കനവ് കാണാത്ത, വിചിത്ര വഴിത്താരകള്‍

അങ്ങനെയൊരു ജീവിതം! എന്നാലും ആകെക്കൂടി വലിയ തെറ്റില്ലെന്നു തോന്നുന്നു!
സുവര്‍ണ്ണക്ഷേത്രം
സുവര്‍ണ്ണക്ഷേത്രം

തിരിഞ്ഞു നോക്കുമ്പോള്‍ വിസ്മയിപ്പിക്കുന്ന വഴിത്തിരിവുകള്‍ ഏറെയാണ് ജീവിതത്തില്‍. നാല്‍ക്കവലയില്‍ പകച്ചുനിന്നപ്പോഴൊക്കെ എവിടെന്നോ ഇത്തിരി വെളിച്ചം വീണുകിട്ടിയിട്ടുണ്ട്. ആ വെട്ടത്തില്‍ തെളിയുന്ന ഏതെങ്കിലും വഴികളും.  കനവില്‍പ്പോലും കടന്നുവരാത്തത്ര വിചിത്രമായ തിരിവുകള്‍. മുന്‍പില്‍ കാണാവുന്ന നാലു വഴികള്‍ക്കപ്പുറമായി എവിടെയോ ഒരു അഞ്ചാമന്‍. നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്ന ഇടത്തരക്കാരന്റെ ജീവിതത്തില്‍ മോഹങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ നേട്ടങ്ങളെ കുറച്ചും കോട്ടങ്ങളെ പെരുപ്പിച്ചും കാണാനുള്ള വ്യഗ്രതയായിരുന്നു കൂടുതല്‍. കാര്യമായ 'അമ്പീഷനില്ലാതെ' ജീവിതത്തില്‍ മുന്നേറാനാകില്ലെന്ന് ചില നല്ല സുഹൃത്തുക്കള്‍ പലപ്പോഴും ഉപദേശിച്ചിട്ടുണ്ട്. അങ്ങനെ അവരുടെ അര്‍ത്ഥശൂന്യമായ കണക്കെടുപ്പുകളില്‍ കിട്ടേണ്ടത് പലതും കിട്ടാതെ പോയി; ഒട്ടും മോഹിക്കാത്ത പലതും നെറുകയില്‍ വന്നു വീഴുകയും ചെയ്തു. 
അങ്ങനെയൊരു ജീവിതം! എന്നാലും ആകെക്കൂടി വലിയ തെറ്റില്ലെന്നു തോന്നുന്നു!

മടുപ്പും അതൃപ്തിയും കൂടപ്പിറപ്പായതുകൊണ്ട് പുതിയ വഴികള്‍ തേടാനുള്ള വ്യഗ്രത കൂടുതലായി രുന്നു എപ്പോഴും. ജീവിതത്തിലായാലും എഴുത്തിലായാലും പുതുമയ്ക്കുള്ള വെമ്പല്‍ കൂടുമ്പോള്‍ ഒരുപാട് മായ്ക്കലുകളും വെട്ടിത്തിരുത്തലുകളും വേണ്ടിവരുന്നു. തീര്‍ച്ചയായും, അത് ഉയരങ്ങള്‍ എത്തിപ്പിടിക്കാനുള്ള വെപ്രാളമായിരുന്നില്ല. മറിച്ച് ഉയരങ്ങള്‍  പലപ്പോഴും അസ്വസ്ഥനാക്കുകയാണ്  ചെയ്തത്. അങ്ങനെ ഇടയ്ക്കിടയ്ക്ക് അസ്വസ്ഥതയുടെ വണ്ടുകള്‍ കുത്താനെത്തുമ്പോഴാണ് പുതുവഴികളും തേടി അജ്ഞതയുടെ ഏതെങ്കിലും നാല്‍ക്കവലകളില്‍ ചെന്നു തനിച്ചു നില്‍ക്കണമെന്ന് തോന്നാറ്. 

തുടക്കം കാലാവസ്ഥാ വകുപ്പിലായിരുന്നു. അഞ്ച് വര്‍ഷത്തോളമായി ബോംബെ, പൂന, തിരുവന ന്തപുരം, തുമ്പ - അങ്ങനെ പലയിടങ്ങളില്‍. ആദ്യമൊക്കെ രസകരമായിരുന്നെങ്കിലും (പ്രത്യേകിച്ചും തുമ്പയിലെ വേറിട്ട അനുഭവങ്ങള്‍)  പിന്നീട് പൂനയിലെ ഗവേഷണ സ്ഥാപനത്തില്‍ എത്തിപ്പെട്ട് കുറേ കഴിഞ്ഞപ്പോള്‍ പതിവുള്ള വണ്ട് ചുറ്റും മൂളിപ്പറന്ന് എവിടെയോ ഒക്കെ കുത്താന്‍ തുടങ്ങി. അവിടെ അധികകാലം നില്‍ക്കാന്‍ വയ്യ. പ്രഗല്‍ഭനായ ശാസ്ത്രജ്ഞന്‍ പി.ആര്‍. പിഷാരടിയുടെ നേതൃത്വത്തിലുള്ള ആ സ്ഥാപനം വിട്ടുപോകരുതെന്ന് പലരും ഉപദേശിച്ചെങ്കിലും വണ്ടിന്റെ ശല്യം വലുതായിരുന്നു. അങ്ങനെ അക്കാലത്ത് മാറ്റം തേടുന്ന സാധാരണക്കാര്‍ക്കുള്ള എളുപ്പ വഴിയായിരുന്ന, ഒരു പ്രധാനപ്പെട്ട യു.പി.എസ്.സി പരീക്ഷ എഴുതുന്നത്. അതില്‍ ഒന്നാമനായപ്പോള്‍ വിശ്വസിക്കാനായില്ലെന്നു മാത്രമല്ല, കരുതിയിരുന്നത്ര മോശക്കാരനല്ല ഞാനെന്ന വിശ്വാസം ഉള്ളില്‍ ഉറയ്ക്കുകയും ചെയ്തു. 

