സഭയുടെ രക്ഷ ക്രിസ്തുവിനു വിട്ടുകൊടുക്കണം: ഫാദര്‍ പോള്‍ തേലക്കാട്ട് സംസാരിക്കുന്നു

സീറോ മലബാര്‍ സഭയിലെ, നിശിതമെങ്കിലും സൗമ്യമായ സ്വരമാണ് ഫാദര്‍ പോള്‍ തേലക്കാട്ടിന്റേത്.
സഭയുടെ രക്ഷ ക്രിസ്തുവിനു വിട്ടുകൊടുക്കണം: ഫാദര്‍ പോള്‍ തേലക്കാട്ട് സംസാരിക്കുന്നു

സീറോ മലബാര്‍ സഭയിലെ, നിശിതമെങ്കിലും സൗമ്യമായ സ്വരമാണ് ഫാദര്‍ പോള്‍ തേലക്കാട്ടിന്റേത്. പറയാനുള്ളതെല്ലാം വളച്ചുകെട്ടില്ലാത്ത ഭാഷയില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ശൈലിയും. മാധ്യമങ്ങളോടുള്ള ശത്രുതയിലേക്കും മറ്റു ചിലപ്പോള്‍ വ്യക്തിഹത്യയിലേക്കും കാത്തോലിക്കാ സഭയിലെ സ്വത്തുതര്‍ക്കമടക്കമുള്ള വിവാദങ്ങള്‍ നീളുമ്പോള്‍ പോള്‍ തേലക്കാട്ട് തന്റെ  അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നു

സ്വത്തുവിവാദം സംബന്ധിച്ചു വ്യത്യസ്തമായ അഭിപ്രായം അങ്ങു പുലര്‍ത്തിയത് എന്തുകൊണ്ട്? സഭാവിശ്വാസി എന്ന നിലയ്ക്കു സഭയ്ക്കുള്ളില്‍ത്തന്നെ അതു പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല എന്നു കരുതുന്നുണ്ടോ? 
സീറോ മലബാര്‍ സഭയില്‍ ഉണ്ടായ സ്വത്തു വിവാദം വലിയ കൊടുങ്കാറ്റായി മാറിയതില്‍ ദുഃഖമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. ആഗോളസഭയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പണ്ടുമുണ്ടായിട്ടുണ്ട്, ഭാവിയില്‍ ഉണ്ടാകില്ല എന്നു പറയാനാവില്ല. സഭയുടെ സ്വത്തു കൈകാര്യം ചെയ്യുന്നവര്‍ മനുഷ്യരാണ്. സ്വന്തം കുറ്റംകൊണ്ടോ അല്ലാതേയോ വിവാദങ്ങള്‍ ഉണ്ടാകാം. അത് ഇടവകകളില്‍ ഉണ്ടാകുന്നുണ്ട്, സ്ഥാപനങ്ങളിലും രൂപതകളിലും ഉണ്ടാകുന്നുണ്ട്. സ്വത്തു കൈകാര്യം സംബന്ധിച്ചു രാഷ്ട്രനിയമങ്ങള്‍ മാത്രമല്ല, സഭാനിയമങ്ങളും നിലവിലുണ്ട്. ആ നിയമങ്ങള്‍ ഉപയോഗിച്ച് ഈ വക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഭയ്ക്കുള്ളില്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഉണ്ടുതാനും. 

