ഹിന്ദുദേശീയതയുടെ അജയ്യരഥം വീണ്ടുമുരുളുമ്പോള്‍

കഴിഞ്ഞുപോയത് ഇന്ത്യന്‍ ചരിത്രത്തില്‍ ഏറെ നിര്‍ണ്ണായകമായിരുന്നെന്നു വരുംകാലം വിലയിരുത്താന്‍ പോകുന്ന ഒരു തെരഞ്ഞെടുപ്പാണ്.
ഹിന്ദുദേശീയതയുടെ അജയ്യരഥം വീണ്ടുമുരുളുമ്പോള്‍

ഴിഞ്ഞുപോയത് ഇന്ത്യന്‍ ചരിത്രത്തില്‍ ഏറെ നിര്‍ണ്ണായകമായിരുന്നെന്നു വരുംകാലം വിലയിരുത്താന്‍ പോകുന്ന ഒരു തെരഞ്ഞെടുപ്പാണ്. പ്രധാനമായും രണ്ടു കാരണങ്ങളാലാണ് ഈ നിര്‍ണ്ണായകത്വം. ഇന്ത്യ ഇതുവരെ ഉയര്‍ത്തിപ്പിടിച്ചതും സ്വാതന്ത്ര്യ സമരകാലത്തും നെഹ്രുവിയന്‍ യുഗത്തിലും വേരുകളുള്ള മതനിരപേക്ഷത, സോഷ്യലിസം, ജനതയുടെ പരമാധികാരം, പഞ്ചശീലതത്ത്വങ്ങളില്‍ അധിഷ്ഠിതമായ വിദേശനയം എന്നിവ സംബന്ധിച്ചുള്ള സങ്കല്പങ്ങള്‍ പൊളിച്ചെഴുതപ്പെടാനുള്ള സാധ്യതയാണ് ഒന്നാമത്തേത്. ഇന്ത്യയില്‍ നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യരീതിയില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന സമൂല മാറ്റങ്ങളുടെ സാധ്യതയാണ് രണ്ടാമത്തേത്. 

ഇന്ത്യയില്‍ ഈ രീതിയില്‍ നടക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് സംഘ്പരിവാര്‍ നേതാക്കള്‍ ഈയടുത്ത് നടത്തിയ പ്രസ്താവന ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്. പാകിസ്താനും ഇന്ത്യയുമൊക്കെ ചേര്‍ന്ന ഒരു രാഷ്ട്രമാണ് ഭാവിയില്‍ ഉണ്ടാകുകയെന്നും പാകിസ്താനില്‍ ഒരു വീട് നമുക്കു വാങ്ങാവുന്ന ഒരുകാലം വരുമെന്നും ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. നടത്തിയ പ്രസ്താവനയും. ഏറെ സദുദ്ദേശ്യത്തോടെയുള്ളതെന്നു തോന്നിക്കുന്ന ഈ പ്രസ്താവനകള്‍ യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത് അനതിവിദൂര ഭാവിയില്‍ ഒരു രാഷ്ട്രമെന്ന, സമൂഹമെന്ന നിലയില്‍ നമുക്കു സംഭവിക്കാവുന്ന മാറ്റങ്ങളാണ്. വിശേഷിച്ചും ജനാധിപത്യം സാമ്പത്തിക വളര്‍ച്ചയെ തടയുന്നുവെന്ന വ്യവസായവൃത്തങ്ങളുടെ വാദത്തിന്റേയും പാഠം പഠിപ്പിക്കണമെന്ന മധ്യവര്‍ഗ്ഗസമൂഹത്തിന്റെ രാഷ്ട്രീയ ശാഠ്യത്തിന്റേയും പശ്ചാത്തലത്തില്‍. 

എന്നാല്‍, ഈ കാഴ്ചപ്പാടുകള്‍ ഇന്ത്യന്‍ ജനതയില്‍ പൊതുവേ ആശങ്കയല്ല ഉണ്ടാക്കിയിട്ടുള്ളതെന്നും മറിച്ച് അവര്‍ ഹിന്ദുത്വത്തിലധിഷ്ഠിതമായ രണോത്സുക തീവ്ര ദേശീയതയോട് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെന്നുമാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന പൊതുവേയുള്ള സൂചന. 

