സെനൂഡ കവിതകള്‍ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി: ടിപി രാജീവന്‍ എഴുതുന്നു

അപ്രതീക്ഷിതമായാണ് നമ്മള്‍ ചില സ്ഥലങ്ങളില്‍ എത്തിച്ചേരുക. അവിടെ എത്തുന്നതുവരെ, അങ്ങനെയൊരു സ്ഥലവും ഭൂപ്രകൃതിയും ജനങ്ങളും ഭാഷയും സംസ്‌കാരവും ഭൂമിയിലുണ്ടെന്ന് നമ്മള്‍ ആലോചിച്ചിട്ടേയുണ്ടാവില്ല.
സെനൂഡ കവിതകള്‍ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി: ടിപി രാജീവന്‍ എഴുതുന്നു

പ്രതീക്ഷിതമായാണ് നമ്മള്‍ ചില സ്ഥലങ്ങളില്‍ എത്തിച്ചേരുക. അവിടെ എത്തുന്നതുവരെ, അങ്ങനെയൊരു സ്ഥലവും ഭൂപ്രകൃതിയും ജനങ്ങളും ഭാഷയും സംസ്‌കാരവും ഭൂമിയിലുണ്ടെന്ന് നമ്മള്‍ ആലോചിച്ചിട്ടേയുണ്ടാവില്ല. മുന്‍കൂട്ടി തീരുമാനിക്കാത്ത ഇത്തരം ചെന്നുചേരലുകളാണ് യാത്രകളെ സര്‍ഗ്ഗാത്മകമാക്കുന്നതും ജീവിതത്തിന്റെ രൂപകങ്ങളാക്കുന്നതും. അവിടുത്തെ മഞ്ഞും മഴയും വെയിലും നമ്മുടെ പ്രകൃതിബോധത്തിന്റെ നിഘണ്ടുവില്‍ പുതിയ വാക്കുകള്‍ എഴുതിച്ചേര്‍ക്കും. മനുഷ്യരും മരങ്ങളും മറ്റു ജീവജാലങ്ങളും അനുഭവത്തിന്റെ നാള്‍വഴികളില്‍ പുതിയ ഏടുകളും. 

യാത്രയിലെ ഈ അപ്രതീക്ഷിതത്വം തന്നെയാണ് പലപ്പോഴും വായനയിലും സംഭവിക്കുന്നത്. ഭാഷയുടേയും ആവിഷ്‌ക്കാരത്തിന്റേയും ഭൂവിഭാഗങ്ങളിലൂടെയുള്ള ക്രമരഹിതമായ അലച്ചിലുകള്‍ പുതിയ കണ്ടെത്തലുകളുടേയും തിരിച്ചറിവുകളുടേയും വിസ്മയങ്ങളിലേക്കു നമ്മെ നയിക്കുന്നു. നമ്മള്‍ തന്നെ അറിയാതെയായിരിക്കും ഒരു പുതിയ എഴുത്തുകാരനിലേക്കും കൃതിയിലേക്കും നമ്മള്‍ എത്തിച്ചേരുക. നമ്മളെ സംബന്ധിച്ചിടത്തോളം മാത്രം പുതിയത്. അതേസമയം, ഭൂമിയിലെ ഒരു ഇടംപോലും ഭാവനയുടേയും സ്വത്വാന്വേഷണത്തിന്റേയും ലോകത്ത് നേരത്തെ ഉണ്ടായിരുന്നത്. അങ്ങനെയൊരു കവിയാണ് ലൂയി സെനൂഡ (Luis Cernuda) 1902-ല്‍ ജനിച്ച് 1963-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സ്പാനിഷ് കവി. 

