ദൈവം വിരുന്നുപാര്‍ക്കുന്ന ലങ്കാവി (ലങ്കന്‍ യാത്രയെക്കുറിച്ച്)

ക്വാലാലംപൂര്‍, സിങ്കപ്പൂര്‍ നഗരവിസ്മയങ്ങളിലും അംബരചുംബിതമായ മായക്കാഴ്ചകളിലും ഒതുങ്ങിനിന്നപ്പോള്‍ ഇത്തവണ അത് പ്രകൃതിയുടെ അനുഗൃഹീതമായ ആത്മവിന്യാസങ്ങളിലേയ്ക്കുകൂടി ആണ്ടിറങ്ങുന്ന ഒരനുഭവമായി.
ദൈവം വിരുന്നുപാര്‍ക്കുന്ന ലങ്കാവി (ലങ്കന്‍ യാത്രയെക്കുറിച്ച്)

ങ്കാവി എന്ന വിസ്മയദ്വീപിലേയ്ക്ക് പോകാനും ഏതാനും ദിവസങ്ങള്‍ ആ പ്രകൃതിയെ അറിഞ്ഞ് അവിടെ തമ്പടിക്കുവാനുമാണ് ഇത്തവണ സമയം കണ്ടെത്തിയത്. എന്നാലത് ഇത്രയും ഗംഭീരമായ ഒരു യാത്രാനുഭവമായി കലാശിക്കുമെന്നു സങ്കല്‍പ്പിച്ചതേയില്ല. ജീവിതത്തിലെതന്നെ ഏറ്റവും മനോഹരവും സ്വയം നവീകരണത്തിന്റെ വൈയക്തികമായ ഒരു ആത്മീയാനുഭവം കൂടിയായിത്തീര്‍ന്നു ഈ യാത്ര. ക്വാലാലംപൂരില്‍നിന്നും നാന്നൂറിലധികം കിലോ മീറ്റര്‍ വടക്കുപടിഞ്ഞാറായി ആന്‍ഡമാന്‍ കടലില്‍ സ്ഥിതിചെയ്യുന്ന വലുതും ചെറുതുമായ 104 ദ്വീപ് സമൂഹങ്ങളുടെ ഒരു കൂട്ടായ്മയാണ് ലങ്കാവിയെന്ന ചേതോഹരമായ ഭൂപ്രദേശം. ക്വാലാലംപൂരില്‍നിന്നും വിമാനമാര്‍ഗ്ഗമോ ബസില്‍ ക്വല്ല പെര്‍ലിസിലിലെത്തി അവിടെനിന്നും ബോട്ട് മാര്‍ഗ്ഗമോ ലങ്കാവിയിലെത്താം. തികച്ചും ശാന്തസുന്ദരവും അതീവ വ്യത്യസ്തവുമായ ഒരു ഭൂപ്രകൃതിയാണ് അവിടെ നമുക്ക് കാണാന്‍ കഴിയുക. തെങ്ങും മരങ്ങളും വയലേലകളും നിറഞ്ഞ സമുദ്രത്താല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമാണിതെങ്കിലും ഇവിടെ താരതമ്യേന ചൂട് കൂടുതലാണ്. 

1762-നും 1800-നുമിടയില്‍ ഇവിടെ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന മഷൂറിയെന്ന അതിസുന്ദരിയുടെ ദുരന്തകഥയാണ് ലങ്കാവിയെ ചൂഴ്ന്നുനില്‍ക്കുന്ന ഐതിഹ്യങ്ങളില്‍ പ്രധാനം. പണ്ടാക്ക് മയായുടേയും സിക്ക് അലാങിന്റേയും പുത്രിയായി ജനിച്ച മഷൂറി വിവാഹപ്രായമെത്തും വരെയും തന്റെ സൗന്ദര്യത്തിലും എല്ലാ സൗഭാഗ്യങ്ങളിലും മുഴുകി അല്ലലറിയാതെ വളര്‍ന്നു. തുടര്‍ന്ന് അവളെ തേടിയെത്തിയ അനേകം വിവാഹാലോചനകളില്‍നിന്നും നാട്ടുമുഖ്യന്റെ ഏറ്റവും ഇളയ സഹോദരനായ വാന്‍ഡറൂസിനെ വരനായി സ്വീകരിച്ചു. 

