'വീഞ്ഞി'ല്‍ അടങ്ങാത്ത കടലിരമ്പങ്ങളുണ്ട്

വിപ്ലവപരമായ കലാജീവിതം പിന്‍തുടര്‍ന്നവരുടെ, വിട്ടുമാറാത്ത കുരിശുകളുടെ ഭാരം പേറല്‍ എപ്രകാരമായിരുന്നെന്ന് ഈ പുസ്തകത്തില്‍ കാണാം.
'വീഞ്ഞി'ല്‍ അടങ്ങാത്ത കടലിരമ്പങ്ങളുണ്ട്

2019-ല്‍ ഒരൊറ്റ രാത്രികൊണ്ട് ഞാന്‍ നിലത്തുവയ്ക്കാതെ വായിച്ച പുസ്തകമാണ് സി.ടി. തങ്കച്ചന്റെ 'വീഞ്ഞ്' എന്ന പുസ്തകം. വീഞ്ഞ് നോവലോ ചെറുകഥയോ ഒന്നുമല്ല. ജീവിതത്തിന്റെ നിറച്ചാര്‍ത്തുകളില്‍ വെളുപ്പും കറുപ്പും ഇഴചേര്‍ന്ന മനുഷ്യസ്വരൂപങ്ങള്‍ തങ്കച്ചനോട് എങ്ങനെ പറ്റിച്ചേര്‍ന്നു നിന്നിരുന്നു എന്ന് ഈ പുസ്തകം പറയുന്നു. വിപ്ലവപരമായ കലാജീവിതം പിന്‍തുടര്‍ന്നവരുടെ, വിട്ടുമാറാത്ത കുരിശുകളുടെ ഭാരം പേറല്‍ എപ്രകാരമായിരുന്നെന്ന് ഈ പുസ്തകത്തില്‍ കാണാം.

എണ്‍പതുകളുടെ കാലഘട്ടത്തില്‍ തങ്കച്ചനുമായി വേര്‍പിരിയാനാകാത്ത ബന്ധം സ്ഥാപിച്ചവരെക്കുറിച്ച് ഈ ഓര്‍മ്മപ്പുസ്തകത്തില്‍ രേഖപ്പെടുത്തുമ്പോള്‍ എം. ഗോവിന്ദന്‍, എം.വി. ദേവന്‍, കാക്കനാടന്‍, മാധവിക്കുട്ടി, ജോണ്‍ എബ്രാഹം, സി.എന്‍. കരുണാകരന്‍, ജയപാലപ്പണിക്കര്‍, ടി.ആര്‍.ജി. അരവിന്ദന്‍, എ.എന്‍. ദിനേശ് ബാബു, എ. അയ്യന്‍, ജോര്‍ജ് ജോണ്‍, ചിക്കു, സ്റ്റെല്ലാ രാജന്‍, മോളി കണ്ണമാലി, ഉമ്പായി, ചിന്ത രവി, അശാന്തന്‍ അടുത്തകാലത്ത് അന്തരിച്ച 'പെരുന്തച്ചന്‍' എന്ന സിനിമയുടെ സംവിധായകന്‍ അജയന്‍, ഹിന്ദി നടന്‍ ഓംപുരി തുടങ്ങിയവരുടെ ജീവിതത്തെ തങ്കച്ചന്‍ എത്രമാത്രം സ്പര്‍ശിച്ചു- തങ്കച്ചനെ അവര്‍ എത്രമാത്രം സ്പര്‍ശിച്ചു എന്ന അറിവ് നമ്മെ വിസ്മയപ്പെടുത്തും. മദ്യത്തിന്റെ ലഹരിയില്‍ ആറാടിയവര്‍ മാത്രമല്ല, കലയ്ക്കായി കലാപമുയര്‍ത്തി ജീവിതം എറിഞ്ഞുകളഞ്ഞവരേയും ഈ പുസ്തകവായനയിലൂടെ നമുക്കു കാണാം.
തങ്കച്ചനെ ഞാന്‍ എന്നാണ് കണ്ടുമുട്ടിയത്?

