മലമടക്കുകളിലെ മഞ്ഞും വെയിലും: മുസൂറി യാത്രയെക്കുറിച്ച്

അധികാരവും സമ്പത്തും സ്വാധീനവുമില്ലാത്തവരെ എങ്ങനെ യഥാര്‍ത്ഥ ഗുണഭോക്താക്കളാക്കാം എന്നതായിരിക്കണം ഒരു നല്ല ഉദ്യോഗസ്ഥന്റെ സര്‍വ്വീസിലുടനീളമുള്ള അന്വേഷണവും സാധനയും.
മലമടക്കുകളിലെ മഞ്ഞും വെയിലും: മുസൂറി യാത്രയെക്കുറിച്ച്

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഐ.എ.എസ്സുകാരെ പരിശീലിപ്പിക്കുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ ഒരു ക്ലാസ്സെടുക്കാനും അവിടെ സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവത്തില്‍ സംബന്ധിക്കാനുമായി മുസൂറിയില്‍ പോകാനിടയായി. 2018-ല്‍ സര്‍വ്വീസില്‍ പ്രവേശനം നേടിയ നൂറ്റിയന്‍പതിലേറെ ചെറുപ്പക്കാരുമായി സംവദിച്ചപ്പോള്‍ ആഹ്ലാദവും അഭിമാനവും പ്രതീക്ഷയും തോന്നി. പുതിയൊരു ജീവിതപാത മുന്നിലങ്ങനെ നിവരുന്നതിന്റെ ആവേശത്തിലാണവര്‍. മൂന്നാഴ്ച കഴിഞ്ഞാല്‍ നിയോഗിക്കപ്പെട്ട സംസ്ഥാനങ്ങളിലേക്ക് ഒരു വര്‍ഷക്കാലത്തോളം നീളുന്ന പരിശീലനത്തിന് പുറപ്പെടാന്‍ അവര്‍ തയ്യാറെടുക്കുകയാണ്. ഭരണനിര്‍വ്വഹണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇനിവരുന്ന മൂന്നരപ്പതിറ്റാണ്ടുകാലം പ്രവര്‍ത്തിക്കാന്‍ സജ്ജരാകുന്ന ആ ചെറുപ്പക്കാരുടെ ആര്‍ജ്ജവം, മുന്‍പേ നടന്നുപോയ ഒരാളെന്ന നിലയ്ക്ക് എനിക്ക് ആനന്ദം പകര്‍ന്നു. ഭരണപ്രക്രിയയുടെ വാസ്തവങ്ങളും കെട്ടുകഥകളും എന്തൊക്കെയെന്ന് അനുഭവങ്ങളില്‍നിന്ന് ഞാന്‍  അവരുമായി പങ്കുവച്ചു. 

അതു പറയാന്‍ എനിക്ക് അര്‍ഹതയുണ്ടല്ലോ. മുപ്പത്തിയഞ്ചു വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് ജീവിതത്തില്‍, മിന്നുന്നതെല്ലാം പൊന്നല്ലെന്ന് അറിയാതിരിക്കുകയില്ലല്ലോ. അധികാരവും സമ്പത്തും സ്വാധീനവുമില്ലാത്തവരെ എങ്ങനെ യഥാര്‍ത്ഥ ഗുണഭോക്താക്കളാക്കാം എന്നതായിരിക്കണം ഒരു നല്ല ഉദ്യോഗസ്ഥന്റെ സര്‍വ്വീസിലുടനീളമുള്ള അന്വേഷണവും സാധനയും. നടപടിക്രമങ്ങളിലെ അവ്യക്തത, ഇടനിലക്കാരെ ആശ്രയിക്കാതെ നിവൃത്തിയില്ലെന്ന അവസ്ഥ, അതുവഴി അനിവാര്യമാക്കപ്പെടുന്ന അഴിമതി ഇവയൊക്കെ യാഥാര്‍ത്ഥ്യമാണെന്നറിയാനും സദാ ജാഗ്രത പുലര്‍ത്താനും സ്വയം പരിഷ്‌കരിക്കാനും അഴിമതിയെ നിത്യശത്രുവാക്കി പ്രഖ്യാപിക്കാനും ചെറുപ്പത്തിലേ വലിയ സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ബാദ്ധ്യതയുണ്ട്. അവരും കൂടി ഇതെല്ലാം മറന്നുപോവുന്നുവെങ്കില്‍ പിന്നെ എവിടെയാണ് പ്രതീക്ഷ? അധികാരത്തിന്റെ അരികത്ത് നില്‍ക്കലല്ല, സമൂഹത്തിന്റെ അരികുപറ്റി നില്‍ക്കുന്നവര്‍ക്ക് അധികാരം കൊടുക്കലാണ് ജനാധിപത്യ ഭരണപ്രക്രിയയുടേയും സിവില്‍ സര്‍വ്വീസിന്റേയും നീതിസാരം. 

ഞാന്‍ അവിടെ എന്തു സംസാരിച്ചു എന്ന് വിശദീകരിക്കലല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. മുസൂറിയിലേക്കുള്ള സന്ദര്‍ശനം ഉണര്‍ത്തിവിട്ട ഓര്‍മ്മകളിലൂടെ സഞ്ചരിക്കാനുള്ള കൗതുകമാണ് ഇതിനു പ്രചോദനം. 
ഐ.എ.എസ് സെലക്ഷന്‍ കിട്ടി മുസൂറിയിലെ അക്കാദമിയില്‍ ഞാന്‍ ആദ്യം ചെല്ലുന്നത് 40 വര്‍ഷങ്ങള്‍ക്കു മുന്‍പ്. 1978 ജൂലൈ 12-ന്. ജീവിതയാത്ര അറുപത്തി ആറാം മൈല്‍ക്കുറ്റി താണ്ടിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. സിവില്‍ സര്‍വ്വീസിലേക്ക് പ്രവേശനം ലഭിക്കുന്ന ഒരു ഇരുപത്തിയഞ്ചുകാരന്റെ മനസ്സ് സംഭവബഹുലമായ നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് തെളിമയോടെ കാണാം. (ഇപ്പോള്‍ അവിടെ കണ്ട മുഖങ്ങളില്‍ പ്രതിബിംബിച്ചത് എന്റെ അതേ വികാരങ്ങള്‍ തന്നെയാണല്ലോ.)

