എല്ലോറയിലെ ആനബിംബങ്ങള്‍

ഉത്സവക്കാഴ്ചകളാല്‍ പരിപാകമാക്കപ്പെട്ട മനസ്സുമായി എല്ലോറയിലെത്തിപ്പെടുന്ന ഒരു മലയാളി സഞ്ചാരിക്ക് അവിടത്തെ ആനശില്പങ്ങള്‍ സമ്മാനിക്കുന്നത് തുലോം ചെറുതല്ലാത്ത അസ്വസ്ഥതകളാണ്.
എല്ലോറയിലെ ആനബിംബങ്ങള്‍

ത്സവക്കാഴ്ചകളാല്‍ പരിപാകമാക്കപ്പെട്ട മനസ്സുമായി എല്ലോറയിലെത്തിപ്പെടുന്ന ഒരു മലയാളി സഞ്ചാരിക്ക് അവിടത്തെ ആനശില്പങ്ങള്‍ സമ്മാനിക്കുന്നത് തുലോം ചെറുതല്ലാത്ത അസ്വസ്ഥതകളാണ്. തുമ്പിക്കയ്യുയര്‍ത്തി ചെവി വട്ടം പിടിച്ച് കൈലാസനാഥ ക്ഷേത്രത്തിന്റെ രക്ഷകന്മാരെപ്പോലെ കൊത്തിയെടുക്കപ്പെട്ടിരുന്ന നൂറിലധികം ആനശില്പങ്ങളില്‍ ഭാഗികമായെങ്കിലും നശിപ്പിക്കപ്പെടാത്തത് ഒന്നുപോലുമില്ല. പ്രാകൃതമായ ഇരുമ്പായുധങ്ങളാല്‍ എന്തിനാണിവയെല്ലാം പണിതുവച്ചത്. നൂറ്റാണ്ടുകള്‍ വിസ്മൃതിയില്‍ ആണ്ടശേഷം പുതുലോകത്തു വെളിപ്പെട്ടപ്പോള്‍ എന്തിനാണാവയെല്ലാം നശിപ്പിക്കപ്പെട്ടത് എന്ന ചിന്തകള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ റോബര്‍ട്ട് ഹെയ്ന്‍ ലെയ്നിന്റെ വാക്കുകളിലേക്കാണ്: ''ഒരു സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ വേറൊരു കൂട്ടരുടെ തമാശയാണ്.'' ധാരാളം ചീത്തപ്പേരുകള്‍ സമ്പാദിച്ചിട്ടുള്ള ഔറംഗസീബിന്റെ പേര് തന്നെയാണ് ഇവിടെയും കേള്‍ക്കുന്നത്. ഈ ക്ഷേത്രനിര്‍മ്മിതി തകര്‍ക്കാന്‍ അദ്ദേഹം ആയിരം പേരെ നിയോഗിച്ചെന്നും അവര്‍ മൂന്ന് വര്‍ഷം ശ്രമിച്ചിട്ടും ഇതു തകര്‍ക്കാന്‍ കഴിയാതെ പിന്തിരിയേണ്ടിവന്നു എന്നുമാണ് പ്രചാരത്തിലുള്ള ഒരു കഥ. ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ള മാര്‍ക്സിയന്‍ ചരിത്രകാരന്മാര്‍ ഈ വാദം തള്ളിക്കളയുന്നുണ്ടെങ്കിലും ഇതു തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിച്ചതിന്റെ അടയാളങ്ങള്‍ ദൃശ്യമാണ്. മുഗള്‍ ഭരണകൂടത്തിന്റെ ദില്ലിക്കു പുറത്തെ മറ്റ് പ്രധാന ഭരണസിരാകേന്ദ്രങ്ങളായിരുന്ന ഔറംഗാബാദിന്റേയും ദൗലത്താബാദിന്റേയും സാമീപ്യം ഈ രീതിയില്‍ ചിന്തിക്കാന്‍ വഴിമരുന്നിടുന്നുമുണ്ട്.

