കേരളം അറിയാതെപോയ മത സാമൂഹിക പരിഷ്‌കര്‍ത്താവ്: ബി കുഞ്ഞഹമ്മദ് മൗലവിയെക്കുറിച്ച് അബ്ദുല്ല അഞ്ചില്ലത്ത് എഴുതുന്നു

കേരളം അറിയാതെപോയ മത സാമൂഹിക പരിഷ്‌കര്‍ത്താവ്: ബി കുഞ്ഞഹമ്മദ് മൗലവിയെക്കുറിച്ച് അബ്ദുല്ല അഞ്ചില്ലത്ത് എഴുതുന്നു

ജ്ഞാനോല്പാദനത്തെക്കുറിച്ച് ഇസ്ലാമിനുള്ള കാഴ്ചപ്പാട് പ്രവാചകനായ മുഹമ്മദ് നബിയുടെ മൊഴിയായ അറിവിനെ തേടി യാത്ര ചെയ്യുക, പറ്റുമെങ്കില്‍ അങ്ങ് ചൈനവരെ എന്നതില്‍ അടങ്ങിയിട്ടുണ്ട്.

നിങ്ങള്‍ക്കു വഴി കണ്ടെത്താന്‍വേണ്ടി നദികളും പാതകളും അവന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു (പുറമേ) പല വഴിയടയാളങ്ങളും ഉണ്ട്. നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു. (വി. ഖു. നഹ്ല് 16-17)
മലബാറിലെ കച്ചവടനഗരമായ മാടായിയില്‍ 1878-ല്‍ ജനിക്കുകയും അറിവുകള്‍ തേടി വിവിധയിടങ്ങളിലേയ്ക്ക് യാത്ര ചെയ്യുകയും സംവാദങ്ങളിലേര്‍പ്പെടുകയും അവയില്‍നിന്ന് സ്വയം തിരിച്ചറിവുണ്ടായി മുസ്ലിങ്ങളെ പരിഷ്‌കരിക്കുന്നതിലേയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്ത പണ്ഡിതനായിരുന്നു ബി. കുഞ്ഞഹമ്മദ് മൗലവി. 1918-ല്‍ അഹ്ല്‌ലുല്‍ ഖുര്‍ആന്‍ എന്ന പ്രസ്ഥാനം സ്ഥാപിക്കുന്നതിലേയ്ക്ക് നയിച്ച അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ പക്ഷേ, കേരളത്തിലെ സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലോ, ലോകത്തെ മുസ്ലിം നവീകരണ സംരംഭങ്ങളുടെ ചരിത്രത്തിലോ രേഖപ്പെടുത്തിയിട്ടില്ല. മാടായിയിലും പരിസരത്തും ഇന്നും സജീവമായി നില്‍ക്കുന്ന ഈ പ്രസ്ഥാനത്തേയും അതു രൂപപ്പെടുത്തിയ പണ്ഡിതനേയും കുറിച്ച് കലുഷിതമായ ഇന്നത്തെ കാലത്ത് അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നതിനാലാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ജ്ഞാനോല്പാദനത്തെക്കുറിച്ച് ഇസ്ലാമിനുള്ള കാഴ്ചപ്പാട് പ്രവാചകനായ മുഹമ്മദ് നബിയുടെ മൊഴിയായ അറിവിനെ തേടി യാത്ര ചെയ്യുക, പറ്റുമെങ്കില്‍ അങ്ങ് ചൈനവരെ എന്നതില്‍ അടങ്ങിയിട്ടുണ്ട്. അതിരുകളില്ലാത്ത ജനപഥങ്ങളിലൂടെ നിരന്തരം സഞ്ചരിച്ച് അവിടത്തെ ജനങ്ങളുമായി ഇഴചേര്‍ന്ന് അവരുടെ ദൈനംദിന ജീവിതവും വിശ്വാസ ആചാരാനുഷ്ഠാനങ്ങളും രാഷ്ട്രീയ സാമൂഹിക സങ്കല്പങ്ങളും മതാധ്യാപനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും അവ പകര്‍ന്നുതരുന്ന ചിന്തകളും അതുമായി സമരസപ്പെട്ട ചിന്തകരുമായുള്ള സംവാദങ്ങളും ലോകത്തെ മാറ്റിമറിച്ച പല ചിന്തകന്മാര്‍ക്ക് നൂതനമായ ആശയങ്ങളെ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ഉറവയായി വര്‍ത്തിച്ചിട്ടുണ്ട്. 20-ാം ശതകത്തിലെ ആദ്യദശകങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ മാടായിയില്‍ മൗലവി കുഞ്ഞഹമ്മദ് (1878-1956) എന്ന ചിന്തകന്‍ വടക്കേ മലബാറിലെ മുസ്ലിങ്ങള്‍ക്ക് ഇടയില്‍ മത-സാമൂഹിക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മൗലവി 27-ാം വയസ്സ് തൊട്ടുതന്നെ കരനടന്നും കടല്‍കടന്നും മലകയറിയും പശ്ചിമ ദക്ഷിണേഷ്യയിലേയ്ക്ക് നിരന്തരം പുതിയ അറിവിനായി സഞ്ചരിച്ചു. വിവിധ മുസ്ലിം ധിഷണശാലികളുമായി സമ്പര്‍ക്കത്തിലൂടെയും ആശയസംവാദങ്ങളിലൂടെയും പുതിയ പുതിയ ഇന്ദ്രിയജ്ഞാനവും പ്രപഞ്ചവീക്ഷണവും സ്വായത്തമാക്കി. താന്‍ ആര്‍ജ്ജിച്ചെടുത്ത അറിവുകള്‍ പിന്നീട് അദ്ദേഹത്തെ തന്നെ പുതുക്കിപ്പണിയുന്നതിലേയ്ക്ക് കലാശിച്ചു. 1906-ല്‍ മൗലവി മുസ്ലിങ്ങള്‍ക്ക് ഇടയില്‍ മതസാമൂഹിക പരിഷ്‌കരണ പ്രക്രിയകള്‍ക്ക് തുടക്കം കുറിച്ചു. പ്രഭാഷണത്തിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും മുസ്ലിം സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് ആകര്‍ഷിക്കുക, സമുദായത്തില്‍ ആണ്ടിറങ്ങിയിരുന്ന അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും എതിര്‍ക്കുക തുടങ്ങിയവയായിരുന്നു മൗലവിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍.

കൊളോണിയല്‍ ആധുനിക വിദ്യാഭ്യാസവും ഭരണകൂടത്തിന്റെ തൊഴിലും സ്വീകരിക്കുന്നതിലൂടെ മുസ്ലിങ്ങളെ ആധുനിക സാമൂഹിക മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് മനസ്സിലാക്കിയ ഉല്‍പ്പതിഷ്ണുവായിരുന്നു മൗലവി. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നത് അവര്‍ക്ക് പൊതു ഇടങ്ങളില്‍ മറ്റുള്ളവരോടൊപ്പം ഇടപെടാന്‍ സാധിക്കുമെന്നും മൗലവി തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 1911-ല്‍ മുസ്ലിം സ്ത്രീകള്‍ മാടായിയിലെ കുളങ്കര പള്ളിയില്‍ വെച്ച് വെള്ളിയാഴ്ച ജമഅഃ നിര്‍വ്വഹിച്ചു. കൂടാതെ വെള്ളിയാഴ്ച ഖുത്തബ പാരായണം മലയാളത്തില്‍ പറയുകയും ചെയ്തു.

