'മൂന്നു പൂജ്യങ്ങളുടെ ലോകം': മുഹമ്മദ് യൂനുസിന്റെ പുസ്തകത്തെക്കുറിച്ച്

മറ്റുള്ളവരെ സഹായിക്കുക, നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുക തുടങ്ങിയ മൂല്യങ്ങള്‍ക്ക്  ഈ വ്യവസ്ഥ ഉല്പാദിപ്പിക്കുന്ന ബോധത്തില്‍ ഇടമില്ല.
മുഹമ്മദ് യൂനുസ്
മുഹമ്മദ് യൂനുസ്

റ്റനോട്ടത്തില്‍ അത്ഭുതപ്പെടുത്തുന്ന ഈ തലക്കെട്ട്, മുതലാളിത്ത വ്യവസ്ഥിതിയെ ആഴത്തില്‍ പരിശോധിക്കുകയും വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു പുസ്തകത്തിന്റെ പേരാണ്.  ആഗോളതലത്തില്‍ മനുഷ്യസമൂഹം നേരിടുന്ന ദാരിദ്ര്യമെന്ന കടുത്ത പ്രതിസന്ധി മറികടക്കുന്നതിന് സോഷ്യല്‍ ബിസിനസ് എന്ന സംരംഭം ആവിഷ്‌കരിക്കുകയും മൈക്രോ ഫിനാന്‍സ് സംവിധാനത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുകയും നൊബേല്‍ പുരസ്‌കാരത്തിനര്‍ഹനാവുകയും ചെയ്തിട്ടുള്ള മുഹമ്മദ് യൂനുസിന്റെ പുസ്തകമാണിത്.  ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഇടപെടലുകളാണ് അദ്ദേഹത്തെ  നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 

ദാരിദ്ര്യമില്ലാത്ത (പൂജ്യം ദാരിദ്ര്യം), തൊഴിലില്ലായ്മ ഇല്ലാത്ത (പൂജ്യം തൊഴിലില്ലായ്മ), പരിസ്ഥിതിപ്രശ്‌നങ്ങളില്ലാത്ത (പൂജ്യം കാര്‍ബണ്‍ വികിരണം) ഒരു ലോകത്തെ വിഭാവന ചെയ്തുകൊണ്ടാണ് മുഹമ്മദ് യൂനുസ് തന്റെ ആശയങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിക്കുന്നത്.
മുതലാളിത്ത വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കണം. തകരുന്ന മുതലാളിത്തത്തിന്റെ സ്ഥാനത്ത് പുതിയ സാമ്പത്തിക വ്യവസ്ഥ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളുണ്ടാവണം. സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എത്രമാത്രം ശ്രദ്ധ നല്‍കുന്നുവോ അതുപോലെ പുതിയ സാമ്പത്തിക വ്യവസ്ഥയുടെ രൂപീകരണത്തിനായും ശ്രദ്ധിക്കണം എന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. 

ഇത് അസാധ്യമായൊരു കാര്യമോ വ്യാമോഹമോ ആയി തള്ളിക്കളയേണ്ടതല്ലെന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കാളികളായ സോഷ്യല്‍ ബിസിനസ് എന്ന സംരംഭത്തിലൂടെ മുഹമ്മദ് യൂനുസ് തെളിയിച്ചിട്ടുണ്ട്. ഇത് മുതലാളിത്തത്തിനു ബദലായൊരു സംവിധാനമല്ല, മറിച്ച് മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളില്‍ത്തന്നെ മുതലാളിത്തത്തിന്റെ തകര്‍ച്ചയെ അതിജീവിക്കാനുള്ള ഒരു സംവിധാനമാണ്. നിലവിലുള്ള മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും പ്രധാന സവിശേഷതയും പോരായ്മയും അത് സമ്പത്തിന്റെ കേന്ദ്രീകരണത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നുവെന്നതാണ്. 'ലോകത്തിലെ സമ്പത്തിന്റെ ബഹുഭൂരിഭാഗവും അതിസമ്പന്നര്‍ക്ക് അവകാശപ്പെട്ടതായിരിക്കുന്നു' (പേജ് 4), സമ്പത്തിന്റെ ഈ കേന്ദ്രീകരണം അധികാരത്തിന്റെ കേന്ദ്രീകരണത്തിലേക്കും നയിക്കുകയാണ്. 2010-ല്‍ ഓക്സ്ഫം റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ലോകത്തിലെ അതിസമ്പന്നരായ 388 ആളുകള്‍ ലോകത്തിലെ പകുതിയോളം വരുന്ന ജനങ്ങളുടെ ആകെ സ്വത്തിനേക്കാള്‍ അധികം കൈവശം വച്ചിരിക്കുന്നു. 2017  ജനുവരിയില്‍ ഈ 388 ആളുകളുടെ എണ്ണം 8 ആയി ചുരുങ്ങിയെന്നും ഓക്സ്ഫം  റിപ്പോര്‍ട്ട് ചെയ്യുന്നു. മുതലാളിത്ത വ്യവസ്ഥയില്‍  സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെ ആഴമാണിത് വെളിപ്പെടുത്തുന്നത്.

