രാഷ്ട്രീയം മതാത്മകതയിലേക്കും അപരത്വത്തിലേക്കും: ഉമ്മര്‍ ടികെ എഴുതുന്നു

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മത, ആചാരവിധി വേണോ ആധുനിക ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വം വേണോ എന്നതാണ് ഇന്ന് ഉയരുന്ന മുഖ്യമായ ചോദ്യം.
രാഷ്ട്രീയം മതാത്മകതയിലേക്കും അപരത്വത്തിലേക്കും: ഉമ്മര്‍ ടികെ എഴുതുന്നു

തവിധികളും രാഷ്ട്രവിധികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മതവിധിയെ കീഴടക്കിയാണ് യൂറോപ്പില്‍ ആധുനികത രൂപം കൊണ്ടത്. (ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും.) മതാത്മകവും ജാത്യാധിഷ്ഠിതവുമായ ഇന്ത്യന്‍ സമൂഹത്തില്‍ ജനതയുടെ ഇച്ഛയുടെ ഭാഗമായല്ല ആധുനിക ജനാധിപത്യബോധം വികസിച്ചു വന്നത്. മുഖ്യമായും അതു സാമ്രാജ്യത്വത്തിന്റെ ദാനമായിരുന്നു. (നമുക്ക് സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണ് എന്നു നാരായണഗുരു പറഞ്ഞതോര്‍ക്കുക.) അതേസമയം പുതുരാഷ്ട്രം ജന്മം കൊള്ളുമ്പോള്‍ നെഹ്രുവിന്റേയും അംബേദ്ക്കറുടേയും നേതൃത്വത്തില്‍ ഏറ്റവും ആധുനികമായൊരു ഭരണഘടന നിലവില്‍ വന്നു. പഴമയുടേയും ആചാരങ്ങളുടേയും ശീലിപ്പിക്കപ്പെട്ട ജാതിചിന്തകളുടേയും ഉച്ചനീചത്വങ്ങളുടേയും ചെളിക്കുഴിയില്‍ ആണ്ടുകിടന്ന ഒരു ജനതയ്ക്ക് അവര്‍ നല്‍കിയ മഹത്തായ സമ്മാനം. ജനാധിപത്യവും സ്വാതന്ത്ര്യവും സാഹോദര്യവും തുല്യനീതിയുമെല്ലാം വിഭാവനം ചെയ്യുന്ന ഒരാധുനിക ഭരണഘടന. എന്നാല്‍, ഈ രാഷ്ട്രത്തിനുള്ളില്‍ ഭൂരിഭാഗമെല്ലായിടങ്ങളിലും രാഷ്ട്രീയാധികാരത്തിന്റെ പ്രച്ഛന്നവേഷങ്ങളില്‍ മതവും ജാതിയും ജന്മിത്തവും നാടുവാഴിത്തവും തന്നെയാണ് ആധിപത്യം നേടിയത്. സത്യത്തില്‍ ഈ ഭരണഘടന നമുക്കൊരു ഭാരമായിരുന്നു. 

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുശേഷം വിവാദമായിത്തീര്‍ന്ന ശിരോവസ്ത്ര നിരോധനവും സമാനമാണ്. പക്ഷേ, ശബരിമല വിഷയത്തിലെ സംഘര്‍ഷം ശിരോവസ്ത്ര വിവാദത്തിലില്ല. എം.ഇ.എസ് സ്ഥാപനങ്ങളില്‍ മുഖം മൂടരുതെന്ന നിര്‍ദ്ദേശമാണ് ഫസല്‍ ഗഫൂര്‍ മുന്നോട്ടു വെച്ചത്. ശിരോവസ്ത്രമെന്ന മതവിധിയെ ഭൂരിഭാഗം മുസ്ലിം സമൂഹവും ഒരുപോലെ അംഗീകരിക്കുന്നുണ്ട്. അതില്‍ മുഖം മൂടണോ വേണ്ടയോ എന്നതു മാത്രമാണ് തര്‍ക്കമായിട്ടുള്ളത്. സത്യത്തില്‍ പര്‍ദ്ദ, നിഖാബ്, ഹിജാബ്, ബുര്‍ഖ എന്നിങ്ങനെയുള്ള ഒരു പദവും ഖുര്‍ആനിലില്ല. അന്യപുരുഷന്മാരുടെ മുന്നില്‍ സ്ത്രീകള്‍ തങ്ങളുടെ ശിരോവസ്ത്രം മാറിലേക്കു താഴ്ത്തിയിടണം എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതോടൊപ്പം പുരുഷന്മാര്‍ സ്ത്രീകളില്‍നിന്നു തങ്ങളുടെ ദൃഷ്ടി പിന്‍വലിക്കണമെന്നും. (പുരുഷന്മാര്‍ ദൃഷ്ടി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് എല്ലാ മതപണ്ഡിതന്മാര്‍ക്കുമറിയാവുന്നതു കൊണ്ട് അതിനെക്കുറിച്ച് അവര്‍ പറയുന്നതു കേള്‍ക്കാറില്ല.) മുന്‍കയ്യും മുഖവും ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ മറയ്ക്കണമെന്നാണ് ഇസ്ലാമിന്റെ അനുശാസനം. എന്നാല്‍, കൈയുറയും കാലുറയും മുഖാവരണവും അണിയിച്ചു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇസ്ലാം സ്ത്രീക്കു നല്‍കിയ ആനുകൂല്യം പോലും 21-ാം നൂറ്റാണ്ടില്‍ നിഷേധിക്കുകയാണ് പുരുഷ ഇസ്ലാം. 

