അടിതെറ്റിയ കുതിച്ചുചാട്ടം: ലാന്‍ ലിയാന്‍കെയുടെ ഒരസാധാരണ നോവല്‍

മാവോ സേതുങിന്റെ 'ഗ്രേറ്റ് ലീപ്പ് ഫോര്‍വാഡ്'ന്റേയും തുടര്‍ന്നുണ്ടായ വന്‍ക്ഷാമത്തിന്റേയും പശ്ചാത്തലത്തില്‍ ചൈനീസ് നോവലിസ്റ്റ് യാന്‍ ലിയാന്‍കെ രചിച്ച ഒരസാധാരണ നോവല്‍ 
അടിതെറ്റിയ കുതിച്ചുചാട്ടം: ലാന്‍ ലിയാന്‍കെയുടെ ഒരസാധാരണ നോവല്‍

മകാലിക ചൈനീസ് എഴുത്തുകാരില്‍ സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയാധഃപതനം കനത്ത മാനസികാഘാതമാണ് ഏല്‍പ്പിച്ചത്. എന്നാല്‍ ചൈനയിലെ കനത്ത സെന്‍സര്‍ നിയമങ്ങളെ മറികടന്ന് അതെല്ലാം ഫിക്ഷന്‍ എന്ന സങ്കേതത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ അധികം പേരും മടിക്കുകയായിരുന്നു. സാംസ്‌കാരിക വിപ്ലവത്തിന്റെ പ്രത്യാഘാതങ്ങള്‍ ചില കൃതികളില്‍ കാണാമെങ്കിലും മാവോ സേതുങിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ 'മുന്നോട്ടുള്ള വന്‍ കുതിച്ചുചാട്ട'ത്തേയും തുടര്‍ന്നുണ്ടായ രൂക്ഷക്ഷാമത്തിന്റേയും ചരിത്രം തങ്ങളുടെ കൃതികളിലൂടെ അവതരിപ്പിക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. മോയാന്‍, യൂഹുഅ തുടങ്ങിയവര്‍ ഈ വിഷയം തൊട്ടുതലോടി പോയിട്ടുണ്ടെങ്കിലും മാവോയുടെ ഈ വികലനയത്തെ ഏറ്റവും രൂക്ഷമായി, ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഒരു സമ്പൂര്‍ണ നോവലായി അവതരിപ്പിച്ചത് ചൈനയിലെ വിവാദ എഴുത്തുകാരനായ യാന്‍ ലിയാന്‍കെയാണ്. 2015-ല്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി വിന്റേജ് പ്രസിദ്ധീകരിച്ച 'ഫോര്‍ ബുക്സ്' എന്ന നോവല്‍ മാവോ ഭരണകൂടത്തിന്റെ വികലനയങ്ങളുടേയും സ്വേച്ഛാധിപത്യ ചിന്തകളുടേയും തുറന്നെഴുത്താണ്. 2016-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കൃതി കൂടിയാണ് 'ഫോര്‍ ബുക്സ്.'

അതിവേഗത്തിലും കാര്യക്ഷമതയോടെയും സോഷ്യലിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാവോയുടെ നേതൃത്വത്തില്‍ 1958-61 കാലത്താണ് 'ഗ്രേറ്റ് ലീപ്പ് ഫോര്‍വാഡും' വ്യവസായ വല്‍ക്കരണവും ആധുനികവല്‍ക്കരണവും ആരംഭിച്ചത്. ആകാശമായിരുന്നു അതിര്‍ത്തി. ''നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല, വിചാരിക്കാന്‍ കഴിയാത്തതൊന്നുമില്ല'' എന്ന മുദ്രാവാക്യത്തോടെ മുന്നേറാനായിരുന്നു മാവോയുടെ ആഹ്വാനം. 

