മുതിര്‍ന്നവരുടെ ലോകത്തിലെ 'കുട്ടി' സമരങ്ങള്‍

പ്രത്യക്ഷത്തില്‍ അനുകൂലമെന്നു തോന്നുന്ന ഈ വ്യവസ്ഥയുടെ അടിയൊഴുക്കുകള്‍ കുട്ടികളിലുണ്ടാക്കുന്ന പലതരം സ്വാധീനങ്ങളെക്കുറിച്ചുള്ള ആശങ്കകളും നമുക്കു ചറ്റുമുണ്ട്.
സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സ്‌കൂള്‍പഠനം ഉപേക്ഷിച്ച്‌കൊണ്ട് ഗ്രെറ്റ തണ്ടര്‍ബര്‍ഗ് നടത്തിയ ഒറ്റയാള്‍ പോരാട്ടം
സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സ്‌കൂള്‍പഠനം ഉപേക്ഷിച്ച്‌കൊണ്ട് ഗ്രെറ്റ തണ്ടര്‍ബര്‍ഗ് നടത്തിയ ഒറ്റയാള്‍ പോരാട്ടം

മ്മുടെ ലോകം എന്തുമാത്രം കുട്ടികള്‍ക്കുവേണ്ടി നിലകൊള്ളുന്നുണ്ട്? ഒരു തരത്തില്‍ ചിന്തിച്ചാല്‍ മുന്‍പെന്നത്തെക്കാളും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചിന്തകള്‍, അണുകുടുംബങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്ന പ്രാധാന്യം, അറിവുകളുടെ അനുസ്യൂതവും അമ്പരപ്പിക്കുന്നതുമായ ഒഴുക്ക് എന്നിവയെല്ലാം കുട്ടികളുടെ അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്ന ഒരു കാലഘട്ടത്തിലാണ്  നമ്മള്‍ ജീവിക്കുന്നത്. അതേസമയം പ്രത്യക്ഷത്തില്‍ അനുകൂലമെന്നു തോന്നുന്ന ഈ വ്യവസ്ഥയുടെ അടിയൊഴുക്കുകള്‍ കുട്ടികളിലുണ്ടാക്കുന്ന പലതരം സ്വാധീനങ്ങളെക്കുറിച്ചുള്ള ആശങ്കകളും നമുക്കു ചറ്റുമുണ്ട്.

എല്ലായ്പോഴും തങ്ങള്‍ക്കു മുന്‍പുള്ള തലമുറയെക്കാള്‍ പലതരത്തിലും മെച്ചപ്പെട്ടവരെങ്കിലും അനുഭവങ്ങളില്‍നിന്നും ലഭിക്കേണ്ട തിരിച്ചറിവുകളുടെ കുറവ് പുതിയ തലമുറയുടെ പുരോഗതിക്കു വെല്ലുവിളിയാകുന്നുണ്ട്. മുതിര്‍ന്നവരാകട്ടെ, അവരുടെ അനുഭവസമ്പത്തും അധികാരവും ഉപയോഗിച്ച് കുട്ടികളുടെ ലോകത്തില്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. മധ്യ-ഉപരിവര്‍ഗ്ഗ കുടുംബങ്ങളില്‍ പ്രത്യേകിച്ചും അമിതമായ സ്‌നേഹലാളനകളാല്‍ കുട്ടികളെ കിരീടാവകാശികളെന്നപോലെ  വാഴിക്കുകയും എന്നാല്‍ സ്വന്തം അധികാരത്തിന്റെ കാണാച്ചരടുകള്‍ കോര്‍ത്തിട്ട് ഉപരിപ്ലവവും ഏകതാനവുമായ ഒന്നാക്കി കുട്ടിയുടെ അനുഭവ പരിസരത്തെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതും കാണാം. ഭാവിയിലേക്ക് കുട്ടികളെ തയ്യാറാക്കുകയാണ് എന്ന വ്യാജേന മുതിര്‍ന്നവര്‍ സ്വന്തം ലോകത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി കുട്ടികളുടെ സ്വതന്ത്രമായി വളരാനുള്ള സാദ്ധ്യതകളെ പാകപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് സത്യം.