ഈ വിവാദങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടാകാം. തെറ്റുപറ്റിയോ എന്ന് അന്വേഷിച്ചു കണ്ടെത്തണം, തെറ്റുകള്‍ തിരുത്തണം. പക്ഷേ, ഇവിടെയൊക്കെ വ്യക്തികളുണ്ട്, അവരുടെ ആത്മാഭിമാനമുണ്ട് എന്നതു വിവാദങ്ങളില്‍ ശ്രദ്ധിക്കപ്പെടണം. വിവാദപരമായതുകൊണ്ടു മാത്രം, അഥവാ വിവാദത്തിന്റെ നിഴലിലായതുകൊണ്ടു മാത്രം ആരും കുറ്റക്കാരാകുന്നില്ല. ആരെയെങ്കിലും വിവാദത്തിലാക്കി തേജോവധം ചെയ്യാനുള്ള നീക്കങ്ങള്‍ ക്രൈസ്തവമല്ല എന്നു മാത്രമല്ല, അനീതിപരവുമാകും. വ്യക്തിഹത്യപോലെ തന്നെ ഗൗരവമാണ് നാമഹത്യയും. അതുപോലെതന്നെ വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവരേയും നിശ്ശബ്ദമാക്കി എല്ലാം സുന്ദരമാണ് എന്നു വരുത്തിത്തീര്‍ക്കുന്ന നിശ്ശബ്ദമാക്കലും ഒളിച്ചുവയ്ക്കലും ഉപകാരപ്രദമല്ല, അപകടകരവുമാണ്. കാര്യങ്ങള്‍ ഒളിച്ചുവച്ചു പ്രശ്‌നം പരിഹരിക്കുന്നത് ഇന്നു വത്തിക്കാനും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും എടുക്കുന്ന സുതാര്യമായ നിലപാടിനു വിരുദ്ധമാണ്. ഇവിടെ മാധ്യമങ്ങളാണ് സഭയെ നാറ്റിക്കുന്നത് എന്ന പല്ലവി ആവര്‍ത്തിക്കപ്പെടുന്നു. മാധ്യമങ്ങള്‍ വസ്തുതകള്‍ വെളിവാക്കുന്നതു കുറ്റമോ തെറ്റോ അല്ല, സത്യത്തോടുള്ള സമര്‍പ്പണത്തിന്റെ ഭാഗമാണ്. 

ആയിരിക്കുന്നതും ആകാമായിരിക്കുന്നതും തമ്മിലുള്ള വിവേചനത്തിന്റെ ആത്മവിമര്‍ശനം ഏതു സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമാണ്. സമൂഹത്തിലും സഭയിലും പ്രകടമാകുന്ന പ്രവാചികവും കാവ്യാത്മകവുമായ സമീപനത്തിന്റെ പ്രസക്തി നിസ്സാരമല്ല. കവിയെ നാളെയുടെ കഥ പറയുന്നവന്‍ എന്നാണ് അരിസ്റ്റോട്ടില്‍ വിവക്ഷിക്കുന്നത്. പ്രവാചകര്‍ ഭാവിക്കു ഭാഷ കൊടുക്കുന്നവരാണ്. നല്ല നാളെയെ കല്പിച്ചുണ്ടാക്കുന്ന ദൈവാത്മാവിന്റെ പ്രേരണകള്‍ക്കു സഭ തുറന്ന സമീപനം പുലര്‍ത്തണം. 

