കോടാന്തൂര്‍ ശൂലങ്ങളുടെ താഴ്വര

വെള്ളത്തിന്റെ കനിവു തേടി നദീതടങ്ങളില്‍ തമ്പടിച്ചവര്‍ തീര്‍ത്ത സംസ്‌കൃതിയുടെ ബാക്കിപത്രങ്ങള്‍ മലനിരകളിലെമ്പാടും ചിതറിക്കിടക്കുന്നു. 
കോടാന്തൂര്‍ ശൂലങ്ങളുടെ താഴ്വര

കിഴക്കോട്ടൊഴുകി കേരള-തമിഴ്നാട് അതിര്‍ത്തി പങ്കിട്ട് അമരാവതി നദിയില്‍ ചേരുന്ന രണ്ട് കൊച്ചുസഹോദരികളാണ് ചിന്നാറും പാമ്പാറും. ഇടുക്കിജില്ലയിലെ കുളിരിടങ്ങള്‍ മറയൂര്‍ പിന്നിടുമ്പോള്‍ മഴനിഴല്‍ പ്രദേശങ്ങളിലേക്ക് കൈമാറുന്നു. ഈ ഭൂതലത്തിലൂടെയാണ് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നദികളൊഴുകുന്നത്. മലനിരകള്‍ ഒളിപ്പിച്ചുവെച്ച മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം കാഴ്ചയില്‍ നിറയുന്നു. പാമ്പാറിന്‍ തീരത്തെ ശൂലങ്ങളുടെ താഴ്വരയായ കോടാന്തൂരിലേക്കാണ്  യാത്ര. 

മറയൂരില്‍നിന്നും ചിന്നാര്‍ ചെക്ക്പോസ്റ്റിലേക്ക് 17 കിലോമീറ്റര്‍ ദൂരമുണ്ട്. ഉടുമല്‍പെട്ടാണ് തൊട്ടടുത്ത തമിഴ്നാട് പട്ടണം. അപൂര്‍വ്വമായി മഴ ലഭിക്കുന്ന വരണ്ട ഭൂതലത്തെ ജലസാന്നിദ്ധ്യം തേടിയുള്ള അന്വേഷണമാണ് ആദിമ ഗോത്രങ്ങളെ ഈ ഘോരവനത്തിനുള്ളിലേക്ക് ആകര്‍ഷിച്ചത്. വെള്ളത്തിന്റെ കനിവു തേടി നദീതടങ്ങളില്‍ തമ്പടിച്ചവര്‍ തീര്‍ത്ത സംസ്‌കൃതിയുടെ ബാക്കിപത്രങ്ങള്‍ മലനിരകളിലെമ്പാടും ചിതറിക്കിടക്കുന്നു. 
ശര്‍ക്കരയുടെ ഗന്ധം വഹിച്ച് ചൂളംകുത്തി കടന്നുപോകുന്ന കാറ്റ് കരിമ്പിന്‍ പാടത്തുനിന്നും ചന്ദനക്കാടുകളിലൂടെ ചുരം കടന്നുപോകുന്നു. ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിലായിരുന്നു മറയൂര്‍ വരെയുള്ള യാത്ര. മോട്ടോര്‍ സൈക്കിളിന്റെ പിന്നിലിരുന്ന് മറയൂരിലെ ചന്ദനക്കാടുകള്‍ക്കിടയില്‍ മേഞ്ഞുനടക്കുന്ന അപകടകാരികളായ കാട്ടുപോത്തുകളെ ശ്രദ്ധിച്ചു. സമൃദ്ധമായ തീറ്റയുള്ളതുകൊണ്ടാവാം ഇവയ്ക്ക് ഏറെ വലിപ്പവും കറുപ്പഴകുമുണ്ട്. മൂന്നാറിനേക്കാള്‍ റിസോര്‍ട്ടുകള്‍ പെരുകുന്നത് മറയൂരാണ്. മഴനിഴല്‍പ്രദേശമായ ഇവിടത്തെ കാലാവസ്ഥയില്‍ വന്ന മാറ്റമാണ് മറയൂരിലെ വെറ്റ് എന്‍വയേണ്‍മെന്റിനു കാരണം. ഇടയ്ക്കിടെ പെയ്യുന്ന മഴ മറയൂരിനെയാകെ പച്ച പുതപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മറയൂര്‍ മഴനിഴലില്‍നിന്ന് ആര്‍ത്തലയ്ക്കുന്ന പേമാരിയിലേക്ക് കുതറിമാറി. മണ്ണിന്റെ ഘടന മഴ തകിടംമറിച്ചു. വ്യാപകമായി കരിമ്പുകൃഷി ചെയ്തിരുന്ന പാടങ്ങള്‍ ലോഡ്ജുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വഴിമാറുന്നു.