1978 ജൂലൈയില്‍ ആരംഭിച്ച എന്റെ സിവില്‍ സര്‍വ്വീസ് യാത്ര 2012 ഒക്ടോബര്‍ 31-ന് ഔപചാരികമായി അവസാനിച്ചു. എന്നോടൊപ്പം യാത്ര ആരംഭിച്ച നൂറോളം പേര്‍ 2011, '12, '13 വര്‍ഷങ്ങളിലായി വിരമിച്ചുകഴിഞ്ഞു. ഒഴുക്ക് തുടങ്ങുമ്പോള്‍ എല്ലാ പുഴകള്‍ക്കും ഏറെക്കുറെ സമാനമായ സ്വപ്നങ്ങളും പ്രവാഹോര്‍ജ്ജവുമായിരിക്കും. എന്നാല്‍ ഒഴുകിയൊഴുകി കടലിലെത്തിച്ചേരുമ്പോഴോ ഓരോ പുഴയ്ക്കും വ്യത്യസ്ത കഥകളായിരിക്കും പറയാനുണ്ടാവുക. അവ ഒഴുകിയ ഭൂവിഭാഗങ്ങളുടെ സവിശേഷത, കാലാവസ്ഥ, അവിചാരിതമായ പ്രകൃതിക്ഷോഭങ്ങള്‍ എല്ലാം ഒഴുക്കിനെ ബാധിച്ചുകൊണ്ടേയിരിക്കും. ചില ഒഴുക്കുകള്‍ തടശ്ശിലകളില്‍ തട്ടി മന്ദഗതിയിലായിട്ടുണ്ടാവും. ചിലതൊക്കെ സ്വച്ഛവും സുന്ദരവുമായിരുന്നിരിക്കും. ചില ഒഴുക്കുകള്‍ കടലിലെത്താതെതന്നെ നിലച്ചുപോയിരിക്കും. ചിലത് ഇടയ്ക്കുവച്ച് മലിനമായിട്ടുണ്ടാവും. 
40 വര്‍ഷങ്ങള്‍ക്കു മുന്‍പ് മുസൂറിയിലെ അപരിചിതമായ തണുപ്പില്‍ ഒത്തുചേര്‍ന്ന ഞങ്ങളുടെ കുടുംബപശ്ചാത്തലങ്ങളും ജീവിതസാഹചര്യങ്ങളും സങ്കല്പിക്കാന്‍ കഴിയുന്നതിനുമപ്പുറം വ്യത്യസ്തമായിരുന്നു. ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍നിന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സില്‍നിന്നും കേംബ്രിഡ്ജില്‍നിന്നും പഠിത്തം പൂര്‍ത്തിയാക്കിയവരുണ്ട്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍നിന്ന് ഒരു ചെറുസംഘം തന്നെയുണ്ട്. പിന്നെ എന്നെപ്പോലെ ചെറിയ പട്ടണങ്ങളില്‍നിന്ന് സാധാരണ കോളേജുകളില്‍ പഠിച്ച് വന്നവരും. ഇംഗ്ലീഷ് 'മണിമണിപോലെ' സംസാരിക്കുന്നവരുണ്ട്. മാതൃഭാഷയേതെന്ന് ഇംഗ്ലീഷ് ഉച്ചാരണത്തില്‍നിന്ന് മനസ്സിലാക്കാവുന്നവരുമുണ്ട്. ബ്രാന്‍ഡഡ് സ്യൂട്ടുകള്‍ ധരിക്കുന്നവരുണ്ട്; നേരാംവിധം ടൈ കെട്ടാന്‍ അറിയാത്തവരുമുണ്ട്. ഈ വ്യത്യാസങ്ങളൊന്നും ആരെയും തങ്ങളില്‍നിന്ന് അകറ്റിയില്ല. പരിഷ്‌കൃതിയും നാഗരികതയുമല്ല ജീവിതവിജയത്തിന് അവശ്യം വേണ്ടതെന്ന് പിന്നീട് ബോധ്യമാവുകയും ചെയ്തു. 

പ്രസിദ്ധരും ഉന്നതസ്ഥാനീയരുമായ ചിലരുടെ മക്കളും ഞങ്ങള്‍ക്കു സഹപാഠികളായി. അവരുടെ സാന്നിദ്ധ്യം ആദ്യ ദിവസങ്ങളില്‍ ചിലര്‍ക്കെങ്കിലും അപകര്‍ഷത്തിനു ഹേതുവായി. വിദേശകാര്യ സെക്രട്ടറിയായിരുന്ന ജഗത് മേത്തയുടെ മകന്‍ വിക്രം മേത്ത, അന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന (പില്‍ക്കാലത്ത് ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായ) കെ.ആര്‍. നാരായണന്റെ മകള്‍ ചിത്രാ നാരായണന്‍, വിദേശ സര്‍വ്വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന മലയാളിയായ ദാമോദരന്റെ മകന്‍ രാമു ദാമോദരന്‍ (അയാള്‍ രണ്ടാം റാങ്കുകാരനുമായിരുന്നു). എന്നീ പ്രമുഖ താരങ്ങളെ ഓര്‍മ്മയുണ്ട്. വ്യവസായികളുടേയും ഡല്‍ഹിയിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ഉന്നതന്മാരുടേയും മക്കളുമുണ്ടായിരുന്നു. 
ബീഹാറിലെ അന്നത്തെ ഐ.ജിയുടെ മകന്‍ രണ്ട് സെക്യൂരിറ്റിക്കാരുടെ അകമ്പടിയോടെയാണ് അക്കാദമിയില്‍ പരിശീലനത്തിന് എത്തിയത്. അക്കാദമിക്ക് പുറത്തെവിടെയോ മുറിയെടുത്ത് ആ പാവം പൊലീസുകാര്‍ താമസിച്ചു. രാവിലേയും രാത്രിയും വന്ന് കഥാനായകന്‍ സുരക്ഷിതനാണോ എന്ന് പരിശോധിക്കും. സോപ്പോ എണ്ണയോ ടൂത്ത് പേസ്റ്റോ വാങ്ങാനുണ്ടോ എന്നന്വേഷിക്കും. രണ്ടാഴ്ച കഴിഞ്ഞ് അക്കാദമി ഡയറക്ടര്‍ നേരിട്ടിടപ്പെട്ട് അസ്വാഭാവികവും അനാവശ്യവുമായ ആ സുരക്ഷാക്രമീകരണം അവസാനിപ്പിച്ച് ബീഹാര്‍ പൊലീസുകാരെ നിര്‍ബന്ധമായി തിരിച്ചയച്ചു. 
അകമ്പടിക്കാരോടൊപ്പം ഈ കഥാപാത്രത്തെ അയക്കാനൊരു കാരണമുണ്ട്. അയാളുടെ അടിസ്ഥാന വികാരം ഭയമാണ്. കഥാനായകന്റെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നത് കേരളീയര്‍ക്ക് പരിചയമുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡെസ്മണ്ട് നെറ്റോ ആയിരുന്നു. (ആദ്യത്തെ നാലു മാസം എല്ലാ സര്‍വ്വീസുകളിലുമുള്ളവര്‍ക്ക് ഒരുമിച്ചാണ് പരിശീലനം.) ഈ യുവാവിന്റെ പേടിയെക്കുറിച്ച് മനസ്സിലാക്കിയ നെറ്റോ, രാത്രി കൃത്യം 12 മണിയാകുമ്പോള്‍ ഭീകരശബ്ദങ്ങള്‍ ഉണ്ടാക്കുകയെന്നത് പതിവാക്കി. പണ്ടെങ്ങോ ആത്മഹത്യ ചെയ്ത ഒരു സായ്വിന്റെ പ്രേതം അവിടെ ഉണ്ടെന്ന കഥയും നെറ്റോ ഇയാളോട് പറഞ്ഞു ഫലിപ്പിച്ചു. അയാളുടെ വിശ്വാസം നേടിക്കഴിഞ്ഞപ്പോള്‍ നെറ്റോ സഹായ വാഗ്ദാനം നല്‍കി.