നിലവിലുള്ള സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുത്തിരിക്കുന്ന രീതിയെ സമ്പത്തിന്റെ കാന്തിക ശക്തിയോടാണ് ഗ്രന്ഥകാരന്‍ ഉപമിക്കുന്നത്. സമ്പത്ത് തന്നെ ഒരു കാന്തികശക്തിയായി പ്രവര്‍ത്തിക്കുകയാണ്. സ്വാഭാവികമായും വലിയ കാന്തം ചെറിയ കാന്തങ്ങളെ വലിച്ചടുപ്പിക്കുന്നു. സമ്പത്ത് കുന്നുകൂടുന്നു. സമ്പത്തിന്റെ ഉടമകളോട്  സാധാരണക്കാര്‍ക്ക് വെറുപ്പുണ്ട്. എന്നാല്‍ അവര്‍ സമ്പന്നരെ ആക്രമിക്കുന്നില്ല. മറിച്ച് സ്വന്തം കുട്ടികളെ സമ്പന്നരാവാന്‍ പ്രേരിപ്പിക്കുന്നു. വല്ലാത്ത വൈരുദ്ധ്യമാണിത്! അതേസമയം ദരിദ്രര്‍, സ്വന്തമായി ചെറിയകാന്തം പോലുമില്ലാത്തവര്‍ ഒന്നിനേയും ആകര്‍ഷിക്കുന്നില്ല. ഒരു ചെറിയ കാന്തമെങ്കിലും സ്വന്തമാക്കാനാണ് അവരുടെ ശ്രമം. ഇത്തരമൊരു അസന്തുലിതമായ വ്യവസ്ഥ തകരുന്നതില്‍ അത്ഭുതമില്ല. ഏതു നിമിഷവും പൊട്ടിത്തെറിച്ച്  സര്‍വ്വവും നശിപ്പിക്കാന്‍ കഴിയുന്നൊരു ടൈംബോംബാണ് മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ.  

അതേസമയം, എല്ലാ വള്ളങ്ങളേയും വേഗതയില്‍ നയിക്കുന്ന അനുകൂലമായൊരു കാറ്റായാണ് സാമ്പത്തികവളര്‍ച്ച വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, ഒരു വള്ളം പോലും സ്വന്തമായില്ലാത്തവര്‍ക്ക് ആ കാറ്റ് ഒരു ഗുണവും ചെയ്യുന്നില്ല. ഇത്തരമൊരു സ്ഥിതിയില്‍ കാറ്റിന്റെ ദിശ മാറ്റുന്നതിനല്ല, ഒരു വള്ളം പോലുമില്ലാത്തവര്‍ക്ക് ഒരു വള്ളമെങ്കിലും ഉണ്ടാക്കിക്കൊടുക്കുന്ന ഒരു സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കേണ്ടത്. അതാണ് മുഹമ്മദ് യൂനുസ് പ്രധാനമായി കാണുന്നത്. 

