പ്രതിസന്ധികള്‍ തുടങ്ങുന്നു: യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

ന്യൂസ് ബ്യൂറോയിലെ ജോലി എനിക്കിഷ്ടമായിരുന്നെങ്കിലും അവിടെയുള്ള തിരക്ക് എന്റെ മറ്റു പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.
ബഷീര്‍
ബഷീര്‍



ര്‍ഷങ്ങള്‍ക്കുശേഷം എഡിറ്റോറിയല്‍ ഡസ്‌കിലേക്ക് ഒരു തിരിച്ചുവരവ്. ഡസ്‌ക് ചീഫുമാരില്‍ ഒരാള്‍ സ്ഥലംമാറിപ്പോയതിനെത്തുടര്‍ന്ന് ഒരൊഴിവ് വന്നിരുന്നു. അവിടേക്കാണ് ഞാന്‍ ചെല്ലണമെന്ന നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്. ഒരു മാറ്റം ഞാനും ആഗ്രഹിച്ചിരുന്നു. ന്യൂസ് ബ്യൂറോയിലെ ജോലി എനിക്കിഷ്ടമായിരുന്നെങ്കിലും അവിടെയുള്ള തിരക്ക് എന്റെ മറ്റു പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. പത്രഭാഷയുമായി ബന്ധപ്പെടാത്ത ചില കാര്യങ്ങള്‍ ഏകാഗ്രമായി എഴുതണമെന്ന് ഒരുപാട് നാളായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. അതു നടന്നില്ലെങ്കിലും അതിനിടയിലുള്ള  സമയം മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കാനുള്ള സന്ദര്‍ഭവും എനിക്കുണ്ടായി. അതുകൊണ്ടാണ് ആ വര്‍ഷം കോഴിക്കോട്ട് നടന്ന പുസ്തകോത്സവത്തിന്റെ സംഘാടകത്വത്തില്‍ സജീവമായി പങ്കെടുക്കാന്‍ കഴിഞ്ഞത്. അന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രത്യേക താല്പര്യം കൊണ്ടാണ് വിപുലമായ ഒരു പുസ്തകമേള കോഴിക്കോട്ട് സംഘടിപ്പിക്കപ്പെട്ടത്. മുന്‍ എം.എല്‍.എ. എ. സുജനപാലായിരുന്നു ചെയര്‍മാന്‍. ഞാന്‍ കണ്‍വീനറും, നാഷണല്‍ ബുക്ക് സ്റ്റാള്‍ മാനേജര്‍ പി.എം. ശ്രീധരന്‍ ജോ. കണ്‍വീനറുമായിരുന്നു. മേളയോടനുബന്ധിച്ച് വിപുലമായ സാംസ്‌കാരിക സമ്മേളനങ്ങളും നടത്തുകയുണ്ടായി. അന്നത്തെ പുസ്തകമേളയില്‍ അരങ്ങേറിയ ഒരു സംഭവം ഇപ്പോഴും ഓര്‍മ്മയില്‍ അവശേഷിക്കുന്നു. പ്രമുഖ എഴുത്തുകാരനോട് പ്രതിഷേധിച്ച് ഒരു പുസ്തക പ്രസാധകന്‍, തനിക്ക് പ്രസിദ്ധീകരിക്കാന്‍ അവകാശം തന്ന പുസ്തകങ്ങള്‍ തൂക്കിവിറ്റ സംഭവമാണത്. മലയാളത്തിലെ പ്രശസ്തനായ ഒരെഴുത്തുകാരന്‍, നാടകനടനും എഴുത്തുകാരനുമായ ജോയി മാത്യു നടത്തുന്ന ബോധി എന്ന പ്രസാധകസ്ഥാപനത്തിന് പുസ്തകം പ്രസിദ്ധീകരിക്കാന്‍ നല്‍കിയിരുന്നു. ആ പുസ്തകം സര്‍വ്വകലാശാല പാഠപുസ്തകമായതുകൊണ്ട് വന്‍പ്രതിഫലം നല്‍കിയാണ് പ്രസാധകന്‍ പുസ്തകത്തിന്റെ അവകാശം വാങ്ങിയത്. അയാള്‍ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികള്‍ അച്ചടിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു. അതിനിടയിലാണ് എഴുത്തുകാരന്‍ ഇതേ പുസ്തകം മറ്റൊരു പ്രമുഖ പ്രസാധകന് കൈമാറ്റം ചെയ്തത്. അവരത് പെട്ടെന്നുതന്നെ അച്ചടിച്ചു വിപണിയില്‍ ഇറക്കി. ബോധിയുടെ പുസ്തകം അടിച്ചുവന്നപ്പോള്‍ ആവശ്യക്കാര്‍ തീരെയില്ലാതായി. ഇതില്‍ പ്രതിഷേധിച്ചിട്ടാണ് പുസ്തകം തൂക്കിവില്‍ക്കാനുള്ള തീരുമാനമുണ്ടായത്. ഒരെഴുത്തുകാരന്റെ നെറികെട്ട നിലപാടിനെതിരെ കേരളത്തില്‍ ആദ്യമായി നടന്ന പ്രതിഷേധപ്രകടനമായിരുന്നു അത്. ഈ സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു.

