ഉന്മൂലനങ്ങള്‍ക്കും പലായനങ്ങള്‍ക്കും നടുവില്‍: പാരഡൈസ്, ക്ലോസ്‌നെസ്റ്റ് എന്നീ ചിത്രങ്ങളെക്കുറിച്ച്

ഉന്മൂലനങ്ങള്‍ക്കും പലായനങ്ങള്‍ക്കും നടുവില്‍: പാരഡൈസ്, ക്ലോസ്‌നെസ്റ്റ് എന്നീ ചിത്രങ്ങളെക്കുറിച്ച്

മാനതകളില്ലാത്ത ക്രൂരതകളാണ് ചരിത്രത്തില്‍ ജൂതര്‍ക്കു നേരിടേണ്ടിവന്നിട്ടുള്ളത്. മറ്റൊരു സമൂഹവും നേരിട്ടിട്ടില്ലാത്ത രീതിയിലുള്ള ഉന്മൂലനങ്ങളും വേട്ടയാടലുകളും അതിജീവിച്ചാണ് അവര്‍ നിലനിന്നുപോന്നത്. ഇപ്പോഴും തുടരുന്ന ആ വേര്‍തിരിവുകളും പീഡനങ്ങളും സംസ്‌കാരത്തിന്മേലുള്ള കറുത്ത പാടുകള്‍ തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന നവനാസി പ്രസ്ഥാനങ്ങളും അവയുടെ പ്രവര്‍ത്തകര്‍ ജൂതര്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങളും വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ദുരന്തചരിത്രത്തിന്റെ ഓര്‍മ്മകളിലേക്കാണ് അത്തരം സംഭവങ്ങള്‍ നമ്മെ എത്തിക്കുന്നത്. ഏതു തരത്തിലുമുള്ള വംശീയമായ അതിക്രമവും  മനുഷ്യസംസ്‌കാരത്തിനു` നേരെ കടുത്ത വെല്ലുവിളികള്‍ തന്നെയാണ് ഉയര്‍ത്തുന്നത്.

ജൂതരുടെ ജീവിതം പെട്ടzന്നു നമ്മുടെ ഓര്‍മ്മളെക്കൊണ്ടെത്തിക്കുന്നതു  രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നടന്ന നാസി ഭീകരതകളിലേക്കാണ്. കുപ്രസിദ്ധമായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ വഴി അന്ന് ഉന്മൂലനം ചെയ്യപ്പെട്ടത് ലക്ഷക്കണക്കിനു ജൂതരാണ്. ജൂതര്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ ചരിത്രം അതിനും എത്രയോ നൂറ്റാണ്ടുകള്‍ മുന്‍പ് ആരംഭിച്ചിരുന്നു. അവയിലൊന്നാണ് 1096-ല്‍ ജര്‍മന്‍കാര്‍ നടത്തിയ കിരാതമായ ജൂത കൂട്ടക്കൊല. അതില്‍ നിരവധി പേരാണ് നിഷ്‌കരുണം കൊല ചെയ്യപ്പെട്ടത്. ഈ വിധത്തിലുള്ള നിരവധി ദുരന്തങ്ങള്‍ ജൂതചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഒരു പ്രത്യയശാസ്ത്രമായി മാറിയ ആന്റിസെമറ്റിസം (antisemitism) മനുഷ്യസംസ്‌കാരത്തിനു നേരെയുള്ള ഒരു ചോദ്യചിഹ്നമായി, ലോകത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