അവനെ ഞാന്‍ അന്നും ഇന്നും എങ്ങനെ മനസ്സില്‍ കുടിപ്പാര്‍പ്പിച്ചിരിക്കുന്നു എന്നു ചിന്തിക്കുമ്പോള്‍ വിസ്മയത്തിന്റേയും ഒരു മഹാനദി തുഴയുകയാണ് ഞാന്‍ ഓരോ നിമിഷവും. എന്റെ കുടുംബവുമായുള്ള ബന്ധത്തിന്റെ, എന്റെ എഴുത്തുകാലഘട്ടത്തിലെഴുതിയ കൂട്ടുകാരുമായുള്ള ബന്ധത്തിന്റേയും പരിച്ഛേദം തന്നെ അവനിലുണ്ട്. വെറും ഒരു ഫെയ്സ്ബുക്ക് എഴുത്തുകാരനല്ല സി.ടി. തങ്കച്ചന്‍. അതിനുമപ്പുറത്ത് അവന്‍ ആരാണ്?
അവന്റെ ജീവിതമെന്താണ്?

83-ലെ ഒരു കലാപീഠം സന്ധ്യയിലാണ് ഞാന്‍ തങ്കച്ചനെ ആദ്യമായി കാണുന്നത്. അക്കാലങ്ങളില്‍ കലാപീഠത്തിലെ സജീവസാന്നിധ്യം അനുഭവിച്ചവരില്‍ പലരും ഇന്നു പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയവരും; ചിലരാകട്ടെ, ഒന്നും അവശേഷിപ്പിക്കാതെ ഭൂമിയില്‍ നിന്നും കടന്നുപോയവരുമായി മാറി.

ഏതു ദുരിതസാഹചര്യത്തില്‍ ജനിച്ചാലും ജീവിതത്തെ ശുഭാപ്തിയോടെ കാണുന്ന ഒരു കൂട്ടുകാരനെ തങ്കച്ചന്‍ എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഞാനും അവനും പത്താംക്ലാസ്സു വരെയേ പഠിച്ചിട്ടുള്ളൂ. അക്കാദമിക് കോളിഫിക്കേഷന്‍ ഒട്ടുമില്ലാത്ത രണ്ടു ദരിദ്രനാരായണന്മാര്‍. ഒരു ചിങ്ങന്‍പഴം കഴിച്ച് മൂന്നു ദിനത്തെ ആഘോഷമാക്കാന്‍ കഴിഞ്ഞവന്‍ ഞാന്‍. തങ്കച്ചനും വിശപ്പിന്റെ കാര്യത്തില്‍ അങ്ങനെയൊക്കെത്തന്നെയായിരുന്നു. ദാരിദ്ര്യത്തിന്റെ തൊട്ടിലില്‍ ചാഞ്ചാടി ജീവിച്ചു സുഖമായി ഉറങ്ങിയ രണ്ടുപേര്‍. കലാപീഠത്തില്‍ നിന്നാണ് ഞങ്ങളുടെയൊക്കെ കലാജീവിതം ആരംഭിക്കുന്നതും പല നല്ല സൗഹൃദങ്ങള്‍ ഞങ്ങള്‍ക്കുണ്ടായതും. പി.എഫ്. മാത്യൂസ്, ജോസഫ് മരിയന്‍, തോമസ് ജോസഫ്, സോക്രട്ടീസ് വാലത്ത്, ചന്ദ്രദാസന്‍, മധുപാല്‍ (കോമ്പാറ കോക്കസ് എന്ന സാഹിത്യ അധോലോകം) ഇവരൊക്കെ കൊച്ചിയുടെ സാഹിത്യത്തറവാട്ടില്‍നിന്നു മുളച്ചുവന്നവരാണ്. തങ്കച്ചന് അന്ന് കാര്യമായി എഴുത്തില്ലെങ്കിലും അവന്‍ അന്നേ നല്ല ആസ്വാദകനും വിമര്‍ശകനും ആയിരുന്നു.

