മാപ്പിള ലഹള  ചരിത്രവഴിയിലെ കരിയിലകള്‍

ഖിലാഫത്ത് - നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ മലബാറില്‍ ശക്തി പ്രാപിക്കുമ്പോള്‍ മലബാറിലെ സാമുദായിക ധ്രുവീകരണം എപ്രകാരമായിരുന്നു?
മാപ്പിള ലഹള  ചരിത്രവഴിയിലെ കരിയിലകള്‍

ന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ശങ്കരാചാര്യര്‍ അറസ്റ്റു ചെയ്യപ്പെടുന്നത് 1921-ല്‍ ഖിലാഫത്ത് സമരവേളയിലായിരുന്നു. മൗലാന മുഹമ്മദലി ഷൗക്കത്തലി എന്നിവരോടൊപ്പം പുരി ശങ്കരാചാര്യരായിരുന്ന ഭാരതി കൃഷ്ണതീര്‍ത്ഥയും അറസ്റ്റു ചെയ്യപ്പെട്ടു. 'വേദിക് മാത്തമാറ്റിക്സ്' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവു കൂടിയാണ് ഭാരതി കൃഷ്ണതീര്‍ത്ഥ. കോടതിയില്‍ ജഡ്ജി എത്തിയപ്പോള്‍ അദ്ദേഹം എഴുന്നേറ്റു നിന്നില്ല. എഴുന്നേറ്റു നിന്നു സംസാരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ ഗുരുവിന്റെ മുന്നിലല്ലാതെ മറ്റാരുടെ മുന്നിലും എഴുന്നേറ്റുനില്‍ക്കില്ലെന്ന് സ്വാമിജി. ആചാര്യസ്വാമികളെ അദ്ദേഹത്തിന്റെ ആശ്രമ കീഴ് വഴക്കങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്നും അദ്ദേഹത്തിനുവേണ്ടി ഞങ്ങള്‍ സംസാരിച്ചുകൊള്ളാമെന്നും മുഹമ്മദലി. കോടതി ആചാര്യസ്വാമികളുടെ പൂര്‍വ്വാശ്രമത്തിലെ പേരു വിളിച്ച് അഭിസംബോധന ചെയ്തപ്പോള്‍ മുഹമ്മദാലി പറഞ്ഞു: ''എന്നെയും എന്റെ സഹോദരനേയും മൗലാന എന്നു വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. എന്നാല്‍ ശങ്കരാചാര്യരെ അദ്ദേഹത്തിന്റെ സ്ഥാനത്തിനനുയോജ്യമായ രീതിയില്‍ അഭിസംബോധന ചെയ്യണം.'' (Historical trial of Ali brothers and other parts 11 proceedings in the sessions court Karachi. 1921) ഖിലാഫത്ത് സമരകാലത്തെ ഹിന്ദു-മുസ്ലിം മൈത്രിയുടെ ശക്തി അപ്രകാരമായിരുന്നു. 

മലബാര്‍ കലാപം (1919 - '22)
1920-ല്‍ ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം കേരളത്തിലെത്തുമ്പോള്‍ ബഹുഭൂരിപക്ഷം മുസ്ലിങ്ങളും അതിനൊപ്പം നിന്നു. മുസ്ലിങ്ങളിലെ ചില യാഥാസ്ഥിതികര്‍ വിട്ടുനിന്നെങ്കിലും പൊതുവികാരം 'സ്വരാജ്' തന്നെ ആയിരുന്നു. 1920-ല്‍ നടന്ന മഞ്ചേരി സമ്മേളനത്തില്‍, കൂടിയായ്മ വിഷയം അവതരിപ്പിച്ചത്, കെ.പി. രാമന്‍മേനോന്‍, ഗോപാലമേനോന്‍, മാധവന്‍ നായര്‍ തുടങ്ങിയവരായിരുന്നു. എതിര്‍ത്തതും ഹിന്ദു ജന്മികളായിരുന്നു. അതായത് വര്‍ഗ്ഗീയ ദൃഷ്ടിയിലായിരുന്നില്ല അന്ന് വസ്തുതകളെ വിലയിരുത്തിയിരുന്നത്. 1921 ആഗസ്റ്റിനു ശേഷം ഖിലാഫത്ത് - നിസ്സഹകരണ സമരം കലാപമായതും പിന്നീട് വര്‍ഗ്ഗീയ കലാപമായതും അതിന്റെ തുടക്കം നിരീക്ഷിച്ചവരെ അത്ഭുതപ്പെടുത്തും.