ജൂതര്‍ക്കെതിരയുള്ള അതിക്രമങ്ങള്‍ എഴുത്തുകാരേയും കലാകാരന്മാരേയും  പല രീതിയിലും സ്വാധീനിച്ചിരുന്നു. ശ്രദ്ധേയമായ നിരവധി സാഹിത്യകൃതികളും കലാസൃഷ്ടികളും ഈ വിഷയം കേന്ദ്രീകരിച്ചു രചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും സാഹിത്യ-കലാരംഗങ്ങളില്‍ സജീവസാന്നിദ്ധ്യമായി നിലനില്‍ക്കുകയാണ് ജൂതവിരുദ്ധ കടന്നുകയറ്റങ്ങള്‍. ലോക ചലച്ചിത്രരംഗത്ത് നിരവധി സിനിമകള്‍ ഈ വിഷയം  കേന്ദ്രീകരിച്ചു നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്രരംഗത്തെ പ്രമുഖരായ സംവിധായകര്‍ മിക്കവരും ഈ വിഷയം കൈകാര്യം ചെയ്തിരുന്നു. സമകാലീന ചലച്ചിത്രരംഗത്തും  ഇത്തരം ചിത്രങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഭൂരിപക്ഷം ചിത്രങ്ങളും ഹോളോകാസ്റ്റ് കേന്ദ്രീകരിച്ചവയാണെങ്കിലും അതില്‍നിന്നും വേറിട്ട അപൂര്‍വ്വം രചനകളും കാണാന്‍ കഴിയും. രണ്ടാം ലോകമഹായുദ്ധം കേന്ദ്രീകരിച്ചുള്ള മിക്കവാറും എല്ലാ ചിത്രങ്ങളും ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. ഇത്തരം ചിത്രങ്ങള്‍ മിക്കവയും അക്കാലത്ത് നടന്ന  യഥാര്‍ത്ഥ സംഭവങ്ങള്‍ കേന്ദ്രീകരിച്ചവയായതിനാല്‍, അവയ്ക്ക് പൊതുവെ ഒരു ഡോക്യൂമെന്ററി സ്വഭാവം കാണാം. അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം  തീവ്രമായ അനുഭവമാണ് പ്രേക്ഷകന് നല്‍കുന്നത്. ചിത്രങ്ങളുടെ പൂര്‍ണ്ണമായ പട്ടിക തയ്യാറാക്കുക സാദ്ധ്യമല്ലാത്തതിനാല്‍ ശ്രദ്ധേയമായവ മാത്രം കൊടുക്കുന്നു.
1. Kanal (Andrez Wajda, Poland, 1957)
2. Night and Fog (Rensais, France)
3.The Great Dictator (Charlie Chaplin, U.K. 1940)
4.The Prawn Broker (Sidney Lumet, 1964)
5. Life is Beautiful (Roberto Benigini, 1997)
6. Schindler's List (Speilberg, USA, 1993)
7. Europa Europa (Agnieszka Holland, Poland, 1990)
8.The Pianist (Roman Polanski, Poland, 2003)
9.The Boy in Striped Pajamas (U.S.A, 2008)
10.The Son of Saul (Laslo Nemes, Hungary, 2015)
11. Sophie School-The Final Days (Marc Rothemund, Germany, 2005)



സമീപകാലത്ത്, ശ്രദ്ധേയമായ ഇത്തരം രണ്ട് ചിത്രങ്ങള്‍ റഷ്യയില്‍ പുറത്തിറങ്ങിയിരുന്നു. ലോകസിനിമയിലെ ശ്രദ്ധേയനായ റഷ്യന്‍ സംവിധായകന്‍ ആന്ദ്രേ കൊഞ്ചൊലോവ്സ്‌കി (Andrey Koncholosky) നിര്‍മ്മിച്ച പാരഡൈസ് (Paradaise), റഷ്യയിലെതന്നെ യുവസംവിധായകന്‍ കാന്റെമിര്‍ ബലഗോവ് (Kantemir Balagov) സംവിധാനം നിര്‍വ്വഹിച്ച ക്ലോസ്നെസ്സ് (Closeness) എന്നിവയാണ് ആ ചിത്രങ്ങള്‍. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകനാണ്` കൊഞ്ചലോവ്സ്‌കിയെങ്കില്‍ തന്റെ ആദ്യചിത്രമായ ക്ലോസ്നെസ്സ് വഴി കാന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടിയിരുന്നു കാന്റെമിര്‍ ബലഗോവ്. പാരഡൈസ് ഹോളോകാസ്റ്റ് ചിത്രവും ക്ലോസ്നെസ്സ് കുടുംബജീവിതതില്‍ ജൂതര്‍ നേരിടുന്ന പ്രതിസന്ധികള്‍, അതിക്രമങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവ ചിത്രീകരിക്കുന്നതുമാണ്. ഈ ചിത്രങ്ങള്‍ ജൂതര്‍ക്ക് നേരെയുള്ള കടന്നുകയറ്റങ്ങളുടെ വ്യത്യസ്ത രൂപങ്ങളാണ് ആവിഷ്‌കരിക്കുന്നത്.

