കനല്‍വഴികളിലൂടെ: എസ്‌കെ വസന്തന്‍ എഴുതുന്നു

പ്രശസ്തമായ ഒരു കോളേജില്‍ ഇടതുപക്ഷ അദ്ധ്യാപക സംഘടന, അവരുടെ ഒരു പഴയ നേതാവിനെ അനുസ്മരിക്കുന്ന ചടങ്ങില്‍ പ്രഭാഷകനായി ഈയിടെ എനിക്ക് പോകേണ്ടിവന്നു.
കനല്‍വഴികളിലൂടെ: എസ്‌കെ വസന്തന്‍ എഴുതുന്നു

പ്രശസ്തമായ ഒരു കോളേജില്‍ ഇടതുപക്ഷ അദ്ധ്യാപക സംഘടന, അവരുടെ ഒരു പഴയ നേതാവിനെ അനുസ്മരിക്കുന്ന ചടങ്ങില്‍ പ്രഭാഷകനായി ഈയിടെ എനിക്ക് പോകേണ്ടിവന്നു. ആര്‍.ആര്‍.സി. എന്ന ചുരുക്കപ്പേരില്‍, അറിയപ്പെട്ടിരുന്ന ആര്‍. രാമചന്ദ്രന്‍ നായര്‍, ഓള്‍ കേരള പ്രൈവറ്റ് കോളേജ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. കാലടി ശ്രീശങ്കരാകോളേജില്‍ ആ സംഘടനയുടെ ശാഖാ സെക്രട്ടറിയായി വളരെ വര്‍ഷങ്ങള്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ കോളേജ് സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയിട്ട് അധികകാലം കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ പലവട്ടം, പല കാര്യങ്ങള്‍ക്കായി ആര്‍.ആര്‍.സിയുമായി ബന്ധപ്പെടേണ്ടിവന്നിട്ടുണ്ട്. മികച്ച അദ്ധ്യാപകന്‍, മികവുറ്റ സംഘാടകന്‍, ഹൃദയാലുവും ക്ഷമാശീലനും ആയ നേതാവ് എന്നീ നിലകളില്‍ എല്ലാം അദ്ദേഹം സമാരാദ്ധ്യന്‍ ആയിരുന്നു. ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചതിനു ശേഷം, അദ്ദേഹം ദേശാഭിമാനി പത്രത്തില്‍ ചേര്‍ന്നു. അക്കാലത്തും ഞാന്‍ അദ്ദേഹവുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. ഇതൊക്കെ കേട്ടറിഞ്ഞിട്ടുള്ളതുകൊണ്ടാവാം, കോളേജുകാര്‍ അനുസ്മരണ പ്രഭാഷണത്തിന് ഞാന്‍ മതി എന്നു തീരുമാനിച്ചത്. ഉറച്ച ഇടതുപക്ഷ ചിന്താഗതിക്കാരിയായ ഒരദ്ധ്യാപികയാണ് എന്നെ ക്ഷണിച്ചത്. കോളേജിനു പുറത്തും ഏറെ ഉത്തരവാദിത്വമുള്ള ചുമതലകള്‍ സ്തുത്യര്‍ഹമായി നിറവേറ്റി, ആദരവും അംഗീകാരവും നേടിയിട്ടുള്ള അവരുടെ സ്‌നേഹപൂര്‍ണ്ണമായ ക്ഷണം നിരസിക്കുക എന്ന പ്രശ്‌നമേ ഉണ്ടായിരുന്നില്ല. 