ബി.ജെ.പിയുടെ കുതിപ്പും
കോണ്‍ഗ്രസ്സിന്റെ കിതപ്പും 

ഇതെഴുതുമ്പോള്‍ ലഭ്യമാകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ കാണിക്കുന്നത് കേവല ഭൂരിപക്ഷം നേടി രണ്ടാംവട്ടവും എന്‍.ഡി.എ അധികാരത്തിലേയ്ക്കടുക്കുന്നു എന്ന വസ്തുതയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളെപ്പോലും അതിശയിപ്പിച്ച് മോദി നടത്തിയ കുതിപ്പ് 2014 ലെ ഫലങ്ങളെ മറികടക്കുന്നതാണ്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്,  ഝാര്‍ഖണ്ഡ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, ആസാം എന്നിവിടങ്ങളില്‍ വലിയ നേട്ടങ്ങളാണ് ബി.ജെ.പിയും സഖ്യകക്ഷികളും തെരഞ്ഞെടുപ്പില്‍ കൊയ്‌തെടുത്തത്. 2014-ലെ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 336 സീറ്റും കോണ്‍ഗ്രസ്സ് മുന്നണി 58 സീറ്റും മറ്റു കക്ഷികള്‍ 149 സീറ്റുമാണ് നേടിയിത്. ഇപ്പോഴുള്ള ഫലസൂചനകള്‍ വെച്ചുനോക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് പറയേണ്ടത്. 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ പകുതിയിലേറെ സീറ്റ് ബി.ജെ.പി നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സമാജ്വാദി-ബഹുജന്‍ സമാജ്വാദി പാര്‍ട്ടി സഖ്യം പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും കോണ്‍ഗ്രസ്സ് വലിയ തകര്‍ച്ചയാണ് സംസ്ഥാനത്ത് നേരിടുന്നത്. കാലാകാലങ്ങളായി കോണ്‍ഗ്രസ്സ് കൈവശം വെച്ചുകൊണ്ടിരുന്ന അവരുടെ പരമ്പരാഗത മണ്ഡലമായ അമേഠി പോലും രാഹുലിനെ വിറപ്പിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പുകളില്‍ ബി.ജെ.പിക്ക് എതിരായി വിധിയെഴുതിയ ഹിന്ദി ഹൃദയഭൂമി കോണ്‍ഗ്രസ്സിനെ 'കൈ'വിടുമെന്ന സര്‍വ്വേ ഫലങ്ങളും അതേപടി വോട്ടെണ്ണലില്‍ പ്രതിഫലിക്കുന്നുണ്ട്. ഛത്തീസ്ഗഡില്‍ രണ്ടു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ്സ് മുന്നേറ്റം.  മധ്യപ്രദേശിലെ 29 സീറ്റില്‍ ഒന്നൊഴികെ മറ്റെല്ലാ സീറ്റുകളിലും ബി.ജെ.പി മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലാകട്ടെ, 25 സീറ്റിലും എതിരില്ലാത്ത മുന്നേറ്റമാണ് ബി.ജെ.പിക്ക്. കര്‍ഷകരുടെ പ്രശ്‌നങ്ങളോ ഗവണ്‍മെന്റിനെതിരെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തിയ വിമര്‍ശനങ്ങളോ പ്രതിപക്ഷ ഐക്യനിരയോ ഹിന്ദിഹൃദയഭൂമിയെ സ്പര്‍ശിച്ചില്ലെന്നു വേണം കരുതാന്‍. കഴിഞ്ഞ തവണ ബി.ജെ.പിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായ സംസ്ഥാനങ്ങളെല്ലാം ഇത്തവണയും ശക്തമായി ബി.ജെ.പിയെ പിന്തുണയ്ക്കുന്നതായാണ് വ്യക്തമാകുന്നത്. കര്‍ഷകപ്രക്ഷോഭം ആര്‍ത്തിരമ്പിയ മഹാരാഷ്ട്രയിലും മതനിരപേക്ഷവാദികളുടെ ശക്തമായ ഇടപെടലുകള്‍ നടക്കുന്ന കര്‍ണാടകയിലും യഥാക്രമം എന്‍.സി.പിയുമായും ജനതാദള്‍ എസുമായും ഉണ്ടാക്കിയ സഖ്യങ്ങള്‍ കാര്യമായ ഗുണമൊന്നും ചെയ്തില്ലെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം പിണങ്ങിപ്പിരിഞ്ഞുനിന്ന ശിവസേനയുമായി മഹാരാഷ്ട്രയിലും എ.ജി.പിയുമായി അസ്സമിലും ഉണ്ടാക്കിയ കൂട്ടുകെട്ടും കാര്യമായ നേട്ടം ബി.ജെ.പിക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട് എന്നു കാണേണ്ടതുണ്ട്. എന്നാല്‍, പഞ്ചാബ്, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനൊപ്പമോ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന മുന്നണിക്കൊപ്പമോ ഉറച്ചുനില്‍ക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. പഞ്ചാബില്‍ അമരീന്ദര്‍ സിങ് വീണ്ടും കരുത്തു തെളിയിച്ചപ്പോള്‍ ശിരോമണി അകാലിദളും ആം ആദ്മി പാര്‍ട്ടിയുമൊക്കെ അവിടെ നാമാവശേഷമായി. 

