പുഷ്പഗ്രാമങ്ങളിലെ  സുന്ദരപുരുഷന്മാര്‍: അറേബ്യന്‍ ഗോത്രജീവിതങ്ങളെക്കുറിച്ച്

സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യകളായ ജിസാന്‍ - അസീര്‍ മേഖലകളില്‍ അധിവസിക്കുന്ന പൗരാണിക ജനവിഭാഗങ്ങളാണ് തിഹാമ, ആസിര്‍ ഗോത്രവര്‍ഗ്ഗക്കാര്‍.
പുഷ്പഗ്രാമങ്ങളിലെ  സുന്ദരപുരുഷന്മാര്‍: അറേബ്യന്‍ ഗോത്രജീവിതങ്ങളെക്കുറിച്ച്

സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യകളായ ജിസാന്‍ - അസീര്‍ മേഖലകളില്‍ അധിവസിക്കുന്ന പൗരാണിക ജനവിഭാഗങ്ങളാണ് തിഹാമ, ആസിര്‍ ഗോത്രവര്‍ഗ്ഗക്കാര്‍.
പൂക്കളേയും പൂക്കാരേയും ഒരുപോലെ താലോലിക്കുന്ന ഈ പര്‍വ്വതപ്രദേശം ഏതു കാലാവസ്ഥയിലും വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍കൊണ്ട് സമ്പന്നമാണ്.
പൂക്കാരികള്‍ക്കു പകരം, പൂക്കള്‍ വില്‍ക്കുന്ന പുരുഷന്മാരാണ് ഇവിടുത്തെ കൗതുക കാഴ്ചകള്‍. അറബ് വംശജരുടെ  പരമ്പരാഗതമായ തലപ്പാവിനു പകരം, ഇവിടുത്തെ പുരുഷന്മാര്‍ പതിവായി ഉപയോഗിക്കുന്നത്, വിവിധതരം പൂക്കള്‍ക്കൊണ്ട് ഉണ്ടാക്കിയ സവിശേഷങ്ങളായ തൊപ്പികളാണ്. പൂക്കള്‍ വില്‍ക്കുന്ന ഗോത്രക്കാരെ തിരിച്ചറിയാനുള്ള ഉപാധിയും മനോഹരങ്ങളായ ഈ തൊപ്പികള്‍ തന്നെ.
പൂത്തൊപ്പികള്‍ ധരിക്കുന്നവരില്‍ ശാരീരികവും മാനസികവുമായ അസുഖങ്ങളൊന്നും ബാധിക്കില്ല എന്ന വിശ്വാസവും ഇതിനു പിന്നിലുണ്ട്.
വിവിധ തരത്തിലുള്ള മുല്ലപ്പൂവുകളാണ്, തൊപ്പികള്‍ ഉണ്ടാക്കാന്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഇത് അലങ്കരിക്കാനായി ജമന്തിയും മറ്റു പൂക്കളും ഉപയോഗിക്കുന്നു. പ്രദേശ വാസികളുടെ ഏക വരുമാനമാര്‍ഗ്ഗവും പൂക്കച്ചവടമാണ്.


പാരമ്പര്യമായി തുടര്‍ന്നുവരുന്ന ലളിത ജീവിതം  ആഗ്രഹിക്കുന്ന ജനത എന്നതുകൊണ്ട് തന്നെ, നഗരങ്ങളിലേക്ക് ചേക്കേറാനോ മറ്റു ജോലികളില്‍ ഏര്‍പ്പെടാനോ ഇവര്‍ ആഗ്രഹിക്കുന്നില്ല.
പൗരാണിക അറബ് സംസ്‌കാരങ്ങള്‍ പൂര്‍ണ്ണമായും അനുസ്മരിപ്പിക്കും വിധം, ഈന്തപ്പനകളുമായി ബന്ധപ്പെട്ടാണ് ഇവര്‍ ദൈനംദിന ജീവിതചര്യകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഈന്തപ്പനയോലയും ഈന്തമരങ്ങളുംകൊണ്ട് നിര്‍മ്മിച്ച കൂരകളില്‍ താമസിക്കുന്ന ഇവരുടെ കച്ചവട കേന്ദ്രങ്ങളും ഇത്തരം മരങ്ങള്‍കൊണ്ടുതന്നെ നിര്‍മ്മിക്കപ്പെട്ടതാണ്.
ഇത്തരം വസ്തുക്കള്‍കൊണ്ട്  നിര്‍മ്മിച്ച ചെരുപ്പുകളും മറ്റു നിത്യോപയോഗ സാമഗ്രികളും ഈ ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിച്ചുവരുന്നു.
ഈന്തപ്പനയുടെ തടികളും മറ്റും ഉപയോഗിച്ചുകൊണ്ടു നിര്‍മ്മിക്കുന്ന ഒരു വളയ(റീത്ത്) ത്തിലാണ് ചെറുതും വലുതുമായ പുഷ്പങ്ങള്‍ ചേര്‍ത്തുള്ള പൂത്തൊപ്പികള്‍ നിര്‍മ്മിക്കുന്നത്. അനുദിനം ഇവര്‍ ധരിക്കുന്ന തൊപ്പികള്‍ക്കു മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതിലും ഗോത്രങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ പ്രകടമാണത്രെ.