സമ്പന്നരോട് വിരോധമോ ശത്രുതയോ തോന്നുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. കാരണം, സമ്പന്നര്‍ സമ്പന്നരാകുന്നതിനു കാരണം അവരല്ല, മറിച്ച് നിലവിലുള്ള വ്യവസ്ഥയാണ്. ഈ വ്യവസ്ഥയുടെ സഹായത്താല്‍ സമ്പന്നരായവരാണ് അവര്‍. അവരില്‍ പലരും ഉള്ളവരും ഇല്ലാത്തവരുമെന്ന നിലയില്‍ ഈ ലോകം വിഭജിക്കപ്പെട്ടിരിക്കുന്നതില്‍ അസംതൃപ്തിയുള്ളവരാണ്. 
ഇവിടെ, മുതലാളിത്ത മനുഷ്യനും യഥാര്‍ത്ഥ മനുഷ്യനും എന്നൊരു വിഭജനം മുഹമ്മദ് യൂനുസ് നടത്തുന്നുണ്ട്. മുതലാളിത്ത മനുഷ്യനാണ് യാഥാര്‍ത്ഥ മനുഷ്യനെന്നും യഥാര്‍ത്ഥ മനുഷ്യന്റെ സഹജ സ്വഭാവം  സ്വാര്‍ത്ഥതയാണെന്നും ഒരു  ധാരണ നിലനില്‍ക്കുന്നുണ്ട്. വാസ്തവത്തില്‍ നിലവിലെ സാമ്പത്തിക വ്യവസ്ഥയില്‍  വിജയികളേയും പരാജിതരേയും സൃഷ്ടിക്കുന്ന ഒരു സംവിധാനത്തിന്റെ  ഭാഗമാണിത്. വിജയികള്‍ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ അധികാരമുള്ളവരും  പരാജിതര്‍ നിസ്വരും  അടിച്ചമര്‍ത്തപ്പെട്ടവരുമായി മാറുന്ന രീതിയിലാണ് നിലവിലുള്ള വ്യവസ്ഥ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സ്ഥിതി മാറുന്നതിനു പുതിയ സമീപനം ആവശ്യമാണ്. 

സമ്പത്തിന്റെ കേന്ദ്രീകരണം പോലെ സമൂഹത്തിന്റെ ഭാവിയെ അപകടകരമായി സ്വാധീനിക്കുന്ന ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. സമ്പത്തിന്റെ കേന്ദ്രീകരണം മനുഷ്യന്റെ അന്തസ്സ്, സ്വാതന്ത്ര്യം, സമാധാനം, ആത്യന്തികമായി ജീവിതം എന്നിവയ്ക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഭീഷണിയാവുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ സ്വാഭാവികമായ ഭൗതിക സംവിധാനത്തിനു ഭീഷണിയാവുന്നു. മനുഷ്യന്‍ ജന്മനാ ഈ രണ്ടു ഭീഷണികളും സൃഷ്ടിച്ചുകൊണ്ടല്ല  ഭൂമിയില്‍ പിറക്കുന്നത്. എന്നാല്‍,  വളര്‍ച്ചയുടെ ചില ഘട്ടത്തില്‍, വ്യവസ്ഥയുടെ ഭാഗമായി മനുഷ്യന്‍ തന്നെ  സൃഷ്ടിക്കുന്നതാണ് ഈ വിധികള്‍. അതുകൊണ്ടുതന്നെ മനുഷ്യനുതന്നെ ഇത് പരിഹരിക്കാവുന്നതാണ്. അതിന്, ഈ വ്യവസ്ഥയെക്കാളുപരി അതിന്റെ കാരണത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. 