പ്രാദേശിക പാര്‍ട്ടികളുടെ   
വിജയപരാജയങ്ങള്‍ 

കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പിയുടേയും നേതൃത്വത്തിലല്ലാതെ ഈ രണ്ടുപാര്‍ട്ടികളുടേയും പിന്തുണയോടേയോ അല്ലാതെയോ കേന്ദ്രത്തില്‍ പുതിയൊരു ഗവണ്‍മെന്റ് എന്ന ആലോചനയ്ക്ക് വഴി തുറന്ന തെലുഗുദേശം പാര്‍ട്ടിക്കെതിരെ മറ്റൊരു പ്രാദേശിക കക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് വലിയ വിജയമാണ് നേടിയത്. അതേസമയം തമിഴ്നാട്ടില്‍ ഡി.എം.കെ ഉണ്ടാക്കിയ മുന്നേറ്റം അതിശയകരമാണ്. ബി.ജെ.പിക്കോ സഖ്യകക്ഷിയായ എ.ഐ.ഡി.എം.കെയ്‌ക്കോ കാര്യമായ ഒരു നേട്ടവും തമിഴ്നാട്ടില്‍ ഉണ്ടാക്കാനായിട്ടില്ല. തെലങ്കാനയില്‍ പ്രത്യേകിച്ചു നേട്ടമൊന്നും ടി.ആര്‍.എസ് കൈവരിച്ചതുമില്ല. ജമ്മു-കശ്മീരില്‍ ബി.ജെ.പിയുമായി പിണങ്ങിപ്പിരിഞ്ഞ മെഹബൂബാ മുഫ്തിയുടെ പി.ഡി.പി പച്ച തൊട്ടതുമില്ല. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് വിരുദ്ധവികാരം ബി.ജെ.പിക്ക് അനുകൂലമായി.


ഈ തെരഞ്ഞെടുപ്പില്‍ കനത്ത നഷ്ടമാണ് ഇടതുപക്ഷത്തിന്. ബംഗാള്‍, ത്രിപുര, കേരളം എന്നിവിടങ്ങളില്‍ വലിയ തിരിച്ചടി നേരിട്ടു. ബംഗാളില്‍ തൃണമൂല്‍ വിരുദ്ധവികാരത്തിന് അടിപ്പെട്ട സി.പി.ഐ.എം അണികള്‍ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ടുചെയ്തത് ഹിന്ദുത്വപാര്‍ട്ടിക്ക് ഗുണകരമായി. കേരളത്തില്‍ ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം കോണ്‍ഗ്രസ്സിന് അനുകൂലമായി. അതേസമയം ബി.ജെ.പി തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ മൂന്നാംസ്ഥാനത്തേയ്ക്ക് ഒതുങ്ങുകയും ചെയ്തു. 

ബാലാക്കോട്ടിനു ശേഷം തെരഞ്ഞടുപ്പ് രംഗത്ത് മോദിയുടേയും എന്‍.ഡി.എയുടേയും ഭാവി ഒന്നുകൂടി ഭദ്രമായി. പാകിസ്താന്‍ എന്ന നമ്മുടെ 'ശത്രു'വിനെ നേരിടാനുള്ള പൗരുഷവീര്യം ബി.ജെ.പി ചിഹ്നത്തില്‍ വോട്ടുകള്‍ വീഴാനുള്ള സാധ്യത ഏറെ വര്‍ദ്ധിപ്പിച്ചു. അതു പ്രതിപക്ഷവും വര്‍ഗ്ഗ-ബഹുജന സംഘടനകളും ഉയര്‍ത്തിക്കൊണ്ടുവന്ന റഫാല്‍ ഇടപാട്, കര്‍ഷകപ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, വ്യവസായത്തകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങളെ തെരഞ്ഞെടുപ്പുവേദിയില്‍ അപ്രധാനമാക്കി. 

