അഴീക്കോട് കേരളത്തിനൊരു സാംസ്‌കാരിക 'കോഡ്': താഹ മാടായി എഴുതുന്നു

ആശയങ്ങളുടെ ചില അഴിയാക്കുരുക്കുകള്‍ അഴിച്ചെടുത്ത്, വിടര്‍ത്തി, വെളിപ്പെടുത്തി അവരവരിലും അന്യരിലും ആത്മവിദ്യാലയം തേടിയിറങ്ങിയ ഒരുപാടു മഹാന്മാരുടെ ഗ്രാമമാണ്, അഴീക്കോട്.
ചിറക്കല്‍ രാജാസ് സ്‌കൂള്‍
ചിറക്കല്‍ രാജാസ് സ്‌കൂള്‍

ഴീക്കോട് ഒരു 'കോഡ്' ആണ്. ആശയങ്ങളുടെ ചില അഴിയാക്കുരുക്കുകള്‍ അഴിച്ചെടുത്ത്, വിടര്‍ത്തി, വെളിപ്പെടുത്തി അവരവരിലും അന്യരിലും ആത്മവിദ്യാലയം തേടിയിറങ്ങിയ ഒരുപാടു മഹാന്മാരുടെ ഗ്രാമമാണ്, അഴീക്കോട്. ആ വ്യക്തികളില്‍ പലരും പിന്നീട് ആശയ സുവ്യക്തത വരുത്തുന്ന ഒരു 'കോഡ്' ആയി മാറുന്നുവെന്നത് ചരിത്രം. അറക്കല്‍ ചിറക്കല്‍ പുരാവൃത്തം, അന്ന് നിലവിലുണ്ടായിരുന്ന നാട്ടു സമ്പ്രദായങ്ങളുടെ വൃത്ത ലംഘനമാണ്. അതായത്, മലബാറില്‍ പുതിയൊരു വംശാവലിയുടെ ചന്ദ്രപ്പിറവി. ഒരു മഹാ കാലത്തിന്റെ അക്കരയും ഇക്കരയുമായി കാലം വിഭജിച്ചു കിടക്കുന്നത് കണ്ണൂരിലെ എടുപ്പുകളിലും ഉടുപ്പുകളിലും കാണാം. കണ്ണൂര്‍ കേരളത്തിലേയ്ക്ക് കീറിയ അനേകം തെളിനീര്‍ ചാലുകളില്‍, പ്രധാനപ്പെട്ട ഒരിടമായി അഴീക്കോട് എന്ന ഗ്രാമമുണ്ട്. സുകുമാര്‍ അഴീക്കോട് തന്റെ ജുബ്ബയുടെ കുടുക്ക് പോലെ ആ ഗ്രാമത്തിന്റെ പേരും തുന്നിച്ചേര്‍ത്തു. അഴീക്കോടിനൊപ്പം ആ ഗ്രാമം മലയാളികള്‍ക്കിടയില്‍ എന്നും മുഴങ്ങുന്ന ശബ്ദമായി.
മഹാപണ്ഡിതനായ ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍ സാഹിത്യത്തെ സംബന്ധിക്കുന്ന ഒരു ചോദ്യത്തിനു നല്‍കിയ മറുപടി, അഴീക്കോട്ടുകാരനായ ഒരാള്‍ ഈ യാത്രക്കിടയില്‍ പറഞ്ഞു:

ഒരു സ്‌കൂളില്‍ സാഹിത്യസമാജം ഉദ്ഘാടനം ചെയ്യാന്‍ പോയതായിരുന്നു, ചിറക്കല്‍ ടി. പരിപാടി കഴിഞ്ഞപ്പോള്‍ ഒരു കുട്ടി എണീറ്റ് വന്ന് വളരെ ആദരവോടെ ചിറക്കല്‍ ടി.യോട് ചോദിച്ചു: എന്താണ് സാഹിത്യം?