ഖിലാഫത്ത് സമരസമിതിയുടെ തുടക്കത്തില്‍ അക്രമ-അക്രമരാഹിത്യ സമരങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വന്നിരുന്നു. ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും ഗാന്ധിജിയുടെ വരവോടെ അക്രമരാഹിത്യ സമരമാര്‍ഗ്ഗം  അംഗീകരിക്കപ്പെട്ടു. ഉല്‍മകള്‍ അതനുസരിച്ച് 'ഫത്വാ' ഇറക്കി. മലബാറില്‍ സമരം ഒന്നര വര്‍ഷത്തോളം ചിട്ടയോടുകൂടിയും മതവിദ്വേഷരഹിതമായും തുടര്‍ന്നു. പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനമുറകള്‍ ഉണ്ടായപ്പോഴും സമരം പതറിയില്ല. വര്‍ഗ്ഗീയ ലഹള ഉണ്ടായില്ല. ഖിലാഫത്ത് - നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ മലബാറില്‍ ശക്തി പ്രാപിക്കുമ്പോള്‍ മലബാറിലെ സാമുദായിക ധ്രുവീകരണം എപ്രകാരമായിരുന്നു?

മൗലാന മുഹമ്മദലി ഷൗക്കത്തലി
മൗലാന മുഹമ്മദലി ഷൗക്കത്തലി


തിയ്യ സമുദായവും ക്രൈസ്തവരും ഒരു ഭാഗത്തും സവര്‍ണ്ണ ഹിന്ദുക്കളും മുസ്ലിങ്ങളും മറുഭാഗത്തുമായിരുന്നു. മദ്യവിപത്തിനെതിരായ ബോധവല്‍ക്കരണം മൂലം സവര്‍ണ്ണ ഹിന്ദു-മുസ്ലിം സൗഹൃദം ശക്തമായിരുന്നു. 1921 മാര്‍ച്ച് 17-ന് തൃശൂരില്‍ തിയ്യ-ക്രൈസ്തവ വിഭാഗവും സവര്‍ണ്ണ ഹിന്ദു-മുസ്ലിം വിഭാഗവുമായി ഏറ്റുമുട്ടല്‍ (Malabar Rebellion. Tottenham page 10) നടന്നു. തുടര്‍ന്ന് അവിടവിടെയായി ഏറ്റുമുട്ടല്‍ ഉണ്ടായി. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനക്കാര്‍ 1921 ആഗസ്റ്റ് മാസത്തില്‍ പിക്കറ്റിങ്ങ് നടത്തുകയുണ്ടായി. ആഗസ്റ്റ് മൂന്നിന് കള്ളുചെത്തുകാരുടെ കള്ളുകുടം പൊട്ടിച്ചു. സമരം അക്രമരാഹിത്യമുറകളിലൂടെയായിരുന്നു. (Malabar Rebellion 17). മതിയായ പൊലീസും സൗകര്യങ്ങളും ഇല്ലാതിരിക്കെ, അനവസരത്തില്‍ പൂക്കോട്ടൂരില്‍ പൊലീസ് പ്രകോപനം സൃഷ്ടിച്ചപ്പോള്‍ മാത്രമാണ് അക്രമം ഉണ്ടായത്. അപ്പോഴും യാതൊരു വിധത്തിലുള്ള വര്‍ഗ്ഗീയ വിദ്വേഷവും ഉണ്ടാകാതിരിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിക്കുകയും അത് നടപ്പാക്കുകയും ചെയ്തിരുന്നു.

