ഐഹോള: രക്തശിലകളില്‍ തീര്‍ത്ത സ്വപ്നങ്ങള്‍

രക്തവര്‍ണ്ണമുള്ള ശിലകളാണ് ഐഹോളയിലേത്. ഈ ചുവന്ന മലനിരകളിലാണ് ചാലൂക്യര്‍ അവരുടെ സ്വപ്നങ്ങള്‍ ശിലയില്‍ കൊത്തിയെടുത്തത്
ഐഹോള: രക്തശിലകളില്‍ തീര്‍ത്ത സ്വപ്നങ്ങള്‍

ഴിത്താരയിലൂടെ നടക്കുമ്പോള്‍, പുകഴ്പെറ്റ ശില്പികള്‍ തങ്ങളുടെ സര്‍ഗ്ഗശക്തിയുടെ മാറ്റുരച്ചു നോക്കിയ ചാണക്കല്ലാണ് ഐഹോള. ഹംപി സന്ദര്‍ശനശേഷം സൂര്യന്‍ തിളയ്ക്കുന്ന ഉത്തര കര്‍ണാടക മണ്ണിലൂടെ ഭഗല്‍ക്കോട്ട് ജില്ലയിലേക്ക് തിരിച്ചു. അവിടെയാണ് ശിലയെഴുത്തുകളില്‍ ആര്യപുരമെന്നും അയ്യാഹോളയെന്നും എഴുതപ്പെട്ട് ഇപ്പോള്‍ ഐഹോള എന്നറിയപ്പെടുന്ന ഇടം. ശില്പസൗധങ്ങളുടെ ഈ ഗ്രാമമാണ് പൗരാണിക ഭാരതത്തിലെ എല്ലാത്തരം ശില്പവിദ്യകളുടേയും നിര്‍മ്മാണങ്ങളുടേയും പരീക്ഷണശാല. 
ഹംപിയില്‍നിന്ന് 138 കിലോമീറ്റര്‍ ദൂരമുണ്ട് ഐഹോളയിലേക്ക്. ഉഷ്ണക്കാറ്റ് തലോടുന്ന വരണ്ട വിളഭൂമികളില്‍ ഏകാന്തമായി നില്‍ക്കുന്ന ഒറ്റവൃക്ഷ തണലോരം ചേര്‍ന്ന് കൂട്ടുകൂടി നില്‍ക്കുന്നു കാലിക്കൂട്ടങ്ങള്‍. ഇടയ്ക്കിടെ കാണുന്ന വാഹനങ്ങളും കാളവണ്ടികളുമൊഴിച്ചാല്‍ ഏറെക്കുറെ വിജനമാണ് പാത. തമിഴനെപ്പോലെ വെയിലിനോട് ഇഴുകിച്ചേരലും വെയിലിനെ എടുത്തണിയലും കന്നഡിഗന് അത്ര പ്രിയമല്ലെന്ന് തോന്നുംവിധം ശുഷ്‌കമാണ് ജനപഥങ്ങള്‍. 

ഐഹോള അടുക്കാറായപ്പോഴേയ്ക്കും ഗംഭീര പാറമലകള്‍ കാഴ്ചയിലേക്ക് വന്നുതുടങ്ങി. ഹംപിയിലെ പാറക്കൂട്ടങ്ങള്‍ക്ക് വിളര്‍ത്ത വെള്ളനിറമായിരുന്നു എങ്കില്‍ ഇവിടെ പാറകള്‍ക്ക് ഇളം ചുവപ്പ് നിറം. 
ഖനിമാഫിയയുടെ ഇഷ്ടദേശങ്ങളാണ് ഐഹോളയ്ക്ക് ചുറ്റും. ഇവിടെനിന്ന് ഏറെ ദൂരമില്ല കോലാര്‍ സ്വര്‍ണ്ണഖനിയിലേക്കും. ഇരുമ്പയിരിന്റെ സാന്നിദ്ധ്യമാകണം പാറകളുടെ ഈ രക്തവര്‍ണ്ണത്തിനു കാരണം. 

'ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടില്‍' എന്നാണ് ഐഹോള അറിയപ്പെടുന്നത്. ശില്പവേലകള്‍ക്ക് വേണ്ട ഒരേ ഒരു അസംസ്‌കൃത വസ്തുവായ, മണ്ണുപോലെ വഴങ്ങുന്ന ലക്ഷണമൊത്ത പാറമലകളുടെ നാട് ശില്പികളുടെ ഗ്രാമമായി മാറി. രക്തരാശി പാറകളാവട്ടെ, ശില്പികള്‍ക്കേറെ പ്രിയതരവും. അതുകൊണ്ടുതന്നെ ചാലൂക്യരാജവംശം ഞങ്ങളുടെ സ്വപ്നങ്ങള്‍ എക്കാലത്തേക്കുമായി ശിലകളില്‍ അടയാളപ്പെടുത്തും മുന്‍പ് അവ കുറ്റമറ്റ് എഴുതി പഠിക്കാന്‍ ശില്പികള്‍ക്ക് ഐഹോള വിട്ടുനല്‍കി. ശരിക്കും പറഞ്ഞാല്‍ ഐഹോള കണ്ട ശേഷമാണ് പൗരാണിക ഭാരതത്തിലെ ശില്പങ്ങളും ശില്പസമുച്ചയങ്ങളും കാണേണ്ടതെന്ന് പറയപ്പെടുന്നു. ഐഹോളയുടെ പരീക്ഷണശാലയില്‍നിന്ന് ചിതറിത്തെറിച്ച അഗ്‌നിസ്ഫുലിംഗങ്ങളാണതെല്ലാം. വേരുകൊണ്ട് ഐഹോള തൊട്ടുനില്‍ക്കും ഇടങ്ങള്‍! അതിപ്രഗല്‍ഭരായ വാസ്തുവിദഗ്ദ്ധര്‍ക്കും ശില്പികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പകര്‍ന്നു നല്‍കാന്‍ ശിഷ്യന്മാര്‍ ഏറെയുള്ള ഇടം! ഐഹോളയിലേക്ക് കടന്നതും പാതകള്‍ ഇടുങ്ങിവന്നു. അവിടെയുമിവിടെയുമൊക്കെയായി തെറ്റിത്തെറിച്ചു കിടക്കുന്ന അതിപൗരാണിക സമുച്ചയങ്ങള്‍.

