രണ്ടാമങ്കത്തിനൊരുങ്ങി തെലങ്കാന

ഒരിക്കല്‍ക്കൂടി പരീക്ഷത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രണ്ടാം വിജയത്തിനാണ് ആത്മവിശ്വാസത്തിടെ ടി.ആര്‍.എസ് ഇറങ്ങുക. തെരഞ്ഞെടുപ്പിനു ശേഷമാണ് ബി.ജെ.പിയുടെ കണക്കിലെ കളികള്‍ക്ക് സാധ്യത
രണ്ടാമങ്കത്തിനൊരുങ്ങി തെലങ്കാന

നൈസാമിന്റെ നാട്ടുരാജ്യമായിരുന്നു ഇന്നത്തെ തെലങ്കാന. ഫ്രഞ്ചുകാരെ തോല്‍പ്പിക്കാന്‍ ബ്രിട്ടീഷുകാരെ കൂടെക്കൂട്ടിയ നൈസാമിന് ഒടുവില്‍ സ്വന്തം രാജ്യം തന്നെ തീറെഴുതി നല്‍കേണ്ടി വന്നു. സ്വാതന്ത്ര്യാനന്തരം സൈനിക ഇടപെടലിലൂടെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി. എന്നിട്ടും തെലങ്കാന വിപ്ലവങ്ങള്‍ക്കും സമരങ്ങള്‍ക്കും അറുതിയില്ലായിരുന്നു. സായുധ കര്‍ഷക കലാപങ്ങളിലൂടെ ചോര കൊണ്ടു ചരിത്രമെഴുതിയ ഭൂമിയായി അത് മാറി. സംസ്ഥാന രൂപീകരണമെന്ന ആവശ്യത്തിനും അത്ര തന്നെ പഴക്കമുണ്ടായിരുന്നു. ഏഴു ദശാബ്ദത്തെ ജനതയുടെ ആ ആവശ്യം സഫലീകരിച്ചയാളാണ് ഇപ്പോള്‍ സംസ്ഥാനത്തെ നയിക്കുന്നത്. കെ. ചന്ദ്രശേഖര്‍ റാവുവിന് ഇന്ന് വീരപരിവേഷമാണ്. സംസ്ഥാനം യാഥാര്‍ത്ഥ്യമാക്കിയ അദ്ദേഹത്തിന്റെ ചെയ്തികളെ അണികള്‍ ചരിത്രത്തിലെഴുതുന്നു. നിയസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വെളിച്ചത്തില്‍ വീണ്ടുമൊരു പോരിനിറങ്ങുകയാണ് പാര്‍ട്ടികള്‍. മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടി.ആര്‍.എസ്. ഒന്നുകൂടി പയറ്റിനോക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. നിലനില്‍പ്പിനാണ് ടി.ഡി.പി കളത്തിലിറങ്ങുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.ഡി.പിയും കോണ്‍ഗ്രസും സി.പി.ഐയും തെലങ്കാന ജനസമിതിയും ചേര്‍ന്നാണ് ടി.ആര്‍.എസിനെ നേരിട്ടത്. എന്നിട്ടും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് മത്സരിച്ച ടി.ആര്‍.എസും റാവും തലയെടുപ്പോടെ വീഴാതെനിന്നു.

കെ ചന്ദ്രശേഖര്‍ റാവു
കെ ചന്ദ്രശേഖര്‍ റാവു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം സംബന്ധിച്ച് അന്തിമധാരണയായിട്ടില്ല. ഇത്തവണ 17 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടി.ഡി.പിയും ബി.ജെ.പിയും സഖ്യത്തിലാണ് മത്സരിച്ചത്. രണ്ട് സീറ്റാണ് സഖ്യത്തിനു ലഭിച്ചത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളും റ്റയ്ക്കു തന്നെയാവും മത്സരിക്കുക. ഫലത്തില്‍ മത്സരം ടി.ആര്‍.എസും കോണ്‍ഗ്രസും തമ്മിലാകും. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ടി.ആര്‍.എസ് ഭൂരിഭാഗം സീറ്റുകളും സ്വന്തമാക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസിനു 46.9% വോട്ടു നേടിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 9.33 ശതമാനം അധികമാണ് ഇത്. അതായത് ഇപ്പോഴും ടി.ആര്‍.എസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നു. 19 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസിന് 1.88 ശതമാനം വോട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികം ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 26.52 ശതമാനവും. ടി.ഡി.പിക്ക് രണ്ടു സീറ്റുകളാണ് കിട്ടിയത്. സി.പി.ഐയും ടി.ജെ.എസിനും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. പ്രജാകുതമി എന്ന പേരില്‍ നാലു പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയാകും ഇത്തവണയും ടി.ആര്‍.എസിനെ നേരിടുകയെന്നാണ് കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സഖ്യസാധ്യതകള്‍ സംബന്ധിച്ച് വ്യക്തത വരുമെന്നാണ് കണക്കുകൂട്ടല്‍.