ഭാരതി കൃഷ്ണതീര്‍ത്ഥ
ഭാരതി കൃഷ്ണതീര്‍ത്ഥ


വള്ളുവനാടും പൊന്നാനി ഭാഗത്തും നമ്പൂതിരിമാരും നായര്‍, തിയ്യ സമുദായക്കാരും കലാപത്തില്‍ പങ്കെടുത്തു. ചില സ്ഥലങ്ങളില്‍ ഇവര്‍ തന്നെയായിരുന്നു നേതാക്കളും. മണ്ണാര്‍ക്കാടും പെരിന്തല്‍മണ്ണയിലും സര്‍ക്കാര്‍ ഓഫീസുകള്‍ അക്രമിച്ചത് ഇവരുടെ നേതൃത്വത്തിലായിരുന്നു. (Malabar Rebellion 46). തിരൂരില്‍ ഖിലാഫത്ത് നേതാക്കള്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചു. സമരനേതാക്കള്‍ മഞ്ചേരി രാമയ്യരുടെ വീട്ടിലാണ് രഹസ്യമായി താമസിച്ചത്. (Malabar rebellion p. 47) ആഗസ്റ്റ് 22-ന് മണ്ണാര്‍ക്കാട് ചമ്പാരശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ ഉണ്ടായ കലാപത്തില്‍ ഇളയ നായരും മറ്റു ഹിന്ദുക്കളും പങ്കെടുത്തു. (Page 48).സെപ്റ്റംബര്‍ 12-ന് ആയിരത്തോളം മാപ്പിളമാര്‍ ഇളയനായരെ മോചിപ്പിക്കാന്‍ വേണ്ടി പൊലീസിനെ തടഞ്ഞു. (Page 86).നാട്ടുകാര്‍ കലാപ വിവരം ജന്മിമാരെ നേരിട്ടറിയിക്കുകയും രക്ഷപ്പെടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അവര്‍ അതനുസരിച്ചു. (Page 222). കലാപം സാമുദായിക അടിസ്ഥാനത്തിലോ ജന്മി - കുടിയാന്‍ സ്പര്‍ദ്ധ മൂലമോ ആയിരുന്നില്ലെന്നു വ്യക്തം.
രണ്ടു കാര്യങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്.
(1) ഖിലാഫത്ത് - നിസ്സഹകരണ സമരം പൊളിക്കാന്‍ പൊലീസ് കുടിയായ്മ പ്രശ്‌നം വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു.
(2) സമരത്തിനനുകൂലമായി അഫ്ഗാനില്‍നിന്നും സൈന്യം വരുന്നു എന്ന ഊഹാപോഹ പ്രചരണം.
(1) സര്‍ക്കാരിന്റെ പ്രേരണയാല്‍ പൊന്നാനിയിലെ ഒരു മുസലിയാര്‍, ഖുറാന്‍ പ്രകാരം താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളില്‍ പങ്കെടുക്കരുതെന്നു വ്യക്തമാക്കുന്ന ഒരു ലഘുലേഖ അച്ചടിച്ചിറക്കി.
 മാപ്പിള കലാപം സംബന്ധിച്ച സര്‍ക്കാര്‍ രേഖകള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച മലബാര്‍ കലാപം 1921-'22 എന്ന ഗ്രന്ഥത്തില്‍ ജില്ലാ മജിസ്ട്രേറ്റ് നല്‍കിയ ഒരു നോട്ട് ഇപ്രകാരം പറയുന്നു.
''ഖിലാഫത്ത്, പ്രസ്ഥാനത്തിനെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി പണ്ഡിതനായ ഒരു മുസലിയാര്‍ ലഘുലേഖ പ്രസിദ്ധീകരിച്ചു.''3
ജൂലൈ മാസത്തില്‍ സര്‍ക്കാരിനോടു വിധേയത്വമുള്ള മാപ്പിള സമുദായ നേതാക്കള്‍ പൊന്നാനിയില്‍ യോഗം കൂടി. ഖിലാഫത്ത് - നിസ്സഹകരണ സമരങ്ങള്‍ അനിസ്ലാമികമായതുകൊണ്ട് സമരത്തെ എതിര്‍ത്തു. കോണ്‍ഗ്രസ്സിന്റെ ഹിന്ദു-മുസ്ലിം ഐക്യം തട്ടിപ്പാണെന്നും സ്വരാജ് എന്നു പറയുന്നത് ഹിന്ദുഭരണത്തിന്റെ മറ്റൊരു മുഖമാണെന്നും ഒരു നേതാവ് വാദിച്ചു. ഒരു വിദേശ രാജാവിന്‍ കീഴില്‍ മാത്രമേ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

അംബേദ്കറും മൗലാന ഹസ്രത്ത് മൊഹാനിയും ഒരു ചടങ്ങില്‍
അംബേദ്കറും മൗലാന ഹസ്രത്ത് മൊഹാനിയും ഒരു ചടങ്ങില്‍


ഈ യോഗത്തിന്റെ വിശദാംശം ജൂലൈ 27-നു പ്രസിദ്ധീകരിച്ച മദ്രാസ് മെയിലിലും പ്രത്യക്ഷപ്പെടുന്നുണ്ട്. മലബാറില്‍ കുടിയായ്മയാണ് പ്രധാന വിഷയമെന്നും കൂടി യോഗം തീരുമാനിച്ചതായി മദ്രാസ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (മദ്രാസ്മെയില്‍ ജൂലൈ 27 - 1921, പേജ് 3)
പൊന്നാനിയില്‍ നടന്ന സമുദായ നേതാക്കളുടെ യോഗം സര്‍ക്കാരിനു പ്രയോജനം ചെയ്തുവെന്നു എ.ആര്‍. നാപ്പ് എന്ന മലബാര്‍ സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിലും പറയുന്നു.