മൗലവി കുഞ്ഞഹമ്മദിനേയും അദ്ദേഹം നിര്‍മ്മിച്ചെടുത്ത മത-സാമൂഹിക നവീകരണത്തേയും അതിന്റെ അനന്തരഫലമായി വളര്‍ന്നുവന്ന അഹ്ല്‌ലുല്‍ ഖുര്‍ആന്‍ മതശാഖയേയും വിശദീകരിക്കുന്നതിനു മുന്നെ രണ്ട് മൂന്ന് കാര്യങ്ങള്‍ ഇവിടെ പറയേണ്ടതായിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ഒടുവിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലോ കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് അഹ്ല്‌ലുല്‍ ഖുര്‍ ആന്‍ ആശയമോ, അവ മുന്നോട്ടുവെയ്ക്കുന്ന സൈദ്ധാന്തിക തലങ്ങളേയോക്കുറിച്ച് കേട്ടുകേള്‍വിപോലും ഉണ്ടായിരുന്നില്ല. മലബാറിലെ മുസ്ലിങ്ങള്‍ക്ക് ഇടയില്‍ സാമൂഹ്യ നവീകരണ പരിവര്‍ത്തനങ്ങള്‍ വളര്‍ന്നുവരുന്നതിന് മുന്നേ തന്നെ മൗലവി അഹ്ല്‌ലുല്‍ ഖുര്‍ആന്‍ എന്ന പ്രസ്ഥാനം മാടായിയില്‍ സ്ഥാപിച്ചെടുത്തിരുന്നു. അതേസമയം മുസ്ലിങ്ങള്‍ക്ക് അകത്ത് മത-സാമൂഹിക നവീകരണ പ്രവര്‍ത്തനങ്ങള്‍ തിടംവെച്ചത് തന്നെ 1921-കളിലെ മലബാര്‍ കലാപാന്തരവുമായിരുന്നു. മൗലവി കുഞ്ഞഹമ്മദ് മാടായിയില്‍ സ്ഥാപിച്ചെടുത്ത അഹ്ല്‌ലുല്‍ ഖുര്‍ആനെ കേരളത്തിലെ മുസ്ലിം പരിഷ്‌കരണവാദികള്‍ വളര്‍ത്തിക്കൊണ്ടുവന്ന നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇവിടെ ഉരുത്തിരിഞ്ഞുവന്നതായി കണക്കാക്കാന്‍ കഴിയില്ല.
19, 20 നൂറ്റാണ്ടുകളിലായി യൂറോപ്യന്‍ ആധുനികത കൊണ്ടുവന്ന ജീവിതരീതികളും ജനാധിപത്യബോധം, ഇംഗ്ലീഷ് വിദ്യാഭ്യാസം, ആധുനിക-ചിന്തകള്‍, കൊളോണിയല്‍ ആധുനികത ഇവിടെ നിര്‍മ്മിച്ചെടുത്ത പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം എന്നിവ ഇന്ത്യയിലെ മുസ്ലിം ഉല്‍പ്പതിഷ്ണുക്കള്‍ക്ക് ഇടയില്‍ മത-സാമൂഹിക-രാഷ്ട്രീയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനം നല്‍കി. സെയ്യദ് നാസര്‍ ഹുസൈന്‍, സിദ്ദിഖ് ഹസന്‍ഖാന്റെ അഹ്ല്‌ലുല്‍ ഹദീസ്, മൗലവി അബ്ദുല്ല ചക്രാലവി, ഖ്വാജ അഹമ്മദുദ്ദീന്‍ അമൃതസരി എന്നിവരുടെ അഹ്ല്‌ലുല്‍ ഖുര്‍ആന്‍, സര്‍ സയ്യദ് അഹമ്മദ്ഖാന്റെ അലിഗാഡ് പ്രസ്ഥാനം, മീര്‍സ ഗുലാം അഹമ്മദിന്റെ അഹമ്മദിയാ: റഷിദ് അഹമ്മദ് ഖാങ്ങങ്കോഹി, സെയ്യദ് മുഹമ്മദ് ഖാസിം, മൗലാന സെയ്യദ് ഹുസൈന്‍ അഹമ്മദ് മദനീ എന്നിവരുടെ ദയൂബന്ദ്, അഹമ്മദ് റാസഖാന്റെ ബറോവി എന്നീ പ്രസ്ഥാനങ്ങളാണ് ദക്ഷിണേഷ്യയിലെ മുസ്ലിങ്ങളുടെ മത-സാമൂഹിക-രാഷ്ട്രീയ നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്. ഏറെ രസകരമായ വസ്തുത പഞ്ചാബ് കേന്ദ്രീകരിച്ച് മുസ്ലിം ചിന്തകര്‍ സംശുദ്ധീകരിച്ച അഹ്ല്‌ലുല്‍ ഖുര്‍ആന്‍ ആശയവും സിദ്ധാന്തവും അതിന്റെ ഉപജ്ഞാതാക്കള്‍ക്കാര്‍ക്കും പ്രയോഗവല്‍ക്കരിച്ച് ഒരു മതശാഖയായി ഇവിടെ വാര്‍ത്തെടുക്കാന്‍ സാധിച്ചില്ല.

മുസ്ലിം സമുദായത്തിന്റെ സുദീര്‍ഘമായ ചരിത്രത്തിലെ ആദ്യ രണ്ടു നൂറ്റാണ്ടുകള്‍ പുരുഷകേന്ദ്രീകൃതമായതോ പുരുഷാധിപത്യമുള്ളതോ ആയി കണക്കാക്കാനാകുമെന്നു തോന്നുന്നില്ല. പൊതു ഇടങ്ങളില്‍ പുരുഷന്മാര്‍ക്ക് ലഭിച്ചതുപോലെ തന്നെ സ്ത്രീകള്‍ക്കും അംഗീകാരവും ആദരവും സ്വാധീനവും ഉണ്ടായിരുന്നു. പ്രവാചകന്റെ ആഗമനത്തിനു മുന്‍പുതന്നെ ചില സ്ത്രീകള്‍ക്ക് എഴുത്തും വായനയും വശമായിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്. അവര്‍ക്ക് ഇസ്ലാമിക സമൂഹം മാന്യമായ പദവിയും അനുവദിച്ചിരുന്നു. അബ്ദുല്ലയുടെ മകളും ഉമറുബ്നു ഖത്തിബിന്റെ ബന്ധുവുമായ ശഫാദ് സാക്ഷരയായിരുന്നു. ഈയൊരു യോഗ്യതയുടെ പേരിലാണ് പില്‍ക്കാലത്ത് ഈ വനിതയ്ക്ക് മദീനയിലെ ഒരു കച്ചവടകേന്ദ്രത്തിന്റെ മേല്‍നോട്ടാധികാരം നല്‍കപ്പെട്ടത്. സൈദുബ്നു സാബീതിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്റെ ക്രോഡീകരണം പൂര്‍ത്തീകരിക്കുന്ന സമയത്ത് ഖുര്‍ആന്‍ മുഴുവനായും കാണാപാഠം പഠിച്ച ഇരുപതോ ഇരുപത്തിയഞ്ചോ ആള്‍ക്കാരുടെ കൂട്ടത്തില്‍ ഉമ്മു വറഖയെന്ന വനിതയുമുണ്ടായിരുന്നു. അബൂബക്കര്‍ സിദ്ദിഖിന്റെ ഭരണകാലത്ത് വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം പൂര്‍ത്തിയായപ്പോള്‍ അതിന്റെ കയ്യെഴുത്തുപ്രതി അദ്ദേഹത്തിന്റെ കൈവശമായിരുന്നു. പിന്നീടത് ഉമറുബ്നു ഖത്ത്വബിന്റെ കൈവശമായി. ഉമര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകളും പ്രവാചകപത്‌നിയുമായ ഹഫ്സയുടെ കൈവശമാണ് ആ പ്രതി എത്തിച്ചേര്‍ന്നത്. അക്കാലത്ത് എഴുത്തും വായനയും അറിയാവുന്ന അപൂര്‍വ്വം വനിതകളില്‍ ഒരാളായിരുന്നു ഹഫ്സ. ഇത് പരിഗണിച്ചുകൊണ്ടുതന്നെയാണ് ഉസ്മാനിബ്നു ഗഫ്ഫാന്‍ ഖുര്‍ആന്റെ ആ കയ്യെഴുത്തു പ്രതി ഹഫ്സയുടെ കൈവശംതന്നെ ഇരിക്കട്ടെ എന്നു തീരുമാനിച്ചത്. പ്രവാചകന്റെ വിയോഗാനന്തരം ഇസ്ലാമിനു വലിയ രാഷ്ട്രീയ വളര്‍ച്ചയാണുണ്ടായിരുന്നത്. ഇത് പുതിയ നഗരങ്ങളേയും സാംസ്‌കാരിക കേന്ദ്രങ്ങളേയും വാര്‍ത്തെടുത്തു. 