കണ്‍മുന്നില്‍ കാണുന്ന ഈ ഓരോ സമുച്ചയത്തിനും ഒറ്റയ്ക്ക് ഒറ്റയ്ക്ക് ലോകപൈതൃക പട്ടികയില്‍ ഇടം പിടിക്കാന്‍ ഗാംഭീര്യമുണ്ടായിട്ടും ഐഹോളയ്ക്ക് അതിനുള്ള യോഗമില്ലാതായി. ലോകപൈതൃക കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആള്‍ത്താമസം പാടില്ലെന്ന നിയമം ഉണ്ടത്രെ. ഐഹോളയില്‍ അതിപൗരാണിക സമുച്ചയങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലല്ല, മറിച്ച് സമുച്ചയങ്ങള്‍ക്ക് ഉള്ളില്‍ തന്നെയാണ് തദ്ദേശീയരുടെ താമസം!


തലമുറകളായി കണ്ടുപോരുന്നതിനാല്‍ ഐഹോളക്കാര്‍ക്ക് ഇതൊരു വലിയ സംഭവമായി തോന്നിയിട്ടില്ല. മറിച്ച് തോന്നാന്‍ മാത്രം ചരിത്രബോധമോ വിദ്യാഭ്യാസമോ ഇല്ലതാനും. ഇതു രണ്ടുമുള്ള അധികാരിവര്‍ഗ്ഗത്തിനാവട്ടെ, അതിനുള്ള ബോധമൊട്ടില്ലതാനും. ഇത്തരം സങ്കടക്കാഴ്ചകളിലൂടെ, അവയ്ക്കുള്ളിലെ കുടിപ്പാര്‍പ്പുകാരുടെ അലക്ഷ്യ നിസ്സംഗ നോട്ടങ്ങളിലൂടെ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത സംരക്ഷിത സ്മാരകങ്ങളെ തേടി യാത്ര തുടര്‍ന്നു. 

ഇടിഞ്ഞും പൊളിഞ്ഞും അടര്‍ന്നുമൊക്കെയാണെങ്കിലും തനതു ഗാംഭീര്യത്തില്‍ കാലത്തെ വെന്നു നില്‍ക്കുന്ന അപൂര്‍വ്വ ശില്പസമുച്ചയങ്ങള്‍ക്കുള്ളിലെ കൊത്തുവേലകള്‍ നിറഞ്ഞ കല്‍ക്കിളി വാതിലിലൂടെ, കരിങ്കല്‍ പാകിയ മേല്‍പ്പാളി വിടവുകളിലൂടെ അവിടെ താമസിക്കുന്നവരുടെ അന്നന്നത്തെ അന്നം വേവുന്ന പുക ഉയരുന്നു. ചിത്രാങ്കിത കല്‍ത്തൂണുകളില്‍ ആടിനേയും പശുവിനേയും കെട്ടിയിട്ടിരിക്കുന്നു. ഇന്നും പിടികൊടുക്കാത്ത ക്ഷേത്രഗണിത അളവുകളാല്‍ നിര്‍മ്മിക്കപ്പെട്ട അവയുടെ ഉള്ളറകളിലെ കരിങ്കല്‍ത്തണുപ്പില്‍ ഉച്ചമയങ്ങുന്നു ഗ്രാമീണര്‍. മുറ്റത്ത് അടുപ്പ് കൂട്ടിയിരിക്കുന്നത് ഏതോ നൂറ്റാണ്ടിലെ കൈവേല ശില്പങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു തൂണിന്റെ അവശിഷ്ട ഭാഗങ്ങളാല്‍.

നൂറ്റി ഇരുപത്തിയഞ്ചോളം എണ്ണം പറഞ്ഞ ശില്പാലംകൃത സമുച്ചയങ്ങളും എണ്ണത്തില്‍പ്പെടാത്ത മറ്റനേകം നിര്‍മ്മിതികളുമുള്ള ഐഹോളയില്‍ തദ്ദേശീയര്‍ കയ്യേറാത്തവയും തദ്ദേശീയരെ കുടിയൊഴിപ്പിച്ചെടുത്തവയുമായ സമുച്ചയങ്ങളെ ഇരുപത്തിരണ്ട് കൂട്ടങ്ങളാക്കി തിരിച്ച് പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്നു. കൊത്തുവേലയും നിര്‍മ്മിതിയും പഠിക്കാന്‍ നിര്‍മ്മിച്ചവയായതിനാല്‍ മിക്കതിലും പ്രതിഷ്ഠയോ പൂജയോ ഇല്ലാത്തത് തദ്ദേശീയര്‍ക്ക് വാസമുറപ്പിക്കാന്‍ സൗകര്യവുമായി. അധികം ഉയരമില്ലാത്ത പരന്ന പ്രകാരമാണ് കെട്ടിടങ്ങള്‍ക്ക്. 

