പവിഴപ്പുറ്റുകളുടെ കാവല്‍ക്കാരി: കോറല്‍ വുമണിന്റെ സംവിധായിക ചിത്രത്തെക്കുറിച്ച്

ഒരു സാധരണ വീട്ടമ്മയായ ഉമാ മണി ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്. ഭര്‍ത്താവും മകനുമൊത്ത് കുറേക്കാലം അവര്‍ മാലിയില്‍ താമസിച്ചിരുന്നു.
പവിഴപ്പുറ്റുകളുടെ കാവല്‍ക്കാരി: കോറല്‍ വുമണിന്റെ സംവിധായിക ചിത്രത്തെക്കുറിച്ച്

രു സാധരണ വീട്ടമ്മയായ ഉമാ മണി ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്. ഭര്‍ത്താവും മകനുമൊത്ത് കുറേക്കാലം അവര്‍ മാലിയില്‍ താമസിച്ചിരുന്നു. അവിടെവെച്ച് കാണാനിടയായ പവിഴപ്പാറകളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി അവരെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെയാണ് അവര്‍ ഒഴിവുസമയങ്ങളില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ വര്‍ണ്ണവിസ്മയങ്ങള്‍ ഒരുക്കുന്ന, കടലിലെ ദീപാലങ്കാരം, കടലിലെ പൂന്തോട്ടം എന്നൊക്കെ വിശേഷിപ്പിക്കുന്ന പവിഴപ്പാറകളുടെ ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങിയത്. നിറങ്ങളുടെ ഘോഷയാത്രയാണ് അവരുടെ ക്യാന്‍വാസ് എന്നു പറയാം. ഈ ചിത്രങ്ങളുടെ മാലിയിലെ പ്രദര്‍ശനത്തിനിടെ ചിത്രങ്ങള്‍ കാണാനെത്തിയ ഒരാള്‍ അവരോട് ചോദിച്ചു: ''നിങ്ങള്‍ പവിഴപ്പാറകള്‍ കണ്ടിട്ടുണ്ടോ?'' ആ ചോദ്യം പവിഴപ്പാറകളുടെ വിസ്മയ ലോകം നേരിട്ട് കാണണമെന്ന അതിയായ മോഹം അവരില്‍ ജനിപ്പിച്ചു. 

എന്നാല്‍, അന്ന് അവര്‍ക്ക് വെള്ളത്തില്‍ ഊളിയിടാന്‍ പോയിട്ട് നീന്താന്‍പോലും അറിയില്ലായിരുന്നു. ഉള്ളിലെ ശക്തമായ ത്വരയാണ് അവരെ തന്റെ 49-ാം വയസ്സില്‍, കഠിന പരിശ്രമത്തിനുശേഷം നീന്തല്‍ പഠിച്ച് പവിഴപ്പാറകളെ നേരില്‍ കാണാനായി സമുദ്രാന്തര്‍ഭാഗത്തേയ്ക്ക് ഊളിയിടാന്‍ പ്രാപ്തയാക്കിയത്. 

''തണുത്ത ജലം എന്നെ ആവരണം ചെയ്ത് എന്നെ സ്വീകരിച്ചു. ഞാന്‍ പവിഴത്തിന്റെ വലിയ പാറകള്‍ കണ്ടു. നിറയെ വര്‍ണ്ണ മത്സ്യങ്ങള്‍. അവ എനിക്ക് ചുറ്റും നീന്തിത്തുടിക്കുന്നു. നേരിയ ജല പ്രവാഹം ഒരു വശത്തുനിന്നു മറ്റേ വശത്തേയ്ക്ക്  താരാട്ടുപോലെ നീങ്ങുന്നുണ്ടായിരുന്നു. തുടച്ചു വൃത്തിയാക്കിയ ഒരു സ്ലേറ്റ് പോലെയായി തീര്‍ന്നു എന്റെ മനസ്സ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുട്ടിയായി എനിക്ക് അനുഭവപ്പെട്ടു'' -തന്റെ അനുഭവം ഉമ ഇപ്രകാരം വര്‍ണ്ണിക്കുന്നു. 

പവിഴപ്പാറകളുടെ നേര്‍ക്കാഴ്ച അവരെ ഒരുപാട് സ്വാധീനിച്ചു. പവിഴപ്പാറകളും മത്സ്യങ്ങളും സമുദ്രത്തിനടിയിലെ മറ്റു ജീവജാലങ്ങളും അവ തമ്മിലുള്ള ബന്ധവും അവയുടെ പ്രാധാന്യവും അന്നാണ് ഉമ മനസ്സിലാക്കിയത്. പിന്നീട് തന്റെ പഴയ ചിത്രങ്ങളില്‍ അവര്‍ മത്സ്യങ്ങളെ വരച്ചു ചേര്‍ത്തു. ഒപ്പം ധാരാളം പുതിയ ചിത്രങ്ങളും അവര്‍ വരച്ചു. 

