അമ്മായി: എംഎം പൗലോസ് എഴുതുന്നു

പ്രഭാത കര്‍ത്തവ്യനിര്‍വഹണങ്ങള്‍ക്കു ശേഷം പത്രപാരായണനിര്‍വൃതനായി സസൂക്ഷ്മം വിഹരിക്കവെ ചാരെയിരുന്ന് മൊബൈല്‍ ചിലച്ചു.
അമ്മായി: എംഎം പൗലോസ് എഴുതുന്നു

പ്രഭാത കര്‍ത്തവ്യനിര്‍വഹണങ്ങള്‍ക്കു ശേഷം പത്രപാരായണനിര്‍വൃതനായി സസൂക്ഷ്മം വിഹരിക്കവെ ചാരെയിരുന്ന് മൊബൈല്‍ ചിലച്ചു.
ഓ! അവള്‍.
''ഡാ...''
സ്‌നേഹം കാന്താരി മുളകില്‍ ചാലിച്ച് അവള്‍ വിളിച്ചു.
ജന്മി-കുടിയാന്‍ ബന്ധത്തിന്റെ സ്മൃതികളുണര്‍ത്തി 222 കിലോമീറ്റര്‍ ഇപ്പുറത്തിരുന്നുകൊണ്ട് ഞാന്‍ വിളി കേട്ടു.
''എന്തോ...''
അവള്‍ ചോദിച്ചു.
''നീ ഏതു കാലത്താണ് ഇപ്പോള്‍?''
''ഇണ്ടംതിരുത്തി മനയിലെ തിരുമേനിമാര്‍ സാക്ഷാല്‍ വൈക്കത്തപ്പനെ ഭരിച്ചിരുന്ന കാലത്തിലൂടെ ഞാന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നു. അതുകൊണ്ടാണ് നിന്റെ ശബ്ദത്തില്‍നിന്നും അറുപത്തിനാലടി മാറിനിന്നുകൊണ്ട് ഞാന്‍ വിളി കേള്‍ക്കുന്നത്. ഞാന്‍ വിഗ്രഹഭഞ്ജകനല്ല, വിഗ്രഹാരാധകനാണ്. സീസണ്‍ മാറി മോളേ...''
''കാലത്തിനനുസരിച്ച് കളര്‍ മാറ്റുന്ന മറ്റെ ജീവിക്ക് തുല്യമാണ് നിന്റെ തൊലി എന്ന് എനിക്കറിയാം..''
''യു മീന്‍ ചമിലിയോണ്‍...ഓന്തു...?''
''യാ...'
''ഓന്തുന്തുന്തുന്തുന്തുന്തോന്തുന്തുന്തുന്തുന്തുന്തോന്തുന്തുന്തുന്തുന്തുന്തുന്താളെയുന്ത്...എന്നതാണ്   കാലത്തിനനുസരിച്ച കൃഷ്ണഗാഥ. ചതുരംഗക്കളത്തില്‍ ഇപ്പോള്‍ ആളെ ഉന്തുന്നത് ഓന്തുകളാണ്...ഓന്തുകള്‍ക്ക് പുണ്യകാലം''
''പുണ്യപുരാണസാഹിത്യാദി വിഷയങ്ങളില്‍ നിനക്കുള്ള വ്യുല്‍പ്പത്തി എനിക്ക് നേരത്തെ അറിയാം. ഇത് തുടരാനാണ് ഭാവമെങ്കില്‍ പതിനൊന്നെ മുപ്പതിനുള്ള ശബരി എക്സ്പ്രസ് എന്റെ തലയ്ക്കു മീതെ കടന്നുപോകാന്‍ ഞാന്‍ അനുവദിക്കും.''
''തീവണ്ടിക്ക് തലവെക്കാന്‍ പോയിട്ട്  കാളവണ്ടിക്ക് കൈകാണിക്കാനുള്ള ധൈര്യം നിനക്കില്ല.''
''എന്നെ ഈ വിധം അപഗ്രഥിക്കാനുള്ള കാരണം?''
