ഓര്‍മ്മയിലെ മണ്ണറകള്‍ ; വാടാനപ്പിള്ളിയിലെ 'ചരിത്ര' നിക്ഷേപങ്ങളെ കുറിച്ച് മണിലാല്‍ എഴുതുന്നു

നക്‌സലൈറ്റ് പ്രസ്ഥാനക്കാരും ഇവിടെനിന്ന് പ്രസരിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.
ഓര്‍മ്മയിലെ മണ്ണറകള്‍ ; വാടാനപ്പിള്ളിയിലെ 'ചരിത്ര' നിക്ഷേപങ്ങളെ കുറിച്ച് മണിലാല്‍ എഴുതുന്നു

രോഗ്യസംരക്ഷണമെന്നത് ഇടയ്ക്ക് പൊന്തിവരുന്ന ഒരു അസുഖമാണ്, അതിന്റെ പാര്‍ശ്വഫലങ്ങളിലൊന്ന് രാവിലെ സംഭവിക്കുന്ന നടത്തമാണ്. പല സ്ഥലങ്ങളില്‍ കറങ്ങുന്നു, പല സ്ഥലങ്ങളില്‍ ഉണരുന്നു, പല ജീവിതങ്ങളില്‍ പുളയ്ക്കുന്നു. ആയതിനാല്‍ നടത്തം പലതരം വിതാനങ്ങളിലൂടെയാണ്. കാലത്തിനൊരു ചുമരുണ്ട്. അതില്‍ പതിയാതേയും പതിക്കാതേയും ജീവിതത്തിനു മുന്നേറാനാവില്ല. കേള്‍വികള്‍, കാഴ്ചകള്‍, കൂട്ടിമുട്ടലുകള്‍ എല്ലാം നമ്മെ പിടിച്ചുലയ്ക്കുന്നു, ആയതിനാല്‍ നടത്തദിശ വര്‍ത്തമാനകാലത്തിനു നെടുകേയും കുറുകേയുമാണ്. ജപ്പാനിലെ ടോക്കിയോ ബേ ഹോട്ടലിനു താഴെ കടലിനോടു ചേര്‍ന്ന് സൈക്കിളുകള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമായി ദീര്‍ഘദൂര പാതയുണ്ട്. സൗമ്യവും ശാന്തവുമായ സ്ഥലം. ഇടയ്ക്കിടെ ശബ്ദം ഉയര്‍ത്തുന്ന മീന്‍പിടുത്ത ബോട്ടുകളെ ഒഴിച്ചുനിര്‍ത്തിയാല്‍ കടല്‍പോലും ശാന്തം. ഘനീഭവിച്ചു കിടന്ന മഞ്ഞിലേക്കാണ് ഞാന്‍ ഒരാഴ്ച പുലര്‍കാലത്ത് ഇറങ്ങിനടന്നത്. കിലോമീറ്റര്‍ താണ്ടിയിട്ടും കണ്ടത് അഞ്ചാറു പേരെ. തന്നിലേക്കു തന്നെ നിവര്‍ന്നുനില്‍ക്കുന്നൊരു നിര്‍വൃതിയിലായിരുന്നു എല്ലാവരും. പരിസരത്തെ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ശ്രദ്ധയില്ലാത്തതിനാല്‍ അവരുടെ കാഴ്ചയില്‍ ഞാന്‍ പെട്ടില്ല. ഒന്നുരണ്ട് ദിവസത്തെ നടത്താനുഭവത്തില്‍ മറ്റൊരാളായിത്തീരുന്നത് ഞാനറിഞ്ഞു. സഞ്ചാരമെന്നതേ മാഞ്ഞുപോയി. മഞ്ഞ് സകല കാഴ്ചകളേയും ശൂന്യമാക്കുന്നതുപോലെ ഓരോ ചുവടുവെയ്പിലും ഞാന്‍ അലിഞ്ഞുതീരുന്നതായി അറിഞ്ഞുകൊണ്ടിരുന്നു. ഭാരങ്ങളുടെ ഒഴിഞ്ഞുപോക്കായിരുന്നു അത്. കാലങ്ങള്‍ എന്നെ ബാധിച്ചില്ല, എല്ലാറ്റിനുമുപരി സ്വയം ചൂഴ്ന്നുപോകുന്നൊരു ഭാവമായിരുന്നു. അകന്നു കഴിഞ്ഞതിനാല്‍ പുതിയകാലം നഷ്ടമായ സ്ഥലമാണ് വാടാനപ്പള്ളി. അതുകൊണ്ട് ഇവിടെ പ്രഭാതസവാരി വര്‍ത്തമാനത്തോടൊപ്പമല്ല, ഓര്‍മ്മകള്‍ ഇരമ്പുന്ന ഭൂതകാലങ്ങള്‍ക്കൊപ്പമാണ്. സ്ഥലകാലബോധ്യങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മത്താഴ്ചയിലേക്ക് എത്ര വേഗത്തിലാണ് നമ്മെ മുക്കിപ്പിടിക്കുന്നത്. ദൂരത്തെ മാത്രമല്ല, സമയം, ഭാരം, മടുപ്പ് എല്ലാറ്റിനേയും യാത്രകള്‍ തൂത്തെറിയും. ഓര്‍മ്മകള്‍ കുതിരപ്പടപോലെയാണ്, അത്ര വേഗതയിലാണ് പലതിനേയും പിറകിലാക്കി അത് പായുന്നത്. കാലത്തിന്റെ മൈല്‍ക്കുറ്റികള്‍ ഓരോന്നായി ശരവേഗത്തില്‍ നമ്മള്‍ മറികടന്നുകൊണ്ടിരിക്കും. രാവിലെ ഒരബോധത്തിലെന്നപോലെ ഉണര്‍ന്നാല്‍ കിഴക്കേടിപ്പുസുല്‍ത്താന്‍ റോഡ് എന്ന പേരിലുള്ള ഞങ്ങളുടെ പ്രിയപ്പെട്ട റോഡിലേക്ക് കയറും. ട്യൂണ്‍ ചെയ്തതുപോലെ റോഡില്‍നിന്നും വടക്കോട്ടേ തിരിയൂ, ഇവിടെനിന്ന് പല കൈവഴികളുമുണ്ട്. പലയിടങ്ങളിലേക്ക് തിരിയാനുള്ള സാദ്ധ്യതകളാണ് ഈ വടക്കന്‍ ദിശ. സുഹൃത്ത് തോട്ടന്‍ പ്രദീപിന്റെ പലചരക്ക് കട, മറ്റൊരു സുഹൃത്ത് കിച്ചുവിന്റെ വീട്, മേപ്രങ്ങാട്ട് അമ്പലം, അടുത്തറിയുന്നവരായ ഷൈനിയുടേയും പ്രേമന്റേയും വീട്ടുസംഗീതം, ഏംഗല്‍സ് നഗറിലെ പ്രേമന്റെ ചായക്കടയുമായി ബന്ധപ്പെട്ട ചെറിയ ആള്‍ത്തിരക്ക്, ലോട്ടറിക്കച്ചവടം, റോഡിനു കുറുകെയുള്ള തോട് ചേലോട്, പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാമനാഥേട്ടന്റെ കെട്ട് തുടങ്ങി നിരവധി ഇടത്താവളങ്ങള്‍ കടന്ന് ആയിരംകണ്ണി അമ്പലമെത്തും, അതാണ് നാട്ടുനടപ്പിലെ പ്രധാന ഡെസ്റ്റിനേഷന്‍. ഒരു മിഷന്‍ പൂര്‍ത്തീകരണത്തിന്റെ ശ്രമമുണ്ട് ഈ പ്രഭാതനടത്തത്തിന്. വീട്ടില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട് മണപ്പുറത്തെ പുരാതനമായ ഈ അമ്പലത്തിലേക്ക്. അരയാലിന്റെ വിസ്തൃതമായ ഛായയില്‍ റോഡരികില്‍ കെട്ടിയുയര്‍ത്തിയ ബിന്ദുവിന്റെ ചായക്കടയില്‍നിന്ന് മധുരം കുറച്ച് ഒരു കട്ടന്‍ ചോദിച്ച് തിരികെ നടന്നാല്‍ അങ്ങോട്ടുമിങ്ങോട്ടും അഞ്ചാറ് കിലോമീറ്ററാകും. നടന്നുതുടങ്ങിയാല്‍ ഭൂതാവേശമാവും. മറ്റൊരു അവസ്ഥയിലേക്ക് ശരീരം മാനസാന്തരപ്പെടും, തിരികെ നടക്കാന്‍ തോന്നില്ല, മുന്നോട്ട് മുന്നോട്ട് എന്ന മട്ടില്‍. ഈ മുന്നേറ്റത്തില്‍ ഒരു കവി വീടുണ്ട്, ധീരപാലന്‍ ചാളിപ്പാട്ടിന്റെ, മണപ്പുറത്ത് ഞാനാദ്യം പരിചയപ്പെട്ട കവി അദ്ദേഹമായിരിക്കും. ജീവിച്ചിരിക്കുമ്പോള്‍ ഈ കവിത എന്റെ നടത്തത്തെ തടഞ്ഞുനിര്‍ത്താറുണ്ടായിരുന്നു. എഴുതാതെ പാടിനടന്ന മറ്റൊരു കവി എന്റെ അയല്‍പക്കത്തുണ്ടായിരുന്നു, പാപ്പുണ്ണിയാശാന്‍. വെച്ചുകെട്ടിക്കവിത എന്ന വിഭാഗത്തിലാണ് ഈ സാഹിത്യം പെടുക. നിമിഷകവിത എന്നും വിളിക്കാം.