പാബ്ലൊ നെരൂദ, ഒക്ടോവിയോ പാസ്, നിക്കോനാര്‍ പാര്‍റ, ലോര്‍ക്ക തുടങ്ങിയ കവികളിലൂടെ മലയാളി വായനക്കാര്‍ക്ക് മലയാള കവിതപോലെ പരിചിതമാണ് സ്പാനിഷ് കവികളും അവരുടെ കവിതയും. നെരൂദയുടെ ഒരു വരിയെങ്കിലും, (വിശേഷിച്ച്, 'ഈ രാത്രി ഞാനെഴുതും ഏറ്റവും പ്രണയാര്‍ദ്രമായ വരികള്‍' പോലുള്ളവ) ചൊല്ലാത്ത ഒരു കവിതാസ്വാദകനും മലയാളത്തില്‍ ഉണ്ടാവില്ല. പെന്‍ഗ്വിന്‍ പ്രസാധകര്‍ ഇംഗ്ലീഷിനു പുറത്തുള്ള എഴുത്തുകാരുടേയും കവികളുടേയും രചനകളുടെ ഇംഗ്ലീഷ് പരിഭാഷ ഉള്‍പ്പെടുത്തി ലോക കവിതാസമാഹാരങ്ങളും ക്ലാസ്സിക് പരമ്പരകളും പുറത്തിറക്കുകയും ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രററി വഴി പ്രചരിപ്പിക്കാനും തുടങ്ങിയശേഷം സംഭവിച്ചതാണ് ഇത്. തിരുവനന്തപുരത്തുണ്ടായിരുന്ന ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രററിയില്‍ അംഗത്വമുണ്ടായിരുന്ന മലയാള കവികളും ഈ പുസ്തകങ്ങള്‍ വായിക്കാന്‍ ഇടയായി. അവരുടെ പഠനങ്ങളിലൂടെയും വിവര്‍ത്തനങ്ങളിലൂടെയും അനുകരണങ്ങളിലൂടെയും നെരൂദയും പാസും മറ്റും മലയാളികളായി. എന്നുമാത്രമല്ല, ചില മലയാള കവികളെ വായിക്കുമ്പോള്‍, ഇതു സാക്ഷാല്‍ നെരൂദ തന്നെയല്ലോ എന്ന് വര്‍ണ്ണ്യത്തില്‍ ആശങ്കയും വരാന്‍ തുടങ്ങി. 

എന്നാല്‍, ഈ കവി പ്രവാഹത്തിലൊന്നും ലൂയി സെനൂഡ ഉണ്ടായിരുന്നില്ല. അനുകരിക്കപ്പെട്ട, വിവര്‍ത്തനം ചെയ്യപ്പെട്ട കവിതകളിലൊന്നും ആ കവിയുടേത് ഉള്‍പ്പെട്ടില്ല. സെനൂഡ കവിതകള്‍ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി എന്നതിന് അദ്ദേഹത്തിന്റെ ജീവിതവും ജീവിതവീക്ഷണവും രചനകളും തന്നെയാണ് മറുപടി. 

സ്പെയിനിലെ സെമിലില്‍ 1902-ലാണ് സെനൂഡ ജനിച്ചത്. സര്‍വ്വകലാശാല പഠനകാലത്തുതന്നെ കവിത എഴുത്ത് ആരംഭിക്കുകയും ആദ്യ സമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ, വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കുറച്ചുകാലം ഫ്രാന്‍സില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1929-ല്‍ മാഡ്രിഡില്‍ തന്നെ തിരിച്ചെത്തി. 