അങ്ങനെയാണ് ഡല്‍ഹിയിലെ റെയില്‍വെ ബോര്‍ഡില്‍ എത്തിപ്പെടുന്നത്. ഒരുപാട് സ്വാതന്ത്യ്രമുള്ള ശാസ്ത്രത്തിന്റെ മേഖലയില്‍നിന്നു നേരെ എതിരെയുള്ള ചട്ടപ്പടി 'ബാബുഗിരി'യിലേക്കുള്ള  ചുവടുമാറ്റം അസുഖകരമായിരുന്നെങ്കിലും അത് മറ്റൊരു നിയോഗമായി മാറി. അവിടത്തെ കാന്റീനില്‍ വച്ചാണ് കാക്കനാടനെ പരിചയപ്പെടുന്നത്. ബേബിയെന്ന ജോര്‍ജ്ജ് വര്‍ഗീസ് കാക്കനാടന്‍. മേലുദ്യോഗസ്ഥന്മാരുടെ നോട്ടപ്പുള്ളിയായിരുന്ന അദ്ദേഹത്തെ പൊതുവെ മുകളിലത്തെ നിലയിലെ കാന്റീനിലെ ഏതെങ്കിലും മേശയ്ക്കരികിലാണ് കാണാറ്. ഓഫീസ് മുറിയില്‍ ചാര്‍മിനാര്‍ വലിക്കാറുള്ളതുകൊണ്ട് സെക്ഷന്‍ മാറ്റങ്ങള്‍ എളുപ്പമായിരുന്നു ബേബിക്ക്. മൂപ്പരുടെ എഴുത്ത് ഇഷ്ടമായിരുന്നതുകൊണ്ട് പരിചയപ്പെടലും എളുപ്പമായി. അങ്ങനെ ചങ്ങാത്തവുമായി. ബേബിയിലൂടെ റോഡിന്റെ നേരെ എതിര്‍വശത്തുള്ള കൃഷിഭവനില്‍ പണിയെടുത്തിരുന്ന എം.പി. നാരായണപിള്ളയെന്ന നാണപ്പനേയും പരിചയപ്പെട്ടു. അങ്ങനെ അവരിലൂടെ കൊണാട്ട് പ്ലേസിലെ കേരളാക്ലബ്ബിലെ വെള്ളിയാഴ്ചകളിലെ സാഹിതീസഖ്യത്തിലും ചെന്നുപെട്ടു... സാഹിത്യത്തില്‍ താല്പര്യമുള്ളതുകൊണ്ട് പതിയെ എഴുത്തുകാരനുമായി. അത് വേറൊരു കഥ. ഇവിടത്തെ പ്രശ്‌നം വേണ്ടിയിട്ടും വേണ്ടാതെയും വന്നു കുത്തുന്ന വണ്ടുകള്‍ തന്നെയാണ്. 

റെയില്‍വെ ബോര്‍ഡിലെ പണി വളരെ വേഗം മടുത്തെങ്കിലും രണ്ടു വര്‍ഷത്തിലേറെ അവിടെ പിടിച്ചുനിറുത്തിയത് ഡല്‍ഹിയിലെ സൗഹൃദങ്ങളായിരുന്നു. വി.കെ.എന്‍, വിജയന്‍, ജയദേവന്‍, മുകുന്ദന്‍, ഐ.കെ.കെ.എം, ഓംചേരി തുടങ്ങിയ എത്രയോ സഹൃദയര്‍. അക്കാലത്തു തന്നെയാണ് ഐ.എഫ്.എസ് പ്രൊബേഷണര്‍മാരായ ടി.പി. ശ്രീനിവാസനും മോഹനചന്ദ്രനും (കലിക) അവിടെ എത്തിപ്പെടുന്നത്. മോഹനചന്ദ്രനും ഞാനും കരോള്‍ബാഗിലെ ഒരേ ലോഡ്ജിലാണ് താമസിച്ചിരുന്നത്. പിന്നീട് കാക്കനാടന്‍ പഠിക്കാനായി ജര്‍മ്മനിയിലേക്കും നാണപ്പന്‍ മറ്റൊരു ഉദ്യോഗവുമായി ഹോങ്കോങ്ങിലേക്കും പോയിക്കഴിഞ്ഞിരുന്നു. 

ഇതിനിടയില്‍ ഞാന്‍ മറ്റൊരു നീക്കം കൂടി നടത്തിയിരുന്നു. യു.പി.എസ്.സി പരീക്ഷയിലെ നേട്ടം നാടന്‍ മനസ്സിനു കൊടുത്ത ധൈര്യം ചെറുതായിരുന്നില്ല. അങ്ങനെ വെറുമൊരു ചങ്കൂറ്റം പോലെയാണ് സ്റ്റേറ്റ് ബാങ്കിലെ ഓഫീസര്‍ പരീക്ഷയെഴുതിയത്. അന്ന് സിവില്‍ സര്‍വ്വീസ് കഴിഞ്ഞാല്‍ ഏറ്റവും ആകര്‍ഷകമായൊരു മേഖലയായിരുന്നു അത്. രാജ്യത്തെ ഏക പൊതുമേഖല ബാങ്കായിരുന്നല്ലോ സ്റ്റേറ്റ് ബാങ്ക്. പക്ഷേ, പരീക്ഷ എഴുതുമ്പോഴും അതുകഴിഞ്ഞും തീരെ പ്രതീക്ഷയില്ലാതിരുന്നതുകൊണ്ട് ഞാന്‍ അക്കാര്യം തീര്‍ത്തും മറന്നുപോയിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനു ശേഷമോ മറ്റോ ആണ് സ്റ്റേറ്റ് ബാങ്കില്‍നിന്ന് കൂടിക്കാഴ്ചയ്ക്കുള്ള വിളി വരുന്നത്. പാര്‍ലമെന്റ് സ്ട്രീറ്റിലെ കൂറ്റന്‍ കെട്ടിടത്തില്‍ വച്ചായിരുന്നു അഭിമുഖം. ഇതിനിടയില്‍, ഒരു നിമിത്തം പോലെ, രണ്ടു ദിവസം മുന്‍പ് തുടങ്ങിയ പനി അന്ന് വൈകുന്നേരമായപ്പോഴേക്കും കലശലായി. അങ്ങനെ അവശനിലയില്‍ കരോള്‍ബാഗിലെ ഡിസ്പെന്‍സറിയില്‍ പോയി ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു. എങ്ങനെയെങ്കിലും പിറ്റേന്നത്തെ ഇന്റര്‍വ്യൂവിനു പോയേ പറ്റൂ. ഇത്തിരി ആലോചിച്ചിട്ട് ഡോക്ടര്‍ പറഞ്ഞു ഒരു ഉയര്‍ന്ന ഡോസിലുള്ള ഇഞ്ചക്ഷന്‍ തരാം, പനി ഇറങ്ങാതെയിരിക്കില്ല. പക്ഷേ, ക്ഷീണം ഭയങ്കരമായിരിക്കും. എന്നാലും, വേറൊരു വഴിയുമില്ലായിരുന്നു എനിക്ക്. അങ്ങനെ കുത്തിവയ്പ് കഴിഞ്ഞ് ഏതാണ്ട് ഒരു മണിക്കൂറോളം ഡോക്ടര്‍ എന്നെ അവിടത്തെ ഒരു ബഞ്ചില്‍ കിടത്തി. കാരണം, വമ്പനൊരു ചുഴലിക്കാറ്റ് വീശുകയായിരുന്നു തലയ്ക്കകത്ത്. എങ്ങനെയോ മുറിയിലെത്തി കട്ടിലില്‍ കിടന്നതു മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. 