ടിപ്പുവിന്റെ കോട്ട
ടിപ്പുവിന്റെ കോട്ട

കവിതയെക്കൂടാതെ മന്ത്രവാദം, കൂടോത്രം; ചാത്തന്‍സേവ തുടങ്ങിയ കലകളിലും ആശാന്‍ നിപുണനായിരുന്നു. തികഞ്ഞൊരു ഗാന്ധിയനും കറകളഞ്ഞ മതേതരവാദിയും, മദ്യപാനം പറയുകയും വേണ്ട. വാടാനപ്പള്ളിക്കാരെ രാഷ്ട്രീയ നാടകം പഠിപ്പിക്കാനിറങ്ങിയ ഇന്നത്തെ സിനിമാ സംവിധായകന്‍ ജോയ് മാത്യുവിന് ഒന്നുരണ്ട് വര്‍ഷങ്ങള്‍ പാര്‍പ്പൊരുക്കിയത് ഈ മന്ത്രവാദപ്പുരയിലാണ്. ഇത്രയേറെ സമാധാനത്തോടെ മറ്റൊരിടത്ത് കഴിഞ്ഞിട്ടില്ലെന്ന് ജോയ് മാത്യു. സഖാവ് രാഘവേട്ടനെ ഓര്‍ക്കാതെ ഇതിലേ നടത്തമില്ല. അടുത്ത ഒരു ജില്ലയില്‍നിന്ന് ഇവിടെവന്ന് രാഷ്ടീയ പ്രവര്‍ത്തനം നടത്തിയ അനേകരില്‍ ഒരാള്‍. പൊലീസാണെങ്കിലും തല്ലിയവനെ തിരികെ കൈവെക്കണം എന്ന തത്ത്വശാസ്ത്രത്തില്‍ ഉറച്ചവന്‍, കമ്യൂണിസ്റ്റ്. ഭാര്യ സരോജിനിച്ചേച്ചി ഇപ്പോഴും ജീവിച്ചിരിക്കുന്നു, സമരമുഖങ്ങളില്‍ ചുരുട്ടിയ മുഷ്ടി അയച്ച് എണ്‍പതിന്റെ അമ്മത്വത്തില്‍ ഇപ്പോള്‍. ഓര്‍മ്മയുടെ വെളിച്ചത്തില്‍ ചിലപ്പോള്‍ ഈ വീട്ടിലേക്കും കടക്കും. ഇവരുടെ ഓര്‍മ്മയില്‍ മറ്റൊരാള്‍ കൂടി ടിക് ടിക് ശബ്ദത്തോടെ തെളിഞ്ഞുവരും. നാട്ടുകാരുടെ സമയദോഷം തീര്‍ത്തുകൊടുക്കുന്ന സുകുവേട്ടന്‍, ബേബി വാച്ച് റിപ്പയറിംഗ് കമ്പനിയുടമ.