ഐഹോള എന്ന പേരു വന്നതിനു പിന്നില്‍ ഗൈഡുകളും തദ്ദേശീയരും പറയുന്ന രസകരമായൊരു മിത്തുണ്ട്. പരശുരാമന്റെ പിതാവ് ജമദഗ്‌നിയുടെ പശു കാമധേനുവിനെ മോഹിച്ച കാര്‍ത്ത്യവീരാര്‍ജ്ജുനന്‍ എന്ന ക്ഷത്രിയ രാജാവ് ജമദഗ്‌നിയെ വധിച്ച് കാമധേനുവിനെ സ്വന്തമാക്കി. ഇതറിഞ്ഞ പരശുരാമന്‍ കാര്‍ത്ത്യവീരാര്‍ജ്ജുനനെ വധിച്ച് കാമധേനുവിനെ വീണ്ടെടുത്തു. ജമദഗ്‌നിയാവട്ടെ, കാമധേനുവിന്റെ ദിവ്യശക്തിയാല്‍ പുനര്‍ജ്ജനിക്കുകയും ചെയ്തു. കാര്‍ത്ത്യവീരാര്‍ജ്ജുനനന്റെ  മക്കള്‍ വെറുതെയിരുന്നില്ല, അവര്‍ ജമദഗ്‌നിയെ വീണ്ടും വധിച്ചു. എന്നാല്‍, പരശുരാമനാരാണ് എന്ന് ശരിക്കും മനസ്സിലാക്കിത്തരാം എന്ന മട്ടില്‍ പരശുരാമന്‍ ക്ഷത്രിയകുലം മുച്ചൂടും നശിപ്പിച്ചു. ക്ഷത്രിയ നിഗ്രഹശേഷം അതിനുപയോഗിച്ച തന്റെ മഴു പരശുരാമന്‍ ഐഹോളയിലൂടെ ഒഴുകുന്ന 'മലപ്രഭ' നദിയിലാണ് കഴുകിയത്. ഒരു കുലത്തിന്റെ രക്തം മുഴുക്കെ പാനം ചെയ്ത മഴു മുക്കിയതും നദി രക്താഭമായി കലങ്ങിമറിഞ്ഞൊഴുകി. ഇതു കണ്ട നദീതട നിവാസികള്‍ അയ്യോ ഹോള എന്നലറിവിളിച്ചു. ഹോള എന്നാല്‍ കന്നടയില്‍ പുഴ എന്നര്‍ത്ഥം. അയ്യോ ഹോള എന്നലറിയ ഇടം പിന്നെ സ്വാഭാവികമായും ഐഹോളയിലേക്കെത്തി. 
കത്തുന്ന നട്ടുച്ചയില്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്ന, നാട്ടുകാര്‍ ദുര്‍ഗ്ഗാക്ഷേത്രമെന്ന് വിളിക്കുന്ന ഒരു ശില്പസൗധത്തിന് മുന്നിലെത്തി. ദരിദ്രരായ ഗ്രാമീണര്‍ എടുപ്പുള്ള സകല നിര്‍മ്മിതികളേയും കോട്ട എന്നര്‍ത്ഥം വരുന്ന ദുര്‍ഗ്ഗ് എന്ന് വിളിച്ചുപോന്നു. പുതുതലമുറയാവട്ടെ ദുര്‍ഗ്ഗിനെ തങ്ങളുടെ മുറിഹിന്ദിയിലും ഇംഗ്ലീഷിലും സന്ദര്‍ശകര്‍ക്ക് ദുര്‍ഗ്ഗാക്ഷേത്രമെന്നും പരിചയപ്പെടുത്തി. ഹംപിക്കടുത്ത അനഗുന്തിയിലെ കോട്ട അന്വേഷിച്ചു നടന്ന ഞങ്ങളെ ഇങ്ങനെ ദുര്‍ഗ്ഗാക്ഷേത്രത്തിന്റെ പേരും പറഞ്ഞ് ഗ്രാമീണര്‍ വലച്ചതോര്‍ത്തു. ഞങ്ങള്‍ക്കു വേണ്ടത് ദുര്‍ഗ്ഗാക്ഷേത്രമല്ല, കോട്ടയാണെന്ന് ഞങ്ങളും കോട്ടയെന്നാല്‍ ദുര്‍ഗ്ഗാക്ഷേത്രം തന്നെയെന്ന് അവരും. അനുഭവങ്ങളിലൂടെ പതിയെയാണ് കോട്ടയും ദുര്‍ഗ്ഗാക്ഷേത്രവും തമ്മിലുള്ള ബന്ധം തിരിഞ്ഞുകിട്ടിയത്. റോഡ് നിറയെ യൂണിഫോമിട്ട കുട്ടികള്‍. സംരക്ഷിത സ്മാരകത്തിനു നേരെ എതിര്‍വശത്തുള്ള പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ ഉച്ചഭക്ഷണ സമയമായതിനാല്‍ സ്‌കൂള്‍ കോംപൗണ്ടിന് പുറത്തിറങ്ങിയതാണ്. 
പ്രധാന സംരക്ഷിത സ്മാരകമായ ദുര്‍ഗ്ഗാക്ഷേത്രമടക്കം നിരവധി നിര്‍മ്മിതികളെ ഒറ്റ മതില്‍ക്കെട്ടിനുള്ളിലാക്കിയിട്ടുണ്ട് പുരാവസ്തു വകുപ്പ്. നളന്ദ, തക്ഷശില എന്നിവ അക്കാലത്തെ സാഹിത്യ സര്‍വ്വകലാശാലകളുടെ ചക്രവര്‍ത്തി പദത്തിലായിരുന്നുവെങ്കില്‍, ഐഹോള ഭാരതീയ ശില്പവിദ്യകളുടേയും നിര്‍മ്മാണങ്ങളുടേയും സൂര്യപ്രഭാമയമായ ലോകോത്തര  ശില്പശാലയായിരുന്നു. ഈ പരീക്ഷണശാലയില്‍ വിജയം കൈവരിച്ചവയാണ് രാജകുലങ്ങളുടെ അഭിമാനതിലക സൗധങ്ങളായി മാറിയത്. ദുര്‍ഗ്ഗാക്ഷേത്രമെന്ന് വിളിച്ചുപോരുന്ന നിര്‍മ്മിതി കണ്ടപ്പോള്‍ കണ്ണൊന്ന് വിടര്‍ന്നു. എട്ടാം ക്ലാസ്സിലെ ചരിത്രപുസ്തകത്തില്‍ ചാലൂക്യരെപ്പറ്റി പറയുന്നിടത്ത് കണ്ട് പരിചിതമായ, ഇന്ത്യന്‍ പാര്‍ലമെന്റ് നിര്‍മ്മിതിക്കു രൂപധാരണ നല്‍കിയ ശില്പസൗധം. സത്യത്തില്‍ ഇത് സൂര്യക്ഷേത്രമാണ്. ഒരു പരീക്ഷണമെന്ന നിലയില്‍ ചാലൂക്യ ശില്പികള്‍ ഉണ്ടാക്കിനോക്കിയത്. ജൈനഹൈന്ദവ ശില്പരീതികള്‍ ഈ നിര്‍മ്മിതികളില്‍ ഇഴപിരിഞ്ഞു കിടക്കുന്നു. 

ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയില്‍ മദ്ധ്യ ഇന്ത്യയും തെക്കേ ഇന്ത്യയും അടങ്ങുന്ന വിശാല ഭൂവിഭാഗം ഭരിച്ചിരുന്നവരായിരുന്ന ചാലൂക്യര്‍, തങ്ങളുടെ ആദ്യകാല തലസ്ഥാനമായിരുന്ന ഐഹോളയില്‍നിന്ന് ബദാമിയിലേക്ക് തലസ്ഥാനം മാറ്റിയപ്പോള്‍ ഐഹോള ശില്പികള്‍ക്കു സ്വന്തമായി. ഐഹോളയുടെ പരീക്ഷണശാലയില്‍ വിജയം കണ്ടവ ചാലൂക്യര്‍ ബദാമിയിലും പട്ടടയ്ക്കലും തങ്ങളുടെ അടയാളമാക്കി. ചാലൂക്യ രാജവംശത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അവരുടെ വിശ്വാസപ്രകാരം ബ്രഹ്മാവ് സന്ധ്യാവന്ദനത്തിനു കയ്യിലെടുത്ത ജലത്തില്‍നിന്ന് (ചുലുക ജലം) ഇന്ദ്രനുവേണ്ടി സൃഷ്ടിച്ച യോദ്ധാവാണ് അവരുടെ കുലസ്ഥാപകന്‍. തങ്ങളുടെയാ പൂര്‍വ്വികനെ വളര്‍ത്തിയെടുത്തത് സപ്തമാതാക്കള്‍ ആണെന്നു വിശ്വസിച്ച ചാലൂക്യര്‍ സപ്തമാതാക്കളേയും ആരാധിക്കുകയും അവര്‍ക്കു ക്ഷേത്രങ്ങള്‍ പണിയുകയും ചെയ്തു. ശിവസങ്കല്പത്തോട് ഒരിത്തിരി അധിക ഇഷ്ടം അവര്‍ക്കുണ്ടെന്ന് തോന്നും ചില നിര്‍മ്മിതികള്‍ കാണുമ്പോള്‍.
മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആയാണ് ചാലൂക്യര്‍ രാജ്യം ഭരിച്ചത്. അതിലെ 'ബദാമി ചാലൂക്യര്‍' എന്ന രാജവംശ പരമ്പരയുടെ ആദ്യകാല തലസ്ഥാനമായിരുന്ന ഐഹോള, പുലികേശി ഒന്നാമന്‍, വിക്രമാദിത്യന്‍, വിനയാദിത്യന്‍, പുലികേശി രണ്ടാമന്‍, കീര്‍ത്തി വര്‍മ്മന്‍ എന്നീ പ്രശസ്ത ചാലൂക്യ ചക്രവര്‍ത്തിമാരുടെ കാലഘട്ടങ്ങളില്‍ അതത് ശില്പിവംശ പരമ്പരകളിലൂടെ അസാധാരണ പരീക്ഷണങ്ങള്‍ നടത്തി അതിപ്രശസ്തമായി. പ്രകൃതി അമിത്രം എന്ന് ചാലൂക്യര്‍ സദാ അധിക്ഷേപിച്ചിരുന്ന പല്ലവന്മാരുടെ ആക്രമണങ്ങളില്‍നിന്ന് ഐഹോളയെ അകറ്റിനിര്‍ത്തിയ ചാലൂക്യര്‍ പ്രകൃതിയുമായി ഇഴയടുപ്പത്തില്‍ ജീവിച്ചവരായിരുന്നു എന്നതിന്റെ തെളിവാണ് ബദാമിഗുഹകളും പട്ടടയ്ക്കലും. 

