ഉണങ്ങാത്ത മുറിവ്, ആസ്വദിക്കാനാവാത്ത സ്വാതന്ത്ര്യം: ഘാനയെക്കുറിച്ച് കെ രാജേന്ദ്രന്‍ എഴുതുന്നു (തുടര്‍ച്ച)

''ഘാനയിലെ ജനങ്ങള്‍ ഒരു നിലവാരവും ഇല്ലാത്ത കുംകും ഭാഗ്യ കണ്ടു സമയം കളയുമ്പോള്‍ കെനിയക്കാരന്‍ ഹെല്‍ത്ത് ഡൈജസ്റ്റ് വിത്ത് ഡോ. മേഴ്സി  കണ്ട് ആരോഗ്യ, ശിശുക്ഷേമ മേഖലകളില്‍ വിവരവും വിജ്ഞാനവും ഉണ്ടാക്കുന്നു.
ഉണങ്ങാത്ത മുറിവ്, ആസ്വദിക്കാനാവാത്ത സ്വാതന്ത്ര്യം: ഘാനയെക്കുറിച്ച് കെ രാജേന്ദ്രന്‍ എഴുതുന്നു (തുടര്‍ച്ച)

കെനിയയില്‍ മാത്രമല്ല, ആഫ്രിക്കയിലാകെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയാണ് ഡോ. മേഴ്സി കൊറിര്‍. കെനിയയിലെ കെ.ടി.എന്‍ ചാനലിന്റെ പ്രധാന മുഖം. ചാനലിലെ ജനപ്രിയ പരിപാടിയായ ഹെല്‍ത്ത് ഡൈജസ്റ്റ് വിത്ത് ഡോ. മേഴ്സി കൊറിരിന്റെ അവതാരകയും നിര്‍മ്മാതാവും. അക്രയിലെ മകോള മാര്‍ക്കറ്റില്‍ കെനിയന്‍ കരകൗശല ഉല്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു തെരുവുണ്ട്. സന്ധ്യകളില്‍ അക്രയിലെ കെനിയക്കാര്‍ തടിച്ചുകൂടുന്നയിടം. സായാഹ്ന സവാരിക്കിടെ ഞങ്ങളുടെ സംഘം മകോള മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ നാലഞ്ച് കെനിയക്കാര്‍ മേഴ്സിയുടെ ചുറ്റും കൂടി. മേഴ്സി അവര്‍ക്കെല്ലാം സുപരിചിതയാണ്. ഒരുമിച്ചുനിന്നു സെല്‍ഫിയെടുത്താണ് അവര്‍ ആഹ്ലാദം പങ്കുവെച്ചത്.

കെനിയക്കാരില്‍ ഒരാള്‍ മേഴ്സിയെക്കുറിച്ചു പറഞ്ഞ നല്ലവാക്കുകള്‍ ഇങ്ങനെ:
''ഘാനയിലെ ജനങ്ങള്‍ ഒരു നിലവാരവും ഇല്ലാത്ത കുംകും ഭാഗ്യ കണ്ടു സമയം കളയുമ്പോള്‍ കെനിയക്കാരന്‍ ഹെല്‍ത്ത് ഡൈജസ്റ്റ് വിത്ത് ഡോ. മേഴ്സി  കണ്ട് ആരോഗ്യ, ശിശുക്ഷേമ മേഖലകളില്‍ വിവരവും വിജ്ഞാനവും ഉണ്ടാക്കുന്നു. കെനിയ ഇന്ന് ആരോഗ്യമേഖലയില്‍ ലോകത്തിനു മാതൃകയാണ്. കുംകും ഭാഗ്യക്ക് അടിമകളായ ഘാനക്കാരാകട്ടെ, ഈ മേഖലകളില്‍ ഇന്നും ഇഴഞ്ഞുനീങ്ങുകയാണ്.''

