പി.എഫ്. മാത്യൂസിന്റെ 13 കടല്‍ക്കാക്കകളുടെ ഉപമയെക്കുറിച്ച്

പി.എഫ്. മാത്യൂസിന്റെ 13 കടല്‍ക്കാക്കകളുടെ ഉപമയെക്കുറിച്ച്

ആലോചനയും ആനന്ദവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രതിഫലനമാണ് കലയെന്ന നിരീക്ഷണം അഡോര്‍ണെയുടേതാണ്. കലയുടെ ധര്‍മ്മം ആനന്ദിപ്പിക്കലാണോ ചിന്തിപ്പിക്കലാണോ എന്ന വിഷയം എത്രയോ നീണ്ട സംവാദങ്ങള്‍ക്കു വഴിതെളിച്ചിട്ടുണ്ടുതാനും. എല്ലാ കലാസ്വാദന സിദ്ധാന്തങ്ങളും രൂപപ്പെട്ടത് ആ വാഗ്വാദങ്ങളില്‍ നിന്നായിരിക്കണം.
പി.എഫ്. മാത്യൂസിന്റെ 13 കടല്‍ക്കാക്കകളുടെ ഉപമ എന്ന സമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രാചീനമായ ആ സന്ദേഹം വീണ്ടും വായനക്കാരിലുണരാം. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ അതേപടി പകര്‍ത്തലാണോ, അവയെ അയഥാര്‍ത്ഥമായോ വ്യാജമായോ ആവിഷ്‌കരിച്ച് ആനന്ദാനുഭൂതി സൃഷ്ടിക്കലാണോ കലയുടെ/കഥയുടെ ദൗത്യം? ഈ കഥകളുടെ കാര്യത്തില്‍ ഒന്നുറപ്പാണ്. അവയില്‍ ആനന്ദവും ആലോചനയുമുണ്ട്.

വേര്‍തിരിച്ചറിയാനാവാത്ത വിധം അവ കൂടിക്കലര്‍ന്നിട്ടുണ്ട്, പരസ്പര സംഘട്ടനത്തിലേര്‍പ്പെടുന്നുണ്ട്. കഥകള്‍ സാമൂഹികമോ വൈയക്തികമോ ആയ അനുഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളുടെ ചിത്രണമാവുന്നതുകൊണ്ടാണ് ഈ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതും.

1970-കളില്‍ എഴുതിത്തുടങ്ങിയ ഒരാളുടെ പഴയതും പുതിയതുമായ കഥകളുടെ സമാഹാരമെന്നു കഥാകൃത്തു തന്നെ സൂചന നല്‍കുന്നുണ്ട്. അതൊരു ദീര്‍ഘമായ കാലയളവാണ്, ഒട്ടൊന്ന് അസ്വാഭാവികവുമാണ്. അത്രയും നീണ്ട വര്‍ഷങ്ങളിലെ കഥകള്‍ ഒന്നിച്ചു സമാഹരിക്കുമ്പോള്‍ വായനക്കാര്‍ നേരിടേണ്ടിവരുന്ന ചില പ്രതിസന്ധികളുമുണ്ട്. എഴുത്തുകാരന്റെ ശൈലിയിലും നിലപാടിലും ക്രാഫ്റ്റിലുമൊക്കെ വന്ന മാറ്റങ്ങള്‍, കഥയുടെ രൂപശില്പത്തിനു തന്നെ, കഥ എന്ന സാഹിത്യജനുസിനു തന്നെ പൊതുവായി വന്ന പരിണാമങ്ങള്‍ തുടങ്ങി ഒട്ടനേകം മെരുങ്ങായ്കകളെ അനുനയിപ്പിക്കേണ്ടിവന്നേക്കും അത്തരമൊരു സമാഹാരത്തിന്റെ വായനക്കാര്‍ക്ക്. 13 കടല്‍ക്കാക്കകളുടെ ഉപമയില്‍ തുടക്കകാലത്തെ കഥകളുണ്ടാവില്ല എന്നു കരുതാം. ചില കഥകള്‍ക്കുള്ളിലെ സംഭവസൂചനകളില്‍നിന്ന് കഥയുടെ കാലം വ്യക്തമാണ്, മറ്റു ചിലത് ചികഞ്ഞെടുക്കാനുമാവും. '93-ലെ രാത്രി' എന്ന കഥ 25 വര്‍ഷങ്ങള്‍ക്കു ശേഷം ആ രാത്രിയിലേക്ക് തിരിഞ്ഞുനോക്കുന്ന കഥയാണ്, 2018-ലെഴുതിയ വേറെയും കഥയുണ്ട്, 2051-ലെ നാരായണന്‍ എന്നു ഭാവിയിലേക്ക് കടന്നുകയറുന്ന കഥയുമുണ്ട്. പ്രത്യേക കാലഗണന സാധ്യമോ ആവശ്യമോ അല്ലാത്തവയുണ്ട്. എന്തായാലും സുഗമമായ വായനയല്ല, ഇതിലെ കഥകള്‍ പലപ്പോഴും സമ്മാനിക്കുന്നത്. അതിന്റെ കാരണം കൃത്യമായ മാനദണ്ഡങ്ങളില്ലാതെ പഴയ, പുതിയ കഥകളെ സമാഹരിച്ചതാണോയെന്നറിയില്ല. സ്വന്തം പഴക്കം സ്വയം വിളിച്ചുപറയുന്ന ചില കഥകളെങ്കിലും ഉണ്ടുതാനും. അവയിലെ പുരാതന ഗന്ധം അറിയാതെ പോകുന്നുമില്ല. ഒരുപക്ഷേ, മറ്റു സമാഹാരങ്ങളില്‍ ഇടം കിട്ടാത്തവയോ ഒഴിവാക്കിയതോ ആയിരിക്കുമോ ഇതിലെ പഴയ കഥകള്‍ എന്നും സംശയം തോന്നുന്നു. എന്തായാലും സമാഹരണത്തിലെ അശാസ്ത്രീയത എടുത്തു പറയാതെ വയ്യ, അതിനെ ന്യായീകരിക്കാന്‍ കഥാകൃത്ത് പറയുന്ന വാദങ്ങളോട് ആദരവ് പുലര്‍ത്തിക്കൊണ്ടു തന്നെ. പക്ഷേ, ഇങ്ങനെയൊരു സമാഹാരത്തിലെ കഥകളായല്ലാതെ കഥ ജനിച്ച സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വേറെ വേറെ വായിക്കുമ്പോള്‍ അവയില്‍ പല കഥകളുടേയും സാധ്യതകള്‍ അപാരമാണ് താനും. അത്തരമൊരു വായനയ്ക്കാണ് ഇവിടെ ശ്രമിക്കുന്നതും.