എന്നാല്‍, വളരെ പെട്ടെന്നുതന്നെ അവരുടെ വൈവാഹിക ജീവിതത്തിന് ഇടവേള വീഴ്ത്തി വാന്‍ഡറൂസ്, രാജ്യത്ത് അതിക്രമിച്ചു കയറിയ സയമീസ് സൈന്യത്തിനെതിരെ യുദ്ധം ചെയ്യാനായി പുറപ്പെട്ടു. വിരഹിണിയായ മഷൂറി നാട്ടിലെത്തിയ യുവാവും നാടോടി ഗായകനുമായ ഡെറമനുമായി സൗഹൃദത്തിലായി. മഷൂറിയുടെ അന്യാദൃശമായ സൗന്ദര്യത്തില്‍ എന്നും അസൂയാലുവായിരുന്ന നാട്ടുമുഖ്യന്റെ ഭാര്യ മാന്‍ മഹോര തക്കം പാര്‍ത്തിരിക്കുകയായിരുന്നു. വാന്‍ഡാറൂസിന്റെ അഭാവം മുതലെടുത്ത് അവള്‍ മഷൂറിയില്‍ വ്യഭിചാരക്കുറ്റം ചുമത്തി. 

കൊടുംവെയിലത്ത് ഒരു മരത്തില്‍ കെട്ടിയിട്ട നിലയില്‍ മഷൂറി ദിവസങ്ങളോളം തന്റെ മരണവിധിയും കാത്ത് ഒരേ നില്‍പ്പുനിന്നു. അവള്‍ നാട്ടുകാരോട് നിരന്തരം തന്റെ നിരപരാധിത്വം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍, ആരും അവളെ വിശ്വസിച്ചില്ല. ഒടുവില്‍ വധശിക്ഷ നടപ്പാക്കാനുള്ള ദിവസവും വന്നെത്തി. എന്നാല്‍, ഒരു ആയുധത്തിനും അവളെ കൊല്ലുവാനോ ശിക്ഷാവിധി നടപ്പിലാക്കുവാനോ കഴിഞ്ഞില്ല. എങ്കിലും വിധി നടപ്പാക്കേണ്ടത് നാട്ടുനീതിയാകയാല്‍ തന്റെ പിതാവിന്റെ ആചാര ആയുധമായ ഉടവാള്‍ ഉപയോഗിച്ച് തന്നെ വധിച്ചുകൊള്ളുവാന്‍ നിയമപാലകരോട് മഷൂറി അപേക്ഷിച്ചു. കത്തി ശരീരത്തില്‍ ആഴ്ന്നിറങ്ങവേ അവളുടെ നിരപരാധിത്വത്തിന്റെ ലക്ഷണമെന്നോണം വെളുത്ത രക്തം ഭൂമിയിലേക്ക് ഒഴുകിയിറങ്ങി. മരണശ്വാസത്തില്‍ മഷൂറി ലങ്കാവിയുടെ ഏഴു തലമുറയെ ശപിച്ചുവത്രെ. തല്‍ഫലമായി ലങ്കാവി അതിഭയങ്കരമായ യുദ്ധക്കെടുതികള്‍ക്കും തുടര്‍ച്ചയായ പ്രളയങ്ങള്‍ക്കും വരള്‍ച്ചയ്ക്കുമെല്ലാം വിധേയമാവുകയുണ്ടായി. എങ്കിലും മഷൂറിയെന്ന സൗന്ദര്യദേവതയെ ഇപ്പോള്‍ ഇവിടെയാരും വെറുക്കുന്നില്ല. ലങ്കാവി ഇപ്പോള്‍ ശാന്തമാണ്. പ്രശാന്തസുന്ദരമാണ്. വൃഥാവിലായിപ്പോയ മഷൂറിയുടെ മായികസൗന്ദര്യം പ്രകൃതിചാരുതകളായ് പുനര്‍ജനിച്ചുകൊണ്ടേയിരിക്കുകയാണിവിടെ!    