അതോടൊപ്പം ദുരന്തപൂര്‍ണ്ണമായ മറ്റൊരു കാഴ്ചകൂടി അവര്‍ സമുദ്രത്തിനടിയില്‍ കണ്ടിരുന്നു. നൂറ്റാണ്ടുകള്‍ എടുത്ത് ആനയുടെ വലിപ്പം പൂണ്ടെങ്കിലും ഇപ്പോള്‍ നിര്‍ജ്ജീവമായ പവിഴപ്പാറകള്‍.  പലതും വിളറി നരച്ചുപോയി. ഇപ്പോള്‍ അവിടം ശ്മശാനം പോലെയാണ്. അവര്‍ പുതുതായി വരച്ച ചിത്രങ്ങളില്‍ പവിഴപ്പാറകളുടെ ഈ ദുരവസ്ഥയ്‌ക്കൊപ്പം താപനിലയങ്ങളുടെ ഭീമന്‍ പുകക്കുഴലുകളും വെള്ളത്തില്‍ ഒഴുകിനടക്കുന്ന മാലിന്യങ്ങളും കടല്‍ത്തീരത്ത് കൂമ്പാരമായി അടിഞ്ഞുകിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കടന്നുവന്നു. 

ഈ സ്ത്രീയെക്കുറിച്ചാണ് My Sacred Glass Bowl, Survey Number Zero എന്നീ ഡോക്യുമെന്ററികളിലൂടെ ഈ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ പ്രിയ തൂവശ്ശേരിയുടെ Coral Woman എന്ന പുതിയ സിനിമ. ചെന്നൈയിലേയും ബാംഗളൂരുവിലേയും ഡോക്യുമെന്ററി മേളകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുകയുണ്ടായി. 
സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഈ സിനിമയെപ്പോലെ പ്രിയയുടെ ആദ്യ രണ്ടു സിനിമകളും. സമൂഹം ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന കന്യാത്വം എന്ന വിഷയത്തെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലുള്ള സ്ത്രീകള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നാണ് Glass Bowl പറയുന്നത്. Survey Number Zero ഗുജറാത്തിലെ കച്ച് പ്രദേശത്തെ ഉപ്പുപാടങ്ങളില്‍ ജോലി ചെയ്യുന്ന  സ്ത്രീകളെക്കുറിച്ചാണ്. മറ്റൊരു പ്രത്യേകത, സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 
സാധാരണയായി ഡോക്യുമെന്ററികളില്‍ ഒരു നരേറ്റര്‍ ഉണ്ടായിരിക്കും. ചിലപ്പോള്‍ അതു ശബ്ദം മാത്രമായിരിക്കാം. മറ്റു ചിലപ്പോള്‍ നരേറ്ററെ നമുക്കു കാണാന്‍ കഴിയും. മറ്റു ചിലപ്പോള്‍ അത് സംവിധായകന്‍/സംവിധായിക തന്നെയായിരിക്കും. എന്നാല്‍, ഈ സിനിമയില്‍ അത്തരത്തിലുള്ള ഒരു നരേറ്റര്‍ ഇല്ല. പകരം പ്രധാന കഥാപാത്രമായ ഉമ സംസാരിക്കുകയാണ്, തന്റെ അനുഭവങ്ങള്‍ വിവരിക്കുകയാണ്. പ്രിയയുടെ ചില ചോദ്യങ്ങള്‍ക്ക് ഉമ ഉത്തരം പറയുന്നുണ്ടെങ്കിലും അത് ഉറ്റ ചങ്ങാതിമാര്‍ തമ്മില്‍  സംസാരിക്കുന്നതുപോലെയാണ്. ഇതൊക്കെയും ചേരുമ്പോള്‍ യാന്ത്രികമല്ലാത്ത,  ഏകാതാനമല്ലാത്ത ജീവത്തായ അനുഭവമാണ് പ്രേക്ഷകര്‍ക്കു ലഭിക്കുന്നത്. സംവിധായിക ഉമയെ ചില അവസ്ഥകളില്‍ എത്തിക്കുക മാത്രമാണ്. ആ അവസ്ഥകളോടുള്ള പ്രതികരണങ്ങളാണ് അവരുടെ വാക്കുകള്‍. അല്ലാതെ, സംവിധായിക എഴുതിവെച്ച വരികള്‍ കാണാപാഠം ഉരുവിടുകയല്ല.
തീരത്തോട് ചേര്‍ന്ന ആഴം കുറഞ്ഞ കടലില്‍ കാണപ്പെടുന്ന വൈവിധ്യമുള്ളതും മനോഹരവുമായ ആവാസവ്യവസ്ഥയാണ് പവിഴപ്പാറകള്‍. നൂറോളം ഇനങ്ങളിലുള്ള ഒച്ചുകള്‍, വിവിധ തരത്തിലുള്ള മത്സ്യങ്ങള്‍, ചെറുസസ്യങ്ങള്‍, വിവിധ തരത്തിലുള്ള കടല്‍ക്കുതിരകള്‍ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ജീവികളുടെ ആവാസകേന്ദ്രം. പവിഴപ്പാറകളുടെ മാന്‍ക്കൊമ്പുകള്‍പോലുള്ള ശാഖകളില്‍ മത്സ്യങ്ങളും മറ്റു സമുദ്രജീവികളും ആഹാരവും പാര്‍പ്പിടവും കണ്ടെത്തുന്നു. കടല്‍പ്പരപ്പിന്റെ ഒരു ശതമാനം മാത്രം വരുന്ന പവിഴപ്പാറകളില്‍ സമുദ്രത്തിലെ 25 ശതമാനം ജീവജാലങ്ങളും പാര്‍ക്കുന്നു എന്നു കണക്കാക്കുന്നു. മാത്രവുമല്ല, 2004-ലെ സുനാമിയുടെ പ്രഭാവം വടക്ക് രാമേശ്വരം വരെയും തെക്ക് തിരുച്ചെന്തൂര്‍ വരെയും ഉണ്ടായിരുന്നുവെങ്കിലും തൂത്തുക്കുടിക്കും രാമേശ്വരത്തിനും ഇടയിലുള്ള പ്രദേശം രക്ഷപ്പെട്ടത് ഈ ഭാഗത്തുള്ള പവിഴപ്പാറകള്‍ കാരണമാണ്. 

