ആര്‍ട്ട് സിനിമയില്‍ നിന്ന് വരുമാനം മാത്രമല്ല പ്രതീക്ഷിക്കേണ്ടത്: സക്കറിയ മുഹമ്മദ്

ആര്‍ട്ട് സിനിമയില്‍ നിന്ന് വരുമാനം മാത്രമല്ല പ്രതീക്ഷിക്കേണ്ടത്: സക്കറിയ മുഹമ്മദ്

ലയാള സിനിമാ പ്രേക്ഷകര്‍ക്ക് നവീനമായ കാഴ്ചാനുഭവം നല്‍കിയ സിനിമയാണ് 'സുഡാനി ഫ്രം നൈജീരിയ.' തീര്‍ത്തും അപരിചിതമായ മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ഈ സിനിമയുടെ സംവിധായകനാണ് സക്കറിയ മുഹമ്മദ്. 2018-ലെ സംസ്ഥാന സര്‍ക്കാരിന്റെ നവാഗത സംവിധായകനുള്ള പുരസ്‌കാരം, ശശി പരവൂര്‍ സ്മാരക അവാര്‍ഡ്, ജി. അരവിന്ദന്‍ പുരസ്‌കാരം എന്നിവ ഈ സംവിധായകനെ തേടിയെത്തി. സുഡാനിയെക്കുറിച്ചും തന്റെ ചലച്ചിത്ര ദര്‍ശനത്തെക്കുറിച്ചും സക്കറിയ സംസാരിക്കുന്നു. 
-----
എങ്ങനെയാണ് 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമ പിറവിയെടുക്കുന്നത്? ഫുട്‌ബോള്‍ കമ്പക്കാരനാണോ താങ്കള്‍? 
ജനിച്ചതും വളര്‍ന്നതും എല്ലാം മലപ്പുറം ജില്ലയില്‍ ആയതുകൊണ്ട്, ഫുട്‌ബോള്‍ എനിക്ക് സ്വന്തം ജീവിതം തന്നെ. സിനിമാ മോഹവുമായി നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ, ഫുട്‌ബോളിനെക്കുറിച്ചൊരു സിനിമ ചെയ്യുക എന്നതായിരുന്നു ഉള്ളിലുണ്ടായിരുന്നത്. അതും മലപ്പുറത്തിന്റെ സെവന്‍സ് ഫുട്‌ബോളിനെപ്പറ്റി. വിദ്യാഭ്യാസകാലത്താണ് ഇത്തരം ചിന്തകള്‍ ഒക്കെ ഉണ്ടായത്. അപ്പൊ മലപ്പുറത്തെ ഫുട്‌ബോളിനെപ്പറ്റി ബന്ധപ്പെട്ട ചില ആശയങ്ങള്‍ മനസ്സിലേക്ക് വരാന്‍ തുടങ്ങി. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചരിത്രം പശ്ചാത്തലമാക്കിയായിരുന്നു ആദ്യത്തെ ചിന്ത.

