പൊതുവായനശാലകള്‍ മുന്തിയ ഗ്രന്ഥപ്പുരകള്‍ കൂടിയാകുമ്പോള്‍: സേതു എഴുതുന്നു

പൂക്കളെപ്പോലെയാണ് പുസ്തകങ്ങള്‍. പുസ്തകങ്ങള്‍ അലങ്കോലമായി അട്ടിയിട്ട് വച്ചിരിക്കുന്നത് കാണാന്‍ വയ്യ;
പൊതുവായനശാലകള്‍ മുന്തിയ ഗ്രന്ഥപ്പുരകള്‍ കൂടിയാകുമ്പോള്‍: സേതു എഴുതുന്നു

പൂക്കളെപ്പോലെയാണ് പുസ്തകങ്ങള്‍. പുസ്തകങ്ങള്‍ അലങ്കോലമായി അട്ടിയിട്ട് വച്ചിരിക്കുന്നത് കാണാന്‍ വയ്യ; വായനശാലകളില്‍, ഗ്രന്ഥപ്പുരകളില്‍. 
പുസ്തകക്കടകള്‍ക്കാണെങ്കില്‍ സ്വാഭാവികമായും അവയുടെ വിപണന മൂല്യങ്ങളിലാവും ശ്രദ്ധ. കൂടുതല്‍ വിറ്റുപോകുന്ന പുസ്തകങ്ങള്‍ അവര്‍ മുന്‍പിലെ നിരയില്‍ വലിയ പ്രാധാന്യത്തോടെ നിരത്തിവച്ചിരിക്കുന്നതില്‍ തെറ്റില്ല. അതുപോലെ തന്നെ പ്രശസ്തരുടേതും കാണാന്‍ ചന്തമുള്ള എഴുത്തുകാരികളുടേതും ചിത്രങ്ങള്‍ കവറില്‍ കമനീയമായി അച്ചടിക്കുന്നതും ഇന്നത്തെ ഒരു മാര്‍ക്കറ്റിങ്ങ് തന്ത്രമാണ്. പക്ഷേ, വെറും കച്ചവടത്തിനപ്പുറം കുറെക്കൂടി ജനാധിപത്യ സ്വഭാവം പുലര്‍ത്തേണ്ട വായനശാലകളുടെ കാര്യത്തിലോ? കൂടുതല്‍ വായനക്കാര്‍ തേടിവരുന്ന പുസ്തകങ്ങള്‍ മുന്‍നിരയില്‍ത്തന്നെ ശ്രദ്ധേയമായി അടുക്കിവയ്ക്കുന്നതില്‍ ഒരു യുക്തിയുണ്ട്. ഒരുപാട് തെരയാതെ തന്നെ വായനക്കാരന് അയാള്‍ക്കു വേണ്ട പുസ്തകത്തിലേക്ക് എത്തിപ്പെടാമല്ലോ. പക്ഷേ, മറ്റു പുസ്തകങ്ങളുടെ കാര്യത്തിലോ? 

ഇവിടെ സാമാന്യമായ ഔചിത്യത്തിനപ്പുറം ലേശം സൗന്ദര്യബോധവും കൂടി സംഘാടകര്‍ക്കു ണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ പലയിടങ്ങളിലേയും അനുഭവങ്ങള്‍ പല തരത്തിലാകാറുണ്ട്. ലൈബ്രറി സയന്‍സ് വളരെയേറെ വികസിച്ചുകഴിഞ്ഞ ഇക്കാലത്ത് ലോകമെമ്പാടും കാറ്റലോഗിങ്ങ്, പുസ്തകങ്ങളുടെ ക്രമീകരണം, തുടങ്ങിയ എല്ലാറ്റിലും വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് തങ്ങളുടെ പക്കലുള്ള പുസ്തകങ്ങള്‍ ഇനം തിരിച്ച് അടുക്കിവയ്ക്കുകയെന്ന സാമാന്യരീതിപോലും പാലിക്കാത്ത വായനശാലകളുണ്ടെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. വായനക്കാര്‍ മടക്കിക്കൊണ്ടുവരുന്ന പുസ്തകങ്ങളുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. പുസ്തകങ്ങള്‍ക്ക് ജൈവസ്വഭാവമുണ്ടെന്നാണ് സങ്കല്പമെങ്കിലും  തങ്ങളുടെ പഴയ ഇടവും അങ്ങോട്ടുള്ള വഴിയും മറന്നുപോയിരിക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് അവയെ അങ്ങോട്ട് നയിക്കേണ്ട  ചുമതല ലൈബ്രറിയന്റേതു തന്നെയാണ്. അതില്‍ അവര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നുണ്ടോയെന്നത് സംശയമാണ്. 

ആറേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍.ബി.ടിയിലെ ചുമതല ഏറ്റെടുത്ത ശേഷം, ആദ്യ ദിവസം തന്നെ താഴത്തെ നിലയിലുള്ള പുസ്തകപ്പുരയിലേക്ക് കടന്നുചെന്നത് ഓര്‍മ്മയുണ്ട്. ആ കെട്ടിടത്തിലെ ഏറ്റവും മനോഹരമായി ഒരുക്കിവച്ച ഭാഗമാണത്. നേര് പറഞ്ഞാല്‍ ഡല്‍ഹിയിലെ രാഷ്ട്രപതിഭവനോട് ചേര്‍ന്നുള്ള മുഗള്‍ഗാര്‍ഡനില്‍ എത്തിപ്പെട്ട പോലെയാണ് അന്ന് എനിക്ക് തോന്നിയത്. വസന്തത്തിന്റെ തുടക്കത്തില്‍ ആ പൂന്തോട്ടം സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ പുഷ്പങ്ങളുടെ ഒരു മഹാപ്രപഞ്ചത്തിലേക്കാണ് നാം കടന്നുചെല്ലുക. അതുപോലെ തന്നെ ഈ ഗ്രന്ഥപ്പുരയും.  ഇരുപത്തഞ്ചോളം ഭാഷകളില്‍ പലതരം പുസ്തകങ്ങള്‍.  നിറപ്പകിട്ടുള്ള, വ്യത്യസ്തമായ പുറംചട്ടകള്‍. ഉള്ളടക്കത്തിന്റെ കാര്യത്തിലും അമ്പരപ്പിക്കുന്ന വൈവിധ്യമുണ്ട്. ഭാഷ മനസ്സിലായില്ലെങ്കിലും, ഒന്നെടുത്ത് താളുകള്‍ മറിച്ചുനോക്കാന്‍ ആരെയും പ്രേരിപ്പിക്കുന്ന അന്തരീക്ഷം. ശരിക്കും പുസ്തകങ്ങളുടെ ഒരു പൂന്തോട്ടം.  ഇത്രയേറെ ഭാഷകളില്‍, ഇതുപോലെ ഗൗരവസ്വഭാവമുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം മറ്റേതെങ്കിലും രാജ്യത്ത്  ഉണ്ടോയെന്ന കാര്യം സംശയമാണ്. 

ഈയിടെ അമേരിക്കയിലെ ഒരു സുഹൃത്ത് ജെയിന്‍ ജോസഫ് അയച്ചു തന്ന ഒരു ചിത്രം എന്നെ വല്ലാതെ അതിശയിപ്പിച്ചു. അവിടെ ആസ്റ്റിന്‍ നഗരത്തിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വായനശാലയില്‍ എന്റെ നാല്പതിലേറെ പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്നതിന്റെ ചിത്രമാണത്. ഇംഗ്ലീഷ് പരിഭാഷകള്‍ അതേപടി തന്നെ വച്ചിട്ടുണ്ടെങ്കില്‍ മലയാളം പുസ്തകങ്ങള്‍ അതിമനോഹരമായി ബൈന്‍ഡ് ചെയ്ത് നിരത്തിവച്ചിട്ടുണ്ട്. അതായത് എന്റെ അര നൂറ്റാണ്ട് കാലത്തെ എഴുത്തു ജീവിതത്തിന്റെ ആകെത്തുക, എന്റെ വിലയിടാനാവാത്ത സമ്പാദ്യം വിദേശത്തെ ഒരു ഷെല്‍ഫില്‍. ശരിക്കും അമ്പരന്നുപോയ നിമിഷം. നമ്മുടെ ഏതെങ്കിലും സര്‍വ്വകലാശാല ഇത്രയേറെ ഔചിത്യബോധത്തോടെ ഒരു എഴുത്തുകാരനെ, അയാള്‍ സീനിയറോ ജൂനിയറോ എന്ന പരിഗണനയൊന്നുമില്ലാതെ, ഇങ്ങനെ അടയാളപ്പെടുത്തി വെയ്ക്കാന്‍ ശ്രമിക്കുമോയെന്ന കാര്യം സംശയമാണ്.  എന്റെ മുഖപുസ്തകത്തില്‍ ഈ പടം കണ്ട അമേരിക്കയിലെ പ്രശസ്തനും സഹൃദയനുമായ ഡോക്ടര്‍ എം.വി. പിള്ള അറിയിച്ചത്, ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലും ഇതുപോലെ കുറേയേറെ മലയാളം പുസ്തകങ്ങളുണ്ടെന്നാണ്. അതുപോലെ യൂറോപ്പിലെ ചിലയിടങ്ങളിലും ഇത്തരം മറുനാടുകളിലെ പുസ്തകങ്ങള്‍ ശേഖരിക്കുന്ന വായനശാലകളുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു. ഇങ്ങനെ പോയാല്‍ പഴയ മലയാള പുസ്തകങ്ങളുടെ ശേഖരം കാണാനായി വിദേശങ്ങളില്‍ പോകേണ്ടിവരുമോയെന്ന് മറ്റൊരു സുഹൃത്ത് കുറിപ്പിട്ടതില്‍ അസ്വാഭാവികത തോന്നിയില്ല. ഈയിടെ കുന്ദലതയുടെ നൂറ്റിമുപ്പതാം വര്‍ഷം ആഘോഷിക്കുന്ന ഒരു ചടങ്ങില്‍ സംസാരിച്ച ഒരു പ്രൊഫസര്‍ ആ നോവലിനെപ്പറ്റിയോ, അപ്പു നെടുങ്ങാടിയെപ്പറ്റിയോ കേട്ടിട്ടുപോലുമില്ലാത്ത, മലയാളം ഐച്ഛിക വിഷയമായെടുത്ത വിദ്യാര്‍ത്ഥികളുണ്ടെന്ന് പറയുന്നത് കേട്ടപ്പോള്‍ എന്തുകൊണ്ടോ അതിശയം തോന്നിയില്ല. 

ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ആ പുസ്തകശേഖരത്തില്‍ എന്റെ ആദ്യ നോവലായ 'നനഞ്ഞ മണ്ണിന്റെ' ഒരു കോപ്പിയുമുണ്ടായിരുന്നു. മലയാളനാട് വാരികയില്‍ നമ്പൂതിരിയുടെ മനോഹരമായ ചിത്രങ്ങളോടെ സീരിയലൈസ് ചെയ്ത നോവല്‍. അന്ന് മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്ന നമ്പൂതിരി മറ്റു പ്രസിദ്ധീകരണങ്ങളില്‍ പടം വരയ്ക്കാറില്ലായിരുന്നുവെങ്കിലും എസ്.കെ. നായര്‍ പ്രത്യേക താല്പര്യമെടുത്താണ് അതില്‍ വരപ്പിച്ചത്. എന്റെ ഗ്രാമമായ ചേന്ദമംഗലത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ആ നോവല്‍ തൃശൂരെ കറന്റ് തോമസ്സാണ് പ്രസിദ്ധീകരിച്ചത്. തരക്കേടില്ലാത്ത പ്രതികരണം കിട്ടിയെന്നു മാത്രമല്ല, പുസ്തകം മുഴുവനും വേഗം വിറ്റു തീര്‍ന്നതു കൊണ്ട് ഉടനെ തന്നെ അടുത്ത പതിപ്പിറക്കാന്‍ തോമസ് തിടുക്കം കൂട്ടിയെങ്കിലും വേണ്ടെന്ന് പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു. കാരണം, പിന്നീടുള്ള വായനയില്‍ അത് കുറച്ച് ദുര്‍ബ്ബലമായൊരു  രചനയാണെന്ന് എനിക്കു തന്നെ തോന്നി. ചരിത്രപ്രസിദ്ധമായ എന്റെ നാടിന്റെ പോയ കാലത്തോട് ഞാന്‍ വേണ്ടത്ര നീതി പുലര്‍ത്തിയില്ലെന്ന ബോദ്ധ്യവും എന്നെ അലട്ടി. അങ്ങനെ ആ പുസ്തകത്തിന് പിന്നീട് ഒരു രണ്ടാം പതിപ്പ് പോലുമുണ്ടായില്ല. ഈ അടുത്ത കാലത്തും പഴയ ഗൃഹാതുര ഓര്‍മ്മകള്‍ ബാക്കിയുള്ള ചില മുതിര്‍ന്ന വായനക്കാര്‍ ഇക്കാര്യത്തില്‍ എന്നോട് ബന്ധപ്പെട്ടത് ഓര്‍മ്മവരുന്നു. അതിന്റെ കോപ്പികള്‍ എവിടെ കിട്ടുമെന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്റെ കൈയില്‍ ഒരു ഫയല്‍ കോപ്പി മാത്രമേയുള്ളുവെന്ന് പറഞ്ഞപ്പോള്‍ അതൊന്ന് കൊടുത്താല്‍ ഫോട്ടോക്കോപ്പിയെടുത്തിട്ട് മടക്കിത്തരാമെന്ന് പറഞ്ഞത് വടക്കേ മലബാറിലെ അപരിചിതനായ ഒരു വായനക്കാരനായിരുന്നു. പക്ഷേ, ആ രചന എന്നോടൊപ്പം മണ്ണടിയണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നിരുന്ന ഞാന്‍ വഴങ്ങിയില്ല. (പണ്ടൊരിക്കല്‍ സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിക്ക് സന്ദര്‍ശനവേളയില്‍ അവിടത്തെ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ കയറിയപ്പോള്‍ അതിന്റെ ഉടമസ്ഥനായ മലയാളി കുട്ടന്‍ തന്റെ കൈയിലുള്ള പഴയൊരു കോപ്പി എന്നെക്കൊണ്ട് ഒപ്പിടുവിച്ചത് ഓര്‍മ്മവരുന്നു!) അങ്ങനെ ഈ നോവലിന്റെ ആയുസ്സ് ഏതാണ്ട് തീര്‍ന്നുവെന്ന് ആശ്വസിച്ചിരിക്കെ, അത് ഏതാണ്ട് ശരിയാണെന്ന മട്ടില്‍ ഈയിടത്തെ പ്രളയം ഇറങ്ങിപ്പോയപ്പോള്‍ എന്റെ കൈയിലുണ്ടായിരുന്ന ഒരേയൊരു കോപ്പിയും ഒപ്പം കൊണ്ടുപോയി! പ്രളയത്തിനുമുണ്ടാകും ഔചിത്യബോധം.

