അമേരിക്കന്‍ റോക്കറ്റില്‍നിന്ന് ഗഗന്‍യാനിലേക്ക്: സേതു എഴുതുന്നു

ഒട്ടേറെ പരിമിതികളുണ്ടായിരുന്നെങ്കിലും വികസിത രാജ്യങ്ങളെപ്പോലും അതിശയിപ്പിക്കുന്ന വിസ്മയകരമായ വളര്‍ച്ചയാണ് ഈ രംഗത്ത് കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഇന്ത്യയ്ക്കു കൈവരിക്കാന്‍ കഴിഞ്ഞത്.
അമേരിക്കന്‍ റോക്കറ്റില്‍നിന്ന് ഗഗന്‍യാനിലേക്ക്: സേതു എഴുതുന്നു

മംഗള്‍യാനും ചാന്ദ്രയാനും ഗഗന്‍യാനുമൊക്കെയായി ബഹിരാകാശ ഗവേഷണരംഗത്ത് വലിയൊരു കുതിപ്പിനു തയ്യാറെടുക്കുകയാണ് ഇന്ത്യ.  ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് സ്വപ്നം കണ്ട പണ്ഡിറ്റ്ജിയേയും അത് സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കം കുറിച്ച വിക്രം സാരാഭായിയേയും ഹോമിഭാഭയേയുമൊക്കെ ഓര്‍ക്കാനുള്ള സന്ദര്‍ഭം കൂടിയാണത്. ഒട്ടേറെ പരിമിതികളുണ്ടായിരുന്നെങ്കിലും വികസിത രാജ്യങ്ങളെപ്പോലും അതിശയിപ്പിക്കുന്ന വിസ്മയകരമായ വളര്‍ച്ചയാണ് ഈ രംഗത്ത് കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഇന്ത്യയ്ക്കു കൈവരിക്കാന്‍ കഴിഞ്ഞത്. 1963-ല്‍ അമേരിക്കയില്‍നിന്നു കൊണ്ടുവന്ന കാലാവസ്ഥാ റോക്കറ്റായ നൈക്ക് അപ്പാഷെ ആകാശത്തേക്ക് എയ്തു വിട്ടു തുടങ്ങിയ ദൗത്യം ഇന്ന് മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ നമ്മുടെ റോക്കറ്റ് വഴി വിക്ഷേപിക്കാമെന്ന നിലവരെയെത്തിയിരിക്കുന്നു. അടുത്ത ഭാവിയില്‍ തന്നെ ബഹിരാകാശത്തേക്ക് മനുഷ്യനെ കയറ്റിയ ഉപഗ്രഹം അയക്കുന്നതിനെപ്പറ്റിയും ഐ.എസ്.ആര്‍.ഒ.വിന് ആലോചിക്കാന്‍ കഴിയുമെന്നാണ് അതിന്റെ ചെയര്‍മാന്‍ അവകാശപ്പെടുന്നത്.

ഇതൊക്കെ പറയുമ്പോള്‍ ഈ പ്രോജക്റ്റിന്റെ തുടക്കക്കാലത്ത് രണ്ടര വര്‍ഷത്തോളം അതിന്റെ ഒരു ചെറുതുള്ളിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം മറച്ചുവെയ്ക്കാനാവുന്നില്ല. 
ഭൂമദ്ധ്യരേഖയുടെ ആവുന്നത്ര അടുത്ത്, കടല്‍ത്തീരത്തായി ഒരു റോക്കറ്റ് വിക്ഷേപണകേന്ദ്രമെന്ന ആശയം സഫലമായത് 1962-ല്‍ തിരുവനന്തപുരത്ത് കുളത്തൂരിനടുത്ത് തുമ്പ എന്ന മുക്കുവ ഗ്രാമത്തില്‍ 'ടേള്‍സ്' (തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ്ങ് സ്റ്റേഷന്‍) എന്ന സ്ഥാപനം തുടങ്ങിയതോടെയാണ്. വിക്രം സാരാഭായിയായിരുന്നു ചെയര്‍മാന്‍. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 1963 നവംബര്‍ 21-ന് അവിടെനിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിക്കപ്പെട്ടു. നൈക്ക് അപ്പാഷെ എന്ന രണ്ടു സ്റ്റേജുള്ള അമേരിക്കന്‍ റോക്കറ്റായിരുന്നു അത്. അതിനുശേഷം ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് അവിടത്തെ കാലാവസ്ഥാ വകുപ്പിലെ ഒരു ചെറിയ ഉദ്യോഗസ്ഥനായി ഞാന്‍ അവിടെ എത്തിപ്പെടുന്നത്.  അങ്ങനെ ആദ്യത്തെ വിക്ഷേപണം കാണാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടുള്ള പലതിനും നേര്‍സാക്ഷിയാകാന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഞങ്ങളുടെ സ്വതന്ത്ര യൂണിറ്റില്‍ ഒരു മീറ്റിയറോളജിസ്റ്റിനു പുറമെ ആറേഴ് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റോക്കറ്റ് സ്റ്റേഷന്റെ ഭാഗമായി മൂര്‍ത്തി എന്ന ടെസ്റ്റ് ഡയറക്ടറുടെ കീഴില്‍ അബ്ദുള്‍കലാം, ഈശ്വര്‍ദാസ്, അരവാമുദന്‍, രാമകൃഷ്ണറാവു തുടങ്ങിയ ചില എന്‍ജിനീയര്‍മാര്‍. ഇവരെല്ലാം അറ്റോമിക് എനര്‍ജി വകുപ്പ്, ഫിസിക്കല്‍ റിസര്‍ച്ച് ലാബറട്ടറി തുടങ്ങിയവയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട് അമേരിക്കയില്‍ നീണ്ട കാലത്തെ പരിശീലനം കഴിഞ്ഞെത്തിയ എന്‍ജിനീയര്‍മാരായിരുന്നു. പിന്നെ കുറേ പല വകുപ്പുകളില്‍ നിന്നായി ഡെപ്യൂട്ടേഷനില്‍ വന്നെത്തിയ അഡ്മിനിസ്ട്രേഷന്‍ സെക്ഷനിലെ സ്റ്റാഫും സെക്യൂരിറ്റി ജീവനക്കാരും.

