വാക്കില്‍ തുടങ്ങുന്നത് വാക്കിലൊതുങ്ങാത്തത്: ആനന്ദിന്റെ കഥകളെക്കുറിച്ച്

നിലനില്‍പ്പ്, ബന്ധനം, കാത്തിരിപ്പ്, വിഗ്രഹം, ഭ്രമണപഥം, കാട്ടുതീ, അണക്കെട്ട്... ഇങ്ങനെ സവിശേഷമായ ചില വാക്കുകളില്‍നിന്നാണ് ആനന്ദിന്റെ കഥകള്‍ ആരംഭിക്കുന്നതെന്നു പറയണം.
വാക്കില്‍ തുടങ്ങുന്നത് വാക്കിലൊതുങ്ങാത്തത്: ആനന്ദിന്റെ കഥകളെക്കുറിച്ച്


    
നിലനില്‍പ്പ്, ബന്ധനം, കാത്തിരിപ്പ്, വിഗ്രഹം, ഭ്രമണപഥം, കാട്ടുതീ, അണക്കെട്ട്... ഇങ്ങനെ സവിശേഷമായ ചില വാക്കുകളില്‍നിന്നാണ് ആനന്ദിന്റെ കഥകള്‍ ആരംഭിക്കുന്നതെന്നു പറയണം. നിരന്തരം പരിവര്‍ത്തിക്കാനുള്ള വാക്കിന്റെ ക്ഷമതയെ അറിയുന്ന കഥാകാരന്‍ അതിന്റെ നാനാര്‍ത്ഥങ്ങളെയല്ല, സവിശേഷാര്‍ത്ഥങ്ങളെ കഥകളായി എഴുതുകയാണ്. എന്നാല്‍, തെന്നിമാറുന്ന അര്‍ത്ഥങ്ങളുള്ള വാക്കുകള്‍ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തേയും ചലനക്ഷമതയേയും സംരക്ഷിക്കുകയും വര്‍ദ്ധമാനമാക്കുകയും ചെയ്യുന്നുണ്ട്. വിഭജനങ്ങള്‍ എന്ന വാക്കില്‍നിന്നും തുടങ്ങി രാഷ്ട്രങ്ങളുടെ വിഭജനങ്ങള്‍, വംശീയ വിഭജനങ്ങള്‍, മതവിഭജനങ്ങള്‍ എന്നിവയിലൂടെയെല്ലാം സഞ്ചരിച്ച് അണുവിഭജനങ്ങള്‍ വരെ വികലനങ്ങള്‍ക്കു വിധേയമാക്കിയ ആനന്ദിന്റെ ആഖ്യാനം ഓര്‍ക്കുക! വാക്ക് കഥകള്‍ക്കു മാത്രമല്ല, ബൃഹത് ആഖ്യാനങ്ങള്‍ക്കും വഴി തുറക്കുന്നു. പഞ്ചേന്ദ്രിയങ്ങളെ തുടക്കമായി സ്വീകരിച്ചുകൊണ്ട് ആനന്ദ് എഴുതിയ കഥകള്‍, വാക്കില്‍ നിന്നാരംഭിക്കുകയെന്നത് തന്റെ കഥാദര്‍ശമായിത്തന്നെ സ്വീകരിക്കുന്നുവെന്നതിനുള്ള നല്ല തെളിവാണ്. കാഴ്ച, കേള്‍വി, ഗന്ധം, സ്പര്‍ശം, രുചി എന്നീ ശീര്‍ഷകങ്ങളിലുള്ള കഥകള്‍ ഈ വാക്കുകള്‍ നല്‍കുന്ന ഒഴിവാകാനാകാത്ത ആവിഷ്‌കരണശേഷിയില്‍നിന്നും ഉയിര്‍ക്കൊള്ളുന്നതാണ്. വാക്ക് പുതിയ വിചാരങ്ങള്‍ക്കും ചിന്തകള്‍ക്കും തിരികൊളുത്തുന്നു. എഴുത്തുകാരന്റെ വിചാരങ്ങള്‍ കഥകളായി പരാവര്‍ത്തനം ചെയ്യപ്പെടുന്നു. ആനന്ദിന്റെ കുറേയേറെ കഥകള്‍; അതില്‍ അദ്ദേഹം രചിച്ച ഏറ്റവും നല്ല കഥകളും ഉള്‍പ്പെടും, വാക്കിന്റെ കാന്തശക്തിയില്‍പ്പെട്ട് എഴുതപ്പെട്ടതാണെന്ന് എനിക്കു തോന്നുന്നു. ആനന്ദിന്റെ കഥകളുടെ ഏക സ്രോതസ്സ് ഇതാണെന്നു പറയുകയല്ല. അതിന്റെ ഉത്ഭവസ്ഥാനങ്ങള്‍ പലതാണെന്നു തീര്‍ച്ച! എന്നാല്‍, വിചാരശീലനായ ഈ രചയിതാവിനെ ഭാഷയിലെ ചില വാക്കുകള്‍ എഴുത്തിലേക്കും കഥയിലേക്കും നേരിട്ടു കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. വാക്കുകളില്‍നിന്നും കൂടുതല്‍ ഊര്‍ജ്ജം നേടി എഴുതിയ ചില കഥകളിലൂടെയുള്ള സഞ്ചാരമാണ്, ഈ ലേഖനം.

ആനന്ദിന്റെ കഥകള്‍ സവിശേഷമായ ചില വാക്കുകളില്‍നിന്നും ഉയിരെടുക്കുന്നുവെന്നു പറഞ്ഞാല്‍, കഥാഖ്യാനത്തെ കേവല ഭാഷാലീലയായി കാണുന്നുവെന്നോ സാഹിത്യത്തിനു ജീവിതവുമായുള്ള ബന്ധത്തെ നിഷേധിക്കുന്നുവെന്നോ അര്‍ത്ഥമാക്കരുത്. ആ കഥകളില്‍ ജീവിതവും ചരിത്രവും നീതിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും ഇരമ്പിയാര്‍ക്കുന്നത് ആര്‍ക്കാണ് കേള്‍ക്കാന്‍ കഴിയാത്തത്? ആനന്ദിന്റെ കഥയിലെ താക്കോലുകളായ വാക്കുകള്‍ സവിശേഷ പ്രകരണങ്ങളുടെ സൃഷ്ടിയാണ്. ഇവ ജീവിതത്തിന്റേയും സമൂഹത്തിന്റേയും പ്രതിബിംബങ്ങള്‍ തന്നെയാണ്. നിരന്തരം പരിണമിക്കാനുള്ള വാക്കിന്റെ ശേഷികള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക, ജീവിതസാഹചര്യങ്ങളെ രേഖപ്പെടുത്താന്‍ ശക്തിയുള്ളവയാണ്. വാക്കിന്റെ അനന്തമായ ശേഷി ആഖ്യാനത്തിനു പാഠാന്തരത്വങ്ങളും അനേക വ്യാഖ്യാനങ്ങളും നല്‍കുന്നു. 

മനുഷ്യരാശി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പര്യാലോചിക്കുകയും ചിന്തകളെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും സംഭാഷണങ്ങളിലും സംവാദങ്ങളിലും ഏര്‍പ്പെടുകയും ചെയ്യുന്ന നിരവധി വ്യക്തികളെ ആനന്ദിന്റെ കൃതികളില്‍ കാണാവുന്നതാണ്. അധിനിവേശം, മനുഷ്യാവകാശങ്ങള്‍, സാമൂഹികനീതി, ജനാധിപത്യം, അമിതാധികാരത്തിന്റെ ദുഷ്ചെയ്തികള്‍, അനിശ്ചിതമായ മനുഷ്യാവസ്ഥകള്‍... ഇവയെല്ലാം കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും വിഷയമാകുന്നു. രചനയിലൂടെ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന പ്രശ്‌നത്തിന്റെ വിവിധ തലങ്ങളെ വായനക്കാര്‍ക്കു പരിചയപ്പെടുത്താനുള്ള മാര്‍ഗ്ഗമാണിത്. ആനന്ദിന്റെ രചനകള്‍ പ്രശ്‌നീകരണത്തിന്റെ വലിയ വാതിലുകള്‍ തുറന്നുവയ്ക്കുന്നു. എഴുത്തിനു സാദ്ധ്യമാകുന്നത് പ്രശ്‌നീകരണമാണെന്ന് അദ്ദേഹം കരുതുന്നുണ്ട്. ആനന്ദ് കഥയെ പ്രശ്‌നീകരണത്തിനുള്ള മാധ്യമമാക്കി മാറ്റുന്നു. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും മാനസിക വ്യാപാരങ്ങളും സമൂഹത്തേയും ജീവിതത്തേയും കുറിച്ചുള്ള ഉല്‍ക്കണ്ഠകളെ വായനക്കാരിലേക്കു പകരുന്ന നല്ല മാധ്യമങ്ങളായി തീരുന്നു. കഥകളായി മാത്രം എഴുതാന്‍ കഴിയുന്നതാണിത്. മറ്റൊരു രീതിയില്‍ ഈ ആശയങ്ങള്‍ പങ്കുവെയ്ക്കുക അസാദ്ധ്യമായിരിക്കും. കഥാപാത്രങ്ങളുടെ വിചാരങ്ങള്‍ കഥാകാരന്റെ വിചാരങ്ങള്‍ തന്നെയാകാം. കഥാകാരന്റെ മനസ്സ് നിരന്തര ചലനത്തിലായതു കൊണ്ട് ഈ രചനാലോകം വലിയ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്നു. സ്ഥിതാവസ്ഥകളെ ഭേദിക്കുന്നു. രസാനുഭൂതി ഈ പങ്കുവെയ്ക്കലിന്റെ ഭാഗവും തുടര്‍ച്ചയുമാണ്.

