മാര്‍ക്സിസം ആധുനികതാവിമര്‍ശവും വ്യവഹാരങ്ങളും: പ്രിയ വര്‍ഗീസ് എഴുതുന്നു

അശോകന്റെ 'ഉത്തമപാകം' എന്ന പുസ്തകത്തെ' മുന്‍നിര്‍ത്തിയുള്ള പഠനം 
മാര്‍ക്സിസം ആധുനികതാവിമര്‍ശവും വ്യവഹാരങ്ങളും: പ്രിയ വര്‍ഗീസ് എഴുതുന്നു

സാഹിത്യകൃതിയില്‍ കൃതി അറിയാതെ തന്നെ ചരിത്രം ഊറിക്കൂടിയിട്ടുണ്ടാവും.  അങ്ങനെ ഊറിക്കൂടിയ ചരിത്രം മനസ്സിലാക്കാന്‍ കൃതി വായിക്കാം. എന്നാല്‍, ചരിത്രത്തെ വിപ്ലവകരമായി വായിക്കാനുള്ള ചിഹ്നവ്യവസ്ഥയായും സാഹിത്യകൃതികള്‍ക്കു പ്രവര്‍ത്തിക്കാനാവും.  അശോകന്റെ നാലാമത്തെ നോവലായ ഉത്തമപാകത്തില്‍ ഭാഷ പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്.  മ്യൂസിയങ്ങള്‍ ചരിത്രത്തെ അടയാളപ്പെടുത്തിവെയ്ക്കാനുള്ള മനുഷ്യന്റെ ശ്രമമാണ്. അതിലെ തിരഞ്ഞെടുപ്പുകള്‍, പ്രകാശവിതാനങ്ങള്‍, വസ്ത്രാലങ്കാരങ്ങള്‍, അടിക്കുറിപ്പുകള്‍ ഇവയിലെല്ലാം നിലനില്‍ക്കുന്ന വ്യവസ്ഥയുടെ സ്വാധീനങ്ങള്‍ തീര്‍ച്ചയായും പ്രവര്‍ത്തിക്കും. പാര്‍ട്ടി മുന്‍കയ്യോടെ കണ്ണൂരില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ഒരു കമ്യൂണിസ്റ്റ് മ്യൂസിയത്തിന്റെ കഥ അശോകന്‍ പറയുമ്പോള്‍ അതില്‍ മുഴങ്ങുന്നത് ചരിത്രത്തെ വസ്തുവല്‍ക്കരിക്കാനുള്ള താല്പര്യമല്ല, മറിച്ച് വ്യവസ്ഥയെ വിപ്ലവകരമായി മാറ്റിത്തീര്‍ക്കേണ്ടതെങ്ങനെ എന്ന ആലോചനകളാണ്.
    

മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം ആധുനികതയുടെ വിചാരമാതൃകകളോടുള്ള തീക്ഷ്ണമായ കലഹങ്ങളെ ഉള്‍വഹിച്ചിരുന്നുവെങ്കിലും അതിന്റെ പ്രയോഗമാതൃകകള്‍ പലപ്പോഴും ഈ കലഹങ്ങളെ നേര്‍പ്പിച്ചിരുന്നുവെന്ന വിമര്‍ശനം പില്‍ക്കാല മാര്‍ക്സിസ്റ്റ് പഠിതാക്കള്‍ പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.  മാര്‍ക്സിസ്റ്റ് ചേരുവകളുടെ ഉത്തമപാകം എന്താണെന്ന അന്വേഷണമാണ് ഒരര്‍ത്ഥത്തില്‍ നോവലിസ്റ്റ് നടത്തുന്നത്.

ചരിത്രരചനകളും കഥപറച്ചിലും
മ്യൂസിയത്തിന്റെ കഥ പറയുന്ന നോവലില്‍ ചരിത്രരചനയുടെ രീതിശാസ്ത്രവും സ്വാഭാവികമായും  വിമര്‍ശനവിധേയമാവുന്നു. ശരീരത്തില്‍ അനുഭവിച്ചറിഞ്ഞ കഥയല്ല വാക്കുകളില്‍ ഒളിച്ചുവെച്ച കഥയെന്നും വാക്കുകളില്‍ ഒളിച്ചുവെച്ച കഥയല്ല വസ്തുക്കളില്‍ ഒളിച്ചുവെച്ച കഥയെന്നും വിളിച്ചുപറഞ്ഞുകൊണ്ടാണ് അത് സാധിക്കുന്നത്.  വ്യക്തികള്‍ മാത്രമല്ല ഇവിടെ കഥ മെനയുന്നത്. സ്വപ്നങ്ങളും കലാസൃഷ്ടികളും അടിക്കുറിപ്പുകളും വസ്തുക്കളും എല്ലാം ചേര്‍ന്നാണ്. ഓര്‍മ്മകളുടെ ശേഖരമായ മ്യൂസിയമാണ് നോവലിന്റെ കഥാപരിസരം. ശിക്ഷണവ്യവസ്ഥയായി മാറുന്ന ഓര്‍മ്മകള്‍ അതിന്റെ താല്പര്യത്തെ യാഥാര്‍ത്ഥ്യമായി മെനഞ്ഞെടുക്കുകയും ചെയ്യും. എ.കെ.ജിയും പാലോറമാതയും അവരുടെ പശുക്കിടാവും കേരളത്തിലെ പാര്‍ട്ടി ചരിത്രത്തില്‍ പുരാവൃത്തതുല്യമായ മാനങ്ങള്‍ കൈവരിച്ച ഒന്നാണ്.  ഇതിനെ മ്യൂസിയം പ്രദര്‍ശനവസ്തുവായി അവതരിപ്പിക്കുമ്പോള്‍ നല്‍കാവുന്ന അടിക്കുറിപ്പുകളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നോവല്‍ ആഖ്യാനം ഇങ്ങനെ അവതരിപ്പിക്കുന്നു:
''എ.കെ.ജി. പേരാവൂര്‍ അങ്ങാടിയില്‍ പാലോറമാതയുടെ പശുക്കിടാവിനെ ലേലം ചെയ്യുന്നു''
''എ.കെ.ജി. പാലോറ മാതയുടെ പശുക്കിടാവിനെ ലേലം ചെയ്യുന്നു''
''പാലോറമാതയുടെ പശുക്കിടാവിനെ ലേലം ചെയ്യുന്ന എ.കെ.ജി.''
''എ.കെ.ജി. പശുക്കിടാവിനെ ലേലം ചെയ്യുന്നു''
പശുക്കിടാവിനെ ലേലം ചെയ്യുന്ന എ.കെ.ജി.
-ഭാഷയുടെ ചട്ടക്കൂടിനകത്ത് വാക്കുകളെ മാറ്റിയും മറിച്ചും ഘടിപ്പിക്കുമ്പോള്‍ അവയിലെ വാക്കിന്റെ നിലകളില്‍ ഒളിപ്പിച്ച ഊന്നലുകളും അവഗണനകളും പുറത്തുവരുന്നതെങ്ങനെയെന്നാണ് ഈ അടിക്കുറിപ്പുകളുടെ കഥ നമ്മോട് പറയുന്നത്.  മ്യൂസിയം ഗവേഷകസംഘം ഇ.എം.എസ്സിന് നല്‍കാന്‍ എഴുതിവെച്ച വിശേഷണങ്ങള്‍ വിമലിന് അമ്പരപ്പുണ്ടാക്കുന്നുണ്ട്.  ''സ്‌നേഹാര്‍ദ്രമായ സരളദ്രുമം, കമ്യൂണിസ്റ്റ് മഹര്‍ഷി, ശുദ്ധവചനങ്ങളുടെ പൂന്തോട്ടം'' എന്നൊക്കെ സാഹിതീയതയുടെ ശബ്ദബഹളങ്ങളായിരുന്നു  അവയിലെല്ലാം.
വിമോചനസമരം എന്നതിലെ അര്‍ത്ഥശൂന്യമായ വിമോചനപദം എടുത്തുമാറ്റി അതിനെ 'ചുവപ്പുവെള്ളിയാഴ്ചകള്‍' ആക്കുന്നതും വീടെത്താന്‍ രണ്ടു ചുവടുള്ളപ്പോള്‍ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റിനെ പാമ്പു വിഴുങ്ങിയ; രണ്ടു സോഷ്യലിസ്റ്റുകള്‍ തമ്മില്‍ നടത്തിയ ഏണിയും പാമ്പും കളിയായി ആ 'ചുവപ്പുവെള്ളിയാഴ്ചകളെ' അടയാളപ്പെടുത്തുന്നതുമെല്ലാം ഭാഷാനിര്‍മ്മിതികളെക്കുറിച്ചുള്ള  ഗൗരവമാര്‍ന്ന ചിന്തകളാണ്.
ആശയങ്ങള്‍ക്ക് കയറിസഞ്ചരിക്കാനുള്ള വാഹനങ്ങള്‍ മാത്രമല്ല ഉത്തമപാകത്തില്‍ വാക്കുകള്‍.  അവിടെ അത് ആശയങ്ങളെ നിര്‍മ്മിക്കുന്ന ജൈവികതയായി പ്രകാശം പരത്തുന്നു.  വിലയിടിച്ചുപറഞ്ഞു; അളന്നു പറഞ്ഞു; എടുത്തുകെട്ടിയുള്ള പറച്ചില്‍; ശരപ്പെട്ട വാക്കുകള്‍ എന്നിങ്ങനെ വാക്കിന്റെ ഭാവത്തേയും വെളിപ്പെടുത്തുന്നു. മ്യൂസിയത്തിന് 'ഓര്‍മ്മയന്ത്രം' എന്ന വാക്ക് നിര്‍മ്മിക്കുന്നു.  ഓര്‍മ്മപ്പണ്ടം, വാക്കോണുകള്‍, വേവുപാകം, പടര്‍മരങ്ങള്‍, വേവുസമയം, വീട്ടോര്‍മ്മ, വീട്ടുചിത്രം, വീട്ടടുക്കള, തയ്പുയന്ത്രം, തിളവെള്ളം, ഒരുക്കുകൂട്ടലുകള്‍, വെപ്പുകട്ടികള്‍, എടുപ്പുതുണികള്‍, കോരുതൊട്ടി, ചേര്‍പ്പുവിദ്യ, വേവുകാലം, നില്‍പ്പുസ്ഥലം എന്നൊക്കെ സമസ്തപദങ്ങളുടെ കരുത്തുകാട്ടുന്നു.
''പുഴുങ്ങിയ നൂലിന്റെ കുമറുന്ന വേവുമണവും തളംകെട്ടിനില്‍ക്കുന്ന ചായത്തിന്റെ രൂക്ഷഗന്ധവും കൊണ്ട് അവിടുത്തെ അന്തരീക്ഷം നിറഞ്ഞിരിക്കും'' എന്ന് നെയ്ത്തുകാരുടേതു മാത്രമായ വാക്കറിവുകളെ നാണയപ്പെടുത്തുന്നു.


