അല്ലോഹലന്റെ ഉടവാള്‍: ഉത്തര മലബാറിലെ ചരിത്രവും പുരാവൃത്തവും

അസുരന്മാരുടെ ദുര്‍ഭരണത്തില്‍നിന്നും തുളുനാട്ടിലെ ജനങ്ങളെ രക്ഷിക്കാനാണ് വാതില്‍ കാപ്പാനായ സ്വരൂപകര്‍ത്താവെന്ന ക്ഷേത്രപാലകന്‍ ഉണ്ടായിരിക്കുന്നത്.
Kahethrapalakn_Theyyam
Kahethrapalakn_Theyyam

ഴയുടെ പടവിളിയൊടുങ്ങാത്ത രാത്രി. കോതോര്‍മ്മേട്ടനെ ഫോണില്‍ വിളിച്ചു. അല്ലോഹലനെന്ന മനുഷ്യനെപ്പറ്റി വല്ലാതെ വിചാരപ്പെട്ട രാത്രിയായിരുന്നു. ഏറാള്‍പ്പാടിന്റെ നായര്‍ സൈന്യത്തോട് പട പൊരുതിത്തോറ്റ അല്ലോഹലന്‍ ചോരയിലും മഴയിലും കുതിര്‍ന്ന് ചരിത്രത്തിന്റെ പൂതലിച്ച പടികളിറങ്ങി വന്നു. അല്ലോഹലനെക്കുറിച്ച് ചോദിച്ചപ്പോള്‍ കോതോര്‍മ്മനെന്ന മലയന്‍ പൊട്ടിച്ചിരിച്ചു. നാടന്‍ റാക്കിന്റെ കുപ്പികള്‍ പൊട്ടിച്ചിതറി. ശരമാരിയില്‍നിന്നും രക്ഷനേടാന്‍ കോതോര്‍മ്മന്‍ മന്നന്‍ പുറത്ത് കാവിലെ വന്മരത്തോട് ചേര്‍ന്നു നിന്നു. പേരറിയാത്ത മരത്തിന്റെ വേരുകള്‍ അള്ളോന്റേയും മന്നോന്റേയും ജീവിതത്തിന്റെ ആരും കാണാത്ത മണ്ണാഴങ്ങളിലേയ്ക്ക് പടര്‍ന്നു. ക്രൂരമായ പേമാരിയുടെ ചേകവര്‍ വരവ്. മഴവെള്ളം കാവിലെ കാട്ടുവഴികളിലൂടെ നീലേശ്വരം ബസ്സാറിലേക്കൊഴുകി. അള്ളോന്റേയും മന്നോന്റേയും ചോര കുടിച്ച് കലങ്ങിച്ചുകന്ന മലവെള്ളത്തിന്റെ ഗുര്സി.

നാടന്‍വാറ്റിന്റെ എറ്റുന്ന നാറ്റത്തിലൂടെ ഓര്‍മ്മകളുടെ ശവങ്ങളഴുകിയ ദുര്‍ഗന്ധത്തിലൂടെ അള്ളടം മുക്കാതം നാട്ടിനുടയോന്‍ വീട്ടിലേയ്ക്ക് നടന്നു. കാവിന്റെ ഇരുള്‍പ്പരപ്പില്‍ ആളനക്കം. തന്റെ രക്ഷയ്ക്കായി കാര്യങ്കോട് പുഴകടന്ന് ഉദിനൂരില്‍നിന്നുമെത്തിയ അനിയന്‍ മന്നോന്‍ കാട്ടുവള്ളിപ്പടര്‍പ്പുകളില്‍ ഒളിഞ്ഞിരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കണ്ടത് അനിയന്‍ മന്നോഹന്റെ ഉടലില്‍ തലയില്ല. തല അറുത്ത് മാറ്റിയ ഉടലില്‍ ചോരയിറ്റുന്ന കാട്ടുചെക്കി പൂത്തിരിക്കുന്നു. പോര്‍വിളികളൊടുങ്ങിയ ഇടവഴിയില്‍ ഇനിയാരേയും കാത്തുനില്‍ക്കാനില്ല. ചിലമ്പിട്ട തഴമ്പുകളില്‍ വ്രണം പൊട്ടിയ കാലുമായി അല്ലോഹലന്‍ ബങ്കളത്തെ വീട്ടിലേയ്ക്ക് നടന്നു. 

മരിച്ചുപോയ വീര്യമാണ് തെയ്യമായി വീണ്ടും മണ്ണിലുയിര്‍ക്കുന്നത്. ജീവിച്ചിരിക്കുന്ന മലയന്‍ മരിച്ചുപോയ തെയ്യത്തിന്റെ ബാക്കി ജീവിതമാണ്. ജീവിച്ചിരിക്കുന്ന കോതോര്‍മ്മനും മരിച്ചു പോയ അല്ലോഹലനും തമ്മിലുള്ള ബന്ധത്തെ വ്യാഖ്യാനിക്കാനാകില്ല. അതികല്പനകൊണ്ടും ഭ്രമഭാവനകൊണ്ടും മാത്രം നിര്‍മ്മിക്കപ്പെട്ട ചരിത്രമാണത്. തുളുനാട്ടിലെ രാജാക്കന്മാരായ അല്ലോഹലനേയും അനിയനായ മന്നോനേയും സാമൂതിരിപ്പാടിന്റേയും കോനാതിരിയുടേയും പട കൊന്ന് കുഴിച്ചുമൂടിയപ്പോള്‍ തുളുവിന്റെ രണസ്മരണകളുറങ്ങുന്ന നാട്ടുചരിത്രത്തെക്കൂടിയാണ് കഴുത്ത് മുറിച്ച് കുഴിച്ചുമൂടിയത്. കോതോര്‍മ്മന്‍ തെയ്യമാകുമ്പോള്‍ തമ്പുരാന്‍ വാഴ്ചക്കാലം ഇല്ലാതാക്കിയ നാട്ടുചരിത്രം കൂടിയാണ് തിരുമുടി നിവര്‍ത്തിയാടുന്നത്. കോതോര്‍മ്മന്റെ പേളികയില്‍ തെയ്യച്ചമയങ്ങള്‍ മാത്രമല്ല ഉള്ളത്. കദളിക്കുളത്തില്‍ നീരാടുമ്പോള്‍ ജന്മിത്വത്തിന്റെ ചുരികകൊണ്ട് വെട്ടിനുറുക്കിയ പാലന്തായി കണ്ണനെന്ന കാലിച്ചെക്കന്റെ ദുരന്തജീവിതമുണ്ട്. കോലോത്ത് നെല്ല് കുത്താനെത്തിയ ഉമ്മച്ചി കദീജയെ ഒറ്റച്ചവിട്ടിനു കൊന്ന തമ്പുരാന്‍ കാലത്തിന്റെ അഹങ്കാരമുണ്ട്. വെള്ളവും വളവും വേണ്ടാത്ത താനെ മുളക്കുന്ന താനെ വിളയുന്ന വൈനോടന്‍ പുഞ്ചക്കണ്ടംപോലെ പൂത്തുപൊലിയുന്ന പുലയന്റെ ഇച്ഛാശക്തിയുണ്ട്. മലയന്‍ തലയില്‍ ചുമന്നു വരുന്ന പേളികയില്‍ ഈ മണ്ണുപേക്ഷിച്ചു പോകേണ്ടിവന്ന പല പല മനുഷ്യരുടെ സ്വപ്നങ്ങള്‍ നിറം പൂശിയ അണിയലങ്ങളും ചമയങ്ങളുമുണ്ട്.

അല്ലോഹലന്റെ 
വര്‍ത്തമാനങ്ങള്‍ 

അല്ലോഹലന്‍ ഉത്തര മലബാറിലെ ചരിത്രവും പുരാവൃത്തവുമാണ്. കോലത്തിരിയുടെ നേതൃത്വത്തില്‍ അള്ളട രാജ്യം സ്ഥാപിക്കുന്നതിനു മുന്‍പ് കാഞ്ഞങ്ങാട് മടിയന്‍ കൂലോം കേന്ദ്രീരിച്ച് ഭരണം നടത്തിയ നാട്ടുരാജാവാണ് അല്ലോഹലന്‍. സഹോദരനായ മന്നോഹന്‍ കാര്യങ്കോട് പുഴയ്ക്കപ്പുറം തൃക്കരിപ്പൂര് ദേശം വരെ വാണ മറ്റൊരു നാട്ടുരാജാവാണ്. ഈ രാജാക്കന്മാരെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. കാഞ്ഞങ്ങാട് മടിയന്‍ കോവിലകത്തേയും നീലേശ്വരം മന്നന്‍പുറത്ത് കാവിലേയും തെയ്യം കെട്ടുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളില്‍ മാത്രമാണ് തുളുനാട്ടിലെ ഈ സഹോദരന്മാരെപ്പറ്റി പറയുന്നത്. അതുകൊണ്ട് തന്നെ അവരുടെ ജീവിതം പൂര്‍ണ്ണമായും നിഗൂഢതയിലെ ഇരുള്‍മൂടി കിടന്നു. കോതോര്‍മ്മന്റെ വര്‍ത്തമാനങ്ങള്‍ തന്നെയാണ് അല്ലോഹലന്റെ വര്‍ത്തമാനങ്ങള്‍. ജീവിതത്തിന്റെ പാതിവഴിയിലൊടുങ്ങിപ്പോയ നാട്ടരചന്‍. പുതുകാല ചരിത്രം കൃത്യമായ ഒരു പേരുപോലും നല്‍കിയില്ല. അച്ചന്‍ തെയ്യമായും കാര്‍ന്നോന്‍ തെയ്യമായും കൈക്കളോന്‍ തെയ്യമായും മൂലച്ചേരി നായരായും എറുവാട്ട് കുറുപ്പായും കോതോര്‍മ്മന്റെ തെയ്യത്തിനാണ് പലതാണ് പേര്‍പകര്‍ച്ചകള്‍. 

ചരിത്രം കച്ചകെട്ടി ചുരിക അരയില്‍ തിരുകി 21 ആചാരക്കുറിയണിഞ്ഞ് വരുമ്പോള്‍ കോതോര്‍മ്മന്‍ അല്ലോഹലനായി മാറുന്നു. താടിയും മീശയുമണിഞ്ഞ് കാളരാത്രിക്കും നടയില്‍ ഭഗവതിക്കും മടിയന്‍ നായരച്ചനായ ക്ഷേത്രപാലകനുമൊപ്പം തലയില്ലാത്ത ഉടലുമായി വന്ന് മടിയന്‍ കൂലോത്തെ തമ്പുരാനായ അള്ളോനെന്ന അല്ലോഹലന്‍ തെയ്യം പൊട്ടിച്ചിരിക്കും. കള്ളക്കഥകള്‍ മെനഞ്ഞ നൂറ്റാണ്ടുകളുടെ ചരിത്രദൂരത്തെ കയ്യിലെ തുരുമ്പെടുത്തുവെങ്കിലും മൂര്‍ച്ച കെട്ടുപോകാത്ത ചുരികകൊണ്ട് കടുംവെട്ട് വെട്ടി ഇല്ലാതാക്കും. സഹ്യന്‍ നല്‍കിയ ഹരിത കഞ്ചുകമണിഞ്ഞ് അറബിക്കടലിന്റെ നീലച്ചിറ്റാട ചുറ്റിയ നീലേശ്വരം. ബാര്‍ബോസയും ഫ്രാന്‍സിസ് ബുക്കാനനും എഴുതിപ്പൊലിപ്പിച്ച അള്ളട ദേശം. വിദ്വാന്‍ പി. കേളുനായരുടേയും കല്ലളന്‍ വൈദ്യരുടേയും ഇ.എം.എസ്സിന്റേയും കര്‍മ്മഭൂമി. ഏത് ദേശത്തേക്കാളും പേരും പെരുമയുമുണ്ട് ഈ തുളു ഖണ്ഡത്തിന്. കുന്നലക്കോനാതിരി വരെ കണ്ണുവെച്ച നാടായിരുന്നു. കണ്ട് കൊതിതീരാത്ത തന്റെ പ്രിയപ്പെട്ട അള്ളടമുക്കാതം നാട് കാണാന്‍, പ്രിയപ്പെട്ട ജനതയെ കാണാന്‍ തുളുവിന്റെ നാട്ടുമൊഴികള്‍ കേള്‍ക്കാന്‍ സഹോദരന്‍ ബലിയായ മന്നന്‍ പുറത്ത് കാവില്‍ വീണ്ടും വരികയാണ് അല്ലോഹലന്‍ തെയ്യമായി.