സ്വത്തുതര്‍ക്കത്തിന്റെ അടിയൊഴുക്ക് അനുഷ്ഠാന വിവാദമാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തു കാണുന്നു. അതില്‍ വാസ്തവമുണ്ടോ?
സ്വത്തുതര്‍ക്കത്തിനു പിന്നില്‍ ഭൂമിവില്പന നടത്തിയതിന്റെ പ്രശ്‌നങ്ങളാണ് വൈദികര്‍ സംഘാതമായി ഉയര്‍ത്തിയത്. അതിരൂപതയുടെ സ്വത്തുക്കള്‍ വിറ്റതു കടം വീട്ടാനാണ്. കടം വീട്ടിയില്ല എന്നു മാത്രമല്ല, കടം വലുതാകുകയും ചെയ്തു എന്നതാണു പ്രശ്‌നം. പക്ഷേ, ചിലര്‍ അനുഷ്ഠാന വിവാദത്തിന്റെ പേരിലാണ് ഇതു പറയുന്നത് എന്നു മാധ്യമങ്ങളില്‍ പറഞ്ഞു വൈദികരെ പ്രതിസന്ധിയിലാക്കിയപ്പോഴാണ് സ്വത്തുവിവാദത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളോടു പറയാന്‍ നിര്‍ബ്ബന്ധിതരായിത്തീര്‍ന്നത്. അല്ലെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ സമൂഹത്തിലേക്കു പൊട്ടിയൊലിക്കാതെ സൂക്ഷിക്കാമായിരുന്നു. എന്നാല്‍, സഭയില്‍ അനുഷ്ഠാന സംബന്ധിയായ വിവാദമില്ലേ എന്നു ചോദിച്ചാല്‍ ഉത്തരം ഉണ്ട് എന്നുതന്നെയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം കാര്‍ഡിനല്‍ പാറേക്കാട്ടില്‍ അനുഷ്ഠാന സംബന്ധമായ സഭയുടെ പുതിയ സമീപനങ്ങളെ വളരെ സാധകമായി സ്വീകരിച്ചു. അതിന്റെ ഫലമായി ജനാഭിമുഖമായി കുര്‍ബ്ബാനയര്‍പ്പിച്ചു, അനുഷ്ഠാനങ്ങള്‍ മലയാളത്തിലായി, ഭാരതീയമായ സാംസ്‌കാരികാനുരൂപണങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. എന്നാല്‍, ഈ പുതിയ സമീപനങ്ങളെ സ്വീകരിക്കാത്ത നിലപാടുകള്‍ മററു ചിലര്‍ സ്വീകരിച്ചു. ഏതു സമൂഹത്തിലും യാഥാസ്ഥിതികവും പുരോഗമനപരവുമായ സമീപനങ്ങള്‍ ഉണ്ടാകും. അതു ജീവിതത്തിന്റെ സ്വാഭാവികമായ പ്രവണതയാണ്. അത് ആരോഗ്യകരവുമാണ്. എന്നാല്‍, അത് പ്രാദേശികമായി എന്നതു ഗുണകരമല്ല. എന്നിരുന്നാലും യാഥാസ്ഥിതികവും പുരോഗമനപരവുമായ ഒരു വലിഞ്ഞുമുറുകല്‍ സ്വാഭാവികമാണ്. വളര്‍ച്ചയ്ക്കു നല്ലതുമാണ്. ഇന്നും ഈ സംഘര്‍ഷം നിലനില്ക്കുന്നു. ഒരു വിഭാഗം കുര്‍ബാന കിഴക്കോട്ടു തിരിഞ്ഞുനിന്നു സമര്‍പ്പിക്കണം, കിഴക്കുനിന്നാണ് കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനമെന്നു പറയുമ്പോള്‍ മറ്റൊരു വിഭാഗം കിഴക്കോട്ട് തിരിയുന്ന പാരമ്പര്യം റോമാചക്രവര്‍ത്തിയുടെ സൂര്യാരാധനയുമായി ബന്ധപ്പെട്ടതാണ് എന്നും ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം കിഴക്കുനിന്നാണ് എന്നതിനു ബൈബിളില്‍ ഒരു തെളിവുമില്ലെന്നും വാദിക്കുന്നു. അവര്‍ ജനാഭിമുഖമാകുന്നതാണു കൂടുതല്‍ ദൈവശാസ്ത്രപരം എന്നു കരുതുന്നു, കാരണം അപരന്റെ മുഖമാണ് പ്രാഥമിക വേദം എന്നു കരുതുന്നു. ഇതൊക്കെ തെറ്റും ശരിയും തമ്മിലുള്ള സംഘര്‍ഷമല്ല, ഏതാണ് കൂടുതല്‍ അഭികാമ്യം എന്നതു മാത്രമാണു പ്രധാനം. 

ഫാദര്‍ പോള്‍ തേലക്കാട്ട്
ഫാദര്‍ പോള്‍ തേലക്കാട്ട്

സഭാധികാരികളുടെ ഇപ്പോഴത്തെ നിലപാടുകള്‍ ക്രൈസ്തവ തത്ത്വങ്ങള്‍ക്കു നിരക്കുന്നതാണ് എന്നു കരുതുന്നുണ്ടോ? 
ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഉംബര്‍ട്ടോ എക്കോയുടെ 'റോസാപ്പൂവിന്റെ പേര്' എന്ന 13-ാം നൂറ്റാണ്ടിലെ ഒരു കത്തോലിക്കാ കൊവേന്തയുടെ കഥയിലെ രണ്ടു വിവാദങ്ങള്‍ പരാമര്‍ശിക്കട്ടെ. ഈ നോവല്‍ രണ്ടു ദൈവശാസ്ത്രചോദ്യങ്ങളെ ആശ്രയിച്ചാണ്. യേശുക്രിസ്തുവിനു പണസഞ്ചി ഉണ്ടായിരുന്നോ? ഇല്ലായിരുന്നു എന്നു ഫ്രാന്‍സിസ്‌കന്‍ സന്ന്യാസികളും ഉണ്ടായിരുന്നു എന്നു ഡൊമിനിക്കന്‍ സന്ന്യാസികളും. സഭാധികാരം ഡൊമിനിക്കന്‍ സന്ന്യാസികളുടെ കൂടെ നിന്നു. യേശുക്രിസ്തു ചിരിച്ചിട്ടുണ്ടോ? അധികാരികള്‍ ചിരിച്ചിട്ടില്ല എന്നു പറഞ്ഞപ്പോള്‍ മറുഭാഗം ചിരിച്ചു എന്നും വാദിച്ചു. അവസാനം കൊവേന്തയ്ക്കു തീയിടുന്നതു ചിരിച്ചില്ല എന്ന നിര്‍ബന്ധക്കാരാണ്. പ്രസക്തമായ ചോദ്യങ്ങള്‍ വിപരീതമായ ആഖ്യാനങ്ങള്‍ക്കു വഴി തെളിക്കാം. ആയിരിക്കുന്നതിനെ കാത്തുസൂക്ഷിക്കുന്നതില്‍ താല്പര്യം കൂടുതലുള്ളവരാണ് അധികാരികള്‍. മറ്റു ചിലര്‍ ആകാമായിരിക്കുന്നതില്‍ താല്പര്യപ്പെടും. അധികാരം എപ്പോഴും ക്രമസമാധാനം സൃഷ്ടിക്കാന്‍ വെമ്പല്‍കൊള്ളും. അവിടെ ബലിയാടുകളെ സൃഷ്ടിക്കുന്നതിന്റെ പ്രശ്‌നം കാണാതെ പോകാം. 