അതിനിടയില്‍ കേരള കൗമുദിയിലും ചില മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. ഡെപ്യൂട്ടി എഡിറ്ററായിരുന്ന പി.ജെ. മാത്യുവിനു പകരം പ്രമുഖ പത്രപ്രവര്‍ത്തകനായ എന്‍.എന്‍. സത്യവ്രതന്‍ ചുമതലയേറ്റു. തിരുവനന്തപുരത്തും അസുഖകരങ്ങളായ എന്തെല്ലാമോ അരങ്ങേറുന്നതായി ചില സൂചനകള്‍ ലഭിച്ചുകൊണ്ടിരുന്നു. അത് ഏതാണ്ട് ഒരു കുടുംബത്തിനിടയിലെ ആഭ്യന്തരകാര്യം മാത്രമായിരുന്നു. എങ്കിലും ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നതായിരുന്നു. അതെല്ലാം കേള്‍ക്കുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് എപ്പോഴും കടന്നുവന്നത് കേരള കൗമുദി എന്ന പത്രസ്ഥാപനത്തിന്റെ സാരഥികളായ സഹോദരങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഊഷ്മളമായ ബന്ധത്തിന്റെ ആഴമായിരുന്നു. എന്റെ ആദ്യദിവസത്തെ അനുഭവം മതിയായിരുന്നു അവരുടെ ബന്ധത്തിന്റെ ദൃഢത ഉള്‍ക്കൊള്ളാന്‍. അതുകൊണ്ടുതന്നെ അത്തരം വാര്‍ത്തകളൊക്കെത്തന്നെയും ഏറെ അലോസരമുണ്ടാക്കുന്നതായിരുന്നു. കുടുംബകാര്യങ്ങള്‍ എന്ന നിലയില്‍ അവരുടെ ആഭ്യന്തരവിഷയങ്ങളില്‍ താല്പര്യം കാട്ടാനോ ഏതെങ്കിലും ഒരു പക്ഷത്തിന്റെ ന്യായാന്യായങ്ങളില്‍ ഇടപെട്ട് നിലപാട് പിടിക്കുന്നതിനോ ഞാന്‍ തുനിഞ്ഞില്ല. അത് ശരിയല്ല എന്ന കാഴ്ചപ്പാടായിരുന്നു എനിക്കുണ്ടായിരുന്നത്. അതേസമയം പത്രസ്ഥാപനത്തിന്റെ കൂടെ ഉറച്ചുനില്‍ക്കാനും ഞാന്‍ ശ്രമിച്ചു. പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നായിരുന്നു വിശ്വാസം. അത്തരമൊരു വാര്‍ത്ത കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു. എന്നാല്‍ ഒരു രാത്രി എന്നെ തേടിവന്ന വാര്‍ത്ത ഏറെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. അന്നത്തെ എഡിറ്റോറിയല്‍ ചര്‍ച്ച കഴിഞ്ഞ് പത്രത്തിന്റെ ജോലിയിലേക്ക് പ്രവേശിക്കാന്‍ നോക്കുകയായിരുന്നു ഞങ്ങള്‍. അന്ന് ഡെസ്‌കിന്റെ ചുമതല എനിക്കായിരുന്നു. റസിഡന്റ് എഡിറ്റര്‍ എന്‍.പി. മുഹമ്മദ് തൊട്ടപ്പുറത്തെ ക്യാബിനിലിരുന്നു ആരോടോ ഗൗരവമായി സംസാരിച്ചുകൊണ്ടിരുന്നു. ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.എന്‍. സത്യവ്രതന്‍ അന്ന് കോഴിക്കോട്ടില്ല. പ്രധാന വാര്‍ത്തകളെല്ലാം ഒന്നു വിലയിരുത്തിയതിനുശേഷം ഇറക്കാന്‍ പോകുന്ന പത്രത്തിന്റെ ഒരു പൊതുസ്വഭാവം മനസ്സില്‍ നിര്‍ണ്ണയിച്ചുകൊണ്ടിരിക്കെയാണ് തിരുവനന്തപുരത്തുനിന്നും ഒരു ഫോണ്‍ വന്നത്.

''നാളത്തെ പത്രം പുറത്തിറക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. കോഴിക്കോട്ടും പത്രം പുറത്തിറക്കരുത്.''
''ഇതാരാണ് തീരുമാനിച്ചത്? ആരാണ് സംസാരിക്കുന്നത്?'' ഞാന്‍ ചോദിച്ചു.
''അതൊന്നും താനറിയേണ്ട. പത്രം പുറത്തിറക്കരുത്. പറയുന്നത് അനുസരിക്കുക.''
''ആരാണ് സംസാരിക്കുന്നത്? അത് പറയൂ.'' ഞാന്‍ വീണ്ടും ആരാഞ്ഞു. 