മൈക്കുവെച്ച് പരസ്പരം നിരന്തരം തെറിവിളിക്കുന്ന മുഴുവന്‍ മുസ്ലിം സംഘടനകളും സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ എല്ലാ വൈരവും മറന്ന് ഒന്നിച്ചുനില്‍ക്കുന്ന അപൂര്‍വ്വതയാണ് ഈ വിവാദത്തിന്റെ ഹൈലൈറ്റ്. ശിരോവസ്ത്ര നിരോധനത്തെ സ്വാഗതം ചെയ്ത പുരോഗമനവാദികള്‍ സ്ത്രീകള്‍ ജീന്‍സും ലെഗിന്‍സും ധരിക്കുന്നത് നിരോധിച്ചത് കാണാന്‍ വിട്ടുപോയി. എം.ഇ.എസ് മാത്രമല്ല, വസ്ത്രധാരണത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്ന മുസ്ലിം സംഘടനകള്‍, അവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികളെ തട്ടമിടാതെ വരാന്‍ അനുവദിക്കുമോ എന്നു ചോദിക്കുമ്പോഴാണ് അവരുടെ നിലപാടിലെ ഇരട്ടത്താപ്പ് പുറത്തു വരിക. ഒരു വശത്ത് വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തെക്കുറിച്ചു പറയുമ്പോള്‍ അവര്‍ക്കു ഭരണഘടന വേണം. പക്ഷേ, സ്ത്രീകളുടെ കാര്യത്തില്‍ മതവിധിയും. എന്തിന്, ഇസ്ലാമില്‍ പോലുമില്ലാത്ത മുഖം മൂടിയ ശിരോവസ്ത്രത്തിനുവേണ്ടിയാണ് അവരിപ്പോള്‍ ഒറ്റക്കെട്ടായി വാദിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം സ്ത്രീകള്‍ മുഖം മറയ്ക്കുന്നു എന്നതാണ് ഏറ്റവും രസകരമായ കാര്യം. സ്ത്രീയുടെ കര്‍ത്തൃത്വത്തെ അല്പംപോലും മാനിക്കാത്തവരാണ് സ്ത്രീ മുഖംമൂടി തിരഞ്ഞെടുക്കുന്നു എന്നു പറയുന്നത്. നാലു വയസ്സു മുതല്‍ ശരീരം മൂടിക്കെട്ടി മദ്രസയില്‍ പോകുന്ന പെണ്‍കുട്ടികള്‍ (ഇഷ്ടപ്രകാരം!) ഇന്നു സര്‍വ്വസാധാരണമായ കാഴ്ചയാണ്. ഇഷ്ടം എന്നതുപോലും ഒരു സാമൂഹിക നിര്‍മ്മിതിയാണ് എന്ന് ആര്‍ക്കാണിന്നറിഞ്ഞുകൂടാത്തത്! ആര്‍ത്തവകാലത്ത് അമ്പലത്തില്‍ കയറുന്നത് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും തെറ്റായി തോന്നുന്നത് ഈ സോഷ്യല്‍ കണ്ടീഷനിങ്ങിന്റെ ഭാഗമായാണ്. കര്‍ണ്ണാടകയിലേയോ ആന്ധ്രയിലേയോ സ്ത്രീകള്‍ക്ക് അത് അസംബന്ധമായി തോന്നുന്നത് അവര്‍ കൂടുതല്‍ പുരോഗമനകാരികളായതുകൊണ്ടല്ല, മറിച്ച് അവര്‍ അങ്ങനെ പരിശീലിപ്പിക്കപ്പെടാത്തതുകൊണ്ടാണ്. 

ഉത്തരേന്ത്യയില്‍ സന്ന്യാസിമാര്‍ നഗ്‌നരായി നടക്കുന്നില്ലേ, രാജസ്ഥാനിലെ സ്ത്രീകള്‍ മുഖം മൂടുന്നില്ലേ എന്നൊക്കെ മുഖാവരണത്തെ ന്യായീകരിക്കാനായി മറുവാദം ഉന്നയിക്കുന്നവര്‍ ഏറെയുണ്ട്. ഒരുപക്ഷേ, ചൂടും മണല്‍ക്കാറ്റും കാരണം അതല്ലെങ്കില്‍ പുരുഷാധിപത്യ സമൂഹത്തിന്റെ ഭാഗമായോ രൂപപ്പെട്ടതാകാമത്. ഇവിടെ ചെറുപ്പത്തിലേ പര്‍ദ്ദ ശീലിപ്പിക്കുന്ന പോലെ നഗ്‌നസന്ന്യാസിമാരെ ആരെങ്കിലും ചെറുപ്പം മുതലേ നഗ്‌നരാക്കി നടത്തുന്നതല്ല. മതവിധിയിലധിഷ്ഠിതമായ സൗദിപോലുള്ള രാജ്യങ്ങളിലെ വസ്ത്രധാരണരീതികള്‍ ഒരു ജനാധിപത്യ രാഷ്ട്രത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെ, അതിനെ മതപരമായ ഒരു പ്രത്യയശാസ്ത്ര നിര്‍മ്മിതിക്ക് ഉപയോഗിക്കുന്നതിനെ എങ്ങനെ നോക്കിക്കാണണം എന്നതു ചര്‍ച്ചകള്‍ക്കു വിധേയമാക്കേണ്ടതാണ്. രാജസ്ഥാനിലെ സ്ത്രീകള്‍ മുഖം മൂടുന്നതുപോലെ, അഘോരികളും മറ്റും നഗ്‌നരായി നടക്കുന്നതുപോലെയല്ല നിഖാബ്. അതിവിടെ നിലനിന്നിരുന്ന ഒന്നല്ല. അത്തരം വേഷങ്ങള്‍ പ്രത്യേകിച്ചും ആധുനികവല്‍ക്കരിക്കപ്പെട്ട പുതുതലമുറ പൊതുവെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെങ്കില്‍ ഇവിടെ പ്രചാരത്തിലേ ഇല്ലാതിരുന്ന ഒരു വേഷം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ച് അടിച്ചേല്‍പ്പിക്കുകയാണ് മതവാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.      
സ്റ്റേറ്റുകള്‍ക്കും മതങ്ങള്‍ക്കും അവരുടേതായ പ്രത്യയശാസ്ത്രങ്ങളുണ്ട്. അവ സ്ഥാപിക്കുന്നതിനാവശ്യമായ പ്രത്യയശാസ്ത്ര ഉപകരണങ്ങളുമുണ്ട്. എല്ലാ പ്രത്യയശാസ്ത്രങ്ങളും അധീശത്വ സ്വഭാവമുള്ളവയാണ്. വിദ്യാലയം, കുടുംബം, മതം, രാഷ്ട്രീയം, മീഡിയ, സംസ്‌കാരം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളിലൂടെയാണ് രാഷ്ട്രവും മതവും അവയുടെ പ്രത്യയശാസ്ത്ര അധീശത്വം നേടിയെടുക്കുന്നത്. സ്റ്റേറ്റിന്റെ അധീശത്വത്തിനു കീഴില്‍ അതിനോടു സംഘര്‍ഷപ്പെട്ടു കൊണ്ട് മതപ്രത്യയശാസ്ത്രം ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് സത്യത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജനതയെ ഒന്നിപ്പിക്കാനുള്ള സ്റ്റേറ്റിന്റെ ശ്രമങ്ങളില്‍നിന്നും കുതറി, അതിനുള്ളില്‍ അധീശത്വത്തിന്റെ പ്രത്യേക മേഖലകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍. 