ഒവി വിജയന്‍
ഒവി വിജയന്‍


പിറ്റേന്ന് അഭിമുഖത്തിനു ചെല്ലുമ്പോള്‍ ക്ഷീണം കലശലായിരുന്നു. തലയ്ക്കകത്താണെങ്കില്‍ ഒരു പത്ത് ടണ്ണിന്റെ ഇരുമ്പു കട്ടികളും തൂങ്ങിക്കിടന്നിരുന്നു. ആന്റിറൂമിലിരിക്കുന്ന ആകര്‍ഷകമായ വേഷമണിഞ്ഞ സുന്ദരന്മാരേയും സുന്ദരികളേയും കണ്ടപ്പോള്‍ ആ കട്ടികളുടെ തൂക്കം പിന്നെയും കൂടി. അവിടെ ഞാന്‍ വീണ്ടുമൊരു നാട്ടിന്‍പുറത്തുകാരനായി. എന്റെ തല താനേ താണു. പക്ഷേ, അകത്തു കയറുമ്പോള്‍ ഞാന്‍ ഒരു കാര്യം ഉറപ്പിച്ചിരുന്നു. പണി കിട്ടിയാലും ഇല്ലെങ്കിലും ഞാന്‍  പതറില്ല. ഉത്തരം അറിയില്ലെങ്കില്‍ തുറന്നു പറയും; ഊഹിക്കാന്‍ നില്‍ക്കില്ല... കമ്മിറ്റിയുടെ സ്ഥിരം ചെയര്‍മാന്‍ പഴയൊരു ഐ.സി.എസ്‌കാരനായിരുന്ന രാമനായിരുന്നു. ഒരു പാതി സായ്വ്. ഒരു ചുവന്ന റോസാപ്പൂ മണപ്പിച്ചുകൊണ്ടു ആരേയും ഊശിയാക്കുന്ന രീതിയില്‍ വലിയ സ്‌റ്റൈലിലായിരുന്നു ചോദ്യങ്ങള്‍. മറുപടി കേട്ട ശേഷം ഉച്ചത്തിലൊരു പൊട്ടിച്ചിരിയുമുണ്ടാകും. പറഞ്ഞത് മണ്ടത്തരമായോയെന്ന് ആരും ന്യായമായി സംശയിച്ചുപോയേക്കാവുന്ന ചുറ്റുപാടുകള്‍. അങ്ങനെ രാമന്‍ എന്തൊക്കെയോ ചോദിച്ചു, ഞാന്‍ എന്തൊക്കെയോ പറഞ്ഞു. രാമന്‍ ചിരിച്ചു; എനിക്ക് ചിരിക്കാനുള്ള ധൈര്യമില്ലായിരുന്നു.

കാക്കനാടന്‍
കാക്കനാടന്‍


അന്ന് ചോദ്യങ്ങളെല്ലാം ചോദിച്ചിരുന്നത് രാമനായിരുന്നെങ്കില്‍ അദ്ദേഹത്തെ ആദരത്തോടെ നോക്കിയിരുന്ന രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു കമ്മിറ്റിയില്‍. അതിലൊരാള്‍ ബാങ്കിന്റെ ഡല്‍ഹി സര്‍ക്കിളിലെ സെക്രട്ടറി ആന്റ് ട്രഷറായിരുന്ന തല്‍വാറായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. ബാങ്കിങ്ങ് രംഗത്തെ എക്കാലത്തേയും വലിയൊരു മാതൃകാപുരുഷനായി കാണാവുന്ന പില്‍ക്കാലത്തെ ചെയര്‍മാന്‍ ആര്‍.കെ. തല്‍വാര്‍. മാരുതിയുടെ തുടക്കകാലത്ത് സഞ്ജയ് ഗാന്ധിയുടെ ഇടപെടല്‍ സഹിക്കവയ്യാതെ പുറത്തുപോയ അദ്ദേഹം എന്റെ ഇന്റര്‍വ്യൂബോര്‍ഡിലെ ഒരംഗമായിരുന്നുവെന്നത് അഭിമാനത്തോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്. ഒടുവില്‍ കാണുമ്പോള്‍ പോണ്ടിച്ചേരിയിലെ ആരോവില്ലില്‍ ഒരു പഴയ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. 
അന്ന് വെള്ളിയാഴ്ചയായിരുന്നു. പനിക്കോളുണ്ടായിരുന്നെങ്കിലും ഇന്റര്‍വ്യൂ കഴിഞ്ഞ് പാര്‍ലമെന്റ് സ്ട്രീറ്റില്‍നിന്ന് നേരെ പോയത് കൊണാട്ട് പ്ലേസിലെ കേരളാ ക്ലബ്ബിലേക്കായിരുന്നു. അന്നവിടെ കഥ വായിക്കാമെന്ന് ഏറ്റിരുന്നു. സാഹിതീസഖ്യത്തില്‍ ആദ്യമായി വായിക്കുന്ന കഥ. അത് 'കരയും കടലു'മായിരുന്നെന്നാണ് ഓര്‍മ്മ.  എഴുത്തിന്റെ രണ്ടാം കൊല്ലത്തിലെ ആ കഥ ചിലര്‍ക്കൊക്കെ മനസ്സിലായില്ല. പക്ഷേ, വായന കഴിഞ്ഞ് അടുത്തിരുന്നപ്പോള്‍ വിജയന്‍ കാതില്‍ പറഞ്ഞു, അസ്സല് കഥ. പക്ഷേ, ഒരു എട്ട് വാക്കുകള്‍ മാറ്റിയാല്‍ ഒന്നുകൂടി നന്നാകുമായിരുന്നു! അവ ഏതൊക്കെയെന്ന് ഞാന്‍ തിരക്കിയില്ല. പക്ഷേ, വിജയന്‍ വിരല്‍ മടക്കിയിരുന്നുവെന്നത് എന്നെ രസിപ്പിച്ചു. പിന്നീട് മാതൃഭൂമിക്ക് അയക്കുന്നതിനു മുന്‍പ് അതില്‍ ആറെണ്ണം ഞാന്‍ തന്നെ കണ്ടു പിടിച്ചു മാറ്റുകയും ചെയ്തു. ഗോവിന്ദന്റേയും അയ്യപ്പപ്പണിക്കരുടേയും നേതൃത്വത്തില്‍ കഥയിലും കവിതയിലും കഴിയുന്നത്ര ദ്രാവിഡ പദങ്ങളേ ഉപയോഗിക്കാവൂ എന്ന ശാഠ്യം പ്രബലമായി വരുന്ന കാലമായിരുന്നു.
അഭിമുഖം കഴിഞ്ഞ് മാസങ്ങളോളം യാതൊരു വിവരങ്ങളൊന്നും കിട്ടാതെയായപ്പോള്‍ ഒരു രാമന്റേയും കണ്ണില്‍പ്പെടാനാവാത്ത വെറുമൊരു ഈച്ച മാത്രമാണ് ഞാനെന്നു തോന്നിപ്പോയി. 