'93-ലെ രാത്രി' എന്ന കഥ തന്റെ അനുഭവത്തെ ആധാരമാക്കി എടുത്ത സിനിമയുടെ പ്രിവ്യു കണ്ടിറങ്ങുന്ന കഥാകാരന്റെ വിചിത്രമായ അനുഭവങ്ങളാണ്. സിനിമ അയാള്‍ക്ക് സഹിക്കാനാകാത്ത ആഘാതമായിരുന്നു. കാരണം അയാള്‍ സാക്ഷിയായ ആ കുഞ്ഞു സംഭവം, ചെന്നൈയില്‍നിന്നു മടങ്ങുമ്പോള്‍ തീവണ്ടിയില്‍വെച്ചുണ്ടായ അനുഭവം അയാള്‍ക്ക് കേവലമായൊരോര്‍മ്മയല്ല. ''നമ്മളെ നിര്‍വ്വചിക്കുന്ന എന്തോ അതിലുണ്ട്'' എന്ന് അയാളറിഞ്ഞിരിക്കുന്നു. ആ അനുഭവത്തിന്റെ ദാര്‍ശനികമായ സമസ്യകളിലേക്കാണ് കഥ സഞ്ചരിക്കുന്നത്. അതു നേര്‍രേഖയിലുള്ള യാത്രയുമല്ല. കഥ ചെത്തിയൊരുക്കപ്പെടാത്ത പുല്‍ത്തകിടിപോലെ അനുസരണയില്ലാതെ പലേടങ്ങളിലേക്കു പടരുന്നു. പച്ചത്തലപ്പുകള്‍ അങ്ങുമിങ്ങും നീട്ടുന്നു. പി.എഫ്. മാത്യൂസിന്റെ മിക്കവാറും എല്ലാ കഥകള്‍ക്കും ചേരുന്ന വിശേഷണമാണിതെന്നു തോന്നിപ്പിക്കാം. അച്ചടക്കമുള്ള നിയന്ത്രിതമായ പച്ചപ്പല്ല അവയുടെ അടിസ്ഥാന സ്വഭാവം. '93-ലെ രാത്രി' കൈകാര്യം ചെയ്യന്നത് മരണമെന്ന സങ്കീര്‍ണ്ണതയെയാണ്. തീവണ്ടിയാത്രയ്ക്കിടയില്‍ സാക്ഷിയാകേണ്ടിവന്ന മരണം. താന്‍ വിട്ടുകൊടുത്ത ബര്‍ത്തിലാണ്, എല്ലാവരുമുറങ്ങുന്ന രാത്രി താന്‍ മാത്രം തുറിച്ചുനോക്കി കിടക്കേ താണുവെന്ന അപരിചിതന്‍ താള ബദ്ധമായ പ്രാകൃത നൃത്തമെന്നപോല്‍ മരണത്തിന്റെ ആക്രാന്ത ചലനങ്ങളുണ്ടാക്കി മരിച്ചു തീരുന്നത്.

മരണം മനുഷ്യശരീരത്തില്‍നിന്ന് ജീവിതത്തിന്റേതായ എല്ലാ മൂല്യങ്ങളേയും എടുത്തുമാറ്റുന്നു. അതു പിന്നെ വെറും പുറന്തോടാണ്. അതിനോടുള്ള ജീവിച്ചിരിക്കുന്നവരുടെ സമീപനവും അങ്ങനെതന്നെയാണ്. മമതകളേതുമുണര്‍ത്താത്ത വെറും മൃതശരീരം. അതു ഭയപ്പെടുത്തുന്നു, അറപ്പിക്കുന്നു. അതുകൊണ്ടാണന്നത്തെ യാത്രികര്‍ ആ ശരീരത്തേയും കൂടെയുള്ള പട്ടാളക്കാരനേയും അപരിചിതമായ ഏതോ സ്റ്റേഷനില്‍ ഇറക്കിവിട്ടത്. ''ഒന്നിച്ചൊരു വണ്ടീല് പോരുമ്പ ഒരാള് മരിച്ചു. എന്നിട്ടെത്ര ക്രൂരമായിട്ടാണ് കൂടേള്ളവര് ഇറക്കിവിട്ടത്.'' ആ കൂടെയുള്ളവരില്‍ ഉറപ്പായും കഥാകാരനുമുണ്ടായിരുന്നു. പക്ഷേ, തന്റെ അനുഭവത്തില്‍ മായം കലര്‍ത്തിയെന്നും അതിന്റെ നാടകീയത ഇല്ലാതാക്കിയെന്നും കലഹിക്കുന്ന കഥാകാരനോട് സംവിധായകന് ചോദിക്കാന്‍ വേറെ ചിലതുണ്ട്. 25 വര്‍ഷം പഴക്കമുള്ള ഓര്‍മ്മകളില്‍ മായം കലരുന്നത് സ്വാഭാവികമാണ്. ''ഓരോ നിമിഷവും പരിണമിച്ചു വേറൊന്നായി മാറുന്നു. ഒരു നദിയില്‍ ഒരാള്‍ കാലുകുത്തുന്നത് ഒരേയൊരു തവണ മാത്രം. രണ്ടാം വട്ടം അത് വേറൊരു നദിയാണ്, ജീവിതംപോലെ.'' ഓര്‍മ്മയൊന്നും തനിമയുള്ളതോ നൂറു ശതമാനം സംശുദ്ധമോ ആയിരിക്കില്ല. ഓര്‍ക്കുന്നയാള്‍/അനുഭവിച്ചയാള്‍ തന്നെ ഓരോ പങ്കുവെയ്ക്കലിലും അതിലെത്രയോ കലര്‍പ്പുകള്‍ ചേര്‍ക്കുന്നു. കരുണയുടെ, മാനവികതയുടെ പ്രഘോഷകനായി നടിച്ച് സംവിധായകനോട് കയര്‍ക്കുന്ന കഥാകാരന്‍ സ്വയമേ ഒരു കൊലപാതകിയാണെന്ന സത്യം '93-ലെ ആ രാത്രി' താനുമവിടെയുണ്ടായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് സംവിധായകന്‍ വെളിപ്പെടുത്തുന്നു. അവനപ്പോള്‍ വാതില്‍പ്പടിയില്‍ ഇരിക്കുകയായിരുന്നു. ബാത്റൂമില്‍നിന്നു മടങ്ങുമ്പോള്‍ അയാള്‍ ആ വാതില്‍ വലിച്ചടച്ചു. മൃതിയുടെ സാന്നിധ്യം കഥയെയൊട്ടാകെ ഗ്രസിക്കുന്നു. തിന്മയുടെ, ഇരുട്ടിന്റെ, ഹിംസാത്മകമായ സ്പര്‍ശമില്ലാതെ മനുഷ്യനില്ല, ജീവിതവുമില്ല. ആസക്തനായ മനുഷ്യന് അതില്‍നിന്നൊന്നും മോചനവുമില്ല.

