ഇന്ത്യയെ നിര്‍ണ്ണയിക്കാനുള്ള തെരഞ്ഞെടുപ്പ്: ഡോക്ടര്‍ ജെ പ്രഭാഷ് സംസാരിക്കുന്നു

ഇന്ത്യയെ നിര്‍ണ്ണയിക്കാനുള്ള തെരഞ്ഞെടുപ്പ്: ഡോക്ടര്‍ ജെ പ്രഭാഷ് സംസാരിക്കുന്നു

''ഇന്ത്യക്കാര്‍ എന്നത് ഏതെങ്കിലും പ്രത്യേക ശാസനകളുടെ ഉള്ളില്‍ വരേണ്ടവരാണ് എന്നു വരുത്തുകയും ആ ശാസനകള്‍ ഏകപക്ഷീയമായി തീരുമാനിക്കുകയും ചെയ്യുന്ന അവസ്ഥ.''

''പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ചെയ്ത കാര്യങ്ങളില്‍ ഒന്ന് ഇന്ത്യ എന്ന ആശയത്തെ പുനര്‍ നിര്‍വ്വചിക്കാന്‍ ശ്രമിച്ചതാണ്. ഇന്ത്യക്കാരനെ പുനര്‍ നിര്‍വ്വചിക്കാന്‍ ശ്രമിച്ചു. ഇന്ത്യക്കാര്‍ എന്നത് ഏതെങ്കിലും പ്രത്യേക ശാസനകളുടെ ഉള്ളില്‍ വരേണ്ടവരാണ് എന്നു വരുത്തുകയും ആ ശാസനകള്‍ ഏകപക്ഷീയമായി തീരുമാനിക്കുകയും ചെയ്യുന്ന അവസ്ഥ.'' സാമൂഹിക നിരീക്ഷകനും ഇടതുപക്ഷ ചിന്തകനുമായ ഡോ. ജെ. പ്രഭാഷ് വിലയിരുത്തുന്നു. അതുകൊണ്ട് താല്‍ക്കാലികമായി സ്വന്തം അംഗസംഖ്യ കൂട്ടുന്നതിനപ്പുറം ഇന്ത്യ എന്ന ആശയത്തെ സംരക്ഷിച്ചു നിര്‍ത്താനുള്ള ഏകോപിത ശ്രമമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് ഉണ്ടാകേണ്ടത്.

ഈ പൊതു തെരഞ്ഞെടുപ്പ് രാജ്യത്തിന് എത്രത്തോളം നിര്‍ണ്ണായകമാണ്? 
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്, അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്നിവ പോലെ നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പും. ഒരുപക്ഷേ, ആദ്യത്തെ തെരഞ്ഞെടുപ്പിനെക്കാള്‍ നിര്‍ണ്ണായകം. ഇന്ത്യ എന്ന ആശയം എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നു ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാണിത് എന്നതാണ് നിര്‍ണ്ണായകമെന്നു പറയാനുള്ള ഒന്നാമത്തെ കാരണം. ഇന്ത്യയെക്കുറിച്ചു പറയുമ്പോള്‍ നമ്മളെപ്പോഴും നാനാത്വത്തിലെ ഏകത്വം എന്നു പറയാറുണ്ട്. നാനാത്വം എന്നത് പ്രത്യേകമായി ചര്‍ച്ച ചെയ്യുകയോ അതേക്കുറിച്ചു ചിന്തിക്കുക തന്നെയോ ചെയ്യേണ്ട കാര്യമില്ല; ചോദ്യം ആവശ്യമില്ലാത്ത വിധം അതൊരു യാഥാര്‍ത്ഥ്യമാണ്. സൂര്യന്‍ കിഴക്ക് ഉദിക്കുന്നതുപോലുള്ള ഒരു യാഥാര്‍ത്ഥ്യം.

എന്നാല്‍, ഇപ്പോള്‍ അത് വെല്ലുവിളിക്കപ്പെടുകയാണ്. നാനാത്വത്തിലെ ഏകത്വത്തില്‍നിന്ന് നാനാത്വമങ്ങ് പോയി. ഏകത്വത്തിലേക്ക് മാത്രമായി ചുരുങ്ങി. നമ്മളിപ്പോള്‍ അതിനെ തിരിച്ചിടേണ്ട ഒരു കാലമാണെന്നു തോന്നുന്നു. നാനാത്വത്തിലെ ഏകത്വത്തെ ഏകത്വത്തിലെ നാനാത്വമായാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. അങ്ങനെയൊരു സാഹചര്യം വന്നുചേര്‍ന്നിരിക്കുന്നു. നമ്മള്‍ ഇന്ത്യക്കാരാണെന്ന് എങ്ങനെയാണ് അറിയുക? ഴാങ് ബോദ്ര്‌ലാദ് ചോദിച്ച ഒരു ചോദ്യമുണ്ട്. നിങ്ങളൊരു മനുഷ്യനാണെന്ന് നിങ്ങളെങ്ങനെയാണ് അറിയുക എന്ന്. നിര്‍മ്മിത ബുദ്ധിയുടെ കാലത്ത്, വിവരസാങ്കേതികവിദ്യ അങ്ങനെയങ്ങനെ വളര്‍ന്നുവരുന്ന ഒരുകാലത്ത് നിങ്ങളെങ്ങനെയാണ് അത് അറിയുക? ആ ചോദ്യം ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടാല്‍, എങ്ങനെ അറിയാം നിങ്ങളൊരു ഇന്ത്യക്കാരനാണെന്ന് എന്നായി മാറും. നമ്മളെല്ലാം ധരിച്ചുവച്ചിരിക്കുന്നത് നമ്മള്‍ ഇന്ത്യക്കാരാണ് എന്നാണ്. ഇന്ത്യയില്‍ ജനിച്ചു എന്നതാണ് നമ്മള്‍ ഇന്ത്യക്കാരാണ് എന്നതിനു നമ്മുടെ ഒരേയൊരു പാസ്പോര്‍ട്ട്. നാനാത്വത്തിലെ ഏകത്വത്തിലെ നാനാത്വം ചോദ്യം ചെയ്യപ്പെടാനാകാത്തതാണ് എന്നു ധരിച്ചതുപോലെതന്നെ ഇതുവരെ ധരിച്ചുവച്ചിരുന്നത് നമ്മുടെ ഇന്ത്യത്വം എന്നത് തെളിയിക്കേണ്ട ആവശ്യമില്ല, ചോദ്യം ചെയ്യപ്പെടാനാകാത്തതാണ് എന്നായിരുന്നു. ഇവിടെ വൃക്ഷങ്ങളുണ്ടാകുന്നതുപോലെതന്നെ സ്വാഭാവികമാണ് അത്. ആരും വൃക്ഷങ്ങളുടെ ദേശീയതയും വിധേയത്വവും ചോദിക്കാറില്ലല്ലോ. അതേപോലെ, ഇവിടുത്തെ ഏതൊരു പുല്‍ക്കൊടിയേയും പോലെ നമ്മളെല്ലാവരും ഇന്ത്യക്കാരാണ് എന്ന് ധരിച്ചുവച്ചിരുന്ന ഒരു സ്ഥിതിവിശേഷത്തില്‍ നിന്നുകൊണ്ട് ഒരു പ്രത്യേക വിഭാഗക്കാര്‍ക്കെങ്കിലും അവരുടെ ഇന്ത്യത്വം അഥവാ ദേശീയത തെളിയിക്കേണ്ട ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യ എന്ന ആശയത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് എന്നു പറയുന്നത്. ഇന്ത്യ എന്ന ആശയം ജാതിനിബദ്ധമായിരിക്കണോ, മതനിബദ്ധമായിരിക്കണോ, അതു സാംസ്‌കാരികമായ ഏകത്വത്തിലേക്കു പോകുന്ന ഒരു സംഗതിയാകണോ, അതോ ഭരണഘടനയില്‍ പറയുന്നതുപോലെ നീതിക്കുവേണ്ടിയും സ്വാതന്ത്ര്യത്തിനുവേണ്ടിയും സമത്വത്തിനുവേണ്ടിയും നിലകൊള്ളുന്ന ഒന്നാകണോ.