ലോകമെമ്പാടും നിലനിന്നുപോരുന്ന ഈ അവസ്ഥയിലാണ് സ്വന്തം അനുഭവങ്ങളിലെ വിടവുകള്‍ നിരന്തരമായ സ്വയം പുതുക്കലുകളിലൂടെ നികത്തിയെടുക്കാന്‍ ശ്രമിക്കുന്ന, ചരിത്രബോധത്തിലും ശാസ്ത്രാവബോധത്തിലും  അധിഷ്ഠിതമായ ചിന്താപദ്ധതി സ്വായത്തമാക്കിയ, മുതിര്‍ന്നവരുടെ ലോകത്തിലെ അധികാരരൂപങ്ങളെ സ്വതന്ത്രമായും ധീരമായും ചോദ്യം ചെയ്യാന്‍ ശേഷിയുള്ള കുട്ടികള്‍; അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമാകുന്നത്.

സമരമുഖത്തെ കുട്ടികള്‍
യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദ റൈറ്റ്‌സ് ഓഫ് ദ ചൈല്‍ഡ് UNCRC എന്ന ലോകരാജ്യങ്ങളുടെ അന്താരാഷ്ട്ര ബാലാവകാശ ഉടമ്പടി പ്രകാരം 18 വയസ്സില്‍ താഴെ പ്രായമുള്ള വ്യക്തികളെയാണ് കുട്ടികളായി പരിഗണിക്കുക. അതത് രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ഈ നിര്‍വ്വചനത്തില്‍ മാറ്റങ്ങള്‍ സാധ്യമാണ്. നമുക്കെല്ലാമറിയാം കുട്ടികള്‍ക്ക് വോട്ടവകാശമില്ല. അതായത് പ്രായപൂര്‍ത്തിയായി എന്ന് മുതിര്‍ന്നവര്‍ തീരുമാനിക്കുന്ന പ്രായം വരെ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗഭാക്കാകാനാവില്ല. ഈ വസ്തുതയും അവരെ സമരത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു എന്ന് ലോകമെമ്പാടും ഇപ്പോള്‍ നടക്കുന്ന സമരങ്ങളിലെ കൗമാരക്കാരുടേയും കുട്ടികളുടേയും പ്രാതിനിധ്യം തെളിയിക്കുന്നു. മുതിര്‍ന്നവര്‍ പ്രായം കുറഞ്ഞവരെ എടുത്തു ചാട്ടക്കാരും അമിത വൈകാരികതയുള്ളവരും മാത്രമായി വിലയിരുത്തുമ്പോള്‍ അതിനു വിപരീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുട്ടികള്‍ നമുക്കിടയിലുണ്ട്. അവരുടെ എണ്ണം ഒരുപക്ഷേ, കുറവാണെങ്കില്‍ അതിനു കാരണങ്ങള്‍ തേടേണ്ടത് നിലവിലിരിക്കുന്ന വിദ്യാഭ്യാസ വ്യവസ്ഥയിലാണ് താനും.

ശൈശവ വിവാഹത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന പായ്‌ല ജങ്ഗിദ്
ശൈശവ വിവാഹത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന പായ്‌ല ജങ്ഗിദ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സമരങ്ങള്‍ക്ക് മഹത്തായ പൂര്‍വ്വ മാതൃകകളുണ്ട്. വര്‍ണ്ണവിവേചനത്തിനെതിരേയും തൊഴില്‍ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. അമിതമായ സ്‌കൂള്‍ ജോലികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ക്കെതിരെയൊക്കെ 1889 മുതല്‍ത്തന്നെ ബ്രിട്ടനില്‍ സ്‌കൂള്‍ സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സമരങ്ങള്‍ അവിടത്തെ രാഷ്ട്രീയ അന്തരീക്ഷവുമായി ഇഴചേര്‍ന്നിരുന്നു എന്ന് ചരിത്രം പറയുന്നു.