''നീ ജീവിതം കൊണ്ടാടുന്നവളാണ്...ആരുടെ അമ്മ മരിച്ചുകിടന്നാലും അതില്‍ ആഹ്ലാദം നുണയുന്നവളാണ്...നീയൊരു തുള്ളല്‍ സാഹിത്യമാണ്...''
''യെസ്...യു സെഡ് ഇറ്റ്. ഈഫ് നോട്ട്, വാട്ടീസ് ലൈഫ്? കാലന്‍ വന്ന് കൈക്കു പിടിക്കുമ്പോഴും അവന്റെ മൂക്കില്‍ ചുംബിച്ച് ഞാന്‍ പറയും: കള്ളാ...നിന്റെ നെറ്റി കാണാന്‍ എന്തു ഭംഗി!''
''പക്ഷേ, ആര്യവൈദ്യശാലയില്‍ തിരുമ്മാന്‍ കിടന്നപ്പോള്‍ അതല്ലല്ലോ പറഞ്ഞത്. ചത്താല്‍ മതിയെടാ എന്നായിരുന്നല്ലൊ...''
''യു സ്റ്റുപിഡ്. ഓരോ സിറ്റ്വേഷന്‍സിലും ഓരോ ഡയലോഗ്. ഡയലോഗില്‍ വാസ്തവം തെരയുന്നത് പഴഞ്ചന്‍ ഏര്‍പ്പാട്. പഞ്ചുണ്ടോ എന്ന് നോക്കലാണ് ഇപ്പോഴത്തെ ശൈലി. വീ ആര്‍ ലിവിങ് ഇന്‍ എ പോസ്റ്റ് ട്രൂത്ത് വേള്‍ഡ്...വാസ്തവാനന്തര ലോകം. ആര്‍ക്കു വേണം സത്യം? സത്യമല്ല പ്രശ്‌നം. സത്യമെന്ന ഫീല്‍ ഉണ്ടാകുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. സത്യമെന്ന ഫീല്‍ ഉണ്ടാക്കാന്‍ സത്യത്തിനു കഴിയില്ല, നുണയ്ക്കേ കഴിയൂ. സത്യത്തെക്കാള്‍ സത്യമുള്ളത് നുണയിലാണ്. ആയിരം സത്യം കൊണ്ട് കിട്ടാത്തത് ഒറ്റ നുണകൊണ്ട് കിട്ടും. സത്യം, നുണ എന്നതെല്ലാം കാലങ്ങളായി മനുഷ്യന്‍ നിര്‍മ്മിച്ച അന്ധവിശ്വാസമാണ്. ലാഭം, നഷ്ടം അത് മാത്രമാണ് ശാശ്വതം. സത്യം പറഞ്ഞാലും നുണ പറഞ്ഞാലും ചാകും. സത്യം പറഞ്ഞ് കടം കയറി മരിക്കുന്നതിനെക്കാള്‍ നല്ലത് നുണ പറഞ്ഞ് നേടുന്നതാണ്. സത്യം മാത്രം പറഞ്ഞവനെക്കുറിച്ച് ചത്ത ശേഷം ചില ആളുകള്‍ പാടിക്കൊണ്ടു നടക്കുമായിരിക്കും. അത് അവര്‍ക്ക് എന്തെങ്കിലും തടയാനാണ്. ചത്തവന്‍ കേള്‍ക്കുന്നില്ലല്ലോ ഈ സുവിശേഷങ്ങള്‍. നുണയോളം ഗുണമില്ല സത്യം കൊണ്ട്. സത്യം പറഞ്ഞ ഗാന്ധിജിക്ക് വെടിയുണ്ട. നുണ പറഞ്ഞ ഡൊണാള്‍ഡ് ട്രമ്പിന് അമേരിക്ക. അതുകൊണ്ട് ഞാന്‍ നുണയുടെ പക്ഷത്താണ്. പണ്ട് നുണ സത്യമാകാന്‍ നൂറ്റൊന്നാവര്‍ത്തിക്കണമായിരുന്നു. ഇപ്പോള്‍ ടെക്നിക്കും ടെക്നോളജിയും മാറി. ഒറ്റത്തവണ പറഞ്ഞാല്‍ മതി. നുണ സത്യത്തെക്കാള്‍ വലിയ സത്യമാകും. ഐ ലൈക്ക് ലൈസ്. ലൈ ഈസ് ലൈഫ്. എന്റെ ജീവിതം എങ്ങനെ ആസ്വദിക്കണമെന്ന് ഞാന്‍ തീരുമാനിക്കും. അതില്‍ മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നുള്ളത് നോട്ട് മൈ കണ്‍സേണ്‍. എല്ലാ റിലേഷനും എനിക്ക് പ്ലാറ്റ്ഫോമുകള്‍ മാത്രമാണ്. തുള്ളിക്കളിക്കാനുള്ള പ്ലാറ്റ്ഫോമുകള്‍. തട്ടിന്റെ ബലം കുറഞ്ഞാല്‍ മറ്റൊരു പ്ലാറ്റ്ഫോം. നീ പറഞ്ഞില്ലേ തുള്ളല്‍ സാഹിത്യമെന്ന്...കറക്ട്...വേണങ്കില്‍ ഇപ്പോള്‍ തുള്ളാം...എന്നാല്‍ ഞാനൊരു കഥയുര ചെയ്യാം, എന്നുടെ ഗുരുവരനരുളിയ പോലെ...''
''അറ്റന്‍ഷന്‍ സീക്കിങ്ങിന് നീ ഇതല്ല ഇതിനപ്പുറവും ചെയ്യും...വിഷയത്തിലേക്ക് വാ. വിളിച്ച കാര്യം വദാ...''
''ഞാന്‍ വരുന്നു. നിന്നെ കാണാന്‍ എന്ന മട്ടില്‍.''
''മുന്‍പും നീ പറഞ്ഞിട്ടുണ്ട്...റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരുന്ന് ഞാന്‍ തിരിച്ചു പോയിട്ടുമുണ്ട്. ഒന്നല്ല പലവട്ടം; വാസക്ടമി കഴിഞ്ഞ അണ്ണാനെപ്പോലെ. അപ്പോളെല്ലാം നീ പറഞ്ഞത് അമ്മാവന്‍ മരിച്ചുപോയി എന്നാണ്. നീ പറഞ്ഞ കണക്കനുസരിച്ച് നിന്റെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ അമ്മാവന്‍മാര്‍ മരിച്ചാലും കണക്ക് ടാലിയാവില്ല. 
''നീ കണ്ട ആ അസാന്നിദ്ധ്യമുണ്ടല്ലൊ. അതാണ്‍ഡാ സ്‌നേഹം. മുടിഞ്ഞ സ്‌നേഹം...കാത്തിരിപ്പിന്റെ നിമിഷങ്ങളിലാണ് ഭാവന ഉണ്ടാകുന്നത്. സര്‍ഗ്ഗവാസനയ്ക്ക് ചിറകുമുളക്കുന്നത്. ആ അവസരം ഉണ്ടാക്കിത്തന്ന എന്നെ നീ പഴിക്കുന്നോ...ഇഡിയറ്റ്...''
അവളുടെ കണ്ഠമിടറുന്നു.
ഞാന്‍ കണ്ഠാശ്ലേഷനാകാന്‍ കൊതിക്കുന്നു.
മൗനത്തിനു വേണ്ടത്ര സമയം കൊടുത്തതിനു ശേഷം ഞാന്‍ തന്നെ അതിനെ മുറിക്കുന്നു.
''നീ എവിടെ നിന്നാണ് എഴുന്നള്ളത്?''
''മാമാങ്കം പലകുറി കൊണ്ടാടിയ സാമൂതിരിമാരുടെ തറയില്‍ നിന്നും. കരമാര്‍ഗം. പട്ടാളത്തെ കൊണ്ടുപോകാന്‍ ഡല്‍ഹൗസി പ്രഭു കൊണ്ടുവന്ന കരിവണ്ടിയില്‍.''
ഇതവള്‍ തന്നെയോ?