ആത്മധൈര്യം പകര്‍ന്ന അമ്മ
ചിത്രകാരനായ കലാധരന്‍ എന്ന കോ-ഓര്‍ഡിനേറ്റര്‍, ലോകത്തുള്ള എല്ലാ കലാകാരരേയും കൊച്ചിയിലെ കലാപീഠത്തില്‍ എത്തിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പല മഹാപ്രതിഭകളേയും കാണുവാനിടയായി. അവര്‍ പങ്കെടുത്ത സന്ധ്യകള്‍ ഞങ്ങളുടേതു കൂടിയായിരുന്നു. മുരളി സിനിമാ നടനാകും മുന്‍പ് നാടകനടനായി ഞങ്ങള്‍ കാണുന്നത് കലാപീഠത്തില്‍ വച്ചാണ്. 'വെയിറ്റിംഗ് ഫോര്‍ ഗോദൊ' എന്ന നാടകത്തില്‍ മുരളി അഭിനയത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക് കയറിയത്; ഞാനും തങ്കച്ചനും ഒരുമിച്ചിരുന്നു കണ്ടു.

സിടി തങ്കച്ചന്‍
സിടി തങ്കച്ചന്‍

ഞാനും പി.എഫ്. മാത്യൂസും തോമസ് ജോസഫും വിജയലക്ഷ്മിയും ഒന്നിക്കുന്ന കലാസന്ധ്യ. അന്ന് വിജയലക്ഷ്മി വായിച്ച കഥ ഇപ്പോഴും ഓര്‍ക്കുന്നു. 'റുപ്പീസ് തേര്‍ട്ടിഫൈവിന്റെ സാരികള്‍ക്കിടയില്‍'.' പി.എഫിന്റെ കഥയേയും വിജയലക്ഷ്മിയുടെ കഥയേയുമാണ് ടി. പത്മനാഭന്‍ അന്ന് ഏറെ അഭിനന്ദിച്ചത്. പില്‍ക്കാലത്ത് പി.എഫിന്റെ ആദ്യ നോവല്‍ 'ചാവുനിലം' ഞാനും തങ്കച്ചനും കൂടിയാണ് തിരുവനന്തപുരത്ത് കലാകൗമുദിയില്‍ ജയചന്ദ്രന്‍സാറിന്റെ കയ്യില്‍ കൊണ്ടുപോയി കൊടുത്തത്. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയാണ് തങ്കച്ചന്റെ ജനനം ഈ ഭൂമിയില്‍ എന്നു തോന്നിപ്പോകും അവന്റെ ഓരോ ഇടപെടലും കാണുമ്പോള്‍.