അപ്പുറത്തുനിന്നും അപ്പോഴും വ്യക്തമായ മറുപടിയില്ല. ആരാണ് സംസാരിക്കുന്നതെന്നോ ആരാണ് പത്രം പുറത്തിറക്കേണ്ടെന്ന് തീരുമാനിച്ചതെന്നോ പറയുന്നില്ല. അപ്പുറത്തുനിന്നും വീണ്ടും നിര്‍ദ്ദേശമാണ്. ''കോഴിക്കോട്ട് നാളെ പത്രം പുറത്തിറക്കരുത്. അത് അനുസരിച്ചാല്‍ മാത്രം മതി.'' ധാര്‍ഷ്ട്യത്തിന്റെ സ്വരം ആ സംസാരത്തിലുണ്ടായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. പത്രം പുറത്തിറക്കാതിരിക്കാന്‍ തീരുമാനിച്ചതെന്തിന്? ഞാന്‍ ആശയക്കുഴപ്പത്തിലകപ്പെട്ടു. രേഖാമൂലമായ നിര്‍ദ്ദേശമോ ഉത്തരവാദപ്പെട്ടവരുടെ സാന്നിദ്ധ്യമോ ഇല്ലാതെ എനിക്ക് പത്രം മുടക്കാന്‍ കഴിയുമായിരുന്നില്ല. മാത്രവുമല്ല, തിരുവനന്തപുരത്ത് എന്താണ് നടക്കുന്നതെന്ന് കൃത്യമായി ഞാന്‍ അറിഞ്ഞിരുന്നുമില്ല. എന്തു വേണമെന്ന് അറിയാന്‍ വേണ്ടി ഞാന്‍ റസിഡന്റ് എഡിറ്ററുടെ ക്യാബിനിലേക്ക് ചെന്നു. എന്നാല്‍, അദ്ദേഹത്തിന് ഒരഭിപ്രായം പറയാന്‍ കഴിയുമായിരുന്നില്ല. ഒന്നും പറയാതെ തെല്ലിട കഴിഞ്ഞ് അദ്ദേഹം ഓഫീസ് വിടുകയും ചെയ്തു. അതിനിടെ ഡെപ്യൂട്ടി എഡിറ്ററുടെ ഫോണ്‍ വന്നു.

''എങ്ങനെയെങ്കിലും പത്രം ഇറക്കണം. തിരുവനന്തപുരത്ത് എന്തു സംഭവിക്കുന്നുവെന്ന് നമുക്കറിയേണ്ട ആവശ്യമില്ല. ഞാനിതാ അങ്ങോട്ടേക്ക് പുറപ്പെടുകയാണ്.'' അദ്ദേഹം പറഞ്ഞു. ഒരു രീതിയില്‍ എനിക്ക് ആശ്വാസം തരുന്ന ഒരു നിര്‍ദ്ദേശമായിരുന്നു. ജില്ലാകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയിരുന്ന ടെലിപ്രിന്റര്‍ ലൈനുകള്‍ തിരുവനന്തപുരത്തുനിന്നും പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. ഇംഗ്ലീഷ് വാര്‍ത്താ ഏജന്‍സികള്‍ മാത്രമാണുണ്ടായിരുന്നത്. ഈ പ്രശ്‌നം എഡിറ്റോറിയല്‍ ഡെസ്‌കിലെ മുഴുവന്‍ പേരുടേയും ശ്രദ്ധയില്‍ ഞാന്‍ പെടുത്തി. ഒരാളൊഴിച്ച്, മറ്റെല്ലാവരും പത്രം പുറത്തിറക്കണമെന്ന നിലപാടിലായിരുന്നു. ഉത്തരവാദപ്പെട്ടവരുടെ നിര്‍ദ്ദേശമില്ലാതെ പത്രം നിറുത്തലാക്കാന്‍ ഡെസ്‌കിന് ഒരവകാശവുമില്ല എന്ന പൊതു അഭിപ്രായമുയര്‍ന്നു. എത്ര പ്രതികൂല അവസ്ഥ ഉണ്ടായാല്‍പ്പോലും പത്രം പുറത്തിറക്കിയേ പറ്റൂ എന്ന് എല്ലാവരും തീര്‍ത്തുപറഞ്ഞു. അതില്‍ ഒരാള്‍ മാത്രം ഒരഭിപ്രായവും പറഞ്ഞില്ല. അയാള്‍ ഇറങ്ങിപ്പോവുകയും ചെയ്തു. രണ്ടുദിവസം ഈ സ്തംഭനം നീണ്ടുനിന്നു. പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് എല്ലാവരുടേയും സഹകരണത്തോടെ കോഴിക്കോട്ട് രണ്ടു ദിവസവും പത്രം പുറത്തിറങ്ങി. തിരുവനന്തപുരത്ത് ഇറങ്ങിയതുമില്ല. രണ്ടു ദിവസത്തെ ആ പത്രസ്തംഭനത്തോടെ കേരള കൗമുദിയില്‍ പിന്നീട് ദശകങ്ങള്‍ നീണ്ടുനിന്ന കേസുകളുടെ ചരിത്രത്തിനു തുടക്കം കുറിക്കുകയായിരുന്നു. കൗമുദിയുടെ വളര്‍ച്ചയെ അത് സാരമായി ബാധിക്കുകയും ചെയ്തു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ജീവിതത്തെ ഒരു നീണ്ടകാലത്തെ അവഗണനയിലേക്ക് അത് തള്ളിവിടുകയായിരുന്നു. ഏതെങ്കിലും ഒരു പക്ഷത്ത് നിലയുറപ്പിക്കേണ്ട അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ അത്തരം പക്ഷങ്ങളില്‍ താല്പര്യമില്ലാതെ ഞാന്‍ മാറിനില്‍ക്കുകയായിരുന്നു.  വ്യക്തികളോടുള്ള വിധേയത്വത്തില്‍ എനിക്കൊട്ടും താല്പര്യമുണ്ടായിരുന്നില്ല. അത് ശരിയല്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു. സ്ഥാപനത്തോടുള്ള കൂറില്‍ മാത്രമാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ആ നിലപാട് എത്രത്തോളം പേര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും എനിക്കറിയില്ലായിരുന്നു. പിന്നീടുള്ള എന്റെ കേരള കൗമുദി ജീവിതം ഇത്തരം ചുഴലികള്‍ക്കിടയില്‍പ്പെട്ട് സങ്കീര്‍ണ്ണമാവുകയായിരുന്നു. എങ്കിലും എനിക്കതില്‍ ഒട്ടും മനസ്താപം തോന്നിയില്ല.