മാധ്യമപ്രവര്‍ത്തകയായ ഡോ. മേഴ്സി കൊറിര്‍
മാധ്യമപ്രവര്‍ത്തകയായ ഡോ. മേഴ്സി കൊറിര്‍

ഉണങ്ങാത്ത മുറിവുകളോടെയുള്ള, ആസ്വദിക്കാനാകാത്ത സ്വാതന്ത്ര്യമാണ് ബ്രിട്ടീഷുകാര്‍ കെനിയയ്ക്കു നല്‍കിയത്. കിക്കുയു, ലുഹ്യ, കാലെന്‍ജിന്‍, ല്വൊ എന്നിങ്ങനെ ചെറുതും വലുതുമായ നിരവധി ഗോത്രവിഭാഗങ്ങള്‍ കെനിയയിലുണ്ട്. ആചാരം, വേഷം, ഭാഷ, ഗാനം, നൃത്തം തുടങ്ങിയവയെല്ലാം അതിവൈകാരിക തലങ്ങളിലേയ്ക്ക് ഉയരുന്ന സ്വത്വങ്ങളാണ്. ഇവയുമായി ബന്ധപ്പെട്ട ചെറിയ മുറുമുറുപ്പുകള്‍  ഏതു നിമിഷവും സംഘടിത കലാപങ്ങളായി രൂപാന്തരപ്പെടാം.

കെനിയയില്‍ 1992-ല്‍ ഭൂമിക്കു മേലുള്ള അവകാശത്തെച്ചൊല്ലി കലന്‍ജിന്‍, കികുയു ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കൊല്ലപ്പെട്ടത് അയ്യായിരത്തിലേറെ പേര്‍. കന്നുകാലികളെ മേയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം 2012-ല്‍ വലിയ കലാപമായി പടര്‍ന്നു. എല്ലാ കലാപങ്ങളുടേയും ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. അവരുടെ കണ്ണീരും നിലവിളിയും കണ്ടാണ് തലസ്ഥാനമായ നെയ്റോബിയില്‍ മേഴ്സി വളര്‍ന്നത്. എല്ലാ ആഫ്രിക്കന്‍ കുട്ടികളേയും പോലെ മേഴ്സിയുടേയും സ്വപ്നം ഡോക്ടര്‍ ആവുക എന്നതായിരുന്നു. അമ്മയുടെ പ്രോത്സാഹനത്തോടൊപ്പം മേഴ്സി കഠിനാദ്ധ്വാനം ചെയ്തു. നെയ്റോബി മെഡിക്കല്‍ കോളേജിലെ പ്രവേശന പരീക്ഷ ആദ്യ ഉദ്യമത്തില്‍ത്തന്നെ പാസ്സായി. ഉയര്‍ന്ന മാര്‍ക്കോടെ ഡോക്ടറായി പുറത്തിറങ്ങി. എത്ര ഉന്നത നിലവാരത്തില്‍ ജീവിക്കാനാവശ്യമായ വേതനം ലഭിക്കുന്ന ജോലികള്‍ രാജ്യത്തിന് അകത്തും പുറത്തുമായി മേഴ്സിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആതുരസേവകയാവേണ്ട മേഴ്സി എത്തിപ്പെട്ടത് മാധ്യമ മേഖലയിലായിരുന്നു. 

സംഘര്‍ഷങ്ങള്‍ക്കിടയിലെ  കെനിയന്‍ കുരുന്നു ജീവിതങ്ങള്‍
സംഘര്‍ഷങ്ങള്‍ക്കിടയിലെ  കെനിയന്‍ കുരുന്നു ജീവിതങ്ങള്‍

മാധ്യമപ്രവര്‍ത്തകയായതിന് മേഴ്സി നിരത്തുന്ന കാരണങ്ങള്‍ക്ക്  കെനിയയിലെ മേറു ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ കമൗ എന്ന മുക്കുവ പെണ്‍കുട്ടിയുടെ കഥയുമായി ബന്ധമുണ്ട്.
കെനിയയില്‍ നിറഞ്ഞൊഴുകുന്ന നദിയാണ് സോണ്ടു. നദിയില്‍ നിറയെ സ്വര്‍ണ്ണ നിറത്തിലുള്ള ഹോപ് ലോ മത്സ്യങ്ങളാണ്. നദിക്കരയില്‍ മുഖ്യമായും ജീവിക്കുന്നത് ഗോത്രവിഭാഗക്കാര്‍. മറ്റെല്ലാവരും നദിയിലിറങ്ങി ഹോപ് ലോ മത്സ്യങ്ങള്‍ പിടിച്ചു ജീവിക്കുമ്പോള്‍ യോന്‍ഗി ദു:ഖത്തോടെ നോക്കിനില്‍ക്കും. അദ്ദേഹം അംഗപരിമിതനാണ്. ഇരുകാലുകള്‍ക്കും ചലനശേഷിയില്ല. നടക്കാനോ നീന്താനോ യോന്‍ഗിക്കാകില്ല.