ജില്ലാ മജിസ്ട്രേറ്റ് ഇ.എഫ്. തോമസ് ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍  സമരം കുടിയായ്മ പ്രശ്‌നത്തിലെത്തുമ്പോള്‍ മാത്രമേ ഗുരുതരമായി കാണേണ്ടതുള്ളു എന്നു പരാമര്‍ശിക്കുന്നുണ്ട്.6
ഖിലാഫത്ത് - നിസ്സഹകരണ സമരം പൊളിക്കണമെങ്കില്‍ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും ഭിന്നിപ്പിക്കാന്‍ ഉപകരിക്കുന്ന കുടിയായ്മ പ്രശ്‌നം പ്രധാന വിഷയമാക്കണമെന്ന് സര്‍ക്കാരും സര്‍ക്കാരിനെ അനുകൂലിക്കുന്നവരും ആഗ്രഹിച്ചിരുന്നുവെന്നും അതിനായി പ്രവര്‍ത്തിച്ചുവെന്നും മേല്‍ വസ്തുതകള്‍ വ്യക്തമാക്കുന്നു.

 സമരത്തിനനുകൂലമായി അഫ്ഗാനില്‍നിന്നു സൈന്യം വന്നുകൊണ്ടിരിക്കുന്നുവെന്ന ഊഹാപോഹ പ്രചരണം.
ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ നടന്ന ഒരു യോഗത്തില്‍ സമരകാലത്ത് അഫ്ഗാന്‍ രാജാവ് ഇന്ത്യയെ അക്രമിക്കുകയാണെങ്കില്‍ എന്തുചെയ്യണമെന്നൊരു സംശയം ഷൗക്കത്ത് അലി പ്രകടിപ്പിക്കുകയുണ്ടായി. അഫ്ഗാന്‍ രാജാവ് അപ്രകാരം ഇന്ത്യയെ അക്രമിച്ച് ഖലീഫയുടെ സ്ഥാനം  പുനഃപ്രതിഷ്ഠിക്കുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് മറുപടിയായി ഗാന്ധിജി പറഞ്ഞു. സമരത്തോടുള്ള തന്റെ 'കമ്മിറ്റ്മെന്റ്' വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ഗാന്ധിജി അപ്രകാരം പ്രസ്താവിച്ചത്. അപ്രകാരമൊരു യുദ്ധത്തിന്, യുദ്ധത്താല്‍ തളര്‍ന്ന് അമീറിന് കെല്പുണ്ടായിരുന്നില്ലെന്നും 1919-ല്‍ തന്നെ അമീര്‍ ബ്രിട്ടനുമായി സമാധാന സന്ധി കരാര്‍ ഒപ്പുവെച്ചിരുന്നുവെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് അറിവുള്ള കാര്യമായിരുന്നു.

എംഎന്‍ റോയ്
എംഎന്‍ റോയ്


പക്ഷേ, എം.എന്‍. റോയ് ചെമ്പടയുമായി അഫ്ഗാന്‍ വഴി ഇന്ത്യയിലെത്താന്‍ ശ്രമിക്കുന്ന കാലമായിരുന്നു അത്. 1920-ല്‍ താഷ്‌ക്കെന്റില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിച്ചതും അവിടെ സൈനിക പരിശീലനം ആരംഭിച്ചതും നാം നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. അതുകൊണ്ട് എം.എന്‍. റോയിയുടെ ചെമ്പട അഫ്ഗാന്‍ വഴി വരുന്നു എന്ന കഥയ്ക്ക് സാംഗത്യമുണ്ട്. അപ്പോള്‍ ഊഹാപോഹങ്ങള്‍ റോയിയുടെ ചെമ്പടയെക്കുറിച്ചായിരിക്കണം. അതു ബുദ്ധിപൂര്‍വ്വം അഫ്ഗാന്‍ രാജാവിന്റേതാക്കിയതും ഗാന്ധിജിയും അതിനൊപ്പമുണ്ടെന്നു വരുത്തിത്തീര്‍ത്തതും പൊലീസ് കോമിന്റോണ്‍ കമ്യൂണിസ്റ്റ് അച്ചുതണ്ടിന്റെ ബുദ്ധിപൂര്‍വ്വമായ പ്രചരണം തന്നെയായിരിക്കണം. അക്കാലത്ത് അറിയപ്പെടുന്ന കമ്യൂണിസ്റ്റുകള്‍ മലബാറില്‍ ഇല്ലെങ്കിലും ഖിലാഫത്തു പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ചില കമ്യൂണിസ്റ്റുകളുടെ സാന്നിദ്ധ്യം മലബാറില്‍ ഉണ്ടായിട്ടുണ്ടാകാം.

