മലയാള സാഹിത്യത്തിലെ റഷ്യന്‍ യുഗം: ഐസക് ഈപ്പന്‍ എഴുതുന്നു

സാഹിത്യം ഒരു ഭാഷയിലും പാരസ്പര്യത്തിന്റെ സാന്ത്വനം തേടാത്ത ഒറ്റപ്പെട്ട പുഴയായിട്ടല്ല ഒഴുകിയത്. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും പഠിച്ചുമാണ് സാഹിത്യം അതിന്റെ അസ്തിത്വം കണ്ടെത്തുന്നത്.
മലയാള സാഹിത്യത്തിലെ റഷ്യന്‍ യുഗം: ഐസക് ഈപ്പന്‍ എഴുതുന്നു

സാഹിത്യം ഒരു ഭാഷയിലും പാരസ്പര്യത്തിന്റെ സാന്ത്വനം തേടാത്ത ഒറ്റപ്പെട്ട പുഴയായിട്ടല്ല ഒഴുകിയത്. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും പഠിച്ചുമാണ് സാഹിത്യം അതിന്റെ അസ്തിത്വം കണ്ടെത്തുന്നത്.
മലയാള സാഹിത്യം അതിന്റെ വര്‍ത്തമാനകാല രൂപഭാവങ്ങളെ സ്വീകരിച്ചത് ഒട്ടനവധി കൊടുക്കല്‍വാങ്ങലുകള്‍ക്കു ശേഷമാണ്. സാഹിത്യത്തിലെ ഭാവ പരിണാമങ്ങള്‍ സ്വയം സംഭവിക്കുന്നതല്ല. ലോകത്തിലേക്കു തുറന്നിട്ട നിരവധി ചില്ലുജാലകങ്ങളിലൂടെ കടന്നുവരുന്ന ചൂടും വെളിച്ചവുമാണ് ഭാവുകത്വ പരിണാമത്തിന്റെ വെള്ളവും വളവുമായി മാറുന്നത്. മലയാളത്തില്‍ നോവലിലും കഥയിലുമാണ് ലോകസാഹിത്യത്തിന്റെ സ്വാധീനം ഏറെ വെളിപ്പെട്ടത്. കേസരിയെപ്പോലുള്ളവര്‍ അതിനു നിമിത്തങ്ങളായി.
എഴുത്ത് ഓരോ കാലഘട്ടത്തിലേയും ചരിത്രരേഖയാണ്. ഓരോ കാലവും എങ്ങനെ കഴിഞ്ഞു പോയി എന്നും ആ കാലം സമകാലിക സംസ്‌കാരിക ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നുമറിയാന്‍ ആ കാലം ഉല്പാദിപ്പിച്ച സാഹിത്യത്തെയാണ് ആശ്രയിക്കേണ്ടതെന്ന് പ്രസിദ്ധ ആഫ്രിക്കന്‍ എഴുത്തുകാരനായ ചിന്വ അച്ചാബെ രേഖപ്പെടുത്തിയിട്ടുണ്ട്.

മലയാള സാഹിത്യത്തില്‍ നവീന ആശയങ്ങളുടെ മിന്നായം കണ്ടുതുടങ്ങുന്നതും സാഹിത്യത്തിലെ ജനാധിപത്യവല്‍ക്കരണത്തിനു തുടക്കമാവുന്നതും 1930-കള്‍ മുതലാണ്. മലയാളത്തിന്റെ ജീവിതത്തില്‍ സമഗ്രമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നവോത്ഥാനത്തിനും തുടക്കമാവുന്നതും ഏകദേശം ഇതേ കാലയളവിലാണ്. വിദേശ സാഹിത്യ ആശയങ്ങളുടെ കടന്നുവരവ്, പ്രത്യേകിച്ചും ജനാധിപത്യം, സോഷ്യലിസം എന്നീ ആശയ ചിന്തകളുടെ വികാസം. ഇവയെല്ലാം മലയാള സാഹിത്യത്തെ സ്വാധീനിച്ചു. മുപ്പതുകളില്‍ സംഭവിച്ച സാംസ്‌കാരിക രാഷ്ട്രീയ മാറ്റങ്ങള്‍ നമ്മുടെ ഭാവുകത്വത്തേയും ആസ്വാദനത്തേയും പുതിയ ദിശകളിലേക്കു നയിച്ചു. ഇതില്‍ തന്നെ മലയാള സാഹിത്യ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ചത് റഷ്യന്‍ സാഹിത്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ റഷ്യന്‍ എഴുത്തുകാര്‍, മിഖായേല്‍ ബുല്‍ ഗാക്കോവ്, വേര പാനോവ എന്നിവരൊക്കെ എനിഡ് ബ്ലിറ്റനെക്കാള്‍ മലയാളി കുടുംബ വായനക്കാരെ സ്വാധീനിച്ചു. ദസ്തയേവ്‌സ്‌കി എത്ര മാത്രം മലയാള വായനക്കാര്‍ക്ക് പ്രിയപ്പെട്ടവനാണെന്ന് പെരുമ്പടവത്തിന്റെ 'ഒരു സങ്കീര്‍ത്തനംപോലെ' എന്ന നോവലിന്റെ വിജയം കാണിക്കുന്നു .