99-ാം നമ്പര്‍ കമ്യൂണ്‍
യാന്‍ ലിയാന്‍കെ തന്റെ നോവലില്‍ ഒരു നേതാവിന്റേയും പേരെടുത്തു പറയുന്നില്ല. ഉന്നതര്‍, ഉന്നതരില്‍ ഉന്നതര്‍ തുടങ്ങിയ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പദാവലികള്‍ മാത്രം. കഥാപാത്രങ്ങള്‍ക്കും അദ്ദേഹം പേര്‍ നല്‍കിയിട്ടില്ല. ഗ്രന്ഥകാരന്‍, സംഗീതജ്ഞ, പണ്ഡിതന്‍, മതാചാര്യന്‍, ടെക്നീഷ്യന്‍ തുടങ്ങിയ പേരുകളിലാണ് അവര്‍ അറിയപ്പെടുന്നത്. ചൈല്‍ഡ് എന്ന പേരുള്ള പ്രത്യക്ഷത്തില്‍ ഒരു കൗമാരക്കാരന്‍ എന്ന് തോന്നിക്കുന്ന ആളാണ് 99-ാം നമ്പര്‍ ക്യാമ്പിന്റെ നായകന്‍. മഞ്ഞനദീതീരത്തുനിന്ന് 40 ലീ അകലെ സ്ഥിതിചെയ്യുന്ന ക്യാമ്പില്‍ വിമത ചിന്താഗതിക്കാരായ ബുദ്ധിജീവികളാണ് അന്തേവാസികള്‍. ഇവരെ പുനര്‍വിദ്യാഭ്യാസം നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. 

ലാന്‍ ലിയാന്‍കെ
ലാന്‍ ലിയാന്‍കെ

നാലു പുസ്തകങ്ങളിലൂടെയാണ് 99-ാം നമ്പര്‍ ക്യാമ്പിന്റെ കഥ യാന്‍ ലിയാന്‍കെ പറയുന്നത് - ഹെവന്‍സ് ചൈല്‍ഡ്, ഓള്‍ഡ് കോഴ്സ്, ക്രിമിനല്‍ റെക്കോഡ്സ്, പുതിയ സിസിഫസ് പുരാണം. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ വിവിധ അധ്യായങ്ങള്‍ ഇടവിട്ടാണ് നോവലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഹെവന്‍സ് ചൈല്‍ഡില്‍ മുഖ്യമായും ചൈല്‍ഡിന്റെ കഥയാണ് പറയുന്നത്. ബൈബിളിന്റെ ശൈലിയാണ് ഈ ഭാഗത്ത് യാന്‍ ലിയാന്‍കെ സ്വീകരിച്ചിരിക്കുന്നത്. ചൈല്‍ഡ് എന്ന കഥാപാത്രത്തിന് യേശുക്രിസ്തുവിന്റെ പരിവേഷം നല്‍കാനും യാന്‍ ലിയാന്‍കെ ശ്രദ്ധിച്ചിട്ടുണ്ട്. 

രാഷ്ട്ര ആസ്ഥാനത്തുനിന്ന് പത്ത് കല്‍പ്പനകളുമായി മടങ്ങിവരുന്ന ചൈല്‍ഡിനെ അവതരിപ്പിച്ചുകൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. പത്തു കല്പനകള്‍ എന്നാല്‍ പത്ത് നിരോധനാജ്ഞകള്‍. പുസ്തകങ്ങള്‍ വായിക്കരുത്, കടലാസോ മഷിയോ ഉപയോഗിക്കരുത്, എന്ത് ചിന്തിക്കണം, കുപ്രചരണം നടത്തരുത് തുടങ്ങി പത്ത് ആജ്ഞകള്‍. 