എംപി നാരായണപ്പിള്ള
എംപി നാരായണപ്പിള്ള


ഇതിനിടയില്‍ പത്രപ്രവര്‍ത്തനത്തിലേക്ക് മാറിയാലോ എന്ന പഴയ ആലോചന വീണ്ടും മുറുകി വന്നു. അന്ന് സെക്രട്ടേറിയറ്റിലെ ഒരു വകുപ്പില്‍ പണിയെടുത്തിരുന്ന ഭാസ്‌കരനെന്ന സുഹൃത്തും ഒപ്പം കൂടാമെന്നു പറഞ്ഞു. അയാള്‍ക്കും ബാബുഗിരി നന്നെ മടുത്തിരുന്നു. എക്കാലത്തും ഞാന്‍ ഉള്ളില്‍ മോഹിച്ചിരുന്ന ഒരു മേഖലയായിരുന്നു അത്. മാത്രമല്ല, അന്ന് ബി.ജി. വര്‍ഗ്ഗീസും ശങ്കറും സി.പി. രാമചന്ദ്രനും എടത്തട്ടയുമടക്കം ഡല്‍ഹിയിലെ പത്രരംഗത്തെ പല മുന്‍നിര താരങ്ങളും മലയാളികളായിരുന്നു. അങ്ങനെ ഭാസ്‌കരന്‍ നേരെ പോയി ഹിന്ദുസ്ഥാന്‍ ടൈംസിലെ ബി.ജി. വര്‍ഗ്ഗീസിനെ കാണുന്നു. പൊതുവെ ദോഷൈകദൃക്കുകളായ മലയാളികള്‍ പത്രക്കാരാവാന്‍ ജനിച്ചവരാണെന്ന് വിശ്വസിച്ചിരുന്നതുകൊണ്ടാകാം, അദ്ദേഹം ഒട്ടും സംശയമില്ലാതെ ചേര്‍ന്നോളാന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിലെ നല്ല ജോലി എറിഞ്ഞുകളഞ്ഞു സബ്ബ് എഡിറ്റര്‍ ട്രെയിനിയാകാന്‍ വരുന്നവന്‍ ചില്ലറക്കാരനല്ലെന്നും തോന്നിയിരിക്കണം. കൂട്ടത്തില്‍ എന്റെ കാര്യം കൂടി പറഞ്ഞപ്പോള്‍, കഥയെഴുതുന്ന ആളെന്ന നിലയില്‍ എനിക്കും  നേരില്‍ കാണാനുള്ള പരിഗണന കിട്ടി. രണ്ടാഴ്ചത്തെ സമയം ഞാന്‍ ചോദിച്ചപ്പോഴേക്കും ഇടംവലം നോക്കാതെ സര്‍ക്കാര്‍ പണി വലിച്ചെറിഞ്ഞ് ഭാസ്‌കരന്‍ പത്രത്തില്‍ കയറിക്കഴിഞ്ഞിരുന്നു. പിന്നീട് ചില വിദേശ പരിശീലനമെല്ലാം കഴിഞ്ഞ് പടിപടിയായി ഉയര്‍ന്നുപോയെങ്കിലും സ്വന്തം നില പാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ മടിക്കാത്ത ഭാസ്‌കരന് ഒത്തുപോകാന്‍ പറ്റിയ രംഗമായിരുന്നില്ല അത്. ഒടുവില്‍ ബാംഗ്ലൂരിലെ ബ്യൂറോ ചീഫോ മറ്റോ ആയിരിക്കുമ്പോള്‍ അപ്രിയകരമായ ചിലതൊക്കെ പുറത്തുകൊണ്ടുവന്ന ഭാസ്‌കരന് പത്രം വിടേണ്ടിവന്നു. കാരണം രാമകൃഷ്ണ ഹെഗ്ഡെയുടെ കോപം തന്നെ!  

