മൂടുപടമണിയുന്ന മനുഷ്യസ്വാതന്ത്ര്യം 

പുരുഷനെ മാത്രമല്ല, സ്ത്രീയേയും ധരിക്കുന്ന വസ്ത്രം ഉദ്‌ഘോഷിക്കുന്നുവെന്നാണ് നാം മനസ്സിലാക്കേണ്ടത്.
മൂടുപടമണിയുന്ന മനുഷ്യസ്വാതന്ത്ര്യം 

Apparel oft proclaims the man എന്നൊരു ഷേക്സ്പീരിയന്‍ ചൊല്ലുണ്ട്. പുരുഷനെ മാത്രമല്ല, സ്ത്രീയേയും ധരിക്കുന്ന വസ്ത്രം ഉദ്‌ഘോഷിക്കുന്നുവെന്നാണ് നാം മനസ്സിലാക്കേണ്ടത്. വസ്ത്രം ഒരാളുടെ രാഷ്ട്രീയത്തേയും ജീവിതദര്‍ശനത്തേയും ഘോഷിക്കുന്നുവെന്നതിനു ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. അര്‍ദ്ധനഗ്‌നനായ ഫക്കീര്‍ എന്ന് ഗാന്ധി പരിഹസിക്കപ്പെട്ടതിലും അദ്ദേഹത്തിന്റെ അതേ വസ്ത്രധാരണശൈലിയെ ആദര്‍ശാത്മകമായി കാണുന്നതിലും രാഷ്ട്രീയമായ വീക്ഷണകോണുകളുണ്ട്. 

തീര്‍ച്ചയായും ഒരാള്‍ ഏതു വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കുന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പിനു അനുസൃതമായാണ്. അത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പ്രശ്‌നമാണ്. അങ്ങനെ വരുമ്പോള്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യക്രമത്തിനു വഴങ്ങി ഒരു വസ്ത്രധാരണരീതി തെരഞ്ഞെടുക്കണമോ, അതോ ജീവിതത്തിന്റെ ഉദാരമൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വസ്ത്രധാരണരീതി വേണമോ എന്നുള്ളതും വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെ പ്രശ്‌നമായിട്ടു തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. അതേസമയം കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയിടുന്ന തരത്തില്‍ പരമമായ ഒരു വ്യക്തിസ്വാതന്ത്ര്യവും നിലവിലില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തെച്ചൊല്ലി നിരവധി സമരങ്ങള്‍ നടന്നിട്ടുള്ള നാടാണ് നമ്മുടേത്. വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനുമെന്നതു പോലെത്തന്നെ. ഘോഷ പറിച്ചെറിഞ്ഞ മറക്കുടയ്ക്കുള്ളിലെ മഹാനരകങ്ങളും കുപ്പായമിട്ട് നഗ്‌നതയെ ആച്ഛാദനം ചെയ്യാന്‍ ആഗ്രഹിച്ച കീഴാളസ്ത്രീയും സ്വന്തം ഇച്ഛകളുടേയും ആത്മാഭിമാനത്തിന്റേയും പ്രകാശനത്തിനു തീവ്രസമരങ്ങളുടെ വഴി തേടിയവരാണ്. കേരളത്തില്‍ നടന്ന ഇത്തരം സമരങ്ങളൊക്കെ ജാതിവിരുദ്ധസമരങ്ങളുടെ ഭാഗമായിരുന്നു. നവോത്ഥാനം എന്നു നാം വിളിക്കുന്ന ഒരു പ്രക്രിയയുടെ, നാടുവാഴിത്ത വ്യവസ്ഥ ഊട്ടിയുറപ്പിച്ച സാംസ്‌കാരികമൂല്യങ്ങള്‍ക്കെതിരെയുള്ള കലാപങ്ങളുടെ ഭാഗമായിരുന്നു ഇവയൊക്കെയും. യൂറോപ്പിലുണര്‍ന്ന ജ്ഞാനോദയമൂല്യങ്ങള്‍ ലോകമെമ്പാടും പ്രകാശം പരത്താനാരംഭിച്ചതിന്റെ ഭാഗമായിരുന്നു അത്. 

മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണം ചര്‍ച്ചാവിഷയമാകുന്ന ഈ കാലം എന്നാല്‍ വേറെയാണ്. സ്വാതന്ത്ര്യമെന്നതും സമത്വമെന്നതും സാഹോദര്യമെന്നതുമൊക്കെ വെറും യൂറോകേന്ദ്രിത സങ്കല്പങ്ങളായി വായിക്കപ്പെടുന്ന ഉത്തരാധുനികതയുടെ കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ സാമൂഹ്യ, വൈയക്തിക ജീവിതങ്ങളെക്കുറിച്ചൊക്കെയുള്ള വായനകള്‍ അങ്ങേയറ്റം അനുദിനം സങ്കീര്‍ണ്ണമാക്കുന്നതില്‍ തല്പരരായ ചിന്തകളും ചിന്തകരും നമ്മുടെ കാലത്തെ സാംസ്‌കാരിക ജീവിതത്തെ ഭരിക്കുമ്പോള്‍ മതമൗലികവാദവും യാഥാസ്ഥിതികത്വവും നീതീകരിക്കപ്പെടുന്നു. നവലിബറല്‍ സാമ്പത്തികക്രമം പുലര്‍ന്നതോടെ മനുഷ്യന്‍, വിശേഷിച്ചും സ്ത്രീ ശരീരം കൂടുതല്‍ കൂടുതല്‍ വസ്തുവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതായിട്ടാണ് (Objectify) നാം കാണുന്നത്. വിപണിയില്‍ അതു മൂല്യമുള്ള കാഴ്ചപ്പണ്ടമായി എപ്പോഴേ മാറിക്കഴിഞ്ഞു. അവള്‍ക്കു സ്വതന്ത്രമായ ഇച്ഛയോ സര്‍ഗ്ഗാത്മകതയ്ക്കും ആത്മപ്രകാശനത്തിനും സാധ്യതയുള്ള ഒരാത്മാവോ ഉണ്ടെന്നുള്ളതു നാടുവാഴിത്ത കാലത്തോ പ്രാങ് മുതലാളിത്തദശയിലോ ഉദയം ചെയ്ത സംഘടിത മതങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാറില്ല. അതുപോലെത്തന്നെ അവളെ വസ്തുവല്‍ക്കരിക്കുന്ന നവലിബറല്‍ ലോകവും ഇക്കാര്യങ്ങള്‍ സമ്മതിച്ചുതരാറില്ല. 