പൊതുവെ, അരോഗ്യ -ദൃഢഗാത്രരാണ് ഈ ഗോത്രവര്‍ഗ്ഗക്കാര്‍.
പൗരാണിക ജീവിതരീതികള്‍ പിന്‍പറ്റുന്നതോടൊപ്പം തന്നെ, സ്വന്തമായി കൃഷി ചെയ്യുന്ന പഴം - പച്ചക്കറികളുടെ ഉപയോഗവും അവരെ പൂര്‍ണ്ണ ആരോഗ്യവാന്മാരായി നിലനിര്‍ത്തുന്നു.
കാട്ടുതുളസിയും ഉലുവയും ജമന്തിയുമാണ് ജീസാനിലും അസീരിയിലും കൂടുതലായും കൃഷിചെയ്യപ്പെടുന്നത്.
ആവശ്യക്കാര്‍ക്കുള്ള മറ്റു പൂക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി ഇവിടം കേന്ദ്രമാക്കി 'മാഹാല' എന്ന പേരില്‍ പുരുഷന്മാരായ പൂക്കച്ചവടക്കാര്‍ക്കു മാത്രമായി മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
തെക്കന്‍ അറേബ്യന്‍ പെനിന്‍സുലയില്‍പ്പെട്ട ചെറുതും വലുതുമായ നിരവധി ഗ്രാമങ്ങളില്‍ നിന്നും എത്തുന്നവരാണ് ഇവരുടെ പൂക്കളും തൊപ്പികളും വാങ്ങാനെത്തുന്നത്.
വിവാഹം പോലുള്ള പ്രത്യേക ചടങ്ങുകളിലും ഇവരുടെ മാത്രം വിശേഷ ദിനങ്ങളിലും പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിപ്പോന്നു.

വിവിധ തരത്തിലുള്ള പൂത്തൊപ്പികള്‍ അണിഞ്ഞ വ്യത്യസ്ത    പ്രായക്കാരായ ഗോത്ര വര്‍ഗ്ഗക്കാര്‍.
വിവിധ തരത്തിലുള്ള പൂത്തൊപ്പികള്‍ അണിഞ്ഞ വ്യത്യസ്ത    പ്രായക്കാരായ ഗോത്ര വര്‍ഗ്ഗക്കാര്‍.