കലാപീഠത്തിലെത്തിയ തങ്കച്ചന്‍ പിന്നെപ്പിന്നെ ഞങ്ങളുടെ വീടുകളിലേക്കു നടപ്പു തുടങ്ങി. 'വീഞ്ഞ്' എന്ന പുസ്തകത്തില്‍ തങ്കച്ചനെഴുതിയ വ്യക്തിജീവിതങ്ങളൊക്കെ കലാപീഠത്തില്‍നിന്നു സമ്പാദിച്ചതു തന്നെയാണ്. ഞങ്ങളെക്കൂടാതെ സി.എന്‍. കരുണാകരന്‍, ദിനേശന്‍, ടി.ആര്‍, ജോര്‍ജ്, ചിക്കു, സത്യന്‍, അയ്യന്‍ തുടങ്ങിയവരുടെ വലയത്തിനകത്തായി അക്കാലങ്ങളില്‍ തങ്കച്ചന്‍. അന്നൊക്കെ തങ്കച്ചന്‍ ഒട്ടുമിക്ക കവികളുടേയും കവിത നന്നായി ചൊല്ലുമായിരുന്നു. കൂടാതെ നാടന്‍ പാട്ടുകളും. പുലയ-ആദിവാസി നാടന്‍ പാട്ടുകള്‍ ഞാന്‍ കേള്‍ക്കുന്നത് തങ്കച്ചന്റെ സ്വരത്തിലും ഈണത്തിലൂടെയുമാണ്. ചവിട്ടുനാടകത്തിന്റെ കവിത്വവും ലത്തീന്‍ കത്തോലിക്കന്റെ ആചാരാനുഷ്ഠാനമായ 'ദേവാസ് വിളി'യുടെ ഈണവും അവന്‍ ഞങ്ങളുടെ കാതുകളില്‍ നിറച്ചു.
തങ്കച്ചന്‍ ഒന്നിനെക്കുറിച്ചും വിചാരപ്പെടാത്ത മനുഷ്യനാണെന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തുന്നത് അവന്‍ കൊല്‍ക്കത്ത ഫിലിംഫെസ്റ്റിവലില്‍ പോയതാണ്. അവന്‍ പറഞ്ഞതിങ്ങനെ:
''വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പോക്കറ്റില്‍ ആകെയുള്ളത് അന്‍പതു പൈസയുടെ നാണയം. ആ തുട്ടിന്റെ ഉറപ്പും ധൈര്യവുമായിരുന്നു പോകാനുള്ള ആത്മധൈര്യം.''
തങ്കച്ചനു ജീവിക്കാനുള്ള ആത്മധൈര്യം പകര്‍ന്നുകൊടുത്തത് അവന്റെ അമ്മ തേത്തോ തന്നെയായിരുന്നു.
ജീവിതത്തെ പച്ചയ്ക്കു നേരിട്ട ഒരു സ്ത്രീ. പുരുഷന്റെ വാക്കുകളില്‍ കുടുങ്ങി ചതിയുടെ കാണാക്കയത്തിലേക്കു വീണുപോയ ഒരു പെണ്ണിന്റെ വയറ്റില്‍ തങ്കച്ചന്‍ രൂപമെടുത്തപ്പോള്‍ പള്ളി അവളെ വിലക്കി.
പ്രായശ്ചിത്തമായി വിശ്വാസികള്‍ക്കു നടുവില്‍ മുട്ടുകുത്തി കുരിശുംപിടിച്ച് അവര്‍ അപമാനിക്കപ്പെട്ടു. ഗര്‍ഭപാത്രത്തില്‍ കിടന്ന് അന്നവന്‍ കരയാതെ കരഞ്ഞിട്ടുണ്ടാകണം.
കോവിലകത്തെ ഏതോ രാജപ്രഭ അമ്മയ്ക്ക് സമ്മാനിച്ച ഗര്‍ഭത്തെ അവന്‍ വിശേഷിപ്പിച്ചതിങ്ങനെ: ''എവിടെയോ തന്തയുണ്ടായിട്ടും തന്തയില്ലാതെ ജീവിച്ചവനാണ് ജോര്‍ജേ ഞാന്‍. ഞാന്‍ വലുതായപ്പോള്‍, കാര്യപ്രാപ്തിയോടെ വികാരങ്ങളെയൊക്കെ നിയന്ത്രിക്കാനുള്ള സംയമനമുണ്ടായപ്പോള്‍, ഒരു ദിവസം അമ്മ അച്ഛനെ വെളിപ്പെടുത്തി. അയാള്‍ മരിക്കും മുന്‍പ് മോന്‍ ഒന്നു പോയി കണ്ടോളാന്‍ പറഞ്ഞു.''