അടുക്കും ക്രമവും ചിട്ടയുമുള്ള ഭാഷയിലാണ് ആനന്ദിന്റെ കഥകള്‍ എഴുതപ്പെടുന്നത്. ക്രമീകൃതമായ ഭാഷാശൈലി ശാസ്ത്രപ്രബന്ധങ്ങളുടെ കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തുന്നതാണ്. എന്നാല്‍, അതീവ ലളിതവുമാണത്. ശാസ്ത്രം പഠിച്ചതിലൂടെ ആര്‍ജ്ജിച്ചെടുത്ത ക്രമവും സൂക്ഷ്മതയും സാഹിത്യരചനകളിലേക്കു പകരുകയാണോ ആനന്ദ് ചെയ്തത്? ആനന്ദിന്റെ കഥാപാത്രങ്ങള്‍ പ്രാദേശിക ഭാഷാഭേദങ്ങളിലേക്കോ സവിശേഷ സാംസ്‌കാരിക തനിമകളിലേക്കോ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നില്ല. മിക്കവാറും മാനക ഭാഷയിലാണ് അവര്‍ സംസാരിക്കുന്നതെന്നു പറയണം. അങ്ങനെ, അവര്‍ സാമാന്യവല്‍ക്കരിക്കപ്പെട്ട ലോകത്തിലെ മനുഷ്യരാണ്. സാമാന്യ മനുഷ്യരും അവരുടെ സംഭാഷണങ്ങളിലെ മാനകഭാഷയും നമ്മുടെ കഥാകാരന്റെ രചനാലക്ഷ്യങ്ങള്‍ക്ക് ഉതകുന്നതാണ്. എന്നാല്‍, കഥാപാത്രങ്ങളുടെ ജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളല്ല ആവിഷ്‌കരിക്കപ്പെടുന്നത് എന്ന കാര്യം ശ്രദ്ധിക്കണം. ജീവിതത്തിന്റെ പോര്‍ക്കളത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോയി നേരിട്ടു കാണിച്ചുതരികയല്ല. ജീവിതപ്രശ്‌നങ്ങളെക്കുറിച്ച് ധൈഷണിക സംവാദങ്ങളിലേര്‍പ്പെടുന്നവരെ അവതരിപ്പിച്ചുകൊണ്ട് യാഥാര്‍ത്ഥ്യത്തിന്റെ വിവിധവും വ്യത്യസ്തവുമായ മുഖങ്ങളെ അവതരിപ്പിക്കുകയാണ് മിക്കവാറും എല്ലാ കഥകളിലും. ആനന്ദിന്റെ കഥയില്‍ ധിഷണ വലിയ പങ്കുവഹിക്കുന്നുവെന്നു പറയുന്നത് ഈ പ്രകരണത്തിലാണ് സംഗതം. വിചാരപ്പെടുന്ന ധിഷണാശാലിയാണ്, ആനന്ദിന്റെ പ്രധാന കഥാപാത്രം. വിചാരശീലം ഏറെയുള്ളവരുടെ വാക്കിനു കഥയുടെ ആദ്യ സ്രോതസ്സാകുന്നതിനു കഴിയുമെന്നുകൂടി പറയാവുന്നതാണ്. വാക്ക് ചിന്തയുടെ പ്രധാന ഭാഗമാണല്ലോ. ഈ ധിഷണാശാലി ആദ്യകാല കഥകളില്‍ മദ്ധ്യവര്‍ഗ്ഗക്കാരനാണ്. പില്‍ക്കാലത്ത്, പ്രാന്തവല്‍ക്കൃതരിലേക്കു സഞ്ചരിക്കുന്നതിന് അതു ശക്തി നേടുന്നു. നമ്മുടെ എഴുത്തുകാരന്റെ രചനയില്‍ സംഭവിക്കുന്ന ഒരു പ്രധാന പരിവര്‍ത്തനമാണിത്. ധിഷണയ്ക്കും വിചാരത്തിനും നല്‍കുന്ന ഊന്നലിലൂടെ ആനുഭവികമായ കാര്യങ്ങളില്‍നിന്നും ആനന്ദിന്റെ കഥാഭാവന കേവലമായി അകന്നുനില്‍ക്കുന്നുവെന്നല്ല ഉദ്ദേശിക്കുന്നത്. ആനന്ദിന്റെ ആഖ്യാതാവ് നല്ല ഇന്ദ്രിയശേഷിയുള്ളവനാണ്. എങ്കിലും ഇന്ദ്രിയാനുഭവത്തിനും കഥയിലെ വാക്കിനും ഇടയിലെ വിചാരമാണ് കഥയെ രൂപപ്പെടുത്തുന്ന മുഖ്യധാതുവെന്ന് ഉറപ്പിച്ചു പറയണം. കാണുന്നു, കേള്‍ക്കുന്നു, രുചിക്കുന്നു, അറിയുന്നു. സംവദിക്കുന്നു, വിചാരപ്പെടുന്നു. പിന്നെയും വിചാരപ്പെടുന്നു. വീണ്ടും വിചാരപ്പെടുന്നു. ഇത് കഥകളായി പരാവര്‍ത്തനം ചെയ്ത് എഴുതപ്പെടുന്നു.
പ്രത്യക്ഷത്തില്‍ നേരിട്ടു കഥ പറയുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്ന രചനകളില്‍പ്പോലും കഥാപാത്രങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളെ നേരിട്ട് ആവിഷ്‌കരിക്കുന്ന രീതി പലപ്പോഴും ഒഴിവാക്കപ്പെടുന്നതു കാണാം.

പ്രത്യക്ഷത്തില്‍ ഒരു കുടുംബപുരാണത്തിന്റെ ആഖ്യാനമായ 'കണ്ണുകള്‍ തുറന്നുകൊണ്ട് മരിച്ചുപോകുന്നവര്‍' എന്ന കഥ പ്രധാന കഥാപാത്രങ്ങളില്‍നിന്നു നാം കേള്‍ക്കുന്നില്ല. അവരുടെ വൈകാരിക ലോകം അവരുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെടുന്നില്ല. മറിച്ച്, കഥാകാരന്‍ അവരുടെ അനുഭവങ്ങള്‍ പറയുകയാണ്. സംസ്‌കാരത്തിന്റേയോ ചരിത്രത്തിന്റേയോ സമൂഹത്തിന്റേയോ വലിയ സമസ്യകള്‍ക്ക് കണ്ണും കാതും നല്‍കാതെ ജീവിച്ചവരെയാണ് ഈ കഥയില്‍ ആനന്ദ് എഴുതുന്നത്. ഇത്തരം സമസ്യകളെ സംബോധന ചെയ്യുന്ന രചനകളിലേര്‍പ്പെട്ടിരുന്ന കഥാകാരന്‍ ഇവിടെ മറ്റൊരു തെരഞ്ഞെടുപ്പു നടത്തുന്നു. ദര്‍ശനങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും ബൗദ്ധിക സമസ്യകളിലും എത്രമേല്‍ വ്യാപരിച്ചാലും അവയ്ക്കുമേല്‍ പടര്‍ന്നുകിടക്കുന്ന ജീവിതത്തെക്കുറിച്ച് ആകുലമാകേണ്ടുന്ന സന്ദര്‍ഭങ്ങള്‍ സംജാതമാകുമെന്നു തീര്‍ച്ച! കണ്ണുകള്‍ തുറന്നുകൊണ്ട് മരിച്ചുപോകുന്നവര്‍ എന്ന ശീര്‍ഷകം മരണശേഷവും തുറന്നിരിക്കുന്ന ആവേശങ്ങളുടെ ജാലകങ്ങളെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തെ ആശയങ്ങളുടെ ഭാരങ്ങളേതുമില്ലാതെ സ്വതന്ത്രമായി കണ്ട് അനുഭവിച്ചു സന്തോഷിക്കുകയോ ദു:ഖിക്കുകയോ ചെയ്തിരുന്നവരായിരുന്നു, ഈ കഥയില്‍ പ്രത്യക്ഷപ്പെട്ടവരെല്ലാം. എന്നാല്‍, ഈ കാര്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് ആഖ്യാനകാരന്‍ നിര്‍വ്വഹിക്കുന്ന ജീവിത കഥാഖ്യാനം വിചാരത്തിനും ചിന്തയ്ക്കുമുള്ള ധാതുക്കള്‍കൊണ്ട് നിറയുന്നു. ഈ കഥയും ആനന്ദിന്റെ രചനാലോകത്തിന്റെ സാമാന്യ സ്വഭാവത്തെ സംരക്ഷിക്കുന്നു. വൈകാരിക മുഹൂര്‍ത്തങ്ങള്‍കൊണ്ട് കേവലമായി നയിക്കപ്പെടുന്ന രചനകള്‍ ആനന്ദിന്റെ തൂലിക ആഗ്രഹിക്കുന്നില്ല! എന്നിട്ടും ഈ കഥകള്‍ ജീവിതത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു.

