അടിയന്തരാവസ്ഥയ്ക്കുശേഷം: യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ആദ്യമായി പതിനെട്ടു മാസം  നീണ്ടുനിന്ന ഒരസ്വാതന്ത്ര്യത്തില്‍നിന്നുമുള്ള ഒരു മോചനമായിരുന്നു അത്.
അടിയന്തരാവസ്ഥയ്ക്കുശേഷം: യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

ടിയന്തരാവസ്ഥ പിന്‍വലിച്ചു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ആദ്യമായി പതിനെട്ടു മാസം  നീണ്ടുനിന്ന ഒരസ്വാതന്ത്ര്യത്തില്‍നിന്നുമുള്ള ഒരു മോചനമായിരുന്നു അത്. എന്നാല്‍, പൊതുസമൂഹത്തില്‍ അടിയന്തരാവസ്ഥയോടുള്ള പ്രതികരണം പല രീതിയിലായിരുന്നു. അധികാരങ്ങള്‍ കയ്യാളാനുള്ള അമിതമായ അവസരം ലഭിച്ചതില്‍ ഒരു വിഭാഗം ഏറെ സന്തോഷിച്ചിരുന്നുവെങ്കിലും അവകാശങ്ങള്‍ ചോദിക്കാനുള്ള ഇടങ്ങള്‍ നഷ്ടപ്പെട്ടതില്‍ ഭൂരിപക്ഷം പേരും ദുഃഖിച്ചു. ഇത്തരമൊരു കാലത്തെ ഇന്ത്യയില്‍ പലയിടത്തും വ്യത്യസ്തമായ രീതിയിലാണ് കണ്ടിരുന്നത്.

കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥക്കാലത്തോട് ശക്തമായി വിയോജിച്ചു. എന്നാല്‍ കേരളം ഈ കാലഘട്ടത്തെ മറ്റൊരു രീതിയിലാണ് സ്വീകരിച്ചിരുന്നത്. കേരളത്തില്‍ ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടന്ന ഒരു കാലമായിരുന്നു അത്. മുഖ്യമന്ത്രി അച്ചുതമേനോന്റെ ആഭിമുഖ്യത്തിലുള്ള സര്‍ക്കാര്‍ പുതിയ പുതിയ വികസനപദ്ധതികള്‍ ആവിഷ്‌കരിച്ചു. കേരളത്തിന് പില്‍ക്കാലത്ത് അഭിമാനിക്കാന്‍ കഴിയുന്ന പലതരം പരിപാടികള്‍ നടപ്പിലാക്കി. ഈ കാലഘട്ടത്തില്‍ കേരളം പൊതുവെ ശാന്തമായിരുന്നു. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം ശാന്തിയുടെ ഒരു കാലമായി വ്യാഖ്യാനിക്കപ്പെട്ടു. തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിക്ക് വന്‍ ഭൂരിപക്ഷം കിട്ടുകയുണ്ടായി. ഇതിനു കാരണം പൊതുസമൂഹത്തിന് അടിയന്തരാവസ്ഥയോടുള്ള അനുകൂല പ്രതികരണമായിട്ടാണ് വ്യാഖ്യാനിച്ചത്. ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസിന് സവിശേഷമായ അധികാരങ്ങള്‍ ലഭിച്ചിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. നക്സലിസത്തെ അടിച്ചമര്‍ത്താന്‍ അവര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കി. ഇതിന്റെ പേരില്‍ പൊലീസ് സ്വീകരിച്ച അതിരുവിട്ട നടപടികളില്‍ പലതും അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷമാണ് പുറത്തുവന്നത്. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതു കാരണം പല വാര്‍ത്തകളും വായനക്കാരില്‍ എത്തിയിരുന്നില്ല. പൊലീസ് വിഭാഗത്തിന് സ്വേച്ഛാനുസരണം പ്രവര്‍ത്തിക്കാനുള്ള ഒരവസരമായി ഇതു മാറുകയായിരുന്നു. 