കെയ്റോ, ഖുറാസാനിയ, നിശപൂര്‍, ബാഗദാദ്, ഖുഫാ, ബസ്റ, ഡമസ്‌കോസ്, ബല്‍കി എന്നീ ഇസ്ലാമിക് നഗരങ്ങള്‍ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന അധികാരകേന്ദ്രങ്ങളും ഇസ്ലാമിക് വൈജ്ഞാനിക കേന്ദ്രങ്ങളുമായി വളര്‍ന്നു. ഇതോടൊപ്പംതന്നെ ബസ്റ, ഡമസ്‌കോസ് എന്നീ നഗരങ്ങള്‍ മുസ്ലിം വനിതകള്‍ക്ക് മേധാവിത്വമുള്ള ജ്ഞാനോല്പാദന കേന്ദ്രവും സൂഫി സരണിയെ പുല്‍കിയ വനിതകളുടെ പ്രവര്‍ത്തനകേന്ദ്രവുമായി വളര്‍ന്നുവന്നു. റാബിഅബസ്രി, ശഅ്വാന, റാബിഅ ബിന്‍ത് ഇസ്മാഈല്‍, ഫാത്തിമനിശപുരി, ഹകിമിയഃ, ഉമ്മുഹൈനഅന്‍, ഉമ്മുഅലിഫാത്തിമ, അതീമ്മ എന്നീ ആദ്യകാല സൂഫി വനിതകള്‍ അന്നത്തെ സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥകളില്‍ പുരുഷന്മാര്‍ക്ക് ഒപ്പമോ അല്ലെങ്കില്‍ വൈജ്ഞാനിക മേഖലകളിലായി അവരെക്കാള്‍ മുകളിലായുള്ള സ്ഥാനങ്ങള്‍ അലങ്കരിച്ച വനിതകളാണ്. സാധാരണക്കാരായ മുസ്ലിങ്ങളും ധൈഷണികശാലികളായ മുസ്ലിം ഉലാമകളും ഇത്തരം സൂഫി വനിതകളുമായി നിരന്തരം വൈജ്ഞാനിക സംബന്ധമായ വിഷയങ്ങളെ അധികരിച്ചു നിരവധി ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഉമ്മു ഹൈമഅ്ന്നെ പോലുള്ള സൂഫി വനിതകള്‍ അറിവിനേയും ഗുരുനാഥന്മാരേയും തേടി ഡമസ്‌കസില്‍നിന്നു ജറുസലം വരെ ഏകരായി യാത്ര ചെയ്തതിനുള്ള തെളിവുകള്‍ ഇന്നു ലഭ്യമാണ്. ചുരുക്കത്തില്‍ സ്ത്രീകള്‍ രണ്ടാംകിടക്കാരായിരുന്നില്ല ഇസ്ലാമില്‍ ഒരുകാലത്തും. 

മദിനഃ കേന്ദ്രീകരിച്ചുകൊണ്ട് പ്രവാചകന്‍ വളര്‍ത്തിക്കൊണ്ടുവന്ന ഇസ്ലാമിക് രാഷ്ട്രീയ സങ്കല്പം നബിയുടെ വിയോഗാനന്തരം റാഷദിയ ഖിലാഫമാരിലൂടെ അതിരുകളില്ലാതെ ഇസ്ലാമിക് രാഷ്ട്രമായി വളര്‍ന്നുവന്നു. രാഷ്ട്രത്തിന്റെ വളര്‍ച്ച മുസ്ലിങ്ങളെ അന്നത്തെ ലോകക്രമത്തിലെ പ്രബല സൈനിക സാമ്പത്തിക ഭരണകൂടശക്തികളാക്കി മാറ്റിത്തീര്‍ത്തു. ഉമവിയ, അബ്ബാസി കാലത്ത് പുതിയ സംസ്‌കാരവും ചിന്തകളും ജ്ഞാനോല്പാദനവും വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള സംവാദങ്ങളും സ്റ്റേറ്റിനകത്തേയ്ക്ക് കടന്നുവന്നു. ഈ കാലത്തായി ജൂതന്മാരും ക്രിസ്ത്യാനികളും സ്വരാഷ്ട്രീയ മതവിശ്വാസികളും ഹിന്ദുക്കളും ബുദ്ധ, സ്വബഅ തുടങ്ങിയ മതസ്ഥരും ഇസ്ലാമിനകത്തേയ്ക്ക് കടന്നുവന്നു. അവര്‍ ഇസ്ലാമിക വ്യവസ്ഥകളിലേയ്ക്ക് കടന്നുവന്നപ്പോള്‍ പുതിയ മതനിയമവിധികള്‍ പഠിക്കുകയും ഉള്‍ക്കൊള്ളുകയും അവരുടെ നേരത്തേയുള്ള മതത്തിന്റെ അധ്യാപനങ്ങളെക്കുറിച്ചു ചിന്തിക്കുകയും അവയെ ഇസ്ലാമിക വിധികളുമായി താരതമ്യം ചെയ്യുകയും തുടങ്ങി. ഇത്തരത്തില്‍ ഉരുത്തിരിഞ്ഞുവന്ന പ്രവണതകളും ചിന്തകളും മുസ്ലിങ്ങള്‍ക്ക് ഇടയില്‍ സംവാദങ്ങളുടെ വഴി തുറക്കാന്‍ കാരണമായി. 

ഇതോടൊപ്പം ഗ്രീക്ക് ചിന്തകളുടെ നിരീശ്വര സ്വാധീനവും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാക്കി. അങ്ങനെ സെമിറ്റിക്ക് ഏകദൈവ ചിന്തകള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും തികച്ചും അന്യമായ ഗ്രീക്ക് ചിന്തയുടെ ഘടനയിലൂടെ ഇസ്ലാമിനെ സമന്വയിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഇങ്ങനെ ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ, സാമൂഹിക ചുറ്റുപാടുകളാണ് ഇസ്ലാമിനകത്തേയ്ക്ക് ഹദീസ് ക്രോഡീകരണം, ഖുര്‍ആനി വ്യാഖ്യാനങ്ങള്‍, ഇസ്ലാമിക് നിയമങ്ങളെ സമഗ്രമായി വ്യാഖ്യാനിച്ചുകൊണ്ടുള്ള ഗ്രന്ഥരചനകള്‍ എന്നിവ വളര്‍ന്നുവന്നത്. കൂടാതെ ഭരണാധികാരികളുടെ നിലനില്‍പ്പിനും അധികാര വിനിയോഗത്തിനും സാധൂകരണം ഉണ്ടാക്കിയെടുക്കാന്‍ ഇസ്ലാമിക് നിയമങ്ങളെ വ്യാഖ്യാനിക്കുന്ന പുതിയ പൗരോഹിത്യ സംവിധാനങ്ങളും ഇസ്ലാമിനകത്തുണ്ടായിവന്നു. ഇത് ഇസ്ലാമിനെ പതിയെ പൗരോഹിത നിയന്ത്രണങ്ങള്‍ക്ക് അടിമപ്പെട്ട മതമാക്കി മാറ്റി. ഇത് നേരത്തെ ഇസ്ലാമിനകത്ത് ഉണ്ടായിരുന്ന ലിംഗസമത്വം ഇല്ലാതാക്കി. വൈജ്ഞാനിക, സാമൂഹിക മേഖലകളിലുണ്ടായിരുന്ന വനിതകളുടെ സാന്നിധ്യം ഇതോടെ ഇല്ലാതായി. അതേസമയം മുസ്ലിം ലോകത്ത് സൈദ്ധാന്തികമായി ഖുര്‍ആന്‍ മാത്രമാണ് പ്രാമാണികമെന്ന് ഇസ്ലാമിക് ദൈവശാസ്ത്ര, നിയമവിദഗ്ധനായ ഇബ്രാഹിം അല്‍ നസമിനെപ്പോലുള്ള (775-845) ചിന്തകര്‍ വാദിച്ചു. ഇദ്ദേഹമാണ് അഹ്ല്‌ലുല്‍ ഖുര്‍ആന്‍ എന്ന ആശയം ആദ്യമായി മുസ്ലിം ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തത്.