ഇന്ത്യ എന്നത് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നതുപോലെ 'വീ ദി പീപ്പിള്‍' ആണോ എന്ന ചോദ്യം കൂടിയാണത്. ഭരണഘടനാ ശില്പികള്‍ വളരെ ബോധപൂര്‍വം പറഞ്ഞിരിക്കുന്നതാണ് അത്. 'വീ ദി സിറ്റിസണ്‍' എന്നല്ല പറഞ്ഞിരിക്കുന്നത്. പൗരത്വം എന്നത് ഒരു അടഞ്ഞ അധ്യായമല്ല. അതുകൊണ്ടാണ് നാം ഇന്ത്യയിലെ ജനങ്ങളെല്ലാവരും കൂടി ചേര്‍ന്നതാണ് ഇന്ത്യ എന്നു പറയുന്നത്. ആ ഇന്ത്യ എന്ന ആശയത്തിനു വ്യക്തത വരുത്താനുള്ള തെരഞ്ഞെടുപ്പാണ് ഇത്. 

മുന്‍പും ഇന്ത്യയിലെ ജനാധിപത്യം പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും സ്വേച്ഛാധിപത്യ പ്രവണതയുള്ള ഭരണാധികാരികളെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രീതികളും അതിനെക്കാളൊക്കെ മാരകമാകുന്നത് എങ്ങനെയാണ്? 
മോദി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ചെയ്ത കാര്യങ്ങളില്‍ ഒന്ന് ഇന്ത്യ എന്ന ആശയത്തെ പുനര്‍ നിര്‍വ്വചിക്കാന്‍ ശ്രമിച്ചു എന്നതാണ്. ഇന്ത്യക്കാരനെ പുനര്‍ നിര്‍വ്വചിക്കാന്‍ ശ്രമിച്ചു. ഇന്ത്യക്കാര്‍ എന്നത് ഏതെങ്കിലും പ്രത്യേക ശാസനകളുടെ ഉള്ളില്‍ വരേണ്ടവരാണ് എന്നു വരുത്തുകയും ആ ശാസനകള്‍ ഏകപക്ഷീയമായി തീരുമാനിക്കുകയും ചെയ്യുന്ന അവസ്ഥ. ഇതുവരെ ഇല്ലാത്ത വിധം ഇന്ത്യയെ പുനര്‍ നിര്‍വ്വചിക്കുകയാണ്. ഇന്ത്യ എന്ന ആശയത്തിനു രൂപം നല്‍കിയ നിരവധിയാളുകളുണ്ട്. അതില്‍ത്തന്നെ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്ന ചില പേരുകളുമുണ്ട്. ഗാന്ധിജി, അംബേദ്കര്‍, നെഹ്രു, ടാഗോര്‍. ഗാന്ധിജി പറഞ്ഞത് വിശ്വാസത്തെക്കുറിച്ചാണ്; ട്രസ്റ്റ്. അത് പ്രധാനമാണെന്നു പറഞ്ഞു. അംബേദ്കര്‍ ആത്മാഭിമാനത്തിനാണ് ഊന്നല്‍ നല്‍കിയത്. ടാഗോര്‍ സാര്‍വ്വലൗകികമായ, ദേശീയതയ്ക്കപ്പുറമുള്ള സ്‌നേഹത്തെക്കുറിച്ച് പറഞ്ഞു. നെഹ്രു യുക്തിവിചാരത്തെക്കുറിച്ചു പറഞ്ഞു. ഇവ കൂട്ടിവായിച്ചാല്‍ നാലു പേരും പറയുന്നത് നാല് സര്‍പ്ലസുകളെക്കുറിച്ചാണ്- സഹിഷ്ണുതയും പരസ്പര വിശ്വാസവും ആത്മാഭിമാനത്തില്‍ അധിഷ്ഠിതമായ സമത്വം, സ്‌നേഹം, യുക്തിവിചാരം. അതാണ് അടിത്തറ. അതില്‍നിന്നാണ് ബാക്കിയെല്ലാം ഉണ്ടാകുന്നത്; ഗ്രാമസ്വരാജും സോഷ്യല്‍ ഡെമോക്രസിയുമെല്ലാം. ഈ സര്‍പ്ലസിനെയാണ് ഇന്നു ചോദ്യം ചെയ്യുന്നത്. സഹിഷ്ണുതയ്ക്കും പരസ്പരവിശ്വാസത്തിനും സ്ഥാനമില്ല, യുക്തിക്ക് സ്ഥാനമില്ല, സാര്‍വലൗകിക സ്‌നേഹത്തിനു സ്ഥാനമില്ല, ആത്മാഭിമാനത്തിനും സ്ഥാനമില്ല.