എന്തിന് ആനശില്പങ്ങള്‍ 
ഗ്രീക്ക് മിഥോളജിക്കൊപ്പം തന്നെ പ്രായം വരുന്ന ഒരു സംസ്‌കാരമാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഹൈന്ദവ ദൈവശാസ്ത്രം. ഗ്രീക്ക് ദൈവ സങ്കല്പങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടെ യാഥാര്‍ത്ഥ്യ സ്വഭാവമുള്ളതും അക്കാലത്തെ ജീവിതരീതിയുമായി ഒത്തു പോവുന്ന ഒരു ഈശ്വരാരാധനക്രമമാണ് ഈ ഉപഭൂഖണ്ഡത്തില്‍ വികസിച്ചുവന്നത് എന്ന് കാണാം. ക്ഷേത്രനിര്‍മ്മാണ രീതികളിലും ദേവീദേവന്മാരുടെ പ്രതിഷ്ഠാപനങ്ങളിലും അനുഷ്ഠാനങ്ങളിലും അവ വന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് ഒരു ക്ഷേത്രത്തെ ഒരു വ്യക്തിയായാണ് സങ്കല്പിച്ചിരിക്കുന്നത്. പാദം തൊട്ട് കേശം വരെ എല്ലാ ഭാഗങ്ങളും ഒരു ക്ഷേത്രത്തിനും ഉണ്ട്. ഒരു ദേവനെ/ദേവിയെ പ്രതിഷ്ഠിക്കുമ്പോള്‍ ആ ക്ഷേത്രശരീരത്തിനു ജീവന്‍ ലഭിക്കുന്നു. പിന്നെ അത് ഒരു വ്യക്തിയെപ്പോലെ സചേതനമായ എല്ലാ അവസ്ഥകളിലൂടെയും കടന്നുപോകുന്നു.
ദൈവത്തെ പ്രതിഷ്ഠിക്കുന്ന ആലയം ദേവാലയം. ദൈവം എന്നാല്‍ രാജാക്കന്മാരുടെ രാജാവ്. അപ്പോള്‍ ദേവാലയം രാജാധിരാജന്റെ കൊട്ടാരമെന്ന സങ്കല്പത്തില്‍ നൃത്തമണ്ഡപങ്ങളും സ്നാനഘട്ടങ്ങളും ഊട്ടുപുരകളും യോഗശാലകളും എല്ലാമടങ്ങുന്ന സമുച്ചയം അവന്‍ ദൈവത്തിനായി പണിതു. ശ്രീകോവില്‍ ഗര്‍ഭഗൃഹമായി കണ്ടു. ശ്രീകോവിലിനു പുറത്ത് പക്ഷിമൃഗാദികളടക്കമുള്ള പ്രജകളെ കൊത്തിവച്ചു. 