''അവന്റെ ചെറുതോണി തോട്ടിന്റെ പള്ളയിലുണ്ടാക്കുന്ന തേവുശബ്ദത്തിനായി അവള്‍ കാതുവെച്ചു.'' ''തോണിയുണ്ടാക്കുന്ന അലപ്പും തേവും കേട്ടു'' എന്നുമൊക്കെ ഒരു സമൂഹത്തോടൊപ്പം കെട്ടുപോയ ഭാഷയുടെ മണവും നിറവും ശബ്ദവും തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സുഗന്ധിയായ ഭാഷയാണ് അശോകന്റേത്.

കഥാശരീരത്തില്‍ തന്നെയുള്ള വ്യത്യസ്ത ആഖ്യാനങ്ങള്‍ വ്യത്യസ്ത പാഠങ്ങളെ നിര്‍മ്മിക്കുന്നതും കാണാം. ചിലപ്പോള്‍ അവ പരസ്പര പൂരകങ്ങളാകുന്നു.  ചിലപ്പോള്‍ ഇടയുന്നു. ആഖ്യാനം അങ്ങനെ ആധുനികതയുടെ സമഗ്രതാശാഠ്യങ്ങളില്‍നിന്നും മുന്നോട്ടുപോകുന്നു.  വിമലിന്റെ അമ്മ പറയുന്ന പാഠത്തില്‍ സുജാത എന്ന നെയ്ത്തുകാരി പെണ്‍കുട്ടി, കുടുംബത്തിലെ ആണിന്റെ ആസക്തിയില്‍ എരിഞ്ഞടങ്ങിയ സാധുവാണ്. ''എനിക്കറിയാം രാമന്‍ അവനാണ് അതിനെ വശീകരിച്ചുകെടുത്തിയത്'' എന്ന് അമ്മ സഹതപിക്കുന്നു.
എന്നാല്‍, വിമലിന്റെ ഭാര്യ രേഖയുടെ പാഠത്തില്‍ സുജാത തറികളുടെ നാടായ കണ്ണൂരില്‍ നേര്യതുണ്ടാക്കുന്ന, നൂലിന്റെ വേവുപാകങ്ങളും വര്‍ണ്ണങ്ങളുടെ ചേര്‍പ്പുപാകങ്ങളും കൃത്യമായി അറിയുന്ന ജ്ഞാനനിര്‍മ്മാതാവാണ്.  നാട്ടുചികിത്സയിലുള്ള തന്റെ അറിവുകൊണ്ട് പൊലീസ് മര്‍ദ്ദനത്തിനിരയായ സഖാക്കളെ രക്ഷപ്പെടുത്തുന്നവളും അധികാരത്തിലിരിക്കുന്ന ആണുങ്ങള്‍ ശൂവായിപ്പോകുന്ന പൊറാട്ടുപാട്ടുകള്‍ പാടുന്ന വിപ്ലവകാരിയും ആണ്. യാഥാര്‍ത്ഥ്യത്തിന്റെ നിര്‍മ്മാണവിദ്യ കഥപറച്ചിലാണെന്ന ബോധ്യത്തിലേക്കാണ് ഈ പാഠങ്ങള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്.

കാഴ്ചയുടെ കോയ്മയും ഗന്ധങ്ങളുടെ കലാപവും
ഉത്തമപാകത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ വിമല്‍ ലൈറ്റിംഗ് ഡിസൈനറാണ്. പ്രകാശത്തെക്കുറിച്ചുള്ള വിമലിന്റെ ആലോചനകള്‍ നിഴലും വെളിച്ചവും ചേര്‍ന്നാണ് കാഴ്ചയെ നിര്‍മ്മിക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. വെളിച്ചപ്രകാരങ്ങള്‍ കാഴ്ചയേയും മാറ്റിമറിക്കും. ദൃശ്യങ്ങള്‍ യാഥാര്‍ത്ഥ്യത്തെ മറച്ചുവെയ്ക്കാനുള്ള ഉപാധികൂടിയാവാം എന്നാണ് വീട്ടുഫോട്ടോഗ്രാഫുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.  കാണിച്ച ക്രൂരതകളും കണ്ണുനീരും ഒന്നും വെളിപ്പെടുത്താതെ ഭാവനകളും നുണകളും ചേര്‍ന്ന് നിര്‍മ്മിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായി അവ ചുമരില്‍ തൂങ്ങുന്നു.  ആധുനികതയുടെ പ്രതിനിധാനങ്ങള്‍ കൂടിയായിരുന്നു ആ വീട്ടുഫോട്ടോഗ്രാഫുകള്‍.
ഉത്തരാധുനിക കാലത്ത്, ഇല്ലാത്ത കാമുകനോടൊപ്പമുള്ള ഒരു മെഴുകുതിരിയത്താഴത്തിന്റെ ചിത്രം ഫോട്ടോഷോപ്പിന്റെ സഹായമില്ലാതെ തന്നെ തത്സമയം എന്നു തോന്നിപ്പിക്കുംവിധം എടുത്ത് ഒരു വ്യാജ പ്രണയകഥ കാഴ്ചക്കാരിലേക്ക് എങ്ങനെ എത്തിക്കാം എന്നതിന്റെ സാങ്കേതിക ഉപദേശങ്ങള്‍ 'യൂട്യൂബില്‍' ലഭ്യമാണ്.  നമ്മള്‍ സന്തോഷമായിരിക്കുന്നതിലല്ല, സന്തോഷമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിലാണ് നമ്മുടെ സംതൃപ്തി എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഈ പ്രകരണത്തിലാണ് ഉത്തമപാകത്തിലെ ഗന്ധങ്ങളുടെ കലാപം പ്രസക്തമാകുന്നത്.  ഉത്തമപാകം മണമുള്ള നോവലാണ്. കഥാപാത്രമായ രേഖയെ എന്നതുപോലെ തങ്ങളേയും മത്തുപിടിപ്പിക്കുന്ന ഒരുപാട് മണങ്ങള്‍ അതിന്റെ ആഖ്യാനം വായനക്കാരെ അനുഭവിപ്പിക്കുന്നുണ്ട്.

