'ടക്വില ലൈല'യുടെ മരണവും ജീവിതവും: '10 മിനിറ്റ്സ് 38 സെക്കന്റ്സ് ഇന്‍ ദിസ് സ്ട്രേഞ്ച് വേള്‍ഡ്' എന്ന നോവലിനെക്കുറിച്ച്

എലിഫ് ഷഫാക് രചിച്ച, 2019-ലെ ബുക്കര്‍ പ്രൈസ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട '10 മിനിറ്റ്സ് 38 സെക്കന്റ്സ് ഇന്‍ ദിസ് സ്ട്രേഞ്ച് വേള്‍ഡ്' എന്ന നോവലിനെക്കുറിച്ച്
'ടക്വില ലൈല'യുടെ മരണവും ജീവിതവും: '10 മിനിറ്റ്സ് 38 സെക്കന്റ്സ് ഇന്‍ ദിസ് സ്ട്രേഞ്ച് വേള്‍ഡ്' എന്ന നോവലിനെക്കുറിച്ച്

ഹൃദയസ്പന്ദനം നിലച്ചു കഴിഞ്ഞാലും മനുഷ്യമസ്തിഷ്‌കം പത്തു മിനിറ്റിലേറെ സമയം പ്രവര്‍ത്തന നിരതമായിരിക്കുമെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഈ ശാസ്ത്രീയ നിഗമനത്തെ അടിസ്ഥാനമാക്കിയാണ് പ്രശസ്ത തുര്‍ക്കി-ബ്രിട്ടീഷ് നോവലിസ്റ്റ് എലിഫ് ഷഫാക് തന്റെ പതിനൊന്നാമത്തെ നോവലായ '10 മിനിട്ട്സ് 38 സെക്കന്റ്സ് ഇന്‍ ദിസ് സ്ട്രേഞ്ച് വേള്‍ഡ്' എന്ന നോവല്‍ രചിച്ചിട്ടുള്ളത്. 'ടക്വില ലൈല' എന്ന ഇരട്ടപ്പേരില്‍ സുഹൃത്തുക്കള്‍ക്കും ഇടപാടുകാര്‍ക്കും താന്‍ ജോലി ചെയ്യുന്ന വേശ്യാലയത്തിലും അറിയപ്പെട്ടിരുന്ന ഒരു ലൈംഗിക തൊഴിലാളി ചവറ്റുകൊട്ടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഈ ആദ്യ അധ്യായത്തിന് 'ദ എന്‍ഡ്' എന്നാണ് എലിഫ് ഷഫാക് നാമകരണം ചെയ്തിട്ടുള്ളത്. സംഭവബഹുലമായ ലൈലയുടെ ജീവിതത്തിന്റെ അവസാന നിമിഷമായിരുന്നു അത്. തുടര്‍ന്നുള്ള 10 മിനിറ്റ് 38 സെക്കന്റുകള്‍ക്കുള്ളില്‍ അവരുടെ ജീവിതമാകെ നോവലിന്റെ ആദ്യഭാഗമായ 'ദ മൈന്‍ഡി'ല്‍ ചുരുള്‍ നിവരുന്നു. 2019-ലെ ബുക്കര്‍ പ്രൈസിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കൃതി കൂടിയാണ് ഇത്. 

1971 ഒക്ടോബറില്‍ ജനിച്ച എലിഫ് ഷഫാക് സാമൂഹ്യശാസ്ത്രജ്ഞയും രാഷ്ട്രീയ നിരീക്ഷകയും ലെസ്ബിയന്‍, ട്രാന്‍സ് ജെന്‍ഡേഴ്സ് തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന എഴുത്തുകാരിയാണ്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെന്റ് ആന്‍സ് കോളേജ്, തുര്‍ക്കിയിലെ വിവിധ സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ അവര്‍ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിലും എലിഫ് ഷഫാക് പ്രഭാഷണങ്ങള്‍ നടത്തിവരുന്നു. വിപുലമായ ഈ സാമൂഹ്യബന്ധങ്ങള്‍ ശക്തമായ കൃതികള്‍ രചിക്കുന്നതിന് അവര്‍ക്ക് സഹായകമായിട്ടുണ്ട്. 