ഐക്കണോഗ്രാഫി പ്രകാരം ആന ശക്തിയുടേയും ബുദ്ധിയുടേയും പ്രതീകമാണ്. ക്ഷേത്ര ചുമരിന്റെ ഏറ്റവും ചുവടെ ഭാരം ചുമക്കാന്‍ ശക്തിയുടെ പര്യായമായ ആനകളെ കൊത്തിവച്ചു. തൊട്ടു മുകളില്‍ കുതിരകളേയും അതിനു മുകളില്‍ കാലാളുകളേയും മനുഷ്യരേയും ദേവദാസികളേയും യക്ഷികളേയും മുനിമാരേയും എല്ലാം ഉള്‍ക്കൊള്ളിച്ച ഒരു ലോകം തന്നെ തീര്‍ത്തു. 
മിക്ക ക്ഷേത്രങ്ങളിലും ആനകളുടെ റിലീഫ് ആണ് ചെയ്തിരിക്കുന്നത്. എന്നാല്‍, എല്ലോറയില്‍ മുന്നോട്ട് തള്ളിനില്‍ക്കുന്ന പാഫൈല്‍ രൂപത്തിലാണ് ശില്പങ്ങള്‍. ഇത് ജാഗരൂഗരായി കാവല്‍ നില്‍ക്കുന്ന ഒരു പ്രതീതി കൂടെ നല്‍കുന്നു. മറ്റ് ഗുഹാക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്തമായി കൈലാസനാഥ ക്ഷേത്രത്തില്‍ വശത്തു നിന്നല്ല മുകളില്‍നിന്നു താഴേക്കാണ് കൊത്തിവന്നത്. ആയതിനാല്‍ ഈ ഡിസൈന്‍ സാദ്ധ്യവും എന്നാല്‍ പ്രയാസമേറിയതും ആണെന്നത് നിസ്തര്‍ക്കം.
ഒരു ഒറ്റക്കല്‍ ശില്പം ക്ഷേത്രാങ്കണത്തില്‍ ഭക്തരെ വരവേറ്റു നില്‍ക്കുന്ന രീതിയിലും ഉണ്ട്. ഇതേ ശൈലിയില്‍ ഒരു ഒറ്റക്കല്‍ ശില്പം മഹാബലിപുരത്തും ഏതാണ്ടിതേ കാലഘട്ടത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മറ്റെവിടെയും ഇത്രയും വലിപ്പമുള്ള ആടയാഭരണങ്ങള്‍ അണിയിക്കാത്ത ഒറ്റക്കല്‍ ആന ശില്പങ്ങള്‍ ഇല്ല.
ഇനിയും നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയാത്ത സാങ്കേതികത്വമാണ് എല്ലോറയുടെ വ്യത്യസ്തത എന്നു പറയാം. ആദ്യം എലഫന്റാ... പിന്നെ അജന്ത, അവസാനം എല്ലോറ എന്ന രീതിയിലായിരുന്നു സന്ദര്‍ശനം. പേര് എലഫന്റാ എന്നാണെങ്കിലും രസകരമായ ഒരു വസ്തുത, ഒരൊറ്റ ആനശില്പങ്ങളും അവിടെ കണ്ടില്ല എന്നതാണ്. ചിലപ്പോള്‍ ക്ഷേത്രങ്ങളില്‍ മാത്രമായി ആനശില്പങ്ങള്‍ നിജപ്പെടുത്തിയിരുന്നിരിക്കാം. 

എന്നാല്‍, ചരിത്രം പറയുന്നത് അവിടെ കടലില്‍നിന്നും കാണാവുന്ന രീതിയില്‍ ഒരു മോണോ ലിത്തിക് ആനശില്‍പ്പം ഉണ്ടായിരുന്നു. അതുകൊണ്ടാണ് പോര്‍ച്ചുഗീസുകാര്‍ ആ ദ്വീപിന് എലഫന്റാ എന്നു പേരിട്ടത്. പൂര്‍വ്വാശ്രമത്തില്‍ ഘരാപുരി എന്നായിരുന്നു പേര്. പോര്‍ട്ടുഗീസുകാര്‍ ആ ശില്പം അവിടെ നിന്നിളക്കി നാട്ടിലേക്ക് കപ്പല്‍ കയറ്റാനൊരുങ്ങി. എന്നാല്‍ കൂറ്റന്‍ ചങ്ങല പൊട്ടുകയും ശില്പം കടലില്‍ പതിക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷുകാര്‍ ശില്പം പൊക്കിയെടുത്ത് പില്‍ക്കാലത്ത് ഡോ. ഭായി ദാജി ലാഡ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ട മുംബൈ മ്യൂസിയത്തിന്റെ അങ്കണത്തില്‍ സ്ഥാപിച്ചു. ഇന്നും അതവിടെയുണ്ട്. 