തികച്ചും അപ്രായോഗികമായ ഒരു പ്രവര്‍ത്തന മാര്‍ഗ്ഗരേഖയാണ് ചൈല്‍ഡ് അന്തേവാസികള്‍ക്ക് നല്‍കുന്നത്. തുച്ഛമായ വയലുകളില്‍നിന്ന് അചിന്ത്യമായ അളവില്‍ വിളകള്‍ ഉല്‍പ്പാദിപ്പിക്കുക. ഇതിന് എന്ത് മാര്‍ഗ്ഗം വേണമെങ്കിലും ഉപയോഗിക്കാം. ഏറ്റവും കൂടുതല്‍ വിള ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് ചുവപ്പുനക്ഷത്രങ്ങള്‍ ലഭിക്കും. ഏറ്റവും കൂടുതല്‍ ചുവപ്പു നക്ഷത്രങ്ങള്‍ കൈവശപ്പെടുത്തുന്നവര്‍ക്ക് എത്രയും പെട്ടെന്ന് സ്വതന്ത്രരാകാം. ഗ്രന്ഥകാരനും പണ്ഡിതനും സംഗീതജ്ഞയും ഒന്നുംതന്നെ ഇതില്‍നിന്ന് വിമുക്തരല്ല. എല്ലാവരും വയലുകളില്‍ അഹോരാത്രം പണിയെടുക്കുന്നു. പക്ഷേ, ആര്‍ക്കും തന്നെ ലക്ഷ്യത്തിലെത്താനാകുന്നില്ല. 

വ്യവസായവല്‍ക്കരണത്തിലേക്ക് 
അതിനിടെയാണ് ഉന്നതരുടെ നിര്‍ദ്ദേശാനുസരണം ചൈല്‍ഡ് കാര്‍ഷികവൃത്തി നടത്തുന്ന അന്തേവാസികളെ സ്റ്റീല്‍ ഉരുക്കിയെടുക്കാന്‍ നിയോഗിക്കുന്നത്. മാവോ സേതുങിന്റെ ഏറ്റവും വികലനയങ്ങളിലൊന്നായാണ് യാന്‍ ലിയാന്‍കെ ഇതിനെ ചിത്രീകരിക്കുന്നത്. മാവോയുടെ കടുത്ത വിമര്‍ശകനായ ഫ്രാങ്ക് ഡിക്കോട്ടറും ഈ നയത്തെ വിമര്‍ശിക്കുന്നുണ്ട്. കൂട്ടക്കൊലപാതകങ്ങളെക്കാള്‍ ഒട്ടും കുറവല്ല ഈ കാലഘട്ടത്തിലെ അക്രമങ്ങള്‍ എന്ന് ഡിക്കോട്ടര്‍ ചൂണ്ടിക്കാട്ടുന്നു. 
കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്ന അന്തേവാസികള്‍ മഞ്ഞ നദീതീരത്തേക്കും ഉള്‍പ്രദേശങ്ങളിലേക്കും പോയി. സ്റ്റീല്‍ വാര്‍ത്തെടുക്കുന്നതിന് അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തുകയും അവ ഉരുക്കുന്നതിനായി ചൂളകള്‍ നിര്‍മ്മിക്കുകയുമാണ് ലക്ഷ്യം. അസംസ്‌കൃത വസ്തുക്കളായി നിത്യോപയോഗ സാധനങ്ങള്‍ വരെ അവര്‍ ശേഖരിച്ചു. കാര്‍ഷികോപകരണങ്ങള്‍, ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങള്‍ ഒന്നും തന്നെ ഒഴിവാക്കപ്പെട്ടില്ല. പതിനഞ്ച് വര്‍ഷത്തിനകം യൂറോപ്പിനെ വെല്ലുന്ന സാമ്പത്തിക ശക്തിയായി ചൈനയെ ഉയര്‍ത്തുക എന്നതാണ് മാവോയുടെ ലക്ഷ്യം. കാര്‍ഷികരംഗത്തും വ്യാവസായികരംഗത്തും എത്രയും വേഗം ഉന്നതി കൈവരിക്കുക എന്ന മാവോയുടെ ലക്ഷ്യത്തിന് തിരിച്ചടി നേരിടുകയായിരുന്നു. 

കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്ന എല്ലാവരുംതന്നെ സ്റ്റീല്‍ ഉല്‍പ്പാദനരംഗത്തേക്ക് തിരിഞ്ഞതോടെ വയലുകള്‍ ശ്രദ്ധിക്കപ്പെടാതായി. അവ വരണ്ടുണങ്ങി. ഉല്‍പ്പാദനം വന്‍തോതിലാണ് കുറഞ്ഞത്. ഉന്നതരില്‍ ഉന്നതരുടെ നിര്‍ദ്ദേശങ്ങള്‍ക്കൊന്നും ഫലം കണ്ടില്ല. ചൂളയില്‍ ഇന്ധനത്തിനായി ഗ്രാമങ്ങളിലെ മരങ്ങള്‍ വെട്ടിമുറിച്ചത് പരിസ്ഥിതിയേയും കാലാവസ്ഥയേയും വന്‍തോതില്‍ ബാധിക്കുകയും ചെയ്തു. 

ഉന്നതരില്‍ ഉന്നതരുടെ നിര്‍ദ്ദേശപ്രകാരം 99-ാം നമ്പര്‍ ക്യാമ്പിലെ ഓരോ അംഗത്തിന്റേയും ചെയ്തികള്‍ രേഖപ്പെടുത്താന്‍ ചൈല്‍ഡ് ഗ്രന്ഥകാരനെയാണ് നിയോഗിക്കുന്നത്. ഇയാള്‍ എഴുതിയതാണ് നോവലില്‍ ചേര്‍ത്തിരിക്കുന്ന ക്രിമിനല്‍ റെക്കോഡ്സ് എന്ന ഭാഗങ്ങള്‍. എന്നാല്‍, സങ്കീര്‍ണമായ ഈ രചനാരീതി നോവലിന്റെ കെട്ടുറപ്പിനെ അല്‍പ്പം പോലും ബാധിച്ചിട്ടില്ല. 

ക്ഷാമത്തിന്റെ ആരംഭം 
ക്യാമ്പിലെ ഭക്ഷണവിതരണക്രമം ഇപ്പോള്‍ പൂര്‍ണ്ണമായും തകരാറിലായിരിക്കുകയാണ്. അന്തേവാസികള്‍ക്ക് ഒരു നേരം പോലും വയര്‍നിറയെ ആഹാരം ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാര്‍ഷിക വിളകള്‍ തിന്നൊടുക്കുന്നതിന്റെ പേരില്‍ മൃഗങ്ങളേയും പക്ഷികളേയും വെടിവെച്ചു കൊല്ലണമെന്ന് ഉന്നതരില്‍ ഉന്നതര്‍ ഉത്തരവിട്ടതായി ലിയാന്‍കെ സൂചിപ്പിക്കുന്നുണ്ട്. ലിയാന്‍കെയുടെ മുന്‍ഗാമികളായ ഷാങ് ഡിയാന്‍ലിയാങ്, യാങ് സിയാങ് ഹുയ് എന്നിവര്‍ വന്‍ ക്ഷാമത്തേയും ക്യാമ്പുകളിലെ ക്രൂരതകളേയും കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും ആ ജീവിതത്തിന്റെ ഭീകരത പേടിപ്പെടുത്തുംവിധം ചിത്രീകരിക്കാനുള്ള കഴിവോ ഭാവനയോ ലിയാന്‍കെയോളം അവര്‍ക്കുണ്ടായിരുന്നില്ല. 

വിശപ്പ് അന്തേവാസികളെ കാര്‍ന്നുതിന്നു തുടങ്ങിയിരുന്നു. നിരവധി പേരാണ് ക്യാമ്പില്‍ മരണപ്പെട്ടത്. ക്ഷാമരംഗം ചിത്രീകരിക്കുന്ന ഭാഗങ്ങളില്‍ യാന്‍ ലിയാന്‍കെയുടെ അധികാരപ്രമത്തതയോടുള്ള രോഷം വാനോളം ഉയരുന്നുണ്ട്. അന്തേവാസികള്‍ ചൂളകള്‍ ഉണ്ടാക്കാനുപയോഗിച്ച ഇഷ്ടികകളും മറ്റും ഭക്ഷിച്ചു തുടങ്ങുന്നു. ഒരു ഘട്ടത്തില്‍ മരണപ്പെട്ട തങ്ങളുടെ സഹജീവികളെപ്പോലും പങ്കിട്ട് ഭക്ഷിക്കാന്‍ അവര്‍ തയ്യാറാകുന്നുണ്ട്. 