സന്തോഷമായാലും ദുഃഖമായാലും ദൈനംദിന ജീവിതത്തില്‍ ഇവര്‍ക്ക് പൂക്കള്‍കൊണ്ടുള്ള തൊപ്പികള്‍ അനിവാര്യമായ ഒന്നാണ്.
തൊപ്പികളുടെ രൂപങ്ങള്‍ നോക്കിയാല്‍ ഇവിടുത്തെ ഓരോ മനുഷ്യന്റേയും വിചാര വികാരങ്ങള്‍ വായിച്ചറിയാന്‍ കഴിയുമത്രേ.
കാലാവസ്ഥാമാറ്റങ്ങളുടെ ഭാഗമായും മറ്റും ഉണ്ടാകുന്ന അസുഖങ്ങള്‍ മാറ്റാന്‍ വൈദ്യന്മാരെ കാണുന്ന പതിവില്ല, പകരം പ്രത്യേക തരം ഔഷധസസ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ പൂത്തൊപ്പികള്‍ തലയില്‍ ചൂടുന്ന പാരമ്പര്യമാണ് ഗോത്രവര്‍ഗ്ഗക്കാര്‍ക്കുള്ളത്.
അടുത്തകാലം വരെ, ആധുനിക ജീവിതരീതികള്‍ തികച്ചും അപരിചിതരായിരുന്നു ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്.
നഗരങ്ങളുമായുള്ള ബന്ധവും അനുബന്ധ ജീവിതക്രമങ്ങളും ഇവര്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍, പുറമെനിന്നും വരുന്നവര്‍ക്ക് ഇവിടെ എത്തിച്ചേരാനുള്ള യാത്രാക്ലേശങ്ങള്‍ കണക്കിലെടുത്ത് അടുത്തിടെ ഈ മേഖലകള്‍ കേന്ദ്രീകരിച്ചു കേബിള്‍ കാര്‍ ട്രാക്കുകള്‍ സ്ഥാപിച്ചത് ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ കടുത്ത ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. പുതിയ സംവിധാനങ്ങള്‍ ഗ്രാമങ്ങളിലേക്ക് കടന്നുവരുന്നതോടെ, തങ്ങളുടെ സൈ്വര്യജീവിതം തടസ്സപ്പെടുമെന്നാണിവര്‍ ഭയപ്പെടുന്നത്. ഏതാണ്ട് രണ്ടര പതിറ്റാണ്ടുകള്‍ക്കു മുന്‍പായിരുന്നു ഈ മേഖല കേന്ദ്രമാക്കിയുള്ള കേബിള്‍ കാര്‍ സംവിധാനം നിലവില്‍ വന്നത്. 
യമനും സൗദിയും അതിര്‍ത്തികള്‍ പങ്കിടുന്ന ഹബാല പര്‍വ്വതങ്ങളുടെ താഴ്വരയിലാണ് ഏറെ പഴക്കമുള്ള 'തിഹാമ', 'അസീര്‍'  ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്നത്.

'മാഹാല' ഗ്രാമത്തില്‍ പൂക്കള്‍ വില്‍ക്കുന്ന ഒരു ഗോത്രവര്‍ഗ്ഗക്കാരന്‍.
'മാഹാല' ഗ്രാമത്തില്‍ പൂക്കള്‍ വില്‍ക്കുന്ന ഒരു ഗോത്രവര്‍ഗ്ഗക്കാരന്‍.


ഏത് കാലാവസ്ഥയിലും ഇവിടം പൂക്കള്‍കൊണ്ട് സമ്പന്നമാണെങ്കിലും ഗോത്രത്തലവന്മാര്‍ തമ്മില്‍ ഇടയ്ക്കിടെ ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളും അടുത്തകാലത്തായി വര്‍ദ്ധിച്ചുവരുന്നതായി കണ്ടുവരുന്നു.
അലങ്കാര പുഷ്പങ്ങള്‍ക്കു പുറമെ, അറബികള്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നതും വന്‍തുക വിലമതിക്കുന്നതുമായ അപൂര്‍വ്വം ഔഷധസസ്യങ്ങളും ഈ താഴ്വരയില്‍ യഥേഷ്ടം വളരുന്നുണ്ട്. ഇത്തരം പ്രദേശങ്ങളുടെ ആധിപത്യത്തെ ചൊല്ലിയാണത്രെ ഗോത്ര മൂപ്പന്മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍.

സൗദിയുടേയും യമന്റേയും വിനോദ സഞ്ചാര മേഖലയില്‍ ഏറെ സാദ്ധ്യതകള്‍ നില നില്‍ക്കുന്ന പുഷ്പഗ്രാമങ്ങള്‍ ഏതാണ്ട് രണ്ടായിരത്തിലധികം വര്‍ഷങ്ങളായി നിലനിന്നു വരുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 
അതിര്‍ത്തികള്‍ പങ്കിടുന്ന പര്‍വ്വത പ്രദേശങ്ങളിലെല്ലാം തന്നെ പൂക്കച്ചവടം തൊഴിലായി സ്വീകരിച്ച തിഹാമ, ആസിര്‍ ഗോത്രവര്‍ഗ്ഗക്കാരെ  കാണാം. 
നഗരപ്രദേശങ്ങളില്‍നിന്നും വളരെ അകലെയായി, തീര്‍ത്തും കുഗ്രാമങ്ങളില്‍ ജീവിക്കുന്ന ഇവരുടെ ജീവിതരീതികള്‍ അടുത്തകാലത്താണ് മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ നേടിത്തുടങ്ങിയിരിക്കുന്നത്.