രണ്ടാമത്തെ കാര്യം, ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മോദി നടത്തുന്ന ശ്രമങ്ങളും ഇടപെടലുകളുമാണ്. ഒന്നുകില്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു, അല്ലെങ്കില്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ പിടിച്ചുകുലുക്കി അവയുടെ വിശ്വാസ്യത തകര്‍ക്കുകയാണ് ചെയ്യുന്നത്. അമേരിക്കന്‍ ഭരണഘടനയുടെ ശില്പികളില്‍ പ്രമുഖനായ ജയിംസ് മാഡിസന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ലിഖിത ഭരണഘടനയെക്കാള്‍ പ്രധാനമാണ് അലിഖിതമായ മൂല്യങ്ങളും മുറകളും നടപടിക്രമങ്ങളും മറ്റും. വിജയകരമായ ഏതു ജനാധിപത്യ ഭരണകൂടത്തെ നോക്കിയാലും ലിഖിത ഭരണഘടനയെക്കാളോ അതിനൊപ്പമോ നിര്‍ണ്ണായക പങ്കുവഹിച്ചതാണ് ഈ പറയുന്ന കാര്യങ്ങള്‍. ഇന്ത്യന്‍ ജനാധിപത്യം 71 വര്‍ഷം നിലനിന്നത് നമ്മുടെ ഭരണഘടനാ ശില്പികള്‍ സങ്കുചിത പക്ഷപാതങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള സ്ഥാപനങ്ങള്‍ സൃഷ്ടിച്ചതുകൊണ്ടാണ്. അതിനുമപ്പുറം മറ്റു രണ്ടു കാര്യങ്ങളും പ്രധാനമാണ്. സഹിഷ്ണുതയുടെ നിലനില്പ്. സഹിഷ്ണുത എന്നത് മതത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ജനാധിപത്യത്തിന്റെ എല്ലാ തലങ്ങളിലുമുണ്ടാകേണ്ടതാണ്. ഭരണപക്ഷം പ്രതിപക്ഷത്തോട് സഹിഷ്ണുത കാണിക്കുക, വ്യത്യസ്ത മതവിഭാഗങ്ങളെ സഹിഷ്ണുതയോടെ കാണുക, ഭരണകൂടം ജനങ്ങളെ സഹിഷ്ണുതയോടെ കാണുക. മറ്റൊന്ന്, institutional for bearance എന്നൊരു കാര്യമുണ്ട്. അനുരഞ്ജനം, ഒത്തുതീര്‍പ്പ്, സ്ഥാപനത്തിന്റെ ലിഖിത നിയമത്തിനപ്പുറം അതിന്റെ അന്തസ്സത്തയ്ക്ക് ചേര്‍ന്നവിധമുള്ള പെരുമാറ്റം. ആ രണ്ടു കാര്യങ്ങള്‍കൊണ്ടാണ് ഇന്ത്യയുടെ ജനാധിപത്യം ഇത്രകാലം നിലനിന്നത്. ഇവിടെ ഇപ്പോള്‍ സംഭവിക്കുന്നത് ആ അന്തസ്സത്ത കളഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനവും ലിഖിതമായ നിയമത്തെപ്പോലും വളച്ചൊടിച്ചുകൊണ്ട് അന്തസ്സത്തയെ നശിപ്പിച്ചുകൊണ്ട് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയും ഭരണഘടനയെത്തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന അവസ്ഥയാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലാകട്ടെ, പാര്‍ലമെന്റിന്റെ കാര്യത്തിലാകട്ടെ, റിസര്‍വ്വ് ബാങ്കിന്റെ കാര്യത്തിലാകട്ടെ, സി.ബി.ഐയുടെ കാര്യത്തിലാകട്ടെ, അങ്ങനെ ഓരോന്നും. ജനാധിപത്യത്തില്‍ ഒരു നേതാവ് ഭരണാധികാരിയായാല്‍ പിന്നെ പെരുമാറേണ്ടത് മുഴുവന്‍ ജനങ്ങളുടേയും ഭരണാധികാരിയായിട്ടായിരിക്കണം. മുഴുവനാളുകളുടേയും പ്രധാനമന്ത്രി, അല്ലെങ്കില്‍ മുഖ്യമന്ത്രി. അല്ലാതെ ഒരു പാര്‍ട്ടിക്കാരനായല്ല പെരുമാറേണ്ടത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഒരു വിഭാഗത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളു. ഓരോ പാര്‍ട്ടികളുടേയും കാര്യം അതാണല്ലോ. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ ഭരിക്കാമെന്നല്ലാതെ ഒരു പാര്‍ട്ടിയും രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും പ്രതിനിധാനം ചെയ്യുന്നില്ല. പക്ഷേ, അവര്‍ അധികാരത്തിലേറിക്കഴിഞ്ഞാല്‍ എല്ലാവരുടേയുമായി മാറുന്ന ഒരു പെരുമാറ്റരീതി ഉണ്ടാകണം. പക്ഷേ, മോദിയുടെ കാര്യത്തില്‍ അതുണ്ടാകുന്നില്ല. 