ഒരുപാടു സാഹിത്യമീമാംസകര്‍ പലവിധത്തില്‍ പല കാലങ്ങളില്‍ പറഞ്ഞ മറുപടിയൊന്നും ചിറക്കല്‍ ടി. അറിയാമായിരുന്നിട്ടും അവിടെ ആവര്‍ത്തിച്ചില്ല. വളരെ ലളിതമായ ഒരു ഉദാഹരണം പറഞ്ഞു: ഒരാളുടെ ഭാര്യയുടെ പേര് 'ദാക്ഷായണി' എന്നാണ്. ഭര്‍ത്താവ് സ്‌നേഹത്തോടെ അവരെ 'ദാക്ഷായണി' എന്നുതന്നെ വിളിക്കുന്നു. അങ്ങനെ വിളിക്കുന്നതില്‍ തെറ്റുമില്ല. എന്നാല്‍, ഭര്‍ത്താവ് അവരെ 'ദച്ചൂട്ടി' എന്നു വിളിച്ചാല്‍ വിളിക്കുന്നയാള്‍ക്കും വിളി കേള്‍ക്കുന്നയാള്‍ക്കും സന്തോഷം. 'ദച്ചൂട്ടി' എന്ന ആ വിളിയാണ് സാഹിത്യം.

ഏറെ വ്യാഖ്യാനിക്കാവുന്ന പല മീമാംസകളും അവയുടെ ഉള്ളിലൂടെ കടന്നു സരളമായി വ്യാഖ്യാനിച്ച് സമൂഹത്തിന്റെ പൊതുവായ മാറ്റത്തിനു ഗുണകരമാവും വിധം അവതരിപ്പിച്ചു എന്നതാണ് അഴീക്കോടുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പൊതുവായ രീതി. വാഗ്ഭടാനന്ദ ഗുരുവാണ് ആ ഗ്രാമത്തിലേയ്ക്ക് പ്രകാശം കടത്തിവിട്ട തുറന്ന വാക്കുകളുടെ ആദ്യ ആത്മീയ ഗുരു. ആത്മീയത സ്തംഭിച്ചുനില്‍ക്കുന്ന ഒരു നിശ്ചലതയല്ല, സ്വയം അലിയുന്ന അറിവാണ് എന്ന് അദ്ദേഹം പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.

ഡോ എഎസ് പ്രശാന്ത് കുമാര്‍
ഡോ എഎസ് പ്രശാന്ത് കുമാര്‍

ദുരാചാരങ്ങള്‍ക്കെതിരെ സംസാരിച്ചതിന് ഏറെ മര്‍ദ്ദനമേറ്റിരുന്നു, വാഗ്ഭടാനന്ദ സ്വാമിക്ക്. എഴുത്തുകാരന്‍ അല്ല, പ്രഭാഷകന്‍ ആയിരുന്നു വാഗ്ഭടാനന്ദ ഗുരു. ആ ഗുരുവിന് അനേകം ശിഷ്യരുണ്ടായത് അഴീക്കോട് ഗ്രാമത്തിലാണ്. ഇന്ന് ഓര്‍മ്മകളില്‍ പുനരാനയിക്കേണ്ട പ്രധാനപ്പെട്ട ഒരു പേര് വാഗ്ഭടാനന്ദ ഗുരുവിന്റെയാണ്. തുല്യത, പ്രബുദ്ധത, വിദ്യാഭ്യാസം ഈ ആശയങ്ങള്‍ അദ്ദേഹം ഉച്ചരിക്കുന്ന വാക്കുകളിലൊക്കെ ഉറപ്പിച്ചുതന്നെ നിര്‍ത്തി. വാഗ്ഭടാനന്ദന്‍ ജന്മംകൊണ്ട് പാട്യം സ്വദേശിയാണ്. തലശ്ശേരിക്കും കൂത്തുപ്പറമ്പിനുമിടയിലുള്ള പാട്യം, ഇടതുപക്ഷത്തിന്റെ മുഴങ്ങുന്ന ശബ്ദങ്ങളില്‍ ഒന്നായിത്തീര്‍ന്ന പാട്യം ഗോപാലന്റെ നാട്കൂടിയാണ്. ആത്മീയതയ്ക്കും രാഷ്ട്രീയത്തിനുമിടയില്‍ പാട്യം എന്ന ഗ്രാമം ഒരു പാലംപോലെ നിലകൊണ്ടു. പാട്യത്ത് നിന്ന് അഴീക്കോട് വരെ പടര്‍ന്ന ആശയങ്ങള്‍, മലബാറില്‍ കാലഹരണപ്പെട്ട പല ചിന്താധാരകളേയും ആചാരങ്ങളേയും ദൂരെ എടുത്തെറിഞ്ഞു. പാട്യത്തുകാരനായ വാഗ്ഭടാനന്ദന്റെ ശബ്ദം മനസ്സില്‍ സംഭരിച്ചുവെച്ചവരില്‍ പ്രധാനപ്പെട്ടവര്‍ അഴീക്കോടുകാരാണ്. എം.ടി. കുമാരന്‍, സ്വാമി ബ്രഹ്മവ്രതന്‍, സുകുമാര്‍ അഴീക്കോട് എന്നിവര്‍ വാഗ്ഭടാനന്ദന്റെ വാക്കിന്‍ തുമ്പു പിടിച്ചാണ് ഇവരൊക്കെ വാഗ്മികളായി വരുന്നത്. 