രേഖയെ മത്തുപിടിപ്പിക്കുന്ന മണം അമ്മമ്മയായ കല്ല്യാണിയുടെ മണമാണ്, പാലമരത്തിന്റെ മണമാണ്. പാലമരച്ചുവട്ടില്‍ കെട്ടിയിട്ട് വായിലും ഗുഹ്യാവയവത്തിലും കുഴമണ്ണ് തിരുകി കഴുത്തുഞെരിച്ചും ഭേദിച്ചും ശ്വാസംകെടുത്തി അച്ചാച്ചന്‍ കൊന്ന അമ്മമ്മയ്ക്ക് രേഖയുടെ ഓര്‍മ്മകളില്‍ ചോരയും മണ്ണും പൂക്കളും കുഴഞ്ഞ മണമായിരുന്നു.  ആ പാലമരം മുറിച്ചുമാറ്റപ്പെട്ടത് രേഖയുടെ കൗമാരത്തിലാണ്.
''നറുമണമുള്ള പൂവിതള്‍ ഞെരിച്ചാല്‍ കിട്ടുന്ന മണമായി, ചോരയും ലോഹനനുപ്പും കുഴഞ്ഞ മണമായി, ചെളിയില്‍ പൂഴ്ന്ന മരത്തിന്റെ മണമായി, മരണത്തിന്റെ മണമായി'' അത് രേഖയെ ആവേശിച്ചു. മത്തുപിടിപ്പിച്ചു, ഉന്മാദിയാക്കി.

തന്റെ സ്വപ്നത്തിന്റെ മണമായി, ലോകത്തിന്റെ മണമായി, തന്നില്‍ എപ്പോഴുമുള്ള മണത്തെക്കുറിച്ച് സഖാവ് മാധവന്‍ എഴുതുന്നുണ്ട്. അടിയാളനായ, ദരിദ്രനായ വെള്ളയുടെ വീട്ടില്‍ വെള്ളയുടെ മകള്‍ കാരയുടെ ഈറ്റുപായയില്‍ അവള്‍ ഒഴുക്കിയ ചോരയുടേയും സ്രവത്തിന്റേയും മണം പുതച്ചുറങ്ങിയ രാത്രിയെക്കുറിച്ചാണ് ആ എഴുത്ത്. ഉറക്കത്തില്‍ അയാള്‍ അതൊന്നും അറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ ആ 'നാറ്റം' കഴുകിക്കളയാന്‍ അയാള്‍ ആഗ്രഹിച്ചെങ്കിലും വെള്ള വീട്ടില്‍ ആകെയുണ്ടായിരുന്ന പായയാണ് തനിക്ക് സമ്മാനിച്ചതെന്നറിഞ്ഞപ്പോള്‍ ഈറ്റുപായ തനിക്കായി ഒഴിഞ്ഞുതന്ന ആ അമ്മയോടും കുഞ്ഞിനോടും അയാള്‍ എന്നേക്കും സ്‌നേഹം പറഞ്ഞു.  തന്നെ വിവേകിയും സുന്ദരനുമാക്കിയതിന് എന്നേക്കും കടം പറഞ്ഞു.  മണംകൊണ്ട് നിര്‍മ്മിച്ച ഓര്‍മ്മയായി അയാള്‍ അത് കൊണ്ടുനടന്നു.
മണംകൊണ്ട് നിര്‍മ്മിച്ച ഈ ഓര്‍മ്മകളൊന്നും വാസനത്തൈലങ്ങള്‍ക്ക് മറച്ചുവെക്കാനാവുന്നവയല്ല.  ഫോട്ടോഗ്രാഫുകളിലോ വീഡിയോയിലോ അതിനെ തളച്ചിടാനാവില്ല.  ഉത്തമപാകത്തിന്റെ പേജുകള്‍ക്ക് നല്‍കിയിരിക്കുന്ന കൃത്രിമ ഗന്ധവുമല്ല അത്.  മനുഷ്യരെ വിവേകികളും സുന്ദരികളും സുന്ദരന്മാരും ഉന്മാദികളുമാക്കിക്കൊണ്ട് ഓര്‍മ്മകളില്‍ പടര്‍ന്നുകയറിയ കലാപസ്വഭാവമുള്ള മണത്തിന്റെ മഹാപ്രപഞ്ചമാണത്.