നേരത്തെ കേട്ട ശബ്ദമേ അല്ല.
തെളിഞ്ഞ ഒച്ച. കാട്ടരുവികള്‍ പോലെ കുണുങ്ങിയോടുന്ന അക്ഷരമാലകള്‍.
കണ്ഠമിടറല്‍ അവള്‍ക്ക് ഒരു സാധകം ചെയ്യലോ?
ഭയങ്കരി.
''എക്സ്പ്രസ്സായോ, സൂപ്പര്‍ ഫാസ്റ്റായോ വരവ്?''
''സൂപ്പര്‍ ഫാസ്റ്റ്. അതിലെ ശീതീകരിച്ച മുറിയില്‍നിന്നും ഞാനിറങ്ങും. കൃത്യം ആറെ മൂന്ന് പി എമ്മിന്. സ്റ്റേഷനില്‍ കാത്തുകിടക്കുക. വൈകിയാല്‍ ഏതെങ്കിലും ജ്യോത്സ്യന്റെ കയ്യില്‍നിന്നും ജപിച്ച ചരട് വാങ്ങി ആദ്യം കാണുന്ന തീവണ്ടിയുടെ അരയില്‍ കെട്ടുക. പിന്നെ വണ്ടികളെ പിടിച്ചാല്‍ കിട്ടില്ല.''
''വരിക. സന്തോഷം കൊണ്ട് മതിമറക്കുന്ന ഞാന്‍ സ്റ്റേഷനില്‍ ഒരു പട്ടിയെപ്പോലെ കാത്തുകിടക്കുന്നുണ്ടാകും.''
''വെറും പട്ടിയെപ്പോലെയാണെങ്കില്‍ താല്പര്യമില്ല. ചില്ലറ മാറ്റം വരുത്ത്. നവീന ആശയങ്ങള്‍ ഉപയോഗിക്ക്.''
''എന്നാല്‍ ഏറുകൊണ്ട പട്ടിയെപ്പോലെ എന്ന് തിരുത്തി.''
''പോര. എങ്കിലും സമ്മതിച്ചു.''
''വരവിന്റെ ലക്ഷ്യം?''
''നിന്നെ കാണാന്‍ വേണ്ടി മാത്രം.''
''നീ വാസ്തവാനന്തര ലോകത്തിലെ മറ്റൊരു സത്യം ആഘോഷിക്കുന്നു.''
''നോ...ഇക്കുറി സത്യം. സത്യമെന്ന തോന്നിക്കലല്ല. സത്യം...സത്യം...സത്യം. നാളെ ഉച്ചവരെ എന്നെ ഞാന്‍ നിനക്ക് പൂര്‍ണ്ണമായും വിട്ടുതന്നിരിക്കുന്നു. നിന്റെ പാട്ടക്കുടിയാനായി ഞാന്‍ ജീവിക്കും.''
''അപ്പോള്‍ നീ പറയാറുള്ള സ്വാതന്ത്ര്യം?''
''നീയില്ലാതെ എനിക്കെന്ത് സ്വാതന്ത്ര്യം? നീയില്ലാതാവുമ്പോള്‍ ഞാനില്ലാതാവുന്നു. പിന്നെയല്ലെ സ്വാതന്ത്ര്യം?''
''സന്തോഷം. നിര്‍ത്തട്ടെ. വരുമ്പോള്‍ കാണാം...ബൗ...ബൗ...''
''പോ പട്ടി.''
അവള്‍ ഫോണ്‍ വലിച്ചെറിഞ്ഞു.
കാലെക്കൂട്ടി ഞാന്‍ സ്റ്റേഷനിലെത്തി. വരുന്നവരുടേയും പോകുന്നവരുടേയും തിരക്കിനിടയില്‍ വരാനിരിക്കുന്നവരെ കാത്തിരിക്കുന്നവരുടെ ഗണത്തില്‍ ഞാന്‍ താല്‍ക്കാലികാംഗത്വമെടുത്തു.
കാത്തിരിക്കാന്‍ കുത്തീരുന്നു.