അജന്ത ഗുഹകള്‍ പ്രധാനമായും ബുദ്ധവിഹാരങ്ങളാണ്. ചില ഗുഹകളില്‍ മാത്രമാണ് ഹൈന്ദവ വിശ്വാസങ്ങളെ പിന്‍പറ്റിയുള്ള ശില്പങ്ങളുള്ളത്. ശ്രീബുദ്ധന്റെ അമ്മയും ആനകളുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങളുണ്ട്. ബുദ്ധന്റെ ഗജാവതാര കഥകളും മറ്റും മ്യൂറലുകളായി രേഖപ്പെടുത്തിയതില്‍ ശ്രേഷ്ഠതയുടെ അവസാന സങ്കല്പമായ വെളുത്ത ആനകളും ഉണ്ട്. 
നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കണക്കാക്കപ്പെടുന്ന ഈ ഗുഹാനിര്‍മ്മിതികളെ അപേക്ഷിച്ച് എ.ഡി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട എല്ലോറാ ഗുഹകള്‍ സാങ്കേതികത്തികവില്‍ അന്യൂനമെന്നു കാണാം. ഇന്ത്യയിലെ മറ്റേതൊരു ക്ഷേത്രത്തെക്കാളും കൂടുതല്‍ തികവൊത്ത ആനശില്പങ്ങളാണ് എല്ലോറയിലുള്ളതെന്നു കാണാം. അവ കാട്ടാനക്കൂട്ടങ്ങളെപ്പോലെ കൈലാസനാഥ ക്ഷേത്രത്തിലൂടെ അങ്ങനെ മേയുന്നതായി അനുഭവവേദ്യമാവും. കാലാതീതമായ, അവിശ്വസനീയമായ ഈ നിര്‍മ്മിതികള്‍... ഈ ശില്പങ്ങള്‍... തീര്‍ത്ത അജ്ഞാതരായ ശില്പികള്‍... അവര്‍ വേറേതോ അഭൗമ ലോകത്തുനിന്നും വന്ന് ചെയ്ത് തിരിച്ചുപോയതാണെന്നു വിശ്വസിക്കുന്നവരേ... നിങ്ങളാണ് യഥാര്‍ത്ഥ കലാ നിരൂപകര്‍... 

ആനശില്പങ്ങള്‍ ഇതര ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മിക്കവാറും എല്ലാ പ്രാചീന ക്ഷേത്രങ്ങളിലും ആനശില്പങ്ങളുണ്ട്. സിക്കിം ഭൂട്ടാന്‍ തൊട്ട് തമിഴ്നാട് വരെ സമൃദ്ധമായി ആനശില്പങ്ങള്‍ കാണാം. ജൈന, ബുദ്ധ, ഹൈന്ദവ ദൈവസങ്കല്പങ്ങളില്‍ ഗജസാന്നിദ്ധ്യം പ്രബലം. അതിനാല്‍ത്തന്നെ ഗജബിംബങ്ങളും ധാരാളം. ശക്തിയേയും ബുദ്ധിയേയും പ്രതീകവല്‍ക്കരിച്ച് ലക്ഷ്മി, ബൃഹസ്പതി, ഇന്ദ്രന്‍ മുതലായ ദേവീദേവന്മാരുടെ വാഹനമായി ആനയെ വാഴിച്ചിരിക്കുന്നു. പകുതി മനുഷ്യനും പകുതി ആനയുമായ മഹാഗണപതി ശക്തിയുടേയും പാണ്ഡിത്യത്തിന്റേയും പ്രതീകമാണല്ലൊ. ദേവേന്ദ്രന്റെ വാഹനമാണ് പറക്കും ആനയായ ഐരാവതം. ബി.സി. രണ്ടാം നൂറ്റാണ്ടിലെ സാഞ്ചി സ്തൂപത്തിന്റെ ഉത്തര കവാടത്തിലുള്ള ഭാരോദ്വാഹകന്മാരായ ഗജബിംബങ്ങള്‍ അസാധാരണ ഭംഗിയുള്ളവയാണ്. ഖജുരാഹോവിലും ധാരാളം ആനശില്പങ്ങളുണ്ട്. ഇവിടെയെത്തുമ്പോള്‍ പൊതുവെ സൗമ്യരൂപമുള്ളവയായാണ് കാണപ്പെടുന്നത്. പൊതുവെ ദക്ഷിണേന്ത്യന്‍ ആനകളെക്കാള്‍ ചെറുതുമാണ്. 
യുവതികളുമൊത്ത് സല്ലപിക്കുന്ന ഒരു ഖജുരാഹോ ശില്പം ഏറെ പ്രസിദ്ധമാണ്. ആനകള്‍ കൂടുതല്‍ റൊമാന്റിക് ഭാവങ്ങളില്‍ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നു. കൊണാര്‍ക്ക് ക്ഷേത്രച്ചുമരുകളിലും ആനകളുടെ വിവിധ ഭാവങ്ങളിലുള്ള രൂപങ്ങളുണ്ട്. ആനകളുടെ ജീവിതചര്യകളും അവയെ പരിശീലിപ്പിക്കുന്ന വിധങ്ങളും പിടിക്കുന്ന രീതികളുമൊക്കെ ഒന്നാമത്തെ ലെയറില്‍ കാണിച്ചിരിക്കുന്നു. ക്ഷേത്രകവാടത്തിന്റെ ഇരുവശത്തായി സിംഹങ്ങളാല്‍ കീഴടക്കപ്പെട്ട ആനകളുടേയും അതിനു താഴെ ഒരു മനുഷ്യന്റേയും ചേര്‍ന്ന ഓരോ ശില്പങ്ങളുണ്ട്. വിവിധ വികാരങ്ങള്‍ മനുഷ്യനെ നശിപ്പിക്കുന്നതിന്റെ പ്രതീകാത്മകമായ ആവിഷ്‌കാരമാണിതെന്നു കരുതപ്പെടുന്നു. 