ഇനി മലബാറിലെ മുസ്ലിങ്ങളിലേക്കു വരാം. 18-ാം നൂറ്റാണ്ടുതൊട്ടു മുസ്ലിങ്ങളുടെ ആരാധനാലയങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മേലെ യമനിലെ ഹള്‍്രമൗത്തില്‍നിന്നു ഇവിടെ കുടിയേറിപ്പാര്‍ത്ത സെയ്യ്ദാര്‍ അധിപത്യം ഉണ്ടാക്കിയെടുത്തു. പതിയെ അത് സാമുദായികവും സാമ്പത്തികവുമായ അധീശത്വവുമായി മാറി. തങ്ങാര്‍ ഇങ്ങനെ ഉണ്ടാക്കിയെടുത്ത സാമുദായിക മേധാവിത്വത്തെ 1920 നൂറ്റാണ്ടുകളോടുകൂടി തദ്ദേശീയരായ ഉലമകള്‍ ഒളിഞ്ഞും തെളിഞ്ഞും ചോദ്യം ചെയ്യുന്നതിലേയ്ക്കും വളര്‍ന്നുവന്നു. 
19-ാം ശതകത്തിന്റെ ഒടുവിലും 20-ാം ശതകത്തിന്റെ ആദ്യ ദശകങ്ങളിലുമായി മുസ്ലിം ചിന്തകര്‍ വളര്‍ത്തിയെടുത്ത സാമൂഹിക നവീകരണ പ്രസ്ഥാനങ്ങള്‍ കൊളോണിയല്‍ ആധുനികത ഇവിടെ നിര്‍മ്മിച്ചെടുത്ത പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനഫലമായാണ് വളര്‍ന്നുവന്നത്. മുസ്ലിം ചിന്തകരിലൂടെ പഞ്ചാബ് കേന്ദ്രീകരിച്ചു വളര്‍ന്നുവന്ന ദേശീയബോധവും മതനവീകരണ പ്രസ്ഥാനവും ഒരേസമയം തങ്ങളുടെ പാരമ്പര്യത്തിലൂന്നിയുള്ളതും ഇസ്ലാമിക് പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ ചിന്തകളാലും ചിഹ്നങ്ങളാലും രൂപം കൊണ്ടതുമായിരുന്നു. അതേസമയം മലബാര്‍ കലാപാനന്തരം മലബാറിലെ മുസ്ലിങ്ങളുടെ സാമൂഹികതയ്ക്ക് ചില വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മിച്ചെടുത്ത് അതിന്റെ ഫലമായി മുസ്ലിങ്ങള്‍ക്ക് ഇടയില്‍ മത-സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. സെയ്ദ് മക്തി തങ്ങളിലൂടെയാണ് ഇതിന് തുടക്കമാവുന്നത്. ക്രിസ്തുമതത്തിന്റെ ഇസ്ലാംവിരുദ്ധ പ്രചാരണങ്ങളെ പ്രതിരോധിക്കലും സ്വസമുദായത്തിലെ മതപുരോഹിതന്മാരുടെ ചൂഷണങ്ങളേയും അവര്‍ സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടുവന്ന ആചാരാനുഷ്ഠാനങ്ങളേയും എതിര്‍ക്കലും അദ്ദേഹത്തിന്റെ പരിവര്‍ത്തന പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിരുന്നു. മക്തി തങ്ങളുടെ സമകാലികനായ പരിഷ്‌കരണവാദിയായിരുന്നു ശൈഖ് ഹമദാനീ തങ്ങളും. മുസ്ലിങ്ങളുടെ സാമൂഹിക പുരോഗതിയും ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യതകളും തിരിച്ചറിഞ്ഞ ഉല്‍പ്പതിഷ്ണുവായിരുന്നു അദ്ദേഹം. ചാലിനകത്ത് കുഞ്ഞഹമ്മദ് ഹാജി, വക്കം മൗലവി, കെ.എം. മൗലവി, ശാദുലിക്കുട്ടി മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു മുസ്ലിങ്ങളുടെ ഇടയിലുണ്ടായിരുന്ന മറ്റ് സാമൂഹിക പരിഷ്‌കരണവാദികള്‍. കേരളത്തിലെ മുസ്ലിം സമുദായ പരിഷ്‌കരണവാദികളുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങള്‍ എറിയാടും വടുതലയും അരീക്കോടും ആയിരുന്നു.
ഈ ചുറ്റുപാടില്‍നിന്നുവേണം കുഞ്ഞഹമ്മദ് മൗലവിയുടെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കാന്‍. അലിഹാജി, കുഞ്ഞലീമ എന്നിവരുടെ മകനായാണ് കുഞ്ഞഹമ്മദ് 1878 ഏപ്രില്‍ 18-ന് മാടായിയില്‍ ജനിച്ചത്. ബാല്യകാലം മുതലേ വിജ്ഞാന സമ്പാദനത്തില്‍ അതിസമര്‍ത്ഥനും കുശാഗ്രബുദ്ധിയുള്ളവനുമായിരുന്നു കുഞ്ഞഹമ്മദ്. പ്രാഥമിക വിദ്യാഭ്യാസം മാടായിയിലും തുടര്‍പഠനം മുസ്ലിങ്ങളുടെ പ്രധാന പാഠശാലയായ പൊന്നാനിയിലും ആയിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ ഖുര്‍ആന്‍, ഹദീസ്, കര്‍മ്മശാസ്ത്രം, തര്‍ക്കശാസ്ത്രം, ഇസ്ലാമിക് നിയമവ്യവസ്ഥ എന്നീ വിഷയങ്ങളുമായി അഗാധ പാണ്ഡിത്യമുണ്ടായിരുന്നു മൗലവിക്ക്. പഠനാനന്തരം മാടായിയില്‍ തിരിച്ചുവന്ന മൗലവി കൊളോണിയല്‍ മലബാറിലെ മുസ്ലിങ്ങളുടെ പരിതാപകരമായ മത-സാമൂഹികത അവസ്ഥകള്‍ കണ്ട് ആകുലനായി. മലബാറിലെ മുസ്ലിങ്ങള്‍ കൊളോണിയല്‍ ഭരണകൂട വിരുദ്ധ നിലപാടുള്ളവരായിരുന്നു. ഇസ്ലാമിക്ക് വിരുദ്ധ നിലപാടുകളിലൂടെ യൂറോപ്യന്‍ അധിനിവേശകര്‍ ആഗോളാടിസ്ഥാനത്തില്‍ വളര്‍ത്തിക്കൊണ്ടുവന്ന സങ്കല്പങ്ങളോടും ചിന്തകളോടുമുള്ള പ്രതികരണമെന്ന നിലയിലായിരുന്നു അവ വളര്‍ന്നുവന്നത്. അതുകൊണ്ടാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിനോടും കൊളോണിയല്‍ ആധുനികത തീര്‍ത്ത