ബാലികാപീഡനം നോവലുകളില്‍ തുറന്നെഴുതിയതിന്റെ പേരില്‍ തുര്‍ക്കി ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാണ് എലിഫ് ഷഫാക്. എന്നാല്‍, തുര്‍ക്കിയില്‍ ഏറെ സ്വാധീനവും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ചെയ്യുന്ന ഈ എഴുത്തുകാരിക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം ഭയപ്പെടുകയാണ്. അവരുടെ 2017-ല്‍ പ്രസിദ്ധീകരിച്ച 'ത്രീ ഡോട്ടേഴ്സ് ഓഫ് ഈവ്' എന്ന നോവലില്‍ ബാലികാപീഡനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, വായനക്കാരന്‍ സ്തംഭിച്ചിരുന്നുപോകുന്ന രീതിയില്‍ '10 മിനിറ്റ്സ് 38 സെക്കന്റ്സ് ഇന്‍ ദിസ് സ്ട്രേഞ്ച് വേള്‍ഡി'ല്‍ ഒരു പീഡനരംഗം ഷഫാക് ചിത്രീകരിക്കുന്നുണ്ട്. അഞ്ചു വയസ്സുകാരിയായ ലൈലയെ അവളുടെ മാതൃസഹോദരന്‍ പീഡിപ്പിക്കുന്ന രംഗം ലൈലയെപ്പോലെത്തന്നെ വായനക്കാരേയും വീര്‍പ്പുമുട്ടിക്കുന്നു. പുസ്തകം അടച്ച് ഒരു നിമിഷം വായനക്കാരന്‍ ചിന്താകുലനായി തീരുന്നു. ലൈല എന്ന കുട്ടിയുടെ ദുരന്തം ആ നിമിഷം മുതല്‍ ആരംഭിക്കുന്നു. 


''തനിക്കൊരിക്കലും ഓര്‍ക്കാന്‍ കഴിയുമെന്ന് അവള്‍ ചിന്തിക്കുകപോലും ചെയ്യാത്ത കാര്യങ്ങള്‍ അവള്‍ ഓര്‍ത്തെടുക്കുന്നു. കാലവും ഓര്‍മ്മകളും വേര്‍തിരിച്ചെടുക്കാനാവാത്തവിധം ഒഴുകുകയാണ്.'' ഹൃദയസ്പന്ദനം നിലച്ച ശേഷമുള്ള ആദ്യ സെക്കന്റില്‍ തന്റെ മൃതദേഹം കണ്ടെത്തിയ തെരുവുബാലന്മാരെ ഒരു സംഭാഷണമധ്യേ ലൈല ഓര്‍ക്കുന്നു. അവളുടെ സ്വര്‍ണ്ണച്ചെയിനും മോഷ്ടിച്ച് ഇതൊരു തല്ലിപ്പൊളി വേശ്യയാണ് എന്നാക്രോശിച്ച് അവര്‍ രംഗം വിടുന്നത് അവള്‍ മനസ്സിലാക്കുന്നുണ്ട്. അവളുടെ തലച്ചോര്‍ കൂവിയാര്‍ക്കുന്ന ''പൊലീസിനെ അറിയിക്കൂ, കൂട്ടുകാരെ, പൊലീസിനെ അറിയിക്കൂ. അവര്‍ എന്റെ സുഹൃത്തുക്കളെ വിവരമറിയിക്കും.'' പക്ഷേ, ഒന്നും ചെയ്യാതെ അവര്‍ രംഗം വിടുകയാണ്. 
ഉദ്വേഗജനകമാണ് 'ദ എന്‍ഡ്' എന്ന ആമുഖം. ടക്വില ലൈലയുടെ കൊലപാതകികള്‍ ഈ അധ്യായത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മറ്റാര്‍ക്കോ വേണ്ടിയാണ് അവര്‍ കൊലപാതകം നടത്തിയിട്ടുള്ളത്. പക്ഷേ, ഈ സത്യം ലൈലയുടെ ഓര്‍മ്മകളുടെ 38-ാം സെക്കന്റില്‍ മാത്രമേ നാം മനസ്സിലാക്കുകയുള്ളൂ. 