പുരി ജഗന്നാഥക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. നാല് ലക്ഷം ചതുരശ്ര അടിയിലുള്ള ഈ ബൃഹത്തായ ഈ ക്ഷേത്ര സമുച്ചയത്തിന് നാല് കവാടങ്ങളാണുള്ളത്. സിംഹകവാടം, വ്യാഘ്ര കവാടം, അശ്വ കവാടം, ഗജ കവാടം എന്നിവ. ഇതില്‍ ഇരുവശത്തും കാവല്‍നിന്നിരുന്ന ഉത്തുംഗങ്ങളായ ഒറ്റക്കല്‍ ഗജങ്ങള്‍ മുഗള്‍ അധിനിവേശത്തില്‍ തകര്‍ന്നുവത്രെ. ഇപ്പോള്‍ മിശ്രിതങ്ങളുപയോഗിച്ച് പില്‍ക്കാലത്ത് വാര്‍ത്തുവച്ച ആന രൂപങ്ങളാണുള്ളത്. നാല് മൃഗങ്ങള്‍, മാതൃകാപഠന രീതിയനുസരിച്ച് യഥാക്രമം മോക്ഷം, ധര്‍മ്മം, കാമം, ബുദ്ധി എന്നീ നാല് വികാരങ്ങള്‍ പ്രതിനിധീകരിക്കുന്നു എന്നാണ് സങ്കല്പം.

തെന്നിന്ത്യയിലേക്ക് വരുമ്പോള്‍ ക്ഷേത്രശില്പങ്ങള്‍ പലതും പത്താം നൂറ്റാണ്ടിലേയും പില്‍ക്കാലത്തേയുമാണ്. ക്ഷേത്ര പുറംചുമരുകളില്‍ കൊത്തിയ ആനകള്‍ക്കു കൊടിയ ശൈലീമാറ്റം വന്നിരിക്കുന്നു. ആനകള്‍ കൂടുതല്‍ ഭംഗിയുറ്റതും ആടയാഭരണങ്ങള്‍ അണിഞ്ഞവയുമാണ്. യഥാര്‍ത്ഥ ഏഷ്യന്‍ ആനയ്ക്ക് കലാഭംഗി വരുത്തിയ ഒരു തരം കുള്ളന്‍ ആനകള്‍. അതിമനോഹരമായ ഒരു ആഖ്യാനശൈലി രൂപപ്പെട്ടു കഴിഞ്ഞു. പല ആനകളേയും വിരണ്ടോടുന്ന ഭാവത്തിലും തീര്‍ത്തിരിക്കുന്നു. ചില നിരീക്ഷകര്‍ ഇത് ജനങ്ങള്‍ക്കുള്ള ഒരു സന്ദേശമായി വ്യാഖ്യാനിക്കുന്നുണ്ട്. പൊതുവെ അന്നത്തെ സാമൂഹ്യ ജീവിതത്തില്‍ ആനകള്‍ക്കുള്ള പങ്ക് വിളിച്ചോതുന്നവയാണ് ഈ ഇന്‍സ്റ്റലേഷനുകള്‍. പ്രധാനമായും പാണ്ട്യ ചോള പല്ലവ ഹൊയ്സാല രാജാക്കന്മാരുടെ കാലത്താണ് പ്രധാന ക്ഷേത്രങ്ങള്‍ പലതും നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ പാണ്ട്യ രാജാക്കന്മാരുടെ ക്ഷേത്രങ്ങളില്‍ ആനപ്രതിമകള്‍ ഇല്ല എന്നുതന്നെ പറയാം. ഉദാഹരണം മധുരമീനാക്ഷി ക്ഷേത്രം. 