അസ്തിത്വം എന്ന പ്രഹേളിക
ആനന്ദിന്റെ കഥ പുറപ്പെടുന്ന വാക്കുകളിലേക്കു വീണ്ടും വരിക. അസ്തിത്വം എന്ന വാക്ക് ഈ എഴുത്തുകാരനെ എക്കാലവും പിടിച്ചുലച്ചിരുന്നു. ആനന്ദിന്റെ ആദ്യകാല കഥകള്‍ ഏറെയും രേഖപ്പെട്ടത് അസ്തിത്വത്തെ സംബന്ധിച്ച വ്യഥകളായാണ്. അസ്തിത്വം ഒരു പ്രഹേളികയായോ അജ്ഞാതവും നിസ്സഹായവുമായ അവസ്ഥയായോ കെട്ടിയേല്പിക്കപ്പെട്ട വിധിയായോ ഈ കഥകളില്‍ പ്രത്യക്ഷപ്പെടുന്നു. ജീവിതം എന്താണെന്ന പഴയ ചോദ്യം മനുഷ്യരാശിയുടെ നീണ്ട പ്രയാണത്തിനു ശേഷം, നമ്മുടെ കാലമെത്തുമ്പോള്‍, ഈ കഥകളിലെന്നപോലെയാകും ആവിഷ്‌കരിക്കപ്പെടുക! ജീവിതത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ മരണത്തില്‍നിന്നുമാണ് ആരംഭിക്കുക! ജാനിബാപ്പ മരിച്ചു എന്ന ആദ്യവാക്യം ആകസ്മികമല്ല. ആ വാക്യം എഴുതിക്കൊണ്ടേ ആരംഭിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അനാഡംബരങ്ങളോടെ സംവാദം ആരംഭിക്കുകയാണ്. ആഡംബരങ്ങളേതുമില്ലാതെ കഥ തുടങ്ങുകയാണ്. ജീവിതത്തിന്റെ സത്യത്തേയും അര്‍ത്ഥത്തേയും ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിന് ആഗ്രഹിച്ച കാലം ആഖ്യാനകാരനുണ്ടായിരുന്നു. അങ്ങനെ ആ കഥയില്‍ എഴുതപ്പെടുന്നുണ്ട്. ജീവിതത്തിന്റെ ഗഹനസത്യം അജ്ഞാതമായി കിടക്കുകയും അതു തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാതിരിക്കുകയും ചെയ്ത കാലത്തെ ഓര്‍ത്തെടുക്കുകയും ചെയ്യുന്നു, കഥാകാരന്‍. പിന്നെ, ഗഹനസത്യം എന്ന സങ്കല്‍പ്പനം അപ്രധാനമായി തീര്‍ന്നു. ജീവിതം സാധാരണക്കാരായ ജാനിബാപ്പമാരെയാണ് കാണിച്ചു നല്‍കിയത്. ഗഹനസത്യത്തില്‍നിന്നും അകന്നു നില്‍ക്കുന്നതോടെ ജീവിതത്തോടു കൂടുതല്‍ അടുക്കുന്നു.

ആനന്ദിന്റെ കഥകളുടെ, പ്രത്യേകിച്ചും ആദ്യകാല കഥകളുടെ, ആഖ്യാതാവ് മദ്ധ്യവര്‍ഗ്ഗത്തില്‍നിന്നും വന്നവരാണെന്നു പറഞ്ഞല്ലോ? മദ്ധ്യവര്‍ഗ്ഗത്തിന്റെ ജീവിത കാമനകളും വൈരസ്യവും സഹാനുഭൂതികളുമൊക്കെ ആദ്യകാല കഥകളില്‍ കാണാം. അസ്തിത്വത്തിന്റെ പ്രശ്‌നം നിരവധി പ്രകരണങ്ങളിലൂടെ ഈ കഥകളില്‍ വെളിവാക്കപ്പെടുന്നു. എന്നാല്‍, അസ്തിത്വവ്യഥയില്‍ മുങ്ങി ജീവിതം തകരുന്നതിന്റെ ബൃഹത് ചിത്രങ്ങള്‍ ആനന്ദ് രചിച്ചിട്ടില്ല. അത് മലയാളികള്‍ക്ക്, പൊതുവില്‍ ഇന്ത്യക്കാര്‍ക്കും അന്യമായ കാര്യമായിരുന്നല്ലോ. മുകുന്ദന്റെ കഥകളിലെന്നപോലെ ഭാംഗിനും ചരസ്സിനും മദ്യത്തിനും കീഴ്പെട്ട് ജീവിതത്തിന്റെ നിഷ്ഫലതയെ ആഘോഷിക്കുന്ന കഥാപാത്രങ്ങളെ ആനന്ദിന്റെ തൂലിക രചിക്കുകയുണ്ടായില്ല. അസ്തിത്വദു:ഖത്തെ കഥയായി പരാവര്‍ത്തനം ചെയ്യുന്ന 'രാധ, രാധ മാത്രം' പോലെ ഒരു കഥ ആനന്ദിന് എഴുതേണ്ടിയിരുന്നില്ല. ഇന്ത്യയിലെ സാധാരണ മദ്ധ്യവര്‍ഗ്ഗം അനുഭവിച്ച അന്യതാബോധത്തെ ആവിഷ്‌കരിക്കുകയാണ് ആനന്ദ് ചെയ്തത്. കടുംചായങ്ങള്‍കൊണ്ട് വരയ്ക്കേണ്ട ചിത്രങ്ങളായി ആനന്ദ് അതിനെ കണ്ടിരുന്നില്ല. ഇവിടെ, അത് സംയമനത്തോടെ ആവിഷ്‌കരിക്കപ്പെട്ടു. പൂജ്യം, വാടകവീട്, വിഗ്രഹം, ഭ്രമണപഥം എന്നീ കഥാശീര്‍ഷകങ്ങളിലെല്ലാം അന്യതാബോധത്തിന്റേയോ കീഴടങ്ങലിന്റേയോ ധ്വനികളുണ്ട്. പൂജ്യം ശൂന്യതയെക്കൂടി കടത്തിക്കൊണ്ടുവരുന്ന വാക്കാണ്. വാടകവീട് തന്റേതല്ലാത്തതിനെ ആശ്രയിക്കേണ്ട അവസ്ഥയെ സൂചിപ്പിക്കുന്നു. വിഗ്രഹവല്‍ക്കരിക്കപ്പെടുന്ന അവസ്ഥ പുതുക്കാനുള്ള ആഗ്രഹത്തെ നിഷേധിക്കുന്ന ജഡാവസ്ഥയാണ്. ഭ്രമണപഥമെന്ന വാക്കില്‍ പാരതന്ത്ര്യം കുടിയിരിക്കുന്നുണ്ട്.

