ദിവ്യത്വം കല്‍പ്പിക്കുന്ന ചികിത്സകന്‍: ഡോക്ടര്‍ എംകെ അബ്ദുള്‍ അസീസിനെക്കുറിച്ച്

''വൈകുന്നേരത്തിനുള്ളില്‍ ഡോക്ടറിനെ കാണാന്‍ കഴിയുമോ?'' താര ഭര്‍ത്താവിനോട് സംശയം ചോദിച്ചു. ''ഈ കാത്തിരിപ്പ് അസഹനീയമല്ലേ?''
ഡോക്ടര്‍ എംകെ അബ്ദുള്‍ അസീസ്
ഡോക്ടര്‍ എംകെ അബ്ദുള്‍ അസീസ്

മുപ്പത്തിയാറു വര്‍ഷം മുന്‍പ് കണ്ണൂരിലെ തോട്ടടയില്‍ ഹോമിയോ ഡോ. അസീസിന്റെ കണ്‍സള്‍ട്ടേഷന്‍ മുറിക്കു മുന്‍പില്‍ ടാക്‌സിക്കാറില്‍ വന്നിറങ്ങുമ്പോള്‍ ഒരു ജനാവലിയുണ്ടായിരുന്നു. 
''വൈകുന്നേരത്തിനുള്ളില്‍ ഡോക്ടറിനെ കാണാന്‍ കഴിയുമോ?'' താര ഭര്‍ത്താവിനോട് സംശയം ചോദിച്ചു. ''ഈ കാത്തിരിപ്പ് അസഹനീയമല്ലേ?'' ''ഡോക്ടറെ ഏഴാം ക്ലാസ്സില്‍ അമ്മ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പ്രത്യേക പരിഗണന എപ്പോഴും തന്നിരുന്നു'' - ശശിയേട്ടന്‍ വളരെ ലാഘവത്തോടെ പറഞ്ഞു. മുറ്റത്തെ ചെടികളിലെല്ലാം പൂക്കള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. ആരോ കാര്യമായി ചെടികളെ പരിപാലിക്കുന്നുണ്ട്. മുറ്റത്തെ അതിരുകടന്നാല്‍ പിന്നെ തെങ്ങിന്‍തോപ്പാണ്. നാലഞ്ചു കാറുകള്‍ക്കു മീതെ അവിടെ നിറുത്താന്‍ സാധിക്കില്ല. പിന്നെ രോഗികളെല്ലാം കാറില്‍ വന്നുകൊള്ളണമെന്നില്ലല്ലോ!. ഡോക്ടറെ വെറുതെ ഒന്നു കണ്ടു പരിചയപ്പെടുക മാത്രമാണ് ഉദ്ദേശ്യം. മരുന്ന് എടുത്തു കൊടുക്കുന്ന രമേശന്‍ ഡോക്ടറുടെ മുറിയില്‍ പോയി വിവരം പറഞ്ഞു കാണണം. പിന്‍വാതിലിലൂടെ അവന്‍ ഞങ്ങളെ മുറിക്കകത്തേക്കു കൊണ്ടുപോയി. ഹൃദ്യമായ ചിരിയാണ് വരവേറ്റത്. വെള്ള പാന്റ്‌സും ഷര്‍ട്ടും ധരിച്ച് വെളുത്ത് സുമുഖന്‍. വിശേഷങ്ങള്‍ ചോദിച്ചശേഷം ഡോക്ടര്‍ രോഗങ്ങളുടെ മരുന്നുകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. 'Materia Medica' പുസ്തകത്തിലെ പേജ് നമ്പര്‍ വരെ ഡോക്ടര്‍ക്ക് ഹൃദിസ്ഥമാണ്.  വിശേഷങ്ങളെല്ലാം അന്വേഷിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു: ''പുറത്തു കാത്തിരിക്കൂ ഊണു കഴിച്ചിട്ടു പോകാം. ഞാന്‍ ഉടനെ വിശ്രമിക്കാന്‍ വരും.'' അല്പം കഴിഞ്ഞ് ഡോക്ടര്‍ ഞങ്ങളെ ഊണുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അഞ്ചാറുപേരുണ്ട് ഊണു കഴിക്കാന്‍. നെയ്ച്ചോറും കോഴിക്കറിയും കഴിച്ചതിനുശേഷം പഴങ്ങളും ഉണ്ടായിരുന്നു. പോകാന്‍ നേരം ഡോക്ടര്‍ അകത്തുകൊണ്ടുപോയി ഒരു പെര്‍ഫ്യൂമും ഫോറിന്‍സോപ്പും സമ്മാനമായി തന്നു. 