ചോള രാജാക്കന്മാര്‍ പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രത്തിലും മറ്റും ആനകളുടെ സമൃദ്ധമായ നിര്‍മ്മാണം കാണാം. ചുമരുകളിലുള്ള റിയല്‍ സൈസ് റിലീഫുകളും സോപാനത്തില്‍ സന്നിവേശിപ്പിച്ചു രീതിയിലും ചെയ്തിരിക്കുന്നു. പണിക്കുറ്റം തീര്‍ന്ന കലാസൃഷ്ടികളാണ് ഇവയെല്ലാം. 

എന്‍.ഡി.ടി.വി തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നാണ് മഹാബലിപുരത്തെ പല്ലവ നിര്‍മ്മിതികള്‍. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലുള്ളവയാണ് ഇവ. ഏഴാം നൂറ്റാണ്ടിലെ ഗുഹാ ക്ഷേത്രങ്ങള്‍ തൊട്ട് ഒന്‍പതാം നൂറ്റാണ്ടിലെ കരിങ്കല്‍ ക്ഷേത്രങ്ങള്‍ വരെ നീണ്ട ക്ഷേത്രനിര്‍മ്മാണ പാരമ്പര്യമുള്ളവരാണ് പല്ലവന്മാര്‍. ഗംഗന്മാരുടെ പതനം-അര്‍ജുനന്റെ തപസ്സ് എന്നറിയപ്പെടുന്ന ഒറ്റക്കല്ലില്‍ കൊത്തിയ ആനകളുടെ റിലീഫും ഒരു നാടന്‍ ആനയുടെ മോണോ ലിത്തിക്ക് ശില്പവും ഇവിടെ ആയിരത്തി മുന്നൂറ് വര്‍ഷങ്ങള്‍ക്കു ശേഷവും തലയുയര്‍ത്തി നില്‍ക്കുന്നു. അതിശയകരമായ കലാവിരുതുതന്നെയാണ് ഹൊയ്സാല ക്ഷേത്രങ്ങളായ ബേലൂര്‍, സോമനാഥപുര എന്നിവിടങ്ങളിലുള്ള ചെന്ന കേശവ ക്ഷേത്രങ്ങളില്‍ ചെയ്ത ആനശില്പങ്ങളില്‍ ദൃശ്യമാവുന്നത്. തമിഴ്നാട്ടില്‍നിന്നും വിഭിന്നമായ അതിസൂക്ഷ്മമായ മറ്റൊരു ശൈലിയിലാണ് നിര്‍മ്മാണം. പ്രവേശകവാടങ്ങളില്‍ ഒറ്റ ശില്പമായും ചുമരുകളില്‍ ഏറ്റവും താഴെത്തട്ടില്‍ വരിവരിയായി റിലീഫ് ശൈലിയിലും ആയിരക്കണക്കിന് ആനകള്‍ നയനാഭിരാമമായ കാഴ്ച തന്നെ. വിജയനഗര സാമ്രാജ്യ തലസ്ഥാനമായ ഹംപിയിലെ മനോഹരമായ പതിന്നാലാം നൂറ്റാണ്ട് നിര്‍മ്മിതിയായ ആനത്തൊഴുത്ത് ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏക നിര്‍മ്മിതിയാണ്. ആനശില്പങ്ങള്‍ ഇവിടെയും ധാരാളമുണ്ട്. കേരളത്തിലെത്തിയാല്‍ ആനശില്പങ്ങള്‍ തീരെ ഇല്ല എന്നുതന്നെ പറയാം. 

