രണ്ടാം വരവിന്റെ നിരര്‍ത്ഥകത: യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

വര്‍ഷങ്ങള്‍ക്കു ശേഷം, തികച്ചും സ്വതന്ത്രമായ ഒരവസ്ഥയിലെത്തിയല്ലോ  എന്ന തോന്നലായിരുന്നു ഉള്ളില്‍. ഒരു സ്വസ്ഥത.
രണ്ടാം വരവിന്റെ നിരര്‍ത്ഥകത: യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

കേരള കൗമുദിയില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ എന്തുചെയ്യണമെന്ന ഒരാശങ്കയും മനസ്സില്‍ ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, തികച്ചും സ്വതന്ത്രമായ ഒരവസ്ഥയിലെത്തിയല്ലോ  എന്ന തോന്നലായിരുന്നു ഉള്ളില്‍. ഒരു സ്വസ്ഥത. ഓരോ ദിവസവും  ചെയ്തു തീര്‍ക്കേണ്ട ഓരോ കാര്യങ്ങള്‍ മനസ്സിലങ്ങനെ നിറഞ്ഞുനില്‍ക്കുകയായിരുന്നു മുന്‍പൊക്കെ. ചെയ്യേണ്ട കാര്യങ്ങളെല്ലാം  മറ്റാരോ ചിലരുമായി ബന്ധപ്പെടുന്നതോ മറ്റാരെയോ  ബോധ്യപ്പെടുത്തേണ്ടവയോ ആയിരുന്നു.  അതുകൊണ്ടുതന്നെ തികഞ്ഞ ശ്രദ്ധ പുലര്‍ത്തി അതു ചെയ്യേണ്ടതുമാണ്.  ഇനി എനിക്ക്  അത്തരം കാര്യങ്ങളെക്കുറിച്ചു ആകുലപ്പെടേണ്ട ആവശ്യമില്ല.  അതുകൊണ്ടാകാം മനസ്സ് മുന്‍പൊരിക്കലുമില്ലാത്ത സൗഖ്യം അനുഭവിച്ചു തുടങ്ങിയത്. എന്റെ ഉള്ളില്‍ മറ്റുചില വിചാരങ്ങളുമുണ്ടായിരുന്നു.  അതു വളരെ നാള്‍ മുന്‍പേ തുടങ്ങിയതുമാണ്.  അതുകൊണ്ടാകാം  ബാദ്ധ്യതകളൊന്നുമില്ലാത്ത അവസ്ഥയിലെത്തിയപ്പോള്‍ നേരിയൊരു സുഖം തോന്നിയത്.  എന്റെ മനസ്സിനെ ഏറെക്കുറെ തൃപ്തിപ്പെടുത്തുന്ന ഒരു കൃതി എഴുതണമെന്ന് ഞാന്‍ കുറേ നാളായി ആഗ്രഹിക്കുന്നു. പത്രപ്രവര്‍ത്തനത്തിനിടയിലും മുടങ്ങാതെ ഞാന്‍ എഴുതിയിട്ടുണ്ട്. എഴുതാതിരിക്കാന്‍ കഴിയുമായിരുന്നില്ല.  എത്ര തിരക്കുണ്ടെങ്കിലും എന്നെക്കൊണ്ടു  എഴുതിപ്പിക്കുന്ന എന്തോ ഒന്ന് എന്റെ ഉള്ളിലുണ്ടെന്ന്  പലപ്പോഴും തോന്നിയിരുന്നു. അതുകൊണ്ടു തന്നെ  ഞാന്‍ എഴുതാന്‍ വേണ്ടി എങ്ങനെയോ സമയം കണ്ടെത്തിയിരുന്നു.  ചിലപ്പോള്‍ അതിരാവിലെ ഉണര്‍ന്നു  മനസ്സ് അല്പം  പോലും  അശാന്തമാകാത്ത  സമയത്തായിരിക്കും എഴുതുക.  അതല്ലെങ്കില്‍ മറ്റു ബദ്ധപ്പാടുകളൊന്നുമില്ലാത്ത ഏതെങ്കിലും ഒരൊഴിവു ദിവസം. എന്നാല്‍, അങ്ങനെ എഴുതിയവയൊന്നും എന്റെ സ്വത്വത്തെ തൃപ്തിപ്പെടുത്തിയിരുന്നവയായിരുന്നില്ല.  എന്റെ സങ്കല്പത്തിലുള്ള ഒരു കൃതി എഴുതണമെന്ന്  ഞാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു.  ഇത്രയും നാള്‍ അതിനുവേണ്ടിയുളള സാമഗ്രികള്‍ ശേഖരിക്കുകയായിരുന്നു. ചരിത്രവും രാഷ്ട്രീയവും സാമൂഹ്യജീവിതവുമെല്ലാം കടന്നുവരുന്ന ഒരു കൃതിയാണ് മനസ്സിലുള്ളത്.  ഒരു ദേശത്തിന്റെ നൂറ് വര്‍ഷത്തെ  അടയാളപ്പെടുത്തുന്ന ഒരു നോവല്‍. ആ രചനയ്ക്ക്  അതീവ ജാഗ്രത വേണ്ടിയിരുന്നു.  മാത്രവുമല്ല, ഇതുവരെ ഞാനെഴുതുന്ന രീതിയിലുള്ള ഭാഷയിലാകരുത് അത്. ഭാഷയ്ക്കുപോലും മാറ്റം വേണ്ടിയിരുന്നു. ഭാഷയിലുള്ള സംയമനം ആവശ്യമാണ്.  തികച്ചും സ്വതന്ത്രമായ അവസ്ഥയില്‍ ഒരു രചനയ്ക്കുവേണ്ടി പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ട രീതിയില്‍ മാത്രമേ ആ കൃതി എഴുതാന്‍ കഴിയുകയുള്ളൂവെന്നും  ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. കേരള കൗമുദിയില്‍നിന്നും  പുറത്തുവന്നപ്പോള്‍ എനിക്ക് ബോദ്ധ്യമായി, ഇനി അതിനുള്ള സമയമായെന്ന്. എന്റെ മനസ്സിലെ സ്വാസ്ഥ്യത്തിന്റെ കാരണവും അതുതന്നെയാണ്. 

