലക്ഷ്മിയുടെ അവതാരികയില്‍ പറയുന്നു. വളരെ വര്‍ഷങ്ങള്‍ക്കുശേഷം നാടകരചനയില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം ശ്രീകണ്ഠന്‍ നായരുടെ ഓരോ ചലനത്തിലും തെളിഞ്ഞു കാണാമായിരുന്നു.

ഗ്രേസിയും ശശികുമാറും വിവാഹിതരായ കാലത്ത് എടുത്ത ചിത്രം
ഗ്രേസിയും ശശികുമാറും വിവാഹിതരായ കാലത്ത് എടുത്ത ചിത്രം

ഈ നാടകം എഴുതിക്കഴിഞ്ഞ് അല്‍പ്പം കഴിയുന്നതിനു മുന്‍പേ അദ്ദേഹം രോഗത്തിലേക്ക് വഴുതിവീണു. ലങ്കാലക്ഷ്മിക്ക് എഴുതിയ കുറിപ്പില്‍ അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. പാലക്കാട്ട് ലങ്കാലക്ഷ്മി അവതരിപ്പിച്ച കലാകാരന്മാര്‍ തന്നെ കാണാന്‍ വന്നപ്പോള്‍ താന്‍ രോഗം ബാധിച്ചു കിടപ്പിലായിരുന്നു എന്നാണദ്ദേഹം എഴുതിയത്. പള്ളിമുക്കിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഐ.സി.യു. വാര്‍ഡില്‍ കഴിയുന്ന ശ്രീകണ്ഠന്‍ നായരെ കണ്ട് ദുഃഖിതനായി മടങ്ങുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നത് ഏതാനും മാസം മുന്‍പ് ശ്രീ മുദ്രാലയത്തില്‍ ചെന്നപ്പോള്‍ വായിച്ച ലങ്കാലക്ഷ്മി നാടകത്തിലെ ഒരു സംഭാഷണശകലമാണ്. രാവണന്‍ പറയുന്നു: ''മരണത്തെ നേരില്‍ കാണാന്‍ യുദ്ധത്തിന്റെ മുഖത്തു നോക്കിയാല്‍ മതി. കഴുകനും കുറുക്കനും കീലം പൊട്ടിയ തേരുകള്‍ നക്കി ചോര കുടിക്കുമ്പോള്‍ മരണത്തെ കാണാം. കബന്ധങ്ങളുടെ ഭൂമിയും കറുത്ത ചിറകിട്ടടിക്കുന്ന ആകാശവും അപ്പോള്‍ മരണമായി മാറുന്നു. മരണം തന്നെയാണ് എല്ലാം അകലെ, നാം വിജയത്തിന്റെ ലഹരിയിലും പരാജയത്തിന്റെ വ്യഥയിലും ജീവിതം ആഘോഷിക്കുന്നു. പക്ഷേ, വിജയമായും  പരാജയമായും കൊണ്ടാടിയത് മരണം എന്ന ഏകവും അവ്യാജവുമായ സത്യം തന്നെയല്ലേ'' അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാടിനേയും ഓര്‍ത്തുപോയി. നാല്‍പ്പത്താറാം വയസ്സിലായിരുന്നു സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ മരണം.