പണ്ട് ബ്രിട്ടീഷ് ക്ലബുകളിലൊക്കെ കളിച്ചവര്‍ ചിലരൊക്കെ ഇവിടെയുണ്ടായിരുന്നു. അവരുമായൊക്കെ അന്ന് ഞാന്‍ സംസാരിച്ചിരുന്നു. പക്ഷേ, ആ സിനിമ വലിയൊരു ക്യാന്‍വാസില്‍ മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ ആ പ്രൊജക്ട് മുടങ്ങി. അപ്പോഴാണ് എന്റെ നാട്ടില്‍ ഞാന്‍ അടുത്തറിയുന്ന കുറേ ഫുട്ബോള്‍ കളിക്കാരുടേയും സംഘാടകരുടേയുമൊക്കെ ജീവിതം പ്രമേയമാക്കി ഒരു സിനിമ എന്നു ചിന്തിച്ചത്. അതാണ് 'സുഡാനി'യില്‍ എത്തിയത്. ഇവിടെ പൂക്കാട്ടിരിയില്‍ എനിക്കറിയുന്ന ഫുട്ബോള്‍ കളിക്കാരും അവരെ നയിച്ചുകൊണ്ടുപോകുന്ന മാനേജര്‍മാരുമെല്ലാം ധാരാളമുണ്ട്. അവരുടെ ജീവിതം വളരെ അടുത്തറിയാവുന്ന ആളാണ് ഞാന്‍. ഇത്തരം ക്ലബ്ബുകളില്‍ കളിക്കാന്‍ വിദേശത്തുനിന്നു ധാരാളം പേര്‍ വരുന്നുണ്ട്. പ്രത്യേകിച്ചും ആഫ്രിക്കക്കാര്‍. അതില്‍ ഒരാള്‍ക്ക് ഇവിടെ കളിക്കാന്‍ വന്ന് അസുഖം പിടിപെടുന്നതും ഒടുവില്‍ അയാള്‍ മരണപ്പെടുന്നതുമായ സംഭവം ഓര്‍മ്മവന്നു. ആ ഒരു ത്രെഡില്‍നിന്നാണ്  'സുഡാനി ഫ്രം നൈജീരിയ' ജനിക്കുന്നത്.

വളരെ ഗ്രാമീണമായ അന്തരീക്ഷത്തിലുള്ള കഥയാണല്ലോ 'സുഡാനി ഫ്രം നൈജീരിയ'യുടേത്. ഇതിന്റെ ചിത്രീകരണം നടത്തിയതും സ്വന്തം ഗ്രാമത്തില്‍ തന്നെയായിരുന്നോ?
അല്ല. ഇതിന്റെ ചിത്രീകരണത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ തേടി ഒരുപാട് അലഞ്ഞിട്ടുണ്ട്. അതായത് ഈ കഥ നടക്കുന്നത് നേരത്തെ പറഞ്ഞ ഗ്രാമീണാന്തരീക്ഷമായതിനാല്‍ അതെല്ലാം ഒത്തിണങ്ങിയ സ്ഥലം കണ്ടെത്തുക ഏറെ പ്രയാസമുള്ളതായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ഭാഗങ്ങളിലും സ്ഥലം അന്വേഷിച്ചു നടന്നു. അവിടെയൊക്കെ ഒന്നു കിട്ടിയാല്‍ മറ്റൊന്നു കിട്ടില്ല. നിര്‍മ്മാണച്ചെലവ് കുറയ്ക്കാന്‍ നാലോ അഞ്ചോ കിലോമീറ്ററിനുള്ളില്‍ത്തന്നെ എല്ലാം വേണമായിരുന്നു. ഫുട്ബോള്‍ ഗ്രൗണ്ട്, പുഴ അങ്ങനെ പലതും. ഒടുവില്‍ മലപ്പുറം ജില്ലയിലെ വാഴയ്ക്കാട് വെച്ചാണ് സിനിമ ചിത്രീകരിച്ചത്. അവിടുത്തെ ജനങ്ങളെല്ലാം നല്ല സഹകരണമായിരുന്നു. പിന്നെ ഫുട്ബോള്‍ മാച്ചൊക്കെ ഷൂട്ട് ചെയ്തത് കോട്ടക്കലിന് അടുത്തുള്ള ഒതുക്കുങ്ങള്‍ എന്ന സ്ഥലത്തായിരുന്നു. അവിടെയുള്ള ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടകരുമായി സഹകരിച്ചാണ് ചിത്രീകരിച്ചത്. ആറു രാത്രികളിലായാണ് കളികള്‍ ഷൂട്ട് ചെയ്തത്. ഞങ്ങളുടെ ഷൂട്ടിങ് ക്രൂ വളരെ പരിമിതമായ ആളുകള്‍ മാത്രമുള്ളതായിരുന്നു. അതുകൊണ്ടുതന്നെ ഒരു കുടുംബം പോലെ ചെയ്യാനും സാധിച്ചു.