സാമൂഹ്യജീവിതമുള്ളവനാണ് മനുഷ്യന്‍. ആ സമൂഹത്തിലെ അംഗങ്ങളെന്ന നിലയില്‍ മനുഷ്യന്‍ വ്യത്യസ്ത ധര്‍മ്മങ്ങളാണ് നിര്‍വ്വഹിച്ചുപോരുന്നത്. ഈ ധര്‍മ്മങ്ങളെല്ലാം ഓരോ അസ്തിത്വം മനുഷ്യനു നല്‍കുന്നുണ്ട്. വ്യത്യസ്തമായ ഈ ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന അവസരങ്ങളില്‍ വസ്ത്രധാരണരീതിയും വ്യത്യസ്തമായിട്ടാണ് കാണാറുള്ളത്. മനുഷ്യന്റെ സ്വത്വത്തേയും സാമൂഹികാസ്തിത്വത്തേയും പ്രതീകവല്‍ക്കരിക്കുന്നതില്‍ ഒരാളുടെ വസ്ത്രധാരണത്തിനു പ്രാധാന്യമേറിയ ഒരു പങ്കുണ്ട്. നാഗരിക സമൂഹങ്ങളിലാണ് ഇത് ഏറെ സ്പഷ്ടമാകാറുള്ളത്. ഖദര്‍ധാരിയായ രാഷ്ട്രീയക്കാരന്‍, ഗണവേഷധാരിയായ ആര്‍.എസ്.എസ്സുകാരന്‍, വക്കീല്‍ കുപ്പായം, പൊലീസുകാരന്റെ കാക്കിക്കുപ്പായം, പുരോഹിതന്റെ ളോഹ, അയ്യപ്പഭക്തന്റെ കറുപ്പുവസ്ത്രം, സ്‌കൂള്‍ യൂണിഫോം ഇത്യാദികളൊക്കെ നമ്മുടെ ഉള്ളില്‍ സൃഷ്ടിക്കുന്ന ധാരണകള്‍ വ്യത്യസ്തമാണ്. രാഷ്ട്രീയം, ജോലി, സാമൂഹിക പദവി തുടങ്ങിവയെക്കുറിച്ചു വ്യത്യസ്ത സൂചനകള്‍ അവ നല്‍കുന്നു. ചിലപ്പോള്‍ പതിവുള്ള ഈ വേഷങ്ങളില്‍ ഒരു വ്യത്യസ്തത ഉണ്ടാകുന്നത് ഏറെ ശ്രദ്ധിക്കപ്പെടുകയും അതു പുതിയൊരാശയം മറ്റുള്ളവരിലേക്കു വിനിമയം ചെയ്യാറുമുണ്ട്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുവേണ്ടി സമരം നടന്ന കാലത്ത് വനിതാമതിലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചുരിദാര്‍ ധരിച്ച് ഒരു കന്യാസ്ത്രീ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും സമരത്തെ എതിര്‍ത്ത രണ്ടു എം.എല്‍.