ഇടതുകാലത്തെ ഭൂസമരങ്ങള്‍ പറയുന്നതെന്ത്?

കേരളത്തില്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കിയ കമ്യൂണിസ്റ്റുകാര്‍ എന്തുകൊണ്ടാണ് പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നത്?
ഇടതുകാലത്തെ ഭൂസമരങ്ങള്‍ പറയുന്നതെന്ത്?

രു വ്യാഴവട്ടക്കാലം മുന്‍പ്, വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഹാരിസണിന്റെ ചെങ്ങറ എസ്റ്റേറ്റില്‍ സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടി താമസം തുടങ്ങുന്നത്. കൃഷി ചെയ്തു ജീവിക്കാന്‍ ഭൂമി നല്‍കണം എന്നതായിരുന്നു അവരുടെ പ്രാഥമിക ആവശ്യം. ഭൂപരിഷ്‌കരണം നടപ്പിലാക്കിയ നാട്ടില്‍ ഭൂരഹിതരുടെ മുന്‍കൈയില്‍ നടന്ന ആ സമരം ഭൂഅധികാരത്തെക്കുറിച്ചും ഭൂവിനിയോഗത്തെക്കുറിച്ചും നിലനിന്നിരുന്ന സാമ്പ്രദായിക ധാരണകളെ തിരുത്തിയെഴുതി. എന്നിട്ടും ഭൂമിയുടെ മേലുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശം നിഷേധിച്ച ഭരണകര്‍ത്താക്കള്‍ അവരുടെ വിമോചനപരമായ അതിജീവനത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. തുടക്കം മുതല്‍ വനഭൂമിയും റവന്യൂ ഭൂമിയും കൈവശം വച്ചനുഭവിച്ച ഹാരിസണും സി.പി.എമ്മും സമരത്തിനെതിരായിരുന്നു. വേറെയൊരാളുടെ ഭൂമി കൈവശപ്പെടുത്താനുള്ള അടവ് മാത്രമാണ് സമരക്കാര്‍ക്കുള്ളതെന്ന വാദമാണ് സി.പി.എമ്മും സര്‍ക്കാരും അന്ന് നിരന്തരം ആവര്‍ത്തിച്ചത്. ആദ്യം മുന്നൂറില്‍ താഴെ കുടുംബങ്ങളേയുള്ളൂവെന്ന് സ്ഥാപിക്കാന്‍ നോക്കി. പിന്നെ, പൊലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് മൃഗീയമായ ആക്രമണങ്ങള്‍ നടത്തി. നിരവധി കള്ളക്കേസുകളില്‍ കുടുക്കി. ഭക്ഷണസാധനങ്ങള്‍പോലും നല്‍കാതെ സമരഭൂമി ഉപരോധിക്കുകയും സമരക്കാരെ ഒറ്റപ്പെടുത്തുകയും ചെയ്തു. പക്ഷേ, സമരക്കാരുടെ ഇച്ഛാശക്തിക്കു മുന്നില്‍ സര്‍ക്കാരും സംവിധാനങ്ങളും പരാജയപ്പെടുകയായിരുന്നു. ചെങ്ങറ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇവര്‍ക്കു കഴിയാതെ വന്നപ്പോള്‍ മറുപടി സമരഭൂമിയില്‍ തന്നെയുണ്ടായി. മാതൃകാഗ്രാമമായി മാറിയ ചെങ്ങറ ഇന്നും ജീവനത്തിനുള്ള പോരാട്ടത്തിലാണ്. അടിസ്ഥാന സൗകര്യം പോലുമില്ലാതെ അറുന്നൂറിലധികം കുടുംബങ്ങള്‍ സമരഭൂമിയിലെ താമസക്കാരായി ഇന്നും കഴിയുന്നു.

മുത്തങ്ങയ്ക്കും ചെങ്ങറയ്ക്കും ശേഷം 12 വര്‍ഷത്തിനു ശേഷം തൊവരിമലയിലും സംഭവിച്ചത് മറ്റൊന്നുമല്ല. ഏപ്രില്‍ 21-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍  ഭൂസമരം തുടങ്ങിയത്. നെന്‍മേനി പഞ്ചായത്തിനടുത്ത് കുന്താണിക്കടുത്തുള്ള എസ്റ്റേറ്റ് ബംഗ്ലാവിനോട് ചേര്‍ന്ന മലയിലാണ് 13 പഞ്ചായത്തില്‍നിന്നുള്ള സമരക്കാര്‍ രാത്രിയും പകലും കഴിഞ്ഞത്. സമരക്കാരില്‍ 90 ശതമാനവും ആദിവാസികളുമാണ്. വീടുവയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനുമായി രണ്ട് ഏക്കര്‍ ഭൂമി വീതം ഭൂരഹിതര്‍ക്ക് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഭൂമിയില്‍ നാലു വലിയ കുടിലുകള്‍ നിര്‍മ്മിച്ചെങ്കിലും കൂട്ടത്തോടെ അങ്ങോട്ട് മാറാനുള്ള ശ്രമം പൊലീസ് തടയുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചര്‍ച്ചയ്ക്കെന്നു പറഞ്ഞ് വിളിച്ചുവരുത്തി നേതാക്കളെ അറസ്റ്റ് ചെയ്തു. മാധ്യമങ്ങളെ പ്രവേശിപ്പിക്കാതെ ബലം പ്രയോഗിച്ച് ആദിവാസികളെ ഒഴിപ്പിച്ചു. ഇതാണ് തൊവാരിമലയിലെ ഭൂസമരത്തിന്റെ പരിസമാപ്തി. മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷകരുടെ ലോങ് മാര്‍ച്ച് ഉന്നയിച്ച ഭൂമിയുടെ അവകാശം എന്ന ആവശ്യം തന്നെയാണ് വയനാട്ടിലും ചെങ്ങറയിലും അരിപ്പയിലുമൊക്കെ ഇവര്‍ ആവശ്യപ്പെടുന്നത്. ഈ പന്ത്രണ്ട് വര്‍ഷക്കാലത്തിനിടയില്‍ രണ്ട് ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലെത്തി. എന്നിട്ടും ആശാവഹമായ നടപടിയൊന്നുമുണ്ടായില്ലെന്നു മാത്രമല്ല, ആ കാലങ്ങളില്‍ അവര്‍ക്കെതിരെ ഭരണസംവിധാനവും പാര്‍ട്ടി സംവിധാനവും ഉപയോഗിച്ച് അതിക്രമങ്ങള്‍ക്കു മുതിരുകയും ചെയ്തു. ഇനി, കേരളത്തില്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കിയ കമ്യൂണിസ്റ്റുകാര്‍ എന്തുകൊണ്ടാണ് പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നത്? എന്തുകൊണ്ടാണ് ആ കേസുകള്‍ ബോധപൂര്‍വ്വം തോല്‍ക്കുന്നത്?

