മലയാളികള്‍ക്ക് ഇനി വരള്‍ച്ചയുടെ നാളുകള്‍

2018-ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിനൊപ്പം ഉണ്ടായ തീവ്രമായ വര്‍ഷപാതം ആഗസ്റ്റ് മാസം 14-നും 18-നും ഇടയില്‍ കേരളത്തില്‍ രൂക്ഷമായ പ്രളയത്തിലാണ് കലാശിച്ചത്.
മലയാളികള്‍ക്ക് ഇനി വരള്‍ച്ചയുടെ നാളുകള്‍

2018-ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിനൊപ്പം ഉണ്ടായ തീവ്രമായ വര്‍ഷപാതം ആഗസ്റ്റ് മാസം 14-നും 18-നും ഇടയില്‍ കേരളത്തില്‍ രൂക്ഷമായ പ്രളയത്തിലാണ് കലാശിച്ചത്. ഈ വര്‍ഷം നേരത്തെ ആരംഭിച്ച കാലവര്‍ഷത്തിലും അതോടൊപ്പം, ശക്തമായ വേനല്‍മഴയിലുമായി ഏകദേശം 41 ശതമാനം കൂടുതല്‍ (സാധാരണ ലഭിക്കാറുള്ള 1700 മി.മീറ്ററിനു പകരം 2394 മി.മീ. മഴ) മഴയാണ്  ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 22 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ലഭിച്ചത്. സംസ്ഥാനത്തെ അണക്കെട്ടുകള്‍ മുഴുവന്‍ ജൂലായ് പകുതിയോടെ നിറയുകയും ചെയ്തിരുന്നു. 

പെയ്ത മഴയോടൊപ്പം മിക്കവാറും അണക്കെട്ടുകളും അനിയന്ത്രിതമായി തുറന്നുവിട്ടത് നദികള്‍ വന്‍തോതില്‍ കരകവിയുന്നതിനു കാരണമായി. അതോടൊപ്പം തന്നെ പശ്ചിമഘട്ട മലനിരകളില്‍ വ്യാപകമായ ഉരുള്‍പൊട്ടലുകളുമുണ്ടായി. ഏകദേശം 500-ഓളം മനുഷ്യജീവനപഹരിച്ച ദുരന്തം ഒന്നര കോടിയോളം ജനങ്ങളുടെ സ്വത്തും ജീവനോപാധികളും വിഭവസുരക്ഷയും തകര്‍ത്തുകളഞ്ഞു. വനങ്ങള്‍ക്കും വന്യജീവികള്‍ക്കും ജൈവസമ്പത്തിനുമേറ്റ ആഘാതം ഇതിനു പുറമെയാണ്. കൈവഴികളില്‍ നിരവധി അണക്കെട്ടുകളുള്ള പെരിയാര്‍, ചാലക്കുടി, പമ്പ എന്നീ നദികളുടെ നദീതടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. പ്രളയത്തിനും അതിന്റെ ഫലമായുണ്ടായ വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും പിന്നിലെ മനുഷ്യനിര്‍മ്മിതവും പ്രകൃതിനിര്‍മ്മിതവുമായ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും വിശകലനങ്ങളും തുടര്‍ന്നു വരികയാണ് (2,3,4,5,6). അതിനിടയില്‍ പ്രളയം നശിപ്പിച്ച സംസ്ഥാനത്ത് തികച്ചും പ്രതീക്ഷിതമായ ചില മാറ്റങ്ങളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.

അപ്രത്യക്ഷമാകുന്ന വെള്ളം: പ്രളയത്തിന്റെ ബാക്കി വരള്‍ച്ചയോ?
പ്രളയത്തിനു ശേഷം കേരളത്തിലെ നദികളിലും കിണറുകളിലും അസാധാരണമായ  മാറ്റങ്ങളാണ് ദൃശ്യമായിരിക്കുന്നത്. പ്രളയത്തിനു ശേഷം ദിവസങ്ങള്‍ക്കകം നദികളിലെ ഒഴുക്ക് നാടകീയമായി താഴ്ന്നുപോയി. ചെറിയ കൈത്തോടുകള്‍ ഭീതിയുണര്‍ത്തുമാറ് വറ്റിപ്പോയി. 
ആഗസ്റ്റ് മൂന്നാം വാരത്തിലെ അതിവര്‍ഷത്തിനുശേഷം കാലവര്‍ഷം പെട്ടെന്നു നിന്നുപോയി. കാലാവസ്ഥാ വകുപ്പ് ജില്ല തിരിച്ചു പ്രസിദ്ധീകരിച്ച ഓരോ ആഴ്ചയിലേയും മഴയുടെ കണക്കുകളില്‍ (പട്ടിക 1) നിന്നും സംസ്ഥാനം അസാധാരണമാം നീണ്ട (20 ദിവസമോ അതില്‍ കൂടുതലോ) ഒരു വരണ്ട ഇടവേള കാലവര്‍ഷത്തിന്റെ കാര്യത്തില്‍ നേരിട്ടതായി കാണാം. അപ്രതീക്ഷിതമായ ഈ വരണ്ട ഇടവേള ഭൂഗര്‍ഭ ജലവിതാനം വീണ്ടും താഴുന്നതിലേക്കും നദികളിലെ ഒഴുക്ക് വീണ്ടും കുറയുന്നതിലേക്കും മലകളിലും പ്രളയജലം കടന്നുകയറിയ നദീതടങ്ങളിലും വിള്ളലുകള്‍ (ചിത്രങ്ങള്‍ 1-3) രൂപപ്പെടുന്നതിലേക്കും നയിക്കുകയുണ്ടായി. പ്രധാന കുടിവെള്ള സ്രോതസായ കിണറുകളിലെ ജലവിതാനം സംസ്ഥാനമെമ്പാടും വളരെ പെട്ടെന്നു താഴ്ന്നുപോയി. വളരെയധികം അസ്വാസ്ഥ്യജനകമാണ് ഈ സൂചനകള്‍. സാധാരണഗതിയിലുള്ള തുലാവര്‍ഷം (480 മി.മീ) ലഭിച്ചാല്‍ പോലും സംസ്ഥാന അതിരൂക്ഷമായ വരള്‍ച്ചയെ നേരിടേണ്ടിവന്നേക്കും.

