ശ്രീലങ്കന്‍ കുരുതിയില്‍ ഇന്ത്യയ്ക്ക് പാഠമുണ്ട്: ഹമീദ് ചേന്ദമംഗലൂര്‍ എഴുതുന്നു

ശ്രീലങ്കന്‍ കുരുതിയില്‍ ഇന്ത്യയ്ക്ക് പാഠമുണ്ട്: ഹമീദ് ചേന്ദമംഗലൂര്‍ എഴുതുന്നു

ത്രയാരും കേട്ടിട്ടില്ലാത്ത പേരാണ്  'നാഷണല്‍ തൗഹീദ് ജമാഅത്ത്' (എന്‍.റ്റി.ജെ.). ശ്രീലങ്കയിലെ ഈ മതതീവ്രവാദ പ്രസ്ഥാനത്തിന്റെ മേധാവിയായ മുഹമ്മദ് സഹ്‌റാന്‍ ഹാഷിദും അത്രയൊന്നും അറിയപ്പെടുന്ന ആളല്ല. മദ്രസ്സാ അധ്യാപകനും മതപ്രസംഗകനുമായ സഹ്‌റാന്റെ സംഘടന വിഗ്രഹപൂജാവിരോധികളുടെ  കൂട്ടായ്മയായാണ് അരങ്ങിലെത്തിയത്. ബിംബാരാധന അനിസ്ലാമികമാണെന്നും അത് ഒരളവിലും പൊറുപ്പിച്ചുകൂടെന്നുമുള്ള അധ്യാപനവുമായാണ് സഹ്‌റാന്‍ ഹാഷിം, ശ്രീലങ്കയില്‍ തന്റെ ജന്മദേശമായ കാത്താന്‍കുടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

വിചിത്രമായി തോന്നാം, നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ ഒന്നാമത്തെ ഇര മുസ്ലിങ്ങള്‍ തന്നെയായിരുന്നു. നൂറുശതമാനം മുസ്ലിം ജനസംഖ്യയുള്ള കാത്താന്‍കുടിയില്‍ വിഗ്രഹവിരോധമില്ലാത്ത, സൂഫിധാരയില്‍പ്പെട്ട മുസ്ലിങ്ങളെ ആക്രമിച്ചുകൊണ്ടാണ് സഹ്‌റാന്‍ ഹാഷിം തന്റെ 'തൗഹീദ് ശൂരത' വിളംബരം ചെയ്തത്. 2017 മാര്‍ച്ച് 16-ന് ബദൂരിയ പള്ളി പരിസരത്തു വെച്ച് സഹ്‌റാനും സംഘവും സൂഫി മനോഭാവമുള്ള മുസ്ലിങ്ങളുടെ നേരെ സായുധാക്രമണം നടത്തി. അഫ്ഗാനിസ്ഥാനിലെ താലിബാനില്‍നിന്നും ഇറാഖ്-സിറിയ മേഖലയിലെ ഐ.എസ്സില്‍നിന്നും പകര്‍ത്തിയ അസഹിഷ്ണുതാപരമായ വിഗ്രഹധ്വംസനം കാന്‍ഡി ജില്ലയിലെ മാവനെല്ലയില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് ആവര്‍ത്തിച്ചു. 2018 ഡിസംബര്‍ 26-ന് മാവനെല്ലയിലെ ഒട്ടേറെ ബുദ്ധപ്രതിമകള്‍ നശിപ്പിക്കുകയോ അപവിത്രീകരിക്കുകയോ ചെയ്തു 'തൗഹീദ് യോദ്ധാക്കള്‍.'
മേല്‍പ്പറഞ്ഞ സംഘടനയാണ് ഇക്കഴിഞ്ഞ ഈസ്റ്റര്‍ദിന (ഏപ്രില്‍-21)ത്തില്‍ ശ്രീലങ്കയിലെ ചില ക്രൈസ്തവ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടന്ന ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. കുട്ടികളടക്കം മുന്നൂറ്റിയന്‍പതോളം പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ ആക്രമണം എന്‍.റ്റി.ജെ തനിച്ച് നടത്തിയതല്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്സിന്റെ) സഹകരണത്തോടെയാണ്  മുപ്പത്തിനാലുകാരനായ മുഹമ്മദ് സഹ്‌റാന്റെ നേതൃത്വത്തിലുള്ള എന്‍.റ്റി.ജെ എട്ടിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്.