ഇടതുപക്ഷത്തിന്റെ സ്വാധീനമാണ് റഷ്യന്‍ സാഹിത്യം പ്രിയങ്കരമായതിന്റെ പിന്നില്‍ എന്ന് പറയുന്നതില്‍ ചില യുക്തികളുണ്ട്. കേരളത്തില്‍ ഇടതുപക്ഷ സ്വാധീനം ശക്തിപ്രാപിക്കുന്നത് മുപ്പതുകളിലാണ്. അന്‍പതുകളിലാണ് കേസരിയിലൂടെ റഷ്യന്‍ സാഹിത്യം മലയാളത്തില്‍ എത്തിയത്. കേസരി മാസികയില്‍ ചെക്കോവിന്റെ കഥകള്‍ വരികയും അതു അന്‍പതുകളിലെ വലിയ സാഹിത്യ ചര്‍ച്ചയാവുകയും ചെയ്തു. അതായത് ഇടതുപക്ഷ ചിന്തയാല്‍ സ്ഫുടം ചെയ്യപ്പെട്ട മലയാളത്തിന്റെ സാംസ്‌കാരിക മനസ്സ് വളരെ പെട്ടെന്ന് സമാനമായ ജീവിതദര്‍ശനങ്ങള്‍ കൈകാര്യം ചെയ്യുന്ന സാഹിത്യത്തില്‍ ഒരു അഭയം കണ്ടെത്തുകയായിരുന്നു.
1952-ലാണ് സി.പി.ഐയുടെ നേതൃത്വത്തില്‍ പ്രഭാത് ബുക്ക് ഹൗസ് ആരംഭിക്കുന്നത്. താമസിയാതെ റഷ്യന്‍ പുസ്തകങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സ് അവര്‍ നേടുകയും 2 ഉം 3 ഉം രൂപയ്ക്ക് മനോഹരമായ പുറംചട്ടയോടെ റഷ്യന്‍ പുസ്തകങ്ങള്‍ ലഭിക്കാന്‍ തുടങ്ങുകയും ചെയ്തത് റഷ്യന്‍ സാഹിത്യത്തെ ആഴമായി തിരിച്ചറിയാനുള്ള അവസരമായി മലയാള വായനക്കാര്‍ക്ക് മാറി.