എം മുകുന്ദന്‍
എം മുകുന്ദന്‍


കേന്ദ്രസര്‍ക്കാര്‍ ജോലി വിട്ട് പത്രത്തില്‍ ചേരാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ചപ്പോള്‍ ഗുണ ദോഷിക്കാന്‍ ചങ്ങാതികള്‍ ഏറെയായിരുന്നു. അന്ന് പത്രത്തിലെ സേവനവ്യവസ്ഥകള്‍ വളരെ മോശമായിരുന്നു. റെയില്‍വെയിലാണെങ്കില്‍ ഉറപ്പുള്ള ജോലി, നാട്ടില്‍ പോയി വരാന്‍ ഇഷ്ടം പോലെ സൗജന്യ പാസ്സുകള്‍. ഇതില്‍ കൂടുതലെന്തു വേണം ഒരു ചെറുപ്പക്കാരന്. പലര്‍ക്കും അത് തീരെ മനസ്സിലാക്കാനായില്ല. മടുപ്പെന്ന് പറയുന്നത് ജീവിതത്തിന്റെ തന്നെ ഭാഗമല്ലേ ചങ്ങാതീ, അവര്‍ ചോദിച്ചു. എന്തായാലും, ഭാസ്‌കരന്റെ ധൈര്യമില്ലാത്തതുകൊണ്ടു ഞാന്‍ തെല്ലൊന്ന് പരുങ്ങിനില്‍ക്കെ, ഒരു ദിവസം അതാ ബാങ്കില്‍നിന്നു കടലാസ് വരുന്നു, ഉടനെ പഞ്ചാബിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാലയില്‍ ചേരാന്‍. അന്നേരം അകലങ്ങളില്‍നിന്ന് ആ രാമന്റെ ചിരി വീണ്ടും കേട്ടതുപോലെ. സത്യത്തില്‍ അന്ന് തങ്ങളുടെ മുന്‍പിലിരുന്ന് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്ന ചെറുപ്പക്കാരനില്‍ എന്താണ് അദ്ദേഹം കണ്ടതെന്ന് ഇന്നും ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ഒരുപക്ഷേ, ആ കൂസലില്ലായ്മ തന്നെയായിരിക്കണം. എന്തായാലും, പിന്നീട് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഞാന്‍ പെട്ടിയടുക്കി, കിടക്ക മുറുക്കി യാത്രയ്ക്ക് തയ്യാറായി. ജീവിതത്തിലെ ഒട്ടും നിനക്കാത്തൊരു വഴിത്തിരിവ്. കോമേര്‍സോ അക്കൗണ്ടന്‍സി യോ ആയി യാതൊരു ബന്ധവുമില്ലാത്ത എനിക്ക് കിട്ടിയത് അത്തരമൊരു മേഖല! 

അങ്ങനെയാണ് ഞാന്‍ പഞ്ചാബിലെ പാക്ക് അതിര്‍ത്തിക്കടുത്തുള്ള ഫരീദ്കോട്ട് എന്ന പട്ടണ ത്തില്‍ എത്തിപ്പെടുന്നത്. മുന്‍ രാഷ്ട്രപതി സെയില്‍സിങ്ങിന്റേയും മുന്‍ തീവ്രവാദി ബിന്ദ്രന്‍വാലെ യുടേയും ജന്മസ്ഥലം. ജനസംഖ്യയിലെ  ഭൂരിഭാഗവും സിക്കുകാരാണ്. ഇന്ത്യാ-പാക്ക് യുദ്ധം കഴിഞ്ഞിട്ട് കാലമധികം കഴിഞ്ഞിരുന്നില്ല. അതിര്‍ത്തിമേഖലയായിരുന്നതുകൊണ്ട് തോക്കുകളുടെ ലൈസന്‍സ് എളുപ്പമായിരുന്നുവെന്ന് തോന്നുന്നു. അതുകൊണ്ടാകാം, നിരത്തിലൂടെ പോകുന്ന ദീര്‍ഘകായന്മാരായ പല സര്‍ദാര്‍മാരുടേയും തോളില്‍ തോക്കുകള്‍ തൂങ്ങിക്കിടക്കുന്നത് കാണാറുണ്ട്. ചില വീടുകളുടെ ഭിത്തിയില്‍ അപ്പോഴും ചില വലിയ തുളകളുണ്ടായിരുന്നു. എന്നെ ഭയപ്പെടുത്തിയ കാഴ്ചകള്‍. പക്ഷേ, അവ ഷെല്ലുകള്‍ വീണ അടയാളങ്ങളാണെന്ന് അവര്‍ പറഞ്ഞത് വളരെ നിസ്സാരമായാണ്. മാത്രമല്ല, പല വലിപ്പത്തിലുള്ള ഇരുമ്പു ഗോളങ്ങള്‍ ചിലര്‍ തേച്ചു മിനുക്കി സ്മാരകങ്ങളാക്കി സൂക്ഷിച്ചുവച്ചിട്ടുമുണ്ട്.  അത്തരത്തിലൊന്ന് തേടിപ്പിടിച്ച് നാട്ടില്‍ കൊണ്ടുവയ്ക്കാന്‍ തോന്നാഞ്ഞതില്‍ പിന്നീട് വിഷമം തോന്നിയിട്ടുണ്ട്. എന്തായാലും യുദ്ധങ്ങളും കലാപങ്ങളിലെ ചോരച്ചൊരിച്ചിലുകളും കണ്ടു മരവിച്ചവര്‍ ഇന്നലെകളെ മറന്ന് ഇന്നുകളില്‍ മാത്രം ജീവിക്കാന്‍ ശീലിച്ചവരായിരുന്നു. 'തിന്നുക, കുടിക്കുക, ആഘോഷിക്കുക' (ഖാവോ, പീയോ, മജാ കരോ) എന്നായിരുന്നു അവരുടെ നീതിശാസ്ത്രം. പ്രതാപിയായിരുന്ന മഹാരാജാവിന്റെ ആസ്ഥാനമായിരുന്ന ഫരീദ്‌കോട്ട് അന്ന് ചെറിയൊരു പട്ടണമായിരുന്നു. ഇന്നത് ജില്ലാ തലസ്ഥാനമാണ്. പട്ടണഭാഗങ്ങള്‍ കഴിഞ്ഞാല്‍ നീണ്ടുകിടക്കുന്ന വയലുകളാണ്. ഗോതമ്പും ചോളവും സമൃദ്ധമായി വിളയുന്ന പാടങ്ങള്‍. ഹരിതവിപ്ലവത്തിന്റെ ആദ്യകാലമായിരുന്നതു കൊണ്ട് റെക്കോര്‍ഡ് വിളവുകളായിരുന്നു. കൊയ്ത്ത് കഴിഞ്ഞുള്ള ധാന്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനുള്ള വെയര്‍ഹൗസുകള്‍ കുറവായിരുന്നതുകൊണ്ട് അതു മുഴുവന്‍ ലോറികളില്‍ കൊണ്ടുവന്ന് മെയിന്‍ റോഡിന്റെ ഇരുവശങ്ങളിലും കൂമ്പാരമായി കൂട്ടുകയാണ് പതിവ്. നടുവില്‍ കഷ്ടിച്ച് ഒരു ബസിനു കടന്നുപോകാനുള്ള ഇടമേ കാണൂ. ഇതിനിടയില്‍ക്കൂടി തിങ്ങി ഞെരുങ്ങി വേണം വാഹനങ്ങള്‍ക്കും ഒട്ടകം, കുതിര തുടങ്ങിയവയ്ക്കും കടന്നുപോകാന്‍. 

