ഓഫ്സൈഡ് വീണ്ടും ഓര്‍മ്മയിലെത്തുമ്പോള്‍: ടി സുരേഷ് ബാബു എഴുതുന്നു

വര്‍ഷങ്ങള്‍ക്കു മുന്‍പ് സംവിധായകന്‍ ജാഫര്‍ പനാഹി തന്റെ സിനിമയിലൂടെ ഉയര്‍ത്തിയ പ്രതിഷേധത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നാണ് ഇറാനില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഓഫ്സൈഡ് വീണ്ടും ഓര്‍മ്മയിലെത്തുമ്പോള്‍: ടി സുരേഷ് ബാബു എഴുതുന്നു

ര്‍ഷങ്ങള്‍ക്കു മുന്‍പ് സംവിധായകന്‍ ജാഫര്‍ പനാഹി തന്റെ സിനിമയിലൂടെ ഉയര്‍ത്തിയ പ്രതിഷേധത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നാണ് ഇറാനില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തന്റെ ഇഷ്ട ക്ലബ്ബ് കളിക്കുന്ന ഫുട്ബോള്‍ മത്സരം കാണാന്‍ വെമ്പല്‍ പൂണ്ട ഒരു ഇറാനിയന്‍ യുവതിയുടെ ദാരുണാന്ത്യം അധികമാരും ശ്രദ്ധിക്കാത്ത ഒരു വാര്‍ത്തയായി ഈയിടെ (ഈ സെപ്റ്റംബറില്‍) നമ്മളെ കടന്നുപോയി. ഇറാനിലെ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ കടക്കാനാണ് അവള്‍ ശ്രമിച്ചത്. പുരുഷന്റെ വേഷം ധരിച്ച്, വിലക്കുള്ള സ്ഥലത്ത് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് അവളുടെമേല്‍ ചാര്‍ത്തിയത്. അവള്‍ക്കെതിരെ ഇസ്ലാമിക ഭരണകൂടം കേസെടുത്തു. കോടതിക്കു പുറത്തുവെച്ച് ദേഹത്ത് തീ കൊളുത്തിയ ആ പെണ്‍കുട്ടിയെ മരണം കവര്‍ന്നു. ഫുട്ബാളിന്റെ ആരവങ്ങളില്ലാത്ത മറ്റൊരു ലോകമാണ് അവള്‍ക്ക് വിധിക്കപ്പെട്ടത്. 

കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ സഹര്‍ ഖൊദയാരി എന്ന ഇരുപത്തിയൊമ്പതുകാരി ചോദ്യം ചെയ്യല്‍ വേളയില്‍ കുറ്റം സമ്മതിച്ചെന്നും അങ്ങനെയൊന്ന് സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിച്ചെന്നുമാണ് അധികൃതരുടെ ഭാഷ്യം. എന്തായാലും, കോടതി വിചാരണയ്‌ക്കോ ശിക്ഷാവിധിക്കോ കാത്തുനില്‍ക്കാതെ തന്റെ മോഹം ഈ ഭൂമിയില്‍ത്തന്നെ അവശേഷിപ്പിച്ച് സഹര്‍ യാത്രയായി. സഹറിന്റെ മാത്രം സ്വപ്നമല്ല ഇവിടെ എരിഞ്ഞടങ്ങിയത്. ഇറാനിലെ ആയിരക്കണക്കിനു പെണ്‍കുട്ടികളുടെ അഭിലാഷമാണത്. ആ അഭിലാഷ പൂര്‍ത്തീകരണത്തിലേയ്ക്കുള്ള ഇറാനിയന്‍ യുവതികളുടെ സാഹസികതയാണ് 2006-ല്‍ ജാഫര്‍ പനാഹി 'ഓഫ്സൈഡ്' എന്ന സിനിമയില്‍ പകര്‍ത്തി ലോകത്തെ കാണിച്ചത്. 