പതിവു ഹോളോകാസ്റ്റ് ചിത്രങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണ്` പാരഡൈസ്. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെ ഭീകരതകള്‍ ചിത്രീകരിക്കുന്നതിനു പകരം അവയ്ക്കു നേതൃത്വം നല്‍കിയവരുടെ സങ്കീര്‍ണ്ണമായ മാനസികാവസ്ഥകളും അവയിലകപ്പെട്ട ഇരകളുടെ തകര്‍ച്ചയുമാണ് ചിത്രം ആവിഷ്‌കരിച്ചിരിക്കുന്നത്. ആര്യരക്തത്തിന്റെ വംശീയ മേല്‍ക്കോയ്മയില്‍ വിശ്വസിച്ച്, അതിന്റെ ശക്തികൊണ്ട് ലോകം പിടിച്ചടക്കി, സ്വര്‍ഗ്ഗം സൃഷ്ടിക്കാമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍, തങ്ങള്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചുനിന്ന്, ഒടുവില്‍ മരണത്തിനു മുന്‍പില്‍ മാത്രം കീഴടങ്ങിയവര്‍. ഇവരുടെ ആന്തരിക സംഘര്‍ഷങ്ങള്‍ ചിത്രീകരിക്കുന്നു പാരഡൈസ്. ഹോളോകാസ്റ്റ് വേട്ടക്കാര്‍ക്കും ഇരകള്‍ക്കും നല്‍കിരുന്നത് മരണം തന്നെയായിരുന്നു.

'പാരഡൈസ്' പശ്ചാത്തലമാക്കുന്നത്  രണ്ടാം ലോകമഹായുദ്ധത്തിലെ   നാസി പീഡനകാലഘട്ടമാണ്. ജര്‍മനിയിലെ ഒരു ഉന്നത കുടുംബത്തിലെ അംഗമായ ഹെല്‍മുട്ട്, പാരീസില്‍ താമസിക്കുന്ന റഷ്യക്കാരിയായും   നാസിവിരുദ്ധ പ്രതിരോധസംഘത്തിലെ അംഗവുമായ, വോഗ് മാഗസനിലെ ഫാഷന്‍ എഡിറ്ററായ ഓള്‍ഗ, പാരീസ് ഗെസ്റ്റപ്പോവില്‍ അംഗമായ പൊലീസ് ഓഫീസര്‍ ജൂള്‍സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സ്വന്തം ജീവിതകഥകള്‍ പ്രേക്ഷകര്‍ക്കു മുന്‍പില്‍ ഒരു ഇന്റര്‍വ്യൂവിലെന്നപോലെ അവതരിപ്പിക്കുന്നു ഈ മൂന്നു പേരും. അനാഥരായ രണ്ട് ജൂതക്കുട്ടികള്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ ഗെസ്റ്റപ്പോ അറസ്റ്റ് ചെയ്ത ഓള്‍ഗ ജയിലിലടക്കപ്പെടുന്നു. തന്നെ ചോദ്യം ചെയ്ത ജൂള്‍സിനെ ലൈംഗികമായി പ്രലോഭിപ്പിച്ചു ശിക്ഷയില്‍ ഇളവു നേടാന്‍ ശ്രമിക്കുന്നു ഓള്‍ഗ. എന്നാല്‍, നാസിവിരുദ്ധ പോരാളികളാല്‍ പിന്തുടരപ്പെട്ട ജൂള്‍സ് അപ്രത്യക്ഷനാവുകയാണ്. മാതാവിന്റെ മരണശേഷം സ്വന്തം വീട് വിട്ട്, നാസി ക്യാമ്പില്‍ ഓഫീസറായി ചാര്‍ജ്ജെടുക്കുന്നു ഹെല്‍മുട്ട്. ക്യാമ്പുകള്‍ പരിശോധിക്കുന്നതിനിടയില്‍  അയാള്‍ തടവുകാരിയായ ഓള്‍ഗയെ കാണുന്നു.