കേരള കൗമുദിയില്‍ പിന്നീടുണ്ടായ വലിയ മാറ്റം ചീഫ് എഡിറ്റര്‍ മാറി എന്നതായിരുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് അതെന്നും കേട്ടു. എം.എസ്. മധുസൂദനന് പകരം എം.എസ്. മണി എഡിറ്റര്‍ ഇന്‍ ചീഫായി ചുമതലയേറ്റു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ മാറ്റം സന്തോഷമുണ്ടാക്കുന്ന ഒന്നായിരുന്നു. ജീവനക്കാരുമായി എഡിറ്റര്‍ ഇന്‍ ചീഫിന് കൂടുതല്‍ അടുപ്പമുണ്ടായിരുന്നു. അവരുടെ പ്രശ്‌നങ്ങളും നന്നായി അറിയുകയും ചെയ്യും. അതിലുപരി അദ്ദേഹം ഒരു പൂര്‍ണ്ണ പത്രാധിപരുമാണ്. ഈ മാറ്റം പത്രത്തിന്റെ നടത്തിപ്പിലും പ്രതിഫലിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. കേസുകള്‍ കോടതി മാറിമാറി മറ്റു പലയിടത്തേക്കും വ്യാപിക്കുകയാണുണ്ടായത്. കേരള കൗമുദിയിലെ ജീവനക്കാരിലും അതിന്റെ പ്രതിഫലനം പ്രകടമായി.  പ്രത്യക്ഷത്തില്‍ അവര്‍ രണ്ടു ചേരിയായി ഒന്നു മറ്റൊന്നിനെ ഉന്മൂലനം ചെയ്യാന്‍ സര്‍വ്വമാര്‍ഗ്ഗങ്ങളും സ്വീകരിച്ചു തുടങ്ങി. രണ്ടു വിഭാഗത്തിന്റേയും തലപ്പത്ത് നില്‍ക്കുന്നവര്‍ നിരന്തരം എന്നെയും ബന്ധപ്പെടുന്നുണ്ടായിരുന്നു. അവരുടെ ഭാഗത്ത് ഉറച്ചുനില്‍ക്കണമെന്ന് പറയാനാണ് അവര്‍ എന്നെ വിളിച്ചിരുന്നത്. അപ്പോഴെല്ലാം ഞാന്‍ എന്റെ അഭിപ്രായം വ്യക്തമായി വെളിപ്പെടുത്തി. വ്യക്തികളുടെ പക്ഷത്ത് ഞാന്‍ ഉണ്ടാവില്ല. സ്ഥാപനത്തിന്റെ പക്ഷത്ത് മാത്രമേ ഞാന്‍ നില്‍ക്കുകയുള്ളൂ. ആ നിലപാട് എത്രപേര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്ന് എനിക്കറിയില്ല. ഇല്ലെന്ന് പിന്നീടുള്ള പ്രതികരണങ്ങളില്‍നിന്നും ബോദ്ധ്യമായി. ഇപ്പോള്‍ അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ചിലര്‍ ചേര്‍ന്നാണ്. അവരുടെ അഭിപ്രായം തലപ്പത്ത് അംഗീകരിച്ചു അതേപടി നടപ്പാക്കുന്നു. കേരള കൗമുദിയില്‍ മുന്‍പില്ലാത്ത ഒരു കീഴ്വഴക്കമായിരുന്നു അത്. അതുകൊണ്ടുതന്നെ സ്വതന്ത്രമായ നിലപാട് എടുക്കുന്നവരോടും അഭിപ്രായങ്ങള്‍ മറയില്ലാതെ പറയുന്നവരോടും അത്ര ആദരവുണ്ടാകുന്ന പ്രതികരണങ്ങളല്ല അവിടെനിന്നും ഉണ്ടായിക്കൊണ്ടിരുന്നത്.
