വാസ്തു നിയമങ്ങളും നിരീക്ഷണങ്ങളും: ഡോ. പിവി ഔസേഫ്

വാസ്തു നിയമങ്ങളും നിരീക്ഷണങ്ങളും: ഡോ. പിവി ഔസേഫ്

സ്ഥൂലമായ ഭൂമിയേയും അതിന്റെ കാന്തിക പ്രഭാവത്തേയും ജൈവികോര്‍ജ്ജത്തേയും വിവേചിച്ച് വിലയിരുത്തുന്നതുപോലെ തന്നെ അല്പക്ഷേത്ര വിഭാഗത്തേയും (ചെറിയ തുണ്ടുഭൂമികളേയും) ഒരുപോലെ തന്നെ വാസ്തുശാസ്ത്രം വിലയിരുത്തുന്നു. അത് വാസ്തുശാസ്ത്ര മാനപ്രമാണങ്ങളുടെ കാര്യത്തില്‍ തൊട്ട്  ആരംഭിക്കുന്നു. വാസ്തുശാസ്ത്രം പരിഗണിക്കുന്ന ഏറ്റവും ചെറിയ അളവുകോല്‍ ഒരു പരമാണുവിന്റെ ദൈര്‍ഘ്യമാണ്. ഇത് നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയുകയില്ലെന്നും ജ്ഞാനികള്‍ക്ക് അകക്കണ്ണുകൊണ്ട് മാത്രം കാണാന്‍ സാധിക്കുന്നതാണ് എന്ന് ശാസ്ത്രഗ്രന്ഥങ്ങളില്‍ നിര്‍ദ്ദേശിക്കുന്നു. നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കുന്ന ഏറ്റവും ചെറിയ മാനദണ്ഡം രഥധൂളിയാണ്. ഈ 'രഥ ധൂളി' ഗൃഹാന്തര്‍ ഭാഗത്ത് മേല്‍ക്കൂരയുടെ വിടവിലൂടെ അകത്തു പ്രവേശിക്കുന്ന  സൂര്യപ്രകാശത്തില്‍ ശ്രദ്ധിക്കുന്നതായി കാണപ്പെടുന്നു. (ഓട്, ഓല എന്നിവ മേഞ്ഞ മേല്‍ക്കൂരയിലാണ്  ഇത് കാണുന്നത്) ഈ പരമാണു 8-8 വീതം വര്‍ദ്ധിപ്പിച്ച മറ്റു മാനദണ്ഡങ്ങള്‍ - അളവുകോലുകള്‍ ഉണ്ടാക്കുന്നു. 

ഭൂകാന്തികശക്തി ഭൂമിയിലെ ഓരോ സൂക്ഷ്മ-സ്ഥൂല ശരീരങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുള്ള ജീവന്റെ അടിസ്ഥാന ഘടകമായ ഡി.എന്‍.എ എന്നത് ഒരു ഗ്ലൂക്കോസിന്റെ തന്‍മാത്രയാണ്. വാസ്തുകാഴ്ചപ്പാടില്‍ ഇത് 'വസ്തു'വായിട്ടല്ല വാസ്തുവായിട്ടാണ് കണക്കാക്കുന്നത്. ഈ ഡി.എന്‍.എ തന്‍മാത്ര സ്വയം പ്രേരകശക്തിയുള്ളതിനാലാണ് ഇപ്രകാരം കണക്കാക്കുന്നത്. ഇപ്രകാരം നിര്‍മ്മാവിനാല്‍ നിര്‍മ്മിതവും, സ്വയമേവ രൂപപ്പെട്ടതും ആയ പഞ്ചഭൂത സമ്മിശ്രമായ ശരീരങ്ങളിലെ ഓരോ സൂക്ഷ്മാണുവും ഭൂകാന്തിക ശക്തി. സ്വാധീന വലയത്താല്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ടിവരുന്നു. നിര്‍മ്മിതികള്‍ ഊര്‍ജ്ജസംതുലനം നിര്‍വ്വഹിക്കുന്നത് അതിനു ആവുംവിധം നിര്‍മ്മാണ ക്രമീകരണങ്ങള്‍ നടത്തിയാണ്. ഭൂമിയെ - വസ്തുക്കളെ അവയിലെ മൂലകങ്ങളുടെ സമ്മേള-ഘടന-സ്വഭാവത്തിനനുസരിച്ച് പൃഥ്വി (ഭൂമി) അപ് (ജലം), തേജസ് (അഗ്‌നി), പ്രാണന്‍ (വായു) ശബ്ദകാരണമായ കമ്പനം (ആകാശം) എന്നിങ്ങനെ പഞ്ചഭൂതങ്ങളെ  തരംതിരിച്ച്, ഓരോ നിര്‍മ്മാണത്തിലും ഒരു മൂലകം (ഭൂതം) അധികമാകാതേയും കുറവുവരാതേയും അനുപാതത്തോടെ താളാത്മകമായി പ്രയോഗിക്കുന്നു. ഉദാഹരണമായി ആളിക്കത്തുന്ന അഗ്‌നിയിലേക്ക് ചെറിയ ഒരളവ് വെള്ളം ഒഴിച്ചാല്‍ ആ ജലം സ്വന്തം അവസ്ഥയായ 'ദ്രവം' നഷ്ടപ്പെട്ട് വായു (നീരാവി) ആയിത്തീരുന്നു. ഇതുപോലെ തടാകത്തിലേക്ക് തീകോരിയിട്ടാല്‍ അഗ്‌നിസംബന്ധിയായ വസ്തുവില്‍ അഗ്‌നി അണഞ്ഞ് അത് കരി (പിണ്ഡം) ആയിത്തീരുന്നു. ഈ പ്രപഞ്ച പ്രതിഭാസത്തെ അല്പമൊക്കെ അറിഞ്ഞ ആധുനിക ശാസ്ത്രകാരന്മാര്‍ അവരുടെ പരിമിതിയില്‍നിന്നുകൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അതിന്റെ പ്രായോഗിക സാദ്ധ്യതയായ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകളും അതിന് ജീവന്‍ കൊടുക്കുന്ന സോഫ്റ്റ് വെയറുകളും കണ്ടെത്തി വാസ്തുശാസ്ത്ര ആചാര്യന്മാരും, ഈ പ്രപഞ്ച പ്രതിഭാസത്തെ കണ്ട് അറിഞ്ഞ് മനോവിശകലനത്തിലൂടെ വിഭാവനം ചെയ്താണ് വാസ്തുനിര്‍മ്മിതികള്‍ക്കായുള്ള നിയമങ്ങള്‍ ഗ്രന്ഥങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. യഥാര്‍ത്ഥ വാസ്തുനിര്‍മ്മിതികള്‍ വാസ്തുശാസ്ത്ര ആചാര്യന്മാരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍നിന്ന് ഉടലെടുത്ത രൂപകല്പനകളാണ് എന്ന് സാരം. അത്തരം നിര്‍മ്മിതിയിലെ ക്രമീകരണങ്ങള്‍ ആയ മാന നിശ്ചയം, ദിശാവിന്യാസത്തോടെയുള്ള അളവുകളുടെ ക്രമീകരണം, ഉത്തമ-മദ്ധ്യമ-അധമ വര്‍ഗ്ഗീകരണം, ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം, മരണം എന്നീ അവസ്ഥകള്‍, വരവ് - ചെലവ് എന്നീ അനുഭവ സത്യങ്ങള്‍... എല്ലാം തന്നെ നിര്‍മ്മിതികള്‍ ഐശ്വര്യപൂര്‍ണ്ണമാക്കാന്‍ വേണ്ടിയുള്ള വാസ്തുശാസ്ത്ര കണ്ടെത്തലുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് , വാസ്തുനിയമങ്ങളാണ്. 

ഹിരണ്യഗഭനും
പിരമിഡും

ഭാരതീയ വാസ്തു ആചാര്യന്മാരില്‍ ഉന്നതശീര്‍ഷനായ പിപ്പിലാദന്‍ രചിച്ച 'വാസ്തുസൂത്രോപനിഷത്' എന്ന ഗ്രന്ഥത്തില്‍ വാസ്തു ജീവനെ ഒരു ജ്യോമട്രിക്  പാറ്റേണിലൂടെയാണ് വിവരിക്കുന്നത്. ഒരു രൂപത്തെ ദൃഷ്ടിഗോചരമായി ആവിഷ്‌കരിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് രേഖകള്‍ എങ്കിലും ആവശ്യമാണ്. ഇപ്രകാരം മൂന്ന് രേഖകളെ യോജിപ്പിച്ചും കൊണ്ടുള്ള ആവിഷ്‌കാരരൂപത്തെ മൂന്നു കോണുകളോടു കൂടിയുള്ളത് എന്ന അര്‍ത്ഥം വരുന്ന 'ത്രികോണം' എന്നു വിളിച്ചു.