എത്ര ലാഘവത്തോടെയാണ് അവനിതൊക്കെ പറയുന്നത്. കടല്‍ അലറുമ്പോഴും ശാന്തമായി തിരകാത്ത് തീരത്ത് നില്‍ക്കുന്നൊരാള്‍. അവന്‍ തുടര്‍ന്നു: 
''പെരുമ്പാവൂരില്‍ സര്‍വ്വശ്രേഷ്ഠപ്രൗഢിയോടെ കുടുംബമായി ജീവിക്കുന്ന അദ്ദേഹത്തെ മധുരപ്രതികാരമായി നേരിട്ടു പോയി കണ്ട്, പള്ളുരുത്തിയിലെ തേത്തോന്റെ മകനാണെന്നു പറഞ്ഞ്, സമാധാനത്തോടെ തിരിച്ചുപോന്ന് രാജകിരീടവും തലയില്‍ ചൂടി ഞാന്‍ നടന്നു.''
അവന്‍ പിന്നീട്, സ്വകാര്യം എന്ന നിലയില്‍ എന്റെ ചെവിയില്‍ പറഞ്ഞു:
''ഞാനൊരു രാജ്യമില്ലാത്ത രാജകുമാരനാ ജോര്‍ജേ...''
ഞാന്‍ അവനോട് ചോദിച്ചു:
''തള്ളയെ ചതിച്ചവനെ നേരിട്ടു കണ്ടപ്പോള്‍ കുത്തിമലര്‍ത്താമായിരുന്നില്ലേ നിനക്ക്...?''
അവന്‍ പുച്ഛം നിറഞ്ഞ് പരിഹാസത്തോടെ പറഞ്ഞു: ''ഒന്നുമില്ലേലും അച്ഛനൊരു റോയല്‍ ബ്ലഡ്ഡല്ലേ ജോര്‍ജേ... എന്തായാലും മരിക്കും മുന്‍പ് അമ്മ അതു വെളിപ്പെടുത്തി തന്നല്ലോ? എനിക്കാരോടും ഒരു പ്രതികാരവുമില്ല.''
അതാണ് തങ്കച്ചന്‍.
അവനുവേണ്ടി അമ്മയേറ്റ നിന്ദകള്‍... പരിഹാസങ്ങള്‍... ക്രൈസ്തവ വിശ്വാസസമൂഹത്തിനു മുന്‍പില്‍, മുട്ടിന്‍മേല്‍നിന്ന് പള്ളിനടുവില്‍ കറുത്ത കുരിശും പിടിച്ച് പ്രായശ്ചിത്തമായി കണ്ട കുര്‍ബ്ബാനകള്‍... '
ഏത് അമ്മയ്ക്കാടോ അത് സഹിക്കാനാകുക. അതും ജനമധ്യത്തില്‍...?'' അവന്‍ കരയുമെന്ന് ഞാന്‍ കരുതി. അപ്പോഴും അവന്റെ മുഖത്ത് ചിരിയായിരുന്നു. ലോകത്തെ ജയിച്ച ചിരി...
എന്റെ ഭാര്യ ലൗലിക്ക് ഞങ്ങളുടെ കൂട്ടുകാരില്‍ ഏറ്റവും പ്രിയന്‍ തങ്കച്ചനായിരുന്നു. യാതൊരു കലര്‍പ്പുമില്ലാത്ത ഒരു പച്ചമനുഷ്യന്‍ എന്നാണ് അവള്‍ തങ്കച്ചനെ വിശേഷിപ്പിച്ചത്. എന്റെ മക്കള്‍ക്കും അവന്‍ പ്രിയപ്പെട്ട തങ്കച്ചനങ്കിളാണ്.