ആ പ്രദേശവാസികളില്‍നിന്ന് ഏറ്റെടുത്ത അറുന്നൂറ് ഏക്കറോളം വരുന്ന ക്യാമ്പസ് കമ്പിവേലി കെട്ടി തിരിച്ചിരുന്നു. അവിടത്തെ കുറേ പഴയ വീടുകളിലായിരുന്നു റോക്കറ്റ് സ്റ്റേഷനിലെ വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്തുനിന്നു കൊണ്ടുവന്നിരുന്ന റോക്കറ്റിന്റെ ഭാഗങ്ങള്‍ ഘടിപ്പിച്ചിരുന്നത് അവിടത്തുകാര്‍ പ്രാര്‍ത്ഥിച്ചിരുന്ന പഴയ പള്ളിയിലായിരുന്നു. അതുപോലെ അവിടത്തെ സ്‌കൂള്‍ കെട്ടിടം അഡ്മിനിസ്ട്രേഷന്‍ സെക്ഷനും ടെസ്റ്റ് ഡയറക്ടറുടെ മുറിയുമായി. മറ്റു ചില കെട്ടിടങ്ങളിലാണ് അബ്ദുള്‍കലാമടങ്ങുന്ന എന്‍ജിനീയര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ആദ്യകാലത്ത് റോക്കറ്റിന്റെ ഭാഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കൈവണ്ടിയിലായിരുന്നു കൊണ്ടു പോയിരുന്നത്. പിന്നീട് ജീപ്പും ട്രെയിലര്‍ വണ്ടികളുമെത്തി. ഡയറക്ടറുടെ കാറും ഒരു ജീപ്പും ഒരു ബസും മാത്രമേ  അന്ന് റേഞ്ചിലുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം സഞ്ചരിച്ചിരുന്നത് സൈക്കിളുകളിലായിരുന്നു.  

അവിടത്തെ പഴയൊരു മൂന്നു മുറി വീട്ടിലായിരുന്നു ഞങ്ങളുടെ മീറ്റിയറോജിക്കല്‍ ഓഫീസ്. തൊട്ടടുത്ത് കാലാവസ്ഥാ ഉപകരണങ്ങള്‍ ഘടിപ്പിച്ച കൂറ്റന്‍ ടവര്‍. അത്യാവശ്യം വേണ്ട ചില കൊച്ചു കെട്ടിടങ്ങള്‍ മാത്രമേ പുതുതായി പണിതിരുന്നുള്ളൂ. പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ റേഞ്ചിനകത്തുള്ള കെട്ടിടങ്ങളും വീടുകളും ഉപയോഗിച്ച് എത്രയും വേഗം തങ്ങളുടെ വിക്ഷേപണങ്ങള്‍ക്കും പഠനങ്ങള്‍ക്കും തുടക്കം കുറിക്കണമെന്ന് അവര്‍ക്ക് വാശിയുണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ അതൊരു നിയോഗം കൂടിയായിരുന്നു. കാരണം, താന്‍ തുടങ്ങിവച്ച മഹാസ്ഥാപനത്തിന്റെ ആദ്യകാല വളര്‍ച്ചകള്‍ക്കു സ്വന്തം കൈകൊണ്ട് ചുക്കാന്‍ പിടിക്കാനായി സാരാഭായിക്ക്. താന്‍ എക്കാലവും വലിയൊരു സ്വപ്നമായി കൊണ്ടുനടന്നിരുന്ന പ്രോജക്റ്റിന്റെ അഭിമാനകാലം കാണാനായില്ലെങ്കിലും അതിനു കരുത്തുള്ള ഒരു അടിത്തറ കൊടുക്കാനായി അദ്ദേഹത്തിന്. ആദ്യ വിക്ഷേപണത്തിനു ശേഷം പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ അന്‍പത്തിരണ്ട് വയസ്സെന്ന നല്ല പ്രായത്തിലാണ് അദ്ദേഹം പൊടുന്നനെ നമ്മെ വിട്ടു പോകുന്നത്. തനിക്കൊരു വിലപ്പെട്ട ജീവിതപങ്കാളിയെ സമ്മാനിച്ച കേരളത്തിന്റെ തന്നെ മണ്ണില്‍ വച്ചു തന്നെ തികച്ചും അവിശ്വസനീയമായൊരു വിടവാങ്ങല്‍.

