വെന്തുകരിഞ്ഞ ഒരു മഹാജീവിതം: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു

നാല് വയസ്സിനിളപ്പമുണ്ടായിരുന്ന അനുജന്‍ തിയോ ഒഴികെ എല്ലാവരും അദ്ദേഹത്തെ നിരാകരിച്ചു.
വെന്തുകരിഞ്ഞ ഒരു മഹാജീവിതം: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു

റു കൊല്ലത്തിനിടയില്‍ പൂത്ത് ഒരു രാത്രികൊണ്ട് കരിയുന്ന നിത്യകല്യാണിയുടെ മദിപ്പിക്കുന്ന മണം പരന്നൊഴുകിയിരുന്ന മുറിയിലിരുന്ന്, ഭിത്തികള്‍ നിറയെ പെയിന്റിംഗുകളായിരുന്നു, സംസാരിക്കുന്നതിനിടയില്‍ കെ.പി. പത്മനാഭന്‍ തമ്പി ഞാനിരിക്കുകയായിരുന്ന പച്ചനിറം പൂശിയ ചൂരല്‍ക്കസേര ചൂണ്ടിക്കൊണ്ട് പറഞ്ഞു: ''മുന്‍പൊരിക്കല്‍ ഇവിടെ വന്ന സോമര്‍ സെറ്റ് മോം ഇരുന്ന കസേരയിലാണ് നിങ്ങളിരിക്കുന്നത്. അന്നും നിത്യകല്യാണി പൂത്തിരുന്നു. അതിന്റെ വാസനയില്‍ മത്തുപിടിച്ച അദ്ദേഹം മടങ്ങിയത്, ആ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി നിത്യകല്യാണിയുടെ വാടിയ ഏതാനും ഇതളുകളുമായിട്ടായിരുന്നു.

പത്മനാഭന്‍ തമ്പി അറിയപ്പെടുന്ന ഒരു ചിത്രകലാ നിരൂപകനായിരുന്നു. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ കല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചിത്രകലാ മാസിക ആധുനിക തലമുറക്കാരായ ചിത്രമെഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ സവിശേഷ ശുഷ്‌കാന്തി പ്രദര്‍ശിപ്പിച്ചിരുന്നു. രവീന്ദ്രനാഥ ടാഗോറും ജാമിനി റായിയും രാം കിങ്കറും കഴിഞ്ഞാല്‍ ഇന്ത്യയുടെ ചിത്രകലാ ഭൂപടം ശൂന്യമാണെന്ന് വിശ്വസിച്ചിരുന്ന ബംഗാളികള്‍ക്കിടയില്‍ ആധുനിക ചിത്രകലാരംഗത്തെ പ്രതീക്ഷകള്‍ക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനായി തമ്പി കഠിനമായി പരിശ്രമിച്ചിരുന്നു. കല്‍ക്കത്തയില്‍നിന്നുള്ള പ്രസിദ്ധീകരണം അതിനൊരു ഉദാഹരണമായി. ആ ചിത്രകലാ മാസികയുടെ പഴയ ലക്കങ്ങള്‍ കാണാനും ഇന്ത്യക്കാരായ ചിത്രമെഴുത്തുകാരെപ്പറ്റി സംസാരിക്കാനുമായിരുന്നു വിശ്രുത നോവലിസ്റ്റായ മോം അവിടെ വന്നത്. ഓഫ് ഹ്യൂമന്‍ ബോണ്ടേജ്, റേസേഴ്‌സ് എഡ്ജ്, മൂണ്‍ ആന്റ് സിക്‌സ് പെന്‍സ് എന്നീ ഒന്നാന്തരം കൃതികളിലൂടെ, ബ്രിട്ടീഷുകാരനായ ആ നോവലിസ്റ്റിനെ ഞാന്‍ നേരത്തേ അറിഞ്ഞിരുന്നു. മികച്ച പത്തു നോവലുകള്‍ എന്ന ഗ്രന്ഥത്തിനു പുറമേ അദ്ദേഹമെഴുതിയ 'എ റൈറ്റേഴ്‌സ് നോട്ട്ബുക്ക്' എന്ന ആത്മകഥാപരമായ കൃതിയില്‍ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ ഔദ്യോഗിക വസതിയായ ഭക്തിവിലാസത്തില്‍ തനിക്കുവേണ്ടി നടത്തിയ വീണക്കച്ചേരിയില്‍ പങ്കെടുത്തത്, മഹാരാജാവായ ശ്രീചിത്തിര തിരുനാളിന്റെ മാതാവായിരുന്നു വീണ വായിച്ചത്, അദ്ദേഹം ഓര്‍മ്മിച്ചിരുന്നു.
താഹിതി ദ്വീപുകളിലെ നാട്ടുകാരിലൊരാളായി ജീവിക്കാന്‍ പാരീസിനോട് വിടപറയുമ്പോള്‍ പോള്‍ ഗോഗിന്‍ ഉപേക്ഷിച്ചത് ഓഹരിക്കച്ചവടക്കാരനായി കൈവരിച്ച ഭദ്രമായ സാമ്പത്തിക ജീവിതവും അഞ്ചു കുട്ടികളുള്ള കുടുംബവുമായിരുന്നു. പ്രകൃത്യാതീത ശക്തികളുമായി സംവദിക്കുന്നവര്‍ക്കിടയില്‍  ജീവിച്ച് ചിത്രമെഴുത്തിന്റെ ആത്മീയതലങ്ങള്‍ തേടാനാണ് ആധുനിക ജീവിതത്തില്‍നിന്ന് സ്വയം മോചിതനായ താന്‍ പരിശ്രമിക്കുന്നതെന്ന് നാല്പത്തഞ്ചുകാരനായ ആ മദ്ധ്യവയസ്‌കന്‍ അവകാശപ്പെടുകയുണ്ടായി. അദ്ദേഹം വരച്ച ചിത്രങ്ങളില്‍ ഒരെണ്ണമായ 'ദ സ്പിരിറ്റ് ഓഫ് ദ ഡെഡ് വാച്ചിംഗ്' അതിനൊരു ദൃഷ്ടാന്തമായി. മരണമടഞ്ഞവരുടെ ആത്മാവാണ് രാത്രികാലങ്ങളില്‍ അന്തരീക്ഷത്തില്‍ ദൃശ്യമാകുന്ന ധൂസര വെളിച്ചമെന്ന് പോളിനേഷ്യക്കാര്‍ വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തില്‍ പ്രചോദിതനായാണ് പോള്‍ ഗോഗിന്‍ ആ ചിത്രം വരച്ചത്. വിവാദങ്ങള്‍ നിറഞ്ഞ ആ ജീവിതത്തിലെത്തിക്കുന്നതായിരുന്നു  മോം എഴുതിയ 'മൂണ്‍ ആന്റ് സിക്‌സ് പെന്‍സ്' എന്ന നോവല്‍. ഫ്രഞ്ചുകാരായ ചിത്രകാരന്മാരിലേയ്ക്കുള്ള എന്റെ വഴി തുറന്നതായിരുന്നു ആ കൃതി.
മോനേയും ദെഗാസും പിസ്സാറോയും സൂററ്റും റെന്‍വാറും കത്തിച്ച ദീപശിഖയില്‍നിന്ന് കൊളുത്തിയ ദീപത്തിലൂടെ പ്രഭാപൂരമാക്കിയ ഇംപ്രഷണിസ്റ്റാനന്തര ഘട്ടത്തിലെ പ്രധാനികളായിരുന്നു ഗോഗിനു പുറമേ ലോട്രക്കും വാന്‍ഗോഗും. കുള്ളനായ ലോട്രക്കിന്റെ ജീവിതം മോണ്‍ട്മാര്‍ട്ടിയിലെ (പാരീസ്) മുലാന്‍ റൂഷ് എന്ന നിശാക്ലബ്ബുമായി ബന്ധപ്പെട്ടിരുന്നു. പകലും രാത്രിയും അവിടെ ചെലവിട്ട ലോട്രക്ക് തന്റെ ചിത്രങ്ങളിലൂടെ, ആ ക്ലബ്ബിലെ നിശാജീവിതത്തെ ചൈതന്യഭരിതമാക്കിയിരുന്ന നര്‍ത്തകിമാരുടെ ജീവിതങ്ങളെ അവിസ്മരണീയമാക്കി. മുലാന്‍ റൂഷ് എന്ന ശീര്‍ഷകത്തിലെഴുതപ്പെട്ട നോവല്‍ ലോട്രക്കിന്റെ ജീവിതം പ്രതിപാദിച്ചിരുന്നു. ആ പേരില്‍, പ്രസിദ്ധ ഹോളിവുഡ് സംവിധായകനായ ജോണ്‍ ഹ്യൂസ്റ്റണ്‍ നിര്‍മ്മിച്ച ചലച്ചിത്രത്തിന്റെ അന്ത്യരംഗം ഓര്‍മ്മയായെങ്കിലും എനിക്കു മറക്കാനായിട്ടില്ല. മരണത്തിലേയ്ക്ക് യാത്ര പറയുന്ന ലോട്രക്കിന്റെ ഒരു സ്വപ്നമായിരുന്നു ആ രംഗത്തിലൂടെ ചിത്രീകരിച്ചത്. ലോട്രക്കിന്റെ ജീവിതവുമായി ബന്ധമുണ്ടായിരുന്നവര്‍, ഓരോരുത്തരായി നിശ്ശബ്ദം വന്ന് സുഖയാത്ര നേരുന്ന ആ അന്ത്യരംഗം ദുഃഖസാന്ദ്രമെന്നപോലെ ഹൃദയഭേദകം കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സ്‌നേഹിതനായിരുന്നു വിന്‍സന്റ് വാന്‍ ഗോഗ്. മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരണമടഞ്ഞ ചെമ്പന്‍മുടിക്കാരനായ ആ ഡച്ചുകാരന്‍ ജീവിച്ചിരുന്നപ്പോള്‍ അനുഭവിച്ച ദുരിതങ്ങള്‍, ദുഃഖങ്ങള്‍, സങ്കല്പാതീതങ്ങളാണ്. ഇര്‍വിങ് സ്റ്റോണ്‍ എഴുതിയ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന നോവല്‍ വിന്‍സന്റിന്റെ ദുരന്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. നാല് വയസ്സിനിളപ്പമുണ്ടായിരുന്ന അനുജന്‍ തിയോ ഒഴികെ എല്ലാവരും അദ്ദേഹത്തെ നിരാകരിച്ചു. അതുണ്ടാക്കിയ മുറിവുകള്‍, ക്ഷതങ്ങള്‍, ആഘാതങ്ങള്‍ വിന്‍സന്റിനെ ഉന്മാദത്തിന്റെ നിലയില്ലാക്കയങ്ങളിലേയ്ക്ക്  തള്ളിവീഴ്ത്തുകയുണ്ടായി.