മൗലാനാ ഹസ്രത്ത് മൊഹാനി കേരളത്തിന് അത്ര പരിചിതനല്ല. മതപണ്ഡിതന്‍. ഒരേ സമയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും വേദിയില്‍ പ്രസംഗിക്കാന്‍ അനുവാദമുണ്ടായിരുന്ന വ്യക്തി. കവി. കൃഷ്ണനെ ഇഷ്ടപ്പെട്ട കവി. വളരെ പ്രസിദ്ധമായ ഗുലാം നബിയുടെ 'ചുപ്കെ, ചുപ്കെ' എന്ന ഗസല്‍ എഴുതിയത് ഇദ്ദേഹമാണ്. ഗാന്ധിജിയെ ശത്രുവായി കണ്ട വ്യക്തി. അക്രമസമരമാര്‍ഗ്ഗത്തെ അനുകൂലിക്കുന്ന വ്യക്തി. സ്വന്തം വിശ്വാസപ്രമാണങ്ങള്‍ക്ക് വേണ്ടി സര്‍വ്വതും ഇട്ടെറിഞ്ഞ വ്യക്തി. നിഷ്‌കളങ്കന്‍. ലളിതജീവിതം നയിച്ച വ്യക്തി. ഖിലാഫത്ത് സമരനായകരില്‍ പ്രധാനി. അതായിരുന്നു മൗലാനാ ഹസ്രത്ത് മൊഹാനി. അദ്ദേഹത്തിന്റെ നിലപാട് പലപ്പോഴും ചഞ്ചലമായിരുന്നുവെന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ദൗര്‍ബ്ബല്യം.

'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം തയ്യാറാക്കിയ മൗലാന ഹസ്രത്ത് മൊഹാനി കമ്യൂണിസ്റ്റ് ആയിരുന്നു. 1924-ല്‍ സത്യഭക്ത രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനും 1925-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്ക സമ്മേളനത്തിന്റെ സംഘാടകനുമായിരുന്നു ഹസറത് മൊഹാനി. ഖിലാഫത്ത് സമരത്തെത്തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ ലഹളയേയും നിര്‍ബ്ബന്ധിത മതംമാറ്റത്തേയും ന്യായീകരിച്ച ഏക വ്യക്തിയും ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിനു പുറമേ എം.എന്‍. റോയിയുടെ ഏജന്റായ മദ്രാസിലെ ശിങ്കാരവേലു ചെട്ടിയാരും ഖിലാഫത്ത് സമരത്തില്‍ സജീവമായിരുന്നു. സമരം അക്രമാസക്തമായതില്‍ നമ്മുടെ സംശയം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കു (കോമിന്റോണ്‍) നീണ്ടുപോകുന്നതും സ്വാഭാവികം.

ഗാന്ധിജി മദ്രാസ് പ്രവിശ്യ സന്ദര്‍ശിച്ചപ്പോള്‍
ഗാന്ധിജി മദ്രാസ് പ്രവിശ്യ സന്ദര്‍ശിച്ചപ്പോള്‍