ഉത്തരേന്ത്യയാണ് ചാലൂക്യരുടെ ഉല്‍ഭവകേന്ദ്രമെന്ന വാദത്തെ ചരിത്രകാരന്മാര്‍ ഏറിയ പങ്കും തള്ളാന്‍ കാരണം കന്നട ഭാഷയോടും നിര്‍മ്മിതികളോടും സംസ്‌കാരത്തോടും അവര്‍ക്കുണ്ടായിരുന്ന അറിവും ബഹുമാനവും പരിഗണിച്ചാണ്. തങ്ങളുടെ പേരിനൊപ്പം 'നോഡുത്ത ഗെല്‍വോം കര്‍ണാട ബല' എന്ന പട്ടം എഴുതിച്ചേര്‍ത്ത ചാലൂക്യര്‍ അതിന്റെ അര്‍ത്ഥം പോലെ 'കണ്ണില്‍ കാണുന്നതെല്ലാം ജയിച്ച കര്‍ണാടകയിലെ ബലവാന്‍' തന്നെയായിരുന്നു. 
തദ്ദേശീയമായ മണല്‍ക്കല്ലുകളും മലപ്രഭ നദിയിലെ സ്ഫടികവും മരതകനിറമാര്‍ന്നതുമായ  അടിക്കല്ലുകളുമാണ് അവര്‍ സകല നിര്‍മ്മിതികള്‍ക്കും ഉപയോഗിച്ചത്. ശില്പലക്ഷണമൊത്ത പാറക്കല്ലുകളും പാറമലകളും നിറഞ്ഞ ഐഹോളയെ നിറഞ്ഞ മനസ്സോടെ ശില്പികളെ ഏല്പിച്ച് ചാലൂക്യര്‍ രാജതലസ്ഥാനം ബദാമിയിലേക്ക് മാറ്റിയപ്പോള്‍ ഐഹോളയാവട്ടെ, തദ്ദേശീയമായ സുവര്‍ണ്ണരാശിക്കല്ലുകളില്‍ സദാ ഉളിസംഗീതം പൊഴിച്ച് ശില്പ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇന്നിന്റെ വിഭ്രമം ജനിപ്പിക്കും ശില്പസൗധ സ്വര്‍ഗ്ഗവുമായി. 


ദുര്‍ഗ്ഗാക്ഷേത്രത്തിനരുകിലേക്ക്  നടന്നു. ക്ഷേത്രനിഴലിനുപോലും നട്ടുച്ചച്ചൂടിനെ മറികടക്കും കുളിര്‍ത്തണുപ്പ്. AD 748-ല്‍ സൂര്യവിഗ്രഹം പ്രതിഷ്ഠിച്ച് സൂര്യനാരായണക്ഷേത്രം എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ക്ഷേത്രം ഇപ്പോള്‍ 'ദുര്‍ഗ്ഗ്' എന്നതില്‍ പിടിച്ച് ദുര്‍ഗ്ഗാക്ഷേത്രമായത് കാലത്തിന്റെ കുസൃതി. ഇവിടെ സൂര്യനല്ല, ശിവനും വിഷ്ണുവുമാണ് ഉണ്ടായിരുന്നതെന്ന് ഐഹോളയിലെ പഴന്തലമുറ പറയുന്നു. അതേക്കുറിച്ച് വിശദമായി ശിലാശാസനങ്ങളില്‍ എഴുതിവെച്ചിട്ടുണ്ടെന്നൊന്നും അവരോട് പറഞ്ഞിട്ടു കാര്യമില്ല. പൗരാണിക സമുച്ചയങ്ങളില്‍ പാര്‍പ്പുറപ്പിച്ചവരോടാണ് ശിലാശാസന മഹിമ പറയേണ്ടത് എന്നോര്‍ക്കണം. ബ്രിട്ടീഷ് ഭരണകാലത്ത് തദ്ദേശീയര്‍ വ്യാപകമായിത്തന്നെ പൗരാണിക സമുച്ചയങ്ങള്‍ കയ്യേറി താമസമുറപ്പിച്ചത് പുരാവസ്തു വകുപ്പ് ഒഴിപ്പിച്ചതാണെന്നതിന്റെ തെളിവായി പല രക്തരാശിക്കല്ലുകളിലും അന്നം വെന്ത പുക കാളിമ പരത്തിയിരിക്കുന്നു. 