ഈ പശ്ചാത്തലത്തിലാണ്  വിദ്യാര്‍ത്ഥികള്‍ മുന്‍നിരയില്‍നിന്നു നയിക്കുകയും മുതിര്‍ന്നവര്‍ അവരുടെ പിന്നില്‍ അണിചേരുകയും ചെയ്യുന്ന ഇന്നത്തെ പരിസ്ഥിതി സമരങ്ങളുടെ പ്രസക്തി ഇത്തരം സമരങ്ങളുടെ സംഘാടനം മുതല്‍ നവമാധ്യമ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പ്രചാരണം വരെയും കുട്ടികളുടെ പ്രധാന പങ്കാളിത്തത്തിലാണ് സംഭവിക്കുന്നത്. എന്നത് ഒരുപക്ഷേ, നമ്മളെ അദ്ഭുതപ്പെടുത്തിയേക്കാം. വിദ്യാര്‍ത്ഥി രാഷ്ട്രീയം എപ്പോഴും ചര്‍ച്ചാ വിഷയമാകുന്ന നാടാണ് കേരളം. അദ്ധ്യാപകരുടെ നിയമനം നടത്തുന്നതിനായിപ്പോലും സമരം ചെയ്യേണ്ടിവന്ന സ്‌കൂള്‍ കുട്ടികള്‍ ഇവിടെയുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥി സമരങ്ങളെക്കുറിച്ച് മികച്ച രചനകളുണ്ടായിട്ടുണ്ട്. അത്തരം വിശകലനങ്ങളല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

പുതിയ കാലത്തില്‍ കൗമാരപ്രായക്കാരും സ്‌കൂള്‍ കുട്ടികളും നയിക്കുന്ന സമരങ്ങള്‍ ലോകസമൂഹത്തിന്റെ മനസ്സാക്ഷിയോട് ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ചാണ് ഈ ലേഖനം പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത്.. ഒപ്പം തന്നെ ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥയെക്കുറിച്ചുള്ള ചില ചിന്തകളും പങ്കുവെയ്ക്കാനാഗ്രഹിക്കുന്നു.

മുതിര്‍ന്നവര്‍ക്കെതിരെ വളരുന്ന ചോദ്യങ്ങള്‍
ലോക നേതാക്കളെ ഉത്രം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുകയാണ് ഗ്രെറ്റ തണ്‍ബര്‍ഗ്. സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചുകൊണ്ട് ഗ്രെറ്റ നടത്തിയ ഒറ്റയാള്‍ പോരാട്ടം 'സ്‌കൂള്‍ സ്‌ട്രൈക്ക് ഫോര്‍ ക്ലൈമറ്റ്' (കാലാവസ്ഥയ്ക്കുവേണ്ടി സ്‌കൂള്‍ സമരം) ലോകമെങ്ങുമുള്ള കുട്ടികള്‍ക്ക് പ്രചോദനമായി മാറി. 2019 മാര്‍ച്ച് 15-ന് സ്‌കൂള്‍ദിനം ഉപേക്ഷിച്ച് സമരങ്ങളിലേര്‍പ്പെടാനും സമാനമായ സമരങ്ങള്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംഘടിപ്പിക്കാനും തയ്യാറായ കുട്ടി പ്രവര്‍ത്തകരൊക്കെയും ഗ്രെറ്റയുടെ വാക്കുകള്‍ തങ്ങളെ പ്രചോദിതരാക്കിയെന്നു പറയുന്നു.

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയും യഥാര്‍ത്ഥത്തില്‍ ഒന്നുംതന്നെ ചെയ്യാതിരിക്കുകയുമാണ് ലോകനേതാക്കള്‍ എന്ന് ഗ്രെറ്റ തുറന്നടിച്ചു. ധനികരാഷ്ട്രമായ സ്വീഡന്‍ പോലുള്ളവ കാണിക്കുന്ന ധാരാളിത്തം, കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കുന്നതിലുള്ള അലസത എന്നിവയൊക്കെ എന്തുമാത്രം നാശത്തിലേയ്ക്കാണ് ലോകത്തെ നയിക്കുന്നതെന്ന് അവര്‍ ഉറക്കെ ചോദിക്കുകയുണ്ടായി.