ആേ്രന്ദ കൊഞ്ചൊലോവ്‌സ്‌കി
ആേ്രന്ദ കൊഞ്ചൊലോവ്‌സ്‌കി

 
1933-ല്‍ ഇറ്റലിയില്‍ വെച്ച് ഓള്‍ഗയെ പരിചയമുണ്ടായിരുന്ന ഹെല്‍മുട്ട് അവളെ  ഗാഢമായി സ്‌നേഹിച്ചിരുന്നു. അപ്രതീക്ഷിതമായി ഓള്‍ഗയെ കണ്ടുമുട്ടിയ ഹെല്‍മുട്ട് അവളെ തന്റെ ക്വാട്ടേഴ്സിലെ ജോലിക്കാരിയായി നിയമിക്കുന്നു. ഓള്‍ഗയ്ക്ക് സ്വിറ്റ്സര്‍ലണ്ടിലേക്ക് രക്ഷപ്പെടാനായി രേഖകള്‍ തയ്യാറാക്കിവെയ്ക്കുന്നു അയാള്‍. എന്നാല്‍, താന്‍ സംരക്ഷിച്ച ജൂത കുട്ടികള്‍ ഇല്ലാതെ അവിടം വിട്ടുപോകാന്‍ തയ്യാറാവുന്നില്ല ഓള്‍ഗ. അപ്രതീക്ഷിതമായി സഹപാഠി ഡീട്രിഷിനെ ഹെല്‍മുട്ട് കാണുന്നതോടെയാണ് പ്രേക്ഷകര്‍ക്കു മുന്‍പില്‍ ഹെല്‍മുട്ടിന്റെ മുന്‍കാല ജീവിതവും വ്യക്തിത്വവും അനാവൃതമാവുന്നത്. പഠനകാലത്ത് ചെക്കോവിന്റെ ആരാധകരായിരുന്നു ഹെല്‍മുട്ടും ഡീട്രിഷും.

ഉറക്കമിളച്ച് ചെക്കോവ് സാഹിത്യം ചര്‍ച്ച ചെയ്തിരുന്നവര്‍. റഷ്യന്‍ സംഗീതജ്ഞന്‍ ബ്രാഹ്മസിന്റെ ആരാധകനായിരുന്നു ഹെല്‍മുട്ട്. തന്റെ ജീവിതം നശിപ്പിച്ച പട്ടാളജീവിതത്തെ പഴിക്കുന്നു ഡീട്രിഷ്. എന്നാല്‍, ഹെല്‍മുട്ട് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: ''ജര്‍മനി ലോകം കീഴടക്കുകതന്നെ ചെയ്യും!'' എന്നാല്‍, ജര്‍മന്‍ സൈന്യം പരാജയത്തിന്റെ വക്കിലാണെന്നു തിരിച്ചറിയുന്ന അയാള്‍ തകര്‍ന്നുപോകുന്നു. ഗ്യാസ് ചേമ്പറിലേക്കു മാറ്റാന്‍ തീരുമാനിക്കപ്പെട്ട ജൂതക്കുട്ടികള്‍ക്കൊപ്പം റോസ് എന്ന തടവുകാരിക്കും രക്ഷപ്പെടാനുള്ള അവസരമുണ്ടാക്കി സ്വയം മരണത്തിലേക്കു നടന്നുനീങ്ങുന്നു ഓള്‍ഗ. 