ജീവിതരീതികള്‍ സ്വീകരിക്കുന്നതിനോടും ഇംഗ്ലീഷ് ഭരണകൂടത്തിന്റെ തൊഴില്‍ സ്വീകരിക്കുന്നതിനോടുപോലും മുസ്ലിങ്ങള്‍ എതിരു നിന്നിരുന്നത്. ഇങ്ങനെയുള്ള ഭരണകൂടവിരുദ്ധ മനോഭാവം ഒരു വശത്ത്. അതേസമയം മറുവശത്ത് മുസ്ലിങ്ങളുടെ മതപഠനങ്ങളാവട്ടെ, ഓത്തില്‍ കവിഞ്ഞ് അര്‍ത്ഥം ഗ്രഹിക്കാത്ത പാഠ്യപദ്ധതികളായി അധഃപതിച്ചിട്ടുമുണ്ടായിരുന്നു. ഖുര്‍ആന്‍ ഓതുന്നതില്‍ കവിഞ്ഞ് അതിന്റെ ആന്തരിക സാരാംശമോ, അര്‍ത്ഥമോ ആശയമോ, സാധാരണക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ അവ പഠിപ്പിച്ചുകൊടുക്കുന്നവര്‍ക്കുപോലും അറിയില്ലായിരുന്നു. ഹദീസുകളിലും ഖുര്‍ആനിലുമുള്ള വചനങ്ങളെ ദുര്‍വ്യാഖ്യാനിച്ച് ഇതാണ് മുസ്ലിം സമുദായത്തിന്റെ യഥാര്‍ത്ഥ ആശയമെന്ന് പ്രചരിപ്പിച്ച് മുസ്ലിം സ്ത്രീകളെ സാമൂഹിക ഇടങ്ങളില്‍നിന്നും മാറ്റിനിര്‍ത്തുകയും വീട്, കുടുംബബന്ധം, സന്താനോല്പാദനവും പരിപാലനവും ഭര്‍ത്തൃക്ഷേമം, മതവിശ്വാസത്തില്‍ ഊന്നിനില്‍ക്കുന്ന 'ഉത്തമ', 'ഉമ്മത്ത്' എന്നീ ചിന്തകളില്‍ ഒതുങ്ങി ജീവിക്കേണ്ടവളാണെന്നും പൗരോഹിത്യം വനിതകളെ പഠിപ്പിച്ചു. മാത്രമല്ല, മാലകളും മൗലുദുകളും ചൊല്ലുന്നതായി ചുരുക്കപ്പെട്ടു. അവരുടെ പാരായണം, മതപഠനം ഈ രീതികളിലായതോടെ മാമൂലുകളും ദുരാചരങ്ങളുംകൊണ്ട് സാധാരണ മുസ്ലിങ്ങളെ ചൂഷണം ചെയ്യുകയും അടിമപ്പെടുത്തുകയും ചെയ്യുകയായി. വരേണ്യ പൗരോഹിത്യം. ശകുനം നോക്കല്‍, മന്ത്രവാദം, ബാധയൊഴിപ്പിക്കല്‍, വഴിപാടുകള്‍, പിങ്ങണമെഴുത്ത്, ഏലസ്സ് കെട്ടല്‍, ശവകുടീരങ്ങളിലെ ഓത്തും നേര്‍ച്ചകളും ഇങ്ങനെ നൂറുകണക്കിന് ആചാരാനുഷ്ഠാനങ്ങള്‍കൊണ്ട് ഉഴുതുമറിക്കപ്പെട്ടു 20-ാം നൂറ്റാണ്ടിലെ സാധാരണ മുസ്ലിങ്ങള്‍.

കുഞ്ഞഹമ്മദ് മൗലവിയുടെ മകള്‍ അത്തിക്ക
കുഞ്ഞഹമ്മദ് മൗലവിയുടെ മകള്‍ അത്തിക്ക


നേരത്തെ മുസ്ലിം ധിഷണാശാലികളേയും അവരുടെ പ്രവര്‍ത്തനങ്ങളേയും സൂഫിസം സ്വാധീനിച്ചതുപോലെ കുഞ്ഞഹമ്മദ് മൗലവിയേയും സൂഫിസരണി കാര്യമായി സ്വാധീ നിച്ചിരുന്നുവെന്നു കാണാം. വടക്കേ മലബാറില്‍ ഏറെ ജനകീയത ഉണ്ടായിരുന്ന അബ്ദുറഹ്മാന്‍ ശൈഖ് തങ്ങളുടെ ശിഷ്യത്വം മൗലവി സ്വീകരിച്ചിരുന്നു. എന്നാല്‍, മൗലവിയിലെ ചിന്തകന്റെ വൈജ്ഞാനിക ദാഹത്തെ ശമിപ്പിക്കാനുള്ള വഴി സൂഫിസത്തിലില്ലായിരുന്നു. അദ്ദേഹത്തിന്റേതായ ഭാഷയില്‍ പറഞ്ഞാല്‍, സൂഫിസം സ്വന്തം ആഗ്രഹത്തെ ശുദ്ധീകരിക്കാനുള്ള ഉത്തമ മാര്‍ഗ്ഗം തന്നെ. പക്ഷേ, മുസ്ലിം സമുദായത്തെ കാര്‍ന്നുതിന്നുന്ന മതപൗരോഹിത്യത്തേയും അവരുടെ ചെയ്തികളേയും തുറന്നു എതിര്‍ക്കാനോ മുസ്ലിങ്ങളുടെ സാമൂഹിക നവീകരണത്തിനുവേണ്ടിയുള്ള ഔഷധക്കൂട്ടുകള്‍ ഉണ്ടാക്കിയെടുക്കാന്‍ സൂഫിസം മതിയാകില്ല. 
അങ്ങനെ ലോകത്തെ മാറ്റിമറിച്ച പല ചിന്തകരേയും പോലെ തന്റെ പ്രപഞ്ചവീക്ഷണത്തേയും യുക്തിബോധത്തേയും വൈജ്ഞാനിക ത്വരയേയും ശമിപ്പിക്കുന്നതിനുള്ള ഔഷധങ്ങള്‍ തേടി മൗലവി 27-ാം വയസ്സില്‍ ദക്ഷിണേഷ്യയിലേയ്ക്ക് യാത്രകള്‍ നടത്തി. 19, 20 നൂറ്റാണ്ടുകളില്‍ ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ക്കിടയില്‍ നിരവധി നവീന ആശയങ്ങളും ചിന്തകളും വളര്‍ന്നുവരുന്നുണ്ടായിരുന്നു. അഹമദിയഃ, അഹ്ല്‌ലുല്‍ ബൈത്ത്, അഹ്ല്‌ലുല്‍ ഖുര്‍ആന്‍, ഷിയ, ദയുബന്ദ്, ബറോവി, അലിഗഡ് എന്നീ പ്രസ്ഥാനങ്ങള്‍ മുസ്ലിം ലോകത്ത് ആശയസംവാദത്തിന് പുതിയ ലോകവീക്ഷണം തുറക്കപ്പെട്ടു. കുഞ്ഞഹമ്മദ് മൗലവി ലാഹോര്‍, പഞ്ചാബ്, ഡല്‍ഹി, അലിഗഡ്, ഭോപ്പാല്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സഞ്ചരിച്ച് കൊളോണിയല്‍ ഇന്ത്യയിലെ മുസ്ലിം മത-സാമൂഹീക നവീകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചു. അവയുടെ നേതൃത്വത്തിലുള്ളവരുമായി ആശയസംവാദവും നടത്തി. കൊളോണിയല്‍ ഇന്ത്യയിലെ മുസ്ലിം ചിന്തകരിലൂടെ വളര്‍ന്നുവന്ന മത-രാഷ്ട്രീയ-സാമൂഹിക വ്യവഹാരങ്ങളിലെ പുതിയ പുതിയ സൈദ്ധാന്തിക തലങ്ങള്‍ ആഴത്തിലും പരപ്പിലും മനസ്സിലാക്കാനും അതു തന്നെത്തന്നെ പുതുക്കി പണിയുന്നതിനുമുള്ള തുറന്ന മാര്‍ഗ്ഗമായി മാറ്റാനും മൗലവി തന്റെ ഓരോ യാത്രകളേയും ഉപയോ ഗിച്ചു.