അടിയന്തരാവസ്ഥയുടെ നടപടികളോട് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും നിലപാടുകള്‍ കൃത്യമായി പുറത്തുവരാതിരുന്നതും കേരളീയ സമൂഹത്തെ മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഇടതുപക്ഷ പാര്‍ട്ടികള്‍ അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ ശക്തമായി പ്രതികരിച്ചിരുന്നെങ്കിലും അതിന്റെ തുടര്‍ച്ച പിന്നീടുണ്ടായില്ല.

ഇടതുപക്ഷ മാധ്യമങ്ങളും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ആര്‍.എസ്.എസ്സും നക്സല്‍ വിഭാഗവും തുടക്കം മുതലുള്ള നിലപാട് തുടരുകയായിരുന്നു. ഒരു വിഭാഗം എഴുത്തുകാരും ശക്തമായി വിയോജിച്ചുകൊണ്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് രഹസ്യമായി പ്രചരിച്ചുകൊണ്ടിരുന്ന സമാന്തര പ്രസിദ്ധീകരണങ്ങള്‍ വഴിയും വാര്‍ത്തകള്‍ കൈമാറിയുമാണ് അക്കാലത്ത് വിവരങ്ങള്‍ പ്രചരിച്ചിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിനു പുറത്ത് നടന്നുകൊണ്ടിരുന്ന മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നതും അങ്ങനെയാണ്. അതേസമയം കേരളം അത്തരം അശാന്തതയിലേക്ക് കടന്നുചെല്ലാത്ത ഒരു പ്രദേശമായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടത്.  അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലുണ്ടായ പ്രതികരണത്തിന് കാരണവും അതുതന്നെയായിരുന്നു. അടിയന്തരാവസ്ഥ 'ധാരാളം വിധേയന്മാരെ' നമുക്ക് സമ്മാനിക്കുകയുണ്ടായി.  ഇതു സംബന്ധിച്ച് അക്കാലത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അഭിപ്രായ പ്രകടനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ''കുനിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോഴേയ്ക്കും  എല്ലാവരും മുട്ടിലിഴയുകയായിരുന്നു.'' എന്നാല്‍ കേരളത്തില്‍ ഇതിന് വ്യത്യസ്തമായ അനുഭവങ്ങളുമുണ്ടായിരുന്നു. കോണ്‍ഗ്രസ്സിന്റെ ഉന്നതരായ നേതാക്കന്മാരധികം വളരെ വിധേയത്വത്തോടെ അടിയന്തരാവസ്ഥയെ തുടര്‍ച്ചയായി പിന്തുണച്ചിരുന്നെങ്കിലും കേരളത്തില്‍ നിന്നുള്ള ഒരു പി.സി.സി. പ്രസിഡന്റ് മാത്രമാണ് അടിയന്തരാവസ്ഥയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സംസാരിച്ചത്. ഗോഹട്ടി എ.ഐ.സി.സി. സമ്മേളനത്തില്‍ വെച്ചാണ്. അടിയന്തരാവസ്ഥയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് അദ്ദേഹം നടത്തുന്നത്. ഈ മുന്നറിയിപ്പും അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ഒരു ഘടകമായിരിക്കാം.
അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷമാണ് പലരും അതിനെതിരെ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രങ്ങള്‍ പുറത്തുവന്നത്. അത് എത്തിച്ചേര്‍ന്നത് പൊലീസുകാര്‍ നടത്തിയ ഭീകരമര്‍ദ്ദനങ്ങളെക്കുറിച്ചുള്ള അറിവുകളിലാണ്. അതിന്റെ മൂര്‍ത്തമായ ഒരു രൂപമായിരുന്നു കേരളത്തെ പിടിച്ചുലച്ച രാജന്‍ സംഭവം.