ഇത്തരം സംഭവങ്ങള്‍ക്കിടയിലാണ് പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ മരണപ്പെടുന്നത്. അദ്ദേഹം കുറച്ചുകാലമായി അസുഖം ബാധിച്ച് ആശുപത്രിയിലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സംബന്ധിച്ച എല്ലാ വാര്‍ത്തകളും നേരത്തെ തയ്യാറാക്കി വെക്കുകയും ചെയ്തു. കോഴിക്കോട്  ബ്യൂറോ ചീഫ് നേരത്തെ എഴുതിത്തന്ന റിപ്പോര്‍ട്ടില്‍ ഏറ്റവും പുതിയ സംഭവം കൂടി ചേര്‍ത്താല്‍ മാത്രം മതി ചരമവാര്‍ത്ത പൂര്‍ത്തിയാവാന്‍. എഡിറ്റോറിയല്‍ പേജിലേക്ക് ഒരു ലേഖനം പ്രമുഖരായ ആരെക്കൊണ്ടെങ്കിലും എഴുതിപ്പിച്ചു ഫയല്‍ ചെയ്യണമെന്ന് തിരുവനന്തപുരത്തുനിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇക്കാര്യം എഡിറ്റോറിയല്‍ യോഗത്തില്‍ അറിയിച്ചപ്പോള്‍ എന്‍.പി. പറഞ്ഞു, ലേഖനം അദ്ദേഹം എഴുതിത്തരാമെന്ന്. ബഷീറുമായി വളരെ അടുപ്പമുള്ള ഒരെഴുത്തുകാരനായതുകൊണ്ട് ഞങ്ങള്‍ക്കതില്‍ വളരെ സന്തോഷവുമായിരുന്നു. ബഷീറിന്റെ  രോഗം ഗുരുതരമാണെന്ന് അറിഞ്ഞയുടന്‍ ലേഖനത്തിന്റെ കാര്യം എന്‍.പി.യെ ഓര്‍മ്മിപ്പിച്ചുവെങ്കിലും തിരക്ക് കാരണം ഓരോ ദിവസവും അദ്ദേഹം എഴുത്തു മാറ്റിവെക്കുകയായിരുന്നു. എങ്കിലും ലേഖനം പെട്ടെന്ന് കിട്ടുമെന്ന് തന്നെ വിശ്വസിച്ചു. ഒരു ദിവസം പേജുകളെല്ലാം കൊടുത്തു രാത്രി പതിനൊന്നോടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നവഴി മാവൂര്‍ റോഡിലെ നാഷണല്‍ ഹോസ്പിറ്റലിന്റെ അടുത്തെത്തിയപ്പോള്‍ എന്റെ സഹൃദയനായ ഒരു സുഹൃത്ത് ധൃതിയില്‍ അങ്ങോട്ട് പോകുന്നത് കണ്ടു. ഞാന്‍ വിവരം തിരക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു:

''നമ്മുടെ ബഷീര്‍ പോയി. ഏതാനും സമയമേ ആയിട്ടുള്ളൂ.''
പെട്ടെന്ന് എന്റെ മനസ്സിലേക്ക് കടന്നുവന്നത് എന്‍.പി. തരാമെന്നേറ്റ ലേഖനമായിരുന്നു. അദ്ദേഹം അതു തന്നിട്ടില്ല. എഴുതിവെച്ചിട്ടുണ്ടാവുമോ? വീട്ടില്‍ ചെന്ന ഉടനെ എന്‍.പിയുടെ മേശപ്പുറത്ത് ലേഖനമുണ്ടോ എന്നു തിരക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെന്നായിരുന്നു മറുപടി. ഉറക്കത്തില്‍നിന്നും അദ്ദേഹത്തെ വിളിച്ചന്വേഷിച്ചപ്പോള്‍ പറഞ്ഞത് ''നാളെ അത് എഴുതാന്‍ തീരുമാനിച്ചതായിരുന്നു'' എന്നാണ്. ലേഖനമില്ലാതെ നാളത്തെ പത്രം ഇറക്കാനും വയ്യ. എന്‍.പിയെക്കൊണ്ട് ആ സമയത്ത് എഴുതിപ്പിക്കാനും സാദ്ധ്യമല്ല. അവസാനത്തെ എഡിഷനിലെങ്കിലും എഡിറ്റോറിയല്‍ പേജില്‍ ലേഖനം കൊടുക്കണമെന്നതാണ് തിരുവനന്തപുരത്ത് നിന്ന് കര്‍ശനമായ നിര്‍ദ്ദേശം. വൈകിയ രാത്രിയില്‍ പെട്ടെന്ന് മറ്റാരോടാണ് ലേഖനം ചോദിക്കുക? കുറച്ചു സമയം മാത്രമേ എന്റെ മുന്‍പിലുള്ളൂ. അപ്പോള്‍ മനസ്സിലുയര്‍ന്നുവന്ന ആശയം ഒരു ലേഖനം ഞാന്‍ തന്നെ തയ്യാറാക്കിക്കൊടുക്കുക എന്നതായിരുന്നു. എഴുതാന്‍ പോലും സമയമുണ്ടായിരുന്നില്ല. അന്നു രാത്രി ഭക്ഷണംപോലും മാറ്റിവെച്ചു. ഫോണില്‍ ലേഖനം ഞാന്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. ഡി.ടി.പി. ഓപ്പറേറ്റര്‍ രവി അതുകേട്ട് ധൃതഗതിയില്‍ കമ്പോസ് ചെയ്തുകൊണ്ടിരുന്നു.  രണ്ടാമതൊന്ന് വായിച്ചുകേള്‍ക്കാന്‍പോലും എനിക്ക് സാവകാശം ലഭിച്ചില്ല. പിറ്റേന്നു കാലത്ത് മടിച്ചുമടിച്ചാണ് ഞാന്‍ ബഷീറിന്റെ വീട്ടിലെത്തിയത്. ബഷീറിനെക്കുറിച്ച് ഞാന്‍ പറഞ്ഞുകൊടുത്ത ലേഖനത്തില്‍ എന്തെങ്കിലും അബദ്ധമുണ്ടെങ്കില്‍ തീര്‍ച്ചയായും അവിടെനിന്നും ആരെങ്കിലും അത് പറയാതിരിക്കില്ല. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ''എഡിറ്റോറിയല്‍ പേജിലെ ലേഖനം നന്നായി'' എന്ന അഭിപ്രായമാണ് പലരില്‍ നിന്നും കേട്ടത്.