അന്തിയില്‍ കാഞ്ഞങ്ങാട് മടിയന്‍ കൂലോത്തെ കുളക്കടവില്‍ കുത്തിവീഴ്ത്തപ്പെട്ട അല്ലോഹലനേയും ഉദിനൂരിലെ മന്നോനേയും കുറിച്ച് വലിയ ചരിത്രമൊന്നും ഇതുവരെ ആരും പറഞ്ഞിട്ടില്ല. അള്ളട രാജ്യസ്ഥാപനത്തേടെ പുതിയ കൂറു വാഴ്ചക്കാലം ആരംഭിക്കുമ്പോള്‍ പഴയ രാജാവ് ദുഷ്ടനോ കൊള്ളരുതാത്തവനോ ആയിത്തീരും. 1200 നായന്മാരോടും 30,000 പ്രഭുവിനോടുമുള്ള ക്ഷേത്രപാലകന്‍ തെയ്യത്തിന്റെ വാചാല്‍ ഇത് വ്യക്തമാക്കുന്നുണ്ട്. തെക്കേന്‍ കൊല്ലത്തുനിന്നും നായര്‍ പ്രമാണിമാരുമായി വടക്കേന്‍ കൊല്ലത്തെത്തിയ താന്‍ എന്തൊക്കെ കഷ്ടപ്പാടുകള്‍ക്കൊടുവിലാണ് അള്ളട മുക്കാതം വെട്ടിയടക്കിയതെന്ന് തെയ്യം വ്യക്തമാക്കുന്നുണ്ട്. അള്ളോനും മന്നോനും ഉള്‍പ്പെടുന്ന എട്ടു കുടക്കല്‍ പ്രഭുക്കന്മാരെ അസുരന്മാരായിട്ടാണ് തെയ്യം വാചാലില്‍ പറയുന്നത്. അസുരന്മാരുടെ ദുര്‍ഭരണത്തില്‍നിന്നും തുളുനാട്ടിലെ ജനങ്ങളെ രക്ഷിക്കാനാണ് വാതില്‍ കാപ്പാനായ സ്വരൂപകര്‍ത്താവെന്ന ക്ഷേത്രപാലകന്‍ ഉണ്ടായിരിക്കുന്നത്.

കോലത്തിരിയെ അനുസരിക്കാതെ അത്യുത്തര മലബാര്‍ ഭരിച്ച നാട്ടുകാരായ ഈ സഹോദരന്മാരാണ് ചരിത്രത്തില്‍ അസുരന്മാരായി മാറീട്ടുള്ളത്. അള്ളട സ്വരൂപ രൂപീകരണത്തോടെ ഉദിനൂര്‍ കോവിലകവും മടിയന്‍ കോവിലകവും കേന്ദ്രീകരിച്ചുള്ള മൂലച്ചേരി നായരുടേയും മടിയന്‍ നായരുടേയും തെയ്യത്തിനു മുകളിലുള്ള ആധിപത്യത്തിനും തുടക്കം കുറിച്ചു. പ്രാദേശികമായ കാവുകളില്‍ കളിയാട്ടവും പെരുങ്കളിയാട്ടവും നടക്കുമ്പോള്‍ ഉദിനൂര്‍ കോവിലകത്തുനിന്നും ദീപവും തിരിയും കൊണ്ടുവരിക, പാട്ടുത്സവ സമയങ്ങളിലും മറ്റും സ്ഥാനീകരും അച്ചന്മാരും കൂലോത്തു പോയി തൊഴുതുവരിക, തെയ്യക്കാരെ പട്ടും വളയും കച്ചും ചുരികയും നല്‍കി ആചാരപ്പെടുത്തുക തുടങ്ങിയ അനുഷ്ഠാനങ്ങളെ ഈ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

അല്ലോഹലനെ നിഗ്രഹിച്ച് ക്ഷേത്രപാലകന്‍ തെയ്യം ആരാധനയുടെ തലപ്പത്ത് വരിക മാത്രമല്ല, മികച്ച ഭരണം നടത്തിയ നാട്ടുരാജാക്കന്മാരെ വധിച്ച് അവരെ അസുരന്മാരാക്കി ചിത്രീകരിക്കുകയും ചെയ്തു. തെയ്യമില്ലാത്ത നെടിയിരിപ്പില്‍നിന്നും വന്ന ക്ഷേത്രപാലകന്‍ പക്ഷേ, തെയ്യത്തെ അനുസരിച്ചു. പില്‍ക്കാലത്ത് ക്ഷേത്രപാലകന്‍ തന്നെ പടനായരായ തെയ്യമായി മാറുകയും ചെയ്തു. കൊലചെയ്തവനും കൊല്ലപ്പെട്ടവനും വൈരം മറന്നു ദൈവങ്ങളാകുന്ന ഭൂമിയിലെ ഒരേ ഒരിടമാണ് തെയ്യക്കാവ്. തെയ്യം ദൈവവാരാധനയില്‍ ഏറ്റവും മനുഷ്യപക്ഷത്തുള്ള ആരാധനാ സമ്പ്രദായമാകുന്നത് അങ്ങനെയാണ്. പ്രബലദൈവങ്ങള്‍ ആഭിജാത ഗരിമയോടെ ഉറഞ്ഞു തുള്ളുമ്പോള്‍ ചരിത്രത്തിന്റെ ആരും ഭേദിച്ചിട്ടില്ലാത്ത നിലവറകള്‍ തുറക്കാനുള്ള താക്കോലുമായി ചില മനുഷ്യര്‍ തെയ്യമായി വരും. അങ്ങനെ ഇരുള്‍മൂടിയ ഭൂതകാലത്തിലേയ്ക്കുള്ള വെളിച്ചവുമായി തെയ്യത്തിലെ വിശാലമായ മനുഷ്യപ്പച്ചയിലേയ്ക്ക് കീഞ്ഞവനാണ് അല്ലോഹലന്‍. 

തെയ്യത്തിലുടനീളം ഇങ്ങനെ ചരിത്രത്തെ കൊഞ്ഞനം കാണിക്കുന്ന അരികുവല്‍ക്കരിക്കപ്പെട്ടവരുടെ നീണ്ടനിരതന്നെ കാണാം. അവരാണ് ചരിത്രത്തിലെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും ധൈര്യസമേതം വിളിച്ചുപറയുന്നത്. മാക്കത്തിന്റെ ഒപ്പരം കാട്ടുവള്ളി ചുറ്റി ഭൂമിയിലെ മായാത്ത കാരുണ്യത്തിന്റെ പച്ചില ചൂടി അരുതേ കൊല്ലരുതേ എന്നാര്‍ത്തലയ്ക്കുന്ന മായിലോനെ കാണാം. ജാതിയുടെ എല്ലാ നീചത്വത്തിലേക്കും മാവിലനെ ചവിട്ടിത്താഴ്ത്തുമ്പോള്‍ മാക്കത്തിനെപ്പോലെ ദൈവപദവിയോളം സഞ്ചരിച്ച കാട്ടടിയാനായ മാവിലന്‍ തെയ്യം. കാട് വയക്കാനെത്തിയ ഒരു അടിമജാതിക്കാരന്, അയാള്‍ക്കോ അയാളുടെ സമുദായത്തിനോ സങ്കല്പിക്കാനാകാത്ത സാംസ്‌കാരിക സ്ഥിതിയിലേയ്ക്കുയരാനായത് അയാളിലെ വറ്റാത്ത മനുഷ്യത്വമാണ്. അത് കീഴാള ജീവിതത്തിന്റെ രാഷ്ട്രീയ വ്യാഖ്യാനമായ തെയ്യത്തിനു മാത്രം സാധ്യമാകുന്ന ഒന്നാണ്. പക്ഷേ, ഉന്നത സമുദായത്തില്‍പ്പെട്ട കടാങ്കോട്ടെ കുഞ്ഞിമാക്കത്തെപ്പറ്റി വാചാലമാകുമ്പോഴൊക്കെ ഗിരിവര്‍ഗ്ഗ നിവാസിയായ മാവിലനെ പരിഷ്‌കൃത സമൂഹവും ആധുനിക ചരിത്രവും ബോധപൂര്‍വ്വം മറന്നു. കദളിക്കുളത്തില്‍നിന്നും മുങ്ങിനിവര്‍ന്ന് തലയറ്റ ഉടലുമായി കോട്ടപ്പുറത്ത് തെയ്യമായി ജന്മിത്വവാഴ്ചയുടെ ക്രൂരമായ ഭൂതകാലം നമുക്കു കാണിച്ചുതരുന്ന പാലന്തായി കണ്ണന്‍. കരിഞ്ചാമുണ്ടിക്കൊപ്പം ഉറഞ്ഞാടുന്ന നിസ്‌കാരത്തഴമ്പുള്ള മാപ്പിള. യോഗിയാര്‍ അകമ്പടീശന്റെ ഒറ്റച്ചവിട്ടില്‍ നടുതകര്‍ന്ന് നെല്ല് കുത്തിക്കൊണ്ടിരിക്കുന്ന ഉരലിലെ ദു:ഖത്തിലും ദുരിതത്തിലും വീണു മരിച്ച ഉമ്മച്ചി കദീജ. അങ്ങനെയങ്ങനെ ചെമ്മണ്ണും ചളിയും ചോരയുമായി എത്രയെത്ര പേരാണ് പഞ്ചാത്തിക്ക പറയാനായി കാവിലെ വന്മരത്തണലില്‍ ഒത്തുചേരുന്നത്. നമ്മള്‍ മറക്കാനാഗ്രഹിക്കുന്ന എത്രയെത്ര അലോസരക്കാഴ്ചകളിലാണ്  ഒരോ തെയ്യവും നമ്മെ ശ്വാസം മുട്ടിക്കുന്നത്. 
മന്നന്‍പുറത്ത് കാവിലെ കലശപ്പെരുമയെ എഴുതിപ്പൊലിപ്പിക്കുമ്പോള്‍ അല്പം ചരിത്രബോധമൊക്കെ നല്ലതാണ്. തുളുനാട് ഭരിച്ച അള്ളോന്റേയും മന്നോന്റേയും ജീവിച്ചിരിക്കുന്ന സാക്ഷ്യമായ ബങ്കളത്തെ മലയനായ സുരേന്ദ്ര ബാബുവിനെ, ഇന്നത്തെ കോതര്‍മ്മനെ  ഏത് ഗവേഷകനാണ്, ചരിത്രകാരനാണ് കണ്ടെടുക്കുന്നത്. ഉത്തരകേരള ചരിത്രത്തെ വെള്ളം ചേര്‍ക്കാത്ത കള്ളം നിറച്ച ഭാവനകൊണ്ടും അമര്‍ച്ചിത്ര കഥയിലെ വീരേതിഹാസം കൊണ്ടും തോന്നിയപോലെ വ്യാഖ്യാനിച്ചവരാരും കോതോര്‍മ്മന്റെ ഇന്നലെകളെ തേടിയെത്തിയില്ല. അള്ളടം തമ്പുരാന്‍ ഉറയില്‍നിന്നും ഊരി നല്‍കിയ ഉടവാള്‍ ആചാര മുദ്രയായി കാത്തു സൂക്ഷിക്കുന്ന മലയനുമുണ്ട് പറയാനേറെ. അവന്റെ നാട്ടുചരിത്രം ഇന്നും അവസാനിക്കാത്ത തമ്പുരാന്‍ വാഴ്ചയുടേയും കോളനി വാഴ്ചയുടേയും ചരിത്രമാണ്. വിജയനഗരത്തിലെ രായന്മാരുടേയും ബദനൂരിലെ നായ്ക്കന്മാരുടേയും തുളു സംസ്‌കൃതിയുടേയും ചരിത്രമാണ്. പൗരോഹിത്യവും രാജ വാഴ്ചയും ഏതൊക്കെ പ്രകാരത്തിലാണ് ഒരു നാട്ട് സംസ്‌കൃതിയെ മറ്റൊന്നാക്കി മാറ്റുന്നതിന്റേയും ചരിത്രമാണ്. നായന്മാരും നമ്പ്യന്മാരും മണ്ണിന്റേയും മനുഷ്യരുടേയും അധികാരികളായി മാറുന്നതിന്റേയും ചരിത്രമാണ്. 