മണ്ണുകൊണ്ട് നിര്‍മ്മിച്ച കാവല്‍മാടം
മണ്ണുകൊണ്ട് നിര്‍മ്മിച്ച കാവല്‍മാടം

ഇരു രാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ വിനോദ സഞ്ചാര സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങള്‍ പലപ്പോഴായി നടത്തിയെങ്കിലും ഗോത്രവര്‍ഗ്ഗക്കാരുടെ പ്രതിരോധങ്ങളെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇക്കാരണത്താല്‍, പുറമെനിന്നുമുള്ള സഞ്ചാരികള്‍ക്കു ഇവിടെ എത്തിച്ചേരുകയെന്നത് ഇന്നും വളരെ ക്ലേശകരമാണ്.

നഗരാതിര്‍ത്തികളില്‍നിന്നും ഈ ഗ്രാമങ്ങളിലെത്താന്‍ നിരവധി മലനിരകള്‍ കയറിയിറങ്ങണം എന്നതുകൊണ്ടുതന്നെ, സാഹസികപ്രിയരായ അപൂര്‍വ്വം ചില സഞ്ചാരികള്‍ മാത്രമാണ് വല്ലപ്പോഴുമായി ഗോത്ര ഗ്രാമങ്ങളിലെത്തുന്നത്. അനേകം കിലോമീറ്ററുകളോളം കയറില്‍ തൂങ്ങിയുള്ള യാത്രയാണ് ഇപ്പോഴും പല ഉള്‍ഗ്രാമങ്ങളിലേക്കുള്ള പോംവഴികള്‍.

മേഖലയുടെ ആധുനികവല്‍ക്കരണത്തിനായി സൗദി സര്‍ക്കാര്‍ ചില പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്നു ബോധ്യമായ ഗോത്ര വര്‍ഗ്ഗക്കാര്‍ പുറമെനിന്നും വരുന്നവരെയെല്ലാം സംശയ ദൃഷ്ടിയോടെയാണ് ഇപ്പോള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നത്.

1990-ല്‍, ഫ്രെഞ്ച് നരവംശ ശാസ്ത്രജ്ഞനായ തീയറി മൊഗേര്‍ എന്നയാള്‍ ഇവിടെയെത്തി ഈ ഗ്രാമങ്ങളെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗ്രാമ വാസികളുടെ അക്രമങ്ങളെ പ്രതിരോധിക്കാനാവാതെ പഠനം ഉപേക്ഷിക്കുകയായിരുന്നു.


അതിനു ശേഷം, എറിക് ലാഫ്ഓര്‍ഗി എന്ന ഫ്രെഞ്ച് ഫോട്ടോഗ്രാഫര്‍ അടുത്തിടെ ഇവിടേയ്ക്ക് നടത്തിയ സന്ദര്‍ശനത്തിനു ശേഷമാണ് കൂടുതല്‍ ഗോത്ര വിശേഷങ്ങള്‍ പുറംലോകമറിയുന്നത്.
'റിജാല്‍ അല്‍ മാ' എന്ന ഗ്രാമത്തിലേക്കായിരുന്നു എറിക്കിന്റെ ആദ്യ സന്ദര്‍ശനം. പിന്നീടുള്ള ശ്രമങ്ങളുടെ ഫലമായി ഇവിടുത്തെ മറ്റു ചില ഗ്രാമങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. ഗോത്രത്തലവന്മാരുടെ സമ്മര്‍ദ്ദം മൂലം ഏതാനും മണിക്കൂറുകള്‍ നേരത്തേക്ക് മാത്രമാണ് ഇവിടെ തങ്ങാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചത്.

പൂക്കള്‍ വില്‍ക്കുന്നതിലുള്ള പ്രാവീണ്യംപോലെ തന്നെ, ഇവര്‍, പ്രാചീന ആയോധന കലകളില്‍ ഏറെ നിപുണരാണെന്നും പ്രവിശ്യകള്‍ക്കു പുറമെനിന്നും  അപരിചിതര്‍ ആരു വന്നാലും കത്തിപോലുള്ള ആയുധങ്ങളുമായി അക്രമിക്കാനെത്തുമെന്നും അദ്ദേഹം പറയുന്നു. 