മാറ്റം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഗുണപരമായ എന്തെങ്കിലും മാറ്റം ഇന്ത്യയുടെ സാമൂഹിക ജീവിതത്തിനു നല്‍കിയതായി അഭിപ്രായമുണ്ടോ? 
സത്യസന്ധമായി ഞാന്‍ മനസ്സിലാക്കുന്നത് അങ്ങനെയൊരു ഗുണപരമായ മാറ്റവും കൊണ്ടുവരാന്‍ നരേന്ദ്ര മോദിക്കോ അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനോ സാധിച്ചിട്ടില്ല എന്നാണ്. ഒരു ഭരണാധികാരി ചെയ്യേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ പലതുമുണ്ട്. സാമൂഹികനീതി നടപ്പാക്കുക, ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം ഉറപ്പാക്കുക, എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുക, ഭരണഘടനാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുക. ഇതാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അങ്ങനെയൊരു മാറ്റവും കൊണ്ടുവന്നിട്ടില്ല. 

പ്രതിപക്ഷ കക്ഷികളുടെ വിശാല ഐക്യം തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ രൂപപ്പെടേണ്ടത് അനിവാര്യമാണോ? മോദി വിരുദ്ധ രാഷ്ട്രീയ നിലപാടില്‍ യോജിക്കുന്നവര്‍ തന്നെ പരസ്പരം മത്സരിക്കുന്നു. ഉദാഹരണത്തിന്, ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള യു.പിയില്‍ എസ്.പിയും ബി.എസ്.പിയും തമ്മിലുണ്ടാക്കിയ സഖ്യത്തില്‍നിന്ന് കോണ്‍ഗ്രസ്സിനെ അകറ്റിനിര്‍ത്തി. ഇത് എന്തുതരം പ്രത്യാഘാതമാണ് ഉണ്ടാക്കുക?
യു.പിയിലായാലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമൊക്കെ എസ്.പിയും ബി.എസ്.പിയും മാത്രമായുള്ള സഖ്യങ്ങള്‍ രൂപപ്പെട്ടുവരികയാണ്. യു.പി ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ ഈ പാര്‍ട്ടികള്‍ക്കു കുറഞ്ഞ സ്വാധീനമേയുള്ളു. ഇവിടങ്ങളില്‍ കോണ്‍ഗ്രസ്സിനു കുറച്ചുകൂടി ശക്തിയുണ്ട്. യു.പിയില്‍ കോണ്‍ഗ്രസ്സ് ദുര്‍ബ്ബലമാണ്, എസ്.പിക്കും ബി.എസ്.പിക്കുമാണ് സ്വാധീനം. പക്ഷേ, ഇവരെല്ലാവരും എല്ലായിടത്തും ഇപ്പോള്‍ ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടത്. ഫുല്‍വാമ ഭീകരാക്രമണത്തിന്റേയും ഇന്ത്യ നല്‍കിയ തിരിച്ചടിയുടേയും ക്രെഡിറ്റ് ബി.ജെ.പി-എന്‍.ഡി.എ സര്‍ക്കാര്‍ സ്വന്തമായി അവകാശപ്പെടാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ക്കൂടി വേണം ഇത് കാണാന്‍. അത് ബി.ജെ.പിയുടെ നേട്ടമല്ല. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ഇതുവരെ ഭരിച്ച മുഴുവന്‍ സര്‍ക്കാരുകളും കെട്ടിപ്പടുത്ത സൈനികശക്തിയാണ് നമ്മുടേത്. നെഹ്രു മുതല്‍ മോദി വരെയുള്ള എല്ലാവര്‍ക്കും ഈ ശക്തിയില്‍ പങ്കുണ്ട്. 71 വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗമാണത്. ഒരാള്‍ക്കും അതിന്റെ മൊത്തം ക്രെഡിറ്റ് ഏറ്റെടുക്കാന്‍ പറ്റില്ല. പക്ഷേ, ഇവിടെ രാഷ്ട്രീയമായി അത് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയൊരു സാധ്യത വരുമ്പോള്‍ നമ്മുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സ്വഭാവം തന്നെ മാറിപ്പോകാന്‍ ഇടയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ ഒന്നിച്ചുനില്‍ക്കുകയും ഒരു പൊതു മിനിമം പരിപാടി രൂപപ്പെടുത്തുകയും ആ പരിപാടി നവലിബറല്‍ നയങ്ങള്‍ക്കപ്പുറം ഇവിടുത്തെ സാധാരണക്കാര്‍, കര്‍ഷകര്‍, തൊഴില്‍രഹിതരായ യുവജനങ്ങള്‍, ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍, അങ്ങനെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒന്നായിരിക്കണം. എല്ലാവര്‍ക്കും സാമൂഹികനീതി ഉറപ്പാക്കണം. അങ്ങനെയൊരു കൂട്ടായ്മയ്ക്ക് ആധികാരികത ഉണ്ടാകുന്നതിന് പൊതു മിനിമം പരിപാടി ആവശ്യമാണ്. തെരഞ്ഞെടുപ്പിനു മുന്‍പ് അത്തരമൊരു സഖ്യമുണ്ടാകാതിരിക്കുകയും തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും എന്നാല്‍, എന്‍.ഡി.എയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരിക്കുകയും ചെയ്താല്‍ സ്വഭാവികമായും രാഷ്ട്രപതിക്ക് അവരെ ക്ഷണിക്കാം. കര്‍ണാടകയിലും മറ്റും അവര്‍ ചെയ്തതനുസരിച്ചാണെങ്കില്‍ സ്വന്തം പക്ഷത്തേക്ക് ആളെ ചാക്കിട്ടു കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും. അതുകൊണ്ട് താല്‍ക്കാലികമായി സ്വന്തം അംഗസംഖ്യ കൂട്ടുന്നതിനപ്പുറം ഇന്ത്യ എന്ന ആശയത്തെ സംരക്ഷിച്ചു നിര്‍ത്താനുള്ള ഏകോപിത ശ്രമമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് ഉണ്ടാകേണ്ടത്. ഇവിടെ പ്രശ്‌നം ആര് അധികാരത്തില്‍ വരണം എന്നതല്ല. ഇന്ത്യ എന്ന ആശയം എന്തായിരിക്കണം എന്നതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കണം എന്നതാണ്. ഇത് ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. അങ്ങനെ കണ്ടുകൊണ്ട് പ്രതിപക്ഷം ഒന്നിച്ചുനില്‍ക്കണം. 