ഭിത്തികളിലെ തുളകള്‍ മാത്രമല്ല എന്നെ പേടിപ്പിച്ചത്. കംപ്യൂട്ടറുകള്‍ ഇല്ലാതിരുന്ന കാലത്ത് സ്വാഭാവികമായും ഇടപാടുകള്‍ എഴുതിവയ്ക്കുകയായിരുന്നു പതിവ്. അങ്ങനെ തയ്യാറാക്കുന്ന വൗച്ചറുകളുടേയും ഇടപാടു വിവരങ്ങളുടേയും കാര്‍ബണ്‍ കോപ്പികള്‍ പിറ്റേന്ന് രാവിലെ തന്നെ ഹെഡ് ഓഫീസിലേക്ക് തപാലില്‍ അയച്ചുകൊടുക്കണമെന്നായിരുന്നു ഉത്തരവ്. അതായത് എന്തെങ്കിലും കാരണം കൊണ്ട് പെട്ടെന്ന് ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ബാങ്കിലെ രേഖകളുടെ പകര്‍പ്പുകള്‍ ഹെഡ് ഓഫീസില്‍ സുരക്ഷിതമാക്കുകയെന്നതായിരുന്നു തന്ത്രം. കംപ്യൂട്ടര്‍ യുഗത്തിലെ 'ഓഫ്സെറ്റ് ബാക്കപ്പിന്' പകരം അന്നുണ്ടായിരുന്ന സംവിധാനം. എന്തായാലും യുദ്ധമെന്നത് ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടു ശീലിച്ച തെന്നിന്ത്യക്കാരനെ വിരട്ടാന്‍ ഇതൊക്കെ ധാരാളം മതിയായിരുന്നു. 
ബാങ്കിനകത്തു മാത്രമല്ല, പട്ടണത്തിലും മാനേജര്‍ക്കു ശേഷം ഏറ്റവും പ്രതാപം പണത്തിന്റെ താക്കോലുകള്‍ സൂക്ഷിക്കുന്ന ഖജാന്‍ജിക്കായിരുന്നു. പാളസ്സാറും തലപ്പാവും മടിക്കുത്തില്‍ തൂക്കിയിട്ട താക്കോല്‍ക്കൂട്ടങ്ങളുമായി നടക്കുന്ന ഒരു പണ്ഡിറ്റ്ജിയായിരുന്നു ഞങ്ങളുടെ ഖജാന്‍ജി. ജോലിയില്‍ ചേര്‍ന്നയന്ന് പണ്ഡിറ്റ്ജി സ്ട്രോങ്ങ് റൂമിനു മുന്‍പില്‍ കൊണ്ടു വന്നു നിറുത്തി തൊഴുതോളാനാണ് കല്പിച്ചത്. ''വെടിമരുന്നിനേക്കാള്‍ വലിയ അപകടകാരിയാണ് ഇതിനകത്തിരിക്കുന്നത്, പണം!'' പണ്ഡിറ്റ്ജി പറഞ്ഞു. സ്ട്രോങ്ങ് റൂമിന്റെ ഉരുക്ക് വാതിലില്‍ ലക്ഷ്മിയുടെ പടവുമുണ്ടായിരുന്നു. 
കൊടുംചൂടിന്റെ കാലമായിരുന്നു. തെര്‍മോമീറ്ററിലെ രസം നാല്പത്തഞ്ചിനും നാല്പത്തേഴിനുമിട യില്‍ ചാഞ്ചാടിക്കൊണ്ടിരുന്നു. തണുപ്പിക്കാനായി ഓഫീസിലെ ചുമരുകളില്‍ തൂക്കിയ രാമച്ചത്തട്ടികളില്‍ വെള്ളം തളിച്ചു നിറുത്താറുണ്ടായിരുന്നു. അതായിരുന്നു അന്നത്തെ എയര്‍കണ്ടീഷണിങ്ങ് സമ്പ്രദായം. താമസസ്ഥലത്താണെങ്കില്‍ വെറും പങ്ക മാത്രം. ഒഴിവു ദിവസങ്ങളില്‍ മുറിയിലെ തറയില്‍ വെള്ളം കെട്ടിനിറുത്താന്‍ നോക്കിയപ്പോള്‍ അതില്‍നിന്നു പൊങ്ങിയത് ശുദ്ധമായ നീരാവിയായിരുന്നു. നിരത്തുവക്കില്‍ തന്നെയുള്ള വിധവയായ ഒരു വയസ്സിയുടെ മുകള്‍നിലയിലുള്ള രണ്ടു മുറികളിലൊന്നിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. അവരാണെങ്കില്‍ രാപ്പകല്‍ പരുക്കന്‍ പഞ്ചാബിയില്‍ തൊണ്ട കീറുമാറ് എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും. അതിന്റെ പൊരുള്‍ പറഞ്ഞുതന്നത് തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന, ഇലക്ട്രിക് വകുപ്പില്‍ ജോലി ചെയ്തിരുന്ന സര്‍ദാര്‍ജിയായിരുന്നു.  അവര്‍ ശപിക്കുകയായിരുന്നത്രെ, മുകളിലെ  ദൈവങ്ങള്‍ക്കു പുറമെ ഈ ഭൂമിയിലെ സമസ്ത ചരാചരങ്ങളേയും... അവരുടെ ശകാരങ്ങളില്‍ സാമാന്യം മുഴുപ്പുള്ള തെറികളുമുണ്ടായിരുന്നത്രെ.
എന്റെ ആഹാരക്കാര്യമാണെങ്കില്‍ ശരിക്കുമൊരു ദാര്‍ശനിക പ്രശ്‌നം തന്നെയായി മാറി. പരിചയപ്പെടുത്താനായി കൂടെ വന്ന സഹപ്രവര്‍ത്തകന്‍ ഞാനൊരു സസ്യാഹാരിയാണെന്ന് ഒരു ചെറുചിരിയോടെ പറഞ്ഞപ്പോള്‍ പട്ടണത്തിലെ കയറിയിരിക്കാന്‍ കൊള്ളാവുന്ന ഒരേയൊരു ധാബയിലെ സര്‍ദാര്‍ അന്തംവിട്ടുപോയത് ഓര്‍മ്മയുണ്ട്. ''വോ ക്യാ ഹേ?'' (അതെന്താ സാധനം?). അയാള്‍ ചോദിച്ചു. 'തര്‍ക്കാരി'യെന്ന് (പച്ചക്കറി) പറഞ്ഞപ്പോള്‍ അയാള്‍ തെല്ലൊരു സഹതാപത്തോടെ എന്നെ അടിമുടിയൊന്നു നോക്കി. വയറ്റില്‍ അസുഖം വരുമ്പോള്‍ മാത്രമാണ് സര്‍ദാര്‍മാര്‍ക്ക് പച്ചക്കറികള്‍ വേണ്ടിവരികയെന്ന്  പിന്നീട് മനസ്സിലായി. ഈ പ്രായത്തില്‍ ഒരു മാറാരോഗം പിടിപെട്ടുവല്ലോയെന്ന് അയാള്‍ കരുതിക്കാണണം. എന്തായാലും സഹപ്രവര്‍ത്തകന്റെ മദ്ധ്യസ്ഥതയില്‍ ഞാനും സര്‍ദാറിന്റെ കുശിനിക്കാരനും കൂടി ഒരു ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടു. ഉരുളക്കിഴങ്ങ്, തക്കാളി, കാരറ്റ് തുടങ്ങി കിട്ടാവുന്ന പച്ചക്കറികളെല്ലാം കൂടി വെട്ടിപ്പുഴുങ്ങി ചില മസാലപ്പൊടികളൊക്കെ  ചേര്‍ത്ത് കാര്യം ഒപ്പിക്കാം. രാത്രിയില്‍ പാലും പഴങ്ങളുമായിക്കോട്ടെ. കൂറ്റന്‍ പഞ്ചാബിപ്പയ്യിന്റെ  ഊറ്റമുള്ള പാല്‍. പിന്നീട് പല വിദേശയാത്രകളിലും ഇതേ ദാര്‍ശനിക വ്യഥ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പതിറ്റാണ്ടു കളോളം അമേരിക്കയില്‍ കഴിഞ്ഞുകൂടിയ സസ്യാഹാരി ശശി തരൂര്‍ ഈ പ്രശ്‌നം എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് പില്‍ക്കാലത്ത് ഞാന്‍ അതിശയിച്ചിട്ടുണ്ട്. 