കുത്തീരുന്നപ്പോള്‍ ചിന്തകള്‍ വന്നു. വെറുതെ കുത്തീരിക്കുന്നവരുടെ വിനോദമാണ് ചിന്തകള്‍. വേലയും പണിയുമുള്ളവന് അതിനു പോകണമല്ലൊ.
ഓരോ തീവണ്ടിയും അനൗണ്‍സ് ചെയ്തപ്പോള്‍ പണ്ട് നമ്പൂതിരി സ്റ്റേഷനില്‍നിന്ന് പറഞ്ഞ ഫലിതം ഓര്‍ത്തു.
നമ്പൂതിരിക്ക് ഡല്‍ഹിക്കു പോകണം. സ്റ്റേഷനില്‍ നല്ല തിരക്ക്. ഓരോ തീവണ്ടിയുടെ പേര് വിളിച്ചുപറയുമ്പോള്‍ ഓട്ടം, ചാട്ടം, ബഹളം. പെട്ടി, വട്ടി, പെണ്‍മക്കള്‍ എന്നിവയൊക്കെ കൂട്ടിപ്പിടിച്ച് തത്രപ്പാട്.
വണ്ടി പോയി പ്ലാറ്റ്ഫോം താല്‍ക്കാലികമായി ശാന്തമായപ്പോള്‍ നമ്പൂരി അടുത്ത് കണ്ട ആളോട് ചോദിച്ചു.
''എനിക്ക് പരിഭ്രമിക്കാറായോ?''
''ന്താ.''
''ഡല്‍ഹിക്കൊള്ള തീവണ്ടി വരാറായോന്ന്. നല്ല നിശ്ചയം പോര. അത്കൊണ്ടാ...''
എനിക്ക് പരിഭ്രമിക്കാറായി.
അവള്‍ വരും കുതിര ഏതാനും നിമിഷങ്ങള്‍ക്കകം എത്തിച്ചേരുമെന്ന് വിവിധ ഭാഷകളില്‍ അറിയിപ്പുണ്ടായി.
വാക്ക് തെറ്റിയില്ല.
വന്നു.
കിതച്ചു നിന്നു.
അവള്‍ ഇറങ്ങി.
പച്ച ടോപ്പും കറുത്ത ജീന്‍സും.
''ഇന്ന് നീയാണ് വിശ്വസുന്ദരി.''
അവള്‍ തിരിച്ചടിച്ചു.
''എന്റെ മുന്നില്‍ നീ തീര്‍ത്തും മങ്ങിപ്പോയി. നിന്റെ ദാരിദ്ര്യം നിന്റെ വസ്ത്രധാരണത്തേയും ബാധിച്ചിരിക്കുന്നു.''
''ഞാന്‍ അര്‍ദ്ധനഗ്‌നനായ ഫക്രുദീനായതില്‍ അഭിമാനം കൊള്ളുന്നു.''
ദേശീയബോധം ഉണര്‍ന്ന എന്നെ വന്ദേമാതരം പാടാന്‍ അവള്‍ അനുവദിച്ചില്ല. വാ പൊത്തിപ്പിടിച്ചു.
ഞങ്ങള്‍ പുറത്തിറങ്ങി.
കാര്യപരിപാടിയിലെ അടുത്തയിനം ഭക്ഷണവും ചര്‍ച്ചയുമാണ്.
റെസ്റ്റോറന്റിലെ തീന്‍മേശ നിറയെ അവള്‍ സാധനങ്ങള്‍ വരുത്തിച്ചു. ഭക്ഷണത്തിലെ പുതിയ ട്രെന്റില്‍ അവള്‍ അഗ്രഗണ്യ.
ഭക്ഷണമദ്ധ്യെ അവള്‍ വരവിന്റെ നിഗൂഢലക്ഷ്യം പുറത്തുവിട്ടു.
അവള്‍ക്ക് സമൂഹത്തില്‍ നിറയാന്‍ ഒരു വിഷയം വേണം. ഈയിടെ ഒന്നും തരപ്പെടുന്നില്ല.