ദസ്തയേവ്‌സ്‌കിയുടെ കൃതികള്‍ ആദ്യകാലങ്ങളില്‍ എം.കെ ദാമോദരനിലൂടെയാണ് മലയാള സാഹിത്യ കുതുകികള്‍ വായിച്ചതെങ്കിലും 1966 മുതല്‍ സോവിയറ്റ്‌നാടിന്റെ എഡിറ്ററായിരുന്ന മോസ്‌കോ ഗോപാലകൃഷ്ണനെ പോലുള്ളവര്‍ റഷ്യന്‍ സാഹിത്യത്തിലെ ക്ലാസ്സിക്കുകളായ നിരവധി കൃതികള്‍ മലയാളത്തിലെത്തിക്കുകയും നമ്മുടെ വായനയിലും എഴുത്തിലും അത് സ്ഫോടനാത്മകമായ ഭാവുകത്വമാറ്റങ്ങള്‍ കൊണ്ടുവരുകയുമുണ്ടായി. കേരളത്തില്‍ ഒരു ഇടതുപക്ഷ മനസ്സ് രൂപപ്പെടുത്തുന്നതില്‍ ഈ കൃതികള്‍ വഹിച്ച പങ്ക് ചെറുതല്ല. എഴുപതുകളിലെ യുവാക്കളില്‍ പലരും റഷ്യന്‍ സാഹിത്യത്തിന്റെ സ്വാധീനത്തില്‍പ്പെട്ടവരായിരുന്നു. യുവാക്കള്‍ വ്യത്യസ്തമായി സ്വപ്നം കാണുകയും വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ക്കുകയും ചെയ്ത കാലം, ദസ്തയേവ്‌സ്‌കിയും ഗോര്‍ക്കിയും ടോള്‍സ്റ്റോയിയും ഒക്കെ മലയാളിയുടെ വീട്ടിലെ അംഗങ്ങളെ പോലെയായ കാലം, എഴുത്തുകാരുടെ ചേരിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ കാലത്ത് വീണ്ടും സജീവമായി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റേയും അടിച്ചമര്‍ത്തപ്പെട്ടവന്റേയും ജീവിതത്തിനൊപ്പമാണ് എഴുത്തുകാര്‍ നില്‍ക്കേണ്ടതെന്ന ചിന്തയും ശക്തിപ്രാപിച്ചു. ലോകത്തിലെ പല രാജ്യങ്ങളിലും തൊഴിലാളിവര്‍ഗ്ഗാടിസ്ഥാനത്തിലുള്ള സാഹിത്യ കൂട്ടായ്മകള്‍ രൂപീകരിക്കപ്പെട്ടു. സോഷ്യലിസ്റ്റ് റിയലിസം എന്ന പുതിയ തിയറി മലയാള സാഹിത്യത്തില്‍ സ്വീകരിക്കപ്പെട്ടു. ഇതിന്റെ ചുവടുപിടിച്ചാണ് ആള്‍ ഇന്ത്യ പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ഉണ്ടാവുന്നത്.

വിവര്‍ത്തകനായ മോസ്‌കോ ഗോപാലകൃഷ്ണനും അമ്മയും
വിവര്‍ത്തകനായ മോസ്‌കോ ഗോപാലകൃഷ്ണനും അമ്മയും


കേരളത്തില്‍ ജീവല്‍ സാഹിത്യ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കപ്പെട്ടതും ഇതേ സമയത്താണ്. ഇതാണ് പിന്നീട് പുരോഗമനസംഘത്തിന്റെ രൂപീകരണത്തിനു വഴിമരുന്നായത്. പ്രൊളറ്റേറിയറ്റ് ലിറ്ററേച്ചര്‍ എന്നത് റഷ്യന്‍ സാഹിത്യ സങ്കല്പമായാണ് അവതരിപ്പിക്കപ്പെട്ടത്. മൂലധനവും തൊഴിലാളികളും തമ്മിലുള്ള ബന്ധം പുതിയ തലത്തില്‍ വ്യാഖ്യാനിക്കപ്പെടുകയും മനുഷ്യസമൂഹത്തെക്കുറിച്ചുള്ള ആഴമായ ചിന്തയാണ് എഴുത്തുകാരനു വേണ്ടത് എന്നും മലയാള സാഹിത്യം തിരിച്ചറിയുകയായിരുന്നു.
ദസ്തയേവ്‌സ്‌കി റഷ്യന്‍ സാഹിത്യത്തില്‍ കൊണ്ടുവന്ന മനുഷ്യത്വപരമായ ചിന്തകള്‍ തന്നെയാണ് മലയാളത്തില്‍ തകഴി കൊണ്ടുവരാന്‍ ശ്രമിച്ചത്. 1932-ല്‍ യൂണിയന്‍ ഓഫ് സോവിയറ്റ്‌സ് റൈറ്റേഴ്സ് ഉണ്ടായപ്പോള്‍ തന്നെ ഇന്ത്യയിലും പ്രോഗ്രസിവ് റൈറ്റേഴ്സ് യൂണിയന്‍ നിലവില്‍ വന്നു.
സോവിയറ്റ് റിയലിസം എന്ന ആശയം മലയാള സാഹിത്യത്തില്‍ സംഭവിക്കുകയും സാഹിത്യം സാമൂഹ്യമാറ്റത്തിന്റെ ഉപാധിയാക്കുക എന്നത് സാഹിത്യത്തിന്റെ ലക്ഷ്യമാവുകയും ചെയ്തു. പൈങ്കിളിയില്‍ അഭിരമിക്കുകയല്ല, സത്യസന്ധമായി ജീവിതത്തെ പ്രതിഫലിപ്പിക്കുക എന്നതായി സാഹിത്യധര്‍മ്മം.