അള്ളടമുക്കാതം നാടിന്റെ 
വര്‍ത്തമാനങ്ങള്‍ 

തുളുരാജ്യം വെട്ടിപ്പിടിക്കുന്നതിനായി ഏറാള്‍പ്പാടിന്റെ പടനായരായ ക്ഷേത്രപാലകന്‍ കാഞ്ഞന്റെ നാടായ കാഞ്ഞങ്ങാടെത്തിയപ്പോള്‍ കണ്ടത് നെടിയിരിപ്പില്‍നിന്നും വ്യത്യസ്തമായ കാഴ്ചകളാണ്. ഈജിപ്തുകാരുടേയും പോര്‍ച്ചുഗീസുകാരുടേയും ഡച്ചുകാരുടേയും ഇഷ്ടതോഴനായ, അതിസമ്പന്നനായ സാമൂതിരിപ്പാടിന്റേയും വടക്കിളംകൂര്‍ ഉണിത്തിരിയെന്ന കോനാതിരി പ്രഭുവിന്റേയും ചോരയില്‍ പിറന്ന തമ്പുരാട്ടിക്ക് അള്ളടം മുക്കാതം നാടുതന്നെ നല്‍കണം എന്നു പറഞ്ഞത് എന്തിനായിരുന്നുവെന്ന് തുളുനാട്ടിലെത്തിയപ്പോഴാണ് ക്ഷേത്രപാലകനു മനസ്സിലായത്. വളഭന്‍ കോലത്തിരിയുടെ അധീനതയിലുള്ള ചെറുകുന്ന് മുക്കാതം നല്‍കാമെന്ന് പറഞ്ഞിട്ടും അള്ളോന്റേയും മന്നോന്റേയും ഈ മനോഹര ഭൂമി സ്വന്തമാക്കണമെന്നത് അതിബുദ്ധി തന്നെയായിരുന്നു. താടിയും മുടിയും നീട്ടി, താപസനായി വേഷം മാറി അല്ലോഹലന്റെ മോലോത്ത് രഹസ്യമായി താമസിച്ച് നെടിയിരിപ്പില്‍നിന്നും വ്യത്യസ്തമായ തുളുഭൂമിയെ പഠിക്കുകയാണ് സാമൂതിരിപ്പാടിന്റെ പടനായകന്‍ ചെയ്തത്. ബ്രാഹ്മണ്യത്തിനു വിധേയപ്പെട്ടിട്ടില്ലാത്ത തുളു സംസ്‌കാരത്തെ തകര്‍ക്കുക എളുപ്പമല്ലെന്നു മനസ്സിലാക്കി. സാമ്രാജ്യത്വ സംസ്ഥാപനത്തിന് എല്ലാക്കാലത്തും ആര്യശക്തി നടപ്പിലാക്കുന്ന ചതിയുടെ കുടിലതന്ത്രങ്ങള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ക്ഷേത്രപാലകന്‍ തയ്യാറാക്കി. തപസ്വിയായാല്‍ ആരേയും ചതിക്കാം. ആരുടേയും വിശ്വാസം വീണ്ടടുക്കാം.

നിരന്തരമുള്ള പടയോട്ടത്തിന്റെ ഭാഗമായി അതിര്‍ത്തികള്‍ മാറിമാറി നിര്‍ണ്ണയിക്കപ്പെട്ട തുളുനാടിന്റെ തെക്കേ ഖണ്ഡം പ്രത്യേകാധികാരമുള്ള ഭൂപ്രഭുക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നു. അലൂപ രാജവംശം, വിജയനഗര രാജാക്കന്മാര്‍, ഇക്കേരി നായക്കന്മാര്‍, ഹൊയ്സാലര്‍, പല്ലവര്‍, ചാലൂക്യര്‍, ഹൈദ്രാലി, ടിപ്പു, പറങ്കികള്‍, ലന്തക്കാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകര്‍ അങ്ങനെ പല തരത്തിലുള്ള പടയോട്ടത്തിന്റേയും സാംസ്‌കാരിക വൈവിധ്യത്തിന്റേയും പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുണ്ട് ഈ നാടിന്. പരശുരാമ സൃഷ്ടമായ 64 ഗ്രാമങ്ങളില്‍ കേരളത്തിലെ വടക്കേയറ്റത്തെ അതിര്‍ത്തി പയ്യന്നൂര്‍ ഗ്രാമമായിരുന്നു. ഒളോറക്കടവു വരെയാണ് കോലത്ത് നാടുണ്ടായിരുന്നത്. കവ്വായി പുഴയ്ക്കപ്പുറമുള്ള മലയാള ദേശങ്ങളൊന്നും 64 കേരള ഗ്രാമത്തില്‍പ്പെടുന്നതല്ല. അമ്പതിലധികം നാട്ടുരാജ്യങ്ങളുണ്ടായിരുന്ന കേരളത്തില്‍ ഏറ്റവും പ്രത്യേകതയുള്ള പ്രദേശമായിരുന്നു അള്ളടമുക്കാതം. കടലും മലയും ഒരുപോലൈ അനുഗ്രഹിച്ച തുളുനാടിന്റെ വിഭവസമ്പത്ത് മറ്റു രാജാക്കന്മാരെക്കാളേറെ കൂടുതലായിരുന്നു. തൊട്ടടുത്തുള്ള ചോള പാണ്ഡ്യ രാജാക്കന്മാരേയും വിജയനഗര രാജാക്കന്മാരേയും താരതമ്യം ചെയ്യുമ്പോള്‍ കേരള രാജാക്കന്മാര്‍ ദരിദ്രരായിരുന്നു. സാമൂതിരി മാത്രമാണ് രാജാക്കന്മാരില്‍ മെച്ചപ്പെട്ട ജീവിതം നയിച്ചിരുന്നത്. പക്ഷേ, കടലും കരയും കനിഞ്ഞനുഗ്രഹിച്ച തുളുനാടിന്റെ സമ്പല്‍സമൃദ്ധിയില്‍ മോഹമുദിച്ചാണ് കോലത്തിരിയും സാമൂതിരിയും ഒരുപോലെ അള്ളടമുക്കാതം മോഹിച്ചത്. ഗോകര്‍ണ്ണം മുതല്‍ കവ്വായി പുഴ വരെയും പയ്യന്നൂര്‍ പെരുമാളിന്റെ പടിഞ്ഞാറേ കീറ്റുമുതല്‍ ചന്ദ്രഗിരി പുഴവരേയും ഒളോറക്കടവു മുതല്‍ ചിത്താരി വരേയും അങ്ങനെ പലതായിരുന്നു അള്ളട ദേശത്തിന്റെ അതിര്‍ത്തികള്‍. യുക്തിവിചാരത്തിന്റെ തടുപപ്പയിലിട്ട് ഉത്തര മലബാര്‍ ചരിത്രത്തെ ചിക്കിച്ചേറിയെടുക്കുമ്പോള്‍ ബാക്കിയാകുന്നത് കോലത്തിരിക്കും സാമൂതിരിക്കും അസൂയ്യ ഉളവാക്കും വിധത്തിലുള്ള ഒരു ഭൂപ്രദേശമായിരുന്നു തുളുനാട് എന്ന യാഥാര്‍ത്ഥ്യമാണ്. ശക്തനായ കോലത്തിരിയെ അനുസരിക്കാത്ത ഒരു ജനവിഭാഗവും സംസ്‌കൃതിയും ഒളോറപ്പുഴയ്ക്കപ്പുറം നിലനിന്നിരുന്നു എന്നുമാണ്. 


പുരാതന നീലേശ്വരത്തിന് പലവിധ സവിശേഷതകളും ഉണ്ടായിരുന്നു. ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍നിന്ന് കാലവര്‍ഷക്കാററിന്റെ സഹായത്തോടെ 40 ദിവസം യാത്ര ചെയ്താല്‍ മലബാറിലെത്താം. വടക്കേ മലബാര്‍ വൈദേശിക വിപണിയായി മാറുന്നത് ഈ ഒരു പ്രാകൃതീക പ്രതിഭാസംകൊണ്ട് മാത്രമാണ്. അതുകൊണ്ടുതന്നെ നീലേശ്വരം കോട്ടപ്പുറത്തുള്ള അഴിയിലൂടെ നിരവധി വിദേശ ചരക്കു കപ്പലുകള്‍ ഇവിടെ എത്തിയിരുന്നു. ആര്യര്‍ നാട്ടിലുള്ള തെയ്യങ്ങളുടെ കടല്‍യാത്രകളെല്ലാം നീലേശ്വരം കഴിഞ്ഞുള്ള എടത്തൂരഴിയലാണ് അവസാനിക്കുന്നത്. ജല മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും സഞ്ചാരം ദുസ്സഹമായ ഒരു കാലമാണതെന്ന വസ്തുത കൂടി മനസ്സിലാക്കണം. കവ്വായി കാര്യങ്കോട്, നീലേശ്വരം, ചന്ദ്രഗിരി, ചിത്താരി, ബേക്കലം, ഉള്ളാളം, മംഗലാപുരം അങ്ങനെ ഒരു ജലപാത അന്നു നിലവിലുണ്ടായിരുന്നു. നീലേശ്വരം അക്കാലത്തെ മികച്ച തുറമുഖ നഗരമായിരുന്നു. വൈദേശിക യാനങ്ങള്‍ മംഗലാപുരത്തുനിന്നു തെക്കോട്ടേക്ക് തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്നു. കോട്ടപ്പുറം പ്രധാന കച്ചവടകേന്ദ്രമായി. മുഹമ്മദീയ വര്‍ത്തക പ്രമാണിമാര്‍ കച്ചവടത്തിനായി പാണ്ഡികശാല കെട്ടി താമസിച്ചു. പ്രത്യേക ഭൂപ്രകൃതികൊണ്ട് കടലിനോടും പശ്ചിമഘട്ടത്തോടും ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ കടല്‍ വിഭവങ്ങളും കുരുമുളക്, ഏലം, ചന്ദനം, ഗ്രാമ്പു, കറുവപ്പട്ടപോലുള്ള സുഗന്ധവ്യഞ്ജനങ്ങളും യഥേഷ്ടം ലഭിക്കുകയും കടല്‍ വഴി യൂറോപ്പിലേക്കും അറേബ്യയിലേയ്ക്കും കാലവര്‍ഷക്കാറ്റിന്റെ സഹായത്തോടെ എളുപ്പത്തില്‍ കൊണ്ടു പോകുന്നതിനും സാധിച്ചിരുന്നു. 

നെടിയിരിപ്പിലോ പെരുമ്പടപ്പിലോ നിലനില്‍ക്കുന്ന ജാതിഘടനയ്ക്ക് പുറത്തായിരുന്നു തുളുദേശത്തിന്റെ സാമൂഹ്യബോധം. അതിസമ്പന്നമായ വിജയനഗര സാമ്രാജ്യത്തിന്റേയും കേളാടി നായ്ക്കന്മാരുടേയും മൈസൂര്‍ സുല്‍ത്താന്മാരുടേയും പിന്നീട് കടന്നുവന്ന വിദേശികളുടേയും ജീവിത രീതികളും സാംസ്‌കാരിക നിലവാരവും അള്ളടത്തെ മറ്റൊരു ഭൂഖണ്ഡമാക്കി മാറ്റിയിരുന്നു. പൂജകള്‍ ചെയ്യുന്നതിനായി മലയാള ബ്രാഹ്മണര്‍ കുറവായിരുന്നു. കൗളവ സമ്പ്രദായത്തിലുള്ള പിടാരന്മാരും മണിയാണിമാരുമായിരുന്നു പൂജാവിധികള്‍ നടത്തിയിരുന്നത്. എല്ലാ തൊഴില്‍ കുലങ്ങളും മല വര്‍ഗ്ഗക്കാരും തിങ്ങിനിറഞ്ഞ വിഭവശേഷി കൂടിയ സ്വയംപര്യാപ്ത സാമൂഹ്യഘടനയായിരുന്നു. അല്ലോഹലനെ കൊല്ലാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനയുടെ പൊരുള്‍ എന്താണെന്ന് തിരിഞ്ഞില്ലേ. 