ചേറ്റുവയിലെ കണ്ടല്‍ക്കാട്
ചേറ്റുവയിലെ കണ്ടല്‍ക്കാട്

തെറിച്ച ചിന്തയുടെ താവളമായിരുന്നു കാലത്തിലേക്ക് തുറന്നുവെച്ച ഈ കട. ലെഫ്റ്റ് പ്ലാറ്റ്ഫോം, തിയ്യറിറ്റിക്കല്‍ ഗാതറിംഗ്സ്, സ്‌ക്രീന്‍ ഫിലിം സൊസൈറ്റി ഇവിടെനിന്നുള്ള ചിന്തയില്‍ രൂപം കൊണ്ടതാണെന്ന് പറയാം. നക്‌സലൈറ്റ് പ്രസ്ഥാനക്കാരും ഇവിടെനിന്ന് പ്രസരിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. മണല്‍ക്കുന്നുകളും പൂഴിത്താഴ്വരകളുമായി ആയിരംകണ്ണിയുടെ ഭൂപടം ഓര്‍മ്മകളിലെ വലിയ ക്യാന്‍വാസില്‍ നിറഞ്ഞുനില്‍പ്പുണ്ട്. ഇന്നത് ചെറിയ അമ്പലമായിത്തോന്നും, മനുഷ്യര്‍ വളരുംതോറും പലതും ചെറുതായിക്കൊണ്ടിരിക്കുന്നു, പിന്നെ ഇല്ലാതാവും. ജീവിതസമരങ്ങളില്‍ മുഴുകുന്ന ഒരാള്‍ എല്ലാറ്റിനും മുകളിലാണ്, ഈശ്വരനെ അടക്കം ചെയ്യാനും ശത്രുവിനു നേരെ തുറന്നുവിടാനും അയാളില്‍ കള്ളറകളില്ല. ദൈവങ്ങള്‍ കൊഴിഞ്ഞുപോകുന്നതോടെ മനുഷ്യര്‍ ഭാരമൊഴിഞ്ഞ് പറവയെപ്പോലെയാകും. ദൈവം ഭാരമാവുന്നു, അതുകൊണ്ടല്ലേ ദൈവനിഷേധികള്‍ പാറിപ്പറന്ന് ജീവിക്കുന്നത്. കൗമാരത്തില്‍ ആദ്യമായി കഞ്ചാവ് പുകച്ച് ഞങ്ങള്‍ അഞ്ചെട്ടുപേര്‍ ഒരു തെങ്ങിന്‍കുഴിയില്‍ ഉത്സവദിവസം പുലരുവോളം കിടന്നതും ആന, ആളുകളുടെ ചവിട്ടേല്‍ക്കാതെ രക്ഷപ്പെട്ടതും കൗമാരത്തെക്കുറിച്ചുള്ള വിലപിടിച്ച ഓര്‍മ്മകളാണ്. ലഹരിയുടെ ആനപ്പുറം കയറുമ്പോഴാണ് മനുഷ്യര്‍ എത്ര ചെറുതെന്ന് മനസ്സിലാവുന്നത്, വീട്ടില്‍ പത്തായപ്പുറത്ത് കഞ്ചാവില്‍ കിടക്കുമ്പോള്‍ ജനവാതിലിലൂടെ പുറത്തേക്ക് വീഴുമോ എന്നൊക്കെ അന്ന് ഭയപ്പെട്ടിരുന്നു. എണ്ണിയാലൊടുങ്ങാത്തതുപോലെ ആനകളുടെ നിര ചങ്ങലകിലുക്കി ഗുരുവായൂരിലേക്ക് പോയിരുന്നത് കിലോമീറ്ററുകള്‍ ചുറ്റി കണ്ടശ്ശാംകടവ് പാലത്തിലൂടെയായിരുന്നു. പുറം ലോകത്തേക്ക് ശ്വാസം വിടാനുള്ള ഞങ്ങളുടെ ആദ്യത്തെ പാലം അതാണ്. ചേറ്റുവയിലെ ചങ്ങാടത്തില്‍ ആളുകള്‍ക്ക് കയറാന്‍ തന്നെ ഇടമില്ലായിരുന്നു. അകലെനിന്ന് കിലുക്കം കേള്‍ക്കുമ്പോള്‍ത്തന്നെ കശുമാവിന്‍തോപ്പിലൂടെ ഞങ്ങള്‍ റോഡിലേക്കോടും. പൂരത്തെപ്പോലെ നാട്ടുകാര്‍ക്ക് പ്രധാനമാണ് ആനമടക്കവും. അമ്മമാര്‍ ആനകളെ ചൂണ്ടി, കാലുകളെ ചൂണ്ടി, കൊമ്പുകളെ ചൂണ്ടി കുട്ടികളെ എണ്ണം പഠിപ്പിക്കും. ഇതിലൊന്നും വീഴാതെ ആനകള്‍ മുഴുത്ത കശുമാങ്ങയിലേക്ക് തുമ്പിയുയര്‍ത്തും.