എമാര്‍ കറുപ്പണിഞ്ഞ് നിയമസഭയിലെത്തിയതുമായ സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുക. ഒരു സമൂഹത്തില്‍, അല്ലെങ്കില്‍ സമുദായത്തില്‍ അംഗങ്ങളായിട്ടുള്ളവരുടെ വസ്ത്രധാരണശൈലി ആ സമൂഹം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും. ഈ വസ്ത്രധാരണശൈലി ഒരു പ്രത്യേക സാമൂഹികസന്ദര്‍ഭത്തില്‍ ആ സമുദായത്തിന്/സമൂഹത്തിന് ഏകതാനത (Uniformity) പ്രദാനം ചെയ്യുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ മൂടുപടമണിയിച്ച് നാം മനുഷ്യസ്വാതന്ത്ര്യത്തെ ചങ്ങലയ്ക്കിടുന്നത് സാമുദായികമോ സാമൂഹികമോ ആയ ഐക്യത്തെ സംരക്ഷിക്കാനാണ് എന്നു കാണാം. 

ഡോക്ടര്‍ ഫസല്‍ ഗഫൂര്‍
ഡോക്ടര്‍ ഫസല്‍ ഗഫൂര്‍


ദേശീയ സമ്പദ്വ്യവസ്ഥകള്‍ ആഗോളീകരിക്കപ്പെടുകയും ദേശാതിര്‍ത്തികള്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ അപ്രസക്തമായിത്തീരുകയും ചെയ്ത കാലഘട്ടത്തോടെയാണ് വംശീയവും മതപരവുമായ സ്വത്വവാദങ്ങള്‍ ലോകമെമ്പാടും ശക്തിപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. അത്തരം വംശീയ, മതസ്വത്വവാദങ്ങള്‍ക്ക് എല്ലായ്പോഴും തങ്ങളുടെ ഐക്യം ഭദ്രമാണെന്നു ലോകത്തെ ബോധ്യപ്പെടുത്തേണ്ട ആവശ്യകത ഉണ്ട്. 1990-കളില്‍ മലബാറിലെ ചില ജില്ലകളില്‍ ക്യാംപസുകളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കുന്നതില്‍ കലാശിച്ച തൊപ്പി-പൊട്ട് വിവാദം ഇത്തരത്തില്‍ ചില ശ്രമങ്ങളുടെ തുടക്കമായിരുന്നു. ലോകമെമ്പാടും മതാടിസ്ഥാനത്തിലുണ്ടായ ജാഗരണങ്ങള്‍ ഒരു പാക്കേജായിട്ടാണ് കേരളത്തില്‍ നടപ്പാകാന്‍ തുടങ്ങിയത്. വസ്ത്രധാരണം, വിശ്വാസപരമായ ഏകീകരണം, രാജ്യത്തും ലോകത്ത് മറ്റിടങ്ങളിലും വളരുന്ന മതസ്വത്വ രാഷ്ട്രീയവുമായുള്ള ഉദ്ഗ്രഥനം എന്നിവയൊക്കെ അതിന്റെ ഭാഗമായിരുന്നു. 