സുഹൃത്ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് എലിഫ് ഷഫാക് തന്റെ പുതിയ നോവലില്‍ കൊടുത്തിട്ടുള്ളത്. സമൂഹത്തില്‍നിന്നു പുറത്താക്കപ്പെട്ടവരോ അല്ലെങ്കില്‍ സ്വയം പുറത്തായവരോ ആണ് നോവലില്‍ ഏറെയും. ടക്വില ലൈലയെ സംബന്ധിച്ചിടത്തോളം അരക്ഷിതമായ ബാല്യവും കൗമാരവും തകര്‍ന്ന കുടുംബ ബന്ധങ്ങളുമാണ് അവളുടെ ദുരന്തത്തിനു കാരണം. അവള്‍ക്ക് പിന്നീട് ലഭിക്കുന്ന അഞ്ച് സുഹൃത്തുക്കളും ഇത്തരത്തില്‍ സമൂഹം പുറംതള്ളപ്പെട്ടവരാണ്. സ്വന്തം കുടുംബത്തില്‍നിന്നു ലഭിക്കാത്ത സ്‌നേഹവും കരുതലുമാണ് ഈ സുഹൃത്ബന്ധങ്ങളിലൂടെ അവര്‍ അനുഭവിക്കുന്നത്. ഈ സൗഹൃദം ചിത്രീകരിക്കുന്നതില്‍ എലിഫ് ഷഫാക് കാണിച്ചിരിക്കുന്ന വൈഭവം ഈ കൃതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. 

മണം, രുചി, ഓര്‍മ്മ 

നോവലിന്റെ ഓരോ അധ്യായവും (ലൈലയുടെ ഓര്‍മ്മകളുടെ ഓരോ മിനിറ്റും) ആരംഭിക്കുന്നത് അവളുടെ ജീവിതവുമായി ബന്ധപ്പെട്ട ഓരോ രുചിയുടെ വിവരണത്തോടെയാണ്. ഹൃദയം നിലച്ച് ആദ്യ മിനിറ്റില്‍ അവള്‍ അനുഭവിക്കുന്നത് ഉപ്പിന്റെ കയ്പുരസമാണ്. ഇത് അവളുടെ ജനനസമയത്തെ ഒരു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവളുടെ കുടുംബത്തിന്റെ ചരിത്രവും നോവലിസ്റ്റ് ചുരുക്കത്തിലെങ്കിലും ഈ ഭാഗത്ത് സൂചിപ്പിക്കുന്നുമുണ്ട്. ജനനശേഷം മിനിറ്റുകളോളം കരയുകയോ മറ്റു ശബ്ദങ്ങളോ ഉണ്ടാക്കാതിരുന്ന അവളെ ഉപ്പില്‍ കിടത്തുകയായിരുന്നു (ഇത് തുര്‍ക്കിയിലെ പഴയൊരു ആചാരമാണ്.) 'ഇവള്‍ ശരിക്ക് കരഞ്ഞോളും'' -പേറ്റിച്ചിയുടെ ഈ വാക്കുകള്‍ അറം പറ്റിയപോലെയാണ് സംഭവിച്ചത്. ആദ്യഭാര്യയില്‍ സന്താനങ്ങളുണ്ടാകാതിരുന്നത് മൂലം പിതാവ് വീണ്ടും വിവാഹം കഴിച്ചിരുന്നു. ബിനാസ് എന്ന യഥാര്‍ത്ഥ മാതാവിനു പകരം പിതാവിന്റെ ആദ്യഭാര്യയായ സൂസന്റെ പുത്രിയായാണ് അവള്‍ വളര്‍ന്നത്. ബിനാസിന് രണ്ടാമത് ജനിച്ച പുത്രന്‍ അംഗവൈകല്യമുള്ളവനും അല്പായുസ്സുമായിരുന്നു. തന്റെ യഥാര്‍ത്ഥ മാതാവ് ബിനാസാണെന്ന് ലൈല മനസ്സിലാക്കിയിരുന്നു. ഇതവളെ മാനസികമായി വളരെ വേദനിപ്പിച്ചിരുന്നു. 
തുര്‍ക്കിയിലെ ഉള്‍ഗ്രാമങ്ങളിലൊന്നായ വാന്‍ എന്ന ഗ്രാമത്തിലായിരുന്നു അവളുടെ ജനനം. എല്ലാവിധ അനാചാരങ്ങളും നിലനിന്നിരുന്ന ഗ്രാമം. 