വേലായുധന്‍ പണിക്കശേരി
വേലായുധന്‍ പണിക്കശേരി

ചേറ്റുവയില്‍ പാലം വേണമെന്ന മുറവിളി ആദ്യമായി ഉയര്‍ന്നത് ഈ മിണ്ടാപ്രാണികള്‍ക്കു വേണ്ടിയാവണം. ആയിരം കണ്ണിയില്‍നിന്നു വീണ്ടും നടന്നാല്‍ വി.എസ്. കേരളീയന്റെ സ്ഥലമായി. പാലത്തിനുവേണ്ടി വര്‍ഷങ്ങളുടെ സമരം നടത്തിയ മനുഷ്യന്‍. ഈ സമരങ്ങളെ വാര്‍ത്തകളില്‍ നിരന്തരം നിലനിര്‍ത്തിയ പ്രാദേശിക ലേഖകന്‍ അബ്ദുക്കയുടെ വീടും ഈ പരിസരത്താണ്. കടല്‍ദിശയിലേക്കു നടന്നാല്‍ മലയാള സിനിമയെ കൈപിടിച്ച് പുറംലോകം കാണിച്ചുകൊടുത്ത രാമു കാര്യാട്ടിന്റേയും തീരദേശികളെ കടല്‍ കടത്തിയ ലോഞ്ച് വേലായുധന്റേയും സ്ഥാവരങ്ങളായി. കള്ള് ഷാപ്പിലും തെങ്ങിന്‍ മണ്ടയിലുമിരുന്ന് ലോഞ്ച് ചേറ്റുവാ തീരത്തണഞ്ഞത് കണ്ടവര്‍ ഉടുമുണ്ടോടെയാണ് വേലായുധന്റെ കാരുണ്യമറിഞ്ഞത്, ആ മനുഷ്യജീവിതങ്ങള്‍ സാഹസികമായിരുന്നു. കുറച്ചുകൂടി കടല്‍ ലക്ഷ്യമാക്കിയാല്‍ ടിപ്പുവിന്റെ കോട്ടയായി. കോട്ട നശിക്കുന്നു, നശിപ്പിക്കുന്നു എന്നൊക്കെ സ്ഥിരം വാര്‍ത്തകള്‍ പത്രത്തില്‍ വന്നുകൊണ്ടിരിക്കും.

കെഎസ് തളിക്കുളം
കെഎസ് തളിക്കുളം

കുറുക്കന്‍, ചെന്നായ, പാമ്പുകള്‍, കീരികള്‍ തുടങ്ങി മറ്റു ജീവികള്‍ക്കെല്ലാം ഇന്നും സുരക്ഷിതത്വത്തിന്റെ കോട്ട തന്നെയാണ്. ഒരു നാള്‍ കോട്ട കാണാന്‍ പോയി. കാടുപിടിച്ച ഒരു സ്ഥലം. ടിപ്പു ഇടത്താവളമായി കോട്ട പണിതു, യുദ്ധത്തില്‍ കോട്ട തകര്‍ന്നു, തകര്‍ത്തു എന്നൊക്കെ ഭാവനയില്‍ കണ്ട് സംതൃപ്തിയോടെ, കുറുക്കന്റെ കടിയേല്‍ക്കാതെ തിരികെ പോരാം. കോട്ട പൊളിച്ച് നാട്ടുകാര്‍ വീട് പണിതു എന്ന് സോദ്ദേശ്യ കഥകളുമുണ്ട്. രണ്ടു വഴികളിലൂടെയായിരുന്നു ടിപ്പുവിന്റെ യാത്രയും മടക്കവും. ആയതിനാല്‍ ഞങ്ങള്‍ക്ക് കിഴക്കും പടിഞ്ഞാറും രണ്ട് ടിപ്പുസുല്‍ത്താന്‍ റോഡുകളുണ്ടായി, പഞ്ചായത്തുകള്‍ക്ക് രണ്ട് ചരിത്രസ്മാരകങ്ങളും. രാമു കാര്യാട്ട് റഷ്യന്‍ ഓര്‍മ്മയില്‍ പണിത വീടും ഇന്നില്ല. സിനിമകള്‍ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുക വഴി കാര്യാട്ട് റഷ്യക്കാരുടെ സുഹൃത്തായിരുന്നു. റഷ്യന്‍ രീതികളായ ബുള്‍ഗാനും ട്രൗസറും പൈപ്പുമൊക്കെ കാര്യാട്ടിനൊപ്പം ഓര്‍മ്മയിലേക്ക് ഇടയ്ക്കിടെ കയറിവരുന്നു. തായോളി ചന്ദ്രന്‍ എന്ന തസ്‌കരന്‍ ഞങ്ങളുടെ പൂര്‍വ്വികരെ കിടുകിടാ വിറപ്പിച്ചതും ഇതേ വഴിയില്‍ സഞ്ചരിച്ച്. കള്ളന്‍, കള്ളി എന്ന വാക്കുകള്‍ ഇപ്പോള്‍ പ്രണയിനികള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്, ആയതിനാല്‍ തസ്‌കരന്‍. ഒടുവില്‍ നാട്ടുകാര്‍ തന്നെ അയാളെ പിടിച്ചുകെട്ടി. ശരീരമാകെ എണ്ണ പുരട്ടി ട്രൗസറിട്ട് കുറുകിയ രൂപത്തില്‍ അയാളും ഞങ്ങളുടെ വാമൊഴിചരിത്രത്തില്‍ കടന്നുകൂടിയിട്ടുണ്ട്.