സെനൂഡ ഫ്രാന്‍സിലേക്ക് പോയ കാലത്തുള്ള സ്പെയിന്‍ ആയിരുന്നില്ല തിരിച്ചെത്തിയപ്പോള്‍ കണ്ടത്. അന്തരീക്ഷത്തില്‍ ആഭ്യന്തരയുദ്ധത്തിന്റെ മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അതിനു സമാന്തരമായി കവിതയും മാറുന്നുണ്ടായിരുന്നു. ആത്മീയാന്വേഷണങ്ങളും രാഷ്ട്രീയ വിവേകവും ചരിത്രപരമായ ഉള്‍ക്കാഴ്ചകളും നിറഞ്ഞ കവിതയുടെ പുതിയ വഴി തെളിഞ്ഞുവന്നു. പരീക്ഷണോത്സുകരായ ആ കവികള്‍ക്കിടയില്‍ സെനൂഡയും തന്റെ സ്ഥാനം കണ്ടെത്തി. ഫ്രെഡിറിക്കോ ലോര്‍ക്ക, റാഫേല്‍ അല്‍ബര്‍ട്ടി, സാല്‍വഡോര്‍ ഡാലി, ലൂയി ബുന്വല്‍ പെഡ്രോ സാലിനാസ്, വിന്‍സെന്റ് അലക്സാന്‍ഡ്രെ, യോറസ ഗുയ്ലെന്‍ തുടങ്ങിയവരായിരുന്നു '1927-ന്റെ തലമുറ' (Generation of 1927) എന്നു വിശേഷിപ്പിക്കപ്പെട്ട ഈ കവിക്കൂട്ടത്തിലെ മറ്റ് അംഗങ്ങള്‍. കവി എന്ന നിലയില്‍ സെനൂഡ അംഗീകാരം നേടിവരുന്നതിനിടയിലാണ് ആഭ്യന്തരയുദ്ധം ആസന്നമായത്. സ്വന്തം രാജ്യത്ത് തുടര്‍ന്നും നില്‍ക്കുക അപകടകരമാണെന്നു മനസ്സിലാക്കിയ കവി 1938-ല്‍ രാജ്യം വിട്ടു. പിന്നെ തിരിച്ചുവന്നേയില്ല. അങ്ങനെയൊരു തീരുമാനം സെനൂഡ അന്ന് എടുത്തില്ലായിരുന്നെങ്കില്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോവിന്റെ സ്വേച്ഛാധിപത്യ ഭരണത്തില്‍, ലോര്‍ക്കയെപ്പോലെ സെനൂഡയും ഒരുപക്ഷേ, ഫയറിങ്ങ് സ്‌ക്വാഡിന്റെ വെടിയേറ്റു മരിക്കുമായിരുന്നു. സ്വേച്ഛാധിപതികളെ, വ്യവസ്ഥാപിത ഭരണസംസ്‌കാര സംവിധാനത്തെ പ്രകോപിപ്പിക്കുന്ന പലതും ലൂയി സെനൂഡയുടെ കവിതയിലും ജീവിതത്തിലും ഉണ്ടായിരുന്നു. 
സൂക്ഷ്മവും ആഴമേറിയതുമായ അസ്തിത്വ സമസ്യകള്‍ അലങ്കാരങ്ങളുടേയോ സംഗീതാത്മകതയുടേയോ ആവരണങ്ങളില്ലാതെ ആവിഷ്‌കരിക്കപ്പെട്ടതുകൊണ്ടായിരിക്കും മുഖ്യധാരയ്ക്കു പുറത്തായിരുന്നു ലൂയി സെനൂഡ എന്ന കവിയും അയാളുടെ കവിതകളും. ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു. കവിയുടെ ഏറ്റവും പ്രശസ്തമായ സമാഹാരങ്ങളിലൊന്നായ 'വെള്ളത്തില്‍ എഴുതിയത്' (Written in Water) എന്റെ കൈകളിലെത്തിച്ചേര്‍ന്ന ആകസ്മികത തന്നെ മതി ഇതിനു തെളിവായി. 
നെരൂദയുടേയും ഒക്ടോവിയോ പാസ്സിന്റേയും ലോര്‍ക്കയുടേയും മറ്റും കവിതകള്‍, പല വഴി കേട്ടും വായിച്ചും അറിഞ്ഞശേഷം പുസ്തകശാലകളില്‍ ചെന്ന് ഞാന്‍ ചോദിച്ചുവാങ്ങുകയായിരുന്നു. ലൂയി സെനൂഡയുടെ പുസ്തകം അയോവ പട്ടണത്തില്‍ ആര്‍ക്കും വേണ്ടാത്ത പുസ്തകങ്ങള്‍ കൂട്ടിയിട്ടു വില്‍ക്കുന്ന ഒരു വഴിയോരക്കച്ചവടക്കാരനില്‍നിന്ന്, 'ഏതെടുത്താലും ഒരു ഡോളര്‍' എന്ന വാഗ്ദാനത്തില്‍, ആരാണ് കവി, എന്താണ് അയാളുടെ കവിത എന്നൊന്നും അറിയാതെ വാങ്ങുകയായിരുന്നു. പക്ഷേ, പഴകിയതും ഉപേക്ഷിക്കപ്പെട്ടതുമായ ആ പുസ്തകക്കൂമ്പാരത്തില്‍നിന്ന് കൈയിലെടുത്തപ്പോള്‍ തന്നെ പുസ്തകത്തിനു ജീവനുള്ളതായി എനിക്കു തോന്നി. കവിയെ കേട്ടിട്ടില്ലെങ്കിലും ആരാണ് പ്രസാധകര്‍ എന്നു നോക്കിയപ്പോഴാണ് അനാഥമായ പുസ്തകത്തിന്റെ നിലവിളി കേട്ടത്. അലന്‍ഗിന്‍സ് ബര്‍ഗ്, ജാക്ക് കെറാക്ക് തുടങ്ങിയ ബീറ്റ് കവികളുടേയും തോമസ്, ട്രാന്‍സ്നോമര്‍ തുടങ്ങിയ നൊബേല്‍ ജേതാക്കളായ കവികളുടേയും ആദ്യ പ്രസാധകരായ, ബീറ്റ് തലമുറയില്‍ തന്നെ പെട്ട ലോറന്‍സ് ഫെര്‍ലിഗററി നടത്തുന്ന 'സിറ്റി ലൈറ്റ്‌സ് ബുക്ക്‌സ്.'