പത്തുമണിക്ക് മീറ്റിങ്ങ് തുടങ്ങുമെന്ന് അറിയിച്ചിരുന്നതുകൊണ്ട് ഒന്‍പതേ മുക്കാലോടെ ഞാന്‍ കോളേജില്‍ എത്തി. അവിടെ മലയാളം ഡിപ്പാര്‍ട്ടുമെന്റില്‍ എനിക്ക് സുഹൃത്തുക്കള്‍ ഉണ്ട്. അവര്‍ എന്നെ ഡിപ്പാര്‍ട്ടുമെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാന്‍ എത്തിയിട്ടുണ്ട് എന്ന വിവരം സംഘടനയുടെ സെക്രട്ടറിയെ അവരിലൊരാള്‍ വിളിച്ചറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന് എന്തു മറുപടിയാണ് കിട്ടിയത് എന്ന് എനിക്കറിയില്ല. ഏതായാലും സംഘടനാഭാരവാഹികളില്‍ ഒരാള്‍പോലും അങ്ങോട്ടൊന്നും വന്നില്ല. പതിനൊന്നായപ്പോള്‍ മറ്റൊരദ്ധ്യാപകന്‍ സംഘടനാസെക്രട്ടറിയെ ആണെന്നു തോന്നുന്നു വീണ്ടും വിളിച്ചു. അഞ്ച് മിനിറ്റിനകം യോഗം ഈ സ്ഥലത്തുവെച്ച് ആരംഭിക്കും. എന്നെ അങ്ങോട്ടു കൂട്ടിക്കൊണ്ടു ചെന്നാല്‍മതി എന്ന മറുപടി കിട്ടി. അതനുസരിച്ച്, ചിലര്‍ എന്നെ യോഗസ്ഥലത്തേക്ക് കൊണ്ടുപോയി. 

ദശാബ്ദങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കാതിരുന്നതുകൊണ്ട് പഴമയുടെ പ്രൗഢി അവയ്ക്കുണ്ടായിരുന്നില്ല. അവിടവിടെ കുമ്മായം അടര്‍ന്ന ചുവരുകള്‍, പല സ്ഥലത്തും ചുവപ്പുനിറത്തിലും നീലനിറത്തിലും എഴുതിയിട്ട ചുവരെഴുത്തുകള്‍, കീറിപ്പോയ വാള്‍പോസ്റ്ററുകള്‍ അവശേഷിപ്പിച്ച പശയുടെ കറ, ചാക്കുവള്ളികളില്‍ തൂങ്ങിയാടുന്ന പഴയ കൊടിതോരണങ്ങളുടെ അവശിഷ്ടങ്ങള്‍ (മനസ്സില്‍ ഓര്‍ത്തു: 'ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം!) മരങ്ങള്‍ക്കു ചുറ്റും കെട്ടിയ തറകളില്‍ ഒറ്റയ്ക്കും കൂട്ടുചേര്‍ന്നും ഇരുന്ന്  മൊബൈല്‍ മാന്തിക്കളിക്കുന്ന ചെറുപ്പക്കാര്‍; വെറുതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും. മണ്ണുമൂടിയ കോണിപ്പടികളും ചവിട്ടുകല്ലുകളും പൊടിയടിഞ്ഞ വരാന്തകള്‍. പണ്ടെങ്ങോ മരാമത്തുപണി നടന്നപ്പോള്‍ ബാക്കിവന്ന ഇഷ്ടികകളും ഒഴിഞ്ഞ സിമന്റുചാക്കുകളും കൂമ്പാരമായി മൂന്നു നാലു സ്ഥലങ്ങളില്‍. വരാന്തകളിലൊന്നില്‍ ഒടിഞ്ഞ ഡസ്‌ക്കും കസേരയും മര ഉരുപ്പടികളും കൂട്ടിയിട്ടിരിക്കുന്നു; ഒരു ചെടിച്ചുവട്ടില്‍ പൊട്ടിയ കുപ്പിഗ്ലാസ്സുകള്‍; മുറ്റങ്ങളില്‍ ഉച്ഛിഷ്ടം ഉണങ്ങിപ്പറ്റിയ കടലാസു പ്ലേറ്റുകളും കപ്പുകളും പൊതിയഴിച്ചു വലിച്ചെറിഞ്ഞ പത്രങ്ങള്‍ - ഇത്രയും വൃത്തിഹീനമായ ഒരു കോളേജ് ക്യാമ്പസ്സോ! ഉടമസ്ഥനു താല്പര്യം ഇല്ല എന്നു വന്നാല്‍ ഏതു വീടിന്റേയും സ്ഥിതി ഇതൊക്കെത്തന്നെ. ഒരു സ്ഥാപനം വൃത്തിയാക്കിവയ്ക്കുന്നത് കുറ്റമാണോ? മോന്തായം വളഞ്ഞാല്‍ എല്ലാ കഴുക്കോലുകളും വളയും എന്ന പഴമൊഴി സത്യമാണ്. കഴിഞ്ഞ വര്‍ഷം കോട്ടയം സി.എം.എസ്സിലും കുറവിലങ്ങാട് ദേവമാതയിലും ഇരിങ്ങാലക്കുട ക്രൈസ്റ്റിലും പ്രസംഗിക്കാന്‍ പോയിരുന്നു. ആ ക്യാമ്പസ്സുകള്‍ മനസ്സിലേക്ക് ഓടിക്കയറിവന്നു. വടക്കുംനാഥനായാലും ശരി, ഗുരുവായൂരപ്പനായാലും ശരി, ഭക്തിയുടെ ചന്തയില്‍ വില്‍ക്കാനുള്ള  ചരക്കുകളാണ് എന്ന മട്ടില്‍ ഭരിക്കുന്നവര്‍. അധികാരം കയ്യാളുമ്പോള്‍ കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് പോഴത്തം. എങ്കിലും ഓര്‍ത്തുപോയി, ഈ ക്യാമ്പസ്. തൃശൂര്‍ ബിഷപ്പിന്റെ നിയന്ത്രണത്തില്‍ ആയിരുന്നെങ്കിലോ. എനിക്കൊരു സംശയവും ഇല്ല, കേരളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് ഇതാകുമായിരുന്നു