ഈ പുസ്തകത്തില്‍ മുഹമ്മദ് യൂനുസ് മുന്നോട്ടുവയ്ക്കുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം മനുഷ്യന്റെ സ്വാര്‍ത്ഥതയെ സംബന്ധിച്ചുള്ളതാണ്. സവിശേഷമായ പഠനങ്ങളോ യുക്തികളോ ഇല്ലാതെ തന്നെ സമൂഹം സ്വാംശീകരിച്ചിരിക്കുന്ന ഒരു നിഗമനമാണ് മനുഷ്യന്‍ സ്വാര്‍ത്ഥനാണ് എന്നത്. ഈ സ്വാര്‍ത്ഥതയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനം, അസമത്വം തുടങ്ങി എല്ലാത്തരം അനീതികള്‍ക്കും കാരണം എന്ന നിരീക്ഷണവും സ്വീകാര്യത നേടിയിട്ടുണ്ട്. എന്നാല്‍, മുഹമ്മദ് യൂനുസ് ഈ സമീപനത്തെ തള്ളിക്കളയുന്നു. മനുഷ്യരില്‍ സ്വാര്‍ത്ഥരും നിസ്വാര്‍ത്ഥരും ഉണ്ട് എന്നതും ഈ രണ്ടു പ്രവണതകളും സാമ്പത്തിക വ്യവസ്ഥയെ സ്വാധീനിക്കുന്നു എന്നതും അദ്ദേഹം പ്രധാനമായി കാണുന്നു.

മറ്റൊന്ന്, മറ്റുള്ളവരുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായാണ് എല്ലാരും ജനിക്കുന്നതെന്ന തെറ്റിദ്ധാരണയാണ്. എല്ലാരും മറ്റുള്ള വ്യക്തികളുടേയോ സംവിധാനത്തിന്റേയോ നിബന്ധനകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കാനല്ല, മറിച്ച്, സ്വന്തമായുള്ള അപരിമിതമായ സര്‍ഗ്ഗാത്മക ശേഷികള്‍ വിനിയോഗിച്ച് നവീനമായ സംരംഭങ്ങള്‍ രൂപപ്പെടുത്താനാണ് താല്പര്യപ്പെടുന്നത്. എന്നാല്‍, ആ സര്‍ഗ്ഗാത്മകശേഷിയെ മുരടിപ്പിക്കുകയാണ് നിലവില്‍ മുതലാളിത്ത വ്യവസ്ഥ ചെയ്യുന്നത്. മനുഷ്യരെ കേവലം ജോലിക്കാരായി മാത്രം മുതലാളിത്ത വ്യവസ്ഥ കാണുന്നു. 