മേഘകിരീടമണിഞ്ഞ മൊട്ടക്കുന്നുകളും പുല്‍മേടുകളും പിന്നിട്ട് ചുരുളിപ്പെട്ടിയുടെ അടിവാരത്തെ ഒീൃിയശഹഹ ഒശറലമംമ്യ ഖൗിഴഹല ഞലീൃെ േല്‍ എത്തിയപ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. പാറകള്‍ താങ്ങിനിര്‍ത്തുന്ന ഒരു ഏറുമാടത്തിലാണ് രാത്രി കഴിച്ചുകൂട്ടിയത്. മുറിയില്‍നിന്നും പുറത്തിറങ്ങാനാവാതെ കാട്ടിലൊരു രാത്രി. തൊട്ടുതാഴെയുള്ള ജലാശയത്തില്‍നിന്നും മാനും കാട്ടുപോത്തും ദാഹമകറ്റി കടന്നുപോകുന്നത് ദൃശ്യമായി. പറവകളുടെ സങ്കേതമാണ് മലനിരകളിലെ താഴ്വര. ഏറുമാടത്തിന്റെ മുകളില്‍ കുടവിരിച്ചുനില്‍ക്കുന്ന കല്ലാലിന്റെ ശിഖരങ്ങളില്‍നിന്നും സിംഹവാലന്‍ കുരങ്ങും മലയണ്ണാനും ഏറുമാടത്തിന്റെ ഇരുമ്പ് തകിട് മേഞ്ഞ മേല്‍ക്കൂരയിലേക്ക് ചാടുമ്പോള്‍ ഇടിമുഴങ്ങുന്നപോലെയുള്ള ശബ്ദത്തില്‍ നടുങ്ങിപ്പോയി. കോട ഇറങ്ങി ഇരുട്ട് പരന്നപ്പോള്‍ നിശാശലഭങ്ങളും വണ്ടുകളും മിന്നാമിനുങ്ങുകളും മാടത്തിന്റെ വരാന്ത കീഴടക്കി. മിന്നാമിനുങ്ങുകളുടെ വെടിക്കെട്ട് രസകരമാണ്. ഇരുട്ടിന്‍ തിരശീലയിലെ ദീപാവലി. തൊട്ടറിയാവുന്ന നിശ്ശബ്ദതയെ ഇടയ്ക്കിടെ മുറിച്ചുകൊണ്ട് കരയുന്ന പക്ഷി വേഴാമ്പല്‍ ആണെന്നു തിരിച്ചറിയുന്നു. വനാന്തരീക്ഷത്തില്‍ രാത്രി കഴിച്ചുകൂട്ടുക രസകരമാണ്. രാത്രിയില്‍ പുറത്ത് എന്താണ് നടക്കുന്നതെന്ന് കൊട്ടിയടച്ച മുറിയിലിരുന്നു മനസ്സിലാക്കാനാവില്ല. സംഘം ചേര്‍ന്നു മണ്ണ് കുത്തിയിളക്കി ബഹളം വയ്ക്കുന്ന പന്നികളുടെ മുരള്‍ച്ച. കാലന്‍കോഴിയുടെ നിര്‍ത്താതെയുള്ള തൊള്ളതുറക്കല്‍. അത് ഒരു പിള്ളക്കരച്ചില്‍പോലെ തോന്നി. മൃഗങ്ങളുടേയും പക്ഷികളുടേയും ഒഴികെ യാതൊരു ശബ്ദവുമില്ല. മൂന്നാറിലെ എല്ലു തുളയ്ക്കുന്ന തണുപ്പും ഇവിടെയില്ല. പക്ഷികളുടെ പാട്ടുകച്ചേരി കേട്ടാണ് രാവിലെ ഉണര്‍ന്നത്.

മുനിയറകളുടെ താഴ്വര 
റിസോര്‍ട്ടില്‍ ബൈക്ക് വച്ച് ജീപ്പിലായി യാത്ര. കട്ടല്‍ മാരിയമ്മന്‍ കോവിലിലേക്ക് വഴികാട്ടിയായത് അവിടത്തെ പൂജാരിയുടെ മകന്‍ മാരിയപ്പനാണ്. മറയൂരില്‍നിന്ന് മലതാണ്ടിയും ആനത്താരവഴി കോടാന്തൂരിലേക്ക് എളുപ്പവഴിയുണ്ട്. ചിന്നാര്‍ മറയൂര്‍ മലനിരകളിലെ കാടു മുഴുവന്‍ മനഃപാഠമാണ് മാരിയപ്പന്. 40 വയസ്സിനിടയില്‍ അത്രയും തന്നെ കേസുകളും ഒളിച്ചുതാമസിക്കലും നടന്നിട്ടുണ്ട്, ഈ കക്ഷിയുടെ ജീവിതത്തില്‍. ചിന്നാര്‍ ചെക്ക്പോസ്റ്റില്‍ ഗൈഡായി കുറേ നാള്‍ ജോലിനോക്കി. ചുരുളിപ്പെട്ടിയിലെ പെരുങ്കല്‍ പരിഷ്‌കൃതിയെക്കുറിച്ചും (ജൃല ഒശേെീൃശര ഉീഹാലി) പാറച്ചിത്രങ്ങളെക്കുറിച്ചും വാചാലനായി മാരിയപ്പന്‍. അവയുടെ എണ്ണം കേട്ടപ്പോള്‍ അമ്പരന്നുപോയി. 150-ലേറെ കൊടുംകല്ലറകളാണ് കോടാന്തൂരിലും ചുരുളിപ്പെട്ടിയിലും പന്തമലയുടെ താഴ്വരയിലുമായി ചിതറിക്കിടക്കുന്നത്. കാട്ടുപോത്തിന്റെ ശല്യമുണ്ടെങ്കിലും ആട്ടുമലക്കുടിയിലും കൂട്ടാറിലും മലപ്പുലയരുടേയും മുതുവാന്മാരുടേയും കോളനികളില്‍ തങ്ങി രണ്ടുദിവസംകൊണ്ട് ഇവയൊക്കെ കണ്ടുതീര്‍ത്തിട്ട് വരാമെന്ന് മാരിയപ്പന്‍ പറഞ്ഞു. ആനമലൈ ടൈഗര്‍ റിസര്‍വ്വില്‍പ്പെട്ട ഇവിടെ ട്രക്കിങ് നിരോധിച്ചത് ഈയിടെയാണ്. കുരങ്ങിണിമലയിലെ കാട്ടുതീ ഒരു ട്രക്കിങ് സംഘത്തിലെ 14 പേരുടെ ജീവനെടുത്തതുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഒന്നിനും അനുവാദം കൊടുക്കുന്നില്ല. വണ്ടിപോലും കാടിനുള്ളിലേക്ക് കടത്തിവിടുന്നില്ല. 