മലാല യൂസഫ് സായ്
മലാല യൂസഫ് സായ്

ഗ്രെറ്റയുടെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ക്കെതിരെ അവരുടെ പ്രായം, ആസ്പര്‍ഗര്‍ സിന്‍ഡ്രോം എന്ന അവസ്ഥ, അവര്‍ക്കു പിന്നില്‍ കുട്ടിയുടെ മാതാപിതാക്കളാണ്, വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോയി പഠിക്കുകയാണ് വേണ്ടത് സമരം ചെയ്യുകയല്ല എന്നൊക്കെയാണ് ഭരണകര്‍ത്താക്കള്‍ പ്രതികരിച്ചത്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകളെ അവഗണിച്ചുകൊണ്ട് ആഗോളതാപനം തടയുന്നതിനായി വാചാടോപത്തിനുപരിയായി ചെറുവിരലനക്കാത്ത ലോകനേതാക്കള്‍ അപകടത്തിലാക്കുന്നത്  ഭാവിലോകത്തിന്റെ അവകാശികളായ യുവതലമുറയുടെ ജീവിതമാണെന്നും ഭാവി സുരക്ഷിതമല്ലെങ്കില്‍ പിന്നെ സ്‌കൂളിലേക്ക് തിരിച്ചുപോകുന്നതെന്തിനാണെന്നുമാണ്  ഗ്രെറ്റ മറുചോദ്യം ഉന്നയിച്ചത്. തന്റെ തീരുമാനങ്ങള്‍ തന്റേതുമാത്രമാണെന്നും താനൊരു സംഘടനയുടേയും പ്രതിനിധിയല്ലെന്നും വിശദമായൊരു മറുപടിയെഴുത്തിലൂടെ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സോണിറ്റ അലിസിദെ
സോണിറ്റ അലിസിദെ

ലോക നേതാക്കന്മാരോട് പ്രതീക്ഷയെക്കുറിച്ചുള്ള വൃഥാസംസാരം നിര്‍ത്തിയിട്ട് ആസന്നമായിരിക്കുന്ന ദുരന്തത്തെ മുന്നില്‍ കണ്ടെന്നവണ്ണം പ്രവൃത്തിചെയ്ത് കാണിക്കൂ എന്നാഹ്വാനം ചെയ്തുകൊണ്ട് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷയായി മാറിയ ഗ്രെറ്റയുടെ പേര് നൊബേല്‍ സമാധാന പുരസ്‌കാരത്തിനു നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.

പാര്‍ക്ക് ലാന്‍ഡ് സ്‌കൂള്‍ സമരം ഗ്രെറ്റ തണ്‍ബര്‍ഗറിനെ തന്റെ 'കാലാവസ്ഥയ്ക്കായി സ്‌കൂള്‍ സമരം' എന്ന ആശയത്തിലേക്ക് നയിച്ച സമരമാണ്. പാര്‍ക്ക് ലാന്‍ഡിലെ മെജോറിറ്റി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ അക്രമിയുടെ തോക്കിനിരയായി കൊല്ലപ്പെട്ട സ്വന്തം സഹപാഠികളുടെ മരണമേല്പിച്ച ആഘാതം എമ്മ ഗോണ്‍സലസ്, ഡേവിഡ് ഹോഗ് തുടങ്ങിയ വിദ്യാര്‍ത്ഥികളേയും അവരുടെ കൂട്ടുകാരേയും അമേരിക്കയിലെ അനിയന്ത്രിതമായ തോക്ക് സംസ്‌കാരത്തിനെതിരെ സംസാരിക്കാന്‍ പ്രേരിപ്പിച്ചു. കൂട്ടക്കുരുതി നടന്ന് ഒരു കൊല്ലം കഴിഞ്ഞിട്ടും എമ്മയും കൂട്ടരും അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി കനത്ത സെക്യൂരിറ്റിക്കിടയിലൂടെ മാര്‍പ്പാപ്പയ്ക്ക് കത്ത് കൈമാറിയ ആറു വയസ്സുകാരി ബോഫീക്രൂസ് മികച്ച പ്രാസംഗിക കൂടിയാണ്. എല്ലാ മീറ്റിംഗുകളിലും അവള്‍ ലോകത്ത് കൂടുതല്‍ സ്‌നേഹവും വിശ്വാസവുമുണ്ടാകേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിക്കുന്നു.

ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

സിറിയയിലെ ആലപ്പോയില്‍ സംഭവിച്ച ഭീകരതയെക്കുറിച്ച് ലോകത്തോട് സംസാരിച്ച എട്ടു വയസ്സുകാരി ബാന അലബദ്, മിഷിഗണിലെ ഫ്‌ലിന്റ് എന്ന പ്രദേശത്തെ ജലമലിനീകരണം തടയുന്നതിനായി പരിശ്രമിക്കുന്ന മേരി കൊപ്പെനിയെന്ന 11 വയസ്സുകാരി, ആഗോളതാപനം മൂലം നഷ്ടപ്പെട്ടുപോയേക്കാവുന്ന സ്വന്തം ദ്വീപ് സൗത്ത്  യൂസ്റ്റിനെ സംരക്ഷിക്കുന്നതിനായി സമരം ചെയ്യുന്ന മേബ് മക്കെന്‍സിയും (11 വയസ്സ്) കൂട്ടുകാരും അഫ്ഗാനിസ്ഥാനില്‍ ശൈശവ വിവാഹത്തിനെതിരെ പോപ്പ് സംഗീതത്തിലൂടെ പ്രതിഷേധിക്കുന്ന സോണിറ്റ അലിസിദെ, എര്‍ത്ത് ഗാര്‍ഡിയന്‍സ് എന്ന സംഘടനയുടെ യൂത്ത് ലീഡര്‍ ആയ നന്നേ ചെറുപ്പം മുതലേ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന തദ്ദേശീയ അമേരിക്കന്‍ സ്ഷൂ-ടെസ്-കാഹ്റ്റ് മാര്‍ട്ടിനെസ് (Xiuhtezcaft Mortinez), പാകിസ്താനിലെ പ്രശസ്തയായ മലാല യൂസഫ് സായ്, ഇന്ത്യയില്‍ത്തന്നെ ശൈശവ വിവാഹത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന പായ്ല ജാങ്ഗിദ്, കൂടംകുളത്തും മറ്റ് ജനകീയ സമരങ്ങളിലുമേര്‍പ്പെട്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ അങ്ങനെ ധാരാളം കുട്ടികള്‍ വേദനിക്കുന്ന ലോകത്തിന്റെ പ്രതീക്ഷയെ മുന്നോട്ട് നയിക്കുന്നവരാകുന്നുണ്ട്.

Child Activist-കുട്ടി പ്രവര്‍ത്തകര്‍ എന്ന വാക്കില്‍ ചിന്തയുടെ പുതുനാളങ്ങളെയാണ് ലോകം ദര്‍ശിക്കുന്നത്. ഇവരുടെ ചോദ്യങ്ങളോട് ഏതു വിധത്തില്‍ മനുഷ്യരാശി പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു നാം ജീവിക്കുന്ന ലോകത്തിന്റെ ഭാവി എന്നുതന്നെ പറയാം.

ഇന്ത്യയിലെ; കേരളത്തിലെ കുട്ടികള്‍
ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ചുരുക്കം ചില സ്‌കൂളുകള്‍ മാര്‍ച്ച് 15-ലെ കാലാവസ്ഥയ്ക്കായുള്ള ആഗോള സ്‌കൂള്‍ സമരത്തില്‍ (Global School Strike for Climate) പങ്കുചേര്‍ന്നുവെങ്കിലും പലയിടങ്ങളിലും ഈ വിഷയവുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാര്‍ത്ഥി സമൂഹം അവരുടെ ഭാവിജീവിതത്തെത്തന്നെ  സാരമായി ബാധിക്കുന്ന ഇത്തരം കാതലായ പ്രശ്‌നങ്ങളെക്കുറിച്ച് എന്തുമാത്രം ചിന്തിക്കുന്നുണ്ട് എന്നത് പഠനവിഷയമാക്കേണ്ടതുണ്ട്.