സര്‍ദാര്‍ ഗോപാലകൃഷ്ണന്‍
സര്‍ദാര്‍ ഗോപാലകൃഷ്ണന്‍

കുന്നുകള്‍ അന്ന് പലതിന്റേയും അടയാളങ്ങളായിരുന്നു. മൂന്നാല് കിലോമീറ്റര്‍ നടന്ന് കുന്നിറങ്ങിയും കയറിയും വേണം ചന്തുമാമന്റെ വീട്ടിലെത്താന്‍. വലിയ കുന്നിന്റെ താഴ് വരയിലായിരുന്നു മാലതിച്ചേച്ചിയുടെ വീട്. കുന്നുകള്‍ പലതിലും കശുമാവ്, കാട്ടുഞാവല്‍, മഞ്ചാടി എന്നിവ തണല്‍വിരിച്ചു നിന്നിരുന്നു, കുന്നിറങ്ങിയാല്‍ പലയിടത്തും നെല്‍പ്പാടങ്ങളായിരുന്നു. കുന്ന് കയറി ഉച്ചിയിലെത്താന്‍നേരം വയല്‍ക്കരയിലെ വീട് കാണുമ്പോഴുള്ള ആശ്വാസം, സന്തോഷം. പൂഴിമണല്‍ സമൃദ്ധമായ നാട്. സുല്‍ത്താന്‍ പടയോട്ടം നടത്തിയ കിഴക്കേ ടിപ്പു സുല്‍ത്താന്‍ റോഡിലൂടെ ഓര്‍മ്മയുടെ ആ ഭാരവും പേറിയാണ് ഞങ്ങള്‍ പഠിക്കാന്‍ പോയത്. കാലുകള്‍ മുട്ടോളം പൂഴ്ന്ന് പോകും. ഓരോ ചുവടും ഇളകിയ പൂഴിയില്‍നിന്നും വലിച്ചൂരി വേണം നടക്കാന്‍. മഴ കനത്തു പെയ്താല്‍ കളഞ്ഞുപോയ നാണയത്തുട്ടുകള്‍ പൊന്തിവന്ന് മണ്‍കൂനകള്‍ക്ക് മേലെ തെളിഞ്ഞുനില്‍ക്കും. അന്നത്തെ ലോട്ടറി അതായിരുന്നു. ഇത്തരം കാശ്മഴകള്‍ അന്നത്തെ സ്വപ്നത്തില്‍ നിരന്തരം പെയ്തുകൊണ്ടിരുന്നു. പൂഴിക്കടല്‍ താണ്ടിയുള്ള ടിപ്പുവിന്റെ പടയോട്ടം എത്ര ശ്രമകരമായിരിക്കണം. പോയ വഴിയെ നാശം വിതച്ചതായി ഞങ്ങള്‍ അറിഞ്ഞ ടിപ്പുവിലില്ല, മണപ്പുറത്തെ ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരിയോട് ഇക്കാര്യം ആരാഞ്ഞിട്ടുമില്ല. പടയോട്ടത്തിലെ ഈ സാഹസികതയെ മനസ്സില്‍ വെച്ചാവണം ഇന്നാട്ടിലെ വളര്‍ത്തുപട്ടികള്‍ക്ക് ടിപ്പു എന്ന പേര് സാര്‍വ്വത്രികമായി വന്നത്, ഈ പേരില്‍ ഒരു സുഹൃത്തും എനിക്കുണ്ട്. കുന്നുകളും അതിന്റെ കയറ്റിറക്കങ്ങളുമായിരുന്നു ഈ ഭൂതലത്തിന്റെ അടിസ്ഥാന സൗന്ദര്യം. കുന്നുകള്‍ കവര്‍ന്ന് കുളം തൂര്‍ത്ത്, കുഴികള്‍ തൂര്‍ത്ത്, ചതപ്പുകള്‍ തൂര്‍ത്ത്, വയലുകള്‍ തൂര്‍ത്ത്, വീടുകള്‍ തീര്‍ത്ത്. കുന്നുകള്‍ പോയി ഭൂമി നിരപ്പായതോടെ മനുഷ്യരുടെ ശ്വാസഗതി ഒരേ താളത്തിലായി, ഭൂമിയിലെ സൗന്ദര്യം താഴ്ന്നു. ഈ അട്ടിമറി തീരദേശത്തെ ഏറ്റിറക്കങ്ങള്‍ ഇല്ലാത്ത വലിയൊരു പ്ലോട്ടാക്കിത്തീര്‍ത്തു.