ഒരു മതത്തിനുള്ളില്‍ത്തന്നെ വളരുന്ന വിശ്വാസപരമായ വൈജാത്യങ്ങള്‍ ഇല്ലായ്മ ചെയ്യലുകളും ഇത്തരത്തില്‍ മതപരമായ ഏകീകരണത്തെ ലക്ഷ്യമിട്ട് നടപ്പായി. കേരളത്തിലെ ചേകനൂര്‍ മൗലവി വധം, കര്‍ണാടകത്തില്‍ ലിംഗായത്തുകള്‍ പ്രത്യേക മതവിഭാഗമാണെന്നു വാദിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകം എന്നിവ ഇതിന് ഉദാഹരണം. 

മതസ്വത്വം ഏകശിലയില്‍
കൊത്തിയെടുക്കുമ്പോള്‍ 

ഏകതാനതയ്ക്കുവേണ്ടിയുള്ള മതശ്രമങ്ങളുടെ ഒന്നാമത്തെ ഇര മിക്കപ്പോഴും സ്ത്രീകളാണ് എന്ന വസ്തുതയിലേക്കാണ് സ്ത്രീ ഏതു വസ്ത്രം ധരിക്കണമെന്ന കാര്യത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ വിരല്‍ചൂണ്ടുന്നത്. കമ്പോളത്തിനു സ്ത്രീശരീരം പുരുഷാധീശത്വം പുലരുന്ന ലോകത്തിലേക്കുള്ള വാതിലാകുന്നതുപോലെത്തന്നെ പുരുഷന് ആധിപത്യമുള്ള മതസംഘടനകള്‍ക്കു പെണ്ണിന്റേതു മതദേഹങ്ങളാണ്. ഇത്തരം സംഘടനകളില്‍ പെണ്ണിന് ഇടമില്ല. പകരം അവര്‍ ആണുങ്ങളുടെ സംഘടനയുടെ അനുബന്ധമായി സ്ത്രീകളെ സംഘടിപ്പിക്കും. രാഷ്ട്രസേവികാസമിതിയും ജി.ഐ.ഒയുമൊക്കെ ഉദാഹരണങ്ങള്‍. 

സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ച് ഇത്രയും പറഞ്ഞത് ഇന്നു ലോകമെമ്പാടും നടക്കുന്ന മതപുനരുത്ഥാന ശ്രമങ്ങളുടെ സന്ദര്‍ഭത്തിലാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി കേരളത്തിലും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്, ചെയ്യാവുന്നതിനേയും ചെയ്യരുതായ്മകളേയും കുറിച്ച് ചൂടുപിടിച്ച കുറേയേറെ ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്നുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മുസ്ലിം എജുക്കേഷന്‍ സൊസൈറ്റി അവരുടെ വിദ്യാലയങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം വിലക്കിയത് ഏറെ വിവാദമായത് സൂചിപ്പിക്കുന്നത് നമ്മുടെ നാട്ടില്‍ മതയാഥാസ്ഥിതികത്വത്തിനു ദഹനക്കേടുണ്ടാക്കുന്ന ഒരു തീരുമാനവും സ്ത്രീകളെ സംബന്ധിച്ചു കൈക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട് എന്നതാണ്. വിവാഹത്തിനു പ്രത്യേക പ്രായപരിധി ആവശ്യമില്ലെന്നും ഋതുമതിയായാല്‍ ഏതു പെണ്ണിന്റേയും ഗര്‍ഭപാത്രവും പുംബീജത്തെ വഹിക്കാന്‍ പാകമാണെന്നും വാദിക്കുന്ന മതഭിഷഗ്വരന്മാരുടെ നാടാണ് നമ്മുടേത്. 
വസ്ത്രധാരണത്തിന്റെ പേരില്‍ അടുത്തകാലത്തായി ലോകമെമ്പാടും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലമാണിത്. കഴിഞ്ഞ ദശകത്തിനൊടുവില്‍ ബസ്രയില്‍ മെഹ്ദി സേന എന്ന ഇസ്ലാമിക സംഘടന പര്‍ദ്ദ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നിരവധി സ്ത്രീകളെ വധിക്കുകയുണ്ടായി. പര്‍ദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതും കഴിഞ്ഞ ദശകത്തോടെയാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെ കുടുംബത്തിലെ പുരുഷാംഗങ്ങളുടെ നിര്‍ബ്ബന്ധത്തെത്തുടര്‍ന്നു ശരീരമാസകലം മൂടുന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടായി. കശ്മീരിലും ഇന്ത്യയുടെ മറ്റിടങ്ങളിലും ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാത്തതിന്റെ പേരില്‍ ആസിഡ് ആക്രമണങ്ങള്‍ വരെയുണ്ടായി. കേരളത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് റിയാന ആര്‍. കാസിം എന്ന യുവതിക്കു നേരെ പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ നിരന്തരം വധഭീഷണികളുണ്ടായത് മറക്കാനായിട്ടില്ല. അന്ന് ആ യുവതി മതഭീകരരുടെ ആക്രമണത്തിനിരയാകുകയും ചെയ്തിരുന്നു. ലോകമെമ്പാടും വ്യത്യസ്ത സ്വഭാവങ്ങളില്‍ വംശീയ/മതസ്വത്വവാദങ്ങള്‍ ശക്തിപ്പെട്ടുവരുമ്പോള്‍ കേരളത്തിനു മാത്രം ഒറ്റപ്പെട്ട തുരുത്തായി നില്‍ക്കുക അസാധ്യമാണെന്നാണ് ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നത്.