വ്യക്തിഗതമായ ലാഭം മാത്രം ലക്ഷ്യമാക്കുന്ന ഒരു വ്യവസ്ഥയാണ് മുതലാളിത്തമെന്ന് മുഹമ്മദ് യൂനുസ് നിരീക്ഷിക്കുന്നു. അതിന്റെ ഫലമായി ഈ ലക്ഷ്യം കേന്ദ്രീകരിച്ചുള്ള ബിസിനസ്സാണ് രൂപപ്പെടുത്തുന്നതും വികസിക്കുന്നതും. കോടിക്കണക്കിനു ജനങ്ങള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വിഷമിക്കുമ്പോഴും പട്ടിണിയും തൊഴിലില്ലായ്മയും പാരിസ്ഥിതിക പ്രശ്‌നങ്ങളും മൂര്‍ച്ഛിക്കുമ്പോഴുമാണ് ഈ വളര്‍ച്ച എന്നു കാണണം. ഇത് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ശ്രദ്ധേയമാണ്. ഈ പ്രതിസന്ധിയുടെ ആഘാതമേല്‍ക്കുന്നത് സമ്പന്നര്‍ മാത്രമല്ല, മറിച്ച് ഈ പ്രതിസന്ധിക്കു കാരണക്കാരല്ലാത്ത ദശകോടിക്കണക്കിനു ജനങ്ങള്‍ ഇതിന്റെ ആഘാതമനുഭവിക്കുന്നു.  അതേസമയം ഈ ജനങ്ങളല്ല ദാരിദ്ര്യം സൃഷ്ടിക്കുന്നത്. അപരിമിതമായ ശേഷിയുള്ള, സര്‍ഗ്ഗാത്മകതയുള്ള, ഊര്‍ജ്ജമുള്ള ഈ ജനങ്ങള്‍ ദാരിദ്ര്യമനുഭവിക്കുകയാണ്. സമ്പന്നര്‍ക്കു ലഭ്യമാകുന്ന അതേ അവസരങ്ങള്‍ ലഭ്യമാക്കിയാല്‍ അവര്‍ക്കും അവരുടെ ജീവിതം മാറ്റിത്തീര്‍ക്കാനാവും. 
ഇതുപോലെതന്നെയാണ് തൊഴിലില്ലായ്മയുടെ പ്രശ്‌നവും. തൊഴിലില്ലായ്മ അനുഭവിക്കുന്നവരാണ് അതിനു കാരണം. മനുഷ്യര്‍ ജനിക്കുന്നതുതന്നെ മറ്റുള്ളവര്‍ക്കുവേണ്ടി പണിയെടുക്കാനാണെന്ന ധാരണയാണ്  നിലനില്‍ക്കുന്നത്. അവരുടെ സര്‍ഗ്ഗാത്മകശേഷികള്‍ അവഗണിക്കപ്പെടുന്നു. നിലവിലെ എല്ലാ സിദ്ധാന്തവും  പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കുന്നത് സമ്പന്നര്‍ക്കുവേണ്ടിയാണ്. അവര്‍ തൊഴിലില്ലാത്തവരെ പരിഗണിച്ചില്ലെങ്കില്‍ തൊഴിലില്ലാത്തവരുടെ ജീവിതം അവസാനിച്ചുവെന്നതാണ് സങ്കല്‍പ്പം. അപരിമേയമായ ക്രിയാത്മക സിദ്ധികളുമായി ജീവിക്കുന്ന മനുഷ്യരോട് കാണിക്കുന്ന ക്രൂരതയായാണ് മുഹമ്മദ് യൂനുസ് ഈ സമീപനത്തെ കാണുന്നത്. 
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും ഈ സങ്കല്പത്തിനുള്ളിലാണ് നില്‍ക്കുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതും ഉയര്‍ന്ന ഗ്രേഡ് വാങ്ങാന്‍ പ്രേരിപ്പിക്കുന്നതും കഠിനാധ്വാനം നടത്താന്‍ പ്രചോദിപ്പിക്കുന്നതും വിവിധ കോര്‍പ്പറേഷനുകളില്‍ നല്ല ജോലി സമ്പാദിക്കുന്നതിനുവേണ്ടിയാണ്. ഈ കോര്‍പ്പറേഷനുകളാണ് സാമ്പത്തിക വളര്‍ച്ചയെ നിയന്ത്രിക്കുന്നതെന്ന ധാരണയിലാണിത്. കമ്പനികളിലും കോര്‍പ്പറേഷനുകളിലും ജോലിചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ അതാണ് ഏറ്റവും മികച്ചത് എന്ന ധാരണ തെറ്റാണ്; അപകടകരവുമാണ്. മനുഷ്യന്റെ പരിധിയില്ലാത്ത ശേഷികളെ അവഗണിക്കലാണത്. അങ്ങനെ അവഗണിച്ചുകൊണ്ട് പ്രശ്‌നപരിഹാരത്തിനായി കമ്പോളത്തിന്റെ അദൃശ്യ കരങ്ങളിലേക്ക് നമ്മുടെ യുവത്വത്തെ എറിഞ്ഞുകൊടുക്കുകയാണിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ''നിലവിലുള്ള സാമ്പത്തിക വ്യവസ്ഥയെ മാറ്റിത്തീര്‍ക്കാന്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ - സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്ന പരമ്പരാഗത മിത്തുകളെ ഇല്ലാതാക്കുക''  (പേജ് 94) നിലനില്‍ക്കുന്ന മറ്റൊരു തെറ്റായ ധാരണ സാമ്പത്തിക വളര്‍ച്ചയേയും പരിസ്ഥിതി സംരക്ഷണത്തേയും ബന്ധപ്പെടുത്തിയുള്ളതാണ്. സാമ്പത്തിക വളര്‍ച്ചയും പരിസ്ഥിതിയും തമ്മില്‍ സംഘര്‍ഷമുണ്ട് എന്നതാണ് ആ ധാരണ. യഥാര്‍ത്ഥത്തില്‍ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാനും ദാരിദ്ര്യത്തില്‍നിന്ന് സമൂഹത്തെയാകെ മോചിപ്പിക്കാനും കഴിയുമെന്നതാണ് വസ്തുത. നമ്മുടെ ശാസ്ത്രജ്ഞര്‍ അന്തരീക്ഷത്തേയും പരിസ്ഥിതിയേയും മലിനീകരിക്കാത്തവിധം ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിച്ചെടുക്കാന്‍ ശേഷിയുള്ളവരാണ്. അതവര്‍ തെളിയിക്കുന്നുമുണ്ട്. അത് പ്രയോജനപ്പെടുത്തലാണ് ആവശ്യം. 