റൈത്തു ബന്ധു മുതല്‍ കിസാന്‍ സമ്മാന്‍ വരെ
അധികാരം നിലനിര്‍ത്താന്‍ ടി.ആര്‍.എസിനെ സഹായിച്ച പദ്ധതിയാണ് റൈത്തു ബന്ധു. ഏക്കറൊന്നിന്4,000 രൂപ എല്ലാ കര്‍ഷകര്‍ക്കും നല്‍കുന്ന തെലുങ്കാന സര്‍ക്കാരിന്റെ പദ്ധതിയാണിത്. 58.33 ലക്ഷം കഷകരാണ് പദ്ധതിയുടെ കീഴിലുള്ളത്. ഈ പദ്ധതിയുടെ വിജയം കണ്ടിട്ടാകണം സമാനമായ പദ്ധതി ഒഡീഷ, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ അനുകരണമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ച  പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ നിയമസഭകളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണം കര്‍ഷക രോഷമാണെന്ന് പൊതു വിലയിരുത്തലുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, കെ.ചന്ദ്രശേഖരറാവുവാണ് തെലങ്കാനയുടെ ഇപ്പോഴത്തെ പരമപ്രധാനനേതാവ്. റാവുവിനൊപ്പം തലയെടുപ്പുള്ള ആരും പ്രതിപക്ഷ കക്ഷികളിലല്ലെന്നതാണ് മറ്റൊരു കാര്യം. അവര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയും ഇതാണ്. 

റാവു: തെലങ്കാനയുടെ സര്‍വാധിപന്‍

ടി.ആര്‍.എസിന്റെ ജീവാത്മാവും പരമാത്മാവുമാണ് റാവു. മേദക് ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍ ജനനം. രാഷ്ട്രീയ ജീവിതം തുടങ്ങിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. ജീവിതലക്ഷ്യങ്ങളിലൊന്നായിരുന്നു തെലങ്കാന സംസ്ഥാന രൂപീകരണം. അതിനായി വര്‍ഷങ്ങളോളം രാഷ്ട്രീയമായി പൊരുതുകയും ചെയ്തു. തെലുങ്കുദേശം പാര്‍ട്ടിയിലായിരിക്കെ എന്‍.ടി.ആറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു റാവു. അവിഭക്ത ആന്ധ്രപ്രദേശിന്റെ നിയമസഭാ സ്പീക്കറും. 2001-ലാണ് അദ്ദേഹം ടി.ഡി.പി. വിട്ട് ടി.ആര്‍.എസ് രൂപീകരിക്കുന്നത്. അതിനൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. തെലങ്കാനയുടെ പിറവി. കോണ്‍ഗ്രസ് സംസ്ഥാന പദവി വാഗ്ദാനം ചെയ്തതുകൊണ്ട് 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. കേന്ദ്രമന്ത്രിയുമായി. പിന്നീട് സംസ്ഥാന രൂപീകരണത്തില്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ബാന്ധവം ഉപേക്ഷിച്ചു. നിരന്തര പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 2014 ജൂണിലാണ് തെലങ്കാന രൂപീകൃതമായത്. ആദ്യ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ് അധികാരത്തിലെത്തി. റാവു ആദ്യ മുഖ്യമന്ത്രിയുമായി.

കെ.ടി.ആര്‍:  ജൂനിയര്‍ റാവു

തമിഴകത്ത് ഡിഎംകെയും യുപിയില്‍ സമാജ്വാദി പാര്‍ട്ടിയും ബിഹാറില്‍ രാഷ്ട്രീയ ജനതാദളും പോലെ തെലങ്കാനയില്‍ ടി.ആര്‍.എസിനു മേല്‍ കുടുംബത്തിന്റെ നീണ്ട നിഴലുണ്ട്. കുടുംബ വാഴ്ച അന്യമല്ലാത്ത കോണ്‍ഗ്രസ് ആന്ധ്രയില്‍ വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ കുടുംബത്തിനെതിരെ തിരിഞ്ഞതാണ് കെ.സി.ആര്‍ കുടുംബത്തിന് വളമായത്. തെലങ്കാനയില്‍ സര്‍ക്കാരിന്റെയും ടി.ആര്‍.എസിന്റെയും ചുമതല വൈകാതെ മകനെ ഏല്‍പിക്കുക, ദേശീയ രാഷ്ട്രീയത്തില്‍ സജീവമാവുകയെന്നതാണ് ചന്ദ്രശേഖര്‍ റാവുവിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാകണം മകനെ പാര്‍ട്ടിയില്‍ രണ്ടാമനാക്കിയത്. നാല്‍പ്പത്തിരണ്ടുകാരനായ മകന്‍ കെ.ടി. രാമറാവുവാണ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ്. രണ്ടുമാസത്തിനു ശേഷം രൂപീകരിച്ച മന്ത്രിസഭയില്‍ കെ.സി.ആറിന്റെ അനന്തരവനും ജനകീയനുമായ ടി. ഹരീഷ് റാവുവിനെപ്പോലും ഉള്‍പ്പെടുത്തിയിരുന്നില്ല.  1.10 ലക്ഷം വോട്ടുകള്‍ക്ക് സിദ്ദിപേട്ട് മണ്ഡലത്തില്‍ നിന്നാണു ഹരീഷ് റാവു ജയിച്ചത്. സംഘാടക മികവും പ്രവര്‍ത്തകര്‍ക്കിടയില്‍ നല്ല സ്വാധീനവുമായി ഹരീഷ് റാവു തിളങ്ങിനില്‍ക്കുന്നതിനിടെയാണു മകനെ ഉയര്‍ത്തി കെസിആറിന്റെ ഇടപെടല്‍. അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് 2009-ല്‍ രാഷ്ട്രീയത്തിലിറങ്ങിയ കെ.ടി.ആര്‍ പൂനെ എം.എസ്.സി-എം.ബി.എ ബിരുദധാരിയാണ്. 88,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിര്‍സില മണ്ഡലത്തില്‍ നിന്നുമാണ് ജയിച്ചത്. 2009-2014 കാലയളവില്‍ ഐടി വകുപ്പ് മന്ത്രിയുമായിരുന്നു.
ദേശീയഫെഡറല്‍ മുന്നണി

