ഗോര്‍ഡന്‍ ബാങ്ക്സ്: ലോകത്തെ അദ്ഭുതപ്പെടുത്തിയ ഗോളി

ഇംഗ്ലണ്ട് കിരീടം ചൂടിയ 1966-ലെ ലോകകപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളി. തുടര്‍ച്ചയായി ആറുകൊല്ലം ലോകത്തിലെ മികച്ച ഗോളിയായി ഫിഫാ തെരഞ്ഞെടുത്തു.
ഗോര്‍ഡന്‍ ബാങ്ക്സ്: ലോകത്തെ അദ്ഭുതപ്പെടുത്തിയ ഗോളി

രിമാവില്‍ കൈമുക്കി പതിക്കുന്ന അടയാളം പോലെ തോന്നിച്ച, ലോഹത്തില്‍ തീര്‍ത്ത ആ രണ്ടു നിവര്‍ത്തിയ കൈപ്പടങ്ങള്‍ നോക്കി ലോകത്തിലെ ഏറ്റവും വലിയ കാല്‍പ്പന്തുകളിയുടെ പ്രദര്‍ശനശാലയായ മാഞ്ചസ്റ്റര്‍ ഫുട്‌ബോള്‍ മ്യൂസിയത്തില്‍ ഞാന്‍ നിന്നു ലോക ഫുട്‌ബോള്‍ ദര്‍ശിച്ച 'ഏറ്റവും അസാധ്യവും അമാനുഷികവും' എന്ന വിശേഷണമുള്ള  'ഗോള്‍ രക്ഷപ്പെടുത്തല്‍' നടത്തിയ ഈ കൈകളിലാണ് ഇന്ദ്രജാലമുണ്ടെന്ന് മഹാനായ പെലെ പറഞ്ഞിട്ടുള്ളത്. സന്ദര്‍ശകരില്‍ ചിലര്‍ ഫുട്‌ബോള്‍ ചരിത്രത്തിന്റെ മുറഞ്ഞുപോയ താളുകളിലൂടെ ഓര്‍മ്മകള്‍ പായിച്ച് ആ കൈകള്‍ കളിക്കളത്തില്‍ കാട്ടിയ അദ്ഭുതങ്ങള്‍ കൂടെയുള്ളവരോട് വിവരിച്ചുകൊണ്ടിരുന്നു. സ്ഫടിക പേടകത്തില്‍ പ്രതിഷ്ഠിച്ചിരുന്ന ആ ലോഹ വാര്‍പ്പിനു താഴെ ഇങ്ങനെ എഴുതിയിരുന്നു: 'ഗോര്‍ഡന്‍ ബാങ്ക്സ്' (Gordon Banks); ഒന്‍പതു കൊല്ലക്കാലം ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ ഗോളിയായി തിളങ്ങി. ഇംഗ്ലണ്ട് കിരീടം ചൂടിയ 1966-ലെ ലോകകപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളി. തുടര്‍ച്ചയായി ആറുകൊല്ലം ലോകത്തിലെ മികച്ച ഗോളിയായി ഫിഫാ തെരഞ്ഞെടുത്തു. 73 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ വല കാത്തു. അങ്ങനെ നീണ്ടുപോകുന്ന വിശേഷണങ്ങള്‍. പക്ഷേ, ഗോര്‍ഡന്‍ ബാങ്ക്സ് എന്ന പേര് കേള്‍ക്കുമ്പോഴോ കാണുമ്പോഴോ ഉടന്‍ മനസ്സില്‍ വരുന്നത് 1970 മെക്‌സിക്കോ ലോകകപ്പിലെ ബ്രസീല്‍-ഇംഗ്ലണ്ട് മത്സരത്തിലെ ആ 'സേവ്' ആണ്. പ്രത്യേകിച്ചും ഇംഗ്ലണ്ടിനു പുറത്തുനിന്നുള്ള  സന്ദര്‍ശകര്‍ക്ക്. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 'സേവ്' എന്നാണ് അന്ന് അതു വിശേഷിപ്പിക്കപ്പെട്ടത്. പക്ഷേ, 20-ാം നൂറ്റാണ്ടും കഴിഞ്ഞ് അടുത്ത നൂറ്റാണ്ടിലെ രണ്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലോകത്തെങ്ങും ഫുട്‌ബോള്‍ എന്ന കളി പടര്‍ന്നുകയറിയിട്ടും, എത്രയോ ആയിരം മത്സരങ്ങള്‍ കഴിഞ്ഞിട്ടും ആ രക്ഷപ്പെടുത്തലിന്റെ പെരുമയേയും മികവിനേയും വെല്ലാന്‍ ഒരു ഗോള്‍ കീപ്പറിനും കഴിഞ്ഞിട്ടില്ല.