പ്രതിഭാശാലികളെ തിരിച്ചറിയാനും കണ്ടെത്താനും അവര്‍ ജീവിച്ചിരിക്കുന്ന 'കാലത്തിനു' പലപ്പോഴും കഴിയാറില്ല. എന്നാല്‍, വിന്‍സന്റിനോട് കാലത്തിന്റെ പെരുമാറ്റം ദയാരഹിതമായിരുന്നു. കുറച്ചു സ്‌നേഹത്തിനും അതു നല്‍കുന്ന ചൂടിനും വേണ്ടി ആ മനുഷ്യന്‍ എന്തെല്ലാം അനുഭവിച്ചു. ആര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തല്ലേയെന്ന് ആ ജീവിതം വായിക്കുന്ന ആരും മൗനമായി പ്രാര്‍ത്ഥിക്കും. അത്രമാത്രം ക്രൂരമായ അനുഭവങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായത്. ആ അനുഭവങ്ങള്‍ പ്രതിപാദിക്കുകയാണ് തുടര്‍ന്നുള്ള പേജുകളില്‍...

ഒന്ന്

ജ്വരബാധിതമായ
ജീവിതം

''മടങ്ങിപ്പോകാന്‍ എന്നെ അനുവദിക്കൂ'' വിവശനായ വിന്‍സന്റിന്റെ ശബ്ദം സങ്കടവും നിരാശയും കൊണ്ട് വിമ്മുന്നതായി ഫാദര്‍ ഫ്രെഡറിക് സാലീസിനു തോന്നി. അവിശ്വാസത്തോടെ അതു കേട്ടുനിന്ന അദ്ദേഹത്തോട് വിന്‍സന്റ് ആവര്‍ത്തിച്ചു: ''ഒരുവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാനോ പരസഹായമില്ലാതെ യാത്രചെയ്യാനോ എനിക്ക് കഴിയില്ല.'' അതു പറഞ്ഞിട്ട് വിന്‍സന്റ് പെട്ടെന്ന് നിശ്ചലനായി. മൗനത്തിലേയ്ക്ക് പതിച്ച ആ മുപ്പത്തിയാറുകാരന്റെ മുഖം വികാരസാന്ദ്രമാകുന്നത് നോക്കിനിന്ന സാലീസിനെ അകാരണമായ ഭയം ഗ്രസിക്കുകയായിരുന്നു. 

നിശ്ശബ്ദതയുടെ അകലം അവര്‍ക്കിടയില്‍ വലുതായി. നിരന്തരമായി പ്രഹരങ്ങളേറ്റ്  കീറിമുറിഞ്ഞിരുന്നെങ്കിലും അവയെ അതിജീവിക്കാന്‍ അസാധാരണമായ പ്രാപ്തി പ്രദര്‍ശിപ്പിച്ച  ഒരാളായിരുന്നില്ല അപ്പോള്‍ വിന്‍സന്റ്. താന്‍ രോഗിയായിരിക്കുന്നുവെന്ന് ആ പ്രതിഭാശാലി തിരിച്ചറിഞ്ഞിരുന്നു. മടങ്ങിവരാന്‍ സാധിക്കാത്ത രോഗം. ചെമ്പന്‍മുടിക്കാരനായ ഭ്രാന്തനെന്ന് തെമ്മാടിക്കുട്ടികള്‍ പരിഹസിച്ചിരുന്നത് വിന്‍സന്റ് ഒരിക്കലും മറന്നില്ല. എല്ലാവരും, സ്‌നേഹിതനെന്ന് കരുതിയിരുന്ന പോള്‍ ഗോഗിന്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ നിരാകരിക്കുക മാത്രമല്ല, എഴുതിത്തള്ളുകയും ചെയ്തിരുന്നതായി വേദനയോടെ അദ്ദേഹം ഓര്‍ത്തു. ''പഴയതുപോലെയല്ല എന്റെ അവസ്ഥ, എന്നെ മടക്കിക്കൊണ്ടു പോകൂ.'' 