ഒരിക്കല്‍ കണ്ടിട്ടുള്ളവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സവിശേഷ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കോടീശ്വരന്മാരുടേതായൊരു വലിയ വ്യവസായ കുടുംബത്തില്‍ പിറന്ന, അന്താരാഷ്ട്ര പ്രശസ്തിയുള്ള സാരാഭായിയുടെ എളിമ വിസ്മയിപ്പിക്കുന്നതായിരുന്നു. ആദ്യകാല വിക്ഷേപണ സമയത്ത് റോക്കറ്റ് റേഞ്ചില്‍ വരുമ്പോഴെല്ലാം എല്ലാ സെക്ഷനുകളിലും ഓടി നടക്കാനും ഏറ്റവും ചെറിയ ജീവനക്കാരനോടുപോലും കുശലം പറയാന്‍ സമയം കണ്ടെത്തിയിരുന്ന ആ മഹാനെ അക്കാലത്ത് അവിടെ പ്രവര്‍ത്തിച്ചവര്‍ക്കൊന്നും മറക്കാനാവില്ല. ഒരു വിക്ഷേപണ ദിവസം ഞങ്ങളൊക്കെ വലിയ  തിരക്കിലായിരുന്ന സമയത്ത് ഓടിക്കയറി വന്ന് പുറത്തു തട്ടി, 'How is the weather young man?' എന്ന് കുശലം ചോദിച്ച രൂപം ഇപ്പോഴും മനസ്സിലുണ്ട്. വെളുത്തു തുടുത്ത പ്രസന്നമായ മുഖം. തൂവെള്ള നിറത്തിലുള്ള ഖാദി ഷര്‍ട്ട്, വെള്ള ഖാദി പാന്റ്‌സ്, വെണ്മയുള്ള ചിരി... അദ്ദേഹം കൈയൊന്ന് പിടിച്ചുകുലുക്കിയാല്‍, പുറത്തു തട്ടിയാല്‍ ആകാശത്തെത്തിയെന്ന് അവിടത്തെ ചെറുപ്പക്കാര്‍ കരുതിയിരുന്ന കാലം. അധികാരവും അഹങ്കാരവും വേര്‍പെടുത്താനാവാത്ത ഇരട്ടകളാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്ന ഇക്കാലത്ത് അത്തരം വ്യക്തിത്വങ്ങളെ പിന്നീടൊന്നും കാണാനായിട്ടില്ല.

ഒരു സ്വതന്ത്ര കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും ഞങ്ങള്‍ ശേഖരിക്കുന്ന പല വിവരങ്ങളും അന്ന് റോക്കറ്റ് സ്റ്റേഷന് ആവശ്യമായിരുന്നു. അങ്ങനെ ഒട്ടേറെ അന്തര്‍ദ്ദേശീയ, ദേശീയ കാലാവസ്ഥാ വിവരങ്ങളും ചാര്‍ട്ടുകളും രേഖപ്പെടുത്തിയ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ അപ്പപ്പോഴായി വിക്ഷേപണ നിലയത്തിലേക്ക് എത്തിച്ചുകൊടുക്കാറുണ്ട്. വിക്ഷേപണത്തിനു മുന്‍പ് റേഞ്ചിന്റെ മാത്രമായ ചില വിവരങ്ങളും അത്യാവശ്യമായിരുന്നു എന്‍ജിനീയര്‍മാര്‍ക്ക്. അതായത് ഉപരിതലങ്ങളിലെ കാറ്റിന്റെ ഗതി, വേഗം എന്നിവ കണക്കു കൂട്ടിയാണ് ലാഞ്ച്പാഡ് ഏതു കോണിലാണ് ഉറപ്പിക്കേണ്ടതെന്ന് അവസാനമായി തീരുമാനിക്കുക. കാരണം, റോക്കറ്റിന്റെ ഭാഗങ്ങള്‍ കടലില്‍ എവിടെയൊക്കെയാണ് പതിക്കാന്‍ സാദ്ധ്യതയെന്ന് അവര്‍ക്കു കണക്കുകൂട്ടേണ്ടിയിരുന്നു. ഇതേപ്പറ്റി ഞങ്ങളുടെ വിഭാഗവും ചാര്‍ട്ടുകള്‍ തയ്യാറാക്കാറുണ്ട്. എന്നിട്ടും പലപ്പോഴും അവസാന നിമിഷങ്ങളില്‍ കാറ്റിന്റെ ഗതിയില്‍ അല്പസ്വല്പം മാറ്റങ്ങള്‍ വരാറുണ്ട്. എന്തായാലും, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നവയാണ് സമീപ ഗ്രാമങ്ങളെന്നത് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തിലെ ജാഗ്രത പ്രധാനമാണ്. 