രൂപപ്പെടാന്‍ എടുക്കുന്ന ദീര്‍ഘമായ കാലയളവാണ് വരള്‍ച്ചയെ പ്രളയത്തില്‍നിന്നും വ്യത്യസ്തമാക്കുന്നത്. ദീര്‍ഘകാലമായുള്ള മഴയുടെ കുറവിന്റേയോ ഇല്ലായ്മയുടേയോ ഫലമായിട്ടാണ് സാധാരണയായി വരള്‍ച്ച പ്രത്യക്ഷമാകാറ്. അതുകൊണ്ടുതന്നെ പെരുമഴയ്ക്കും പ്രളയത്തിനു ശേഷം വരള്‍ച്ചയെന്നത് സങ്കല്പിക്കാന്‍ പോലും വിഷമമാണ്. കൂടാതെ പ്രളയജലത്തില്‍ കുതിര്‍ന്ന നദീതടങ്ങളും അധികമായി സംഭവിക്കുന്ന ഭൂഗര്‍ഭ ജലപോഷണവും അന്തിമമായി പ്രളയബാധിത മേഖലകളിലെ ജലലഭ്യത കൂട്ടുമെന്നതാണ് നമ്മുടെ അനുഭവം. അതിനാല്‍ രൂക്ഷമായ പ്രളയത്തിനു ശേഷം വരള്‍ച്ചയുണ്ടാകാമെന്ന മുന്നറിയിപ്പുകളെ അവഗണിക്കുന്നതും യുക്തിക്കു നിരക്കാത്ത ഭാവനാവിലാസങ്ങളായി നിരാകരിക്കുന്നതും സ്വാഭാവികമാണ്. 
ജലവിതാനം താഴ്ന്നുപോവുന്ന ഈ സവിശേഷ പ്രതിഭാസത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളും വ്യത്യസ്തമാണ്. മലകളില്‍നിന്നും വന്‍തോതില്‍ ഒഴുകിയെത്തിയ മേല്‍മണ്ണ് നദികളില്‍ എക്കലായി അടിഞ്ഞതാണ് ജലവിതാനം താഴുന്നതിന്റെ കാരണമായി സംസ്ഥാന സര്‍ക്കാരിന്റെ ഗവേഷണ വിഭാഗമായ ജലവിഭവ വികസനകേന്ദ്രം പറയുന്നത്. കൂടാതെ, പ്രളയം ഭൂഗര്‍ഭ ജലവിതാനത്തെ പോഷിപ്പിക്കുകയും ചെയ്തിട്ടില്ല. കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ അഭിപ്രായത്തില്‍ പ്രളയജലം നദീതടങ്ങളിലെ എക്കല്‍ നിക്ഷേപത്തെ ഒഴുക്കിക്കൊണ്ടുപോവുകയും അതുവഴി നദികള്‍ക്ക് അതിന്റെ സ്വാഭാവിക സവിശേഷതകള്‍ നഷ്ടമാവുകയും ചെയ്തതാണ് ജലവിതാനം താഴുന്നതിനുള്ള കാരണം. ഫലത്തില്‍ ഒരു സ്ഥാപനം എക്കലടിഞ്ഞ് ഭൂഗര്‍ഭ ജലപോഷണം സാധ്യമാവാതെ വന്നതാണ്  ജലവിതാനം താഴുന്നതിനു കാരണമായി കണ്ടെത്തുമ്പോള്‍ മറ്റൊരു സര്‍ക്കാര്‍ സ്ഥാപനം എക്കല്‍ നിക്ഷേപം നഷ്ടമായതിനെയാണ് പഴിക്കുന്നത്. 