മീറ്റിങ്ങ് ഒരുക്കിയിരുന്നത് സാമാന്യം വലിയ ഒരു ക്ലാസ്സ് മുറിയിലാണ്. ആകെ ഉണ്ടായിരുന്നത് പത്തോ പന്ത്രണ്ടോ അദ്ധ്യാപകര്‍. അത്രയും പേരെത്തന്നെ സെക്രട്ടറി എങ്ങനെ അവിടെ എത്തിച്ചു എന്നതിലായിരുന്നു എനിക്ക് അത്ഭുതം. എന്തായാലും ചടങ്ങുകള്‍ വേഗം തീര്‍ന്നു. ഞാനും എട്ടുപത്തുമിനിട്ട് സംസാരിച്ചു. (ആര്‍.ആര്‍.സിയുടെ ആത്മാവ് എന്നോടു ക്ഷമിക്കും എന്നുതന്നെ വിശ്വസിക്കുന്നു). മീറ്റിങ്ങ് അവസാനിച്ചപ്പോള്‍ എല്ലാവര്‍ക്കും പരിപൂര്‍ണ്ണ സംതൃപ്തി - ഹാവൂ കഴിഞ്ഞുകിട്ടിയല്ലോ! ക്ലാസ്സുള്ള സമയമായതുകൊണ്ടാണ് അദ്ധ്യാപകര്‍ പലരും എത്താതിരുന്നത് എന്ന് സെക്രട്ടറിക്ക് പറയാം; ക്ലാസ്സുള്ള സമയത്തുതന്നെ അനുസ്മരണ സമ്മേളനം വേണ്ടിയിരുന്നോ എന്ന് എനിക്ക് മറുചോദ്യം ചോദിക്കാം എങ്കിലും ഞാനതു ചെയ്യുന്നില്ല. കാരണം, ക്ലാസ്സ് സമയം കഴിഞ്ഞാണ് അനുസ്മരണയോഗം എങ്കില്‍, സെക്രട്ടറിക്ക് കൂടുതല്‍ ക്ലേശിക്കേണ്ടിവന്നേനെ, മൂന്നു നാലു പേരെ എങ്കിലും എത്തിക്കാന്‍. 