ഓര്‍മ്മകളെ മൈനസ് പാസ്സ് ചെയ്ത് 1970-ലെ മെക്‌സിക്കോ ലോകകപ്പില്‍ എത്തിക്കുമ്പോള്‍ മനസ്സിന്റെ അരങ്ങില്‍ അതു വീണ്ടും തെളിഞ്ഞുവരും. മികച്ച സംഗീതജ്ഞര്‍ അണിനിരക്കുന്ന ഒരു ഓര്‍ക്കസ്ട്രപോലെ പന്തടക്കവും ആക്രമണവും പ്രതിരോധവും ഡ്രിബ്ലിംഗുമൊക്കെ കാഴ്ചവച്ച് പോരടിക്കുന്ന രണ്ടു ടീമുകള്‍. അളന്നുമുറിച്ച പാസ്സുകള്‍ക്കൊടുവില്‍ പന്ത് ഗോളടിയുടെ പര്യായമായ പെലെയുടെ പക്കലെത്തുന്നു. ഗോള്‍ പോസ്റ്റ് എട്ടോ ഒന്‍പതോ വാരമാത്രം അകലെ. ശക്തിയായ ഹെഡറിനൊപ്പം പെലെയെപ്പോലെ നമ്മളും വിളിക്കുന്നു 'ഗോള്‍'. 99 ശതമാനവും ഗോളിലവസാനിക്കേണ്ട പന്തിന്റെ വലയിലേക്കുള്ള പ്രയാണത്തിനിടയില്‍ എന്തോ സംഭവിക്കുന്നു. പന്ത് ഗോള്‍വലയ്ക്കു മുകളിലൂടെ പുറത്തേയ്ക്ക്. ഒരു ശതമാനം അസംഭവ്യതയില്‍ വലിയ സാധ്യത കണ്ട ഇംഗ്ലണ്ടിന്റെ ഗോള്‍ കീപ്പര്‍ ഗോള്‍ഡന്‍ ബാങ്ക്സ് എക്കാലത്തേയും ഫുട്‌ബോള്‍ ചരിത്രത്തിലെ തിളങ്ങുന്ന ഒരദ്ധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു.

ഐതിഹാസികമായ സേവ്

1970 ജൂണ്‍ ഏഴ്. സ്ഥലം മെക്‌സിക്കോയിലെ സമുദ്രനിരപ്പില്‍നിന്നും 1500-ഓളം അടി മുകളിലുള്ള ഗ്വാഡലജാറയിലെ ജെലിസ്‌ക്കോ സ്റ്റേഡിയം. നിലവിലുള്ള ചാമ്പ്യന്മാരായ ഇംഗ്ലണ്ടും 1958-ലും 1962-ലും കിരീട ജേതാക്കളായ ബ്രസീലും തമ്മിലുള്ള 'ഫൈനലിനു മുന്‍പുള്ള ഫൈനല്‍' എന്നു വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് മത്സരം കാണാന്‍ എത്തിയത് 66,843 പേര്‍. നാലു കൊല്ലം മുന്‍പ് ജേതാക്കള്‍ ആയതിനെക്കാള്‍ മികച്ച കേളീ മികവിലായിരുന്നു ഇംഗ്ലണ്ട്. ലോകം കണ്ട മികച്ച സെന്റര്‍ ബാക്കായ ബോബി മൂറിന്റെ നേതൃത്വത്തില്‍ ആക്രമണകാരിയായ മധ്യനിര ജനറല്‍ ബോബി ചാള്‍ട്ടണ്‍, ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയ ജഫ്ഹേഴ്സ്റ്റ്, ഫ്രാന്‍സിസ് ലീ, അലന്‍ മുള്ളേരി പിന്നെ വല കാക്കാന്‍ ഗോര്‍ഡന്‍ ബാങ്ക്സ്. 1966-ലെ ഇംഗ്ലണ്ടിലെ ലോകകപ്പിലെ ക്ഷീണത്തിനു കണക്കുതീര്‍ക്കാന്‍ ഇറങ്ങിയ ബ്രസീല്‍ ടീമില്‍ ഫുട്ബോള്‍ വിസ്മയം പെലെ, ടോസ്റ്റാവോ, റെവലിനോ, ജെയ്സീഞ്ഞോ തുടങ്ങിയ മഞ്ഞപ്പടയുടെ ഇതിഹാസ താരങ്ങള്‍. രണ്ടു ഭൂഖണ്ഡങ്ങളിലെ ശക്തര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജഫ് ഹേഴ്സ്റ്റ് അടിച്ച ഒരൊറ്റ ഗോളിന് റുമേനിയയെ തോല്പിച്ചപ്പോള്‍ ബ്രസീല്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെക്കോസ്ലോവാക്യയെ തറപറ്റിച്ചത്.