ബ്ലൂ ഗേള്‍  

ഇറാന്‍ ഇസ്ലാമിക റിപ്പബ്ലിക്കായ ശേഷം 1981-ലാണ് സ്ത്രീകളുടെ പല സ്വാതന്ത്ര്യങ്ങള്‍ക്കും വിലക്കു വീണത്. ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ അവര്‍ക്ക് പോകാനാവില്ല. അത് കേസെടുക്കാവുന്ന കുറ്റമാണ്. ഫുട്ബോള്‍ മത്സരം കാണാന്‍ വിലക്ക് ലംഘിച്ച്, പുരുഷവേഷത്തില്‍ സ്റ്റേഡിയത്തില്‍ കടക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു സഹറിന്റെ പേരില്‍ ചാര്‍ത്തിയിരുന്ന കുറ്റം. എസ്തെഗ്ലാല്‍ എഫ്.സി. എന്ന ഫുട്ബാള്‍ ടീമിന്റെ ആരാധികയായിരുന്നു അവള്‍. 1945-ല്‍ ടെഹ്റാനില്‍ രൂപംകൊണ്ട എസ്തെഗ്ലാല്‍ എഫ്.സി. ടീമിന്റെ ജഴ്സിയുടെ നിറം നീലയാണ്. അതുകൊണ്ടുതന്നെ സഹറിന് ഒരു വിളിപ്പേരുണ്ടായിരുന്നു - ബ്ലൂ ഗേള്‍. വൈരുദ്ധ്യമെന്നുതന്നെ പറയാം, സഹര്‍ പ്രവേശിക്കാന്‍ ശ്രമിച്ച ടെഹ്റാനിലെ സ്റ്റേഡിയത്തിന്റെ പേര് 'ആസാദി' (സ്വാതന്ത്ര്യം ) എന്നാണ്. അവള്‍ ആരാധിച്ചിരുന്ന ഫുട്ബോള്‍ ടീമിന്റെ പേരിനും 'സ്വാതന്ത്ര്യം' എന്നുതന്നെയാണ് അര്‍ത്ഥം. തനിക്ക് രണ്ടു വര്‍ഷമെങ്കിലും ജയില്‍ശിക്ഷ കിട്ടിയേക്കും എന്നു ഭയന്നാണ് സഹര്‍ ആത്മാഹുതി ചെയ്തത് എന്നാണ് ഇറാനില്‍നിന്നുള്ള പുതിയ വാര്‍ത്തകള്‍. 

ജാഫര്‍ പനാഹി
ജാഫര്‍ പനാഹി

സഹറിന്റെ ദുരന്തത്തെക്കുറിച്ച് പനാഹിയുടെ പ്രതികരണം നമുക്കറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും, 2006-ല്‍ സ്ത്രീപക്ഷത്തുനിന്ന് താന്‍ ഉയര്‍ത്തിവിട്ട ഒരു വിഷയം തന്റെ ജന്മനാട്ടില്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണല്ലോ എന്ന് അദ്ദേഹം വ്യസനിക്കുന്നുണ്ടാവുമെന്ന് തീര്‍ച്ച. 2005-ല്‍ ടെഹ്റാനില്‍ നടന്ന ഫുട്ബോള്‍ മത്സരം കാണാന്‍ ഇറാന്റെ ദേശീയ പതാകയുടെ മൂവര്‍ണ്ണം മുഖത്ത് തേച്ച്, പുരുഷവേഷത്തില്‍ സ്റ്റേഡിയത്തില്‍ കടക്കാന്‍ തുനിഞ്ഞ ആറ് പെണ്‍കുട്ടികളുടെ സാഹസിക നീക്കങ്ങളും അവരുടെ പരാജയവുമാണ് 'ഓഫ്സൈഡി'ല്‍ പനാഹി ഉയര്‍ത്തിക്കാണിച്ചത്. 2006-ലെ ലോകകപ്പ് ഫുട്ബോളിന്റെ ക്വാളിഫൈയിങ് റൗണ്ടിലേയ്ക്കുള്ള ഇറാന്റെ മത്സരമാണ് അന്നവിടെ നടന്നത്. ബഹ്റൈനെ മറുപടിയില്ലാത്ത ഒരു ഗോളിന് ഇറാന്‍ തോല്‍പ്പിച്ച അസുലഭ മുഹൂര്‍ത്തത്തിന്റെ വികാരഭരിതവും ഉജ്ജ്വലവുമായ കാഴ്ചയാണ് ആ പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെട്ടുപോയത്. ദയാലുവായ ഒരു സൈനികന്റെ റണ്ണിങ് കമന്ററി കേട്ട്, സ്റ്റേഡിയത്തില്‍നിന്നു പുറത്തേയ്ക്ക് അലയടിച്ച ആരവങ്ങളില്‍ കുറച്ചൊക്കെ ആഹ്ലാദിച്ച്, അവര്‍ക്ക് തൃപ്തിയടയേണ്ടിവന്നു. 