ലൈലയുടെ അടുത്ത ഓര്‍മ്മ പഞ്ചസാരയും ചെറുനാരങ്ങയുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളുടെ ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ കളയുന്നതിന് ഇവയും പശയും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ആ ഭാഗങ്ങളില്‍ പുരട്ടുക എന്നത് ഒരാചാരമായി ഗ്രാമീണര്‍ ചെയ്യാറുണ്ടായിരുന്നു. ഗ്രാമത്തിലെ മുതിര്‍ന്നവരും ചെറുപ്പക്കാരുമായ നിരവധി സ്ത്രീകള്‍ ഒത്തുകൂടിയാണ് ഈ ആഘോഷം. ഇതിനെക്കുറിച്ച് വ്യക്തമായ ഓര്‍മ്മ ലൈലക്കുണ്ട്. തുര്‍ക്കി ഗ്രാമങ്ങളുടെ വ്യക്തമായ ഒരു ചിത്രം ഈ ഭാഗങ്ങളില്‍ എലിഫ് ഷഫാക് നമുക്ക് കാട്ടിത്തരുന്നുണ്ട്. കഴിഞ്ഞ തലമുറയിലെ നോവലിസ്റ്റ് യസ്സാര്‍ കഫാലിന്റെ തുര്‍ക്കിഗ്രാമ ചിത്രീകരണം ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ ഭാഗങ്ങള്‍. 

തുര്‍ക്കിയില്‍ സര്‍വ്വസാധാരണവും ഏറ്റവും കടുപ്പവുമുള്ള കാപ്പിയുടെ ഗന്ധം മൂന്നാം മിനിറ്റില്‍ അവള്‍ അനുഭവിക്കുന്നു. തുടര്‍ന്നുള്ള ഓര്‍മ്മകള്‍ ഇസ്താംബൂളിലെ ലൈംഗികത്തൊഴിലാളികളും വേശ്യാത്തെരുവുകളും (തുര്‍ക്കിയില്‍ വേശ്യാലയങ്ങള്‍ നിയമവിധേയമാണ്) ആയി ബന്ധപ്പെട്ടതാണ്. കാലക്രമം തെറ്റിച്ച് അവള്‍ വേശ്യാത്തെരുവില്‍ എത്തിച്ചേര്‍ന്നതിനു പിന്നിലെ കാരണങ്ങളും വിശദീകരിക്കുന്നു. 

തുടര്‍ന്നുവരുന്നത് തണ്ണീര്‍മത്തന്റെ രുചിയാണ്. ഇപ്പോള്‍ നാം പിറകോട്ട് സഞ്ചരിച്ചു തുടങ്ങുന്നു. അഞ്ചുവയസ്സുകാരി ലൈലയും കുടുംബവും അമ്മാവനോടൊപ്പം കടല്‍ത്തീരത്തേയ്ക്ക് വിനോദയാത്ര പോവുകയാണ്. രാത്രി തന്റെ കിടക്കയില്‍ ആരോ ഇരിക്കുന്നത് കണ്ടാണ് അവള്‍ ഞെട്ടിയുണര്‍ന്നത്. അതവളുടെ അമ്മാവനായിരുന്നു. അന്നു തുടങ്ങിയ അയാളുടെ പീഡനം ലൈല കൗമാരപ്രായത്തില്‍ ഗര്‍ഭിണിയാകുംവരെ തുടര്‍ന്നു. തന്റെ ദയനീയാവസ്ഥ അവള്‍ മാതാവിനോട് പറഞ്ഞെങ്കിലും അവര്‍ അത് തള്ളിക്കളയുകയും അവളോട് നിശ്ശബ്ദയായിരിക്കാന്‍ ആവശ്യപ്പെടുകയുമാണുണ്ടായത്. ഇതെല്ലാം എല്ലാ വീടുകളിലും സംഭവിക്കുന്നതാണെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം സഹിക്കേണ്ടിവരുമെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.