തിരികെ പോരുമ്പോള്‍ ഞാന്‍ ഓര്‍ത്തത് പിന്നിട്ട കനല്‍വഴികളെ കുറിച്ചാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീശങ്കരാകോളേജില്‍ പിരിച്ചുവിടലിനെതിരെ  ഞങ്ങള്‍ നടത്തിയ അതിസാഹസികമായ ഒരു സമരം. ഞങ്ങള്‍, ഇടത് അദ്ധ്യാപക സംഘടനയിലെ അംഗങ്ങള്‍ കോളേജ് ഓഫീസ് ഉപരോധിച്ച് വരാന്തയില്‍ കുത്തിയിരുന്നു. ആദ്യ ദിവസം ഒന്നും സംഭവിച്ചില്ല. പക്ഷേ, അതീവ രഹസ്യമായി ചില കരുനീക്കങ്ങള്‍ നടന്നു. പിറ്റേന്ന് ഉപരോധം തുടങ്ങിയപ്പോള്‍, കാര്യം അന്വേഷിക്കാന്‍ എന്ന മട്ടില്‍, രക്ഷാകര്‍ത്താക്കള്‍ എന്നു പറഞ്ഞ് ആറേഴു പേര്‍ വന്നു. എട്ടും പത്തും പേര്‍ എന്ന കണക്കില്‍ അല്പസമയത്തിനകം നൂറില്‍ താഴെ ആളുകള്‍ എത്തി. എന്തിനും തയ്യാറായിട്ടാണ് അവരുടെ വരവ്. സംഗതി ബോദ്ധ്യമാകുന്നതിനു മുന്‍പ് ഞങ്ങള്‍ വളയപ്പെട്ടു. അവരില്‍ ചിലര്‍ ഞങ്ങളുടെ നേര്‍ക്ക് കരിങ്കല്‍ച്ചീളുകളും ഇഷ്ടികമുറികളും വലിച്ചെറിയാന്‍ തുടങ്ങി. ഏറുകൊള്ളാതിരിക്കാന്‍ ഞങ്ങള്‍ ചിതറി. വരാന്തയില്‍ ഉണ്ടായിരുന്ന ഒരു ബോര്‍ഡിനു പിന്നില്‍ മൂന്നാലുപേര്‍ അഭയം തേടി. എനിക്ക് അങ്ങോട്ട് എത്തിപ്പെടാനായില്ല. ഒരു തൂണിന്റെ മറവില്‍ ഞാന്‍ ഒതുങ്ങിനിന്നു. തൂണിലും ബോര്‍ഡിലും കല്ലും കട്ടയും വന്നു തട്ടിച്ചിതറി. ഭാഗ്യം, രണ്ടോ മൂന്നോ മിനിറ്റേ ഏറ് ഉണ്ടായുള്ളു. അവരുടെ കൂട്ടത്തില്‍നിന്നുതന്നെ ആരോ വിലക്കി. എന്നാല്‍ കുറേപ്പേര്‍ ആര്‍ത്തലച്ച് വരാന്തയിലേക്ക് ഓടിക്കയറി. ചിലരുടെ കൈയില്‍ വിറകുകൊള്ളികള്‍ ഉണ്ടായിരുന്നു. തൂണിനു പിന്നില്‍ നിന്നിരുന്ന എന്നെ ഒരാള്‍ കടന്നുപിടിച്ച്, വരാന്തയിലൂടെ വലിച്ചിഴച്ച് മുറ്റത്തേക്കു തള്ളിയിട്ടു. മുക്കാല്‍ മീറ്ററോളം പൊക്കമുള്ള വരാന്തയില്‍നിന്ന് പാറപോലെ ഉറച്ച മുറ്റത്തേക്ക്, ശക്തിയായി തള്ളപ്പെട്ട ഞാന്‍ ഇടതു തോള്‍ കുത്തിയാണ് വീണത്. ഭാഗ്യംകൊണ്ട് ഒടിവുണ്ടായില്ല. ഇടതു കൈയിലും കാലിലും തോളിലും ഉരഞ്ഞ് തൊലിപോയി ചോര ഒലിച്ചു. അക്രമികള്‍ വിജയാഹ്ലാദത്തോടെ ആക്രോശം മുഴക്കി ഓഫീസ് തുറന്നു. ഞങ്ങളെ വളഞ്ഞുനിന്നു കൂക്കിവിളിച്ചു. അസഭ്യം പറഞ്ഞും കാവുതീണ്ടലും പൂരപ്പാട്ടും കഴിഞ്ഞ് ഭീഷണിമുഴക്കി, വസ്ത്രത്തിലേക്ക് നീട്ടിത്തുപ്പി പന്ത്രണ്ടരയോടെ അവര്‍ പോയി. 

എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ. സമരം തുടരുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. അവ അഗ്‌നിപരീക്ഷണത്തിന്റെ നാളുകള്‍ ആയിരുന്നു. ഒരുമയും നീതിബോധവും മാത്രമായിരുന്നു ഞങ്ങളുടെ കരുത്ത്. നീതിക്കുവേണ്ടി എന്തും സഹിക്കുക എന്നത് ഒരു വികാരവും വിശ്വാസവും ആയിരുന്നു. ഓരോ അദ്ധ്യാപകന്റെ പിന്നിലും കണ്ണുനീരും വേദനയും വിശപ്പും സഹിക്കുന്ന ഓരോ കുടുംബം ഉണ്ടായിരുന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍, വാര്‍ദ്ധക്യം തളര്‍ത്തിയ അച്ഛനമ്മമാര്‍, എല്ലാ വേദനകളും ഉള്ളിലൊതുക്കാന്‍ ശ്രമിച്ചിട്ടും ചിലപ്പോഴൊക്കെ വിതുമ്പിപ്പോകുന്ന ഭാര്യമാര്‍, സഹോദരിമാര്‍...

അദ്ധ്യാപക സംഘടന നീതിക്കുവേണ്ടി നിലകൊണ്ടപ്പോള്‍, വ്യക്തിജീവിതത്തിലെ സുഖസൗകര്യങ്ങളും നേട്ടങ്ങളും അപ്രസക്തങ്ങളായി അറിവിന്റെ മഹാലോകങ്ങളെ  ധര്‍മ്മബോധവുമായി കൂട്ടിയിണക്കുകയാണ് നിങ്ങളുടെ ദൗത്യം എന്ന് സംഘടന ഞങ്ങളെ നിശ്ശബ്ദം പഠിപ്പിച്ചിരുന്നു. 

അനുസ്മരണയോഗം കഴിഞ്ഞ്, വിമൂകനായി മടങ്ങുമ്പോള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി വഴികള്‍ ഓര്‍ത്തെടുത്തു. യോഗത്തിന് എന്നെ ക്ഷണിച്ച വ്യക്തി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സംഘടനയുടെ ജില്ലാതല നേതാക്കള്‍ ഉണ്ടാവും എന്നാണ് പറഞ്ഞുകേട്ടിരുന്നത്. ആരും തിരിഞ്ഞുനോക്കിയില്ല. (പത്തുപന്ത്രണ്ട് ശ്രോതാക്കളില്‍ ആരെങ്കിലും ജില്ലാ നേതാവാണോ എന്നറിയില്ല) അവര്‍ക്ക് അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. എനിക്ക് പരിഭവം തോന്നിയില്ല. പക്ഷേ, സത്യമായും ദുഃഖം തോന്നി. കൂട്ടായ്മയുടെ കരുത്ത് മനസ്സിലാക്കാത്തവരാണല്ലോ  യുവത്വത്തെ നയിക്കുന്നത് എന്നോര്‍ത്തപ്പോള്‍ ജാള്യം തോന്നി. സാമൂഹ്യബോധത്തിന്റെ നല്ല പാഠങ്ങള്‍, ചരിത്രത്തിന്റെ വിജയഗാഥകള്‍ ഇവരെങ്ങനെ പകര്‍ന്നുനല്‍കും. താനുണ്ണാത്തേവര്‍ വരം കൊടുക്കുമോ?