കേരളത്തില്‍ ഇതൊക്കെ സര്‍വ്വസാധാരണമാണെന്നും പ്രേതത്തെ ഉച്ചാടനം ചെയ്യാനുള്ള പൊടിക്കൈകള്‍ തനിക്കറിയാമെന്നുമുള്ള പ്രസ്താവനകള്‍ അയാള്‍ മുഖവിലയ്‌ക്കെടുത്തു. ഒരു രാത്രി അങ്ങനെ ഉച്ചാടനപ്രക്രിയ ആരംഭിച്ചു. ശുദ്ധമലയാളത്തിലെ 'വരിഷ്ഠപദങ്ങള്‍' കോര്‍ത്തിണക്കിയ മന്ത്രോച്ചാരണം കേട്ടാല്‍ മിക്കവാറും ഭൂതപ്രേതങ്ങള്‍ തീര്‍ച്ചയായും ഓടിക്കളയും! ചടങ്ങുകളുടെ പരിസമാപ്തിയായി പ്രത്യേകം തയ്യാറാക്കിയ ഒരു വിശിഷ്ട പാനീയം നെറ്റോ അയാള്‍ക്ക് കുടിക്കാന്‍ കൊടുത്തു. അതിന്റെ സ്വാദ് എന്തെന്ന് ശ്രദ്ധിക്കാതെ കുടിച്ചുകൊള്ളണമെന്ന 'മന്ത്രവാദി'യുടെ നിര്‍ദ്ദേശം നമ്മുടെ കഥാനായകന്‍ കൃത്യമായി അനുസരിച്ചു. എന്തായിരുന്നു ആ ദിവ്യപാനീയം എന്ന രഹസ്യം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അയാള്‍ക്ക് പക്ഷേ, അത് പിടികിട്ടിയെന്ന് തോന്നുന്നു. സായ്വിന്റെ പ്രേതം നിശ്ശബ്ദനായെങ്കിലും ബീഹാര്‍ നായകന്‍ പിന്നെ നെറ്റോയെ കണ്ടാല്‍ മിണ്ടാതെയായി. 

അക്കാദമി ജീവിതം ഞങ്ങളറിയാതെ പുതിയൊരു സംസ്‌കാരത്തിലേക്കും ചിട്ടയിലേക്കും ജീവിതരീതിയിലേക്കും ഞങ്ങളെ പരിവര്‍ത്തനം ചെയ്തുകൊണ്ടേയിരുന്നു. ഇത്ര കാലവും വിദ്യാര്‍ത്ഥികളായിരുന്നവരെ വരും നാളുകളില്‍ സര്‍ക്കാരിന്റെ അധികാരം പ്രയോഗിക്കാന്‍ പ്രാപ്തരാക്കുകയെന്ന ഗൗരവപൂര്‍ണ്ണമായ പ്രക്രിയയാണ് രണ്ടു വര്‍ഷം നീളുന്ന പരിശീലനം. സാധാരണ ജീവിതസാഹചര്യങ്ങളില്‍നിന്ന് സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ കുറച്ചൊരു പ്രയത്‌നവും ആത്മവിശ്വാസമാര്‍ജ്ജിക്കലും ആവശ്യമായി വരും. ഇന്ത്യയെന്ന വിസ്തൃതവും വൈവിദ്ധ്യധന്യവുമായ രാജ്യത്തെക്കുറിച്ചുള്ള അഭിമാനവും അവബോധവും ഉളവായി വരുന്നതും ഈ കാലയളവിലാണ്. ഈ ലക്ഷ്യത്തോടെ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളതാണ് പരിശീലനത്തിന്റെ ഭാഗമായിട്ടുള്ള യാത്രകളും പഠനങ്ങളും. 
'ഭാരതദര്‍ശനം' എന്ന സാമാന്യം ദീര്‍ഘമായ പഠനയാത്രയാണ് ഇവയില്‍ പ്രധാനം. രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ഗ്രാമസന്ദര്‍ശനവുമുണ്ട്. സന്ദര്‍ശനം മാത്രമല്ല, അവിടെ താമസിക്കുകയും ഗ്രാമത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയെപ്പറ്റി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും വേണം. ഈ സന്ദര്‍ശനത്തില്‍ മലയാളികളായ ഞങ്ങള്‍ക്ക് ഒരു കാര്യം ബോദ്ധ്യപ്പെട്ടു. കേരളമല്ല മദ്ധ്യപ്രദേശും ബീഹാറും!
(അന്നത്തെ) മദ്ധ്യപ്രദേശിലെ അംബികാപൂര്‍ ജില്ലയിലെ സര്‍ഗുജാ എന്ന സബ്ഡിവിഷനിലെ (ഇപ്പോള്‍ പേര് മറന്നുപോയ) ഒരു ആദിവാസി ഗ്രാമത്തിലായിരുന്നു ഞങ്ങള്‍ നാലംഗസംഘം ചെന്നെത്തിയത്. ആദിവാസി കുടുംബങ്ങള്‍ ദരിദ്രമായിരുന്നു. പക്ഷേ, അവര്‍ക്ക് അല്ലലുണ്ടായിരുന്നില്ല. കിട്ടുന്നതുകൊണ്ട് അവര്‍ സന്തോഷത്തോടെ കഴിഞ്ഞിരുന്നു. (ഇപ്പോള്‍ ആറോ ഏഴോ പഞ്ചവത്സരപദ്ധതികള്‍ പിന്നിട്ടപ്പോള്‍ അവരുടെ സ്ഥിതി കൂടുതല്‍ മോശമായിരിക്കാനേ വഴിയുള്ളൂ. അന്ന് ഇല്ലാതിരുന്ന ഖനി മുതലാളിമാര്‍ ഇപ്പോള്‍ ഈ ഊരുകളെ തുരന്നു തുലച്ചിട്ടുണ്ടാകണം). 