എന്തായാലും ദുര്‍ഗ്ഗാക്ഷേത്രത്തില്‍ ഇപ്പോള്‍ സൂര്യനും വിഷ്ണുവും ശിവനും പോയിട്ട് ദുര്‍ഗ്ഗപോലുമില്ല. ഉള്ളത് പരമസത്യവും നിത്യവുമായ ശൂന്യത മാത്രം! പൂര്‍ണ്ണമായും ചുവന്ന സാന്‍ഡ് സ്റ്റോണില്‍ നിര്‍മ്മിച്ച നിര്‍മ്മിതിയുടെ വീതിയേറിയതും ഉയരത്തിലുള്ളതുമായ പടികള്‍ ചവിട്ടിക്കയറി ചെല്ലുമ്പോള്‍ കാലടിയില്‍ മാത്രമല്ല, ഹൃദയത്തിലും കാലം തണുത്തുറയും. അധികം വിസ്താരമില്ലാത്ത പ്രവേശനക്കൊത്തളത്തില്‍ വീതിയുള്ള കല്‍വരാന്തകള്‍, കൊത്തുപണി നിറഞ്ഞ ചാരുപടികള്‍, നന്നേ ചെറിയ കല്‍ക്കിളിവാതില്‍ ജാലകങ്ങളുടെ നക്ഷത്രാകൃതി ദ്വാരങ്ങളിലൂടെ അരിച്ചുവരുന്ന പ്രകാശത്തിനും ക്ഷേത്രാന്തര്‍ഭാഗത്തെ ഇരുളിനും നല്ല പരസ്പര ചേര്‍ച്ച! കനം കുറച്ച് ചീന്തിയെടുത്ത് ഇടയില്ലാത്ത വിധം ഒട്ടിച്ച വീതിയുള്ള കരിങ്കല്‍പ്പാളി മേല്‍ക്കൂരയുടെ ഇത്തിരിപ്പോന്ന കാണാവിടവുകളിലൂടെ സൂര്യന്‍ ഭൂമിയിലെ തന്റെ ഗൃഹം ഉറ്റുനോക്കുന്നു. ചുവരുകളില്‍ മുഴുവന്‍ രാമായണം കൊത്തി പതിച്ചിരിക്കുന്നു. ഹൈന്ദവപുരാണത്തിലെ രംഗങ്ങളാണ് കൊത്തിവെച്ചിരിക്കുന്നത്. മറ്റു നിര്‍മ്മിതികള്‍ കാണാന്‍ ഉള്ളതുകൊണ്ടുമാത്രം ദുര്‍ഗ്ഗാക്ഷേത്രമെന്നു വിളിക്കപ്പെടുന്ന സൂര്യനാരായണ ക്ഷേത്രത്തിന്റെ തണുത്ത വരാന്തയില്‍ നിന്നെഴുന്നേറ്റു. അല്ലെങ്കില്‍ തണുപ്പിന്റെ ഈ സ്വാസ്ഥ്യത്തില്‍നിന്ന് ജന്മാന്തരങ്ങളോളം ആരെണീക്കാന്‍? പതിയെ എഴുന്നേറ്റു. ദുര്‍ഗ്ഗാക്ഷേത്രം ഒന്ന് ചുറ്റിക്കണ്ടു. ക്ഷേത്രത്തിനു മുകളില്‍ ഉണ്ടായിരുന്ന ഗോപുരം നശിച്ചിരിക്കുന്നു. ഗോപുരം ഉണ്ടായിരുന്ന കാലത്ത് ആകാശസൂര്യന്റെ പ്രകാശവീചികള്‍ ഉള്ളിലുള്ള സൂര്യവിഗ്രഹത്തില്‍ പതിച്ച് കാഴ്ചക്കാര്‍ക്ക് അഭൗമമായ ആനന്ദം നല്‍കിയിരുന്നത്രെ! നട്ടുച്ചയാണെങ്കിലും മുകളില്‍ കത്തിനില്‍ക്കുന്ന സൂര്യനോട് പ്രത്യേകിച്ച് പരിഭവമൊന്നുമില്ല. അത് ഭൂമിയിലുള്ള തന്റെ ഗൃഹം ഗൃഹാതുരതയോടെ നോക്കിനില്‍ക്കുകയല്ലേ! ദുര്‍ഗ്ഗാക്ഷേത്രത്തിനു തൊട്ടടുത്തുതന്നെ മൂന്നാലു കല്‍സൗധങ്ങള്‍ ഉണ്ട്. പതിഞ്ഞ പ്രകാരത്തിലുള്ള അതിന്റെ ചുവരുകളിലും കൊത്തുശില്പങ്ങളുടെ ചാകരയാണ്. ദക്ഷിണേന്ത്യന്‍ വാസ്തുശില്പവിദ്യകളുടെ ആത്മാംശങ്ങള്‍ നിറഞ്ഞ ഇവയെല്ലാം വലിയ വലിയ നിര്‍മ്മിതികളിലേക്ക് വെളിച്ചം കാണിച്ച കൈവിളക്കുകള്‍ ആയിരുന്നു. അതിവിശാലമല്ല ഈ നിര്‍മ്മിതികള്‍ എങ്കിലും മനസ്സുകൊണ്ടവയെ വിശാലമാക്കിയാല്‍ അതിഗംഭീരമെന്നറിയാതെ തലകുലുക്കും. മിനിയേച്ചര്‍ രൂപങ്ങള്‍ ആയതിനാല്‍ ഒരു പരിധിവരെ മഴയേയും വെയിലിനേയും നശീകരണങ്ങളേയും അത് ചെറുത്തുനിന്നിരിക്കുന്നു. പണിതു നോക്കി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമേ ഈ നിര്‍മ്മിതികള്‍ക്ക് പിന്നിലുള്ളൂ. ബേലൂര്‍, ഹാലേബീഡു ക്ഷേത്രങ്ങളില്‍ ഇത്തരം വരാന്തകളും ചാരുപടികളും കൊത്തിവെച്ചത് അതീവ ഭംഗിയിലാണ്. ചിലതിനു മുകളിലേക്ക് കയറിനോക്കാന്‍ ഗോവണിയുണ്ട്. ഇവിടുത്തെപ്പോലെ പരന്ന് ഒതുക്കമുള്ള മണ്ണുപോലെ കൈവഴക്കം കിട്ടുന്ന സാന്‍ഡ് സ്റ്റോണ്‍കൊണ്ടാണ് ബേലൂര്‍ ഹാലേബീഡു ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. 