അസദുദ്ദീന്‍ ഒവൈസി
അസദുദ്ദീന്‍ ഒവൈസി

ചന്ദ്രശേഖര്‍ റാവുവിന് രണ്ട് ജീവിതലക്ഷ്യങ്ങളാണുണ്ടായിരുന്നത്. ഒന്ന് തെലങ്കാന രൂപീകരണവും മറ്റൊന്ന് ഫെഡറല്‍ മുന്നണി രൂപീകരണവും. ആദ്യ ലക്ഷ്യം സാധിച്ച് മുഖ്യമന്ത്രിയായ അദ്ദേഹം രണ്ടാമത്തെ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. എന്നാല്‍ നിലവിലെ അവസ്ഥ മുന്നണി രൂപീകരണത്തിന് അനുകൂലമല്ല. സി.ബി.ഐ വിവാദത്തില്‍ കേന്ദ്രവുമായി പരസ്യ ഏറ്റുമുട്ടല്‍ നടത്തിയ മമതാ ബാനര്‍ജിക്ക് അനുകൂലമായി നിലപാടെടുക്കാതിരുന്ന റാവു ബിജെപിയുമായി പരസ്യ ഏറ്റുമുട്ടലിന് തയ്യാറാവില്ലെന്ന സൂചനയാണ് ഇപ്പോള്‍. ടിആര്‍എസുമായി അടുത്ത വൈഎസ്ആര്‍ കോണ്‍ഗ്രസും മമതയ്ക്കെതിരെ രംഗത്തെത്തിയതോടെ ഫെഡറല്‍ മുന്നണി തെരഞ്ഞെടുപ്പിന് മുമ്പുണ്ടാവാന്‍ സാധ്യത മങ്ങി. അതേ സമയം, കൊല്‍ക്കത്തയിലെ സംഭവവികാസങ്ങള്‍ മമതാ ബാനര്‍ജിക്ക് പ്രതിപക്ഷ നിരയുടെ മുഴുവന്‍ പിന്തുണ നേടിക്കൊടുത്തിരുന്നു. രാഹുല്‍ ഗാന്ധി, എം കെ സ്റ്റാലിന്‍, ദേവെ ഗൗഡ , അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു എന്നിവരെല്ലാം ബിജെപിക്കെതിരെ രംഗത്തുവന്നു. മമതയുമായി കൈ കോര്‍ക്കാന്‍ തയ്യാറായി നിന്നവരില്‍ ടിആര്‍എസ് അധ്യക്ഷന്റെ മൗനമാണ് ശ്രദ്ധേയമായത്. ഫെഡറല്‍ മുന്നണി രൂപീകരണത്തിന് മുന്‍കയ്യെടുത്ത റാവു രണ്ട് തവണയാണ് മമതയെ കണ്ടത്.എന്നാല്‍, നിര്‍ണായക സന്ദര്‍ഭത്തില്‍ മമതയ്ക്കൊപ്പം അദ്ദേഹം നിന്നില്ല. 
ഒവൈസിയുടെ കൂട്ടുകെട്ട്

പരസ്പര ധാരണയോടെ മത്സരിക്കാനാണ് എ.ഐ.എം.ഐ.എമ്മും ടി.ആര്‍.എസും ധാരണയിലെത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടായിരുന്നു. എ.ഐ.എം.ഐ.എമ്മിനു ടി.ആര്‍.എസ് പിന്തുണ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ലക്ഷ്യം കോണ്‍ഗ്രസ് ബി.ജെ.പി ഇതര മുന്നണിയാണ്. മതേതര സഖ്യത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ടെന്നും കോണ്‍ഗ്രസ്സിനു പുറത്തും ജനാധിപത്യത്തിന് പ്രകാശമാനമായ ഭാവിയുണ്ടെന്നുമാണ് ഒവൈസിയുടെ വാദം. ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡിയെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി പിന്തുണയ്ക്കുന്നത്. ഒവൈസിയെ നേരിടാന്‍ കോണ്‍ഗ്രസ് നിര്‍ത്തുന്നത് മുന്‍ ക്രിക്കറ്റ് താരം അസഹ്റുദീനെയാണെന്ന് കേള്‍ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com