ഫാസിസത്തിനെതിരെ സ്പെയിനില്‍ പോരാടി മരിച്ച റാല്‍ഫ് ഫോക്സ് തന്റെ 'The Novel and the people' എന്ന പുസ്തകത്തില്‍ സത്യം കണ്ടെത്തുകയാണ് സര്‍ഗ്ഗാത്മക സാഹിത്യകാരന്റെ വെല്ലുവിളി എന്നു പ്രഖ്യാപിച്ചു. ഈ വെല്ലുവിളി ഏറ്റെടുക്കാനും എഴുത്തിനെ മുഖ്യധാരയില്‍ സ്ഥാനമില്ലാതിരുന്ന അടിച്ചമര്‍ത്തപ്പെട്ടവന്റേയും സാധാരണക്കാരന്റേയും ജീവിതവുമായി ചേര്‍ത്തു പിടിക്കാനും പാകത്തില്‍ ഒരു അടിസ്ഥാന ചിന്താധാര ഇവിടെ രൂപപ്പെട്ടിരുന്നു. അതുകൊണ്ട് റഷ്യന്‍ സാഹിത്യത്തിന്റെ നവീന ചിന്തകളെ സ്വാംശീകരിക്കാനുള്ള ഒരു മാനസികാവസ്ഥയിലേക്ക് മലയാള സാഹിത്യം പെട്ടെന്ന് എത്തിച്ചേര്‍ന്നു. അതുകൊണ്ടുതന്നെ റഷ്യന്‍ സാഹിത്യത്തിന്റെ മാനവികവശങ്ങള്‍ നമുക്ക് അന്യമായ ഒരാശയം ആയിരുന്നില്ല. കേരളത്തിലെ സാംസ്‌കാരിക നവോത്ഥാനത്തിനു പാകമായ രീതിയില്‍ ഇവിടുത്തെ മണ്ണിനെ പാകപ്പെടുത്തിയെടുക്കുന്നതില്‍ വിപ്ലവത്തിലും സമത്വബോധത്തിലും അധിഷ്ഠിതമായ റഷ്യന്‍ സാഹിത്യത്തിന്റെ സ്വാധീനത്തിനായി.

പ്രഭാത് ബുക്ക് ഹൗസ്
പ്രഭാത് ബുക്ക് ഹൗസ്


ഇതേ സമയം റഷ്യന്‍ വിപ്ലവത്തെ സ്വാധീനിച്ച വിപ്ലവപൂര്‍വ്വ സാഹിത്യത്തില്‍ ഇന്ത്യയ്ക്കും ചില പങ്കുണ്ട്. ടോള്‍സ്റ്റോയി ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ ഇന്ത്യന്‍ ഇതിഹാസങ്ങളെ താല്‍പ്പര്യപൂര്‍വ്വം സമീപിച്ചവരാണ്. ഭഗവത്ഗീത, രാമായണം, ശാകുന്തളം, ബുദ്ധകഥകള്‍ എന്നിവയെല്ലാം റഷ്യന്‍ സാഹിത്യത്തിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ രണ്ടു ദേശകാലങ്ങളിലെ സാഹിത്യങ്ങള്‍ തമ്മില്‍ പാരസ്പര്യത്തിന്റെ ഒരു വഴിത്താര നിലവില്‍ വരികയും അതിലൂടെ കൃതികളുടേയും ആശയങ്ങളുടേയും തീവ്രമായ ഒഴുക്ക് സാദ്ധ്യമാവുകയും ചെയ്തു. കൂടാതെ അലക്സാണ്ടര്‍ പുഷ്‌കിനെ പോലുള്ളവര്‍ രാമായണത്തില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടൊക്കെ കൂടിയാവാം 1910-ല്‍ ടോള്‍സ്റ്റോയി മരിച്ചപ്പോള്‍ അത് ഇവിടെ വലിയ വാര്‍ത്തയായത്. ടോള്‍സ്റ്റോയി ശങ്കരാചാര്യനിലും വിവേകാനന്ദനിലും വലിയ താല്പര്യം കാണിച്ചിരുന്നു. 1917-ലെ റഷ്യന്‍ വിപ്ലവം ഇന്ത്യന്‍ പൊതുജീവിതത്തെ പ്രത്യേകിച്ച് തൊഴിലാളി ജീവിതത്തെ സ്വാധീനിക്കുകയും തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം എന്നത് ഒരു ഉട്ടോപ്യന്‍ മിഥ്യയല്ലെന്നും അത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ബഹുജനസമരങ്ങളിലൂടെ സാധ്യമാവുന്ന ഒന്നാണെന്നു മനസ്സിലാവുകയും ചെയ്തു. അതുകൊണ്ടുതന്നെ റഷ്യന്‍ വിപ്ലവം സാദ്ധ്യമാക്കുന്നതില്‍ പങ്കുവഹിച്ച സാഹിത്യകൃതികള്‍ മലയാളത്തിനും പ്രിയപ്പെട്ടതായി.