ഇനിയുള്ളത് 'ലാദ്ഖാന്‍ ക്ഷേത്രം.' ക്ഷേത്രമെന്നു തോന്നിപ്പിക്കുംവിധമുള്ള നിര്‍മ്മിതികള്‍ ആയതുകൊണ്ട് നമ്മള്‍ ഇവയെ ക്ഷേത്രമെന്ന പേരില്‍ വിളിക്കുന്നു എന്നേ ഉള്ളൂ. മുസ്ലിം പേരില്‍ ഇന്ത്യയില്‍ 'ക്ഷേത്രം' എന്നറിയപ്പെടുന്ന ഏക ഇടമായിരിക്കണം ലാദ്ഖാന്‍ ക്ഷേത്രം. മതസൗഹാര്‍ദ്ദത്തിന് ഈ പേരിനപ്പുറം ഇനിയെന്തു തെളിവ് വേണം! ഈ പേരു വരാനുള്ള കാരണമാണ് രസകരം. ശില്പികള്‍ പണിയുറപ്പ് നോക്കാനുള്ള മാതൃകയെന്നോണം നിര്‍മ്മിച്ച ഈ ശില്പസമുച്ചയത്തിന്റെ ഉള്ളില്‍ താമസിച്ചിരുന്നത് ലാദ്ഖാനെന്ന തദ്ദേശീയനായിരുന്നു. പുരാവസ്തു വകുപ്പിന് ലാദ്ഖാന്‍ കുടിയൊഴിഞ്ഞിടം സ്വന്തമാക്കി സംരക്ഷിതമാക്കാന്‍ കഴിഞ്ഞെങ്കിലും 'ലാദ്ഖാന്‍' എന്ന പേരിനെ കുടിയൊഴിപ്പിക്കാനായില്ല. ലാദ്ഖാന്‍ എന്ന പേരു കേട്ടപ്പോള്‍ 'നമ്മുടെ ആള്' എന്ന തോന്നല്‍ വന്നതിനാലാവണം വിജയനഗര പതനത്തിനുശേഷം ലാദ്ഖാന്‍ ക്ഷേത്രം മാത്രം കയ്യടിവെക്കാന്‍ ആദില്‍ ഷാഹിക്ക് തോന്നിയത്. 
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളും വാസ്തുവിദഗ്ദ്ധരും ഇന്നും ഐഹോള സന്ദര്‍ശിക്കുന്നു. അവരുടെ ബുദ്ധിയേയും സര്‍ഗ്ഗാത്മകതയേയും ഐഹോള വെല്ലുവിളി നിറഞ്ഞ പുഞ്ചിരിയോടെ തന്റെ ചാണക്കല്ലില്‍ ഇട്ടു മൂര്‍ച്ചകൂട്ടാന്‍ പ്രകോപിപ്പിക്കുന്നു, പ്രേരിപ്പിക്കുന്നു! AD 544-നു ശേഷമുള്ള നിര്‍മ്മിതി ശേഷിപ്പുകളേ ഇപ്പോള്‍ ഐഹോളയില്‍ ഉള്ളൂ. 

ദൂരെ കാണുന്ന മേഗുത്തി മലയുടെ ഉയരത്തില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം ചാലൂക്യരാജന്‍ പുലികേശി രണ്ടാമന്റെ രാജകവി രവി കീര്‍ത്തിയാണ് പണികഴിപ്പിച്ചതെന്ന് ശിലയെഴുത്തുകള്‍ പറയുന്നു. ജൈനമതാനുയായി ആയതിനാല്‍ അദ്ദേഹം പണികഴിപ്പിച്ച ക്ഷേത്രം സ്വാഭാവികമായും ജൈനക്ഷേത്രം തന്നെ. ചാലൂക്യ കാലഘട്ടത്തെക്കുറിച്ച് ക്ഷേത്രപരിസരശിലകളില്‍ വിശദമായി എഴുതിയിടാന്‍ രവികീര്‍ത്തിയെ പ്രേരിപ്പിച്ചത് ഉള്ളിലുള്ള സാഹിത്യം തന്നെയായിരിക്കും. ചാലൂക്യ ഭരണരീതി, സംസ്‌കാരം, സാഹിത്യം, യുദ്ധവിജയങ്ങള്‍ എന്നു തുടങ്ങി ചാലൂക്യ രാജവംശത്തെക്കുറിച്ച് അറിയേണ്ടതെല്ലാം രേഖപ്പെടുത്തിയ ഈ ശിലാശാസനങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ രവികീര്‍ത്തി ശിലാശാസനങ്ങള്‍ എന്നും ഐഹോള ശിലാശാസനങ്ങള്‍ എന്നും അറിയപ്പെട്ടു. സംസ്‌കൃതത്തിലും പാലിയിലും ഉള്ള ഈ ശിലയെഴുത്തുകളില്‍ ഗദ്യവും പദ്യവും ചാലൂക്യ പ്രകീര്‍ത്തനങ്ങളും കാണാം. ജൈനക്ഷേത്ര പ്രതിഷ്ഠ സ്വാഭാവികമായും മഹാവീരന്‍ എന്ന ജൈനഗുരു തന്നെ. മലമുകളിലെ ഈ ജൈനക്ഷേത്ര പരിസരത്തു സ്ഥാപിച്ച വലിയ തൂണില്‍ നിറയെ ഇത്തരം എഴുത്തുകള്‍ കാണാം. മേഗുത്തി മലയുടെ മുകളില്‍നിന്നു നോക്കിയാല്‍ താഴ്വാരമെങ്ങും കല്ലുകള്‍ സൗന്ദര്യകുംഭമേറ്റി നില്‍ക്കും സൗധങ്ങളായി ചിതറിത്തെറിച്ച് അങ്ങിങ്ങായി പരന്നുകിടക്കുന്നത് കാണാം. 