എംടി മനോജ്
എംടി മനോജ്

''ഉണരുവിന്‍, അഖിലേശനെ സ്മരിപ്പിന്‍ 
ക്ഷണമെഴുന്നേല്പിന്‍, അനീതിയോടെതിര്‍പ്പിന്‍'' 
എന്ന വാഗ്ഭടാനന്ദ വരികള്‍ ആ കാലഘട്ടത്തിലെ വേദികളില്‍ ഏറെ ഉച്ചരിക്കപ്പെട്ട വാക്കുകളായി. അത് ആത്മീയതയോടൊപ്പം പത്രപ്രവര്‍ത്തനവും തന്റെ പോരാട്ടത്തിന്റെ വഴിയായി സ്വീകരിച്ച ഒരാളുടെ പടച്ചട്ടപോലെയുള്ള വാക്കുകളാണ്. ബ്രഹ്മാനന്ദ സ്വാമിയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയ 'ശിവയോഗി വിലാസ'ത്തിന്റെ പത്രാധിപര്‍ വാഗ്ഭടാനന്ദന്‍ ആയിരുന്നു. 1917-ല്‍ 'ആത്മവിദ്യാസംഘം' രൂപവല്‍ക്കരിച്ചപ്പോള്‍ മുഖപത്രമായി 'അഭിനവ കേരളം' തുടങ്ങി. മേലുദ്ധരിച്ച പ്രശസ്തമായ വരികള്‍ 'അഭിനവ കേരള'ത്തിന്റെ മുഖവാചകമായിരുന്നു. പ്രഭാഷകന്‍, പത്രാധിപര്‍, ആത്മീയ ഗുരു ഇങ്ങനെയെല്ലാമായിരുന്നു വാഗ്ഭടാനന്ദന്‍. പിന്നീട് ഇന്ത്യയിലും കേരളത്തിലും രോഗഗ്രസ്തമായ ആത്മീയതയായും ആള്‍ദൈവ വ്യവസായവുമായി പടര്‍ന്ന 'സാമൂഹിക വിരുദ്ധ ആത്മീയ വ്യവസായിക'ളും അവരെ അന്ധമായി പിന്തുണയ്ക്കുന്ന മാധ്യമ മുതലാളിമാരും ഇടക്ക്, വാഗ്ഭടാനന്ദ സാഹിത്യവും ജീവിതവും വായിച്ചാല്‍ ഇത്തിരിയെങ്കിലും 'അനീതിയോടെതിര്‍പ്പാനും' 'അപരിഷ്‌കൃത ആചാരങ്ങളെ മാറ്റാനും ഉള്ള' ആത്മചേതസ്സ് കൈ വരുമെന്നുറപ്പ്.