എന്നാല്‍, അന്താരാഷ്ട്ര കമ്പനികള്‍ പരിസ്ഥിതിക്കു ഹാനികരമായ അവരുടെ വ്യവസായസംരംഭങ്ങള്‍ക്ക്  ദരിദ്ര രാഷ്ട്രങ്ങളില്‍ വേഗത്തില്‍ ഇടം കണ്ടെത്തുന്നു. പട്ടിണിയും തൊഴിലില്ലായ്മയും ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുമ്പോള്‍ ദരിദ്രരാഷ്ട്രങ്ങള്‍ പരിസ്ഥിതിപ്രശ്‌നങ്ങള്‍ മറക്കുകയും ഇത്തരം കമ്പനികള്‍ക്ക് ഇടം നല്‍കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. തൊഴിലില്ലായ്മയ്ക്ക് പരിഹാരം ഇതിലൂടെ ഉണ്ടാവാം, എന്നാല്‍, ദരിദ്ര സമൂഹങ്ങളെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുകയാണ് ഇത്തരം സംരംഭങ്ങള്‍ ചെയ്യുന്നത്. 
ഈ  സാഹചര്യത്തില്‍ നമ്മുടെ നിലവിലുള്ള സാമ്പത്തിക വ്യവസ്ഥയില്‍ മാറ്റം വരുത്തിക്കൊണ്ടു മാത്രമേ ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ കഴിയൂ. അനിയന്ത്രിതമായ സാമ്പത്തിക കേന്ദ്രീകരണം നടക്കുന്ന ഒരു വ്യവസ്ഥയില്‍ സുസ്ഥിരമായൊരു വികസനം സാധ്യമേയല്ല. ഇപ്പോഴുള്ള വ്യവസ്ഥയ്ക്കുള്ളില്‍ ദാരിദ്ര്യം, തൊഴിലില്ലായ്മ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഇല്ലാതാക്കാനോ അത്തരമൊരു ലോകം സൃഷ്ടിക്കാനോ സാധ്യമല്ലെന്ന് വ്യക്തമാണ്. ഇത് യുവാക്കള്‍ക്കു ബോധ്യമുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ അക്കാദമിക് വിദഗ്ദ്ധര്‍ പതിനെട്ടു വയസ്സിനും ഇരുപത്തിയൊന്‍പതു വയസ്സിനും ഇടയിലുള്ളവര്‍ക്കിടയില്‍ 2016-ല്‍ ഒരു സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 42 ശതമാനം പേര്‍  മുതലാളിത്തത്തെ അനുകൂലിച്ചപ്പോള്‍ 51 ശതമാനം പേര്‍ മുതലാളിത്തത്തെ എതിര്‍ക്കുകയായിരുന്നു. മുതലാളിത്തത്തോട് യുവാക്കളില്‍ ഭൂരിഭാഗവും അതൃപ്തിയുണ്ട് എന്നര്‍ത്ഥം. ഈ വ്യവസ്ഥയാണ് 'തൊഴില്‍ ഇല്ലെങ്കില്‍ ജീവിതമില്ല' എന്ന സന്ദേശം സ്‌കൂളിലും വീടുകളിലും മാധ്യമങ്ങളിലും രാഷ്ട്രീയ ചര്‍ച്ചകളിലുമെല്ലാം നല്‍കുന്നത്. മറ്റൊരു മിഥ്യാബോധം തൊഴിലിന്റെ ലക്ഷ്യം വരുമാനവും സമ്പത്തും വര്‍ദ്ധിപ്പിക്കുകയാണ് എന്നതാണ്.  മറ്റുള്ളവരെ സഹായിക്കുക, നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുക തുടങ്ങിയ മൂല്യങ്ങള്‍ക്ക്  ഈ വ്യവസ്ഥ ഉല്പാദിപ്പിക്കുന്ന ബോധത്തില്‍ ഇടമില്ല.