അപ്പു കുഞ്ഞായിരിക്കുമ്പോള്‍ അവനെ മടിയില്‍ വച്ച് തങ്കച്ചന്‍ കുഞ്ഞുണ്ണിക്കവിതകളും നാടന്‍പാട്ടുകളും അവന്റെ കാതില്‍ ചൊല്ലി. ജോലിയില്ലാതെ തെണ്ടിനടന്നപ്പോള്‍ തങ്കച്ചന് ഫാല്‍ക്കണ്‍ ലോഡ്ജില്‍ ജോലി വാങ്ങിക്കൊടുത്തത് ഞാനാണ്. വൈറ്റ് ഫോര്‍ട്ട് ഹോട്ടലിലെ അക്കൗണ്ടന്റായ ഞങ്ങളുടെയൊക്കെ പ്രിയ മിത്രം ചന്ദ്രമോഹനാണ് അതിനു മുഖാന്തരമായത്. ഞാന്‍ ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തി, ഒരു ദിവസം അപ്പു തങ്കച്ചനങ്കിളിനെ കാണണമെന്ന് പറഞ്ഞ് വാശിപിടിച്ചപ്പോള്‍ ഞാനവനെ ഫാല്‍ക്കണ്‍ ലോഡ്ജില്‍ കൊണ്ടുപോയി. തങ്കച്ചന്റെ കൂട്ടുകാര്‍ കൊണ്ടുവന്ന റമ്മിന്റെ ചുറ്റും അവന്‍ കുടിയുടെ തമ്പുരാനായി ഇരിക്കുമ്പോഴാണ് ഞാനും അപ്പുവും കടന്നുചെന്നത്. തങ്കച്ചനും കൂട്ടുകാരും കുടിക്കുന്ന കട്ടന്‍ചായ (റമ്മ്) അവനും വേണമെന്ന് പറഞ്ഞപ്പോള്‍ അന്നു തങ്കച്ചന്‍ പെട്ട പാട് ഇന്നും മനസ്സിലുണ്ട്. അപ്പു പഠിച്ച് എന്‍ജിനീയര്‍ ആയപ്പോള്‍ വല്ലാര്‍പാടം എല്‍.എന്‍.ജിയില്‍ അവനെ ജോലിക്കു കയറ്റാനായി സി.ഡി. തോമസും തങ്കച്ചനും ഒരു മന്ത്രിയുടെ വീട്ടില്‍ കാല്തേഞ്ഞു നടന്നത് അപ്പുവിനു വേണ്ടിയിട്ടായിരുന്നെങ്കിലും അന്നത് നടന്നില്ല. ആ ഒരു സങ്കടം അപ്പു മണലാരണ്യത്തില്‍ 55 ഡിഗ്രി കൊടുംചൂടില്‍ ജോലി ചെയ്യുമ്പോള്‍ അവനുണ്ടായിരുന്നു. എങ്കിലും ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍ കിടന്നിരുന്ന ഞങ്ങള്‍ക്ക് അപ്പു നാലുവര്‍ഷം കൊണ്ട് ഒരു നല്ല വീട് പണിതു തന്നപ്പോള്‍ ആ വീട്ടില്‍ വന്ന് തങ്കച്ചന്‍ പറഞ്ഞു: ''നന്നായി. കത്തുന്ന തീയില്‍നിന്ന് അവന്‍ പോരാടി ജീവിക്കാന്‍ പഠിച്ചല്ലോ? എന്നും അവന്‍ എനിക്കും തനിക്കും എല്ലാവര്‍ക്കും നല്ല മാതൃകയാണ്. കാര്യപ്രാപ്തിയുള്ള ചെക്കന്‍...''
തങ്കച്ചന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് നന്മമാത്രം വിളമ്പിക്കൊടുക്കുന്നവനാണ് അവന്‍. 'വീട്ടിലെ ഊണ്' എന്ന ഒരു ഹോട്ടല്‍ അവനുണ്ടാക്കി. കുഞ്ഞുമോളും അവനുംകൂടി ഉണ്ടാക്കുന്ന നാടന്‍ ഊണ് കഴിക്കാന്‍ പരിസരത്തും ദൂരെയും നിന്ന് പല നിലയിലുള്ള ആളുകളെത്തി ഉച്ചയൂണിനായി അവന്റെ വീട്ടില്‍. കുറഞ്ഞ കാശില്‍ ഇത്ര നല്ല ഊണ് മറ്റൊരിടത്തും കിട്ടില്ലയെന്ന് കഴിച്ചവര്‍ സാക്ഷ്യപ്പെടുത്തി. ഒരുനാള്‍ ഞാനും ലൗലിയും കൂടി ഒരുച്ചയ്ക്ക് ചെന്ന് ഊണു കഴിച്ചിട്ട് അവള്‍ അവനോടു പറഞ്ഞു:
''തങ്കച്ചാ ഈ ഊണിന് ഇത്രയും രൂപാ മേടിച്ചാല്‍ പോരാ...'' അവന്റെ മറുപടി ഇതായിരുന്നു: ''വിശപ്പിന് ന്യായമായ കാശേ വാങ്ങാന്‍ പാടുള്ളു ലൗവ്ലീ...''
അവന്‍ മനുഷ്യനെ സ്‌നേഹിക്കുന്നത് അത്ഭുതത്തോടെ ഞങ്ങള്‍ നോക്കിനിന്നു. ആരുടേയും പ്രശംസയ്ക്കവന്‍ കാത്തുനില്‍ക്കുന്നില്ല. ആരുടേയും എന്തു പ്രശ്‌നത്തിനും അവന്‍ മുന്നിലുണ്ട്. ഫ്രാങ്കോ-കന്യാസ്ത്രീ പ്രശ്‌നം വന്നപ്പോള്‍ വട്ടോളിയച്ചനോടൊപ്പം നിന്ന് ചുക്കാന്‍ പിടിച്ച് അതൊരു ഗംഭീര സംഭവമാക്കി തീര്‍ത്തു ജനമധ്യത്തില്‍. അതോടെ ഫ്രാങ്കോ അകത്തായി.