ഡോ എംകെ നമ്പ്യാര്‍
ഡോ എംകെ നമ്പ്യാര്‍

വാഗ്ഭടാനന്ദനെ നേരില്‍ കണ്ടിരുന്നില്ലെങ്കിലും വിപ്ലവകരമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചത് എന്നു പ്രശസ്ത എഴുത്തുകാരന്‍ ടി. പത്മനാഭന്‍ പറയുന്നു. ''ആലത്തൂരിലെ ബ്രഹ്മാനന്ദ ശിവയോഗിയുടേയും വാഗ്ഭടാനന്ദന്റേയും ഒക്കെ ജീവിതം അമ്പരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായിരുന്നു.'' അപ്പോള്‍ തന്നെ ടി. പത്മനാഭന്‍ ഇങ്ങനെ കൂടി അനുബന്ധമായി കൂട്ടിച്ചേര്‍ത്തു: ''എല്ലാ മഹാന്മാരുടേയും പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച ട്രാജഡി വാഗ്ഭടാനന്ദന്റെ പ്രസ്ഥാനത്തിനും പിന്നീട് സംഭവിച്ചു. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ അനുയായി വൃന്ദങ്ങളില്‍ പലരും ആ മഹാന്റെ ആശയങ്ങളെ ശരിയായ രീതിയില്‍ പിന്തുടരുന്നവര്‍ ആയിരുന്നില്ല. അതിപ്പോള്‍ മഹാത്മാ ഗാന്ധിയുടെ പില്‍ക്കാല അനുയായികളുടെ മുഴക്കോല്‍ വെച്ച് ഗാന്ധിജിയെ നമുക്ക് അളക്കാന്‍ കഴിയില്ലല്ലോ''- ടി. പത്മനാഭന്‍, അല്പം ആത്മരോഷത്തോടെ പറഞ്ഞു നിര്‍ത്തി.

അഴീക്കോട് നിന്ന് കേരളം മുഴുവന്‍ ഒരുപക്ഷേ, ദൈനംദിനമായി മുഴങ്ങിയ ശബ്ദം സുകുമാര്‍ അഴീക്കോടിന്റെയാണ്. അഴിച്ചിട്ട കാറ്റുപോലെ ആ വാക്കുകള്‍ കേരളത്തിലെമ്പാടും വീശി. പില്‍ക്കാലത്ത് നമ്മുടെ രാത്രികളെ അര്‍ത്ഥംകൊണ്ടും അതിലേറെ അര്‍ത്ഥരാഹിത്യം കൊണ്ടും നിറച്ച ന്യൂസ് അവര്‍ കാലത്തിനു മുന്‍പ് സമകാലിക വിഷയങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് 'ഏകാകിയായ' ഈ പ്രഭാഷകന്റെ മൈക്കിന് മുന്നിലാണ്. സമകാലിക സംഭവങ്ങളെ നിര്‍ദ്ധാരണം ചെയ്യുന്ന ഒറ്റയാള്‍ അവതാരകനായി അദ്ദേഹം വേദികളില്‍ നിറഞ്ഞുനിന്നു. പുസ്തകങ്ങളുടെ ഡെമി 1/8 എന്ന ചതുരവടിവിനപ്പുറത്തേയ്ക്ക് ഏതെങ്കിലും മുഖച്ചട്ടകൊണ്ട് അലങ്കരിക്കാത്ത 'പൊതുസമൂഹ'ത്തിനു മുന്നില്‍ അദ്ദേഹം സദാ സന്നിഹിതനായി.

സുകുമാര്‍ അഴീക്കോടിന്റെ തറവാട് വീട്
സുകുമാര്‍ അഴീക്കോടിന്റെ തറവാട് വീട്


വേദികളില്‍ നര്‍മ്മഭാഷകന്‍ കൂടിയായ അഴീക്കോട് എന്നാല്‍, വീട്ടില്‍ അത്രയധികം ചിരിക്കാറില്ല എന്ന് അദ്ദേഹത്തിന്റെ അനന്തിരവന്‍ എം.ടി. മനോജ് പറയുന്നു. അഴീക്കോടിന്റെ ഇളയ പെങ്ങള്‍ പത്മിനിയുടെ മകനാണ്, മനോജ്.