ജ്വലിക്കുന്ന സൂര്യനു താഴെ ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം ആരംഭിച്ചത്. ഇരു ടീമുകളും കയറിയും ഇറങ്ങിയും ഗോളവസരങ്ങള്‍ക്കായി ശ്രമിച്ചു. പെട്ടെന്ന് ക്യാപ്റ്റന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ നല്‍കിയ പാസ്സ് ടെറി കൂപ്പറെ കടത്തിവെട്ടി വലതു വിംഗിലൂടെ ഓടിക്കയറിയ ജെര്‍സീഞ്ഞോ ഗോള്‍ലൈനിനു തൊട്ടു മുന്‍പില്‍നിന്നു നീട്ടിയടിച്ച ഒരു ക്രോസ്സ്. ഇടതുവശത്തെ ഗോള്‍പോസ്റ്റിലേക്ക് ഓടിയെത്തിയ ബ്രസീലിന്റെ പത്താം നമ്പര്‍ ജഴ്സി അനശ്വരമാക്കിയ പെലെയുടെ തലയിലേക്ക് പന്ത് കൃത്യമായി പതിച്ചു. ടോമി വൈറ്റിനെ സാക്ഷിയാക്കി പെലെ തലകൊണ്ട് അതിശക്തിയായി തൊടുത്ത ഒരു ഡൗണ്‍വാര്‍ഡ് ഹെഡ്ഡര്‍ മനോഹരമായ ഗോള്‍ എന്നുറച്ച് കാണികള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. പന്ത് ശക്തമായി ഗ്രൗണ്ടില്‍ തട്ടി വലയിലേക്ക് പായുന്നതു കണ്ട് പെലെയും 'ഗോള്‍' എന്ന് ഉറക്കെ വിളിക്കുമ്പോള്‍ അതു സംഭവിക്കുന്നു. ഗോള്‍വലയുടെ വലതുവശത്തേക്കു കുത്തിയാര്‍ത്തു വന്ന പന്തിനെ അന്തരീക്ഷത്തില്‍ സമാന്തരമായി വരച്ച ഒരു വരപോലെ ഉയര്‍ന്നു ചാടിയ ഗോര്‍ഡന്‍ ബാങ്ക്സ് വലതുകൈകൊണ്ട് ക്രോസ്സ് ബാറിനു മുകളിലൂടെ തട്ടിയകറ്റി. ഫുട്‌ബോള്‍ എന്ന കളിയിലെ ഏറ്റവും മനോഹരമായ തികച്ചും അസാധ്യമായ രക്ഷപ്പെടുത്തല്‍. പെലെക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. തെല്ലകലെ നിന്നിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബോബി മൂര്‍ രണ്ടു കൈയും ഉയര്‍ത്തി അദ്ഭുതപ്പെട്ടു നിന്നശേഷം കയ്യടിച്ച് ബാങ്ക്സിനെ അഭിനന്ദിച്ചു. മത്സരത്തിന്റെ വിവരണം നല്‍കിക്കൊണ്ടിരുന്ന സുപ്രസിദ്ധ ബി.ബി.സി കമന്റേറ്റര്‍ ഡേവിഡ് കോള്‍മാന്‍ ആര്‍ത്തുവിളിച്ചു. ''ഓ എന്തൊരു സേവ്. ഗോര്‍ഡന്‍ ബാങ്ക്സ്! അതേ അയാള്‍ വലയ്ക്കകത്തുനിന്ന് പന്ത് പിടിച്ചെടുക്കുകയായിരുന്നു എന്നു തോന്നും.'' ചരിത്ര നിമിഷം കുറിച്ച ഭാവമൊന്നുമില്ലാതെ ബാങ്ക്സ് എതിര്‍ ടീമിന്റെ കോര്‍ണര്‍ കിക്ക് നേരിടാന്‍ പതിവുപോലെ ഗോള്‍വലയ്ക്കു മുന്നില്‍ ജാഗരൂകനായി നിലകൊണ്ടു. 

സ്വതസിദ്ധമായ വിനയത്തോടെ ഗോര്‍ഡന്‍ ബാങ്ക്സ് ആ നിമിഷത്തെക്കുറിച്ച് പിന്നീട് പറഞ്ഞത് തികച്ചും ഭാഗ്യം എന്നാണ്. ''അലന്‍ മുല്ലേറിക്കു മുന്നിലായി പെലെ ഗോള്‍ മുഖത്തേക്കു ഓടിവരുന്നതു ഞാന്‍ കണ്ടിരുന്നു. ജേര്‍സീഞ്ഞോ പന്ത് ക്രോസ്സ് ചെയ്തപ്പോള്‍ തന്നെ പെലെ അത് ഹെഡ് ചെയ്യുമെന്നു ഞാന്‍ ഊഹിച്ചു. നല്ല ഉറച്ച ഗ്രൗണ്ടില്‍ തട്ടി ഉയര്‍ന്നുവരുന്ന പന്തിന്റെ ബൗണ്‍സിനെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചത്. വലത്തോട്ട് ചാടിയ എന്റെ വലതുകയ്യുടെ മുകളില്‍ തട്ടി പന്ത് ഗോള്‍വലയുടെ മുകളില്‍ വലതുഭാഗത്തേക്കു പോയി എന്നാണ് എനിക്കു തോന്നിയത്. പക്ഷേ, ചാടി ഗ്രൗണ്ടില്‍ വീണ ഞാന്‍ കണ്ടത് അത് ബാറിനു മുകളിലൂടെ ഉയര്‍ന്നു പോകുന്നതാണ്. അതേക്കുറിച്ച് പലതവണ പെലെയുമായി സംസാരിച്ചിട്ടുണ്ട്. ഗോള്‍ ആയി എന്നു തന്നെയാണ് പെലെ കരുതിയത്.