മതാത്മകമായ സമൂഹമായതുകൊണ്ട് ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടാതിരിക്കാന്‍ സ്റ്റേറ്റിനു പലപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേരെ കണ്ണടയ്‌ക്കേണ്ടിവരുന്നു. വ്യവസായമായി മാറിയ മീഡിയ ജനങ്ങളുടെ മതാത്മകമായ അഭിലാഷങ്ങള്‍ക്കൊപ്പം നിന്ന് ജനാധിപത്യ വിരുദ്ധതകളെ പ്രോത്സാഹിപ്പിക്കുന്നു. പശുവിനെ ഒരു പ്രതീകമായി ഉയര്‍ത്തിക്കൊണ്ടു വന്നപോലെ ഫ്യൂഡല്‍ ബിംബമായ ആനയെ അതും ഹിംസാവാസനയുള്ള തെച്ചിക്കാട്ടുകാവ് രാമചന്ദ്രനെന്ന ആനയെ പൂരത്തിന്റെ ചിഹ്നമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മാധ്യമങ്ങളുടെ പ്രതിലോമപരമായ പങ്ക് അക്ഷന്തവ്യമാണ്. 

ജനാധിപത്യത്തിന്റെ നിരപ്പിലേക്കിറങ്ങേണ്ടിവന്ന ഇവിടുത്തെ ഫ്യൂഡല്‍ സവര്‍ണ്ണ പുരുഷശരീരങ്ങള്‍ സംസ്‌കാരത്തെ ഉപകരണമാക്കി ജനപ്രിയ സിനിമകളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും തങ്ങള്‍ക്കനുകൂലമായ ഒരു സമ്മിതിയുണ്ടാക്കുന്നതും 1990-കള്‍ മുതലാണ്. നരസിംഹംപോലുള്ള സിനിമകളില്‍ നായകനോട് താദാത്മ്യപ്പെടും വിധം ആവര്‍ത്തിച്ചുറപ്പിക്കുന്ന ഒരു ഗജവീരബിംബമുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ഗജവീരന്‍ കേരളീയന്റെ മനസ്സിലുറച്ചുപോയ, രാഷ്ട്രീയാധികാരത്തിന്റെ ഉപകരണങ്ങളായ ഭരണകൂട സ്ഥാപനങ്ങളെ വെല്ലുവിളിക്കുന്ന റിവൈവലിസ്റ്റ് സവര്‍ണ്ണ നായകന്റെ പ്രതീകം തന്നെയാവുന്നു. വ്യവസായ വികസനത്തിന്റെ ഭാഗമായി രൂപപ്പെട്ടതും കേരളത്തിലെ ആദ്യത്തെ എക്‌സിബിഷനെന്നു പറയാവുന്നതുമായ പൂരം പിന്നീട് മതാത്മകമായി മാറി. ഇപ്പോള്‍ ഒരു ജനപ്രിയ സിനിമയുടെ ഉദ്വേഗം നിറഞ്ഞ അന്ത്യത്തിലേക്കു മാധ്യമങ്ങള്‍ പൂരത്തെ എത്തിച്ചു. ജനതയെ സംരക്ഷിക്കേണ്ട സ്റ്റേറ്റിനു തെച്ചിക്കാട്ടുകാവ് രാമചന്ദ്രനു മുന്നില്‍ അടിയറവു പറയേണ്ടി വരുന്നു. തങ്ങളെ കൊല്ലാവുന്ന ഒരു ഭീമ മൃഗത്തിനുവേണ്ടി ജനം ആര്‍പ്പുവിളിക്കുകയും കയ്യടിക്കുകയും ചെയ്യുന്നു. ഉത്സവങ്ങള്‍ ഹിംസയുടെ ഭ്രാന്തന്‍ ആഘോഷങ്ങളായി മാറുന്നു. 
ശാസ്ത്രചിന്തയും യുക്തിബോധവും ഭരണഘടനയുടെ അടിസ്ഥാന തത്ത്വമാവുന്ന സമൂഹത്തില്‍, മതവുമായുള്ള സംഘര്‍ഷങ്ങള്‍ സ്വാഭാവികമാണ്. മതങ്ങള്‍ ഏറ്റവും ഭയക്കുന്നതും വെറുക്കുന്നതും അവയെയാണ്. അതുകൊണ്ടാണ് ഗോവിന്ദ് പന്‍സാരെയും ധബോല്‍ക്കറും ഗൗരി ലങ്കേഷും ഒരേ രീതിയില്‍ കൊല്ലപ്പെട്ടത്. മതപ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളായിരുന്നു അവരെ വകവരുത്തിയത്. ശാസ്ത്രവും ചരിത്രവും പരിണാമസിദ്ധാന്തവുമെല്ലാം സിലബസില്‍ ഉള്‍പ്പെടുത്തി സ്റ്റേറ്റിന്റെ ഉപകരണമായ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രീയബോധവും യുക്തിചിന്തയും ജനതയില്‍ വളര്‍ത്താനാണ്. എന്നാല്‍, മറ്റു മാര്‍ഗ്ഗങ്ങളില്‍ ഉല്‍പ്പത്തിവാദവും അവതാരസങ്കല്‍പ്പവും അനേകം ആചാരങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം കുടുംബത്തിലൂടെ വളരെ ചെറുപ്പത്തിലേ വ്യക്തികളുടെ മനസ്സില്‍ ആഴത്തില്‍ വേരുറയ്ക്കും. ജാതിയും മതവും കുടുംബവും തലയിലെഴുതുന്ന ഈ ശിലാലിഖിതങ്ങള്‍ക്കുമേല്‍ ശാസ്ത്രീയപഠനം ജലരേഖകളായി മാറുന്നു. സ്‌കൂളുകളില്‍ ശാസ്ത്രം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍പോലും ഇത്തരം വിശ്വാസങ്ങളുടെ അടിമകളാണ്. പാര്‍ത്ഥാ ചാറ്റര്‍ജി സൂചിപ്പിച്ചതുപോലെ അകത്ത് ആധ്യാത്മികതയും പുറത്ത് ഭൗതികതയുമായി ഒരു ഉഭയജീവിതം നയിക്കാന്‍ ഇന്ത്യയിലെ വിദ്യാസമ്പന്നര്‍ക്കു കഴിഞ്ഞു. തങ്ങളുടെ ഉന്നത ബൗദ്ധികതയുടെ അടയാളമായ ഒരു മിസ്സൈല്‍ വിക്ഷേപണത്തിന്റെ വിജയം അയുക്തികമായ പ്രാകൃതമന്ത്രങ്ങളുരുവിടുന്ന ഒരു പൂജാരിയിലാണ് എന്നും നാളും മുഹൂര്‍ത്തവും ഗണപതിപൂജയുമെല്ലാം വളരെ പ്രധാനമാണെന്നും വിശ്വസിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് യാതൊരു മടിയുമില്ലാത്തത് അതുകൊണ്ടാണ്. 