''ഏതാണ്ട് യുവാവായപ്പോള്‍ തന്നെ സുകുമാമന്‍ അഴീക്കോട് ഗ്രാമം വിട്ടുപോകുന്നുണ്ട്. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ ഉള്ളപ്പോള്‍ വീക്കെന്‍ഡില്‍ അഴീക്കോട്ടെ വീട്ടിലേയ്ക്ക് വരാറുണ്ടായിരുന്നു. അമ്മമ്മയെ കാണാനാണ് വരിക, അഴീക്കോട്ടെ തറവാട്ട് വീട്ടില്‍ വന്നാല്‍ നേരെ മുകളിലെ മുറിയില്‍ പോകും. പിന്നെ വായനയും എഴുത്തുമൊക്കെയായി അവിടെ ഇരിക്കും. ചായ കുടിക്കാനോ ഭക്ഷണം കഴിക്കാനോ താഴെനിന്ന് വിളിച്ചാല്‍ മാത്രമാണ് ഇറങ്ങിവരിക. ഭക്ഷണം കഴിച്ചശേഷം അപ്പോള്‍ത്തന്നെ മേലെ മുറിയിലേക്ക് കയറിപ്പോകും. സുകുമാമന്‍ ഞങ്ങളോട് വലിയ വാത്സല്യം പ്രകടിപ്പിച്ചു എന്നു പറയാന്‍ കഴിയില്ല. വീട്ടിലെ സഹോദരിമാരോടും അദ്ദേഹം ചിരിച്ചു വര്‍ത്തമാനം പറയുന്നത് കണ്ടിട്ടില്ല... എപ്പോഴും ഗൗരവ പ്രകൃതമാണ്. വാത്സല്യം ഉള്ളിലായിരിക്കാം. എന്നാല്‍, എന്റെ മക്കളോട് വീട്ടില്‍ വന്നാല്‍ വാത്സല്യത്തോടെ അടിപിടി കൂടാറുണ്ട്. പിന്നീട് അദ്ദേഹം അഴീക്കോട് അങ്ങനെ പോകാറില്ലായിരുന്നു. കണ്ണൂരില്‍ പരിപാടികള്‍ക്കു വന്നാല്‍ താഴെ ചൊവ്വയില്‍ ഉള്ള എന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അഴീക്കോട് ആത്മവിദ്യാസംഘത്തിലെ കുറേ പേര്‍ അദ്ദേഹത്തിനു ചങ്ങാതിമാരുണ്ടായിരുന്നു. എന്നാല്‍, രാഘവന്‍ വൈദ്യര്‍, ജ്യോതിഷ പണ്ഡിതനായ അലവില്‍ കെ. രാഘവന്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍. മാമന്റെ പേരോടൊപ്പം ആ ഗ്രാമം ഓര്‍മ്മയായി ഇപ്പോഴും ഉണ്ട്. എന്നാല്‍, തറവാട്ട് വീട്ടില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ആയി ഒന്നുമില്ല എന്നുതന്നെ പറയാം. തൃശൂര്‍ വിയ്യൂരേക്കു ജീവിതം മാറിയപ്പോള്‍ പുസ്തകങ്ങളേയും കൊണ്ടുപോയി.''

ആത്മവിദ്യാസംഘത്തിന്റെ ആസ്ഥാനമന്ദിരം
ആത്മവിദ്യാസംഘത്തിന്റെ ആസ്ഥാനമന്ദിരം


വീട്ടില്‍ ചിരിക്കാത്ത അഴീക്കോടിന്റെ നര്‍മ്മങ്ങള്‍ കേട്ടു മലയാളികള്‍ നാട്ടില്‍ ചിരിച്ചു എന്നത് സാംസ്‌കാരിക സത്യം. വലിയ മനുഷ്യര്‍ നടന്നുപോയ ഗ്രാമപാതകളിലൂടെ നടക്കുമ്പോള്‍ ഇങ്ങനെ വാക്കുകള്‍ക്കപ്പുറമുള്ള ഫ്രെയിമില്‍ അവര്‍ നമ്മെ നോക്കി ചിരിക്കുകയോ ചിരിക്കാതിരിക്കുകയോ ചെയ്യുന്നു.
'മാപ്പിള ഭാഗവതരു'ടെ ഇടം കൂടിയായിരുന്നു അഴീക്കോട്. അതായത്, രാഗം മതേതരം. നാടകയരങ്ങില്‍ പാട്ടുണര്‍ത്തിയവരില്‍ ഭാഗവതര്‍ ഹമീദും ഭാഗവതര്‍ ഇബ്രാഹീമുമുണ്ട്. സംസ്‌കൃതത്തില്‍ തോറ്റംപാട്ടെഴുതി മറ്റൊരു അട്ടിമറിയും അഴീക്കോടുള്ള ഒരു പണ്ഡിതന്‍ നടത്തിയിട്ടുണ്ട്. തഞ്ചാവൂരില്‍നിന്ന് സംസ്‌കൃത ഭാഷയില്‍ ഉപരിപഠനം നടത്തിയ കറുത്ത രാമന്‍ പണിക്കര്‍ സംസ്‌കൃതത്തില്‍ ബ്രഹ്മചൂര്‍ണ്ണിക എന്ന തോറ്റംപാട്ടെഴുതി!