ആശുപത്രി വാസത്തിനിടയില്‍ വിന്‍സന്റ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങിയതായി സാലീസ് അറിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍, വ്യക്തിപരമായ നിലയില്‍ ഡോക്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു, വിന്‍സന്റിനെ 'സ്വാതന്ത്ര്യത്തിലേക്ക്' നയിക്കാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചു. 'മഞ്ഞവീട്ടിലേയ്ക്ക്' വീണ്ടും പോകാതെ, വിന്‍സന്റിന് താമസിക്കാനായി രണ്ടു മുറികളുള്ള ഒരു വസതി സാലീസ് കണ്ടെത്തിയിരുന്നു. അത് ഏറ്റെടുത്തു വാടകക്കരാര്‍ എഴുതാന്‍ വേണ്ടിയായിരുന്നു വിന്‍സന്റുമായി അദ്ദേഹം യാത്ര തിരിച്ചത്. അതു നടന്നില്ല. വിന്‍സന്റ് ആവര്‍ത്തിച്ചു: ''വയ്യ, മടങ്ങിപ്പോകാം.''

ആകസ്മികമായാണ് വിന്‍സന്റിന്റെ അപസ്മാര ജീവിതത്തില്‍ കാരുണ്യത്തിന്റെ നനവുമായി ഫാദര്‍ സാലീസെത്തിയത്. റിഫോമിസ്റ്റ് പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിലെ വൈദികനായ സാലീസ്, അദ്ദേഹം ഏര്‍പ്പെട്ടിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിലെത്തി വിന്‍സന്റിന്റെ പരിചരണച്ചുമതല ഏറ്റെടുത്തിരുന്നു. വളരെ വേഗം അവര്‍ തമ്മിലുള്ള അടുപ്പം ഊഷ്മളമായി. സ്വയം വെറുക്കുകയും നിരാശതയുടെ ആഴങ്ങളില്‍ വീണ് ഉഴറുകയും ചെയ്തിരുന്നതിനിടയില്‍, ഫാദര്‍ സാലീസ് തനിക്കു നേരെ നീട്ടിയ സ്‌നേഹോദാരതയുടെ കരങ്ങളെ ഗ്രസിച്ച വിന്‍സന്റിന് അതൊരു ഉയിര്‍ത്തെഴുന്നേല്പായി അനുഭവപ്പെട്ടു. 

തകര്‍ന്നുടഞ്ഞ മനോനില
സാലീസിന്റെ പരിരക്ഷണയിലെത്തുന്നതിനു മുന്‍പ് ഡോക്ടര്‍ ഫെലിക്‌സ് റേയായിരുന്നു വിന്‍സന്റിന് അഭയവും ആശ്രയവുമായത്. മെഡിക്കല്‍ ബിരുദത്തിനുള്ള പരിശീലനത്തിന്റെ ഭാഗമായി ആശുപത്രിയില്‍ സേവനത്തിനെത്തിയ ആ ഇരുപത്തിമൂന്നുകാരന് മനോരോഗ ചികിത്സയുമായി ബന്ധമൊന്നുമില്ലായിരുന്നുവെങ്കിലും രോഗികളോട് അനുതാപത്തോടെ പെരുമാറിയിരുന്ന അയാള്‍, വിന്‍സന്റിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരുടെ നിഗമനത്തോട് യോജിച്ചില്ല. ഉന്മാദത്തിന്റേയും അപസ്മാരത്തിന്റേയും അസിധാരയിലൂടെ നടക്കുകയായിരുന്ന വിന്‍സന്റിനെ രക്ഷിക്കുക ദുഷ്‌കരമാണെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്. കാറ്റും വെളിച്ചവും കയറാത്ത ഒരു മുറിയില്‍ ഇരുട്ടുമായി സഹവസിക്കാന്‍ വിധിക്കപ്പെട്ടവനാണോ വിന്‍സന്റ്? തീക്ഷ്ണവികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ അതിനേക്കാള്‍ തീക്ഷ്ണമായ ചായങ്ങള്‍ ഉപയോഗിച്ച്, വിസ്മയങ്ങളുടെ പ്രപഞ്ചം നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ 'വൈകാരികമായ സമ്മര്‍ദ്ദ'മാണ് വിന്‍സന്റിന്റെ ജീവിതത്തിലെ താളം തെറ്റിച്ചതെന്നായിരുന്നു, മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനായി നിലകൊണ്ട ഫെലിക്‌സ് വിധിയെഴുതിയത്. സ്ത്രീകളുടെ ഗര്‍ഭാശയ രോഗങ്ങളെപ്പറ്റി ഗവേഷണ പഠനങ്ങളിലേര്‍പ്പെട്ടിരുന്ന ആ ഡോക്ടര്‍ക്ക് മനോരോഗ ചികിത്സയെപ്പറ്റി യാതൊരറിവുമില്ലായിരുന്നു. കലയിലും സാഹിത്യത്തിലും കൗതുകമുണ്ടായിരുന്ന അയാള്‍ക്ക് ശരാശരികള്‍ക്കപ്പുറം കാണാനായതുകൊണ്ടു കൂടിയായിരുന്നു, വിന്‍സന്റിന്റെ മനോനിലയ്ക്കുണ്ടായ അപഭ്രംശത്തെ ഉന്മാദമായി മുദ്രകുത്തിയ ഡോക്ടര്‍ ഡെലോണിന്റെ നിരീക്ഷണത്തെ നിരാകരിക്കാന്‍ സാധിച്ചത്.

നീണ്ടകാലത്തെ കത്തിടപാടുകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുമൊടുവില്‍, ഇടയ്ക്കുവച്ച് അകന്നുപോയിരുന്നുവെങ്കിലും വിവാഹത്തിനുള്ള സമ്മതം ജോ അറിയിച്ചതിനു പിന്നാലെയായിരുന്നു തിയോയെ മാനസികമായിത്തകര്‍ത്ത ടെലിഗ്രാം അര്‍ലിസില്‍ നിന്നെത്തിയത്. ചിതറിപ്പിഞ്ചിത്തുടങ്ങിയിരുന്ന സ്വകാര്യ ജീവിതം ജോ എത്തുന്നതോടെ സന്തോഷഭരിതമാകുമെന്ന സ്വപ്നം ഉടച്ചുതകര്‍ക്കുന്നതായിരുന്നു അതെങ്കിലും, മുന്‍പും ഇത്തരം പ്രതിസന്ധികള്‍ അപ്രതീക്ഷിതമായി പൊട്ടിവീഴുകയും അവയെ അതിജീവിക്കുകയും ചെയ്തിരുന്ന അനുഭവങ്ങള്‍ പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ തിയോയെ പ്രാപ്തനാക്കി. ഗുരുതരമായ നിലയില്‍ ആശുപത്രിയിലാണെന്നല്ലാതെ വിന്‍സന്റിന്റെ രോഗനിലയെപ്പറ്റി ടെലഗ്രാമില്‍ സൂചനയൊന്നുമുണ്ടായിരുന്നില്ല. 