യോന്‍ഗിക്ക് ഒരു പെണ്‍കുട്ടിയുണ്ട്; പേര് കമൗ. കമൗവിനെ നല്ലൊരു മുക്കുവയാക്കണമെന്നതായിരുന്നു യോന്‍ഗിയുടെ ആഗ്രഹം. കമൗവിനെ മീന്‍പിടിത്തം പഠിപ്പിക്കണമെന്ന് യോന്‍ഗി അയല്‍ക്കാരോടെല്ലാം അപേക്ഷിച്ചു. പക്ഷേ, ആരും തയ്യാറായില്ല. ഒടുവില്‍ റുഡോള്‍ഫ് തടാകക്കരയിലെ ഒരു ബന്ധുവിന്റെ വീട്ടിലേയ്ക്ക് അയച്ചു. ബന്ധു മീനിനെ മാത്രമല്ല, ലോകത്തെ എല്ലാ മത്സ്യങ്ങളേയും പിടിക്കാന്‍ പഠിപ്പിച്ചു. പക്ഷേ, ഒരു വര്‍ഷം കഴിഞ്ഞു നാട്ടില്‍ മടങ്ങിയെത്തിയപ്പോഴേയ്ക്കും സോണ്ടു നദിക്കരയിലെ മുക്കുവരെല്ലാം മീന്‍പിടുത്തം നിര്‍ത്തിയിരുന്നു. ഹോപ് ലോ മത്സ്യങ്ങള്‍ പിടിക്കാന്‍ വരുന്നവരെ കുത്താന്‍ തുടങ്ങിയത്രെ. കുത്തലിന്റെ കടച്ചില്‍ അസഹനീയമത്രെ. ഹോപ് ലോ മത്സ്യങ്ങളുടെ കുത്തേറ്റ് കുറേ മുക്കുവര്‍ മരിച്ചത്രെ.

ഘാനയിലെ മെറു ഗോത്രവര്‍ഗ്ഗക്കാര്‍
ഘാനയിലെ മെറു ഗോത്രവര്‍ഗ്ഗക്കാര്‍

കമൗവിനു കുത്താന്‍ വരുന്ന മത്സ്യത്തെ കൊല്ലാനുള്ള വിദ്യ നന്നായി അറിയാം. അവള്‍ നീണ്ട കമ്പിന്റെ തലപ്പത്ത് ഒരു ഇരുമ്പാണി കെട്ടി സോണ്ടു നദിയുടെ തീരത്തിലൂടെ നടന്ന് ഹോപ് ലോ മത്സ്യത്തെ കൊല്ലേണ്ട വിധവും മുക്കുവരെ പരിശീലിപ്പിച്ചു. അധികം താമസിക്കാതെ നദീതീരങ്ങളില്‍നിന്നെല്ലാം മുക്കുവര്‍ കമൗവിനെ തേടിയെത്തി. കമൗ കെനിയയിലെ മാത്രമല്ല, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുത്തുന്ന മത്സ്യങ്ങളെയെല്ലാം മെരുക്കാന്‍ പഠിപ്പിച്ചു. കഥയില്‍ വാസ്തവം ഉണ്ടെങ്കിലും ഇല്ലെങ്കിലും കമൗ ഇന്നും ആഫ്രിക്കന്‍ നാടോടിക്കഥകളിലെ താരസാന്നിധ്യമാണ്. 