കട്ടല്‍ മാരിയമ്മന്‍ കോവില്‍ 
ഘോരവനത്തിനുള്ളിലെ കട്ടല്‍ മാരിയമ്മന്‍ കോവില്‍ തേടിയാണ് യാത്ര. ഞായര്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലും കറുത്തവാവിനും ഇവിടെ പൂജയ്ക്കായി തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍നിന്നും ആയിരങ്ങളെത്തുന്നു. പുലര്‍ച്ചെ മുതല്‍ ഉച്ചവരെ മാത്രം സന്ദര്‍ശകരെ കടത്തിവിടാന്‍ തമിഴ്നാടിന്റെ ചെക്ക് പോസ്റ്റ് സജീവമാകുന്നു. രണ്ട് മണി കഴിഞ്ഞാല്‍ സന്ദര്‍ശനത്തിനു വിലക്കുണ്ട്. ചെക്ക് പോസ്റ്റില്‍നിന്നും മൂന്ന് കിലോമിറ്റര്‍ ദൂരമുണ്ട് കാവിലേക്ക്. ചിന്നാര്‍ അരുവിയാണ് കേരള-തമിഴ്നാട് അതിര്‍ത്തി തിരിക്കുന്നത്. ചെക്ക്പോസ്റ്റിനോട് ചേര്‍ന്ന് വനംവകുപ്പിന്റെ ഡോര്‍മിറ്ററിയുണ്ട്. ഇവിടെ ഭക്ഷണവും ലഭിക്കും. സൂക്ഷിക്കേണ്ടത് കുരങ്ങന്‍ പടയെയാണെന്ന് വാച്ചര്‍ പറഞ്ഞു. കിട്ടുന്നതെന്തും അടിച്ചുകൊണ്ടുപോകുന്ന കുരങ്ങന്മാര്‍. ഒരാളുടെ മൊബൈല്‍ഫോണ്‍ തട്ടിയെടുത്ത് മരത്തിലേക്ക് ഓടിക്കയറിയ ഒരു തന്തക്കുരങ്ങ് ബാറ്റണ്‍ കൈമാറുന്നതുപോലെ അതു കുട്ടിക്കുരങ്ങന്മാര്‍ക്ക് കൈമാറി. മൊബൈല്‍ഫോണ്‍ കടിച്ചുനോക്കി, മണത്തുനോക്കി ഒടുവില്‍ താഴെയിട്ടപ്പോള്‍ ചിന്നാര്‍ നദിയിലാണത് വീണത്. ഇവിടെ നദിക്ക് ആഴം കുറവാണെങ്കിലും ഒഴുക്ക് കൂടുതലുണ്ട്. പോരാത്തതിന് ദേഹത്ത് ചുംബിച്ച് ഒട്ടിപ്പിടിക്കുന്ന രക്തമൂറ്റുന്ന അട്ടകളും. ജലശരങ്ങളെയ്യുന്ന അരുവിയില്‍ നോക്കിനിന്ന് ഉടമസ്ഥന്‍ നെടുവീര്‍പ്പിട്ടു. അണ്ടിപോയ അണ്ണാന്റെ അവസ്ഥയിലാണ് അയാളെന്ന് ഞങ്ങളുടെ സംഘത്തിലുള്ള ഒരാള്‍ പറഞ്ഞു. 