സഹര്‍
സഹര്‍

വൈറ്റ് ബലൂണ്‍, ദി മിറര്‍ എന്നീ ആദ്യകാല സിനിമകള്‍ക്കുശേഷം സ്ത്രീകളുടെ പ്രശ്‌നങ്ങളും വേദനകളും ആവശ്യങ്ങളും പനാഹി അതിശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയത് രണ്ടായിരാമാണ്ടില്‍ പുറത്തുവന്ന 'ദി സര്‍ക്കിള്‍' എന്ന ചിത്രത്തിലൂടെയാണ്. സ്‌ക്രീനിലെ ഇരുട്ടില്‍ നവജാത ശിശുവിന്റെ കരച്ചില്‍ കേള്‍പ്പിച്ചാണ് പനാഹി ഈ സിനിമ തുടങ്ങുന്നത്. ഒരു ജയിലിനകത്തെ ആശുപത്രിയിലാണ് പ്രസവം. അതൊരു പെണ്‍കുഞ്ഞാണെന്ന വെളിപ്പെടുത്തലോടെ വെളിച്ചത്തിന്റെ ഒരു ചതുരം പനാഹി നമ്മുടെ മുന്നില്‍ തുറന്നിടുന്നു. പക്ഷേ, സിനിമയുടെ യാത്ര മുഴുവന്‍ ഇരുട്ടില്‍ വിലപിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലൂടെയാണ്. ആര്‍ക്കും വേണ്ടാത്തവരായി മാറുന്ന, നിരാലംബരായ പെണ്‍കുഞ്ഞുങ്ങളുടെ വേദനയാണ് ഈ ചിത്രം പകര്‍ത്തുന്നത്. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങില്‍ ആണ്‍കുഞ്ഞിനെയാണല്ലോ കണ്ടത് എന്നു പറഞ്ഞാണ് പ്രസവിച്ച സ്ത്രീയുടെ അമ്മ ആകുലപ്പെടുന്നത്. ആണ്‍കുഞ്ഞിനെ നല്‍കാനാവാത്തതിനാല്‍ തന്റെ മകളെ അവളുടെ ഭര്‍ത്താവ് ഉപേക്ഷിച്ചേക്കുമോ എന്ന ഭയം അവര്‍ക്കുണ്ട്. 

'ദ സര്‍ക്കിളി'നു ശേഷമാണ് ഇറാന്റേത് മാത്രമായ ഒരു ഗൗരവ പ്രശ്‌നം - ഫുട്ബോള്‍ പ്രേമികളായ വനിതകളോടുള്ള വിവേചനം - പനാഹി ലോകശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത്. ഫുട്ബോളിനോടുള്ള ചെറുപ്പക്കാരികളുടെ ആവേശവും വിലക്ക് ലംഘിക്കാനുള്ള നിശ്ചയദാര്‍ഢ്യവും മാത്രമല്ല, അവരുടെ 'അനുസരണക്കേട്' രക്ഷിതാക്കളിലുണ്ടാക്കുന്ന അങ്കലാപ്പും ഒരു ഡോക്യുമെന്ററിയുടെ രീതിയില്‍ ചിത്രീകരിച്ച 'ഓഫ്സൈഡ്' എന്ന സിനിമയില്‍ സംവിധായകന്‍ എടുത്തുകാണിക്കുന്നുണ്ട്. 2006-ലെ ലോകകപ്പിനായുള്ള ഇറാന്‍ - ബഹ്റൈന്‍ ക്വാളിഫൈയിങ് മത്സരസമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ വീഡിയോ വഴിയായിരുന്നു ചിത്രീകരണം. അറിയപ്പെടുന്ന അഭിനേതാക്കളെ പനാഹി പാടെ ഒഴിവാക്കി. പകരം, കോളേജ് വിദ്യാര്‍ത്ഥികളേയും അപ്രശസ്തരേയും അഭിനയിപ്പിച്ചു. ചിത്രത്തിന്റെ കൃത്യമായ തിരക്കഥ സമര്‍പ്പിക്കാതെ അധികൃതരെ പനാഹി കബളിപ്പിക്കുകയും ചെയ്തു. ഫുട്ബോള്‍ മത്സരം കാണാന്‍ പോകുന്ന ഏതാനും യുവാക്കളുടെ അനുഭവങ്ങളാണ് തിരക്കഥയില്‍ എഴുതിവെച്ചിരുന്നത്. സംവിധായകനായി തന്റെ സഹസംവിധായകന്റെ പേരും കൊടുത്തു. തന്റെ ആശയപ്രചരണോപാധിയായ സിനിമയ്ക്ക് നിര്‍മ്മാണാനുമതി നേടിയെടുക്കാന്‍ കുറച്ചൊക്കെ ആള്‍മാറാട്ടമാവാം എന്ന നിലപാടാണ് പനാഹി എന്നും സ്വീകരിച്ചുപോന്നിരുന്നത്. 