അപ്പോഴാണ്, പുസ്തകങ്ങള്‍ അനശ്വരമാണെന്ന യുക്തിയോടെ, ആശ്വസിക്കാന്‍ വരട്ടെയെന്ന മട്ടില്‍ ടെക്സാസിലെ ലൈബ്രറി കടന്നുവരുന്നത്. ആ പുസ്തകം വെള്ളം തട്ടിക്കൊണ്ടു പോയതില്‍ വലിയ സങ്കടമില്ലെങ്കിലും നമ്പൂതിരിയുടെ ചിത്രങ്ങളടങ്ങുന്ന ഫയലും ഒപ്പം കൊണ്ടു പോയതില്‍ വിഷമമുണ്ട്... അങ്ങനെ ഈ പ്രളയം കൊണ്ടുപോയ നല്ലതും ചീത്തയുമായ പലതിന്റേയും കൂട്ടത്തില്‍ ഇതും...

എന്തായാലും, ഈ ടെക്സാസ് യൂണിവേഴ്സിറ്റി അനുഭവം തെളിയിക്കുന്നത് വെറും ബിരുദോല്പാദന കേന്ദ്രങ്ങള്‍ എന്നതിനപ്പുറമായി നമ്മുടെ സര്‍വ്വകലാശാലകള്‍ക്ക് മറ്റു ചില പ്രധാന ധര്‍മ്മങ്ങള്‍ കൂടി നിര്‍വ്വഹിക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കാനാണ്. ഈ സന്ദര്‍ഭത്തില്‍ നമ്മുടെ മലയാളം സര്‍വ്വകലാശാലയുടെ സാരഥിയായിരുന്ന കെ. ജയകുമാര്‍ തുടങ്ങിവച്ച ചില  ശ്രദ്ധേയമായ സംരംഭങ്ങളെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ. ഒരു ജര്‍മ്മന്‍ സര്‍വ്വകലാശാലയുമായി സഹകരിച്ച് അവിടെ ഒരു 'ഗുണ്ടര്‍ട്ട് ചെയര്‍' സ്ഥാപിക്കാനും ആ സഹകരണത്തിലൂടെ ഭാഷാസംബന്ധമായ കുറേയേറെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും തുടക്കം കുറിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇക്കാര്യത്തില്‍ ഒരു ദീര്‍ഘകാല  ജര്‍മ്മന്‍ മലയാളിയായ ജോസ് പുന്നാംപറമ്പിലിന്റേയും അവിടെ കുറേക്കാലം വിസിറ്റിങ്ങ് പ്രൊഫസറായിരുന്ന ഡോ. സ്‌കറിയാ സക്കറിയയുടേയും സംഭാവനകളെപ്പറ്റി എടുത്തുപറയാതെ വയ്യ. മാത്രമല്ല, മലയാള പുസ്തകങ്ങള്‍ ഇംഗ്ലീഷടക്കമുള്ള വിദേശ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും  ജയകുമാര്‍ മുന്‍കൈ എടുത്തിരുന്നു. 