കാന്റെമിര്‍ ബലഗോവ്
കാന്റെമിര്‍ ബലഗോവ്

കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ ചുരുക്കം ചില ദൃശ്യങ്ങള്‍ മാത്രമുള്ള ചിത്രത്തില്‍ ജര്‍മന്‍ ജനതയുടെ ധാര്‍മ്മിക തകര്‍ച്ചയാണ് മുഖ്യവിഷയം. ഉന്നത ജര്‍മന്‍ കുടുംബത്തില്‍ ജനിച്ചു നല്ല രീതിയിലുള്ള വിദ്യാഭ്യാസം നേടി, ചെക്കോവ് സാഹിത്യവും ബ്രാഹ്മസിന്റെ സംഗീതവും ആസ്വദിക്കുന്ന ഹെല്‍മുട്ട് ജര്‍മന്‍ ജനതയുടെ വംശീയ ആധിപത്യത്തില്‍ വിശ്വസിച്ചു ലോകം കീഴടക്കാമെന്ന വ്യാമോഹവുമായി നാസിപ്രസ്ഥാനത്തിന്റെ കാവലാളാവുന്ന കാഴ്ച പ്രേക്ഷകരിലെത്തിക്കുന്നു ചിത്രം.

നാസി കാലഘട്ടത്തിലെ സാംസ്‌കാരികവും ധാര്‍മ്മികവുമായ തകര്‍ച്ചയുടെ കഥയാണിത്. ഇതിന്റെ പേരില്‍ ലോകം അന്നേ വരെ കണ്ടിട്ടില്ലാത്ത രൂപത്തിലുള്ള ക്രൂരതകള്‍ക്കു നേതൃത്വം നല്‍കാന്‍ ഹെല്‍മുട്ടിന് ഒരു വിഷമവും  ഉണ്ടാവുന്നില്ല. തന്റെ ചിത്രത്തെക്കുറിച്ച് കൊഞ്ചലോവ്സ്‌കി അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു: ''ജൂതര്‍ക്കെതിരെ തങ്ങള്‍ നടത്തിയ എല്ലാ അതിക്രമങ്ങളേയും ന്യായീകരിക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഹെല്‍മുട്ട്. എനിക്ക് ചിത്രത്തില്‍ ആവിഷ്‌കരിക്കേണ്ടിയിരുന്നത് ക്രൂരതയുടെ ഭംഗി (charm of evil) ആയിരുന്നു. ജൂതരുടെ ഉന്മൂലനം, തികച്ചും ധാര്‍മ്മികത നഷ്ടപ്പെട്ട, സാംസ്‌കാരിക ലോകത്തിനു മുന്‍പില്‍ തലതാഴ്ത്തുന്ന സമൂഹമായി ജര്‍മന്‍ ജനതയെ മാറ്റുകയായിരുന്നു. തികച്ചും ആത്മനിന്ദയില്‍ കഴിയുന്ന ഒരു സമൂഹം.'' എന്നാല്‍, തികച്ചും വ്യത്യസ്തമാണ് ഓള്‍ഗയുടെ ജീവിതം. റഷ്യയിലെ ഉന്നത കുടുംബത്തില്‍ ജനിച്ച്, പാരീസില്‍ രാജകീയമായി കഴിയുമ്പോഴാണ് അവര്‍ ജയിലിലെത്തുന്നത്. അവിടെവെച്ച് ഹെല്‍മുട്ടിനെ കണ്ടുമുട്ടുന്ന ഓള്‍ഗ പെട്ടെന്ന് സ്വന്തം സുരക്ഷിതത്വം മാത്രം ആഗ്രഹിക്കുന്നു; എങ്കിലും ഉടന്‍ അതു തിരുത്തി സഹതടവുകാരിക്കും താന്‍ സംരക്ഷിച്ചുപോന്ന ജൂതക്കുട്ടികള്‍ക്കും വേണ്ടി മരണം സ്വീകരിക്കുന്നു. ഓള്‍ഗയെന്ന കഥാപത്രം വഴി റഷ്യന്‍ ധാര്‍മ്മികതയെ ഉയര്‍ത്തിക്കാട്ടുന്നു കൊഞ്ചലോവ്സ്‌കി. ഈ രണ്ടുപേരുടേയും ധാര്‍മ്മികബോധങ്ങള്‍ക്കിടയിലെ വൈരുദ്ധ്യം അടിവരയിടുന്നു ചിത്രം. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല  ചിത്രത്തിനുള്ള പുരസ്‌കാരം അടക്കം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിരുന്നു പാരഡൈസ്. 