കെനിയന്‍ നാടോടിക്കഥയിലെ നായികയായ കമൗ മീന്‍പിടുത്തം പഠിക്കാനാണ് പോയതെങ്കില്‍ മേഴ്സി പോയത് ഡോക്ടര്‍ പണി പഠിക്കാനാണ്. പഠനം കഴിഞ്ഞെത്തിയ മേഴ്സിയാകട്ടെ, എത്തിപ്പെട്ടത് മാധ്യമരംഗത്തും.
സൂട്ടും കോട്ടും അണിഞ്ഞ് കഴുത്തില്‍ സ്റ്റെതസ്‌ക്കോപ്പും തൂക്കി ആതുരസേവനം തുടങ്ങിയതിന്റെ ആദ്യനാളുകളില്‍ത്തന്നെ ആഫ്രിക്കയുടെ ആരോഗ്യമേഖല നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ മേഴ്സി തിരിച്ചറിഞ്ഞു.
''അസുഖത്തിനു ചികിത്സതേടി എന്നെ തേടി ഒരാള്‍ എത്തുമ്പോള്‍ പത്തുപേരാണ് അപ്പുറത്ത് മുറിവൈദ്യന്മാരുടെ അടുത്തേയ്ക്കു പോകുന്നത്. പലയിടത്തും പ്രസവമെടുക്കുന്നതു വയറ്റാട്ടിമാരാണ്. കുട്ടികള്‍ക്കു പ്രതിരോധ മരുന്നുകളോ പോഷകാഹാരമോ ലഭിക്കില്ല. നാട്ടുവൈദ്യന്മാര്‍ പറയുന്നത് അച്ഛനമ്മമാര്‍ അനുസരിക്കും. അശാസ്ത്രീയമായ ചികിത്സാരീതികള്‍ ശിശുമരണങ്ങളും വൈകല്യങ്ങളും സൃഷ്ടിക്കുന്നു.''
പരമ്പരാഗത ഗോത്ര ഗാനങ്ങളിലും നൃത്തങ്ങളിലുമെല്ലാം വിനോദം കണ്ടെത്തിയിരുന്ന കെനിയയിലേയ്ക്ക് ഈ പതിറ്റാണ്ടിന്റെ തുടക്കത്തോടെ ടിവി ചാനലുകളുടെ കുത്തൊഴുക്കായി.

''കുഞ്ഞുങ്ങളെ മടിയിലിരുത്തി ടിവി ചാനലുകളിലെ മണ്ടന്‍ പരിപാടികള്‍ കണ്ടിരുന്ന ഞങ്ങളുടെ അമ്മമാരിലെ നല്ലൊരു വിഭാഗം കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല. കാരണം മണ്ടന്‍ പരിപാടികളൊന്നും ശാസ്ത്രീയമായ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിച്ചിരുന്നില്ല. പകരം അവരെയെല്ലാം കുറേ മണ്ടന്‍ പരിപാടികളുടെ അടിമകളാക്കി മാറ്റുകയായിരുന്നു.''
ടിവിയെ എന്തുകൊണ്ട് ശൈശവാരോഗ്യ പരിപാടികളുടെ പ്രചാരണ മാധ്യമമാക്കിക്കൂടാ? ഈ ചിന്തയാണ് മേഴ്സിയെ വീണ്ടും നെയ്റോബി സര്‍വ്വകലാശാലയില്‍ എത്തിച്ചത്. വികസനോന്മുഖ മാധ്യമപ്രവര്‍ത്തനത്തില്‍ മാസ്റ്റേഴ്സുമായി സര്‍വ്വകലാശാലയില്‍നിന്ന് ഇറങ്ങിയ ഉടനെ കെ.ടി.എന്‍ ചാനലില്‍ ആരോഗ്യറിപ്പോര്‍ട്ടറായി തൊഴില്‍ ലഭിച്ചു. മേഴ്സി റിപ്പോര്‍ട്ടറും അവതാരകയുമായി. മേഴ്സി ആരംഭിച്ച ''ഹെല്‍ത്ത് ഡൈജസ്റ്റ് വിത്ത് ഡോക്ടര്‍ മേഴ്സി കൊറിര്‍'' എന്ന ആരോഗ്യപരിപാടി വളരെ പെട്ടെന്നു ജനപ്രിയമായി. വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പറയുന്നതോടൊപ്പം തന്ത്രപൂര്‍വ്വം ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണവും നടത്തി.

അന്ധവിശ്വാസങ്ങളെ തള്ളിയ അമ്മമാര്‍ പോളിയോ കൊടുക്കാനായി കുഞ്ഞുങ്ങളെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി. പ്രസവിക്കുന്നതിനായി വയറ്റാട്ടികളെ വീട്ടിലേയ്ക്കു വിളിക്കുന്നതിനു പകരം ഗര്‍ഭിണികള്‍ ആശുപത്രികളിലേയ്ക്കു പോയി. ടി വിയിലൂടെ മേഴ്സി കൊളുത്തിവിട്ട വിപ്ലവം മറ്റ് ആഫ്രിക്കന്‍ ചാനലുകളിലേയ്ക്കും പടര്‍ന്നു. മറ്റു വന്‍കരകളിലെ ചാനലുകളില്‍നിന്നു വിഭിന്നമായി ആഫ്രിക്കന്‍ ചാനലുകള്‍ ഇന്ന് പ്രൈംടൈമില്‍ ആരോഗ്യബോധവല്‍ക്കരണ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ആരോഗ്യരംഗത്ത് കെനിയ സമീപകാലത്ത് ഉണ്ടാക്കിയ മുന്നേറ്റങ്ങള്‍ക്കു പിറകിലെ പ്രധാന കാരണങ്ങളിലൊന്ന് മേഴ്സി സൃഷ്ടിച്ച ഈ ചാനല്‍വിപ്ലവമാണ്.