ഈ ത്രികോണത്തെ പിപ്പിലാഭന്‍ വിളിച്ചത് 'അഗ്‌നിത്രികോണം' എന്നാണ്. ഈ അഗ്‌നിത്രികോണം വാസ്തുജ്ഞാനികള്‍ക്ക് കേവലം ഒരു രൂപമല്ല. അത് മൂന്ന് അഗ്‌നികളുടെ സമ്മേളനമാണ്. വൈദിക ജ്ഞാനപ്രകാരം ഈ മൂന്ന് അഗ്‌നികള്‍ ഇപ്രകാരമാണ്. അരണിയില്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് ആ ഹിതാഗ്‌നി എന്നും ഗൃഹങ്ങളില്‍ കെടാവിളക്കായി സൂക്ഷിക്കുമ്പോള്‍  ഗാര്‍ഹപത്യാഗ്‌നി എന്നും ഒരുവനില്‍നിന്ന് മറ്റൊരുവനിലേക്ക് കൈമാറ്റം ചെയ്യുമ്പോള്‍ ദാക്ഷിണാഗ്‌നി എന്നും വ്യത്യാസത്തോടെ പറയുന്നു. ഈ മൂന്ന് അഗ്‌നികളുടെ സമ്മേളനം കൊണ്ട് ഊര്‍ജ്ജത്തെ ഉള്ളില്‍ വഹിക്കുന്ന ഇതിനെയാണ് അഗ്‌നിത്രികോണം എന്ന് നാമകരണം ചെയ്തത്. ഭാരതീയര്‍ ഈ ത്രികോണത്തെ 'ഹിരണ്യഗഭന്‍' എന്ന് നാമകരണം ചെയ്തപ്പോള്‍ ഈജിപ്തുകാര്‍ ഇതിനെ 'പിരമിഡ്' എന്ന് അതേ അര്‍ത്ഥത്തില്‍ തന്നെ പേരിട്ടു. 'പിര' എന്നത് ഈജിപ്തുകാര്‍ക്ക് ഫയര്‍ - അഗ്‌നിയും മിഡ് എന്നത് നടുക്ക് എന്നതുമാകുന്നു അര്‍ത്ഥം. ഈ ത്രികോണം തന്നെ ഊര്‍ദ്ധ്വസിരസും അധോസിരസുമായി വരുന്നുണ്ട്. ഊര്‍ദ്ധ്വ ശീര്‍ഷത്തോടുകൂടിയ പിരമിഡിന് സ്ത്രീപ്രതീകവും അധോശീര്‍ഷ ത്രികോണത്തിന് പുരുഷപ്രതീകവും ആകുന്നു. ഈ രണ്ടുതരം ത്രികോണങ്ങള്‍ മിഥുന സംയോഗ വിധിപ്രകാരം സൂക്ഷ്മമായി സംയോജിക്കുമ്പോളാണ് ജീവന്റെ തുടിപ്പുകള്‍ ഉണ്ടാകുന്നത്. ഈവിധം സംയോഗത്തില്‍ സ്ത്രീ ത്രികോണത്തിന്റെ  ഊര്‍ദ്ധ്വശീര്‍ഷവും പുരുഷ ത്രികോണത്തിന്റെ അധോശീര്‍ഷവും കീഴ്മേല്‍ ഒരു രേഖയില്‍ വരുമ്പോള്‍ ആ രേഖയ്ക്ക്  'ജീവല്‍ രേഖ' എന്ന് വാസ്തുശാസ്ത്രം നാമകരണം ചെയ്യുന്നു. അതായത് ശീര്‍ഷബിന്ദുക്കള്‍ ജീവസ്പന്ദനവും ബന്ധിതരേഖ ജീവല്‍പ്രതീകവും ആകുന്നു. വാസ്തുസങ്കല്പങ്ങള്‍  അനുസരിച്ച് ലംബരേഖകള്‍ അഗ്‌നിപ്രകൃതിയുള്ളതും സമാന്തരരേഖകള്‍ ജലപ്രകൃതിയുള്ളവയും കര്‍ണ്ണരേഖകള്‍ വായുപ്രകൃതിയുള്ളതും ആകുന്നു. ഒരു നിര്‍മ്മിതിയുടെ രേഖാചിത്രങ്ങള്‍ പൃഥ്വി, ജലം, അഗ്‌നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളെ സമന്വയിച്ച് വാസ്തുപുരുഷമണ്ഡലം എന്ന ഗ്രാഫിക് സംവിധാനത്തില്‍ തയ്യാറാക്കുമ്പോള്‍ താളാത്മകമാക്കുന്നത് ഈവിധം ജല-അഗ്‌നി-വായു രേഖകള്‍ സമന്വയിപ്പിച്ചാണ്. അത്തരം നിര്‍മ്മിതികള്‍ മാത്രമാണ് സുഖവാസസ്ഥാനങ്ങള്‍ ആകുന്നത്. ഇവിടെ 'സു' എന്നത് സവിശേഷമായതെന്നും, 'ഖം' എന്നത് 'ഇടം' എന്നും അര്‍ത്ഥമാക്കുന്നു. വാസ്തുശാസ്ത്രപ്രകാരം എത്ര ചെറിയ നിര്‍മ്മിതികള്‍ ആയാലും, വലിയ നിര്‍മ്മിതികള്‍ ആയാലും വാസ്തുനിയമങ്ങള്‍ ഒരുപോലെ പ്രസക്തമാണ്. 'വാസ്തുപുരുഷമണ്ഡലം' എന്ന ഗ്രാഫിക് സംവിധാനത്തിലെ അരോപിതരൂപം അഥവാ വാസ്തുപുരുഷന്‍ സൂക്ഷ്മത്തില്‍ സൂക്ഷ്മവും സ്ഥൂലത്തില്‍ സ്ഥൂലവുമാണ്. ഭൂമി - വസ്തു ഒന്നായി കാണുമ്പോള്‍ ആ സ്ഥൂല പ്രകൃതിയില്‍ ഭൂമിക്ക് ഒരു ദക്ഷിണധ്രുവവും ഉത്തരധ്രുവവും മാത്രമേ കണക്കാക്കുന്നുള്ളു. എന്നാല്‍, ഭൂമിയില്‍ വിഭജനം നടത്തി അതിരുകളാല്‍ വേര്‍തിരിക്കുമ്പോള്‍ ഓരോ തുണ്ടു ഭൂമിക്കും ഓരോ ദക്ഷിണധ്രുവവും ഉത്തരധ്രുവവും ലഭിക്കുന്നു. ഒരു വലിയ കാന്തദണ്ഡിനു ഒരു ദക്ഷിണധ്രുവവും ഉത്തരധ്രുവവും മാത്രമാണ് ഉള്ളത്. എന്നാല്‍, കാന്തദണ്ഡ് ഓരോ തുണ്ടുകള്‍ ആക്കുമ്പോഴും ഓരോ തുണ്ടുകള്‍ക്കും വെവ്വേറെ ഉത്തരധ്രുവങ്ങളും ദക്ഷിണധ്രുവങ്ങളും ലഭിക്കുന്നുണ്ടല്ലോ?