ഗോള്‍ഡന്‍ ബാങ്കസും പെലെയും
ഗോള്‍ഡന്‍ ബാങ്കസും പെലെയും

ഇനി പെലെയുടെ വാക്കുകളിലേക്ക്; ''നിങ്ങള്‍ ഒരു ഫുട്‌ബോളര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് അത് അറിയാന്‍ കഴിയും. അത്ര സുന്ദരവും ശക്തവുമായിട്ടാണ് ഞാന്‍ ആ പന്ത് ഹെഡ് ചെയ്തത്. വിചാരിച്ച ദിശയിലേയ്ക്ക് തന്നെ അത് പായുകയും ചെയ്തു. പെട്ടെന്നു ശൂന്യതയില്‍നിന്നും ഒരു നീലഭൂതം (നീലനിറമായിരുന്നു ബാങ്ക്സിന്റെ ജഴ്സിക്ക്) തികച്ചും അസംഭവ്യമായ രീതിയില്‍ വലയിലേക്ക് കുതിച്ചെത്തി ആ പന്തിനെ തട്ടിയകറ്റി. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഇപ്പോഴും ആ കളി കാണുമ്പോള്‍ എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര ദൂരത്തില്‍നിന്ന് ഇത്ര വേഗത്തില്‍ അയാള്‍ ചാടിവീണതെങ്ങനെ എന്ന് എനിക്ക് ഇനിയും സങ്കല്പിക്കാനാവുന്നില്ല. പലരും ഇപ്പോഴും ഞാന്‍ സ്‌കോര്‍ ചെയ്ത ഗോളുകളെക്കാള്‍ ആ സേവിനെക്കുറിച്ചു ചോദിക്കാറുണ്ട്. തികച്ചും ഐതിഹാസികം. എന്റെ ഓര്‍മ്മ ഗോര്‍ഡനെ നിര്‍വ്വചിക്കുന്നതു തന്നെ ആ അവിസ്മരണീയമായ രക്ഷപ്പെടുത്തല്‍ മുഖേനയാണ്. ആ പന്ത് അദ്ദേഹം തട്ടിയകറ്റിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. കാരണം ആ സംഭവം ഞങ്ങളെ ഉറ്റ സുഹൃത്തുക്കളാക്കി.

ബാങ്ക്‌സും പെലെയും
പെലെ അഭിമാനിക്കുന്നത് തന്റെ നേട്ടത്തെക്കുറിച്ചല്ല. മറിച്ച് തനിക്ക് നഷ്ടപ്പെട്ട ഒരു ലോകകപ്പ് ഗോളിനെക്കുറിച്ചാണ്. എതിരാളിയുടെ വൈദഗ്ദ്ധ്യത്തേയും പ്രതിഭയേയും ആദരിക്കുന്ന, ആഘോഷിക്കുന്ന സ്പോട്സ്മാന്‍ സ്പിരിറ്റ്. ഗോളിയെ ചവിട്ടിവീഴ്ത്തിയും എതിര്‍ കളിക്കാരെ കടിച്ചും മാന്തിയും എങ്ങനേയും പന്തു കൈക്കലാക്കി ഗോളടിക്കാന്‍ ശ്രമിക്കുന്ന കോടികള്‍ വിലയുള്ള പുതിയ തലമുറയിലെ കളിക്കാരില്‍നിന്ന് എത്രയോ അകലെയാണ് പെലെയുടെ മനസ്സ്.

ടെറിബേക്കര്‍ രചിച്ച ബാങ്ക്സ് വി. പെലെ ദ സേവ് ദാറ്റ് ഷൂക്ക് ദ വേള്‍ഡ് (Banks V Pele; The save that shook the world) എന്ന പുസ്തകത്തില്‍ ലോകം കണ്ട ഏറ്റവും മികച്ച ഈ രക്ഷപ്പെടുത്തലിന്റെ മുന്‍പും പിന്‍പുമുള്ള ചരിത്രം വിശദമായി പ്രതിപാദിക്കുന്നു. കൂട്ടത്തില്‍ ഗോര്‍ഡന്‍ ബാങ്ക്സും പെലെയുമായുള്ള അഭിമുഖങ്ങളും.