സാങ്കേതികവിദ്യയും ശാസ്ത്രവും ഉള്‍പ്പെടെ യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും വഴങ്ങുന്നതാണ്. അതിലൂടെ പ്രായഭേദമില്ലാതെ എല്ലാ ജനങ്ങളേയും നവസംരംഭങ്ങളിലേക്ക് നയിക്കാനാവും. അതിനാവശ്യമായ സര്‍ഗ്ഗാത്മകതയും കാര്യക്ഷമതയും എല്ലാ മനുഷ്യര്‍ക്കുമുണ്ട്. ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചാല്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിസ്ഥിതിപ്രശ്‌നങ്ങളുമില്ലാത്ത ഒരു ലോകം സാധ്യമാവും. ഇക്കാര്യം തന്റെ അനുഭവങ്ങളിലൂടെ, പരീക്ഷിച്ചു വിജയിച്ച സംരംഭങ്ങളിലൂടെ മുഹമ്മദ് യൂനുസ് ഈ പുസ്തകത്തില്‍ അത് സ്ഥാപിക്കുന്നു. സോഷ്യല്‍ ബിസിനസ് എന്ന സംരംഭത്തെക്കുറിച്ച് വിശദമായി അദ്ദേഹം ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ആദ്യകാലത്ത് ബംഗ്ലാദേശില്‍ മാത്രം ആരംഭിച്ച ഈ സംരംഭം ഇന്ന് ലോകവ്യാപകമാണ്. പ്രായഭേദമെന്യേ ജനങ്ങള്‍ അതില്‍ പങ്കാളികളാവുന്നു. ഇത് പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിസരമലിനീകരണവും ഇല്ലാത്ത മെച്ചപ്പെട്ട ഒരു സാമൂഹ്യവ്യവസ്ഥയ്ക്ക് കാരണമാവുന്നുണ്ട് എന്നദ്ദേഹം സ്ഥാപിക്കുന്നു. 

മുതലാളിത്തത്തെ ശാശ്വതമായി ഇല്ലാതാക്കി അസമത്വങ്ങളില്ലാത്തൊരു ലോകം സൃഷ്ടിക്കാനുള്ള സമീപനമല്ല, മറിച്ച് തകര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്തം സൃഷ്ടിക്കുന്ന അപകടകരമായ അസമത്വങ്ങളുടെ സ്ഥാനത്ത് താല്‍ക്കാലികമായൊരു സമതുലിത സാമ്പത്തികക്രമം രൂപപ്പെടുത്താനുള്ള ശ്രമമാണ് മുഹമ്മദ് യൂനുസ് നടത്തുന്നത്. അതിന് നീതിയുക്തമായ ജനാധിപത്യവും സമാധാനമുള്ള തെരഞ്ഞെടുപ്പുപ്രക്രിയയും അഴിമതിരഹിതമായ ഭരണസംവിധാനവും അനിവാര്യമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അഴിമതിയും മുതലാളിത്തത്തിന്റെ ആര്‍ത്തിയും പെട്ടെന്ന് ഒഴിവാക്കാനാവുന്നവയല്ല. എന്നാല്‍, സര്‍ക്കാര്‍ നമ്മുടേതാണ് എന്നതുകൊണ്ട് സര്‍ക്കാരിനെ അഴിമതിമുക്തമായി സംരക്ഷിക്കേണ്ട ചുമതല ജനങ്ങള്‍ക്കുണ്ട് എന്നദ്ദേഹം പറയുന്നു. അതിനായുള്‍പ്പെടെ സാങ്കേതികവിദ്യയെ ഉപയോഗിക്കേണ്ടതുണ്ട്.  