ആനന്ദിന്റെ കഥാപാത്രങ്ങള്‍ നിര്‍മ്മമതയോടെയാണ് വാടകവീട്ടിലേക്കു ചെല്ലുന്നതെങ്കിലും പതുക്കെപ്പതുക്കെ അത് അവര്‍ക്കു പ്രിയങ്കരമായി തീരുന്നുണ്ട്. അത് അവരുടേതായി മാറുന്നു. എങ്കിലും ഉപേക്ഷിച്ചു പോകേണ്ട വീടാണത്. ഈ കഥ വായിച്ചു തീരുമ്പോള്‍ മനസ്സ് വിങ്ങുന്നുണ്ട്. ജീവിതം ഒരു ഉപാധി മാത്രമായി തീരുന്നതിനെക്കുറിച്ചോര്‍ത്ത്. സുമിത്രയുടെ കഥയില്‍, ഭ്രമണപഥത്തില്‍ വലയം ചെയ്തു കൊണ്ടിരിക്കുന്നവളുടെ വൈരസ്യം പ്രമേയമാകുന്നു. ജീവിതം യാന്ത്രികമായി തള്ളിനീക്കുന്നവള്‍ക്ക് ഗൃഹം തടവായി തോന്നുന്നു. ''ഇപ്പോള്‍ സിനിമയില്‍ പാടിക്കേട്ട പാട്ടുകളായിരുന്നു മൂളാനെളുപ്പം. അവള്‍ മൂളുകയും പാടുകയും ചെയ്തു. പാര്‍ട്ടികളിലും സദസ്സുകളിലും മനുഷ്യര്‍ പരസ്പരം നിര്‍ബ്ബന്ധിച്ചു പാടിക്കുമ്പോള്‍ അവള്‍ തന്നത്താന്‍ പാടി. അവള്‍ പാടിയപ്പോള്‍ മറ്റുള്ളവര്‍ കയ്യടിച്ചു. അവര്‍ പാടിയപ്പോള്‍ അവളും.'' എനിക്കു വിരോധമില്ലെന്ന സുമിത്രയുടെ വാക്കുകളിലാണ് കഥ അവസാനിക്കുന്നത്. ഈ കഥകള്‍ അസ്തിത്വത്തെക്കുറിച്ചുള്ള വളരെ സാമാന്യമായ നിരീക്ഷണങ്ങള്‍ അടങ്ങിയതായിരുന്നു. എങ്കിലും മദ്ധ്യവര്‍ഗ്ഗ കുടുംബത്തിലെ പ്രതിലോമ രാഷ്ട്രീയം നേര്‍ത്ത നിറങ്ങളില്‍ അതില്‍ വരയ്ക്കപ്പെട്ടിരുന്നു. 
ബന്ധനം എന്ന കഥയുടെ അവസാന ഖണ്ഡികയിലെ വാക്യങ്ങള്‍ വായിക്കുമ്പോള്‍, പെട്ടെന്നു നിര്‍വ്വചിക്കാനാവാത്ത മാനസികാവസ്ഥകളിലൂടെ നാം കടന്നുപോകുന്നു. '...കനത്ത ഇരുട്ടിനെ നോക്കിക്കൊണ്ട് കണ്ണുകളടച്ചപ്പോള്‍ ഞാന്‍ ആലോചിച്ചു. സ്റ്റേഷന്‍ മാസ്റ്ററും അയാളുടെ അസിസ്റ്റന്റും ഇപ്പോള്‍ മുറിയുടെ വാതില്‍ ചാരി, വിളക്കിന്റെ തിരി താഴ്ത്തി, അകത്തെ ബഞ്ചിന്മേലും മേശമേലുമായി മയങ്ങാന്‍ കിടന്നിട്ടുണ്ടാകും. പൊലീസുകാരും അവരുടെ കൈദിയും വിജനമായ കാട്ടുപ്രദേശത്തിലെ ഒറ്റയടിപ്പാതയിലൂടെ നടക്കുകയായിരിക്കും....'' (ബന്ധനം). കാത്തിരിപ്പിന്റെ അനന്തരാവസ്ഥകളെ അസ്തിത്വവുമായി ബന്ധിപ്പിക്കുന്ന ഈ വാക്കുകള്‍ മനുഷ്യാവസ്ഥയെക്കുറിച്ച് അത്യന്തം ആകുലമാകുന്ന ഒരു മനസ്സില്‍ നിന്നേ പിറക്കൂ. തനിക്കു യാത്ര ചെയ്യാനുള്ള വണ്ടിക്കായി കാത്തിരിക്കുന്ന ആഖ്യാനകാരനും അവസാന വണ്ടിയെ കടത്തിവിടാന്‍ കാത്തിരിക്കുന്ന സ്റ്റേഷന്‍ മാസ്റ്ററും തങ്ങളുടെ ഔദ്യോഗിക ജോലി നിര്‍വ്വഹണത്തിനിടയില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിപ്പെട്ട പൊലീസുകാരും അവരുടെ കസ്റ്റഡിയിലുള്ള ബന്ധിതനായ കുറ്റവാളിയുമെല്ലാം അവരെ കൂട്ടിച്ചേര്‍ക്കുന്ന സ്ഥലകാല ബിന്ദുവിനുമപ്പുറം പരസ്പരബന്ധിതരാണെന്ന് നമുക്കു തോന്നുന്നു. ഇനി പോകേണ്ടുന്ന വഴിയെക്കുറിച്ചറിയാന്‍ തന്റെ കസ്റ്റഡിയിലുള്ള കുറ്റവാളിയോടു ചോദിക്കുന്ന പൊലീസുകാര്‍, സാമൂഹിക വ്യവസ്ഥയുടെ നിര്‍ബ്ബന്ധനിയമങ്ങള്‍ക്കപ്പുറം മനുഷ്യരെ യോജിപ്പിക്കുന്ന മൂലകങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഈ പരസ്പരബന്ധം ബന്ധനവും വിമോചനവുമാണ്. എന്നാല്‍, ബന്ധനമെന്ന അവസ്ഥയെക്കാളുപരി കാത്തിരിപ്പിനെ ഏറ്റവും സഫലമായി ആവിഷ്‌കരിച്ച ഒരു മലയാളകഥ കൂടിയാണിത്. കഥാപാത്രത്തിന്റെ പുനരാലോചനകളും ഓര്‍മ്മകളും കഥയുടെ കാതല്‍വാക്യങ്ങളായി മാറുന്നു. മനുഷ്യജീവിതം ഒരു പ്രഹേളികയെന്നപോലെ നമ്മുടെ മുന്നിലെത്തുന്നു. വ്യവസ്ഥയുടെ അദൃശ്യസാന്നിദ്ധ്യം നാം അനുഭവിക്കുന്നു. മനുഷ്യന്റെ നിസ്സഹായാവസ്ഥകളെക്കുറിച്ച്, ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചുപോലും മാഴ്കാന്‍ നാം പ്രേരിതരാകുന്നു. നമ്മെ ദു:ഖിപ്പിക്കുന്നു, ഇത്. പെട്ടെന്ന് ആന്തരികമായ ഒരു മൗനത്തിലേക്കു നാം നയിക്കപ്പെടുന്നു. പല കഥകളിലും ആനന്ദ് സൃഷ്ടിക്കുന്ന പുനരാലോചനകളുടെ സന്ദര്‍ഭങ്ങള്‍ വായനക്കാരെ ദീര്‍ഘവിചാരങ്ങളിലേക്കു നയിക്കുന്നതാണ്. 
അറുപതുകളിലേയും എഴുപതുകളിലേയും പ്രതിഷേധിക്കുന്ന രാഷ്ട്രീയത്തേയും വിപ്ലവസ്വപ്നങ്ങളേയും കുറിച്ച് ആനന്ദ് എഴുതുന്നില്ല. കാട്ടുതീ എന്ന കഥയിലെ ഹരിയെ ഓര്‍ത്തുകൊണ്ടു തന്നെ ഇങ്ങനെ പറയണം. ആനന്ദിന്റെ വിമോചന സ്വപ്നങ്ങളില്‍ കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ധാരകള്‍ക്ക് പ്രസക്തിയുണ്ടായിരുന്നില്ല. അത് ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നുവെന്നുതന്നെ അദ്ദേഹം കരുതി. വിപ്ലവത്തിന്റെ പേരില്‍ ഉദയംകൊണ്ട ഭരണകൂടങ്ങള്‍ സ്വേച്ഛാധിപത്യങ്ങളായി പരിണമിച്ചതിനെയാണ് ആനന്ദ് ചരിത്രത്തില്‍നിന്നും വായിച്ചെടുത്തത്. വിപ്ലവത്തിന്റെ നൈഷ്ഫല്യത്തെ ബിനോയ്ഷോം എന്ന കഥയ്ക്കു പ്രമേയമാക്കുന്നതും കാണാം. ചരിത്രത്തിന്റെ ഇരുണ്ട സ്ഥലികളെ സവിശേഷ വ്യാഖ്യാനങ്ങള്‍ക്കു വിധേയമാക്കുന്ന നിരവധി കഥകള്‍ ഈ കാലയളവില്‍ എഴുതപ്പെടുന്നുണ്ട്. ആനന്ദിന്റെ കഥാജീവിതത്തിലെ പ്രാധാന്യമേറിയ കാലമാണിത്. മനുഷ്യാസ്തിത്വത്തിന്റെ പ്രശ്‌നഭൂമിക ചരിത്രം, നീതി തുടങ്ങിയ ഗണങ്ങളുമായി കൂടിക്കുഴഞ്ഞ് പുതിയ ദിശാസൂചികളെ സ്വീകരിക്കുന്നു. ചരിത്രകാലത്തിന്റെ (Historical time ഒടുങ്ങാത്ത വിശപ്പിനെ അദ്ഭുതാദരങ്ങളോടെ കാണുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ലോകത്തെ തിന്നിട്ടും തിന്നിട്ടും കാലത്തിന്റെ വിശപ്പൊടുങ്ങുന്നില്ലല്ലോ? ചേതനവും അചേതനവുമായ വസ്തുപ്രപഞ്ചം മുഴുവനും കാലത്തിന്റെ ഈ അവിരാമ പ്രക്രിയയ്ക്കു കീഴടങ്ങി നില്‍ക്കുന്നു. നിര്‍മ്മമമായ കാലപ്രവാഹത്തില്‍ ചരിത്രം ജനിക്കുന്നു. എത്രയോ മഹാപ്രസ്ഥാനങ്ങള്‍ ഉണ്ടാകുകയും അരങ്ങുകള്‍ തകര്‍ത്താടുകയും പിന്നെ വിസ്മൃതിയില്‍ മറഞ്ഞുപോകുകയും ചെയ്യുന്നു. ചരിത്രകാലത്തെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുന്നവര്‍ വിവേചിച്ചറിയാനാകാത്ത ഏതോ വിഫലബോധത്തില്‍ പെട്ടുപോയേക്കാം. അവര്‍ക്ക് അസ്തിത്വം ഒരു ബൃഹത് പ്രഹേളികയായി അനുഭവപ്പെട്ടേക്കാം. ആനന്ദിന്റെ രചനകളില്‍ ഈ വ്യഥയെ വീണ്ടും വീണ്ടും വായിച്ചെടുക്കാന്‍ കഴിയും. 