എന്‍എന്‍ സത്യവ്രതന്‍
എന്‍എന്‍ സത്യവ്രതന്‍


ഒരുനാള്‍ ഉച്ചനേരത്ത് പതിവുപോലെ ഓഫീസില്‍ വന്ന റസിഡന്റ് എഡിറ്റര്‍ എന്‍.പി. മുഹമ്മദ് എഡിറ്റോറിയല്‍ മീറ്റിംഗ് നടക്കുന്നതിനു തൊട്ടുമുന്‍പ് ആരോടും ഒന്നും പറയാതെ പുറത്തേക്ക് പോയി. അങ്ങനെ പതിവില്ലാത്തതാണ്. ആരോടെങ്കിലും പറഞ്ഞിട്ടേ അദ്ദേഹം പുറത്തുപോകാറുള്ളൂ. എഡിറ്റോറിയല്‍ മീറ്റിംഗ് തുടങ്ങാന്‍ അദ്ദേഹം വരുന്നതും കാത്തു ഞങ്ങളിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും അദ്ദേഹം വരാതിരുന്നതിനാല്‍ റസിഡന്റ് എഡിറ്ററുടെ അഭാവത്തില്‍ ഞങ്ങള്‍ യോഗം ചേര്‍ന്നു. പിന്നീടൊരിക്കലും എന്‍.പി. കേരള കൗമുദിയില്‍ വന്നിട്ടില്ല. എന്തോ കാരണത്താല്‍ അദ്ദേഹം റസിഡന്റ് എഡിറ്റര്‍ സ്ഥാനം ഉപേക്ഷിച്ചു എന്നാണ് മനസ്സിലായത്. അദ്ദേഹത്തിന്റെ കാബിന്‍ പിന്നീട് ഉപയോഗിച്ചത് കേരള കൗമുദിയില്‍ പുതുതായി നിയമിതനായ യൂണിറ്റ് ചീഫായിരുന്നു. അതുവരെ കേരള കൗമുദിയില്‍ യൂണിറ്റ് ചീഫ് എന്ന ഒരു തസ്തിക ഉണ്ടായിരുന്നില്ല. ഒരുപക്ഷേ, കേരള കൗമുദിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലാകാം പുതിയൊരു തസ്തിക ഉണ്ടാക്കിയതെന്ന് ഞങ്ങള്‍ അനുമാനിച്ചു. തസ്തിക പുതിയതാണെങ്കിലും തസ്തികയില്‍ നിയമിതനായ വ്യക്തി പഴയതുതന്നെയായിരുന്നു. കേരള കൗമുദിയുടെ തുടക്കം മുതലേ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചുവരുന്ന ഒരാളെയാണ് യൂണിറ്റ് ചീഫായി നിയമിച്ചത്. കേരള കൗമുദി അപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. അതിന് പല കാരണങ്ങളുമുണ്ടായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ തിരുവനന്തപുരത്തെ ആശ്രയിക്കേണ്ടിവന്നു. അതുകാരണം ശമ്പളം കൃത്യസമയത്ത് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ വേണ്ടിയാകാം പുതിയൊരു യൂണിറ്റ് ചീഫിനെ നിയമിച്ചതെന്ന് ഞങ്ങള്‍ അനുമാനിച്ചു. അതുകൊണ്ടുതന്നെ ആ വ്യക്തിക്ക് എല്ലാ സഹകരണവും നല്‍കാനും ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ അയാള്‍ നടപ്പാക്കാന്‍ തീരുമാനിച്ച ആശയങ്ങള്‍ ജീവനക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നവയായിരുന്നു. പത്രത്തിന്റെ വരിക്കാരെ വര്‍ദ്ധിപ്പിക്കാന്‍ ജീവനക്കാര്‍ രംഗത്തിറങ്ങണമെന്നതായിരുന്നു യൂണിറ്റ് ചീഫിന്റെ ഒരു നിര്‍ദ്ദേശം. ഓരോ ജീവനക്കാരനും നിശ്ചിത ക്വാട്ടയില്‍ ആയുഷ്‌കാല വരിക്കാരെ ചേര്‍ക്കണമെന്നും അദ്ദേഹം കര്‍ശനമായി നിര്‍ദ്ദേശിച്ചു. വരിക്കാരെ ചേര്‍ക്കാന്‍ വേണ്ടി ജീവനക്കാര്‍ നാടെങ്ങും അലയാന്‍ തുടങ്ങി. കാലത്ത് മുതല്‍ വൈകുന്നേരം വരെ വരിക്കാരെ തേടി നടക്കണം. അതു കഴിഞ്ഞ് നേരെ ജോലിക്കും കയറണം. ജീവനക്കാര്‍ക്ക് ഒട്ടും വിശ്രമമില്ലാതായി. ഏതാനും ജീവനക്കാര്‍ ആയുഷ്‌കാല വരിക്കാരെ ചേര്‍ത്തെങ്കിലും അവര്‍ക്കൊന്നും പത്രം കൊടുക്കാനുള്ള സംവിധാനമുണ്ടായിരുന്നില്ല. ഇതിനിടയില്‍ യൂണിറ്റ് ചീഫ് ജീവനക്കാരെ പലതരത്തില്‍ ഭീഷണിപ്പെടുത്താനും തുടങ്ങി.  