'പാരഡൈസി'ല്‍നിന്നും തികച്ചും വ്യത്യസ്തമാണ് 'ക്ലോസ്നെസ്സ്' കുടുംബമെന്ന നിലയിലും വ്യക്തികളെന്ന നിലയിലും ജൂതര്‍ നേരിടുന്ന ഒറ്റപ്പെടലും അതിക്രമങ്ങളും പ്രമേയമാക്കുന്നു ക്ലോസ്നെസ്സ്. സൂക്ഷ്മമായി പരിശോധിച്ചാല്‍ പാരഡൈസിന്റെ മറുവശമാണ് ക്ലോസ്നെസ്സ് പരിശോധിക്കുന്നത്`. റഷ്യന്‍ റിപ്പബ്ലിക്ക് ആയ കബാര്‍ഡിനോ-ബാള്‍ക്കനിന്റെ തലസ്ഥാനം നാല്‍ചിക്ക് ആണ് ചിത്രത്തിന്റെ പശ്ചാത്തലം. അവിടെ കഴിയുന്ന ആവിയും ഭാര്യയും മക്കള്‍ ഇലന, ഡേവിഡ് എന്നിവരുമടങ്ങുന്ന ജൂതക്കുടുംബത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നത്. നാല്‍ചിക്കിലെ ജൂതസമൂഹത്തില്‍, വാടകവീട്ടില്‍ താമസിക്കുന്ന ആവി, തന്റെ ചെറിയ  വര്‍ക്ക്ഷോപ്പിലെ വരുമാനം കൊണ്ടാണ് ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നത്. മകള്‍ ഇലനയും ജോലിയില്‍ പിതാവിനെ സഹായിക്കുന്നു. കൂട്ടുകാരി ലീയുമായി ഡേവിഡിന്റെ വിവാഹം നിശ്ചയിച്ച ദിവസം ഡേവിഡിനേയും ലീയേയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോവുന്നു. അവരുടെ മോചനത്തിനായി ആവശ്യപ്പെട്ട  പണം  കണ്ടെത്താന്‍ ആവിയും കുടുംബവും പാടുപെടുന്നു. വര്‍ക്ക്ഷോപ്പ് വിറ്റിട്ടും ആവശ്യപ്പെട്ട പണം ലഭിക്കുന്നില്ല. ഒടുവില്‍ മറ്റൊരു വഴിയുമില്ലാതെ ഇലനയെ തന്റെ സുഹൃത്തിന്റെ മകന്‍ റാഫെയ്ക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നു ആവി. അങ്ങനെ ലഭിക്കുന്ന പണമുപയോഗിച്ച് ഡേവിഡിനെ മോചിപ്പിക്കാമെന്നായിരുന്നു അയാളുടെ ചിന്ത. എന്നാല്‍, ഇലന മുസ്ലിം യുവാവായ സാലിമുമായി സ്‌നേഹത്തിലാണ്. അതിനിടയില്‍ ഇലന സാലിമിനെ കാണുകയും തന്റെ കുടുംബത്തോടുള്ള പ്രതിഷേധസൂചകമായി അയാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നു. അതു കഴിഞ്ഞ് വീട്ടിലെത്തിയ അവള്‍, വിവാഹമുറപ്പിക്കാനായി അവിടെയെത്തിയ റഫേയും കുടുംബത്തേയും അപമാനിക്കുന്നു. ഇതില്‍ പ്രകോപിതരായി, റാഫയും കുടുംബവും പണമേല്പിച്ചു മടങ്ങിപ്പോകുന്നു. പണവുമായിച്ചെന്ന് ഇലന, ഡേവിഡിനെ മോചിപ്പിക്കുന്നു. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നുമില്ലാതെ ആവിയും ഭാര്യയും ഇലനയോടൊപ്പം നാട് വിടുന്നു. പക്ഷേ, ഡേവിഡും ലീയും അവരോടൊപ്പം പോകാന്‍ തയ്യാറാവുന്നില്ല. പോകുന്ന വഴിയില്‍ ഇതു നമ്മുടെ എത്രാമത്തെ പലായനമാണെന്നു ചോദിക്കുന്ന ഇലനയ്ക്കു മുന്‍പില്‍ മറുപടിയില്ലാതെ നില്‍ക്കുന്നു ആവി. ഒരിടത്തും വേരുറപ്പിക്കാനാകാതെ, ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു താമസം മാറ്റി ക്കൊണ്ട്, ജീവിതം തള്ളിനീക്കാന്‍ നിര്‍ബ്ബന്ധിതരാകുന്ന ആവിയുടേയും കുടുംബത്തിന്റേയും കഥ അവിടെ അവസാനിക്കുന്നു.