ദുരന്തമെത്തിയെന്ന ദുശ്ശങ്കയുമായി, പാരീസ് നഗരം മെഴുകുതിരി വെട്ടത്തില്‍ മുങ്ങിത്തുടങ്ങിയ ക്രിസ്മസ്സിന്റെ തലേരാത്രി നാന്നൂറ്റി അന്‍പതു മൈലുകള്‍ അകലെയുള്ള അര്‍ലിസിലേയ്ക്കുള്ള ട്രെയിനില്‍ കയറിയ തിയോയ്ക്ക് ഒരേ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ. വിന്‍സന്റിന്റെ രോഗം മൂലം ജോയുമായുള്ള വിവാഹബന്ധം മുടങ്ങരുതേയെന്നു മാത്രമായിരുന്നു അപ്പോള്‍ അയാള്‍ പ്രാര്‍ത്ഥിച്ചത്. പുലര്‍ച്ചയ്ക്ക് തിയോ അര്‍ലിസിലെത്തി. അന്ന് ക്രിസ്മസ്സായിരുന്നു. എല്ലാവരും പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നതിനാല്‍, ഏതാനും രോഗികളല്ലാതെ, ആശുപത്രി മിക്കവാറും വിജനമായിരുന്നു. ഒരു ഗുഹ പോലെ, കന്മതിലുകള്‍കൊണ്ട് നിര്‍മ്മിച്ച ആ ആശുപത്രിയില്‍ പാര്‍പ്പിച്ചിരുന്നത്, മനോരോഗം മൂലം ഉലഞ്ഞ മനസ്സുള്ളവരെയായിരുന്നു. 'ദൈവത്തിന്റെ ഗേഹം' (Hotel Dieu) എന്നര്‍ത്ഥം വരുന്ന ആശുപത്രിയിലെ നീണ്ട ഇടനാഴികളിലേയും വലിയ ഹാളുകളിലേയും ഭിത്തികളില്‍ കുരിശുരൂപങ്ങള്‍ സ്ഥാപിച്ചിരുന്നു. മസ്ലിന്‍ തുണിയിലുള്ള തിരശ്ശീലകള്‍ കൊണ്ട് വേര്‍തിരിച്ചിരുന്ന കിടക്കകള്‍ നിരത്തിയിട്ടിരുന്ന വാര്‍ഡുകളില്‍ തിയോ തിരക്കിയെങ്കിലും വിന്‍സന്റിനെ കാണാനായില്ല.

കവിളിലൂടെ ചോര വാര്‍ന്നൊലിക്കുകയായിരുന്ന വിന്‍സന്റിനെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ബോധം നഷ്ടപ്പെട്ടിരുന്നു. ശബ്ദം നിരോധിക്കാനായി ഭിത്തികളില്‍ പാഡുകള്‍ ഉറപ്പിച്ചിരുന്ന ഇരുട്ടുനിറഞ്ഞ ചെറിയ ഒരു മുറിയില്‍ കൈയിലും കാലിലും ചങ്ങലകള്‍ ഘടിപ്പിച്ചായിരുന്നു വാര്‍ഡില്‍നിന്ന് വിന്‍സന്റിനെ കൊണ്ടുവന്നു കിടത്തിയത്. കുറച്ചു നേരത്തിനുശേഷം ശാന്തമായ വിന്‍സന്റിനെ വീണ്ടും വാര്‍ഡിലേയ്ക്ക് മാറ്റിയപ്പോഴായിരുന്നു തിയോ അവിടെയെത്തിയത്. 

സഹോദരന്റെ ആഗമനം വിന്‍സന്റിനെ ആഹ്ലാദിപ്പിച്ചു. അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേക്ക് മടങ്ങിവന്ന പ്രതീതി. അവരിരുവരും കുറേ നേരം സംസാരിച്ചിരുന്നു. കുട്ടിക്കാലത്തെപ്പറ്റി, ഒരുമിച്ച് സ്വപ്നങ്ങള്‍ പങ്കിട്ടിരുന്ന ദിവസങ്ങളെപ്പറ്റി... കുശലങ്ങള്‍ക്കിടയില്‍ അടുത്തുവരുന്ന ജോയുമായുള്ള വിവാഹത്തെപ്പറ്റി തിയോ സൂചിപ്പിച്ചു. അപ്പോള്‍ ''ജീവിതത്തില്‍ ഒരേ ഒരു ലക്ഷ്യമായി ദാമ്പത്യത്തെ കാണരുതെന്ന്'' വിന്‍സന്റ് ഉപദേശിച്ചത് പിന്നീട് തിയോ ഓര്‍മ്മിക്കുകയുണ്ടായി. ''സമചിത്തത വീണ്ടെടുക്കാന്‍ കഴിഞ്ഞതായ തോന്നലിലായിരുന്നുവെങ്കിലും പെട്ടെന്നായിരുന്നു വിന്‍സന്റ് വീണ്ടും 'പ്രേതപ്പിശാചുക്കളുടെ' പിടിയിലായത്. അതു കണ്ടിരിക്കാന്‍ സാധിക്കുമായിരുന്നില്ല. അസഹനീയമായ സങ്കടത്തില്‍നിന്ന് കരകേറാന്‍ വളരെയേറെ എനിക്ക് ക്ലേശിക്കേണ്ടിവന്നു.'' ജോയ്‌ക്കെഴുതിയ കത്തില്‍ തിയോ സൂചിപ്പിച്ചു.