വലിയ നിര്‍മ്മിതികള്‍ക്കെന്നപോലെത്തന്നെ വളരെ ചെറിയ നിര്‍മ്മിതികള്‍ക്കും വാസ്തുപുരുഷമണ്ഡലം തയ്യാറാക്കുന്നത് ഒരേ വിധമാണ് എന്നു സൂചിപ്പിച്ചുവല്ലോ. ഈ വാസ്തുപുരുഷമണ്ഡലം തയ്യാറാക്കാന്‍ ലഭ്യമായ ഭൂമിയുടെ ആകാരം എന്തുമാകട്ടെ ആ ഭൂമിയില്‍ ലഭിക്കുന്ന ചതുരം - ദീര്‍ഘചതുരം അടിസ്ഥാനമാക്കിയാണ് ഗ്രാഫ് - വാസ്തുപുരുഷമണ്ഡലം തയ്യാറാക്കേണ്ടത്. ഈ പ്രക്രിയയ്ക്ക് ചതുരശ്രീകരണം എന്ന് പറയുന്നു. ആധുനിക എന്‍ജിനീയറിംഗ് - ആര്‍ട്ടിടെക്റ്റ് മനോഗതിയനുസരിച്ച് ലഭ്യമായ ഭൂമിയില്‍ അതേപടി ചതുരശ്രീകരണം നടത്താതെ നിര്‍മ്മിതികള്‍ നടത്താന്‍ വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നില്ല. കാരണം നിര്‍മ്മിതിയില്‍നിന്നു ആഗ്രഹിക്കുന്ന ഫലം ഐശ്വര്യം ലഭിക്കുന്നില്ല എന്നതിനാലാണ്.  ഇതിനു കാരണം ഗുരുത്വാകര്‍ഷണ സന്തുലിത ബലം ലഭിക്കാത്തതിനാലാണ്. ഭൂമിയില്‍ ഉള്‍ക്കൊള്ളാവുന്ന ചതുരം കണ്ടെത്തി ഈ ചതുരത്തെ 54 സെന്റിമീറ്റര്‍ ഉയരം മതില്‍കെട്ടി തിരിച്ച് ഇവിടെയാണ് വാസ്തുഗ്രാഫ് - വാസ്തുപുരുഷ മണ്ഡലം തയ്യാറാക്കേണ്ടത്. ലഭ്യമായ ഭൂമിയില്‍ അതേപടി നിര്‍മ്മിതികള്‍ ചെയ്യുമ്പോള്‍ വാസ്തുപുരുഷന്‍ പൂര്‍ണ്ണനാകാതെ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുകയും നിര്‍മ്മാണലക്ഷ്യം സാദ്ധ്യമാകാതെ വരുകയും ചെയ്യും. ഓരോ നിര്‍മ്മിതികളും വാസ്തുപുരുഷ മണ്ഡലപ്രകാരം രൂപകല്പനചെയ്ത് നിര്‍മ്മിക്കുമ്പോള്‍ ആ നിര്‍മ്മിതിക്ക് ആകാരത്തില്‍ പൂര്‍ണ്ണത കൈവരുന്നു. പൂര്‍ണ്ണതയില്‍ മാത്രമാണ് ജൈവിക - പ്രാണിക ഊര്‍ജ്ജങ്ങളെ പൂര്‍ണ്ണമായും ആവാഹനം ചെയ്യാന്‍ സാദ്ധ്യമാകൂ. അതായത് ഗുരുത്വാകര്‍ഷണകേന്ദ്രം 'നാഭി' സന്തുലിതമാകണമെങ്കില്‍ വാസ്തുപുരുഷ മണ്ഡലത്തില്‍ പൂര്‍ണ്ണശരീരത്തോടുകൂടിയവനായി ഇരിക്കണം. വികലാംഗത്വം അവലക്ഷണമാണ് എന്നര്‍ത്ഥം. നിര്‍മ്മിതികളുടെ വശങ്ങളും മൂലകളും അധികമാകാതെയും കുറയാതെയും ആയിരിക്കണം എന്നു സാരം. ഈ ദീര്‍ഘചതുരാകാരമണ്ഡലം  തെക്ക് - വടക്ക് കാന്തികാകര്‍ഷണശക്തിക്ക് അനുസരിച്ച് നീളം കൂടുന്നത് നല്ലത്. നിര്‍മ്മിതികള്‍ തെക്ക് - വടക്ക് ദീര്‍ഘമായാല്‍ അത് 'ചന്ദ്രവേധ'മായി ശാസ്ത്രം കണക്കാക്കുന്നു. ഗൃഹങ്ങള്‍ക്ക് ഈ ചന്ദ്രവേധം വളരെ നല്ലതാണ്. വാസ്തുപുരുഷ മണ്ഡലത്തില്‍ വാസ്തുപുരുഷന്റെ ശിരസ് (-വടക്ക് കിഴക്ക് മൂല), പാദം (തെക്ക് - പടിഞ്ഞാറ്) കൈകള്‍ (തെക്കു - കിഴക്ക്, വടക്കു പടിഞ്ഞാറ്) എന്നീ അവയവങ്ങളുടെ ലോഭമോ, ആധിക്യമോ വരുന്നത് നിര്‍മ്മിതിയുടെ സംതുലനാവസ്ഥ നഷ്ടപ്പെടുത്തുന്നതിനാല്‍ ശാസ്ത്രം തന്നെ വലിയ വലിയ ദോഷങ്ങള്‍ പറഞ്ഞ് വികലമായ നിര്‍മ്മിതികളെ തടുക്കുന്നു. 