തോട്ടം മേഖലയെ ഒഴിവാക്കിയും കര്‍ഷകത്തൊഴിലാളികള്‍ക്കു ഭൂമി നല്‍കാതിരുന്നുമാണ് ഭൂപരിഷ്‌കരണം കേരളത്തില്‍ നടപ്പിലാക്കിയത് എന്നത് വളരെ കാലങ്ങളായുള്ള വിമര്‍ശനമാണ്. എന്നിട്ടും ഭൂപരിഷ്‌കരണം താരതമ്യേന ഫലപ്രദമായി നടപ്പാക്കിയെന്ന പൊതുധാരണ വ്യാജമായി പിന്തുടരുകയാണ് ഇടതുപക്ഷം. ഈ ധാരണയെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്ന പ്രത്യയശാസ്ത്രതലം ഭൂസമരങ്ങള്‍ക്കുണ്ടെന്ന യാഥാര്‍ത്ഥ്യം ബോധപൂര്‍വ്വം അംഗീകരിക്കാതിരിക്കുകയാണ് ഇടതുപക്ഷത്തിന്റെ തന്ത്രം. ദളിതര്‍ക്കു ശവശരീരങ്ങള്‍ വീടുകള്‍ക്കുള്ളില്‍ സംസ്‌കരിക്കേണ്ടിവരുന്ന കാലത്താണ് തോമസ് ഐസക്കിനെപ്പോലെയുള്ളവര്‍ 'ഭൂപരിഷ്‌കരണം ഇനിയെന്ത്' എന്നെഴുതുന്നത്. തൊവാരിമലയില്‍നിന്ന് ഏറെയകലെയല്ല അരിഞ്ചേര്‍മലയിലെ ചുണ്ടക്കുന്ന് അമ്പലക്കാര പണിയ കോളനി. അവിടെയാണ് ഒരു വര്‍ഷം മുന്‍പ് വെളുക്കന്റെ ഭാര്യ കണക്കിയെ താമസിക്കുന്ന കുടില്‍ പൊളിച്ച് സംസ്‌കരിച്ചത്. കുടിലെന്നാല്‍ പ്ലാസ്റ്റിക് ഷീറ്റും ഓലയും മറച്ച കൂര. അടുക്കള പൊളിച്ചാണ് കണക്കിക്ക് ആറടി മണ്ണൊരുക്കിയത്. ഇങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചാണ് ഇടതുപക്ഷം ഭൂപരിഷ്‌കരണം ആവശ്യമില്ലെന്ന പൊതുസമ്മതി സൃഷ്ടിച്ചെടുക്കുന്നത്. കമ്യൂണിസ്റ്റുകാരുടെ വികസന സങ്കല്പങ്ങളിലുണ്ടായ മാറ്റം പോലെ തന്നെ രൂപപ്പെട്ടതാണ് ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകത ഇനിയില്ലെന്നും ആദിവാസികളും ദളിതുകളും കൈയേറ്റക്കാരാണെന്ന പൊതു/ഇടതുധാരണയും.

ഹാരിസണും 
ഇടതുപക്ഷവും 

ഹാരിസണ്‍ അടക്കമുള്ള തോട്ടമുടമകളുടെ കൈവശമുള്ള ഭൂമിയുടെ അവകാശം സംബന്ധിച്ച് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി നിയമപരമായ തര്‍ക്കം നിലനില്‍ക്കുന്നു. സുപ്രീംകോടതി വരെ നടന്ന നിയമപോരാട്ടങ്ങളില്‍ ബോധപൂര്‍വ്വം തോറ്റുകൊടുക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ഭൂരഹിതരോട് ചെയ്ത ചരിത്രവഞ്ചന. ഇതോടെ കേരളത്തിന് നഷ്ടമായത് 5,20,000 ഏക്കറിലധികം വരുന്ന തോട്ടംഭൂമി. യുക്തിയോടെ ചിന്തിച്ചാല്‍ ഹാരിസണ്‍ കേസില്‍ സുപ്രീംകോടതി വരെ സര്‍ക്കാരിനുണ്ടായ തിരിച്ചടികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണെന്ന് ബോധ്യപ്പെടും. ഹൈക്കോടതി പല തവണ ആവശ്യപ്പെട്ടിട്ടും സത്യവാങ് മൂലം നല്‍കാന്‍ പോലും റവന്യൂ വകുപ്പും പബ്ലിക് പ്രോസിക്യൂട്ടര്‍മാരും തയ്യാറായിരുന്നില്ല. കേസിന്റെ നടപടിക്രമങ്ങള്‍ റവന്യൂ വകുപ്പോ സര്‍ക്കാരോ പാലിക്കാത്തതുകൊണ്ടാണ് സുപ്രീംകോടതിയും കേസ് തള്ളിയത്. ഹാരിസണ്‍ മലയാളം ലിമിറ്റഡ് നിയമവിരുദ്ധമായും അനധികൃതവുമായാണ് എണ്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി കയ്യടക്കിവെച്ചിരിക്കുന്നതെന്ന് നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട്, ജസ്റ്റിസ് എല്‍. മനോഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഡി. സജിത്ത് ബാബു റിപ്പോര്‍ട്ട്, നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ട്, ഡോ. എം.ജി. രാജമാണിക്യം റിപ്പോര്‍ട്ട് തുടങ്ങി ആറോളം അന്വേഷണ കമ്മിഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് 2013 ഫെബ്രുവരി 28-ന് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് പി.വി. ആശ ഹാരിസണ്‍ കൈയടക്കി വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കണമെന്നും ഉത്തരവിറക്കി.

അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഡോ. എം.ജി. രാജമാണിക്യത്തെ സ്പെഷല്‍ ഓഫീസറായി നിയമിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഭരണമാറ്റം ഉണ്ടായത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഗവ. പ്ലീഡര്‍ സുശീല ആര്‍. ഭട്ടിനെ മാറ്റി. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ നിയമിച്ചു. അപ്പോഴാണ് അദ്ദേഹം മുന്‍സര്‍ക്കാരിന്റെ കാലത്ത് കേസില്‍ ഹാജരായിട്ടുണ്ടെന്ന ആക്ഷേപം ഉയരുന്നത്. അങ്ങനെ കേസ് സോഹനു കൈമാറി. ഇതേ ആരോപണം സോഹനെതിരേയും ഉയര്‍ന്നു. ഒടുവില്‍ കേസ് എത്തിയത് ഗവ. പ്ലീഡര്‍ പ്രേമചന്ദ്രപ്രഭുവില്‍. ഒടുവില്‍, സ്പെഷല്‍ ഓഫീസര്‍ രാജമാണിക്യത്തിന് കേരള ഭൂ സംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
വാസ്തവത്തില്‍, സത്യവാങ്മൂലം നല്‍കാതെ, കോടതി നടപടികള്‍ പാലിക്കാതെ, സ്പെഷല്‍ ഓഫീസിന്റെ അധികാരം ദുര്‍ബ്ബലപ്പെടുത്തി ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. കേസ് കോടതി മൂന്ന് പ്രാവശ്യം പരിഗണിച്ചപ്പോഴും കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അഭിഭാഷകര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ആറ് അഭിഭാഷകരെയാണ് ഹാരിസണ്‍ കേസ് വാദിക്കുന്നതിനായി നിയമിച്ചത്. ഒരാളുപോലും ഈ അന്വേഷണ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയോ വിജിലന്‍സ് റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയോ കോടതിയില്‍ വാദിച്ചിട്ടില്ല. രാജമാണിക്യത്തിന് അധികാരമില്ലെന്ന് പറയുമ്പോഴും കോടതി സര്‍ക്കാരിനു സ്വീകരിക്കാന്‍ കഴിയുന്ന വഴികള്‍ തുറന്നിട്ടിരുന്നു. ഭൂവുടമസ്ഥത സ്ഥാപിക്കുന്നതിനു സര്‍ക്കാരിനു സിവില്‍ കോടതിയെ സമീപിക്കാമെന്നും ഭൂവുടമസ്ഥത സംബന്ധിച്ച് തീരുമാനിക്കാന്‍ അധികാരമുള്ള സ്ഥാപനങ്ങള്‍ക്ക് തുടര്‍നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. എന്നാല്‍, റവന്യൂ വകുപ്പ് നിയമസെക്രട്ടറി ജി.ബി. ഹരീന്ദ്രനാഥും അഡ്വക്കേറ്റ് ജനറലും ഹാരിസണിനെ സഹായിക്കുന്ന തരത്തിലാണ് നിയമോപദേശം നല്‍കിയത്. ഉപാധികളില്ലാതെ നികുതി സ്വീകരിക്കണമെന്ന നിയമോപദേശമാണ് അഡ്വക്കേറ്റ് ജനറലും നിയമസെക്രട്ടറിയും കൂടി നല്‍കിയത്.  രാജമാണിക്യം റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ച സമഗ്രമായ നിയമനിര്‍മ്മാണമായിരുന്നു മറ്റൊരു വഴി. ആന്ധ്രപ്രദേശ് ലാന്‍ഡ് ഗ്രാബിങ് പ്രോഹിബിഷന്‍ ആക്റ്റിന്റെ മാതൃകയില്‍ പുതിയ നിയമം കൊണ്ടുവരുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതോടെയാണ് ഹാരിസണ്‍സും റിയയും അടക്കമുള്ളവര്‍ നികുതിയടക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കരം ഉപാധികളോടെ സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടു.
നികുതി അടയ്ക്കാന്‍ അനുമതി നല്‍കിയാല്‍ സിവില്‍ കോടതിയില്‍ ഉടമസ്ഥത ഹാരിസണിനു തെളിയിക്കാനാകും. ഇതോടെ സര്‍ക്കാരിനു ഭൂമി നഷ്ടമാകുകയും ചെയ്യും. ഇതായിരുന്നു ലക്ഷ്യം. അത് സാധിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകി.

ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിനു സര്‍ക്കാര്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന ഉത്തരവിനുള്ള ഫയല്‍ റവന്യൂ മന്ത്രിയുടെ പരിഗണനയിലിരിക്കെയാണ് റിയ എസ്റ്റേറ്റ് നികുതി അടച്ചതെന്നോര്‍ക്കണം.
വില്ലേജ് ഓഫീസിലെ റവന്യൂ രേഖകളില്‍ പേരുചേര്‍ത്ത് നികുതി സ്വീകരിച്ചതോടെ കേരള ഭൂ സംരക്ഷണ നിയമപ്രകാരം അത് സര്‍ക്കാര്‍ ഭൂമിയുടെ നിര്‍വ്വചനത്തില്‍ വരില്ല. അതിനാല്‍ റിയക്ക് ഭൂ നികുതി അടച്ച രസീത് നല്‍കിയത് സിവില്‍ കോടതിയില്‍ അവര്‍ക്ക് ഉടമസ്ഥത സ്ഥാപിച്ചെടുക്കാന്‍ വഴിയൊരുക്കി. നിലവില്‍ അവര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥതയില്ലായിരുന്നു. കലക്ടര്‍ അവര്‍ക്ക് അടിസ്ഥാന രേഖയുണ്ടാക്കിക്കൊടുക്കുകയാണ് ഭൂനികുതി അടച്ചതിലൂടെ ചെയ്തത്.

സുശീല ആര്‍ ഭട്ട്
സുശീല ആര്‍ ഭട്ട്

ഇങ്ങനെ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉന്നതതലം മുതല്‍ വില്ലേജ് ഓഫീസര്‍ വരെ ഹാരിസണിനെ സഹായിക്കുകയായിരുന്നു. കേരളത്തില്‍ രണ്ടരലക്ഷം ആദിവാസികളും ദളിതരും തോട്ടം തൊഴിലാളികളും മറ്റ് പിന്നോക്ക ജനവിഭാഗങ്ങളും ഒരു തുണ്ട് ഭൂമിയില്ലാതെ പുറമ്പോക്കുകളിലും ചേരിയിലും കോളനികളിലും കഴിയുമ്പോഴാണ് തോട്ടം കുത്തകകള്‍ക്കു വേണ്ടി അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ തോട്ടം ഭൂമി ഏറ്റെടുക്കേണ്ട കേസുകള്‍ ഓരോന്നായി ഇടതുപക്ഷ സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റുകൊടുത്തത്.