രണ്ടു കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിക്കുന്നതു നല്ലതായിരിക്കും. ഒന്ന്, ക്രിസ്തുസഭയെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ അതു ക്രിസ്തുവിനു വിട്ടുകൊടുക്കണം. ക്രിസ്തുസഭയെ നയിക്കേണ്ടതും സംരക്ഷിക്കേണ്ടതും ക്രിസ്തുവാണ്. ക്രിസ്തുവിനു വിധേയപ്പെട്ട് ക്രിസ്തുവിന്റെ വഴിയില്‍ ചരിക്കുമ്പോള്‍ സഭ ശക്തമാകും. സഭയെ സംരക്ഷിക്കേണ്ടതു ആര്‍ജ്ജവമാര്‍ന്ന വിശ്വാസത്തിലും ധര്‍മ്മനിഷ്ഠയുടെ ചിന്തയിലുമാണ്. ആ വഴി വിശുദ്ധിയുടേയും എളിമയുടേയും പാരസ്പര്യത്തിന്റേയുമാണ്, സൂത്രങ്ങളുടെയല്ല. രണ്ട്, മാര്‍പ്പാപ്പയ്ക്കു മാത്രമാണ് വിശ്വാസ സന്മാര്‍ഗ്ഗകാര്യങ്ങളില്‍ തെറ്റാവരം. ബാക്കി എല്ലാവര്‍ക്കും തെറ്റാം. ആരുടേയും ഏകഭാഷാധിപത്യം വേണ്ട. എല്ലാവരുടേയും സ്വരങ്ങള്‍ കേള്‍ക്കുന്ന ബഹുസ്വരതയുടെ ഏകീകരണമാണു സഭയുടെ സിനഡ് സംവിധാനത്തിന്റെ അര്‍ത്ഥം. സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാകാം, അവ പുതിയ മുന്നേറ്റങ്ങള്‍ക്കുള്ള അവസരവുമാണ്; അവ ശാപമല്ല, അനുഗ്രഹമാക്കി മാറ്റാവുന്നതാണ്. 

ബൈബിളിനെ സുവിശേഷം എന്നും വിളിക്കാറുണ്ട്. എന്നാല്‍, ബൈബിളില്‍ വിവരിക്കുന്നത് പാപകഥകളാണ്, മനുഷ്യന്റെ സകലവിധ പാപങ്ങളും ക്രൂരതകളും വീഴ്ചകളും അതില്‍ വിവരിക്കുന്നു. ഈ പാപകഥകള്‍ സുവിശേഷമാകുന്നത് എങ്ങനെ? അതാണ് ഏറ്റുപറച്ചിലിന്റെ അത്ഭുതം. തെറ്റിനെ ദൈവത്തിന്റെ പ്രസാദത്തില്‍ അപനിര്‍മ്മിച്ച് ആഖ്യാനം ചെയ്യുമ്പോള്‍ അതു സുവിശേഷമാകും. ദാവീദ് പെണ്ണുപിടിച്ച കഥയുണ്ട്, അതു തിരുത്താന്‍ പോയ നതാന്റെ കഥയുമുണ്ട്. നതാനെ അതിന്റെ പേരില്‍ ശിക്ഷിച്ച കഥയല്ല ബൈബിള്‍ പറയുന്നത്. ദാവീദ് പശ്ചാത്തപിച്ച് കണ്ണീരൊഴുക്കി കരഞ്ഞ സങ്കീര്‍ത്തനങ്ങളുടെ കഥയാണ്. 