മതം തെളിവോ യുക്തിയോ ആവശ്യപ്പെടുന്നില്ല. വിശ്വസിക്കുക എന്നതിനപ്പുറം മറ്റൊരുത്തരവാദിത്വവും അതിനില്ല. ശാസ്ത്രമാകട്ടെ, നിരന്തരം നവീകരിക്കപ്പെടുന്നതാണ്. അതില്‍ തെറ്റുകള്‍ സംഭവിക്കാം. വിശ്വാസത്തില്‍ തെറ്റുകള്‍ സംഭവിക്കില്ല. ചിലപ്പോള്‍ ചിലത് തെറ്റെന്നു തെളിയിക്കപ്പെട്ടാലും അതിനെ മറികടക്കാനുള്ള സവിശേഷമായ സിദ്ധി വിശ്വാസിയുടെ തലച്ചോറിലുണ്ട്. ശബരിമലയില്‍ മകരവിളക്ക് ദിവ്യജ്യോതിയാണെന്നു കരുതിയ വ്യക്തി അതു മനുഷ്യസൃഷ്ടിയാണെന്നറിയുമ്പോള്‍ പെട്ടെന്നു തകര്‍ന്നുതരിപ്പണമാകേണ്ടതാണ്. പക്ഷേ, അതു സംഭവിക്കില്ല.     
മതം, ജാതി തുടങ്ങിയവയ്ക്കുമേല്‍ രാഷ്ട്രീയം നേടിയ ആധിപത്യമാണ് ആധുനികതയെ നിര്‍ണ്ണയിച്ചത്. മതപരമായ സ്വത്വത്തില്‍നിന്നു മാറി മതാതീതവും പൊതുവുമായ ചിലത് സ്വീകരിക്കപ്പെടുന്ന ചരിത്രസന്ദര്‍ഭങ്ങളുണ്ട്. വേഷത്തെ ഉദാഹരണമായെടുക്കാം. മുന്‍പ് ഓരോ ജാതികള്‍ക്കും മതങ്ങള്‍ക്കും അവരവരുടേതായ വേഷവിധാനങ്ങളുണ്ടായിരുന്നു. അതില്‍നിന്നും മാറി എല്ലാവര്‍ക്കും പൊതുവായുപയോഗിക്കാവുന്ന സാരി എന്ന ആധുനിക വേഷം കടന്നു വരുന്നു. സാരി മികച്ച വസ്ത്രമാണെന്നല്ല, അതു മതസ്വത്വത്തില്‍നിന്നും കേരളീയമെന്ന ദേശസ്വത്വത്തിലേക്കുള്ള മാറ്റത്തിന്റെ അടയാളങ്ങളിലൊന്നായി മാറുന്നു. സാരി ധരിച്ചതിന്റെ പേരില്‍ അപമാനിക്കപ്പെടുകയും മൊഴിചൊല്ലപ്പെടുകപോലും ചെയ്ത സ്ത്രീകളുണ്ടായിരുന്നു എന്നറിയുമ്പോഴാണ്  വസ്ത്രം എങ്ങനെ ഒരു രാഷ്ട്രീയ ചിഹ്നമായി മാറുന്നു എന്നു നാം തിരിച്ചറിയുക. എന്നാല്‍, ഇന്നു തിരിച്ചുപോക്കിനുള്ള ആയുധമായി വീണ്ടും വസ്ത്രത്തെത്തന്നെ ഉപയോഗിക്കുന്നു. അന്ന് ഒന്നിച്ചുചേരാനാണെങ്കില്‍ ഇന്നു ഭിന്നിച്ചു മാറാനാണെന്നു മാത്രം.     

ശിരോവസ്ത്രമണിഞ്ഞുള്ള ഫോട്ടോ അനുവദിക്കാനായി 2010 ജനുവരി അവസാനം നമ്മുടെ സുപ്രീംകോടതിയില്‍നിന്നും ശ്രദ്ധേയമായ ഒരു വിധി ഉണ്ടായി. ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡിനുവേണ്ടി മുഖാവരണമണിഞ്ഞുള്ള ഫോട്ടോ അനുവദനീയമല്ല എന്നായിരുന്നു വിധി. (തിരിച്ചറിയല്‍ കാര്‍ഡില്‍ മുഖം മൂടുക എന്നത് എത്ര പരിഹാസ്യമാണ്!) മുഖാവരണം മാറ്റാന്‍ തയ്യാറല്ലാത്തവര്‍ വോട്ടു ചെയ്യേണ്ടതില്ല എന്നായിരുന്നു കോടതി അന്നു പറഞ്ഞത്. ശിരോവസ്ത്രവുമായി (മുഖാവരണമുള്ളതും ഇല്ലാത്തതും.) ബന്ധപ്പെട്ട് സമാനമായ പ്രശ്‌നങ്ങള്‍ ലോകത്തുണ്ടായിട്ടുണ്ട്. തുര്‍ക്കിയില്‍ 1923-ല്‍ അധികാരത്തില്‍ വന്ന മുസ്തഫ കമാല്‍പാഷ പാശ്ചാത്യവല്‍ക്കരണത്തിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ ശിരോവസ്ത്രം നിരോധിച്ചു. ശിരോവസ്ത്രത്തെ രാഷ്ട്രീയ ആയുധമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നാണ് മതതാല്പര്യമുള്ള തീവ്ര വലതുപക്ഷമായ ജസ്റ്റിസ് പാര്‍ട്ടി അവിടെ അധികാരത്തില്‍ വരുന്നത്. ജനാധിപത്യം നിലനില്‍ക്കുന്ന മുസ്ലിം രാജ്യങ്ങളിലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലുമെല്ലാം പര്‍ദ്ദയെ ഒരു രാഷ്ട്രീയായുധമായി ഇസ്ലാമിക യാഥാസ്ഥിതികര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. സ്ത്രീകള്‍ക്കുമേല്‍ ആധിപത്യം നേടാനും അധികാരം പിടിക്കാനുള്ള ആയുധം. 