മരണത്തിന്റെ സ്പര്‍ശംകൊണ്ടു തണുത്തു തണുത്തു ശ്വാസം മുട്ടിക്കുന്ന വേറെയും കഥകളുണ്ട്. മരണത്തോട് ഗാഢമായൊരു ആത്മബന്ധം കഥകളുടെ പൊതു സ്വഭാവമായിപ്പോലും അനുഭവപ്പെടുന്നു. പ്രതിരോധങ്ങളില്ലാതെ മരണത്തിന്റെ നിശ്ചലതകള്‍ക്കായി കാത്തിരിക്കല്‍, നിരര്‍ത്ഥകമോ നിഷ്ഫലമോ ആയ കുതറലുകള്‍ക്കു ശേഷം മരണത്തിനായി സര്‍വ്വാത്മനാ സന്നദ്ധരാവല്‍... അങ്ങനെ മരണത്തിന്റെ ഭിന്നങ്ങളായ പ്രത്യക്ഷീകരണങ്ങള്‍. നീണ്ട അലച്ചിലുകള്‍ക്കും ക്ലേശങ്ങള്‍ക്കുമൊടുവില്‍ മരണം, അല്ലെങ്കില്‍ മരണസമാനമായ നിശ്ചേഷ്ടത ഏറ്റവും കാമ്യമായ അവസ്ഥയായി മാറുന്നതും കാണുന്നു. ഓര്‍മ്മകളുടെ, അനുഭവങ്ങളുടെ ആഘാതങ്ങള്‍ അത്രയ്ക്കും ഭീഷണങ്ങളാണ്. എല്ലാ കാമനകളേയും തൂത്തുമാറ്റാന്‍ പര്യാപ്തമാണവ. വെളിച്ചമില്ലാത്ത ഒരിടം എന്ന കഥ അത്തരമൊരു ഇരുട്ടു പുതഞ്ഞ ഇടത്തെപ്പറ്റിയാണ്, അവസ്ഥയെപ്പറ്റിയാണ്. കഥയിലെ സ്ത്രീ അന്ധയാണ്. അവളുടെ സ്വപ്നത്തിലെ പുര കത്തുന്ന മണം അടുത്തു കിടന്നുറങ്ങുന്ന ഭര്‍ത്താവിനെപ്പോലും ഉണര്‍ത്തുന്നു. ദുഃസ്വപ്നങ്ങളിലൂടെ ഭാവിയെ തൊട്ടറിഞ്ഞവള്‍. കാണുന്ന സ്വപ്നങ്ങളും സ്വപ്നപരിസരങ്ങളും ഭാവിയുടെ പ്രതീകങ്ങളാണ്. അതിനെ പൂര്‍ത്തീകരിക്കുന്നവയുമാണ്. ഭാവിയെന്നത് അവളെ സംബന്ധിച്ച് ദുരന്തങ്ങളിലൂടെ മാത്രമുള്ള പ്രയാണമാണെന്ന് ആദ്യത്തെ സ്വപ്ന സൂചനയിലൂടെ തന്നെ കഥാകൃത്ത് സ്ഥാപിക്കുന്നതിലെ കൗശലം സവിശേഷമായിട്ടുണ്ട്.


'സമീപദൃശ്യങ്ങളി'ല്‍ ആത്മഹത്യയുടെ ലഹരിയാണ് ആവിഷ്‌കരിക്കുന്നത്. ജീവിതം അനുസ്യൂതമായ ആവര്‍ത്തനമാവുമ്പോള്‍, ചാക്രികമായ കറങ്ങലുകളില്‍ കഴിഞ്ഞതും വരാനിരിക്കുന്നതുമൊക്കെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമ്പോള്‍ മരണം ഒരാശ്വാസമാണ്, അതിലുപരി വിരസമായ നൈരന്തര്യങ്ങളില്‍നിന്നുള്ള ഒരു വിച്ഛേദമാണ്. 'പച്ചില കൊത്തി പറന്നു വരുന്ന പ്രാവുകള്‍' എന്ന കഥ നിസ്സഹായതയുടെ കടും ചായക്കൂട്ടുകള്‍കൊണ്ടാണ് വായനയെ അസ്വസ്ഥമാക്കുക.