വിദേശങ്ങളില്‍
വിദേശങ്ങളിലും ആന പ്രൗഢിയുടെ പ്രതീകം തന്നെ. അലക്സാണ്ടര്‍ ചക്രവര്‍ത്തി ആനകളുടെ ഗാംഭീര്യം പുരൂരവസ്സുമായുള്ള യുദ്ധത്തിനു ശേഷം അറിയുകയും ആദരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തു. തായ്ലന്റ്, കമ്പോഡിയ, ജപ്പാന്‍, ചൈന തുടങ്ങി ബുദ്ധമത സ്വാധീനമുള്ള രാജ്യങ്ങളിലും ധാരാളം ആരാധനാമൂര്‍ത്തികളായ ആനശില്പങ്ങള്‍ ഉണ്ട്. തായ്ലന്റിനെ വെള്ളാനകളുടെ നാട് എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ബുദ്ധമതത്തിന്റേയും പല്ലവ രാജാക്കന്മാരുടേയും സാന്നിദ്ധ്യത്താല്‍ ശ്രീലങ്കയിലെ കാന്‍ഡി മുതലായ സ്ഥലങ്ങളിലും ശിലാനിര്‍മ്മിതങ്ങളായ ആനശില്പങ്ങള്‍ ഉണ്ട്. കാന്‍ഡിക്കടുത്ത് പിന്നവളയിലെ ആനകളുടെ ഓര്‍ഫനേജ് ലോകപ്രശസ്തമാണല്ലൊ. 
ശീലങ്കയിലെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ ചിഹ്നം ആനയാണ്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചിഹ്നവും ആന തന്നെ. ഡെന്‍മാര്‍ക്കിന്റെ പരമ പുരസ്‌കാരത്തിന്റെ പേര് ഓര്‍ഡര്‍ ഓഫ് ദി എലഫന്റ് എന്നാണ്. നെപ്പോളിയന്‍ വാര്‍ വിക്ടറി മോണിമെന്റ് ആയി, പിടിച്ചെടുത്ത പീരങ്കികള്‍ ഉരുക്കി നിര്‍മ്മിക്കാനുദ്ദേശിച്ച പടുകൂറ്റന്‍ ആന പ്രതിമയുടെ മോഡല്‍ എലഫന്റ് ഓഫ് ദി ബാസ്റ്റില്‍ വിശ്വപ്രസിദ്ധം. 

ആനകളുടെ പൂര്‍വ്വികരെന്ന് കരുതപ്പെടുന്ന മാമ്മത്തുകളുമായി ഏറെ രൂപസാദൃശ്യമുള്ളവയാണ് ആഫ്രിക്കന്‍ ആനകള്‍. ഭീമാകാരമായ കൊമ്പുകള്‍ക്കു വേണ്ടിയുള്ള കൊടിയ വംശഹത്യയ്ക്ക് ഇരയാകേണ്ടിവന്നിരുന്ന ആഫ്രിക്കന്‍ ആനകള്‍ നാശത്തിന്റെ പടിവാതില്‍ക്കലാണ്. കൊടിയടയാളങ്ങള്‍, സര്‍ക്കാര്‍ ചിഹ്നങ്ങള്‍, നാണയങ്ങള്‍, സാഹിത്യം, നാടോടിക്കഥകള്‍, സര്‍ക്കസ്സ്, മഹേന്ദ്രജാലം, സിനിമ അങ്ങനെ അനന്തമായി വിശ്വം മുഴുവന്‍ മനുഷ്യന്റെ എക്കാലത്തേയും അത്ഭുതമായി ആന നിറഞ്ഞുനിന്നു. 

അല്പം ചരിത്രം 
ആനയുടെ ഡൊമസ്റ്റിക്കേഷന്‍ ക്രിസ്തുവിന് ആറായിരം വര്‍ഷം മുന്‍പ് തുടങ്ങിയതായി ചരിത്രകാരന്മാര്‍ ഗുഹാചിത്രങ്ങളിലും മറ്റും നടത്തിയ പഠനങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ആനയുടെ രൂപങ്ങള്‍ ആലേഖനം ചെയ്ത ഹാരപ്പന്‍ സീലുകളും ടെറാക്കോട്ടാ ഫിഗറിനുകളും കാര്‍ബണ്‍ ടെസ്റ്റുകളിലൂടെ മൂവായിരം ബി.സിക്കടുത്ത് പഴക്കമുള്ളവയെന്നു കണ്ടെത്തിയിരിക്കുന്നു. സൗമ്യതയും എന്നാല്‍, അപാരമായ കായികക്ഷമതയും അവര്‍ മനസ്സിലാക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തു. 
ആര്യന്മാരുടെ കൂടെയാണ് ആനകളുടെ ഉപയോഗരീതി ഇന്ത്യയിലെത്തുന്നത്. പ്രാബോസിസ് എന്ന ശ്വസിക്കാനും വെള്ളമെടുക്കാനും കൈ പോലെ ഉപയോഗിക്കാനും കഴിയുന്ന തുമ്പിക്കൈയാണ് മറ്റു മൃഗങ്ങളില്‍നിന്നും ആനയെ വ്യത്യാസപ്പെടുത്തുന്നത്. ഓളിഫണ്‍ട്ട് എന്ന ഫ്രെഞ്ച് വാക്കില്‍നിന്നും എലഫന്റ് എന്ന വാക്ക് ഉത്ഭവിച്ചു. 