എന്നാല്‍ എന്റെ തീരുമാനം പിന്നീട് മാറ്റേണ്ടിവന്നു. ചിലപ്പോള്‍ അങ്ങനേയും സംഭവിക്കാം. മുന്‍പുള്ളതുപോലെ തിരക്കുണ്ടാവില്ലെന്നും എഴുതാനുള്ള സമയം ലഭിച്ചേക്കുമെന്നുമുള്ള വിശ്വാസമായിരിക്കാം പുതിയൊരു  ദൗത്യം ഏറ്റെടുക്കാന്‍ കാരണം.  അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നെ കാണുമ്പോഴൊക്കെ എനിക്കു നേരെ ഒരു ക്ഷണം വെച്ചു നീട്ടാറുണ്ട്.  വീക്ഷണം പത്രത്തിന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.  എനിക്ക് വീക്ഷണവുമായുണ്ടായിരുന്ന ബന്ധം നന്നായിട്ടറിയുന്ന വ്യക്തി. അതുകൊണ്ടാകാം സ്‌നേഹപൂര്‍ണ്ണമായ അദ്ദേഹത്തിന്റെ ക്ഷണത്തിന്റെ കാരണം. വീക്ഷണത്തിലേക്ക് മടങ്ങിച്ചെല്ലണമെന്ന് എന്നെ കാണുമ്പോള്‍ എപ്പോഴും ആവശ്യപ്പെടും.  അപ്പോഴെല്ലാം  ഓരോ കാരണം  പറഞ്ഞു ഞാന്‍ ഒഴിഞ്ഞുമാറുകയാണ് പതിവ്. ഞാന്‍ കൂടി തുടക്കമിട്ട ഒരു സ്ഥാപനമെന്ന നിലയില്‍ എനിക്ക് വീക്ഷണത്തോട് ഒരു വൈകാരികമായ ബന്ധമുണ്ട്. ഞാന്‍ അവിടേക്ക്  ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും  ചെയ്യുന്നു. എന്നാല്‍ ഒരു തരത്തിലും അപ്പോള്‍ എനിക്കതിന് കഴിയുമായിരുന്നില്ല. കോഴിക്കോട് നടക്കുന്ന ഒരു നോമ്പുതുറയില്‍ വെച്ചു ഞാന്‍ അദ്ദേഹത്തെ വീണ്ടും കാണുന്നു.  അദ്ദേഹത്തോടൊപ്പം വീക്ഷണത്തിന്റെ മാനേജിംഗ് ഡയറക്ടറായ മുന്‍ എം.എല്‍.എ.  ബെന്നി ബെഹനാനും ഉണ്ടായിരുന്നു. കണ്ടപാടെ തിരക്കില്‍ നിന്നു എന്നെ മാറ്റിനിര്‍ത്തി കെ.പി.സി.സി. പ്രസിഡന്റ് ചോദിച്ചു:
''ഇനി എന്താണ് തടസ്സം?''

ഞാന്‍ കേരള കൗമുദി വിട്ട കാര്യം അദ്ദേഹം അറിഞ്ഞിരിക്കുന്നു. പറയാന്‍ പറ്റിയ വ്യക്തമായ ഒരു കാരണം എന്റെ പക്കലില്ലായിരുന്നു.  നോവല്‍ എഴുതാന്‍ വേണ്ടി ധാരാളം സമയം വേണം. അതിനുവേണ്ടിയാണ് ഞാന്‍ കൗമുദി വിട്ടതെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നുറപ്പുണ്ട്. ഞാന്‍ പറഞ്ഞു:
''തടസ്സമൊന്നുമില്ല.  പക്ഷേ, എനിക്കൊന്നു ആലോചിക്കണം.''
''ഇനി എന്തോന്നാലോചിക്കാന്‍. ഞങ്ങള്‍ക്ക് നിങ്ങളെ  വേണം. യു.കെ. കൊച്ചിയില്‍ വരണമെന്നില്ല. കോഴിക്കോട്ട് നിന്നാല്‍ മതി.''
അദ്ദേഹത്തോടൊപ്പം ബെന്നി ബെഹനാനും എന്നില്‍ സമ്മര്‍ദ്ദം ചെലുത്തി.  വീക്ഷണത്തോടുള്ള എന്റെ വൈകാരികബന്ധവും അവരുടെ സമ്മര്‍ദ്ദവും കാരണം ഇനി സ്വതന്ത്രമായി നില്‍ക്കുക എന്നുള്ള എന്റെ തീരുമാനം മാറ്റേണ്ടിവന്നു.

''യു.കെ. ഒന്നു കൊച്ചിയിലേക്ക്  വരണം. മറ്റു കാര്യങ്ങള്‍ നമുക്കവിടെനിന്നും സംസാരിക്കാം.'' ബെന്നി ബെഹനാന്‍ പറഞ്ഞു.
വീക്ഷണത്തിലേക്ക് എന്നെ ക്ഷണിച്ച കാര്യവും എന്റെ തീരുമാനവും കോഴിക്കോട് വീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന വായനയിലൂടെ എനിക്ക് പരിചയമുള്ള സുഹൃത്തിനെ ഞാനറിയിച്ചു. ഞാന്‍ പറഞ്ഞില്ലെങ്കിലും അയാള്‍ അറിയും. അതുകൊണ്ടു നേരിട്ടുതന്നെ പറയുന്നതാണ് നല്ലതെന്ന് തോന്നി. ഞാന്‍ ചോദിച്ചു: ''വീക്ഷണത്തില്‍ ഞാന്‍ വരുന്നതില്‍ എന്താണ് അഭിപ്രായം.'' ''വളരെ സന്തോഷം, സ്വാഗതം ചെയ്യുന്നു.'' അയാള്‍ തുറന്ന മനസ്സോടെ  പറഞ്ഞു. ''നിങ്ങളാണല്ലോ ഞങ്ങളുടെ ഭാവിപത്രാധിപര്‍.'' അതോടുകൂടി എന്റെ തീരുമാനം ഞാന്‍ ഉറപ്പിക്കുകയായിരുന്നു. 

വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ വീക്ഷണത്തില്‍ വീണ്ടുമെത്തുന്നത്.  അതിന്റെ തുടക്കം മുതലുള്ള യാത്രയ്ക്ക്  അവിചാരിതമായ ഒരനുബന്ധം. നാലുവര്‍ഷത്തോളം  വാരിക നടത്താന്‍ വേണ്ടി ഞാനിരുന്ന ഓലഷെഡ്ഡ് ഇപ്പോള്‍ ഇവിടെ ഇല്ല. മൂന്നുനില കെട്ടിടത്തിലാണ് വീക്ഷണം ഓഫീസ് പ്രവര്‍ത്തിക്കുന്നത്.  ഞാനിവിടെനിന്നും പോവുമ്പോള്‍ കെട്ടിടത്തിന്റെ  പണി നടന്നുവരികയായിരുന്നു. വീക്ഷണത്തിന്റെ  ചീഫ് എഡിറ്റര്‍ കെ.എല്‍. മോഹനവര്‍മ്മയാണ്.  ഞാന്‍ വീക്ഷണത്തില്‍ എത്തുന്നതില്‍ അദ്ദേഹത്തിന് സന്തോഷം.  എന്നാല്‍ ഒരു പത്രാധിപര്‍ എന്ന നിലയില്‍ അദ്ദേഹം വഹിക്കുന്ന പങ്കിനെക്കുറിച്ച് എനിക്ക് അപ്പോള്‍ ചെറിയൊരു സംശയം തോന്നി. കാരണം സി.പി. ശ്രീധരന്‍ ഇരുന്ന കസേരയാണത്. സി.പി. ഒരു പൂര്‍ണ്ണനായ പത്രാധിപരായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വര്‍ഷങ്ങളോളം അടുത്തുനിന്നും  കണ്ടിട്ടുണ്ട്. വീക്ഷണത്തിന്റെ എല്ലാ കാര്യങ്ങളിലും സി.പിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ മോഹനവര്‍മ്മക്ക് അത്രത്തോളം  സജീവത ഇല്ല എന്നാണ് എനിക്കു തോന്നിയത്.
സംസാരിച്ചുകൊണ്ടിരിക്കെ വീക്ഷണം  എം.ഡി. സൂചിപ്പിച്ചു: ''കോഴിക്കോട് യൂണിറ്റില്‍ ഇപ്പോള്‍ കാര്യങ്ങളൊന്നും അത്ര നന്നായിട്ടല്ല പോവുന്നത്. ജീവനക്കാര്‍ തമ്മില്‍ അടിയാണ്.  യു.കെ. ചെന്നിട്ട്  വേണം അവിടെയൊന്ന് ക്രമപ്പെടുത്താന്‍. ഞങ്ങള്‍ക്കിവിടെനിന്നും അതൊക്കെ ചെയ്യുന്നതില്‍ ഏറെ പരിമിതിയുണ്ട്.''

''എന്തുചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയില്ല. ചെന്നു കഴിഞ്ഞാലല്ലേ അതൊക്കെ പറയാന്‍ പറ്റൂ. എങ്കിലും താങ്കള്‍ ഇപ്പോള്‍ സൂചിപ്പിച്ച കാര്യം ഇതേ രീതിയില്‍ തന്നെ ഞാന്‍ അവരോടും പറയുന്നുണ്ട്.  മറച്ചുവെക്കേണ്ട ആവശ്യമില്ലല്ലോ.'' ഞാന്‍ എന്റെ പ്രതികരണം അറിയിച്ചു. പിന്നെ അദ്ദേഹം സംസാരിച്ചത് എന്റെ ശമ്പളക്കാര്യമായിരുന്നു.  എനിക്ക് നിശ്ചയിച്ച ശമ്പളം അദ്ദേഹം വെളിപ്പെടുത്തി. വീക്ഷണം അത്രയൊന്നും സാമ്പത്തിക അടിത്തറയുള്ള സ്ഥാപനമായിരുന്നില്ല. എനിക്ക് നിശ്ചയിച്ച ശമ്പളം വന്‍ തുകയായിരുന്നു. ഞാന്‍ പറഞ്ഞു:
''എനിക്ക് ഇത്രയൊന്നും വേണ്ട. കേരള കൗമുദിയില്‍നിന്നും ഞാന്‍ വാങ്ങിയ ശമ്പളം മതി.'' അങ്ങനെയാണ് എന്റെ ശമ്പളം ഉറപ്പിച്ചത്. എന്റെ നിയമനോത്തരവ് ഉടന്‍ അയച്ചുതരുമെന്നും അദ്ദേഹം അറിയിച്ചു.  
മടങ്ങി ഞാന്‍ കോഴിക്കോട്ടെത്തിയ രാത്രി മലയാളത്തിലെ  ഒരു പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ടറുടെ  ഫോണ്‍ വിളി എന്നെത്തേടി വന്നു. എന്റെ സുഹൃത്താണ്.  നേരത്തെ അയാള്‍ വീക്ഷണത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടക്കത്തില്‍ തന്നെ പറഞ്ഞു.
''യു.കെയുടെ തീരുമാനം തെറ്റായിപ്പോയി.'' ഞാന്‍  വീക്ഷണത്തില്‍ ചേര്‍ന്ന വിവരം അയാള്‍ അറിഞ്ഞിരിക്കുന്നു.
''എന്തുപറ്റി?''
''നമുക്ക് മനുഷ്യരുമായേ ഇടപെടാന്‍ പറ്റൂ. അതിലൊരു സുഖമുണ്ട്. എന്നാല്‍ അവിടെയുള്ള ചിലര്‍ മനുഷ്യരല്ല, മൃഗങ്ങളാണ്. വൈകാതെ നിങ്ങള്‍ക്കതു മനസ്സിലാകും.''
പിന്നെ അയാള്‍ വീക്ഷണത്തിലുണ്ടായിരുന്നപ്പോഴത്തെ ദുരനുഭവങ്ങള്‍ വിവരിച്ചു. അതില്‍ ചിലതൊക്കെ അവിശ്വസനീയമായി തോന്നി. എങ്കിലും സുഹൃത്ത് കളവു പറയില്ലെന്ന് ഉറപ്പായിരുന്നു. സഹികെട്ടാണ് വീക്ഷണം വിട്ടതെന്നും അയാള്‍  സൂചിപ്പിച്ചു.