സക്കറിയ സിനിമാ സംവിധാനരംഗത്തേക്ക് എത്തിപ്പെട്ട ഒരു സാഹചര്യം എന്തായിരുന്നു? കുടുംബത്തില്‍ ആരെങ്കിലും കലാരംഗത്തുണ്ടോ?
സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ സിനിമ കാണുന്ന ശീലം ഉണ്ടായിരുന്നു. ഒന്‍പതാം ക്ലാസ്സ്, പത്താം ക്ലാസ്സൊക്കെ ആയപ്പോഴേക്കും നാട്ടിലുള്ള നാടകസംഘങ്ങളുമൊക്കെയായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ആ കാലത്താണ് നാടകവും സിനിമയുമൊക്കെ മനുഷ്യന്റെ മനസ്സിനെ സ്വാധീനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. ബിരുദ പഠന കാലത്ത് ചില ചെറിയ ടെലിഫിലിമൊക്കെ ചെയ്തിരുന്നു. ഹാന്റികാം ക്യാമറയില്‍ ഞങ്ങള്‍ നാട്ടുകാര്‍ മാത്രം ഉള്‍പ്പെട്ടതായിരുന്നു അത്. പക്ഷേ, ഒരു ഫീച്ചര്‍ ഫിലിം ചെയ്യുക എന്നതൊന്നും അന്ന് ചിന്തിച്ചിട്ടേയില്ല. പി.ജി പഠനത്തിനായി 'സാഫി' കോളേജില്‍ പോയത് മുതലാണ് മൊത്തം കാഴ്ചപ്പാടുകള്‍ മാറുന്നത്.

തിരക്കഥാ രചനയിലോ സംവിധാനങ്ങളിലോ എന്തെങ്കിലും മാതൃകകള്‍ ഉണ്ടോ? ആരുടെയെങ്കിലും സ്വാധീനം?
സിനിമ ഗൗരവമായി എടുക്കാന്‍ തുടങ്ങിയ കാലത്ത് അതായത്, ബിരുദ പഠനക്കാലത്തൊക്കെ, ഇറാനിയന്‍ സംവിധായകനായിരുന്ന മാജിദ് മജീദിയുടെ സിനിമകളോടാണ് താല്പര്യം തോന്നിയത്. ഇപ്പോഴും ഏറെക്കുറെ അങ്ങനെ തന്നെ. പി.ജി പഠനത്തിനായി വാഴക്കാട് സാഫി കോളേജില്‍ എത്തിയപ്പോഴാണ് സത്യത്തില്‍ സിനിമാ കാഴ്ചപ്പാടുകള്‍ മാറാന്‍ തുടങ്ങുന്നത്. അവിടുത്തെ അധ്യാപകനായ മുഹമ്മദ് നൗഷാദുമായുള്ള സൗഹൃദം എനിക്ക് വലിയൊരു സഹായമായി. അദ്ദേഹം സിനിമയെക്കുറിച്ച് നല്ല ധാരണകള്‍ ഉള്ള പണ്ഡിതനാണ്. മജീദിയുടെ സിനിമകളെ അടുത്തറിയാന്‍ ഇത് ഒരുപാട് സഹായിച്ചു.

മലയാളത്തില്‍ ഏറെ സ്വാധീനിച്ച സംവിധായകന്‍ കെ.ജി. ജോര്‍ജ്ജാണ്. അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് എഴുത്ത് രീതിയും സംവിധാനരീതിയുമൊക്കെ ഇഷ്ടമാണ്. പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ എന്നീ സിനിമകള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിലും ഇവര്‍ മാത്രമാണ് ഏറെ മുന്നിലുള്ള മാതൃകകള്‍ എന്നും പറയാന്‍ പറ്റില്ല. ഏറെക്കുറെ സ്വാധീനിച്ചവര്‍ ഇവരാണെന്നു മാത്രം.