ടെക്‌സാസ് സര്‍വകലാശാല ലൈബ്രറിയില്‍ അടുക്കിവെച്ചിരിക്കുന്ന ലേഖകന്റെ പുസ്തകങ്ങള്‍
ടെക്‌സാസ് സര്‍വകലാശാല ലൈബ്രറിയില്‍ അടുക്കിവെച്ചിരിക്കുന്ന ലേഖകന്റെ പുസ്തകങ്ങള്‍


വിദേശങ്ങളില്‍ പോകുമ്പോഴെല്ലാം അവിടത്തെ പ്രധാന വായനശാലകളിലും പുസ്തകക്കടകളിലും കയറി നോക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില മറക്കാനാവാത്ത അനുഭവങ്ങളെപ്പറ്റിയും പറയാതെ വയ്യ. 
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സാഹിത്യസമ്മേളനത്തിനായി കാനഡയിലെ വാന്‍കൂവറില്‍ പോയപ്പോള്‍ സാഹിത്യരസികനായ ഡോ. എ.പി. സുകുമാര്‍ അവിടത്തെ പബ്ലിക് ലൈബ്രറിയിലേക്ക് എന്നെ കൊണ്ടുപോയി. ഏതാണ്ട് നൂറ്റന്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള വാന്‍കൂവര്‍ പബ്ലിക് ലൈബ്രറിക്ക് അന്ന് ഇരുപത്തിരണ്ടു ശാഖകളുണ്ടായിരുന്നു. മില്‍ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ഒരു ചെറിയ വായനാമുറിയായി തുടങ്ങിയ സ്ഥാപനമാണ് പടിപടിയായി വളര്‍ന്ന് ആ നിലയിലെത്തിയത്. ഇരുപത്തേഴ് ലക്ഷം പുസ്തകങ്ങളും മൂന്നു ലക്ഷത്തോളം മെമ്പര്‍മാരുമുള്ള ആ ഗ്രന്ഥപ്പുരയുടെ വാന്‍കൂവറിലെ പ്രധാന നിരത്തിനടുത്തുള്ള കേന്ദ്രശാഖ ഇന്നത്തെ രീതിയില്‍ പുതുക്കിപ്പണിതിട്ടു പതിനഞ്ചു വര്‍ഷമേ ആയിട്ടുള്ളൂ. റോമന്‍ കൊളോസിയത്തിന്റെ മാതൃകയില്‍, വൃത്താകൃതിയിലുള്ള കെട്ടിടത്തിന് ഒന്‍പത് നിലകളിലായി ഏതാണ്ട് നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. അതിന്റെ മുകള്‍ത്തട്ടിലുള്ള  പച്ചപ്പുല്‍ത്തകിടിയില്‍ ഫ്രേസര്‍ നദിയുടെ പ്രവാഹം  കാണിക്കുന്ന മാതൃക ആകര്‍ഷകമാണ്.  

ഞങ്ങള്‍ പോയ ദിവസം ഞായറാഴ്ചയായിരുന്നതുകൊണ്ട് പന്ത്രണ്ട് മണിക്കേ തുറക്കുകയുള്ളു വെങ്കിലും ഏതാണ്ട് അരമണിക്കൂര്‍ മുന്‍പു തന്നെ ലൈബ്രറിയുടെ പ്രധാന കവാടത്തിനു മുന്‍പില്‍  ഒരു നീണ്ട ക്യൂ രൂപംകൊണ്ടു കഴിഞ്ഞിരുന്നു. വലിയ അച്ചടക്കത്തോടെ നിശ്ശബ്ദരായി കാത്തു നില്‍ക്കുന്ന ആള്‍ക്കൂട്ടം.  വാതില്‍ തുറന്നു കിട്ടിയതോടെ അകത്തു കയറി തങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങള്‍ പിടിക്കാനുള്ളവരുടെ തിരക്കായി. ഒരു വായനശാലയുടെ അകത്തു കയറാനായി ക്യൂ എന്ന മഹാവിസ്മയം ഞാന്‍ തെല്ലുനേരം നോക്കിനിന്നു. (ഏറ്റവും സംസ്‌കാരസമ്പന്നരായ നമ്മുടെ നാട്ടില്‍ ജനം അച്ചടക്കത്തോടെ ക്യൂ നില്‍ക്കുന്ന ഒരേയോരു സാംസ്‌കാരിക സ്ഥാപനമേ ഉള്ളൂ എന്ന് അപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയി) സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തോടെ പുസ്തകവായന മരിച്ചു എന്നു അലമുറയിടുന്നവരുടെ മുന്‍പില്‍, ലോകത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യകള്‍ കൈവശമുള്ള ഒരു ജനതയുടെ ഈ നിശ്ശബ്ദമായ മറുപടി പലതും ഉറക്കെ വിളിച്ചുപറയുന്നതായി തോന്നി. 