ഈ യാത്രകളില്‍ മൗലവിക്ക് ആഭിമുഖ്യം തോന്നിയത് പഞ്ചാബിലെ ഖ്യാദിയാനിയില്‍ മിര്‍സഗുലാം അഹമ്മദ് സ്ഥാപിച്ചെടുത്ത അഹമദിയഃ പ്രസ്ഥാനത്തോടായിരുന്നു. മിര്‍സയുടെ മരണത്തിനുശേഷം 1911-ല്‍ മൗലവി ഖ്യാദിയാനിയിലേയ്ക്ക് പോവുകയും അഹമ്മദിയഃ പ്രസ്ഥാനത്തിലെ ആദ്യത്തെ അമീറായ ഹക്കീം നൂറുദ്ദീനിലൂടെ ബൈഅത്ത് ചെയ്യുകയും ചെയ്തു. എന്നാല്‍, മൗലവിക്ക് അഹമ്മദിയഃ പ്രസ്ഥാനത്തിന്റെ ആശയവുമായി കൂടുതല്‍ കാലം മുന്നോട്ടു പോകാന്‍ സാധിച്ചില്ല. ഇതിന് രണ്ടു കാരണങ്ങളാണ് ഉണ്ടായത്. ഒന്നാമത്തേത്, മലബാറിലെ മുസ്ലിങ്ങളെ ആധുനികവല്‍ക്കരിക്കാനുള്ള ആശയങ്ങളൊന്നുംതന്നെ അഹമ്മദിയഃ പ്രസ്ഥാനത്തിലുണ്ടായിരുന്നില്ല. രണ്ടാമത്തേത്, ഹക്കീം നൂറുദ്ദീന്റെ മരണത്തിനുശേഷം 1914-ല്‍ ലാഹോറില്‍ ചേര്‍ന്ന അഹമ്മദിയഃ നേതാക്കന്മാരുടെ യോഗത്തില്‍ രൂക്ഷമായ അഭിപ്രായഭിന്നത രൂപംകൊണ്ട് പ്രസ്ഥാനം രണ്ടായി പിളര്‍ന്നു. ഒരു കൂട്ടര്‍ മീര്‍സയുടെ മകനായ ബഷിറുദ്ദീന്‍ മുഹമ്മദ് അഹമ്മദിന്റെ കൂടെയും മറ്റൊരു കൂട്ടര്‍ മൗലാനാ മുഹമ്മദലിയുടേയും നേതൃത്വത്തില്‍ നിലകൊണ്ടു. മൗലവി തന്റെ കൃതിയില്‍ ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ''ഞാന്‍ മുന്‍പൊരിക്കല്‍ ഖാദിയന്മാരില്‍ അവരുടെ ഉള്ളുകള്ളികളറിയാതെ കടന്നുപോയിരുന്നു. എങ്കിലും അവരുടെ അറ്റകുറ്റങ്ങള്‍ ശരിയായി അറിഞ്ഞു അപ്പോള്‍ത്തന്നെ മടങ്ങി'' (നൂറുല്‍ ഖുര്‍ആന്‍ പുറം2).
അഹമ്മദിയഃ പ്രസ്ഥാനം ഉപേക്ഷിച്ച മൗലവി പിന്നീട് പ്രഭാഷണങ്ങളിലൂടെയും പ്രസി ദ്ധീകരണങ്ങളിലൂടെയും മത-സാമൂഹിക നവീകരണത്തിനായി മുന്നോട്ടുവന്നു. അതോടൊപ്പം തന്നെ മുസ്ലിം പൗരോഹിത്യത്തിനും അനാചാരങ്ങള്‍ക്കും വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയും പുതിയ അറിവുകള്‍ക്കായി നിരന്തര അന്വേഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇത് മൗലവിക്ക് വീണ്ടും യാത്ര ചെയ്യാനുള്ള പ്രേരണ നല്‍കി. പഞ്ചാബിലും ലാഹോറിലുമായി വളര്‍ന്നുവന്ന നവീന ചിന്തയായ അഹ്ല്‌ലുല്‍ ഖുര്‍ആനിനെക്കുറിച്ച് മനസ്സിലാക്കുന്നതിലേയ്ക്കും പഠിക്കുന്നതിലേയ്ക്കുമായാണ് ഈ യാത്രകള്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. മൗലവിക്ക് അഹ്ല്‌ലുല്‍ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സാമൂഹിക, രാഷ്ട്രീയ, മത നവീകരണ ചിന്തകള്‍ നന്നേ ബോധിച്ചു. 1918-ല്‍ മാടായിയില്‍ തിരിച്ചെത്തിയ മൗലവി കുളങ്കരപള്ളി കേന്ദ്രീകരിച്ച് സൗത്ത് ഏഷ്യയിലെ ആദ്യത്തെ അഹ്ല്‌ലുല്‍ ഖുര്‍ആന്‍ സംഘം രൂപീകരിച്ചു. മൗലവിയുടെ സത്യസന്ധതയിലും സേവനങ്ങളിലും ലോകവീക്ഷണത്തിലും ആകൃഷ്ടരായ മാടായിയിലെ സാധാരണക്കാരും ആധുനിക വിദ്യാഭ്യാസം ലഭിച്ച വലിയ ഒരു വിഭാഗം മുസ്ലിങ്ങളും അഹ്ല്‌ലുല്‍ ഖുര്‍ആന്‍ സംഘമായി മാറി.
മൗലവി കുഞ്ഞഹമ്മദ് അഹ്ല്‌ലുല്‍ ഖുര്‍ആന്‍ ആശയം സൈദ്ധാന്തികമായി പറയുക മാത്രമായിരുന്നില്ല ചെയ്തിരുന്നത്. മറിച്ച് ഈ ആശയം സ്വന്തം ജനങ്ങളിലൂടെ പ്രായോഗികമായി നടപ്പിലാക്കുക കൂടി ചെയ്തു. നൂറു വര്‍ഷം പിന്നിട്ട ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ വിഭാഗം മുസ്ലിങ്ങള്‍ ഇപ്പോഴും മാടായിയില്‍ നിലനില്‍ക്കുന്നുമുണ്ട്. സെമിറ്റിക്ക് മതങ്ങളായ ജൂതായിസത്തിലെ കരായറ്റി, ക്രിസ്റ്റ്യാനിറ്റിയിലെ പ്രൊട്ടസ്റ്റന്റ് എന്നീ പ്രസ്ഥാനങ്ങളുടെ രൂപം തന്നെയാണ് ഇസ്ലാമിനകത്ത് അഹ്ല്‌ലുല്‍ ഖുര്‍ആന്‍ ചെയ്യാന്‍ ശ്രമിച്ചത്. കൊളോണിയല്‍ ഇന്ത്യയില്‍ ആവിര്‍ഭവിച്ച ഈ ചിന്തയും അവ മുന്നോട്ടുവെച്ച സൈദ്ധാന്തിക തലങ്ങളേയും അലി ഉസ്മാന്‍ ഖാസിമിയുടെ Questioning the Authority of the Past: The Ahl-al-Quran Movement in the Panjab എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതുവരെ അക്കാദമിക് സമൂഹത്തിനും ഈ ആശയത്തെക്കുറിച്ച് കാര്യമായ അവബോധവും ഉണ്ടായിരുന്നില്ല. കേരളത്തിലെ മുസ്ലിങ്ങളെക്കുറിച്ച് വ്യത്യസ്ത രീതികളിലായി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, 20-ാം ശതകത്തിന്റെ ആദ്യപാതത്തില്‍ മൗലവി കുഞ്ഞഹമ്മദ് ഉണ്ടാക്കിയെടുത്ത വടക്കേ മലബാറിലെ മത-സാമൂഹിക രാഷ്ട്രീയ നവീകരണങ്ങളെക്കുറിച്ചു ഒരു പഠനവും ഇന്നേവരെ നടന്നിട്ടുമില്ല. 