നിശ്ചിത സംഖ്യയില്‍ ആയുഷ്‌കാല വരിക്കാരെ ചേര്‍ക്കാത്തവര്‍ക്ക് ശമ്പളം ഉണ്ടാവില്ല എന്നും പ്രഖ്യാപനമുണ്ടായി. കേരള കൗമുദിയിലെ ജോലി ഒരു പീഡനമായി ജീവനക്കാര്‍ക്ക് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. തിരുവനന്തപുരത്തെ ആശ്രയിക്കാതെ ശമ്പളം കൊടുക്കാവുന്ന അവസ്ഥയില്‍ സ്ഥാപനത്തെ എത്തിക്കേണ്ട ചുമതല ജീവനക്കാര്‍ക്കാണെന്നായിരുന്നു യൂണിറ്റ് ചീഫിന്റെ നിലപാട്. അതിനുവേണ്ടി അവര്‍ എല്ലാം മറന്നു പ്രവര്‍ത്തിക്കണം. ഇതൊരിക്കലും ശരിയല്ലെന്നും ജീവനക്കാരെ ഈ രീതിയില്‍ പീഡിപ്പിക്കരുതെന്നും യൂണിറ്റ് ചീഫിനോട് ഞാന്‍ നേരിട്ട് പറഞ്ഞു. എന്നാല്‍, അതിനൊരു ഫലവും കണ്ടില്ല. മാനേജ്മെന്റിന്റെ ഒത്താശയോടെ കേരള കൗമുദിയില്‍ 'മണി ചെയിന്‍' പരിപാടി തുടങ്ങിയതും ഇക്കാലത്തായിരുന്നു. ഇതിന്റെ നിയന്ത്രണം തിരുവനന്തപുരത്തുനിന്നായിരുന്നു. നിക്ഷേപിക്കുന്ന സംഖ്യക്ക് ആനുപാതികമായി കുറേ പേര്‍ ചേരുമ്പോള്‍ വലിയൊരു സംഖ്യ തിരിച്ചുനല്‍കുന്ന ഒരു പദ്ധതിയായിരുന്നു ഇത്. പദ്ധതിയില്‍ ചേര്‍ന്ന വളരെ ചുരുക്കം പേര്‍ക്ക് വലിയൊരു സംഖ്യ കിട്ടിയെങ്കിലും ഭൂരിപക്ഷം പേരുടേയും പണം നഷ്ടപ്പെടുകയായിരുന്നു. ആത്യന്തികമായി ജീവനക്കാരുട സ്വസ്ഥതയാണ് ഇതെല്ലാം കാരണം നഷ്ടപ്പെട്ടത്. 

പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തും ആ കാലത്ത് ഞാന്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ആ വര്‍ഷം പത്രപ്രവര്‍ത്തക യൂണിയന്റെ നിര്‍വ്വാഹകസമിതിയിലേക്ക് ഞാന്‍ മത്സരിച്ചു. ജയിക്കുകയും ചെയ്തു. സംസ്ഥാന തലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റായി എന്നെ തെരഞ്ഞെടുത്തു. എല്ലാ മാസവും നിര്‍വ്വാഹകസമിതി യോഗം പല ജില്ലകളില്‍ വെച്ചാണ് ചേരാറുള്ളത്. ഒഴിവുദിവസങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് യോഗം വിളിക്കുന്നത് എന്നതുകൊണ്ട് എനിക്ക് ലീവെടുക്കേണ്ടിവന്നില്ല. ഒരു ദിവസം ഓഫീസിലെ പേഴ്സണല്‍ മാനേജര്‍ എനിക്ക് അസാധാരണമായ മെമ്മോ കൊണ്ടുവന്നു തന്നു. ഡെസ്‌കിന്റെ ഉത്തരവാദിത്വം വഹിക്കുന്നവര്‍ പ്രൊഡക്ഷന്‍ സെന്റര്‍ വിട്ടുപോവുമ്പോള്‍ വിവരം ഹെഡ് ഓഫീസില്‍ അറിയിക്കണം. അത് ഒരനാവശ്യമായ നിര്‍ദ്ദേശമാണ് എന്ന് തോന്നിയതിനാല്‍ ഞാന്‍ ആ നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. ഒഴിവുദിവസം ജീവനക്കാരന്‍ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയേണ്ട ചുമതല ഓഫീസിനില്ല. മാത്രവുമല്ല, യൂണിയന്‍ പ്രവര്‍ത്തനത്തില്‍ മാനേജ്മെന്റ് ഇടപെടാന്‍ പാടില്ലാത്തതുമാണ്. യൂണിയന്‍ പ്രവര്‍ത്തനം ഓഫീസ് ജോലിയെ ബാധിക്കാത്ത കാലത്തോളം ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കേണ്ട ബാദ്ധ്യത മാനേജ്മെന്റിനില്ല. എന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കണമെന്ന് ആര്‍ക്കോ തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ആരോ കൊടുത്ത ഉപദേശത്തിന്റെ ബലത്തിലായിരിക്കും ഈ മെമ്മോ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് എനിക്ക് തോന്നി. അതുകൊണ്ടുതന്നെ ഞാനത് അപ്പാടെ അവഗണിക്കുകയും ചെയ്തു.