ബി.ജെ.പി ഇതര സര്‍ക്കാരുണ്ടായാല്‍ അതിലെ മുഖ്യപങ്കാളിയും നേതൃസ്ഥാനത്തുള്ള പാര്‍ട്ടിയും കോണ്‍ഗ്രസ്സ് ആകാനുള്ള സാധ്യത എത്രത്തോളമാണ്? രാഹുല്‍ ഗാന്ധിയല്ലെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും രാഷ്ട്രീയ യോഗ്യതയും സാധ്യതയുമുള്ള നേതാവിനേയോ നേതാക്കളേയോ ചൂണ്ടിക്കാണിക്കാനുണ്ടോ?
പ്രതിപക്ഷത്തുനിന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകാനുള്ള സാധ്യത കോണ്‍ഗ്രസ്സിനാണ്. കോണ്‍ഗ്രസ്സില്‍നിന്നൊരു പ്രധാനമന്ത്രി വരുന്നതാണ് നല്ലത്. മമതാ ബാനര്‍ജിയേയോ ശരത് പവാറിനെപ്പോലെയോ മായാവതിയെപ്പോലെയോ ഒക്കെ ഉള്ളവര്‍ക്ക് ചില വിഭാഗീയ അജന്‍ഡയ്ക്ക് അപ്പുറം വേറെ അജന്‍ഡയില്ല. ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുമില്ല. അതു തീര്‍ച്ചയായും ദോഷം ചെയ്യാനാണ് സാധ്യത. ഇനി, കോണ്‍ഗ്രസ്സിനു പുറത്തു നിന്നൊരാളാണ് വരുന്നതെങ്കില്‍ എന്തുകൊണ്ടു സീതാറാം യെച്ചൂരി ആയിക്കൂടാ. ഇടതുപക്ഷത്തിനു ലഭിക്കുന്ന സീറ്റുകളുടെ എണ്ണമല്ല കാര്യം. നിലപാടും കാഴ്ചപ്പാടുമുണ്ട് യെച്ചൂരിക്ക്. കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് കാഴ്ചപ്പാടുണ്ട്. അതുകൊണ്ട് ഏതെങ്കിലുമൊരു പ്രാദേശിക നേതാവിനെക്കാള്‍ അദ്ദേഹമായിരിക്കും യോഗ്യന്‍.

പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കോണ്‍ഗ്രസ്സിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചതായി വിലയിരുത്തുന്നുണ്ടോ? പൊതുവില്‍ ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തില്‍ പ്രിയങ്ക എത്രത്തോളം 'തരംഗം' സൃഷ്ടിക്കും?
പ്രിയങ്ക വന്നത് ഒരു തരംഗമായിട്ടൊന്നുമില്ല. പക്ഷേ, മറ്റൊരു കാര്യമുള്ളത് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളൊക്കെ അടങ്ങുന്ന ഹിന്ദി ബെല്‍റ്റില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഇളക്കാനും ആവേശം സൃഷ്ടിക്കാനും പ്രിയങ്ക ഗാന്ധിയുടെ വരവിനു സാധിക്കും. ഇവിടങ്ങളില്‍ കോണ്‍ഗ്രസ്സ് താഴേത്തട്ടില്‍ ഇല്ലാതായിരിക്കുകയാണ്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ രക്തയോട്ടമില്ലാത്ത കളിമണ്‍ പ്രതിമ പോലെയായിപ്പോയി കോണ്‍ഗ്രസ്സ്. അവിടെ താഴേത്തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. പ്രിയങ്ക ഗാന്ധി ദീര്‍ഘകാല പ്രവര്‍ത്തനമായി എടുത്ത് ആ മേഖലയില്‍ ആ പാര്‍ട്ടിയുടെ വേരുകള്‍ ആഴ്ത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് വേണ്ടത്. ആ അര്‍ത്ഥത്തില്‍ ഈ വരവ് ഗുണകരമാകാം. 

നോട്ട് നിരോധനം, ജി.എസ്.ടി, റഫാല്‍ അഴിമതി വിവാദം തുടങ്ങിയവ അതീവ മോശമാക്കിയ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ രാമജന്മഭൂമി പ്രശ്‌നം വീണ്ടും സജീവമാക്കിക്കൊണ്ടും രാജ്യത്ത് വര്‍ഗ്ഗീയ വൈരം കത്തിച്ചുകൊണ്ടും വോട്ടാക്കി മാറ്റാനുമുള്ള തന്ത്രം ബി.ജെ.പിക്ക് ഗുണം ചെയ്യുമോ?
ഇന്ത്യയിലെ ജനങ്ങളെ നാം കുറച്ചു കാണരുത്; അവര്‍ മണ്ടന്മാരല്ല. ഇന്ത്യയിലെ ജനാധിപത്യം പുനഃസ്ഥാപിച്ചതും ശക്തിപ്പെടുത്തിയതും ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളാണ്; വിദ്യാഭ്യാസം കുറഞ്ഞവര്‍ എന്നു നമ്മള്‍ കരുതുന്ന സാധാരണക്കാരായ ഉത്തരേന്ത്യക്കാരും മറ്റുമാണ്. സ്വാതന്ത്ര്യത്തിനു പിന്നാലെ തന്നെ പ്രായപൂര്‍ത്തി വോട്ടവകാശം കിട്ടിയ അന്നു മുതല്‍ അവരത് തെളിയിക്കുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷവും മറ്റും അതു വളരെ പ്രകടമായി. പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ വ്യക്തമായ ദൗത്യം നിര്‍വ്വഹിക്കാനുണ്ട്. അവര്‍ സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്‌നങ്ങളിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കണം. 2014-ല്‍ നരേന്ദ്ര മോദി പറഞ്ഞത് ഇവിടെ 50 വര്‍ഷം കോണ്‍ഗ്രസ്സ് ഭരിച്ചു, അവരൊന്നും ചെയ്തില്ല. എനിക്ക് അഞ്ച് വര്‍ഷം തരൂ എന്നാണ്. അഞ്ച് വര്‍ഷം കൊടുത്തപ്പോള്‍ അദ്ദേഹം ചെയ്ത കാര്യങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഫോക്കസ് കൊണ്ടുവരണം. നോട്ട് അസാധുവാക്കല്‍ മൂലമുണ്ടായ ദുരിതങ്ങള്‍, വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ രാജ്യത്തെ യുവജനങ്ങളെ വഞ്ചിച്ചത് അങ്ങനെ എത്രയെത്ര കാര്യങ്ങളുണ്ട്. ഒരു ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ സാധിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാകണം. ഇവിടെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അസാധാരണമായ ഒരു സ്ഥിതി ഒന്നിനെക്കുറിച്ചുമുള്ള വസ്തുതകള്‍ ഇല്ല എന്നതാണ്. തൊഴിലിനെ സംബന്ധിച്ച വസ്തുതകളില്ല, സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ച വസ്തുതകള്‍ പെരുപ്പിച്ചുകാട്ടുന്നു. പ്രതിപക്ഷം, ഈ കാര്യങ്ങള്‍ അക്കമിട്ട് ജനങ്ങള്‍ക്കു മുന്നില്‍ നിരത്തണം. അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും അധികാരത്തിലെത്തിയപ്പോഴും ജനങ്ങളോടു പറഞ്ഞതെന്താണ്, ഇപ്പോഴത്തെ സ്ഥിതി എന്താണ്. ഇതു തുറന്നു കാട്ടണം. ഗവണ്‍മെന്റ് വസ്തുതകളുടെ അടിസ്ഥാനത്തില്‍ സ്‌കോര്‍ ഷീറ്റ് തയ്യാറാക്കുന്നില്ലെങ്കില്‍ പ്രതിപക്ഷം ഒരു സ്‌കോര്‍ ഷീറ്റ് തയ്യാറാക്കണം.