മാന്‍ഗ്രോവ് ടൂര്‍
ലങ്കാവിയില്‍ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു യാത്രാവിനോദമാണ് മാന്‍ഗ്രോവ് ടൂര്‍ പാക്കേജ്. അതുകൊണ്ടുതന്നെ ആ യാത്രാനുഭവം യാഥാര്‍ത്ഥ്യമാക്കാനാണ് ആദ്യമേ ഇറങ്ങിപ്പുറപ്പെട്ടത്. സഞ്ചാരികളുടെ ധനസ്ഥിതി അനുസരിച്ചു കൂട്ടമായോ ഒറ്റയ്ക്ക് സ്വകാര്യ ബോട്ടുകളിലോ ഇതു നടത്താം. ചുണ്ണാമ്പുമലകള്‍ക്കും സംരക്ഷിത കണ്ടല്‍വനങ്ങള്‍ക്കുമിടയിലൂടെ പലതരം ജീവജാലങ്ങളുടെ ആവാസകേന്ദ്രങ്ങളും പ്രകൃതിചാരുതയും നുകര്‍ന്നുള്ള സുദീര്‍ഘമായ ഒരു കായല്‍-കടല്‍ സഞ്ചാരമാണിത്. ഈ യാത്രയില്‍ ഇരുണ്ട ഗുഹയിലുറങ്ങുന്ന ആയിരക്കണക്കിന് വവ്വാലുകളേയും ക്രൊക്കഡയില്‍ കേവ്സും അടുത്തുനിന്നു കാണാം. മങ്കി ഐലന്റില്‍ വികൃതി കാട്ടുന്ന കുരങ്ങുകളും ഇടതൂര്‍ന്ന മരങ്ങളില്‍ ഒളിഞ്ഞിരുന്ന് ടൂര്‍ ഗൈഡുകള്‍ എറിഞ്ഞുകൊടുക്കുന്ന മാംസക്കഷണങ്ങള്‍ ഭക്ഷിക്കാന്‍ കൂട്ടമായി പറന്നെത്തുന്ന കഴുകുകളുമൊക്കെയാണ് മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. മലമുകളില്‍ മറ്റൊരു ഗിരിശൃംഗം പോലെ ഉയര്‍ന്നുനില്‍ക്കുന്ന കിംകോങ്ങും ഷൂ ഐലന്റുമെല്ലാം മനം കവരുന്ന കാഴ്ചകള്‍ തന്നെ! മാത്രവുമല്ല, ആന്‍ഡമാന്‍ കടലിലൂടെ അതിവേഗത്തിലോടി തായ്ലാന്‍ഡ് അതിര്‍ത്തിയില്‍ ബോട്ട് നിര്‍ത്തി, മലകയറി ഇരുണ്ട ഗുഹകളിലെ പ്രാചീനമായ ശിലാലിഖിതങ്ങള്‍ വായിക്കുകയെന്നതും നവീനമായ ഒരനുഭൂതിയാണ്. 

ഏതാണ്ട് ഒരു പകുതി പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അവിസ്മരണീയമായ ഒരനുഭവം തന്നെയാണ് ഈ സഞ്ചാരം. ലഘുഭക്ഷണപാനീയങ്ങളും സമൃദ്ധമായ ഉച്ചഭക്ഷണവുമെല്ലാം ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ യാത്രാക്ഷീണമോ വിരസതയോ അനുഭവപ്പെടുന്നില്ല. രാജ്യത്തിന് പ്രകൃതിയുടെ വരദാനമായി ലഭിച്ച പുകള്‍പെറ്റ പ്രകൃതിസൗന്ദര്യം കാത്തുസൂക്ഷിക്കാനും അത് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ ഹൃദയപൂര്‍വ്വം സല്‍ക്കരിക്കാനും തദ്ദേശീയ ജനത കാണിക്കുന്ന ശുഷ്‌കാന്തിയാണ് ഏറ്റവുമധികം ആകര്‍ഷിച്ചത്. 

ഈഗിള്‍ സ്‌ക്വയര്‍
രാവിലെ സൂര്യന്‍ വന്നു വിളിച്ചിട്ടും പിന്നെയും ചുരുണ്ടുകൂടാന്‍ നോക്കി. എങ്കിലും എണ്ണിത്തിട്ടപ്പെടുത്തിയ ഹ്രസ്വമായ യാത്രാദിനങ്ങള്‍ ഇങ്ങനെ വെറുതെ ഉറങ്ങിത്തീര്‍ക്കാനുള്ളതല്ലെന്ന തിരിച്ചറിവില്‍ പെട്ടെന്നു ചാടിപ്പിടഞ്ഞെണീറ്റ് കുളിച്ചു കുറിയിട്ട് പെട്ടിയും പണ്ടാരങ്ങളുമായി പത്തുമണിയോടെ താഴെ റിസപ്ഷനിലെത്തി. റൂം വെക്കേറ്റ് ചെയ്ത് പ്രഭാതഭക്ഷണവും കഴിഞ്ഞു റിസപ്ഷനിലെ സുന്ദരികള്‍ ഏര്‍പ്പാടാക്കിത്തന്ന ഗ്രാബ് ടാക്‌സിയില്‍ ഒട്ടും വൈകാതെ ഈഗിള്‍ സ്‌ക്വയറിലേയ്ക്ക് തിരിച്ചു. 