ടിവി സ്‌ക്രീനില്‍നിന്ന് ആതുരസേവനത്തിലേയ്ക്കു മടങ്ങാന്‍ മേഴ്സിക്കു താല്പര്യമില്ല. കാരണം ഇങ്ങനെ:
''ആശുപത്രിയിലിരുന്നാല്‍ ഒരു ദിവസം പരമാവധി നൂറുപേരെ ചികിത്സിക്കാം. ചാനല്‍ സ്റ്റുഡിയോവിലിരുന്നാല്‍ ലക്ഷങ്ങളേയും.''

തയ്യല്‍ക്കടയിലെ ശിശുക്ഷേമ വിപ്ലവം 

കെനിയയില്‍ മേഴ്സി കൊളുത്തിവിട്ട ചാനല്‍ ആരോഗ്യവിപ്ലവം ഘാനയിലെത്തിയിട്ടില്ല. അന്ധവിശ്വാസങ്ങള്‍തന്നെയാണ് ഘാനയിലേയും പ്രധാന പ്രശ്‌നം. ഇന്ത്യയിലെ ആള്‍ ദൈവങ്ങളുടെ സ്ഥാനത്ത് ഘാനയില്‍ മന്ത്രവാദികളാണ്.

2014ലെ ബ്രസീല്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ചില മന്ത്രവാദ കഥകളുടെ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ല. ഘാനയും കരുത്തരായ പോര്‍ച്ചുഗലും ഒരേ ഗ്രൂപ്പിലായിരുന്നു. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു ഘാനയുടെ പ്രധാന വെല്ലുവിളി. മത്സരത്തിനു മുന്‍പ് ഒരു ആശ്വാസ വാര്‍ത്ത ഘാനക്കാരെ തേടിയെത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോവിന്റെ ഇടതു മുട്ടിനു പരിക്ക്, ഇടതു തുടയില്‍ പേശീവലിവും.
ഘാനയിലെ 'ബുധനാഴ്ച ദിനത്തിലെ ചെകുത്താന്‍' എന്ന പേരില്‍ അറിയപ്പെടുന്ന കുപ്രസിദ്ധ മന്ത്രവാദി നാന ക്വാക്കു ബോണ്‍സാം ഒരു വെളിപ്പെടുത്തലുമായി രംഗത്തു വന്നു. താന്‍ ചെയ്ത ദുര്‍മന്ത്രവാദത്തെ തുടര്‍ന്നാണ് റൊണാള്‍ഡോക്കു പരിക്കേറ്റതെന്നും ഒരു കാരണവശാലും ഘാനയ്‌ക്കെതിരെ റെണാള്‍ഡോക്ക് കളിക്കാനാവില്ലെന്നും നാന ക്വാക്കു വീരവാദം മുഴക്കി. ഘാനക്കാര്‍ക്ക് ആവേശമായി. ഘാന ടീമിനോടൊപ്പം നാന ക്വാക്കുവിനേയും നാട്ടുകാര്‍ വാനോളം പുകഴ്ത്തി.