സത്യത്തിനു ജീവനര്‍പ്പിച്ചവരാകണം അധികാരികള്‍. സത്യത്തോടു വിശ്വസ്തത പുലര്‍ത്തുന്നവര്‍. അത്തരം സഭാപിതാക്കളുടെ കൂടെ ജീവിച്ച വിശുദ്ധ സ്മരണകളോടെയാണ് ഇതു പറയുന്നത്. പീലാത്തോസ് യേശുവിനോടു ചോദിച്ചു: ''എന്താണ് സത്യം?'' ഈ ചോദ്യത്തിനു മിഖായേല്‍ ബുര്‍ഗഘോവിന്റെ നോവല്‍ ''മാസ്റ്ററു മര്‍ഗരീത്തയും'' നല്‍കുന്ന ഉത്തരം ശ്രദ്ധിക്കാം. ''സത്യം പ്രഥമമായി നിങ്ങളുടെ തലവേദനയാണ്. തലവേദന കൂടി നിങ്ങള്‍ക്കു മരണഭയമുണ്ടാകുന്നു. നിങ്ങള്‍ക്ക് എന്നോടു സംസാരിക്കാന്‍ മാത്രമല്ല, എന്നെ നോക്കാന്‍ പോലും കഴിയുന്നില്ല. ഞാന്‍ മനസ്സിലാത്ത താങ്കളുടെ പീഡകനായിരിക്കുന്നു, അത് എന്നെ വേദനിപ്പിക്കുന്നു. താങ്കള്‍ക്കിപ്പോള്‍ ഒന്നും ചിന്തിക്കാനാവില്ല, നിങ്ങള്‍ക്കു പ്രിയപ്പെട്ട പട്ടി ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്നു സ്വപ്നം കാണുന്നു. താങ്കളുടെ സഹനം അവസാനിക്കും, തലവേദന മാറും.'' യേശു പിന്നീടു പറയുന്നു: ''നിങ്ങള്‍ വളരെ അടഞ്ഞ മനുഷ്യനാണ്. നിങ്ങള്‍ക്കു ജനങ്ങളിലെ വിശ്വാസം നഷ്ടമായി. ഒരുവനു ഒരു പട്ടിയെ മാത്രം സ്‌നേഹിക്കാനാവില്ല.'' എല്ലാ മനുഷ്യരേയും ''നല്ലവന്‍ എന്നു വിശേഷിപ്പിച്ച യേശുവിനോടു ഒരു കുറ്റവാളിയുടെ പേരു പറഞ്ഞിട്ട് പീലാത്തോസ് ''അവനോ'' എന്നു ചോദിച്ചു. യേശു പറഞ്ഞു: ''ശരിയാണ്, അയാള്‍ അസന്തുഷ്ടനാണ്. നല്ല ആളുകള്‍ അയാളെ വിരൂപനാക്കി, അയാള്‍ കഠിനനും ക്രൂരനുമായിരിക്കുന്നു. ആരാണ് അയാളെ ഇങ്ങനെ വികലനാക്കിയത്?''  അക്ഷരങ്ങള്‍ എല്ലാം നല്ലതാണ്, അക്ഷരങ്ങളെ പുറത്താക്കി അക്ഷരത്തെറ്റ് പരിഹരിക്കാനാവില്ല. 