ഒരുകാലത്ത് തൂത്തുക്കുടി 'മുത്തു നഗരം' എന്നാണ് അറിയപ്പെട്ടിരുന്നത്. മുത്ത് വാങ്ങിക്കാനായി മറ്റു രാജ്യങ്ങളില്‍നിന്ന് ആളുകള്‍ ഇവിടെ എത്തിയിരുന്നു. അന്ന് പവിഴപ്പാറകള്‍ വളരെ ഉയരത്തില്‍ വളരുമായിരുന്നു. മനുഷ്യര്‍ കടലിനടിയിലേക്ക് ഊളിയിട്ട് സമുദ്രാടിത്തട്ടില്‍നിന്നുകൊണ്ട് മുത്തുച്ചിപ്പിയില്‍നിന്ന് മുത്ത് നുള്ളിയെടുത്ത് ചാക്കുകളിലാക്കി കരയിലേക്കു കൊണ്ടുവരുമായിരുന്നു. 

ചരിത്രാതീത കാലം മുതല്‍ തന്നെ തൂത്തുക്കുടിയില്‍ പവിഴപ്പാറകള്‍ ഉണ്ടായിരുന്നു. 14-ഉം 15-ഉം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടേയും ഡച്ചുകാരുടേയും കാലത്തും തുടര്‍ന്ന് ബ്രിട്ടീഷുകാരുടെ കാലത്തും പവിഴപ്പാറകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം. വിദേശികള്‍ പവിഴക്കച്ചവടത്തിനായി ഈ പ്രദേശത്തെ ഒരു തുറമുഖമായി വികസിപ്പിക്കുകയായിരുന്നു. കടല്‍ത്തീരമായതിനാല്‍ കെട്ടിടനിര്‍മ്മാണത്തിന് ആവശ്യമായ കല്ലോ ഇഷ്ടികയോ ലഭ്യമല്ലാത്തതിനാലായിരിക്കണം ഇത്തരത്തില്‍ കെട്ടിടനിര്‍മ്മാണത്തിനു പവിഴപ്പാറകള്‍ ഉപയോഗിച്ചത്. 

പരിസ്ഥിതിയെക്കുറിച്ചു സംസാരിക്കുമ്പോള്‍ സാധാരണ നാം കരയിലുള്ള വൃക്ഷങ്ങളേയും ജന്തുജാലങ്ങളേയും കുറിച്ചു മാത്രമേ സംസാരിക്കാറുള്ളൂ. എന്നാല്‍, കരയിലേതുപോലെ സമുദ്രത്തിനടിയിലും പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെന്ന് ഉമയോടൊപ്പം പ്രേക്ഷകരും സിനിമയില്‍നിന്നു മനസ്സിലാക്കുന്നു. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ഭൂരിഭാഗവും ബോധവാന്മാരല്ല. (നാഷണല്‍ ജിയോഗ്രാഫിക് മുതലായ ചാനലുകളിലൂടെ പവിഴപ്പാറകളുടേയും മറ്റു ജീവികളുടേയും വര്‍ണ്ണശബളമായ ലോകം കണ്ടു പരിചയിച്ചതിനാലാണ് ഇതിന്റെ മറുവശം മനസ്സിലാക്കാന്‍ നമുക്കു കഴിയാതെ വരുന്നത്). ഈ രംഗത്തെ വിദഗ്ധര്‍ ഭൂഗര്‍ഭ ആവാസവ്യവസ്ഥയെക്കുറിച്ചും അവിടെ സംഭവിക്കുന്ന നാശത്തെക്കുറിച്ചും നമ്മെ ബോധവാന്മാരാക്കുന്നു. ഈ രീതിയിലുള്ള വിദ്യാഭ്യാസ പരമായ കടമ കൂടി സിനിമ നിര്‍വ്വഹിക്കുന്നു. 
ലക്ഷദ്വീപിലും ആന്തമാനിലും പവിഴപ്പാറകളുണ്ടെങ്കിലും അവ ദ്വീപുകളാണ്. പവിഴപ്പാറകളുള്ള ദ്വീപുകള്‍ അല്ലാത്ത ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട പ്രദേശമാണ് ഗള്‍ഫ് ഓഫ് മന്നാര്‍. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ആദ്യത്തെ മറൈന്‍ ബയോപാര്‍ക്ക് സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. എന്നിട്ടും ചെന്നൈയില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ പലരും അറിയുന്നതത്രേ!

വര്‍ദ്ധിച്ചുവരുന്ന ചൂട്, മനുഷ്യരും ഫാക്ടറികളും താപനിലയങ്ങളും ഒഴുക്കിവിടുന്ന രാസപദാര്‍ത്ഥങ്ങളും മാലിന്യങ്ങളും പവിഴപ്പാറകളുടെ വന്‍തോതിലുള്ള ഖനനം എന്നിവ മൂലം കരയിലെന്നപോലെ കടലിലും എല്ലാം നശിക്കുകയാണ്. '90-കളില്‍ ഈ പ്രദേശത്ത് വന്‍ തോതിലുള്ള ഖനനം നടന്നിരുന്നു. 2005-ല്‍ ഖനനം ഔദ്യോഗികമായി നിരോധിച്ചു എങ്കിലും അപ്പോഴേയ്ക്കും ഈ പ്രദേശത്തെ ഏകദേശം 60 ശതമാനം പവിഴപ്പാറകളും നശിച്ചിരുന്നു. സമുദ്രത്തിനടിയിലെ മൊത്തം മഴക്കാടുകളുടെ ഏകദേശം പകുതിയും കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെട്ടു എന്നും ലോകത്തിലെ പവിഴപ്പാറകളും 2050-ഓടെ 90 ശതമാനത്തില്‍ കൂടുതല്‍ കടല്‍ മെത്തകളും നഷ്ടമാകുമെന്നും സിനിമ നമ്മോടു പറയുന്നു. 