അണക്കെട്ടുകള്‍ എന്ന ആദ്യകാല കഥയില്‍ത്തന്നെ ഇതു കാണാം. അണക്കെട്ടുകള്‍ എന്ന വാക്കില്‍, ഏതോ പ്രവാഹങ്ങളെ തടഞ്ഞുനിര്‍ത്താനുള്ള ത്വര പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, സ്വേച്ഛയെ, സ്വാഭാവിക വികാസങ്ങളെ തടയുന്ന പ്രവണതകള്‍ക്കെതിരെ മനസ്സു സൂക്ഷിച്ചുകൊണ്ടാണ് അണക്കെട്ടുകള്‍ എന്ന വാക്ക് ആനന്ദ് എഴുതുന്നത്. ''ചരിത്രം അതിന്റെ പ്രസ്ഥാനങ്ങളെത്രയോ നയിച്ച താഴ്വരയാണത്. ഒന്നും അവിടെ നിലനിന്നില്ല. മനുഷ്യര്‍ ജീവിച്ചുപോന്നു. മരങ്ങളുടെ വിത്തുകള്‍ വീണ് മരങ്ങളുണ്ടായി. പക്ഷികളുടെ മുട്ട വിരിഞ്ഞ് പക്ഷികളും. നദിയില്‍ക്കൂടി ജലം ഒഴുകി. വര്‍ഷത്തില്‍ കരയോളം പൊങ്ങി. വേനലില്‍ പഴയ ചാലിലേക്കു മടങ്ങി. അതിന്റെ വേഗം കൂടുകയും കുറയുകയും ചെയ്തു. എന്നാല്‍, എത്രയൊഴുകിയിട്ടും നദി അവസാനിച്ചില്ല.'' ഒരു താഴ്വര. ചുറ്റും കുന്നുകള്‍. പുഴ. പാവപ്പെട്ട മനുഷ്യര്‍. അണക്കെട്ടു നിര്‍മ്മാണ പദ്ധതിയുമായി അവിടേക്ക് ഉദ്യോഗസ്ഥന്മാരെത്തിച്ചേരുന്നു. ആ താഴ്വരയുടെ പഴയ ചരിത്രം കഥാകാരന്‍ പറയുന്നുണ്ട്. വലിയൊരു സംസ്‌കാരം ഇവിടെ പടുത്തുയര്‍ത്തപ്പെട്ടിരുന്നു. എല്ലാം മറഞ്ഞുപോയി. ഇപ്പോള്‍, ആദ്യ സന്ദര്‍ശനത്തില്‍ തന്നെ അണക്കെട്ടിനു യോജിച്ച സ്ഥലമായി വിദഗ്ദ്ധന്മാര്‍ അതിനെ കണ്ടു. താഴ്വാരം മാറുകയായി. അവര്‍ റോഡുകള്‍ നിര്‍മ്മിച്ചു. തീവണ്ടിപ്പാളങ്ങളും സ്റ്റേഷനും പണിതു. ഗ്രാമീണരായ മനുഷ്യര്‍ വസിച്ചിരുന്ന ഇടങ്ങളില്‍ കോളനികള്‍ ഉയര്‍ന്നുവന്നു. വിദ്യുച്ഛക്തി വന്നു. സ്‌കൂളും ആശുപത്രിയും സിനിമാശാലയും ഉണ്ടായി. രണ്ടു മൈലോളം നീളമുള്ള അണക്കെട്ട് പണിയുകയാണ്. ഗ്രാമീണരായ മനുഷ്യര്‍ അവിടെ തൊഴിലാളികളായി. അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും ഗ്രാമങ്ങള്‍ കുടിയിറക്കപ്പെടുന്നു. വിജനമായി തീര്‍ന്ന താഴ്വാരത്തില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥന്മാര്‍ അകലെ നിന്നും ഒരു പാട്ട് കേള്‍ക്കുന്നുണ്ട്. അദ്ധ്വാനഭാരം കുറയ്ക്കാന്‍ വേണ്ടി തോണിക്കാരന്‍ പാടുന്ന പാട്ടാണത്. ഉദ്യോഗസ്ഥന്മാര്‍ക്ക് അതിന്റെ ഭാഷ മനസ്സിലാകുന്നില്ല. കൂറ്റന്‍ അണക്കെട്ടുകളും വ്യവസായശാലകളും മറ്റും നിര്‍മ്മിക്കപ്പെട്ടയിടങ്ങളിലെല്ലാം ഏറിയും കുറഞ്ഞും ആവര്‍ത്തിക്കപ്പെട്ട, എല്ലാവര്‍ക്കും അറിയാവുന്ന ഒരു കഥയാണ് ആനന്ദ് എഴുതിയത്. എന്നാല്‍, ചരിത്രകാലത്തിന്റെ അനുസ്യൂതമായ പ്രവാഹത്തെക്കുറിച്ച് ആനന്ദ് എഴുതിയതു വായിക്കുമ്പോള്‍ ഏതോ അജ്ഞാതമായ വിഷാദഭാവത്തിനു നാം കീഴ്പെടുന്നു. മനുഷ്യര്‍ ചരിത്രത്തിന്റെ കൈകളിലെ കരുക്കള്‍ മാത്രമാണോയെന്ന സന്ദേഹത്തിനു കീഴ്പെട്ടു പോകുന്ന മുഹൂര്‍ത്തങ്ങളാണ് ഈ കഥ സൃഷ്ടിക്കുന്നത്. കാലത്തിന്റെ മഹാപ്രവാഹത്തിനിടയില്‍, നഷ്ടപ്പെടരുതെന്ന് ഉള്ളു പറയുന്നതെന്തോ നമ്മളില്‍നിന്നും പൊയ്പ്പോകുന്നുണ്ട്. മനുഷ്യഭാഗധേയത്തെക്കുറിച്ച് അത്യന്തം വിഷാദഭരിതമായ ഒരു ദര്‍ശനം ഈ കഥയില്‍ വിലയിച്ചിരിക്കുന്നതായി തോന്നുന്നില്ലേ? കാലപ്രവാഹത്തിനിടയിലെ സംഭവങ്ങളെയല്ല ചരിത്രമെന്നു വിളിക്കേണ്ടതെന്ന് ചരിത്രശാസ്ത്രജ്ഞന്മാര്‍ തര്‍ക്കിച്ചേക്കും. എങ്കിലും, സാഹിത്യത്തിന്റെ ഈ ചരിത്രവ്യാഖ്യാനം നമ്മെ എങ്ങനെയൊക്കെയോ പുതുക്കിപ്പണിയുന്നുണ്ട്. സാഹിതീയ യാഥാര്‍ത്ഥ്യം ചരിത്രയാഥാര്‍ത്ഥ്യമായിരിക്കണമെന്നില്ല, സാഹിതീയ യാഥാര്‍ത്ഥ്യത്തിന് അതിന്റെ സവിശേഷ മണ്ഡലത്തില്‍ പ്രസക്തിയുണ്ട്.

