കഥകളിപ്പാട്ടിലെ സാമ്പ്രദായിക ശുദ്ധി: കോട്ടയ്ക്കല്‍ നാരായണനെപ്പറ്റി ഞായത്തു ബാലന്‍ എഴുതുന്നു

കഥകളി പാട്ടുകാരനായ കോട്ടയ്ക്കല്‍ നാരായണന്റെ ജീവിതത്തെപ്പറ്റി
കഥകളിപ്പാട്ടിലെ സാമ്പ്രദായിക ശുദ്ധി: കോട്ടയ്ക്കല്‍ നാരായണനെപ്പറ്റി ഞായത്തു ബാലന്‍ എഴുതുന്നു

കലകലാസാകല്യമെന്നും തൌര്യത്രികമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന കഥകളിയില്‍ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നടനു തന്നെയാണ് കേന്ദ്രസ്ഥാനം. പാട്ടും കൊട്ടും ആഹാര്യഘടകങ്ങളുമൊക്കെ നടന്റെ രാഗക്രിയകള്‍ക്ക് പരഭാഗശോഭയും ഉല്‍ക്കര്‍ഷവുമുണ്ടാക്കാന്‍ ഉപകരിക്കുന്ന പൂരക ഘടകങ്ങളാണ്. എന്നാല്‍, ഈ അംഗകലകളൊക്കെത്തന്നെ സ്വതന്ത്ര കലകളായി നിലനില്‍ക്കാന്‍ തക്ക പ്രയോഗവൈശിഷ്ട്യവും പ്രാമാണികതയുമുള്ളവയാണ്. 

കഥകളിയുടെ ഗതകാല പ്രതാപത്തില്‍ ഇന്നും മങ്ങലേല്‍ക്കാതെ നില്‍ക്കുന്നത് കഥകളിപ്പാട്ടുവിഭാഗമാണെന്നു കാണാം. സഹൃദയ പ്രീതി നേടിയ ഗായകരുടെ എണ്ണത്തിലും പ്രയോഗവൈദഗ്ദ്ധ്യത്തിലും കഥകളിപ്പാട്ടുവിഭാഗം ഇന്ന് നിറഞ്ഞുനില്‍ക്കുകയാണ്. അതിനു കാരണം അത് പഠിക്കാനും പ്രയോഗിക്കാനുമുള്ള സൗകര്യം തന്നെ. ജന്മവാസനയും ശാരീരശുദ്ധിയും ഇത്തിരി സ്ഥിരോത്സാഹവുമുള്ള സംഗീതതല്പരര്‍ക്കൊക്കെ കഥകളിപ്പാട്ടു പഠിക്കാം. മുഖ്യ വിദ്യാഭ്യാസ ധാരയേയും പ്രധാന തൊഴിലിനേയും ഒട്ടും വിപരീതമായി ബാധിക്കാതെ കഥകളിപ്പാട്ടു പഠിക്കാനും കൊണ്ടുനടക്കാനും വലിയ ബുദ്ധിമുട്ടില്ല.  പാലനാട് ദിവാകരന്‍ തുടങ്ങി ഒട്ടേറെ കലാകാരന്മാര്‍ ഇങ്ങനെ പ്രസിദ്ധരായിട്ടുണ്ട്. ഈ സൗകര്യം തീരെ ലഭിക്കാത്തത് കഥകളിവേഷ പഠനത്തിലാണ്. അതിന്റെ അഭ്യസനരീതി സങ്കീര്‍ണ്ണതയും കായക്ലേശവും നിറഞ്ഞതാണ്; സാധകക്രമങ്ങള്‍ക്ക് പരിധിയില്ലാത്ത സമയവും ആവശ്യപ്പെടുന്നു. 