1980-കളില്‍ പര്‍ദ്ദ ഒരപൂര്‍വ്വ കാഴ്ചയായിരുന്നു. 1990-കള്‍ മുതലാണ് മധ്യവര്‍ഗ്ഗ മുസ്ലിം സ്ത്രീകള്‍ വിശ്വാസത്തിന്റേയും അന്തസ്സിന്റേയും ഭാഗമായി പര്‍ദ്ദ അണിഞ്ഞുതുടങ്ങിയത്. പിന്നീട് 20 വര്‍ഷങ്ങള്‍കൊണ്ട് അതു ഭയാനകമാംവിധം വ്യാപിച്ചു. കോളേജുകളില്‍പ്പോലും മുഖമടക്കം മൂടിയ പര്‍ദ്ദാധാരികള്‍ വ്യാപകമായി. മേല്‍പ്പറഞ്ഞ വാചകങ്ങള്‍ കേരളത്തിനു മാത്രമല്ല, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളിലെല്ലാം ഒരുപോലെ പ്രസക്തമാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കൊടിയടയാളമായിരുന്നു അത്. സാമുദായിക സമന്വയം നടന്ന ഇടങ്ങളില്‍ വേര്‍തിരിവിനുള്ള ഉപകരണം. ഞങ്ങള്‍ മാത്രം ചാരിത്ര്യവും അന്തസ്സും സംരക്ഷിക്കുന്നവരും ദൈവഭയമുള്ളവരുമാണെന്ന കപടപ്രഖ്യാപനം. തദ്ദേശീയമായ വേഷങ്ങളണിഞ്ഞ് ഇവിടെ ജീവിക്കുന്നവരും മരിച്ചുപോയവരുമായ മുസ്ലിം സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്ന ഒരു സമീപനവും ഈ വേഷസ്വീകരണത്തിലുണ്ട്.

1953-ല്‍ പര്‍ദ്ദ രാജ്യത്ത് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട മുസ്ലിം ബ്രദര്‍ഹുഡ് നേതാവിനോട് പ്രസിഡന്റായിരുന്ന ഗമാല്‍ അബ്ദുല്‍ നാസര്‍ പറഞ്ഞു: ''താങ്കളുടെ മകള്‍ ഒരു യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണെന്ന് എനിക്കറിയാം. അവള്‍ ശിരോവസ്ത്രമോ അതുപോലുള്ള എന്തെങ്കിലുമോ ധരിക്കുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം മകളെ ശിരോവസ്ത്രമണിയിക്കാനാവുന്നില്ല. എന്നിട്ടാണോ പത്തു മില്യണ്‍ സ്ത്രീകളില്‍ അതടിച്ചേല്‍പ്പിക്കാന്‍ പറയുന്നത്?'' ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരികാവശിഷ്ടമായിരുന്ന മുഖം മൂടിയ ശിരോവസ്ത്രം സമൂഹത്തിലെ ഉപരിവര്‍ഗ്ഗ സ്ത്രീകള്‍ മാത്രം മുന്‍പ് ധരിച്ചിരുന്നു. 1919 കാലത്ത് അവര്‍ തെരുവിലിറങ്ങുകയും ശിരോവസ്ത്രം പരസ്യമായി വലിച്ചെറിയുകയും ചെയ്തു. പിന്നെ ദശകങ്ങളോളം അപ്രത്യക്ഷമായ ശിരോവസ്ത്രം 1970-കള്‍ക്കു ശേഷമാണ് പ്രത്യക്ഷപ്പെടുന്നത്. 2000 ആവുമ്പോഴേക്കും ശിരോവസ്ത്രം അവിടെ വ്യാപകമായി. അതേസമയം 2009-ല്‍ മുഖം മൂടിയ ശിരോവസ്ത്രം സുന്നി ഇസ്ലാമിന്റെ പ്രധാന പാഠശാലയായ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ നിരോധിക്കുകയുണ്ടായി. ഈജിപ്തില്‍ മാത്രമല്ല, പല മുസ്ലിം രാജ്യങ്ങളിലും നിരോധിച്ച മുഖാവരണത്തിനുവേണ്ടിയാണ് കേരളത്തിലെ മതസംഘടനകള്‍ ഒറ്റക്കെട്ടായി വാദിക്കുന്നത്.     

മദ്രസ വിദ്യാഭ്യാസം
മദ്രസ വിദ്യാഭ്യാസം


2004-ല്‍ ഫ്രാന്‍സില്‍ പൊതു ഇടങ്ങളില്‍ ശിരോവസ്ത്രം നിരോധിക്കുന്നുണ്ട്. രണ്ടു ദശാബ്ദക്കാലം ഫ്രാന്‍സില്‍ നടന്ന ചര്‍ച്ചകളുടേയും അഭിപ്രായ വോട്ടെടുപ്പുകളുടേയും പരമ്പരകള്‍ക്കു ശേഷമായിരുന്നു ആ നിരോധനം. സ്ത്രീകള്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലിന്റെ ഭാഗമായാണ് ഫ്രെഞ്ച് സമൂഹം പര്‍ദ്ദയെ കണ്ടത്. യൂറോപ്യന്‍ സമൂഹങ്ങളില്‍ മതവിശ്വാസം വളരെ കുറഞ്ഞു വരുന്ന സന്ദര്‍ഭത്തില്‍ അവിടങ്ങളിലെ ന്യൂനപക്ഷ കുടിയേറ്റ മുസ്ലിങ്ങളില്‍ മതാത്മകത വര്‍ദ്ധിച്ചു വരുന്നത് തദ്ദേശീയരെ അസ്വസ്ഥപ്പെടുത്തിയിരുന്നു. (സിക്ക് തലപ്പാവ്, യഹൂദരുടെ സ്‌കൂള്‍ ക്യാപ്പ്, കുരിശുമാലകള്‍ തുടങ്ങിയ മതചിഹ്നങ്ങളും നിരോധനത്തിലുള്‍പ്പെടും) ഇങ്ങനെ ഒരഭിപ്രായ സര്‍വ്വേ ഇന്ത്യയില്‍ നടക്കുകയാണെങ്കില്‍ അന്യമത വിദ്വേഷത്തിന്റെ പേരില്‍ പര്‍ദ്ദയ്ക്കെതിരെ ഭൂരിപക്ഷാഭിപ്രായമുയരും. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനത്തിനുശേഷം മുഖം മൂടിയ ശിരോവസ്ത്രം നിരോധിക്കപ്പെട്ടതിനു പിന്നിലും വലതുപക്ഷത്തിന്റെ താല്പര്യങ്ങളുണ്ടായിരുന്നു. 