മതസംഘടനകള്‍ക്കു സ്വന്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും നടത്താന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. അവിടത്തെ ഡ്രസ്സ് കോഡ് എന്തെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാഭാവികമായും അവര്‍ക്കുണ്ട്. തിരുവനന്തപുരത്ത് ഇസ്ലാം മതസ്ഥനായ ഒരു രക്ഷിതാവ് തന്റെ പെണ്‍മക്കള്‍ക്കു സ്ഥാപനം നിശ്ചയിച്ച ഡ്രസ്സ് കോഡ് മതപരമായ കാരണങ്ങളാല്‍ അനുസരിക്കാനാകില്ലെന്നു കാണിച്ചു കോടതിയെ സമീപിച്ചതും രക്ഷിതാവിന്റെ നിലപാട് തള്ളിപ്പോയതും ഈയിടെ വാര്‍ത്തയായിരുന്നു. 
എന്നാല്‍, നിഖാബ് ക്യാംപസുകള്‍ക്കുള്ളില്‍ അനുവദനീയമല്ലെന്ന എം.ഇ.എസിന്റെ നിലപാട് സംബന്ധിച്ച യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. നിഖാബാണോ പര്‍ദ്ദയാണോ ശരി എന്നതിലേക്കു മാത്രമേ പുരോഗമനപരമായി വാഴ്ത്തപ്പെടുന്ന എം.ഇ.എസ് നടപടി ഒതുങ്ങുന്നുള്ളൂ. നേരത്തെ ഇതേ എം.ഇ.എസ് തന്നെയാണ് ലെഗ്ഗിങ്‌സും ജീന്‍സും പെണ്‍കുട്ടികള്‍ ധരിക്കരുതെന്ന വിലക്ക് പുറപ്പെടുവിച്ചത്. അതായത് മതത്തിനുള്ളിലെ ഉള്‍പ്പിരിവുകളില്‍ ഒരു പ്രത്യേക വിഭാഗത്തിന്റേതാണ് യഥാര്‍ത്ഥ മതസ്വത്വം എന്ന വാദം ഊട്ടിയുറപ്പിക്കുന്ന നടപടികളിലൊന്നായി മാത്രം നിഖാബ് വിലക്കിനെ വിലയിരുത്തിയാല്‍ തെറ്റുപറയാനൊക്കില്ലെന്ന് അര്‍ത്ഥം. നിഖാബായാലും പര്‍ദ്ദയായാലും സ്ത്രീകളുടെ ഇഷ്ടത്തിനു വിരുദ്ധമായി അടിച്ചേല്പിക്കപ്പെടുന്നു എന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിലൊന്നും എം.ഇ.എസിന് താല്പര്യമില്ലെന്നു കാണാം. പൊതുസമൂഹത്തിനു സ്വീകാര്യമല്ലാത്ത ഒരു വേഷവിധാനവും മതത്തിന്റെ പേരിലായാലും ഫാഷന്റെ പേരിലായാലും അനുവദിക്കാനാകില്ല എന്ന വാദം എത്രമാത്രം വികലമാണെന്നുള്ളത് ആരാണ് പൊതുസമൂഹത്തിന്റെ സ്വീകാര്യത തീരുമാനിക്കുന്നതെന്ന ഒരൊറ്റ ചോദ്യത്താല്‍ തെളിയിക്കപ്പെടാവുന്നതേയുള്ളൂ. പര്‍ദ്ദയാണെങ്കിലും നിഖാബാണെങ്കിലും അതു സ്ത്രീയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പല്ലെങ്കില്‍ കര്‍ശനമായും എതിര്‍ക്കപ്പെടേണ്ടതാണ് എന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയ ഒരു നടപടിയേ അല്ല അത്. കുടുംബത്തിലെ പുരുഷാംഗങ്ങളുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ലോകമെമ്പാടും പര്‍ദ്ദ ധരിക്കല്‍ സ്ത്രീകളുടെ ഇടയില്‍ വ്യാപകമായതെന്ന നേരത്തെ സൂചിപ്പിച്ച വിലയിരുത്തല്‍ ഇതോടു കൂടി ചേര്‍ത്തുവായിക്കേണ്ടതാണ്. കേരളത്തിലെ ഇസ്ലാമിക മതസംഘടനകള്‍ക്കെല്ലാം തന്നെയും നമ്മുടെ നാട്ടിലെ മുസ്ലിം സ്ത്രീകളെ മതബിംബങ്ങളാക്കി മാറ്റിയതില്‍ പങ്കുണ്ട്. രണ്ടോ മൂന്നോ ദശകങ്ങള്‍ക്കപ്പുറത്ത് ഇതായിരുന്നോ സ്ഥിതി എന്നാലോചിക്കണം. അന്നു സാരിത്തലപ്പുകൊണ്ടോ മടക്കിയിട്ട ഒരു തുണിക്കഷണം കൊണ്ടോ ശിരസ്സ് മറക്കുന്നതില്‍ ഒതുങ്ങിയിരുന്നു. നടേ സൂചിപ്പിച്ച, ലോകമെമ്പാടുമുണ്ടായ ഇസ്ലാമിക ജാഗരണത്തിന്റേയും കേരളത്തിലേക്കൊഴുകിയ എണ്ണപ്പണത്തിന്റേയും പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്ലാമിയുടേയും മുജാഹിദ് വിഭാഗങ്ങളുടേയും ഇടയില്‍ സ്ത്രീകളെ വരിഞ്ഞുമുറുക്കിയ മതനിഷ്ഠകളുടെ പശ്ചാത്തലത്തിലാണ് പര്‍ദ്ദ സ്ഥാനം പിടിക്കുന്നത്. സുന്നികളാകട്ടെ, കുറച്ചുകൂടി മുന്നോട്ടുപോയി നിഖാബ് പ്രചാരത്തിലാക്കി. ഇതു തങ്ങളുടെ സ്ത്രീകളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് എന്നു ലോകത്തെ അവര്‍ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 

രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാട് 

ന്യൂനപക്ഷ മതങ്ങള്‍ക്കെതിരെയുള്ള ഭരണകൂട നിലപാടും ഹിന്ദുത്വ രാഷ്ട്രീയവും ശക്തമായ ഒരു കാലത്ത് ന്യൂനപക്ഷ വിശ്വാസികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളില്‍ ശരിക്കൊപ്പം നിലകൊള്ളുക പുരോഗമനക്കാരുള്‍പ്പെടെയുള്ള മതേതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും ന്യൂനപക്ഷ മതവിഭാഗങ്ങള്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി കൂടി ഇരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍. രാജ്യസുരക്ഷ മുന്‍നിര്‍ത്തി നിഖാബ് നിരോധിക്കണമെന്നൊക്കെ ഇന്നു മുറവിളി ഉയരുന്നുണ്ട്. ഇത്തരം സുരക്ഷാവാദങ്ങള്‍ക്ക് അപകടകരമായ പ്രയോഗസാധ്യതയുണ്ടെന്നും കാണാതിരിക്കാനാകില്ല. യു.എസ് പോലുള്ള അരക്ഷിതത്വബോധം അങ്ങേയറ്റം നിലനില്‍ക്കുന്ന നാടുകളില്‍പ്പോലും നിഖാബ് സുരക്ഷാകാരണങ്ങളാല്‍ നിരോധിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തീര്‍ച്ചയായും സ്ത്രീയെ പുരുഷ ഉടമസ്ഥതയിലുള്ള ലൈംഗിക വസ്തു മാത്രമാക്കി ചുരുക്കുന്നുവെന്ന പ്രശ്‌നമുണ്ടെങ്കിലും. നമ്മുടെ രാജ്യത്തെ ഒരു പ്രബല മതന്യൂനപക്ഷത്തിന്റെ വിശ്വാസവുമായി നിഖാബും പര്‍ദ്ദയുമൊക്കെ ബന്ധപ്പെട്ടിരിക്കുന്നത് വിഷയത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. വിശേഷിച്ചും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍. അതിലുമപ്പുറം മുസ്ലിം സ്ത്രീകള്‍ നേരിടുന്ന ഇത്രത്തോളം പ്രാധാന്യമുള്ള സവിശേഷ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. 
ഒരാളുടെ അലമാരയ്ക്കുള്ളിലിരിക്കുന്ന വസ്ത്രങ്ങള്‍ അയാളുടെ ഇഷ്ടാനിഷ്ടങ്ങളെ മാത്രമല്ല തീര്‍ച്ചയായും കുറിക്കുന്നത്. ശരീരം വ്യക്തിയുടെ സ്വകാര്യവും സ്വതന്ത്രവുമായ സ്വത്വബോധത്തിന്റെ ഭാഗമാണ്. അതേസമയം ഒരാളുടെ വിശ്വാസത്തിന്റെ വിവിധ വശങ്ങളെ പ്രകാശിപ്പിക്കുകയും സാമൂഹികമായ സ്വത്വനിര്‍മ്മിതിക്കുള്ള ആയുധങ്ങളായി ഇരിക്കുകയും ചെയ്യുന്നുണ്ട്. ഈ സ്വത്വനിര്‍മ്മിതി മറ്റാരാലെങ്കിലും അടിച്ചേല്പിക്കപ്പെടുമ്പോഴാണ് എതിര്‍ക്കപ്പെടേണ്ടത്. 

വിദ്യാലയങ്ങളില്‍ നിന്ന് വേണം തുടക്കം

വി.പി. സുഹറ

പര്‍ദ്ദയ്ക്കും നിഖാബിനുമൊക്കെ പിറകില്‍ ഒരു രാഷ്ട്രീയമുണ്ട്. അത് മതത്തെ കൈയാളുന്ന പുരുഷന്റെ രാഷ്ട്രീയമാണ്. മുഖമില്ലാത്ത സ്ത്രീകള്‍ പരിഷ്‌കൃത ലോകത്തിനു ചേരുന്നതല്ല. ഇത്തരം വേഷങ്ങളെക്കുറിച്ചൊന്നും ഖുര്‍ആനില്‍ പറയുന്നില്ല. ഇതൊന്നും നമ്മുടെ നാട്ടില്‍ മുന്‍പ് ഉണ്ടായിരുന്നില്ല. കുറച്ചു കാലങ്ങളായി കണ്ടുവരുന്നതാണ്. എന്റെ ചെറുപ്പകാലം ഓര്‍മ്മയിലുണ്ട്. അന്നൊന്നും ഇമ്മാതിരി വേഷങ്ങള്‍ സ്ത്രീകള്‍ ധരിച്ചുകണ്ടിരുന്നില്ല. വലിയ ഭക്തരായിരുന്നു എന്റെ ഉമ്മയും ഉമ്മാമ്മയുമൊക്കെ. അവരൊന്നും ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചുകണ്ടിട്ടില്ല. അമ്മാവന്മാരൊക്കെ മതവിഷയങ്ങളില്‍ വലിയ അറിവുള്ളവരുമായിരുന്നു. അവരൊന്നും നിര്‍ബന്ധിച്ചുകേട്ടിട്ടില്ല. ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം വസ്ത്രങ്ങളൊക്കെ പ്രചാരത്തിലായത്. ഇറാനിലൊക്കെ ഉണ്ടായ ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്നാണ് ഈ വേഷം അവിടങ്ങളില്‍പ്പോലും സാര്‍വ്വത്രികമായത്. അതൊക്കെ ഇവിടെ ആവര്‍ത്തിക്കണമെന്നാണ് രാഷ്ട്രീയ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ കരുതുന്നത്. 