ഭൂമി എന്ന സങ്കീര്‍ണ പ്രശ്‌നം
1957-ലെ സര്‍ക്കാര്‍ കൊണ്ടുവന്ന് 1970-ല്‍ നടപ്പിലാക്കിയ ഭൂനിയമം മിച്ചഭൂമി ഭൂരഹിതര്‍ക്കു വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടായിരുന്നു. നിയമപ്രകാരം ഒരു കുടുംബത്തിനു കൈവശം വയ്ക്കാവുന്ന ഭൂമിക്കു പരിധി നിശ്ചയിച്ചു. ബാക്കി ഭൂമി മിച്ചഭൂമിയായി തിരിക്കാനായിരുന്നു വ്യവസ്ഥ. എന്നാല്‍ കേരളത്തില്‍ പരിധി നിശ്ചയിച്ചപ്പോള്‍ തോട്ടം മേഖല ഒഴിവാക്കപ്പെട്ടു. പാട്ടക്കാരനാകാതെ പോയ ആദിവാസിയും ദളിതരും ഉള്‍പ്പെടുന്ന ലക്ഷക്കണക്കിനു പേര്‍ ഭൂപരിഷ്‌കരണത്തില്‍നിന്നു പുറത്തായതാണ് ചരിത്രം. മുത്തങ്ങ സമരം നടന്ന 2003-ല്‍ സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ കുടുംബങ്ങളില്‍ 30 ശതമാനത്തിനും ഒരു തുണ്ട് ഭൂമി പോലുമില്ലായിരുന്നു. വയനാട്ടില്‍, അടിമകളായിരുന്ന പണിയര്‍ക്കും ആദിയര്‍ക്കും നൂറ്റാണ്ടുകളായി സ്വന്തമായി ഭൂമിയില്ലായിരുന്നു. അവര്‍ കൃഷിക്കായി ഉപയോഗിച്ചിരുന്ന വയലുകളും സ്ഥലങ്ങളുമെല്ലാം തിരുവിതാംകൂറില്‍ നിന്നുള്ള ഇതര വിഭാഗക്കാര്‍ കൈയേറി അവകാശം സ്ഥാപിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഗ്രോ മോര്‍ ഫുഡ് ക്യാംപയിനാണ് മലബാറിലേക്കുള്ള കുടിയേറ്റം വ്യാപകമാകാന്‍ ഒരു കാരണം. മല കയറിയെത്തിയവരില്‍ ജാതിമതഭേദമന്യെ ഭൂമിയില്‍ അവകാശം സ്ഥാപിച്ചു. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ വോട്ടുബാങ്കായ കുടിയേറ്റക്കാരെ അംഗീകരിച്ചു തുടങ്ങി.  അതിരുകുത്തി വളച്ചെടുത്ത് ഭൂമി സ്വന്തമാക്കിയപ്പോള്‍ ഒന്നുമില്ലാതായത് ആദിവാസികള്‍ക്കായിരുന്നു. നഷ്ടമായത് അവരുടെ പരമ്പരാഗത മണ്ണായിരുന്നു. ക്രമേണ, സ്വന്തം കൃഷിഭൂമി ഇല്ലാതായി മറ്റു ഭൂവുടമകളുടെ ഭൂമിയില്‍ പണിക്കാരനായി മാത്രം ഒതുങ്ങി.  1975-'76 കാലയളവിലെ കണക്ക് അനുസരിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ട പണിക്കാരുടെ എണ്ണം 57 ശതമാനത്തില്‍നിന്ന് 61 ശതമാനമായി ഉയര്‍ന്നു. ഭൂവുടമകളായിരുന്ന, ആദിവാസി വിഭാഗത്തിലെ പ്രബലരായിരുന്ന കുറിച്യരും കുറുമനും കാടുകളിലേക്ക് മാറ്റപ്പെട്ടതില്‍ ഭൂവിപണിയുടെ സ്വാധീനം ചെറുതല്ല. അട്ടപ്പാടിയില്‍, 1950-കളില്‍ തുടങ്ങിയ കുടിയേറ്റം 25 വര്‍ഷം പിന്നിട്ടപ്പോള്‍ 20 ശതമാനം ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമിയില്ലാതായി. 1966-'76 കാലയളവില്‍, അതായത് ഭൂപരിഷ്‌കരണം നടന്ന ആ ദശാബ്ദം 44 ശതമാനം കുടുംബങ്ങളും ഭൂരഹിതരായിരുന്നു. ആ കാലയളവില്‍ രണ്ട് ഏക്കറില്‍ താഴെ ഭൂമി മാത്രമാണ് 62 ശതമാനം ആദിവാസി കുടുംബങ്ങള്‍ക്കുമുണ്ടായിരുന്നത്. കൃഷിയേക്കാള്‍ മികച്ച വരുമാനം ദിവസത്തൊഴിലിനുണ്ടായപ്പോള്‍ സ്വഭാവികമായും അവരതിനെ ആശ്രയിക്കുകയാണുണ്ടായത്. ആദിവാസി വിഭാഗങ്ങളില്‍നിന്ന് 1961-ല്‍ 43 ശതമാനം ദിവസക്കൂലിക്കാരുണ്ടായിരുന്നത് 1976-ല്‍ 72 ശതമാനമായി വര്‍ദ്ധിച്ചു. കൃഷി ചെയ്യാനാവശ്യമുള്ള ഭൂമിലഭ്യത കുറഞ്ഞപ്പോള്‍ മറ്റു തൊഴിലുകള്‍ സ്വീകരിക്കാന്‍ ആദിവാസി വിഭാഗങ്ങളെ നിര്‍ബന്ധിതരാക്കുകയായിരുന്നു. ഭൂപരിഷ്‌കരണ ബില്‍ ആദിവാസി ഇതര വിഭാഗങ്ങളുടെ താല്പര്യത്തിനനുസരിച്ച് അവിഹിതമായി രൂപപ്പെടുത്തിയെടുത്തതായിരുന്നുവെന്ന് ഇപ്പോഴത്തെ ആസൂത്രണ കമ്മിഷന്‍ ബോര്‍ഡംഗം കെ. രവിരാമന്‍ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരമന്ത്രി ഇ ചന്ദ്രശേഖരനും
മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരമന്ത്രി ഇ ചന്ദ്രശേഖരനും