ലൂയി സെനൂഡ
ലൂയി സെനൂഡ


ലൂയി സെനൂഡയുടെ കവിത മുഖ്യധാരയ്ക്ക് സ്വീകാര്യമല്ലാതായതിന്റെ കാരണങ്ങള്‍ പലതാണ്. 'വെള്ളത്തില്‍ എഴുതിയത്' എന്ന സമാഹാരത്തിന്റെ വിവര്‍ത്തകനായ സ്റ്റീഫന്‍ കെസ്സ്ലര്‍ പറയുന്നതനുസരിച്ച് ആത്മീയവും ധൈഷണികവും സൗന്ദര്യശാസ്ത്രപരവുമായ ഒരുതരം കുലീനത കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ചരിത്രബോധവും രാഷ്ട്രീയബോധവും കവിതയുടെ അബോധത്തില്‍ നിലനിര്‍ത്തുക മാത്രമാണ് കവി ചെയ്യുന്നത്. അതിനെ ഉപരിതലത്തിലേക്കു കൊണ്ടുവന്ന് വായനക്കാരുടെ സ്വീകാര്യതയ്ക്കുവേണ്ടി പ്രദര്‍ശിപ്പിക്കാന്‍ കവി അനുവദിക്കുന്നില്ല. ഇതിനേക്കാള്‍ ഉപരിയായി അസ്വീകാര്യതയ്ക്ക് പിന്നിലുള്ളത് കവിതയിലെ സ്വവര്‍ഗ്ഗാനുരാഗ നിലപാടുകളാണ്. സ്വവര്‍ഗ്ഗാനുരാഗം ധാര്‍മ്മിക-സദാചാര സങ്കല്പങ്ങളുടെ ലംഘനവും കുറ്റകരവുമായ കാലത്ത് 'താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന്' പരസ്യമായി പറയുകയും ആ അനുഭവങ്ങള്‍ കവിതയില്‍ ആവിഷ്‌കരിക്കുകയും ചെയ്ത കവിയായിരുന്നു ലൂയി സെനൂഡ. നാടുകടത്തപ്പെട്ട ജീവിതം, സ്വവര്‍ഗ്ഗാനുരാഗം, വ്യവസ്ഥാപിത കാവ്യരീതികളോടുള്ള വിമുഖത എന്നിവയെല്ലാം സെനൂഡയേയും കവിതയേയും കൂടുതല്‍ കൂടുതല്‍ അരികുകളിലേക്ക് കൊണ്ടുപോയി. ഒടുവില്‍, സ്വയം വരിച്ച ദാരിദ്ര്യത്തില്‍ 1963, നവംബര്‍ അഞ്ചിന് മെക്സിക്കോ നഗരത്തില്‍ ഹൃദയം തകര്‍ന്നു മരിച്ചു. സ്വന്തം ജീവിതവും മനസ്സും 'ഇരുട്ടിലേക്കുള്ള മടക്കം' (Return to Darkness) എന്ന കവിതയില്‍ സെനൂഡ ഇങ്ങനെ ആവിഷ്‌കരിക്കുന്നു. 
രാത്രി മുഴുവന്‍ നീണ്ടുനിന്ന യാത്രയുടെ തളര്‍ച്ചയ്ക്കുശേഷം, കുറച്ചുമാത്രം ഉറങ്ങി, തണുത്തുറയലിനും പൊള്ളുന്ന പനിക്കുമിടയിലെ അബോധത്തില്‍ നിങ്ങള്‍ ആ ഹോട്ടലിലെ വിജനവും ഇരുട്ടുനിറഞ്ഞതുമായ ലോബിയില്‍ പ്രവേശിച്ചു. നേരം പുലരുന്നതിനു തൊട്ടുമുന്‍പുള്ള ആ മണിക്കൂറില്‍ എന്തൊരു ഏകാന്തതയാണ് അവിടെ? ആരും സൃഷ്ടിക്കാത്ത, അഥവാ, എല്ലാവരും ഉപയോഗിച്ചു തീര്‍ത്ത എന്തൊരു ലോകമാണ് അവിടെ?