കേരള ഫോറസ്റ്റ് നടത്തുന്ന ഹോട്ടലില്‍നിന്നും മുളങ്കുറ്റിയില്‍ ചുട്ടെടുത്ത പുട്ടും കടലയും കഴിച്ചു. കേരളത്തിലെ ചിന്നാര്‍ ചെക്ക്പോസ്റ്റില്‍നിന്നും മറ്റൊരു വഴിത്താരയുണ്ട്. ഞങ്ങള്‍ അതു വഴിയാണ് നടക്കാനാരംഭിച്ചത്. ചിന്നാറിന്റെ ഓരം പറ്റിയാണ് സഞ്ചാരം. കുമരിക്കല്‍മലയില്‍ നിന്നുത്ഭവിക്കുന്ന ചിന്നാറാണ് കേരള-തമിഴ്നാട് അതിര്‍ത്തി തിരിക്കുന്നത്. മറയൂരില്‍നിന്നും കിഴക്കോട്ടൊഴുകുന്ന പാമ്പാറുമായി കൂട്ടാറില്‍ ഒത്തുചേര്‍ന്ന് അമരാവതിനദി പിറവിയെടുക്കുന്നു. കൂട്ടാറില്‍ മീന്‍പിടിക്കാന്‍ പോകാറുള്ള കഥ നടത്തത്തിനിടയില്‍ മാരിയപ്പന്‍ പറഞ്ഞു. 

ഉയരം കുറഞ്ഞ മരങ്ങള്‍ക്കിടയില്‍ വെയിലില്‍ ചെമ്പുനിറമാര്‍ന്ന പാറക്കൂട്ടങ്ങള്‍. മഴ തീരെയില്ലാത്തതുകൊണ്ട് പച്ചപ്പ് തൊട്ടുതീണ്ടിയിട്ടില്ല. മഴനിഴല്‍പ്രദേശമായ ഇവിടെ പുല്‍മേടുകളില്‍ നക്ഷത്രആമകളെ കണ്ടെത്താം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവയെ വിദേശത്തേയ്ക്ക് കടത്താനായി കൊച്ചി വിമാനത്താവളത്തില്‍ കൊണ്ടുവന്നത് കസ്റ്റംസുകാര്‍ പിടിച്ച വാര്‍ത്ത ഓര്‍ക്കുന്നു. അഞ്ഞൂറിലേറെ നക്ഷത്രആമയെയാണ് ഒറ്റത്തവണ പിടികൂടിയത്. മരുന്നു ശേഖരിക്കുന്ന ആദിവാസികള്‍ വഴിയാണ് ഇവയെ കളക്റ്റ് ചെയ്യുന്നത്. ജലരാശി തീരെയില്ലാത്ത പുല്ലിനിടയില്‍ ഒളിച്ചുകിടക്കുന്ന പാമ്പുകളെ സൂക്ഷിക്കണമെന്നു പറഞ്ഞ് മാരിയപ്പന്‍ മുന്നില്‍ നടന്നു. 

25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചുരുളിപ്പെട്ടിയില്‍ മുതുവാന്മാരോടൊപ്പം രാത്രി കഴിച്ചുകൂട്ടിയ അനുഭവം എനിക്കുണ്ട്. കട്ടല്‍ മാരിയമ്മന്‍ കോവിലിന് യാതൊരു മാറ്റവും വന്നുചേരാത്തത് എന്നെ അതിശയിപ്പിച്ചു. പുലിയിറങ്ങി ഒരു ആടിനെ ഗുഹയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് അന്നു കണ്ടിരുന്നു. ഞങ്ങള്‍ തങ്ങിയ പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ കേന്ദ്രവും മള്‍ബറിത്തോട്ടവും നിന്നിടത്താണ് ഇന്ന് തമിഴ്നാട് ഫോറസ്റ്റ് വകുപ്പിന്റെ കൊച്ച് റിസോര്‍ട്ട്. ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്ന ഇവിടെ പക്ഷേ, ആരും തങ്ങാനെത്തുന്നില്ല. ചുരുളിപ്പെട്ടിയില്‍നിന്ന് മുതുവാന്മാരെ ചിന്നാറിന്‍കരയിലെ പെരിയപാറയിലേക്കും കീഴെ ചിന്നാറിലേക്കും പൊറുപ്പാറിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. കയ്യേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു. അന്നു ചുരുളിപ്പെട്ടിയും ആട്ടുമലക്കുടിയും കഞ്ചാവിന്റെ താഴ്വര എന്നാണറിയപ്പെട്ടിരുന്നത്. മുതുവാന്മാരെ കാവല്‍ക്കാരായി നിയമിച്ചപ്പോള്‍ കഞ്ചാവ് കൃഷിക്ക് അറുതിവന്നു. അന്നു കുളിച്ച ഒരു ഉരല്‍ക്കുഴി നോക്കിയാണ് സ്ഥലം കണ്ടുപിടിച്ചത്. അന്നവിടെ പത്തോളം മുതുവാക്കുടികള്‍ ഉണ്ടായിരുന്നു. രാത്രി ചപ്പാത്തിക്കൊപ്പം കഴിച്ചത് മുതുവാക്കുടിയില്‍നിന്നു വാങ്ങിയ പൂവന്‍കോഴിയെ കറിവച്ചതായിരുന്നു.