സമൂഹത്തില്‍നിന്ന് ഔട്ടാകുന്ന ഫീല്‍. ഒരു ചാനല്‍ മൈക്ക് കണ്ടിട്ട് മാസം ആറാകുന്നു.
''ഇങ്ങനെയായാല്‍ സമൂഹത്തിന് എന്ത് സംഭവിക്കും. അവശന്മാര്‍, ആര്‍ത്തന്മാര്‍, ആലംബഹീനന്മാര്‍ എന്തുചെയ്യും?''
ക്രാബ് സൂപ്പ് കുടിക്കുന്നതിനിടെ അവള്‍ വിതുമ്പാനൊരുങ്ങി.
ഞാന്‍ ആശ്വസിപ്പിച്ചു.
''വിതുമ്പുമ്പോള്‍ കുടിക്കരുത്. മൂക്കീക്കയറും.''
അവള്‍ സമ്മതിച്ചു.
വിതുമ്പല്‍ നിര്‍ത്തി.സൂപ്പില്‍ ശ്രദ്ധിച്ചു.
എന്നോട് പറഞ്ഞു.
''നീ നവീനാശയങ്ങളില്‍ ഒരു സിലിക്കണ്‍ വാലിയാണല്ലൊ. പറയ്, എനിക്ക് പിടിച്ചുകയറാന്‍ ഒരു വിഷയം പറയൂ. എന്നിലെ പ്രൊഫഷണല്‍ അജിറ്റേറ്റര്‍ക്ക് വേണ്ടത്ര മൈലേജ് കിട്ടുന്നതായിരിക്കണം വിഷയം.''
ഞാന്‍ പറഞ്ഞു.
''ചേരിയിലെ ജീവിതം?''
''നിന്നിലെ സര്‍ഗ്ഗാത്മകതയും വറ്റിയോ? ചിരപുരാതന വിഷയങ്ങള്‍ ആര്‍ക്കു വേണം?''
എങ്കില്‍, നമുക്ക് കുഗ്രാമങ്ങളിലേക്ക് പോകാം. അവിടെ മുട്ടോളം ചേറില്‍നിന്ന് ഞാറ് നടുകയും നിരത്തുകയും കള പറിക്കുകയും ചെയ്യുന്ന കര്‍ഷകത്തൊഴിലാളി സ്ത്രീകളുണ്ട്. പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നവര്‍. പണി കഴിഞ്ഞ് വീട്ടിലെത്തുന്ന ഇവരുടെ പുറത്താണ് കുടി കഴിഞ്ഞെത്തുന്ന ഭര്‍ത്താക്കന്മാരായ കെട്ട്യോന്‍മാരുടെ തായമ്പക. ആ സ്ത്രീകളുടെ മോചനം എങ്ങനെയുണ്ടാകും?''
''പോര. ന്യൂജെന്നിനെ അട്രാക്ട് ചെയ്യില്ല.''
''ചെമ്മീന്‍ കമ്പനികളില്‍ പണിക്കു പോകുന്ന സ്ത്രീകളുണ്ട്. ചൂഷണമുണ്ട്, എല്ലാ രീതിയിലും. ഒരു ഫൈറ്റിന് സ്‌കോപ്പുണ്ട്.''
''ഒരു വൈബ് കിട്ടുന്നില്ല. അവരെയൊക്കെ ഓര്‍ഗനൈസ് ചെയ്യിച്ച് ഒരു വിഷ്വലിന് പാകത്തില്‍ അണിനിരത്തുക വലിയ ബുദ്ധിമുട്ടാകും. നീ ഇപ്പോഴും അറുപതുകളിലെ തലച്ചോര്‍ കൊണ്ട് ചിന്തിക്കുന്നു. മോഡേണൈസ് ചെയ്യൂ. ഫോര്‍ എക്സാമ്പിള്‍. ചുംബനസമരം. കിസ് ഓഫ് ലവ്. അനന്തസാധ്യതകള്‍ തുറന്നിട്ടില്ലേ അത്! എല്ലാമുണ്ട് അതില്‍. സ്വാതന്ത്ര്യം, പ്രണയം, ഫാസിസം. അതുപോലൊന്ന് പറയ്...''