ഭക്ഷണപ്രിയരായ സര്‍ദാര്‍മാരുടെ തീറ്റ ശരിക്കുമൊരു കാഴ്ചയാണ്; പ്രത്യേകിച്ചും പകലന്തി യോളം പാടത്ത് അദ്ധ്വാനിക്കുന്ന കര്‍ഷകരുടെ. രണ്ടിഞ്ചിലേറെ കനമുള്ള റൊട്ടിയെന്ന വിളിപ്പേരുള്ള ഒരു സാധനമാണ് അവര്‍ കഴിക്കുക. എണ്ണം തെറ്റിയാലും കുഴപ്പമില്ല. കുറയരുതെന്നു മാത്രം. സവാളയും പച്ചമുളകും നിര്‍ബന്ധം. ഇറച്ചി ഏതുമാകാം. പിന്നെ പാലോ ലസ്സിയോ ഒക്കെ കൂറ്റന്‍ ഗ്ലാസ്സുകളില്‍ സമയക്രമമനുസരിച്ച്. ഇതും കഴിച്ച് പാടത്തു പോയാല്‍ മണിക്കൂറുകള്‍ക്കകം അവയൊക്കെ കത്തിച്ചാമ്പലാകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അതുപോലെ തന്നെ വൈകിട്ടത്തെ വട്ടമിട്ടിരുന്നുള്ള മദ്യപാനം. അതിന്റെ രസകരമായൊരു മാതൃക കാണാനായത് ഇപ്പോഴും ഓര്‍മ്മവരുന്നു. പട്ടണത്തിന്റെ അതിരില്‍ തണല്‍പരത്തി നില്‍ക്കുന്ന ഒരു മരത്തിന്റെ താഴ്ന്ന കൊമ്പുകളില്‍ പഴങ്ങള്‍ പോലെ നാടന്‍ മദ്യത്തിന്റെ കുപ്പികള്‍ തൂക്കിയിട്ടിരിക്കും. താഴെ ഒരു നാടന്‍ ഈണവും മൂളിക്കൊണ്ട് ചടഞ്ഞിരിക്കുന്ന പയ്യനും കാണും. അവന്റെ മുന്‍പിലെ പാത്രത്തില്‍ പണമിട്ട് ആവശ്യമുള്ളത്ര കുപ്പികള്‍ പറിച്ചെടുത്തുകൊണ്ടു പോകാം. ഈ വ്യാപാരത്തില്‍ കള്ളവും ചതിയും എള്ളോളമില്ല. അല്ലെങ്കിലും നല്ലവരും സത്യസന്ധരുമാണ് സര്‍ദാര്‍മാര്‍, വഴക്കടിക്കാത്തയിടത്തോളം കാലം. നല്ല വിളവുള്ള കാലത്ത് ഒരു ലക്ഷം രൂപ കിട്ടിയാല്‍ ബന്ധുക്കള്‍ക്കിടയില്‍, അയല്‍ക്കാര്‍ക്കിടയില്‍ കാര്യമായ അടികലശലുണ്ടാകുമെന്ന് ഉറപ്പാണ്. അത് കൊലപാതകത്തിലും അവസാനിച്ചേക്കാം. (അര നൂറ്റാണ്ട് മുന്‍പത്തെ ഓര്‍മ്മകളാണ്). അരിശം വരുമ്പോള്‍ കൈമാറുന്ന നിറക്കല്ലുകള്‍ പതിച്ച, ഈണമുള്ള തെറികള്‍ കേള്‍ക്കാനും രസമാണ്...എണ്ണാനറിയാത്ത, അക്ഷരമറിയാത്ത ഗ്രാമീണര്‍ ബാങ്കില്‍ പണം കൊണ്ടുവന്നിരുന്നത് കുട്ടിച്ചാക്കുകളിലായിരുന്നു. അത് മുഴുവന്‍ കാഷ്യറുടെ മേശപ്പുറത്തു ചൊരിഞ്ഞിടും. പതിച്ച പാസ്സ് ബുക്ക് പിറ്റേന്നു കൊടുത്താല്‍ മതി. ചതിക്കില്ലെന്നു നല്ല ഉറപ്പാണവര്‍ക്ക്. ചതിച്ചാല്‍ എന്താണുണ്ടാകുകയെന്ന്  കാഷ്യര്‍ക്കുമറിയാം. 