ഒരിക്കല്‍ ധാരാളം മത്സ്യം ലഭ്യമായിരുന്ന ഈ പ്രദേശത്ത് ഇപ്പോള്‍ മത്സ്യത്തിന്റെ അളവ് വലിയ തോതില്‍ കുറഞ്ഞു. അന്നു ജീവനുള്ള ആയിരക്കണക്കിനു കരങ്ങള്‍ നീട്ടിപ്പിടിച്ചു വളര്‍ന്നുനില്‍ക്കുന്ന പവിഴപ്പാറകള്‍ ധാരാളമായി ഉണ്ടായിരുന്നു. ഇതൊന്നും ഇല്ലെങ്കില്‍ പല നിറങ്ങളിലുള്ള മത്സ്യങ്ങള്‍ക്കു ജീവിക്കാനാവില്ല. ഇതു വീടില്ലാത്ത മനുഷ്യരുടെ, മരങ്ങള്‍ നഷ്ടപ്പെട്ട പക്ഷികളുടെ അവസ്ഥയാണ്. 

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതോടൊപ്പം പവിഴപ്പാറകളെക്കുറിച്ച് ഉമ കൂടുതല്‍ ബോധാവതിയാകുന്നു. അങ്ങനെ ഉമയുടെ വ്യക്ത്യാനുഭവം എന്ന അവസ്ഥയില്‍നിന്നു സിനിമ മെല്ലെ കൂടുതല്‍ വിശാലമായ തലങ്ങളിലേയ്ക്കു നീങ്ങുന്നു. ജലാന്തര്‍ഭാഗത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കും അതിന്റെ കാരണങ്ങളിലേക്കും സ്റ്റെര്‍ലൈറ്റ് (Sterlite) കമ്പനിക്കെതിരെയുള്ള പ്രക്ഷോഭത്തിലേയ്ക്കും സഞ്ചരിക്കുന്നു. അങ്ങനെ വ്യക്തിഗതമായത് രാഷ്ട്രീയമായിത്തീരുന്നു. 

സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ തൂത്തുക്കുടിയിലെ ചെമ്പുരുക്കു ഫാക്റ്ററിയില്‍നിന്നു പുറത്തു തള്ളുന്ന മാലിന്യങ്ങള്‍ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വന്‍നാശം വരുത്തുന്നു.  പലതരം രോഗങ്ങള്‍, പ്രത്യേകിച്ച് കാന്‍സര്‍ ബാധിച്ചു മനുഷ്യര്‍ മരിക്കുന്നു. (പ്രവര്‍ത്തനം തുടങ്ങാനുള്ള NOC ലഭിക്കാന്‍ ആവശ്യമായ Environment Impact Assessment Report ഈ ഫാക്ടറിക്ക് സമര്‍പ്പിക്കേണ്ടിവന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം). ഈ സാഹചര്യത്തിലാണ് ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായി ജനങ്ങള്‍ പ്രക്ഷോഭം നടത്തിയത്. അന്നു നടന്ന പൊലീസ് വെടിവെപ്പില്‍ ഒരു ഡസനിലധികം മനുഷ്യര്‍ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. സ്റ്റെര്‍ലൈറ്റിനെതിരെ ഇതാദ്യമായല്ല ജനങ്ങള്‍ സമരം ചെയ്യുന്നത്. 2013-ല്‍ ഈ ഫാക്ടറിയിലുണ്ടായ വിഷലിപ്തമായ ഗ്യാസ് ചോര്‍ച്ച നിരവധി മനുഷ്യരെ ബാധിച്ചു. അന്നത്തെ പ്രക്ഷോഭത്തെ തുടര്‍ന്നു ഫാക്ടറി അടച്ചിട്ടുവെങ്കിലും ചെറിയൊരു ഇടവേളയ്ക്കുശേഷം ഫാക്ടറി വീണ്ടും തുറന്നു. Pollution Control Board-ന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 94 മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ തൂത്തുക്കുടി 21-ാം സ്ഥാനത്താണ്. ഇത്തരത്തില്‍  മലിനീകരിക്കപ്പെട്ട തമിഴ്നാട്ടിലെ ഏക നഗരവും തൂത്തുക്കുടിയാണ്.

സിനിമ അവസാനിക്കുമ്പോള്‍ പവിഴപ്പാറകളേയും സമുദ്രത്തിനടിയിലെ ജീവജാലങ്ങളേയും ആവാസവ്യവസ്ഥയേയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉമയെയാണ് നാം കാണുന്നത്. തന്റെ ചിത്രങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട സിനിമകളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കായും പൊതുവേദികളില്‍ ജനങ്ങള്‍ക്കായും പ്രദര്‍ശിപ്പിക്കുകയും ഈ ജീവജാലങ്ങളെ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകത വിശദീകരിക്കുകയും ചെയ്യുകയാണ് അവര്‍.  ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ പവിഴപ്പാറയുടെ നഴ്സറികള്‍ നിര്‍മ്മിക്കുകയാണ് അവരുടെ സ്വപ്നം. 