ഞാന്‍ ആലോചിച്ചു.
കിട്ടി.
അവള്‍ തലനീട്ടി.
''പൈല്‍സ്.''
''യു മീന്‍?''
''യെസ് ഐ മീന്‍ പൈല്‍സ്. മൂലക്കുരു.'
''നീ കളിയാക്കുകയാണോ?''
''നോ. അതില്‍ എല്ലാമുണ്ട്. അതില്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമുണ്ട്. സ്വാതന്ത്ര്യത്തെ തടയുന്നുണ്ട് അത്. അത് ഫാസിസത്തിനുള്ള വഴിയൊരുക്കും. ലോകത്തിലെ എല്ലാ ഫാസിസ്റ്റുകള്‍ക്കും മൂലക്കുരു ഉണ്ടായിരുന്നു എന്ന് നീ ബുദ്ധിപരമായി താങ്ങിക്കോ...അതിനെതിരെയുള്ള യുദ്ധം പ്രധാനം...ക്ലിക്കാകും ഉറപ്പ്.''
അവള്‍ ആലോചിച്ചു.
മുഖം തെളിഞ്ഞു.
''നീ ഒരു സ്ലോഗന്‍ പറ.''
''കിസ് ഓഫ് പൈല്‍സ്.''
കലക്കി.
അവള്‍ എന്നെ വരിഞ്ഞുമുറുക്കി ചുംബിച്ചു.
എന്നിട്ട് ഒരു ഹായ് പറഞ്ഞു.
അത് എന്നെ നോക്കിയായിരുന്നില്ല. അടുത്ത ടേബിളിലിരുന്ന യുവാവിനെ നോക്കിയായിരുന്നു. അവന്‍ കാഴ്ചയില്‍ ന്യൂജെന്നാണ്. അതിന്റെ അണുക്കളെല്ലാം ആ ശരീരത്തിലുണ്ട്.
അവള്‍ ന്യൂജെന്നിനോട് ചോദിച്ചു:
''അധികം നേരമായോ?''
''യെസ്. നിങ്ങളുടെ ആശയവിനിമയത്തില്‍ ഇടപെടേണ്ടന്ന് മനപ്പൂര്‍വം കരുതി ഞാന്‍ എന്റേതായ ഒരു ലോകത്തില്‍ ഇരുപ്പുറപ്പിക്കുകയായിരുന്നു.''
അവന്‍ വാചകം തീര്‍ക്കുന്നതിനു മുന്‍പ് അവള്‍ ഓടിച്ചെന്ന് ഉമ്മ കൊടുത്തു.
അവള്‍ അങ്ങനെയാണ്.
ഉമ്മ അവള്‍ക്ക് സര്‍പ്ലസാണ്. അത് വില്‍ക്കാന്‍ വിപണി തേടുകയാണ് അവളുടെ മറ്റൊരു ധര്‍മ്മം.
അവനെ കെട്ടിപ്പിടിച്ച് എന്റെയടുത്ത് വന്ന് അവള്‍ പറഞ്ഞു:
''നമ്മുടെ പരിപാടിയില്‍ ഭേദഗതി വരുത്തിയതില്‍ ഖേദമുണ്ട്. ഇനി ഞാന്‍ ഇവനോടൊപ്പം. നിന്നോടുള്ള അകൈതവമായ സ്‌നേഹം മനസ്സില്‍ സൂക്ഷിച്ച് ശേഷിക്കുന്ന സമയം ഇവനോടൊപ്പം ചെലവാക്കാന്‍ അനുവദിക്കുന്നതാണ് നിനക്ക് നല്ലത്. ഞാന്‍ പറഞ്ഞിട്ടാണ് ഇവന്‍ വന്നത്...വാക്ക് പാലിക്കാന്‍ എന്നെ അനുവദിക്കുക.''
അവള്‍ പറന്നുപോയി.
ഞാന്‍ വീണ്ടും ബ്ലിങ്കസ്യ.
കിസ് ഓഫ് പൈല്‍സ്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com