ആനയും കാട്ടുപോത്തും അടക്കിവാഴുന്ന ചുരുളിപ്പെട്ടി മലപ്പുലയന്മാരുടേയും മുതുവാന്മാരുടേയും സങ്കേതമായിരുന്നു. പന്തമലയുടെ താഴ്വരയില്‍ കട്ടല്‍ മാരിയമ്മന്‍ കോവില്‍ പറിച്ചുനട്ടത് കേരള അതിര്‍ത്തിയിലെ പെരിയപാറയില്‍നിന്നാണ്. ആറ്റില്‍ വന്നുപെടുന്ന വെള്ളപ്പൊക്കമാണ് ഉയരങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചത്. കോടാന്തൂരില്‍ കോവിലിരിക്കുന്ന വിരിപ്പാറയ്ക്ക് അരികിലായി അനേകം മുനിയറകള്‍ കാണപ്പെടുന്നുണ്ട്. വെള്ളം കയറാത്ത ഇടങ്ങളിലേ മുനിയറകള്‍ക്കു പ്രസക്തിയുള്ളൂവല്ലോ. ഒരു മുനിയറയിലാണ് കാവിലെ പൂജാസാമഗ്രികളും പാത്രങ്ങളും അടച്ചുവയ്ക്കുന്നത്. ആനയുടെ ശല്യമുള്ളതുകൊണ്ട് മുള്‍ച്ചെടികള്‍കൊണ്ട് അറ മൂടിയിരുന്നു. അകലെ മതില്‍ക്കെട്ടുപോലെ ഉയര്‍ന്നുനില്‍ക്കുന്ന പന്തമലയുടെ ശിരസ്സ്. കടുവകളുടെ വിഹാരകേന്ദ്രമാണത്. 

പെരിയപാറയില്‍ വനദുര്‍ഗ്ഗയുടെ ഒരു കാവ് രൂപപ്പെട്ടതിനു പിന്നിലുള്ള ഐതിഹ്യം പൂജാരി കുമാരന്‍ വിശദീകരിച്ചു. ഊരിലെ പശുക്കള്‍ക്കിടയില്‍നിന്ന് ഒരെണ്ണം കൂട്ടം തെറ്റി കാവിലെത്തിയിരുന്നെന്നും ദാഹിക്കുന്ന കല്ലിനെ പാല്‍ ചുരത്തി കഴുകി തൃപ്തിപ്പെടുത്തിയിരുന്നെന്നും മിത്ത്. ആ കല്ലിലാണ് ദേവിശക്തി കുടികൊള്ളുന്നതെന്നും പൂജ്യവസ്തുവായതെന്നും വിശ്വാസം. തലമുറകള്‍ക്കുശേഷം വനദുര്‍ഗ്ഗയുടെ കാവ് വെള്ളപ്പൊക്കത്തില്‍ നശിച്ചപ്പോള്‍ പ്രതിഷ്ഠ കോടാന്തൂരിലേക്ക് മാറ്റപ്പെട്ടു. കട്ടല്‍ മാരിയമ്മന്‍ പ്രതിഷ്ഠ കോടാന്തൂരില്‍ എത്തിപ്പെട്ടു. മലപ്പുലയരാണ് പൂജാരികള്‍. 

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടത്തെ പ്രതിഷ്ഠ തേഞ്ഞുമിനുസപ്പെട്ട ഒരു കല്ല് മാത്രമായിരുന്നു. വനദുര്‍ഗ്ഗയും മലമുത്തപ്പനും കാട്ടുകല്ലുകള്‍ ചാരിവച്ചത് തന്നെയാണ്. അവയുടെ എണ്ണം പെരുകിയിട്ടുണ്ടെന്നു മാത്രം. നേര്‍ച്ചക്കാരാണ് ഇവിടെ മറ്റു പ്രതിമകള്‍ സ്ഥാപിച്ചത്. വനദേവതാ പ്രതിഷ്ഠയായതുകൊണ്ട് ക്ഷേത്രമോ കല്ലും മരവും സിമന്റും കൊണ്ട് തീര്‍ത്ത നിര്‍മ്മിതിയോ ഇല്ല. കറുത്തവാവിന് കാടിറങ്ങിവരുന്ന മലപ്പുലയന്മാര്‍ സംഘം ചേര്‍ന്ന് മാരിയമ്മന്‍ കോവിലിലെത്തുന്നു. മലപ്പുലയരാണ് പൂജാരിമാര്‍. 30 വര്‍ഷം മുന്‍പ് കോയമ്പത്തൂരില്‍ നിന്നെത്തിയ ഒരു പൂണൂല്‍ധാരി പൂജ നടത്തിയിരുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അയാളെ ഓടിച്ച് ഞങ്ങള്‍ കാവ് തിരിച്ചുപിടിച്ചു എന്ന് മാരിയപ്പന്‍ പറഞ്ഞു. ശബരിമലപോലെ ആദിവാസികള്‍ പുറത്തുപോകുമായിരുന്നു അന്നങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ എന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. കോവിലെന്നു വിളിക്കുന്നുണ്ടെങ്കിലും വിസ്താരമുള്ള പരപ്പന്‍പാറയില്‍ മുളച്ചുപൊന്തിയ അസംഖ്യം വേലുകള്‍ തീര്‍ത്ത ഒരു ശരപഞ്ജരം പോലെയാണിവിടം. ഇടയ്ക്ക് ആനയിറങ്ങി ഇവയൊക്കെ തട്ടിനിരപ്പാക്കും. പടയാളികളെപ്പോലെ കാവല്‍നില്ക്കുന്ന, മാനത്തുനിന്നു തൊടുത്തുവിട്ട ശരങ്ങള്‍പോലെ പത്തടിയോളം ഉയരമുള്ള ശൂലങ്ങള്‍. അവയ്ക്കു മുകളില്‍ മഞ്ഞപ്പൂക്കളൊരുക്കി കുത്തിനിര്‍ത്തിയ നാരങ്ങ. ദൂരെനിന്നു നോക്കുമ്പോള്‍ സ്വര്‍ണ്ണമകുടം പതിച്ചുവച്ചപോലെയാണ് നാരങ്ങയുടെ കാഴ്ച. പ്രാര്‍ത്ഥനകള്‍ കടലാസില്‍ എഴുതിക്കെട്ടിയ ചരടുകള്‍. ഓട്ടുമണികള്‍. നടവരവും കാണിക്കയും തീരെ കുറവാണ്. കിട്ടുന്നത് മലപ്പുലയര്‍ വീതിച്ചെടുക്കുന്നു.