ഇസ്ലാമില്‍ വിശ്വാസം, നമസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയ അഞ്ച് തൂണുകളാണുള്ളത്. ഇപ്പോള്‍ പര്‍ദ്ദയെ ആറാമത്തെ തൂണായി ഒരുപക്ഷേ, ഒന്നാമത്തെ തൂണാക്കി മാറ്റിയിരിക്കുന്നു എന്നതാണ് സത്യം. പാശ്ചാത്യ രാജ്യങ്ങള്‍ പൊതുവെ മതത്തിന്റെ മൂല്യബോധത്തെ സ്വാംശീകരിക്കുകയും അതിന്റെ അനുഷ്ഠാനരൂപങ്ങളില്‍നിന്നു പിന്മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മുസ്ലിം സമൂഹങ്ങളാകട്ടെ, മതം മുന്നോട്ടുവെയ്ക്കുന്ന മൂല്യബോധം ഉപേക്ഷിക്കുകയും അതിന്റെ സങ്കുചിതമായ അനുഷ്ഠാനരൂപങ്ങളെ അന്ധമായി ആശ്ലേഷിക്കുകയും ചെയ്തു. ഇതിന് ഏറ്റവും നല്ല തെളിവാണ് പര്‍ദ്ദ. ഈ മാറ്റങ്ങള്‍ക്കു പല കാരണങ്ങളുണ്ടായിരുന്നു. അമേരിക്കയുടെ സാമ്രാജ്യത്വ സാംസ്‌കാരിക അധിനിവേശം, സെപ്തംബര്‍ 11 സംഭവം, ഇസ്ലാമെന്നാല്‍ ഭീകരതയാണെന്ന മാധ്യമപ്രചാരണങ്ങള്‍, തീവ്രവാദ മൗലികവാദ സംഘടനകളുടെ ആഗോളതലത്തിലുള്ള ശക്തിപ്പെടല്‍ തുടങ്ങിയവയെല്ലാം അതിനു കാരണങ്ങളായി. ഇന്ത്യയിലാകട്ടെ, ബാബറിപള്ളി പൊളിക്കലും ഗുജറാത്തിലും മറ്റും അരങ്ങേറിയ വര്‍ഗ്ഗീയ കലാപങ്ങളുമെല്ലാം ഇതിനു പ്രേരകമായി. ന്യൂനപക്ഷ സമുദായങ്ങള്‍ ഭീഷണി നേരിടുമ്പോള്‍ എന്നും തങ്ങളുടെ സ്വത്വത്തിലേക്ക് ഉള്‍വലിയാനുള്ള പ്രവണത കാണിക്കാറുണ്ട്. കൂടുതല്‍ മതപരതയിലേക്കും അതിന്റെ പ്രകടനപരതയിലേക്കുമാണ് ആ സമുദായം പതിച്ചത്. മൗദൂദിയുടെ പിന്തുടര്‍ച്ചക്കാരായ ജമാഅത്തെ ഇസ്ലാമിയും ഈ കലുഷമായ കാലത്തെ ഏറ്റവുമധികം ചൂഷണം ചെയ്തു. കര്‍ണാടകയുടെ സ്വാധീനംകൊണ്ട് കാസര്‍ഗോഡ് മാത്രമുണ്ടായിരുന്ന പര്‍ദ്ദയെ, പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കൊടിയടയാളമായ ഈ കറുത്ത വേഷത്തെ സ്ത്രീകളെ അണിയിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് ജമാഅത്തെ, മുജാഹിദ് നേതൃത്വങ്ങളാണ്. ഇവിടെയുള്ള നാനാജാതിമതസ്ഥരോട് ഐക്യപ്പെട്ടു കഴിഞ്ഞിരുന്ന മുസ്ലിം സമുദായത്തെ പൊളിറ്റിക്കല്‍ ഇസ്ലാമുമായി ബന്ധിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. വിശ്വാസങ്ങളില്‍, ആചാരങ്ങളില്‍ കലര്‍ന്ന കേരളീയമായ (തീര്‍ച്ചയായും ഹൈന്ദവമല്ല) അംശങ്ങളെ ഉന്മൂലനം ചെയ്യാനും അതിനെ സൗദിവല്‍ക്കരിക്കാനുമുള്ള ശ്രമവും അവര്‍ നടത്തി. 
സമുദായങ്ങളുടെ ഇടകലരലിനു സഹായകമായിരുന്ന പല ആഘോഷങ്ങളേയും ആചാരങ്ങളേയും ഹൈന്ദവമെന്നും അനിസ്ലാമികമെന്നുമുള്ള പേരില്‍ അവര്‍ നിന്ദിക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തു. സാംസ്‌കാരികമായ സമന്വയത്തിനു വലിയ പ്രാധാന്യം നല്‍കിയിരുന്ന സുന്നി സമൂഹവും ഇവരുയര്‍ത്തിയ പ്രചാരണങ്ങളില്‍ വീണുപോയി. നേര്‍ച്ചകള്‍, ഉറൂസുകള്‍, രാപ്രസംഗങ്ങള്‍, ഇസ്ലാമിക കഥാപ്രസംഗങ്ങള്‍ തുടങ്ങി പലതും കാല്‍ നൂറ്റാണ്ടിനിടയില്‍ തളരുകയോ അപ്രത്യക്ഷമാവുകയോ ചെയ്തു. പകരം പെന്തക്കോസ്ത് രീതിയിലുള്ള കൂട്ടപ്രാര്‍ത്ഥനകളും നരകവര്‍ണ്ണനകള്‍ മുഖ്യമായ മതപ്രഭാഷണങ്ങളും ഖുര്‍ആന്‍ പഠന ക്ലാസ്സുകളും കേരളമങ്ങോളമിങ്ങോളം വ്യാപിച്ചു. സ്ത്രീകളെയാണ് ഇവ മുഖ്യമായും ഉന്നം വെച്ചത്. ഓരോ പ്രദേശങ്ങളിലും ഓരോ വീടുകള്‍ ഊഴം വെച്ച് കൂട്ടപ്രാര്‍ത്ഥനകള്‍ നടത്തുന്നതിലൂടെ ഭക്തിയിലൂടെയുള്ള സമുദായ ഐക്യം രൂപപ്പെട്ടു. സമാനമായ കൂട്ടപ്രാര്‍ത്ഥനകള്‍ ക്രിസ്ത്യന്‍ സമുദായത്തിലും വ്യാപിച്ചു. പിന്നീട് ഹിന്ദുസമുദായവും പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ ക്ഷേത്രങ്ങള്‍ മുന്‍നിര്‍ത്തി ഈ മാതൃകകള്‍ അനുകരിച്ചു. കഴിഞ്ഞ കാല്‍നൂറ്റാണ്ട് സമുദായങ്ങളെ വേര്‍തിരിക്കും വിധമുള്ള ഒരു രണ്ടാം ഭക്തിപ്രസ്ഥാനത്തിന്റെ കാലമായിരുന്നു എന്നു കാണാന്‍ പറ്റും. പരിഷ്‌കൃത രാഷ്ട്രങ്ങള്‍ മതാത്മകതയില്‍നിന്നു മാനവികതയിലേക്കു കുതിക്കുമ്പോള്‍ നമ്മള്‍ ആര്‍ജ്ജിച്ചെടുത്ത മാനവികതയില്‍നിന്നും അപരവിദ്വേഷം നിറഞ്ഞ ഒരു മനോഭാവത്തിലേക്കു നീങ്ങുകയായിരുന്നു. ഇതിന്റെ പ്രത്യക്ഷമായ തെളിവുകളാണ്, അഥവാ അതിന്റെ ഫലപ്രാപ്തിയാണ് ശബരിമല വിവാദത്തിലും ശിരോവസ്ത്ര വിവാദത്തിലും നാം ദര്‍ശിക്കുന്നത്. വൈകാരികതയെക്കാള്‍ പ്രായോഗികതയ്ക്കു പ്രാധാന്യം കൊടുക്കുന്ന ക്രൈസ്തവ സമുദായങ്ങളില്‍ പ്രത്യക്ഷ വര്‍ഗ്ഗീയത കുറയും. വിദ്യാഭ്യാസത്തിനും അതിജീവനത്തിനും പ്രാധാന്യം കൊടുത്ത് അവര്‍ പുരോഗതിയിലേക്കു നീങ്ങുന്നു. പക്ഷേ, അതിവൈകാരികതയില്‍ മുങ്ങിയ, മിക്കവാറും ഒരേ മനോഘടനയുള്ള ഹിന്ദു, മുസ്ലിം മതങ്ങള്‍ ഭൗതികനേട്ടങ്ങളില്‍നിന്നും മാറി, വിദ്വേഷം നിറഞ്ഞതും തമ്മില്‍ മത്സരിക്കുന്നതുമായ ഒരു ഭക്തിമാര്‍ഗ്ഗത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. 