വിഎസ് കേരളീയന്‍
വിഎസ് കേരളീയന്‍

ലാഭക്കണ്ണെറിഞ്ഞ് കാലം കഴിച്ചുകൂട്ടാന്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ഇതൊക്കെ ധാരാളം. പട്ടിണി മാറ്റുന്നതോടൊപ്പം നാടിനെ അട്ടിമറിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഗള്‍ഫ് പ്രതാപമാണ്. ഭൂമിയെ തുരന്നപ്പോള്‍ അദ്ഭുതങ്ങള്‍പോലെ ആഴങ്ങളില്‍നിന്ന് മണ്‍ഭരണികള്‍ പൊന്തിവന്നു, പല വലിപ്പത്തില്‍. ആധുനിക മനുഷ്യര്‍ക്കു മുന്നില്‍ അവ കുറേനാള്‍ വാപൊളിച്ച് വെയില്‍ കൊണ്ടുകിടന്നു, അടക്കംചെയ്ത ആത്മാവുകള്‍ സ്വതന്ത്രരായതുപോലെ. ഈ ഭരണിക്കകത്ത് ഒന്നോ രണ്ടോ ചെറിയ മണ്‍പാത്രങ്ങള്‍ ഉണ്ടായിരുന്നു, വലിയ മൂടിയും. ഭൂതകാലങ്ങള്‍ ചിറകടിച്ചുയരുന്ന ഒരു പ്രതീതി ഈ ഭരണിയില്‍ എന്റെ കുട്ടിക്കാലം അനുഭവിച്ചിരുന്നു. പണ്ടൊരു കാലത്ത് മരിച്ച മനുഷ്യരെ അടക്കം ചെയ്യുന്ന രീതിയായിരുന്നു ഇത്, അങ്ങനെ സങ്കല്‍പ്പിക്കാം. ഭരണിയിലെ പാത്രങ്ങളെപ്പറ്റിയും കഥകള്‍ രചിക്കപ്പെട്ടു. മനുഷ്യര്‍ക്ക് മരണമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. സ്വാഭാവികമായും മറ്റുള്ളവര്‍ക്ക് ഈ ചിരഞ്ജീവിത്വം അരോചകമാവും. മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വരുമ്പോള്‍ ഈ മനുഷ്യജന്മങ്ങളെ വേരോടെ മണ്‍ഭരണികളില്‍ അടക്കം ചെയ്ത് അപരലോകത്തേക്ക് യാത്രയാക്കും. ഒന്നുരണ്ട് നേരത്തേക്കുള്ള ഭക്ഷണവും വെള്ളവും കൂടെ വെക്കും. ശൂന്യമായ ഭരണികള്‍, മണ്ണിനടിയിലെ നൂറ്റാണ്ടുകള്‍, ഏകാന്തതയുടെ ദുരൂഹ വര്‍ഷങ്ങള്‍. പുതുമയുടെ താല്പര്യത്തില്‍ പുരാവസ്തുവകുപ്പിലെ ജീവികള്‍ ഭരണിയില്‍ ചരിത്രം മണത്തുനോക്കിയെങ്കിലും ഭരണികള്‍ കുന്നുകൂടിയതോടെ അവര്‍ പതുക്കെ പിന്‍മാറി. കക്കൂസ് ടാങ്കിനും അടക്ക വെള്ളത്തിലിട്ട് സൂക്ഷിക്കാനും ഈ ഭരണികളെ പരിഷ്‌കൃത മനുഷ്യര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഏത് അപ്രതീക്ഷിത സാഹചര്യത്തേയും എത്ര പെട്ടെന്നാണ് അനുകൂലമാക്കി മനുഷ്യര്‍ മാറ്റുന്നത്. ഓരോ കാല്‍വെയ്പും ഓര്‍മ്മകളെ ഉണര്‍ത്തുകയാണ്. മണ്ണില്‍നിന്നു കഥകള്‍ പൊന്തിവരുന്നത് ഞാനറിയുന്നു, നഗ്‌നപാദങ്ങളില്‍ മണ്ണിരാസ്പര്‍ശം പോലെ കിരുകിരുപ്പോടെ ഞാനത് അറിയുന്നു. ഒരിക്കല്‍ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു സാഹസികയാത്ര നടത്തി. എന്റെ വീട്ടുകാര്‍ക്ക് കാനോലിക്കനാലിനോട് ചേര്‍ന്ന് നെല്‍വയല്‍ ഉണ്ടായിരുന്നു, ചേര്‍ന്ന് കുറച്ച് കരയും. അത് എന്റെ ഇഷ്ടസ്ഥലവുമായിരുന്നു. ആ സ്ഥലം നേരില്‍ കാണാതെ സങ്കല്പത്തില്‍ കാണുകയായിരുന്നു കുറേ നാള്‍. കാല്പനികത മനസ്സില്‍ തിങ്ങിയ ഒരു നിമിഷത്തില്‍ ഞാന്‍ പറഞ്ഞു, എനിക്കാ സ്ഥലം മതി. അതെന്നേ വിറ്റു, അമ്മ. ആ സ്ഥലത്തേക്കാണ് ഞാന്‍ നടന്നത്. എത്ര വഴികളിലൂടെ പോയിട്ടും വിജനമായ പാടശേഖരം കണ്ടില്ല, എന്റെ സങ്കല്‍പ്പ ഭൂമിയും. ചെറുതും വലുതുമായ നൂറുകണക്കിനു വീടുകള്‍ എന്റെ ഭാവനാവിജനതയെ നിറച്ചുവെച്ചിരിക്കുന്നു. അവിടെ ഒരു കള്ളുഷാപ്പുണ്ടായിരുന്നു, പാലാഴി. കാനോലിയില്‍നിന്നുള്ള തണുത്ത കാറ്റില്‍ ആ തെങ്ങിന്‍തോപ്പില്‍ നറുംലഹരിയുടെ ഈണത്തില്‍ ഞങ്ങള്‍ കൗമാരങ്ങള്‍ എത്ര മയങ്ങിയിരിക്കുന്നു. ഈ പരിസരത്ത് എനിക്കൊരു ഇഷ്ടക്കാരിയുണ്ടായിരുന്നു, നടത്തത്തിനിടയില്‍ അവള്‍ പണ്ടെങ്ങോ പറഞ്ഞ പ്രകാരത്തില്‍ ഭാവന നെയ്ത് പല വീടുകളേയും അവളുടേതെന്ന് സങ്കല്പിക്കുകയും ചെയ്യുമായിരുന്നു, അവളുടേത് വിചിത്രമായ ഒരു പേരായിരുന്നു, വിജന. അടുത്ത വീട്ടില്‍ വാടകയ്ക്ക് വന്ന യുവതി എന്നെ പിടിച്ചിരുത്തി ഇഡ്ഢലി തന്നതും കഴിച്ചപാടെ ഞാന്‍ ഛര്‍ദ്ദിച്ചതും എന്തു കൊണ്ടാവാം, അവര്‍ ഉയര്‍ന്ന ജാതിയെന്ന് അറിയില്ലെങ്കിലും മറ്റൊരു ജാതിയാണെന്നറിയാമായിരുന്നു. പലഹാരത്തിലെ ആദ്യത്തെ പുളിപ്പ് അന്നായിരുന്നു, യുവതി മധുരതരമായ ഓര്‍മ്മയോടെ ഇന്നും നിലനില്‍ക്കുന്നു.