സെമിത്തേരിക്കടുത്തുള്ള വീട്, രോഗം, പ്രളയം, മരിക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കാനായി ഗര്‍ഭിണിയായ ലൂസിയുടെ നിഷ്ഫലമായ ശ്രമങ്ങള്‍. മരിച്ചു കഴിഞ്ഞ അയാളുടെ ശരീരവുമായി ഒറ്റപ്പെട്ട വീട്ടിനുള്ളില്‍ പാതിബോധത്തില്‍ കുരുങ്ങിപ്പോവുന്നവള്‍. ഒടുവില്‍ തന്റേയും ഗര്‍ഭസ്ഥശിശുവിന്റേയും നിലനില്‍പ്പിനായി ഭര്‍ത്താവിന്റെ മൃതദേഹം ആഹരിക്കേണ്ടി വരുന്നവള്‍. എത്ര മുട്ടിയിട്ടും തുറക്കാത്ത വാതിലുകള്‍, വിശപ്പ് ഇവയൊക്കെ മനുഷ്യനെ വെറും മനുഷ്യനാക്കുമെന്നും മൂല്യങ്ങളുടേയും വിവേകത്തിന്റേയും സംസ്‌കാരത്തിന്റേയും എല്ലാ ബാഹ്യാവരണങ്ങളും അപ്പോളഴിഞ്ഞുവീഴുമെന്നും ഞെട്ടലോടെ ഓര്‍മ്മിപ്പിക്കുന്നു ഈ കഥ. ''ഒന്നര ദിവസം മുന്‍പ് അയാളുടെ ജീവനുവേണ്ടി, മെലിഞ്ഞ മുഖം, രേഖകള്‍ മറഞ്ഞ കൈപ്പടം, ഏകാന്തതകളിലെ 53 മണി ജപവും വിഷാദങ്ങളും, കവിടി പോയ ഒറ്റപ്പിഞ്ഞാണത്തിലെ അത്താഴങ്ങളും'' എന്ന് അയാളെക്കുറിച്ച്, അവരൊന്നിച്ചുള്ള ജീവിതത്തെക്കുറിച്ച് വ്യസനിച്ചും നീറിയും അയാളുടെ ജീവന്‍ പിടിച്ചുനിര്‍ത്താനായി പാതിരാത്രി കൊടുംമഴയത്ത് സെമിത്തേരിപ്പള്ളിയിലേക്ക് ഓടിയവളാണവള്‍. കഥയില്‍ മഴയും മരണവും ഒന്നിച്ചു പെയ്യുന്നു. ബാഹ്യലോകത്തിനപ്പുറം ബദല്‍ വ്യവഹാരങ്ങളുടെ ഒരപരലോകം പി.എഫ്. മാത്യൂസിന്റെ കഥകളില്‍ മിക്കതിലും കടന്നുവരുന്നുണ്ട്, പുറമേക്കു കാണുന്നതെല്ലാം വ്യാജമോ പ്രകടനമോ ആണെന്ന് ഈ അപരലോകങ്ങളിലെ നഗ്‌നവും ഭീതിദവുമായ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ആ ഇരുണ്ട ലോകങ്ങളിലാണ് മനുഷ്യന്‍ അവന്റെ ആദിമമായ വാസനകളോടും ആസക്തികളോടും കൂടി സഹജമായ രൂപത്തില്‍ പ്രത്യക്ഷപ്പെടുക. യഥാര്‍ത്ഥ മനുഷ്യരുടെ യഥാര്‍ത്ഥ ഭാവങ്ങള്‍. അതിജീവനമാണ് അവന്റെ/അവളുടെ ഏറ്റവും പ്രാചീനമായ കാമനയെന്നു വ്യക്തമാക്കുന്നുണ്ട് ഈ കഥ. പച്ചില കൊത്തിവരുന്ന പ്രാവ് യഥാര്‍ത്ഥത്തില്‍ പ്രളയാവസാനത്തിലെ പ്രത്യാശയാണ്. കഥയും അത്തരമൊരു പ്രതീക്ഷയെ സാധൂകരിക്കുന്നു.
മരണം തീവ്രസാന്നിധ്യമായ മറ്റൊരു കഥയാണ് 'അടഞ്ഞമുറി'. സ്വന്തം മുറിയുടെ ജാലകത്തിലൂടെ അടുത്ത വീട്ടിലെ ചെറുപ്പക്കാരന്‍ തൂങ്ങിമരിച്ചു നില്‍ക്കുന്നത് കാണേണ്ടിവന്ന പൂര്‍ണ്ണ ഗര്‍ഭിണിയായ നളിനിയും ഭര്‍ത്താവും. നഗരത്തില്‍ അടുത്ത വീട്ടിലെ ആത്മഹത്യപോലും എത്രമേല്‍ അപരിചിതമോ അസംബന്ധമോ ആയി മാറുന്നു. മനുഷ്യരെ സമൂഹജീവിയാക്കി മാറ്റുന്ന എല്ലാത്തരം ആശയങ്ങളും മൂല്യങ്ങളും വിശ്വാസങ്ങളുമൊക്കെ അസംഗതമായിത്തീരുന്നു. മരണം മാത്രമാണ് യാഥാര്‍ത്ഥ്യം. പക്ഷേ, മറ്റുള്ളവന്റെ മരണമല്ല, സ്വന്തം നിലനില്‍പ്പാണ് ഓരോ മനുഷ്യന്റേയും പ്രാഥമികമായ പരിഗണന, ഒരുപക്ഷേ, അവസാനത്തേയും. അയല്‍വീട്ടിലെ ചെറുപ്പക്കാരന്റെ ആത്മഹത്യ നളിനിയുടെ മാനസികനിലയിലുണ്ടാക്കുന്ന ചാഞ്ചല്യങ്ങള്‍ക്കാണ് കഥയില്‍ പ്രാധാന്യം. രവിയും നളിനിയും ബാഹ്യലോകവുമായി ബന്ധമില്ലാത്ത രീതിയില്‍ അവരടഞ്ഞുപോയ ആ മുറിയുമൊക്കെ പ്രതിനിധാന സ്വഭാവമുള്ളവയാണ്. അമാനവീകരണ (Dehumanization)ത്തെക്കുറിച്ചുള്ള സൂചകങ്ങളാണ് കഥയിലേറെയും. 