നോവലിന്റെ അവസാനം സേതുരാമനും വിമലും കാണുന്ന വ്യത്യസ്ത മാനങ്ങള്‍ ഉള്ള സ്വപ്നങ്ങള്‍: അച്ഛന്റേയും പറശ്ശിനിമുത്തപ്പന്റേയും എ.കെ.ജി.യുടേയും ചുവരില്‍ തറപ്പിച്ച ഫോട്ടോകളും മുള്ളന്‍പന്നിയേയും ചേര്‍ത്തുവെച്ച് നിധിന്‍ തീര്‍ക്കുന്ന ഇന്‍സ്റ്റലേഷന്‍; അലക്സാണ്ടര്‍ കോസലോപ്പോവിന്റെ ഹീറോ, ലീഡര്‍, ഗോഡ്-ശില്പം, വേരാ ലിന്റന്റെ പാട്ട്; ഹൊയേളിന്റെ മാര്‍ക്സ് ശില്പം; നിധിന്റെ അച്ഛന്‍ മിഷനറിമാരില്‍നിന്നും പഠിക്കുന്ന ഘടികാര നിര്‍മ്മാണവിദ്യ; മലബാറിന്റെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെട്ടിരുന്ന നെയ്ത്തുഗ്രാമം: പട്ടാളബാരക്കുകള്‍; ഗില്ലറ്റിന്‍; ഫോട്ടോഗ്രാഫുകള്‍; സിംഗര്‍ തയ്യല്‍മെഷ്യന്‍ എല്ലാം ചേര്‍ന്ന് രാഷ്ട്രീയചരിത്രത്തെ പൂരിപ്പിക്കുന്ന കലാചരിത്രവും വസ്തുചരിത്രവും ഉത്തമപാകം മുന്നോട്ടുവെയ്ക്കുന്നുണ്ട്.  കഥ തന്നെ ചരിത്രമാകുന്ന വായനാനുഭവത്തിലേക്ക് അത് നമ്മെ എത്തിക്കുന്നു.

വിവാഹം, ലൈംഗികത, കമ്പോളം
ഞങ്ങളുടെ നാട്ടില്‍ റഷ്യയുടെ മാനസാന്തരത്തിനും കമ്യൂണിസ്റ്റുകാരുടെ സര്‍വ്വനാശത്തിനും വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചിരുന്ന ഒരു വല്യമ്മച്ചിയുണ്ടായിരുന്നു. വിമോചനസമരത്തില്‍ പങ്കെടുത്ത പള്ളിക്കുഞ്ഞാടുകളില്‍ ഒരാളായിരുന്നു വല്ല്യമ്മച്ചി. കമ്യൂണിസ്റ്റുകാരോടുള്ള തന്റെ വ്യക്തിവിരോധത്തിനു കാരണമായി അവര്‍ പറഞ്ഞിരുന്നത്, ''കമ്യൂണിസ്റ്റുകാര്‍ക്ക് സ്വകാര്യസ്വത്തില്‍ വിശ്വാസമില്ല, അതുകൊണ്ട് അവര്‍ സ്വന്തം ഭാര്യയെ അന്യന് കാഴ്ചവെക്കാന്‍ മടിക്കാത്ത കൂട്ടരാണ്'' എന്നായിരുന്നു. വീടും സ്ഥലവും പോലെ കൈമാറ്റം ചെയ്യാവുന്ന ഒരു വസ്തുവായി പെണ്ണിനേയും മനസ്സിലാക്കിയിരുന്ന ഒരുകാലത്തിന്റെ അവബോധത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്ന ഒരാരോപണമായിരുന്നിരിക്കണം വല്യമ്മച്ചി ഉന്നയിച്ചത്.

കേരളത്തിന്റെ നവോത്ഥാന ചിന്തകളില്‍ വിവാഹത്തിനു വിമോചനാത്മകമായ പരിവേഷം ലഭിച്ചിരുന്നതായി നമുക്കറിയാം. വിധവാ പുനര്‍വിവാഹമായാലും പ്രണയവിവാഹമായാലും എല്ലാം വിമോചനത്തിലേക്കുള്ള പന്ഥാവായിരുന്നു എന്നതാണ് ആ കാലത്തിന്റെ യാഥാര്‍ത്ഥ്യം. എന്നാല്‍, വിവാഹം എന്ന സ്ഥാപനത്തില്‍ നിലനിന്നിരുന്ന ആണ്‍കോയ്മയെ വേണ്ടതുപോലെ വിശകലനം ചെയ്യാനോ വിവാഹത്തിനു പുറത്തുള്ള ഒരു സ്ത്രീകര്‍ത്തൃത്വത്തെ മനസ്സിലാക്കാനോ അംഗീകരിക്കാനോ ആ കാലത്തിന് എത്രത്തോളം കഴിഞ്ഞിരുന്നു എന്ന ചിന്തയ്ക്ക് ഇന്ന് പ്രസക്തിയുണ്ട്. കാലത്തിന്റെ ഈ പരിമിതികള്‍ കേരളത്തിലെ മാര്‍ക്സിയന്‍ വ്യവഹാരങ്ങളേയും സ്വാധീനിച്ചിരുന്നു.