ബ്രസീലുമായുള്ള ആ ഗ്രൂപ്പ് മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കളിയുടെ 59-ാം മിനിട്ടില്‍ പെലെ നല്‍കിയ പാസ്സില്‍ ജെര്‍സീഞ്ഞോ നേടിയ ഒരൊറ്റ ഗോളിന് ബ്രസീല്‍ ജയിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചെക്കോസ്ലോവാക്യ തോല്പിച്ച് അവസാന എട്ടില്‍ കടന്നുതന്നെ പുറത്തായി. പക്ഷേ, ആ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോര്‍ഡന്‍ ബാങ്ക്സ് കളത്തിലിറങ്ങിയില്ല. ഭക്ഷ്യവിഷബാധയേറ്റ ബാങ്ക്സിനു പകരം അവസാന നിമിഷം രണ്ടാം ഗോളി പീറ്റര്‍ ബോണറ്റിയെ കളിപ്പിക്കാന്‍ കോച്ച് റാംസേ നിര്‍ബ്ബന്ധിതനായി. ആദ്യപകുതി അവസാനിക്കുമ്പോള്‍ അലന്‍ മുള്ളേരിയും മാര്‍ട്ടിന്‍ പീറ്റേഴ്സും നേടിയ രണ്ടു ഗോളുകള്‍ക്കു മുന്നിലായി ഇംഗ്ലണ്ട് സെമിഫൈനല്‍ ഏതാണ്ട് ഉറപ്പിച്ചതാണ്. രണ്ടാം പകുതിയില്‍ കളിയുടെ ഗതി അപ്രതീക്ഷിതമായി മാറിമറിഞ്ഞു. ബോണറ്റിയുടെ പരിചയക്കുറവും പിഴവും മൂലം ബെക്കന്‍ ബോവര്‍ ജര്‍മ്മനിയുടെ ആദ്യ മറുപടി ഗോളടിച്ചു. ക്യാപ്റ്റന്‍ യൂവേ സീലര്‍ സമനില ഗോള്‍ നേടി കളി അധിക സമയത്തേക്ക് നീട്ടി. ജര്‍ഡ് മുള്ളര്‍ മൂന്നാം ഗോള്‍ കൂടി നേടിയപ്പോള്‍ ബാങ്ക്സിന്റെ അഭാവം ഇംഗ്ലണ്ടിനു നിര്‍ണ്ണായകമായി.

ഭക്ഷ്യവിഷബാധ ഒരു ഗൂഢാലോചനയാണെന്ന വിവാദമുണ്ടായെങ്കിലും കളിക്കാരെല്ലാവരും ഒരേ ഭക്ഷണമാണ് കഴിച്ചതെന്നു പറഞ്ഞ് ബാങ്ക്സ് അതെല്ലാം തള്ളിക്കളഞ്ഞു. സെമി ഫൈനലില്‍ അധികസമയത്തേയ്ക്ക് നീണ്ട മത്സരത്തില്‍ ഭാഗ്യം മാറിമറിഞ്ഞപ്പോള്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഇറ്റലിയോട് തോറ്റ പശ്ചിമ ജര്‍മ്മനി ലൂസേഴ്സ് ഫൈനലില്‍ ഉറുഗ്വേയെ തോല്പിച്ച് മൂന്നാം സ്ഥാനക്കാരായി. കലാശക്കളിയില്‍ ഇറ്റലിയെ തോല്പിച്ച് ബ്രസീല്‍ മൂന്നാം തവണയും ലോകജേതാക്കള്‍ക്കു നല്‍കിയിരുന്ന യൂള്‍ റീമേ കപ്പ് സ്വന്തമാക്കി. ഇനി ക്വാര്‍ട്ടര്‍ ഫൈനലിന്റെ ബാങ്ക്സ് കളത്തിലിറങ്ങിയിരുന്നെങ്കില്‍ ഇംഗ്ലണ്ട് തോല്‍ക്കുമായിരുന്നോ? ഫുട്‌ബോള്‍ പണ്ഡിതര്‍ പറഞ്ഞിരുന്ന ഒരു വസ്തുത വാസ്തവമാണ്. 1966-ല്‍ കപ്പ് നേടിയതിനെക്കാള്‍ എത്രയോ മികച്ചതായിരുന്നു 1970-ല്‍ മെക്‌സിക്കോയില്‍ കളിച്ച ഇംഗ്ലീഷ് ടീം. അങ്ങനെയെങ്കില്‍ ഇംഗ്ലണ്ട് ബ്രസീലിനു വലിയ ഭീഷണിയാവില്ലായിരുന്നോ? ഇംഗ്ലണ്ട് ടീം കപ്പ് നിലനിര്‍ത്തുമായിരുന്നോ? ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉത്തരങ്ങള്‍ക്കായി ആലോചിച്ച് വിഷമിക്കാനും ആഹ്ലാദിക്കാനും ആസ്വദിക്കാനുമുള്ള പ്രസക്തമായ ചോദ്യങ്ങളാണിവ.

കല്‍ക്കരി വിറ്റുനടന്ന കൗമാരം
1937 ഡിസംബര്‍ 30-ന് യോര്‍ക്ക്ഷയറിലെ ഷെഫീല്‍ഡിലാണ് ഗോര്‍ഡന്‍ ബാങ്ക്സ് ജനിച്ചത്. ഒരു ദരിദ്ര കുടുംബത്തില്‍ പതിനഞ്ചാമത്തെ വയസ്സില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് കല്‍ക്കരി, ചാക്കിലാക്കി വീടുകളിലെത്തിക്കുന്ന പണിക്കിറങ്ങി. പിന്നെ സഹോദരനോടൊപ്പം കെട്ടിടം പണിക്കാരുടെ സഹായിയായി. അസ്തിവാരം കുഴിച്ചതും കോണ്‍ക്രീറ്റ് കുഴച്ചതുമൊക്കെ തന്റെ കാലുകളിലേയും കൈകളിലേയും പേശികള്‍ക്ക് ശക്തി നല്‍കിയെന്ന് 2003-ല്‍ പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ബാങ്ക്സി; ദ ഓട്ടോ ബയോഗ്രഫി ഓഫ് ആന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ഹീറോ (Bansky The autobiography of an English Football hero) എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഫുട്‌ബോള്‍ കളിയില്‍ ചെറുപ്പത്തിലെ താല്പര്യമുണ്ടായിരുന്ന ബാങ്ക്സിന് പക്ഷേ, ഗോളിയാകാന്‍ വലിയ ഇഷ്ടമില്ലായിരുന്നു. ''പക്ഷേ, കളി ആരംഭിക്കണമെങ്കില്‍ ആരെങ്കിലും ആ ജോലി ഏറ്റെടുത്തേ പറ്റൂ. അതുകൊണ്ടാണ് ഞാന്‍ പലപ്പോഴും ഗോളിയായത്'' അദ്ദേഹം എഴുതി.