1960-ല്‍ പാലക്കാട് ജില്ലയില്‍ നെല്ലായയില്‍ ജനിച്ച നാരായണന്‍ അച്ഛന്‍ വഴിക്കും അമ്മ വഴിക്കും ശക്തമായ സംഗീത പാരമ്പര്യത്തിന്റെ ധാരാവാഹിയാണ്. പ്രസിദ്ധ അഷ്ടപദി ഗായകന്‍ മൂളൂര്‍ മഠത്തില്‍ കേളു നെടുങ്ങാടിയാണ് അച്ഛന്‍. ശാസ്ത്രീയ സംഗീത വിദുഷിയായ കരുമന കമലാക്ഷിയമ്മ അമ്മയും പ്രസിദ്ധ അഷ്ടപദി ഗായകന്‍ ഗുരുവായൂര്‍ ജനാര്‍ദ്ദനന്‍ അച്ഛന്റെ മരുമകനാണ്. അതുകൊണ്ടൊക്കെത്തന്നെയായിരിക്കണം പന്ത്രണ്ടാം വയസ്സില്‍ കഥകളി വേഷം പഠിക്കാന്‍ നാട്യസംഘത്തിലെത്തിയ നാരായണന്റെ ജന്മവാസന പ്രാഥമിക കൂടിക്കാഴ്ചയില്‍ത്തന്നെ തിരിച്ചറിഞ്ഞ് നാട്യസംഘം ഭാരവാഹികള്‍ ആ കുട്ടിയെ കഥകളിപ്പാട്ടിലാക്കിയത്. ആ പൂര്‍വ്വാചാര്യന്മാരുടെ അനുഭവജ്ഞാനവും ദീര്‍ഘവീക്ഷണവും കടുകിട പിഴച്ചില്ലെന്ന് തെളിയിക്കുന്നതായിരുന്നു തുടര്‍ന്ന് നാളിതുവരെയുള്ള നാരായണന്റെ സംഗീതസപര്യ. നാട്യസംഘം വിദ്യാര്‍ത്ഥിയായി ചേര്‍ന്ന കൊല്ലം തന്നെ വിശ്വംഭരക്ഷേത്രത്തിലെ നിറമാലയ്ക്ക് അരങ്ങേറ്റവും കഴിഞ്ഞു. 

നാരായണന്റെ പ്രഥമാചാര്യന്‍ കോട്ടയ്ക്കല്‍ വാസു നെടുങ്ങാടി തന്നെ. അടിസ്ഥാനപരമായ കര്‍ണാടക സംഗീതപാഠങ്ങളും നെടുങ്ങാടി ഭാഗവതരില്‍ നിന്നു വശമാക്കി. നാട്യസംഘം ആചാര്യന്മാരായിരുന്ന പരമേശ്വരന്‍ നമ്പൂതിരി, ഗോപാലപ്പിഷാരടി പില്‍ക്കാലത്ത് നാട്യസംഘത്തില്‍ സംഗീതാദ്ധ്യാപകരായി വന്ന കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ തുടങ്ങിയ ഗുരുവര്യന്മാരുടെ കീഴില്‍ പത്തുവര്‍ഷക്കാലം നിഷ്‌കര്‍ഷയോടെ സംഗീത സാധകം സാധിച്ചു. അരങ്ങില്‍ നടപ്പുള്ള കഥകളുടെ എല്ലാം ഗ്രന്ഥപാഠം മനസ്സിലുറപ്പിച്ച് പാടാറാക്കിയത് ആദ്യകാല ഗുരുനാഥന്മാരാണ്. സംഗീതശുദ്ധിയിലെ മിനുക്കുപണികളും പ്രയോഗപരിചയമുണ്ടാക്കലുമാണ് കുറുപ്പാശാനും നമ്പീശനാശാനും നിര്‍വ്വഹിച്ചത്. അരങ്ങില്‍ പാടി പരിചയം നേടാന്‍ പരമാവധി അവസരം ഒരുക്കുന്നതില്‍ കുറുപ്പാശാന്‍ ബദ്ധശ്രദ്ധനായിരുന്നു. പിതൃനിര്‍വ്വിശേഷമായ വാത്സല്യത്തോടെ പുറംകളികള്‍ക്ക് കൂടെ കൊണ്ടുനടന്ന് ഒപ്പം പാടിപ്പിച്ച് പ്രചാരം വരുത്തുന്നതില്‍ നമ്പീശന്‍ നല്‍കിയ പ്രോത്സാഹനം നാരായണന്റെ പില്‍ക്കാല കലാവളര്‍ച്ചയെ ഗണ്യമായി സ്വാധീനിച്ചു. 

ഒരു തികഞ്ഞ കഥകളിപ്പാട്ടുകാരനെ സംബന്ധിച്ചിടത്തോളം സംഗീതശുദ്ധിയോളം തന്നെ പ്രധാനപ്പെട്ടതാണ് കഥകളിയിലെ സങ്കേതബദ്ധമായ ചിട്ടകളിലുള്ള അനുഭവജ്ഞാനവും. യശഃശരീരനായ കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടി നായരാശാന്റെ കല്ലുവഴിച്ചിട്ടയില്‍ അധിഷ്ഠിതമായ കളരിയില്‍ ഏറെക്കാലം ചൊല്ലിയാട്ടത്തിനു പാടാന്‍ കഴിഞ്ഞതിനാല്‍ ഏതു കഥയും ഏതു നടനോടൊപ്പവും ചേങ്ങലയെടുത്തു പാടാമെന്ന ആത്മവിശ്വാസം കൈവന്നു.