കാഞ്ഞങ്ങാടെത്തിയ സാമൂതിരിയുടെ പടനായരെ അതിശയപ്പെടുത്തിയ മറ്റൊന്ന് അല്ലോഹലന്റെ ജനപിന്തുണയും തുളുനായരായ മൂലച്ചേരി നായര്‍ക്കും മണിയാണിമാര്‍ക്കും അല്ലോഹലനോടുള്ള കൂറുമാണ്. അല്ലോഹലന്റെ മോലോത്ത് സന്ന്യാസിയായി തപസ്സനുഷ്ഠിച്ച് പതുക്കെപ്പതുക്കെ മുലച്ചേരി നായരുടേയും കൂലേത്തെ മണിയാണിയുടേയും വിശ്വാസ്യത നേടിയെടുത്തു. പല പല പ്രകാരത്തില്‍ പ്രലോഭിപ്പിച്ചു. എല്ലാ കുതന്ത്രങ്ങളും ഉപയോഗിച്ച് അല്ലോഹലനെന്ന തുളു രാജന്‍ കോലത്തിരിയുടെ കണ്ണിലെ കരടായ സാമന്തന്റെ അനുയായികളെ വശത്താക്കി. നെടിയിരിപ്പിലെ പടനായരെ ഏറ്റവും കൂടുതല്‍ അതിശയിപ്പിച്ചത് ബ്രാഹ്മണര്‍ക്ക് വിധേയപ്പെട്ടിട്ടില്ലാത്ത കീഴ്ജാതിക്കാരുടെ ആരാധനാ സമ്പ്രദായമാണ്. കേരള രാജ്യത്ത് ഉത്തര മലബാറിലല്ലാതെ ഒരിടത്തും കാണാത്ത മണിയാണിമാരുടെ പൗരോഹിത്യ കര്‍മ്മങ്ങളാണ് മടിയന്‍ കൂലോത്തെ ആരാധനയുടെ സവിശേഷത. അല്ലോഹലനും മന്നോഹനും തുളു മണിയാണിമാരാണെന്നും പറയപ്പെടുന്നുണ്ട്. വിചിത്രമായ ഭാഷയും സംസ്‌കാരവും. തുളുനാടിന്റെ മാഹാത്മ്യം വാക്കുകള്‍ക്കതീതമാണ്.
കോലത്തിരിയെ അനുസരിക്കാത്ത തുളുനാടന്‍ രാജാവിനേയും ആ രാജ്യത്തേയും എങ്ങനെ ഇല്ലാതാക്കാമെന്ന കൃത്യമായ പദ്ധതികള്‍ തയ്യാറാക്കി. അനാദികാലമായി ആര്യരാജാക്കന്മാര്‍ പിന്‍തുടരുന്ന അതേ ചതി തന്നെയാണ് ക്ഷേത്രപാലകനും പിന്‍തുടര്‍ന്നത്. അല്ലോഹലന്റെ മുഖ്യ കാര്യസ്ഥനായ മൂലച്ചേരി നായര്‍ക്ക് കാഞ്ഞങ്ങാട്ടെ എല്ലാ അധികാരവും നല്‍കാമെന്ന വ്യവസ്ഥയില്‍. സ്വന്തം കൂടപ്പിറപ്പായ അല്ലോഹലനെതിരെയുള്ള ഗൂഢാലോചനയില്‍ പ്രധാന പൂജാരിയായ മണിയാണിയും ഇതിനു കൂട്ടുനിന്നു. സന്ധ്യാവന്ദനത്തിനായി കുളക്കടവിലെത്തിയ അല്ലോഹലനെ മുലച്ചേരി നായര്‍ കുത്തിവീഴ്ത്തി. മൂലച്ചേരി നായര്‍ക്ക് കൂലോത്തെ പൂര്‍ണ്ണാധികാരം നല്‍കി. അല്ലോഹലനെ കൊല്ലുന്നതിനായി മൂലച്ചേരി നായരെ സഹായിച്ച മണിയാണിയെ രാവിലേയും വൈകുന്നേരവുമുള്ള പൂജ ഏല്പിച്ചു. ഉച്ചപ്പൂജ ചെയ്യുന്നതിനായി ബ്രാഹ്മണരെ ചുമതലപ്പെടുത്തി. തുളു സംസ്‌കൃതിയുടെ മണ്ണില്‍ പുതിയൊരു രാജാധിപത്യത്തിന്റെ പിറവി ഇങ്ങനെയൊക്കെയാണ്.
അള്ളടമുക്കാതം നാടിന്റെ തെക്കേയതിര്‍ത്തിയില്‍ ഉദിനൂര്‍ കോവിലകത്ത് താസിച്ചിരുന്ന അനിയനായ മന്നോഹന്‍ ഏട്ടനായ അള്ളോന്റെ മരണവാര്‍ത്തയറിഞ്ഞു. കാര്യങ്കോട് പുഴകടന്ന് നീലേശ്വരത്തെത്തി. കോലത്തിരിയുടേയും സാമൂതിരിയുടേയും മൂലച്ചേരി നായരുടെ നേതൃത്വത്തിലുള്ള തുളുനാടന്‍ പടയോടും എതിരിടാനുള്ള ശേഷിയില്ലാത്ത മന്നോനെ നീലേശ്വരത്തെ കാട്ടില്‍വെച്ചും കൊലപ്പെടുത്തി. കരുത്തനായ അള്ളോന്റേയും മന്നോന്റേയും ശല്യം അവസാനിപ്പിച്ച് കോലത്തിരി അള്ളട രാജ്യം സ്ഥാപിച്ചതിന്റെ ചരിത്രത്തിന്റെ ഏകദേശ രൂപമിതാണ്. കൃത്യമായ തെളിവുകള്‍ നിരത്തിയുള്ള വസ്തുനിഷ്ഠമായ ചരിത്രത്തിന്റെ യുക്തി വിചാരങ്ങള്‍ കേരളചരിത്ര വിചാരത്തില്‍ സംഭവിച്ചത് വളരെ കുറവാണ്.

തിരുവിതാംകൂറിന്റേയും വേണാടിന്റേയും പെരുമ്പടപ്പിന്റേയും നെടിയിരിപ്പിന്റേയും ദൂരത്തേയ്ക്ക് സഞ്ചരിക്കേണ്ട ഇന്ധനം മാത്രമേ പാരമ്പര്യ ചരിത്രകാരന്മാര്‍ കരുതിയുള്ളൂ. കവ്വായി പുഴയ്ക്കപ്പുറം എന്തു സംഭവിച്ചുവെന്നത് പാരമ്പര്യ ചരിത്രാന്വേഷകര്‍ക്ക് വിഷയമല്ലായിരുന്നു. ഈ ഒരു ചരിത്രസന്ധിയില്‍ ത്യാഗ പൂര്‍ണ്ണാമയ അന്വേഷണനിഷ്ഠയോടെ എം. ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ നീലേശ്വരം-അള്ളടസ്വരൂപം പൈതൃക ചരിത്രവും കാസര്‍ഗോഡിന്റെ തുളു മിശ്ര സംസ്‌കൃതിയും എന്ന ചരിത്ര ഗ്രന്ഥത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. കവ്വായിപ്പുഴയ്ക്കപ്പുറം എന്ത് എന്നത് അടിസ്ഥാന പ്രമാണങ്ങളുടെ ആധികാരിക രേഖകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ഗവേഷണബുദ്ധി കണ്ടെത്തുന്നുണ്ട്. എന്തിനും ഏതിനും ലോഗന്റെ സഹായത്തിനായി നിലവിളിക്കുന്നവര്‍ക്ക് ഇതു വലിയ സഹായമാകും. തുളുനാടന്‍ മാന്വലാണിത്. പക്ഷേ, കൃത്യമായ സവര്‍ണ്ണ പക്ഷപാതവും ഫ്യൂഡലിസത്തിന്റെ കൂറുവാഴ്ചയോടുള്ള വിധേയത്വവും ഈ വിശിഷ്ട ഗ്രന്ഥത്തിന്റെ സ്വതന്ത്രമായ പാരായണത്തെ പരിമിതപ്പെടുത്തുന്നുണ്ട്. അള്ളട രാജ്യത്തിലെ സംസ്‌കാരത്തിന്റെ ഈറ്റില്ലമായ കീഴാളജീവിതത്തെ ഈ സവര്‍ണ്ണ നിരീക്ഷണം സൗകര്യപൂര്‍വ്വം നിരാകരിക്കുന്നുണ്ട്. 
കേരളചരിത്രമെന്നത് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ നിറം പിടിപ്പിച്ച മഹായുദ്ധങ്ങളും പതിനായിരക്കണക്കുള്ള പടയാളികളുമായുള്ള പടയോട്ടങ്ങളായിരുന്നുവെന്ന കള്ളം ഇപ്പോഴും എടുത്താല്‍ പൊങ്ങാത്ത അത്രയും ബിരുദങ്ങളുള്ള ചരിത്രത്തിന്റെ മൊത്തക്കച്ചവടക്കാര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. മൂലധനം മുന്‍നിര്‍ത്തിയുള്ള ചരിത്ര കങ്കാണിമാരുടെ അക്കാദമിക ചരിത്ര വ്യവസായത്തെ ദീര്‍ഘവീക്ഷണം ചെയ്ത് വെളിച്ചപ്പെട്ട സാക്ഷാല്‍ പി.കെ. ബാലകൃഷ്ണന്റെ മൊഴികള്‍ ഇപ്രകാരമാണ്. 
''അക്കാദമിക പദവിയുള്ളവര്‍ക്ക് മാത്രം കയ്യാളാനാകുന്ന വിഷയമായി ചരിത്രം മാറിയ മാറ്റം അനിവാര്യമായിരിക്കാം. ചരിത്രവിഷയത്തില്‍ പ്രത്യേക അഭിനിവേശവും പ്രതിഭയുമുള്ളവര്‍ ഈ പദവിക്കാരില്‍ കുറേ പേര്‍ കാണുമെങ്കിലും ഉദ്യോഗക്കയറ്റം, ശമ്പളക്കയറ്റം, ഫെല്ലോഷിപ്പ് ഗ്രാന്റുകള്‍ എന്നീ വകയിലുള്ള കരിയറിസത്തിന്റെ പാതയിലൂടെ ചരിത്ര പഠന രംഗത്തെത്തിയിരിക്കുന്ന ചരിത്ര കങ്കാണിമാരാണ് ഇതിലേറേയും വന്നുപെടുക എന്നതും അനിവാര്യമാണ്. ഇതൊക്കെ കൊണ്ടുണ്ടായിട്ടുള്ള സര്‍വ്വപ്രധാനമായ നേട്ടം ഒരു ബ്യൂറോക്രസിയുടെ സര്‍വ്വ ദൂഷ്യങ്ങളും അതിനെ അതിശയിക്കുമാറ് സാക്ഷാല്‍ക്കരിക്കുന്ന ഒരു ചരിത്ര ബ്യൂറോക്രസിയുടെ സ്വകാര്യ സൂക്ഷിപ്പായി ചരിത്രരംഗം മാറി എന്നുള്ളതാണ്. 16-ാം നൂറ്റാണ്ടിലെ പോര്‍ത്തുഗീസു സാഹസികര്‍ കുരുമുളക് കച്ചവടത്തെ കണ്ടിരുന്ന രീതിയിലും കൈകാര്യം ചെയ്തിരുന്ന രീതിയിലും ഈ അക്കാദമിക ചരിത്ര ബ്യൂറോക്രസി ചരിത്രത്തിന്റെ കുത്തക വ്യാപാരം കയ്യാണ്ടു നടത്തിക്കൊണ്ടിരിക്കുകയാണെന്നു  തന്നെ പറയാം.''

കേരള രാജാക്കന്മാര്‍ സമ്പത്തോ പ്രതാപമോ ഇല്ലാത്ത, പുറം ലോകം എന്തെന്നറിയാത്ത ദരിദ്ര ജന്മങ്ങളായിരുന്നുവെന്ന സത്യം വിളിച്ചുപറഞ്ഞ് ചരിത്രത്തിന്റെ സവര്‍ണ്ണ ഗരിമയെ തേച്ചൊട്ടിച്ചിട്ടുള്ളത് പി.കെ. ബാലകൃഷ്ണന്‍ മാത്രമാണ്. പതിനായിരങ്ങളുള്ള പടയാളി സംഘത്തിന്റെ കേരളത്തിലൂടെയുള്ള സൈ്വര്യസഞ്ചാരത്തെ തലങ്ങും വിലങ്ങും ഛേദിക്കുന്ന 44 നദികള്‍. അതിന്റെ ഇരട്ടിയിലധികമുള്ള ചെറുചെറു തോടുകള്‍, കനാലുകള്‍ കായലുകള്‍, വര്‍ഷക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍, നീര്‍ത്തടങ്ങള്‍, അങ്ങനെ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കുള്ള ഇഷ്ടംപോലെയുള്ള യാത്ര 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ സങ്കല്പിക്കാന്‍ സാധ്യമല്ലാത്ത ഒന്നായിരുന്നു. പടിഞ്ഞാറന്‍ തീരങ്ങള്‍ കലിതുള്ളിയാര്‍ക്കുന്ന കടലും ഭേദിക്കാനാകാത്ത കായല്‍പ്പരപ്പുകളും കീഴടക്കിയിരുന്നു. തീരപ്രദേശം കഴിഞ്ഞാലുള്ള സഹ്യന്റെ താഴ്വര തടങ്ങള്‍. മലയോര നിവാസികള്‍ക്കുപോലും ജീവിക്കാനാകാത്ത വിധത്തില്‍ ഹിംസ്രമൃഗങ്ങള്‍ വിഹരിക്കുന്ന കൊടുങ്കാടുകള്‍. ഇതൊക്കെയാണ് 19-ാം നൂറ്റാണ്ടു വരെയുള്ള കേരളത്തിന്റെ അവസ്ഥ. തൊട്ടയലോതിയായ കര്‍ണാകത്തിലും തമിഴ്നാട്ടിലും എന്ത് നടക്കുന്നു എന്ന ഒരു ബോധ്യവും കേരള രാജാക്കന്മാര്‍ക്കുണ്ടായിരുന്നില്ല. അവിടത്തെപ്പോലെ വലിയ പട്ടണങ്ങളും ജനപഥങ്ങളും കൊട്ടാരങ്ങളും വമ്പന്‍ ക്ഷേത്രങ്ങളും നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ അറിയുന്നവര്‍ കേരളത്തിലില്ലായിരുന്നു. കേരള രാജാക്കന്മാരും നമ്പൂതിരിമാരും നായര്‍ പ്രമാണിമാര്‍ വരെ ചെറ്റക്കുടിലിലാണ് കഴിഞ്ഞിരുന്നതെന്ന വസ്തുത എത്ര പേര്‍ അംഗീകരിക്കും. മഹായുദ്ധങ്ങളോ പടയോട്ടങ്ങളോ ഇവിടെ ഉണ്ടായിട്ടില്ല. മൈസൂര്‍ രാജാക്കന്മാരായ ഹൈദറും ടിപ്പുവും വരുന്നതോടെയാണ് എന്താണ് ശരിയായ യുദ്ധമെന്നുപോലും കേരള രാജാക്കന്മാര്‍ മനസ്സിലാക്കുന്നത്. കടല്‍യുദ്ധത്തിന്റേയും കരയുദ്ധത്തിന്റേയും ഉസ്താദ്മാരായ ഉപ്പയേയും മോനേയും പിടിച്ചുകെട്ടാന്‍ വെള്ളപ്പോരാളികള്‍ക്ക്ുവരെ നന്നെ വിയര്‍ക്കേണ്ടിവന്നിട്ടുണ്ട്.