ആദ്യം യൂറോപ്യന്‍ മൂലധനത്തിന്റെ പിന്തുണയില്‍ പിന്നീട് ഇന്ത്യന്‍ മൂലധനത്തിന്റെ പിന്തുണയില്‍ ഈ പശ്ചിമഘട്ട മലനിരകള്‍ മുഴുവന്‍ കൈയേറുകയായിരുന്നു. വനഭൂമി നശിപ്പിച്ച് പ്ലാന്റേഷനാക്കി മിശ്രകൃഷിരീതി ഇല്ലാതാക്കുകയും ചെയ്തു. ഏറെ കൊട്ടിഘോഷിക്കുന്ന സര്‍ക്കാരിന്റെ തന്നെ വികസനപദ്ധതികള്‍ ആദിവാസികളെ ഭൂരഹിതരാക്കിയതെന്ന് ഈ ലേഖനത്തില്‍ പറയുന്നുണ്ട്. ഇടുക്കിയിലും ചിമ്മിനിയിലും കാരാപ്പുഴയിലും തീര്‍ന്ന അണക്കെട്ടുകളും സുഗന്ധഗിരിയും വട്ടച്ചിറ ഫാമുമൊക്കെ അവിടുത്തെ ആദിവാസികളെ ഭൂരഹിതരാക്കി തീര്‍ത്തതെങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്.

അനീതിയുടെ സ്ഥിരത
സംസ്ഥാനരൂപീകരണത്തിനു ശേഷം ആദ്യം അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാരാണ് ഭൂപരിഷ്‌കാരങ്ങള്‍ക്കു തുടക്കം കുറിച്ചതെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ആ രാഷ്ട്രീയഇച്ഛാശക്തി അവര്‍ക്ക് പിന്നീടുള്ള കാലങ്ങളില്‍ തുടരാന്‍ കഴിഞ്ഞില്ല. ഭരണഘടനയുടെ ശക്തമായ പിന്‍ബലമുണ്ടായിട്ടും ആദിവാസികള്‍ അരികുവല്‍ക്കരിക്കപ്പെട്ടു. ഭരണഘടനയുടെ 244-ാം വകുപ്പ് പ്രകാരം ആദിവാസികളുടെ സ്വയംഭരണവും ഭൂമിയും സംസ്‌കാരവും സംരക്ഷിക്കപ്പെടേണ്ടതായിരുന്നു. 1960-കളില്‍ യു.എന്‍. ധേബര്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചത് 1950 ജനുവരി 26-നു ശേഷം കൈമാറ്റം ചെയ്ത ഭൂമികളെല്ലാം യഥാര്‍ത്ഥ ഉടമസ്ഥരായ ആദിവാസികളെ തിരിച്ചു ഏല്പിക്കണമെന്നായിരുന്നു. എന്നാല്‍, അതും അട്ടിമറിക്കപ്പെട്ടു. സ്വകാര്യ വനം ദേശസാല്‍ക്കരിച്ചുകൊണ്ട് സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തില്‍ (Kerala private forest (vesting & assignment Act, 1971)  23,000 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമായിരുന്നു. വനാവകാശം ഭാഗികമായെങ്കിലും അംഗീകരിക്കപ്പെട്ട ഈ നിയമവും കേരളത്തില്‍ ചര്‍ച്ചയായില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാന്‍ 1975-ലാണ് കേരള നിയമസഭ ആദ്യമായി ഒരു നിയമം പാസ്സാക്കിയത്. അന്ന് സി.പി.ഐയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച നിയമം പാസ്സാക്കിയത് ഏകകണ്ഠേനയാണ്. ഈ നിയമം നടപ്പാക്കിക്കിട്ടാനാണ് പിന്നീടുള്ള ശ്രമങ്ങളെല്ലാം നടന്നത്. ഒരു ദശാബ്ദം വേണ്ടിവന്നു ഈ നിയമത്തിന് ചട്ടങ്ങളുണ്ടാക്കാന്‍. നിയമം പൂര്‍ണ്ണ രൂപത്തിലെത്തിയത് 1986-ല്‍. അതനുസരിച്ച് 1960 മുതല്‍ 1982 വരെ നടന്ന ഭൂ ഇടപാടുകള്‍ റദ്ദാകുകയും ഭൂമി യഥാര്‍ത്ഥ ഉടമസ്ഥര്‍ക്കു നല്‍കുകയും ചെയ്യും. 1982 മുതല്‍ ആദിവാസികളുടെ ഭൂമി ആദിവാസി ഇതര വിഭാഗങ്ങള്‍ക്കു നല്‍കുന്നത് നിരോധിക്കുകയും ചെയ്തു. 1975-ലെ KST Act-നു സമാനമായി മറ്റു സംസ്ഥാനങ്ങളിലും ഇത്തരം നിയമങ്ങള്‍ നടപ്പാക്കി. എന്നാല്‍, ഈ നിയമത്തിന്റെ സര്‍വ്വലംഘനങ്ങളാണ് പിന്നീട് കണ്ടത്. നിയമമനുസരിച്ച് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാന്‍ നിരവധി പേര്‍ അപേക്ഷ നല്‍കി. 4000 വരുന്ന അപേക്ഷകള്‍ മാത്രമാണ് സ്വീകരിക്കപ്പെട്ടത്. റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ ഭൂമി തിരിച്ചെടുത്ത് നല്‍കാനുള്ള നടപടിക്രമം പൂര്‍ത്തീകരിച്ചിട്ടും സര്‍ക്കാര്‍ തുടര്‍ നടപടി എടുത്തില്ല. 1993-ല്‍ പൗരാവകാശ പ്രവര്‍ത്തകനായ ഡോ. നല്ലതമ്പിതേര ഹൈക്കോടതിയെ സമീപിച്ചു. നിയമാനുസൃതം ഭൂമി തിരിച്ചെടുത്തു കൊടുക്കാന്‍ കോടതി 1993 ഒക്ടോബര്‍ 15-ന് ഉത്തരവിട്ടു. നിയമം നടപ്പിലാക്കാന്‍ ആറുമാസത്തെ സമയമാണ് കോടതി നല്‍കിയത്. 1996-ല്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് 1975-ലെ ഈ നിയമം മറികടക്കാന്‍ കേരള സര്‍ക്കാര്‍ ഭേദഗതി ഓഡിനന്‍സ് കൊണ്ടുവന്നു. എ.കെ. ആന്റണി നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാരായിരുന്നു അധികാരത്തില്‍. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പറഞ്ഞ് ഓഡിനന്‍സിന് അനുമതി നല്‍കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ വിജയം ഇടതുമുന്നണി സര്‍ക്കാരിനായിരുന്നു. മുഖ്യമന്ത്രിയായത് ഇ.കെ. നായനാര്‍. ഒരിക്കല്‍ക്കൂടി ഓര്‍ഡിനന്‍സിറക്കിയെങ്കിലും ഗവര്‍ണര്‍ വീണ്ടും അനുമതി നിഷേധിച്ചു. ഇടതുവലതു പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി  ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള നിയമം റദ്ദാക്കുക എന്ന ആവശ്യം രാഷ്ട്രീയമായി ഉന്നയിച്ചു. 1996 ഓഗസ്റ്റില്‍ 1975-ലെ നിയമം നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഫിഡവിറ്റ് നല്‍കി. കൈയേറ്റക്കാരുടെ സംഘടിത പ്രതിരോധത്തെ മറികടക്കാനാവില്ലെന്നാണ് ഹൈക്കോടതിയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. 1996 സെപ്റ്റംബര്‍ 30-നകം, അതായത് ആറാഴ്ചയ്ക്കകം ഭൂമി ഒഴിപ്പിച്ച് ആദിവാസികള്‍ക്കു നല്‍കണമെന്ന് ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യന്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. ഇതേത്തുടര്‍ന്ന് കോടതിയലക്ഷ്യം ഒഴിവാക്കാനായി Kerala Sheduled Tribes (Restiction on Transfer of Lands and Restoration of Alienated Lands) ആക്റ്റ് പാസാക്കി. ഈ നിയമം ശരിക്കും ആദിവാസികള്‍ക്കു നേരെ നടന്ന അക്രമങ്ങളേയും ഭൂമി കൈയേറ്റങ്ങളേയും സാധൂകരിക്കുന്നതായിരുന്നു. കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് അഞ്ച് ഏക്കര്‍വരെ സാധുത നല്‍കി പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും അഞ്ച് ഏക്കറില്‍ കൂടുതല്‍ ഉള്ളത് തിരിച്ചുപിടിച്ച് നല്‍കാനുമായിരുന്നു ഭേദഗതി നിര്‍ദ്ദേശിച്ചിരുന്നത്. അതോടൊപ്പം, 1975-ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിര്‍ദ്ദേശിച്ചു. ഇടതുവലതു പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണ് ഈ നിയമവും പാസ്സാക്കിയത്. നിയമസഭയില്‍ കെ.ആര്‍. ഗൗരി മാത്രമാണ് ഈ നിയമത്തെ എതിര്‍ത്തത്. 1956-ല്‍ സംസ്ഥാന രൂപീകരണത്തിനു ശേഷം പാസ്സാക്കുന്ന ഏറ്റവും പിന്തിരിപ്പനായ ബില്ലെന്നായിരുന്നു ഇതിനെ കെ.ആര്‍. ഗൗരി വിശേഷിപ്പിച്ചത്. ഭരണഘടനയുടെ ഒമ്പതാം വകുപ്പിനെ മറികടക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്നു വ്യക്തമാക്കിയ അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ അനുമതി നല്‍കാന്‍ തയ്യാറായില്ല. നിയമഭേദഗതി ഡോ. നല്ലതമ്പി തേരയും സംഘടനകളും ആദിവാസികളും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. കേരള സര്‍ക്കാര്‍ സ്പെഷല്‍ ലീവ് പെറ്റീഷനുമായി സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുവരെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാന്‍ കേരളത്തില്‍ ഒരു ദശകം നീണ്ടുനിന്ന പ്രക്ഷോഭം നടന്നു. (2009-ല്‍ ഭേദഗതി നിയമം ഭാഗികമായി അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി വിധിയുണ്ടായി. എന്നാല്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംയുക്തമായി അംഗീകരിച്ച ഭേദഗതിനിയമമോ സുപ്രീംകോടതി നിര്‍ദ്ദേശങ്ങളോ നാളിതുവരെ നടപ്പാക്കിയിട്ടുമില്ല).  ഭൂരഹിതരായ ആദിവാസികള്‍ക്ക് അവരുടെ സ്വന്തം ജില്ലയില്‍ത്തന്നെ രണ്ടുവര്‍ഷത്തിനകം ഒരേക്കര്‍ ഭൂമി നല്‍കാമെന്ന് ഇതിനിടയില്‍ ധാരണയായി. അത്തരത്തില്‍ 11,000 കുടുംബങ്ങളുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തുകയും ചെയ്തു. 