ഒഴിവുദിവസമായതുകൊണ്ട് ഇവരില്‍ പലരും വൈകുന്നേരമേ മടങ്ങുവത്രെ. അതിനകത്തെ തട്ടുകടയില്‍നിന്നു  ഒരു ബര്‍ഗ്ഗറോ സാന്‍ഡ്വിച്ചോ മറ്റോ കഴിച്ചു അങ്ങനെയിരിക്കും. പ്രധാനനിലകളിലൂടെയെല്ലാം ഞങ്ങള്‍ കയറിയിറങ്ങി. സ്വച്ഛമായ, ശാന്തമായ അന്തരീക്ഷം. ആധുനികരീതിയില്‍ സജ്ജീകരിച്ച പുസ്തകറാക്കുകളില്‍ ചന്തത്തില്‍ അടുക്കിവച്ച പുസ്തകങ്ങള്‍. പുസ്തകങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാനായി അവിടവിടെയായി നിരവധി കംപ്യൂട്ടര്‍ ടെര്‍മിനലുകളുണ്ട്. സാഹിത്യവിഭാഗത്തില്‍ മഹാരഥന്മാരുടെ പ്രത്യേക മൂലകള്‍ കാണാനായി. അങ്ങനെ ഷേക്ക്‌സ്പിയറും ജെയിന്‍ ആസ്റ്റിനും ഹാര്‍ഡിയും തൊട്ട് ടോള്‍സ്റ്റോയിക്കും ദസ്തവ്‌സ്‌ക്കിക്കും വരെ ഓരോ പവിത്രമായ ആസ്ഥാനങ്ങളുണ്ട്. അതിനിടയില്‍  മാര്‍ക്വിസിന്റെ ഷെല്‍ഫില്‍ 'ഏകാന്തതയുടെ നൂറു വര്‍ഷ'ങ്ങളുടെ മുന്‍പൊന്നും കാണാത്ത കവറോടു കൂടിയുള്ള ഒരു പഴയ പതിപ്പ് കാണാനായി.

കെ ജയകുമാര്‍
കെ ജയകുമാര്‍


തികച്ചും സൗജന്യമാണ് മെമ്പര്‍ഷിപ്പ്. തിരിച്ചറിയല്‍ കാര്‍ഡുള്ള ആര്‍ക്കും മെമ്പറാകാം. അപൂര്‍വ്വ ഗ്രന്ഥങ്ങളാണെങ്കില്‍  ടെര്‍മിനലുകളിലൂടെ ആവശ്യം രേഖപ്പെടുത്തിയാല്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ആ പുസ്തകം കൗണ്ടറില്‍ എത്തിയിരിക്കും. എത്ര പുസ്തകങ്ങള്‍ വേണമെങ്കിലും വായിക്കാനായി വീട്ടില്‍ കൊണ്ടുപോകാം. അതുകൊണ്ടുതന്നെ ഗവേഷകരുടേയും വിദ്യാര്‍ത്ഥികളുടേയും പ്രിയപ്പെട്ട താവളമാണ് ഇവിടം. 

ഏറ്റവും ആകര്‍ഷകമായി തോന്നിയത്  അവിടത്തെ ആര്‍ക്കൈവുകളുടെ നിലയായിരുന്നു. അത്യാധുനികമായ കാറ്റലോഗിംഗ് സംവിധാനമനുസരിച്ച് അപൂര്‍വ്വ ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും ഇവിടെ സൂക്ഷിച്ചുവച്ചിരിക്കുന്നു. കംപ്യൂട്ടറിലെ കോഡ് നമ്പര്‍ ഉപയോഗിച്ചു അവിടത്തെ ശേഖരത്തിലുള്ള ഏതു അപൂര്‍വ്വ രേഖകളും പ്രസിദ്ധീകരണങ്ങളും കണ്ടെത്താം. അങ്ങനെ പഴയ മാസികകളുടെ മുന്‍ ലക്കങ്ങള്‍  തേടിവരുന്നവരുണ്ട്.