തോമസ് ജോസഫ് രോഗബാധിതനായി ആശുപത്രിയില്‍ നിരാലംബനായി കിടന്നപ്പോള്‍ (ഇപ്പോഴും കിടക്കുന്നു, ഇതെഴുതുമ്പോള്‍ 4 മാസമായി) അവന്റെ കാര്യത്തിനായി പലരോടൊപ്പം മുന്നിട്ടിറങ്ങി, സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂരിനെക്കൊണ്ട് പെണ്‍നടന്‍ എന്ന നാടകം ധനശേഖരണാര്‍ത്ഥം കളിപ്പിച്ച് നല്ലൊരു ഫണ്ടുണ്ടാക്കി കൊടുത്തു തോമസിന്റെ കുടുംബത്തിന്.
എന്തായാലും വായനപ്പുര പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം തങ്കച്ചന്റെ അനുഭവങ്ങളുടെ പരിച്ഛേദമാണ്. കത്തുന്ന ജീവിതത്തിന്റെ അഗ്‌നിശോഭകളിലൂടെ ഈയലുകളായി കടന്നുപോയവര്‍ ഇതിലുണ്ട്. ഞാന്‍ ഒരു വെറും വായനക്കാരന്‍ മാത്രം. വീഞ്ഞ് എന്ന പുസ്തകത്തിന് അവതാരിക എഴുതാന്‍ എനിക്കുതന്നെ തങ്കച്ചന്‍ അവസരം തന്നു. അതില്‍ എനിക്ക് സന്തോഷമുണ്ട്.

കഴിഞ്ഞ ദിവസം ഞങ്ങളുടെ ആത്മമിത്രവും കഥാകൃത്തുമായ (ഇപ്പോള്‍ കഥകള്‍ എഴുതുന്നില്ല) ജോസഫ് മരിയന്‍ പറഞ്ഞു:
''അവന്റെ പുസ്തകത്തിന്റെ പേരു കൊള്ളാം. 'വീഞ്ഞ്'. വീഞ്ഞില്‍ എന്തും ചേര്‍ക്കാം. പക്ഷേ, വീഞ്ഞില്‍ വെള്ളം ചേര്‍ത്താല്‍ കൊള്ളില്ല. തങ്കച്ചന്‍ എന്ന വീഞ്ഞില്‍ എല്ലാം ചേരും. പക്ഷേ, ജീവിതത്തില്‍ വെള്ളം ചേര്‍ക്കാത്ത ഒരു മനുഷ്യനുണ്ടെങ്കില്‍ ആ മനുഷ്യന്‍ അവന്‍ തന്നെ.''
ഓരോ കലാകാരന്റെ മനസ്സിലും അടങ്ങാത്ത കടലിരമ്പങ്ങളുണ്ട്. അതു കാതോര്‍ത്ത് എഴുതാന്‍ ചിലരെ ഭൂമിയില്‍ ദൈവം ഏല്പിക്കും. ആ ഭാഗ്യം തങ്കച്ചനും ലഭിച്ചു എന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. മനോഹരമായ ഈ പുസ്തകത്തിലെ ഓരോ വ്യക്തികളുടേയും കാരിക്കേച്ചര്‍ വരച്ചിരിക്കുന്നത് എണ്‍പതുകളില്‍ കലാപീഠത്തില്‍ നിറസാന്നിധ്യമായിരുന്ന ആര്‍ട്ടിസ്റ്റ് വി.കെ. ശങ്കരനാണ്. ഈ പുസ്തകത്തിന്റെ കവര്‍ഡിസൈന്‍ ഒരുക്കിയതാകട്ടെ, സുധിഅന്നയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com