ഇക്കാലത്ത് ഒരു പത്രമോഫീസില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നും ഞാന്‍ സംശയിച്ചു.  പ്രത്യേകിച്ചും ഒരു രാഷ്ട്രീയപ്പാര്‍ട്ടി നടത്തുന്ന പത്രസ്ഥാപനത്തില്‍. ചാനല്‍ സുഹൃത്ത് പറയുന്നതിന് തുല്യമായ ചില കാര്യങ്ങള്‍ മറ്റു ചിലരും പിന്നീട് സൂചിപ്പിച്ചു. ഇതെല്ലാം കേട്ട് വേണമെങ്കില്‍ എനിക്ക് വീക്ഷണത്തില്‍ പോകാതിരിക്കാമായിരുന്നു. എന്നാല്‍ അതിനു ഞാന്‍ മുതിര്‍ന്നില്ല. ഞാന്‍ വാക്കുകൊടുത്തു പോയതാണ്. അതില്‍ മാറ്റം വരുത്താന്‍ തോന്നിയില്ല. ഇത്രമാത്രം അസുഖകരമായ കാര്യങ്ങള്‍ എന്താണവിടെ നടക്കുന്നതെന്ന് അറിയണമെന്നുള്ള ഒരു വിചാരം ഉണ്ടാവുകയും ചെയ്തു.
ഞാനവിടെ ചെല്ലുന്ന ദിവസം  വീക്ഷണത്തിലെ  എന്റെ സുഹൃത്തിനെ നേരത്തെ അറിയിച്ചിരുന്നു.  അയാള്‍ അപ്പോഴും സന്തോഷം പ്രകടിപ്പിച്ചു.  ചെന്ന ദിവസം അവിടെയുള്ള എല്ലാ ജീവനക്കാരുടേയും ഒരു യോഗം ഞാന്‍ വിളിച്ചു ചേര്‍ത്തു. ആ സ്ഥാപനത്തെക്കുറിച്ച് മാനേജിംഗ്  ഡയറക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. അത്തരമൊരവസ്ഥ മാറ്റാന്‍ എല്ലാവരും സഹകരിക്കണമെന്നും പറഞ്ഞു. എന്നാല്‍ എന്റെ സുഹൃത്തുക്കള്‍ അടക്കം ചിലര്‍ക്കൊക്കെ അതിഷ്ടപ്പെട്ടില്ലെന്ന് അവരുടെ പ്രതികരണം വ്യക്തമാക്കി.
എനിക്കിരിക്കാന്‍ ഫോണ്‍ സൗകര്യമടക്കമുളള വിശാലമായ ഒരു കാബിന്‍ ഉണ്ടായിരുന്നു.  അവിടെവെച്ചാണ് യോഗം ചേര്‍ന്നത്. എല്ലാ ജീവനക്കാരുമായി ഞാന്‍ പരിചയപ്പെട്ടു. യൂണിറ്റിന്റെ മാനേജര്‍ സ്റ്റേറ്റ്  കോ-ഓപ്പറേറ്റീവ് ബാങ്കില്‍  ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും  വിരമിച്ച വ്യക്തിയാണ്. എന്റെ സുഹൃത്തിനാണ്  ന്യൂസിന്റെ ചുമതല.  രാഷ്ട്രീയലേഖനങ്ങളൊക്കെ സാമാന്യം നന്നായി അയാള്‍ എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ ദിവസം തന്നെ എനിക്കയാളെക്കുറിച്ചുള്ള ധാരണ തിരുത്തേണ്ടിവന്നു. അന്ന് ഞാന്‍ പുറത്തേക്കിറങ്ങാന്‍ ഭാവിക്കുമ്പോള്‍ ഓഫീസില്‍ എന്തോ ആവശ്യത്തിന്  വന്ന ഒരാളോട് അയാള്‍ വളരെ  മോശമായ ഭാഷയില്‍ സംസാരിക്കുന്നതു കണ്ടു. വന്നയാളും അതേ ഭാഷയില്‍ മറുപടി പറയുന്നു.  ഒരോഫീസില്‍ ഇങ്ങനെയൊക്കെയാകാമോ? എന്നെ കണ്ടയുടനെ വന്നയാള്‍ സംസാരം നിറുത്തി എന്റെ കൂടെ പുറത്തേക്കിറങ്ങി. എന്നിട്ട്  പറഞ്ഞു:
''ഇവിടെ ഇങ്ങനെയാണ്. ഒരാളോടും പെരുമാറാന്‍ തന്നെ ഇവിടെയുള്ളവര്‍ക്കറിയില്ല.''

അതിനുശേഷം ആ ഓഫീസിനെക്കുറിച്ചു ഞാന്‍ ഓരോ പുതിയ കാര്യങ്ങള്‍ അറിയുകയായിരുന്നു. എഡിറ്റോറിയല്‍ സ്റ്റാഫുകളടക്കം പത്തോളം ജീവനക്കാര്‍ അവിടെ ഉണ്ട്.  അതില്‍ ഒന്നോ രണ്ടോ പേര്‍ ഒഴിച്ചു മറ്റെല്ലാവരും നല്ലവരാണ്. എന്നാല്‍ രണ്ടു പേര്‍ മറ്റുള്ളവരെ പേടിപ്പിച്ചു നിശ്ശബ്ദരാക്കിയിരിക്കുകയാണ്. രണ്ടു പേരെ പേടിച്ചു മറ്റുള്ളവര്‍ ഒന്നും മിണ്ടില്ല.  എന്റെ സുഹൃത്തും സര്‍ക്കുലേഷന്റെ ചുമതലയുള്ള ആളുമാണ് ആ രണ്ടു പേര്‍. ഇതേക്കുറിച്ചു ഞാന്‍ യൂണിറ്റ് മാനേജരോട് അന്വേഷിച്ചു. അയാള്‍ക്കും അസ്വസ്ഥതയുണ്ട്.  ''ആരുടേയോ പിന്തുണ അവര്‍ക്കുണ്ട് അതിന്റെ ബലത്തിലാണ് അവര്‍ കളിക്കുന്നതെന്ന് അയാള്‍ പറഞ്ഞു.