ആത്മനിഷ്ഠതയിലേക്കുറയുന്ന ചിന്തകളും അനുഭവങ്ങളും അടഞ്ഞ മുറികള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. പരസ്പരമുളള ഇടപെടലുകളും സഹവര്‍ത്തിത്വവുമുള്ള, ഉണ്ടായിരുന്ന പഴയലോകം ഒരു മിഥ്യാ സങ്കല്പമായി മാറുന്നു. ദിനപ്പത്രം നിര്‍ത്താന്‍ ഏര്‍പ്പാടു ചെയ്യുന്നതിനെക്കുറിച്ച് രവി ചിന്തിക്കുന്നുണ്ട് ''ഗ്രഹങ്ങളെപ്പോലെ തന്നെ ദിനപ്പത്രങ്ങളും നമ്മുടെ ജീവിതത്തിന്റെ ആന്തരിക താളം തകിടംമറിക്കുന്ന ബാഹ്യശക്തികളാണ്. അയാള്‍ കരുതി. ഏതായാലും അവ ഇല്ലാതെ തന്നെ അല്ലലില്ലാതെ കഴിയാം.'' നാനാര്‍ത്ഥകങ്ങളായ പാഠസാധ്യതകളിലൂടെ അടഞ്ഞ മുറി എന്ന കഥ ലോകത്തിന്റെ സംവേദന വ്യവസ്ഥകളെ, അവയില്‍ ഉറഞ്ഞുകൂടിക്കഴിഞ്ഞ അമാനവികതയെ, സ്വാര്‍ത്ഥതകളെ നിരൂപണ വിധേയമാക്കുന്നു.
ആത്മഹത്യയുടെ/മരണത്തിന്റെ അമ്ലസ്പര്‍ശം കൊണ്ടുപൊള്ളുന്ന കഥകളാണ് ആണ്‍ദൈവം, കോമ തുടങ്ങിയ കഥകള്‍. ആണ്‍ദൈവത്തില്‍ മരണത്തെക്കുറിച്ച് പ്രത്യക്ഷ സൂചനകളൊന്നുമില്ല. പക്ഷേ, ആസന്നമായൊരു മരണമവിടെ ഘനീഭൂതമായി നില്‍ക്കുന്നത് നമുക്ക് അനുഭവിച്ചറിയാം. അത് കരുണാകരന്റെ ചെറുപ്പക്കാരനായ മകന്റെയാണ്. ക്രിസ്ത്യാനികള്‍ പുരുഷമേധാവിത്വമുള്ളവരായതിന്റേയും അവര്‍ കോപം കൊടുത്ത് ബഹുമാനം പിടിച്ചു വാങ്ങുന്നതിന്റേയും ആത്മവിമര്‍ശനാത്മകമായ വിലയിരുത്തലില്‍നിന്നാണ് കഥ ആരംഭിക്കുന്നത്. അതിനു കാരണം ക്രിസ്ത്യാനികളുടെ ദൈവം ഏകാധിപതിയായ പുരുഷനാണെന്നതും. പള്ളിവികാരിയുടെ ഈ നിരീക്ഷണത്തിനു കരുണാകരന്റെ മറുപടി നായന്മാര്‍ സ്ത്രീ മേധാവിത്വത്തിനു വഴങ്ങുന്നതിനു കാരണം അമ്മദൈവങ്ങളാവാം എന്നതാണ്. ''അമ്മദൈവങ്ങളുള്ള സമൂഹം കൂടുതല്‍ കനിവും സ്‌നേഹവും പങ്കിടുന്നുവെന്ന് വികാരി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പക്ഷേ, എല്ലാ സമുദായങ്ങളിലും എല്ലാ ബന്ധങ്ങളിലും ഏകാധിപതികളായ ആണ്‍ദൈവങ്ങളുണ്ട്. അലിവും അനുകമ്പയുമില്ലാത്ത എപ്പോഴും ശിക്ഷിക്കാന്‍ മാത്രം ഉത്സുകരായ നിഷ്ഠുരര്‍. എപ്പോഴും മറ്റുള്ളവരെ ഉള്ളിലാക്കി മതിലു കെട്ടുന്നവര്‍. നൂണ്ടുകടക്കാനും തിരിച്ചുവരാനും കഴിയുന്ന പിക്കറ്റ് ഫെന്‍സുകളെക്കുറിച്ചവര്‍ക്ക് സങ്കല്പിക്കാന്‍ പോലുമാവില്ല. പ്രതീകങ്ങളുടെ ഭാഷയിലാണ് ഈ കഥയുടെ സംവേദനം. മുറിഞ്ഞുപോയ ടെലിഫോണ്‍ സംഭാഷണം, എതിര്‍വാക്കില്ലാത്ത മകന്‍, ആവര്‍ത്തനവിരസമായ കുടുംബാന്തരീക്ഷം, ചെടിച്ചട്ടികളിലെ ചെടികള്‍ക്കു മീതെ മണ്ണെണ്ണയൊഴിക്കുന്ന ബാലന്‍, ഗര്‍ഭസ്ഥശിശുവിനെപ്പോലെ ചുരുങ്ങിക്കൂടിയുറങ്ങുന്ന സുഭദ്ര, കിടക്കയുടെ മുഴുവന്‍ പങ്കും കയ്യടക്കി മലര്‍ന്നു കിടന്നുറങ്ങുന്ന കരുണാകരന്‍, മണിമുഴങ്ങിക്കൊണ്ടേയിരിക്കുന്ന പക്ഷേ, ആരുമെടുക്കാത്ത ടെലിഫോണ്‍... ഇങ്ങനെ അര്‍ത്ഥഗര്‍ഭങ്ങളായ നിരവധി ബിംബങ്ങളുടെ സമൃദ്ധി. കുടുംബഘടനയ്ക്കകത്തെ പുരുഷാധികാരം, ജനാധിപത്യ മര്യാദകളില്ലാത്ത ഫാസിസം ഇവയെയാണ് കഥ പ്രതിനിധീകരിക്കുന്നത്.'' ഒരു മാറ്റവും ഒന്നിലും വരരുതെന്നും അയുക്തികമായ ആവര്‍ത്തനങ്ങളാണാവശ്യമെന്നും ഫാസിസം ഇച്ഛിക്കുന്നു. അധോഗമനമെന്നു വിശേഷിപ്പിക്കപ്പെടുന്ന പിന്‍നടത്തം. അതിന്റെ പ്രതിനിധിയാണ് കഥയിലെ കരുണാകരനെന്ന ഭര്‍ത്താവും അച്ഛനും. ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ തകരുന്നത്രയും ദുര്‍ബ്ബലമാണ് ഫാസിസത്തിന്റെ ഘടനയെന്നാണ് പൊതുവേ പറയാറുള്ളത്. കഥയില്‍ അത്തരം ചിന്തകളും പ്രതിരോധങ്ങളുമുണ്ട്. അവ മൂര്‍ത്തമാവുന്നില്ല, പക്ഷേ, ഉണ്ട്. ആണ്‍ദൈവം അതിലൊക്കെയും അസ്വസ്ഥനാവുന്നുമുണ്ട്.