വാസ്തുപുരുഷന്റെ ശിരസ് വരുന്ന ഭാഗം ഗൃഹത്തിന്റെ വടക്കു കിഴക്ക് മൂലയാണ്. ഈ ഭാഗം ഗൃഹത്തിനു കുറവു വരികയോ അധികമായി വരികയോ കാര്‍ഷെഡ് മുതലായ തുറന്നിട്ട നിര്‍മ്മിതികള്‍ വരുന്നതും ഇവിടെ കക്കൂസ്/കുളിമുറി വരികയോ ഇതിന്റെ നേര്‍മൂലയില്‍ പുറത്ത് സെപ്റ്റിക് ടാങ്ക് വന്ന് അഴുക്കായി വരികയോ ചെയ്താല്‍ ആ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്ക് യാതൊരു ശ്രേയസ്സ് ഇല്ലാതെ ജീവിതം ക്ലേശപൂരിതമാകുന്നു എന്നു ശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. തെക്ക്-കിഴക്ക് ഭാഗം കൂടിയാലോ കുറഞ്ഞാലോ പ്രവൃത്തിദോഷവും കാരണമാകുന്നു. ഇതുപോലെ വീടിന്റെ തെക്ക് - പടിഞ്ഞാറ് ഭാഗം വാസ്തുപുരുഷന്റെ പാദഭാഗം കൂടിയിരിക്കുന്നതും കുറഞ്ഞിരിക്കുന്നതും കക്കൂസ്/കുളിമുറി മുതലായവ വന്ന് അഴുക്കാക്കുന്നതും ഈ മൂലയോട് ചേര്‍ന്ന് സെപ്റ്റിക് ടാങ്ക്, കിണര്‍ എന്നിവ വരുന്നതും സ്ത്രീ ദോഷത്തിനും കുട്ടികള്‍ മരിച്ചുപോകുന്നതിനും ധനനാശത്തിനും കാരണമാകുന്നു. ഇപ്രകാരം തന്നെ വടക്ക് പടിഞ്ഞാറു ഭാഗം ഗൃഹത്തിനു കൂടുതലോ കുറവോ വന്നാല്‍ അത് സ്ത്രീ ദോഷത്തിനും കാരണമാകുന്നു. ഈ മൂലയോടു ചേര്‍ന്ന് കിണര്‍ വരുന്നത് നാരീയയത്തിനുതന്നെ കാരണമാകുന്നു. 
ഈ ഭാഗം കൃത്യമായി വിവരിക്കുന്ന പ്രമാണഭാഗം താഴെ ചേര്‍ക്കുന്നു. 
''ദക്ഷിണഭുജഹീനേ വാസ്തുന്‍ നരേ ? ര്‍ത്ഥ ക്ഷയോംഗനാദോഷ: 
വാമേ ? ത്ഥ ധാന്യ ഹാനി: ശിരസി ഗുണൈ:
ഹീയതേ സര്‍വ്വൈ:''
സ്ത്രീ ദേഷ:  സുതമരണം, പ്രേഷിത്വം ചാപി ചരണ വൈകല്ല്യേ!