കോളനിവാഴ്ചയുടെ 
വര്‍ത്തമാനങ്ങള്‍ 

19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ നെടിയിരിപ്പില്‍നിന്നും ക്ഷേത്രപാലകന്റെ തുളുനാട്ടിലേക്കുള്ള ആഗമനകാലമെന്ന 14-ാം നൂറ്റാണ്ടിന്റേയോ 15-ാം നൂറ്റാണ്ടിന്റേയോ കഥയെന്താവും. മഹാരാജ്യങ്ങളെന്ന് സര്‍ക്കാര്‍ പാഠാവലികള്‍ വാഴ്ത്തുന്ന ഭൂപ്രദേശങ്ങള്‍ രണ്ട് പുഴകള്‍ക്കിടയിലെ ചെറുതുരുത്തുകള്‍ മാത്രമാണ്. അമ്പതിലധികം നാട്ടുരാജ്യങ്ങളും അതിന്റെ ഇരട്ടിയിലേറെ ഇടപ്രഭുക്കന്മാരുടേയും സാമന്തന്മാരുടേയും ഭൂപ്രദേശങ്ങളും പരശുരാമന്‍ മഴുവെറിഞ്ഞ് വിയര്‍ത്തുണ്ടാക്കിയ ഈ 160 കാതം കേരളഭൂമിക്കകത്തുണ്ടായിരുന്നു. ചരിത്രം സത്യക്കല്ലില്‍നിന്നുകൊണ്ടിങ്ങനെ ഉരിയാടുമ്പോഴാണ് ക്ഷേത്രപാലകന്റെ നേതൃത്വത്തിലുള്ള നായര്‍ ആധിപത്യം തുളുനാട്ടില്‍ ആരംഭിക്കുന്നത്. തീയ്യരും ഈഴവരും എന്നപോലെ കര്‍ണാടക ബന്ധമുള്ള മൂലച്ചേരി നായന്മാരും ക്ഷേത്രപാലകന്‍ തുടങ്ങിവെച്ച മടിയന്‍ നായന്മാരും രണ്ടും രണ്ട് സംസ്‌കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ക്ഷേതര ഗൂഢാലോചനയില്‍ അല്ലോഹലനെ വധിച്ച് അദ്ദേഹത്തിന്റെ കോവിലകത്ത് താമസിച്ച് മടിയന്‍ കൂലോം പുതിയ നായര്‍ വാഴ്ച ക്രമം രൂപപ്പെടുത്തിയ ആദ്യത്തെ തുളുനാട്ടിലെ ക്ഷേത്രമായി മാറുകയാണ് ചെയ്യുന്നത്. അല്ലോഹലനെ വധിച്ച് അദ്ദേഹത്തിന്റെ കോവിലകത്ത് താമസിച്ച് മടിയന്‍ കൂലോം പുതിയ നായര്‍ വാഴ്ചക്രമത്തിന് തുടക്കം കുറിച്ച തുളുനാട്ടിലെ ആദ്യ ക്ഷേത്രമായി മാറുകയാണ് ചെയ്യുന്നത്. മൂലച്ചേരി നായരെ മടിയനിലെ അധികാരിയാക്കി വാഴിക്കുന്നതോടൊപ്പം സാമൂതിരിപ്പാടിന്റെ രാജകുമാരിക്കൊപ്പം വന്ന കാരമ്പള്ളിക്കുറുപ്പിന്റെ മകളെ വിവാഹം കഴിപ്പിച്ച് പുതിയ നായര്‍ വാഴ്ചയുടെ വംശവര്‍ദ്ധന കൂടി നടത്താനുള്ള തന്ത്രങ്ങളാണ് ക്ഷേത്രപാലകന്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. തുളുനാടിന്റെ തെക്കേ അതിര്‍ത്തിയിലെ കോവിലകമായ ഉദിനൂരില്‍ മന്നോനെ കൊന്നുകളഞ്ഞ് അവിടം മടിയന്‍ നായരുടെ ആധിപത്യത്തിന്‍ കീഴില്‍ കൊണ്ടുവന്നു. പിന്നീട് പള്ളിയത്ത് നായര്‍ കൂടി വരുന്നതോടെ ഉദിനൂര്‍ കോവിലകത്തെ നായര്‍ ആധിപത്യം ശക്തിപ്പെടുകയായിരുന്നു.

കോലത്തിരി ബ്രാഹ്മണ ക്ഷേത്രാരാധനയോടൊപ്പം തെയ്യത്തേയും ആരാധിച്ചിരുന്നു. കോലത്തിരിയുടെ ആരാധനാ മൂര്‍ത്തിയായ കോല സ്വരൂപത്തിങ്കല്‍ തായി തെയ്യമാണ്. കേരളത്തിലെ ഒന്നാം നമ്പര്‍ രാജാവായ സാമൂതിരി തളീലപ്പനായ ശിവന്റേയും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശ്രീപത്മനാഭന്റേയും ദാസന്മാരാകുമ്പോള്‍ കോലത്തിരി വേലനോ വണ്ണാനോ കെട്ടുന്ന തെയ്യത്തിന്റെ ദാസനാകുന്നിടത്താണ് തെയ്യത്തിന്റെ ചരിത്രപരമായ പ്രാധാന്യം. കേരളത്തിലെ മറ്റു രാജാക്കന്മാരൊന്നും കീഴാളരുടെ ഉയിര്‍പ്പായ ആവിഷ്‌കാരങ്ങളെ തങ്ങളുടെ കുലദേവതയായി ആരാധിച്ചിരുന്നില്ല. തുളുനാടന്‍ ദ്രാവിഡാചാരമനുസരിച്ച് ആരും മരിച്ചു പോകുന്നില്ല. അതുകൊണ്ടുതന്നെ അവരെ കത്തിച്ചുകളഞ്ഞ് ജാതകം ഇനി തിരിച്ച് വരാതിരിക്കാന്‍ കടലിലൊഴുക്കി അവസാനിപ്പിക്കുന്നുമില്ല. അവര്‍ കാര്‍ന്നോന്മാരയി തെയ്യമായി ജീവിതത്തില്‍ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കും. തലമുറകള്‍ ആവി പൊന്തുന്ന വീര്യമുറ്റിയ റാക്കും എരിഞ്ഞുപൊള്ളുന്ന മീനും ഇറച്ചിയും മണ്‍മറഞ്ഞ കാര്‍ന്നോന്മാര്‍ക്ക് വീതം വെക്കും. ദൈവത്തെ മണക്കുന്ന കാസ്രഗോഡന്‍ അടക്കയും വെറ്റിലയും തൊണ്ടച്ചന്മാര്‍ക്ക് പലകയില്‍ വെച്ചുകൊടുക്കും. വീതെന്നാല്‍ ഇന്നലകളില്‍ തീപിടിച്ച തീയ്യന്റേയും പൊലയന്റേയും ഉയിര്‍പ്പാണ്. പുണൂല്‍ ചുറ്റി പുണ്യാഹം തളിച്ച ചരിത്രപുസ്തകം കീറിയെറിഞ്ഞ് മറ്റൊരു നരക ജീവിതം ജീവിക്കേണ്ടിവന്ന കാര്‍ന്നോന്മരാര്‍ തെയ്യമായും സാന്നിദ്ധ്യമായും കീറിമുറിക്കപ്പെട്ട സത്യമായി വീതിന്റെ സമൃദ്ധിയില്‍ വെളിച്ചപ്പെടും. നാടന്‍ റാക്ക് മോന്തി മീന്‍ തൊട്ട് നക്കി തുമ്മാനും തിന്ന് അവര്‍ കിസ പറയാനിരിക്കും.

നീലേശ്വരം കൊട്ടാരം
നീലേശ്വരം കൊട്ടാരം

വ്യത്യസ്തമായ മറ്റൊരു സംസ്‌കൃതിയില്‍നിന്നും തുളുനാട്ടിലെത്തിയ ബലവാനായ ക്ഷേത്ര പാലകനും തെയ്യത്തെ നിഷേധിക്കാനായില്ല. സ്വരൂപ കര്‍ത്താവായ ക്ഷേത്രപാലകനും തെയ്യമായി മാറുകയായിരുന്നു. പുരാവൃത്തത്തിന്റേയും ചരിത്രത്തിന്റേയും തിരുമുറ്റങ്ങളില്‍ കെട്ടിച്ചുറ്റി വരവിളിക്കുന്ന ക്ഷേത്രപാലകന്‍ ഒരേസമയത്ത് പടനായരെന്ന ചരിത്രമായും തെയ്യമെന്ന അതിഭാവന കലര്‍ന്ന യാഥാര്‍ത്ഥ്യമായും മാറും. നെടിയിരുപ്പിലെ പടനായകനായി തുളുനാട്ടിലെത്തുന്ന ചരിത്രം പല നിലകളിലുള്ള ഒളിച്ചുകളി നടത്തിയാണ് അല്ലോഹലനേയും മന്നോഹനേയും കൊല്ലുന്നത്. രാജാവിനുവേണ്ടിയും രാജാധിപത്യത്തിനുവേണ്ടിയും ഉള്ള കൊലപാതകമായതില്‍ അതിനെ മഹത്വവല്‍ക്കരിക്കാതിരിക്കാനാകില്ല. നീലേശ്വരം ആസ്ഥാനമായുള്ള അള്ളട രാജ്യസ്ഥാപനത്തേടെ കോലസ്വരൂപത്തിന്റേയും നെടിയിരിപ്പ് സ്വരൂപത്തിന്റേയും സാംസ്‌കാരിക സാങ്കര്യമുള്ള പുതിയ രാജ്യം ഉടലെടുത്തു. തുളുനാടിന്റെ തെയ്യ സംസ്‌കാരത്തെ അതു മാറ്റിമറിക്കുകയും ചെയ്തു. കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയിലുള്ള തെയ്യങ്ങളെക്കൂടി ക്ഷേത്രപാലകന്‍ അടക്കി ഭരിച്ചു. ക്ഷേത്രപാലകന്റെ കൂടെ വന്ന വൈരജാതന്‍, ഊര്‍പ്പഴശ്ശി, വേട്ടക്കൊരുമകന്‍, ചമ്രവട്ടത്ത് ശാസ്താവ് എന്നീ നായര്‍ പ്രഭുത്വത്തിന്റെ കീഴിലുള്ള സാമന്തന്മാരായി ജാതിപരമായി ഏറ്റവും താഴെത്തട്ടിലുള്ള പ്രാദേശിക ദേവതകള്‍ മാറി. ഉദിനൂര്‍ കോവിലകം കേന്ദ്രീകരിച്ച് ക്ഷേത്രപാലകന്‍ തെയ്യം അനുഷ്ഠാനത്തിന്റെ അതിനായകത്വം ഏറ്റെടുത്തു. കീഴാളന്റെ ആത്മാവിഷ്‌കാരമായ തെയ്യങ്ങള്‍ക്കു മുകളില്‍ അധിനിവേശം നടത്തി കീഴാളരുടെ അനുഷ്ഠാനത്തെ കോളനിവല്‍ക്കരിച്ചു. ആര്യശാസനങ്ങളുടെ ചട്ടങ്ങള്‍കൊണ്ട് മലയനും പുലയനും മാവിലനു കെട്ടുന്ന തെയ്യത്തെ മെരുക്കി. ക്ഷേത്രപാലകനെ അനുസരിക്കുക എന്ന കീഴാചാരം തെറ്റിക്കാതെ ഇപ്പോഴും പരിപാവനമായി കൊണ്ടുനടക്കുന്നു. ബ്രാഹ്മണ്യവും നവഹിന്ദുത്വ വാദവും കാവുകള്‍ക്കു മുകളില്‍ പിടിമുറുക്കുമ്പോള്‍ കോളനിവാഴ്ചയുടെ എല്ലാ ദുരന്തവും തെയ്യങ്ങള്‍ക്ക് സഹിക്കേണ്ടിവരുന്നു.