സഭാസമ്പത്ത് കൈകാര്യത്തിനു സര്‍ക്കാര്‍ നിയമം ഉണ്ടാക്കണമെന്ന ചര്‍ച്ചയ്ക്ക് ഈ സന്ദര്‍ഭത്തില്‍ പ്രസക്തിയില്ലേ? 
സര്‍ക്കാര്‍ സഭാസമ്പത്തു കൈകാര്യത്തില്‍ ഇടപെട്ടു നിയമം ഉണ്ടാക്കണമെന്ന അഭിപ്രായം എനിക്കില്ല. ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം വകുപ്പു പ്രകാരം പൗരനു മനസ്സാക്ഷി സ്വാതന്ത്ര്യമനുസരിച്ച് ഏതു മതം സ്വീകരിക്കാനും അതു ജീവിക്കാനും പ്രഘോഷിക്കാനും പ്രചരിപ്പിക്കാനും അവകാശം തരുന്നു. 26-ാം വകുപ്പ് മതകാര്യങ്ങള്‍ ആ മതത്തിനു നിശ്ചയിക്കാനും നടത്താനും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഇതു സര്‍ക്കാര്‍ മാനിക്കണം അതില്‍ ഇടപെടുന്നതു മൗലികമായ അവകാശത്തില്‍ കൈകടത്തുന്നതായിരിക്കും. ഇന്ത്യയില്‍ ആര്‍ക്കും സ്വത്ത് ആര്‍ജ്ജിക്കാനും വില്‍ക്കാനും പൊതുവായ നിയമമുണ്ട്. അതിനു വിധേയമായും പണക്കൈമാറ്റ നിയമങ്ങള്‍ക്കനുസൃതമായും മതങ്ങള്‍ക്കു സ്വത്ത് ആര്‍ജ്ജിക്കാനും വില്‍ക്കാനും പരികര്‍മ്മം ചെയ്യാനും അവകാശമുണ്ട്. ഇവിടെ നിയമത്തിന്റെ അപര്യാപ്തതയില്ല. സ്വത്തുതര്‍ക്കം സംബന്ധിച്ച കേകള്‍ ഇവിടെ കോടതികളിലുണ്ട്. നിയമാനുസൃതം അതു നടത്തണം എന്നാണ് ഭരണഘടന പറയുന്നത്. സഭകള്‍ ഉണ്ടാക്കിയിട്ടുള്ള ഭരണഘടനകളുടെ അടിസ്ഥാനത്തിലാണ് കോടതികള്‍ ഈ വ്യവഹാരങ്ങള്‍ പരിഹരിക്കപ്പെടുന്നത്. ഈ നിയമങ്ങളെ ക്ലബ്ബ് നിയമങ്ങളായി കോടതികള്‍ കാണുന്നു. സഭാസ്വത്തുക്കളുടെ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഒരുതരം ദേശസാല്‍ക്കരണമാകും. സ്വതന്ത്ര രാജ്യങ്ങളിലൊന്നും ഇതു നടക്കുന്നില്ല. 

ഇവിടെ സ്വത്തുതര്‍ക്കങ്ങള്‍ ഉണ്ടായതു നിയമത്തിന്റെ അഭാവംകൊണ്ടല്ല. സഭയുടെ സ്വത്തുക്കള്‍ സുതാര്യമായി കൈകാര്യം ചെയ്യുകയും അങ്ങനെ ചെയ്യുന്നു എന്ന വിശ്വാസ്യത ഉണ്ടാക്കുകയും ചെയ്യേണ്ടതു സഭ ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മ്മികശ്രേഷ്ഠതയ്ക്ക് അനിവാര്യമാണ്. സഭാസമ്പത്തു കൈകാര്യത്തില്‍ ലോകത്തിനു മാതൃകയാകേണ്ടതില്‍ പരാജയപ്പെടുന്നത് ആത്മഹത്യാപരമാകും. 

അച്ചന്‍ വിമര്‍ശകനാണ്, അച്ചന്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. വിഷമമുണ്ടോ? 
പ്ലേറ്റോ പറയുന്ന ഒരു കൊച്ചു വാചകമുണ്ട്: ''ദൈവമാണ് മനുഷ്യന്റെ അളവ്.'' നാം അളക്കുകയും വിലമതിക്കുകയും ചെയ്യുന്നവരാണ്. എത്ര വിമര്‍ശനവിരോധിയും ഇതു ചെയ്യുന്നു. ഈ വിമര്‍ശനത്തെ വിശുദ്ധമാക്കിയ മതമാണ് യഹൂദമതം. അതുകൊണ്ടാണ്    അവര്‍ പ്രവാചകരെ ആദരിക്കുകയും അവരെ കല്ലെറിയുകയും ചെയ്തത്. ദൈവത്തിന്റെ അളവുകൊണ്ടു ജീവിതം വിലയിരുത്തുമ്പോള്‍ വിമര്‍ശനമുണ്ടാകും. ഇത് ഇല്ലാതായാല്‍ ഒരു സമൂഹവും നിലനില്‍ക്കില്ല, മുന്നോട്ടു പോകില്ല. വിമര്‍ശനം ബൗദ്ധികവും ദൈവികവുമായ നടപടിയാണ്. വിമര്‍ശിക്കുക, പക്ഷേ, വെറുക്കല്ലേ; വിമര്‍ശിക്കുക, പക്ഷേ, തെറി പറയല്ലേ. എന്നെ പുകഴ്ത്തുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും മാത്രമല്ല എന്നെ ഞാനാക്കുന്നത്, എന്റെ വിമര്‍ശകരും എന്നെ ഞാനാക്കുന്നതിലെ എന്റെ സഹായികളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com