ദുരാചാരങ്ങള്‍ വലിച്ചെറിഞ്ഞ ഗ്രാമചരിത്രങ്ങളില്‍ അഴീക്കോടിന് തിളങ്ങുന്ന ഒരു ഭൂതകാലമുണ്ട്. 'വിവേകക്കുമ്മി' എന്ന കൃതിയെഴുതിയ പൊന്‍മഠത്തില്‍ കൃഷ്ണസ്വാമികള്‍ക്ക് അഴീക്കോട് കടപ്പുറത്ത് അരയന്മാര്‍ നല്‍കിയ സ്വീകരണത്തെക്കുറിച്ചു പഴയ ഓര്‍മ്മകള്‍ പറയുന്ന കൂട്ടത്തില്‍ ഒരാള്‍ ഈ ഗ്രാമ സഞ്ചാരിയോട് പറഞ്ഞു. 'ഭൗതിക ജീവിതത്തെ ആനന്ദമയമാക്കാനുള്ള' ആശയസംഹിതയായ ബ്രഹ്മാനന്ദസ്വാമി ശിവയോഗികളുടെ 'ആനന്ദമത'ത്തിന് ഈ ഗ്രാമത്തില്‍ നല്ല വേരോട്ടമുണ്ടായിരുന്നു.

എന്തുകൊണ്ടാണ് ഗ്രാമസഞ്ചാരത്തില്‍ അഴീക്കോട് ദേശം കടന്നുവരുന്നത് എന്നതിന് പ്രധാനപ്പെട്ട ഉത്തരം, ആത്മീയമായ സ്വതന്ത്ര ചിന്ത ഉയര്‍ത്തിപ്പിടിച്ച പലരുടേയും പ്രവര്‍ത്തന മണ്ഡലമായിരുന്നു അഴീക്കോട്. പലമത സാരങ്ങള്‍ ആ ഗ്രാമീണരിലൂടെ കടന്നുപോയി. സിദ്ധ സമാജം, ആനന്ദസമാജം, ആത്മവിദ്യാസംഘം ഇത്തരം ഹിന്ദു/ജാതി/സാമൂഹിക നവീകരണ പ്രസ്ഥാനങ്ങള്‍ നവോത്ഥാന കേരളത്തെ അടയാളപ്പെടുത്താനുള്ള പ്രധാനപ്പെട്ട ശ്രമങ്ങളായിരുന്നു. ജാതി മാത്രം പരിചിതന്മാര്‍ക്ക് മുന്നില്‍ വിജാതീയവും മതം മാത്രം പരിചിതമായവര്‍ക്കു മതേതരവും ആയ ആശയങ്ങളുടെ സംക്ഷേപം അവര്‍ അവതരിപ്പിച്ചു. മരിച്ചതിനു ശേഷമുള്ള ലോകത്തെക്കുറിച്ചല്ല, ജീവിച്ചിരിക്കുന്ന ലോകങ്ങളിലെ ആനന്ദങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു. നവ തീവ്ര ഹൈന്ദവ ചിന്തകളുടെ കാലത്ത് സരളമായ ചില ആത്മീയ പന്ഥാവുകള്‍ ഇടക്കാലത്ത് ഇവിടെയുണ്ടായിരുന്നു എന്ന് ഈ ഗ്രാമം ഓര്‍മ്മപ്പെടുത്തുന്നു. സാംസ്‌കാരിക വിസ്മൃതിയുടെ കാലത്ത് പ്രബുദ്ധതയെക്കുറിച്ചുള്ള ആത്മീയ വര്‍ത്തമാനങ്ങള്‍ നാം വീണ്ടെടുത്ത് വായിക്കണം.
''സ്വാമി ബ്രഹ്മവ്രതന്റെ 'പൊന്‍പുലരി' എന്ന നാടകം 'സുപ്രഭാതം' എന്ന പേരില്‍ അഴീക്കോടുള്ള 'ജയശ്രീ നടന കലാനിലയം' അവതരിപ്പിച്ചിരുന്നു.''
അഴീക്കോടുള്ള ഒരു ചായക്കടയിലിരുന്ന് കുമാരേട്ടന്‍ എന്ന എണ്‍പതുകാരന്‍ പറഞ്ഞു:
''ഒരു സ്വാമി സാമൂഹ്യനാടകങ്ങള്‍ എഴുതി എന്നത് തന്നെ ഇക്കാലത്ത് നല്ല ഓര്‍മ്മയല്ലേ?''