എന്നാല്‍, ലൈല പ്രതിഷേധിച്ചു. തന്റെ യുവത്വത്തേയും ശരീരത്തേയും കുറിച്ച് തികച്ചും ബോധവതിയായിരുന്നു അവള്‍. കൂടാതെ അയല്‍പ്പക്കത്തെ സിനാന്‍ എന്ന യുവാവുമായി അവള്‍ സ്‌നേഹത്തിലുമായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്നും തന്നെ ചതിച്ചത് അമ്മാവനാണെന്നും അവള്‍ വിളിച്ചുകൂവി. ഇതേത്തുടര്‍ന്ന് അവളുടെ പഠനം നിലക്കുകയും അവള്‍ വീട്ടുതടങ്കലിലാവുകയും ചെയ്തു. സഹോദരന്‍ മരണപ്പെട്ട രാത്രിയിലാണ് ലൈല, സിനാന്റെ സഹായത്തോടെ തുര്‍ക്കിയിലെ വന്‍ നഗരങ്ങളിലൊന്നായ ഇസ്താംബൂളിലേയ്ക്ക് കടന്നത്. സിനാന്‍ ആയിരുന്നു അവളുടെ പ്രിയ സുഹൃത്തുക്കളില്‍ ഒരാള്‍. ലൈലയ്ക്ക് പിറകെ സിനാനും പിന്നീട് ഇസ്താംബൂളിലെത്തിച്ചേരുകയും അവളുടെ എല്ലാ ദുരന്തങ്ങള്‍ക്കും സാക്ഷിയായിതീരുകയും ചെയ്തു. 

പാമുക്കിന്റേയും ഷെഫാകിന്റേയും 
ഇസ്താംബൂള്‍ 

നൊബേല്‍ സമ്മാന ജേതാവ് ഓര്‍ഹന്‍ പാമുക്ക് തന്റെ നോവലുകളിലൂടെയും 'ഇസ്താംബൂള്‍' എന്ന ലേഖന സമാഹാരത്തിലൂടെയും നമുക്കു കാണിച്ചുതന്ന നഗരത്തിനു നേര്‍വിപരീതമാണ് എലിഫ് ഷഫാക് ചിത്രീകരിക്കുന്ന ഇസ്താംബൂള്‍. ഷഫാകിന്റെ ഇസ്താംബൂളിന് കാല്പനിക ഭാവം തീരെയില്ല. മനുഷ്യത്വമില്ലാത്ത പരുക്കന്‍ നഗരമാണ് ഷഫാകിന്റെ ഇസ്താംബൂള്‍. വാടക കൊലയാളികളുടേയും സ്വവര്‍ഗ്ഗാനുരാഗികളുടേയും നഗരം. ഇവിടെയെത്തിയ ആദ്യദിവസം തന്നെ ലൈല അത് തിരിച്ചറിയുന്നുണ്ട്. നിരാലംബയായി ബസ് സ്റ്റോപ്പില്‍ നിന്ന അവളെ സ്‌നേഹഭാവേന കൂട്ടിക്കൊണ്ടുപോയി തന്റെ ഭാര്യയുടെ സംരക്ഷണത്തിലേര്‍പ്പെടുത്തുന്ന പുരുഷന്‍ തന്നെയാണ് അവളെ നഗരത്തിലെ ഏറ്റവും പ്രശസ്തമായ വേശ്യാലയ ഉടമയായ സ്ത്രീക്ക് വില്‍പ്പന നടത്തുന്നത്. 

വേശ്യാലയത്തിലെ അന്തേവാസിയായി കഴിയുന്ന കാലത്താണ് ലൈലക്ക് തന്റെ സുഹൃത്തുക്കളെ ലഭിക്കുന്നത്. നലന്‍ എന്ന ട്രാന്‍സ്ജെന്‍ഡറായ സ്ത്രീയാണ് അവളുടെ ജീവിതത്തിലേയ്ക്ക് ആദ്യം കടന്നുവരുന്നത്. പിന്നീട് സൈനബ്, ജമീല, ഹുമൈറ എന്നിവരും. സിനാന്‍ നേരത്തെ തന്നെ നഗരത്തില്‍ എത്തിയിരുന്നു. ഈ അഞ്ചുപേരുടേയും പൂര്‍വ്വകഥകള്‍ നോവലിസ്റ്റ് തന്നെ വിവിധ ഘട്ടങ്ങളിലായി നമുക്കു പറഞ്ഞുതരുന്നുണ്ട്. 