ഞങ്ങള്‍ താമസിച്ചിരുന്ന ടെന്റ് അപ്രതീക്ഷിതമായി വന്ന കാറ്റിലും രാത്രിമഴയിലും തകര്‍ന്നു വീണതും ഒരാദിവാസിക്കുടിയില്‍ രാത്രി അഭയം തേടിയതും ഓര്‍ക്കുന്നു. അവര്‍ സ്‌നേഹപൂര്‍വ്വം കുടിക്കാന്‍ തന്ന മഹ്വാ പൂക്കള്‍ വാറ്റിയെടുത്ത വീര്യമുള്ള നാടന്‍ മദ്യത്തിന്റെ പ്രഹരവും മറന്നിട്ടില്ല. 
മറ്റൊരിക്കല്‍ ഒരു താലൂക്ക് ആസ്ഥാനത്തുള്ള ചെറിയ അതിഥിമന്ദിരത്തില്‍ കഴിയാനിടയായി, ഒറ്റയ്ക്കായിരുന്നു. എന്റെ ഹിന്ദിയിലെ പാണ്ഡിത്യം അവശ്യം വേണ്ട നാലഞ്ചു വാക്യങ്ങളില്‍ ഒതുങ്ങും. എങ്കിലും സംസാരപ്രിയനായ കെയര്‍ടേക്കര്‍ എന്നെ വിട്ടില്ല. ആ ഗ്രാമത്തിന്റെ പുരാവൃത്തം അയാള്‍ എന്നോട് വിസ്തരിച്ചു പറഞ്ഞു. ഇക്കണ്ട ഭൂമിക്കെല്ലാം ഉടയോനായി ഒരു ജമീന്ദാരുണ്ടായിരുന്നു. കരുത്തന്‍, സുന്ദരന്‍, ക്രൂരന്‍. ജമീന്ദാരുടെ ഭവനം ഇപ്പോള്‍ ഒരു മ്യൂസിയമാണ്. ഞാനത് പിറ്റേന്നു തന്നെ പോയി കാണണമെന്ന് അയാള്‍ക്ക് വലിയ നിര്‍ബന്ധം. അവിടെ കുറേയേറെ ശില്പങ്ങളുണ്ട്. ജമീന്ദാര്‍ പലയിടങ്ങളിലുംനിന്ന് ശേഖരിച്ചവ. അക്കൂട്ടത്തില്‍ എട്ട് സ്ത്രീ രൂപങ്ങളുണ്ടായിരിക്കും. യഥാര്‍ത്ഥ അളവിലുള്ള ആ വലിയ സ്ത്രീ ശില്പങ്ങള്‍, ജമീന്ദാര്‍ കൊന്ന സ്ത്രീകളുടേതാണ്. പിറ്റേന്ന് ഞാന്‍ മ്യൂസിയം കാണാന്‍ പോയി. പറഞ്ഞവിധമുള്ള എട്ടു ശില്പങ്ങളും കണ്ടു. അവയ്ക്കുള്ളില്‍ ജമീന്ദാര്‍ കൊലപ്പെടുത്തിയ സ്ത്രീകളാണോ? അവരുടെ ആത്മാക്കള്‍ ആ ശില്പങ്ങള്‍ക്കരികില്‍ ഉണ്ടായിരിക്കുമോ? കേട്ട കഥ സത്യമാണെങ്കില്‍, ചോദ്യങ്ങള്‍ ചിലതു ബാക്കി. ജമീന്ദാര്‍ എന്തിന് സ്ത്രീകളെ കൊന്നു? ഹിച്ച്‌ക്കോക്കിന്റെ സൈക്കോയിലെ നായകനെപ്പോലെ അയാള്‍ മനോരോഗിയും സ്ത്രീ വിദ്വേഷിയുമായിരുന്നോ? കൊല ചെയ്‌തെങ്കില്‍ അത് മറക്കാനല്ലേ ശ്രമിക്കൂ. ശില്പമുണ്ടാക്കി അസുഖകരമായ ഓര്‍മ്മകളെ ശാശ്വതീകരിക്കാന്‍ ശ്രമിക്കുന്നതെന്തിന്? ആ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ഒരു സിനിമയുടെ തിരക്കഥ എന്റെ മനസ്സില്‍ കുറച്ചുകാലം അമൂര്‍ത്തമായി കിടന്നു. 
പല തുടക്കങ്ങള്‍ക്കും സാക്ഷിയാണ് അക്കാദമി. ആദ്യമായി കുതിരസവാരി, ബാള്‍റൂം ഡാന്‍സ്, പിയാനോ വാദനം, കരാട്ടേ, യോഗ എന്നിങ്ങനെ പലതും. ഉദ്യോഗസ്ഥ ജീവിതത്തിന് 

അവശ്യം വേണ്ട പരിഷ്‌കൃത പെരുമാറ്റ ശീലങ്ങള്‍, ഔപചാരികതകള്‍, മര്യാദകള്‍ എല്ലാം സ്വായത്തമാക്കുന്നു. 'ശിഷ്ടാചാര്‍' എന്ന പേരില്‍ ഒരു കൈപ്പുസ്തകം തന്നെ തരാറുണ്ടായിരുന്നു. ഷൂലേസ് കെട്ടുന്നതു മുതല്‍ മൂക്കിലെ രോമം പറിക്കുന്നതുവരെയുള്ള 'ഉപദേശങ്ങള്‍' അടങ്ങുന്നതാണ് ആ കൈപ്പുസ്തകം. 

ഔപചാരിക അത്താഴം (formal dinner) പരിശീലിപ്പിക്കുന്ന ഒരു ആചാരമുണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള വിവരണത്തിലെ ആദ്യ വാചകം തന്നെ വിസ്മരിക്കാവതല്ല. 'ഔപചാരിക അത്താഴവിരുന്നുകള്‍ വിശപ്പടക്കാനുള്ള സന്ദര്‍ഭങ്ങളല്ല. അവ ഔപചാരികതകളത്രെ. വിശപ്പു സഹിക്കാന്‍ വയ്യാത്തവര്‍ പുറമേനിന്ന് ഭക്ഷണം കഴിച്ചിട്ട് വരികയോ ഇതിനുശേഷം ഭക്ഷണത്തിനുള്ള ക്രമീകരണം ചെയ്യുകയോ വേണം! പിന്നെയുമുണ്ട് സൂക്തങ്ങള്‍. അപക്വമായ ഫോര്‍ക്ക് ഉപയോഗത്തിന്റെ ഫലമായി പ്ലേറ്റിലെ ചിക്കന്‍ കഷണം അടുത്തിരിക്കുന്ന പുരുഷന്റെ സ്യൂട്ടിലോ സ്ത്രീയുടെ സാരിയിലോ പറന്ന് വീഴുന്നില്ലെന്ന് ഉറപ്പുവരുത്തണം. അടുത്തിരിക്കുന്ന സ്ത്രീയോട് ഉപചാര വര്‍ത്തമാനങ്ങള്‍ പറയാം. (ഉദാ: ഇന്ന് നല്ല കാലാവസ്ഥയാണ്; അല്ലെങ്കില്‍ പ്രതീക്ഷിച്ചിരിക്കാതെ മഞ്ഞുപെയ്തു എന്നിങ്ങനെ) ഒന്നും സംസാരിക്കാതിരിക്കുന്നത് മര്യാദകേടാണ്. (പക്ഷേ, എന്തും കയറി സംസാരിക്കയുമരുത്.)