അലിമുസ്ലിയാര്‍ അക്രമസമരമാര്‍ഗ്ഗം ആരംഭിക്കുന്നതിനു മുന്‍പ് ഒരു അഫ്ഗാനിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതാരാണെന്നു രേഖകളില്‍നിന്നും മനസ്സിലാകുന്നില്ല. താഷ്‌ക്കെന്റില്‍നിന്നു പരിശീലനം ലഭിച്ച മുഹാജിര്‍ ആകാനുള്ള സാദ്ധ്യത തള്ളിക്കളയാനും കഴിയില്ല.
ഖിലാഫത്തോ നിസ്സഹകരണ പ്രസ്ഥാനമോ ആയിരുന്നില്ല അന്നത്തെ പ്രധാന വിഷയമെന്നും പാട്ടക്കുടിയായ്മയായിരുന്നു പ്രധാന വിഷയമെന്നും ഉള്ള കമ്യൂണിസ്റ്റ് ഭാഷ്യം നമ്മളില്‍ സംശയം ജനിപ്പിക്കുന്നത് ഇക്കാരണത്താലൊക്കെയാണ്. ഗാന്ധിജിയുടേയും കോണ്‍ഗ്രസ്സിന്റേയും അക്രമരാഹിത്യ സമരം വിജയകരമായാല്‍ കര്‍ഷകരേയും തൊഴിലാളികളേയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന വസ്തുത ചമ്പാരന്‍ സമരത്തിന്റെ വിജയത്തിലൂടെ കോമിന്റോണിനു ബോധ്യപ്പെട്ടിട്ടുണ്ടാകണം. നിസ്സഹകരണ സമരത്തിന്റെ ചര്‍ച്ച ബ്രിട്ടനുമായുള്ള പാര്‍ട്ടി ബന്ധം ശക്തിപ്പെടുത്താനും അടിസ്ഥാന വര്‍ഗ്ഗത്തിലേക്കുള്ള കടന്നുകയറ്റം സാദ്ധ്യമാക്കാനും സഹായിച്ചേക്കുമെന്ന് കോമിന്റോണ്‍ കണക്കുകൂട്ടിയിട്ടുണ്ടാകാം. അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ വ്യാഖ്യാനവും അപ്രകാരമായിരുന്നു എന്നത് ശ്രദ്ധേയമാണ്. 1921-'22 കാലത്ത് റഷ്യ ബ്രിട്ടനുമായി സമാധാനക്കരാര്‍ ഉണ്ടാക്കിയതും ശ്രദ്ധിക്കപ്പെടുന്നു.

അബാനി മുഖര്‍ജി
അബാനി മുഖര്‍ജി


1921-ല്‍ തന്നെ അബാനി മുഖര്‍ജി തയ്യാറാക്കിയതും ലെനിനു നല്‍കിയതുമായ 'മാപ്പിളമുന്നേറ്റം' എന്ന ഒരു രേഖയെക്കുറിച്ച് ലെനിന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ പരാമര്‍ശമുണ്ട്. അദ്ദേഹം ആ കുറിപ്പ് ബുക്കാറിനു നല്‍കിയതായി സമ്പൂര്‍ണ്ണ കൃതികളില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ ഈ രേഖയോ, രേഖയെ അടിസ്ഥാനമാക്കി അബാനി മുഖര്‍ജി തയ്യാറാക്കി 'കമ്യൂണിസ്റ്റ് റിവ്യൂവില്‍' 1922-ല്‍ പ്രസിദ്ധീകരിച്ച ലേഖനമോ Communist org-ലോ മറ്റു സ്ഥലങ്ങളിലോ കാണാന്‍ കഴിയുന്നില്ല. 

മലബാര്‍ കലാപത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളിലൊന്നും പ്രത്യക്ഷപ്പെടാത്ത ഒരു സംഭവം ഈ ലേഖനത്തില്‍ പ്രത്യക്ഷപ്പെട്ടു. 1921 ജൂലൈ 18-ന് വള്ളുവനാട്ടെ തൂനക്കല്‍ എന്ന സ്ഥലത്തു നടന്ന കാനോംദാര്‍ കര്‍ഷകരുടെ ഒരു യോഗത്തെ സംബന്ധിച്ചുള്ളതാണ് ആ വാര്‍ത്ത. എന്‍.പി. അഹമ്മദ് എന്ന് മരവ്യവസായിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 800 ഓളം ഹിന്ദുക്കളും മുസ്ലിങ്ങളുമായ കാനോംദാര്‍ കര്‍ഷകര്‍ പങ്കെടുത്തു.  ഒറ്റപ്പാലത്തെ വക്കീല്‍ കെ. കോരുനായര്‍ ആയിരുന്നു അദ്ധ്യക്ഷന്‍. കാനോംദാര്‍ കര്‍ഷകരെ അംഗീകരിക്കുന്നതിനുള്ള നിയമം കൊണ്ടു വരുന്നതിന് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. മലബാറിലെ കാര്‍ഷികപ്രശ്‌നം അവസാനിപ്പിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം ഇതാണെന്നായിരുന്നു അവരുടെ വാദം. ജന്മിമാരും കര്‍ഷകരിലെ ഒരു വിഭാഗവും ഇതിനോടെതിരായിരുന്നു. കാനോംദാര്‍ കര്‍ഷകരുടെ ആവശ്യം നിയമമായില്ലെങ്കിലും ആകും എന്ന ഉറപ്പിന്മേല്‍ കാനോംദാര്‍ കര്‍ഷകര്‍ തങ്ങളുടെ അധികാരം ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. അടിച്ചമര്‍ത്തപ്പെട്ടു കിടന്ന കര്‍ഷകരുടെ ക്ഷമ നഷ്ടപ്പെടുകയും തുടര്‍ന്ന് ആഗസ്റ്റ് 19-ന് കര്‍ഷക കലാപം ആരംഭിക്കുകയും ചെയ്തു എന്ന്