ആശുപത്രിയില്‍ ഏതാനും മണിക്കൂറുകള്‍ ചെലവിട്ട ശേഷം സന്ധ്യയോടെ, അപ്പോള്‍ ഏഴരമണിയായിരുന്നു, തിയോ പാരീസിലേയ്ക്കു മടങ്ങി. അതിനു മുന്‍പ് സീനിയര്‍ ഡോക്ടര്‍മാരുടെ അഭാവത്തില്‍, ജൂനിയറായ ഫെലിക്‌സ് റേയുമായി സംസാരിച്ചപ്പോള്‍ മറ്റുള്ളവര്‍ വിശേഷിപ്പിച്ചതുപോലെ ഉന്മാദമല്ല, തീവ്രമായ വൈകാരിക സംഘര്‍ഷമാണ് വിന്‍സന്റിനെ കീഴ്പ്പെടുത്തിയതെന്നറിഞ്ഞ് തിയോ ആശ്വസിച്ചു. വിന്‍സന്റുമായി സംസാരിച്ചപ്പോള്‍ അതു തിരിച്ചറിയാനും കഴിഞ്ഞു. ഇടവിട്ട് ഇടവിട്ട് മൗനത്തിലേയ്ക്ക് പിന്മാറുകയും അക്രമത്തിന്റെ വക്കിലേക്ക് വഴുതിവീഴുമെന്ന സൂചന നല്‍കുന്ന ചേഷ്ടകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് വിന്‍സന്റിന്റെ സ്വഭാവ സവിശേഷതയായി മാറിയിരുന്നു. ഏതാണ്ട് അഞ്ചുകൊല്ലം ഈ അവസ്ഥ തുടര്‍ന്നു. അജ്ഞാതവും അദൃശ്യവുമായ ഏതോ ശക്തിയുടെ പിടിയിലായിരിക്കുകയാണെന്ന ഭയം വിന്‍സന്റിനെ വേട്ടയാടാന്‍ മറ്റൊരു കാരണവുമുണ്ടായിരുന്നു. മോപ്പസാങിന്റെ ഒരു കഥാപാത്രമായ ഹോര്‍ളയെപ്പോലൊരു പ്രേത സ്വത്വം.

ഓര്‍മ്മയുടെ ചോര്‍ച്ച
''ഞാനെന്തു പറഞ്ഞുവെന്നോ, എന്തു ചെയ്തുവെന്നോ എന്താണ് ആഗ്രഹിച്ചതെന്നോ ഓര്‍മ്മിക്കുന്നില്ലെന്ന്'' തിയോയ്‌ക്കെഴുതിയ കത്തിലൂടെ ആ ദിവസങ്ങള്‍ വിന്‍സന്റ് ഓര്‍മ്മിച്ചു. മനസ്സുനിറയെ ഇരുട്ടായിരുന്നു. എവിടെയോ എടുത്തെറിയപ്പെട്ടതുപോലെ.

പുതപ്പെടുത്തു തലയിലൂടെയിട്ട് മൂടി പേടിച്ചുവിറച്ച് കിടയ്ക്കക്കരികില്‍ വിന്‍സന്റ് ഇരിക്കുന്നതു കണ്ടത് പിന്നീട് ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ ഓര്‍മ്മിച്ചു. ആരോടും സംസാരിക്കാതെ വിമ്മുകയും ഒച്ചയില്ലാതെ കരയുകയും ഭക്ഷണം കഴിക്കാതെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ശൂന്യമായ നോട്ടവുമായിരിക്കുന്ന വിന്‍സന്റ്. അന്ധകാരത്തില്‍ വഴുതി വീഴുമ്പോള്‍ അരൂപികളായ പ്രേതങ്ങള്‍ പിന്തുടര്‍ന്ന് പീഡിപ്പിക്കുന്നു. ദയനീയമായി തകര്‍ന്ന ഒരു മനുഷ്യന്‍. സങ്കടത്തിന്റെ ആഴക്കടലില്‍ വീണ് തകരാന്‍ വിധിക്കപ്പെട്ട നിസ്സഹായന്‍. ഓര്‍മ്മകള്‍ തിരമാലകള്‍പോലെ വിന്‍സന്റിനെ ആക്രമിക്കുകയും വേദനിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ''വിഷാദമെന്ന കയ്പുനീര്‍ കുടിക്കാനാണോ ഈ ഭൂമിയിലെത്തിയത്? ഉറക്കത്തെ കീറിമുറിച്ചിരുന്ന പേടിസ്വപ്നങ്ങളെ നേരിടാനാവാതെ ഒച്ചയില്ലാതെ കരയാന്‍ മാത്രമേ എനിക്ക് സാധിക്കുമായിരുന്നുള്ളൂ.'' ഭ്രാന്തന്മാരായ മറ്റു രോഗികളോടൊപ്പം കിടക്കയില്‍ കയറിനിന്ന് ശുശ്രൂഷിക്കാനെത്തുന്ന നഴ്‌സുമാരെ ആട്ടിയോടിക്കുന്നതു പതിവായപ്പോഴാണ് പ്രത്യേക സംരക്ഷണം ആവശ്യപ്പെടുന്ന രോഗമാണിതെന്നും മാഴ്സെയിലുള്ള മനോരോഗാശുപത്രിയിലേക്ക് വിന്‍സന്റിനെ പ്രവേശിപ്പിക്കുകയാണ് ഉചിതമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. അപ്പോഴാണ് ഡോക്ടര്‍ ഫെലിക്‌സ് റേ രക്ഷകനായെത്തിയത്. ആദ്യമൊക്കെ ചികിത്സിക്കാന്‍ അയാള്‍ നടത്തിയ ശ്രമങ്ങളോട് വിന്‍സന്റ് സഹകരിച്ചിരുന്നില്ല. ''നിങ്ങളെ കാണാന്‍പോലും ഞാനാഗ്രഹിക്കുന്നില്ല'' ഫെലിക്‌സിനെ നോക്കി വിന്‍സന്റ് വിളിച്ചുപറയുമായിരുന്നു. അപ്പോഴും വിന്‍സന്റിനെ ഭ്രാന്തനായി മുദ്രകുത്താന്‍ അയാള്‍ മുതിര്‍ന്നില്ല. പ്രസിദ്ധമായ ഫ്രെഞ്ചു നോവലിസ്റ്റായ ഫ്‌ലാബേര്‍ വിശേഷിപ്പിച്ചിട്ടുള്ളതുപോലെ, 'ഓര്‍മ്മകളുടെ ചോര്‍ച്ച'യാണ് വിന്‍സന്റിനുണ്ടായിരിക്കുന്നതെന്നു പറഞ്ഞ് യുവാവായ ആ ഡോക്ടര്‍ സമാശ്വസിച്ചു.

പതുക്കെയെങ്കിലും വിന്‍സന്റ് ശാന്തനായി. അപ്പോള്‍ സ്‌നേഹിതരോ അയല്‍ക്കാരോ സഹായിക്കാനില്ലാത്ത അവസ്ഥ. കുറച്ചു നാളുകള്‍ക്കുള്ളില്‍ ആശുപത്രി വിടാനുള്ള അവസരമെത്തുമെന്ന ആലോചനയില്‍ എന്തുചെയ്യണമെന്ന് നിശ്ചയമില്ലാതെ കഴിയുമ്പോഴാണ് വിന്‍സന്റിനെ പരിചരിക്കാനായി പോസ്റ്റുമാനായ റൂലന്‍ തയ്യാറായത്, തികച്ചും അപ്രതീക്ഷിതമായിരുന്നു. അര്‍ലിസിലെ പരിചയക്കാരില്‍ റൂലന്‍ മാത്രമായിരുന്നു, വിന്‍സന്റിന്റെ സ്വഭാവ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് അനുഭാവം പ്രദര്‍ശിപ്പിച്ചിരുന്നത്. അതിനുള്ള പ്രത്യുപകാരമായി പോസ്റ്റുമാന്റെ ഔദ്യോഗിക വേഷമണിഞ്ഞ റൂലന്റെ ഒരു പോര്‍ട്രെയിറ്റ് വിന്‍സന്റ് വരച്ചിരുന്നു.