10 മിനിറ്റ് 38 സെക്കന്റ് എന്ന ചുരുങ്ങിയ കാലയളവിനെക്കുറിച്ച് ബോധവതിയാണ് നോവലിസ്റ്റ്. ഈ ചുരുങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയുടെ പതനത്തിന്റെ കഥയും അവളുടെ കുടുംബത്തിന്റേയും കഥയുമാണ് പറയുന്നതെന്ന ബോധത്തോടെ ചെറിയ അധ്യായങ്ങളായി തിരിച്ച് മിനിറ്റുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തി ഷഫാക് കഥ പറയുന്നു. 

പിന്നീട് ചുരുങ്ങിയ കാലത്തേക്ക് തന്റെ ഭര്‍ത്താവായി തീര്‍ന്ന അലി എന്ന യുവാവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ അവള്‍ ഓര്‍ക്കുന്നത് ചോക്കലേറ്റിന്റെ മണവും രുചിയുമാണ്. വിപ്ലവകാരിയായ അലി സ്വരക്ഷ തേടിയാണ് വേശ്യാലയത്തില്‍ എത്തിപ്പെടുന്നത്. വേശ്യാലയം അയാള്‍ക്ക് പരിചിതമല്ല. അതിനാല്‍ത്തന്നെ 'ബിറ്റര്‍മാ' എന്ന ഉടമയായ സ്ത്രീയുടെ ചോദ്യങ്ങള്‍ക്ക് അയാള്‍ക്കു മറുപടി നല്‍കാനും കഴിഞ്ഞില്ല. പെട്ടെന്നവിടെയെത്തിയ ലൈലയാണ് അയാള്‍ തന്നെ കാണാന്‍ വന്നതാണെന്നും അയാള്‍ തന്റെ പഴയ സുഹൃത്താണെന്നും പറഞ്ഞ് അയാളെ തന്റെ മുറിയിലേക്കു കൊണ്ടുപോകുന്നത്. പിന്നീട് പല പ്രാവശ്യം അലി ലൈലയെ സന്ദര്‍ശിച്ചു. പെട്ടെന്നാണ് താന്‍ അവളില്‍ പ്രേമബദ്ധനാണെന്നും തന്നെ വിവാഹം കഴിക്കണമെന്നും അലി ലൈലയോട് ആവശ്യപ്പെടുന്നത്. ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ലൈല അയാളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നു. 

ലൈലയുടെ വിവാഹം ആഘോഷപൂര്‍വ്വമായാണ് അന്തേവാസികളും സുഹൃത്തുക്കളും കൊണ്ടാടിയത്. പക്ഷേ, അതിനു വലിയ ആയുസ്സൊന്നുമുണ്ടായിരുന്നില്ല. അമേരിക്കന്‍ സൈന്യം തുര്‍ക്കിയില്‍ താവളമടിക്കുന്നതിന് എതിരെ നടത്തിയ ഒരു പ്രക്ഷോഭത്തില്‍ വെച്ച് അലി അപ്രത്യക്ഷനാകുന്നു. പട്ടാളത്തിന്റെ വെടിവെപ്പില്‍ അയാള്‍ കൊല്ലപ്പെട്ടോ, അതോ തടവുകാരനായോ എന്നൊന്നും തീര്‍ച്ചയില്ല. അയാള്‍ക്കായുള്ള അന്വേഷണത്തില്‍ ലൈലയുടെ അഞ്ച് സുഹൃത്തുക്കളും പങ്കെടുക്കുന്നുണ്ട്. പക്ഷേ, പിന്നീടൊരിക്കലും അവര്‍ക്കയാളെ കണ്ടെത്താനായില്ല. 