തുമ്പയില്‍ നിന്ന് കുതിച്ചുയരുന്ന നൈക്ക്- അപാഷേ റോക്കറ്റ്. 1963ല്‍ പകര്‍ത്തിയ ചിത്രം
തുമ്പയില്‍ നിന്ന് കുതിച്ചുയരുന്ന നൈക്ക്- അപാഷേ റോക്കറ്റ്. 1963ല്‍ പകര്‍ത്തിയ ചിത്രം

അന്നത്തെ ഏറെക്കുറെ അപരിഷ്‌കൃതമായ ചില പരീക്ഷണരീതികളെക്കുറിച്ച് ഇന്ന് ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു. താഴത്തെ മഴ, വായുമര്‍ദ്ദം, കാറ്റിന്റെ ഗതി എന്നിവ അളക്കാന്‍ തരക്കേടില്ലാത്ത ഉപകരണങ്ങളുണ്ടെങ്കിലും ആ കേന്ദ്രത്തിലെ ഉപരിതലങ്ങളിലെ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാന്‍ കുറേയൊക്കെ പഴയ സമ്പ്രദായങ്ങള്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. വലിയ ഉയരങ്ങളിലെ ഗതികളറിയാനായി ട്രാന്‍സ്മിറ്റര്‍ അടങ്ങുന്ന മുന്തിയ ഉപകരണങ്ങളുള്ള തിരുവനന്തപുരത്തെ നക്ഷത്ര ബംഗ്ലാവിലെ ഡേറ്റയും ഉപയോഗിക്കേണ്ടി വരാറുണ്ടെങ്കിലും വിക്ഷേപണ കേന്ദ്രത്തിലെ വിവരങ്ങളും ഒരുപോലെ പ്രധാനമാണ്.

അറ്റന്‍ഡര്‍ ഒരു കൂറ്റന്‍ ബലൂണ്‍ ഹൈഡ്രജന്‍ നിറച്ചു തയ്യാറാക്കി കൊണ്ടുവരുന്നു.  നിരീക്ഷണം നടത്തേണ്ട കോണ്‍ക്രീറ്റ് തൂണിനു മുകളില്‍ തിയോഡലൈറ്റെന്നു വിളിക്കുന്ന ഒരു ദീര്‍ഘദൂര കാഴ്ചശക്തിയുള്ള ടെലസ്‌കോപ്പ്  ഉറപ്പിച്ചു നിറുത്തുന്നു. അതിനു പുറകില്‍ നിരീക്ഷണം നടത്തേണ്ടയാള്‍ തയ്യാറായി കഴിയുമ്പോള്‍ ബലൂണ്‍ ആകാശത്തേക്കു പറത്തിവിടുന്നു. ബലൂണ്‍ അങ്ങനെ പൊങ്ങിപ്പോകുമ്പോള്‍ അതിനെ തിയോഡലൈറ്റിന്റെ നോട്ടത്തില്‍ത്തന്നെ നിറുത്തുന്നയാള്‍ കാറ്റിന്റെ ഗതിയനുസരിച്ചുള്ള ബലൂണിന്റെ സഞ്ചാരങ്ങള്‍ ഉപകരണത്തിലെ റീഡിങ്ങുകളായി പറയുകയും സഹായി അത് കുറിച്ചെടുത്തുകൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെ ഒരു ഘട്ടമെത്തുമ്പോള്‍ ബലൂണ്‍ കാണാതാകും. ബലൂണിന്റെ കണ്ണുകളെ നോവിക്കുന്ന ആകാശയാത്രകളെ ഏതാണ്ട് മൂന്നു നാല് കിലോമീറ്ററോളം പിന്തുടര്‍ന്ന ഓര്‍മ്മയുണ്ടെനിക്ക്. രാത്രികാലങ്ങളിലാണെങ്കില്‍ ബലൂണിനു കീഴെ തൂക്കിയിടുന്ന നേര്‍ത്ത കടലാസ് കൂടില്‍ ഒരു മെഴുകുതിരി കത്തിച്ചുവച്ചിരിക്കും. ഈ ചെറുദൂരങ്ങള്‍ വളരെ  പ്രധാനമാണെങ്കിലും, ഇതിനപ്പുറമുള്ള വിവരങ്ങള്‍ക്ക് തിരുവനന്തപുരത്തെ ട്രാന്‍സ്മിറ്ററുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. ഇങ്ങനെ ഓരോ കേന്ദ്രങ്ങളിലേയും സമയമൊപ്പിച്ചുള്ള വിവരങ്ങള്‍ ബോംബെയിലെ കേന്ദ്ര കമ്യൂണിക്കേഷന്‍ സെന്റര്‍ വഴി രാജ്യത്തെ വിവിധ മെറ്റ് ഓഫീസുകളില്‍ എത്തിക്കാറുണ്ട്. കൂടാതെ എയര്‍പോര്‍ട്ടുകളിലെ മെറ്റ് സെന്ററുകളില്‍നിന്നും ട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിച്ച ബലൂണുകള്‍ പറത്തിവിടാറുണ്ട്. ഇന്നത്തെ കാലത്ത് ഏറെ മെച്ചപ്പെട്ട ഉപകരണങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. 