മാക്സിം ഗോര്‍ക്കിയുടെ 'അമ്മ'
നിരോധിക്കപ്പെട്ട കാലത്തുപോലും ധാരാളമായി ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവരികയും വായിക്കപ്പെടുകയും ചെയ്തു. അമ്മ, ചൂഷിതാധിഷ്ഠിതമായ ഒരു അരാജകസമൂഹത്തില്‍ എങ്ങനെയാണ് മനുഷ്യര്‍ ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടതെന്ന് കാണിച്ചുതന്നു. അമ്മയിലെ പാവല്‍ വാസ് ലോവ്‌നെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഭഗത്സിംഗ് തന്റെ കോടതി പ്രസംഗം തയ്യാറാക്കിയത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. റഷ്യന്‍ സാഹിത്യത്തിന്റെ മാനുഷികപരമായ തലവും ഫ്യൂഡല്‍ വ്യവസ്ഥിതിക്കെതിരെ ചങ്കുറപ്പോടുകൂടിയ നിലപാടുകളും നിരാല, പ്രേംചന്ദ്, ടാഗോര്‍ എന്നീ ഇന്ത്യന്‍ എഴുത്തുകാരെ ഏറെ സ്വാധീനിച്ചു. പൊതുവെ ഇന്ത്യന്‍ സാഹിത്യം രാജാപ്പാട്ടു വേഷങ്ങള്‍ അഴിച്ചുവെച്ച് ഭൂമിയിലേക്ക് ഇറങ്ങിയത് റഷ്യന്‍ സാഹിത്യം ചൂഷിതരായ മനഷ്യരുടെ കഥ വ്യത്യസ്തമായ രീതിയില്‍ പറഞ്ഞതു മുതലാണ്.
ഗോര്‍ക്കിയന്‍ റിയലിസം അഥവാ ഇബ്‌സന്റെ ഭാഷയില്‍ പറഞ്ഞാല്‍ റാഡിക്കല്‍ ഹ്യുമാനിസം അതുവരെ ഉണ്ടായിരുന്ന എഴുത്തിലെ പരോക്ഷ മാനവികതയ്ക്കു ബദലായി മാറി. രാഷ്ട്രത്തിലെന്ന പോലെ സാഹിത്യത്തിലും മനുഷ്യനാണ് കേന്ദ്രസ്ഥാനം എന്നതിന് അംഗീകാരം ലഭിക്കുകയും മലയാള സാഹിത്യം അതേറ്റു വാങ്ങുകയും ചെയ്ത മുല്‍ക്ക് രാജ് ആനന്ദിന്റെ 'കൂലി' (1935) പോലെ സാധാരണ മനുഷ്യരുടെ സങ്കടവും ജീവിതവും സാഹിത്യത്തില്‍ ഇടം പിടിച്ചു. തകഴി, കേശവദേവ്, റാഫി എന്നിവരൊക്കെ സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരേയും അവരുടെ വിഷാദങ്ങളും സ്വപ്നങ്ങളും എഴുത്തിന്റെ മുഖ്യവിഷയമായി മാറ്റി. 