ഈ രണ്ടു നിഗമനത്തിലും നഷ്ടമാവുന്ന എന്തോ ഒന്നില്ലേ? യഥാര്‍ത്ഥത്തില്‍, നദി സ്വഭാവത്തിലെ ഈ പ്രത്യക്ഷ വൈരുധ്യത്തിനുള്ള ഉത്തരം സഹ്യാദ്രി (പശ്ചിമഘട്ടം)യിലെ ലോലമായ മലനിരകളിലെ നീരൊഴുക്കിനെ നിയന്ത്രിക്കുന്ന ഹൈഡ്രോളജിക്കല്‍ പ്രക്രിയകളുടെ വിശദമായ പഠനത്തിലൂടെ മാത്രമേ തേടാന്‍ കഴിയുകയുള്ളു. പ്രളയത്തിനുശേഷം കേരളത്തിലെ നദികളിലേയും കിണറുകളിലേയും ജലവിതാനം അതിവേഗം താഴ്ന്നുകൊണ്ടിരിക്കുന്ന പ്രതിഭാസത്തെ ജലശാസ്ത്രപരമായ വീക്ഷണത്തിലൂടെ വിശദീകരിക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം. 

മഴ എങ്ങനെയാണ് മലഞ്ചെരിവുകളിലൂടെ നീരൊഴുക്കായി രൂപംകൊള്ളുന്നത്?

നീര്‍ച്ചാലുകള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്ന പ്രക്രിയകളിലൂടെയാണ് നീരൊഴുക്കുകള്‍ രൂപംകൊള്ളുന്നത്. മഴ നീരൊഴുക്കായി രൂപം മാറുന്ന പ്രക്രിയ സംഭവിക്കുന്നത് തണ്ണീര്‍ത്തടത്തിന്റെ ഉയര്‍ന്ന അതിര്‍ത്തികള്‍ മുതല്‍ നീരൊഴുക്കു വരെയുള്ള ഭൂവിസ്തൃതിയിലാണ്. ഒരു തണ്ണീര്‍ത്തടത്തില്‍ (ചിത്രം 3, അവലംബം 9) പതിക്കുന്ന മഴ, വൃക്ഷസസ്യാവരണങ്ങളുടെ തടസ്സപ്പെടുത്തലുകള്‍ക്കിടയിലൂടെയോ അല്ലെങ്കില്‍ നേരിട്ടോ മണ്ണില്‍ പതിക്കുന്നു. മണ്ണിന്റെ അവസ്ഥയനുസരിച്ച് അത് ഉപരിതലത്തിലൂടെ ഒഴുകിപ്പോവുകയോ, ഭാഗികമായോ പൂര്‍ണ്ണമായോ മണ്ണില്‍ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യുന്നു. മണ്ണില്‍ ആഗിരണം ചെയ്യപ്പെടുന്ന ജലം 1) നേരിട്ടുള്ള ബാഷ്പീകരണമോ സസ്യലതാദികളുടെ ബാഷ്പീകരണമോ വഴി അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നു. 2) നീരൊഴുക്കുകളിലേക്ക് എത്തുന്നു. 3) ഉപരിതല ജലമായോ, ഭൂഗര്‍ഭ ജലമായോ ഏറ്റവും ആഴത്തിലുള്ള ജലസംഭരണികളിലായോ സംഭരിക്കപ്പെടുന്നു. ഇങ്ങനെ സംഭരിക്കപ്പെടുന്ന ജലം പിന്നീട് നീരൊഴുക്കിലേക്ക് എത്താം, എത്താതിരിക്കാം. 

ഒരു നീരൊഴുക്ക് തന്നെ വികസിക്കുന്നത് ഒരു വൃഷ്ടിപ്രദേശത്ത് അഥവാ തണ്ണീര്‍ത്തടത്തിലെ നിരവധിയായ ചാലുകള്‍ വഴിയാണ്. മലഞ്ചെരിവുകളില്‍ നീരൊഴുക്ക് ഉല്‍ഭവിക്കുന്നതിനെ വിശദീകരിക്കുന്ന നിരവധി സിദ്ധാന്തങ്ങളുണ്ട്. നീരൊഴുക്കിന്റെ സ്വഭാവവും ഉറവിടവുമാണ് നീര്‍പ്പാതകളെ വ്യവച്ഛേദിക്കാന്‍ സാധാരണയായി ഉപയോഗിക്കാറ്. 
തണ്ണീര്‍ത്തടങ്ങളുടെ ഭൗതിക സവിശേഷതകളിലെ വിഭിന്നതകള്‍ മൂലം നീരൊഴുക്കുകളെ ഉറവിടത്തിനു അതാതിന്റെ ബലതന്ത്രങ്ങള്‍ക്കമനുസൃതമായി കൃത്യമായി വിഭജിക്കുകയെന്നത് സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. മണ്ണില്‍ നിലനിന്നിരുന്ന ഈര്‍പ്പത്തിന്റെ അളവ്, മഴയുടെ ശക്തി, മണ്ണിന്റെ ആഗിരണക്ഷമത എന്നിങ്ങനെ നിരവധിയായ ഘടകങ്ങള്‍ക്കനുസൃതമായി നീരൊഴുക്കിനെ നിയന്ത്രിക്കുന്ന മുഖ്യപ്രക്രിയകളില്‍ പോലും മഴ സമയത്തും അതിന്റെ ഇടവേളകളിലും മാറ്റം വരാം. ഈ പ്രക്രിയകള്‍ മുഴുവന്‍ പരസ്പരാശ്രിതവും അവയില്‍ പലതും ഒരു മഴസാഹചര്യത്തില്‍ മലഞ്ചെരിവുകളില്‍ ഒന്നിച്ച് പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യാം. 
നീരൊഴുക്കിനെ സൃഷ്ടിക്കുന്ന നീര്‍പ്പാതകള്‍ അതിന്റെ വ്യവസ്ഥ, പ്രളയത്തിന്റെ രൂപീകരണവും സ്വഭാവവും ഉരുള്‍പൊട്ടല്‍, വരള്‍ച്ച എന്നിവയെ നേരിട്ടു സ്വാധീനിക്കുന്നതാണ്. പശ്ചിമഘട്ടത്തിന്റെ അനന്യമായ ജല-കാലാവസ്ഥാ സവിശേഷതകളുടെ പശ്ചാത്തലത്തില്‍ ഈ പ്രക്രിയകളെ പഠിക്കാനും മനസ്സിലാക്കാനുമുള്ള ശ്രമങ്ങള്‍ വളരെ വിരളമായി മാത്രമേ നടന്നിട്ടുള്ളു. 