ഘാന ശരിക്കും പോര്‍ച്ചുഗലിനെ വെള്ളം കുടിപ്പിച്ചു. മത്സരം സമനിലയിലേയ്ക്കു നീങ്ങവേ ഘാനയുടെ പ്രതിരോധ നിരക്കാരന്‍ ജോഹ് ബോയെയുടെ പിഴവ് മുതലെടുത്ത് റൊണാള്‍ഡോ ഘാനയുടെ വലയില്‍ വിജയഗോള്‍ അടിച്ചുകയറ്റി. നാന ക്വാക്കു കുറച്ചുനാള്‍ അദൃശ്യനായി. അദ്ദേഹത്തെ കാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു. പക്ഷേ, ഘാനക്കാര്‍ മന്ത്രവാദികളെ ഉപേക്ഷിച്ചില്ല. അവര്‍ മറ്റു മന്ത്രവാദികളെ തേടിപ്പോയി.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആരോഗ്യനയം നിശ്ചയിക്കുന്ന ഒരു സമൂഹത്തില്‍ ശിശുക്കളെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ എന്തു ചെയ്യും? തല്ലിപ്പഴുപ്പിച്ചിട്ടു കാര്യമില്ലെന്ന സത്യം തിരിച്ചറിഞ്ഞു ബുദ്ധി പ്രയോഗിച്ചത് ഘാന ആരോഗ്യവകുപ്പാണ്.
ഘാനയിലെ ആതുരസേവകയും പൊതുജനാരോഗ്യ പ്രവര്‍ത്തകയുമായ മൊറാ ബാറ അക്ര നഗരത്തില്‍ പരീക്ഷിച്ചു വിജയിച്ച ആരോഗ്യതന്ത്രത്തെ വിശേഷിപ്പിച്ചതിങ്ങനെ: ''പോകേണ്ട വഴിയില്‍ അവര്‍ പോയില്ലെങ്കില്‍ അവര്‍ പോകുന്നതിന്റെ പിന്നാലെ പോവുക.''

കുട്ടികളുടെ പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അമ്മമാര്‍ക്കു വലിയ ധാരണയില്ല. എന്നാല്‍, കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ച് അവരെല്ലാം ബോധവാന്മാരാണ്. റെഡിമെയ്ഡ് വസ്ത്രങ്ങളില്‍ ആര്‍ക്കും താല്പര്യമില്ല. ആഴ്ചച്ചന്തകളില്‍നിന്നു തുണികള്‍ വാങ്ങും. തൊട്ടടുത്ത തയ്യല്‍ക്കടകളില്‍ തയ്ക്കാന്‍ കൊടുക്കും. മിക്ക നാട്ടുചന്തകളും കൂടുന്നതു വ്യാഴാഴ്ചകളിലായിരിക്കും. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ ആദ്യം സമീപിച്ചതു തിരക്കേറിയ തയ്യല്‍ക്കടകളെ ആയിരുന്നു. നാട്ടുചന്ത കഴിഞ്ഞു തുണികള്‍ തയ്പ്പിക്കാനായി കുട്ടികളെയെടുത്ത് അമ്മമാര്‍ എത്തുന്ന സമയത്ത് കടയിലോ കടയോട് ചേര്‍ന്നോ കടമുറ്റത്തോ സഞ്ചരിക്കുന്ന ശൈശവ ആരോഗ്യകേന്ദ്രം എത്തും. അമ്മമാരുടെ ഒക്കത്തുള്ള കുട്ടികളെ ആതുരസേവകര്‍ പരിശോധിക്കും. പ്രതിരോധ മരുന്നും ചികിത്സയും നല്‍കും. ഈ ഇടപാടില്‍ തയ്യല്‍ക്കട ഉടമയ്ക്കും നേട്ടങ്ങള്‍ ഏറെയുണ്ട്. തയ്യല്‍ക്കാരി അലീന പറയുന്നതിങ്ങനെ:

''വെള്ളിയാഴ്ചകളില്‍ കുഞ്ഞുങ്ങളുടെ ഉടുപ്പുകള്‍ തയ്ക്കാനായി ഇവിടെ എത്തുന്ന അമ്മമാര്‍ കുട്ടികളെ ആതുരസേവകരുടെ പരിശോധനകള്‍ക്കു വിധേയരാക്കുന്നു. കുട്ടികളുടെ ചികിത്സയ്ക്കായി ഇവിടെ എത്തുന്ന അമ്മമാരാകട്ടെ, മറ്റു കുഞ്ഞുങ്ങളേക്കാള്‍ മോശക്കാരാവേണ്ടെന്നു കരുതി സ്വന്തം കുട്ടികള്‍ക്കായി ഉടുപ്പുകള്‍ തയ്പ്പിക്കാന്‍ കൊണ്ടുവരുന്നു. ഞങ്ങള്‍ക്കും സന്തോഷം, അമ്മമാര്‍ക്കും സന്തോഷം, കുഞ്ഞുങ്ങള്‍ക്കും സന്തോഷം, ആരോഗ്യവകുപ്പിനും സന്തോഷം.''