സാഹസികമായ കാര്യങ്ങള്‍ പുരുഷന്മാര്‍ക്കു മാത്രം നീക്കിവെച്ചതാണെന്നു വിശ്വസിക്കുന്നു നമ്മുടെ സമൂഹം. എന്നാല്‍, കഠിനപ്രയത്‌നത്തിലൂടെ ഉമ ഒരു Scuba Diver ആവുകയും പ്രതിബന്ധങ്ങളെ അതിജീവിച്ചുകൊണ്ട് സമുദ്രാന്തര്‍ഭാഗത്ത് ചിത്രീകരിച്ച മറ്റേതൊരു സിനിമയോടും കിടപിടിക്കാവുന്ന രീതിയില്‍ അതിഗംഭീരമായി ചിത്രീകരിക്കാന്‍ പ്രിയയ്ക്കും ഒപ്പമുള്ള സ്ത്രീകള്‍ക്കും കഴിഞ്ഞു. പരിമിതമായ ബജറ്റിനുള്ളില്‍ നിന്നുകൊണ്ടാണ് ഇവര്‍ സിനിമ ചിത്രീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. 

പ്രിയ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു:

പ്രിയ എങ്ങനെയാണ് ഉമയില്‍ എത്തിയത്?
പലപ്പോഴും സിനിമ, കഥാപാത്രങ്ങള്‍, പ്രതിപാദ്യം ഇതെല്ലാം ചലച്ചിത്രകാരന്‍/കാരി തെരഞ്ഞെടുക്കുന്നതാണ്. എന്നാല്‍ 'കോറല്‍ വുമണി'ന്റെ കാര്യത്തില്‍ അതു നേരെ തിരിച്ചായിരുന്നു. എനിക്ക് പവിഴപ്പാറകളെക്കുറിച്ചോ ഉമയെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ഞാന്‍ ഇതുവരെ ഏതെങ്കിലും പരിസ്ഥിതി പ്രശ്‌നത്തെക്കുറിച്ചു പഠനം നടത്തുകയോ നടത്തണം എന്നു പദ്ധതിയിടുകയോ ചെയ്തിട്ടില്ലായിരുന്നു. ഞാന്‍ സംവിധാനം ചെയ്ത സിനിമകള്‍ -അത് സിഖ് കൂട്ടക്കൊലയെക്കുറിച്ചുള്ള എന്റെ പഠനത്തിന്റെ ഭാഗമായുള്ള 'ഖനബദോഷ്' ആകട്ടെ, അല്ലെങ്കില്‍ കച്ചിലെ ഉപ്പ് കുറുക്കുന്നവരെക്കുറിച്ചുള്ള 'സര്‍വ്വേ നമ്പര്‍ സീറോ' ആകട്ടെ -സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ കഥ പറയുക എന്നതായിരുന്നു എന്റെ താല്പര്യം. 

പ്രിയ തൂവശേരി
പ്രിയ തൂവശേരി

ഉമയെ പരിചയപ്പെടുന്നത് വളരെ യാദൃച്ഛികമായാണ്. 2016-ല്‍ ഞാന്‍ NDTV-യില്‍ ഡോക്യുമെന്ററി ഷോയുടെ സീനിയര്‍ പ്രൊഡ്യൂസറായി ജോലി ചെയ്യുന്ന കാലം. ഓഫീസിലെ റിസപ്ഷനിസ്റ്റ് എനിക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഫോണ്‍ കോളിന്റെ മറുവശത്ത് ഉമ എന്നൊരു സ്ത്രീയായിരുന്നു. പവിഴപ്പാറകളെക്കുറിച്ച് നാഷണല്‍    ജിയോഗ്രാഫി പോലെയുള്ള ചാനലുകളില്‍ കാണുന്നതുപോലെ അറിവ് പകരുന്ന തരത്തിലുള്ള ഒരു സിനിമ NDTV ചെയ്യുമോ എന്ന അഭ്യര്‍ത്ഥനയുമായാണ് ഉമ വിളിച്ചത്.  ഒരു ചാനലിന്റെ ആഫീസില്‍ ഇത്തരം കോളുകള്‍ സ്വാഭാവികം. NDTV സിനിമ ചെയ്തുകൊടുക്കാറില്ല, എന്നാല്‍, തയ്യാറായ ഡോക്യുമെന്ററി ഉണ്ടെങ്കില്‍ അത് എന്റെ ഷോയില്‍ കാണിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാം എന്നു ഞാന്‍ പറഞ്ഞു. ഉമ ചെന്നൈക്കാരിയും അമ്മ പാലക്കാട്ടുകാരിയും ആണെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ വ്യക്തിപരമായ ചില കാര്യങ്ങള്‍ സംസാരിച്ചു. ഒടുവില്‍ ഉമ എന്റെ ഫോണ്‍ നമ്പര്‍ വാങ്ങി. വൈകിട്ട് ഉമ എന്നെ ഹോണ്‍ ചെയ്തു. അപ്പോള്‍ അവര്‍ അവിടെ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഭര്‍ത്താവിന്റെ കൂടെ മാലിയില്‍ ആയിരുന്നു. 