അന്ന് ഞങ്ങളൊക്കെ ഈ സ്‌നോബറിയെ പരിഹസിച്ചെങ്കിലും പിന്നീട് ഔദ്യോഗിക ജീവിതത്തില്‍ ഡല്‍ഹിയിലും വിദേശരാജ്യങ്ങളിലും എംബസികളിലുമൊക്കെ ഈ വിധമുള്ള വിരുന്നുസല്‍ക്കാരങ്ങള്‍ക്കിരിക്കുമ്പോള്‍ അക്കാദമി സൂക്തങ്ങള്‍ക്ക് അര്‍ത്ഥമുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. 

കെ ജയകുമാര്‍
കെ ജയകുമാര്‍


ആദ്യമായി ഞാന്‍ ഇംഗ്ലീഷ് ഗാനങ്ങള്‍ ശ്രദ്ധിക്കുന്നതും ചില പാട്ടുകളൊക്കെ പഠിക്കാന്‍ തുടങ്ങുന്നതും അക്കാലത്താണ്. ജോണ്‍ ഡെന്‍വറിന്റെ 'country road, take me home' എന്ന പ്രശസ്ത ഗാനം എന്റെ പ്രിയഗാനമായിത്തീര്‍ന്നു. മെസ്സ് ഹാളിനോട് ചേര്‍ന്നുള്ള ലൗഞ്ചില്‍, ഇഷ്ടമുള്ള പാട്ട് എഴുതിക്കൊടുത്താല്‍ അത് പ്ലേ ചെയ്യുമായിരുന്നു. മെഹ്ദി ഹസന്റേയും ഗുലാം അലിയുടേയുമൊക്കെ ഗസലുകള്‍ ആസ്വദിക്കാന്‍ തുടങ്ങിയതും അക്കാദമി ജീവിതത്തില്‍ത്തന്നെയായിരുന്നു. അന്ന് അവിടെയുണ്ടായിരുന്ന ഏക മലയാള ഗാനം 'തരിവളയിട്ട കൈയില്‍' എന്ന യേശുദാസ് പാടിയ ഒരു ലളിതഗാനമായിരുന്നു. കുറേ നേരം ഹിന്ദി പാട്ടുകള്‍ മാത്രം വച്ച് കഴിയുമ്പോള്‍, മലയാളികള്‍ ഈ പാട്ട് ആവശ്യപ്പെടും. മുസൂറി മലകളില്‍ നമ്മുടെ മലയാളം പ്രതിദ്ധ്വനിക്കട്ടെ എന്ന വിചാരത്തില്‍!

ഓരോ വ്യക്തിയുടേയും സഹജഭാവത്തെ ഐ.എ.എസിന്റെ മായാജാലം പുഷ്ടിപ്പെടുത്തും. സ്വതവേ അഹങ്കാരിയാണെങ്കില്‍ പരിശീലനം പൂര്‍ത്തിയാവുമ്പോഴേയ്ക്കും അയാള്‍ ഗര്‍വിഷ്ടനാകും. വിനയം സ്വഭാവത്തിലുണ്ടെങ്കില്‍ പരിശീലനം അയാളെ കൂടുതല്‍ വിനീതനാക്കും. ഈ മാറ്റം തുടര്‍ന്നുള്ള ഔദ്യോഗിക ജീവിതത്തിന്റെ ആദ്യ നാളുകളില്‍ത്തന്നെ പ്രതിഫലിക്കുകയും ചെയ്യും. 

മുസൂറി ടൗണില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് അക്കാദമി. ഒഴിവുള്ളപ്പോള്‍ ലൈബ്രറി പോയിന്റ് എന്ന ടൗണ്‍കേന്ദ്രത്തിലേക്ക് നടക്കുക ഞങ്ങളുടെ ഇഷ്ടപരിപാടിയാണ്. കാല്പനിക സൗന്ദര്യമുള്ള പേരുകൊണ്ട് ആരും ശ്രദ്ധിക്കുന്ന ഒരു റെസ്റ്റോറന്റ് അവിടെയുണ്ട്. 'Whispering Windows'. എത്രയോ ഐ.എ.എസ് പ്രണയജോടികള്‍ രൂപപ്പെട്ടത് അവിടെയിരുന്നുള്ള വിസ്പറുകളിലായിരുന്നു! തലമുറകളുടെ പ്രണയമര്‍മ്മരം കേട്ടു കേട്ട് ആ റസ്റ്റോറന്റ് ഇപ്പോള്‍ കൂടുതല്‍ സമ്പന്നമായിരിക്കുന്നു. ഈ യാത്രയില്‍ ഞാനവിടെ കയറി ഒറ്റയ്ക്കിരുന്ന് ഒരു കാപ്പി കുടിച്ചു. മുന്നില്‍ ചുരുള്‍നിവരുന്ന താഴ്വരയും നേരിയ മഞ്ഞിന്റെ സ്വപ്നാലസ്യവും വീണ്ടും കണ്ടു. 
ഞങ്ങളുടെ ബാച്ചിലും നാലഞ്ചു പ്രണയങ്ങള്‍ തളിര്‍ത്തിരുന്നു. അവയില്‍ രണ്ടെണ്ണം തെറ്റിപ്പിരിഞ്ഞു. കാലം എപ്പോഴും നിശ്ചലമായിരിക്കും എന്ന തോന്നലുണ്ടാക്കാന്‍ പ്രണയത്തിനു വിരുതുണ്ട്. എത്ര ബുദ്ധിയുണ്ടെങ്കിലും പ്രണയം വച്ചുനീട്ടുന്ന മധുരപാനീയം നുണഞ്ഞുകഴിഞ്ഞാല്‍ പുതിയ ധൈര്യവും ഇച്ഛാശക്തിയും ആവേശിക്കും. ഘടികാരം നിറുത്തിത്തരാമെന്ന് പ്രണയം പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ തോന്നും. ചിലതൊക്കെ മറക്കാന്‍ പറയുമ്പോള്‍ അതിനും സാധിക്കും.