തയ്യല്‍ക്കടയിലെ ശിശുക്ഷേമ വിപ്ലവം തുടങ്ങിയിട്ട് മാസം ആറായിട്ടേ ഉള്ളൂ. ഇതിനകം തന്നെ അക്ര നഗരപ്രാന്തത്തിലെ 90 ശതമാനത്തിലധികം കുട്ടികള്‍ക്കു ശൈശവകാല പ്രതിരോധ ഔഷധങ്ങള്‍ ലഭ്യമായിക്കഴിഞ്ഞു. ഒപ്പം അലീനയെപ്പോലുള്ള തയ്യല്‍ക്കാരികളുടെ വരുമാനത്തില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാമൂലുകളെ തോല്പിച്ച ഈ ആഫ്രിക്കന്‍ ബുദ്ധി പഠിക്കാനും പകര്‍ത്താനുമായി ലോകരാജ്യങ്ങളില്‍നിന്നുള്ള പഠനസംഘങ്ങള്‍ ഇപ്പോള്‍ ഘാനയിലെ തയ്യല്‍ക്കടകളിലേയ്ക്ക് ഒഴുകിയെത്തുകയാണ്. 

അക്ര നഗരത്തിലെ പ്രാന്തപ്രദേശത്തെ തയ്യല്‍ക്കടയിലേയ്ക്കു ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത് മേഴ്സിയാണ്. തയ്യല്‍ക്കടയിലെ ശിശുക്ഷേമ വിപ്ലവത്തെക്കുറിച്ച് മേഴ്സി നേരത്തെ കെ.ടി.എന്‍ ചാനലിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങള്‍ നന്നായി ക്യാമറയില്‍ പകര്‍ത്തി ഇന്ത്യയിലും പ്രചരിപ്പിക്കണമെന്ന് മേഴ്സി ഉപദേശിച്ചു.
 തയ്യല്‍ക്കടയിലെ ശിശുക്ഷേമ വിപ്ലവത്തെപ്പോലെ നിരവധി വിപ്ലവങ്ങള്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളും നടക്കുന്നുണ്ട്. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍ നടക്കുന്ന കോഴിമുട്ട വിപ്ലവത്തിന്റെ കഥ പറഞ്ഞുതന്നതും മേഴ്സിയാണ്. 

ഒരു ദിവസം പെട്ടെന്ന് നെയ്റോബിയിലെ കോഴികള്‍ക്കെല്ലാം വലുപ്പം കൂടി. കോഴികള്‍ ഇടുന്ന മുട്ടകളുടെ എണ്ണം ഇരട്ടിയായി. മുട്ടകളുടെ വലുപ്പവും കൂടി. കാരണം രസകരമാണ്. കോഴികളില്‍ വന്ന മാറ്റവും നെയ്റോബി നഗരത്തിലെ മാലിന്യവും തമ്മില്‍ ബന്ധമുണ്ട്. നഗരം മാലിന്യക്കൂമ്പാരമാണ്. നഗരനിവാസികളിലെ നാലില്‍ മൂന്നും ജീവിക്കുന്നത് ചേരികളിലും. വെളിയിട വിസര്‍ജ്ജ്യമാണ് ഏറ്റവും വലിയ പാരിസ്ഥിതിക, ആരോഗ്യപ്രശ്‌നം.
അടുത്തിടെ ചേരികളില്‍ വ്യാപകമായി താല്‍ക്കാലിക കക്കൂസുകള്‍ സ്ഥാപിക്കപ്പെട്ടു.  ശുചീകരണം മാത്രമല്ല, മനുഷ്യവിസര്‍ജ്ജ്യത്തിന്റെ വിപണനവും ലക്ഷ്യമായിരുന്നു. കക്കൂസുകളില്‍നിന്ന് ആഴ്ചയിലൊരിക്കല്‍ വിസര്‍ജ്ജ്യം ശേഖരിക്കും. വിസര്‍ജ്ജ്യം സംസ്‌കരിച്ചു കോഴിത്തീറ്റയാക്കും. ഈ കോഴിത്തീറ്റയാണ് നെയ്റോബിയില്‍ തരംഗമായത്. ചേരികള്‍ ശുദ്ധീകരിക്കപ്പെട്ടു, മനുഷ്യവിസര്‍ജ്ജ്യം ശേഖരിക്കുന്നവര്‍ക്കും സംസ്‌കരിക്കുന്നവര്‍ക്കും പണം കിട്ടി, കോഴികള്‍ക്കു നല്ല പോഷകാഹാരം ലഭിച്ചു, കോഴികളെ വളര്‍ത്തല്‍ കൂടുതല്‍ ലാഭകരമായി. ഒരു വെടിക്ക് ഒട്ടേറെ പക്ഷികള്‍.