ചരിത്രാന്വേഷികളും ചരിത്രകുതുകികളും വാസ്തുവിദഗ്ദ്ധരും ശില്പികളും മാസങ്ങള്‍ എടുത്ത് ഹംപി കാണും പോലെത്തന്നെയാണ് ഐഹോളയേയും സമീപിക്കുന്നത്. അവര്‍ക്ക് ഐഹോള കാഴ്ചയ്ക്കപ്പുറം അറിവും പഠനവുമാണ്. ബഡിഗരുഡി, ഹുച്ചിമല്ലിഗുഡി എന്നൊക്കെയുള്ള പ്രാദേശിക പേരുകളില്‍ നിരപ്പായ ഇടങ്ങളിലും നദീതടങ്ങളിലും മലയടിവാരത്തും എന്നുവേണ്ട തുരങ്കങ്ങളില്‍പ്പോലും ചിതറിക്കിടക്കുകയാണ് കാഴ്ചയില്‍ കല്ലമ്പലങ്ങള്‍ എന്നു തോന്നിക്കുന്ന ശില്പാലംകൃത ചെറുതും വലുതുമായ നിര്‍മ്മിതികള്‍. മുത്തും പവിഴവും രത്‌നങ്ങളും വ്യാപാരം ചെയ്യാന്‍ ഭാരതത്തിനകത്തുനിന്നും പുറത്തുനിന്നും എത്തിയിരുന്ന വണിക്കുകള്‍ സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം കെട്ടിടങ്ങളില്‍ താമസമുറപ്പിക്കുകയും പില്‍ക്കാലത്ത് ഐഹോളയുടെ ഭാഗമായിത്തീര്‍ന്ന് ഐഹോള വാണിജ്യസംഘങ്ങള്‍ എന്ന പേരില്‍ പ്രശസ്തമാവുകയും ചെയ്തു. 

ഗതകാല സ്മൃതികളുടെ വിരല്‍ത്തുമ്പില്‍ നിന്നിനിയും പിടിവിടാത്ത ഐഹോളയുടെ ഇടുങ്ങിയ വഴികളിലൂടെ കറങ്ങിത്തിരിയുമ്പോള്‍ ഒരു കാഴ്ചയില്‍ കണ്ണുടക്കി. തദ്ദേശീയര്‍ വാസമുറപ്പിച്ച ഒരു അതിപൗരാണിക ശില്പസൗധത്തിന്റെ നീളന്‍ കല്‍വരാന്തയില്‍ രണ്ട് വിദേശികള്‍ വീട്ടുകാരോട് സംസാരിച്ചിരിക്കുന്നു. അവരുടെ കയ്യില്‍ ക്യാമറയും ഷൂട്ടിങ്ങ് അനുബന്ധ വസ്തുക്കളും ഉണ്ട്. ഇന്ത്യയെന്നാല്‍ അവര്‍ക്ക് അവിശ്വസനീയ വിസ്മയങ്ങളുടേയും അത്ഭുതങ്ങളുടേയും നാടാവുന്നത് ഇങ്ങനെയൊക്കെ കൂടെയാണല്ലോ. അത്യാവശ്യം ഇടിഞ്ഞുപൊളിഞ്ഞിട്ടുണ്ടെങ്കിലും  ഗാംഭീര്യമൊട്ടും ചോരാത്ത ആ ഗംഭീര സമുച്ചയത്തിന്റെ വശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എന്നു തോന്നിച്ച ചിലര്‍ കയ്യിലുള്ള നോട്ട്പാഡില്‍ എന്തോ എഴുതിയെടുക്കുകയും അവിശ്വസനീയത നിറഞ്ഞ മുഖഭാവത്തോടെ ആ കെട്ടിടത്തിന്റെ വിവിധ അളവുകള്‍ എടുക്കുകയും കുറിച്ചിടുകയും ചെയ്യുന്നു. അവര്‍ അത്ഭുതപ്പെടുകയും വിസ്മയിക്കുകയും ചെയ്യുന്നത് ഇതിന്റെയൊക്കെ പെരുന്തച്ചന്മാരുടെ സര്‍ഗ്ഗശേഷിയുടെ കരകാണാ ആഴമോര്‍ത്താവണം.
ഇനി വെറും പതിനഞ്ച് കിലോമീറ്റര്‍ അപ്പുറമുള്ള പട്ടടക്കലേക്ക്. അവിടെയുണ്ട് ഐഹോളയിലെ നിര്‍മ്മിതി പരീക്ഷണങ്ങളുടെ വിജയസൗധങ്ങള്‍. ഐഹോളയുടെ ആദ്യ കുഞ്ഞുവേര് തൊട്ടുനില്‍ക്കുന്ന അവിടമാണ് ചാലൂക്യ പട്ടാഭിഷേക സ്മൃതിസൗധങ്ങള്‍. ഇരുള്‍പിടിയിലകപ്പെടും മുന്‍പ് പട്ടടക്കലും കണ്ട് ബദാമിയിലെത്തണം. പട്ടടക്കലും താമസസൗകര്യം കുറവാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. 
വിജനവും ഏറെക്കുറെ ജനശുഷ്‌കവും ആയ വഴിത്താരകളിലൂടെ മലപ്രഭ നദിയോരത്തെ ചാലൂക്യരാജവംശ പട്ടാഭിഷേക സ്മൃതികളിലേക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com