സ്‌കൂളിലേയ്ക്കു പോയ മകള്‍ വീട്ടില്‍ തിരിച്ചെത്താത്തതില്‍ ബേജാറാവുന്ന ഒരു പിതാവിന്റെ അന്വേഷണത്തില്‍നിന്നാണ്  'ഓഫ്സൈഡി'ന്റെ തുടക്കം. അവള്‍ ഫുട്ബാള്‍ മത്സരം കാണാന്‍ പോയതാവും എന്നാണ് ആണ്‍മക്കള്‍ അയാളോട് പറഞ്ഞത്. അതോടെ അയാളുടെ ഉള്ളില്‍ ആധി പടരുന്നു. ഭരണകൂടത്തിന്റെ രോഷത്തിനിരയാവുന്നത് അയാള്‍ക്ക് ആലോചിക്കാനാവുന്നില്ല. അവളെ എങ്ങനെയെങ്കിലും കണ്ടെത്തി പിന്തിരിപ്പിക്കാനാണ് അയാള്‍ നഗരത്തിലെത്തുന്നത്. കളി കാണാന്‍ പോയതാണെന്ന് ബോധ്യപ്പെട്ടാല്‍ ആണ്‍മക്കള്‍ അവളെ വെച്ചേക്കില്ലെന്ന് അയാള്‍ക്കറിയാം. മത്സരം കാണാന്‍ പോകുന്ന യുവാക്കളുടെ ബസിലാണ് അയാള്‍ ആദ്യം മകളെ തിരയുന്നത്. നിരാശയായിരുന്നു ഫലം. മുഖത്ത് ഇറാന്‍ പതാകയുടെ ചായമടിച്ച്, ആണ്‍കുട്ടിയുടെ വേഷമിട്ട്, തൊപ്പിവെച്ച് ബഹളത്തിലൊന്നും ഉള്‍പ്പെടാതെയിരിക്കുന്ന ഒരു പെണ്‍കുട്ടിയെ മറ്റൊരു ബസില്‍ സംവിധായകന്‍ നമുക്ക് കാട്ടിത്തരുന്നു. ബസിലുള്ള ചിലര്‍ 'അവളെ' തിരിച്ചറിയുന്നുണ്ടെങ്കിലും എതിര്‍പ്പൊന്നും കാണിക്കുന്നില്ല. സ്റ്റേഡിയത്തിലേയ്ക്കുള്ള മറ്റൊരു ബസില്‍ രണ്ടു പെണ്‍കുട്ടികള്‍. ബസിറങ്ങിയതും ക്യാമറ പിന്തുടരുന്നത് ഈ പെണ്‍കുട്ടികളെയാണ്. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് സ്റ്റേഡിയത്തിലെ സൈനികരുടെ കണ്ണുവെട്ടിച്ച് അകത്തു പ്രവേശിക്കാന്‍ കഴിയുന്നില്ല. പിന്നീട് നമ്മള്‍ കാണുന്നത് സൈനികരുടെ പിടിയിലായ പെണ്‍കുട്ടികളെയാണ്. അവര്‍ താണുകേണ് അപേക്ഷിച്ചിട്ടും പുരുഷ സൈനികരുടെ ഹൃദയമലിയുന്നില്ല. 