അദ്ദേഹം നടപ്പിലാക്കിയ ആശയങ്ങളും പ്രവൃത്തികളും ഇവയാണ്. 1906-ല്‍ പൗരാണികമായ മാടായി പള്ളിയിലെ വെള്ളിയാഴ്ച ഖുത്തബ നിര്‍വ്വഹണവുമായി ബന്ധപ്പെട്ടു വലിയ തര്‍ക്കം ഉടലെടുത്തു. നാളിതുവരെ വെള്ളിയാഴ്ച ഖുത്തുബ നടത്തിയിരുന്നത് സെയ്യദാന്മാര്‍ മാത്രമായിരുന്നു. തങ്ങാര്‍ ഇവിടെ ഉണ്ടാക്കിയെടുക്കുകയും നൂറ്റാണ്ടുകളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ  ഈ വഴക്കത്തെ മൗലവി ചോദ്യം ചെയ്തു. ഇത് വലിയ സംഘര്‍ഷത്തിലാണ് അവസാനിച്ചത്. ഇതേത്തുടര്‍ന്ന് മൗലവിയും ആധുനിക വിദ്യാഭ്യാസം നേടിയ ഒരുകൂട്ടം മുസ്ലിങ്ങളും മാടായി പള്ളിക്ക് അടുത്തുതന്നെയുള്ള കുളങ്കരപള്ളിയില്‍ വെച്ച് അന്ന് നിലവിലുണ്ടായിരുന്ന രീതിയെ ധിക്കരിച്ച് സെയ്യദാന്മാരുടെ നേതൃത്വത്തിലല്ലാതെ വെള്ളിയാഴ്ച ജുമഅഃ നിര്‍വ്വഹിച്ചു. കൂടാതെ കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് ഇടയില്‍ ആദ്യമായി വെള്ളിയാഴ്ച കുത്തുബ പാരായണം മലയാളത്തില്‍ നിര്‍വ്വഹിക്കുകയും ചെയ്തു. മൗലവി തന്റെ നൂറുല്‍ ഖുര്‍ആന്‍ എന്ന കൃതിയില്‍ സെയ്യദാന്മാരെ പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്: '200 കൊല്ലത്തിനടുത്ത് ഈ രാജ്യത്തു കുടിപാര്‍ത്തു വന്നിരുന്ന കോയമാര്‍ (തങ്ങാര്‍), പല പാമരന്മാര്‍ക്കും സ്വര്‍ഗ്ഗത്തിലേയ്ക്കു സില്‍സിലഃ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും ഖുര്‍ആനിനെതിരായി തങ്ങള്‍ക്കു വഴിപ്പെടുത്തി ചെയ്തു വരുകയായിരുന്നു.'' നൂറ്റാണ്ടുകളായി മലബാറിലെ മുസ്ലിങ്ങള്‍ക്കുമേല്‍ അധീശത്വം നടത്തിയ സെയ്യദാന്മാരുടെ അധികാരങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ കേവലം 26 വയസ്സ് മാത്രമായിരുന്നു മൗലവിക്കു പ്രായം. മുസ്ലിങ്ങളുടെ രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് സര്‍ സയ്യദ് അഹമ്മദ് ഖാന്റെ അലിഗഡ് പ്രസ്ഥാനക്കാരെപ്പോലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസവും കൊളോണിയന്‍ ഭരണകൂടത്തിന്റെ ജോലിയും സ്വീകരിക്കുക. പെണ്‍കുട്ടികള്‍ക്ക് മത വിദ്യാഭ്യാസത്തോടൊപ്പം തന്നെ ആധുനിക വിദ്യാഭ്യാസവും നല്‍കി അവരെ ആധുനികവല്‍ക്കരിക്കുകയും പൊതു ഇടങ്ങളില്‍ ഇടപെടാന്‍ അവസരമുണ്ടാക്കിക്കൊടുക്കുക, മുസ്ലിങ്ങളുടെ ജീവിതരീതി ഖുര്‍ആന്‍ പ്രമാണമാക്കിയും ഖുര്‍ആനുമായി സമരസപ്പെടുന്ന ഹദീസുകള്‍ മാത്രം സ്വീകരിച്ചും നിര്‍വ്വഹിക്കുക. 1911-ല്‍ തന്നെ മുസ്ലിം സ്ത്രീകളെ ജുമഅഃ നമസ്‌കാരത്തില്‍ പങ്കെടുപ്പിച്ചു. 1929-ല്‍ അച്ചടിച്ച മൗലവിയുടെ ഖുത്തുബത്തു ഖുര്‍ആനിയ എന്ന കൃതിയില്‍ ഇത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതേസമയം 1951-ഓടെ മാത്രമായിരുന്ന അരീക്കോട്, എടവണ്ണ, ഒദായ എന്നിവിടങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ജുമഅഃ നമസ്‌കാരത്തിനു പങ്കെടുത്തത്.
ലോക മുസ്ലിങ്ങള്‍ക്ക് ഇടയില്‍ നിലനിന്നിരുന്ന അനുഷ്ഠാനമായ ആണ്‍കുട്ടികള്‍ക്കുള്ള ചേലകര്‍മ്മം, പെണ്‍കുട്ടികള്‍ക്കുള്ള കാതുകുത്ത് എന്നീ ആചാരങ്ങള്‍ നിര്‍ത്തലാക്കി. മുസ്ലിങ്ങള്‍ പിന്‍തുടര്‍ന്നിരുന്ന ചന്ദ്രക്കലകള്‍ നഗ്‌നനേത്രങ്ങള്‍കൊണ്ട് കണ്ടതിനുശേഷം മാസങ്ങളുടെ തുടക്കം നിശ്ചയിക്കുന്ന പരമ്പരാഗത സമ്പ്രദായം നിര്‍ത്തലാക്കുകയും പകരം ഹിജ്റ കലണ്ടറുകള്‍ നടപ്പില്‍ വരുത്തുകയും ചെയ്തു. ആഗോള മുസ്ലിങ്ങള്‍ സ്വീകരിച്ചിരുന്ന മദ്ഹബ, ഇമാം സമ്പ്രദായങ്ങള്‍ നിരോധിച്ചു. ഖുര്‍ആന്‍ മാത്രമാണ് ഇമാം എന്നു വാദിച്ചു. മുസ്ലിങ്ങള്‍ക്ക് ഇടയില്‍ നിലനിന്നിരുന്ന ആചാരങ്ങളും മാമ്മൂലുകളും നിര്‍ത്തലാക്കി. 1940 മാര്‍ച്ച് 10-ന് ഹൈദ്രബാദ് നൈസമിന്റെ സഹായത്തോടെ മശു അ്റുല്‍ ഇസ്ലാം എന്ന ഉറുദു പാഠശാല മാടായിയില്‍ സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലബാറിലെ മുസ്ലിങ്ങളിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ കെ.എം. സീതി പ്രശസ്ത ഇസ്ലാമിക പാഠശാലയായ ഉമറാബാദിലെ ദാറു ലാം അധികാരി കാക്കാ മുഹമ്മദ് എന്നിവരെ പങ്കെടുപ്പിച്ചു വൈജ്ഞാനത്തിന്റെ ആവശ്യത്തെക്കുറിച്ച് മുസ്ലിങ്ങള്‍ക്കു ബോധനം നല്‍കി. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് തിരൂരിലേയ്ക്കും ആണ്‍കുട്ടികളെ ഉപരിപഠനത്തിനായി ഇന്ത്യയിലെ വ്യത്യസ്ത സര്‍വ്വകലാശാലകളിലേയ്ക്കും പോകുന്നതിനായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. മുസ്ലിം പെണ്‍കുട്ടികളെ വിജ്ഞാന സമ്പാദനത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ അഹോരാത്രം മൗലവി പണിപ്പെട്ടു. ഇതിനെ ചോദ്യം ചെയ്ത പുരോഹിതന്മാര്‍ക്ക് മൗലവി കൃത്യമായ മറുപടിയാണ് കൊടുത്തിരുന്നത്. ''അല്ലാഹു ഇന്‍സാന്നു (മനുഷ്യനു) പേനകൊണ്ടു മനുഷ്യന്‍ അറിയാത്തതിനെ പഠിപ്പിച്ചിരിക്കുന്നുവെന്നു പറയും പ്രകാരം ഇന്‍സാന്‍ എന്ന വാക്കില്‍ ആണും പെണ്ണും പെട്ടതിനാല്‍ രണ്ടുകൂട്ടരും വേദോപദേശം പഠിക്കാന്‍ എഴുത്തറിയേണ്ടതാണെന്നും തെളിഞ്ഞിരിക്കുന്നുവല്ലോ. എല്ലാ മുസ്ലിം ആയ പുരുഷനും മുസ്ലിമത്തായ സ്ത്രീകളും അറിവിനെ തേടേണ്ടതു കടമയാണെന്നു വന്നിട്ടുണ്ടുതാനും. ഇങ്ങനെ ഇരിക്കേ ഇവര്‍ പെണ്‍കുട്ടികളെ വേദവും പരിഭാഷയും എഴുതാനും വായിക്കാനും എന്തുകൊണ്ട് പഠിപ്പിക്കുന്നില്ല?'' (നൂറുല്‍ ഖുര്‍ആന്‍. പുറം 61).