അഞ്ചു ദശാബ്ദംകൊണ്ട് ഭൂമിയുടെ സ്വത്തവകാശികളായിരുന്നവര്‍ അവരുടെ കൂടെ ജനപ്രതിനിധികളായവര്‍ നടത്തിയ നിയമനിര്‍മ്മാണത്തിലൂടെ ഒരു തരി മണ്ണിനുപോലും അവകാശമില്ലാത്തവരായി മാറി. 1975-ല്‍ പാസ്സാക്കിയ നിയമം 1999-ല്‍ വികലമായപ്പോള്‍ ആദിവാസിക്ക് അനുവദിക്കപ്പെട്ട ഭൂമി ഒരേക്കര്‍ മാത്രം. 1990-കളില്‍ 30ലധികം ആദിവാസികള്‍ പട്ടിണികൊണ്ട് മരിച്ചപ്പോഴാണ് അവരുടെ ഭൂമിയിലെ അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പിന്നെ നടന്നത്. 1999 ഒക്ടോബര്‍ ഏഴിന് 76 കുടുംബങ്ങള്‍ക്കായി 225 ഏക്കറിന്റെ വിതരണം സര്‍ക്കാര്‍ തുടങ്ങി. അട്ടപ്പാടിയില്‍ 400 കുടുംബങ്ങള്‍ക്ക് 1200 ഏക്കറും. ഇവയൊന്നും കൃഷിയോഗ്യമായ ഭൂമിയായിരുന്നില്ല. താമസിക്കാന്‍ അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുണ്ടായിരുന്നില്ല. ഇതിനിടയില്‍ 1999 ആക്റ്റിന്റെ അഞ്ചും ആറും സെക്ഷനുകള്‍ നടപ്പാക്കുന്നത് ഒക്ടോബര്‍ പതിനൊന്നിന് ഹൈക്കോടതി സ്റ്റേ ചെയ്തു. കൈയേറ്റ ഭൂമിക്കു പകരം ഭൂമി എന്ന വ്യവസ്ഥയായിരുന്നു ഈ വകുപ്പുകളില്‍. 1975 ആക്റ്റ് നടപ്പിലാക്കാന്‍ അഞ്ചു മാസം കൂടി ഹൈക്കോടതി സര്‍ക്കാരിനു സമയം നല്‍കി. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ നഷ്ടപരിഹാരം മാത്രമല്ല, ചീഫ് സെക്രട്ടറിയെ ശിക്ഷിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ആ റൂളിങ്ങില്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയ ഒന്നുണ്ട്- 1975 ആക്റ്റിനെ 1999-ലെ നിയമം ഒരിക്കലും മറികടക്കില്ല. 1975-ലെ നിയമം അട്ടിമറിക്കുന്നതോടെ കേരളത്തിലെ ആദിവാസി ഭൂസമരം അവസാനിക്കും എന്നാണ് ഇടതുവലതു മുന്നണികള്‍ കരുതിയിരുന്നത്. എന്നാല്‍ കൂടുതല്‍ വ്യാപ്തിയോടെ ആദിവാസി ഭൂസമരം ശക്തിപ്പെടുകയാണുണ്ടായത്.