കോഴിക്കോട് ആര്‍.ഇ.സിയിലെ  രാജന്‍ എന്ന വിദ്യാര്‍ത്ഥിയെ നക്സല്‍ അനുഭാവി എന്ന കാരണത്താല്‍ പൊലീസ് പിടിച്ചുകൊണ്ടുപോയി. പിന്നീട് കാണാതായി. കസ്റ്റഡിയിലെടുത്തു വിട്ടയച്ചുവെന്ന് പൊലീസ് പറഞ്ഞുവെങ്കിലും ആ വിദ്യാര്‍ത്ഥിയെ പിന്നീട് ഒരിടത്തും കണ്ടുകിട്ടിയില്ല. എന്തുപറ്റിയെന്ന് ആര്‍ക്കുമറിയില്ല. രാജന്റെ പിതാവ് ഈച്ചരവാര്യര്‍ മകനെ കാണാതായി എന്നു ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടും വ്യക്തമായ ഒരു മറുപടി നല്‍കാന്‍ പൊലീസിന് കഴിഞ്ഞില്ല. രാജനെ കസ്റ്റഡിയിലെടുത്തിട്ടില്ല എന്നുപോലും പൊലീസ് മറുപടി നല്‍കുകയുണ്ടായി. മകനെ കണ്ടുപിടിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഈച്ചരവാര്യര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി സമര്‍പ്പിച്ചു. ആര്‍.ഇ.സി. വിദ്യാര്‍ത്ഥിയെ കാണാതായതിനെക്കുറിച്ച് പത്രമാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നുതുടങ്ങി. ഒരു സാധാരണ കാണാതാകല്‍ എന്ന നിലയ്ക്കു മാത്രമാണ് അവര്‍ അതു നല്‍കിയിരുന്നത്. രാജന്‍ ഒരു സാധാരണ വിദ്യാര്‍ത്ഥിയായിരുന്നില്ല. ഒരു കലാകാരന്‍ കൂടിയായിരുന്നു. അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതുകൊണ്ട് വിദ്യാര്‍ത്ഥിയെ കാണാതാവുന്ന സംഭവത്തിന് പത്രങ്ങള്‍ക്ക് അത്രയൊന്നും പ്രാധാന്യം നല്‍കാനും കഴിഞ്ഞിരുന്നില്ല. അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ മൂടിവെച്ചിരുന്ന പല വാര്‍ത്തകളും പുറത്തുവന്നു തുടങ്ങി. അപ്പോഴേക്കും തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിക്കുതന്നെ ഭൂരിപക്ഷം കിട്ടുകയുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന അച്ചുതമേനോന്‍ മത്സരരംഗത്തുണ്ടായിരുന്നില്ല. ഭൂരിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സിന് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടായിരുന്നു. പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസ്സിന് മുഖ്യമന്ത്രി പദത്തിനുള്ള അവസരമുണ്ടാകുന്നത്. സ്വാഭാവികമായും മുഖ്യമന്ത്രിപദത്തിലേക്ക് മുന്‍ ആഭ്യന്തരമന്ത്രിയായിരുന്നു കരുണാകരനാണ് വരേണ്ടത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിക്കകത്ത് കരുണാകരന്‍ മുഖ്യമന്ത്രിയാവുന്നതില്‍ നിശ്ശബ്ദമായ എതിര്‍പ്പുണ്ടായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം സ്വീകരിച്ച ചില നടപടികളോട് പലര്‍ക്കും യോജിപ്പുണ്ടായിരുന്നില്ല. പാര്‍ലമെന്ററി പാര്‍ട്ടിക്കകത്ത് കരുണാകരനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഭൂരിപക്ഷവും കുറവായിരുന്നു. അതുകൊണ്ടുതന്നെ കരുണാകരനെതിരെ മത്സരിക്കാന്‍ ചിലര്‍ കരുക്കള്‍ നീക്കിയിരുന്നു. മത്സരം ഉണ്ടായാല്‍ കരുണാകരന് പിന്തുണ ലഭിച്ചേക്കില്ലെന്നും ഒരു നില വന്നു. അപ്പോഴാണ് കെ.പി.സി.സി. പ്രസിഡന്റ് ഇടപെട്ടത്. (അദ്ദേഹം ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല). തലമുതിര്‍ന്ന നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയാവേണ്ടത് കരുണാകരന്‍ തന്നെയാകണമെന്ന ഉറച്ച നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മറുപക്ഷം ആ അഭിപ്രായത്തെ മാനിച്ചുകൊണ്ട് മാറിനില്‍ക്കുകയും ഏകകണ്ഠമായി കരുണാകരനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു.