ഇത്ര ദിവസമായിട്ടും  എന്റെ ചുമതലയെക്കുറിച്ച്  ഒരു വ്യക്തതയും ഇതുവരെ വന്നിട്ടില്ല. മാനേജിംഗ് ഡയറക്ടറോട് വിളിച്ചു ചോദിച്ചപ്പോള്‍ ഉടനെ അറിയിക്കാമെന്ന്  മറുപടി.  എന്താണ് ഞാന്‍ ചെയ്യേണ്ടതെന്ന് എഡിറ്ററോട് ചോദിച്ചപ്പോള്‍ ''എങ്കില്‍ പിന്നെ നിങ്ങള്‍ വാരാന്ത്യപ്പതിപ്പ് നോക്കിക്കോളൂ'' എന്നു മറുപടി കിട്ടി. അതനുസരിച്ച് ഞാന്‍ വാരാന്ത്യം എഡിറ്റു ചെയ്യാന്‍ തുടങ്ങി. മാറ്ററുകള്‍ വാരി കുത്തിനിറച്ച് എല്ലാ ഞായറാഴ്ചയും പുറത്തിറക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. അതു മാറ്റി  ഒതുക്കത്തോടെ വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ വാരാന്ത്യപ്പതിപ്പ് ഒരുക്കി.

പുസ്തകനിരൂപണത്തിലേക്ക് ബുക്കുകള്‍ അയച്ചുതരാന്‍ എല്ലാ പ്രസാധകര്‍ക്കും കത്തെഴുതി. അതനുസരിച്ച് അവര്‍ പുസ്തകങ്ങള്‍ അയച്ചുതന്നു തുടങ്ങി.
ഒരു പഴയ പത്രം പരിശോധിക്കാന്‍ വേണ്ടി പത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂമില്‍ കയറി പത്രങ്ങള്‍ പരതുന്നതിനിടയില്‍ ഒഴിഞ്ഞ ഏതാനും മദ്യക്കുപ്പികളും പേപ്പര്‍ ബോട്ടിലുകളും കാണാനിടയായി. അത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു.  അവിടെ ജോലിചെയ്യുന്ന പലര്‍ക്കും മദ്യപാനശീലം ഉണ്ടെന്ന് അറിയാമെങ്കിലും ഓഫീസില്‍ വെച്ചും മദ്യപിക്കുമെന്നത് ആദ്യത്തെ അറിവായിരുന്നു. ഇക്കാര്യത്തെക്കുറിച്ചു ഞാന്‍ മാനേജരോട് തിരക്കിയപ്പോള്‍ അയാള്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ് ചെയ്തത്. പത്രം പുറമെ നിന്നാണ് അടിക്കുന്നത്.  പത്രത്തിന് ആകെ ഒറ്റ എഡിഷനേ ഉള്ളൂ. പത്തുമണിയോടെ എല്ലാ പേജുകളും കൊടുത്തുകഴിയും. അതോടെ ജീവനക്കാരും പോകും. പിന്നെ ഓഫീസില്‍ മറ്റാരുമുണ്ടാകില്ല.  ആ സമയത്താണ് അവിടെ ഇത്തരം കാര്യങ്ങള്‍ നടക്കുന്നതത്രെ.

''എനിക്കെന്തു ചെയ്യാന്‍ കഴിയും. രണ്ടു പേരാണ് ഇതെല്ലാം ചെയ്യുന്നത്. ഞാന്‍ പറഞ്ഞല്ലോ അവര്‍ക്ക് ആരുടേയോ പിന്തുണയും കിട്ടുന്നുണ്ട്.'' മാനേജര്‍ തന്റെ നിസ്സഹായത പ്രകടിപ്പിച്ചു. അയാള്‍ അല്പം ധാര്‍മ്മികബോധമുള്ള വ്യക്തിയായിരുന്നു. അതുകൊണ്ടു തന്നെ  ആ നിലപാട് അയാളെ മറ്റുചില കുഴപ്പത്തിലാഴ്ത്തുകയും  ചെയ്തു. ബാങ്കില്‍നിന്നും വിരമിച്ചതു കാരണം  കണക്കുകളിലൊക്കെ കൃത്യത വേണമെന്ന നിര്‍ബന്ധം അയാള്‍ക്കുണ്ടായിരുന്നു.  പത്രം അടിക്കുമ്പോഴുണ്ടാവുന്ന വെയിസ്റ്റിന് നല്ല വിലയാണ് പലപ്പോഴും ലഭിക്കുക.  എന്നാല്‍ ഇതിന്റെ ഒരു കണക്ക് ഓഫീസില്‍ എത്തുന്നില്ല.  സര്‍ക്കുലേഷന്റെ ചുമതലയുള്ള ആളാണ്  ഇത് കൈകാര്യം ചെയ്തിരുന്നത്. അയാളോട് ചോദിച്ചപ്പോള്‍ വ്യക്തമായ ഒരു മറുപടി കൊടുക്കുന്നുമില്ല.  അതിനിടയിലാണ്  പത്രം അച്ചടിക്കാന്‍ കൊണ്ടുവന്ന ന്യൂസ്പ്രിന്റിന്റെ  റീലുകളില്‍ ചിലത് കുറഞ്ഞതായി കണ്ടത്.  അതും കൈകാര്യം ചെയ്തിരുന്നത് സര്‍ക്കുലേഷന്റെ ചുമതലയുള്ളയാളാണ്.  അന്വേഷിച്ചപ്പോള്‍ അതിനും മറുപടി ഇല്ല. പത്രവില്പന ഇനത്തില്‍ കിട്ടുന്ന സംഖ്യയ്ക്കും കണക്കില്ല. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാനേജിംഗ് ഡയറക്ടര്‍ക്ക് മാനേജര്‍ ഒരു കത്തയച്ചു.  