'കോമ' സവിശേഷമായ വ്യക്തിത്വമുള്ള കോമയെന്നിരട്ടപ്പേരുള്ള മനുഷ്യന്റെ കഥയിലൂടെ മരണം/കൊലപാതകം ഇവയിലെ ദാര്‍ശനികമായ കുരുക്കുകള്‍ ചുരുളഴിക്കാനാണ് ശ്രമിക്കുന്നത്. രോഗകലുഷവും അസ്വസ്ഥവുമായ ഭൗതികാവസ്ഥകളുടെ പരിസരത്തിലാണ് കോമയുടെ കഥ അനാവരണം ചെയ്തിരിക്കുന്നതും. കോമ തുടര്‍ച്ചയുടെ സൂചകമായ ചിഹ്നമാണ്. മരണം യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണവിരാമമാണ്. പക്ഷേ, അന്ത്യരംഗത്തിലെ ദുരൂഹതകൊണ്ട് അവിടെയും ഒരു കോമയിട്ട് അയാള്‍ കൂട്ടത്തില്‍നിന്നു മാറിയിട്ടാണെങ്കിലും തുടരുന്നു, മരണം ചിലപ്പോഴെങ്കിലും പൂര്‍ണ്ണവിരാമമല്ല എന്നോര്‍മ്മിപ്പിക്കുകയും ചെയ്യുന്ന 'കണ്ണോക്ക്' എന്ന കഥ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ മരണഗാഥയാണ്. കഥയിലെ ഭാവത്തിന് അനുയോജ്യമായ അന്തരീക്ഷ സൃഷ്ടി നടത്താനുള്ള കഥാകൃത്തിന്റെ മികവിനു മറ്റൊരു ദൃഷ്ടാന്തമാണ് 'അന്ന.' മരണവും മൗനവും മഴയും കൂടിക്കുഴഞ്ഞ കഥയുടെ നിലങ്ങളില്‍ കാലുതെന്നാതെ നടന്നു തീര്‍ക്കാനാവില്ല.
ശലഭങ്ങളുടെ ആയുസ്സ് പ്രേതത്തിന്റേയും പ്രണയരഹിതമായ കാമത്തിന്റേയും ആഖ്യാനമാണ്. മരണത്തിന്റെ സ്പര്‍ശം അവിടെയുമുണ്ട്. സാറയെന്ന ലൈംഗികത്തൊഴിലാളിയുടെ വിഭ്രമാത്മകമായ തോന്നലുകളിലാണ് കഥ മെനഞ്ഞിരിക്കുന്നത്. തന്നെ ക്ഷണിച്ച വൃദ്ധനൊപ്പം അയാളുടെ മുറിയിലെത്തുന്ന സാറ. അയാളുടെ വാടകമുറിപോലും ചീര്‍ത്തും ദ്രവിച്ചും മനസ്സു മടുപ്പിക്കുന്ന ഒന്ന്. ''ഇത്രയ്ക്ക് വിരസവും സ്‌നേഹരഹിതവുമായ ഒരു മുറി ഇന്നേവരെ കണ്ടിട്ടില്ല. മനുഷ്യരെപ്പോലെ തന്നെ വീടുകളും. ചില മുറികള്‍ക്ക് ദഹനേന്ദ്രിയങ്ങളുണ്ട്. മുറികളില്‍നിന്ന് സ്രവിക്കുന്ന ദഹനരസങ്ങള്‍ ദുര്‍ബ്ബലരായ മനുഷ്യരെ ദ്രവിപ്പിച്ച് വിസര്‍ജ്ജ്യമാക്കി മാറ്റും.'' ആ മുറിക്കുള്ളില്‍ അയാള്‍ പറയുന്നതത്രയും മരണത്തെക്കുറിച്ച്, ആത്മാക്കളെക്കുറിച്ച്, അതീതമായ അനുഭവങ്ങളെപ്പറ്റി. ഭാവനയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയിലുള്ള അതിരുകള്‍ അലിഞ്ഞുതീരുന്നു. ബോധമനസ്സിനെ സംബന്ധിച്ച് അസംഭവ്യമായവ നിരന്തരം സംഭവിക്കുന്ന പ്രതീതിയുണ്ടാവുന്നു. അബോധവും ഭാവനയും വ്യാപരിക്കുന്ന, ഭയാനകമായ നിഗൂഢസ്ഥലികള്‍. അവ നെയ്തുണ്ടാക്കുന്ന അതീത യാഥാര്‍ത്ഥ്യങ്ങള്‍. ''ആത്മാക്കളേയും ചുമന്ന് എന്തിനാണയാള്‍ ഇവിടെ വന്നതെന്ന് അവള്‍ ഭയത്തോടെ ഓര്‍ത്തുപോവുന്നു. പ്രേതങ്ങളുടെ കൂടെ താമസിച്ച് മടുത്തിട്ടാണ് ഈ നഗരത്തില്‍ വന്നതെന്ന് അയാള്‍ തന്നെ പറയുന്നുമുണ്ട്. അതീന്ദ്രിയാനുഭവങ്ങളുടെ മായികമായ, ജ്വരബാധിതമായ അവസ്ഥാന്തരങ്ങളിലൂടെയുള്ള പ്രയാണം പി.