ഓഫ്‌സൈഡ് എന്ന ചിത്രത്തിലെ രംഗം
ഓഫ്‌സൈഡ് എന്ന ചിത്രത്തിലെ രംഗം

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ 

ഫുട്ബാള്‍ സ്റ്റേഡിയം സ്ത്രീകള്‍ക്കുള്ളതല്ല എന്നാണ് സൈനികരുടെ വാദം. പെണ്‍കുട്ടികളെന്തിനാണ് ഫുട്ബോളിനിത്ര പ്രാധാന്യം കൊടുക്കുന്നത് എന്ന് അവര്‍ക്ക് പിടി കിട്ടുന്നില്ല. ഇതൊരു ജീവന്മരണ പ്രശ്‌നമൊന്നുമല്ലല്ലോ, വീട്ടിലിരുന്ന് ടി.വിയില്‍ കളി കണ്ടാല്‍ പോരായിരുന്നോ എന്നാണ് അവരുടെ ചോദ്യം. ''ഫുട്ബോള്‍ എനിക്കു ഭക്ഷണം പോലെത്തന്നെയാണ്'' എന്നാണ് കൂട്ടത്തില്‍ ഒരുത്തി പറയുന്നത്. താന്‍ ഫുട്ബോള്‍ കളിക്കുമെന്നും അവള്‍ ചങ്കൂറ്റത്തോടെ പ്രഖ്യാപിക്കുന്നു. പരസ്യമായി പുകവലിക്കുന്ന തന്റേടിയായ ഒരു പെണ്‍കുട്ടിയാണ് സൈനികരുടെ ചോദ്യങ്ങളെ ധീരമായി നേരിടുന്നത്. എന്തുകൊണ്ടാണ് സ്റ്റേഡിയത്തില്‍ സ്ത്രീകളെ ഇരിക്കാന്‍ അനുവദിക്കാത്തത് എന്നവള്‍ ചോദിക്കുമ്പോള്‍ ''അങ്ങനെ ഇരിക്കാന്‍ പാടില്ല'' എന്നാണ് സൈനികന്റെ മറുപടി. തുടര്‍ന്ന് അവള്‍ ഉയര്‍ത്തുന്ന കടുത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സൈനികര്‍ക്കാവുന്നില്ല. ''ജപ്പാന്‍കാരികള്‍ കളി കാണാന്‍ ഇരിക്കുന്നുണ്ടല്ലോ'' എന്നായിരുന്നു അവളുടെ ചോദ്യം. കൂടെ മുനവെച്ച മറ്റൊരു ചോദ്യവും അവള്‍ തൊടുത്തു: ''ഞാന്‍ ഇറാനില്‍ ജനിച്ചതാണോ പ്രശ്‌നം?'' ഇവിടെ വിഷയത്തിന്റെ കാതലിലാണ് പനാഹി തൊടുന്നത്. ''സിനിമാ തിയേറ്ററില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചിരിക്കുന്നതോ? അതും ഇരുട്ടത്ത്. ഞങ്ങള്‍ സഹോദരന്മാരോടും പിതാക്കന്മാരോടുമൊപ്പം വന്നാല്‍ സ്റ്റേഡിയത്തില്‍ കയറ്റുമോ?'' ഇങ്ങനെ പോകുന്നു പെണ്‍കുട്ടി ഉന്നയിക്കുന്ന, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. 