ചെറുപ്പക്കാര്‍ക്ക് പുതിയ ആത്മാഭിമാനം ഉണ്ടാക്കിക്കൊടുക്കും എന്നു പറഞ്ഞു, ഇന്ത്യയ്ക്ക് പുതിയ ആത്മാഭിമാനം ഉണ്ടാക്കിക്കൊടുക്കും എന്നു പറഞ്ഞു, ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യ ശ്രദ്ധിക്കപ്പെടുന്ന ഒരു രാജ്യമാകുമെന്നും വലിയ സാമ്പത്തിക ശക്തിയാകുമെന്നും പറഞ്ഞു. എന്നിട്ടെന്താണ് ചെയ്തത്, എന്താണ് സംഭവിച്ചത്. നമ്മള്‍ ഏറ്റവും വലിയ പ്രതിമയുള്ള ഒരു രാജ്യമായി എന്നതല്ലാതെ വേറെന്താണുണ്ടായത്. നമ്മുടെ ജീവിതത്തില്‍ ഗുണപരമായ എന്തു മാറ്റമാണുണ്ടായത്. ഗുണം പോട്ടെ, അളവുതന്നെ എടുത്താല്‍ എന്തു മാറ്റമാണുണ്ടായത്. ഈ ചോദ്യം ജനങ്ങള്‍ക്കു മുന്നില്‍ നിരത്താന്‍ സാധിക്കണം പ്രതിപക്ഷത്തിന്. നമ്മള്‍ ബാങ്കിലിട്ട പണം എടുക്കാന്‍ ചെന്നു ക്യൂവില്‍ നിന്നപ്പോള്‍ ബാങ്കുകാരുടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും അടിച്ചോടിക്കുന്ന എത്രയോ സംഭവങ്ങളുണ്ടായി. ഇതിലേക്ക് പ്രചാരണം കൊണ്ടുവന്ന് തളച്ചിടാന്‍ പ്രതിപക്ഷത്തിനു കഴിയണം. അതിനു പ്രതിപക്ഷത്തിന് എത്രത്തോളം കഴിയുന്നു എന്നതാണ് നിര്‍ണ്ണായകം. 

ഈ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് കൂടുതലായി ഇറങ്ങുകയും ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യാനിടയുണ്ടോ?
മോദിക്ക് അധികാരത്തുടര്‍ച്ച ഉണ്ടാക്കാന്‍ ഇത്തവണ ആര്‍.എസ്.എസ് നേരിട്ടിറങ്ങാനാണ് സാധ്യത. അവര്‍ക്കുതന്നെ അറിയാം ഇത്തവണ ഭരണം കിട്ടിയില്ലെങ്കില്‍ ഇനിയൊരു വരവ് എളുപ്പമല്ല എന്ന്. സ്വാഭാവികമായും അവര്‍ ഇറങ്ങും. 

മോദിക്ക് അധികാരത്തുടര്‍ച്ച ഉണ്ടാക്കാന്‍ ഇത്തവണം ആര്‍എസ്എസ് നേരിട്ടിറങ്ങാനാണ് സാധ്യത. അവര്‍ക്കു തന്നെ അറിയാം ഇത്തവണ ഭരണം കിട്ടിയില്ലെങ്കില്‍ ഇനിയൊരു വരവ് എളുപ്പമല്ല എന്ന്. സ്വാഭാവികമായും അവര്‍ ഇറങ്ങും.