എഫ്. മാത്യുസിന് എക്കാലവും പ്രിയങ്കരമായതാണ്. ഈ കഥയും അത്തരമൊരു പരിസരത്തെയാണ് ഫലപ്രദമായി സൃഷ്ടിച്ചെടുക്കുന്നത്. അബോധത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന പൂര്‍വ്വസ്മൃതികള്‍, എത്ര ശ്രമിച്ചിട്ടും സ്വയം അഴിച്ചെടുക്കാന്‍ പറ്റാത്ത കുരുക്കുകള്‍, യുക്തിക്കതീതമായ സാന്നിധ്യങ്ങള്‍ ഇവയെല്ലാം ചേര്‍ന്നുണ്ടാക്കുന്ന ഭീതിയാണ് കഥയുടെ പ്രത്യേകത. അസ്വസ്ഥമായ ഉറക്കത്തില്‍നിന്നു പെട്ടെന്ന് വിളിച്ചുണര്‍ത്തപ്പെടുമ്പോള്‍ തന്റെയാ രാത്രി പങ്കാളിയും മരിച്ചവനായിരുന്നുവെന്ന് അവള്‍ തിരിച്ചറിയുന്നു. പൂര്‍വ്വനിശ്ചിതമായിരുന്നിരിക്കാം കഴിഞ്ഞു പോയ രാത്രി. സാറ അവിടെനിന്നു രക്ഷപ്പെടുമോ എന്നതുപോലും സന്ദേഹാസ്പദമാണ്. ശമിച്ചിട്ടില്ലാത്ത ആസക്തികളും ജീവിതകാമനകളും ആത്മാക്കളും ചേര്‍ന്ന് അലോസരമുണ്ടാക്കുന്ന ആ സ്‌നേഹരഹിതമായ മുറിക്കുള്ളില്‍നിന്ന് അവളൊരിക്കലും പുറത്തുപോയില്ലെന്നും വരാം. മനുഷ്യരെ ദ്രവിപ്പിച്ച് വിസര്‍ജ്ജ്യമാക്കുന്നിടമാണവിടം.

അതിശയകരമായ ചില രഹസ്യങ്ങളെന്ന കഥയിലും സമാനമായ ചില യുക്തിരാഹിത്യങ്ങളുണ്ട്. പ്രേതങ്ങളും ആത്മാക്കളുമല്ല അവിടെ ഭ്രമാത്മകത സൃഷ്ടിക്കുന്നത്. പള്ളിയില്‍ ആദ്യ കുമ്പസാരത്തിനെത്തുന്ന ബാലന്‍ യേശുവിന്റെ തിരുവത്താഴത്തിനു സാക്ഷ്യം വഹിക്കുന്നു, വിഭ്രമങ്ങളുടെ തുടര്‍ച്ചകള്‍ക്കൊടുവില്‍ അവന്‍ തന്നെത്തന്നെ ക്രൂശിതനായ യേശുവായി കാണുന്നു. തന്നെ കുമ്പസാരിപ്പിച്ച അച്ചനാണോ താന്‍ തന്നെയാണോ സ്വപ്നം കാണുന്നതെന്നവന്‍ സന്ദേഹിയാവുന്നുണ്ട്. സ്വപ്നം വിട്ടുണരാന്‍ അച്ചനെ പ്രേരിപ്പിക്കുന്നെങ്കിലും അവന് ഒച്ചയുയര്‍ത്താന്‍ കഴിയുന്നില്ല. അവിടെ നടക്കുന്നതെല്ലാം അച്ചന്‍ കാണുന്ന അപായകരമായ സ്വപ്നത്തിലെ ദൃശ്യങ്ങളാണെങ്കില്‍ എത്രയോ നന്നായിരുന്നു. പക്ഷേ, അങ്ങനെയല്ല എന്ന പരുഷമായ യാഥാര്‍ത്ഥ്യമാണ് കഥയുടേത്. സ്വപ്നസൂചനകളൊന്നും ലളിതമായ വ്യാഖ്യാനങ്ങള്‍ക്കു വഴങ്ങുന്നവയുമല്ല. പക്ഷേ, അവിടെ നടക്കുന്ന സംഭവങ്ങളൊക്കെയും അതിന്റെ വിശദീകരണങ്ങളാവുന്നുണ്ട് താനും. ചരിത്രത്തിലൂടെ വേദപുസ്തകത്തിലൂടെ കടന്നുപോയ, അവിടെ മുദ്രിതമാക്കപ്പെട്ട വ്യക്തികള്‍, സംഭവങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷം പുനരാനയിക്കപ്പെടുന്നു. യാഥാര്‍ത്ഥ്യമോ മിഥ്യയോ എന്നു വേര്‍തിരിക്കാനാവാത്തവിധം ജീവിതം മായാമയമാവുന്നു.