സംസാരത്തിനിടെ അവര്‍ ചോദിച്ചു: 'NDTV-ക്ക് പറ്റില്ലെങ്കില്‍ പ്രിയയ്ക്ക് സിനിമ ചെയ്തുകൂടെ? ഗൂഗിളില്‍ ഞാന്‍ പ്രിയയുടെ സിനിമകള്‍ കണ്ടു. ഈ വിഷയത്തെക്കുറിച്ച് പ്രിയയ്ക്ക് ഒരു സിനിമ ചെയ്യാന്‍ പറ്റും.'' ഈ വാക്കുകള്‍ ശരിക്കും എന്റെ മനം കവര്‍ന്നു. പവിഴപ്പാറകളെക്കുറിച്ചു സിനിമയുണ്ടാക്കാന്‍ തല്പരയായ ഈ സ്ത്രീയെക്കുറിച്ചു കൂടുതല്‍ അറിയാന്‍ എനിക്കു താല്പര്യം തോന്നി. 53 വയസ്സുള്ള ഉമ തന്റെ 49-ാമത്തെ വയസ്സില്‍ പവിഴപ്പാറകളെ നേരില്‍ കാണാന്‍ നീന്തല്‍ പഠിച്ചതും തുടര്‍ന്ന് Certified scuba diver ആയതും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒരു വീട്ടമ്മയ്ക്ക് ഒരു പുതിയ ലോകം തുറന്നുകൊടുത്ത പവിഴപ്പാറകള്‍ എന്നെയും ആകര്‍ഷിച്ചു. ഉമയെക്കുറിച്ചും അവരിലൂടെ പവിഴപ്പാറകളെക്കുറിച്ചും ഒരുപക്ഷേ, ഞാന്‍ ഒരു സിനിമ ചെയ്‌തേക്കാം എന്ന് ഉമയോട് പറഞ്ഞു. തുടര്‍ന്നുള്ള രണ്ടുവര്‍ഷം ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നു. പരസ്പരം അറിയാനും അതുപോലെ പവിഴപ്പാറകളെക്കുറിച്ചു മനസ്സിലാക്കാനും കഴിഞ്ഞു. എന്നാല്‍, സിനിമ ചെയ്യും എന്ന ഒരു ഉറപ്പും ഇല്ലായിരുന്നു. സത്യത്തില്‍ എനിക്ക് ഇക്കാര്യത്തില്‍ ആത്മവിശാസം തീരെയില്ലായിരുന്നു. എനിക്ക് അറിവോ, പരിചയമോ ഇല്ലാത്ത മേഖലയാണ് സമുദ്രത്തിനടിയിലെ സിനിമാ ചിത്രീകരണം. അതുകൊണ്ടുതന്നെ, ഉമയ്ക്ക് നീന്തല്‍ എന്നപോലെയാണ് എനിക്ക് ഈ സിനിമ. ഒരു പരിചയവുമില്ലാത്ത ലോകത്തേയ്ക്കുള്ള ഊളിയിടല്‍. ആ അനുഭവം ഉമയെപ്പോലെ തന്നെ എന്നിലെ സിനിമാക്കാരിക്കും അതിശയം നിറഞ്ഞ യാത്രയായി മാറി. 

ദീര്‍ഘകാല സുഹൃത്തുക്കളെപ്പോലെയാണ് പ്രിയയുടെ ചോദ്യവും ഉമയുടെ ഉത്തരവും. ഇവ്വിധം Intimacy ഡോക്യുമെന്ററികളില്‍ സാധാരണ കാണാറില്ല. 
ഏകദേശം രണ്ടു വര്‍ഷത്തോളം വാട്സാപ്പ്, gmail, സ്‌കൈപ്പ് എന്നീ മാധ്യമങ്ങള്‍ വഴിയുള്ള സംഭാഷണങ്ങള്‍. പവിഴപ്പാറകളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ധാരാളം സംസാരിച്ചുകൊണ്ട് ആ സൗഹൃദം വളരുകയായിരുന്നു. ഉമ മാലിയിലും ഞാന്‍ ഡല്‍ഹിയിലും. ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം രണ്ടുപേര്‍ക്കും ഉണ്ട്. പക്ഷേ, നടക്കുമോ എന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. തമിഴ്നാട്ടിലേയ്ക്ക് താമസം മാറിയപ്പോള്‍  2017-ലെ കേരളത്തിലെ ഡോക്യുമെന്ററി മേളയിലേയ്ക്ക് ഉമ എന്നെ കാണാന്‍ വന്നു. 