പുതിയ തലമുറയിലെ സിനിമാ പ്രേക്ഷകരെക്കുറിച്ച് എന്താണ് അഭിപ്രായം? 
പുതിയ തലമുറയുടെ സിനിമാ ആസ്വാദനം നല്ലതു തന്നെയാണ്. സിനിമകളുടെ ഉള്ളടക്കവും നിര്‍മ്മാണരീതിയുമൊക്കെ അതിനനുസരിച്ചാവണമെന്നു മാത്രം. മുന്‍പുള്ളതിനെക്കാള്‍ സാങ്കേതിക സംവിധാനങ്ങള്‍ ഇന്നു സിനിമാ നിര്‍മ്മാണത്തിനുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകരും പല സിനിമകളിലും അത്തരം സാങ്കേതിക സംവിധാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പിന്നെ, പുതിയ തലമുറയിലെ പ്രേക്ഷകര്‍ക്ക് സിനിമയെക്കുറിച്ച് നല്ല ബോധവും ബോധ്യവുമുണ്ട്. കെ.ജി. ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം പോലെയുള്ള സിനിമകള്‍ ഒക്കെ ആസ്വദിച്ചു കാണാന്‍ പറ്റുന്ന ഒരു പ്രേക്ഷക സമൂഹം ഉണ്ടെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

പുതിയ തലമുറയെ പ്രതിനിധീകരിക്കുന്ന ഒരു സംവിധായകന്‍ എന്ന രീതിയില്‍ സിനിമയില്‍ വന്ന മാറ്റങ്ങളെ എങ്ങനെ കാണുന്നു?
സിനിമ പലതരത്തിലും മാറുന്നുണ്ട്. മാറുക തന്നെയാണ് വേണ്ടതും. മുന്‍പ് അതൊരു കഥ പറയുന്ന രീതി മാത്രമായിരുന്നു. പക്ഷേ, ഇപ്പോള്‍ അത് സാങ്കേതികമായും അവതരണമായും പലതരത്തില്‍ വളര്‍ന്നു. സാങ്കേതികമായി വലിയ മാറ്റം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ധാരാളം പരീക്ഷണങ്ങള്‍ എല്ലാ രംഗത്തും നടക്കുന്നുണ്ട്. പുതിയ പ്രേക്ഷകര്‍ക്ക് ഇവയൊക്കെ കണക്ട് ചെയ്യാന്‍ സാധിക്കുന്നുമുണ്ട്. ഫിലിം ക്ലാസ്സുകള്‍, ഫിലിം ഫെസ്റ്റിവലുകള്‍ എന്നിവയിലൊക്കെ ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരങ്ങളും ലഭിക്കുന്നു. മുന്‍പാണെങ്കില്‍ അവാര്‍ഡ് സിനിമ, ആര്‍ട്ട് ഫിലിം എന്നിങ്ങനെ തരംതിരിവുകള്‍ ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയല്ല. കലാമൂല്യമുള്ളവയാണോ എന്നതാണ് പ്രധാനമായി പ്രേക്ഷകന്‍ നോക്കുന്നത്. കാഴ്ചക്കാരന് ഒരു അനുഭവം ഉണ്ടാകണം. വലിയൊരു കൂട്ടത്തെയാണ് സിനിമ സ്വാധീനിക്കേണ്ടത്. അതിനൊരു ക്വാളിറ്റി ഉണ്ടാകണം. ഇത്തരം സിനിമകള്‍ എല്ലാവര്‍ക്കും ദഹിക്കണമെന്നില്ല. പക്ഷേ, അവയൊക്കെ നമുക്ക് ഒരു കള്‍ച്ചറല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആണ്. ആര്‍ട്ട് സിനിമയില്‍നിന്ന് വരുമാനം മാത്രമല്ല പ്രതീക്ഷിക്കേണ്ടത്. അവയൊക്കെ നമ്മുടെ ജീവിത്തിലെ ഒരു കള്‍ച്ചറല്‍ ഇന്‍വെസ്റ്റ്‌മെന്റാണ്.