തുമ്പ വിക്ഷേപണ കേന്ദ്രത്തിലേക്ക് റോക്കറ്റിന്റെ ഭാഗങ്ങള്‍ സൈക്കിളില്‍ കൊണ്ടുപോകുന്നു
തുമ്പ വിക്ഷേപണ കേന്ദ്രത്തിലേക്ക് റോക്കറ്റിന്റെ ഭാഗങ്ങള്‍ സൈക്കിളില്‍ കൊണ്ടുപോകുന്നു

ഞാന്‍ അവിടെ ഉണ്ടായിരുന്ന കാലത്താണ് ആദ്യമായി ഒരു കംപ്യൂട്ടര്‍ അവിടെ അവതരിക്കുന്നത്. മിന്‍സ്‌ക് എന്ന പേരുള്ള റഷ്യന്‍ കംപ്യൂട്ടര്‍. പ്രത്യേകം പണിതിട്ട ഒരു കൊച്ചു കെട്ടിടത്തില്‍ അത് ശാന്തമായി കുടികൊണ്ടു. ഒന്നു രണ്ടു ഹാളുകള്‍ നിറയെ യന്ത്രങ്ങള്‍.  പെട്ടിക്കണക്കിനു തുളകള്‍ വീണതും വീഴാത്തതുമായ പഞ്ച് കാര്‍ഡുകള്‍. പൊതുവെ നോക്കിയാല്‍ ഇന്നു നമ്മുടെ മേശപ്പുറത്തിരിക്കുന്ന സാമാന്യം ആരോഗ്യവും ഓര്‍മ്മശക്തിയുമുള്ള ഒരു കൊച്ചു ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറിന്റെ കെല്‍പ്പേ ഉണ്ടായിക്കാണുള്ളൂ ആ റഷ്യന്‍ യന്ത്രത്തിന്. എന്നാലും കെട്ടിക്കാഴ്ച വലുതായിരുന്നു. കൂറ്റന്‍ പെട്ടികളില്‍ ഭാഗങ്ങളായി കൊണ്ടുവന്ന അത് കൂട്ടിയിണക്കാന്‍ വന്നത് തടിമാടന്മാരായ നാലഞ്ച് റഷ്യക്കാരായിരുന്നു. അവര്‍ക്കുള്ള പ്രത്യേക ആഹാരം തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നെത്തിക്കൊണ്ടിരുന്നു. കാളിയ എന്ന പേരുള്ള കണിശക്കാരനായ ഒരു ഉദ്യോഗസ്ഥനായിരുന്നു അതിന്റെ ചുമതലക്കാരന്‍. ആ സെക്ഷനിലെ ജീവനക്കാര്‍ക്കല്ലാതെ റേഞ്ചിലുള്ള ആര്‍ക്കും അകത്തു കയറാന്‍ അനുവാദമില്ലായിരുന്നു. വേണമെങ്കില്‍ പുറത്ത് നടയ്ക്കല്‍നിന്നു അകത്തേക്ക് എത്തിനോക്കി തൊഴുതു പോകാം. അങ്ങനെ ഒരു സര്‍പ്പത്തെപ്പോലെ ആ കെട്ടിടത്തിനു മുകളില്‍ ഫണം വിടര്‍ത്തി നില്‍ക്കാന്‍ കാളിയന്‍ ശ്രദ്ധിച്ചിരുന്നു. 