ലോസ്റ്റ് ആന്‍ഡ് ഫൗണ്ടില്‍ എഴുതാന്‍ സൂക്ഷിച്ച കഥ നഷ്ടപ്പെട്ട വൃദ്ധനെ കാണാം. 2051-ല്‍ നാരായണന്‍ എന്ന കഥയും വിഭ്രാമകമായ പരിസരങ്ങള്‍കൊണ്ടാണ് സവിശേഷമാകുന്നത്. ഭൂതകാലത്തിലേക്കുള്ള പലായനങ്ങളാണ് സാധാരണം, പക്ഷേ, ഇവിടെ, ഭാവിയിലേക്കുള്ള പ്രയാണമാണ്. നക്ഷത്ര ഹോട്ടലിന്റെ പ്രഭാമയമായ അന്തരീക്ഷത്തില്‍ ഭക്ഷണം കഴിച്ചശേഷം ബാത്റൂമില്‍ കയറിയ നാരായണന്‍ വേറൊരു ലോകത്താണെത്തുന്നത്. അവിടെ നിന്നു വെന്റിലേറ്ററിലൂടെ രക്ഷപ്പെടുന്ന അയാള്‍ കാണുന്ന ഭീകരമായ കാഴ്ചകള്‍, അവ വെറും ഫാന്റസിയല്ല. അതിവേഗത്തിലുള്ള നഗരവല്‍ക്കരണത്തിന്റെ അടിയന്തരവും നിയന്ത്രണാതീതവുമായ പാര്‍ശ്വഫലമായി 2051-ല്‍ കൊച്ചി ഒരു കക്കൂസ് മാത്രമായിത്തീര്‍ന്നത് നാരായണന്‍ കാണുന്നു. 1967-ലേക്കും 2051-ലേക്കും ക്രമരഹിതമായി സഞ്ചരിക്കുന്ന സമയ യന്ത്രത്തിലെന്നോണമാണ് നാരായണന്റെ സഞ്ചാരം. 1967-ല്‍ മഹാരാജാസിലെ ക്ലാസ്സ് മുറിയിലെ ഹ്രസ്വമായ ഉറക്കത്തിനിടയിലെ സ്വപ്നമാണ് താന്‍ കാണുന്ന 2051 എന്നും ഈ നശിച്ച കാഴ്ചകളൊക്കെ വെറും സ്വപ്നദൃശ്യങ്ങളാണെന്നും ഒരു മാത്ര അയാള്‍ ആശ്വസിക്കുന്നുണ്ട്. പക്ഷേ, അതങ്ങനെയല്ല. കണ്ടതൊന്നും മായയല്ല. വരാനിരിക്കുന്നത്, വന്നു കഴിഞ്ഞത്. ആണ്ടറുതിയിലെ പേടിസ്വപ്നങ്ങള്‍ ബാബറി മസ്ജിദ് തകര്‍ന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ആഖ്യാനമാണ്, സാമാന്യം വിരസമായ കഥ. ആഴങ്ങളില്ലാതെ പ്രസ്താവനകളുടെ ഉപരിപ്ലവ സ്വഭാവമാണ് കഥക്കാകെയുള്ളത്. എങ്ങോട്ടു രക്ഷപ്പെടുമെന്ന പ്രതിസന്ധിയില്‍ തനിക്ക് കാട്ടില്‍ ലീനുണ്ട്, തന്റെ പൂര്‍വ്വികര്‍ ആദിവാസികളാണ്, രണ്ടു വര്‍ഷത്തെ ബാല്യകാല സര്‍വ്വീസുമുണ്ട് എന്ന് സുഹൃത്ത് എന്‍.ജി.ഒയുടെ സഹജവാസനയോടെ പറയുന്നതു മാത്രമാണ് കഥയിലെ പുതുമ. '13 കടല്‍ക്കാക്കകളുടെ ഉപമ', 'തീവണ്ടിയില്‍ ഒരു മനുഷ്യന്‍' എന്ന രണ്ടു കഥകളും ക്രാഫ്റ്റിന്റെ, ആഖ്യാനത്തിന്റെ സൗന്ദര്യംകൊണ്ട് പെട്ടെന്നു ശ്രദ്ധയാകര്‍ഷിക്കും. സങ്കീര്‍ണ്ണമാണ് കഥാതന്തു. സ്ത്രീകളുടെ ജീവിതം കേന്ദ്രപ്രമേയമാവുന്നു രണ്ടു കഥകളിലും. അവരനുഭവിക്കുന്ന നിരാസങ്ങള്‍, ചൂഷണങ്ങള്‍, അവഹേളനങ്ങള്‍, അതിജീവനത്തിനായുള്ള നിരന്തര ശ്രമങ്ങള്‍ ഇവയെല്ലാം അനുഭവപ്പെടുത്തുന്നുണ്ട് രണ്ടു കഥകളും രണ്ടു രീതിയില്‍. രക്ഷപ്പെടാനോ മറികടക്കാനോ ഉള്ള ശ്രമങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പ്രതിധ്വനികളും ജീവിതം മുഴുവന്‍ മുഴങ്ങും. പക്ഷേ, എന്നിട്ടും ഇടുങ്ങിയ പരിമിതമായ ഇടങ്ങളില്‍ അവള്‍ നിറയുന്നു, തുളുമ്പുന്നു.
പി.എഫ്. മാത്യൂസിന്റെ 'കടല്‍ക്കാക്കകളുടെ ഉപമ'യെന്ന സമാഹാരത്തിലെ കഥകളില്‍ ഒറ്റപ്പെട്ടുപോകുന്നവരുടെ പ്രതിരോധങ്ങളാണ് പ്രമേയമെന്നു സാമാന്യമായി പറയാം. തീക്ഷ്ണമായ അനുഭവങ്ങളാണവരുടേത്. സ്വപ്നദൃശ്യങ്ങളും മരണവും അവിടെ കൂടിക്കലരുന്നു. കാല്പനികമായ മൃത്യുവാഞ്ഛയല്ല അത്. ജീവിക്കാനുള്ള വ്യഗ്രതകളുടെ പ്രത്യാഘാതമെന്നോണം ഉണ്ടാവുന്ന തീവ്രമായ മരണം, ഏറ്റവും അനഭിലഷണീയമായത്. മൃതി ശാന്തമായ വിലയനമല്ല, അലച്ചിലുകള്‍ക്കും തെരച്ചിലുകള്‍ക്കുമൊടുവിലെത്തിച്ചേരുന്ന സ്വച്ഛതയുമല്ല. അനേകമനേകം നാവുകളിലൂടെ ജീവിതത്തെ രുചിക്കുന്ന, നൂറുനൂറു കണ്ണുകളിലൂടെ ജീവിതത്തെ പുണരുന്ന ആസക്തവും അതുകൊണ്ടുതന്നെ അസ്വസ്ഥവുമായ മൃത്യുവാണ് കഥകളുടെ കാതല്‍. മരണം പുരണ്ട ഈ കഥകള്‍ ചിന്തിപ്പിക്കുന്നു, നിശ്ചയമായും സവിശേഷമാംവിധം ആനന്ദിപ്പിക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com