അബാനി മുഖര്‍ജി അവതരിപ്പിക്കുന്നു. മറ്റൊരു പുസ്തകത്തിലും ഈ സംഭവം പരാമര്‍ശിച്ചു കണ്ടില്ല. എന്നാല്‍, ജൂലൈ 18-ന് സര്‍ക്കാരിനനുകൂലമായ ചിലര്‍ യോഗം ചേര്‍ന്നതായി വാര്‍ത്ത വന്നിരുന്നു. അപ്രകാരമെങ്കില്‍ ഈ സമയത്തായിരിക്കണം സമാധാനപരമായി നടന്ന ഖിലാഫത്ത് നിസ്സഹകരണ പ്രക്ഷോഭത്തെ വര്‍ഗ്ഗീയ കലാപത്തിലേക്കു നയിക്കുന്ന അക്രമാസക്ത സമരത്തിലേക്കും കലാപത്തിലേക്കും എത്തിക്കാന്‍ ശ്രമം നടന്നിട്ടുണ്ടാകുക.
അബാനി മുഖര്‍ജി പില്‍ക്കാലത്ത് സ്റ്റാലിനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് വധിക്കപ്പെടുകയായിരുന്നു. ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകള്‍ സമാഹരിച്ചു  പ്രസിദ്ധീകരിച്ച  Mappila Rebellion-ലെ ചില സൂചനകള്‍ ശ്രദ്ധിക്കാം.
ഒരു പൊലീസ് റിപ്പോര്‍ട്ടാണ്. ''മദ്രാസിലും മലപ്പുറത്തും നിസ്സഹകരണ പ്രസ്ഥാനക്കാര്‍ സജീവമായി പ്രചരണം നടത്തുന്നുണ്ട്. അതില്‍ പുതിയ കാര്യങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല. ചില പ്രസംഗങ്ങളില്‍ മുന്‍പു കേട്ടിട്ടില്ലാത്തവിധം ബോള്‍ഷെവിക് ചുവയുള്ള ആശയങ്ങള്‍ കാണുന്നു.''

ബോള്‍ഷെവിക്ക് സാന്നിദ്ധ്യം അപ്രകാരം മലബാറില്‍ പ്രകടമാകവേ റഷ്യയിലെ പത്രങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തവരുന്നു. ചതോപാദ്ധ്യയുടെ നേതൃത്വത്തില്‍ ഒരു സംഘം വിപ്ലവകാരികള്‍ ഈ സമയം മോസ്‌കോ സന്ദര്‍ശിക്കുന്നതു ഡോ. ദത്ത വിശദീകരിക്കുന്നുണ്ട്. ''ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം പൂര്‍ണ്ണ ശക്തിയോടെ നടക്കുന്നു. റഷ്യന്‍ പത്രങ്ങളില്‍ തെറ്റായ വാര്‍ത്തകളും സെന്‍സേഷനല്‍ വാര്‍ത്തകളും ധാരാളം വരുന്നുണ്ട്. ഉദാഹരണത്തിന് ബര്‍ലിനിലുള്ള വിപ്ലവകാരികള്‍ക്ക് 10 ലക്ഷം റൂബിള്‍ നല്‍കാന്‍ കോമിന്റോണ്‍ തീരുമാനിച്ചു. അതിന് ഏതാനും ദിവസം മുന്‍പ് ബ്രിട്ടനെതിരെ ഇന്ത്യയില്‍ നടക്കുന്ന അതിശക്തമായ പ്രസ്ഥാനം ഭാഗികമായി ദേശീയവും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനവുമായിരുന്നു. കോമിന്റോണ്‍ ഈ സമരത്തെ പിന്നില്‍നിന്നും സഹായിക്കുന്നുണ്ട്.7 