ദുര്‍ഘട ഘട്ടങ്ങളില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ മനുഷ്യന്‍ കൈവെടിയുന്നു എന്ന് യാന്‍ ലിയാന്‍കെ 'ഡ്രീം ഓഫ് ഡിങ്ങ് വില്ലേജ്' എന്ന മുന്‍ നോവലിലും എഴുതുന്നുണ്ട്. സുന്ദരിയായ സംഗീതജ്ഞ അല്‍പ്പം ഭക്ഷണത്തിനായി അടുത്ത ക്യാമ്പിലെ പട്ടാള ഓഫീസറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ക്യാമ്പ് മേധാവിയായ ചൈല്‍ഡിനേയും തന്റെ സൗന്ദര്യം കൊണ്ട് പ്രലോഭിപ്പിക്കാന്‍ അവള്‍ മടിക്കുന്നില്ല. എന്നാല്‍, തന്റെ ദൗത്യങ്ങളില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ നിരാശനായിരിക്കുന്ന ചൈല്‍ഡ് അവളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ മടിക്കുകയാണ്. എന്നാല്‍ അവള്‍ക്കു വേണ്ട ഭക്ഷ്യവസ്തുക്കള്‍ അയാള്‍ നല്‍കുന്നുമുണ്ട്. ഈ രണ്ട് സംഭവങ്ങള്‍ക്കും ഗ്രന്ഥകാരന്‍ ദൃക്സാക്ഷിയാകുന്നു. 

രക്തത്തില്‍ കുതിര്‍ന്ന ഗോതമ്പ് വയലുകള്‍ 
പതിമ്മൂന്നാം അധ്യായം മുതലാണ് ക്ഷാമത്തിന്റെ ഭീകരത ലിയാന്‍കെ നിശിതമായി വിവരിച്ചു തുടങ്ങുന്നത്. സ്റ്റീല്‍ ഉല്‍പ്പാദനം മന്ദീഭവിച്ചു തുടങ്ങിയതോടെ കാര്‍ഷികോല്‍പ്പാദനത്തില്‍ ചൈല്‍ഡ് വീണ്ടും ശ്രദ്ധിച്ചു തുടങ്ങുന്നു. പണ്ഡിതന്റെ വയലുകളിലാണ് ഏറ്റവും കൂടുതലും ഗുണമേന്മയുള്ളതുമായ ഗോതമ്പ് വിളയുന്നത്. തന്റെ ഞരമ്പുകള്‍ മുറിച്ച് രക്തം വെള്ളത്തില്‍ കലര്‍ത്തിയാണ് അയാള്‍ വയല്‍ നനയ്ക്കുന്നത്. തുടര്‍ച്ചയായി രക്തം ചോര്‍ന്ന് അയാള്‍ മൃതപ്രായനായിത്തീരുന്നു. ചൈല്‍ഡ് അയാളില്‍ സംപ്രീതനാകുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഉന്നതര്‍ അയാളില്‍ സംപ്രീതനാവുകയോ വാഗ്ദാനം ചെയ്തിരുന്നപോലെ അയാളെ രാഷ്ട്രീയ തലസ്ഥാനത്ത് കൊണ്ടുപോവുകയോ ചെയ്യുന്നില്ല. 