അഴീക്കോട്ടെ ഗാന്ധിമന്ദിരം ഗ്രന്ഥശാല
അഴീക്കോട്ടെ ഗാന്ധിമന്ദിരം ഗ്രന്ഥശാല


ആനന്ദ മതം/പന്തിഭോജനം 

നാടന്‍ കലാഗവേഷകനും പ്രഭാഷകനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം മലയാള വിഭാഗത്തില്‍ എമിറൈറ്റ്സ് പ്രൊഫസറുമായ ഡോ. എ.കെ. നമ്പ്യാര്‍ അഴീക്കോട് എന്ന ദേശത്തെക്കുറിച്ചു പറയുന്നു:

സ്വമതാവേശത്തിനെതിരെ നിന്ന ഒട്ടനവധി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ അഴീക്കോട് എന്ന ദേശത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്. ജാതി തിരിച്ചുള്ള സ്വത്വബോധത്തിനെതിരെ, യുക്തിബോധവും 'ആനന്ദത്തില്‍ അഭിരമിക്കുന്ന മതബോധവും' ഒക്കെ ഉള്‍ച്ചേര്‍ന്ന പുതിയ ആത്മീയധാരകള്‍ അഴീക്കോട് ദേശത്തേയും അഴീക്കോട് എന്ന വ്യക്തിയേയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. മതനിരപേക്ഷതയില്‍ ഉറച്ചുനിന്ന ദര്‍ശനമായിരുന്നു ആനന്ദ മതം.

''എന്റെ മതം ഉല്‍കൃഷ്ടം 
നിന്റെ മതം താഴെയെന്നു വാദിച്ച് 
തന്റേതിനെ വലുതാക്കും 
തന്റേടത്തിങ്കലെത്തുവാന്‍ നോക്കാ'' എന്നത് ബ്രഹ്മാനന്ദ സ്വാമി ശിവ യോഗികളുടെ പ്രധാനപ്പെട്ട ഉല്‍ബോധനമായിരുന്നു. സങ്കുചിത ജാതി ബോധത്തിന്റെ ഫലമായുണ്ടായ അന്ധ വിശ്വാസങ്ങള്‍ക്കെതിരെ സ്വാമി വാഗ്ഭടാനന്ദന്‍ ആത്മവിദ്യയുടേയും യുക്തിബോധത്തിന്റേയും സ്‌നേഹ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. സുകുമാര്‍ അഴീക്കോടിന്റെ അച്ഛന്‍ വാഗ്ഭടാനന്ദന്റെ ആരാധകന്‍ ആയിരുന്നു. സിദ്ധ സമാജം, ആനന്ദ സമാജം, ആത്മ വിദ്യാസംഘം തുടങ്ങിയ സാമൂഹിക/ആത്മീയ പ്രസ്ഥാനങ്ങള്‍ ഈ മണ്ണില്‍ ഏറെ വേരോട്ടമുണ്ടാക്കി.