തലേന്നാളത്തെ ഫ്രെഞ്ച് ബാര്‍ഡിനറ്റിന്റെ മാന്ദ്യം ഇപ്പോഴും തലയിലെവിടെയോ കൊളുത്തിനില്‍പ്പുണ്ട്. ലഹരിപദാര്‍ത്ഥങ്ങളുടെ ഒരു ഡ്യൂട്ടിഫ്രീ സ്വര്‍ഗ്ഗം കൂടിയാണ് ലങ്കാവി. വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തൊട്ട് പെട്ടിക്കടകളില്‍ വരെ മദ്യം സുലഭം. ഇതും ഒരുപക്ഷേ, ഇങ്ങോട്ടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനെ ത്വരിതപ്പെടുത്തുന്നുണ്ടാകാം. എങ്കിലും ഇവിടെയെങ്ങും കുടിച്ചു കിടക്കുന്നവരെയോ കുഴഞ്ഞാടിനടക്കുന്നവരെയോ ഒന്നും കണ്ടതേയില്ല. അല്ലെങ്കില്‍ത്തന്നെ വിലക്കുകള്‍ മുറുകുന്തോറുമാണല്ലോ അരുതായ്കകള്‍ക്കും ശക്തിയേറുക!

കാറില്‍നിന്നും ഇറങ്ങുമ്പോള്‍ത്തന്നെ ആ ഉജ്ജ്വല കാഴ്ച എന്നെയൊന്നു ഉലച്ചു. നീണ്ടുപരന്നു സ്വച്ഛമായ തടാകത്തിനിപ്പുറം പുല്‍ത്തകിടിക്കും ജലധാരയന്ത്രങ്ങള്‍ക്കും നടുവില്‍, പറന്നുയരാന്‍ വേണ്ടി ചിറകുകള്‍ വിടര്‍ത്തിനില്‍ക്കുന്ന ഒരു പടുകൂറ്റന്‍ കഴുകന്‍..! ഏതു നിമിഷവും ഉയര്‍ന്നേക്കാവുന്ന കാതടപ്പിക്കുന്ന ചിറകടിയൊച്ചകള്‍ക്കായി സ്വയമറിയാതെ ഞാന്‍ ചെവിടോര്‍ത്തുപോയി. അവിടേയ്ക്ക് നടന്നടുക്കുന്തോറും ആ മനുഷ്യനിര്‍മ്മിതമായ ശിലാരൂപത്തിന്റെ ഓജസ്സും തേജസ്സും വര്‍ദ്ധിച്ചുവന്നു. അത് ഒരു പ്രതിമ തന്നെയാണെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നി. സന്ദര്‍ശകര്‍ക്കായി പണിതിരിക്കുന്ന ചേതോഹരമായ വിശ്രമകേന്ദ്രങ്ങളും ലഘുഭക്ഷണശാലകളും ചെറുതടാകങ്ങളും നടപ്പാതകളുമൊക്കെ അതിമനോഹരമായി നിര്‍മ്മിച്ചിരിക്കുന്നു. അതിനുമപ്പുറം നീലയും പച്ചയും കലര്‍ന്ന ശാന്തവിശാലമായ തടാകവും അതില്‍ അങ്ങിങ്ങായി നങ്കൂരമിട്ടുകിടക്കുന്ന ചെറുതും വലുതുമായ യാത്രാനൗകകളും അതിനുമപ്പുറത്തായി കാടുമൂടി പല നിലകളായി ഉയര്‍ന്നുനില്‍ക്കുന്ന മലനിരകള്‍ വെയിലേറ്റു തിളങ്ങുന്നു. 

ലങ്കാവിയെന്ന സ്ഥലനാമത്തെ അന്വര്‍ത്ഥമാക്കുന്ന ഒരു പ്രതീകമെന്ന നിലയ്ക്കാണ് ഈഗിള്‍ സ്‌ക്വയര്‍ ഏറ്റവും പ്രസക്തമാകുന്നത്. ക്വആഹ് ബോട്ട് ജെട്ടിയുടെ വലതുമാറി 14 ഏക്കറില്‍ പണിതെടുത്ത ഒരു പൈതൃകസ്വത്വമാണ് ദിനംതോറും നിരവധി സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഈ പ്രദേശം. നാല്പതടി പൊക്കത്തില്‍ ചുവപ്പുകലര്‍ന്ന തവിട്ടുനിറത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ഫോക്ലോര്‍ കലാരൂപമാണ് ഇത്. ജീവന്‍ തുടിക്കുന്ന ഈ പ്രതിമയ്ക്ക് അതിന്റെ കണ്ണുകളില്‍ പ്രതിഫലിക്കുന്ന രൗദ്രഗാംഭീര്യം പറഞ്ഞറിയിക്കാനാവാത്ത വിധം പ്രത്യേക മാറ്റ് നല്‍കുന്നുണ്ട്. 