സുഡാനിയുടെ സ്‌ക്രിപ്റ്റ് എഴുതുന്നതിന്റെ ഭാഗമായല്ലോ. തിരക്കഥാ രചനയുടെ എന്തെല്ലാം അനുഭവങ്ങളാണ് ഇതിലൂടെ പഠിച്ചത്?
വലിയൊരു അനുഭവമായിരുന്നു അത്. ഫീച്ചര്‍ ഫിലിമിന്റെ തിരക്കഥാ രചനയുടെ പലതും അനുഭവിക്കാനും പഠിക്കാനും ഈ അവസരത്തിലൂടെ സാധിച്ചു. എഴുത്തിന്റെ ഓരോ ഘട്ടത്തിലും നിര്‍മ്മാതാക്കളുമായി ഇരുന്ന് ചര്‍ച്ച ചെയ്തിരുന്നു. ഏതാണ്ട് 13 തവണ ഡ്രാഫ്റ്റ് എഴുതിയിട്ടുണ്ട്. ഓരോ തവണ മാറ്റി എഴുതുമ്പോഴും ഞങ്ങള്‍ പലതും പഠിക്കുകയായിരുന്നു. ഓരോ സീനുകളും മനസ്സില്‍ കണ്ടുകൊണ്ടാണ് എഴുതിയിരുന്നത്. അതുകൊണ്ടുതന്നെ, ശരിയാവില്ല എന്നു തോന്നുന്നത് അപ്പോള്‍ തന്നെ കളയും. ഇതൊക്കെ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ അനുഭവമായിരുന്നു. 

സുഡാനിയില്‍ ഒന്നോ രണ്ടോ പേരെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ള നടന്മാരെല്ലാം നാടകക്കാരും പുതുമുഖങ്ങളുമാണ്. സത്യത്തില്‍ മജീദായി അഭിനയിക്കാന്‍ സൗബിന്‍ ഷാഹിറിനെ തന്നെയാണോ ഉദ്ദേശിച്ചത്?
സിനിമയില്‍ എല്ലാം പുതുമുഖങ്ങളാകട്ടെ എന്നതായിരുന്നു ആദ്യത്തെ തീരുമാനം. പക്ഷേ, നമുക്ക് റിലീസിംഗ് സമയത്ത് തിയേറ്റര്‍ വിട്ടുകിട്ടുക എന്നത് വളരെ പ്രധാനമാണ്. അതിന് സുപരിചിതമായ മുഖം ആവശ്യമാണ്. അങ്ങനെ വന്നപ്പോഴാണ്, താരപരിവേഷം ഇല്ലാത്തതും എന്നാല്‍, ജനങ്ങള്‍ക്ക് മുഖപരിചയവുമുള്ള ഒരാളിലേക്ക് അന്വേഷണം എത്തിയത്. അങ്ങനെയാണ് മജീദിന്റെ റോളിലേക്ക് സൗബിനെ പരിഗണിച്ചത്. ബാക്കിയുള്ള കലാകാരന്മാര്‍ മിക്കവരും നാടകരംഗത്തൊക്കെ പ്രവര്‍ത്തിക്കുന്നവരാണ്. പിന്നെ, ചിലര്‍ എന്റെ നാട്ടുകാരും സുഹൃത്തുക്കളുമൊക്കെത്തന്നെ.

ഒരൊറ്റ സിനിമകൊണ്ട് തന്നെ താങ്കള്‍ വളരെയധികം അറിയപ്പെടുന്ന സംവിധായകനായി. അവാര്‍ഡുകളും ലഭിച്ചു. സൂപ്പര്‍സ്റ്റാറുകളെ വെച്ച് ഒരു സിനിമ ചെയ്യാന്‍ അവസരം വന്നാല്‍ ചെയ്യുമോ?
തീര്‍ച്ചയായും. പക്ഷേ, അവര്‍ക്ക് എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങള്‍ ആകണം. മികച്ച തിരക്കഥയാകണം. അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും സംവിധാനം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com