അതിന് ഒരു മറുപടി ലഭിച്ചില്ല എന്ന് മാത്രമല്ല, ഇതിനെക്കുറിച്ചൊരു അന്വേഷണം പോലും ഉണ്ടായില്ല. എന്നാല്‍, ഈ സംഭവം ഓഫീസില്‍ മറ്റുചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. മാനേജിംഗ് ഡയറക്ടര്‍ക്ക് കത്തയച്ചതിന്റെ പേരില്‍ മാനേജര്‍ അധിക്ഷേപിക്കപ്പെട്ടു. ഒരു ദിവസം ഓഫീസില്‍ വരുമ്പോള്‍, അയാള്‍ ഉപയോഗിച്ചിരുന്ന കസേരയും മേശയും തല്‍സ്ഥാനത്തുണ്ടായിരുന്നില്ല. രണ്ടുമെടുത്തു സ്റ്റോര്‍ റൂമില്‍ വെച്ചു ചിലര്‍ പൂട്ടിയിരിക്കുകയാണ്.  സര്‍ക്കുലേഷന്റെ ചുമതല വഹിക്കുന്ന ആളും  അയാളുടെ സുഹൃത്തുമായിരുന്നു ഇതിന്റെ പിന്നില്‍. ഓഫീസില്‍ വന്നയുടനെ, ഒഴിഞ്ഞ മുറി കണ്ടു അപമാനിതനായ മാനേജര്‍ ഒന്നും പറയാതെ മടങ്ങിപ്പോയി. എന്നാല്‍ എനിക്കതിനെ നിസ്സംഗനായി  നോക്കിനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഒരു പാര്‍ട്ടി നടത്തുന്ന പത്രത്തില്‍ ഇത്തരത്തിലുള്ള ഹീനമായ കാര്യങ്ങള്‍ നടക്കുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക? ഇത്തരം കാഴ്ചകള്‍ കണ്ടു മനസ്സു മടുത്തു തുടങ്ങിയിരുന്നു.  വേണമെങ്കില്‍ എനിക്ക് അവിടെനിന്ന് പുറത്തു പോകാമായിരുന്നു. എന്നാല്‍, തുടക്കം മുതലേ കൂടെ നിന്നിരുന്ന സ്ഥാപനം എന്ന നിലയിലാകാം അത് മെച്ചപ്പെട്ടു കാണണമെന്ന ഒരു 'ദുര്‍ബ്ബലചിന്ത'  എന്റെ ഉള്ളില്‍ എവിടെയോ ഉണ്ടായിരുന്നു.  അതുകൊണ്ടു പോകാനും തോന്നിയില്ല. ആ സ്ഥാപനത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ക്കും  ഒരു കത്തയച്ചു. എന്നാല്‍, അതിനെയൊന്നും ഗൗരവത്തിലെടുക്കുന്ന ഒരു രീതി എങ്ങും കാണാന്‍ കഴിഞ്ഞില്ല. വീണ്ടും സമാനമായ സംഭവങ്ങള്‍ ഉണ്ടാവുകയായിരുന്നു. ചാനലിലെ എന്റെ സുഹൃത്ത് പറഞ്ഞതിനു തുല്യമായിരുന്നു എല്ലാം. അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം  നിസ്സംഗനായി നോക്കിനില്‍ക്കാനും എനിക്ക് കഴിയുമായിരുന്നില്ല. അതുകാരണം ആ രണ്ടുപേര്‍ക്കും എന്നോടുള്ള ശത്രുതയും വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഇടയ്ക്കിടെ ഞാന്‍ പൊതുപരിപാടികള്‍ക്ക്  പോകാറുണ്ട്.  അവിടെയുള്ള സുഹൃത്തിന് അക്കാര്യത്തില്‍ എന്തോ അസഹിഷ്ണുതയുള്ളതായി എനിക്കു മനസ്സിലായി. ഒരു ദിവസം വൈകിട്ട് ന്യൂസ്റൂമില്‍ വെച്ച് ആ സുഹൃത്ത് മോശമായ ഭാഷയില്‍ എന്തോ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ട് ഞാന്‍ പുറത്തേക്ക് വന്നു. എന്നെ കാണാന്‍ വന്ന ഒരാളോടാണ് അയാള്‍ മോശമായ ഭാഷയില്‍ സംസാരിക്കുന്നത്. എന്നെ എന്തിനു കൂട്ടിക്കൊണ്ടു പോകാന്‍ വന്നു എന്നാണ് ചോദ്യം. എനിക്കത് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ അടുത്തേക്ക് ചെന്നു എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന്  ചോദിച്ചു.

അയാള്‍ അതിനു മറുപടി പറയാതെ മുഖം താഴേക്ക് താഴ്ത്തി എന്തോ മുരളുക മാത്രം ചെയ്തു. അതാണ് അയാളുടെ രീതിയത്രെ. ആരോടും അധികം ബന്ധമൊന്നുമില്ലാതെ, ഒരു പൊതുപരിപാടിയിലും പങ്കെടുക്കാത്ത ഒരാള്‍ക്ക്  ഈ സ്ഥാപനത്തില്‍ എങ്ങനെയാണ്  ഇത്രമാത്രം സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞതെന്ന് ഞാന്‍ പരിശോധിച്ചു.  അപ്പോള്‍ എനിക്ക് ബോധ്യമായി. മറ്റു  ചിലരുടെ വിധേയത്വത്തിന്റെ ഫലമായിട്ടാണ് അതെന്ന്.  പത്രത്തില്‍ ആ നാളുകളില്‍ എല്ലാ ആഴ്ചയിലും മാനേജിംഗ് ഡയറക്ടറുടെ  ഒരു കോളമുണ്ടായിരുന്നു. അദ്ദേഹം ഒരെഴുത്തുകാരനോ രാഷ്ട്രീയത്തിനപ്പുറത്ത് എന്തെങ്കിലും കാര്യങ്ങളില്‍ അറിവുള്ളയാളോ ആയിട്ട്  എനിക്ക് തോന്നിയിട്ടില്ല.  