തുമ്പയിലെ നിറകല്ലുകള്‍
അബ്ദുള്‍ കലാമിനായിരുന്നു റേഞ്ച് സേഫ്റ്റിയുടെ ചുമതല. സദാസമയവും ചുറുചുറുക്കോടെ റേഞ്ചിനകത്ത് സൈക്കിളില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്ന നാല്പതുകാരന്‍. ലളിത ജീവിതം നയിക്കുന്ന അദ്ദേഹം തിരുവനന്തപുരത്തെ ഒരു ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. അവിവാഹിതന്‍, സംഗീതപ്രേമി, സസ്യഭുക്ക്. എപ്പോഴും താഴ്ന്ന സ്വരത്തില്‍ മാത്രം സംസാരിക്കുന്ന സൗമ്യപ്രകൃതക്കാരന്‍. ലോഡ്ജിലെ മുറിയില്‍ അടുക്കിവെച്ച കര്‍ണാടക സംഗീതത്തിന്റെ നിരവധി എല്‍.പി. റെക്കോര്‍ഡുകള്‍ കണ്ടിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഈശ്വര്‍ദാസും അരവാമുദനുമായിരുന്നു ലോഞ്ചിങ്ങിന്റെ പ്രധാന ചുമതലക്കാരെങ്കിലും റേഞ്ചിനകത്ത് കൗണ്ട് ഡൗണ്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ വിക്ഷേപണത്തിന്റെ തൊട്ടുമുന്‍പ് വരെ കലാം ആ ലോഞ്ച്പാഡിനടുത്ത് അവസാനഘട്ട പരിശോധനകള്‍ നടത്തിക്കൊണ്ടു നില്‍ക്കാറുണ്ട്. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ ഭാരതത്തില്‍ പ്ലാസ്റ്റിക് സര്‍ജറിയും, നിയന്ത്രിത മിസൈലു മൊക്കെ ഉണ്ടായിരുന്നെന്ന് കലികാല ശാസ്ത്രജ്ഞന്മാര്‍ വാദിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ആധുനിക മിസൈലിന്റെ പിതാവ് സഞ്ചരിച്ചിരുന്നത് സൈക്കിളിലായിരുന്നുവെന്നത് രസകരമാണ്. 
അന്നത്തെ തുമ്പാ റേഞ്ചിനകത്തെ ജീവിതം മറക്കാനാവുന്നില്ല. ഞങ്ങള്‍ ആറ് ചെറുപ്പക്കാര്‍ ചേര്‍ന്ന് റേഞ്ചിനകത്തുള്ള ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പുറകില്‍ മറ്റൊരു വീട്ടില്‍ അഹമ്മദാബാദ് പി.ആര്‍.എല്ലിലെ നാലഞ്ചു പേരുമുണ്ടായിരുന്നു. കൂട്ടിനായി ഒരു ഡസന്‍ വാച്ച്മാന്‍മാരും അസംഖ്യം കുറുക്കന്മാരും.

ബഹിരാകാശ ശാസ്ത്രജ്ഞന്‍മാരായ അരവമുദാനും അബ്ദുള്‍ കലാമും. 1966ല്‍ ഹെന്‍ട്രി കാര്‍ട്ടിയര്‍- ബ്രസ്സന്‍ പകര്‍ത്തിയ ദൃശ്യം
ബഹിരാകാശ ശാസ്ത്രജ്ഞന്‍മാരായ അരവമുദാനും അബ്ദുള്‍ കലാമും. 1966ല്‍ ഹെന്‍ട്രി കാര്‍ട്ടിയര്‍- ബ്രസ്സന്‍ പകര്‍ത്തിയ ദൃശ്യം