താന്‍ ജയിലിലേക്ക് പോകുമ്പോള്‍ ഭാര്യയെ സുഹൃത്തിനു ഭരമേല്പിച്ചുപോകുന്ന രണ്ടിടങ്ങഴിയിലെ കഥാപാത്രത്തിന്റെ ഭാര്യ കൈമാറ്റം ചെയ്യപ്പെടാവുന്ന വസ്തുവല്‍ക്കരിക്കപ്പെട്ട പെണ്ണാണെങ്കില്‍ അതിനു ബദലായ ഒരു കഥാപാത്രസങ്കല്പമാണ് ഉത്തമപാകത്തിലെ 'മാതു'വില്‍ നമുക്ക് കാണാനാവുക. രക്തസാക്ഷി കുട്ട്യപ്പയുടെ വിധവയായ അവളെ ബന്ധുക്കള്‍ രാമനെ ഏല്പിച്ചുകൊടുക്കുകയായിരുന്നില്ല.  അവള്‍ രാമനെ തേടിച്ചെല്ലുകയായിരുന്നു. പക്ഷേ, ലജ്ജയും പരവേശവും കൊണ്ട് അവളുടെ മുന്നില്‍നിന്നും അവന്‍ ഓടിപ്പോവുകയാണുണ്ടായത്. അവള്‍ പിന്നെയാരെയും തേടിപ്പോയില്ല. തേടിവന്നവരെ അവള്‍ ആട്ടിയോടിച്ചു.
ഉത്തമപാകത്തിന്റെ പതിന്നാലാം അദ്ധ്യായത്തില്‍ കമ്യൂണിസ്റ്റ് ദമ്പതിമാരായ ഗൗരിയുടേയും ഗോപാലന്റേയും കഥ നമുക്ക് വായിക്കാം. മ്യൂസിയം ക്യൂറേറ്ററായ വിമല്‍ തന്റെ ഭാര്യ രേഖ പറയുന്ന കഥകളില്‍നിന്നാണ് ഗോപാലനേയും ഗൗരിയേയും അറിയുന്നത്.  മച്ചിന്‍പുറത്ത് ഒളിച്ചുപാര്‍ക്കാനെത്തിയ സഖാവിനു തന്നെത്തന്നെ വിട്ടുകൊടുക്കാന്‍ മാത്രം അലിവാര്‍ന്നവളായിരുന്നു ഗൗരി. അവളുടെ അലിവില്‍, ഉദാരമനസ്സില്‍ ആദരവും അഭിമാനവുമായിരുന്നു ഗോപാലന്. എന്നാല്‍, ഗൗരിയിലെ കമ്യൂണിസ്റ്റുകാരിയേയോ സ്ത്രീയേയോ മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത, രതിയറിയാത്ത സഖാവ് അവളെ ഒരു വസ്തുവായിത്തന്നെ മനസ്സിലാക്കി. മുതലാളിത്തം ലൈംഗികതയെ അപരത്വത്തിലേക്കുള്ള തുറവിയായല്ല കണ്ടത്. മറിച്ച് കമ്പോളത്തിലെ ചരക്കായും ഒളിഞ്ഞുനോക്കാവുന്ന അശ്ലീലമായും അതിനെ വിലകെടുത്തിക്കണ്ടു. മുതലാളിത്തത്തിന്റെ അതേ യാന്ത്രികയുക്തിയാണ് 'ഗോപാലനറിയണ്ട' എന്ന്  അടക്കംപറയുന്ന ഗൗരിയുടെ മടിയില്‍ പിച്ചക്കാശ് തിരുകുന്ന സഖാവിലും പ്രവര്‍ത്തിക്കുന്നത്.  ''ഗൗരി, ഗോപാലന്‍, അവരുടെ മകള്‍ സുലോചന, സുലോചനയുടെ മകള്‍ ആശ, കമ്യൂണിസ്റ്റുകാര്‍ക്ക് നടന്നുതീര്‍ക്കാനാവാത്ത ലോകമാണ് അവരുടേത്'' എന്നാണ് രേഖയുടെ കഥയോട് വിമലിന്റെ പ്രതികരണം.

രേഖയുടെ ഭാവനയ്ക്ക് ഗൗരിയെ മെനഞ്ഞെടുക്കാന്‍ കഴിയുമായിരുന്നുവെങ്കിലും അമ്മമ്മയെ ജാരശങ്ക മൂലം അച്ചാച്ചന്‍ കൊന്നിട്ട വൃക്ഷച്ചുവട്ടില്‍ ഉരഞ്ഞുപൊട്ടിയ ഉടലാണ് രേഖയുടെ അനുഭവയാഥാര്‍ത്ഥ്യം.  രേഖയുടെ അച്ഛന്റെ അച്ഛന്‍ വലിയ കുമാരന്‍ താന്‍ ഇല്ലാത്തപ്പോള്‍ രഹസ്യക്കാരെ വെച്ചെന്ന് കുറ്റപ്പെടുത്തി ഭാര്യയെ പാലമരത്തിനു കെട്ടിയിട്ട് വായിലും ഗുഹ്യാവയവത്തിലും കുഴമണ്ണ് തിരുകി കഴുത്തുഞെരിച്ചും ഭേദിച്ചും ശ്വാസം കെടുത്തുകയായിരുന്നു. ദാമോദരനിലും പാട്ടബാക്കിയിലും നിലച്ചുപോയ കമ്യൂണിസ്റ്റായിരുന്നു വലിയ കുമാരന്‍. എന്നാല്‍ രേഖയുടെ അച്ഛന്‍ കുമാരന്‍ ഗൗരിയുടെ മകള്‍ സുലോചനയ്ക്ക് കൂട്ടായിരുന്നു. സഖാവായി ആളുകളെ സേവിച്ചും സഹായിച്ചും കഴിയാന്‍ സാഹസിയായ, സൈക്കിളില്‍ പോയി പാര്‍ട്ടി പത്രത്തിന്റെ വിതരണക്കാരിയും പഠനത്തോടൊപ്പം വായനശാലാ നടത്തിപ്പുകാരിയായും വളര്‍ന്ന; കൂട്ടംകൂടിവന്ന ആണുങ്ങളെ തന്റെ അറിവില്‍ നിസ്സാരരാക്കിയ തന്റേടിയായിരുന്നു സുലോചന.
ഐക്യകേരള പ്രസ്ഥാനത്തിനുവേണ്ടി പാട്ടുകെട്ടാന്‍ പോയ അച്ഛന്‍ തീര്‍ത്തും അവഗണിച്ചതുകൊണ്ട് സിംഗര്‍ തയ്യല്‍മെഷീനു മുന്നിലെ സാങ്കല്പിക കൂട്ടുകാരിയോട് സല്ലപിച്ചു നാള്‍ കഴിച്ച അമ്മയോര്‍മ്മകളാണ് വിമലിനും കൂട്ട്. ''അയാളുടെ മനസ്സില്‍ മറ്റു പലതുമായിരുന്നു; വലിയ വലിയ ആശയങ്ങളും അതിന്റെ നടത്തിപ്പുകളും. സ്വപ്നാടകനായ അയാള്‍ക്ക് അമ്മയുടെ വിരിച്ചിട്ട മുടിയും ഉയര്‍ത്തിവെച്ച മാറിടവും തിറമുള്ള നഗ്‌നതയും അശ്ലീലക്കാഴ്ചകളായിരുന്നു. ദേശമായിരുന്നു അയാളുടെ സ്വപ്നവും ഭാവനയും. അയാളുടെ ദേശഭാവനയില്‍ ഉടുത്തൊരുങ്ങിവരുന്ന അയാളുടെ പെണ്ണിന് ഇടമില്ലായിരുന്നു.''