ക്ഷേത്രപാലകന്‍ സമ്പത്തും ആഭിജാത്യവുമുള്ള നെടിയിരിപ്പില്‍നിന്നു വന്നിട്ടുകൂടി കള്ളും മീനും നാറുന്ന ദ്രാവിഡ വഴക്കമായി മാറാനാണ് ആഗ്രഹിച്ചിട്ടുള്ളത്. അതിപ്രാചീന കാലത്തെ തെയ്യത്തിന്റെ ശക്തിയുടേയും ജനകീയതയുടേയും തെളിവാണത്. വേണമെങ്കില്‍ നീലേശ്വരം രാജാവിന്റെ ഇഷ്ടദേവനായ പരമശിവനായി പുഷ്പാഞ്ജലിയും ദീപാരാധനയും പൂരവും മേളവും ആനപ്പുറത്ത് എഴുന്നള്ളത്തുമൊക്കെയായി അന്തസ്സുള്ള സസ്യബുക്കായ ദൈവമാകാമായിരുന്നു. ആഢ്യ ബ്രാഹ്മണന്റെ വടിച്ചട്ടത്തെ അനുസരിച്ച് വിഗ്രഹത്തില്‍ ബന്ധിക്കപ്പെട്ട് നിലയും വിലയുമുള്ള ദൈവമാകാനുള്ള സാദ്ധ്യത ഉപേക്ഷിച്ച് ക്ഷേത്രപാലകന്‍ തെയ്യമെന്ന തുളുനാടന്‍ ജീവിതവഴക്കമായിത്തീരുകയാണ് ഉണ്ടായിട്ടുള്ളത്. പ്രാദേശിക ദേവതകള്‍ക്കു മുകളില്‍ അധീശത്വം സ്ഥാപിച്ചുവെങ്കിലും അതിന്റെ എല്ലാ ദ്രാവിഡ വഴക്കങ്ങളേയും അനുസരിക്കുകയും ചെയ്തിരുന്നു. അതിന്റെ ചരിത്രസാക്ഷ്യമാണ് താടിവെച്ച തമ്പുരാനായ മടിയന്‍ ക്ഷേത്രപലകന്‍ തന്നെ നായര്‍കുല നായകനാകുന്ന  ഉത്തര മലബാറിലെ കലശം എന്ന തെയ്യം കെട്ടുത്സവങ്ങള്‍. 

ക്ഷേത്രപാലകന്‍ തെയ്യം നായകനാകുന്ന മന്നന്‍പുറത്ത് കാവിലെ കലശമല്ല തിരസ്‌കരിക്കപ്പെട്ട ചരിത്രത്തിന്റെ പുനരാവിഷ്‌കാരം കാണാനെത്തുന്നവര്‍ക്ക് നിങ്ങളുടെതന്നെ ഇന്നലെകളെ രേഖപ്പെടുത്തിയ കല്‍ച്ചുവരുകളായ തെയ്യങ്ങളെന്ന ചരിത്രലിഖിതം കാണാം. കള്ള് നിറച്ച കലശകുംഭങ്ങളേന്തിയ തീയ്യരേയും ഏഴ് മീന്‍കോവകളില്‍ വ്യത്യസ്തങ്ങളായ ഏഴ് ഭീമന്‍ മീനുകളേന്തിയ മൊയോറേയും കാണാം. കള്ളും മീനും ഇടവപ്പാതിയിലെ മഴയും മനുഷ്യനും പുളയ്ക്കുന്ന വയലന്‍സിന്റെ മാസ്മരികതയുള്ള കേവലം ഒരു നാട്ടുത്സവം മാത്രമല്ല കലശം. ഒരു ദേശത്തിനു മുകളില്‍ മറ്റൊരു ദേശത്തിന്റേയും ഒരു സംസ്‌കാരത്തിനു മുകളില്‍ മറ്റൊരു സംസ്‌കാരത്തിന്റേയും ഒരു തെയ്യത്തിനു മുകളില്‍ മറ്റൊരു തെയ്യത്തിന്റേയും അധിനിവേശത്തെ ഇതില്‍ കൂടുതല്‍ മനോഹരമായി അര്‍ത്ഥവത്തായി എങ്ങനെ ആവിഷ്‌കരിക്കും. 
ക്ഷേത്രപാലകന്‍പോലും നടപ്പാക്കാതിരുന്ന ജാത്യാധിപത്യവും ബ്രാഹ്മണാധിപത്യവും കാവുകളിലേയ്ക്ക് പൗരോഹിത്യത്തെ ഒളിച്ചുകടത്തുന്നതിനെ പ്രതിരോധിക്കാനുള്ള ശേഷിയും തെയ്യത്തിനു മാത്രമേ ഉള്ളൂ. നീലേശ്വരത്തെ തെയ്യക്കാരായ കോതോര്‍മ്മനും അഞ്ഞൂറ്റാനും പള്ളിക്കര കര്‍ണ്ണമൂര്‍ത്തിയും ക്ണാവൂര്‍ നേണിക്കവും ആ പ്രതിരോധ സേനയിലെ മുന്നണിപ്പോരാളികളാണ്. അവരാണ് തെയ്യമായി പകര്‍ന്നാടുന്നത്. പ്രഖ്യാപിത ചരിത്രത്തിന്റെ ചട്ടക്കൂടുകള്‍ ഭേദിച്ച്, പാരമ്പര്യ വിശ്വാസപ്രമാണങ്ങളുടെ ചങ്ങലകളഴിച്ചുമാറ്റി തെളിഞ്ഞ ചരിത്രത്തിന്റെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നോക്കുമ്പോള്‍ പലതും കാണാനും കേള്‍ക്കാനുമാകും. അത് പക്ഷേ, ഇതുവരെ നിലനിന്നുപോരുന്ന എല്ലാ പ്രാമാണിത്തത്തേയും കട പുഴക്കിയെറിയുന്നതായിരിക്കും. നീലേശ്വരത്തെ ബാബു കോതോര്‍മ്മനേയും രാജീവന്‍ നേണിക്കത്തേയും ഡീകോഡ് ചെയ്താല്‍ കിട്ടുന്ന അറിവുകള്‍ സമാഹരിച്ചാല്‍ ഒരു ബദല്‍ ചരിത്രത്തെ സ്ഥാപിച്ചെടുക്കാനാകും.

കോതോര്‍മ്മന്റെ 
വര്‍ത്തമാനങ്ങള്‍  

കോതര്‍മ്മന്‍ നീലേശ്വരത്ത് തെയ്യം കെട്ടുന്ന ആചാരപ്പെട്ട മലയനാണ്. കോതോര്‍മ്മന്റെ തെയ്യത്തോടെയാണ് അള്ളട രാജ്യത്തെ കളിയാട്ടങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും. അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ തുലാപ്പത്തിനു തുടങ്ങുന്ന കോതോര്‍മ്മന്റെ തെയ്യ ജീവിതം ഇടവപ്പാതിയിലെ കലശത്തോടെ അവസാനിക്കുന്നു. 28 വര്‍ഷക്കാലം മുടങ്ങാതെ വീരര്‍കാവില്‍ മൂവാളങ്കുഴി ചാമുണ്ഡി തെയ്യം കെട്ടി തഴമ്പിച്ച ഉടലാണിത്. മന്നന്‍പുറത്ത് കാവില്‍ കലശത്തിന് കോതര്‍മ്മന്‍ കെട്ടുന്ന തെയ്യവുമായി ബന്ധപ്പെട്ട് പല അവ്യക്തതകളും നിലനില്‍ക്കുന്നുണ്ട്. കൃത്യമായ തോറ്റം പാട്ടോ വരവിളിയോ മുന്‍പ് സ്ഥാനമോ ഇല്ലാത്തിനാല്‍ പല പേരുകളില്‍ ഈ തെയ്യം അറിയപ്പെടുന്നു. ഇടവപ്പാതിയിലെ മഴപ്പെയ്ത്തില്‍ നനഞ്ഞൊലിച്ച് നിസ്സഹായത മുറ്റിയ മനുഷ്യമുഖവുമായി പൂക്കട്ടിയും താടിമീശയുമണിഞ്ഞ അപൂര്‍വ്വ തെയ്യം. നീലേശ്വരത്തെ തന്റെ സ്വന്തം പ്രജകളെ കാണാനായി ഒരോ ഇടവപ്പാതിയിലും തന്റെ സഹോദരന്‍ പിടഞ്ഞുവീണു മരിച്ച കാട്ടില്‍ തെയ്യമായി വരുന്ന തുളുനാട്ടരചന്‍. അച്ചന്‍ തെയ്യമെന്നും കാര്‍ന്നോന്‍ തെയ്യമെന്നും കൈക്കളോന്‍ തെയ്യമെന്നും മൂലച്ചേരി നായരെന്നും എറുവാട്ട് കുറുപ്പെന്നും തെയ്യത്തിനു പലതാണ് പേര്‍ പകര്‍ച്ചകള്‍.

അല്ലോഹലന്‍ മരിച്ചുപോയിട്ടില്ല. തുളുനാടുപോലെ ഇത്രയും സമൃദ്ധമായ ഒരു ഭൂമി വിട്ട് ഇവിടെ ജീവിക്കുന്ന ഒരാള്‍ക്ക് പെട്ടെന്നങ്ങ് പോകാനാകില്ലല്ലോ. തെയ്യമെന്നാല്‍ പാതിമുറിഞ്ഞുപോയ ജീവിതത്തിന്റെ ബാക്കിയെന്നാണ് അര്‍ത്ഥം. അല്ലോഹലനെ ക്ഷേത്രപാലകനും മൂലച്ചേരി നായരും ചേര്‍ന്നു കൊന്നുകളഞ്ഞു എന്നതാണ് കഥയും ചരിത്രവും. പക്ഷേ, പാതിയില്‍ ഒഴുക്ക് നിലച്ച അല്ലോഹലന്‍ കോതോര്‍മ്മന്‍ എന്ന പുഴയായി അള്ളടത്ത് നാടിനെ നട്ട് നനയിച്ചൊഴുകുന്നുണ്ട്. മന്നന്‍ പുറത്ത് കാവിലെ കലശത്തിലെ തെയ്യത്തിലെ പ്രമാണിയായ തെയ്യം ക്ഷേത്രപാലകന്‍ തന്നെയാണല്ലോ. പക്ഷേ, നീലേശ്വരത്തെ കോതോര്‍മ്മേട്ടനോട് കലശത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെയ്യമേതെന്നു ചോദിച്ചാല്‍ പച്ചടക്കയുടെ മണമുള്ള അല്ലോഹലന്റെ പൊട്ടിച്ചിരിയുമായി കോതോര്‍മ്മേട്ടന്‍ പറയും അത് ഞാങ്ങ കെട്ട്ന്ന തെയ്യമാണെന്ന്. കൈക്കളോന്‍ തെയ്യമെന്നും അച്ചന്‍ തെയ്യമെന്നും പേര്‍ പൊലിച്ച ചരിത്രത്തെ ഒരൊറ്റ നിമിഷംകൊണ്ട് കോതോര്‍മ്മേട്ടന്‍ തവിട്‌പൊടിയാക്കും. കാവിലെ കിഴക്കോട്ട് ദര്‍ശനമുള്ള ഒരേ ഒരു തെയ്യമാണ് കൈക്കളോന്‍. കലശത്തിലെ മറ്റു തെയ്യങ്ങളില്‍നിന്നും പൂര്‍ണ്ണമായും ഈ തെയ്യം വ്യത്യാസപ്പെട്ടിരിക്കുന്നു. മരിച്ചുപോയ തൊണ്ടച്ചന്റെ സങ്കല്പത്തില്‍ ഒട്ടുമിക്ക കാവുകളിലും കാര്‍ന്നോന്‍ തെയ്യങ്ങളും കുരിക്കള്‍ തെയ്യങ്ങളുമുണ്ടാകും. കോതോര്‍മ്മേട്ടന്‍ വര്‍ത്താനത്തിനിടെ അകത്തുപോയി ഇങ്കിരാങ്കാലത്തെ പെട്ടി തുറന്നു പൊടിപിടിച്ച് അക്ഷരങ്ങള്‍ മാഞ്ഞുപൊടിഞ്ഞു തുടങ്ങിയ താളിയോലക്കെട്ടുമെടുത്ത് വന്നു. ഈ താളിയോലയിലെ കീഴാചാര പ്രകാരം കാവിലെ തെയ്യത്തിന് അല്ലോഹലന്‍ എന്ന പേരാണ് പറയുന്നത്. കൂടുതല്‍ വിവരങ്ങളൊന്നും ഈ അച്ചന്‍ തെയ്യത്തെപ്പറ്റി ആര്‍ക്കുമറിയില്ല. കൈക്കളോന്‍ തെയ്യമെന്ന് പറയുമ്പോഴും ആര് മരിച്ച് ദൈവക്കരുവായിട്ടാണ് കൈക്കളോന്‍ തെയ്യമായത് എന്നതിനും മൗനവും ഭാവനയും അങ്ങനെ പറയുന്നു എന്നതു മാത്രമാണ് ഉത്തരവും അടിസ്ഥാനവും.