ആറു പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഒരുത്തി മാത്രം സുരക്ഷാ സൈനികരുടെ കണ്ണു വെട്ടിച്ച് മത്സരം കണ്ടിട്ടുണ്ട്. അതും ആദ്യ പകുതി മാത്രം. സൈനികവേഷം ധരിച്ചെത്തിയ അവളുടെ കള്ളി പൊളിഞ്ഞതോടെ സ്റ്റേഡിയത്തില്‍നിന്നു പുറത്തു പോരേണ്ടിവന്നു. രണ്ടാം പകുതിയിലാണ് കളി നിര്‍ണ്ണായക വഴിത്തിരിവിലെത്തിയത്. ഇറാന്‍ ഗോളടിച്ചത് അപ്പോഴാണ്. പക്ഷേ, അതു കാണാന്‍ അവള്‍ക്ക് അവസരം കിട്ടിയില്ല. രണ്ടാം പകുതിയിലെ ആ ഒരൊറ്റ ഗോളിന്റെ ബലത്തില്‍ ഇറാന്‍ അടുത്ത റൗണ്ടിലേയ്ക്ക് ക്വാളിഫൈ ചെയ്യപ്പെടുന്നു. സൈനികരുടെ ബസിലിരുന്നു റേഡിയോ കമന്ററി കേട്ടാണ് ഇറാന്റെ വിജയം ആ പെണ്‍കുട്ടികള്‍ ആഘോഷിക്കുന്നത്. 
സിനിമയിലുടനീളം ആറു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ജാഫര്‍ പനാഹി. ഇറാനിലെ മൊത്തം വനിതകളുടെ പ്രാതിനിധ്യമാണ് ആ പെണ്‍കുട്ടികളില്‍ പനാഹി കണ്ടത്. അവരോട് അനുതാപം കാട്ടുന്ന രീതിയിലാണ് സിനിമയുടെ ഇതിവൃത്ത പരിചരണം. പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ട ആ മത്സരം സിനിമയുടെ പ്രേക്ഷകരും കാണേണ്ട എന്ന നിലപാടിലായിരുന്നു പനാഹി. സ്റ്റേഡിയത്തിലെ ബഹളവും റഫറിയുടെ വിസിലും കാണികളുടെ ആഹ്ലാദ പ്രകടനങ്ങളുമെല്ലാം ശബ്ദരേഖയായി മാത്രമേ ആറു പെണ്‍കുട്ടികള്‍ക്കും പ്രേക്ഷകര്‍ക്കും അനുഭവിക്കാന്‍ കഴിയുന്നുള്ളു. ഇടയ്ക്ക് ഒരു സൈനികന്‍ നല്‍കിയ റണ്ണിങ് കമന്ററി പെണ്‍കുട്ടികളെ ഒരുവിധം തൃപ്തിപ്പെടുത്തിയെന്നു മാത്രം. സ്റ്റേഡിയത്തിനകത്ത്, കളിയുടെ ദൃശ്യങ്ങളിലേക്ക് പനാഹിയുടെ ക്യാമറ കടന്നുചെല്ലുന്നില്ല. പുറത്തിരിക്കാന്‍ വിധിക്കപ്പെട്ട ഇറാനിലെ വനിതകളോടൊപ്പമായിരുന്നു പനാഹി. അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതില്‍ അമര്‍ഷം കൊള്ളുകയായിരുന്നു പനാഹി. 