ഇന്റര്‍നെറ്റിന്റെ വരവോടെ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പിലായെന്ന അഹങ്കാരത്തോടെ വൈജ്ഞാനിക ഗ്രന്ഥങ്ങളെല്ലാം  വലിച്ചെറിയാന്‍ വ്യഗ്രത കാട്ടുന്ന പുതിയ തലമുറയ്ക്ക് മനസ്സിലാക്കാന്‍ കഴിയാത്തൊരു ലോകമാണ് അവിടെ കാണാനായത്. വിക്കിപീഡിയയുടേയും സെര്‍ച്ച് എന്‍ജിനുകളുടേയും സൗജന്യത്തില്‍ തരപ്പെടുന്ന സൗജന്യ സൈറ്റുകളുമൊക്കെ ചൊരിഞ്ഞിടുന്നത് വെറും വിവരങ്ങളുടെ തുണ്ടുകളാണെന്നും  വിജ്ഞാനദാഹികള്‍ക്ക് അമൂല്യഗ്രന്ഥങ്ങള്‍ തേടിപ്പോകാതെ വയ്യെന്നും അടിവരയിട്ടു പറയുന്നവയാണ് ഇത്തരം ഗ്രന്ഥപ്പുരകള്‍.  
മറ്റു ചില വ്യത്യസ്തമായ അനുഭവങ്ങള്‍ പുസ്തകക്കടകളെപ്പറ്റിയാണ്. അതിലൊന്ന് ദക്ഷിണ കൊറിയയിലേതു തന്നെ.

നമ്പൂതിരി
നമ്പൂതിരി

 
വളരെയേറെ സമ്പന്നവും സജീവവുമാണ് കൊറിയയിലെ പുസ്തകപ്രസാധന രംഗം. അങ്ങേയറ്റം സാങ്കേതിക മികവോടെ ലോകത്തെ ഏറ്റവുമധികം കൂട്ടിയിണക്കപ്പെട്ട രാജ്യമെന്ന് അവകാശപ്പെടുന്ന (most wired country) ദക്ഷിണ കൊറിയയെപ്പോലുള്ള ഒരു നാട്ടില്‍പ്പോലും അച്ചടിച്ച പുസ്തകങ്ങളുടെ പ്രസക്തി കുറഞ്ഞിട്ടില്ലെന്നത് തന്നെ. സബ്ബ്വേകളിലും മാളുകളിലും നിരത്തുവക്കുകളിലും എന്നു മാത്രമല്ല, പൊതു ഇടങ്ങളിലെല്ലാം സ്മാര്‍ട്ട്‌ഫോണും ആന്‍ഡ്രോയിഡുമായി സമയം ചെലവഴിക്കുന്ന യുവതലമുറയുള്ള നാട്ടിലാണ് ഇതെന്നത് മറക്കാനാവില്ല. പുസ്തകവില്പന പൊതുവെ അവിടെയും കുറഞ്ഞുവരികയാണെങ്കിലും അവിടത്തെ പുസ്തകവിപണി സജീവമാണ്. കഷ്ടിച്ചു അഞ്ചുകോടിയോളം മാത്രം ജനസംഖ്യയുള്ളുവെങ്കിലും നൂറ്റിമുപ്പത് കോടി ജനസംഖ്യയുള്ള ഇന്ത്യയിലുള്ളതിനെക്കാള്‍ ഇരട്ടിയുണ്ട് അവിടത്തെ പുസ്തകവിപണി.  പ്രധാന ഭാഷ കൊറിയനായതുകൊണ്ട് ഇംഗ്ലീഷടക്കമുള്ള വിദേശ ഭാഷകളിലെ പുസ്തകങ്ങള്‍ കഷ്ടിച്ച് പത്ത് ശതമാനം മാത്രമേ വരുന്നുള്ളൂ. ഞങ്ങള്‍ സന്ദര്‍ശിച്ച വന്‍കിട പുസ്തകശാലകളിലും വായനശാലകളിലും ഈ തരംതിരിവ് വ്യക്തമായിരുന്നു. വിദേശ ഭാഷകളുടെ പുസ്തകവിഭാഗം ഒരു കോണിലാണെങ്കിലും ലോക ക്ലാസ്സിക്കുകളുടെയെല്ലാം  കൊറിയന്‍ പരിഭാഷകള്‍ സുലഭമാണ്. 