ശബരിമല വിഷയം ദക്ഷിണേന്ത്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമോ? ശബരിമല വിഷയത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളാകാന്‍ ബി.ജെ.പിക്ക് കഴിയുമെന്നു കരുതുന്നുണ്ടോ?
മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതൊരു ചര്‍ച്ചാ വിഷയമാകാന്‍ സാധ്യതയില്ല. തമിഴ്നാട്ടിലും ആന്ധ്രയിലുമൊന്നും ബി.ജെ.പിക്ക് പ്രസക്തിയില്ലാത്തതും ഒരു കാര്യമാണ്. പിന്നെ, ഏതു കോടതിവിധിയാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിട്ടുള്ളത്. ഉണ്ടായിട്ടില്ലല്ലോ. കോടതിവിധികള്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യേണ്ടവയല്ല. പിന്നെന്തിനാണ് ഇതുമാത്രം ചര്‍ച്ച ചെയ്യുന്നത്. പക്ഷേ, കേരളത്തില്‍ ബി.ജെ.പിക്ക് മറ്റൊരു അജന്‍ഡ ഇല്ലാതെ നില്‍ക്കുന്നതുകൊണ്ട് അവര്‍ ഇത് ചര്‍ച്ചയാക്കും. അവരുടെ ഒരേയൊരു മുദ്രാവാക്യമായി മാറാന്‍ പോവുകയാണ് 'വിശ്വാസ സംരക്ഷണം.' എന്‍.എസ്.എസ് ഒരു നിലപാട് എടുക്കുക കൂടി ചെയ്തതുകൊണ്ട് അവര്‍ പരമാവധി ശബരിമല വിഷയം ചര്‍ച്ചയാക്കും. എന്നാല്‍, ജനാധിപത്യ വിശ്വാസികള്‍ കണക്കിലെടുക്കേണ്ടത് ഇതല്ല. മറിച്ച്, കേരള സര്‍ക്കാര്‍ അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാനെടുത്ത നടപടിയാണ്. അവര്‍ ആ ഉത്തരവാദിത്വം നിറവേറ്റിയപ്പോള്‍ ഇവിടെയൊരു തെരുവു ലഹള നടന്നു. ശരിക്കും ഒരു തെരുവു ലഹള തന്നെയായിരുന്നല്ലോ. ആ ലഹളയെ സര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്തി. അതുവഴി രണ്ട് സന്ദേശങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കി. ഒന്ന്, ഭരണഘടനാ സംരക്ഷണം ഞങ്ങള്‍ ഏറ്റെടുക്കുന്നു. രണ്ട്, ഇവിടെ സംഘപരിവാറിനെ നേരിടാനുള്ള ചങ്കൂറ്റം ഞങ്ങള്‍ക്കേയുള്ളു. കോണ്‍ഗ്രസ്സ് നിലപാട് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പായിരുന്നു; കോണ്‍ഗ്രസ്സ് ഒരിക്കലും എടുക്കാന്‍ പാടില്ലാത്ത നിലപാടാണ് എടുത്തത്. കോണ്‍ഗ്രസ്സ് ആദ്യവും പിന്നീടും ഉരുണ്ടുകളിച്ചു. കാപട്യം നിറഞ്ഞ നിലപാടാണ് എടുത്തത്. ഇവിടെ കലാപം നടത്താന്‍ അനുവദിക്കില്ല എന്ന ശക്തമായ നിലപാട് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ചും മുസ്ലിങ്ങള്‍ക്ക് ഗവണ്‍മെന്റിനോടുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു. 

ഇടതുമുന്നണിക്കും സി.പി.എമ്മിനും കാസര്‍ഗോഡ് ഇരട്ടക്കൊല വലിയ തിരിച്ചടിയായി മാറിയില്ലേ?
ഇക്കാര്യത്തില്‍ സത്യസന്ധമായി പറയേണ്ട ഒരു കാര്യമുണ്ട്. ഞങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഏതു രാഷ്ട്രീയപ്പാര്‍ട്ടിക്കാണ് നെഞ്ചില്‍ കൈവച്ച് പറയാന്‍ സാധിക്കുക. കോണ്‍ഗ്രസ്സും ബി.ജെ.പിയും വലിയ വര്‍ത്തമാനങ്ങള്‍ പറയുന്നു. കോണ്‍ഗ്രസ്സ്, ബി.ജെ.പി, ഇടതുപക്ഷം, പോപ്പുലര്‍ ഫ്രണ്ട്, മുസ്ലിം ലീഗ് ഇതില്‍ ആര്‍ക്കാണ് രാഷ്ട്രീയ കൊലകളില്‍ ഏറിയും കുറഞ്ഞും പങ്കില്ലാത്തത്? കോണ്‍ഗ്രസ്സുകാരും ബി.ജെ.പിക്കാരും എത്രയോ മാര്‍ക്‌സിസ്റ്റുകാരെ കൊന്നിട്ടുണ്ട്. ഇല്ലെന്നു പറയാന്‍ പറ്റുമോ. തീയതികളും കണക്കും ഉള്‍പ്പെടെ വസ്തുതകള്‍ നിലനില്‍ക്കുകയല്ലേ. അതുകൊണ്ട് രാഷ്ട്രീയ കൊലകളെ ഏകപക്ഷീയമായി ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. മാത്രമല്ല, ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പില്‍ ഒരു വലിയ പ്രശ്‌നമായി വരികയാണെങ്കില്‍ തിരിച്ച് കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷത്തിനുള്ളില്‍ സി.പി.എമ്മുകാര്‍ കൊല്ലപ്പെട്ട കണക്കും എടുക്കേണ്ടിവരും.

കാസര്‍ഗോട്ടെ കേസില്‍ പ്രതി സി.പി.എമ്മിന്റെ പ്രാദേശിക നേതാവാണ് എന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവുള്‍പ്പെട്ട കൊലക്കേസില്‍ പൊലീസ് സ്വീകരിക്കുന്ന ശക്തമായ നടപടിയും ചര്‍ച്ച ചെയ്യേണ്ടതല്ലേ. സര്‍ക്കാര്‍ എടുത്ത കണിശതയോടെയുള്ള ഈ നടപടിയും ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ പൊതുസമൂഹം തയ്യാറാകണം. മാധ്യമങ്ങള്‍ പലപ്പോഴും ഏകപക്ഷീയമായാണ് കാര്യങ്ങളെ കാണുന്നത്. മാര്‍ക്‌സിസ്റ്റുകാരുടെ വീടുകള്‍ കോണ്‍ഗ്രസ്സുകാര്‍ അവിടെ വ്യാപകമായി ആക്രമിച്ചില്ലേ. ഏതു മാധ്യമങ്ങളാണ് അതു ചര്‍ച്ച ചെയ്തത്. കൊലപാതകത്തെ ന്യായീകരിക്കുകയല്ല. ഒരു കൊലപാതകത്തേയും ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല. രാഷ്ട്രീയ അതിക്രമങ്ങളേയും കൊലകളേയും തീരെ ന്യായീകരിക്കാനാകില്ല.