പശ്ചിമഘട്ടത്തിലെ നീരൊഴുക്ക് മറ്റിടങ്ങളില്‍നിന്നും എങ്ങനെ വ്യത്യസ്തമാവുന്നു?
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം, വിശേഷിച്ചും പശ്ചിമഘട്ടം ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ്. ലഭിക്കുന്ന മഴയില്‍ മുഖ്യഭാഗവും (60 മുതല്‍ 85 ശതമാനം വരെ) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വഴിയാണ്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരിവുകളിലെ വാര്‍ഷിക വര്‍ഷപാതം 3000 മി.മീ വരെയാണ്. പ്രാദേശികമായി 2000 മി.മീ മുതല്‍ 8000 മി.മീ വരെ, വളരെ സജീവവും ആപേക്ഷികമായി നിര്‍ജീവവുമായ ഇടവേളകളില്‍, മഴ ലഭിക്കുന്ന പ്രദേശങ്ങളുണ്ട്. ഈര്‍പ്പം നിറഞ്ഞ ഈ ഉഷ്ണമേഖലാപ്രദേശത്തെ ഊര്‍ജ്ജത്തിന്റെ ധാരാളിത്തം വളരെ ഉയര്‍ന്ന തോതിലുള്ള ജൈവവൈവിധ്യത്തിന്റേയും ജൈവപിണ്ഡത്തിന്റേയും ഋതുഭേദങ്ങളെ അതിജീവിക്കുന്ന വളരെയധികം ജലാഗിരണ, നിര്‍ഗമനശേഷിയുള്ള മണ്ണിന്റേയും രൂപീകരണത്തിനു കാരണമാവുന്നു. ഈ മണ്ണിന്, വിശേഷിച്ചും വിവിധ തട്ടുകളിലായുള്ള വൃക്ഷ, സസ്യവിതാനത്തിനു കീഴെയുള്ള മഴക്കാടുകളിലെ മണ്ണിന്, അതിശയകരമായ മണിക്കൂറില്‍ 700 മി.മീ വരെ) ജലാഗിരണശേഷിയുണ്ട്. കടുത്ത മഴക്കാലത്തുപോലും പതിക്കുന്ന ജലത്തെ മുഴുവന്‍ ആഗിരണം ചെയ്യാന്‍ അതിനു കഴിയും. 