കരുണാകരന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷം അടിയന്തരാവസ്ഥക്കാലത്ത് നടന്ന പൊലീസ് മര്‍ദ്ദനങ്ങളെക്കുറിച്ചുള്ള പലതരം ചിത്രങ്ങള്‍ പുറത്തുവന്നു തുടങ്ങി. എല്ലാംതന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ കൊല്ലപ്പെട്ട സംഭവങ്ങളും പുറത്തുവന്നു.  അവയെല്ലാം ഉള്ളുലയ്ക്കുന്ന തരത്തിലുള്ള ക്രൂരമായ പീഡനങ്ങളായിരുന്നു. അപ്പോഴേക്കും ആര്‍.ഇ.സി. വിദ്യാര്‍ത്ഥിയായ രാജന്‍ കൊല്ലപ്പെട്ടുവെന്ന് ഏതാണ്ട് വ്യക്തമായി. എന്നാല്‍ ഒന്നിനും സ്ഥിരീകരണമുണ്ടായിരുന്നില്ല. കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണവുമായി രാജന്‍ എന്ന വിദ്യാര്‍ത്ഥിയെ തങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടില്ല  എന്ന നിലപാടില്‍ പൊലീസ് ഉറച്ചുനിന്നു. അതിനിടയില്‍ മകനെ കാണാതായതുമായി ബന്ധപ്പെട്ട് രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ ഹൈക്കോടതിയില്‍ ഒരു ഹേബിയസ്‌കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു.
പത്രങ്ങളില്‍ രാജനെക്കുറിച്ചും ഈച്ചരവാര്യരെക്കുറിച്ചും മാനസികരോഗിയായ അമ്മയെക്കുറിച്ചും നിരന്തരമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. കഴിഞ്ഞ 18 മാസക്കാലമായി അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന രീതി മാധ്യമങ്ങള്‍ മാറ്റിവെച്ചിരുന്നു. നിരുപദ്രവങ്ങളായ വാര്‍ത്തകള്‍ മാത്രം വായിക്കുന്ന ശീലത്തിലേക്ക് വായനക്കാരും എത്തിയിരുന്നു. അടിയന്തരാവസ്ഥയുടെ ഇരുമ്പുചട്ടകള്‍ ഇല്ലാതായതോടെ മാധ്യമങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും വീണ്ടുകിട്ടി. അവരത് ഫലപ്രദമായി ഉപയോഗിക്കാനും തുടങ്ങി. അടിയന്തരാവസ്ഥക്കാലത്തെ മര്‍ദ്ദനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരമായി വരാന്‍ തുടങ്ങി. അക്കാലത്തും പലയിടത്തുനിന്നും കാണാതായവരെക്കുറിച്ച്  അറിഞ്ഞുതുടങ്ങിയത് അങ്ങനെയാണ്. രാജന്റെ പിതാവ് ഈച്ചരവാര്യര്‍ മകനെ കണ്ടുപിടിച്ചുതരാന്‍ വേണ്ടി അധികാരകേന്ദ്രങ്ങളെ നിരന്തരം സമീപിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളും പത്രങ്ങളില്‍ നിറഞ്ഞുകൊണ്ടിരുന്നു. രാജന്‍ ഒരു പ്രധാന ചര്‍ച്ചയായി കേരളീയ സാമൂഹ്യമണ്ഡലത്തില്‍ നിറഞ്ഞുനിന്നു.   രാജനെന്തു സംഭവിച്ചു?  പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു എന്ന ധാരണക്കായിരുന്നു മുന്‍തൂക്കം. എന്നിട്ടെന്തുണ്ടായി? ആരും മറുപടി പറഞ്ഞില്ല. എന്നാല്‍ അധികാരകേന്ദ്രങ്ങള്‍ രാജനെ കസ്റ്റഡിയിലെടുത്തില്ലെന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. പൊലീസിന്റെ നിലപാട് അവര്‍ അതേ രീതിയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഈച്ചരവാര്യര്‍
ഈച്ചരവാര്യര്‍

അതിനിടയില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഒരു നാള്‍ ഉച്ചതിരിഞ്ഞ നേരത്ത് കണ്ട ദൃശ്യം എനിക്കിപ്പോഴും മറക്കാന്‍ കഴിയുന്ന ഒന്നല്ല. മലയാള വിഭാഗത്തില്‍ ചെന്ന് തോമസ് മാത്യു മാഷെ കണ്ടു മടങ്ങുന്ന വഴി ഹിന്ദി വിഭാഗത്തിലും കയറണമെന്ന് തോന്നി. സിനിമാനടന്‍ സത്താറിന്റെ ജ്യേഷ്ഠന്‍ ജലീല്‍ മാഷ് അവിടെ ഹിന്ദി അദ്ധ്യാപകനാണ്. നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ മഹാരാജാസ് കോളേജില്‍ പോകുമ്പോള്‍ അദ്ദേഹത്തേയും ഒന്നു കാണും. തെല്ലുനേരം സംസാരിച്ചു പിരിയും. അന്നവിടേക്ക് പോകുമ്പോള്‍, പ്രായമായ ഒരാള്‍ മുറിയില്‍നിന്നും പുറത്തേക്കിറങ്ങുന്നത് കണ്ടു. കയ്യില്‍ കാലുള്ള ഒരു കുടയുമുണ്ടായിരുന്നു. മറ്റൊന്നും ശ്രദ്ധിക്കാന്‍ തോന്നിയില്ല. വരാന്തയിലൂടെ നടന്നു പടവുകളിറങ്ങി അദ്ദേഹം അപ്രത്യക്ഷനായി. അകത്തുകയറിയപ്പോള്‍ ജലീല്‍ മാഷ് പറഞ്ഞു:
''ആ പോയതാണ് കാണാതായ രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍.''

ഞാനൊന്നു ഞെട്ടി. ദൈവമേ, അദ്ദേഹത്തിന്റെ മുഖംപോലും കാണാന്‍ കഴിഞ്ഞില്ലല്ലോ. കാണാതായ ഏകമകനെ തേടി അലയുന്ന വൃദ്ധനായ ഒരച്ഛന്‍. എനിക്ക് ഏറെ നേരം ഒന്നും പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന് മകനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രത്യാശപോലും  മനസ്സിലേക്ക് കടന്നുവന്നില്ല. മനസ്സ് അത്രമാത്രം അസ്വസ്ഥമായിരുന്നു. ജലീല്‍ മാഷ് പറഞ്ഞു:
''ഈച്ചരവാര്യര്‍ ഈ ഡിപ്പാര്‍ട്ട്മെന്റിന്റെ ഹെഡ്ഡായിരുന്നു.''
ഈ ഉച്ചകഴിഞ്ഞ നേരത്ത് എന്തിനായിരിക്കും അദ്ദേഹം വന്നിട്ടുണ്ടാവുക? അപ്പോഴാണ് ഞാനോര്‍ത്തത് അന്ന് മുഖ്യമന്ത്രി കരുണാകരന്‍ എറണാകുളം ഗസ്റ്റ് ഹൗസിലുണ്ട്. ഒരുപക്ഷേ, അദ്ദേഹത്തെ കാണാന്‍ കൂടിയായിരിക്കും ഈച്ചരവാര്യര്‍ ഉച്ചനേരത്ത് വന്നത്. 