ഞങ്ങളുടെ ബാച്ചിലെ ഒരു പ്രണയജോടി രണ്ടു വര്‍ഷത്തെ പ്രണയവും മൂന്നു വര്‍ഷത്തെ വിവാഹജീവിതവും പിന്നെ പത്തുവര്‍ഷത്തെ കശപിശയ്ക്കും ശേഷം വിവാഹമോചനമെന്ന സ്വര്‍ഗ്ഗരാജ്യം പൂകി. രണ്ടു ദമ്പതിമാര്‍, ഒന്ന് തമിഴ്നാട്ടിലും മറ്റൊന്ന് ആന്ധ്രയിലും വലിയ പ്രശ്‌നങ്ങളില്ലാതെ ജീവിക്കുന്നു. 
എന്നപ്പോലുള്ളവര്‍ക്ക് അവിടെ പ്രണയിക്കാന്‍ സാധിച്ചില്ല. വിവാഹനിശ്ചയം കഴിഞ്ഞാണ് ഞാന്‍ അക്കാദമിയില്‍ എത്തുന്നത്. അതോടെ താരമൂല്യം നഷ്ടപ്പെട്ടു! എങ്കിലും ജീവിതം തീരെ വിരസമായിരുന്നുവെന്ന് പറഞ്ഞുകൂടാ. പോസ്റ്റല്‍ സര്‍വ്വീസിലെ ഒരു പെണ്‍കുട്ടി പ്രഭാതങ്ങളില്‍ ജോഗിങ്ങിനായി എന്നെ ക്ഷണിച്ചു. ഞാനൊരു ഓട്ടക്കാരനല്ല. നടപ്പാണ് അന്നും ഇന്നും എന്റെ പ്രിയപ്പെട്ട കായികവിനോദം. എങ്കിലും പെണ്‍കിടാവ് വിളിച്ചതല്ലേ, വയ്യെന്ന് പറയുന്നതെങ്ങനെ. കൂട്ടുകാരിയാകട്ടെ, സ്ഥിരം ഓട്ടക്കാരിയാണ്. അഭിമാനക്ഷതം ഭയന്ന് ഞാന്‍ ഒപ്പം ഓടി. രണ്ടാഴ്ച സ്ഥിരമായി ഓടി. അപ്പോഴേയ്ക്കും ആരോഗ്യത്തെപ്പറ്റിയും വ്യായാമത്തെപ്പറ്റിയും എനിക്കുണ്ടായ പുതിയ ആവേശത്തിന്റെ ഉള്ളുകളി കൂട്ടുകാര്‍ കണ്ടെത്തിക്കഴിഞ്ഞു. ഒരു പെണ്ണിന്റെ പിന്നാലെ എന്നും രാവിലെ കിതച്ചുകൊണ്ടോടുന്ന എന്നെക്കുറിച്ച് കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടു. ഓടുമ്പോള്‍ ഞാന്‍ മുന്നൂറടി പിന്നിലാണെപ്പോഴും എന്നും അവര്‍ കൃത്യമായി കണക്കാക്കി. ഏതായാലും കാലൊന്ന് ഉളുക്കിയെന്ന കാരണം പറഞ്ഞ് ഞാന്‍ ആ പ്രഭാതസാഹസത്തില്‍നിന്നു പിന്മാറി. ആ 'പി.ടി. ഉഷ' അയല്‍ സംസ്ഥാനത്തെ പോസ്റ്റ് മാസ്റ്റര്‍ ജനറലായി റിട്ടയര്‍ ചെയ്തു. ഇപ്പോഴും ഓടുന്നുണ്ടോ എന്നറിയില്ല. (ഞാനിപ്പോഴും നടക്കുന്നുണ്ട്, കേട്ടോ.)
ഭാരതദര്‍ശനത്തിനിടയില്‍ ഞങ്ങള്‍ ഒരു കൂട്ടര്‍ ഗോവയിലെത്തി. കലംഗുട്ടേ എന്ന ബീച്ചിലാണ് സാധാരണ പോകാറുള്ളത്. എന്നാല്‍, വിദേശസഞ്ചാരികള്‍ നഗ്‌നസ്‌നാനം ചെയ്യുന്ന അന്‍ജുന എന്ന ബീച്ചിലാണ് പോകേണ്ടതെന്ന് ഞങ്ങള്‍ക്ക് വിവരം കിട്ടി. കുറച്ചുപേര്‍ ടാക്‌സി പിടിച്ച് അങ്ങോട്ട് കുതിച്ചു. അവിടെ ചെന്നപ്പോള്‍ അതൊരത്ഭുത കാഴ്ചതന്നെയായിരുന്നു. നൂല്‍ബന്ധമില്ലാത്തവരുടെ പറുദീസ. നഗ്‌നവിദേശികള്‍ കുടുംബസമേതം കുളിക്കുകയും, വോളിബോള്‍ കളിക്കുകയും വെയിലത്ത് കിടക്കുകയുമൊക്കെ ചെയ്യുന്ന സ്വപ്നദൃശ്യം. ഈ കാഴ്ച കണ്ട് വാപൊളിച്ചു നില്‍ക്കുന്ന ഞങ്ങള്‍ക്കു നേരെ ഒരു കൂറ്റന്‍ മദാമ്മ വിവസ്ത്രമോഹിനിയായി വരികയായി. ഞങ്ങളോട് ഉറച്ച ശബ്ദത്തില്‍ ഫ്രെഞ്ച് കലര്‍ന്ന ഇംഗ്ലീഷില്‍ അവര്‍ അവിടുത്തെ പെരുമാറ്റച്ചട്ടം വ്യക്തമാക്കി: ''നിങ്ങള്‍ക്കിവിടെ വസ്ത്രം ധരിച്ചുകൊണ്ട് നില്‍ക്കാന്‍ പറ്റില്ല. ഇവിടെ നില്‍ക്കണമെങ്കില്‍ നഗ്‌നരാകണം. അല്ലെങ്കില്‍ -our men will come.'
ഇത് ഇന്ത്യന്‍ ബീച്ചല്ലേ, ഭരണഘടന ഞങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം തന്നിട്ടില്ലേ, ടൂറിസ്റ്റ് വിസയില്‍ വന്ന ഹേ മദാമ്മേ ഇതൊക്കെപ്പറയാന്‍ നിനക്കെന്തു കാര്യം എന്നൊക്കെയുള്ള ദേശീയ വികാരങ്ങള്‍ ഉയിരിട്ടെങ്കിലും ആത്മരക്ഷയോര്‍ത്ത് ആരും ഒന്നും പറഞ്ഞില്ല. അപകടം മണത്ത് ഞങ്ങള്‍ മടങ്ങി, രണ്ടുപേരൊഴികെ. അവര്‍ മദാമ്മ പറഞ്ഞത് അനുസരിച്ചു. മദാമ്മ അവരുടെ തോളില്‍ തട്ടി പ്രോത്സാഹിപ്പിച്ചു. ഞങ്ങളുടെ രണ്ടു സ്‌നേഹിതര്‍ ദിഗംബരാനന്ദന്മാരായി കുറച്ചുനേരം ആ കടല്‍ത്തീര സ്വര്‍ഗ്ഗത്തില്‍ കഴിഞ്ഞ്, സുരക്ഷിതരായി തിരിച്ചെത്തി. (ഈ രണ്ടു നഗ്‌നസന്ന്യാസിമാരും പില്‍ക്കാലത്ത് രണ്ടു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരായി റിട്ടയര്‍ ചെയ്തു.)
ഗോവയില്‍നിന്ന് ബോംബെയിലേക്കുള്ള കപ്പല്‍യാത്രയും സംഭവബഹുലമായിരുന്നു. ആരോ ഗോവയില്‍നിന്നു സ്വന്തമാക്കിയ കഞ്ചാവ് പലരും ആ യാത്രയില്‍ ആദ്യമായി പരീക്ഷിച്ചു. കുറച്ചു പുക ഉള്ളില്‍ ചെന്നപ്പോള്‍ കൂട്ടത്തിലൊരുവന് 'കപ്പലിന് സ്പീഡ് പോരാ, പറന്നാല്‍ ബോംബെയില്‍ പെട്ടെന്നെത്താം' എന്ന തോന്നലുണ്ടായി. പറക്കാന്‍ തയ്യാറെടുത്ത് ഡെക്കിലേക്ക് ഇറങ്ങിവന്നു. ബലം പ്രയോഗിച്ച് ക്യാബിനില്‍ കൊണ്ടുകിടത്തുമ്പോഴും അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു: we can fly, we can fly... അയാള്‍ ഉറങ്ങുന്നതുവരെ ഞങ്ങള്‍ കൂട്ടിരുന്നു. 