ഭൂസമരങ്ങള്‍ക്ക് ഭൂരഹിതരുടേയും ദളിതരുടേയും ജനാധിപത്യവിശ്വാസികളുടേയും വിശാലമായ പിന്തുണ ലഭിച്ചുതുടങ്ങി. 1997-'98 കാലഘട്ടത്തില്‍ ആരംഭിച്ച ആറളം ഭൂസമരം, കുണ്ടളയിലും അട്ടപ്പാടിയിലെ തൂവൈപ്പതിയിലും നടന്ന ഭൂസമരം തുടങ്ങിയവയെല്ലാം ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1990 മുതല്‍ നിയമപരമായ വ്യവഹാരങ്ങളിലൂടെ തിരിച്ചുകിട്ടേണ്ട അന്യാധീനപ്പെട്ട ഭൂമിയുടെ പ്രശ്നം മാത്രമായിരുന്നു പ്രക്ഷോഭ വിഷയം. 4000-ത്തിലധികം വരുന്ന കര്‍ഷകരായ ആദിവാസി കുടുംബങ്ങളുടെ ഭൂമിപ്രശ്നമായി മാത്രമേ ഇടതുവലതു സര്‍ക്കാരുകള്‍ ഇതിനെ പരിഗണിച്ചിരുന്നുള്ളൂ. കുടില്‍കെട്ടി സമരത്തോടെ കേരളത്തിലെ മുഴുവന്‍ ഭൂരഹിതരുടെ പുനരധിവാസവും പ്രശ്നമായി. സര്‍ക്കാരിന്റെ കൈവശമുള്ള റവന്യൂഭൂമി, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൈവശം വെയ്ക്കുന്ന എസ്റ്റേറ്റ് ഭൂമി, ആദിവാസി പ്രോജക്ടുകള്‍, ടാറ്റാ ഹാരിസണ്‍ തുടങ്ങിയ വന്‍കിടക്കാര്‍ അനധികൃതമായി കൈവശം വെയ്ക്കുന്ന ഭൂമി, വനഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നടപ്പാക്കിയ 1971-ലെ നിയമമനുസരിച്ച് കൊടുക്കാവുന്ന വനഭൂമി തുടങ്ങിയ ലഭ്യമായ ഭൂമിയുടെ കണക്കുകള്‍ ഭൂരഹിതരുടെ പുനരധിവാസത്തിന് ഇനിയും സാധ്യതകളുണ്ടെന്ന് വ്യക്തമായി. 

ജനസംഘത്തിന്റെ പേരില്‍ ആദിവാസി സംഘം, സി.പി.ഐയുടെ നേതൃത്വത്തില്‍ കേരള ഗിരിവരജസംഘം തുടങ്ങി സംഘടനകളുണ്ടായിട്ടും 1980-കളിലും 1990-കളിലുമായി വിപ്ലവാവേശത്തോടെ ഒരുപിടി സംഘടനകള്‍ പിറവിയെടുത്തു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ അവഗണനയായിരുന്നു കാരണം. ഇടുക്കിയിലെ മലയരയ മഹാസഭയും അട്ടപ്പാടിയിലെ ഗിരിജന്‍ സേവാസമിതിയും പത്തനംതിട്ടയിലെ ആള്‍ കേരള ട്രൈബല്‍ വര്‍ക്കേഴ്സ് യൂണിയനും അങ്ങനെ രൂപപ്പെട്ടതാണ്. ആദിവാസി വികസന പ്രവര്‍ത്തകസമിതി, ആദിവാസി ഫെഡറേഷന്‍, ആദിവാസി ഐക്യസമിതി, ആദിവാസി വിമോചന മുന്നണി എന്നിവയ്ക്കു പിന്നാലെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആദിവാസി ക്ഷേമസമിതിയും പ്രഭാവത്തിലേക്കു വന്നു. 2001 ജൂലൈയിലാണ് പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ 32 പട്ടിണി മരണങ്ങളുണ്ടായത്. 1999-2000 കാലഘട്ടത്തില്‍ കേരളത്തിലെമ്പാടുമായി 157 ആദിവാസികള്‍ പട്ടിണിമരണത്തിന് വിധേയരായി എന്നാണ് കണക്കാക്കപ്പെടുന്നത്. 'സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ടവരല്ല ആദിവാസികള്‍' എന്ന പ്രഖ്യാപനവുമായി നൂറുകണക്കിന് ആദിവാസികള്‍ സെക്രട്ടേറിയറ്റ് പടിക്കലും മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലും കുടില്‍കെട്ടി സമരം നടത്തി. 2001 ആഗസ്റ്റ് 29-ന് തുടങ്ങിയ പ്രക്ഷോഭം ഒക്ടോബര്‍ 16 വരെ നീണ്ടുനിന്നു. സി.കെ. ജാനുവും ഗീതാനന്ദനും നയിച്ച പ്രക്ഷോഭം ആന്റണി സര്‍ക്കാരുമായി ധാരണയിലെത്തിയതോടെ അവസാനിച്ചു. ഒരേക്കറില്‍ താഴെയുള്ള എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും അഞ്ചേക്കര്‍ ഭൂമി നല്‍കാന്‍ തീരുമാനമായത് അന്നാണ്. അതും 2002 ഡിസംബര്‍ 31-നകം ഭൂമിവിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ധാരണ. ഒരു ഐ.എ.എസ് ഓഫീസറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ മിഷന്‍ രൂപീകരിച്ചത് ഈ കരാര്‍ പ്രകാരമാണ്. അഞ്ചിനക്കരാര്‍ പ്രഖ്യാപനമായി മാത്രം ഒതുങ്ങി. 2002 ജനുവരി ഒന്നിന് ഇടുക്കി ജില്ലയിലെ മറയൂര്‍, കുണ്ടള, ചിന്നക്കനാല്‍, പൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിലും കണ്ണൂര്‍ ജില്ലയിലെ ചാവശ്ശേരി, കൊല്ലം ജില്ലയിലെ കുരിയോട്ടുമല തുടങ്ങിയ സ്ഥലങ്ങളിലും പുനരധിവാസം ആരംഭിച്ചു. എന്നാല്‍, ആരംഭശൂരത്വം മാത്രമാണ് പദ്ധതിക്കുണ്ടായത്. ഇതോടെ ആറളത്തും വയനാട്ടിലെ മുത്തങ്ങയിലും ഭൂസമരം തുടങ്ങി. 2003 ജനുവരി 3-ന് നൂറുകണക്കിന് ആദിവാസികള്‍ വനഭൂമിയിലുള്ള അവകാശം ഉന്നയിച്ച് മുത്തങ്ങ വനഭൂമിയില്‍ കുടില്‍ കെട്ടി.