മികച്ച ഭരണസംവിധാനത്തിനു ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിസ്ഥിതിപ്രശ്‌നങ്ങളും പരിഹരിക്കാനാവും. എന്നാല്‍, മുതലാളിത്തത്തിന്റെ സാമ്പത്തിക വ്യവസ്ഥ അതിനു തടസ്സമാണ്. ആ തടസ്സത്തേയും മറികടന്ന് മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാന്‍ ഓരോ വ്യക്തിയിലും വിശ്വാസമര്‍പ്പിക്കുകയും അവരുടെ സര്‍ഗ്ഗാത്മകശേഷിയെ പ്രയോജനപ്പെടുത്തുകയും സ്വയം സംരംഭകത്വങ്ങളെ പ്രോത്സാഹിപ്പിക്കുകയും സോഷ്യല്‍ ബിസിനസ് എന്ന സമ്പ്രദായത്തെ പ്രചരിപ്പിക്കുകയും വേണമെന്ന് മുഹമ്മദ് യൂനുസ് ഊന്നിപ്പറയുന്നു. ഇക്കാര്യത്തില്‍ സഹായകമായ ചില നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം സര്‍ക്കാരുകള്‍ക്കു മുന്നില്‍ വയ്ക്കുന്നു.
1. സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന തരത്തിലുള്ള ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു നിക്ഷേപങ്ങള്‍ നടത്തുക.
2. ഭരണസംവിധാനത്തിന്റെ സുതാര്യതയ്ക്കായി സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുക.
3. വികസനപദ്ധതികള്‍ രൂപപ്പെടുത്തുന്നതിലും നടപ്പിലാക്കുന്നതിലും സാധാരണക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുക.
4. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യസംവിധാനവും എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുക.
5. ബാങ്കിങ്ങും മറ്റ് സാമ്പത്തിക സേവനങ്ങളും എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുക.
6. പരിസ്ഥിതി സംരക്ഷണത്തിനായി കൃത്യമായ നിയമങ്ങള്‍ രൂപപ്പെടുത്തി നടപ്പിലാക്കുക.
7. വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക.
മനുഷ്യരെ സ്വാര്‍ത്ഥരായി മാത്രം കാണുന്ന സമീപനങ്ങള്‍ തെറ്റാണ്. ഒരേ വ്യക്തിയില്‍ സ്വാര്‍ത്ഥവും നിസ്വാര്‍ത്ഥവുമായ തലങ്ങള്‍ ഉണ്ട്. എന്നാല്‍, മുതലാളിത്തവും അതിന്റെ കമ്പോളതാല്പര്യങ്ങളും വ്യക്തികളിലെ നിസ്വാര്‍ത്ഥ തലത്തെ അവഗണിക്കുന്നു. അതിനെ പരിഗണിക്കുന്നതേയില്ല. മനുഷ്യനെ സംബന്ധിക്കുന്ന മുതലാളിത്തത്തിന്റെ കാഴ്ചപ്പാടിനെ പുനര്‍വ്യാഖ്യാനിച്ചുകൊണ്ടുള്ള ഒരു സമൂഹ സൃഷ്ടിയാണ് മുഹമ്മദ് യൂനുസ് ലക്ഷ്യമാക്കുന്നത്. അത് മുതലാളിത്തത്തെ തകര്‍ക്കലല്ല, മറിച്ച് തകര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിനുള്ളില്‍ നിന്നുകൊണ്ട് മനുഷ്യസമൂഹത്തിനു ഗുണകരമായൊരു വ്യവസ്ഥ സൃഷ്ടിക്കലാണ്.

(ബംഗ്ലാദേശിയായ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഡോ. മുഹമ്മദ് യൂനുസ്. ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനായ ഇദ്ദേഹം സാധാരണക്കാര്‍ക്ക് ജാമ്യമില്ലാതെ വായ്പകള്‍ നല്‍കി സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്നു.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com