തിയോയുടെ ആവശ്യപ്രകാരം, ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് വിന്‍സന്റിനെ തന്റെ സംരക്ഷണയില്‍ വിട്ടുതരണമെന്ന് റൂലന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, അതു ചെവിക്കൊള്ളാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നു മാത്രമല്ല, മനോരോഗ ചികിത്സാകേന്ദ്രമാണ് വിന്‍സന്റിന്റെ ആശ്രയവും അഭയവുമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്. അതിന് അവര്‍ക്ക് കാരണങ്ങളുണ്ടായിരുന്നു. സാധാരണ നിലയിലെത്തിയെന്ന തോന്നലുണ്ടാക്കുന്നതോടൊപ്പം പൊടുന്നനെ അക്രമവാസന പ്രദര്‍ശിപ്പിക്കുന്നത് വിന്‍സന്റിന്റെ സ്വഭാവത്തിലെ ഭാഗമായിരിക്കുകയാണെന്ന നിഗമനത്തിലായിരുന്നു അവര്‍. അതിന്റെ സ്വാധീനം പിന്നീട് ഫെലിക്‌സ്‌റേയുടെ നിലപാടിലും പ്രതിഫലിക്കുകയുണ്ടായി. ''പാരീസിനടുത്തുള്ള മനോരോഗാശുപത്രിയില്‍ വിന്‍സന്റിനെ പ്രവേശിപ്പിച്ച് ചികിത്സിപ്പിക്കാനുള്ള ധനശേഷി ഉണ്ടോയെന്ന്'' കത്തിലൂടെ തിയോയോട് ആരായാന്‍ അയാളെ പ്രേരിപ്പിച്ചതിന്റെ കാരണം അതായിരുന്നു.

മരണത്തിലേയ്ക്ക് സഹോദരന്‍ വഴുതിപ്പോവുകയാണോയെന്ന ഉല്‍ക്കണ്ഠ അറിയിച്ചതിനോടൊപ്പം അത്തരമൊരു ആപത്തുണ്ടായാല്‍ ഭാവിയില്‍ അവലംബിക്കേണ്ട നടപടികളെപ്പറ്റി ആലോചിക്കേണ്ടതായിട്ടുണ്ടെന്ന് തിയോയെഴുതിയ കത്തിനു മറുപടിയായി, അത്തരം ചിന്തകള്‍ ഉപേക്ഷിക്കാന്‍ ജോ ഉപദേശിക്കുകയുണ്ടായി. വിവാഹദിവസം വന്നതോടെ തിയോ കൂടുതല്‍ പരിഭ്രമത്തിലായി, ആപത്തിന്റെ മുനയിലാണെന്ന ചിന്ത തിയോയെ ഊണിലും ഉറക്കത്തിലും വിടാതെ പിടികൂടിയിരുന്നെന്ന് ആ കാലത്ത് ജോയ്‌ക്കെഴുതിയ കത്തുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ തിയോയുടെ ദുശ്ശങ്കകളോട് ജോ വിയോജിച്ചു. വിന്‍സന്റിന്റെ ജീവന്‍ അപകടത്തിലാണെന്നത് തോന്നല്‍ മാത്രമാണെന്നും ഇപ്പോഴുണ്ടായിരിക്കുന്ന അവസ്ഥയെ അദ്ദേഹം അതിജീവിക്കുമെന്നും അവര്‍ വിശ്വസിച്ചു. തിയോയെ അതു പറഞ്ഞു സമാശ്വസിപ്പിക്കുന്നത് ജോയുടെ പതിവായി. ഈ ചുറ്റുപാടുകളിലാണ് വിന്‍സന്റിന്റെ പരിരക്ഷണം ഏറ്റെടുക്കാനുള്ള സന്നദ്ധത റൂലന്‍ അറിയിച്ചത്. അപ്രതീക്ഷിതമായിരുന്നെങ്കിലും തിയോയെ അത് ആശ്വസിപ്പിക്കുകയുണ്ടായി. പക്ഷേ, അത് അധികദിവസം നീണ്ടില്ല. റൂലന്‍ എഴുതിയ കത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു. ''താങ്കളുടെ സഹോദരന്റെ ആരോഗ്യനില മെച്ചപ്പെട്ട സന്തോഷകരമായ വിവരം അറിയിക്കണമെന്ന് വിചാരിക്കുമ്പോഴാണ് അതിനു സാധിക്കാതെ വന്നിരിക്കുന്നത്. ഒരു ദിവസം പൊടുന്നനെ വിന്‍സന്റിന്റെ ആരോഗ്യനില മെച്ചപ്പെടും. തൊട്ടടുത്ത ദിവസം മരണത്തിന്റെ വക്കിലെത്തും വിധം ആപല്‍ക്കരമാകും. ഈ സാഹചര്യത്തില്‍ ഒരു മനോരോഗാശുപത്രിയില്‍ വിന്‍സന്റിനെ പ്രവേശിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.'' റൂലന്റെ അറിയിപ്പ് തിയോയെ പരവശനാക്കി.