കേരള സര്‍ക്കാര്‍ സാഹിത്യ അക്കാദമി പുനഃസംഘടിപ്പിച്ചപ്പോള്‍ എന്‍.പി. മുഹമ്മദിനെ സാഹിത്യ അക്കാദമി പ്രസിഡന്റായി നിയമിച്ചു. അദ്ദേഹത്തെ വിളിച്ച് ഞാന്‍ അഭിനന്ദനം അറിയിച്ചതിന്റെ രണ്ടാമത്തെ ദിവസം പത്രം തുറന്നപ്പോള്‍ ഞാന്‍ കണ്ട ഒരു വാര്‍ത്ത എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. എനിക്കത് വിശ്വസിക്കാനും കഴിഞ്ഞില്ല. സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റായി ഞാന്‍ നിയമിക്കപ്പെട്ടിരുന്നു. എനിക്ക് ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. കേരള കൗമുദിയിലെ ജോലി നിലനിര്‍ത്തി അത്തരമൊരു ഉത്തരവാദിത്വം നിര്‍വ്വഹിക്കുക അത്ര എളുപ്പമായിരുന്നില്ല. നിയമനകാര്യം ഔദ്യോഗികമായി ആരും അറിയിച്ചിരുന്നില്ല. ആരെങ്കിലും എന്നെ വിളിച്ചു വിവരം അറിയിക്കുമ്പോള്‍ അന്തിമ തീരുമാനം എടുക്കാമെന്നും ഞാന്‍ വിചാരിച്ചു. ആ ആഴ്ചതന്നെ സാംസ്‌കാരിക വകുപ്പുമന്ത്രി ജി. കാര്‍ത്തികേയന്‍ എന്നെ വിളിച്ചു വിവരം പറഞ്ഞു. 
''കേരളകൗമുദിയില്‍നിന്നും അനുവാദം കിട്ടാതെ എനിക്ക് ഈ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ല'' എന്ന് ഞാനദ്ദേഹത്തോട് തുറന്നു പറഞ്ഞു. എഡിറ്റര്‍ ഇന്‍ ചീഫിനെ വിവരം അറിയിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. അത് ചെയ്യാമെന്ന് അദ്ദേഹം ഏറ്റു.

എംഎസ് മണി
എംഎസ് മണി


ആ ആഴ്ച ഞാന്‍ തിരുവനന്തപുരത്ത് ചെന്ന് എഡിറ്റര്‍ ഇന്‍ ചീഫിനേയും എക്സിക്യൂട്ടീവ് എഡിറ്ററേയും കണ്ടു. ''കേരള കൗമുദിയില്‍നിന്നും അനുവാദമുണ്ടായാലേ സ്ഥാനം ഏറ്റെടുക്കൂ'' എന്നും അറിയിച്ചു.
എന്നെ അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് അവരില്‍നിന്നും ഉണ്ടായത്. എനിക്ക് മുന്‍പെ മന്ത്രി അവരെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. കേരള കൗമുദിക്ക് ലഭിച്ച ഒരംഗീകാരമായിട്ടാണ് അവര്‍ ഈ സ്ഥാനത്തെ കണ്ടത്. എന്നാല്‍ ഒരു കാര്യം പ്രത്യേകം എന്നെ ഓര്‍മ്മപ്പെടുത്തി.
''ഡെസ്‌കിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കാതെ നോക്കണം.''
എന്നാല്‍ എന്നെ സംബന്ധിച്ച് അതൊരു വലിയ പ്രശ്‌നം തന്നെയായിരുന്നു. വിചാരിച്ചതുപോലെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ചുമതലകളായിരുന്നില്ല സാഹിത്യ അക്കാദമിയില്‍ ഉണ്ടായിരുന്നത്. എന്‍.പി.യും ഞാനും ഒന്നിച്ചാണ് തൃശൂരിലേക്ക് പോയിരുന്നത്. ആദ്യമൊക്കെ തീവണ്ടിയിലായിരുന്നു യാത്ര. പിന്നെപ്പിന്നെ എന്‍.പി.ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ കാറിലായി. കാലത്ത് തൃശൂരില്‍ പോയി വൈകിട്ടോടെ മടങ്ങും. കോഴിക്കോട്ട് എത്തിയാലുടന്‍ നേരെ ഓഫീസിലേക്ക്. ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും തൃശൂരില്‍ പോകേണ്ടിയിരുന്നു. എന്‍.പിയുടെ ആരോഗ്യപ്രശ്‌നം രൂക്ഷമായതോടെ പല ദിവസങ്ങളിലും തനിച്ചാണ് പോയിരുന്നത്. എന്‍.പി. പങ്കെടുക്കേണ്ട യോഗങ്ങളിലും എന്റെ സാന്നിദ്ധ്യമുണ്ടാകേണ്ടിയിരുന്നു. വിഷമം പിടിച്ചതായിരുന്നു ആ യാത്രകളെല്ലാം. എന്നാല്‍ അപൂര്‍വ്വം ചില ദിവസങ്ങളിലല്ലാതെ ഞാന്‍ ഓഫീസില്‍ എത്താതിരുന്നിട്ടില്ല. ചുമതലകള്‍ നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ എന്റെ ഭാഗത്ത് എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചുവോ? ഇല്ലെന്നാണ് എന്റെ വിശ്വാസം.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com