തെയ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് എപ്പോഴും ഇരയോടൊപ്പം നില്‍ക്കുന്നു എന്നതാണ്. അല്ലോഹലനും മന്നോനും ഒരിക്കലും തെയ്യം മൊഴി പ്രകാരമുള്ള അസുരന്മാരോ രാക്ഷസന്മാരോ അല്ല. അവര്‍ നമ്മുടെ ദേശക്കാരും അരചന്മാരുമാണ്. സാമൂതിരിയുടെ കൊടും ചതിയില്‍ ജീവിതം നഷ്ടപ്പെട്ട അല്ലോഹലന്‍ തന്നെയാണ് കലാശക്കളിയാട്ടത്തിലെ ഒന്നാമത്തെ തെയ്യം. തെയ്യത്തിന്റെ ചരിത്രവും നാട്ടുവര്‍ത്തമാനങ്ങളും പരിശോധിക്കുമ്പോള്‍ അച്ചന്‍ തെയ്യമാകാനുള്ള എല്ലാ അര്‍ഹതയും അല്ലോഹലനുണ്ട്. ഇനി ഇതൊരു നായര്‍ തെയ്യമാണെങ്കില്‍ത്തന്നെ എന്ത് അടിസ്ഥാനത്തിലാണ് നായര്‍ പ്രമാണി ദൈവക്കരുവായി യോഗം വന്ന് മന്നന്‍പുറത്ത് കാവിലെ അച്ചന്‍ തെയ്യമോ കാര്‍ന്നോന്‍ തെയ്യമോ ആയി മാറേണ്ടത്. ഇനി അങ്ങനെ ആണെങ്കില്‍ത്തന്നെ അവരുടെ തറവാട്ടിലാണ് കാര്‍ന്നോന്‍ തെയ്യമായി ആരാധിക്കപ്പെടേണ്ടത്.

മന്നന്‍പുറത്ത് കാവിലെ കലശത്തിന് കേവലമൊരു തെയ്യം കെട്ടിനപ്പുറമുള്ള പ്രാധാന്യം കൈവരുന്നത് നീലേശ്വരം ദേശചരിത്രവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോഴാണ്. പണ്ഡിതന്മാര്‍ രേഖപ്പെടുത്താതെ പാതിവഴിയില്‍ കഴുത്ത് മുറിച്ച് കൊന്നുകളഞ്ഞ തുളുനാട്ട് ചരിത്രമാണ് ഊറ്റത്തോടെ വന്‍മുടിയേന്തി, താടിമീശയും പൂക്കട്ടിയുമണിഞ്ഞ് ആടിത്തിമിര്‍ക്കുന്നത്. നിരാകരിക്കപ്പെട്ട, തമസ്‌കരിക്കപ്പെട്ട ഇന്നലെകളാണ് ഇടവപ്പാതിപ്പകര്‍ച്ചയില്‍ നനഞ്ഞുകുതിര്‍ന്ന് പിടയ്ക്കുന്ന മീനും വീര്യം മുറ്റിയ കള്ളുമായി ആര്‍പ്പുവിളിക്കുന്നത്. ഇല്ലാത്ത ശാസനത്തെളിവുകളും പ്രമാണങ്ങളും തേടി യൂണിവേഴ്സിറ്റി വായനശാലകളില്‍ അലയുന്നവര്‍ക്ക് നീലേശ്വരത്തെ ബങ്കളത്ത് താമസിക്കുന്ന മലയന്‍ കോതോര്‍മ്മന്റെ വീട്ടിലേക്കുള്ള വഴിമാത്രം അറിയില്ല. ചരിത്രത്തിലേയ്ക്ക് മലയനും പുലയനും മാവിലനും വെട്ടിയ നെടുനീളന്‍ കാട്ടുപാതകളെ സൗകര്യപൂര്‍വ്വം കവച്ചുവെച്ച് മാറി നടക്കാന്‍ അക്കാദമിക പണ്ഡിതന്മാര്‍ മത്സരിച്ചു. കള്ളും കുടിച്ച് വെളിവില്ലാതെ നടക്കുന്ന മലയനും വണ്ണാനും പുലയനുമൊക്കെ എന്ത് ചരിത്രം പറയാനെന്നു പുച്ഛിച്ചു.

കോതോര്‍മ്മേട്ടന് ഇനിയും പറയാനുണ്ട്. മലയ സമുദായക്കാരില്‍ ഏറ്റവും പ്രധാനപ്പെട്ട ആചാരസ്ഥാനമാണ് കോതോര്‍മ്മന്‍ എന്നുള്ളത്. തമ്പുരാന്‍ കച്ചും ചിരികീം ആചാരസ്ഥാനവും നല്‍കി വിളിച്ച പേര് ഗോദവര്‍മ്മന്‍ എന്നാണ്. ഉസ്‌ക്കോളില്‍ പോയിട്ടില്ലാത്ത തെയ്യക്കാര്‍ കോതോര്‍മ്മന്‍ എന്നു വിളിക്കും. മലയരില്‍ കച്ചും ചുരികയും അണിഞ്ഞ ആചാരക്കാര്‍ വിരളമാണ്. നീലേശ്വരം തമ്പുരാന്‍ നേരിട്ട് കൊണ്ടുവന്ന് വീടും സ്ഥലവും നല്‍കി പാര്‍പ്പിച്ചതാണ്. അച്ചനെ കണ്ട നേരിയ ഓര്‍മ്മ മാത്രം. അമ്മ ചെണ്ട കൊട്ടുകയും തോറ്റം പാടുകയും പ്രസവമെടുക്കുകയും ചെയ്യും. അമ്പു കോതോര്‍മ്മന്‍ എന്ന അച്ചന്റേയും കോരന്‍ കോതോര്‍മ്മന്‍ എന്ന തൊണ്ടച്ചന്റേയും ഇതിഹാസ കഥകള്‍ കേട്ടാണ് വളര്‍ന്നത്. കോതോര്‍മ്മന്‍ മണക്കാടന്‍ കുരിക്കളെപ്പോലെ ഒരു ചരിത്രമാണ്. മന്ത്രവും തന്ത്രവും പൂജയും മാട്ടും മാരണവും ഒടിവിദ്യയും ഇന്ദ്രജാലങ്ങളും വൈദ്യവും എല്ലാം അറിയാം. പല പലകെട്ടു കഥകള്‍ കോതോര്‍മ്മന്റേതായി നാട്ടില്‍ പ്രചരിക്കുന്നുണ്ട്. നീലേശ്വരത്തിന്റെ സാംസ്‌കാരിക ചരിത്രം തയ്യാറാക്കുന്നവര്‍ക്ക് അമ്പലം വിഴുങ്ങിയ തമ്പുരാനെ നമസ്‌കരിക്കാതെ കുപ്പയിലെ തകരയെ സാഷ്ടാംഗം പ്രണമിച്ച തകരത്തമ്പുരാനെ പരാമര്‍ശിക്കാതിരിക്കാനാകില്ല.

അല്ലോഹലന്റെ 
ഉടവാള്‍ 

ബങ്കളത്ത് താമസിക്കുന്ന സുരേന്ദ്രബാബുവെന്ന കോതോര്‍മ്മന്റെ വീട്ടിലേയ്ക്ക് ഒരു ചരിത്ര വിദ്യാര്‍ത്ഥിയും എത്താറില്ല. എല്ല് തേയ്മാനത്തിന്റെ വേദനകള്‍ക്കിടയിലും പീശാക്കത്തി കൊണ്ട് മുരിക്കില്‍ ശില്പങ്ങളൊരുക്കുന്ന, തെയ്യത്തിന്റെ ചമയങ്ങളൊക്കെ കൈകൊണ്ട് തുന്നി മിഷ്യനില്‍ തയ്ച് തയ്യാറാക്കുന്ന മലയന്‍ തെയ്യമില്ലെങ്കില്‍ വെറും ശൂന്യത മാത്രമാണ്. പക്ഷേ, വെടിമരുന്നു നിറച്ച കതിനപോലെ ഒരു തീപ്പൊരി വീണാല്‍ പൊട്ടിത്തെറിക്കുന്ന വിസ്ഫോടന ശേഷിയുണ്ട് ഈ തെയ്യക്കാരന്. മറവിയിലേയ്ക്ക് മറഞ്ഞുപോയ പടയോട്ടങ്ങളുടേയും കൊടിയ വഞ്ചനകളുടേയും നൂറ്റാണ്ടുകള്‍ രേഖപ്പെടുത്തിയ കലണ്ടറുകള്‍ തൂങ്ങിയാടുന്നുണ്ട് കോതോര്‍മ്മനെന്ന കീഴാള ശരീരത്തില്‍. കാല്‍ച്ചിലമ്പിട്ട് തഴമ്പിച്ച കാലുകളിലെ എല്ലുകള്‍ നുറുങ്ങി ഇടറിനടക്കുന്നത് ഒരു കറുത്ത മലയനല്ല. തുളുനാടിനെ പൊന്നുപൊലെ കാത്ത അല്ലോഹലനെന്ന അള്ളട രാജനാണ്. സവര്‍ണ്ണ ചരിത്രം അസുരനെന്നോ രാക്ഷസനെന്നോ ശിക്ഷ വിധിച്ച് കൊന്നുകളഞ്ഞ ഒരു മനുഷ്യന്റെ ജീവിതാവേശമാണ് കോതോര്‍മ്മന്‍. തുളുവിന്റെ കുരുമുളക് ഗന്ധമുള്ള ഒരു ദേശത്തിന്റെ ഭൂപടത്തിന്റെ പേരു കൂടിയാണ് കോതോര്‍മ്മന്‍.

കോതോര്‍മ്മേട്ടന്‍ പിടിയിളകി നിറം മങ്ങിയ സാമാന്യത്തിലധികം നീളമുള്ള ഒരുടവാളുമായാണ് പിന്നെ വന്നത്. ഇങ്ങനെയൊരായുധം കാണുന്നത് ആദ്യമായിട്ടായിരുന്നു. അച്ചനച്ചാച്ചന്മാരുടെ ആചാരമുദ്രയായ ചുരികയാണിത്. നീലേശ്വരം തമ്പുരാന്‍ മൂര്‍ച്ചയുള്ള ഉടവാളൂരി നല്‍കുകയായിരുന്നു. ആദ്യം നായര്‍ പ്രമാണിയായ ക്ഷേത്രപാലകനും പിന്നീട് ചരിത്രവും ഊരി മാറ്റിയ ഉടവാള്‍ തിരിച്ചു നല്‍കുന്നത് തെയ്യമാണ്. അരയില്‍ ഉടവാളും പച്ചനിറത്തിലുള്ള കച്ചയുമാണ് കോതോര്‍മ്മന്റെ ആചാരവേഷം. നീലേശ്വരം തമ്പുരാനോട് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. ഈ ഉടവാളാണിപ്പോഴുമുള്ള ആചാരമുദ്ര. ഇതുവരെ നഷ്ടപ്പെടാതെ എന്റെ തെയ്യത്തെപ്പോലെതന്നെ കാത്തു. അല്ലോഹലന്റെ സംസാരത്തില്‍ അഭിമാനവും ചാരിതാര്‍ത്ഥ്യവും. ഒരേസമയത്ത് രണ്ട് കോതര്‍മ്മന്‍ ഉണ്ടാകരുത്. അത്രയും വിശേഷപ്പെട്ട ആചാരമാണ്. ശാരീരികാവശതകള്‍ ഏറെ ഉണ്ടെങ്കിലും എന്റെ മരണശേഷമേ മോന്‍ കോതോര്‍മ്മനായി അല്ലോഹലനായി പുനര്‍ജനിക്കൂ. നീലേശ്വരം നാടിന് കോതോര്‍മ്മനില്ലാതെ നിലനില്‍ക്കാനാകില്ല. കോതോര്‍മ്മന്‍ തെയ്യത്തിലെ അനിവാര്യതയാണ്. നാട് ഭരിച്ച രാജാവാണ്. പിടിയിളകിയ ഉടവാള്‍ ഭദ്രമായി അകത്ത് കൊണ്ടുവെച്ചു. നൂറ്റാണ്ടുകളുടെ കാറ്റ് തട്ടി മൂര്‍ച്ച കുറഞ്ഞ ആചാരമുദ്രയ്ക്ക കോതോര്‍മ്മനോളം പ്രായമുണ്ട്. 