അരുന്ധതി റോയിയോടൊപ്പം ആനന്ദ്
അരുന്ധതി റോയിയോടൊപ്പം ആനന്ദ്

അസ്തിത്വത്തിന്റെ പ്രശ്‌നഭൂമിക ചരിത്രത്തോടെന്നപോലെ നീതിയോടും തീവ്രമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. നീതിയെക്കുറിച്ചുള്ള സങ്കല്‍പ്പനങ്ങള്‍, നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍, നീതിനിഷേധങ്ങള്‍... ഇവയെല്ലാം മനുഷ്യാസ്തിത്വത്തെ നിര്‍ണ്ണയിക്കുന്നു. അസ്തിത്വത്തെക്കുറിച്ച് ചിന്തകളേതുമില്ലാതെ ജീവിക്കുന്നവരോടൊപ്പം കഴിയാനുറച്ച ഹരി എന്ന വിപ്ലവകാരിയെ കാട്ടുതീ എന്ന കഥയില്‍ ആനന്ദ് എഴുതുന്നു. കാട്ടുതീ - ഹരിയെപ്പോലുള്ളവരുടെ ഉള്ളില്‍ കത്തുന്ന അഗ്‌നിയെക്കൂടി ഉള്‍വഹിക്കുന്ന വാക്കാണ്. സ്വതന്ത്ര ഗവേഷകരായ ശിവനും സീതയും തങ്ങളുടെ ഒരു പരീക്ഷണം ഹരിയെ കാണിക്കുന്നുണ്ട്. പരസ്പരം ബന്ധമില്ലാതെ പൂര്‍ണ്ണമായി അടയ്ക്കപ്പെട്ട രണ്ട് അറകളില്‍ ടിഷ്യൂ കള്‍ച്ചറുകള്‍ സ്ഥാപിച്ചിരിക്കുന്നു. അവയിലൊന്നില്‍ മാരകമായ വൈറസിനെ കടത്തിവിടുന്നു. രണ്ട് അറകള്‍ക്കുമിടയില്‍ യാതൊന്നിനും കടക്കാനാകാത്ത ചുമര്‍ ഉള്ളപ്പോള്‍ രണ്ടാമത്തെ സെല്‍ കോളനിക്കു യാതൊന്നും സംഭവിക്കുന്നില്ല. എന്നാല്‍, അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മാത്രം കടക്കുന്ന ഒരു ചുമര്‍ സ്ഥാപിക്കുമ്പോള്‍ ആദ്യത്തേതിനോടൊപ്പം വൈറസ് കടത്തിവിടാത്ത രണ്ടാമത്തെ കോളനിയും നശിച്ചു. വൈറസ് കടത്തിവിട്ട സെല്‍ കോളനിയുമായി സംവദിക്കുകയും ഇല്ലാത്ത ശത്രുവിനു നേരെ പ്രതിരോധിക്കുകയും ചെയ്യുന്നതിലൂടെ രണ്ടാമത്തെ സെല്‍ കോളനി നശിക്കുകയായിരുന്നു. ഹരിയുടെ ജീവിതത്തെ ഈ പരീക്ഷണരൂപകത്തിലൂടെ പറയുകയായിരുന്നു, അവന്റെ കൂട്ടുകാര്‍. ഹരി വിപ്ലവകാരിയാണ്. ശിവന്റേയും സീതയുടേയും കലാലയ സുഹൃത്ത്. അവരെ ഒരുമിപ്പിച്ചത് ഹരിയാണ്. ഒരു രാത്രിയില്‍ രക്തമൊലിക്കുന്ന ശരീരവുമായി ഹരി ഈ സുഹൃത്തുക്കളുടെ പരീക്ഷണശാലയിലേക്കു വരുന്നു. ഹരി എന്തിനാണ് ഈ ജീവിതം തെരഞ്ഞെടുത്തതെന്ന ചോദ്യം പരോക്ഷമായെങ്കിലും ശിവനും സീതയും ഉന്നയിക്കുന്നുണ്ട്. പീഡിതരോടൊപ്പം ജീവിക്കാന്‍ തുനിഞ്ഞിറങ്ങിയവന്‍ തന്നെക്കൂടി പീഡിപ്പിക്കുകയായിരുന്നുവെന്നല്ലേ അവര്‍ പറയുന്നത്? ഒരുകാലത്ത് എല്ലാ ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് ഉത്തരങ്ങള്‍ കണ്ടെത്തിയിരുന്നവന്‍ ഇപ്പോള്‍ നൂറ്റാണ്ടുകള്‍ കടന്നുപോന്നത് അറിഞ്ഞിട്ടില്ലാത്തവരോടൊപ്പം, തങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നങ്ങളെ തിരിച്ചറിയാതെ അതില്‍ കുടുങ്ങിക്കിടക്കുന്നവരോടൊപ്പം ജീവിക്കുകയാണ്. അവരോടൊപ്പം ഹരിയും ആരാലും അറിയപ്പെടാതെ വിസ്മൃതിയിലാകുകയാണെന്ന് സീതയും ശിവനും ഖേദിക്കുന്നുണ്ട്. എങ്കിലും അയാളുടെ വഴിയെ ആര്‍ക്കും തടയാനാകില്ലെന്ന്, തന്റെ ജീവിതത്തില്‍ ഹരി സന്തോഷവാനാണെന്ന് ശിവന്‍ സീതയോടു പറയുന്നു. അവരില്‍നിന്നും ആത്മവിമര്‍ശത്തിന്റെ ശബ്ദവും ഉയരുന്നു. എന്താണ് തങ്ങളെ പരീക്ഷണങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതെന്ന് അവര്‍ വിചാരപ്പെടുന്നു. പ്രകൃതിയോട് സംവദിക്കുന്നതിലെ ആനന്ദത്തെക്കാളേറെ പ്രശസ്തിയെക്കുറിച്ചുള്ള വൃഥാഭിമാനമല്ലേ തങ്ങളുടെ ഗവേഷണങ്ങളെ നയിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു. ഒരു വിപ്ലവ പ്രവര്‍ത്തകന്റെ ഉള്ളറകളിലേക്കുള്ള യാത്രയാണ് ഈ കഥ. യഥാര്‍ത്ഥത്തില്‍ സീതയും ശിവനും കാണുന്നതുപോലെയാണോ കാര്യങ്ങള്‍? തന്റെ അസ്തിത്വത്തെക്കുറിച്ചു മറന്നുകൊണ്ടുതന്നെ പീഡിതജനതയുടെ നിലനില്‍പ്പിനുവേണ്ടി നിലകൊള്ളുകയല്ലേ ഹരി ചെയ്യുന്നത്. സീതയും ശിവനും തങ്ങളുടെ അസ്തിത്വമുറപ്പിക്കാന്‍ ചെയ്യുന്ന കാര്യങ്ങളുടെ മാനദണ്ഡങ്ങള്‍ കൊണ്ടാണോ നിലനില്‍ക്കാന്‍ പൊരുതേണ്ടിവരുന്ന ആദിവാസികളുടെ പ്രശ്‌നങ്ങളെ സമീപിക്കേണ്ടത്? അസ്തിത്വം എന്ന വാക്കിനു പല അവതാരങ്ങളുണ്ട്. 

വിജയസ്തംഭം എന്ന വാക്ക് എന്തിനെയാണ് കുറിക്കുന്നത്? ആപേക്ഷികമായേ ഏതു വിജയത്തെക്കുറിച്ചും പറയാനാകൂ. വിജയങ്ങളെ എക്കാലത്തേക്കും ഘോഷിക്കാനുള്ള, ശാശ്വതമാക്കാനുള്ള ശ്രമമാണ് വിജയസ്തംഭങ്ങളുടെ നിര്‍മ്മാണത്തിനു പിന്നിലുള്ളത്. വിജയം ഇനിയും ആവര്‍ത്തിക്കേണ്ടുന്ന പ്രക്രിയയാകാതെ സ്തംഭിച്ചുപോകുന്നു. അത് സ്ഥിതാവസ്ഥയെ വരിക്കുന്നു. കുത്തബ്മിനാറിലുണ്ടായ അപകടത്തേയും കൂട്ടമരണത്തേയും പരാമര്‍ശിച്ചുകൊണ്ടാണ് ആനന്ദിന്റെ ഈ കഥ ആരംഭിക്കുന്നത്. മുഹമ്മദ് ഗോറിയുടെ മരണശേഷം അയാളുടെ അടിമയായിരുന്ന കുത്തബുദ്ദീന്‍ ഐബക് സുല്‍ത്താനായി. അയാളും പിന്‍തലമുറക്കാരും ചേര്‍ന്നു പുതിയ രാജവംശത്തിന്റെ ഉദയവും വിജയവും അടയാളപ്പെടുത്താന്‍ ചെമന്നതും മഞ്ഞയും കല്ലുകളില്‍ മിനാരം നിര്‍മ്മിച്ചു. നൂറ്റാണ്ടുകള്‍ക്കുശേഷം ആ വിജയസ്തംഭത്തിലേക്കു ഉല്ലാസയാത്ര വന്ന കുട്ടികള്‍ അതിന്റെ ഇടുങ്ങിയ ചവിട്ടുപടികളില്‍ ചവിട്ടേറ്റു മരിക്കുന്നു. ആഖ്യാനകാരന്റെയടുത്തേക്ക് ഈ വാര്‍ത്തയുമായി വന്ന നരേന്‍ ചൗധരിയുടെ കഥകൂടി ഈ ആഖ്യാനത്തില്‍ നാം വായിക്കുന്നു. ചൗധരി ഒരു കീര്‍ത്തിസ്തംഭവും നിര്‍മ്മിച്ചില്ല. നരേന്‍ ചൗധരി ആത്മഹത്യ ചെയ്തതായിട്ടാണ് പൊലീസ് പറയുന്നത്. എന്നാല്‍, അത് ഒരു കൊലപാതകമായിരുന്നുവത്രേ. അയാളുടെ രണ്ടാമത്തെ മകന് കംപാഷനേറ്റ് ഗ്രൗണ്ടില്‍ ചൗധരിയുടെ ജോലി കിട്ടി. നാം ഇപ്പോള്‍ വിജയസ്തംഭങ്ങളൊന്നും പണിയുന്നില്ലെങ്കിലും നമ്മുടെ സമൂഹം സഹജീവികളെ ചവിട്ടുപടികളാക്കുന്ന ഒരു മനുഷ്യക്കൂമ്പാരമായി മാറിയിരിക്കുന്നുവെന്ന് ആഖ്യാതാവ് പറയുന്നു. അതാണ്, നമ്മുടെ കാലഘട്ടത്തിന്റെ വിജയസ്തംഭമെന്നും. ഒരു വാക്കില്‍നിന്നും ചിന്തകള്‍ ഉയര്‍ന്നുവരുന്നതിനും അതു സാമൂഹിക യാഥാര്‍ത്ഥ്യവുമായി കൂടിക്കുഴയുന്നതിനും കഥയായി പരിണമിക്കുന്നതിനും നല്ല ഉദാഹരണമായി 'വിജയസ്തംഭം' മാറിത്തീരുന്നുണ്ട്.   