10 മിനിറ്റ് കഴിഞ്ഞ് 38-ാം സെക്കന്റിലാണ് തന്റെ കൊലപാതകത്തിനെക്കുറിച്ച്, മാള്‍ട്ട് വിസ്‌കിയുടെ മണത്തിന്റേയും രുചിയുടേയും അകമ്പടിയോടെ ലൈല ഓര്‍ക്കുന്നത്. നഗരത്തിലെ വന്‍കിട ഹോട്ടലുകളിലേക്ക് ലൈല സാധാരണ പോകാറില്ല. പക്ഷേ, ബിറ്റര്‍മായുടെ നിര്‍ബ്ബന്ധം മൂലവും മണിക്കൂറുകള്‍ക്കകം വരുന്ന പണത്തിന്റെ വലുപ്പവും വലിയ സമ്മര്‍ദ്ദമാണ് ലൈലയില്‍ ചെലുത്തിയത്. ഹോട്ടല്‍ മുറിയിലെത്തിയ ലൈലയ്ക്ക് വിചിത്രമായ അനുഭവങ്ങളാണ് നേരിടേണ്ടിവന്നത്. നഗരത്തിലെ കോടീശ്വരനായ ഒരാളുടെ പുത്രനാണ് മുറിയില്‍ അവളെ കാത്തിരുന്നത്. സുന്ദരിയായ ഒരു പെണ്‍കുട്ടിയുമായി അയാളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. പക്ഷേ, അയാള്‍ക്ക് സ്ത്രീകളുമായുള്ള ലൈംഗികബന്ധത്തില്‍ താല്പര്യമുണ്ടായിരുന്നില്ല. തന്റെ ചങ്ങാതിയുമായുള്ള അടുപ്പം അയാളെ സ്വവര്‍ഗ്ഗാനുരാഗിയാക്കി മാറ്റിയിരുന്നു. പിതാവ് തന്നെയാണ് വേശ്യാസ്ത്രീകളെ അയാള്‍ക്കുവേണ്ടി ഏജന്റുമാര്‍ മുഖേന ഒരുക്കുന്നതെന്നും ലൈല ഇങ്ങനെ ഒരുക്കപ്പെടുന്ന നാലാമത്തെ സ്ത്രീയാണെന്നും അയാള്‍ തന്നെ അവളെ അറിയിക്കുന്നു. അയാളോട് സഹതാപം തോന്നിയ ലൈല അയാളില്‍നിന്നു പണമൊന്നും പറ്റാതെ, അയാള്‍ വരുത്തിക്കൊടുക്കുന്ന മാള്‍ട്ട് വിസ്‌കി മാത്രം കഴിച്ച് മുറി വിടുന്നു. തിരിച്ച് വേശ്യാലയത്തിലേയ്ക്ക് പോകുമ്പോഴാണ് അവള്‍ കൊല്ലപ്പെടുന്നത്. പുത്രന്റെ ദൗര്‍ബ്ബല്യം പുറത്തറിയാതിരിക്കാന്‍ ധനികനായ പിതാവ് ഒരുക്കിയ കെണിയായിരുന്നു അത്. ലൈലയ്ക്ക് മുന്‍പ് മൂന്നു സ്ത്രീകള്‍ ഈ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. 

ചവറ്റുകുട്ടയില്‍ കിടന്ന് അടുത്ത ദിവസത്തെ പത്രങ്ങളിലും വാര്‍ത്താചാനലുകളിലും പ്രത്യക്ഷപ്പെടുന്ന തലക്കെട്ടുകളെക്കുറിച്ച് ടക്വില ലൈല ഓര്‍ക്കുന്നുണ്ട്: ''വേശ്യാസ്ത്രീ ചവറ്റുതൊട്ടിക്കുള്ളില്‍ മരിച്ച നിലയില്‍; ഒരു മാസത്തിനിടെ നാലാമത്തെ കൊലപാതകം. നഗരത്തിലെ ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ ഭീതി പടരുന്നു.''
ഇസ്താംബൂളിലെ ലൈംഗിക തൊഴിലാളികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് 1980-കള്‍ മുതലാണ്. ഇവര്‍ രാജ്യത്തിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും മലിന പ്പെടുത്തുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 20-ാം നൂറ്റാണ്ടിന്റെ അവസാന 50 വര്‍ഷങ്ങളിലായാണ് നോവലിന്റെ സംഭവങ്ങള്‍ നടക്കുന്നത്. ലൈംഗികത്തൊഴിലാളികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷധമുയര്‍ന്നതിനെ തുടര്‍ന്ന് 1990-ല്‍ തുര്‍ക്കി പീനല്‍കോഡില്‍ ഭേദഗതി വരുത്തുകയും അതിക്രമങ്ങള്‍ ശിക്ഷാര്‍ഹമാണെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അതിലൊന്നായിരുന്നു ലൈലയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം. മുഖത്തൊഴിക്കാന്‍ അക്രമി കൊണ്ടുവന്ന ആസിഡ് ലൈല തെന്നിമാറിയതുമൂലം അവളുടെ പിന്‍വശത്തായിരുന്നു വീണത്. 