പിന്നെ എത്രയോ തവണ പോയിരിക്കുന്നു ഡോക്ടറിനെ കാണാന്‍. സംസാരത്തിലൂടെ ഒരാളുടെ മനസ്സിലെ ദുഃഖങ്ങളെല്ലാം അകറ്റാനുള്ള കഴിവ് ഡോക്ടര്‍ക്കുണ്ടായിരുന്നു. ബഷീറിനെപ്പോലെ ജാതിമതഭേദമന്യേ ഈ അണ്ഡകടാഹത്തിലെ എല്ലാ മനുഷ്യരും അദ്ദേഹത്തിന് നന്മയുടെ അംശങ്ങളാണ്. ഡോക്ടറെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു പ്രേരണ എന്നെ മുന്നോട്ട് നയിച്ചു. ചെറുപ്പത്തിലേ ബാപ്പ മരിച്ചത് അലോപ്പതിയുടെ വീഴ്ചകൊണ്ടാണെന്ന് എങ്ങനെയോ ഒരു ധാരണ അദ്ദേഹത്തിലുണ്ടായി. അങ്ങനെയാണ് രാവും പകലും ഉറക്കമൊഴിച്ച് ഹോമിയോപ്പതി പഠിക്കാന്‍ തുടങ്ങിയത്. ഡോക്ടറുടെ കൈപ്പുണ്യം ക്രമേണ രോഗികള്‍ അറിഞ്ഞുതുടങ്ങി.

സ്പോര്‍ട്‌സ് താരം പി.ടി. ഉഷ കാല്‍വേദന കാരണം പല ചികിത്സകളും പരീക്ഷിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ഡോ. അസീസിനെ കുറിച്ചറിയുന്നത്. കാലുവേദന മാറിയ പി.ടി. ഉഷ പിന്നീട് ഇന്ത്യക്കായി അന്താരാഷ്ട്ര മീറ്റുകളില്‍ മെഡലുകള്‍ വാരിക്കൂട്ടി. അവര്‍ തന്റെ ഒരഭിമുഖത്തില്‍ ഡോക്ടറെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. മുന്‍മന്ത്രി സീതിഹാജിക്ക് കാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്ന് അമേരിക്കയില്‍വച്ച് ഡയഗ്‌നോസ് ചെയ്തിരുന്നു. ഒരു ദിവസം സി.എം.പി നേതാവ് എം.വി. രാഘവന്‍ സീതിഹാജിക്ക് അസുഖമാണെന്നും ഡോക്ടര്‍ അദ്ദേഹത്തെ കാണണമെന്നും പറഞ്ഞ് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സംസാരത്തിനിടയില്‍ ഡോക്ടര്‍ സീതിഹാജിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഡോക്ടര്‍ പറഞ്ഞു: ''നിങ്ങളുടെ വലതുവശത്തെ ശ്വാസകോശത്തിന് കാന്‍സര്‍ ബാധിച്ചിട്ടുണ്ട്.'' എല്ലാവരും ഞെട്ടിപ്പോയി. രോഗികളെ സൂക്ഷ്മമായി നിരീക്ഷിച്ചും അവരുടെ ചലനങ്ങളിലൂടെയും ഡോക്ടര്‍ പലപ്പോഴും രോഗം മനസ്സിലാക്കി. ദിവ്യത്വം അദ്ദേഹത്തിന് കല്പിക്കാന്‍ പാടുണ്ടോ എന്നറിയില്ല. ഇനിയും എനിക്ക് അറിയാത്ത എത്രയോ കേസുകള്‍ ഡോക്ടര്‍ ചികിത്സിച്ചു മാറ്റിയിട്ടുണ്ട്. അടുത്ത പരിചയക്കാരൊഴികെ സാധാരണ കേസുകളൊന്നും അദ്ദേഹത്തിന്റെ അടുത്ത് വരാറില്ലെന്ന് വേണമെങ്കില്‍ പറയാം. 

ഇപ്പോള്‍ വാര്‍ദ്ധക്യദശയിലെത്തിയ ഡോക്ടര്‍ രണ്ടു ഡോക്ടര്‍മാരുടെ സഹായത്തോടെ കേസ് റെക്കോഡാക്കിയ ശേഷം ആവശ്യമെങ്കില്‍ കാണാന്‍ അനുവദിക്കും. വീട്ടിലെ മുറിയില്‍ കിടക്കുന്നിടത്തുനിന്ന് എഴുന്നേറ്റിരുന്ന് സംസാരിക്കും. ഡോക്ടറുടെ ബുക്ക്‌ഷെല്‍ഫില്‍ ഒരുപാട് ക്ലാസ്സിക്കുകളുണ്ട്. തന്നെ കാണാന്‍ വരുന്ന പലര്‍ക്കും പുസ്തകങ്ങള്‍ സമ്മാനിക്കും. ഗീതയും ഖുറാനും ബൈബിളും ശ്രീനാരായണ ദര്‍ശനങ്ങളും ഖലീല്‍ ജിബ്രാനും ഒരുപോലെ ഹൃദിസ്ഥമാക്കിയ വ്യക്തികള്‍ ദുര്‍ല്ലഭമായിരിക്കും. സാംസ്‌കാരിക നായകന്‍മാര്‍ പലരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. എം.എന്‍. വിജയന്‍മാഷുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. കാണുന്ന മാത്രയില്‍ത്തന്നെ ഒരാളെ സുഹൃത്താക്കാനുള്ള കഴിവ് ആ മഹത്വ്യക്തിക്കുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com