മലയാളത്തില്‍ നവോത്ഥാന സാഹിത്യത്തിന് തുടക്കമാവുന്നതും തീമാറ്റിക്ക് സാഹിത്യം ഉദ്ഘാടനം ചെയ്യപ്പെടുന്നതും റഷ്യന്‍ സാഹിത്യവുമായുള്ള നമ്മുടെ ബാന്ധവത്തില്‍ സംഭവിച്ചതായിരുന്നു. സ്ത്രീപക്ഷ സാഹിത്യവും വിധവകള്‍, തൊഴിലാളികള്‍, ദളിതര്‍ എന്നിവരുടെയൊക്കെ ജീവിതം എഴുത്തിന്റെ വിഷയമായി മാറ്റി.

പക്ഷേ, ഹിന്ദിയിലും മറ്റും പ്രേംചന്ദിന്റ കര്‍ഷകരും മാന്റോയുടെ ടോംഗാ വാലയും താരാശങ്കര്‍ ബാനര്‍ജിയുടെ ട്രൈബല്‍സും കോശ രാജു ശേഷയ്യരുടെ ഭൂരഹിതരായ കര്‍ഷകനും ഒക്കെ റഷ്യന്‍ സാഹിത്യം ഇന്ത്യന്‍ ചിന്തയ്ക്കു നല്‍കിയ ആശയമാണ്. എന്നാല്‍, ഇത്രയും ശക്തരായ കഥാപാത്രങ്ങള്‍ മലയാളത്തില്‍ ആദ്യകാലങ്ങളില്‍ ഉണ്ടായില്ല. മലയാളത്തില്‍ അതു സംഭവിച്ചത് തകഴിയിലൂടെയും മറ്റും നവോത്ഥാന കാലഘട്ടത്തിലാണ്.

സാഹിത്യം ഇക്കിളിപ്പെടുത്തുന്ന വാക്കുകളുടെ സംഘനൃത്തം അല്ലെന്നും അത് ചൂഷണത്താലും ഫ്യൂഡല്‍ വ്യവസ്ഥിതിയാലും പ്രാന്തവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉപാധിയാണെന്നും നമ്മുടെ നവോത്ഥാന സാഹിത്യം തിരിച്ചറിഞ്ഞത് റഷ്യന്‍ സാഹിത്യവുമായുള്ള ബന്ധത്തിലൂടെയാണ്.
ചരിത്രപരമായ അവബോധങ്ങള്‍ നമ്മുടെ എഴുത്തുകാരാലുണ്ടാക്കാന്‍ റഷ്യന്‍ സാഹിത്യത്തിനു കഴിഞ്ഞു. എഴുത്തുകാരനാവാന്‍ എല്ലാവരും സമര്‍പ്പിത സ്വഭാവമുള്ള സോഷ്യലിസ്റ്റ് ആകണമെന്ന് നിര്‍ബന്ധമില്ലെങ്കിലും, സാമൂഹ്യജീവിതത്തിലെ അസമത്വങ്ങളില്‍നിന്ന് മുഖം തിരിച്ച് ഏകാന്ത ജീവിതം നയിക്കുന്ന എഴുത്തുകാരന് സമൂഹത്തെ ചര്‍ച്ചാവിഷയമാക്കുന്ന എഴുത്തിലേക്ക് എത്താന്‍ കഴിയില്ലെന്ന ധാരണ മലയാളത്തിലെത്തുകയും സാധാരണ മനുഷ്യന്റെ ജീവിതം എഴുത്തിന്റെ പ്ലോട്ടാകുകയും ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെയുള്ള കര്‍മ്മപദ്ധതിയായി സാഹിത്യം മാറിയത് ഈ കാലത്താണ്. ചരിത്രത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് രാജവേഷങ്ങളെ ഒഴിവാക്കി വെറും മനുഷ്യര്‍ക്ക് കടന്നുവരാന്‍ ആവുമെന്നും മനുഷ്യനാണ് എല്ലാ ചിന്തകളുടേയും കേന്ദ്രബിന്ദുവെന്നും നമ്മുടെ എഴുത്തുകാര്‍ മനസ്സിലാക്കിയതുതന്നെ കുറ്റവും ശിക്ഷയും പോലുള്ള കൃതികള്‍ വായിച്ചപ്പോഴാണ്. ജാതി, മത, വര്‍ഗ്ഗ, ലിംഗ വ്യത്യാസമില്ലാതെ മനുഷ്യന്‍ എന്ന സങ്കല്‍പ്പത്തിനു പ്രാധാന്യം കൈവന്നു.
ഇന്ത്യന്‍ ഭാഷകളില്‍ കാറല്‍ മാക്സിന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് മലയാളത്തിലായിരുന്നു. സ്വദേശാഭിമാനിയില്‍. വള്ളത്തോളിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന ആത്മപോഷിണിയില്‍ സോഷ്യലിസത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങള്‍ അച്ചടിക്കുകയുണ്ടായി.
നവോത്ഥാനകഥകളിലെ പൊതുപരിസരം സോവിയറ്റ് അനുകൂലമായിരുന്നു. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് സോവിയറ്റ് യൂണിയനാണെന്ന് കുറ്റിപ്പുഴ പറഞ്ഞത് ഈ കാലത്ത് തന്നെയാണ്.