രാത്രികാലങ്ങളില്‍ അഭൂതപൂര്‍വ്വമായ ദീപാലങ്കാരങ്ങള്‍ വാരിയണിഞ്ഞ് ഈഗിള്‍ സ്‌ക്വയര്‍ കൂടുതല്‍ സുന്ദരിയാകും. നിറഞ്ഞുതൂവുന്ന ആ വെളിച്ചവും സൗന്ദര്യവുമെല്ലാം കായലിന്റെ കുളിരോളങ്ങളിലും പരിസരങ്ങളിലേയ്ക്കും പാളിവീണ് ആ ജലാശയത്തേയും മലനിരകളേയും ഇക്കിളികൊള്ളിക്കും. അപ്പോള്‍ ആകാശവും നക്ഷത്രങ്ങളും വീണ്ടും ഭൂമിയെ പ്രണയിക്കാന്‍ തുടങ്ങും. 

ചീനാങ് കടല്‍ത്തീരം
ഈഗിള്‍ സ്‌ക്വയറില്‍ വെയില്‍ കടുത്തപ്പോള്‍ ശാന്തമായിരുന്ന തടാകത്തില്‍ ചെറുപുഞ്ചിരിയോടെ ഓളങ്ങള്‍ ഇളകി. നേരത്തെ നിശ്ചയിച്ചുറച്ച പ്രകാരം എനിക്ക് ചീനാങ് ബീച്ചിലേയ്ക്കാണ് പോകേണ്ടത്. ഇന്നത്തെ രാത്രി അവിടെ തമ്പടിച്ചു കടല്‍ത്തീര സൗന്ദര്യം ആസ്വദിക്കുക. കാണാത്ത കടലും നഗരവും ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം എപ്പോഴും ആധി കലര്‍ന്ന ഉല്‍ക്കണ്ഠയാണ്!

എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ത്തന്നെ മലേഷ്യന്‍ സിം കാര്‍ഡ് എടുത്തിട്ടുണ്ടായിരുന്നെങ്കിലും ഗ്രാബ് ടാക്‌സിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതു കാരണം അവിടെ കണ്ട രണ്ടു മലേഷ്യന്‍ യുവാക്കളോട് ചീനാങ് ബീച്ചിലേയ്ക്ക് ഒരു ഗ്രാബ് ടാക്‌സി ഏര്‍പ്പാടാക്കാമോയെന്നു ചോദിച്ചപ്പോള്‍ ഞങ്ങളും അങ്ങോട്ടേയ്ക്കാണെന്നും ലിഫ്റ്റ് തരാമെന്നും പറഞ്ഞത് വലിയൊരു അനുഗ്രഹമായി. ലങ്കാവി എന്ന പ്രദേശത്തിന്റെ അനുബന്ധ നഗരമായ കിത്തയില്‍നിന്നും അവധിയെടുത്ത് വിനോദസഞ്ചാരത്തിനായി വന്ന രണ്ടു ചെറുപ്പക്കാരായിരുന്നു അവര്‍. 

വര്‍ദ്ധിച്ച ക്ഷീണം കാരണം ഞാന്‍ ആ യാത്രയുടെ ആദ്യാവസാനം കാറിന്റെ പിന്‍സീറ്റിലിരുന്നു നാണമില്ലാതെ ഉറങ്ങി. ചീനാങ് കടല്‍ത്തീരത്തിനോട് ചേര്‍ന്നുള്ള ചെറുപട്ടണത്തില്‍ എത്തിയതും അവരെന്നെ വിളിച്ചുണര്‍ത്തി. നന്മനിറഞ്ഞ ആ ചെറുപ്പക്കാരോട് നന്ദി പറഞ്ഞ് ഇറങ്ങി. നേരത്തെ ബുക്ക് ചെയ്യാത്തതു കാരണം കുറേ ദൂരം അലഞ്ഞതിനുശേഷമാണ് അനുയോജ്യമായ ഒരു വാസസ്ഥലം കിട്ടിയതുതന്നെ. ഉച്ചകഴിഞ്ഞിരുന്നെങ്കിലും അല്‍പ്പനേരം ഒന്നു മയങ്ങിയതു കാരണം ക്ഷീണമെല്ലാമകന്നിരുന്നു. 