ആത്യന്തികമായി ജനാധിപത്യം ദുര്‍ബ്ബലമാവുമ്പോള്‍ മതം അവിടെ ആധിപത്യം നേടും. അത് എപ്പോഴും ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങള്‍ക്കൊപ്പമേ നില്‍ക്കൂ. മുസ്ലിം സമുദായത്തെ അപരവല്‍ക്കരിക്കുക എന്നതാണ് ഹിന്ദുവര്‍ഗ്ഗീയതയുടെ മുഖ്യലക്ഷ്യം. അവര്‍ ആഗ്രഹിക്കുന്ന അപരത്വത്തിലേക്ക് സമുദായത്തെ ആട്ടിത്തെളിക്കുകയാണ് മുസ്ലിം മതനേതൃത്വങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു സെക്കുലര്‍ സമൂഹത്തില്‍ സ്ത്രീകളെ മുഖമില്ലാത്തവരായി നടത്തുന്നത് ആ സമുദായത്തോട് മറ്റുള്ളവര്‍ക്ക് നിന്ദയും അവജ്ഞയും ഭയവുമൊക്കെയാണുണ്ടാവുക എന്നു സമുദായ നേതൃത്വം തിരിച്ചറിയേണ്ടതാണ്. മുഖം മൂടിയ ശിരോവസ്ത്രം ധരിക്കാനുള്ള മഹത്തായ സ്വാതന്ത്ര്യമല്ലാതെ ഒരു പള്ളിക്കമ്മിറ്റി തെരഞ്ഞെടുപ്പിലുള്ള വോട്ടവകാശം പോലും മുസ്ലിം സ്ത്രീക്ക് മതം നല്‍കുന്നില്ല. എന്നാല്‍, എത്രയോ പഞ്ചായത്തുകളും ജില്ലകളും അവള്‍ ഭരിക്കുന്നു. ബ്യൂറോക്രസിയില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു. ആ സ്വാതന്ത്ര്യം മുസ്ലിം സ്ത്രീകള്‍ക്കു നല്‍കിയത് മതനേതൃത്വമല്ല, ഭരണഘടനയാണ് എന്ന് മുസ്ലിം സ്ത്രീകളും തിരിച്ചറിയേണ്ടതാണ്. സമീപഭാവിയില്‍ മുഖം മൂടിയ ശിരോവസ്ത്രത്തിനെതിരെ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ പ്രചാരണമുയര്‍ത്തുമെന്നു തീര്‍ച്ച. മതത്തിനെതിരായ ആക്രമണമായി മുസ്ലിം പൗരോഹിത്യവും സംഘടനകളും അതിനെ നേരിടും. മുസ്ലിം സമുദായം കൂടുതല്‍ കൂടുതല്‍ മതാത്മകതയിലേക്കും അപരത്വത്തിലേക്കും നീങ്ങും. 