കടുത്ത മഴക്കാലത്തുപോലും ആഗിരണം ചെയ്യാനാവാതെ ഉപരിതലത്തിലൂടെ അധികജലം ഒഴുകിപ്പോവുകയെന്നത് പശ്ചിമഘട്ടത്തിലെ ശല്യങ്ങളേല്‍ക്കാത്ത മഴക്കാടുകളില്‍ അപൂര്‍വ്വമാണ്. മണ്ണിലെത്തുന്ന ജലം നിരവധി സങ്കീര്‍ണ്ണമായ വഴികളിലൂടെയാണ് നീങ്ങുന്നത്. ഒരു ഭാഗം സസ്യങ്ങളുടെ ബാഷ്പീകരണ, സ്വേദന പ്രക്രിയകളെ നിറവേറ്റുന്നു. മഴയ്ക്കനുസൃതമായി ഒരു വര്‍ഷം ഏകദേശം 900 മി.മീ മുതല്‍ 1200 മി.മീ വരെ ജലം ഇതിനായി ഉപയോഗിക്കപ്പെടുന്നു. കടുത്ത കാലാവസ്ഥാ ഭേദങ്ങളുള്ള (കടുത്ത മഴയും വരള്‍ച്ചയും) വര്‍ഷങ്ങളില്‍ ഈ പ്രക്രിയ വഴി നഷ്ടപ്പെടുന്ന ജലത്തിന്റെ അളവ് കുറവായിരിക്കും. സാധാരണ മഴയുള്ള വര്‍ഷങ്ങളില്‍ അത് കൂടുതലായിരിക്കും. വളരെയധികം മഴയുള്ള കാലത്ത് (വ്യാപകമായ മേഘാവരണം മൂലം) ഊര്‍ജ്ജലഭ്യത കുറയുന്നതും മഴകുറഞ്ഞ വര്‍ഷങ്ങളില്‍ ജലത്തിന്റെ ലഭ്യതയിലെ കുറവുമാണ് പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമെന്ന് എന്ന് തോന്നിക്കുന്ന ഈ പ്രതിഭാസത്തിനു കാരണമാവുന്നത്. ബാക്കിയാവുന്ന ഉപരിതല ജലത്തില്‍ ഭൂരിഭാഗവും പശ്ചിമഘട്ടത്തിന്റെ സവിശേഷതയായ ജലാഗിരണ ശേഷിയില്ലാത്ത പാറ അടുക്കുകള്‍ കാരണം ജലപ്രവാഹമായി മാറുന്നു. 
കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ മൊത്തം ജലവും മണ്ണ് ആഗിരണം ചെയ്യുന്നു. ഇത് ഭൂഗര്‍ഭ ജലവിതാനത്തെ പോഷിപ്പിക്കുകയും ഭൂഗര്‍ഭ ജലവിതാനം ഉയരുകയും ചെയ്യുന്നു. ഇത്തരം ഭൂഗര്‍ഭ ജലസംഭരണികളില്‍നിന്നുമുള്ള നേരിട്ടുള്ള ഒഴുക്കിന്റെ ഫലമായി ഈ ഘട്ടത്തില്‍ നീരൊഴുക്കില്‍ സ്ഥിരമായ വര്‍ദ്ധനവുണ്ടാകുന്നു. ഭൂഗര്‍ഭ ജലവിതാനം ഉപരിതലത്തോട് അടുക്കുംതോറും ഉറവകള്‍ അടക്കമുള്ള നീര്‍പ്പാതകള്‍ സജീവമാവുന്നു. കര്‍ണ്ണാടകത്തിലെ ഉറവജല പ്രവാഹം എന്ന പ്രതിഭാസത്തെക്കുറിച്ചും പശ്ചിമഘട്ടത്തിലെ അനന്യമായ ഹൈഡ്രോളജിക്കല്‍ പ്രക്രിയകളെക്കുറിച്ചും വിശദമായ അടിസ്ഥാനതല പഠനങ്ങള്‍ നടത്തിയിട്ടുള്ള പ്രൊഫ. മൈസൂന്ദ ആര്‍. യദുപതി പുട്ടി, മഴയുടെ അളവിനും കാലദൈര്‍ഘ്യത്തിനും അനുസൃതമായി ഉറവ ജലപ്രവാഹത്തിനു സഹായകമാവുന്ന ഭൂവിസ്തൃതിയും വര്‍ദ്ധിക്കുന്നതായി നിരീക്ഷിക്കുന്നു. ചെറിയ കാലയളവിലുള്ള മഴയില്‍ (ഒരു ദിവസം) ഉറവകളില്‍നിന്നും നീരൊഴുക്കിലേക്കുള്ള സംഭാവന 15 മുതല്‍ 20 ശതമാനം വരെയാണെങ്കില്‍ ദീര്‍ഘകാലയളവിലുള്ള (4-5 ദിവസം വരെ) മഴയില്‍ അത് 60 ശതമാനം വരെ ഉയരാം. (13, 14, 15) നീരൊഴുക്കില്‍ പെട്ടെന്നുണ്ടാവുന്ന വര്‍ദ്ധനവായിട്ടാണ് ഇത് പ്രത്യക്ഷമാവുക. ഇത്തരം അവസരങ്ങളില്‍ മഴയിലുണ്ടാകുന്ന ചെറിയ കുറവുകളൊന്നും നീരൊഴുക്കിനെ കടുത്ത രീതിയില്‍ ബാധിക്കില്ല. 
ഭൂഗര്‍ഭ ജലവിതാനം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി ഉയര്‍ന്ന അളവിലുള്ള മഴയുണ്ടാവുകയാണെങ്കില്‍ വെള്ളപ്പൊക്കം സംഭവിക്കുന്നു. പശ്ചിമഘട്ട നദീതടങ്ങളിലെ മഴയുടേയും നീരൊഴുക്കിന്റേയും വിശകലനം അതാത് ദിവസത്തെ മഴയുടെ കണക്കുകൊണ്ട് മാത്രം പ്രതിദിന നീരൊഴുക്കിലെ മാറ്റങ്ങളെ വിശദീകരിക്കാന്‍ കഴിയില്ലായെന്ന് തെളിയിക്കുന്നു. എന്നാല്‍, ഏതാണ്ട് 25 ദിവസം മുന്‍പു മുതലുള്ള മണ്ണിലെ ഈര്‍പ്പത്തിന്റെ കണക്കുകള്‍ മഴ നീരൊഴുക്കായി മാറുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള മികച്ച ധാരണകള്‍ സ്വരൂപിക്കാന്‍ പര്യാപ്തമാണ് 16. പാടിപ്പതിഞ്ഞ ധാരണകള്‍ക്കും പശ്ചിമഘട്ടത്തിന്റെ ചെരിവിനെ മാത്രം ആശ്രയിച്ചുള്ള ചില ശാസ്ത്രീയ പ്രസ്താവനകള്‍ക്കും വിരുദ്ധമായി പശ്ചിമഘട്ടത്തിനുമേല്‍ പെയ്യുന്ന മഴ അപൂര്‍വ്വമായി മാത്രമേ 24 മണിക്കൂറിനുള്ളില്‍ കടലിലെത്തുന്നുള്ളു എന്നതാണ് വസ്തുത. 