''നാളെ കാലത്ത് കാഞ്ഞങ്ങാട്ടേക്ക് പോകണം. തിരിച്ചുവന്നാല്‍ കാണാം'' എന്നും പറഞ്ഞ് വാരികയുടെ ഓഫീസില്‍നിന്നും ഇറങ്ങിപ്പോയതാണ് സുഭാഷ് ചന്ദ്രന്‍ മാസ്റ്റര്‍. പിന്നെ കാലത്ത് അറിയുന്നത് അദ്ദേഹം മരിച്ചു എന്ന വിവരമാണ്. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുന്ന മട്ടില്‍ ചലനമറ്റ് മരണം കടന്നുവന്നതാണ്. വാരിക തുടങ്ങിയ സമയത്ത് പരിചയപ്പെട്ടതാണ് അദ്ദേഹത്തെ. ഒരു കവിതയുമായി ഓഫീസില്‍ വന്നപ്പോള്‍ തൊട്ടുള്ള പരിചയം. തുടര്‍ച്ചയായി എഴുതുന്ന ശീലമില്ല. എഴുതിയാല്‍ തന്നെ പ്രസിദ്ധീകരിക്കണമെന്നുമില്ല. ആരുടേയോ നിര്‍ബന്ധം കാരണമാണ് കവിതയുമായി വാരികയില്‍ എത്തിയത്. നല്ല കവിതയായിരുന്നു. തുടര്‍ച്ചയായി എഴുതിയിരുന്നുവെങ്കില്‍ മലയാളത്തിലെ ശ്രദ്ധേയനായ കവിയായി വളരുമായിരുന്നു. കവിതയ്ക്ക് പുറമെ അക്കാദമിക്ക് ലേഖനങ്ങളും ഫീച്ചറുകളുമെഴുതും. കാഞ്ഞങ്ങാട്ടെ ഏതോ ഒരു ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറിയ സമയത്താണ് അദ്ദേഹം അവിടേക്ക് പോകാന്‍ തയ്യാറായത്. ക്ഷേത്രത്തില്‍ തെയ്യവും അരങ്ങേറുന്നുണ്ട്. അതുകൂടി കാണണം. വീക്ഷണത്തിനുവേണ്ടി ഒരു ഫീച്ചര്‍ എഴുതുകയും വേണം. അദ്ദേഹത്തിന്റെ ഒടുവിലത്തെ ആഗ്രഹം അതായിരുന്നു. സുഭാഷ്ചന്ദ്രന്‍ മാസ്റ്ററുടെ ജഡത്തില്‍ നോക്കിനില്‍ക്കേ മനസ്സിലേക്ക് വന്നത് മരണത്തെക്കുറിച്ച് ശ്രീകണ്ഠന്‍ നായര്‍ എഴുതിയ വരിയാണ്: ''മരണമെന്ന അവ്യാജമായ സത്യം''. ആ സത്യം അപഹരിച്ചത് വളരാന്‍ സാദ്ധ്യതയുള്ള ഒരെഴുത്തുകാരനെയാണ്. വീക്ഷണത്തിന്റെ ഏറ്റവും അടുത്ത ഒരു ശുഭകാംക്ഷിയെയാണ്.
ശുദ്ധമായ ഒരു പ്രണയത്തിനും തുടര്‍ന്നുള്ള വിവാഹത്തിനും സാക്ഷിയാകാനും അക്കാലത്ത് വീക്ഷണത്തിനു കഴിഞ്ഞു. വെളുത്ത് സുന്ദരിയായ ഒരു യുവതി അക്കാലത്ത് വീക്ഷണത്തില്‍ ചിലപ്പോഴൊക്കെ വരുമായിരുന്നു. മൂവാറ്റുപുഴയിലാണ് വീട്. അവിടെയുള്ള കഥാസമിതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. കഥാസമിതി സമാഹരിച്ച കഥാസമാഹാരത്തില്‍ എഴുതിയിട്ടുണ്ട്. മഹാരാജാസ് കോളേജില്‍നിന്നും മലയാളം പി.ജി. കഴിഞ്ഞതേയുള്ളൂ. ഓഫീസില്‍ വരുമ്പോള്‍ ചിലപ്പോള്‍ കഥകളും കൈയിലുണ്ടാകും. കൊള്ളാമെന്ന് തോന്നുന്ന കഥ വാരികയില്‍ ചേര്‍ക്കും. അല്ലാത്തവ മടക്കിക്കൊടുക്കും. തിരികെ കൊടുത്താലും പരിഭവമില്ല. അഷിത, കെ.