ഡോ. ദത്തയ്ക്കു കോമിന്റോണില്‍നിന്നുള്ള വാര്‍ത്തകള്‍ കൃത്യമായി ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്. അതുകൊണ്ട് വാര്‍ത്ത തെറ്റാണെന്നത് അദ്ദേഹത്തിന്റെ നിഗമനം ആകാം. കമ്യൂണിസ്റ്റുകളുടെ ഭാഷ്യത്തില്‍ സെമി പ്രോലിറ്റേറിയന്‍ ആയ സമരം അക്കാലത്ത് മലബാറിലെ ഖിലാഫത്ത് സമരമാണ്. ഈ സമരം നടന്നുകൊണ്ടിരിക്കവേ തന്നെ അബാനി മുഖര്‍ജി ലെനിന് 'മാപ്പിള മുന്നേറ്റം' എന്ന കുറിപ്പു നല്‍കിയതും കൂടി കണക്കിലെടുക്കുമ്പോള്‍, കോമിന്റോണ്‍ നേരിട്ടു നിയോഗിച്ച വ്യക്തികള്‍ ഖിലാഫത്ത് സമരം കാര്‍ഷിക സമരമാക്കി അക്രമത്തിന്റെ വഴിയിലേക്കു തിരിച്ചു വിടാന്‍ ശ്രമിക്കുന്നത് സ്വാഭാവികം.

അക്കാലത്ത് രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ആയിരുന്ന സര്‍ സെസില്‍ കേ വര്‍ഷങ്ങള്‍ക്കു ശേഷം പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തില്‍ മലബാര്‍ കലാപത്തില്‍ എം.എന്‍. റോയിക്കുള്ള പങ്ക് വെളിപ്പെടുത്തുന്നു.
ഇന്ത്യയിലുള്ള തന്റെ ഏജന്റുമാര്‍ അവരുടെ പ്രചരണം വഴിയാണ് മലബാറിലെ മാപ്പിള കലാപവും യുണൈറ്റഡ് പ്രൊവിന്‍സിലേയും പഞ്ചാബിലേയും കര്‍ഷകസമരങ്ങളും നടത്തിയതെന്ന് റോയ് ധൈര്യപൂര്‍വ്വം അവകാശപ്പെട്ടു.

കലാപം സംബന്ധിച്ച എഫ്.ബി. ഇവാന്‍സ് തയ്യാറാക്കിയ ഒരു രേഖ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ വിധി പരാമര്‍ശിക്കുന്നു. ''അലി മുസ്ലിയാരേയും അനുയായികളേയും നയിച്ചത് മത തീവ്രതയായിരുന്നില്ല, കാര്‍ഷിക വിഷയവുമായിരുന്നില്ല, നിരാശയുമായിരുന്നില്ല, എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത് ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ സ്വാധീനം മാത്രമായിരുന്നു.'' അഫ്ഗാനിലെ അമീര്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ ആട്ടിയോടിച്ച് ഇന്ത്യ കീഴടക്കുമെന്നും ഗാന്ധിജിയും അലിസഹോദരന്മാരും അദ്ദേഹത്തെ സഹായിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതുകൊണ്ട് മുസ്ലിങ്ങള്‍ ഗാന്ധിജിയേയും അലി സഹോദരന്മാരെയും സഹായിക്കണമെന്നുമായിരുന്നു അലി മുസ്ലിയാരുടെ തീരുമാനം.  (Malabar Rebellion, Tottenham page 48).  ഖിലാഫത്ത് - നിസ്സഹകരണ പ്രസ്ഥാനത്തെ ബോധപൂര്‍വ്വം ചിലര്‍ വഴിതെറ്റിച്ചു വിടുകയായിരുന്നു. അതിനായി അവര്‍ ശ്രദ്ധാപൂര്‍വ്വം കഥകള്‍ സൃഷ്ടിച്ചു. രണ്ടു സമുദായങ്ങളെ പരസ്പരം സംശയാലുക്കളാക്കും വിധം ഭിന്നിപ്പിച്ചു നിര്‍ത്തി. അവര്‍ ചരിത്രത്തിന്റെ ഇടവഴിയിലെ കരിയിലകളായി മാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com