മുത്തങ്ങ വനഭൂമിയിലെ 28 ഓളം ആദിവാസി സങ്കേതങ്ങളില്‍ ഭരണഘടനയും നിലവിലുള്ള നിയമങ്ങളും അനുശാസിക്കുന്ന ആദിവാസി ഗ്രാമസഭകളാണ് രൂപംകൊണ്ടത്. എന്നാല്‍ 2003 ഫെബ്രുവരി 19-ന് പരിസ്ഥിതി പുന:സ്ഥാപനവും ആദിവാസി സ്വയംഭരണവും സ്വപ്നം കണ്ട ആദിവാസികളുടെ കുടിലുകളും വനഭൂമിയും അഗ്‌നിക്കിരയാക്കി. ആദിവാസികള്‍ക്കെതിരെ വെടിയുതിര്‍ത്ത ഭരണകൂടം ഒരു ശത്രുരാജ്യത്തെ ആക്രമിച്ചു കീഴടക്കുന്ന രീതിയില്‍ അവരെ തുരത്തുകയും 'മുത്തങ്ങയെ മോചിപ്പിക്കുക'യും ചെയ്തു! പൊലീസ് വെടിവെപ്പില്‍ ആദിവാസിയായ ജോഗി കൊലചെയ്യപ്പെട്ടു. ഒരു പൊലീസുകാരന്‍ മരണമടഞ്ഞു. നിരവധി പേര്‍ വേട്ടയാടപ്പെട്ടു. 1000-ത്തോളം വരുന്ന ആദിവാസികളെ ജയിലിലടക്കുകയും മൃഗീയമായ അതിക്രമത്തിനിരയാക്കുകയും ചെയ്ത ഭരണാധികാരികള്‍, ഒരു ദശകം കഴിഞ്ഞിട്ടും നൂറുകണക്കിന് ആദിവാസികളെ കുറ്റവാളികളായി മുദ്രകുത്തി വിചാരണ നടപടിക്ക് വിധേയരാക്കിക്കൊണ്ടിരിക്കുന്നു. മുത്തങ്ങാ സംഭവത്തിനു ശേഷം കേരളത്തിലെ ആദിവാസി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒരു ഘട്ടത്തില്‍ വേഗത കൈവരിക്കുകയുണ്ടായി. ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രത്തില്‍നിന്നും 19,600 ഏക്കര്‍ ഭൂമി ലഭിച്ചു; 7500 ഏക്കര്‍ വരുന്ന ആറളം ഫാം കേന്ദ്രം വിലയ്ക്ക് നല്‍കി; മുത്തങ്ങ സമരത്തിനുശേഷം ദേശീയതലത്തില്‍ വനാവകാശനിയമം നിലില്‍വന്നു. ഇതൊന്നും ആദിവാസികളുടെ ഭൂപ്രശ്നത്തിനു പരിഹാരമായിരുന്നില്ല. 

 കഴിഞ്ഞവര്‍ഷം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 8000 ഏക്കര്‍ മാത്രമാണ് ഭൂരഹിതര്‍ക്ക് ഇതുവരെ വിതരണം ചെയ്യാന്‍ കഴിഞ്ഞത്. എന്നാല്‍, ഇതില്‍ ഭൂരിഭാഗവും അടിസ്ഥാന സൗകര്യമില്ലാത്ത, കൃഷിയോഗ്യമല്ലാത്ത തരിശുഭൂമികളോ മൊട്ടക്കുന്നുകളോ ആയിരുന്നു. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും അവകാശപ്പെട്ട ഭൂമി നിഷേധിക്കാന്‍ നിയമപരമായും അല്ലാതെയും ഇടതു-വലതു മുന്നണികള്‍ ഒറ്റക്കെട്ടായാണ് ഇതുവരെ രംഗത്തിറങ്ങിയത്.

ഇത്തവണ അധികാരത്തിലേറിയപ്പോഴും ആ നിലപാടില്‍ മാറ്റമില്ല. ഹാരിസണിനെതിരേ മനപ്പൂര്‍വം കേസുകള്‍ തോറ്റു കൊടുത്ത് ഭൂപ്രശ്‌നം പരിഹരിക്കാനാവാതെ കൊണ്ടുപോകുന്ന തുടര്‍ച്ച നിര്‍വഹിക്കുകയാണ് ഇപ്പോഴത്തെ ഇടതു സര്‍ക്കാരും. ഒരു വശത്ത് വ്യാജ ആധാരങ്ങള്‍ ചമച്ച് റവന്യൂഭൂമി കൈവശം വച്ചനുഭവിക്കുന്ന കുത്തകകള്‍. മറുവശത്ത് മരിച്ചാല്‍ ശവമടക്കാന്‍ ഒരു തുണ്ടുഭൂമി പോലുമില്ലാത്ത അടിസ്ഥാന വര്‍ഗങ്ങള്‍. ഇതിലാരുടെ ഒപ്പമാണ് മഹരാഷ്ട്രയില്‍ ലോങ്മാര്‍ച്ച് നടത്തുന്ന ഇടതുപക്ഷം നില്‍ക്കുക?. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com