ജി. നളിനി, കെ.എം. രാധ, പി.ബി. ലല്‍ക്കാര്‍ എന്നിവര്‍ പതിവായി വാരികയില്‍ എഴുതിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ഈ വിഭാഗത്തിലേക്ക് മൂവാറ്റുപുഴയില്‍നിന്നും വരുന്ന ഗ്രേസി എന്ന എഴുത്തുകാരിയേയും ഉള്‍പ്പെടുത്തി. ആധുനികതയുടെ ഭാരം ഉണ്ടെന്നതൊഴിച്ചാല്‍ കഥ ശക്തമായി പറയാന്‍ ഈ കഥാകാരിക്കു സാധിച്ചിരുന്നു. ഇവര്‍ വന്നുപോകാനൊരുങ്ങുമ്പോള്‍, വീക്ഷണം പത്രാധിപസമിതി അംഗമായ ശശികുമാറിനേയും തിരക്കും. ശശികുമാര്‍ വളരെ ശാന്തനായ ഒരു വ്യക്തിയാണ്. നന്നായി പാടും. ശശികുമാര്‍ ഇരിക്കുന്നത് തൊട്ടപ്പുറത്താണ്. ഗ്രേസി കാണണമെന്നാവശ്യപ്പെട്ടാല്‍ ആരെയെങ്കിലും വിട്ട് ശശികുമാറിനെ വിളിപ്പിക്കും. പിന്നെ അവര്‍ ഒന്നിച്ച് പുറത്തുപോകും. മഹാരാജാസ് കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ് അവര്‍. അതുകൊണ്ടുതന്നെ അവരുടെ സൗഹൃദത്തില്‍ ഒരസാധാരണത്വവും തോന്നിയില്ല. പിന്നെപ്പിന്നെ ഗ്രേസി വരുമ്പോഴൊക്കെ ശശികുമാറിനെ മാത്രം കാണാന്‍ വേണ്ടിയാണെന്നു തോന്നിത്തുടങ്ങി. അതുകൊണ്ടുതന്നെ ശശികുമാര്‍ അവിടെയില്ലെങ്കില്‍, ആദ്യമേ തന്നെ ഞങ്ങള്‍ പറയും- ''ശശി ഇന്നില്ലല്ലോ.'' അപ്പോള്‍ തെല്ല് നിരാശയോടെ ഗ്രേസി മടങ്ങിപ്പോകും. ഒരുനാള്‍ വീക്ഷണം പത്രത്തിന്റെ എഡിറ്റോറിയല്‍ മുറിയില്‍ ഞങ്ങള്‍ ഇരിക്കേ ശശികുമാര്‍ ഒരു വെള്ള തുണ്ടുകടലാസ് വിതരണം ചെയ്തു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ''ഇന്ന് വൈകിട്ട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഞാന്‍ പ്രഖ്യാപിക്കും.'' വൈകിട്ടാണ് എഡിറ്റോറിയല്‍ യോഗം. പത്രാധിപര്‍ സി.പി. ശ്രീധരനടക്കം എല്ലാവരും അപ്പോഴുണ്ടാകും. എഡിറ്റോറിയല്‍ യോഗം ആരംഭിക്കാനിരിക്കെ, ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചുകൊണ്ട് ശശികുമാര്‍ പ്രഖ്യാപിച്ചു: ''ഞാനും ഗ്രേസിയും കഴിഞ്ഞ ദിവസം വിവാഹിതരായി. എല്ലാവരും അനുഗ്രഹിക്കണം.'' യോഗത്തിലുള്ളവരൊക്കെ അത്ഭുതസ്തബ്ധരായിരിക്കെ സി.പി. ശ്രീധരന്‍ പറഞ്ഞു: ''ദൈവമേ നമ്മളറിയാതെ ഇവിടെ ഇങ്ങനെയൊരു പ്രണയനാടകമോ? എന്തായാലും ശശികുമാര്‍-ഗ്രേസി ദമ്പതിമാര്‍ക്ക് നാളെ നമ്മുടെ വക ഉച്ചയ്ക്ക് സദ്യ- പിന്നെ അവിടെ പൊട്ടിച്ചിരികളായിരുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com