സോള്‍ നഗരത്തിലെ പ്രസിദ്ധമായ ക്യോബൊ ബുക്ക്‌സ്റ്റോറിന്റെ ഏറ്റവും പഴക്കം ചെന്ന മുഖ്യ ശാഖയില്‍ കണ്ട ആള്‍ക്കൂട്ടം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഏതാണ്ടൊരു സൂപ്പര്‍മാളില്‍ കയറിയ പ്രതീതി. കുട്ടികളുടെ പുസ്തകവിഭാഗത്തില്‍ ഒഴിഞ്ഞ ഇരിപ്പിടങ്ങളിലും ഷെല്‍ഫുകളുടെ ഇടയില്‍ നിലത്തുമായി  നിവര്‍ത്തിയ പുസ്തകങ്ങളില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന  വലിയൊരു സംഘത്തെ കാണാനായി. ആ ശാഖയില്‍ മാത്രം 23 ലക്ഷം പുസ്തകങ്ങള്‍ ഒരുക്കിയിട്ടുണ്ടത്രെ. മൊത്തം പതിന്നാല് പുസ്തകശാലകളാണ് ക്യോബൊവിന് കൊറിയയിലുള്ളത്. പ്രധാന ശാഖയുടെ മുറ്റത്തെ തുറന്ന ഗാലറിയില്‍ നടക്കുന്ന പുസ്തകചര്‍ച്ചാ ചടങ്ങിനും സാമാന്യം നല്ല കേള്‍വിക്കാരുണ്ടായിരുന്നു. 

പുസ്തക വ്യവസായവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രധാന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ കൊറിയയില്‍ പാസ്സാക്കിയിട്ടുണ്ടെന്ന് മാത്രമല്ല, വിപണനരംഗത്തെ അനാരോഗ്യകരമായ ചില പ്രവണതകള്‍ നിയന്ത്രിക്കാനും ഇതില്‍ വ്യവസ്ഥകളുണ്ട്. കൂടാതെ പുസ്തകസംസ്‌കാരത്തേയും വായനയേയും പ്രോത്സാഹിപ്പിക്കാനായി പല നടപടികളും അവര്‍ എടുത്തിട്ടുണ്ട്.  മിക്കവാറും എല്ലാ പരിഷ്‌കൃത രാജ്യങ്ങളും അവരുടേതായ പുസ്തകനയങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടെങ്കിലും അങ്ങനെയൊന്ന് ഉണ്ടാക്കാനുള്ള ശ്രമം ഇന്ത്യയില്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒരടി മുന്നോട്ട് കടക്കാനായിട്ടില്ലെന്നത് വേറൊരു കാര്യം. 

വിദേശത്തുള്ള സൗകര്യങ്ങള്‍ നമ്മുടെ നാട്ടില്‍ കിട്ടുന്നില്ലല്ലോ എന്നുള്ള വിലാപമല്ലിത്. വ്യത്യസ്തമായത് എവിടെ കണ്ടാലും അത് ചൂണ്ടിക്കാണിക്കാനുള്ള ഒരു എളിയ ശ്രമം മാത്രം. ഏറ്റവും ചുരുങ്ങിയത് നമ്മുടെ മഹാനഗരങ്ങളിലെങ്കിലും ഇങ്ങനെ വല്ലതും കാണാനായെങ്കില്‍ എന്ന് മോഹിച്ചു പോകുകയാണ്.

(അനുബന്ധം: പണ്ടത്തെക്കാലത്ത് സംസ്‌കാരസമ്പന്നനായ ഒരു ഇടത്തരക്കാരന്റെ സ്വീകരണമുറിയില്‍ ചെറിയൊരു പുസ്തക ഷെല്‍ഫ്  തീര്‍ച്ചയായും ഉണ്ടായിരിക്കുമെന്ന് വെള്ളക്കാര്‍ പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്, നമ്മുടെ ചില കാരണവന്മാരും. പക്ഷേ,    ഇന്നത്തെ   കാലത്ത് പുതിയൊരു വീട്ടില്‍ കടന്നുചെല്ലുന്നയാളുടെ നോട്ടം ഷെഡ്ഡില്‍ കിടക്കുന്ന കാറിന്റെയോ ബൈക്കിന്റേയോ ബ്രാന്‍ഡോ അകത്തെ ടീവി സ്‌ക്രീനിന്റേയോ ഫ്രിഡ്ജിന്റേയോ വലിപ്പമോ ആകാനാണ് സാദ്ധ്യത!)
        
     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com