1500 ബി.സി. തൊട്ട് 600 ബി.സി. വരെ എത്തിയപ്പോഴേക്കും ഒരു ആനശാസ്ത്രം തന്നെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് പ്രസിദ്ധ ചരിത്ര ലേഖകന്‍ ലാഹിരി ചൗധരി (1988) രേഖപ്പെടുത്തുന്നു. ആനകളെ പിടിക്കുന്നതും വിവിധ ആവശ്യങ്ങള്‍ക്കായി പരിശീലിപ്പിക്കുന്നതും ചികിത്സയും ഒരു ശാസ്ത്രമായി പുരോഗമിച്ചു കഴിഞ്ഞിരുന്നു. മൈസൂര്‍ ഖദ്ദയും കുഴിയില്‍ വീഴ്ത്തി പിടിക്കുന്നതും പിന്നെ താപ്പാനകളെ ഉപയോഗിച്ച് മെരുക്കുന്നതും സമീപകാലത്ത് വരെ നിലവിലുണ്ടായിരുന്നല്ലൊ. നിലമ്പൂരിലെ നെടുങ്കയം ആന പരിശീലന കേന്ദ്രത്തിലും പത്തനംതിട്ടയിലെ കോന്നിയിലുമൊക്കെ പഴയ ആനക്കൂടുകള്‍ സന്ദര്‍ശകര്‍ക്കുവേണ്ടി ഇന്നും നിലനിര്‍ത്തിയിരിക്കുന്നു. അശോക ചക്രവര്‍ത്തിയുടെ കാലത്തെ ആന ചികിത്സാ ആശുപത്രികളെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 


326 ബി.സിയില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയും പുരൂരവസ്സ് രാജാവും തമ്മില്‍ നടന്ന ഝലം യുദ്ധത്തില്‍ ആനകള്‍ പങ്കെടുത്തിരുന്നു. സൈനിക ആവശ്യത്തിനായി ആനകളെ ഉപയോഗപ്പെടുത്തിയതായി ആദ്യമായി മനസ്സിലാക്കുന്നത് ഈ യുദ്ധത്തിലാണ്. മൂന്നാം സെഞ്ച്വറി ബി.സിയില്‍ ചന്ദ്രഗുപ്ത മൗര്യന്റെ സൈന്യത്തില്‍ 9000 ആനകളാണ് ഉണ്ടായിരുന്നത്. ഏതാണ്ടിതേ കാലഘട്ടത്തിലാണ് മാതംഗലീല, ഹസ്തി ആയുര്‍വ്വേദ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുന്നത്. 
പതിനാറാം നൂറ്റാണ്ടിലെത്തുമ്പോള്‍ അക്ബര്‍ ചക്രവര്‍ത്തിക്ക് 32000 ആനകളും ഒരു തികഞ്ഞ ആനപ്രേമിയായിരുന്ന ജഹാംഗീറിന് 1,13,000 ആനകളും ഉണ്ടായിരുന്നതായി ലാഹിരി ചൗധരി പറയുന്നു. 
1797-ല്‍ ജോമാന്‍ ഫ്രഡ്റിച്ച് ജുമന്‍ ബാക്ക് ആനകളെ എലഫസ് ആഫ്രിക്കാന്‍സ് (ആഫ്രിക്കന്‍) എന്നും എലഫസ് മാക്സിമസ് (ഏഷ്യന്‍) എന്നും രണ്ടായി തരം തിരിച്ചു. ആന പഠനങ്ങളുടെ ആധുനിക കാലഘട്ടം അവിടെ തുടങ്ങുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com