2018-ല്‍ NDTV-യിലെ ജോലി വിട്ടതിനുശേഷമാണ് ഞാന്‍ ഈ പ്രോജക്ട് ചെയ്യുമെന്ന് ഉറപ്പിച്ചത്. ഇതിനുമുന്‍പ് ഞാന്‍ ചെയ്ത സിനിമകളെല്ലാം ജോലി ചെയ്തിരുന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ പരിമിതിക്കകത്തു നിന്നാണ് ചെയ്തത്. എന്നാല്‍, ഈ സിനിമ അത്തരത്തിലുള്ള പരിമിതികളും ജോലിയുടെ പിരിമുറുക്കവും ഇല്ലാതെ ചെയ്യണം എന്നും ഉണ്ടായിരുന്നു. അങ്ങനെ ഒരു തീരുമാനം എടുക്കണമെങ്കില്‍ ഉമയെക്കുറിച്ചും സിനിമയുടെ പരിചരണത്തെക്കുറിച്ചും കുറച്ചുകൂടി വ്യക്തത വേണം എന്ന് ആഗ്രഹിച്ചു. സ്വന്തമായി ഒരു ക്യാമറയും വാങ്ങി ഞാന്‍ തമിഴ്നാട്ടിലേയ്ക്കു യാത്രതിരിച്ചു. രണ്ടു ദിവസം ഉമയുടെ വീട്ടില്‍, പിന്നെ രണ്ടു ദിവസം ഉമയോടൊപ്പം കടല്‍ത്തീരത്തേയ്ക്ക് ഒരു യാത്ര. കൊടൈക്കനാലിലാണ് ഇപ്പോള്‍ ഉമ താമസിക്കുന്നത്. ഗള്‍ഫ് ഓഫ് മന്നാറിനെക്കുറിച്ചും അവിടത്തെ പവിഴപ്പാറകളെക്കുറിച്ചും വായിച്ചിരുന്നതിനാല്‍ ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത് രാമേശ്വരമായിരുന്നു. പരസ്പരം മനസ്സിലാക്കാനും വിശ്വസിക്കാനും ഈ യാത്ര സഹായിച്ചു. ഒരു സിനിമാക്കാരി എന്ന നിലയില്‍ സിനിമയുടെ സാധ്യതകള്‍ മനസ്സിലാക്കാനും കഴിഞ്ഞു. അവിടെവെച്ച് ഉമയോടൊപ്പം വെള്ളത്തിനടിയില്‍ ശ്വസിക്കാന്‍ സഹായിക്കുന്ന കുഴല്‍ ഉപയോഗിച്ചു ഞാന്‍ ആദ്യമായി പവിഴപ്പാറകള്‍ കണ്ടു. ആ കാഴ്ചയില്‍ ഞാന്‍ സ്വയം മറന്നുപോയി. സന്തോഷം കൊണ്ടും വിസ്മയം കൊണ്ടും ഞാന്‍ പലപ്പോഴും ശ്വസനക്കുഴലിന്റെ കാര്യം മറന്നുപോയി. അങ്ങനെ കുറേ ഉപ്പുവെള്ളം അകത്തായി. ആ സമയത്ത് ഉമയുടെ കൈകള്‍ പിടിച്ചു നീന്തുന്ന ഒരു ഫോട്ടോ എടുത്തു. ചെയ്യാനുദ്ദേശിക്കുന്ന സിനിമയുടെ അവസാന ഷോട്ട് ഇതായിരിക്കും എന്ന് അപ്പോള്‍ത്തന്നെ തീരുമാനിച്ചു. ഉമയും ഞാനും കൈപിടിച്ചു മനോഹരമായ കടലില്‍ നീന്തി കാഴ്ചകള്‍ കാണുന്ന ഷോട്ടിലാണ് സിനിമ അവസാനിക്കുന്നത്. 

സിനിമ ഷൂട്ടു ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഏകദേശം ഒരു മാസം ഞാന്‍ ഉമയോടൊപ്പം അവരുടെ കൊടൈക്കനാലിലെ വീട്ടില്‍ താമസിക്കുകയും രണ്ടാഴ്ചയോളം യാത്ര ചെയ്യുകയും ചെയ്തു. ഇതൊക്കെക്കൊണ്ടാകം ഞങ്ങളുടെ സംഭാഷണങ്ങള്‍ വളരെ അനൗപചാരികമായത്. 
സമുദ്രാടിത്തട്ടിലെ പവിഴപ്പുറ്റുകളും മത്സ്യങ്ങളും കണ്ടതോടെ ഉമയുടെ വ്യക്തിത്വത്തില്‍ത്തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ അനുഭവം പ്രിയയുടെ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കാം. ഇക്കാര്യം വിശദീകരിക്കാമോ?

ഒരു സിനിമാക്കാരി എന്ന നിലയില്‍ ഈ സിനിമയിലെ പ്രവര്‍ത്തനം എനിക്ക് പുതിയ അനുഭവമായിരുന്നു. സിനിമയ്ക്കുവേണ്ടി ഞാന്‍ നീന്തല്‍ പഠിക്കാന്‍ തുടങ്ങി. ഡല്‍ഹിയിലുള്ള കുടുംബത്തോട് മൂന്നു മാസത്തേയ്ക്ക് വിടപറഞ്ഞു കൊടൈക്കനാലില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് ഒരു മാസം ഒറ്റയ്ക്കു താമസിച്ചു സിനിമ എഡിറ്റ് ചെയ്തു. എല്ലാം കൊണ്ടും ഒരിക്കലും മറക്കാന്‍ പറ്റാത്തതും ഹൃദയത്തോട് ചേര്‍ത്തു സൂക്ഷിക്കുന്നതുമായ അനുഭവമാണ് ഈ സിനിമ. 

ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ വിശദീകരിക്കാമോ? 
സ്ത്രീകളുടെ സാന്നിധ്യം എന്റെ എല്ലാ സിനിമകളിലും പ്രധാനമാണ്. എന്റെ സിനിമകളുടെ പ്രമേയം സ്ത്രീകളാണ്. പിന്നണി പ്രവര്‍ത്തകര്‍ എണ്‍പത് ശതമാനവും സ്ത്രീകളാണ്. ഈ സിനിമയില്‍ ജലാന്തര്‍ഭാഗത്ത് ചിത്രീകരിക്കാന്‍ സ്ത്രീകളെ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ചാന്‍സ് എടുക്കാം എന്ന നിലയില്‍ എഫ്ബിയില്‍ ഒരു പോസ്റ്റിട്ടു. പ്രതികരണം എന്നെ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. അവസാനം രണ്ടു സ്ത്രീകള്‍ -നിതാഷ കപാഹി, നെഫേര്‍ടിറ്റി ചക്രവര്‍ത്തി -ഛായാഗ്രാഹകരായി. 