വൈകുന്നേരം പ്രസിദ്ധമായ അണ്ടര്‍ വാട്ടര്‍ വേള്‍ഡിനു സമീപംകൂടി കടല്‍ത്തീരത്തേയ്ക്കിറങ്ങുമ്പോള്‍ പ്രകാശമാനമായ ഒരു ലോകം വന്നെന്നെ മൂടുന്നതുപോലെ തോന്നി. നീലിമയാര്‍ന്ന കടലിന്റെ തുറസ്സും വടിവുകളില്‍ അതിരിടുന്ന നീണ്ട പാറയിടുക്കുകളും തന്നെയാണ് ആ കടലിന്റെ സൗന്ദര്യം! പ്രായഭേദമെന്യേ കടലിലും കരയിലും സ്വയം മറന്നു ജീവിതം  ആസ്വദിക്കുന്നവര്‍. കാഴ്ചകളില്‍ മുഴുകിയും ചിത്രങ്ങള്‍ പകര്‍ത്തിയും നേരം പോയതറിഞ്ഞില്ല. ചുറ്റിലും ഇരുള്‍ പരന്ന്, തീരത്തെ റിസോട്ടുകളിലേയും കച്ചവടസമുച്ചയങ്ങളിലേയും വിദ്യുത്തരംഗങ്ങള്‍ കടലില്‍ വീഴാന്‍ തുടങ്ങിയപ്പോഴാണ് പരിസരബോധം വന്നത്. കടലിലപ്പോഴും ആരെയും കൂസാത്ത യുവതയുടെ ജീവിതാഘോഷങ്ങള്‍ തുടരുകയാണ്. 

കേബിള്‍ കാറിലെ ആകാശസഞ്ചാരം
മലമുകളിലോ താഴ്വരകളിലോ മഴപെയ്താല്‍ ചുറ്റും കാണാനാവാത്തവിധം പരിസരം മൂടല്‍മഞ്ഞുകൊണ്ടു നിറയും. മലമുകളില്‍ വീശുന്ന കാറ്റിന് അല്‍പ്പം ശക്തിയേറിയാലും മതി കേബിള്‍ കാറുകള്‍ നിലയ്ക്കും. ചീനാങ് ബീച്ചില്‍നിന്നും തരപ്പെട്ട ഗ്രാബ് ടാക്‌സിയില്‍ പാന്റായി കോക് പ്രദേശത്തേക്ക് തിരിക്കുമ്പോള്‍ ചെറുപ്പക്കാരനായ ഡ്രൈവര്‍ അത്ര ശുഭാപ്തിവിശ്വാസത്തിലായിരുന്നില്ല. മലമുകളില്‍ മഴപെയ്യുകയായിരുന്നെന്നും രാവിലെ മുതല്‍ കേബിള്‍ കാറുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടായിരുന്നില്ലെന്നും അവന്‍ പറഞ്ഞു. അടിക്കടി മാറുന്ന കാലാവസ്ഥയാകയാല്‍ പ്രതീക്ഷ കൈവിടാനില്ലെന്നും കൂടി ഇടയ്ക്കിടെ അവന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ താമസിച്ചിരുന്ന വാട്ടര്‍ വേള്‍ഡിന്റെ മുന്നില്‍നിന്നും ലങ്കാവി വിമാനത്താവളം വഴിയാണ് അങ്ങോട്ടേയ്ക്ക് പോകേണ്ടത്. വയലേലകളും ചെറുവൃക്ഷങ്ങളും തെങ്ങുകളുമൊക്കെ പരിചിതഭാവങ്ങളുമായി വഴിയോരക്കാഴ്ചകളില്‍ നിറഞ്ഞു. ഇടയ്ക്കു മയങ്ങിയും ഉണര്‍ന്നും എത്താറായോയെന്നു തിടുക്കം കൂട്ടിയും ഞാന്‍ അസ്വസ്ഥനായി. ''നിനക്ക് ഭാഗ്യമുണ്ട്'' അകലെ മാറ്റ് സിംകാങ് മലയിടുക്കുകളുടെ തുഞ്ചത്തിലൂടെ പൊട്ടുപോലെ സഞ്ചരിക്കുന്ന കേബിള്‍ കാറുകളുടെ നിര ചൂണ്ടിക്കാട്ടി അവന്‍ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു. 