പിന്നെ എങ്ങനെയാണ്  ലേഖനമെഴുതാന്‍ കഴിയുന്നത്? അന്വേഷിച്ചപ്പോഴാണ്  അറിഞ്ഞത് ആ ഓഫീസിലെ എന്റെ സുഹൃത്താണ്  പതിവായി ലേഖനമെഴുതിക്കൊടുക്കുന്നത്. അതിന്റെ വിധേയത്വം അദ്ദേഹത്തിന് എന്റെ സുഹൃത്തിനോടുണ്ടായിരിക്കാം.  അതിനു പുറമെ ഉന്നതനായ ഒരു നേതാവിന്റെ നിയമസഭാപ്രസംഗങ്ങള്‍ എഡിറ്റ് ചെയ്തു പുറത്തിറക്കുന്നതിലും സുഹൃത്ത് വലിയ പങ്കു വഹിച്ചിട്ടുണ്ടത്രെ.  അതിന്റെയൊക്കെ  വിധേയത്വം  ആ ഉന്നതനേതാവിനും അയാളോടുണ്ടെന്നും  കേള്‍ക്കുന്നു.  ഇത്രയൊക്കെ സാഹചര്യമുണ്ടായിട്ടും ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി എന്തെങ്കിലും ആ സുഹൃത്ത് ചെയ്യുന്നതായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.  മാത്രവുമല്ല, ഓഫീസില്‍ വരുന്നവരോടെല്ലാം വളരെ മോശമായി മാത്രം പെരുമാറി പത്രത്തെ സംബന്ധിച്ചു തെറ്റായ അഭിപ്രായം പൊതുവില്‍ അയാള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല

അതിനിടെ ഓഫീസില്‍ പുതിയൊരു മാനേജര്‍ സ്ഥാനമേറ്റു.  അയാളും ബാങ്കില്‍നിന്നു വിരമിച്ച ഒരുദ്യോഗസ്ഥനായിരുന്നു.  വളരെ കണിശക്കാരന്‍.  വന്ന ആ മാസം തന്നെ സര്‍ക്കുലേഷന്റെ  ചുമതലയുള്ള വ്യക്തിയുടെ കളവു  കണ്ടുപിടിച്ചു.   ഇതിനു ഞാനാണ് കാരണക്കാരന്‍ എന്നൊരു ധാരണ സര്‍ക്കുലേഷന്റെ ചുമതലക്കാരനുണ്ടായി. പിന്നെ ദേഷ്യം എന്റെ നേരെ തിരിഞ്ഞു. ആ ആഴ്ച തയ്യാറാക്കിയ വാരാന്ത്യപ്പതിപ്പ് കോഴിക്കോട്ട് മേഖലയില്‍ മാത്രം പുറത്തിറക്കിയില്ല. ഇതിനു കാരണമായി പറഞ്ഞത് ഇവിടെ അച്ചടിക്കാന്‍  ന്യൂസ് പ്രിന്റ് ഇല്ലാ എന്നതായിരുന്നു.  എന്നാല്‍ ഇത് കളവാണെന്ന് പിന്നീട് മനസ്സിലായി. എന്നാല്‍ ഇത് വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. മാത്രവുമല്ല, വാരാന്ത്യപ്പതിപ്പില്‍ നിരൂപണം ചെയ്യാന്‍ വേണ്ടി പ്രസാധകര്‍ അയച്ചുതന്നിരുന്ന  പുസ്തകങ്ങളെല്ലാം  ഒരലമാരയില്‍ സൂക്ഷിച്ചിരുന്നു. ഒരു ദിവസം കാലത്ത് വന്നപ്പോള്‍ പുസ്തകങ്ങളൊന്നും കാണാനില്ല. രാത്രിയില്‍ പുസ്തകങ്ങള്‍ കടത്തിയതായി ഓഫീസില്‍നിന്നും അറിയാന്‍ കഴിഞ്ഞു. എന്നോടുള്ള  പ്രതികാരം കാരണം രണ്ടു പേരും ചേര്‍ന്നു നടത്തിയ ഒരു പരിപാടിയായിരുന്നു ഇത്. അപ്പോള്‍ എനിക്ക് ദേഷ്യമല്ല തോന്നിയത്.  ഒരു സ്ഥാപനത്തിന്റെ അപചയമോര്‍ത്തുള്ള ദുഃഖമാണ്. അതിനു സാക്ഷിയാകേണ്ടിവന്നതിലുള്ള ഖേദവും.  ഇത്തരം കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചുകൊണ്ടും  ഒരു സ്ഥാപനത്തിലെ അവസ്ഥ ഇങ്ങനെ തുടരുന്നതിലുള്ള നാണക്കേട് വിവരിച്ചുകൊണ്ടും  ഞാന്‍ കമ്പനിയുടെ ചെയര്‍മാനും  മാനേജിംഗ് ഡയറക്ടര്‍ക്കും മറ്റു ഡയറക്ടര്‍മാര്‍ക്കും കത്തയച്ചു.  ഇതില്‍ ഒരാള്‍ മാത്രം വിളിച്ചു  മറുപടി എന്നോണം വിളിച്ചു പറഞ്ഞു: ''ഞങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടില്ല.  മറ്റേ വിഭാഗത്തിന്റെ കയ്യിലാണ്  സ്ഥാപനമുള്ളത്.'' സമുന്നതനായ നേതാവിനെ  ഒരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ അന്വേഷിച്ചു: ''എന്റെ കത്തു കിട്ടിയില്ലേ?''
അദ്ദേഹത്തിന്റെ മറുപടി:
''കത്തൊക്കെ ആര് നോക്കുന്നു.''
അപ്പോള്‍ ഞാനോര്‍ത്തത്, കിട്ടുന്ന കത്തുകള്‍ക്കെല്ലാം ഒരു വരിയിലെങ്കിലും മറുപടി അയയ്ക്കുന്ന ചിലര്‍ ഉണ്ടായിരുന്ന ഒരു കാലത്തെക്കുറിച്ചായിരുന്നു. ആ കാലം ഇല്ലാതായോ?