നടന്റെ സംഭാഷണത്തിനുള്ള വാചികസഹായവും അഭിനയ പോഷണത്തിനുള്ള ഭാവഗരിമയും നല്‍കി നാട്യത്തെ പൂരിപ്പിക്കുക എന്ന കഥകളിയിലെ പ്രയുക്ത ഗാനാലാപന ധര്‍മ്മത്തോടൊപ്പം മൊത്തം അവതരണത്തില്‍ ഒരു സൂത്രധാരന്റെ (സ്റ്റേജ് മാനേജര്‍) ചുമതലകൂടി പൊന്നാനിപ്പാട്ടുകാരനുണ്ട്. പല കളരികളില്‍ പഠിച്ച്, പല തലത്തിലുള്ള വ്യത്യസ്ത ശൈലികളും തനതു സമ്പ്രദായങ്ങളും അനുവര്‍ത്തിക്കുന്ന നടന്മാരുടെ ഇളകിയാട്ടങ്ങളും മനോധര്‍മ്മ പ്രകടനങ്ങളും കാണികളുടെ അഭിരുചികളുമായി ഇടഞ്ഞുനില്‍ക്കാതെ നിയന്ത്രിക്കേണ്ടതും രാഗദൈര്‍ഘ്യത്തേയും കാലപ്രമാണത്തേയും നിയന്ത്രിച്ച് നിശ്ചിതസമയത്തിനുള്ളില്‍ കഥ കളിച്ച് തീര്‍പ്പിക്കേണ്ടതുമായ ഭാരം പൊന്നാനിപ്പാട്ടുകാരനാണ്. സംഗീത പ്രയോഗത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗായകര്‍പോലും അലംഭാവമോ ഉദാസീനതയോ കൈക്കൊണ്ട് നടന്മാരെ പോകുന്ന വഴിക്ക് തെളിക്കുകയാണ് പതിവ്- കാരണങ്ങള്‍ പലതുണ്ടാവാം. പഴയ കഥകളി ഭാഗവതര്‍മാരില്‍ രംഗനിയന്ത്രണവൈഭവംകൊണ്ട് കാണികളെ ഹഠാദാകര്‍ഷിച്ചിരുന്നത് നമ്പീശനാശാനായിരുന്നു. നമ്പീശന്റെ ആലാപനത്തില്‍ ശ്രവ്യലയത്തിനപ്പുറം ഒരു ദൃശ്യചാരുത കൂടിയുണ്ടായിരുന്നു. ആ കാഴ്ചപ്പറ്റാകട്ടെ, ചിലപ്പോഴെങ്കിലും നടനെ വിട്ട് ആസ്വാദകനേത്രങ്ങള്‍ ഭാഗവതരില്‍ ഉറച്ചുപോയിരുന്നത് അനുഭവിച്ചറിഞ്ഞവരുടെ മനസ്സില്‍ ഇന്നും തെളിഞ്ഞുകിടക്കുന്നുണ്ടാകും. നമ്പീശനാശാന്റെ ബാണിയും അരങ്ങുനിയന്ത്രണരീതിയും ആലാപന പ്രൗഢിയും ആകാരവടിവും ഒത്തിണങ്ങുന്നത് ഇന്ന് നാരായണനില്‍ മാത്രമാണ്. അക്ഷരശുദ്ധി, ഉച്ചാരണസ്ഫുടത, അര്‍ത്ഥബോധം, ആശയ വ്യക്തത എന്നിവയിലുള്ള നിഷ്‌കര്‍ഷയോടെ സംഗീതത്തിനും സാഹിത്യത്തിനും കോട്ടം തട്ടാതെ അരങ്ങുനിയന്ത്രിച്ച് പാടുന്നതാണ് നാരായണന്റെ എടുത്തുപറയേണ്ട മേന്മയും തനതു ശൈലിയും. 