ടിക്കറ്റ് എടുത്തു വരിയില്‍ കാത്തുനിന്നു. ചെറു ആകാശയാനങ്ങള്‍പോലെ കേബിള്‍ കാറുകള്‍ ഊഴംവെച്ചു പറന്നുയരുന്നു. യൂറി ഗഗാറിന്റെ അതിപുരാതനമായ ജിജ്ഞാസ ഒരു നിമിഷം എന്നില്‍ നിറഞ്ഞു. കൈകള്‍ വീശി ഒരു മേഘംപോലെ പറന്നുയരാന്‍ ഞാന്‍ കൊതിച്ചു. മലയടിവാരത്തിലെ ഇരുള്‍വീണ കൊഴുത്ത പച്ചത്തഴപ്പുകള്‍ കണ്ണില്‍പ്പെട്ടപ്പോള്‍ സ്വയം നിയന്ത്രിച്ചു. കുടുംബസമേതവും കൂട്ടുകാര്‍ക്കൊപ്പവുമുള്ള സഞ്ചാരികള്‍ കൂട്ടത്തോടെയാണ് കേബിള്‍ കാറുകളില്‍ കയറുന്നത്. ഒരു വാഹനത്തില്‍ ആറു പേര്‍ക്കുവരെ കയറാം. ഒരു മുരള്‍ച്ചയോടെ തൊട്ടുരുമ്മി മുന്നില്‍ വന്നുനിന്ന കേബിള്‍ വാഹനത്തില്‍ കയറുവാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അകത്തേയ്ക്കു കയറിയിരുന്നതും വാതിലുകള്‍ അടഞ്ഞു. മലമുകളിലേയ്ക്ക് തെന്നിനീങ്ങുന്ന അനേകം കേബിള്‍ കാറുകളുടെ തുടര്‍ച്ചയായി ഞാനും! ഇടതുഭാഗത്തായി യാത്ര പൂര്‍ത്തിയാക്കി താഴ്വാരത്തിലേക്കു മടങ്ങുന്ന ആകാശവാഹനങ്ങളേയും കാണാം. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കു പിന്നാലേയും മുകളിലേയ്ക്ക് നീങ്ങിവരുന്ന വാഹനങ്ങളുടെ നിര!

ആദ്യമേ തോന്നിത്തുടങ്ങിയ നേരിയ ഭീതി അധികരിക്കുന്നു. ഒറ്റപ്പെടലിന്റെ വേദന ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി അറിഞ്ഞു. ആകാശത്തേയ്ക്ക് വാഹനം പിടിവിട്ടുയരുന്തോറും ഭയം ഇരട്ടിക്കാന്‍ തുടങ്ങി. നനഞ്ഞ കാറ്റുവന്ന് ചെവിയില്‍ ഊതുന്നുണ്ട്. കാഴ്ചയിലെവിടെയും നേര്‍ത്ത നീരാവി മൂടിയ പച്ചപ്പിന്റെ കടല്‍! ഒരു വശത്ത് ഹരിതാഭകള്‍ക്കിടയിലൂടെ ഉതിര്‍ന്നുവീഴുന്ന സെവന്‍ വെല്‍സ് വെള്ളച്ചാട്ടത്തിന്റെ ചേതോഹര ദൃശ്യം. പിറകിലായി ഉയരത്തിലെത്തുന്തോറും ഇളംവെയിലേറ്റുണരുന്ന ആന്റമാന്‍ സമുദ്രത്തിന്റെ ഗാംഭീര്യം! ഓരോ കേബിള്‍ കാര്‍ യാത്രയ്ക്കിടയിലുമുള്ള ഇടത്താവളങ്ങളില്‍ പണിതുയര്‍ത്തിയിരിക്കുന്ന വിശാലമായ പ്ലാറ്റ്ഫോമുകളില്‍ വിശ്രമിക്കാനും പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിക്കാനുമുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. അവിടങ്ങളിലിരുന്ന് കയ്യില്‍ കരുതിയ ഭക്ഷണം കഴിച്ച് ഉല്ലസിക്കുന്നവരേയും പ്രകൃതിസൗന്ദര്യം ക്യാമറകളില്‍ പകര്‍ത്തുന്നവരേയും കാണാം. 