ഏറെ ബുദ്ധിമുട്ടിയാണ് അവരുടെ മനോഭാവം മാറ്റിയെടുത്തത്. ജീവന്‍ തിരികെ കിട്ടിയതു തന്നെ മഹാഭാഗ്യം. തന്നോടൊപ്പം സുരക്ഷയ്ക്കായി വന്ന തോക്കേന്തിയ പൊലീസുകാര്‍ പോലും പിടിച്ചുനില്‍ക്കാനാവാതെ പിന്തിരിഞ്ഞോടുകയായിരുന്നു. കത്തിയുമായി പകയോടെ നിലയുറപ്പിച്ച ഒരു ജനസമൂഹത്തിനു മുന്നില്‍, തോക്കേന്തിയ പൊലീസുകാര്‍ പിന്തിരിഞ്ഞോടുന്ന അപൂര്‍വ്വ കാഴ്ചകള്‍ക്കാണ് എറിക് ലാഫ്ഓര്‍ഗി ഏറ്റവും ഒടുവിലത്തെ യാത്രയ്ക്കിടയില്‍ സാക്ഷ്യം വഹിച്ചത്.

അതേസമയം, താനുമായി ചങ്ങാത്തത്തിലായതോടെ, ഫോട്ടോയെടുക്കാനും അവരുടെ ജീവിത രീതികള്‍ വിവരിക്കാനും ചിലര്‍ ഏറെ താല്പര്യം കാണിച്ചതായും ലാഫ്ഓര്‍ഗി ചില മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പുരുഷന്മാര്‍ മാത്രമാണ് പൂക്കച്ചവടത്തില്‍ വ്യാപൃതരായിരിക്കുന്നത്. സ്ത്രീകള്‍ മുഴുവന്‍ സമയവും വീട്ടിനകത്തു തന്നെ സമയം ചെലവഴിക്കുന്നു.

ഈന്തപ്പനയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കൂരകളിലാണ് ഗോത്രക്കാര്‍ താമസിക്കുന്നത്. എന്നാല്‍, കൂടുതല്‍ ഉയരത്തില്‍ മണ്ണുകൊണ്ട് കെട്ടിപ്പൊക്കിയ വലിയ ഗോപുരങ്ങളും ഈ താഴ്വരയില്‍ കാണാം. ഗോത്രത്തലവന്മാരുടെ അന്തസ്സും പ്രൗഢിയും തുറന്നുകാണിക്കാനുള്ളതാവാം ഈ ഗോപുരങ്ങള്‍.


'ഫ്യൂത്ത' എന്ന് അറിയപ്പെടുന്ന പരമ്പരാഗത വസ്ത്രമാണ് ഗോത്രവര്‍ഗ്ഗക്കാരായ പുരുഷന്മാര്‍ ധരിക്കുന്നത്. നേരത്തെ ഈ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന യമന്‍ അതിര്‍ത്തി ഗ്രാമമായ 'ബൈത് അല്‍ ഫാഖിഹ്' എന്ന സ്ഥലത്തുനിന്നുമാണ് ലഭിച്ചിരുന്നത്. എന്നാല്‍, അടുത്തിടെ ഉടലെടുത്ത രാഷ്ട്രീയ സംഘര്‍ഷങ്ങളും ആഭ്യന്തര കലാപങ്ങളും ഇവയുടെ ലഭ്യത വളരെ കുറയാന്‍ കാരണമായി. സൗദി അറേബ്യയും അയല്‍ രാജ്യമായ യമനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും യുദ്ധഭീതിയും അതിര്‍ത്തി ഗ്രാമങ്ങളിലെ ഗോത്ര സമുദായങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.

അല്പം ചരിത്രം:
സൗദി അറേബ്യയിലെ ഏറ്റവും പുരാതനമായ 'ഖഹ്താനി' ഗോത്രവര്‍ഗ്ഗക്കാരാണ് ഇപ്പോള്‍ ഈ പര്‍വ്വത താഴ്വരയില്‍  കാണുന്ന ആദിവാസികളില്‍ പ്രമുഖര്‍.
ഹീബ്രു ഭാഷയില്‍ എഴുതപ്പെട്ട ബൈബിളില്‍, എബ്രഹാമിന്റെ പുത്രന്‍ ഇസ്മായേലിന്റെ സന്തതിപരമ്പരയില്‍പ്പെട്ടതാണ് ഈ ഗോത്രവര്‍ഗ്ഗക്കാര്‍ എന്നാണ് വിശ്വസിക്കപ്പെട്ടു വരുന്നത്.