നിലനില്‍പ്പിനേയും കാത്തിരിപ്പിനേയും വിമോചനത്തേയും നേരിട്ട് സംബോധന ചെയ്യുന്ന കഥകള്‍ ഈയടുത്ത കാലത്ത് ആനന്ദ് എഴുതിയിരിക്കുന്നു. നിലനില്‍പ്പ്, കാത്തിരിപ്പ്, എഴുന്നേല്‍പ്പ് എന്നീ ശീര്‍ഷകങ്ങളില്‍ തന്നെ. നിലനില്‍പ്പ് എന്ന കഥ മനുഷ്യാസ്തിത്വത്തിന്റെ പ്രശ്‌നത്തെ പ്രാന്തവല്‍ക്കൃതരായ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെടുത്തുന്നുണ്ട്. എങ്കിലും ആഖ്യാതാവ് മദ്ധ്യവര്‍ഗ്ഗക്കാരന്‍ തന്നെ. കീഴാളര്‍ക്കു നാവില്ലെന്ന യാഥാര്‍ത്ഥ്യം മറ്റൊരു രൂപത്തില്‍ ഇവിടെയും പ്രത്യക്ഷപ്പെടുന്നു. നില്‍ക്കാന്‍ ശേഷിയില്ലാതെ വീണുപോകുന്ന രാജുവെന്ന ദര്‍ജിബാബുവിന്റേയും അയാളുടെ അമ്മ രജുബാല എന്ന നാച്ച്നിയുടേയും കഥയാണിത്. ഒരു തെരുവിന്റേയും കഥ. ഇഷ്ടപ്പെട്ട ആണിന്റെ കൂടെ പോയതിന് വേശ്യയായവള്‍, നാച്ച്നി. അച്ഛനും സഹോദരന്മാരും അവളെ പ്രാപിച്ചതിനുശേഷം വില്‍പ്പനയ്ക്കു വച്ചു. അവളെ വാങ്ങുന്ന ദസക്കിനുവേണ്ടി അവള്‍ നൃത്തം ചെയ്തു പണമുണ്ടാക്കുന്നു. രോഗിണിയായി തീരുമ്പോള്‍ കുന്നിന്‍മുകളില്‍നിന്നും താഴേക്കെറിയപ്പെടുന്നു. ആ ദസക്കിനു മറ്റൊരു മകനുണ്ട്, സ്വന്തം കുടുംബത്തിലെ മകന്‍. രാജു വീണുപോകുമ്പോള്‍ അയാളെ കാണാന്‍ ഈ സഹോദരന്‍ എത്തുന്നുണ്ട്. ആ കാഴ്ചയ്ക്കു മുന്നേ രാജു അപ്രത്യക്ഷനായിരുന്നെങ്കിലും. ദസക്കിന്റെ മകനില്‍നിന്നുമാണ് ആഖ്യാതാവ് നാച്ച്നിയുടേയും രാജുവിന്റേയും പേടിപ്പെടുത്തുന്ന കഥകള്‍ അറിയുന്നത്. വീണുപോയ രാജുവിന്റെ പ്രശ്‌നം നില്‍ക്കാന്‍ കഴിയാതെ വീണുപോയതിന്റേതല്ല, നിലനില്‍പ്പിന്റേതാണെന്ന് തെരുവിലെ ഘഡി ബാബു ആഖ്യാനകാരനോടു പറയുന്നുണ്ട്. പ്രാന്തവല്‍ക്കൃതരുടെ അസ്തിത്വപ്രശ്‌നം മദ്ധ്യവര്‍ഗ്ഗം അനുഭവിക്കുന്ന വൈരസ്യത്തിന്റേയോ അന്യതാബോധത്തിന്റേയോ പ്രശ്‌നമല്ല. മനുഷ്യനായി നിലനില്‍ക്കുകയെന്ന പ്രശ്‌നമാണത്. ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്‌നമാണത്. അസ്തിത്വമെന്ന പ്രഹേളികയെക്കുറിച്ച് എത്രയോ നാളുകളായി എഴുതിക്കൊണ്ടിരിക്കുന്ന നമ്മുടെ കഥാകാരന്‍ ഇപ്പോള്‍ പ്രശ്‌നത്തിന്റെ മര്‍മ്മത്തിലേക്കു കടക്കുന്നു. ആ വാക്കിന്റെ ഉചിതസ്ഥാനം ഇവിടെയാണ്.
കാത്തിരിപ്പിനെ ആവിഷ്‌കരിക്കാനും പ്രശ്‌നീകരിക്കാനും ഏറ്റവും ഉചിതമായത് യാത്രാവേളയിലെ സന്ദര്‍ഭങ്ങളാണ്. തീവണ്ടിയും റെയില്‍വേ സ്റ്റേഷനും തന്നെ കാത്തിരിപ്പ് എന്ന കഥയുടെ പശ്ചാത്തലമാകുന്നു. ആനന്ദിന്റെ ആദ്യകാല രചനകളില്‍ മുതല്‍ തീവണ്ടിയും ബസും റെയില്‍വേ സ്റ്റേഷനും കാത്തിരിപ്പുസ്ഥലങ്ങളും പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നുണ്ട്. താഴ്വരകളും മരുഭൂമികളും താണ്ടിയും നാട്ടിന്‍പുറങ്ങളെ മുറിച്ചും നഗരങ്ങളെ തുളച്ചും ദിവസങ്ങളോളം കിതച്ചോടിയ വണ്ടി വിക്ടോറിയ ടെര്‍മിനസ്സിലെ പ്ലാറ്റ്ഫോമുകളിലൊന്നിലെ ബഫറുകളില്‍ മുട്ടി നില്‍ക്കുന്ന വാക്കുകളിലെ കാഴ്ച; ആനന്ദ് പകര്‍ന്നുതന്നത്, മലയാളികള്‍ പെട്ടെന്നു മറക്കുന്നതല്ലല്ലോ. വേഗതയോടെ ഓടുന്ന വണ്ടി, നിശ്ചലാവസ്ഥയെ വരിച്ച വണ്ടി എന്നീ രൂപകങ്ങളെ ആനന്ദിന്റെ ആദ്യ നോവലിലെ ആദ്യ വരികളില്‍ തന്നെ നാം പരിചയിച്ചിരുന്നു. ഈ കഥയിലും കാത്തിരിപ്പ് എന്ന വാക്കിനൊപ്പം വേഗത എന്ന വാക്കുകൂടി ആഖ്യാനത്തെ നയിക്കുന്നു. അസ്തിത്വത്തെക്കുറിച്ചുള്ള വ്യഥകള്‍ക്കും വിമോചന ത്വരകള്‍ക്കുമിടയിലാണ് കാത്തിരിപ്പ്. ചിലപ്പോള്‍, പരസ്പരം ഇവയുടെ സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കാന്‍ കഴിയാതെ ക്രമരഹിതമാകുന്നു. വളരെ സാധാരണമായ സംഭവങ്ങളാണ് ഈ കഥയുടെ ആധാരം. ആഖ്യാനകാരന്‍ ഒരു ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന്, ബസ് കയറി, ബസില്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നു. നേരിട്ടു കണ്ടിട്ടില്ലാത്ത സുഹൃത്തിനെ സ്വീകരിക്കുകയാണ് ലക്ഷ്യം. തീവണ്ടി വൈകിയാണ് ഓടുന്നത്.