ആക്രമണത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ ഇറാഖിലും സിറിയയിലും പോയി ഐ.എസ്സുമായി ബന്ധപ്പെട്ടിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2014 ജൂണില്‍ 'ഖിലാഫത്ത്' നിലവില്‍ വന്നതായി പ്രഖ്യാപിക്കുകയും ലോകത്തിലെ 150 കോടി മുസ്ലിങ്ങളുടെ ഖലീഫയായി സ്വയം അവരോധിക്കുകയും ചെയ്ത അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ആരാധകരാണ് സ്‌ഫോടനപരമ്പരയുടെ നടത്തിപ്പുകാരെന്നു വിവിധ ഏജന്‍സികളുടെ വാര്‍ത്തകളില്‍നിന്നു തെളിയുന്നുണ്ട്.

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കുന്ന ഈസ്റ്റര്‍ നാളില്‍, വെറും 7.6 ശതമാനം മാത്രം ക്രൈസ്തവരുള്ള ശ്രീലങ്കയില്‍ എന്തുകൊണ്ട് ഐ.എസ്സും അതിന്റെ സഹകാരിയെന്നു കരുതേണ്ട എന്‍.റ്റി.ജെയും ചേര്‍ന്നു സ്‌ഫോടനപരമ്പര സംഘടിപ്പിച്ചു? സാമുവല്‍ പി. ഹണ്ടിംഗ്ടണ്‍ പറഞ്ഞ 'സംസ്‌കാരങ്ങളുടെ സംഘട്ടനം' ഏതെങ്കിലും തരത്തില്‍ ഈ സംഭവത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ? ക്രൈസ്തവ ദേവാലയങ്ങളിലും പാശ്ചാത്യരും ക്രൈസ്തവരുമായ വിനോദസഞ്ചാരികള്‍ താമസിക്കുന്ന അത്യാഡംബര ഹോട്ടലുകളിലുമാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. ക്രിസ്തുമത വിശ്വാസികളും ആ മതസംസ്‌കാരത്തിന്റെ ഭാഗമായ പാശ്ചാത്യ ടൂറിസ്റ്റുകളും ഉന്നംവെക്കപ്പെട്ടു എന്നു നിശ്ചയമായും അനുമാനിക്കാം.
തീവ്ര ഇസ്ലാമിസ്റ്റുകള്‍ സംസ്‌കാരത്തെ മുസ്ലിം/അമുസ്ലിം എന്നിങ്ങനെ കര്‍ക്കശമായി വിഭജിക്കുന്നവരാണ്. ഇസ്ലാമിക സംസ്‌കാരമാണ് ലോകത്താകമാനം മേധാവിത്വം പുലര്‍ത്തേണ്ടത് എന്നു ശഠിക്കുന്നവര്‍ കൂടിയാണവര്‍. അവരുടെ ദൃഷ്ടിയില്‍ ആഗോള തലത്തില്‍ ഏറ്റവും ശക്തമായ അനിസ്ലാമിക സംസ്‌കാരം പാശ്ചാത്യ (ക്രൈസ്തവ) സംസ്‌കാരമാണ്. തങ്ങളുടെ വിഭാവനയിലുള്ള ഇസ്ലാമിക സമൂഹത്തിന്റേയും സംസ്‌കാരത്തിന്റേയും  മൂല്യശത്രുവായി അവര്‍ പാശ്ചാത്യ രാഷ്ട്രങ്ങളുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നു. ലോകത്ത് ഇസ്ലാമിക ഖിലാഫത്ത് (ഇസ്ലാമിക ഭരണം) സ്ഥാപിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രതിബന്ധം ആധുനിക കാല 'ജാഹിലിയ്യ' (അജ്ഞതാമൂര്‍ത്തി) എന്നു തങ്ങള്‍ വിലയിരുത്തുന്ന പടിഞ്ഞാറന്‍ സംസ്‌കൃതിയാണെന്ന പിഴച്ച ബോധത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് അവരുടെ പ്രത്യയശാസ്ത്രമായ ഇസ്ലാമിസം എന്ന യാഥാര്‍ത്ഥ്യവും ഓര്‍ക്കേണ്ടതുണ്ട്.

ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് തെരഞ്ഞെടുത്ത നാളും സ്ഥലങ്ങളും സ്‌ഫോടനാസൂത്രകരുടെ ക്രൈസ്തവ (പാശ്ചാത്യ) സംസ്‌കാരദ്വേഷം സുതരാം വെളിപ്പെടുത്തുന്നതാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മതപ്രാധാന്യമുള്ള ഈസ്റ്റര്‍ വേളയില്‍ അവര്‍ ഒത്തുകൂടുന്ന ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുക വഴി ഇസ്ലാമിക സംസ്‌കാരത്തിന്റെ ദ്വജവാഹകരായ ഇസ്ലാമിസ്റ്റുകള്‍ പാശ്ചാത്യ ക്രൈസ്തവ സംസ്‌കാരത്തെ തങ്ങള്‍ വെറുതെ വിടില്ല എന്ന വിദ്വേഷ നിര്‍ഭര സന്ദേശമാണ് നല്‍കിയത്. ഇതു പറയുമ്പോള്‍ സ്വാഭാവികമായി ഉയരാവുന്ന ഒരു ചോദ്യമുണ്ട്. ഐ.എസോ അല്‍ ഖ്വെയ്ദയോ ജെയ്‌ശെ മുഹമ്മദോ അമ്മാതിരിയുള്ള മറ്റു മുസ്ലിം തീവ്രവാദ സംഘങ്ങളോ  സുന്നിയേതരം മുസ്ലിങ്ങളെക്കൂടി അപരരായി ഗണിക്കുകയും ആക്രമിക്കുകയും ചെയ്യുന്നില്ലേ? സംഗതി ശരിയാണ്. സുന്നി ഇസ്ലാമിസത്തിന് പുറത്തു നില്‍ക്കുന്ന ശിയാ മുസ്ലിങ്ങളേയും സൂഫി മുസ്ലിങ്ങളേയും  അഹമദിയ്യ മുസ്ലിങ്ങളേയുമെല്ലാം ആക്രമിച്ചുപോരുന്ന പാരമ്പര്യം മേല്‍ സൂചിപ്പിച്ച ഭീകര സംഘങ്ങള്‍ക്കുണ്ട്. സുന്നിയേതര മുസ്ലിങ്ങള്‍ യഥാര്‍ത്ഥ ഇസ്ലാമിക സംസ്‌കാരം അംഗീകരിക്കാത്തവരും  അതിനാല്‍ത്തന്നെ വെറുക്കപ്പെടേണ്ടവരുമാണെന്ന വിശ്വാസമത്രേ ആ സമീപനത്തിനാധാരം.
ലോകസമൂഹം മുസ്ലിങ്ങളായി പരിഗണിക്കുന്ന എല്ലാവരേയും ആ രീതിയില്‍ കാണാന്‍ സുന്നി ഇസ്ലാമിസ്റ്റുകള്‍ തയ്യാറല്ല എന്ന വസ്തുത നിലനില്‍ക്കുമ്പോഴും, ആഗോള മുസ്ലിങ്ങളില്‍ മൃഗീയ ഭൂരിപക്ഷമുള്ള സുന്നിമുസ്ലിങ്ങളുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭരണം സാധ്യമായേടത്തെല്ലാം സ്ഥാപിക്കണമെന്ന കാര്യത്തില്‍ ഐ.എസ്സിനേയും അല്‍ ഖ്വെയ്ദയേയും പോലെ നാഷണല്‍ തൗഹീദ് ജമാഅത്തിനും അശേഷം സംശയമില്ല. ആ സംഘടനയുടെ മേധാവിയും ശ്രീലങ്കന്‍ കുരുതിയുടെ സൂത്രധാരനുമായ മുഹമ്മദ് സഹ്‌റാന്‍ ഹാഷിം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ആഹ്വാനത്തിന്റെ ഉള്ളടക്കം നോക്കൂ: ശ്രീലങ്കയിലും തമിഴ്നാട്ടിലും കേരളത്തിലും ഇസ്ലാമിക ഭരണം സ്ഥാപിക്കണം. (മാതൃഭൂമി, 27-04-2019).

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന നരക്കശാപ്പ് ഇന്ത്യയ്ക്ക് പാഠമാകേണ്ടതുണ്ട് എന്നു പറയുന്നത് മേല്‍സൂചിപ്പിച്ച വസ്തുതയുടെ പശ്ചാത്തലത്തിലാണ്. ശ്രീലങ്കയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കേരളവും ചേര്‍ന്നു ഇസ്ലാമിക രാഷ്ട്രമാകണമെന്നു തന്റെ പ്രഭാഷണങ്ങളിലൂടെ പ്രചരിപ്പിക്കുന്ന എന്‍.റ്റി.ജെയുടെ നേതാവ് തമിഴ്നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വരികയും അവിടങ്ങളില്‍ തന്റെ തീവ്ര മതമൗലികാശയങ്ങള്‍ പ്രക്ഷേപിച്ചു പോവുകയും ചെയ്തതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദക്ഷിണേന്ത്യയേയും ശ്രീലങ്കയേയും സംയോജിപ്പിച്ച് ഒരു ഐ.എസ്. മോഡല്‍ ഖിലാഫത്ത് നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ സ്വപ്നം കണ്ടിരുന്നു എന്നു കരുതുന്നത് തെറ്റാവില്ല. വിശേഷിച്ചും തമിഴ്നാട്ടില്‍ 'തമിള്‍നാട് തൗഹീദ് ജമാഅത്ത്' എന്ന സംഘടന പ്രവര്‍ത്തിച്ചുപോരുന്ന പരിതസ്ഥിതിയില്‍.