സമുദ്രനിരപ്പില്‍നിന്നും ഏറെ ഉയര്‍ന്നുനില്‍ക്കുന്ന പീഠഭൂമിക്കു മുകളിലായാണ് ചെറുതും വലുതുമായ നിരവധി ജനവാസകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ സൗദി, യമന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന കേന്ദ്രങ്ങള്‍ എന്നൊരു പ്രത്യേകതയും ഇവയ്ക്കുണ്ട്. വര്‍ഷങ്ങള്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പുഷ്പസമൃദ്ധിയുടെ രഹസ്യവും പതിവായി ലഭിക്കുന്ന മഴയാണ്. 

സൗദി അറേബ്യയുടെ വിവിധ നഗരങ്ങളില്‍ മെയ് മാസം തൊട്ട് സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍  പൊതുവെ കനത്ത ഉഷ്ണകാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. എന്നാല്‍, റിയാദ് നഗരത്തില്‍നിന്നും ഏതാണ്ട് (തൊള്ളായിരം)  കിലോമീറ്ററുകളോളം അകലെ കിടക്കുന്ന ഈ പ്രദേശങ്ങള്‍ സുഖകരമായ കാലാവസ്ഥകളുമായി വേറിട്ടു നില്‍ക്കുന്നു.
പൂക്കള്‍ക്ക് പുറമെ ഗോതമ്പും കാപ്പിയും വിവിധ പഴവര്‍ഗ്ഗങ്ങളും ഇവര്‍ ധാരാളമായി കൃഷി ചെയ്തുവരുന്നു.

പരമ്പരാഗതമായി പൂക്കള്‍ വിറ്റു ജീവിച്ചുപോന്ന  'ഖഹ്താനി' ഗോത്രക്കാര്‍ ഈ മേഖലയില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ സജീവസാന്നിധ്യം രേഖപ്പെടുത്തിയതായി ചരിത്രകാരന്മാര്‍ പറയുന്നു. 
ഏതാണ്ട് മൂന്നര നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, പ്രവിശ്യകള്‍ പിടിച്ചടക്കാന്‍ അന്നത്തെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ പടയാളികള്‍ കൂട്ടമായി ഇവിടെ എത്തുകയും ഗോത്രത്തലവന്മാരുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. ഇതറിഞ്ഞ ഗോത്രവര്‍ഗ്ഗത്തിലെ പല കുടുംബങ്ങളും തൊട്ടടുത്ത പീഠഭൂമികളിലേക്ക് പലായനം ചെയ്യുകയും ഗോത്രക്കാര്‍ പല മേഖലകളിലായി വിഭജിക്കപ്പെടുകയും ചെയ്തുവെന്നും അവരുടെ പിന്മുറക്കാരാണ് ഇന്നു കാണുന്ന ജനസമൂഹമെന്നും ചരിത്രകാരന്മാര്‍ പറയുന്നു. അനേകം വര്‍ഷങ്ങളോളം തികച്ചും സ്വതന്ത്ര മേഖലകള്‍ ആയിരുന്നു ഈ ഗോത്ര ഗ്രാമങ്ങള്‍ ഓരോന്നും. എന്നാല്‍ പില്‍ക്കാലത്ത് സൗദി ഭരണകൂടം ഈ മേഖലകള്‍ കീഴടക്കുകയും സ്വന്തം ഭരണപ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. 

മനോഹരമായ പൂത്തൊപ്പികളിലൊന്ന്
മനോഹരമായ പൂത്തൊപ്പികളിലൊന്ന്

യാതൊരുവിധ ഗതാഗത സൗകര്യങ്ങളും ഇല്ലാതിരുന്ന മുന്‍ കാലഘട്ടങ്ങളില്‍, കയറുകള്‍ കെട്ടിയുള്ള താല്‍ക്കാലിക ഏണികളും മരങ്ങള്‍കൊണ്ടുള്ള ഇരിപ്പിടങ്ങളും ഉപയോഗിച്ചായിരുന്നു ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തിരുന്നത്.