പരിശീലനം പൂര്‍ത്തിയാക്കി ഞങ്ങള്‍ പല വഴിക്കു പിരിഞ്ഞു. നിയോഗിക്കപ്പെട്ട സംസ്ഥാനങ്ങളിലെത്തി. ചിലര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളില്‍ വരാന്‍ സാധിച്ചു. പലര്‍ക്കും അന്യസംസ്ഥാനങ്ങളില്‍ പോകേണ്ടിവന്നു. അതുവരെ കണ്ട സ്വപ്നങ്ങളും ആര്‍ജ്ജിച്ച ശീലങ്ങളും നേടിയ അറിവുകളും കൈവിടാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചു. 

കേരളത്തില്‍ എത്തിയത് ഞങ്ങള്‍ അഞ്ചു പേര്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചെന്ന് കാണുക എന്ന കീഴ്വഴക്കത്തിന്റെ ഭാഗമായി ഞങ്ങള്‍ പലരേയും കണ്ടു. റവന്യൂ ബോര്‍ഡ് മെംബറായിരുന്ന സഖറിയ മാത്യുസാറിനെ സന്ദര്‍ശിച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞ ചില വാക്യങ്ങള്‍ ഇപ്പോഴും മറന്നിട്ടില്ല. ലോകം നന്നാക്കിയേ അടങ്ങൂ എന്ന ആവേശത്തില്‍ നില്‍ക്കുന്ന ഞങ്ങളോട് അദ്ദേഹം പറഞ്ഞു: ''ഉദ്യോഗസ്ഥ ജീവിതത്തില്‍ നിരാശയുടേയും നിസ്സഹായതയുടേയും ഒരവസ്ഥ ഉണ്ടാകും. ഒരു സിനിക്കല്‍ സ്റ്റേജ്. എത്രത്തോളം വൈകി ആ അവസ്ഥയില്‍ നമ്മള്‍ എത്തിച്ചേരുന്നുവോ അത്രയും നല്ലത്.'' (അദ്ദേഹം ഇപ്പോഴില്ല. തങ്കപ്പകിട്ടുള്ള സേവനം കാഴ്ചവച്ച സത്യസന്ധനായ അദ്ദേഹത്തിന് ഔദ്യോഗിക ജീവിതം നല്‍കിയത് കയ്പുനീരായിരുന്നു. ആ ആത്മാവിനു നിത്യശാന്തി നേരുന്നു.)

മുസൂറിയിലെ ശൈത്യകാലം
മുസൂറിയിലെ ശൈത്യകാലം

ഞങ്ങള്‍ അഞ്ചുപേരില്‍, എന്റെ ഉറ്റസുഹൃത്തായിരുന്ന ഡോ. രാജഗോപാല്‍ നാല്പത്തിയെട്ടാം വയസ്സില്‍ സെക്രട്ടേറിയേറ്റിലെ ഓഫീസ് മുറിയില്‍വച്ച് ഹൃദയാഘാതത്താല്‍ മരിച്ചു. ഞങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ എം.സി. ജോസഫ് അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനില്‍ കുറേ നാള്‍ ജോലി ചെയ്തു. പിന്നെ സാങ്കേതിക കാരണങ്ങളാല്‍ സര്‍വ്വീസില്‍നിന്നു ഒഴിവായി. പിന്നെ ബാക്കിയായത് രാമമൂര്‍ത്തി, പ്രഭാകരന്‍, ഞാന്‍. രാമമൂര്‍ത്തി നേരത്തെ സ്വയം പിരിഞ്ഞു. പ്രഭാകരനും ഞാനും ചീഫ് സെക്രട്ടറിമാരായി വിരമിച്ചു. 
എത്രയെത്ര അപ്രതീക്ഷിത സംഭവങ്ങളാണ് ജീവിതമെന്ന ആഖ്യാനത്തെ നിയന്ത്രിക്കുന്നത്! ഓരോ നാല്‍ക്കവലയില്‍ എത്തിച്ച് ഓരോ വഴി തിരഞ്ഞെടുക്കാന്‍ ജീവിതം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ പ്രസിദ്ധമായ വരികള്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. 
Two roads diverged in a wood, and I-
I took the one less travelled by.
And that has made all the difference.
ഈ തിരഞ്ഞെടുപ്പുകളുടെ സമഷ്ടിയാണല്ലോ ജീവിതമെന്ന മഹാനുഭവം. 
ഞങ്ങളുടെ ബാച്ചിലെ ഉദ്യോഗസ്ഥര്‍ പൊതുവേ വിവാദങ്ങളില്‍പ്പെടാതെ മാന്യമായി വിരമിച്ചവരാണ്. ഒരു സമയത്ത് ഡല്‍ഹിയില്‍ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളിലും 1978 ബാച്ചിലെ ഉദ്യോഗസ്ഥര്‍ ജോയിന്റ് സെക്രട്ടറിമാരായും പിന്നീട് സെക്രട്ടറിമാരായും നിയമിതരായി. തന്റെ ബാച്ചില്‍പ്പെട്ടവര്‍ രാജ്യത്തെങ്ങും പ്രധാന പദവികളില്‍ ഉണ്ടെന്ന ധൈര്യമാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഏറ്റവും വലിയ മൂലധനം. വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടക്കുന്ന ഔദ്യോഗിക കാര്യങ്ങള്‍ ഒരു ഫോണ്‍വിളികൊണ്ട് നടത്തിയെടുക്കാന്‍ സാധിക്കുന്നത് ഈ സൗഹൃദബലം കൊണ്ടുമാത്രം. 

സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ച് അധികനാള്‍ കഴിയും മുന്‍പേ ഇതുപേക്ഷിച്ചു പോയ സുഹൃത്തുക്കളുമുണ്ട്. സിവില്‍ സര്‍വ്വീസിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കഴിവില്ലാഞ്ഞിട്ടല്ല, അവരുടെ ജീവിതനിര്‍വ്വചനം വ്യത്യസ്തമായതുകൊണ്ടു മാത്രം. വിദേശത്ത് ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി സ്വീകരിച്ചവരാണ് രാജിവച്ച് പോയവരില്‍ മിക്കവരും. ആദ്യത്തെ ആറേഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ അവര്‍ പൊരുത്തക്കേട് മനസ്സിലാക്കി. 25-30 വര്‍ഷം സര്‍വ്വീസിലിരുന്നിട്ട്, മുന്നോട്ടുള്ള യാത്രയില്‍നിന്ന് ഇനി അധികമൊന്നും പ്രതീക്ഷിക്കാനില്ലെന്ന് തിരിച്ചറിഞ്ഞ്, സ്വകാര്യമേഖലയിലെ ആകര്‍ഷകമായ ജോലികള്‍ തേടി സ്വയം പിരിഞ്ഞവരുമുണ്ട്. സ്വയം സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ടി സര്‍വ്വീസിന്റെ സുരക്ഷിതലോകം വേണ്ടെന്ന് വച്ചവരുമുണ്ട്. ഓരോ തീരുമാനവും അത് എടുക്കപ്പെട്ട സാഹചര്യങ്ങളില്‍ നീതീകരിക്കാനാവും. 
ഐ.എ.എസിലേക്ക് കടന്ന ഞങ്ങള്‍ എത്ര ഭാഗ്യവാന്മാരാണെന്ന് കരുതിയിരുന്നെങ്കില്‍ അത് സ്വാഭാവികം. എന്നാല്‍, എത്രയെത്ര ദൗര്‍ഭാഗ്യങ്ങളും ദുരന്തങ്ങളുമാണ് ഞങ്ങളുടെ ബാച്ചില്‍ സുഹൃത്തുക്കള്‍ക്ക് നേരിടേണ്ടിവന്നത്! 'സ്ഥാനവലിപ്പവും പ്രഭുത'യും ജീവിതദുഃഖങ്ങളെ പ്രതിരോധിക്കുമോ? ഒരു വടക്കു കിഴക്കന്‍ സംസ്ഥാനത്തിലെ ഉദ്യോഗസ്ഥന്റെ എട്ടുവയസ്സുകാരന്‍ മകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. അയാള്‍ ജില്ലാകളക്ടറായിരിക്കെ നടന്ന ഈ ദുരന്തത്തിന് മുപ്പത് വയസ്സുകഴിഞ്ഞു. രാജസ്ഥാന്‍ കേഡറിലെ സുഹൃത്തിനെ കേന്ദ്രത്തില്‍ ധനകാര്യവകുപ്പ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നുവെന്ന സന്തോഷവാര്‍ത്തയ്ക്ക് പിന്നാലെ എത്തിയത്, ഇംഗ്ലണ്ടില്‍ മികച്ച ജോലിയുമായി കഴിഞ്ഞിരുന്ന മകന്‍ കാറപകടത്തില്‍ മരണപ്പെട്ടെന്ന സന്ദേശമായിരുന്നു. അക്കാദമിവിട്ട് ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഹൈദരാബാദിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജില്‍ ഒരു പരീശിലനത്തിന് എന്നോടൊപ്പം പഞ്ചാബ് കേഡറിലെ സുജാത എന്ന ബാച്ചുകാരിയും ഉണ്ടായിരുന്നു. സുജാതയുടെ അക്കാദമിയിലെ ഇഷ്ടവിനോദം കുതിരസവാരിയായിരുന്നു. എന്നാല്‍, ഹൈദരാബാദില്‍ കണ്ട സുജാതയ്ക്ക് നടക്കാന്‍ വിഷമം, ഓര്‍മ്മിക്കാന്‍ വിഷമം, ചിരിക്കുമ്പോള്‍ കോടിപ്പോകുന്ന മുഖം. ഐ.പി.എസ് കാരനായ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കേ ഉണ്ടായ ഒരു വാഹനാപകടത്തില്‍ സുജാതയ്ക്ക് നഷ്ടപ്പെട്ടത് ഭര്‍ത്താവിനെ മാത്രമായിരുന്നില്ല. ഹിമാചല്‍ പ്രദേശിലെ ചീഫ് സെക്രട്ടറിയായിരുന്ന ബാച്ചിലെ ഏറ്റവും സുമുഖനായിരുന്ന സുദ്രീപ്ത റോയ്, പക്ഷാഘാതം വന്ന് കിടന്നത് രണ്ടു വര്‍ഷം. 

ഐ.എ.എസില്‍ പ്രവേശിച്ചതിന്റെ നാല്പതാം വാര്‍ഷികം കൊളംബോയില്‍വച്ച് ഞങ്ങള്‍ ആഘോഷിച്ചു, 2018-ല്‍. ചെയ്ത ജോലികളില്‍ തൃപ്തിയും അഭിമാനവും മാത്രമാണ് ഒരു ഉദ്യോഗസ്ഥന്റെ നഷ്ടപ്പെടാത്ത ഏക സമ്പാദ്യം. മാനുഷിക മൂല്യങ്ങള്‍ കൈമോശം വരാതെ ജീവിച്ചവര്‍ക്കേ സമാധാനമുള്ളൂ. പുറംപൂച്ചിനും കൃത്രിമമായ ഔദ്ധത്യത്തിനും സ്ഥാനമോ മൂല്യമോ ഇല്ലെന്ന് ജീവിതം വ്യക്തമായി നമ്മളോട് പറയും. കാലം ആര്‍ക്ക് എന്ത് കരുതിവച്ചിരിക്കുന്നുവെന്ന് മുന്‍കൂട്ടി അറിയുക മനുഷ്യന് അസാദ്ധ്യം. ഏതു പരീക്ഷണവും അതിജീവിക്കാന്‍ മനുഷ്യസ്‌നേഹവും വിനയവും വിശ്വാസവുമെന്ന മൃത്യുഞ്ജയ മന്ത്രത്തിനു മാത്രമേ കെല്പുള്ളൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com