കോര്‍ജാന്‍ ഹൈറ്റ്സിലെ സമ്പന്നമായ തന്റെ വസതിയില്‍ കിടപ്പുരോഗിയായി കഴിയുന്ന വൃദ്ധനും മുന്‍ കമ്യൂണിസ്റ്റ് നേതാവുമായ ദാസ്, ദാസിനെ ശുശ്രൂഷിക്കാനെത്തുന്ന മേരി, മരിച്ചുപോയ തന്റെ ഭാര്യ ഭവാനിയുടെ പേരു ചൊല്ലിയാണ് ദാസ് മേരിയെ വിളിക്കുന്നതെന്ന അറിവില്‍ സാമ്പത്തിക ചിന്തകളാല്‍ ആകുലരായി ദാസിന്റെ ഓരോ ശരീരചലനങ്ങളേയും വിദേശങ്ങളിലിരുന്നു നിയന്ത്രിക്കുന്ന മക്കള്‍ ഇവരെല്ലാം കുടുംബം, വിവാഹം എന്നീ സ്ഥാപനങ്ങളുടെ നേര്‍ക്കുള്ള രൂക്ഷമായ ആക്ഷേപഹാസ്യമാവുന്നു.
നമ്മുടെ ലൈംഗികതാ വ്യവഹാരങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരുന്ന ആണധികാരത്തെക്കുറിച്ചും അതിന്റെ പരിമിതികളെക്കുറിച്ചും മഹാമായയും നിധിനും ബോംബെ ദോസ്തുമൊക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന ആഖ്യാനപരിസരം വ്യക്തതയുണ്ടാക്കുന്നു. മൊഹത്സെന്നിന്റേയും ആശലിന്റേയും കഥ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഉപപാഠമാവുന്നു.

പ്രപഞ്ചവും മനുഷ്യനും പ്രപഞ്ചത്തിലെ മനുഷ്യനും
അന്യവല്‍ക്കരിക്കപ്പെട്ട അദ്ധ്വാനത്തെക്കുറിച്ചും പ്രകൃതിയില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യനെക്കുറിച്ചും ചിന്തിക്കുന്ന ഒരു പാരിസ്ഥിതിക പാഠവും ഉത്തമപാകത്തിലുണ്ട്.  ''മനുഷ്യരുടെ ചൂടുവെപ്പിലും ആശ്ലേഷത്തിലും കൈവേലയിലും അയിരിനും കിട്ടത്തിനും  വന്ന രൂപാന്തരങ്ങളെക്കുറിച്ച്, ധൂര്‍ത്തിലൂടെ മലമായി മാറുന്ന അധ്വാനത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച്'' നോവല്‍ ആലോചിക്കുന്നുണ്ട്.

രക്തസാക്ഷി കുട്ട്യപ്പയുടെ ഭാര്യയായ മാതുവിനു കൂട്ടായെത്തുന്ന പൂച്ചയില്‍നിന്നും പിന്നീട് ഒരുപാട് പൂച്ചകള്‍ക്ക് അഭയമായി മാറുന്ന അവളുടെ വീട്ടില്‍നിന്നും തുടങ്ങുന്നു നോവലിലെ പാരിസ്ഥിതിക ചിന്തകള്‍ എന്നു പറയാം. കുട്ട്യപ്പയുടെ മരണശേഷം വീട്ടിലേക്ക് തോണിയേറി വന്ന ഒരു പൂച്ച മാത്രമായിരുന്നു അവള്‍ക്ക് പിന്നീട് തുണ.  പൂച്ചയുടെ സാമീപ്യമവളെ താനൊറ്റയ്ക്കല്ലെന്ന് ചിന്തിപ്പിച്ചു. പൂച്ച മരിച്ചതില്‍ പിന്നെ അവള്‍ക്ക് അവന്റെ ഓര്‍മ്മ വേണമെന്ന് തോന്നി. കഴുത്തിലെ പണ്ടമുരുക്കി അവള്‍ അവന്റെ രൂപമുണ്ടാക്കി.  കുട്ട്യപ്പയുടെ അസ്ഥിശകലത്തോടൊപ്പം വിലമതിക്കാനാവാത്ത ഓര്‍മ്മപ്പണ്ടമായി അവള്‍ അതും സൂക്ഷിച്ചുവെച്ചു. പൂച്ചയും കുട്ട്യപ്പയും മാതുവും ഇവിടെ തമ്മില്‍ തമ്മിലും ഒറ്റപ്പെട്ടവരല്ല.  പാരസ്പര്യത്തിന്റെ നിറവാണ് അവരെ പൂര്‍ണ്ണരാക്കുന്നത് 