ദെല്യൂസ്
ദെല്യൂസ്

വണ്ടി വൈകുന്നതിനെക്കുറിച്ചുള്ള പല അറിയിപ്പുകള്‍ ഡിസ്പ്ലേ ബോര്‍ഡില്‍ തെളിയുന്നു. വളരെ സാധാരണമായ ഒരു ജീവിതാനുഭവത്തെ വലിയ പ്രശ്‌നീകരണങ്ങളുടെ മാദ്ധ്യമമാക്കി മാറ്റുകയാണ് കഥാകാരന്‍ ചെയ്യുന്നത്. ബസ് കാത്തിരിപ്പിനിടയില്‍ വേഗത നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു ഉദ്ബോധനം അയാള്‍ കേള്‍ക്കുന്നുണ്ട്. വേഗത കൂടിയ ചീറ്റപ്പുലി വംശനാശം നേരിടുന്നതിനെക്കുറിച്ചും വേഗതയില്ലാത്ത ഒച്ച് കാലാന്തരങ്ങളെ പിന്നിട്ട് അതിജീവിക്കുന്നതിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ കഥയില്‍ ഇതോടൊപ്പം കടന്നുവരുന്നു. സ്റ്റേഷനെ അഭയകേന്ദ്രമാക്കിയ ദരിദ്രരായ മനുഷ്യര്‍, വണ്ടി കാത്തിരിക്കുന്ന യാത്രക്കാര്‍... വേഗതയുടേയും കാത്തിരിപ്പിന്റേയും വിവിധ രൂപകങ്ങളും കഥയില്‍ എഴുതപ്പെടുന്നു. കാലം വ്യത്യസ്ത തോതുകളിലാണ് അനുഭവത്തില്‍ വരുന്നതെന്ന് വണ്ടി കാത്തിരിക്കുന്ന ആഖ്യാനകാരനു തോന്നുന്നുണ്ട്. മാനസിക കാലത്തേയോ (Psychological time) ആനുഭവിക കാലത്തേയോ (Empirical time) കുറിച്ചുള്ള ധാരണയാണത്. കാലം അനുഭവത്തിനും മനസ്സിനും സ്വതന്ത്രമായി നില്‍ക്കുന്നുവെങ്കിലും അത് അങ്ങനെ ബോദ്ധ്യപ്പെടാത്ത പ്രകരണങ്ങളെ എഴുത്തുകാരന്‍ പരിചയപ്പെടുത്തുന്നു. തന്റെ സുഹൃത്തിനേയും വഹിച്ചുകൊണ്ടുള്ള വണ്ടി പെട്ടെന്നു വന്നുനില്‍ക്കുന്നതായും അയാള്‍ മാത്രം ഇറങ്ങിവരുന്നതായും കാണുന്ന ഭ്രമാവസ്ഥയിലേക്ക് ആഖ്യാനകാരന്‍ പെട്ടെന്നു വീണുപോകുന്നു. സുഹൃത്തിന്റെ വാക്കുകളും ആശയങ്ങളും അയാളില്‍ അങ്കലാപ്പുണ്ടാക്കുന്നു. വളരെ പ്രാധാന്യമേറിയ ചില വാക്കുകള്‍ കഥാകാരന്‍ എഴുതുന്നു: ''ലക്ഷ്യം അനിശ്ചിതമാകുമ്പോള്‍ ദൂരവും വേഗവും അപ്രസക്തമാകുന്നു. കാത്തിരിപ്പു മാത്രം അവശേഷിക്കുന്നു.'' വിമോചകനെ കാത്തിരിക്കുന്ന എല്ലാ പഴയ ആഖ്യാനങ്ങളേയും ആനന്ദിന്റെ ഈ കഥ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇവിടെ, വിമോചകന് എത്തിച്ചേരേണ്ട വണ്ടി പിന്നെയും പിന്നെയും വൈകിപ്പോകുന്നു. അയാളെ വണ്ടിയില്‍നിന്നും വേഗം വിമോചിപ്പിക്കാന്‍ കാത്തിരിപ്പിന്റെ അക്ഷമ പ്രേരിപ്പിക്കുന്നു. കാത്തിരിക്കുന്നവന്റെ അക്ഷമ അതിവേഗത്തില്‍ വിമോചകനെ പ്രത്യക്ഷപ്പെടുത്തുകയാണ്. ഈ അതിവേഗത പ്രശ്‌നങ്ങളെയാണ് സൃഷ്ടിക്കുക! വണ്ടിയില്‍നിന്നും ഇറങ്ങുന്ന വിമോചകന്‍ സന്ത്രാസങ്ങളെ മാത്രം നല്‍കി തിരിച്ചു പോകുന്നു. അതിഗാഢമായ വിമോചനത്വരകളേയും അതിനായുള്ള അക്ഷമയേയും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വിപ്ലവങ്ങളേയും അവയുടെ പരാജയത്തേയും കുറിച്ചാണ് കഥാകാരന്‍ പറയുന്നത്. കാത്തിരിപ്പു മാത്രം തുടരുന്നു. അവിരാമമായ കാത്തിരിപ്പ്. 

എന്തിനെക്കുറിച്ചാണോ എഴുതുന്നത്, അതായി എഴുത്തുകാരന്‍ മാറിത്തീരണമെന്നു കരുതുന്നവരുണ്ട്. സാഹിത്യകാരന്‍ പച്ചക്കറിയോ വൃക്ഷമോ പുലിയോ തന്മാത്രയോ ആയിത്തീരുന്നുവെന്ന് ദെല്യൂസ് എഴുതുന്നുണ്ട്. ആയിത്തീരലെന്നത് ഏതെങ്കിലും രൂപത്തെ അതേപടി കൈവരിക്കലല്ല, അതിനു സമീപസ്ഥമായ അവസ്ഥയിലായിരിക്കലാണത്രേ! അതില്‍ അനിശ്ചിതത്വമുണ്ട്. സ്ത്രീയോ മൃഗമോ തന്മാത്രയോ ആയിത്തീരാനുള്ള ബദല്‍ പാതകള്‍ക്കുവേണ്ടി എഴുത്തുകാരന്റെ ഭാഷ അര്‍പ്പിക്കപ്പെടേണ്ടതുണ്ടെന്നും ദെല്യൂസ് പറയുന്നു. സാഹിത്യം; ഒരാളുടെ ഓര്‍മ്മകളേയോ സഞ്ചാരങ്ങളേയോ പ്രണയത്തേയോ നിരാശയേയോ സ്വപ്നങ്ങളേയോ പുനര്‍ശേഖരിക്കുന്നതല്ല. ദെല്യൂസിന്റെ ഈ വാക്കുകളോട് ആനന്ദിന്റെ സാഹിത്യമെഴുത്ത് ഒത്തുചേരുന്നില്ല. ആനന്ദിലെ ആഖ്യാനകാരന്‍ മിക്കപ്പോഴും കാഴ്ചക്കാരനോ കേള്‍വിക്കാരനോ വ്യാഖ്യാതാവോ സംവാദിയോ ആണ്. ആരെയാണോ എഴുതേണ്ടത്, എന്തിനെയാണോ എഴുതേണ്ടത് അതായി ഈ എഴുത്തുകാരന്‍ ആയിത്തീരുന്നില്ല. ഈ കഥകളിലെ ആഖ്യാതാവ് മദ്ധ്യവര്‍ഗ്ഗക്കാരനായ ധിഷണാശാലിയാണ്. അയാള്‍ സ്ത്രീയോ തൊഴിലാളിയോ വൃക്ഷമോ പച്ചക്കറിയോ ആയി മാറിത്തീരുന്നില്ല. ആനന്ദ് സംസാരിക്കുന്നത് പീഡിതനിലൂടെയല്ല. വ്യവസ്ഥയുടെ പീഡനം ഏറ്റുവാങ്ങാന്‍ സ്വയം സന്നദ്ധനാകുന്ന, ആത്മബോധവും വിവേകവുമാര്‍ജ്ജിച്ച മദ്ധ്യവര്‍ഗ്ഗക്കാരനിലൂടെയാണ്. എല്ലാ വലിയ കാര്യങ്ങളും അവസാനം വ്യക്തിപരമായ സമസ്യകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നുവെന്നാണ് ആനന്ദ് കരുതുന്നത്. അതിനെ മനസ്സിലാക്കാന്‍ ശേഷിയുള്ള ധിഷണാശാലി ഇദ്ദേഹത്തിന്റെ കൃതികളില്‍ ആഖ്യാതാവായി മാറുന്നു. ധിഷണാശാലിയുടെ അനുഭവമോ വ്യാഖ്യാനമോ സന്ദേഹങ്ങളോ ആനന്ദ് എഴുതുന്നു. ദെല്യൂസ് പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെയല്ലാതേയും സാഹിത്യം രൂപപ്പെടാമെന്നതിന് ആനന്ദിന്റെ കൃതികള്‍ സാക്ഷ്യം പറയും. എഴുത്തിനു ബഹുവിധ മാര്‍ഗ്ഗങ്ങളുണ്ട്. വാക്കില്‍നിന്നും തുടങ്ങുന്ന ആനന്ദിന്റെ രചനകള്‍ വാക്കിന്റെ ശക്തിയില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. അവ ആലോചനകളും വിചാരങ്ങളും ചിന്തകളുമായി ജീവിതാനുഭവങ്ങളോടു കൂടിക്കുഴഞ്ഞ്, പരിവര്‍ത്തിക്കപ്പെട്ട് ഉള്‍ക്കാഴ്ചകളിലേക്കും പുതിയ ലോകാവബോധങ്ങളിലേക്കും  നയിക്കപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com