പുറം കാഴ്ചയില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ടെങ്കിലും ഇന്ത്യയിലെ, കേരളത്തിലെ ഭൂരിപക്ഷം സ്‌കൂള്‍ കുട്ടികളും ഇപ്പോള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? അവരെവിടെയാണ്?
മാര്‍ച്ച്  മാസം പരീക്ഷാക്കാലം. കൊടുംചൂടില്‍ കോച്ചിംഗ് സെന്ററുകളില്‍ അല്ലെങ്കില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായുള്ള (യഥാര്‍ത്ഥത്തില്‍ തലച്ചോറില്‍ കുത്തിവെയ്ക്കപ്പെട്ട അവരുടെ മാതാപിതാക്കളുടെ സ്വപ്നങ്ങള്‍) പൊരിഞ്ഞ പോരാട്ടത്തിലാണ് ഭൂരിപക്ഷം പേരും. മത്സരപ്പരീക്ഷകളിലോ പൊതു പരീക്ഷകളിലോ ഒക്കെ പങ്കെടുത്ത് ജീവിതവിജയം നേടാന്‍ ഭാവി പദ്ധതികളിലേക്ക് പടവുകള്‍ കയറുന്നവര്‍. ഇനിയൊരു കൂട്ടര്‍ ലക്ഷ്യബോധമില്ലാതെ തങ്ങളുടെ ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍പ്പെടുകയും ധാരാളം വിദ്യാഭ്യാസ പദ്ധതികളിലൂടെ കടന്നുപോയിട്ടും യഥാര്‍ത്ഥത്തില്‍ ആവശ്യമായ സഹായം കിട്ടാതേയും പുറന്തള്ളപ്പെടുന്നവര്‍. വിജയ ശതമാനത്തിന്റെ വര്‍ദ്ധിക്കുന്ന കണക്കുകള്‍ക്കിടയില്‍ ഒഴുക്കിലൊഴുകി സ്വയം നഷ്ടപ്പെടുന്നവരെക്കുറിച്ച്  ആരും തിരക്കാറില്ല താനും.

പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം
പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം


ലോകത്തിലെ ആകെ ജനസംഖ്യയില്‍ നാലിലൊന്നു ഭാഗവും കുട്ടികളാണെന്നിരിക്കെ  വിവിധ രാജ്യങ്ങളിലെ ചേരികളില്‍, പരിസ്ഥിതി സമരമുഖങ്ങളില്‍, വിവേചനങ്ങള്‍ നിലനില്‍ക്കുന്ന പലതരം സാമൂഹിക പരിസരങ്ങളില്‍, അഭയാര്‍ത്ഥി ക്യാമ്പുകളില്‍, യുദ്ധഭൂമികളില്‍ ഒക്കെയും എരിഞ്ഞുതീരുന്നത് ഈ ലോകത്തിന്റെ തന്നെ പ്രതീക്ഷകളാണെന്നിരിക്കെ, വിദ്യാലയങ്ങളില്‍ ചരടുവലികള്‍ക്കൊപ്പം ആടുകയും പാടുകയും പഠിക്കുകയുമൊക്കെ ചെയ്യുന്ന പാവകളായോ, മത്സരപ്പോരാട്ടങ്ങളിലെ പോരുകോഴികളായോ കൃത്യമായി പ്രോഗ്രാം ചെയ്തുവിട്ട റോബോട്ടുകളെപ്പോലെയോ അല്ല കുട്ടികള്‍ വളരേണ്ടതെന്ന് മുതിര്‍ന്നവര്‍, പ്രത്യേകിച്ചും പ്രബുദ്ധരെന്ന് മേനി നടിക്കുന്ന മലയാളികള്‍ മനസ്സിലാക്കേണ്ട സമയം കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ കുട്ടികളുടെ മുന്നില്‍വെയ്ക്കുന്ന ജീവിതവിജയത്തിന്റെ മാതൃകകള്‍ കോര്‍പ്പറേറ്റ് കോടീശ്വരന്മാരുടേയോ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥരുടേയോ മാത്രമാണ്. കുട്ടികളുടെ സ്വപ്നങ്ങള്‍ സക്കര്‍ബര്‍ഗിന്റേയോ ബില്‍ഗേറ്റ്‌സിന്റേയോ പോലുള്ള സാമ്പത്തിക സാമ്രാജ്യങ്ങളും ഉന്നതോദ്യോഗം കൊണ്ടു നേടാവുന്ന നേട്ടങ്ങളും നിറഞ്ഞതാകുന്നു. പണവും അധികാരവും ജീവിതവിജയത്തിന്റെ  മാനദണ്ഡങ്ങളാകുമ്പോള്‍ വൈയക്തിക അഭിലാഷങ്ങള്‍ക്കു മാത്രം മുന്‍ഗണന നല്‍കപ്പെടുകയും സാമൂഹിക നന്മയുടെ പാഠങ്ങള്‍ കുട്ടികളിലേക്കെത്താതിരിക്കുകയും ചെയ്യും. വ്യക്തിയുടേയും സമൂഹത്തിന്റേയും ഭാവി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന സമഗ്രമായ വീക്ഷണം യുവതലമുറയ്ക്ക് ലഭിക്കാതെ പോകുന്നു. രാജ്യത്തെപ്പറ്റിയും സമൂഹത്തെക്കുറിച്ചും വിശാലമായ വീക്ഷണമുള്ള യുവതലമുറയ്‌ക്കേ ഭാവിയിലെ വെല്ലുവിളികള്‍ നേരിടാനാകൂ. വിദ്യാഭ്യാസരംഗം  മുന്‍പെന്നത്തെക്കാളും മൂലധനശക്തികളുടെ വിപണിതാല്പര്യങ്ങള്‍ കയ്യടക്കിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ നമുക്കു വേണ്ടത് സാമൂഹികവും ശാസ്ത്രീയവുമായ അവബോധമുള്ള, ചുറ്റുപാടുകളോട് സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമായ രീതിയില്‍ പ്രതികരിക്കാന്‍ തയ്യാറുള്ള രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന കുട്ടികളെ തന്നെയാണ്.

വിദ്യാര്‍ത്ഥികളെല്ലാവരും വ്യക്തമായ ധാരണകള്‍ രൂപീകരിക്കാതെ വെറുതെ ഏതെങ്കിലുംമ കൊടിയും പിടിച്ച് കക്ഷിരാഷ്ട്രീയത്തിന്റെ പിണിയാളുകളാവുന്നതല്ല രാഷ്ട്രീയ പ്രബുദ്ധതയുടെ ലക്ഷണം. വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഇന്നോളം പരീക്ഷിച്ചതിനെക്കാള്‍ മികച്ച സംവിധാനങ്ങളിലേക്ക് ലോകത്തെത്തന്നെ നയിക്കാനുള്ള സാദ്ധ്യതകള്‍ അന്വേഷിക്കുന്നതും കൂടുതല്‍ മെച്ചപ്പെട്ട രാഷ്ട്രീയബോധ്യം നേടാനുതകുന്നതും ആയിരിക്കണം.

നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തിലെ മത്സരഓട്ടത്തില്‍ മുന്‍പന്തിയിലെത്തുന്നവരില്‍ ഉപരിപഠനത്തിനാവശ്യമായ ശേഷികളും ആഴമുള്ള അറിവും നേടാനുള്ള സന്നദ്ധതയും യഥാര്‍ത്ഥത്തില്‍ സ്വായത്തമാക്കിയിട്ടുള്ളവരുടെ എണ്ണം കുറവാണ്. സ്വന്തം സാമൂഹിക പരിസരത്തെക്കുറിച്ചുള്ള വിമര്‍ശനാത്മക വിശകലന ശേഷിയില്ലാതെ വളര്‍ന്നുവരുന്ന യുവജനസമൂഹമാണ് ഏറ്റവും പുതിയ വേഷവിധാനങ്ങള്‍ ധരിക്കുകയും മുതിര്‍ന്നവരുടെ പിന്തിരിപ്പന്‍ ചിന്താഗതികളുടെ ഫോസിലുകള്‍ ചുമന്ന് അയ്യപ്പജ്യോതി പോലുള്ള കെട്ടുകാഴ്ചകളില്‍ താലപ്പൊലിയെടുക്കുകയും ചെയ്യുന്നത്. പ്രണയിക്കുമ്പോള്‍ പോലും മത-ജാതി-സാമ്പത്തിക ലെന്‍സുകളിലൂടെ പരസ്പരം തട്ടിച്ചുനോക്കുന്നത്. അന്ധിശ്വാസച്ചരടുകള്‍ കെട്ടിയ കയ്യില്‍ ഏറ്റവും പുതിയതരം ഫോണുപയോഗിച്ചുകൊണ്ട്  സ്ത്രീവിരുദ്ധതയുടെ ഏറ്റവും വൃത്തികെട്ട ഉദാഹരണങ്ങളായ അഭിപ്രായ പ്രകടനങ്ങള്‍ ഫേസ്ബുക്കില്‍ നടത്തുന്നത്. അത്തരം യുവാക്കള്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുകയും പഠനത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവരെ വോട്ട് ബാങ്ക് രാഷ്ട്രീയ പ്രചരണത്തിനായി അപഹസിക്കുന്ന ഭരണാധികാരിയുടെ വഷളന്‍ ചിരിക്ക് കയ്യടിച്ചു ചിരിക്കാന്‍ മാത്രം രാഷ്ട്രീയാന്ധത ബാധിച്ചവരും സഹജീവികള്‍ക്കായി അനുതാപത്തിന്റെ കണികപോലും മനസ്സിലില്ലാത്തവരായി മാറുകയും ചെയ്യും. ഇന്ത്യന്‍ ജനാധിപത്യം, ഭരണഘടനാമൂല്യങ്ങള്‍ എന്നിവയുടെ നിലനില്പും വികാസവും ഇന്ത്യന്‍ യുവത്വത്തിന്റെ രാഷ്ട്രീയബോധ്യത്തിന്റെ വളര്‍ച്ചയെ ആശ്രയിച്ചാണിരിക്കുന്നത് എന്നു മനസ്സിലാക്കി ഒരു ജനതയെന്ന നിലയില്‍ നാം കുട്ടികളെപ്പറ്റി കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്.

ബാന അലബാദും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും
ബാന അലബാദും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും


തൊഴിലില്ലായ്മ, സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ലോകമെങ്ങും വര്‍ദ്ധിച്ചുവരുന്ന അനേകം പ്രശ്‌നങ്ങളുയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനാവശ്യമായ ശേഷികള്‍ യുവജനങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടത് മനുഷ്യരാശിയുടെ നിലനില്പിനു തന്നെ അത്യാവശ്യമാണ്. മുതിര്‍ന്നവരുടെ കാര്‍ബണ്‍ കോപ്പികളായി വളരുന്നവരിലല്ല നമ്മള്‍ താമസിക്കുന്ന ഭൂമിയെന്ന ഗ്രഹത്തിന്റെ ഭാവിയെന്നതിനു തെളിവാണ് ഗ്രെറ്റയുടേയും കൂട്ടരുടേയും പോലുള്ള സമരങ്ങള്‍. വളര്‍ന്നുവരുന്ന ഭാവി മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി പറയാനുള്ള ആര്‍ജ്ജവം മുതിര്‍ന്നവര്‍ കാണിച്ചില്ലെങ്കില്‍, ആഗോളതാപനം പോലുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ നേരിടുന്നതിനായി ദിശാബോധത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ലോകം ഇപ്പോള്‍ അനുഭവിക്കുന്നതിനെക്കാള്‍ ഗുരുതരമായിരിക്കുമെന്നതില്‍  സംശയമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com