പക്ഷികളോ മൃഗങ്ങളോ തങ്ങളുടെ മരിച്ച സഹജീവികളെ സംസ്‌കരിക്കുകയോ ഓര്‍മ്മിക്കുകയോ ചെയ്യാറില്ല. എന്നാല്‍ മനുഷ്യര്‍ അങ്ങനെ അല്ല. ആചാരപരമായ ശവസംസ്‌കാരത്തിന്റെ തുടക്കം മുതലാണ് മനുഷ്യസംസ്‌കാരത്തിന്റെ മഹാപ്രയാണം തുടങ്ങുന്നതെന്നു പറയാം. തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരണത്തെ അതിജീവിച്ച് പൂക്കളായോ കിളികളായോ തങ്ങളെ തേടിവന്നിരുന്നുവെങ്കില്‍ എന്ന ആഗ്രഹചിന്ത ഭൗതികവാദികളില്‍പ്പോലും ഉണ്ടായെന്നിരിക്കും.

വീട്ടുവളപ്പിലെ പാലമരം മുറിച്ചുവില്‍ക്കുന്നത് കൗമാരക്കാരിയായ രേഖയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നുണ്ട്.  നഗ്‌നയായി മരത്തെ കെട്ടിപ്പുണര്‍ന്നു നില്‍ക്കുന്ന രേഖയുടെ ചിത്രം മിത്തിക്കല്‍ മാനങ്ങളുള്ളതാണ്. രേഖയുടെ അമ്മ സ്ഥലംവിറ്റു പോകുമ്പോള്‍ ഇളയമ്മമാരുടെ കുഴിമാടത്തില്‍ വിരിഞ്ഞുനില്‍ക്കുന്ന സെന്റുംപൂവിന്റെ മണം ഉള്ളിലേക്കാവാഹിക്കുന്നത് അവരുടെ ശരീരഗന്ധങ്ങളായിത്തന്നെയാണ്.  വിമലിന്റെ അമ്മ നെയ്ത്തുകാരിയായ സുജാത നെയ്ത വസ്ത്രങ്ങളെക്കുറിച്ച് ''ഈ തുണിയിഴയില്‍ അവളുടെ ശ്വാസമുണ്ട്'' എന്നു പറയുമ്പോഴും നാമനുഭവിക്കുന്നത് ഇതേ പാരസ്പര്യബോധമാണ്.  ഈ പാരസ്പര്യബോധം ആത്മീയതയിലോ പരിസ്ഥിതി ചിന്തകളിലോ മാത്രമുള്ളതല്ല, മാര്‍ക്സിന്റെ ചിന്തകളിലും ഉണ്ടായിരുന്നതാണ്. മാര്‍ക്സിസ്റ്റുകള്‍ പലപ്പോഴും അത് കാണാതെ പോയെന്നു മാത്രം.

മനുഷ്യനെ പ്രകൃതിയുടെ ഉടമയാക്കി മാറ്റിയത് മുതലാളിത്തമാണ്.  മുതലാളിത്തത്തിന്റെ ഏറ്റവും ശക്തമായ വിമര്‍ശനം ഉള്ളടങ്ങിയിരിക്കുന്നത് മാര്‍ക്സിസത്തിലാണ് എന്നതുകൊണ്ട് തന്നെ പരിസ്ഥിതിവാദത്തിനും മാര്‍ക്സിസത്തിനുമിടയില്‍ പരസ്പരം നിഷേധിച്ചുകൊണ്ടല്ലാതെ നിലനില്‍ക്കാവുന്ന ഒരിടം തീര്‍ച്ചയായും സാധ്യമാണ്.  അപ്പോഴും മനുഷ്യവിമോചനത്തെക്കുറിച്ച് പറഞ്ഞ മാര്‍ക്സിസം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വരുത്തേണ്ടതാണെന്നു കരുതിയിരുന്നില്ല.  പ്രകൃതിയെ കീഴടക്കുന്നതിലൂടെയാണ് പുരോഗതി സാധ്യമാവുന്നതെന്ന പ്രബുദ്ധതയുടെ (എന്‍ലൈറ്റ്മെന്റ്) യുക്തി തന്നെയാണ് മാര്‍ക്സിസത്തിനുമുള്ളതെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം കുമാരന്മാരുടെ അടുപ്പില്‍ മലര്‍ന്നുകിടന്നുവേവുന്ന ആമ ''തീയല്ല എന്നെ പൊള്ളിക്കുന്നത് മനുഷ്യനാണ്'' എന്ന് ആത്മഗതം നടത്തുന്നതിനെ വിലയിരുത്താന്‍.

രേഖയുടെ അച്ഛന്‍ കുമാരന്‍ പ്രപഞ്ചത്തിന്റെ നിഗൂഢതകളെ തൊഴിലാളികള്‍ക്കു മുന്നില്‍ തുറന്നുകാട്ടാന്‍ ആകാശഗോളങ്ങളുടേയും ആകാശവാഹനങ്ങളുടേയും ചിത്രങ്ങള്‍ സ്ലൈഡുകളായി പ്രദര്‍ശിപ്പിച്ചു നടന്ന ആളാണ്.  വിമോചനാത്മകമായിരുന്നു ആ പ്രവൃത്തി.  നവോത്ഥാനത്തിന്റെ മഹാസംരംഭങ്ങളെയെല്ലാം തള്ളിപ്പറഞ്ഞുകൊണ്ട് പ്രകൃതിയിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്യുന്ന ചരിത്രവിരുദ്ധമായ പാരിസ്ഥിതിക സങ്കല്പങ്ങളേയും പ്രശ്നവല്‍ക്കരിക്കുന്ന നോവലാണ് ഉത്തമപാകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com