അതിനാല്‍ പശ്ചിമഘട്ടത്തില്‍ ഉപരിതലത്തിനടിയിലെ അതിവേഗ പ്രവാഹം മൂലം ഉണ്ടായ വെള്ളപ്പൊക്കം ആഗിരണം ചെയ്യപ്പെടാത്ത അധികജലത്തിന്റെ ഉപരിതല പ്രവാഹം മൂലം പൊടുന്നനെ ഉണ്ടാവുന്ന വെള്ളപ്പൊക്കത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. അതിനാല്‍ വെള്ളപ്പൊക്കത്തിന്റെ വ്യാപനത്തേയും അളവിനേയും നിര്‍ണ്ണയിക്കുന്ന നിലവിലുള്ള സങ്കല്പനങ്ങള്‍; 1) കേന്ദ്രീകരണത്തിന്റെ കാലദൈര്‍ഘ്യം (ഉദാ: തണ്ണീര്‍ത്തടത്തിലെ ഏറ്റവും വിദൂരമായ ബിന്ദുവില്‍നിന്നും നീര്‍ച്ചാലിലേക്ക് എത്താന്‍ മഴവെള്ളം എടുക്കുന്ന സമയം). 2) (മഴയെ നീരൊഴുക്കായി മാറ്റുന്ന) പ്രവാഹ ഘടകങ്ങള്‍. 3) ജലപാത ഏകകങ്ങള്‍ (വൃഷ്ടി പ്രദേശത്തു മുഴുവന്‍ ഒരേ രീതിയില്‍ ഒരേ തീവ്രതയില്‍ ലഭിക്കുന്ന മഴയില്‍നിന്നും നേരിട്ടുണ്ടാവുന്ന ഒഴുക്കിന്റെ ഏകകം) എന്നിവ പശ്ചിമഘട്ടത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. 

പ്രളയത്തിനുശേഷം നദികളും കിണറുകളും വറ്റിവരളുന്നത് എന്തുകൊണ്ട്?
നേരത്തെ ആരംഭിച്ചതിനു പുറമെ ഈ വര്‍ഷം സാധാരണ പതിവുകള്‍ക്കു വിരുദ്ധമായി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആദ്യഘട്ടത്തില്‍ത്തന്നെ വളരെ സജീവമായിരുന്നു. ജൂലായ് രണ്ടാം വാരത്തോടെ തന്നെ എല്ലാ നീരൊഴുക്കുകളും തീരം മുറ്റി ഒഴുകിത്തുടങ്ങി. എല്ലാ അണക്കെട്ടുകളും സംഭരണശേഷി വരെ നിറഞ്ഞു. കിണറുകളിലെ ജലവിതാനം മിക്കവാറും ഉപരിതലത്തിനൊപ്പമെത്തി. കാടുകള്‍ അവശേഷിക്കുന്ന പശ്ചിമഘട്ടത്തിലെ മലത്തലപ്പുകളിലും ചെരിവുകളിലും പെയ്ത മഴ മുന്‍പു സൂചിപ്പിച്ചതുപോലെ മണ്ണിനുള്ളിലൂടെയാണ്, മണ്ണിനു പുറത്ത് ഉപരിതലത്തിലൂടെയല്ല ഒഴുകിയത്. മണ്ണിന്റെ ഉയര്‍ന്ന ആഗിരണക്ഷമതകൊണ്ട് മണ്ണടരുകളിലൂടെ കുത്തനെ കിനിഞ്ഞിറങ്ങിയ വെള്ളം ഭൂഗര്‍ഭ ജലവിതാനത്തെ പോഷിപ്പിച്ചു. ഭൂഗര്‍ഭ ജലവിതാനം ഒരു നിശ്ചിത പരിധിയിലെത്തിയാല്‍ (ഉപരിതലത്തിനു സമീപം) ഉപരിതലത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ചെറുതും വലുതുമായ നിരവധി ഉറവക്കണ്ണുകള്‍ സ്വാഭാവികമായി സജീവമാവുകയും വെള്ളം അവയിലൂടെ ഒഴുകിത്തുടങ്ങുകയും ചെയ്യുന്നു. ജലപൂരിതമായ മണ്ണില്‍നിന്നും സുരക്ഷിതമായി അധികജലം മലഞ്ചെരിവുകളിലൂടെ ഈ ഉറവച്ചാലുകളിലൂടെ നീരൊഴുക്കിന്റെ തീരത്തെത്തും. ഇത്തരം ഉറവച്ചാലുകളിലൂടെ ഉപരിതലത്തിലെക്കാള്‍ വേഗത്തില്‍ വെള്ളത്തിനു സമാന്തരമായി സഞ്ചരിക്കാന്‍ കഴിയും. 