ഇറാഖ്-സിറിയ മേഖലയില്‍ പ്രത്യക്ഷപ്പെട്ട ഐ.എസ്സുമായി ബന്ധപ്പെടുത്തി സഹ്‌റാന്‍ ഹാഷിമിന്റെ സംഘടനയെ വിലയിരുത്തുന്നത് ശരിയാണോ എന്ന ചോദ്യം ചിലര്‍ ഉന്നയിച്ചേക്കും. ഐ.എസ്. അതിന്റെ പ്രഭവകേന്ദ്രമായ ഇറാഖില്‍നിന്നും സിറിയയില്‍നിന്നും ഏറെക്കുറെ തുടച്ചുമാറ്റപ്പെട്ട അവസ്ഥയില്‍ ആ സംഘടനയ്ക്ക് ഇനിയെന്ത് പ്രസക്തി എന്ന സംശയം ന്യായം തന്നെ. പക്ഷേ, മനസ്സിലാക്കപ്പെടേണ്ടത്  മധ്യപൗരസ്ത്യദേശത്ത്  പരാജയം ഏറ്റുവാങ്ങിയ ഐ.എസ്. അതിന്റെ ദംഷ്ട്രകള്‍ ദക്ഷിണേഷ്യന്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതില്‍ ദത്തശ്രദ്ധമാണ് എന്ന് വസ്തുതയത്രേ. അഫ്ഗാനിസ്ഥാനും പാകിസ്താനും ബംഗ്ലാദേശും മാത്രമല്ല, ഇന്ത്യയും ശ്രീലങ്കയുമെല്ലാം ഐ.എസ്സിന് താല്പര്യമുള്ള രാഷ്ട്രങ്ങളില്‍പ്പെടുന്നു. ശ്രീലങ്കയില്‍നിന്നു ഏതാനും ചെറുപ്പക്കാര്‍ ഐ.എസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ 2015 തൊട്ടുള്ള വര്‍ഷങ്ങളില്‍ സിറിയയിലേക്ക് പോയിരുന്നു എന്നത് വിസ്മരിക്കാവതല്ല.
കേരളവും തമിഴ്നാടും കര്‍ണാടകയും മഹാരാഷ്ട്രയുമുള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നു ഐ.എസ് ഭ്രമം മൂത്ത് സിറിയയിലേക്ക് പലായനം ചെയ്ത യുവതീയുവാക്കളുണ്ടെന്ന യാഥാര്‍ത്ഥ്യവും കൂട്ടത്തില്‍ ഓര്‍ക്കണം. തീവ്രവാദ-ഭീകരവാദവല്‍ക്കരണത്തിനു വിധേയരാകുന്ന ചെറുപ്പക്കാരാണ് സ്വന്തം ജന്മനാടുകളില്‍ ഭ്രാന്തമായ മതതീവ്രവാദ ധാരണകളുമായി തിരിച്ചെത്തുന്നതും സ്വര്‍ഗ്ഗ കാമനയുമായി ചാവേര്‍ സ്‌ഫോടകരായി രൂപാന്തരപ്പെടുന്നതും.

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കണ്ണില്‍ പാശ്ചാത്യ (ക്രൈസ്തവ) സംസ്‌കാരം മാത്രമല്ല, ഇസ്ലാമിക സംസ്‌കാരത്തിന്റെ ശത്രു എന്നതും മനസ്സില്‍ വെക്കേണ്ടതുണ്ട്. ഇസ്ലാമികമല്ലാത്ത ഹൈന്ദവ, ജൂത, ബൗദ്ധ സംസ്‌കാരങ്ങള്‍ ഉള്‍പ്പെടെയുള്ള മതസംസ്‌കാരങ്ങളും നിരീശ്വരവാദപരമായ കമ്യൂണിസ്റ്റ് സംസ്‌കാരവുമെല്ലാം അവരെ സംബന്ധിച്ചിടത്തോളം 'ജാഹിലിയ്യ'യുടെ ഭാഗമാണ്. ജാഹിലിയ്യയെ പരാജയപ്പെടുത്തുകയെന്നത് ഉത്തമ ഇസ്ലാംമത വിശ്വാസികളുടെ അനുപേക്ഷണീയ കടമയാണെന്നു സിദ്ധാന്തിക്കുന്ന പ്രത്യയശാസ്ത്രം ശ്രീലങ്കയിലെന്നപോലെ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന ആശങ്ക അതിശയോക്തിപരമെന്നു തള്ളാവതല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com