അന്നും ജാതിയുണ്ടായിരുന്നു, അതിന്റെ അതിരുകളും. അന്യമതക്കാര്‍ അയല്‍പക്കങ്ങളില്‍ ഉണ്ടായിരുന്നില്ല എന്നത് എന്റെ ജീവിതത്തിലെ വലിയ കുറവായി തോന്നുന്നു, ഇന്നത് മാറി, സന്തോഷം. എട്ടാം ക്ലാസ്സില്‍ ചേര്‍ന്നത് കുറച്ചകലെ തളിക്കുളം ഹൈസ്‌കൂളിലായിരുന്നു, അതെന്റെ തീരുമാനവും. വീട് മാറിക്കളിക്കാന്‍ തുടങ്ങിയതും അക്കാലത്ത്. സ്‌കൂള്‍ കലാകാരനായ ഷൗക്കത്തിന്റെ തളിക്കുളം വീടായിരുന്നു തുടക്കം. മതജാതിഭേദങ്ങള്‍ എന്നില്‍നിന്ന് അടര്‍ന്നുപോകുന്നത് ഇവിടെനിന്നാണ്. ചെറുപ്പത്തില്‍ത്തന്നെ ഫോട്ടൊഗ്രാഫിയില്‍ മനസ്സുറപ്പിച്ച ഷൗക്കത്തിനെ കടല്‍ വിളിച്ചുകൊണ്ടിരിക്കും, ഞാന്‍ കടലിലേക്ക് ഭ്രമിക്കുന്നത് അക്കാലത്താണ്. ഷൗക്കത്ത് ലെന്‍സ്മാന്‍ ഷൗക്കത്തായി വളര്‍ന്നു. പിന്നെ കായല്‍, കനോലിക്കനാല്‍. തളിക്കുളം ഹൈസ്‌കൂളിന്റെ വെള്ളിയാഴ്ചത്തെ ദീര്‍ഘ ഇടവേളകളില്‍ ഈ പുഴയിലെ കാക്കത്തുരുത്തായ ദ്വീപിലേക്കാണ് ഞങ്ങള്‍ നീന്തിയും വഞ്ചിതുഴഞ്ഞും പോകുക. ഇതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചപ്പോള്‍ സുഹൃത്തുക്കള്‍ കൈമലര്‍ത്തുന്നു. അത് ഓര്‍മ്മയാണ്, ഭാവനയല്ല എന്നു ഞാന്‍ ഇപ്പോഴും ഉറപ്പിക്കുന്നു. അറബിക്കടലും കനോലിക്കനാലും നാലുഭാഗവും അതിരിടുന്ന ഈ ദ്വീപില്‍ വേരുകളാഴ്ത്തി ഉയരങ്ങളായ പ്രതിഭകള്‍ ധാരാളം. കമ്യൂണിസവും ഫുട്ബോളും ഒരുമിച്ചു കളിച്ച് വിജയശ്രീലാളിതനായ ഒളിമ്പ്യന്‍ കുഞ്ഞിക്കെളവന്‍ മാഷ്, സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴികളില്ലെന്ന് ജീവിതം കൊണ്ടെഴുതി മരണം കൊണ്ടുറപ്പിച്ച ധീര രക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന്‍, വെള്ളിത്തിരയുടെ ലോക ഭൂപടത്തിലേക്ക് കേരളത്തെ ചേര്‍ത്ത രാമു കാര്യാട്ട്, ഭാവനയെ ഭാഷ കൊണ്ട് കുറുക്കിയെടുത്ത കുഞ്ഞുണ്ണിമാഷ്, അമ്മുവിന്റെ ആട്ടിന്‍ കുട്ടിയുടെ കാവ്യ ഇടയന്‍ കെ.എസ്.കെ. തളിക്കുളം തുടങ്ങിയവര്‍. ഈ മണ്ണില്‍ അവരുടെ ഊര്‍ജ്ജപ്രവാഹമുണ്ട്, അതില്‍ തട്ടിത്തടഞ്ഞാണ് നടപ്പ്. ഓര്‍മ്മയില്‍നിന്ന് ഊരിപ്പോയവരും ജീവിതത്തില്‍നിന്ന് ഓര്‍മ്മയായിപ്പോയവരും ഈ നടത്തത്തിനിടയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു, ഞാനും ഈ നാട്ടിലുണ്ടേ എന്നു ചിരിക്കുന്നു. ഒരിക്കല്‍ നടുവില്‍ക്കരയിലൂടെ പോകുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി ഒരാള്‍ മുന്നില്‍ വന്നുനിന്നു, നാട്ടിലെ അനേകം വേലായുധന്മാരില്‍ ഒരാള്‍. എവിടെനിന്നാണ് അയാള്‍ പൊട്ടിവീണത്, ഞാന്‍ അദ്ഭുതപ്പെട്ടു. അയാള്‍ ഈ നാട്ടില്‍ ജീവിച്ചിരുന്നു എന്ന് എനിക്കറിവില്ലാത്തതുപോലെ ഒരു തോന്നലായിരുന്നു അപ്പോള്‍.