ഷെഫീല്‍ഡ് സ്‌കൂള്‍ ബോയ്സ് ടീമിനുവേണ്ടി കളിച്ചിരുന്ന ബാങ്ക്സിന്റെ കായിക ജീവിതം വഴി തിരിഞ്ഞത് തികച്ചും യാദൃച്ഛികമായിട്ടായിരുന്നു. മില്‍സ്പാ (Millspah) എന്ന അമ്വേച്ചര്‍ ടീമിന്റെ കളി കാണാനെത്തിയ കൊച്ചു ഗോര്‍ഡനെ ഗോളി വരാത്തതുകൊണ്ട് കോച്ച് പകരക്കാരനാക്കുകയായിരുന്നു. 1953 മാര്‍ച്ചില്‍ ചെസ്റ്റര്‍ ഫീല്‍ഡ് യൂത്ത് ടീമില്‍ ചേര്‍ന്ന ബാങ്ക്സ് 1956-ല്‍ എഫ്.എ. യൂത്ത് കപ്പിന്റെ ഫൈനല്‍ കളിച്ചു. ഇരുപാദങ്ങളിലായി നടന്ന മത്സരത്തില്‍ കൊച്ചു ബോബി ചാള്‍ട്ടന്‍ കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് 3-4 എന്ന സ്‌കോറിന് തോറ്റു. രണ്ടു കൊല്ലം കഴിഞ്ഞ് ചെസ്റ്റര്‍ ഫീല്‍ഡിന്റെ മുഖ്യ ടീമിലെത്തിയ ബാങ്ക്സിനെ തൊട്ടടുത്ത വര്‍ഷം ഏഴായിരം പൗണ്ട് നല്‍കി ലെസ്റ്റര്‍ സിറ്റി എന്ന ഒന്നാം ലീഗ് ക്ലബ്ബ് വാങ്ങി. ലെസ്റ്റര്‍ സിറ്റിക്കുവേണ്ടിയുള്ള പ്രകടനമാണ് ഗോര്‍ഡന്‍ ബാങ്ക്സിനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. 1961-ലും 1963-ലും എഫ്.എ. കപ്പിന്റെ ഫൈനലില്‍ തോറ്റ ലസ്റ്റര്‍ 1964-ല്‍ ലീഗ് ജേതാക്കളായി 1965-ല്‍ വീണ്ടും ഫൈനലിലെത്തി. ഇതിനിടെ 1961-ല്‍ ഇംഗ്ലണ്ടിന്റെ യൂത്ത് ടീമിനുവേണ്ടി ബാങ്ക്സ് രണ്ടു മത്സരത്തിനിറങ്ങി. 1962-ലെ ചിലി ലോകകപ്പിനുശേഷം ആല്‍ഫ് റാംസേ (Alf Ramasy) ഇംഗ്ലണ്ടിന്റെ പരിശീലകനായി എത്തി. 1963 ഏപ്രില്‍ ആറാം തീയതി ബാങ്ക്സ് ആദ്യമായി ഇംഗ്ലണ്ട് ടീമിന്റെ വല കാത്തു. ലണ്ടനിലെ വെംബ്ലിയില്‍ സ്‌കോട്‌ലാന്‍ഡിനെതിരെയായിരുന്നു മത്സരം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് തോറ്റു. പിന്നീട് ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ തിളങ്ങിയ ബാങ്ക്സ് ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ ഗോളിയായി മാറാന്‍ അധികം താമസമുണ്ടായില്ല. 1966 ലോകകപ്പിലെ ആദ്യത്തെ നാലു മത്സരങ്ങളിലും ബാങ്ക്സ് ഒരു തവണപോലും ഇംഗ്ലണ്ടിന്റെ വല അനങ്ങാന്‍ സമ്മതിച്ചില്ല. സെമിഫൈനല്‍ മത്സരത്തിന്റെ 82-ാം മിനിട്ടിലാണ് ആ ടൂര്‍ണമെന്റില്‍ ബാങ്ക്സിനു പിന്നില്‍ ആദ്യമായി ഇംഗ്ലണ്ട് വല കുലുങ്ങിയത്. അതും പോര്‍ച്ചുഗീസ് ഇതിഹാസ താരം യൂസേബിയോയുടെ ഒരു പെനാല്‍ട്ടി കിക്ക് വഴി അപ്പോഴേക്കും തുടര്‍ച്ചയായി 721 മിനിട്ടുകള്‍ അപ്രതിരോധ്യനായി നിന്നതിന്റെ റിക്കാര്‍ഡ് ബാങ്ക്സിന്റെ പേരിലായിക്കഴിഞ്ഞിരുന്നു. ഫൈനലില്‍ ജഫ് ഹേഴ്സ്റ്റിന്റെ ഹാട്രിക്കില്‍ ഇംഗ്ലണ്ട് പശ്ചിമ ജര്‍മ്മനിയെ തോല്പിച്ച് ആദ്യമായി ലോകകപ്പ് കിരീടം നേടുമ്പോള്‍ അതില്‍ ബാങ്ക്സിന്റെ പങ്ക് പ്രത്യേകം പറയേണ്ടതില്ല.