നിങ്ങള്‍ക്കു പിന്നില്‍ ബാക്കിയുള്ള ഒരു കടല്‍ത്തീരം, തീരത്ത് സൂര്യവെളിച്ചത്തില്‍ കുതിര്‍ന്ന ആ ദിവസങ്ങള്‍, അശ്രദ്ധമായ ആനന്ദങ്ങള്‍ക്കല്ലാതെ ഒന്നിനും കൊള്ളാത്ത സമയം, മറ്റെന്തിനെപ്പോലെയും നിങ്ങള്‍ സ്‌നേഹിച്ച ഒരു ജീവിയുടെ ചങ്ങാത്തം, മറ്റാരുമില്ല. നിങ്ങള്‍ അനുഭവിച്ച തണുപ്പ്, ശരത്ക്കാലപ്പുലരിയുടേതിനേക്കാള്‍, അവന്റെ അസാന്നിദ്ധ്യത്തിന്റേത്.  
പെട്ടെന്ന്, വെളിച്ചം അഴിച്ചുവെച്ച്, ചൂട് ഉപേക്ഷിച്ച്, കൂട്ടുപിരിഞ്ഞ്, പ്രേതാത്മാവായി നിങ്ങള്‍, സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയില്‍, ക്രിസ്തുവിനു മുന്‍പ് മരിച്ചവര്‍ അധിവസിക്കുന്ന ഇടത്തേക്കോ, മാമോദീസ കഴിയും മുന്‍പ് മരിച്ച കുഞ്ഞുങ്ങളെ പാര്‍പ്പിച്ച ലോകത്തേക്കോ നടന്നുപോകുന്നതായി തോന്നുന്നു. മനോവേദനയോടെ, ഇനി തിരിച്ചുപിടിക്കാന്‍ കഴിയാത്ത, ആഹ്ലാദത്തിന്റെ ആ കോണിലേക്ക്, തെളിഞ്ഞ പകലുകളിലേക്ക് നിങ്ങള്‍ തിരിഞ്ഞുനോക്കി. 

ഒരുപക്ഷേ, ലൂയി സെനൂഡയുടെ ഇത്തരം കവിതകള്‍ക്ക് അര്‍ഹമായ വായന കിട്ടിയത് ഒക്ടോവിയ പാസ്സില്‍ നിന്നായിരിക്കും. പാസ്സ് എഴുതുന്നു: ഈ ഓര്‍മ്മകളിലും ഭൂവിഭാഗങ്ങളിലും ഭാവുകത്വത്തിന്റെ ചരിത്രത്തിലേക്കുള്ള ഈ കുറിപ്പുകളിലും മഹത്തായ വസ്തുനിഷ്ഠതയുണ്ട്; ഭ്രമകല്പനകള്‍ക്കോ തന്നോടോ മറ്റുള്ളവരോടോ അസത്യം പറയാനോ കവി ശ്രമിക്കുന്നില്ല. വൈയക്തികമായതിനെ മാറിനിന്നു പ്രകാശിപ്പിക്കാനാണ് അയാള്‍ ശ്രമിക്കുന്നത്, തന്റെ ജീവിതത്തിലെ കുറച്ചു നിമിഷങ്ങളെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com