ജൂലായ് അവസാനത്തോടെ പശ്ചിമഘട്ടത്തിലെ മലകളിലേയും ചെരിവുകളിലേയും മണ്ണ് ജലത്താല്‍ അതിപൂരിതമായി. തൊട്ടുമുന്നത്തെ ആഴ്ചകളിലെ ചെറിയ ഇടവേള കഴിഞ്ഞ് ആഗസ്റ്റ് മൂന്നാം വാരത്തോടെ ആരംഭിച്ച പെരുമഴ ഈ ഉറവച്ചാലുകളില്‍ അതീവ സമ്മര്‍ദ്ദത്തിനു കാരണമായി. അതിന്റെ ഫലമായി മണ്ണൊലിച്ചുപോയി ഇത്തരം ഉറവച്ചാലുകളുടെ വിസ്തൃതിയും ജലവാഹകശേഷിയും വര്‍ദ്ധിച്ചു. മണ്ണൊലിച്ച് ഉറവച്ചാലുകളുടെ വ്യാപ്തി വര്‍ദ്ധിച്ചതിനാല്‍ സാധാരണയില്‍ കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ വെള്ളം അവയിലൂടെ ഒഴിഞ്ഞുപോയി. 

വ്യാപ്തി വര്‍ദ്ധിച്ച ഉറവച്ചാലുകള്‍ അധികജലത്തിന് ഒഴിഞ്ഞുപോവാന്‍ സുരക്ഷിത വഴിയൊരുക്കുകയും അതുവഴി പശ്ചിമഘട്ടത്തിലെ ദുര്‍ബ്ബലമായ മലഞ്ചെരിവുകളുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയെ തടയുകയും ചെയ്തു. വന്‍തോതില്‍ ഭൂമി ഇടിഞ്ഞുതാണതായി കണ്ട പ്രദേശങ്ങളില്‍ (ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍) ഇത്തരം അധികമായി നശിച്ചിട്ടുണ്ടാവണം. മുന്‍പു സൂചിപ്പിച്ചപോലെ വ്യാപ്തി കൂടിയ വെള്ളമൊഴിഞ്ഞുപോയ ഉറവച്ചാലുകളിലേക്ക് മണ്ണ് ഇടിഞ്ഞുതാഴുന്നതു മൂലമാണ് ഇത് സംഭവിക്കുന്നത്. ഉരുള്‍പൊട്ടല്‍ സംഭവിച്ച സ്ഥലങ്ങള്‍ അധികവും നീര്‍ച്ചാലുകള്‍ക്ക് സമീപത്താണ് എന്നും കാണാവുന്നതാണ്. ഉറവച്ചാലുകളില്‍ നിന്നുള്ള ജലമര്‍ദ്ദം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക ഇത്തരം ഭ്രംശമേഖലകളിലായതാണ് ഇതിനു കാരണം. നീര്‍ച്ചാലുകള്‍ക്കു പുറമെ മനുഷ്യ ഇടപെടലുകള്‍ വളരെ കൂടുതലായി നടന്ന ചെരിവുകളിലും രൂക്ഷമായ ഉരുള്‍പൊട്ടലുകളുണ്ടായി. സ്വാഭാവികമായ ഉറവച്ചാലുകള്‍ക്ക് മനുഷ്യ ഇടപെടലുകള്‍ വഴി ഗുരുതരമായ നാശം സംഭവിച്ചത് ഇതിനു കാരണമായി. പശ്ചിമഘട്ടത്തില്‍ വ്യാപകമായി നടക്കുന്ന കരിങ്കല്‍ ഖനനത്തിന്റെ പ്രകമ്പനങ്ങളും അണക്കെട്ടുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഏല്‍പ്പിക്കുന്ന മര്‍ദ്ദവും മലഞ്ചെരിവുകളുടെ സ്ഥിരതയെ ബാധിക്കുകയും ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമാവുകയോ അതിന്റെ തീവ്രതയെ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നു. ഇത്തരം ഉരുള്‍പൊട്ടലുകള്‍ മണ്ണില്‍ സംഭരിക്കപ്പെട്ട ജലത്തിന്റെ പെട്ടെന്നുള്ള വഴിഞ്ഞൊഴുകലിനും അതുവഴി ഭൂഗര്‍ഭ ജലവിതാനം അതിവേഗം താണുപോവുന്നതിനും കാരണമാവുന്നു. 
ഉറവകളില്‍നിന്നും നീരൊഴുക്കുകളിലേക്കും നദീപ്രവാഹത്തിലേക്കുമുള്ള ജലനിര്‍ഗമനത്തെ നിയന്ത്രിക്കുന്നത് തീരങ്ങളോട് ചേര്‍ന്ന സസ്യസമ്പത്താണ്. നീരൊഴുക്കിന്റെ പ്രവാഹവേഗത നിയന്ത്രിക്കുന്നതില്‍ അവയ്ക്ക് നിര്‍ണ്ണായക പങ്കുണ്ട്. അതിരൂക്ഷമായ പ്രളയപ്രവാഹവും ഉരുള്‍പൊട്ടലുകളും അണക്കെട്ടുകളില്‍നിന്നും പൊടുന്നനെ തുറന്നുവിട്ട വെള്ളത്തിന്റെ കുത്തൊഴുക്കുമെല്ലാം ചേര്‍ന്ന് തീരത്തെ സസ്യസമ്പത്ത് മുഴുവനും തുടച്ചുനീക്കി. സ്വാഭാവിക പ്രവാഹനിയന്ത്രണം സാധ്യമാക്കിയിരുന്ന ഇവയുടെ അഭാവം നീരൊഴുക്കുകളിലേക്കും നദികളിലേക്കും അനിയന്ത്രിതമായ രീതിയില്‍ ഉപരിതലത്തിനടിയില്‍ ശേഖരിക്കപ്പെട്ട ജലം എത്തുന്നതിന് ഇടയാക്കി. അവ്വിധം അനിയന്ത്രിതമായ പ്രവാഹം മണ്ണില്‍ സംഭരിക്കപ്പെട്ട ജലത്തിന്റെ ശോഷണത്തിന് ആക്കം കൂട്ടി. 