ഞാന്‍ അയച്ച കത്തുകളെക്കുറിച്ചു ഓഫീസിലെ രണ്ടു പേര്‍ക്കും അറിയാമായിരുന്നു.  അറിയുന്നതില്‍ എനിക്കൊട്ടും ഉല്‍ക്കണ്ഠയും ഇല്ലായിരുന്നു.  എന്നാല്‍, അത് അവര്‍ക്ക് എന്നോടുള്ള ദേഷ്യം ഒന്നുകൂടി  വര്‍ദ്ധിപ്പിക്കുകയും  എന്നെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലെത്തിക്കുകയും  ചെയ്തു. അതോടുകൂടി എനിക്ക് മനസ്സിലായി ഒരു സ്ഥാപനം അതിന്റെ അപചയത്തിന്റെ ഒടുവിലത്തെ  തലത്തില്‍ എത്തിയിരിക്കുന്നു. ഇനി എനിക്കവിടെ  ഒന്നു ചെയ്യുവാനില്ല.  വീക്ഷണത്തിലേക്കുള്ള എന്റെ രണ്ടാം വരവ് തികച്ചും നിരര്‍ത്ഥകമായെന്ന്  ബോദ്ധ്യപ്പെട്ട നിമിഷമായിരുന്നു അത്. ആ അദ്ധ്യായം അവസാനിപ്പിക്കുകയും ചെയ്തു.  എന്നാല്‍ എന്നെ അസ്വസ്ഥപ്പെടുത്തുന്ന  മറ്റുചില ചോദ്യങ്ങള്‍ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു.  വീക്ഷണം എന്ന സ്ഥാപനം തുടങ്ങുമ്പോള്‍ അതിന്റെ സാരഥികള്‍ക്കുണ്ടായിരുന്ന വലിയ സങ്കല്പങ്ങളുടെ ചെറിയ അംശങ്ങള്‍ ഏതാണ്ടെല്ലാം  അറിയാവുന്ന ഒരാളാണ് ഞാന്‍. ഒരുകാലം വരെ അത്തരമൊരാശയത്തെ  ശ്രദ്ധയോടെ പരിപാലിച്ചു കൂടെ കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. പിന്നെ എവിടെ വെച്ചു എങ്ങനെയാണ് അത് ശിഥിലമായിപ്പോയത്? ഒരു തിന്മ നടക്കുമ്പോള്‍ ഈ വിധത്തില്‍ മൗനം പാലിക്കാന്‍ ഇന്നത്തെ സാരഥികളെ  പ്രേരിപ്പിക്കുന്നതെന്താകാം? വീക്ഷണത്തിലേക്ക് ഒരു വട്ടം കൂടി കടന്നുചെല്ലാന്‍ കഴിഞ്ഞത് നന്നായെന്ന്  ഇപ്പോള്‍ തോന്നുന്നു.  ഇല്ലായിരുന്നെങ്കില്‍ തിന്മയ്‌ക്കെതിരെ  സമാധി പൂണ്ടു മൗനത്തില്‍  കഴിയുന്നവരെ  തിരിച്ചറിയാന്‍ എനിക്ക് കഴിയുമായിരുന്നില്ല.  എന്റെ സജീവമായ ഒരു പത്രപ്രവര്‍ത്തനജീവിതവും അതോടെ അവസാനിപ്പിക്കുകയായിരുന്നു.  ഇനി ഒരു  പത്രത്തിലും പ്രവര്‍ത്തിക്കുകയില്ല എന്നും ഞാന്‍ തീരുമാനമെടുത്തു. പത്രപ്രവര്‍ത്തനം എനിക്ക് ഒരു തൊഴില്‍ മാത്രമായിരുന്നു.  അതിനിടയില്‍ സമൂഹത്തിന്  ഗുണകരമായി തീരുന്ന എന്തെല്ലാമോ ചിലതു ചെയ്യാന്‍ കഴിഞ്ഞു.  അതിലെനിക്ക്  അഭിമാനമുണ്ട്. ഒരിക്കലും  കുറ്റബോധം തോന്നേണ്ട ഒരു സന്ദര്‍ഭവുമുണ്ടായിട്ടില്ല. പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്റെ  ഗൗരവവും മഹത്വവും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനും സാധിച്ചിരുന്നു.

ബെന്നി ബെഹനാന്‍
ബെന്നി ബെഹനാന്‍

 പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹമായ ഒന്നും നേടാന്‍ ശ്രമിച്ചിട്ടില്ല.  പത്രപ്രവര്‍ത്തനജീവിതം എനിക്കു തന്നത് ജീവിതത്തെ അറിയാനുള്ള ചില വിശിഷ്ട അനുഭവങ്ങളായിരുന്നു. പലതരം മനുഷ്യരേയും  പലതരം അവസ്ഥകളേയും കണ്ടു. ധാരാളം പാഠങ്ങള്‍ പഠിച്ചു. എന്റെ സര്‍ഗ്ഗാത്മക ജീവിതത്തിന് പത്രപ്രവര്‍ത്തനം പലപ്പോഴും പരിമിതികള്‍ സൃഷ്ടിച്ചിരുന്നു. സമയദൗര്‍ലഭ്യം എഴുത്തിന്റെ പൂര്‍ണ്ണമായ സമര്‍പ്പണത്തിന്  തടസ്സമായിരുന്നു. എങ്കിലും സജീവമായ ഒരു  ജീവിതത്തിന്റെ സമ്പന്നമായ അനുഭവമണ്ഡലം  സര്‍ഗ്ഗാത്മകതയെ പലപ്പോഴും ഉത്തേജിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു കൂടിയാണ് പൂര്‍ണ്ണനായ പത്രപ്രവര്‍ത്തകനായിട്ടും എന്നില്‍ എഴുത്തിന്റെ  നൈരന്തര്യമുണ്ടായത്. വാരിക പത്രാധിപസമിതി അംഗമായും റിപ്പോര്‍ട്ടറായും ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന സൗഭാഗ്യവും ഞാനനുഭവിക്കുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു ജീവിതത്തിന്റെ വേഷം ഞാന്‍ അഴിച്ചുവെക്കുകയാണ്. മുപ്പത്തിയഞ്ചുവര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതം എനിക്കു തന്ന ഏറ്റവും വലിയ മൂലധനം ആത്മവിശ്വാസമാണ്. അത് ബാക്കിവെച്ചുകൊണ്ട് എന്റെ തികച്ചും സ്വകാര്യമായ ഒരു ജീവിതത്തിനു വേണ്ടിയുള്ള പൂര്‍ണ്ണ സമര്‍പ്പണം ഞാന്‍ ആഗ്രഹിക്കുന്നു.  എഴുതാന്‍ ആഗ്രഹിക്കുന്ന രചനകള്‍ അതിന്റെ പൂര്‍ത്തീകരണം എന്റെ സ്വത്വത്തെ അടയാളപ്പെടുത്തുന്ന ഫലകങ്ങളാണ്.  അതിനുവേണ്ടി ഞാന്‍ കാത്തിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com