നാലു നിലകളുള്ള മാഞ്ചസ്റ്റര്‍ ഫുട്‌ബോള്‍ മ്യൂസിയത്തിലെ ഒരു നില ഏതാണ്ട് പൂര്‍ണ്ണമായും 1966-ലെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിന്റെ മധുരസ്മരണകള്‍ അയവിറക്കാനുള്ള ഒരിടമാക്കി മാറ്റിയിരിക്കുന്നു. ഗോര്‍ഡന്‍ ബാങ്ക്സിന്റെ കൈകളുടെ ലോഹപ്പകര്‍പ്പുകള്‍ക്ക് അടുത്തു തന്നെ അന്നത്തെ പ്രമുഖ താരങ്ങളായ ജഫ് ഹേഴ്സ്റ്റിന്റേയും ബോബിമൂറിന്റേയും ബോബി ചാള്‍ട്ടന്റേയുമൊക്കെ ജഴ്സികളും ബൂട്ടുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തെല്ലകലെ അരനൂറ്റാണ്ടിനു മുന്‍പ് ഫുട്‌ബോള്‍ കളിയില്‍ സ്വന്തം നാടിന്റെ ഏറ്റവും വലിയ നേട്ടത്തിന്റെ വീഡിയോ കാണുന്ന ആരാധകര്‍. അന്ന് തങ്ങളുടെ ടീം നടത്തിയ ഓരോ നീക്കത്തേയും ലൈവ് കളി കാണുന്ന ആവേശത്തില്‍ ആസ്വദിക്കുകയാണ് പലരും. എണീറ്റ് നിന്ന് ആക്രോശിക്കുന്നവരും എതിര്‍ടീമിനെ ചീത്ത പറയുന്നവരും ഉണ്ട് കൂട്ടത്തില്‍. ലോകത്തിലെ ഏറ്റവും അക്രമാസക്തരായ ഫുട്‌ബോള്‍ ആരാധകര്‍ ഇംഗ്ലണ്ടിലാണ് എന്നു വെറുതെ ഓര്‍ത്തുപോയി.