വര്‍ഗ്ഗസമരത്തെ പിന്തുടരാതെ തന്നെ അവര്‍ നവോത്ഥാനത്തിന്റെ വേറൊരു ചാല് കീറിയെന്നു പറയാം. മലബാറിലെ സാമൂഹ്യ പരിഷ്‌കാരത്തിന്റെ തുടക്കമായി ഈ ദേശവുമുണ്ട്. വേശാല സ്വാമികള്‍ എന്ന പേരിലറിയപ്പെട്ട കണ്ണനെഴുത്തച്ഛന്‍ ജാതിക്കെതിരേയും അതുമായി ബന്ധപ്പെട്ട എല്ലാ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും ജനങ്ങളെ സ്വാധീനിക്കും രീതിയില്‍ പ്രവര്‍ത്തിച്ചു. മേപ്പാട്ട് രാമന്‍ നമ്പ്യാര്‍ എന്ന കര്‍ഷകന്റെ നേതൃത്വത്തിലാണ് അഴീക്കോട് പന്തിഭോജനം നടന്നത്. നാടക പ്രസ്ഥാനം വളരെ സജീവമായിരുന്നു ഇവിടെ. പരിഷ്‌കരണ ത്വരയെ ഈ നാടകക്കാലം ഏറെ മുന്നോട്ട് കൊണ്ടുപോയി.
അഴീക്കോട് എന്ന ദേശത്തിന്റെ ഭൂതകാലം ഏറെ പ്രചോദിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍, സാംസ്‌കാരികമായ പൈതൃക തുടര്‍ച്ചകള്‍ ഇന്ന് സജീവമായി കാണാന്‍ കഴിയില്ല. ഒറ്റപ്പെട്ട സാംസ്‌കാരിക പരിപാടികള്‍ നടക്കുന്നുണ്ട് എന്നു പറയാം.

ചിറക്കല്‍ രാജാസ്  
ചിറക്കല്‍ രാജാസ് മലബാറിലെ അറിവുല്പാദന കേന്ദ്രമായിരുന്നു. കേരളത്തിലെ ഏറെ ശ്രദ്ധേയരായ പലരുടേയും ആദ്യ കാലജ്ഞാന പരിസരം ഇവിടെയാണ്. ചിറക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാലും ശ്രദ്ധേയ സംഗീതജ്ഞനുമായ ഡോ. എ.എസ്. പ്രശാന്ത് കുമാര്‍ ചിറക്കല്‍ രാജാസിലെ 'കുട്ടികളെ'ക്കുറിച്ചാണ് പറയുന്നത്:
പഴയ ചിറക്കല്‍ താലൂക്കിലായിരുന്നു അഴീക്കോടും ചിറക്കലും ഉള്‍പ്പെടുന്ന ദേശങ്ങള്‍. ചിറക്കല്‍ കോവിലകത്തെ ആയില്യം തിരുനാള്‍ രാമവര്‍മ്മയാണ് 'ചിറക്കല്‍ രാജാസ്' സ്ഥാപിച്ചത്. മഹാ പണ്ഡിതനായിരുന്ന ചിറക്കല്‍ ടി. അദ്ദേഹത്തിന്റെ മകനാണ്. ചിറക്കല്‍ ടി. ഇവിടെ വിദ്യാര്‍ത്ഥിയും പിന്നീട് സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകനുമായി. മലയാള കഥയുടെ പ്രകാശം പരത്തുന്ന സാന്നിധ്യമായ ടി. പത്മനാഭനും സുകുമാര്‍ അഴീക്കോടും ലീഡര്‍ കെ. കരുണാകരനും ഇ.എം.എസ് മന്ത്രിസഭയിലെ മന്ത്രിയായിരുന്ന കെ.പി. ഗോപാലനും ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരും ഇവിടെയാണ് പഠിച്ചത്. പൊതുരംഗത്തു അറിയപ്പെടുന്ന എത്രയോ പേര്‍...
'എന്നെ ഞാനാക്കിയ സര്‍വ്വകലാശാല' എന്നാണ് സുകുമാര്‍ അഴീക്കോട് ചിറക്കല്‍ രാജാസിനെ വിശേഷിപ്പിച്ചത്. രൈരു നായര്‍ എന്ന വളരെ അവഗാഹമുള്ള ഒരു ഇംഗ്ലീഷ് അദ്ധ്യാപകനേയും അഴീക്കോട് അനുസ്മരിക്കുന്നുണ്ട്.

ഓര്‍മ്മകള്‍ക്കു മീതെ ഓട് മേഞ്ഞ പ്രൗഢിയുള്ള ചിറക്കല്‍ രാജാസ്.

കയ്യെഴുത്തു മാസിക 
1930-കളില്‍ അഴീക്കോടുള്ള ശിവയോഗ വിലാസം വായനശാലയുടെ ആഭിമുഖ്യത്തില്‍ തത്ത്വവാദി എന്ന പേരില്‍ ഒരു കയ്യെഴുത്തു മാസിക ഏറെക്കാലം നടത്തിയിരുന്നു. ചിറക്കല്‍ ടി. അടക്കമുള്ള പലരും അതില്‍ എഴുതിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com