കടലിലെ ഷൂട്ടിംഗ് സാഹസികമാണ്. അതിരാവിലെ കടലിലേയ്ക്കുള്ള യാത്ര. ഉപകരണങ്ങള്‍ നനയാതിരിക്കാനുള്ള ബദ്ധപ്പാട്. പ്രവചനാതീതമായ കടല്‍. കാറ്റ്, ദൃശ്യത, കാലാവസ്ഥ ഇവയൊക്കെ അനുകൂലമായാല്‍ മാത്രമേ കടലില്‍ ഷൂട്ട് ചെയ്യാന്‍ പറ്റൂ. ചുരുങ്ങിയ ബജറ്റില്‍ നിര്‍മ്മിച്ച സിനിമ ആയതിനാല്‍ വേണ്ടത്ര ഷൂട്ട് ചെയ്യാനുള്ള ആഡംഭരം ഇല്ലായിരുന്നു. ഷൂട്ടിങ്ങിന് ഇടയില്‍ സൗണ്ട് റെക്കാര്‍ഡിസ്റ്റ് കടല്‍ച്ചൊരുക്ക് മൂലം ഛര്‍ദ്ദിച്ച് അവശയായി. ഈ സാഹചര്യത്തില്‍ സംവിധാനം ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ട്. ഞാന്‍ പ്രൊഫഷണല്‍ Diver അല്ലാത്തതിനാല്‍ കടലിനടിയിലെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ബോട്ടില്‍ ഇരുന്നാണ് നിര്‍ദ്ദേശങ്ങള്‍ കൊടുത്തത്. ഉമയും മറ്റു സാങ്കേതിക പ്രവര്‍ത്തകരും കടലിന്റെ അടിയിലേക്കു പോയാല്‍ കാത്തിരിക്കുക അല്ലാതെ വേറെ നിവൃത്തി ഇല്ല. അവര്‍ക്കും ആംഗ്യഭാഷയിലൂടെയാണല്ലോ ആശയവിനിമയം നടത്താനാവുക. ഇതെല്ലാം വലിയ വെല്ലുവിളിതന്നെയായിരുന്നു. 

ഉമയുടെ വ്യക്തിഗത അനുഭവങ്ങള്‍ എന്നതില്‍നിന്നു മാറി സിനിമ Sterlite കമ്പനിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ അവതരിപ്പിക്കുന്നുണ്ടല്ലോ. ഈ അനുഭവങ്ങള്‍ വിവരിക്കാമോ?
സിനിമ ഉമയെക്കുറിച്ചു മാത്രം ആയിരിക്കരുത് എന്ന ചിന്ത ആദ്യം മുതല്‍ തന്നെ ഉണ്ടായിരുന്നു. ഉമയുടെ ജീവിതത്തെ ഇത്രയ്ക്കു സ്വാധീനിച്ച പവിഴപ്പാറകള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന ചിന്തയായിരുന്നു മറ്റൊരു തലം. ഗള്‍ഫ് ഓഫ് മന്നാറിലെ വ്യവസായ മലിനീകരണത്തെക്കുറിച്ചു ധാരാളം വായിച്ചാണ് ആ തീരപ്രദേശം തെരഞ്ഞെടുത്തതും ഷൂട്ടിംഗ് തുടങ്ങിയതും. Sterlite-നെക്കുറിച്ചു വായിച്ചിരുന്നെങ്കിലും അതുണ്ടാക്കുന്ന മലിനീകരണത്തിന്റെ ഗൗരവം മനസ്സിലാകുന്നത് അവിടെ പോയതിനുശേഷമാണ്. 2018 മെയ് മാസത്തില്‍ ഈ കമ്പനിക്ക് എതിരെ നടന്ന പ്രതിഷേധത്തിന്റെ നൂറാമത്തെ ദിവസം നടന്ന വെടിവെപ്പും മരണവും ദേശീയ തലത്തില്‍ത്തന്നെ എല്ലാവരുടേയും ശ്രദ്ധ തൂത്തുക്കുടിയിലേക്ക് ആകര്‍ഷിച്ചു. ഇതിന്റെ ഒരാഴ്ച മുന്‍പാണ് ഞങ്ങള്‍ അവിടെ ഷൂട്ട് ചെയ്തത്. ഞങ്ങള്‍ അപ്പോള്‍ അവിടെ കണ്ടത് പാതയോരത്ത് കെട്ടിയ കമ്പനിക്കെതിരെയുള്ള ബാനറുകളും ടീ ഷര്‍ട്ട് ധരിച്ച മനുഷ്യരെയുമാണ്. അതുകൊണ്ടുതന്നെ ഈ പ്രതിഷേധത്തെ കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല. കാന്‍സര്‍  ബാധിച്ച് മനുഷ്യര്‍ മരിക്കുന്നതും മരിച്ചു ജീവിക്കുന്നതും ഞങ്ങള്‍ നേരിട്ടു കണ്ടു. ജനങ്ങള്‍ക്കു പറയാനുള്ളതു കേട്ടു. കടലിനടിയില്‍ ഞങ്ങള്‍ കണ്ട പവിഴപ്പാറകളുടെ അവസ്ഥതന്നെയായിരുന്നു കരയിലും. അങ്ങനെയാണ് ഈ പ്രക്ഷോഭം സിനിമയിലേയ്ക്കു വന്നത്. എല്ലാറ്റിനും ദൃക്സാക്ഷി ഞങ്ങളുടെ ക്യാമറ. അതുകൊണ്ടുതന്നെ പ്രതിഷേധത്തെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com