പിന്നീടാണ് 'കേബിള്‍ കാര്‍' എന്ന ആശയത്തിന് അധികൃതര്‍ തുടക്കം കുറിച്ചത്. എന്നാല്‍, ഈ മാര്‍ഗ്ഗം ഇന്നും ഉദ്ദേശിച്ചത്ര ഫലം കണ്ടുതുടങ്ങിയിട്ടില്ല.
തദ്ദേശീയരായ ഗോത്രവര്‍ഗ്ഗക്കാരല്ലാത്തവര്‍ക്കു അവിടുത്തെ സ്ത്രീകളെ  അടുത്ത് കാണാനോ അവരുടെ ചിത്രങ്ങള്‍ പകര്‍ത്താനോ അനുവാദമില്ല. എന്നാല്‍, പുരുഷന്മാരെപ്പോലെ അവര്‍ പൂക്കള്‍ പതിച്ച തൊപ്പിയോ അനുബന്ധ വസ്ത്രങ്ങളോ ധരിക്കാറില്ലെന്നും അറബ് സ്ത്രീകള്‍ സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങള്‍ തന്നെയാണ് അവര്‍ ധരിക്കാറുള്ളതെന്നും ഇവിടുത്തെ ചിത്രങ്ങള്‍ ലോകത്തിനു പകര്‍ത്തി നല്‍കിയ ഫോട്ടോഗ്രാഫര്‍ എറിക് ലാഫ്ഓര്‍ഗി പറയുന്നു.
ഇരു രാജ്യങ്ങളുടേയും പൗരാണിക സംസ്‌കാരത്തിന്റേയും ജീവിതരീതികളുടേയും തനിരൂപങ്ങള്‍ ഇവിടെ ദര്‍ശിക്കാന്‍ കഴിയും.
ഏതാണ്ട് രണ്ടു നൂറ്റാണ്ടിലധികം പഴക്കമുള്ള, മണ്ണുകൊണ്ട് നിര്‍മ്മിക്കപ്പെട്ട നിരവധി വീടുകളും ഗോപുരങ്ങളും ഇതിനു തെളിവായി ഫ്രെഞ്ച് ഫോട്ടോഗ്രാഫര്‍ നമുക്ക് കാട്ടിത്തരുന്നു.

പലയിടങ്ങളിലും വളരെ ഉയരത്തില്‍ മണ്ണുകൊണ്ട് കെട്ടിപ്പൊക്കിയ കാവല്‍മാടങ്ങളുമുണ്ട്. പ്രവിശ്യകള്‍ക്കു പുറമെനിന്നും വരുന്ന സന്ദര്‍ശകരേയും അവരുടെ നീക്കങ്ങളേയും നിരീക്ഷിക്കാനാണിത്. അരയില്‍ ഒന്നും രണ്ടും വാളുകള്‍ തിരുകിയ കാവല്‍ ഭടന്മാരും ഇവിടെ സദാ ജാഗരൂകരായി നിലയുറപ്പിച്ചിട്ടുണ്ടാകും.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്, യുനെസ്‌കോയുടെ പ്രതിനിധിസംഘം ഈ ഗോത്രവര്‍ഗ്ഗ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും 'പൗരാണിക അറബ് ജീവിത സംസ്‌കാരം അതേപടി നിലനിന്നുപോന്ന പ്രവിശ്യകള്‍' എന്ന പരിഗണന നല്‍കി തുടര്‍ പഠനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.
മേഖലയിലെ പൗരാണിക സാംസ്‌കാരിക കേന്ദ്രങ്ങള്‍ തനിമയോടെ നിലനിര്‍ത്തുന്നതിനായി സൗദി സര്‍ക്കാര്‍ ഒരു ബില്യണ്‍ ഡോളറാണ് പുതിയ പദ്ധതിയില്‍ നീക്കിവച്ചിരിക്കുന്നത്. എന്നാല്‍, രണ്ടായിരത്തി മുപ്പതാം ആണ്ടോടെ തീരുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും കൂടുതല്‍ സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തിത്തുടങ്ങുകയും ചെയ്യുന്നതോടെ പുഷ്പഗ്രാമങ്ങളും ഇവിടുത്തെ സുന്ദര പുരുഷന്മാരുടെ പൗരാണിക ജീവിതവും ചരിത്രം മാത്രമായി മാറിയേക്കുമെന്നാണ് ഗവേഷകര്‍ ആശങ്കപ്പെടുന്നത്.

(ചിത്രങ്ങള്‍: എറിക് ലാഫ്ഓര്‍ഗി )

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com