സംവിധായകന്റെ സ്വന്തം നാടായ നാല്‍ചിക്കിലെ ഒരു കുടുംബം ജീവിതത്തില്‍ നേരിട്ട ദുരന്തത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായാണ്` ഈ ചിത്രം പ്രേക്ഷകനു മുന്‍പില്‍ അവതരിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജൂതര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലും അരക്ഷിതാവസ്ഥയും തീവ്രതയോടെ അവതരിപ്പിക്കുന്നു ചിത്രം. നിയമങ്ങളുടെ പരിരക്ഷയില്ലാതെ തികച്ചും നിരാലംബരായി കഴിയാന്‍ വിധിക്കപ്പെട്ട ഒരു സമൂഹം. സ്വന്തം വേരുകളുറപ്പിക്കാന്‍ കഴിയാതെ സുരക്ഷിത സ്ഥലങ്ങള്‍ തേടിയുള്ള പലായനങ്ങള്‍. ഇതു കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകള്‍. ഏറ്റവും സൂക്ഷ്മമായി ജൂതരുടെ ജീവിതസങ്കീര്‍ണ്ണതകള്‍ പ്രേക്ഷകരിലെത്തിക്കുന്നു ക്ലോസ്നസ്സ്.
ചിത്രത്തില്‍ ഇലനയെന്ന കഥാപാത്രത്തിന്റെ അഭിനയസവിശേഷതകള്‍  ശ്രദ്ധേയമാണ്. 
ഒരേ വിഷയത്തിന്റെ പരസ്പരപൂരകങ്ങളായ വശങ്ങള്‍ കൈകാര്യം ചെയ്യുന്നു പാരഡൈസും ക്ലോസ്നെസ്സും. 'പാരഡൈസി'ലെ കാലം കഴിഞ്ഞ് അരനൂറ്റാണ്ട് കഴിഞ്ഞും അതേ കാരണത്താല്‍ ഇരകള്‍ വേട്ടയാടപ്പെടുന്നത് നാം കാണുന്നു. ഈ രണ്ട് ചിത്രങ്ങളും ഏകദേശം ഒരേ കാലഘട്ടത്തില്‍ ഒരേ രാജ്യത്ത് നിര്‍മ്മിച്ചു എന്ന കാര്യം ശ്രദ്ധേയമാണ്. വേട്ടക്കാരുടെ രീതികള്‍ മാറുന്നുണ്ടെങ്കിലും ജൂതര്‍ക്കെതിരേയുള്ള ക്രൂരതകളുടെ ചരിത്രം ആവര്‍ത്തിക്കുക തന്നെയാണ്. 