ആ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് നിശ്ചയിക്കാനാവാതെ ഉരുകുന്നതിനിടയിലായിരുന്നു വൈദികനായ ഫ്രെഡറിക് സാലീസിനെ സമീപിക്കാന്‍ തിയോ മുന്‍കൈയെടുക്കുന്നത്. വിന്‍സന്റിനെ ചികിത്സിക്കുന്ന ആശുപത്രി സന്ദര്‍ശിച്ച് രോഗികള്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്റെ ജ്യേഷ്ഠനെ സഹായിക്കണമെന്ന് തിയോ അപേക്ഷിച്ചു. അതിനു മറുപടിയായി ശാരീരികമായ അവശതകള്‍ പരിഹരിച്ച് താങ്കളുടെ സഹോദരനെ സാധാരണ നിലയിലെത്തിക്കാന്‍ തന്നാലാവുന്ന സഹായങ്ങളെല്ലാം ചെയ്യാമെന്ന് നാല്പത്തേഴുകാരനായ ആ വൈദികന്‍ ഉറപ്പു നല്‍കി. റൂലന്റെ ആപല്‍സൂചനകള്‍ക്കിടയില്‍ സാലീസിന്റെ ഉറപ്പ് കാറ്റും മഴയും നിറഞ്ഞ അന്ധകാരത്തിനിടയില്‍ അണയാതെ കത്തിനില്‍ക്കുന്ന ദീപം പോലെയാണ് തിയോയ്ക്ക് അനുഭവപ്പെട്ടത്. ഉന്മാദത്തിലേയ്ക്ക് വഴുതിവീണ വിന്‍സന്റിനെ മടക്കിക്കൊണ്ടു വരാമെന്ന നേര്‍ത്ത പ്രതീക്ഷ സാലീസിന്റെ നിലപാടിലൂടെ തിയോയ്ക്കുണ്ടായി. എങ്കിലും ഏതു നിമിഷവും അതു കൈവിട്ടുപോകാവുന്നതേയുള്ളൂവെന്ന ചിന്ത തിയോയെ ഭയപ്പെടുത്തിയിരുന്നു. ''അടുത്തായാലും ദൂരെയായാലും വിന്‍സന്റിന്റെ സാന്നിദ്ധ്യം എനിക്കാവശ്യമാണ്. സഹോദരനെന്നപോലെ എന്റെ ഉപദേഷ്ടാവ് കൂടിയാണ് വിന്‍സന്റ്.'' ''ദുശ്ചിന്തകള്‍ ഉപേക്ഷിക്കൂ'' എന്നു പറഞ്ഞ് ജോ ആശ്വസിപ്പിക്കുമായിരുന്നു. എന്നാല്‍, വിന്‍സന്റിന്റെ അമ്മയുടേയും സഹോദരിമാരുടേയും നിലപാടുകള്‍ ജോയുടെ അഭിപ്രായത്തെ പിന്‍പറ്റുന്നതായിരുന്നില്ല. ''അവനൊരു ഭ്രാന്തനാണെന്ന് എന്നും എനിക്ക് തോന്നിയിരുന്നതായി'' അമ്മ അന്ന തിയോഡറസ് എഴുതിയത് തിയോ ഓര്‍മ്മിച്ചു. ''ഇപ്പോഴത്തെ അവന്റെ യാതനകളും നാം നേരിടുന്ന ക്ലേശങ്ങളും അതില്‍നിന്നുണ്ടായതാണ്.'' അതിനോട് യോജിച്ചില്ലെങ്കിലും പൂര്‍ണ്ണസുഖം വീണ്ടെടുക്കാന്‍ വിന്‍സന്റിനാവില്ലെന്ന് തിയോയും കരുതി. ''വിന്‍സന്റിന്റെ യാതന നീണ്ടുപോകരുതേയെന്നാണ് എന്റെ പ്രാര്‍ത്ഥന.''
ഈ പ്രതിസന്ധിക്കിടയില്‍ അര്‍ലിസിലെ ആശുപത്രിയില്‍നിന്ന് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളെത്തിത്തുടങ്ങിയത് അപ്രതീക്ഷിതമായിരുന്നു. വൈദികനായ സാലീസായിരുന്നു അതിനു നിമിത്തമായത്. അത്യാഹിതം അനിവാര്യമാണെന്ന റൂലന്റെ മുന്നറിയിപ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് പ്രതീക്ഷിച്ചതിലും വേഗം വിന്‍സന്റിന്റെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുകയാണെന്ന് സാലീസ് തിയോയെ അറിയിച്ചു. ഒപ്പം ഫെലിക്‌സും അറിയിച്ചു: ''എല്ലാം കലങ്ങിമറിഞ്ഞ് വൃത്തിയായിരിക്കുന്നു.'' അയാള്‍ തുടര്‍ന്നെഴുതി: ''വസന്തകാലം ആഗതമാകുന്നതോടെ വിന്‍സന്റിനു പുറത്തിറങ്ങി ചിത്രരചനയില്‍ മുഴുകാനാവും. അങ്ങനെ പ്രകൃതിയുമായുള്ള സംവേദനം പുനഃസ്ഥാപിക്കാന്‍ അദ്ദേഹത്തിനാകുന്നതോടെ പഴയതെല്ലാം വെറും ഓര്‍മ്മയാവും. എല്ലാം മായ്ക്കുന്ന പ്രകൃതിയുടെ ദിവ്യശക്തി വിന്‍സന്റിനെ കാത്തുരക്ഷിക്കും.'' തിയോയ്ക്ക് മനശ്ശക്തി നല്‍കുന്നതായിരുന്നു ആ കത്തുകള്‍. അത് പകര്‍ന്നു നല്‍കിയ പ്രത്യാശയുമായി ജോയെ കാണുന്നതിനായി ആംസ്റ്റര്‍ഡാമിലേയ്ക്ക് തിയോ തിരിക്കുന്നതിന്റെ തലേന്ന്, ജനുവരി ആറാം തീയതി ആശുപത്രിയില്‍നിന്ന് വിന്‍സന്റ് മഞ്ഞ വീട്ടില്‍ മടങ്ങിയെത്തി.

''സുഖം പ്രാപിച്ച വിന്‍സന്റിന്റെ കാര്യത്തില്‍ എന്റെ ഹിതംപോലെ പ്രവര്‍ത്തിക്കാമെന്ന് ഡോക്ടര്‍മാര്‍ എന്നെ അറിയിച്ചു''വെന്നു സാലീസ് എഴുതിയെങ്കിലും ആശുപത്രി വിടാനായതിന്റെ പിന്നില്‍ വിന്‍സന്റിന്റെ ബോധപൂര്‍വ്വമായ ശ്രമങ്ങളായിരുന്നു നിര്‍ണ്ണായകമായതെന്ന് ആരും അറിഞ്ഞിരുന്നില്ല. ''പ്രിയപ്പെട്ട തിയോ'' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് വിന്‍സന്റ് ഇങ്ങനെ എഴുതി: ''എന്റെ കാര്യത്തിലുള്ള ആശങ്കകള്‍ ദുരീകരിക്കാനാണ് ഞാനെഴുതുന്നത്. എന്റെ അവസ്ഥയില്‍ വേവലാതി വേണ്ട. നീ വിഷമിക്കുകയാണെന്ന് അറിയുന്നത് എന്നെ അസ്വസ്ഥനാക്കുന്നതാണ്. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാവും.'' അങ്ങനെ എഴുതുമ്പോള്‍ തന്റെ നിലപാടുകള്‍ക്ക് ഡോക്ടര്‍മാരുടെ പിന്തുണ ആര്‍ജ്ജിക്കുന്നതില്‍ പ്രധാനമായി വിന്‍സന്റ് കണ്ടത് ഡോക്ടര്‍ ഫെലിക്‌സ് റേയുമായുള്ള ചങ്ങാത്തമായിരുന്നു. ആശുപത്രി അങ്കണത്തിലും ആശുപത്രിക്കു പുറത്തും ഫെലിക്‌സുമായി ഉലാത്തുന്നത് വിന്‍സന്റ് പതിവാക്കി. ആ നടത്തയ്ക്കിടയില്‍ ചിത്രരചനയിലുള്ള തന്റെ മോഹങ്ങളേയും ചായക്കൂട്ടുകളുടെ ഇന്ദ്രജാലത്തേയും പറ്റി വിന്‍സന്റ് വാചാലനാകുമായിരുന്നു. റെം ബ്രാന്റിന്റെ അനനുകരണീയമായ ചിത്രരചനാ ശൈലിയെപ്പറ്റി ഓര്‍മ്മിപ്പിക്കുമായിരുന്ന വിന്‍സന്റ് ഭിഷഗ്വരന്മാരും കലാകാരന്മാരും പങ്കുവെയ്ക്കുന്ന ഉന്നതമൂല്യങ്ങളെപ്പറ്റി സംസാരിച്ചു. ''ഒരു ഡോക്ടറാവാന്‍ സാധിക്കാത്തതിലുള്ള സങ്കടം ഞാന്‍ ഫെലിക്‌സിനോട് പറഞ്ഞിരുന്നു.'' ചിത്രരചനയിലുള്ള തന്റെ ആഗ്രഹങ്ങളെപ്പറ്റി ഫെലിക്‌സ് മനസ്സു തുറന്നു. അപ്പോള്‍ ചിത്രമെഴുത്തുകാരനാവാന്‍ യത്‌നിക്കാതെ ചിത്രരചനകളുടെ ഒരു സൂക്ഷിപ്പുകാരനാവാന്‍ ഉപദേശിച്ച വിന്‍സന്റ് അതിന് തിയോയുടെ സഹകരണം തേടാമെന്ന് അയാളെ അറിയിച്ചു. ഡോക്ടര്‍മാരില്‍ ഒരാള്‍ പ്രസിദ്ധ പെയിന്ററായ ഡെലക്രോയിയുമായി പരിചയമുണ്ടായിരുന്ന ഒരു പാരീസുകാരനായിരുന്നു. അയാള്‍ ഉള്‍പ്പെടെ ഏതാനും ഡോക്ടര്‍മാരെ മഞ്ഞ വീട്ടിലേയ്ക്ക് ക്ഷണിച്ച് പെയിന്റിംഗുകള്‍ കാണിച്ചുകൊടുത്തു. അപ്പോഴാണ് ഫെലിക്‌സ് റേയുടെ പോര്‍ട്രെയിറ്റ് വരച്ചത്. ഈവിധം മാനസികമായി ശാന്തത വീണ്ടെടുത്തതായി ഡോക്ടര്‍മാരെ ബോദ്ധ്യപ്പെടുത്തുന്നതില്‍ താന്‍ വിജയിച്ചുവെന്ന വിന്‍സന്റിന്റെ കണക്കുകൂട്ടല്‍ ഫെലിക്‌സും പങ്കുവെച്ചു. ''വിന്‍സന്റിനുണ്ടായ തീവ്രമായ വൈകാരിക സമ്മര്‍ദ്ദം താല്‍ക്കാലികമായിട്ടുള്ളതായിരുന്നു. അധികം വൈകാതെ അദ്ദേഹത്തിന്റെ അവസ്ഥ പഴയതുപോലെയാകും.'' റൂലനോടൊപ്പം മഞ്ഞ വീട്ടില്‍ കുറേ നേരം ചെലവിടാന്‍ വിന്‍സന്റിനെ അനുവദിക്കാന്‍ കാരണം അതു ശരിയാണോയെന്നറിയാനായിരുന്നു. ആ വീട് തൂത്തു വൃത്തിയാക്കാന്‍, പതിവായി വരാറുള്ള വേലക്കാരിയോട് ഫെലിക്‌സ്  അപ്പോള്‍ നിര്‍ദ്ദേശിച്ചു.
ആശുപത്രി വിടാനായതിലുള്ള സന്തോഷം ഒരു കത്തിലൂടെ തിയോയുമായി വിന്‍സന്റ് പങ്കിട്ടു. ''എന്റെ പ്രിയപ്പെട്ട കുട്ടി'' എന്ന് സംബോധന ചെയ്തുകൊണ്ടെഴുതിയ ആ കത്തില്‍, അവശനായി