രാത്രികാലങ്ങളിലുള്ള കുറുക്കന്മാരുടെ കൂക്കിവിളി ആദ്യമൊന്ന് വിഷമിപ്പിച്ചെങ്കിലും പിന്നീടത് കേട്ടില്ലെങ്കില്‍ ഉറക്കം വരില്ലെന്നായി. ഭക്ഷണം പാകം ചെയ്യാനായി പാചക കലയുമായി മുജ്ജന്മപരിചയം പോലുമില്ലാത്ത അന്നാട്ടുകാരനായൊരു ചെല്ലപ്പനുണ്ടായിരുന്നു. ഉച്ചയ്ക്ക് റേഞ്ചിലെ മെസ്സില്‍നിന്ന് ആഹാരം കിട്ടുമെങ്കിലും, വൈകിട്ട് നിത്യവും കഞ്ഞിയും പയറും കഴിച്ച് ഞങ്ങള്‍ക്കും ചെല്ലപ്പനും ഒരുപോലെ മടുത്തപ്പോള്‍ അയാള്‍ യാത്രപറഞ്ഞു പോയി. അതിനുള്ളില്‍ റോക്കറ്റ് വിക്ഷേപണത്തില്‍ തന്റേതായൊരു ചെറിയ പരീക്ഷണവും നടത്താനും അയാള്‍ ശ്രമിച്ചിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ഉമ്മറത്തെ കസേരകളില്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്ന ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് മിസൈല്‍ രൂപത്തില്‍ എന്തോ ഒന്ന് മണലില്‍നിന്നു മുകളിലേക്കു പൊങ്ങിപ്പോകുന്നതാണ് കണ്ടത്. അത് തന്റെ ചെറിയൊരു ശാസ്ത്രീയ പരീക്ഷണമായിരുന്നെന്ന് പിന്നീട് ചെല്ലപ്പന്‍ തന്നെ പറഞ്ഞുതന്നു. കോമ്പൗണ്ടില്‍ സമൃദ്ധമായ പറങ്കിമാമ്പഴത്തിന്റെ നീര് ഒരു കുപ്പിയില്‍ നിറച്ചു മണലിനടിയില്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍ 'ഫെനി'യെന്ന മദ്യം നാടന്‍ രീതിയില്‍  ഉണ്ടാക്കാമെന്ന് അയാളെ ആരോ പഠിപ്പിച്ചിരുന്നു. തന്റെ കൂട്ട് പിശകിയതാകാമെന്നും പരീക്ഷണങ്ങള്‍ക്കിടയില്‍ ഏതു ശാസ്ത്രജ്ഞനും ഇങ്ങനെയൊക്കെ സംഭവിക്കാമെന്നും അയാള്‍ പിന്നീട് പറഞ്ഞു. 

അതുകഴിഞ്ഞ് ഞങ്ങളെ സേവിക്കാനെത്തിയത് ലേശം മുടന്തുള്ള, പ്രായമായ ഒരാളായിരുന്നു. താന്‍ പട്ടാളത്തിലെ കുക്കറായിരുന്നെന്നു സ്വയം പരിചയപ്പെടുത്തിയതുകൊണ്ട് ഞങ്ങള്‍ പിന്നീട് വലിയ ബഹുമാനത്തോടെ അദ്ദേഹത്തെ കുക്കറെന്നു തന്നെയാണ് വിളിച്ചിരുന്നത്. പക്ഷേ, അടുക്കളയിലെ ചട്ടവട്ടങ്ങളുടെ കാര്യത്തില്‍ ചെല്ലപ്പനില്‍നിന്നു വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല കുക്കര്‍ക്ക്.

അതു വച്ചു നോക്കിയാല്‍ പട്ടാളമെസ്സിലെ പാത്രങ്ങള്‍ കഴുകുന്ന പണിയോ മറ്റോ ആയിരുന്നിരിക്കാം അയാള്‍ക്കെന്ന് പിന്നീട് തോന്നിത്തുടങ്ങിയെങ്കിലും അങ്ങനെയൊരു ഓണംകേറാമൂലയില്‍ കുശിനിപ്പണിക്കായി പകരം ഒരാളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല.  എന്തായാലും പൊതുവെ രസകരമായിരുന്നു അവിടത്തെ ജീവിതം. ആരോഗ്യപരിപാലനത്തിനായി രാവിലെ നേരത്തെ എഴുന്നേറ്റ് മുന്‍വശത്തെ മണലില്‍ തളരുവോളം ഓടണമെന്നായിരുന്നു കൂട്ടത്തിലെ കാരണവരായ ദേവസ്സിയുടെ നിബന്ധന. വേണമെങ്കില്‍ ഓരോ പച്ച മുട്ട അടിച്ചു വിഴുങ്ങുകയുമാവാം.  ആരേയും ഓട്ടക്കാരനാക്കുന്ന, അന്തമില്ലാതെ നീണ്ടുകിടക്കുന്ന പയ്യോളി കടപ്പുറം പോലൊരു മണല്‍പ്പരപ്പാണ് മുന്നില്‍. പക്ഷേ, ഞങ്ങളാരും ഓട്ടക്കാരായില്ലെന്നു മാത്രമല്ല, പതിയെപ്പതിയെ  ഓരോരുത്തരായി ഓട്ടത്തില്‍നിന്നു പിന്‍വലിഞ്ഞ് മണലില്‍നിന്നു കൊണ്ടുള്ള വ്യായാമത്തിലേക്കു തിരിയുകയും ചെയ്തു. ഇക്കാര്യത്തില്‍ ഞങ്ങളെ പരിശീലിപ്പിക്കുകയെന്ന ഭാരിച്ച ചുമതല ഏറ്റെടുക്കാനായി മുന്നോട്ടു വന്നത് സെക്യൂരിറ്റിയില്‍പ്പെട്ട ഒരു മുന്‍ ഹവില്‍ദാരായിരുന്നു. എന്തായാലും, വൈകിട്ടു കടലിലുള്ള നീന്തിക്കുളി നിര്‍ബന്ധമായിരുന്നു ഞങ്ങള്‍ക്ക്. റേഞ്ചിനകത്തുനിന്ന്  മാറുന്നതുവരെ അതു തുടരുകയും ചെയ്തു. തിരകള്‍ പൊതുവെ ശാന്തമായിരുന്ന ആ പ്രദേശത്ത് വെളിച്ചം മങ്ങുന്നതുവരെയുള്ള കുളി വിശപ്പ് ഇരട്ടിയാക്കിയിരുന്നുവെന്നു മാത്രം.