കുഞ്ഞുണ്ണിമാഷ്
കുഞ്ഞുണ്ണിമാഷ്

അയാള്‍ നല്ലൊരു പണിക്കാരനായിരുന്നു. എന്റെ വീടുമായി നല്ല ബന്ധമായിരുന്നു. ജീവിച്ചിരിക്കുന്നു എന്നു മാത്രമല്ല, മരണത്തോട് ചേര്‍ന്നൊഴുകാനുള്ള പ്രായവും ബാധിച്ചിട്ടില്ലായിരുന്നു. ഈ നടത്തമില്ലായിരുന്നെങ്കില്‍ അയാള്‍ എന്റെ ജീവിതത്തില്‍നിന്നു മാഞ്ഞുപോകുമായിരുന്നു. ഓല മേയാന്‍ പുരപ്പുറത്തും വരമ്പ് മിനുക്കാന്‍ പാടത്തും തെങ്ങിന് വട്ടം കോരാന്‍ പറമ്പിലുമൊക്കെയായി തത്തിക്കളിക്കുന്നു വേലായുധനോര്‍മ്മകള്‍. ഈ റോഡിലൂടെയാണ് അടിയന്തരാവസ്ഥക്കാലത്ത്  സഖാവ് വേലപ്പന്‍ ഇന്ദിരാ ഗാന്ധിക്ക് തെറിവിളിച്ചും കോണ്‍ഗ്രസ്സിനു മൂര്‍ദ്ദാബാദ് വിളിച്ചും മുന്നേറിയത്. നോര്‍മ്മല്‍ അല്ലെന്നു വിധിയെഴുതപ്പെട്ടതിനാല്‍ സഖാവിനെ ആരും തൊട്ടില്ല. കോണ്‍ഗ്രസ്സ് കുടുംബത്തില്‍ പിറന്നതിനാല്‍ കമ്യൂണിസ്റ്റായ വേലപ്പന്‍ അന്നൊക്കെ എന്റെ ശത്രുവായിരുന്നു. ഇന്ദിരാ ഗാന്ധി പെണ്ണല്ലെ, ഞാറ് പറിക്കാന്‍ പൊയ്ക്കൂടെ... എന്നത് സഖാവിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു. ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ തെറിച്ച പെണ്ണ് തങ്കയെ പലപ്പോഴും ഞാന്‍ കണ്ടത് ഇതേ റോഡില്‍ വെച്ച്, അന്നൊക്കെ റോഡിലേക്ക് കശുമാവിന്റെ ശിഖിരങ്ങള്‍ തളര്‍ന്ന മനുഷ്യശരീരങ്ങള്‍ പോലെ ചാഞ്ഞുകിടന്നിരുന്നു. മഴയില്‍ മണ്ണും അഴുകിയ കശുമാങ്ങയും ചേര്‍ന്നുള്ള മാദകഗന്ധം തങ്കയില്‍നിന്നും കുട്ടിയായ ഞാന്‍ അറിഞ്ഞിട്ടുണ്ട്. ചാഞ്ഞും ചെരിഞ്ഞും കിടന്ന കശുമാവുകള്‍ക്ക് തങ്കയുടെ ലാസ്യമായിരുന്നു എന്ന് ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ പറ്റുന്നുണ്ട്.

രാമു കാര്യാട്ട്
രാമു കാര്യാട്ട്

ആദ്യമായി എന്റെ ശരീരം പ്രണയമറിഞ്ഞതും ഇതേ ഭൂമികയില്‍. നാട്ടിലെ കൊടും നക്‌സലൈറ്റായ സെയ്ദുബ്രായി മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ പാടി ഇരുട്ടിനൊപ്പം കടന്നുപോയതും ഇതേ വഴി തന്നെ. അറിയപ്പെട്ട രാത്രീഞ്ചരനും കോഴി മോഷ്ടാവുമായിരുന്നു ടിയാന്‍. നക്‌സലൈറ്റുകള്‍ക്കു പണി വേറെയെന്ന് പിന്നിടാണ് വെളിവായത്. റാഫിയുടെ ആദ്യ കേള്‍വിയും ഈ വഴികളില്‍. കാവില്‍നിന്ന് സൈക്കിളിലേക്കും അത് മോട്ടോര്‍ ബൈക്കിലേക്കും പുരോഗമിച്ചെങ്കിലും മീന്‍ കച്ചവടത്തിനിടയിലെ ഭാഷാപ്രയോഗങ്ങള്‍ക്ക് മീനിനെക്കാള്‍ മനുഷ്യ സുഗന്ധമാണ്. മീന്‍കാരുടെ ഹോണിന് വ്യത്യസ്ത ഭാഷയും അര്‍ത്ഥങ്ങളുമാണ്. പല വീടുകള്‍ക്കു മുന്നില്‍ അത് വ്യത്യസ്ത രാഗത്തിലായിരിക്കും.

ലോഞ്ച് വേലായുധന്‍
ലോഞ്ച് വേലായുധന്‍


ഒതുക്കത്തില്‍, വിസ്താരത്തില്‍. ഹോണ്‍ കേള്‍ക്കേണ്ട താമസം വീടുകള്‍ ജീവന്‍ വെയ്ക്കും, ഒന്നിളകും. പിന്നെ മുള പൊട്ടുംപോലെ ചില പെണ്ണുങ്ങള്‍ കിട്ടിയ പാത്രവുമെടുത്ത് റോഡിലേക്കോടും. ഈ ധ്രുതചലനങ്ങളെ പ്രണയത്തോടടുത്ത ഒന്നിനോടുപമിക്കാന്‍ ഞാന്‍ തല്പരനാവും. ചില വീടുകളുടെ മൗനത്തിനു മുന്നില്‍ കാമുകനെപ്പോലെ മീന്‍കാരന്‍ കാത്തുനില്‍ക്കുന്നതു കാണാം, കാത്തിരിപ്പിനൊടുവില്‍ ഏകാന്തതയുടെ തോട് പൊട്ടിച്ച് ഒരു വീട്ടുകാരി പുറത്തേക്കു ചാടുമെന്ന് അയാള്‍ക്കറിയാം. അത്രയും നേരം മീനുകളെ തലോടിയും തരം തിരിച്ചും പാട്ട് മൂളിയും അയാള്‍ സമയം ചെലവഴിക്കും, പ്രണയത്തിന്റെ സ്വാഭാവികമായ അവധാനതയോടെ. സംവേദനത്തില്‍ രുചി പ്രധാന ഘടകമാണ്. അപരം മനോഹരമെന്ന സിദ്ധാന്തത്തെ ഒളിഞ്ഞും തെളിഞ്ഞും അനുഭവിക്കുന്നവരല്ലൊ മനുഷ്യര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com