മൂന്ന് കിലോമീറ്റര്‍ വനപാത താണ്ടാന്‍ സ്വന്തം വാഹനത്തിനു പ്രവേശനമില്ല. പിക്കപ്പ് വാനിനെ ആശ്രയിക്കുകയേ തരമുള്ളൂ. കോയമ്പത്തൂരില്‍നിന്നും മധുരയില്‍നിന്നും കാവടിയുമായി എത്തുന്ന സംഘങ്ങളുണ്ട്. 'വേല്‍മുരുക ഹരോ ഹര' പാടി അവര്‍ കാവിനെ വലംവച്ചു. കേരള ഫോറസ്റ്റ് വക ഡോര്‍മെട്രിയില്‍ തങ്ങിയും പുലര്‍ച്ചെ കോടാന്തൂരിലെത്താം. ഇവിടെ വാച്ച് ടവറും ഉണ്ട്. മേല്‍ക്കൂരയില്ലാത്ത, പടയാളികളെപ്പോലെ കാവല്‍നില്‍ക്കുന്ന വേലുകളുടെ മതില്‍ക്കെട്ടിനകത്ത് കാറ്റും മഴയും മഞ്ഞും വെയിലും ഏറ്റുവാങ്ങുന്ന വനദുര്‍ഗ്ഗ. യുദ്ധകാലത്ത് മല കടന്നുവന്ന പാണ്ഡ്യന്‍ പട തമ്പടിച്ചതും തൊഴുതു മടങ്ങിയതും ഈ കാവില്‍നിന്നാണ് എന്ന് പാരമ്പര്യം. പാലമരങ്ങളാണ് കാവിനു ചുറ്റും. അവയില്‍ പിള്ളത്തൊട്ടിലുകളും ഉണ്ണിയുടുപ്പുകളും നിറഞ്ഞുകിടക്കുന്നു. ആട ചാര്‍ത്തിയ പാലമരക്കൊമ്പില്‍ ഉണ്ണിപിറക്കാനും മംഗല്യത്തിനും വേണ്ടി ഭക്തജനങ്ങള്‍ നേര്‍ച്ചയായി ഉടുപ്പിച്ച വസ്ത്രങ്ങളുടെ നിറച്ചാര്‍ത്ത്. കൈവിരിച്ച് മുദ്രകളോടെ നില്‍ക്കുന്ന അസംഖ്യം നര്‍ത്തകികളെപ്പോലെ നിറങ്ങള്‍ ചാര്‍ത്തിയ പാലമരച്ചോല. 

സാപ്ല അമ്മന്‍കോവില്‍ 
കാട്ടിനുള്ളില്‍നിന്നും ശതാവരി പറിക്കുന്ന പെണ്‍കുട്ടികളേയും തലച്ചുമടായി കടുക്ക, കണ്ണിമാങ്ങ, നെല്ലിക്ക, ഇല്ലിക്കൂമ്പ് എന്നിവ ശേഖരിക്കുന്നവരേയും കണ്ടു. തേനും മെഴുകും കടുക്കയും നെല്ലിക്കയും ശേഖരിച്ചിരുന്നത് മലപ്പുലയരായിരുന്നു. വാറ്റുചാരായവും കഞ്ചാവും പലരുടേയും ആയുസ്സ് വെട്ടിക്കുറച്ചു. വിധവകളുടെ എണ്ണം പെരുകി. ചെറുപ്പക്കാര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിക്കു ചേര്‍ന്നു. പുതിയ തലമുറ യാതൊരു നിയന്ത്രണവുമില്ലാതെയാണ് വളരുന്നത്. കോടാന്തൂരിലെ വഴിത്താരകളിലൊക്കെ പഴയ മോട്ടോര്‍ സൈക്കിളില്‍ ചുറ്റിക്കറങ്ങുന്ന പുതുതലമുറ. കുറച്ച് കാശ് കൈയില്‍ വന്നാല്‍ ആദ്യം വാങ്ങുന്നത് ഒരു പഴയ മോട്ടോര്‍ സൈക്കിളായിരിക്കും. അതില്‍ ചെത്തിനടക്കുന്നതില്‍ ഹരംകൊള്ളുന്ന യുവാക്കള്‍. നടക്കുന്നതിനിടയില്‍ മാരിയപ്പന്‍ വാചാലനായി. 