ചെറുപ്പക്കാരായ അദ്ധ്യാപക സുഹൃത്തുക്കളോട്, ഞാന്‍ സവിനയം പറയട്ടെ, വ്യക്തിയെക്കാള്‍ വലുതാണ് സമൂഹം എന്ന ബോദ്ധ്യം വരലാണ് സംഘടനാപ്രവര്‍ത്തനത്തിന്റെ ബാലപാഠം. ഒറ്റ ചകിരിനാര് വടം ആവില്ല, അറിവിന്റെ കൊടുമുടികള്‍ കീഴടക്കാനുള്ള ഭഗീരഥപ്രയത്‌നത്തിന്, സംഘടന അതിലെ അംഗങ്ങളെ പ്രേരിപ്പിക്കുന്നതോടൊപ്പം, ആ അറിവ് നീതിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുവേണം, വരും തലമുറകളിലേക്ക് സ്‌നേഹവാത്സല്യങ്ങളോടെ പകര്‍ന്നുനല്‍കാന്‍ എന്നും പഠിപ്പിക്കണം- ആര്‍.ആര്‍.സിയും കൂട്ടരും അതാണു ചെയ്തത്. 

വി.ആര്‍.എസ്, സി.ഇസഡ്. സ്‌കറിയ, ആര്‍.ആര്‍.സി, എം.ആര്‍.സി, ഭാസ്‌കരപ്പണിക്കര്‍, ശിവപ്രസാദ്, സി.കെ.എസ്- നേതൃത്വത്തില്‍ അതികായന്മാരുടെ ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു. അവരില്‍ ഒന്നുരണ്ടുപേര്‍ പിന്നീട് കളം മാറിച്ചവിട്ടി എങ്കിലും അവരുടെ സേവനം വിസ്മരിക്കുന്നത് കൃതഘ്‌നതയാവും. 
(''മുമ്പു നാം സ്‌നേഹിച്ചവരകന്നോ മൃതിപെട്ടോ
വന്‍ പകയോടെ ചേരിമാറിയോ പൊയ്‌പോകുന്നു....
തിരുത്തപ്പെടാം തീക്ഷ്ണവാദങ്ങളിവരോടു 
പൊരുത്തപ്പെടാം നമുക്കെന്നു ഞാനാശിക്കുന്നു.'')
20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം കെട്ടിപ്പടുത്തവരില്‍ പ്രധാനികള്‍ ഇവരൊക്കെ ആണ്. ആ മഹാവൃക്ഷങ്ങള്‍ ശിരസ്സിലേറ്റ പൊരിവെയിലാണ്, ഇപ്പോള്‍ നിങ്ങള്‍ക്കു കിട്ടുന്ന തണല്‍ എന്നതു മറക്കരുത്. നിങ്ങളില്‍ കുറച്ചു പേരെങ്കിലും അതിലും വലിയ മഹാവൃക്ഷങ്ങളാവണം - കാരണം ചൂട് ദിനംപ്രതിയെന്നോണം കൂടിവരികയാണ് - അല്ലെങ്കില്‍ പിന്നാലെ വരുന്നവര്‍ക്ക് തണുപ്പ് ഉണ്ടാവില്ല  അങ്ങനെയാണ് മരുഭൂമികള്‍ ഉണ്ടാവുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com