1917-ല്‍ റഷ്യന്‍ വിപ്ലവം കൊണ്ടുവന്ന സ്വപ്നങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ മലയാളത്തിന്റെ മഹാകാവ്യങ്ങളായ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും ഉണ്ടാകുമായിരുന്നില്ല. അതുപോലെ വള്ളത്തോളിന്റെ 'മാപ്പി'ലും സോവിയറ്റ് സാഹിത്യത്തിന്റെ സ്വാധീനം കാണാന്‍ കഴിയും. ശ്രീ നാരായണഗുരുവിന്റെ ആശയങ്ങള്‍ക്കൊപ്പം സഹോദരന്‍ അയ്യപ്പനെ റഷ്യന്‍ സാഹിത്യവും സ്വാധീനിച്ചിരിക്കണം. മതത്തിനുള്ളിലെ യുക്തിരഹിതമായ കാഴ്ചപ്പാടുകളെ തുറന്നുകാട്ടാന്‍ അദ്ദേഹത്തിനു പ്രേരണയായത് ഈ സ്വാധീനമാവാം .
ഈ രീതിയില്‍ റഷ്യന്‍ സ്വാധീനം ദര്‍ശിക്കാവുന്ന കൃതിയാണ് കെ. ദാമോദരന്റെ പാട്ടബാക്കി. മാക്സിം ഗോര്‍ക്കിക്കൊപ്പം ഷോളോഗ്രാവും (ഡോണ്‍ ശാന്തമായൊഴുകുന്നു. അതുപോലെ മയക്കോവ്‌സ്‌കിയുടെ കവിതകളിലെ സാമൂഹിക പരിസരവും പില്‍ക്കാല മലയാള എഴുത്തിനെ ഏറെ സ്വാധീനിച്ചു.)
അതുകൊണ്ടാണ് കെ.എം. ജോര്‍ജ് മലയാള ഭാഷയിലും സാഹിത്യത്തിലും പാശ്ചാത്യ സ്വാധീനം എന്ന കൃതിയില്‍ 1930 മുതല്‍ 1947 വരെയുള്ള കാലത്തെ മലയാള സാഹിത്യത്തിലെ സോവിയറ്റ് യുഗം എന്ന് വിശേഷിപ്പിച്ചത്. സാഹിത്യം പുരോഗമനമായിരിക്കണമെന്നും റിയലിസ്റ്റിക്ക് ആയിരിക്കണമെന്നുമുള്ള ചിന്ത നമ്മുടെ എഴുത്തുകാര്‍ അംഗീകരിച്ചു. റിയലിസ്റ്റിക്ക് സാഹിത്യമെന്നാല്‍ അത് സോഷ്യലിസ്റ്റ് റിയലിസ്റ്റിക്ക് ആയിരിക്കണമെന്നതും അംഗീകരിക്കപ്പെട്ടു. ഇങ്ങനെ മലയാള സാഹിത്യത്തെ മനുഷ്യകേന്ദ്രികൃതമായ പുതിയ ദിശാബോധത്താല്‍ നയിക്കുന്നതില്‍ റഷ്യന്‍ സാഹിത്യം നിസ്തുലമായ പങ്ക് വഹിക്കുകയും അങ്ങനെ മലയാളം ലോകത്തിലെ ഇതര സാഹിത്യത്തിനൊപ്പം സ്വയം വികാസം പ്രാപിക്കാനുള്ള കരുത്താര്‍ജ്ജിക്കുകയും ചെയ്തതായി കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com