മടിയന്‍ കൂലോത്തേയും നീലേശ്വരത്തേയും കലശ മഴയില്‍ നനഞ്ഞു കുളിരുന്നവര്‍ക്ക് ആവേശത്തിനും ഭക്തിക്കുമപ്പുറം അല്പം ചരിത്രവിചാരം കൂടി വേണം. കോതോര്‍മ്മന്റെ തെയ്യം കൈക്കളോനോ കാര്‍ന്നോനോ മൂലച്ചേരി നായരോ എറുവാട്ടച്ചനോ ആരെങ്കിലുമാകട്ടെ. പക്ഷേ, ചരിത്രമെന്ന വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തെ നിരാകരിച്ച് മന്നന്‍ പുറത്ത് കാവിലെ കലശത്തെ അടയാളപ്പെടുത്തുന്നത് അപകടമാണ്. മറ്റെല്ലാ തെയ്യം കെട്ടില്‍നിന്നും വിഭിന്നമാണത്. ഭാഗ്യത്തിന് ഉത്തര മലബാറിലെ പയ്യന്നൂരിന് വടക്കുള്ള ചരിത്രത്തിന്റെ കഥയെന്ത്, ജീവിതമെന്ത് എന്ന അന്വേഷണം നമ്മുടെ ചരിത്രത്തിന്റെ ഇടപ്രഭുക്കന്മാര്‍ക്ക് ബാലികേറാമലയാണ്. അവിടെ പയ്യന്നൂര്‍ പാട്ടോ കേരളോല്പത്തിയോ മൂഷകവംശമോ ഉണ്ടായിട്ടില്ല. കാസ്റ്റ് ആന്റ് ട്രൈബ്സ് ഓഫ് സൗത്ത് ഇന്ത്യയിലും മലബാര്‍ മാന്വലിലും ചിറക്കല്‍ ടി ബാലകൃഷ്ണന്‍ നായരിലും കോതോര്‍മ്മനേയും അഞ്ഞൂറ്റാനേയും നേണിക്കത്തേയും കാണാത്തതുകൊണ്ട് ആ അധിക ബാധ്യത കൂടി പേറേണ്ടുന്ന ആവശ്യം നമ്മുടെ അക്കാദമിക ചരിത്രകാരന്മാര്‍ക്കില്ലല്ലോ. 
കേരളത്തിലെ ഏത് ഭൂഖണ്ഡങ്ങളേക്കാളും മഹത്തായ സംസ്‌കാരം പേറുന്ന തുളു ഖണ്ഡത്തിന്റെ സാംസ്‌കാരിക ചരിത്രനിര്‍മ്മിതിക്ക് അത്രമേല്‍ പ്രാധാന്യമുണ്ട്. കടലും മലയും ഒരുപോലെ അനുഗ്രഹിച്ച ഭൂമിയാണിത്. നെയ്തലിന്റെ ഉപ്പുകാറ്റില്‍നിന്നും കുറുഞ്ചിയിലെ വ്യഞ്ജന സുഗന്ധത്തിലേയ്ക്കും തിരിച്ചുമുള്ള തെയ്യങ്ങളുടേയും മനുഷ്യരുടേയും സഞ്ചാരങ്ങളിലൂടെയാണ് ഇവിടെ സംസ്‌കാരത്തിന്റെ സങ്കലനം നടക്കുന്നത്. കോട്ടപ്പുറത്തുനിന്നും ഒരു മലയന്‍ കിഴക്കന്‍ മല നിരകളിലേക്കും കുറുഞ്ചിത്തിണപ്പൊരുളില്‍നിന്നും ഒരു മാവിലന്‍ പടിഞ്ഞാറന്‍ കായല്‍ത്തീരത്തേയ്ക്കും പേളികയും തലയിലേന്തി തെയ്യം കെട്ടാന്‍ വരുമ്പോള്‍ പാഠപുസ്തകങ്ങള്‍ തീണ്ടി അശുദ്ധപ്പെടുത്താത്ത സാംസ്‌കാരികപ്പൊലിമയുടെ വിത്തുകള്‍ കൂടി വാരിയെറിയുന്നുണ്ട്. പ്രാകൃത ഗോത്രജീവിതത്തില്‍നിന്നും കാര്‍ഷീക ഗോത്രജീവിതത്തിലേയ്ക്കും ജാതി അടിസ്ഥാനമായ തൊഴില്‍ കുലങ്ങളുടെ ആധുനിക ജീവിതത്തിലേക്കുമുള്ള പരിണാമങ്ങള്‍ അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരമുള്ള നീലേശ്വരത്തിന്റെ വളര്‍ച്ചയിലും ഇത് പ്രകടമാണ്. കല്ലളന്‍ വൈദ്യരെന്ന മാവിലാന്‍ മൂപ്പനും ഇ.എം.എസ്സും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത് അള്ളോന്റേയും മന്നോന്റേയും ചോരയില്‍ ചുകന്ന മണ്ണിലാണ്. വിഭാഗീയതയുടെ മതവും ഭക്തിയും സ്വപ്നം കാണുന്ന കരിന്തളം കളരിയുടേയും കുമ്മണാര്‍ കളരിയുടേയും മണ്ണില്‍ കാല് കുത്തുമ്പോള്‍ കരുതിയിരിക്കുക.
അള്ളട മുക്കാതം നാടിന്റെ ചരിത്രവിചാരങ്ങളുടെ താക്കോല്‍ സൂക്ഷിപ്പുകാര്‍ തെയ്യക്കാരാണ്. അക്കാദമിക ഭാരം ഒരു ബാധ്യതയാകുമ്പോള്‍ ചരിത്രം ഏറ്റവും കൂടുതള്‍ അവഗണിച്ച് പുറന്തള്ളിയ വിഭാഗം തെയ്യം കെട്ടുകാരാണ്.

വണ്ണാനേയും മലയനേയും കുറിച്ച് മാത്രം വാചാലമാകുമ്പോള്‍ ഭാഷകൊണ്ടും അനുഷ്ഠാനംകൊണ്ടും നമുക്കൊരെത്തും പിടിയും കിട്ടാത്ത മാവിലരുടേയും നലിക്കത്തായക്കാരുടേയും തെയ്യങ്ങള്‍ അക്കാദമിക പഠനത്തിനു പുറത്താണ്. മറ്റു തെയ്യങ്ങളുടേത് പോലെ ബ്രാഹ്മണ്യം കലരാതെ ഇന്നും പരിപാലിക്കുന്ന അവരുടെ തെയ്യങ്ങള്‍ കടുത്ത ജാതി വിവേചനത്തിനകത്താണ് എന്നതും യാഥാര്‍ത്ഥ്യമാണ്. കോതോര്‍മ്മനൊപ്പം ഒരിലയില്‍ ഭക്ഷണം കഴിച്ച നീലേശ്വരം തമ്പുരാനും ദൈവമായി പ്രത്യക്ഷപ്പെടാന്‍ ബ്രാഹ്മണ്യം വേണ്ട പകരം ഒരു വണ്ണാന്റെ കറുത്ത് മെലിഞ്ഞ അവര്‍ണ്ണ ശരീരം മതിയെന്നു നിര്‍ബ്ബന്ധം പിടിച്ച ക്ഷേത്രപാലകനും ഇല്ലാത്ത ജാതിയാണ് ഇന്ന് കാവുകളിലേയ്ക്ക് ഓട്ടോറിക്ഷ പിടിച്ച് വരുന്നത്. തെയ്യക്കാരന്‍ തീണ്ടല്‍ ജാതിയാണെന്നും അവന്റെ കിണറ്റിലെ വെള്ളം അയിത്തമാണെന്നുമുള്ള കടുത്ത ജാതിബോധത്തില്‍ അവര്‍ണ്ണജാതിയില്‍പ്പെട്ട പെണ്ണുങ്ങള്‍ കുപ്പിവെള്ളവുമായി തെയ്യക്കാരന്റെ വീട്ടില്‍ പണിക്കു വരുമ്പോഴാണ് നവോത്ഥാനത്തിന്റെ പുരോഗമന മതില്‍ പടുക്കുന്നത്. കുടിക്കുന്ന വെള്ളത്തില്‍വരെ അയിത്തം കാണുന്ന അതേ പെണ്ണുങ്ങള്‍ തന്നെയാണ് കോതോര്‍മ്മന്‍ തെയ്യമായി വരുമ്പോള്‍ കുലസ്ത്രീകളായി കൈകൂപ്പി നില്‍ക്കുന്നതും.

മനുഷ്യന്റെ അഹങ്കാരവും ജാതി പ്രമത്തതയും ഇല്ലാതാകണമെങ്കില്‍ ഭഗവദ്ഗീത വായിച്ചിട്ട് കാര്യമൊന്നുമില്ല. ചരിത്രബോധമുള്ള മനുഷ്യനാവുകയാണ് വേണ്ടത്. എല്ലാ പ്രതിലോമ ശക്തികളേയും എതിരിടാനുള്ള കരുത്ത് അത് പകര്‍ന്നുതരും. പക്ഷേ, ചരിത്രനിര്‍മ്മാണം പോലും മതവും പൗരോഹിത്യവും മൂലധന താല്പര്യവും കയ്യടക്കുമ്പോള്‍ എന്ത് രക്ഷയാണുള്ളത്. ചരിത്രമെന്നാല്‍ രാജാക്കന്മാര്‍ വിവാഹം കഴിച്ചതും രാജ്ഞിയുടെ തിരുവയറൊഴിഞ്ഞതുമായ കൊള്ളാവുന്നവരുടെ കുടുംബകാര്യം മാത്രമാകുമ്പോള്‍ തമസ്‌കരിക്കപ്പെട്ടുപോകുന്ന മണ്ണും വീടും ഇല്ലാത്തവരെ ഏത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തും. 

ഊനം സങ്കടം മഹാവ്യാധിയിലിട്ട് കളയാതെ തക്കവണ്ണം ഭാഗ്യത്തെ പൊലിയിച്ച് രക്ഷിച്ചോള്ന്ന്ണ്ട് എന്നു തെയ്യം മറ്റുള്ളവരെ അനുഗ്രഹിക്കുമ്പോള്‍ സ്വജീവിതത്തിലെ ദൗര്‍ഭാഗ്യങ്ങളില്‍ മനസ്സു പിടയാനാണ് തെയ്യക്കാരന്റെ വിധി. ഒറ്റപ്പെടലും അവഗണനയും രോഗങ്ങളുടെ കഠിനപീഡയും സഹിക്കാതാകുമ്പോള്‍ നൈരാശ്യത്തിന്റെ പാതാള ലോകത്തേയ്ക്ക് നാട്ടുദൈവം ഓടിയൊളിക്കും. മദ്യം ഓര്‍മ്മകളെ കെടുത്തിക്കളയുമെന്ന് തെയ്യക്കാരന്‍ തെറ്റിദ്ധരിക്കും. ലഹരിയുടെ പോര്‍വിളികള്‍ക്കായി കാതോര്‍ക്കും. കോതോര്‍മ്മനും അല്ലോഹലനും കോരിച്ചൊരിയുന്ന പെരുമഴയത്ത്, അനിയന്‍ പിടഞ്ഞൊടുങ്ങിയ കാവില്‍ നാടന്‍ വാറ്റിന്റെ പടവീര്യത്തെ ചൊല്ലിയുറയിക്കും. മഴയിലും ഇടിമുഴക്കത്തിലും അല്ലോഹലന്റെ ഉടവാള്‍ മൂര്‍ച്ചപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com