കഴിഞ്ഞ നാലുപതിറ്റാണ്ടായി കേരളത്തിലെ നദികളുടെ താഴ്ഭാഗത്ത് വ്യാപകമായി നടന്നുവരുന്ന മണല്‍ഖനനം നദി പ്രവഹിക്കുന്ന ചാലുകളുടെ ആഴം കൂടുന്നതിനും അതോടൊപ്പം അതിനോടു ചേര്‍ന്നുള്ള ഭൂഗര്‍ഭ ജലവിതാനം താഴുന്നതിനും കാരണമായിട്ടുണ്ട്. ആഴമേറിയ നദികളില്‍ ഭൂഗര്‍ഭ ജലവിതാനം നിലനിറുത്തുന്നതിനും ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുമായി നിരവധി തടയണകളും മറ്റു നിര്‍മ്മിതികളും സ്ഥാപിച്ചിട്ടുണ്ട്. അനുയോജ്യമല്ലാത്ത പ്രവര്‍ത്തന രീതികളും മറ്റും മൂലം നദീമുഖങ്ങളിലുള്ള ഈ തടയണകളും മറ്റ് നിര്‍മ്മിതികളും പ്രളയസമയത്ത് തടസ്സമായി മാറുകയും പ്രളയാഘാതത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പ്രളയം കഴിഞ്ഞ ഉടനെ തുറന്നുവിട്ട ഈ തടയണകളിലൂടെയും മറ്റ് നിര്‍മ്മിതികളിലൂടെയും വെള്ളം അതിവേഗം വാര്‍ന്നുപോവുകയും നദിയിലേയും നദീതീരത്തേയും ജലവിതാനം താഴുന്നതിനു കാരണമാവുകയും ചെയ്തു. 

മഴക്കാലത്തിനുശേഷം ഒരു പ്രദേശത്തെ ജലലഭ്യത നിര്‍ണ്ണയിക്കുന്നത് ജലത്തെ മണ്ണില്‍ പിടിച്ചുനിര്‍ത്തുകയും ക്രമികമായി അവയെ നീരൊഴുക്കുകളിലേക്കും നദികളിലേക്കും ഭൂഗര്‍ഭ ജലപ്രവാഹങ്ങളിലേക്കും വിട്ടുകൊടുക്കുന്ന  നിരവധി പ്രക്രിയകള്‍ വഴിയാണ്. മഴയില്ലാത്ത കാലത്ത് (ഡിസംബര്‍ മുതല്‍ മെയ് വരെ). ബാഷ്പീകരണ - സ്വേദനാവശ്യങ്ങള്‍ക്കു ശേഷമുള്ള ജലം, മണ്ണിലെ സജീവ സംഭരണികള്‍, നീരൊഴുക്കുകളിലേക്ക് ക്രമികമായി വിട്ടുകൊടുത്തുകൊണ്ട് പൂര്‍ണ്ണമായും വറ്റിപ്പോവുന്നു. വ്യാപ്തികൂടി വിസ്തൃതമായ ഉറവച്ചാലുകള്‍ ഉരുള്‍പൊട്ടല്‍ മൂലം സംഭരിക്കപ്പെട്ട ജലത്തിന്റെ വന്‍തോതിലുള്ള വാര്‍ന്നുപോക്ക്, നദിയിലേയും നദീതീരത്തേയും ജൈവസമ്പത്തിന്റെ പൂര്‍ണ്ണമായ അഭാവം എന്നിവ സാധാരണഗതിയില്‍ മഴയില്ലാക്കാലത്തിനായി സംഭരിക്കപ്പെട്ട ജലത്തിന്റെ ശോഷണവേഗത വര്‍ദ്ധിപ്പിച്ചു. അതുകൊണ്ട് നല്ല രീതിയില്‍ തുലാവര്‍ഷം ലഭിച്ചാലും സംസ്ഥാനത്ത് കൊടുംവരള്‍ച്ചയുണ്ടാവാനുള്ള സാഹചര്യം നിലനില്‍ക്കുന്നു. വരള്‍ച്ചയുടെ രൂക്ഷത ജല - ഭൗമശാസ്ത്ര സവിശേഷതകള്‍ക്കനുസൃതമായി ഓരോ സ്ഥലത്തും വ്യത്യസ്തമായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com