പക്ഷേ, ലോകചാമ്പ്യനായ ബാങ്ക്സിനെ ലെസ്റ്റര്‍ സിറ്റി യുവതാരം പീറ്റല്‍ ഷില്‍ട്ടനുവേണ്ടി തഴഞ്ഞു. ഷില്‍ട്ടന്‍ പിന്നീട് നൂറ്റി ഇരുപത്തഞ്ച് തവണ ഇംഗ്ലണ്ടിനുവേണ്ടി ഇറങ്ങി റിക്കാര്‍ഡിട്ടതും ഇംഗ്ലണ്ടിന്റെ നായകനായി എന്നതും മറ്റൊരു കാര്യം. ഏതായാലും അന്ന് ഒരു ഗോള്‍ കീപ്പര്‍ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ തുക അതായത് 50,000 പൗണ്ട് നല്‍കി സ്റ്റോക്ക് സിറ്റി ക്ലബ്ബ് ബാങ്ക്സിനെ സ്വന്തമാക്കി. 1959 മുതല്‍ 1967 വരെ എട്ട് വര്‍ഷം ലെസ്റ്ററിന്റെ ഗോള്‍കീപ്പറായിരുന്ന ബാങ്ക്സ് ക്ലബ്ബിനുവേണ്ടി 293 മത്സരങ്ങളില്‍ ഗ്ലൗസണിഞ്ഞു. 194 തവണ സ്റ്റോക്ക് സിറ്റിക്കുവേണ്ടി കളത്തിലിറങ്ങിയ ബാങ്ക്സ് 1972-ല്‍ ക്ലബ്ബിന് ലീഗ് കപ്പ് നേടിക്കൊടുക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ആ സീസണില്‍ സെമിഫൈനലില്‍ ജഫ് ഹേഴ്സ്റ്റിന്റെ ഒരു പെനാല്‍ട്ടി തടുത്തിട്ടതാണ് മെക്‌സിക്കോ ലോകകപ്പിലെ 'രക്ഷപ്പെടുത്തലിനെക്കാള്‍ മികച്ചത് എന്ന് ബാങ്ക്സ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 1972 ഒക്ടോബര്‍ 22-ന് ഒരു കാറപകടത്തില്‍ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതുവരെ അദ്ദേഹം ഇംഗ്ലണ്ടിന്റെ ഗോളിയായിരുന്നു. 1972 മെയ് 27-ന് ഗ്ലാസ്ഗോയിലെ ഹംഡന്‍ പാര്‍ക്കില്‍ സ്‌കോട്ലാന്‍ഡുമായുള്ള മത്സരത്തിലാണ് ബാങ്ക്സ് അവസാനമായി ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞത്. മത്സരത്തില്‍ ഇംഗ്ലണ്ട് ഒരു ഗോളിന് ജയിച്ചു. കളിച്ച 73 അന്താരാഷ്ട്ര മത്സരങ്ങളില്‍ 35-ലും എതിര്‍ ടീമിനെ വലയനക്കാന്‍ ബാങ്ക്സ് അനുവദിച്ചിട്ടില്ല. ഇംഗ്ലണ്ട് തോറ്റത് വെറും ഒന്‍പതു ഏറ്റുമുട്ടലുകളില്‍. ഈ കണക്ക് മാത്രം മതി ബാങ്ക്സിന്റെ പ്രതിഭ അറിയാന്‍.
ഒരു കണ്ണിന്റെ കാഴ്ചയുമായി ബാങ്ക്സ് 1977-ല്‍ വടക്കന്‍ അമേരിക്കന്‍ സൂപ്പര്‍ ലീഗില്‍ ഫോര്‍ട്ട് ലൗഡര്‍ഡേല്‍ സ്ട്രൈക്കേഴ്സ് എന്ന ക്ലബ്ബിനുവേണ്ടി ഒരു സീസണ്‍ കളിച്ചു. അക്കൊല്ലം ലീഗിലെ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സ്റ്റോക്ക് സിറ്റി ക്ലബ്ബ് ബാങ്ക്സിന്റെ സേവനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചത് യൂര്‍ റിമേ കപ്പ് ഉയര്‍ത്തിനില്‍ക്കുന്ന അദ്ദേഹത്തിന്റെ ഒരു പ്രതിമ തങ്ങളുടെ ഹോം ഗ്രൗണ്ടിനു മുന്നില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ്. അത് അനാച്ഛാദനം ചെയ്തത് സാക്ഷാല്‍ പെലെയും. ഇംഗ്ലീഷ് ഫുട്‌ബോളിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഗോര്‍ഡന്‍ ബാങ്ക്സിന് സര്‍ സ്ഥാനം നല്‍കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചത് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ എന്ന ബഹുമതി മാത്രം. ഫുട്‌ബോള്‍ ഒരു മതമാണെങ്കില്‍ സ്റ്റേഡിയങ്ങള്‍ അതിന്റെ ആരാധനാലയങ്ങള്‍ ആണ്. കാല്‍പ്പന്തുകളിയുടെ മെക്ക എന്നറിയപ്പെടുന്ന വെംബ്ലി സ്റ്റേഡിയത്തിലെ മരത്തില്‍ തീര്‍ത്ത പഴയ ഇരിപ്പിടങ്ങള്‍ ചരിത്രത്തിന്റെ അവശിഷ്ടങ്ങള്‍പോലെ കാഴ്ചയ്ക്കുവച്ചിരിക്കുന്നു. ഇംഗ്ലീഷ് ടീമിനുവേണ്ടി ഗോര്‍ഡന്‍ ബാങ്ക്സ് ആദ്യം കളിക്കിറങ്ങിയതും 1966-ല്‍ ലോകകപ്പ് നേടിക്കൊടുത്ത കലാശക്കളിയുമൊക്കെ ഇവിടെയായിരുന്നു. കുറച്ചു നേരം കളി കാണുന്നതുപോലെ ആ ബഞ്ചിലിരുന്നു.

ഫുട്‌ബോളിന്റെ ജന്മഭൂമിയായ ഇംഗ്ലണ്ടിന് ആദ്യമായി ലോകകിരീടം നേടിക്കൊടുത്തതില്‍ പ്രമുഖന്‍ എന്ന നിലയിലല്ല ലോകത്തിലെ ഏറ്റവും സുന്ദരമായ കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച 'ഗോള്‍സേവ്' കാട്ടിത്തന്ന അദ്ഭുതതാരം എന്ന നിലയിലാണ് കായികലോകം ഗോര്‍ഡന്‍ ബാങ്ക്സിനെ അടയാളപ്പെടുത്തുന്നത്. അതുകൊണ്ടാണ് 81-ാമത്തെ വയസ്സില്‍ അദ്ദേഹം വിടപറയുമ്പോള്‍ ഇംഗ്ലണ്ടിനു പുറത്തുമുള്ള കോടിക്കണക്കിനു ഫുട്‌ബോള്‍ ആരാധകരുടെ മനസ്സ് വിങ്ങുന്നത്. പെലെയുടെ വാക്കുകള്‍കൊണ്ട് തന്നെ നമുക്ക് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാം. 
''You were a goal keeper with magic. But you were alos os much more. You were a fine human being.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com