രണ്ട് കിലോമീറ്റര്‍ നടന്ന് ചുരുളിപ്പെട്ടിയുടെ അടിവാരത്തെ സാപ്ല അമ്മന്‍കോവിലിലെത്തി. കട്ടല്‍ മാരിയമ്മന്റെ അക്കയാണ് സാപ്ല അമ്മന്‍. ഞങ്ങളോടൊപ്പം വന്ന മാരിയപ്പന്റെ അച്ഛന്‍ കുപ്പുസ്വാമിയാണ് ഇവിടത്തെ പൂജാരി. മന്ത്രവാദത്തിനായി തമിഴ്നാടിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകളെത്തുന്ന കാവിലെ പ്രതിഷ്ഠ മഞ്ഞള്‍പ്പൊടി ചാര്‍ത്തിയ രണ്ട് കല്‍പ്പാളികളാണ്. പാലമരച്ചോട്ടില്‍ ഗുരുതി നടക്കുന്നതു കണ്ടു. കുപ്പുസ്വാമി ഒരു മുറത്തിലെ നെല്ലില്‍ കവടി വിതറി പ്രവചിക്കുന്നതും ഒരു ചങ്ങല എടുത്ത് മുന്നിലിരിക്കുന്ന ആളുടെ കൈയില്‍ തൊടീക്കുന്നതും മന്ത്രവാദത്തിനായി അയാളുടെ മുടി മുറിച്ചെടുക്കുന്നതും കണ്ടു. കാടിനുള്ളില്‍ തന്നെയാണ് കുപ്പുസ്വാമി താമസിക്കുന്നത്. മാരിയപ്പനും അമ്മയും മറയൂരിലെ കുടിയിലും. 
റാഗി, തിന, ഇഞ്ചിപ്പുല്ല് എന്നിവ കൃഷി ചെയ്യുന്ന ഇടങ്ങള്‍ കാടിനുള്ളിലുണ്ട്. മുതുവാന്മാരില്‍ പലരും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വാച്ചര്‍മാരാണ്. മലപ്പുലയന്മാര്‍ ഫോറസ്റ്റ് ലോഡ്ജിലും ഹോട്ടലിലും ഗൈഡായും വാച്ചറായും പണിയെടുക്കുന്നു. അതുകൊണ്ടുതന്നെ വേട്ടക്കാരുടെ ശല്യം കുറവാണ്. കാട്ടുപോത്തും മ്ലാവും മാനും പെരുകാന്‍ കാരണം ഫോറസ്റ്റുകാരുടെ ജാഗ്രത തന്നെയാണ്.


ഇവിടെനിന്നും ആട്ടുമലക്കുടിവഴി കൊടൈക്കനാലിലേക്കും അമരാവതിയിലേക്കും വഴിത്താരകളുണ്ട്. ട്രക്കിങ് റൂട്ടായ ഈ വഴിക്ക് ചുറ്റും പണ്ട് കഞ്ചാവ് കൃഷിക്കാരുടേയും വേട്ടക്കാരുടേയും താവളങ്ങള്‍ ഉണ്ടായിരുന്നു. ആദിവാസികളെ ഫോറസ്റ്റ് വാച്ചര്‍മാരായി എടുത്തപ്പോള്‍ കഞ്ചാവ് വിളവെടുപ്പും കാട്ടിറച്ചി ഉണക്കലും നിലച്ചു. ഇടയഗോത്രങ്ങള്‍ ആടുകളുമായി സഞ്ചരിക്കുന്ന വഴിത്താരയില്‍ കാട്ടുമൃഗങ്ങളുടെ ശല്യമുണ്ട്. മൃഗങ്ങള്‍ തങ്ങളെ ഉപദ്രവിക്കാറില്ലെന്നും കാടിന്റെ നിയമങ്ങള്‍ അവനവന്‍ സ്വന്തം വഴിക്ക് അപ്പുറമല്ലെന്നും മാരിയപ്പന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങോട്ട് ഉപദ്രവിച്ചാല്‍ തിരിച്ച് ഉപദ്രവിക്കുന്നതാണ് കാടിന്റെ രീതി. 