ഡല്‍ഹിയില്‍ വെച്ച് എഴുതിത്തുടങ്ങിയ എന്റെ ആദ്യകാല നോവലായ 'നനഞ്ഞ മണ്ണിന്റെ' അവസാന ഭാഗം എഴുതുന്നത് ആ കൊടുംവേനലില്‍ മുകളിലത്തെ മുറിയിലിരുന്നാണ്. എഴുത്തിന് പിന്‍താളമായി താഴെനിന്ന് ആ വയസ്സിയുടെ തെറിവിളികളുമുണ്ടാകും. തൊട്ടടുത്ത മുറിയിലെ സര്‍ദാറിനു  വൈകിട്ട് വിശദമായൊരു കുളിയുണ്ട്. 'മോറി' എന്ന ചെല്ലപ്പേരുള്ള തുറന്ന കുളിസ്ഥലത്തെ പൈപ്പിനു താഴെ പരമശിവനെപ്പോലെ ജടയഴിച്ചിട്ട് അയാളിരിക്കും. പകലത്തെ വിയര്‍പ്പ് കഴുകിക്കളയുന്നത് കട്ടിത്തൈര് തേച്ചാണ്. അന്നേരം എഴുതിയിടത്തോളം കഥ അയാളെ പറഞ്ഞുകേള്‍പ്പിക്കണമെന്ന് നിര്‍ബ്ബന്ധമാണ്. ആ നല്ല ചങ്ങാതിയെ പിണക്കാനുള്ള മടി കാരണം ഞാന്‍ ഒരിക്കലും എഴുതാനാവാത്ത കഥകളാവും പറഞ്ഞുകൊടുക്കുക. 

നാലുവശത്തും പുഴകൊണ്ടു ചുറ്റിവരിയപ്പെട്ട പച്ചപ്പിന്റേയും കുളിര്‍മ്മയുടേയും ഗ്രാമമായ ചേന്ദമംഗലത്തിന്റെ ചിത്രം വിരിഞ്ഞുവന്നത് ആ പൊള്ളിക്കുന്ന ചൂടില്‍. അവിടെ വച്ചു തന്നെയാണ് നോവലിലെ ഒരു പ്രധാന ഭാഗമായ വെള്ളപ്പൊക്കവും എഴുതിയെന്നത് വലിയൊരു വിരോധാഭാസമാണ്. കടുത്ത വേനലില്‍ ഉള്ളിലെങ്കിലും ഒരു വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ ഒരു എഴുത്തുകാരനു മാത്രമേ കഴിയൂ. തികച്ചും വിപരീതമായ ചുറ്റുപാടുകളിലിരുന്നു അസാദ്ധ്യമായ ഒന്ന് സങ്കല്പത്തിലേക്ക് ആവാഹിച്ചുകൊണ്ടുവന്ന് അതില്‍  അഭിരമിക്കുന്നതിലൂടെ സാദ്ധ്യമാവുന്ന കുളിര്‍മ്മയും ആര്‍ദ്രതയും വിവരണങ്ങള്‍ക്കപ്പുറമാണ്. അതുതന്നെയാണ് പഞ്ചാബിലെ ആ വേനലില്‍ ഞാന്‍ അനുഭവിച്ചതും. 
വെള്ളപ്പൊക്കം അന്യമല്ലാത്തൊരു ഗ്രാമത്തില്‍  ജനിച്ചതുകൊണ്ടാവാം എന്റെ മൂന്നു നോവലു കളില്‍ അത് ശക്തമായ അനുഭവങ്ങളായി കടന്നുവരുന്നത്. 'നനഞ്ഞ മണ്ണ്', 'നിയോഗം' എന്നിവയില്‍ അവസാന ഭാഗത്താണെങ്കില്‍ മുസിരിസിനെ ഇല്ലാതാക്കിയ മഹാപ്രളയത്തെപ്പറ്റിയുള്ള ചിത്രീകരണത്തോടെയാണ് 'മറുപിറവി' തുടങ്ങുന്നത് തന്നെ. അതിനു ശക്തമായൊരു പ്രവചനസ്വഭാവമുണ്ട് താനും. പെരിയാറെന്ന ചൂര്‍ണ്ണിയിലെ ബണ്ട് പൊട്ടിയാണ് ആ പ്രളയമുണ്ടാകുന്നത്. ഇവിടെ അണക്കെട്ടുകള്‍ തുറന്നുവിട്ടുകൊണ്ടായിരുന്നുവെന്ന് മാത്രം.
 
(ഓര്‍മ്മച്ചെപ്പ്: വെള്ളപ്പൊക്കങ്ങളെപ്പറ്റി എഴുതിയെഴുതി അറം പറ്റിയതുപോലെ. അതുകൊണ്ടു ഇനി വെള്ളപ്പൊക്കത്തെപ്പറ്റി എഴുതില്ലെന്നു തീരുമാനിച്ചു കഴിഞ്ഞു.     വരള്‍ച്ചയെപ്പറ്റിയാകാം. വരാന്‍ പോകുന്നതും അതാണല്ലോ. എന്റെ ആദ്യകഥയിലെ         പ്രമേയവും അതു തന്നെയായിരുന്നു.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com