അവികല പുരുഷേ വസതാം മാനാര്‍ത്ഥ ചുതാനി സൌഖ്യാനി
(ബൃഹദ് സംഹിതാ: വാസ്തുവിദ്യാ അദ്ധ്യായം 67, 68)

ഇതേ തരത്തില്‍ തന്നെ വീടിന്റെ വശങ്ങള്‍ കൂടിയിരിക്കുന്നതും കുറഞ്ഞിരിക്കുന്നതും വാസ്തുശാസ്ത്രകാരന്മാര്‍ ദോഷമെന്നുതന്നെ പ്രമാണങ്ങളാല്‍ പറഞ്ഞ് അത്തരം നിര്‍മ്മിതികള്‍ ചെയ്യുന്നവരെ അതില്‍നിന്നു പിന്തിരിപ്പിക്കുന്നു. ഒരു ഗൃഹത്തിന്റെ കിഴക്കുഭാഗം ഉള്‍വലിഞ്ഞു വരുന്നതും പുറത്തേക്ക് തള്ളിനില്‍ക്കുന്നതുമായ നിര്‍മ്മിതി ഉണ്ടെങ്കില്‍ അവിടെ താമസിക്കുന്നവര്‍ക്ക് ചുറ്റുവശം താമസിക്കുന്നവര്‍ താനെ ശത്രുക്കളായി ഭവിക്കും. ഇതേ പ്രകാരം ഗൃഹത്തിന്റെ തെക്ക് ഭാഗം ഉള്‍വലിഞ്ഞോ, പുറത്തേക്ക് തള്ളിനില്‍ക്കുന്നതോ ആയി വന്നാല്‍ അവിടെ താമസിക്കുന്നവര്‍ക്ക് 'മൃത്യുഭയം' വരികയും ജീവിതം ദുസ്സഹമായിത്തീരുകയും ചെയ്യും. ഇതേപോലെ ഗൃഹത്തിന്റെ പടിഞ്ഞാറുഭാഗം പുറത്തേക്ക് തള്ളി നില്‍ക്കുന്നതും ഉള്‍വലിഞ്ഞു നില്‍ക്കുന്നതും ആ ഗൃഹത്തില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് നാശത്തിനു കാരണമാകും. ഇതേ പ്രകാരം തന്നെ നിര്‍മ്മിതിയുടെ വടക്കുഭാഗം കൂടിയോ, അകവലിഞ്ഞു നില്‍ക്കുന്നത് ആ ഗൃഹങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമില്ലാതെ ദുഃഖം അനുഭവിക്കുന്നതിന് കാരണമാകും. ഈ മേല്‍പ്പറഞ്ഞു വന്ന ദോഷങ്ങള്‍ വിവരിക്കുന്ന പ്രമാണം ഇപ്രകാരമാണ്:
''പ്രാക് ഭവതി മിത്ര വൈരം
മൃത്യു ഭയം യദി ദക്ഷിണേവൃദ്ധി: 
അര്‍ത്ഥവിനാശ: പശ്ചാത് (സ്ത്രീദോഷ: പശ്ചാത്)
ഉഭഗ്വി വൃദ്ധൗ മനസ്ഥാപ:''
(ബൃഹദ് സംഹിത, വാസ്തുവിദ്യ അദ്ധ്യായം, 117)
വാസ്തു ആചാര്യന്മാരാല്‍ ഇപ്രകാരം പ്രമാണീകരിച്ചതുകൊണ്ട്  സുഖം, ഐശ്വര്യം... എന്നിവ ആഗ്രഹിക്കുന്നവര്‍ ഗൃഹം കൃത്യമായി ദീര്‍ഘചതുരത്തോടെ (-വാസ്തുപുരുഷമണ്ഡലപ്രകാരം)യുള്ള രൂപകല്പനയാണ് വേണ്ടത്. ഇന്നു വശങ്ങള്‍, മൂലകള്‍ കൂടിയതും കുറഞ്ഞതുമായ ധാരാളം 'വാസ്തുപ്ലാനുകള്‍' എന്ന തലക്കെട്ടോടെ മാര്‍ക്കറ്റില്‍ ലഭ്യമാണ്. വാസ്തുപുരുഷ മണ്ഡല ക്രമീകരണത്തോടെ ഗൃഹം പൂര്‍ണ്ണമായിരുന്നാല്‍ വാസ്തു ആചാര്യന്മാര്‍ ഉറപ്പുപറയുന്നത് ഇപ്രകാരമാണ്; 
''അവികല പുരുഷേ വസതാം 
മാനാര്‍ത്ഥയുതാനി സൌഖ്യാനി''
(ബൃഹദ് സംഹിത, വാസ്തുവിദ്യ, 68)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com