രാഷ്ട്രീയത്തില്‍ പ്രതിയോഗികളേ പാടുള്ളു, ശത്രുക്കള്‍ പാടില്ല. അങ്ങനെ രാഷ്ട്രീയത്തില്‍ ശത്രുക്കളെ ഉണ്ടാക്കുന്ന ഒരു രാഷ്ട്രീയത്തിനു തുടക്കമിട്ടത് ബി.ജെ.പിയാണ്. അഖിലേന്ത്യാ തലത്തില്‍ത്തന്നെ നോക്കുക; കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്നാണ് അവര്‍ പറയുന്നത്. പറഞ്ഞുവന്നത്, രാഷ്ട്രീയ കൊലകളെക്കുറിച്ച് ശരിയായ ഒരു സംവാദത്തിലേക്ക് പോവുകയാണ് വേണ്ടത്. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ നഷ്ടപ്പെട്ടിട്ടുള്ളത് സി.പി.എമ്മിനാണ്. അതൊരു വസ്തുതയാണ്. എല്ലാവരും മാറിമാറി പങ്കാളികളായിട്ടുള്ള രാഷ്ട്രീയ കൊലകളെ മറന്നും മാറ്റിവച്ചും കാസര്‍ഗോട്ടെ പ്രശ്‌നം മാത്രമെടുത്ത് ചര്‍ച്ച ചെയ്യുകയാണെങ്കില്‍ അതിനു പിന്നിലുള്ളത് രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്. 

പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിലയിരുത്തലായിക്കൂടി ഈ തെരഞ്ഞെടുപ്പ് മാറുന്നത് എങ്ങനെയാകും പ്രതിഫലിക്കുക?
ഈ സര്‍ക്കാര്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ അവര്‍ക്ക് ശരിയായ വിധത്തില്‍ പറയാന്‍ സാധിക്കുകയാണെങ്കില്‍ ജനങ്ങളുടെ ഇടയില്‍ ഒരു ഇടമുണ്ടാകും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തിന് എത്രയോ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കിട്ടി, അഖിലേന്ത്യാ തലത്തില്‍ത്തന്നെ എന്തൊക്കെ അംഗീകാരങ്ങള്‍. മഹാപ്രളയം വന്നു, അതിനു മുന്‍പ് ഓഖി ദുരന്തമുണ്ടായി. ഇതെല്ലാമുണ്ടായതിനിടയിലാണ് മികച്ച നേട്ടങ്ങളും ഉണ്ടാക്കാന്‍ സാധിച്ചത്. കോട്ടങ്ങളില്ല എന്നല്ല. ഏത് സര്‍ക്കാരിനും കോട്ടങ്ങളുണ്ടാകും. പക്ഷേ, പല മേഖലകളിലും വലിയ മികവാണ് ഉണ്ടായിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, റോഡുകളുടെ സ്ഥിതി, ടൂറിസം തുടങ്ങിയതിലൊക്കെ മുന്‍പില്ലാത്ത നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു. അഴിമതി കുത്തനേ കുറഞ്ഞു. സ്വാഭാവികമായി ഒരു സര്‍ക്കാരിനു സംഭവിക്കുന്ന വീഴ്ചകള്‍ വന്നില്ലെന്നു മാത്രമല്ല, അതിനപ്പുറം നേട്ടങ്ങള്‍ ഉണ്ടാകയും ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിന്റേയും മറ്റും കാര്യത്തില്‍ കേരളം കുതിക്കുന്നത് രാജ്യത്തെ മികച്ച സ്ഥാനത്തേക്കാണ്. പലപ്പോഴും ഗുജറാത്തിനെയൊക്കെ കടത്തിവെട്ടുന്നു. ഇതൊക്കെ ജനങ്ങള്‍ കാണാതെ പോകില്ല. മാധ്യമങ്ങളും സത്യസന്ധമായി ആ കാര്യങ്ങള്‍ പറയണം.

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷമുള്ള സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനിടയുണ്ടോ, ഏതുവിധത്തില്‍?
പുല്‍വാമയ്ക്കു ശേഷം തെരഞ്ഞെടുപ്പു ചിത്രം മാറേണ്ടതില്ല. പക്ഷേ, ബി.ജെ.പി മാറ്റാന്‍ ശ്രമിക്കും. ഭീകരാക്രമണം ഇന്ത്യക്ക് സംഭവിച്ച ഒരു വിപത്താണ്; അതിനെതിരെ നമ്മുടെ സൈന്യം നല്‍കിയ ശക്തമായ തിരിച്ചടി ഇന്ത്യയുടെ നേട്ടമാണ്. മോദിയുടെ നേട്ടമല്ല. നമ്മുടെ ആഭ്യന്തര സുരക്ഷയാണ് പ്രശ്‌നം. അതു നമ്മുടെ എല്ലാവരുടേയും പ്രശ്‌നമാണ്. ഫുല്‍വാമയില്‍ 40 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് രാജ്യത്തിനുണ്ടായ നഷ്ടമായാണ്, ഇന്ത്യക്കാരുടെ ദു:ഖമാണ്. തിരിച്ചടിച്ചതും ഇന്ത്യയുടെ വിജയമാണ്. ബി.ജെ.പി അവരുടെ നേട്ടമാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ക്കയറി പിടിക്കാന്‍ ശ്രമിക്കാതെ പ്രതിപക്ഷം ബി.ജെ.പിയെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ തളച്ചിടുകയാണ് വേണ്ടത്. ആരാണ് അജന്‍ഡ നിശ്ചയിക്കാന്‍ പോകുന്നത് എന്നത് ഈ തെരഞ്ഞെടുപ്പില്‍ വളരെ പ്രധാനമാണ്. കഴിഞ്ഞ തവണ അന്നത്തെ പ്രതിപക്ഷമാണ് അജന്‍ഡ നിശ്ചയിച്ചത്. അവര്‍ക്ക് അന്ന് ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. അതവരെ വിജയത്തില്‍ എത്തിച്ചു. ഇന്ന് അജന്‍ഡ നിശ്ചയിക്കാനുള്ള ഉത്തരവാദിത്വം ഭരണപക്ഷത്തിനു വിട്ടുകൊടുക്കുകയാണെങ്കില്‍ സംഗതി നരേന്ദ്ര മോദിക്ക് അനുകൂലമായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com