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുതന്നെയാണ് ഇത്തരം വസ്ത്രങ്ങള്‍ക്കെതിരെയുള്ള നീക്കം തുടങ്ങേണ്ടത്. വേദനാജനകമായ ഒരു കാഴ്ച മദ്രസ്സകളില്‍ പോകുന്ന ചെറിയ കുട്ടികളൊക്കെ ഇതുപോലെ ആകെ മൂടിപ്പുതച്ച വേഷം ധരിച്ചുപോകുന്നതാണ്. ചെറുപ്പം മുതലേ അവളുടെ ഉള്ളില്‍ താനൊരു മൂടിപ്പുതച്ചുവെയ്‌ക്കേണ്ട വസ്തുവാണെന്ന ധാരണയാണ് അതുണ്ടാക്കുന്നത്. ഇതൊക്കെ ബാലാവകാശ ലംഘനത്തില്‍ പെടുത്തേണ്ട സംഗതിയാണ്. അമ്മയുടെ മടിയില്‍നിന്നു കുട്ടികള്‍ പോകുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാണ്. അതുകൊണ്ട് അവിടങ്ങളില്‍ നിന്നുതന്നെയാണ് ഇത്തരം മനുഷ്യവിരുദ്ധ നടപടികള്‍ക്കെതിരെ ബോധമുണരേണ്ടത് എന്നുതന്നെയാണ് എന്റെ അഭിപ്രായം.

വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനം
 

വി.പി. സുഹൈബ് മൗലവി
ഇമാം
ജുമാമസ്ജിദ് പാളയം, തിരുവനന്തപുരം 


പഴയകാലത്തും ഇന്നത്തെ കാലത്തും ഇസ്ലാമിക പണ്ഡിതര്‍ക്കിടയില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളുണ്ട്. മുഖം മറയ്‌ക്കേണ്ട എന്നു പറയുന്നവരും മുഖം മറയ്ക്കണം എന്നു പറയുന്നവരും ഉണ്ട്. വിശുദ്ധ ഖുര്‍ആനിലെ ഒരു വാചകത്തെ രണ്ടുതരത്തില്‍ വ്യാഖ്യാനിച്ചാണ് കാണാറുള്ളത്. നിങ്ങള്‍ നിങ്ങളുടെ മൂടുപടങ്ങള്‍ താഴ്ത്തിയിടുക എന്നത് മുഖത്തേക്കു താഴ്ത്തിയിടുകയെന്നും മാറിലേക്ക് താഴ്ത്തിയിട്ട് മാറുമറയ്ക്കുക എന്നും ആണ് ആ വ്യാഖ്യാനങ്ങള്‍. തീര്‍ച്ചയായും വസ്ത്രം വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. എന്തിന്റെ പേരിലായാലും വ്യക്തിസ്വാതന്ത്ര്യം ഒരു തലത്തില്‍ പരിമിതപ്പെട്ടാല്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് ന്യൂനപക്ഷങ്ങളുടെ മറ്റു വ്യക്തിസ്വാതന്ത്ര്യങ്ങളുടെ നേര്‍ക്കും പ്രയോഗിക്കപ്പെടുമോ എന്നു ഭയക്കേണ്ടതുണ്ട്. അത്തരം നീക്കങ്ങള്‍ ഈ വിഷയത്തില്‍ മാത്രം പരിമിതപ്പെടും എന്നു വിചാരിക്കാന്‍ വയ്യ. 
മുഖം മറയ്‌ക്കേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെങ്കിലും അങ്ങനെ ചെയ്യണമെന്ന് വിശ്വസിക്കുന്നവര്‍ക്ക് അത് ചെയ്യാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെട്ടുകൂടാ. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം കാലം ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യം മാനിക്കപ്പെടുക തന്നെ വേണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com