തൊട്ടപ്പുറത്തൊരു മല എരിയുന്നത് ദൃശ്യമായി. കാടിനുള്ളില്‍ തീ ഒരു ശാപമാണ്. ഫയര്‍ലൈന്‍ (എശൃല ഹശില) വേണ്ട സമയത്ത് വെട്ടാതിരുന്നാല്‍ അഗ്‌നിസംഹാരമാകും ഫലം. മഴയ്ക്ക് മുന്‍പ് പുല്ലില്‍ പടരുന്ന തീ ഒരു ഹോമകുണ്ഡമായി മലയെ ചാമ്പലാക്കുന്നു. ചാരം കാറ്റില്‍ പടര്‍ന്നു താഴ്വരയിലേക്ക് സഞ്ചരിക്കുന്നു. ഇടമഴ പക്ഷേ, വല്ലപ്പോഴും മാത്രമേ കോടാന്തൂരിലും ചിന്നാറിലും എത്താറുള്ളൂ. 

കൂട്ടമായി ആടുവളര്‍ത്തല്‍ മലയുടെ സന്തുലിതാവസ്ഥയെ തകിടംമറിക്കുന്നുണ്ട്. പുല്‍മേടുകള്‍ തരിശുനിലമാകുന്നു. വരണ്ടുണങ്ങുന്ന കുറ്റിക്കാടുകള്‍. കോയമ്പത്തൂരില്‍നിന്നും പൊള്ളാച്ചിയില്‍നിന്നും ആയിരക്കണക്കിന് ആടുകളെയാണ് വളര്‍ത്താന്‍ ഏല്പിച്ചിരിക്കുന്നത്. ഇവയുടെ വളര്‍ച്ചയ്ക്ക് പുല്ലും വെള്ളവും മാത്രം മതി. കാട്ടാറിന്റെ മട്ടും ഭാവവുമുള്ള ഇവയെ മാസങ്ങള്‍ക്കുശേഷം നോട്ടക്കൂലി നല്‍കി തീന്‍മേശയിലെത്തിക്കുന്നു. 
ആദിമ ദ്രാവിഡഗോത്രങ്ങളുടെ ബാഹ്യചിഹ്നങ്ങള്‍ ആവാഹിക്കുന്ന കാവുകള്‍ ബിംബാരാധനയുടെ മുദ്രകള്‍ എടുത്തണിയുന്നുണ്ടെങ്കിലും ക്ഷേത്രങ്ങള്‍ രൂപപ്പെടുന്നില്ല. പെരുങ്കല്‍പരിഷ്‌കൃതിയുടെ ഉപജ്ഞാതാക്കളായ മഹാശിലായുഗത്തിന്റെ ശേഷിപ്പുകള്‍ കോടാന്തൂരിന്റെ ചരിത്രനിക്ഷേപത്തിലുണ്ട്. അമ്മദൈവങ്ങളാണ് അതിര്‍ത്തിയിലെ കാടിനുള്ളിലെ ദേവത. പലയിടങ്ങളിലും ഗോത്രദേവതയായ മാരിയമ്മന് കോവിലുകളുണ്ട്. പ്രകൃതിയും ദൈവവും ഒന്നാകുന്ന അവസ്ഥ. 

ബ്രാഹ്മണാധിപത്യം എത്തിനോക്കാത്ത പൂജാവിധികള്‍. വിഗ്രഹത്തെ അഭിഷേകം ചെയ്ത തീര്‍ത്ഥമൊഴുകുന്ന പാറയില്‍ രൂപപ്പെട്ട തീര്‍ത്ഥനദിയില്‍നിന്നും മഞ്ഞള്‍വെള്ളം കുപ്പിയില്‍ നിറയ്ക്കുന്ന സ്ത്രീകള്‍. ഇവിടെ ഭക്തിക്ക് വഴിമാറുന്ന ത്യാഗമാണ് ഈ മല ചവിട്ടാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നത്. ദൈവങ്ങളുടെ താഴ്വര എന്നും കാട്ടില്‍ മറഞ്ഞിരിക്കുന്ന കോടാന്തൂരിനെ വിളിക്കാം. തിരിച്ചുപോരുമ്പോള്‍ നട്ടുച്ചയായതുകൊണ്ട് ചിന്നാര്‍ ചെക്ക്പോസ്റ്റിലേക്ക് വാഹനത്തില്‍ പോരാന്‍ തീരുമാനിച്ചു. ഒരു മിനിലോറിയിലാണ് ആളുകളെ കയറ്റിക്കൊണ്ടുപോരുന്നത്. ഞങ്ങളോടൊപ്പം പീലിക്കാവടിയുമായി കുറേ തമിഴന്മാര്‍ കയറി. പഴനി ചുറ്റിവരുന്നവരാണെന്ന് മാരിയപ്പന്‍ പറഞ്ഞു. രണ്ടുമണിക്ക് മുന്‍പേ ക്ഷേത്രപരിസരം ശൂന്യമായി. രാത്രി കാട്ടുമൃഗങ്ങള്‍ക്ക് ഉള്ളതാണ്. ചെക്ക്പോസ്റ്റില്‍ ഞങ്ങളെ കാത്ത് ജീപ്പ് കിടന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com