സ്ത്രീകളുടെ മുന്നേറ്റത്തെ മതം എങ്ങനെ കാണുന്നു എന്നതിന് ബംഗ്ലാദേശിനെ ഉദാഹരണമായെടുക്കാം. റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണ മേഖലയില്‍ ലോകത്ത് പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. 18 മില്യണിലധികം സ്ത്രീകള്‍ അവിടെ ആ മേഖലയില്‍ ജോലിചെയ്യുന്നു. ഗവണ്മെന്റ് തസ്തികകളിലേക്കും സ്ത്രീകള്‍ക്കു സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ വുമണ്‍ ഡവലപ്മെന്റ് പോളിസിയുടെ ഭാഗമായി 2010-ഓടെ പാരമ്പര്യ സ്വത്തില്‍ സ്ത്രീക്ക് തുല്യാവകാശം നല്‍കാനുള്ള വിപ്ലവകരമായ നീക്കം (ശരീഅത്ത് അനുസരിച്ച് സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്തിനേ അവകാശമുള്ളൂ) ഗവണ്‍മെന്റ് നടത്തിയിരുന്നു. അപ്പോഴേക്കും മുല്ലമാരുടേയും മദ്രസ വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തില്‍ ഹെഫാസാത് എ ഇസ്ലാം എന്ന പുതിയൊരു സംഘടന രൂപംകൊണ്ടു. സൗദിയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും പിന്തുണയുള്ള ഈ തീവ്ര മതസമ്മര്‍ദ്ദ ഗ്രൂപ്പ് 2013-ല്‍ ഗവണ്മെന്റിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. അവര്‍ ഗവണ്‍മെന്റിനു മുന്നില്‍ വെച്ച 13 ഇന ആവശ്യങ്ങളിലൊന്ന് സ്ത്രീകളുടെ വസ്ത്രധാരണവും പുരുഷന്മാരോടൊപ്പം ഇടകലരുന്നത് തടയണമെന്നതുമായിരുന്നു. വീട്ടിലേക്കു ഭക്ഷണം സമ്പാദിക്കുന്ന ലക്ഷക്കണക്കിനു മുസ്ലിം സ്ത്രീകള്‍ രാജ്യത്തുണ്ട് എന്നും പെട്രോഡോളറിന്റെ പുളപ്പുള്ള സൗദിയില്‍നിന്നു ഭിന്നമാണ് മൂന്നാം ലോകരാജ്യങ്ങള്‍ എന്നും മനസ്സിലാക്കാനുള്ള സാമാന്യബോധം മുസ്ലിം പണ്ഡിതന്മാര്‍ക്കുണ്ടായില്ല. 2017-ലെ ഗ്ലോബല്‍ ജെന്റര്‍ ഗ്യാപ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയേയും (108) ശ്രീലങ്കയേയും (109) നേപ്പാളിനേയും (111) ഭൂട്ടാനേയും (124) പിന്തള്ളി ബംഗ്ലാദേശ് 47-ാം സ്ഥാനത്തെത്തുകയുണ്ടായി. ചെറിയ കാലംകൊണ്ട് തൊഴില്‍രംഗത്തും രാഷ്ട്രീയമേഖലയിലും പൊതു ഇടങ്ങളിലും സ്ത്രീകള്‍ക്കുണ്ടായ മേല്‍ക്കയ്യാണ് യാഥാസ്ഥിതികരെ വിറളിപിടിപ്പിച്ചത്. സ്ത്രീയുടെ എല്ലാ ഇടങ്ങളേയും നിഷേധിക്കുന്ന പൗരോഹിത്യം തന്നെയാണ് കേരളത്തിലുമുള്ളത്. ഇത്തരക്കാരെ പടച്ചുവിടുന്ന ഫാക്ടറികള്‍കൊണ്ട് സമ്പന്നമാണ് കേരളം. വീട്ടിനുള്ളിലാണ് സ്ത്രീക്കു പറ്റിയ ഇടമെന്നും അവള്‍ യാത്രചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും പറയുന്ന മുസ്ലിം മത നേതൃത്വങ്ങളാണ് സമുദായത്തിന്റെ ശാപം. അവരുടെ പ്രസംഗങ്ങള്‍ കേട്ടാല്‍ ആര്‍ക്കും തോന്നുന്ന കാര്യം സ്ത്രീകളെ അടക്കിയിരുത്താന്‍ വേണ്ടി, അവരുടെ എല്ലാ വിനിമയങ്ങളേയും നിയന്ത്രിക്കാന്‍ വേണ്ടി മാത്രം ജന്മം കൊണ്ട മതമാണ് ഇസ്ലാം എന്നാണ്. 

സ്ത്രീയെ പൊതു ഇടങ്ങളില്‍നിന്നും പുറന്തള്ളുക എന്നതാണ് മുഖാവരണമുള്ള പര്‍ദ്ദ ലക്ഷ്യം വെക്കുന്നത്. ക്ലാസ്സിലിരിക്കുന്ന കുട്ടിക്ക്, അധ്യാപകനെ കാണാന്‍ വരുന്ന രക്ഷിതാവിന്, ഓഫീസില്‍ വരുന്ന ഒരു സ്ത്രീക്ക് മുഖമില്ലെങ്കില്‍ അതിനെക്കാള്‍ അപമാനകരമായി മറ്റെന്തുണ്ട്! മുഖം വ്യക്തിത്വത്തിന്റെ അടയാളമാണ്. വ്യക്തിത്വത്തെ മറയ്ക്കുന്ന മുഖം മൂടി വ്യക്തിയെ വെറും വസ്തു മാത്രമാക്കി മാറ്റുന്നു. ഒരു പക്ഷിയുടേയോ പശുവിന്റേയോ മുഖത്തിനു നൂറ്റാണ്ടുകളിലൂടെ സംഭവിച്ചേ പരിണാമം വളരെ നിസ്സാരമാണ്. എന്നാല്‍, മനുഷ്യനെ സംബന്ധിച്ചു പരിണാമ ചരിത്രത്തില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് അവന്റെ/അവളുടെ മുഖം കൂടിയാണ്. ഒരു ചിരികൊണ്ട്, കരച്ചില്‍കൊണ്ട് ഒരു കണ്ണിറുക്കല്‍കൊണ്ട്, ഒരു നോട്ടം കൊണ്ട് എന്തെല്ലാം ഭാവങ്ങള്‍ അതു വിനിമയം ചെയ്യുന്നില്ല! ഈ മുഖമാണ് വ്യക്തിയെ സാമൂഹിക വിനിമയത്തിനു പ്രാപ്തമാക്കുന്നത്. ഈ ഇലക്ഷനില്‍ മുഖം മൂടിക്കൊണ്ട് വോട്ടുചെയ്യാനനുവദിക്കരുതെന്ന എം.വി. ജയരാജന്റെ പ്രസ്താവനയെ എത്ര പെട്ടെന്നാണ് ലീഗും കോണ്‍ഗ്രസ്സും ബി.ജെ.പിയും പര്‍ദ്ദയ്ക്കെതിരായ വിമര്‍ശനമാക്കിയതെന്നോര്‍ക്കുക. സത്യത്തില്‍ മുഖം മറയ്ക്കുന്നതിനെക്കുറിച്ചു മാത്രമായിരുന്നു ജയരാജന്‍ പറഞ്ഞത്. പൊതുസമൂഹത്തില്‍ സ്വന്തം മുഖം പ്രദര്‍ശിപ്പിക്കാനാവാത്ത ഒരാളുടെ കര്‍ത്തൃത്വം തീര്‍ച്ചയായും സംശയാസ്പദമാണ്. മതത്തിന്റേയും പൗരോഹിത്യത്തിന്റേയും കീഴിലെ ചിന്താശേഷിയില്ലാത്ത പ്രജയില്‍നിന്നും ജനാധിപത്യത്തിലെ ഉത്തരവാദിത്വമുള്ള പൗരത്വത്തിലേക്ക് വ്യക്തിയെ ഉയര്‍ത്തുന്ന സന്ദര്‍ഭമാണ് തെരഞ്ഞെടുപ്പ്. അത്തരമൊരു സന്ദര്‍ഭത്തില്‍ സ്വന്തം മുഖവുമായി പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയാത്ത ഒരാള്‍ക്കു സാമൂഹിക ബന്ധങ്ങളെ നിര്‍ണ്ണയിക്കുന്ന ആധുനിക രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കെടുക്കാന്‍ എന്തവകാശമാണുള്ളത്?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com