ഞങ്ങളുടെ ഏറ്റവും അടുത്തുള്ള പരിഷ്‌കൃത പ്രദേശം കുളത്തൂര്‍ എന്ന ഗ്രാമമായിരുന്നു. അവിടത്തെ കവലയില്‍ അക്കാലത്തുണ്ടായിരുന്ന ഒരേയൊരു ചായക്കടയില്‍ വെച്ചാണ് 'ബോഞ്ചി' എന്ന അപൂര്‍വ്വ പാനീയം കുടിച്ചത്. അതുപോലെ തന്നെ കഴക്കൂട്ടം കൃഷ്ണ എന്ന സിനിമാക്കൊട്ടകയിലെ സ്ഥിരക്കാരായിരുന്നു ഞങ്ങള്‍. പടം മാറുമ്പോള്‍ പ്രത്യേകിച്ചും. ഞങ്ങളുടെ അയല്‍പക്കക്കാരായ പി.ആര്‍.എല്ലിലെ ഹരീഷ് എന്ന യൂപ്പിക്കാരന്‍ ചെറുപ്പക്കാരന്‍ പ്രേംനസീറിന്റെ വലിയ ആരാധകനായിരുന്നു. പടത്തിനിടയ്ക്ക് അയാള്‍ നിറുത്താതെ ചിരിക്കുന്നത് കാണുമ്പോള്‍ വല്ലതും മനസ്സിലാകുന്നുണ്ടോയെന്ന് ഞാന്‍ ചോദിക്കാറുണ്ട്. ഭാഷയെന്തിന്, ഈ ഭാവാഭിനയം കണ്ടാല്‍ പോരേയെന്ന് അയാള്‍ പറയാറുണ്ട്. എന്തായാലും, ഏതാണ്ട് രണ്ടു വര്‍ഷത്തെ തുമ്പാവാസത്തിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറി. പിന്നീട് ആറ് മാസങ്ങള്‍ക്കുള്ളില്‍ ഉദ്യോഗക്കയറ്റത്തോടെ ഞാന്‍ പൂനയിലേക്ക് പോകുകയും ചെയ്തു. 
പല വേഷങ്ങളില്‍, പല അവതാരങ്ങളിലായി എട്ടോളം സംസ്ഥാനങ്ങളില്‍ ജോലിയെടുക്കാനായിട്ടുണ്ട്. നീണ്ട ജീവിതയാത്രയില്‍ അങ്ങനെ ഏതൊക്കെ പ്രദേശങ്ങള്‍. എന്തൊക്കെ അനുഭവങ്ങള്‍, അവസ്ഥകള്‍. പില്‍ക്കാലത്ത്  അവയ്ക്കിടയില്‍നിന്ന് ചില കല്ലുകള്‍ പെറുക്കിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം പൊങ്ങിവരാറ്  തുമ്പയിലെ നിറക്കല്ലുകള്‍ തന്നെ.  

(ഓര്‍മ്മച്ചെപ്പ്: ആദ്യത്തെ നൈക്ക് അപ്പാഷെ റോക്കറ്റ് പരത്തിവിടുന്ന മഞ്ഞപ്പുക ഉപരിതലങ്ങളിലെ കാറ്റ് ചിക്കിപ്പരത്തുന്നത് കന്യാകുമാരിയിലെ കടല്‍ത്തീരത്തെ മണലില്‍ മലര്‍ന്നുകിടന്ന് നോക്കിക്കാണുന്ന സാരാഭായിയുടെ ചിത്രമായിരുന്നു പിറ്റേന്നത്തെ പത്രങ്ങളിലെ മുന്‍പേജില്‍. ഒരിക്കലും മായാത്ത ഒരു ചിത്രം.)    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com