ഞങ്ങളുടെ സംഘത്തിലുള്ള നൈജീരിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളുടേയും ചരിത്രവും വര്‍ത്തമാനവും നന്നായി അറിയാവുന്ന ആളാണ്. അക്രയിലെ തയ്യല്‍ക്കടയിലെ ശിശുക്ഷേമ വിപ്ലവത്തിലും നെയ്റോബിയിലെ കോഴിത്തീറ്റകളിലും ചില സാദൃശ്യങ്ങള്‍ കാണുന്നു:
''രണ്ടും സ്വാശ്രയത്വത്തിലധിഷ്ഠിതമായ വികസന പദ്ധതികളാണ്. രണ്ടിലും ഒരു ഗാന്ധിയന്‍ ടച്ചുണ്ട്.'' ഡോക്ടര്‍ മേഴ്സി ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി:
''നെയ്റോബിക്കാര്‍ നിര്‍മ്മിച്ച കോഴിത്തീറ്റയുടെ പേറ്റന്റ് അധികം താമസിയാതെ ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനികള്‍ കൈക്കലാക്കും. അവര്‍ ഞങ്ങളുടെ വിസര്‍ജ്ജ്യം വിറ്റ് ലാഭം കൊയ്യും. അതോടെ കെനിയക്കാര്‍ പുറത്താകും.''

ആഫ്രിക്കക്കാര്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ബഹുരാഷ്ട്ര കുത്തകകളുടെ പട്ടികയില്‍ ഇന്ത്യന്‍ കമ്പനികളുമുണ്ട്. ഇവരോടെല്ലാമുള്ള എതിര്‍പ്പാണ് മഹാത്മാഗാന്ധിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന വികലമായ ആഫ്രിക്കന്‍ നവ ദേശീയതയ്ക്ക് വിത്ത് പാകുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട സഞ്ചാര സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാട്ട് 'കാപ്പിരികളുടെ നാട്ടില്‍' എന്ന വിഖ്യാത യാത്രാവിവരണം എഴുതുന്നതിനായി ആഫ്രിക്കയിലൂടെ സഞ്ചരിച്ചത് 1949-ല്‍ ആണ്. ആഫ്രിക്കയില്‍ കണ്ട ഇന്ത്യക്കാരെക്കുറിച്ച് അന്നദ്ദേഹം ഇങ്ങനെ കുറിച്ചു:
''ആഫ്രിക്കക്കാരുടെ നന്മയ്ക്കുവേണ്ടി നിങ്ങള്‍ വല്ലതും ചെയ്യുകയുണ്ടായോ എന്നു ഞാന്‍ കണ്ടെത്തിയ ഇന്ത്യന്‍ വ്യാപാരികളോടെല്ലാം പ്രത്യേകം പ്രത്യേകം ചോദിക്കുകയുണ്ടായി. ഞങ്ങളെന്തിനു ചെയ്യണം എന്നതായിരുന്നു അവരുടെയെല്ലാം മറുപടി. , അവര്‍ക്ക് ആഫ്രിക്കയില്‍ ഒരൊറ്റ ഉദ്ദേശ്യമേയുള്ളൂ; പണം സമ്പാദിക്കുക, അതിനുവേണ്ടി എന്തു മ്ലേച്ഛകര്‍മ്മങ്ങള്‍ ചെയ്യാനും എന്തും ബലി കഴിക്കാനും അവര്‍ മടിക്കുകയില്ല.''
( കാപ്പിരികളുടെ നാട്ടില്‍ -പേജ് 41)

ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം കാണാനായതു തികച്ചും വ്യത്യസ്തമായ ആഫ്രിക്കയെയാണ്. പക്ഷേ, ദു:ഖകരമെന്നു പറയട്ടെ, ആഫ്രിക്കയിലെ ഇന്ത്യക്കാരെക്കുറിച്ച് അന്ന് എസ്.കെ. പൊറ്റെക്കാട്ട് നടത്തിയ നിരീക്ഷണം ഇന്നും അതുപോലെ തുടരുകയാണ്.

(അവസാനിച്ചു.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com