പി രാജന്‍
പി രാജന്‍

ഈച്ചരവാര്യര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിക്കുള്ള സര്‍ക്കാരിന്റെ മറുപടിയായി ''കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസ്സില്‍ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല'' എന്നാണ് നല്‍കിയിരുന്നത്. ഇത് തെറ്റാണെന്ന് കോടതി കണ്ടെത്തി. ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി കോടതിയില്‍ തെറ്റായ വിവരം നല്‍കിയെന്ന ഗുരുതരമായ ആരോപണം കരുണാകരന്റെമേല്‍ പതിച്ചു. കരുണാകരന്‍ രാജിവെക്കണമെന്ന വ്യാപകമായ അഭിപ്രായമുയര്‍ന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക മുഖപത്രമായ വീക്ഷണംപോലും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എഡിറ്റോറിയല്‍ എഴുതി. രാജിവെക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാവുന്നതിനു മുന്‍പേ കരുണാകരന്‍ മുഖ്യമന്ത്രി പദത്തില്‍നിന്ന് രാജിവെക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. അടുത്ത മുഖ്യമന്ത്രി ആരായിരിക്കും?  എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു നേതാവിനെ കണ്ടെത്തുക എന്നതായിരുന്നു ഏറെ പ്രയാസകരം.  എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു നേതാവ് എ.കെ. ആന്റണി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, അദ്ദേഹം നിയമസഭാംഗമായിരുന്നില്ല. മാത്രവുമല്ല, ഔദ്യോഗിക അധികാരങ്ങളോട് ഏറെക്കുറെ നിസ്സംഗത ഭാവിച്ചു മാറിനില്‍ക്കുകയുമായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളിലൊന്നിലും അദ്ദേഹം കടന്നുവന്നതേ ഇല്ല.  കരുണാകരന്റെ രാജി വലിയൊരു ശൂന്യത സൃഷ്ടിച്ചിരുന്നു. ഇത് നികത്താനുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും ദിവസങ്ങളോളം പരിഹാരമാകാതെ കിടന്നു. പിന്നീട് കോണ്‍ഗ്രസ്സിന്റെ കേന്ദ്ര പ്രതിനിധി എത്തിയശേഷമാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. നിയമസഭാകക്ഷി അംഗമല്ലാത്ത എ.കെ. ആന്റണിയുടെ പേര് നിയമസഭാകക്ഷി നേതാവായി അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു. എല്ലാവര്‍ക്കും അത് സ്വീകാര്യമാവുകയും ചെയ്തു. അങ്ങനെ കെ.പി.സി.സി. പ്രസിഡന്റായ എ.കെ. ആന്റണി

മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കപ്പെട്ടു. പതിവിനു വിരുദ്ധമായ പ്രസ്താവനയോടെയാണ് അദ്ദേഹം മുഖ്യമന്ത്രിപദത്തില്‍ കയറിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസ്താവന ''തന്റെ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയല്ല'' എന്നതായിരുന്നു. മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള ആന്റണിയുടെ പ്രവര്‍ത്തനങ്ങള്‍ കാലം വിലയിരുത്തട്ടെ. എന്നാല്‍ അദ്ദേഹം പ്രസിഡന്റ് അല്ലാതായത് കോണ്‍ഗ്രസ്സിന് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. കോണ്‍ഗ്രസ്സിന്റെ ആന്തരിക സൗന്ദര്യം അതോടെ ഇല്ലാതാവുകയായിരുന്നു. വീക്ഷണം വാരികയുടെ തകര്‍ച്ചയ്ക്കും അതു വഴിയൊരുക്കി. അതോടെ സര്‍ഗ്ഗാത്മകതയുമായുള്ള കോണ്‍ഗ്രസ്സിന്റെ ബന്ധം ശിഥിലമാവുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com