തന്റെ കൊലപാതകത്തെക്കുറിച്ചുള്ള ഓര്‍മ്മകളോടെ അവളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു തുടങ്ങി. തുടര്‍ന്ന് കടുത്ത ഇരുട്ടു മാത്രമായിരുന്നു അവള്‍ക്ക് അനുഭവപ്പെട്ടത്. എലിക് ഷഫാക് എന്ന നോവലിസ്റ്റിന്റെ സര്‍ഗ്ഗചൈതന്യം ഏറ്റവുമധികം തിളങ്ങിനില്‍ക്കുന്ന ഭാഗമാണ് 'ദ മൈന്‍ഡ്' എന്ന ആദ്യഭാഗം. 

'ദ ബോഡി', 'ദ സോള്‍' എന്നീ അവസാന രണ്ട് ഭാഗങ്ങളില്‍ നോവലിസ്റ്റ് നേരിട്ട് കഥ പറയുകയാണ്. ആദ്യ ഭാഗത്തിന്റെ ശില്പഭംഗിയോ ആവിഷ്‌കാര രീതിയിലെ പുതുമയോ ഒന്നും ഈ ഭാഗങ്ങള്‍ക്ക് അവകാശപ്പെടാനാവില്ല. ആരും ഏറ്റെടുക്കാനില്ലാത്ത ലൈലയുടെ മൃതദേഹം പൊലീസ് അനാഥര്‍ക്കായുള്ള ശ്മശാനത്തില്‍ അടക്കം ചെയ്തു. എന്നാല്‍, ലൈലയുടെ സുഹൃത്തുക്കള്‍ക്ക് ഇതു സഹിക്കാനായില്ല. ലൈലയ്ക്ക് മാന്യമായ ഒരു വിശ്രമസ്ഥലം ഏര്‍പ്പെടുത്തിക്കൊടുക്കുക തങ്ങളുടെ കടമയാണെന്ന് അവര്‍ കരുതി. ഇതിനായുള്ള ഭ്രാന്തമായ ശ്രമം പരാജയപ്പെടുകയായിരുന്നു. തനിക്ക് ജലത്തില്‍ അന്ത്യവിശ്രമം കൊള്ളണമെന്ന് ലൈല ഇടയ്‌ക്കൊക്കെ പറയാറുള്ളത് സൈനബ് ഓര്‍ത്തു. തുടര്‍ന്ന് അവര്‍ അവളുടെ മൃതദേഹം ബോസ്ഫറസ് പാലത്തില്‍നിന്നു കടലിലേക്കൊഴുക്കി. 

സ്ത്രീകളുടെ ജീവിതം എക്കാലത്തും അരക്ഷിതാവസ്ഥയിലായിരുന്നുവെന്നു വ്യക്തമാക്കുകയാണ് '10 മിനിറ്റ്സ് 38 സെക്കന്റ്സ് ഇന്‍ ദിസ് സ്ട്രെയ്ഞ്ച് വേള്‍ഡ്'' എന്ന നോവലില്‍ എലിഫ് ഷഫാക്. സ്വന്തം പ്രാണനും മാനവും നശിപ്പിക്കാനായി നഗരങ്ങളിലെത്തിപ്പെടുന്ന സാധാരണ സ്ത്രീകള്‍ എങ്ങനെ വിനാശകരമായ അന്ത്യത്തിലേയ്ക്ക് എത്തിപ്പെടുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടോ മൂന്നോ പേജുകളിലായി ഷഫാക് വിവരിക്കുന്ന ലൈലയുടെ സുഹൃത്തുക്കളുടെ കഥകള്‍ ഈ സത്യമാണ് വെളിപ്പെടുത്തുന്നത്. മികച്ച വായനാനുഭവം നല്‍കുന്ന നോവലാണ് '10 മിനിറ്റ്സ് 38 സെക്കന്റ്സ് ഇന്‍ ദിസ് സ്ട്രെയ്ഞ്ച് വേള്‍ഡ്' എന്ന് നിസ്സംശയം പറയാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com