പ്രസിദ്ധ ചലച്ചിത്രകാരന്‍ ആന്ദ്രേ കൊഞ്ചലോവ്സ്`കി (Andrey Konchalovsky) വളരെയധികം വൈവിധ്യങ്ങളുള്ള ചിത്രങ്ങളാണ് നിര്‍മ്മിച്ചിട്ടുള്ളത്. പ്രസിദ്ധ റഷ്യന്‍ സംവിധായകന്‍ ആന്ദ്രേ താര്‍ക്കോവ്സ്‌കിയുടെ ചിത്രം 'ആന്ദ്രേ റുബ്ലേ'വിന്റെ തിരക്കഥാ രചനയോടെയാണ് കൊഞ്ചലാവ്സ്‌കി ലോക സിനിമാരംഗത്ത് അറിയപ്പെടുന്നത്. The First Teacher (1964), Asya Klyachina's Story (1967), Nest of Gentle Folk (1969), Uncle Vanya (1970) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. 1975-ല്‍ കാനില്‍ പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രം Siberiade ലോകശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് ഹോളിവുഡ്ഡില്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ Maria Lovers (1984), Runaway Train (1985), Tango and Cash (1985) എന്നിവ ഹിറ്റുകളായിരുന്നു. 2003-ല്‍ സംവിധാനം ചെയ്ത House of Fools, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടി. എന്നാല്‍, തുടര്‍ന്നു നിര്‍മ്മിച്ച The Nutcracker in 3D ഒരു പരാജയമായിരുന്നു. The Post Man's White Nights (2014), Paradise (2016) എന്നീ ചിത്രങ്ങള്‍ വെനീസ് ചലച്ചിത്രോത്സവത്തില്‍ Silver Lion പുരസ്‌കാരം നേടിയിരുന്നു. പ്രസിദ്ധ റഷ്യന്‍ സംവിധായകന്‍ നികിത മിഖാല്‍ക്കോവ് കൊഞ്ചലോവ്സ്‌കിയുടെ സഹോദരനാണ്.

തന്റെ ഇരുപത്തിയാറാം വയസ്സില്‍  ക്ലോസ്നെസ്സ് സംവിധാനം ചെയ്ത കാന്റെമിര്‍ ബലഗോവ് (Kantemir Balagov) നാല്‍ചിക്കില്‍ ജനിച്ച്, നിയമപഠനത്തിനുശേഷം  പ്രസിദ്ധ റഷ്യന്‍ സംവിധായകനായ സുഖ്റോവിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഫിലിംവര്‍ക്ക്ഷോപ്പില്‍  ചേര്‍ന്ന് ചലച്ചിത്രപഠനം നടത്തി. അതിനുശേഷം ചില ഷോര്‍ട്ട്ഫിലിമുകള്‍ നിര്‍മ്മിച്ച ബലഗോവ്, സുഖ്റോവിന്റെ സഹായത്തോടെയാണ് 2017-ല്‍ ആദ്യ ഫീച്ചര്‍ ഫിലിം 'ക്ലോസ്നെസ്സ്' നിര്‍മ്മിച്ചത്. ബലഗോവിന്റെ ആദ്യചിത്രം തന്നെ കാനില്‍ പുരസ്‌കാരം നേടിയെന്നത് ശ്രദ്ധേയമാണ്. ഭാവിയില്‍ നിരവധി നല്ല രചനകള്‍ അദ്ദേഹത്തില്‍നിന്നും ചലച്ചിത്രലോകം പ്രതീക്ഷിക്കുന്നുണ്ട്. ഈ രണ്ടു ചിത്രങ്ങളില്‍, റഷ്യയിലെ രണ്ടു തലമുറയിലെ ചലച്ചിത്രകാരന്മാര്‍ ഒരേ പ്രമേയം വ്യത്യസ്തരീതികളില്‍ കൈകാര്യം ചെയ്യുകയാണ്. റഷ്യന്‍ സിനിമയുടെ ലോക ചലച്ചിത്രരംഗത്തെ ശ്രദ്ധേയമായ സ്ഥാനം  ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തുകയാണ്` ഈ ചിത്രങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com