'ശാസ്ത്രീയ സംഗീതം അറിയണം, അതാണ് അടിത്തറ. എന്നാല്‍, കഥകളിപ്പാട്ടിനെ ശാസ്ത്രീയ സംഗീതമാക്കരുത്. നടന്റെ സംഭാഷണങ്ങള്‍ക്ക് സംഗീതം കൊടുക്കുകയാണ് പാട്ടുകാരന്റെ ചുമതല' എന്ന നമ്പീശനാശാന്റെ ഉപദേശമാണ് നാരായണന്റെ പാട്ടുവഴിക്ക് വഴികാട്ടി. കഥകളിപ്പാട്ടില്‍ താന്‍പോരിമയ്ക്കുവേണ്ടിയും കൗതുകത്തിനുവേണ്ടിയും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം വിമുഖനാണ്. മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതര്‍ ആരംഭിച്ച് കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനിലൂടെ ഒരു പ്രസ്ഥാനമായി പ്രചരിച്ച കഥകളിപ്പാട്ടില്‍ രാഗപ്രയോഗത്തിനാവശ്യമുള്ള പരിഷ്‌കാരങ്ങള്‍ നടന്നുകഴിഞ്ഞിരിക്കുന്നു എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. നാട്യസംഘത്തില്‍ പത്തുകൊല്ലത്തെ പരിശീലനം കഴിഞ്ഞതോടെ 1982 മുതല്‍ നാരായണന്‍ നാട്യസംഘം കലാകാരനായി. 1995 മുതല്‍ സംഗീതവിഭാഗം മേധാവിയുമായി. 1918 മുതല്‍ നാട്യസംഘത്തിന്റെ മുഖ്യാചാര്യനാണ്. നാട്യസംഘത്തില്‍ പ്രധാന ആചാര്യന്റെ സ്ഥാനം പാട്ടുകാരനില്‍ എത്തുന്ന ചരിത്രവും നാരായണനില്‍ ആരംഭിക്കുന്നു. കഥ പഴയതായാലും പുതിയതായാലും കഥകളിത്തം വിടാതെ സംഗീതസാന്ദ്രമാക്കി അഭിനയത്തിന് നിറവേകുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. അതുകൊണ്ട് ചിട്ടപ്രധാനമായ കഥകള്‍ക്ക് പാട്ടുകാരെ പരിഗണിക്കുമ്പോള്‍ ഇന്ന് കോട്ടയ്ക്കല്‍ നാരായണന്‍ പ്രാതഃസ്മരണീയനാകുന്നു. നാട്യസംഘം ആശാന്‍ എന്ന നിലയ്ക്ക് ഗുരുവായൂരപ്പന്‍, കംസവധം, പാര്‍വ്വതീപരിണയം, ചിത്രാംഗദ, സത്യവാന്‍ സാവിത്രി തുടങ്ങി ച്യവനചരിതം വരെ പല പുതിയ കഥകള്‍ക്കും സംഗീതം ചിട്ടപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചു. നാട്യസംഘത്തിനകത്തും പുറത്തുമായി കോട്ടയ്ക്കല്‍ പ്രദീപന്‍, കോട്ടയ്ക്കല്‍ മധു, വേങ്ങേരി നാരായണന്‍, സുരേഷ്, സന്തോഷ് കുമാര്‍, ജയന്‍, വിനീഷ്, അഭിജിത് വാരിയര്‍ തുടങ്ങി വര്‍ത്തമാന കഥകളി വേദികള്‍ക്ക് പ്രിയംകരരായ നിരവധി ആലാപകരുടെ ആചാര്യകവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. 

1983-ല്‍ വെങ്കിട കൃഷ്ണ ഭാഗവതര്‍ സ്മാരക കഥകളി സംഗീതമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഈ ഭാവഗായകന് പില്‍ക്കാലത്ത് ലഭിച്ച അംഗീകാരങ്ങളില്‍ ചിലതാണ് - പ്രഥമ വെണ്‍മണി ഹരിദാസ് പുരസ്‌കാരം, ഹൈദരാലി സ്മാരക പുരസ്‌കാരം, തിരുവനന്തപുരം ദൃശ്യവേദിയുടെ പ്രഥമ ഗുരുദക്ഷിണാപുരസ്‌കാരം, ഞാങ്ങാട്ടിരി ദേവീപുരസ്‌കാരം, ശ്രീചക്ര ഗൗരീശം പുരസ്‌കാരം, കോഴിക്കോട് തോടയാത്തിന്റെ പ്രഥമ കഥകളി സംഗീത അവാര്‍ഡ് എന്നിവ. ഭാഗവതര്‍ നമ്പീശനാശാന്‍ മുതല്‍ക്ക് ഇങ്ങോട്ടുള്ള എല്ലാ പ്രസിദ്ധ കഥകളിപ്പാട്ടുകാരോടൊപ്പവും പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍നായര്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ തൊട്ടുള്ള പ്രസിദ്ധ ആദ്യവസാന വേഷക്കാര്‍ക്കൊപ്പവും ആക്ഷേപവും അപ്രിയവുമുണ്ടാവാതെ ശങ്കിടിയായും പൊന്നാനിയായും പാടാന്‍ അവസരം കിട്ടിയതാണ് തന്റെ കലാജീവിതത്തിലെ ധന്യത എന്ന് ഈ വിനയധനന്‍ സ്വയം വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com