പണ്ഡിതന്റെ കൃഷിയും വിജയകരമായിരുന്നില്ല. 99-ാം നമ്പര്‍ ക്യാമ്പ് പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ദിവസങ്ങളോളം തന്റെ ടെന്റില്‍ അടച്ചിരുന്ന ചൈല്‍ഡ് ആത്മഹത്യ ചെയ്യുന്നു. യേശുക്രിസ്തുവിന്റെ കുരിശുമരണത്തോട് സാമ്യമുള്ളതാണ് ചൈല്‍ഡിന്റെ ആത്മഹത്യ. അയാളുടെ മുറിയില്‍നിന്ന് ബൈബിള്‍ കഥകളുടെ വന്‍ശേഖരവും കണ്ടെടുക്കുന്നുണ്ട്. 'ഫോര്‍ ബുക്സി'ലെ നാലു ഭാഗങ്ങളേയും ചില നിരൂപകര്‍ മാത്യു, മാര്‍ക്ക്, ലൂക്ക്, ജോണ്‍ എന്നീ യേശുശിഷ്യന്മാരുടെ സുവിശേഷങ്ങളോട് താരതമ്യപ്പെടുത്തുന്നുണ്ട്. 
തന്റെ ക്യാമ്പിലെ എല്ലാ അന്തേവാസികള്‍ക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ടാണ് ചൈല്‍ഡ് ആത്മഹത്യ ചെയ്യുന്നത്. 
അവസാന ഭാഗമായ (നാലാം പുസ്തകം) പുതിയ സിസിഫസ് പുരാണം അല്‍ബേര്‍ കാമുവിന്റെ 'മിത്ത് ഓഫ് സിസിഫസ്' എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹീത പുനരാഖ്യാനമാണ്. 

യാന്‍ ലിയാന്‍കെ ചരിത്രകാരനല്ല, സാഹിത്യകാരനാണ്. അതിനാല്‍ത്തന്നെ ഗ്രേറ്റ് ലീപ് ഫോര്‍വാര്‍ഡിന്റേയോ തുടര്‍ന്നുണ്ടായ വന്‍ക്ഷാമത്തിന്റേയോ സാമൂഹ്യ-രാഷ്ട്രീയ വശങ്ങള്‍ അദ്ദേഹത്തെ വ്യാകുലനാക്കുന്നില്ല. ഈ നയങ്ങളുടെ മാനുഷികവശത്തിനാണ് അദ്ദേഹം ഊന്നല്‍ നല്‍കുന്നത്. ദുരന്തത്തിന്റെ മൂന്നു വര്‍ഷങ്ങള്‍ എന്ന് ക്ഷാമത്തേയും തുടര്‍ന്നുണ്ടായ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തേയും ചൈനീസ് ഭരണകൂടം വിശേഷിപ്പിച്ചതിനെ അദ്ദേഹം തള്ളിക്കളയുകയായിരുന്നു. 

'ദ ഫോര്‍ ബുക്സി'ല്‍ അല്‍ബേര്‍ കാമുവിന്റെ അര്‍ത്ഥശൂന്യാനുവാദത്തേയും രാഷ്ട്രീയ വിമര്‍ശനത്തേയും യോജിപ്പിച്ചുകൊണ്ടു പോകുവാനാണ് യാന്‍ ലിയാന്‍കെ ശ്രമിച്ചിട്ടുള്ളത്. അര്‍ത്ഥശൂന്യമായ ഒരു ലോകത്ത് ജീവിതത്തിന് അര്‍ത്ഥം നല്‍കാന്‍ പ്രതിരോധമാണ് ഉത്തമ മാര്‍ഗ്ഗം എന്ന ചിന്താഗതിക്ക് അടിവരയിടുകയാണ് യാന്‍ ലിയാന്‍കെ. ചരിത്രത്താല്‍ ബന്ധിതരായ മനുഷ്യരെ രക്ഷിക്കാന്‍ കൂടിയാണ് യാന്‍ ലിയാന്‍കെ ഈ നോവലിലൂടെ ശ്രമിക്കുന്നത്. 
ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ 1958-ല്‍ ജനിച്ച യാന്‍ ലിയാന്‍കെ ഫ്രന്‍സ് കഫ്ക അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com