മകളുടെ അനുഭവം  

ജാഫര്‍ പനാഹി ഒരഭിമുഖത്തില്‍ പറഞ്ഞതാണ്. 'ഓഫ്സൈഡ്' എടുക്കുന്നതിന് നാലോ അഞ്ചോ വര്‍ഷം മുന്‍പാണ്. പനാഹി ഏതോ ഫുട്ബാള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലേയ്ക്ക് പുറപ്പെടുന്നു. പതിനൊന്നുകാരിയായ മകള്‍ക്കും അപ്പോള്‍ കൂടെ വരണം. രാജ്യത്തെ കര്‍ക്കശ നിയമങ്ങളെപ്പറ്റി അറിയാവുന്നതുകൊണ്ടുതന്നെ അദ്ദേഹം മകളെ ആദ്യമേ നിരുത്സാഹപ്പെടുത്തി. നിനക്ക് കടക്കാന്‍ അനുമതി കിട്ടില്ലെന്നു പറഞ്ഞിട്ടും അവള്‍ പിന്തിരിഞ്ഞില്ല. ഒടുവില്‍, അച്ഛനും മകളും ഒരു ധാരണയിലെത്തി. തനിക്ക് അനുമതി തന്നില്ലെങ്കില്‍ വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങിപ്പോന്നോളാം എന്നായി അവള്‍. പനാഹി പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു. മകളെ സൈനികര്‍ കവാടത്തില്‍ തടഞ്ഞു. അവള്‍ ഭാവഭേദമൊന്നുമില്ലാതെ പനാഹിയോട് കളി കണ്ടോളാന്‍ പറഞ്ഞു. അവള്‍ക്ക് സങ്കടം വരുമെന്നാണ് അദ്ദേഹം കരുതിയത്. അതൊന്നുമുണ്ടായില്ല. പനാഹിയെ അതിശയിപ്പിച്ചുകൊണ്ട് പത്തു മിനിറ്റിനകം മകള്‍ അതാ സ്റ്റേഡിയത്തിലെത്തുന്നു. ഇതെങ്ങനെ സാധിച്ചു എന്നു ചോദിച്ചപ്പോള്‍ ഒരു ജേതാവിനെപ്പോലെ അവള്‍ പറഞ്ഞു: ''എല്ലാറ്റിനും വഴിയുണ്ട്.'' ഈ വാക്കുകളാണ് പനാഹിയെ 'ഓഫ്സൈഡ്' എന്ന സിനിമയിലേയ്ക്ക് നയിച്ചത്. വിലക്കുകള്‍ ലംഘിക്കാനുള്ള വഴികള്‍ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ കണ്ടെത്തിക്കോളും എന്ന് അദ്ദേഹത്തിനു പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. സൈനികരുടെ ദൃഷ്ടി പതിയാത്തിടങ്ങളിലിരുന്ന് തന്റെ മകളെപ്പോലുള്ള എത്രയോ പെണ്‍കുട്ടികള്‍ കളി ആസ്വദിച്ചിട്ടുണ്ടാകും എന്നുതന്നെയാണ് പനാഹി ഈ സിനിമയില്‍ പറഞ്ഞുവെക്കുന്നത്. 

ദ സര്‍ക്കിള്‍, ഓഫ്സൈഡ് എന്നിവയുള്‍പ്പെടെ പനാഹിയുടെ മിക്ക സിനിമകളും ഇറാനില്‍ നിരോധിച്ചതാണ്. എന്നിട്ടും, പനാഹിയുടെ മൗനാനുവാദത്തോടെ 'ഓഫ്സൈഡി'ന്റെ ഡി.വി.ഡി കള്‍ ഇറാനിലെങ്ങും രഹസ്യമായി പ്രചരിച്ചു. ഇറാനില്‍ ഏറ്റവുമധികമാളുകള്‍ കണ്ട തന്റെ സിനിമ 'ഓഫ്സൈഡാ'ണെന്ന് പനാഹി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 2006-ല്‍ ബര്‍ലിന്‍ മേളയിലെ മികച്ച ചിത്രത്തിനുള്ള സില്‍വര്‍ ബിയര്‍ അവാര്‍ഡ്  'ഓഫ്സൈഡി'നായിരുന്നു.
ലോകമാകെ വാഴ്ത്തിയ 'ഓഫ്സൈഡ്' എന്ന സിനിമയിറങ്ങി 13 വര്‍ഷങ്ങള്‍ക്കുശേഷവും ഇറാനിലെ വനിതകള്‍ക്ക് കളി കാണാനെങ്കിലുമുള്ള സ്വാതന്ത്ര്യം കിട്ടിയോ? ഉത്തരം ഇല്ല എന്നു തന്നെ. അതിന്റെ ഏറ്റവുമൊടുവിലത്തെ തെളിവാണ് സഹര്‍ എന്ന യുവതിയുടെ ആത്മത്യാഗം. ഈ ത്യാഗം നിഷ്ഫലമാവില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഫിഫയും ആംനസ്റ്റി ഇന്റര്‍നാഷണലുമൊക്കെ ഇറാന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വനിതകള്‍ക്കെതിരെ കെട്ടിയുയര്‍ത്തിയ അദൃശ്യമതില്‍ പൊളിച്ചേ തീരൂ എന്ന ആവശ്യത്തിന് ശക്തി ഏറിവരികയാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com