അത്തരം ഇടത്താവളങ്ങളിലൊന്നിലാണ് ഓറിയന്റല്‍ വില്ലേജ് എന്ന വിസ്മയം ഒരുക്കിയിരിക്കുന്നത്. അകത്തേയ്ക്കു പ്രവേശിക്കുമ്പോള്‍ ഒരു ബുദ്ധവിഹാരത്തിന്റെ പ്രശാന്തമായ അനുഭൂതിയാണെങ്കില്‍ ക്രമേണ അത് ആശ്ചര്യാനുഭൂതികളുടെ അവിസ്മരണീയമായ കാഴ്ചാനുഭവങ്ങളിലേക്കാണ് ചെന്നെത്തുക. ദൃശ്യവിസ്മയങ്ങളുടെ കേദാരഭൂമിയെന്നതിനപ്പുറം മലേഷ്യന്‍ പ്രകൃതിയുടേയും സംസ്‌കൃതിയുടേയും പല രീതിയിലുമുള്ള വിന്യാസങ്ങള്‍ ഉപഹാരങ്ങളായി അവിടെനിന്നും വിലകൊടുത്ത് വാങ്ങാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ലോകപ്രശസ്തരായ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ നേരിട്ടു കാണുന്നതോടൊപ്പം അതിനുള്ളില്‍ ഒരു തീം ആയി നിങ്ങള്‍ക്ക് സ്വയം മാറുവാനുമാകും. ത്രീ ഡി, സിക്‌സ് ഡി തിയേറ്ററുകള്‍ ഉള്‍പ്പെടെയുള്ള നവീനമായ കാഴ്ച അനുഭവങ്ങളും വളരെ കരുതലോടെയും കരവിരുതോടെയും അവിടെ ഒരുക്കിയിരിക്കുന്നു. 

ഏറ്റവും ഉയരത്തിലുള്ള മൂന്നാം സ്ഥലത്ത് എത്തുമ്പോള്‍ കടലും കാറ്റും ആകാശവും ഒന്നായി തീരുന്നതുപോലെ നമുക്ക് തോന്നും. സമുദ്രനിരപ്പില്‍നിന്നും എഴുന്നൂറ് അടിയോളം ഉയരത്തിലാണ് നാമപ്പോള്‍ എന്ന കാര്യം മറക്കരുത്. അവിടെയാണ് അതിസാഹസികര്‍ക്കായുള്ള സ്‌കൈബ്രിഡ്ജ് എന്ന പ്രതിഭാസം പണികഴിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വളവും തിരിവും നീളവുമേറിയ തൂക്കുപാലമായാണ് ഇത് അറിയപ്പെടുന്നത്.

ആകാശവിതാനത്തില്‍നിന്നുള്ള അചുംബിത വനങ്ങളുടെ അപാരസൗന്ദര്യം നുകര്‍ന്നുകൊണ്ടുള്ള ആ സാഹസിക സഞ്ചാരത്തിന്റെ ആനന്ദം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആ പ്രദേശത്തിന്റെ വായിച്ചും കേട്ടുമറിഞ്ഞ ഐതിഹ്യങ്ങളിലേക്ക് പോകാന്‍ അപ്പോള്‍ നമ്മുടെ മനസ്സ് ചിലപ്പോള്‍ മടിച്ചെന്നിരിക്കും. അവാച്യസുന്ദരമായ ആ പ്രകൃതിയില്‍ അലിഞ്ഞുചേരുവാനാകും ആ പുതിയ ഭൂമിക അപ്പോള്‍ നമ്മെ ക്ഷണിക്കുക..! മനംമയങ്ങി, നവീകരിക്കപ്പെട്ട ഒരു സഞ്ചാരിയായി മലയിറങ്ങുമ്പോള്‍ മോക്ഷപ്രാപ്തിയിലേക്ക് ഇനി അധികദൂരമില്ലെന്നു തോന്നും. 

അമിതമായി ശീതികരിക്കപ്പെട്ട കൂറ്റന്‍ യാത്രാക്കപ്പലില്‍ തണുത്തുവിറച്ചു കണ്ണുകളടച്ചു ക്വലാ പെര്‍ലിസിലേയ്ക്ക് മടങ്ങുമ്പോള്‍ മലമടക്കുകളുടെ അചുംബിത സൗന്ദര്യം ഒരു വിശുദ്ധാനുഭൂതിയായി ഒരിക്കല്‍ക്കൂടി മനസ്സില്‍ നിറഞ്ഞു. മഷൂറിയെന്ന ദുരന്തനായികയുടെ കണ്ണുനീര്‍ക്കഥ ഒരു തീരാവേദനയായി മനസ്സില്‍ നിറഞ്ഞു. അപ്പോള്‍ പുറത്തെ ഇരുളില്‍ സര്‍പ്പവെളിച്ചം പോലെ ഒന്നുരണ്ടു കൊള്ളിയാനുകള്‍ മിന്നി. അകലെ വെയില്‍ ചൊരിഞ്ഞു തളര്‍ന്ന സന്ധ്യാകാശത്തിലെവിടെയൊ കിടന്ന് ഒറ്റപ്പെട്ട ഇടിനാദങ്ങള്‍ കലമ്പി!     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com