താഴെത്തട്ടില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി സംഘടിപ്പിക്കുന്നതിലെ ബി.ജെ.പിയുടെ മികവ് എന്‍.ഡി.എക്ക് ഗുണം ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസ്സിന്റേയും സംഘ്പരിവാര്‍ സംഘടനകളുടേയും അഖിലേന്ത്യാവ്യാപകമായ സംഘടനാശൃംഖലയും ബി.ജെ.പിക്കു സഹായകമായി. ഭരണവിരുദ്ധ വികാരം കുറച്ചൊക്കെ മുന്‍കാലങ്ങളില്‍ സ്പഷ്ടമായിട്ടും ആ പാര്‍ട്ടിയെ അധികാരത്തോടടുപ്പിച്ച  പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. 

എന്നാല്‍, കോണ്‍ഗ്രസ്സിന് ഇക്കാര്യത്തില്‍ വലിയ ന്യൂനതകള്‍ ഉണ്ടായിരുന്നു. എന്റെ ബൂത്ത് തുടങ്ങിയ സംഘടനാപദ്ധതികള്‍ അതിനു ഗുണം ചെയ്‌തോ എന്നു പറയാനാകില്ല. ന്യായ് തുടങ്ങിയ അവരുടെ മുദ്രാവാക്യങ്ങള്‍ താഴെത്തട്ടിലെത്തിക്കുന്നതില്‍ സംഘടന പരാജയപ്പെട്ടു എന്നുതന്നെയാണ് ചൂണ്ടിക്കാട്ടേണ്ടത്. 'ചൗക്കിദാര്‍ ചോര്‍ ഹെ' പോലുള്ള മുദ്രാവാക്യങ്ങള്‍ മോദി അനുകൂലികളെ വികാരം കൊള്ളിക്കാനും അവരുടെ ഏകീകരണത്തിനുമാണ് പ്രയോജനപ്പെട്ടത് എന്നു കാണാം. 

അധ്വാനിച്ചു; 
ഫലം ചെയ്തില്ല 

കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്നുണ്ട് കോണ്‍ഗ്രസ്സിന്റെ ഈ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍. കോണ്‍ഗ്രസ്സില്‍ ദേശീയതലത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങളില്‍ ഏകോപനവും അധ്വാനശേഷിയുള്ള നേതൃത്വവും ഉണ്ടായി. അതേസമയം കര്‍ണാടക തെരഞ്ഞെടുപ്പിലേതുപോലെ കൂടുതല്‍ സീറ്റു നേടിയിട്ടും കുറഞ്ഞ സീറ്റുള്ളവരെ പിന്തുണച്ച് ഭരണം പിടിക്കാനുള്ള അവസ്ഥപോലും സംജാതമായില്ലെന്നുകൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.  മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് പൊതുവേ പരാജയപ്പെട്ടു. ഉണ്ടാക്കിയ സഖ്യങ്ങളാകട്ടെ, അണികള്‍ക്കു ബോധ്യപ്പെട്ടതുമില്ല. കര്‍ണാടകയിലെ കോണ്‍ഗ്രസ്സ്-ജനതാദള്‍ (എസ്) സഖ്യം തന്നെ ഉദാഹരണം. മുഖ്യമന്ത്രിയുടെ മകനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുമലതയെ കോണ്‍ഗ്രസ്സുകാരും ബി.ജെ.പിക്കാരും കൈകോര്‍ത്തത് തെരഞ്ഞെടുപ്പുകാലത്ത് വ്യാപകമായ ചര്‍ച്ചയായിരുന്നു. മുന്‍പ് ചില ഉപതെരഞ്ഞെടുപ്പുകളിലൊഴികെ കോണ്‍ഗ്രസ്സും ജനതാദള്‍ എസും സഖ്യം ഉണ്ടാക്കിയിരുന്നില്ല. ബദ്ധവൈരികളായി കുറേക്കാലം പോരാടിയ ഈ കക്ഷികള്‍ ഒരുമിച്ചാണ് സംസ്ഥാനഭരണമെങ്കിലും അണികള്‍ക്ക് ആ രാഷ്ട്രീയസഖ്യം ദഹിച്ച മട്ടില്ല. 
ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യവും സമാനമായ അവസ്ഥയിലാണ്. സമാജ് വാദി പാര്‍ട്ടിക്ക് പല മണ്ഡലങ്ങളിലും ബി.എസ്.പിക്കാര്‍ വോട്ടു ചെയ്തിട്ടില്ലെന്നതാണ് ഫലങ്ങള്‍ കാണിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com