ആശുപത്രിയിലാണെന്നറിഞ്ഞ ഉടന്‍ ഓടിയെത്തിയതില്‍ നന്ദി രേഖപ്പെടുത്തിയതിനോടൊപ്പം, ആ വിധത്തില്‍ ശല്യപ്പെടുത്തിയതില്‍ അനുജനോട് അദ്ദേഹം ക്ഷമ ചോദിക്കുകയുണ്ടായി. ആ കത്തില്‍ പോള്‍ ഗോഗിനുമായി ചെലവിട്ട ദിവസങ്ങള്‍ വിന്‍സന്റ് അനുസ്മരിച്ചു. ''നല്ലവനായ ആ സ്‌നേഹിതനെ അലോസരപ്പെടുത്തിയതില്‍ എനിക്കിപ്പോള്‍ പശ്ചാത്താപമുണ്ട്'' അദ്ദേഹമെഴുതി. മഞ്ഞ വീട്ടില്‍ ഉപേക്ഷിച്ച സാധനങ്ങള്‍ ഗോഗിനിലെത്തിക്കാന്‍ അപ്പോള്‍ വിന്‍സന്റ് ഏര്‍പ്പാടുണ്ടാക്കി. ''സൂര്യകാന്തിപ്പൂക്കളുടെ ചിത്രകാരന്‍'' എന്ന് ഗോഗിന്‍ തന്നെ കളിയാക്കിയിരുന്നതായി വിന്‍സന്റ് ഓര്‍മ്മിച്ചു. സൂര്യകാന്തിപ്പൂക്കളുടെ രണ്ടു ചിത്രങ്ങള്‍ ഗോഗിന്‍ കൊണ്ടുപോയിരുന്നതിനാല്‍, അതിനു പകരം സൂര്യകാന്തിപ്പൂക്കളുടെ ഏതാനും ചിത്രങ്ങള്‍ കൂടി വരയ്ക്കാന്‍ വിന്‍സന്റ് തീരുമാനിച്ചു. (സൂര്യകാന്തിപ്പൂക്കളുടെ പതിനൊന്ന് ചിത്രങ്ങള്‍ അദ്ദേഹം വരയ്ക്കുകയുണ്ടായി) ആ ഇടവേളയിലാണ് തന്റെ രണ്ടു പോര്‍ട്രെയിറ്റുകള്‍, അതിലൊന്ന് മുറിച്ചുകളഞ്ഞ ചെവിയുടെ ഭാഗത്തെ ബാന്‍ഡേജുകള്‍ കാണുംവിധത്തിലുള്ളതായിരുന്നു) വിന്‍സന്റ് വരച്ചത്. സ്‌നേഹ സൂചനയായി വിന്‍സന്റ് സൂര്യകാന്തിപ്പൂക്കള്‍ വരയ്ക്കുന്ന ഒരു ചിത്രം ഗോഗിന്‍ വരച്ചിരുന്നു.

സാധാരണനില കൈവരിച്ച് ചിത്രരചനയില്‍ മുഴുകിക്കഴിഞ്ഞ സ്ഥിതിക്ക് മഞ്ഞ വീട്ടിലേയ്ക്ക് വിന്‍സന്റ് മടങ്ങുന്നത് നിരുത്സാഹപ്പെടുത്താന്‍ തിയോ ശ്രമിച്ചില്ല. ജോയുമായുള്ള ദാമ്പത്യ ജീവിതം തുടങ്ങുന്നതിന്റെ മുന്നോടിയായി നീണ്ട അന്വേഷണത്തിനൊടുവില്‍ നല്ലൊരു വീട് കണ്ടെത്താനായതിലുള്ള ആഹ്ലാദത്തിലായിരുന്നു തിയോ. ''ഗാലറിയില്‍നിന്ന് അത്താഴത്തിന് നടന്നുവരാന്‍ മാത്രം ദൂരമുള്ളതാണ് വീട്. അതിനു മുന്‍പില്‍ നല്ലൊരു പൂന്തോട്ടം. നിറയെ പൂമരങ്ങള്‍.'' ജോയെ തിയോ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com