1918-ല്‍ മൗലവി കുഞ്ഞഹമ്മദിന് അഹ്ല്‌ലുല്‍ ഖുര്‍ആനെ അതിന്റെ തനിമയോടും അവ മുന്നോട്ടുവച്ച ആശയത്തോടെയും മാടായിയില്‍ സ്ഥാപിക്കാനും പ്രായോഗികമായി നടപ്പിലാക്കാനും സാധിച്ചത് എന്തുകൊണ്ടെന്നും അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല, മുസ്ലിങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്ന ഒരു അവാന്തര വിഭാഗമായ ഈ സംഘത്തിന് മാടായിയില്‍ നിലനില്‍ക്കാന്‍ സാധിക്കുന്നതെന്തുകൊണ്ട് എന്നും അന്വേഷിക്കേണ്ടതാണ്. അതിന്റെ ഒരു സാദ്ധ്യത, പൂര്‍വ്വമദ്ധ്യകാലത്തോടെ കടല്‍ക്കച്ചവടത്തിലൂടെ വളര്‍ന്നുവന്ന ഒരു വാണിജ്യ നഗരമായിരുന്നു മാടായി. വിവിധ കാലങ്ങളില്‍ വ്യത്യസ്ത സംസ്‌കാരങ്ങളെ ഒരുപോലെ കൈപിടിച്ചു സ്വീകരിച്ചവരാണ് മാടായിയിലെ പൂര്‍വ്വികര്‍. അതില്‍ ശ്രമണ, ബ്രാഹ്മണ, ദ്രാവിഡ, ജൂത, ഇസ്ലാം, ക്രിസ്ത്യന്‍ വിഭാഗങ്ങളുമുണ്ട്. കൂടാതെ 12-ാം നൂറ്റാണ്ടോടെ ഷിയായിസം അലിഞ്ഞുചേര്‍ന്ന മണ്ണുകൂടിയാണ് മാടായി. 'മാടായി നഗരേ...' എന്ന തെയ്യത്തിന്റെ വിളി ഈ ദേശത്തെ കാലത്തിലടയാളപ്പെടുത്തിയ സാംസ്‌കാരിക സമന്വയത്തിന്റെ ഉള്‍വിളികൂടിയാണ്. കടല്‍ വെച്ച ഇടമാണ് മാടായി. കടല്‍ത്തിരകള്‍പോലെ തോറ്റവും കൃഷിപ്പാട്ടും ജൂതപ്പാട്ടും സൂഫിസവും കളപ്പാട്ടും കമ്യൂണിസവും ഒന്നിനു പിറകേ ഒന്നായി സ്വീകരിക്കപ്പെട്ട ദേശം. ദേശാന്തരങ്ങള്‍ കടന്നെത്തിയ നൊസ്സന്മാരും സിദ്ധന്‍മാരും ഈ ദേശത്തെ പുണര്‍ന്നിട്ടുണ്ട്. നാട്ടുവഴികളിലൂടെ മാനുഷികബോധത്തെ പാടി നടന്നിട്ടുമുണ്ട്. ഇവ മാടായിക്കാരില്‍ ഓരോ പുതിയ അറിവിനേയും പരിശോധിക്കാനും സ്വീകരിക്കേണ്ടവയെ സ്വീകരിക്കാനും താല്പര്യമില്ലെങ്കിലും വെറുക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യാതെ നിലനില്‍ക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ഒരു മനോനിലയെ ഉണ്ടാക്കിയിരുന്നു. ഈ ഒരു ഉള്ളുതുറന്ന പ്രപഞ്ചവീക്ഷണം തന്നെയാണ് മൗലവി സ്ഥാപിച്ചെടുത്ത ഈ നൂതന ഇസ്ലാമിക്ക് ചിന്തയ്ക്കും ഇവിടെ തഴച്ചുവളരാനുള്ള സാഹചര്യം ഉണ്ടാക്കിയത്.

മൗലവിയുടെ സത്യസന്ധതയിലും മൗലികമായ നൂതന ഇസ്ലാമിക്ക് വീക്ഷണങ്ങളിലും ആകൃഷ്ടരായ ഒരു ചെറുവിഭാഗം കൊടുങ്ങല്ലൂരിലും വളപട്ടണത്തും ഉണ്ടായിരുന്നു. പക്ഷേ, ഇത്തരം ചെറുസംഘങ്ങള്‍ക്ക് മാടായിയില്‍ ലഭിച്ചിരുന്നതുപോലെയുള്ള പരിഗണനയോ പരിരക്ഷയോ ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് കൂടുതല്‍ കാലം ഈ ആശയവുമായി മുന്നോട്ടു പോകാനും സാധിച്ചില്ല. ഒരേസമയം രാഷ്ട്രീയ, മത, സാമൂഹിക പരിഷ്‌കാര പ്രവര്‍ത്തനങ്ങളുമായി മുഴുകിനിന്നപ്പോഴും മൗലവി പ്രഭാഷണങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും മുസ്ലിം ഉലമകളോടും അഹമ്മദിയഃ പണ്ഡിതരോടും ആശയ സംവാദങ്ങളില്‍ മുഴുകി. സുന്നി ഉലമകളായ ഇ.കെ. അബൂബക്കര്‍ മൗലവി, പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാര്‍, മാടായി പള്ളി ഖ്വാദിയരായിരുന്ന കുഞ്ഞിക്കോയ തങ്ങള്‍, എന്‍.എം. മൗലവി, വളപട്ടണം ഉര്‍ദു മുന്‍ഷി അബ്ദുല്ല സാഹിബ് എന്നിവരുമായി നിരന്തരം സംവദിച്ചും ഇതോടൊപ്പം തന്നെ അഹമ്മദിയഃ പണ്ഡിതന്മാരുമായി എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സംവാദങ്ങളിലും ഏര്‍പ്പെട്ടും കൊണ്ടിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കന്മാരുമായും ആഫ്രോ-ഏഷ്യയിലെ പ്രമുഖ മുസ്ലിം ചിന്തകന്മാരുമായി എഴുത്തുകളിലൂടെയും ബന്ധം നിലനിര്‍ത്തി. കണ്ണൂരിലെ അറക്കല്‍ അലിരാജാ അബ്ദുറഹിമാനുമായും ഹൃദയബന്ധം പുലര്‍ത്തിയിരുന്നു മൗലവി.
20-ാം ശതകത്തിലെ കേരളീയ രാഷ്ട്രീയ-മത-സാമൂഹിക നവീകരണ പ്രസ്ഥാനത്തിലെ പ്രമുഖരോടൊപ്പം അടയാളപ്പെടുത്തേണ്ട വ്യക്തിത്വമാണ് മൗലവി കുഞ്ഞഹമ്മദിന്റേതും. പക്ഷേ, അദ്ദേഹത്തിന്റെ ആശയങ്ങളേയും ഗ്രന്ഥങ്ങളേയും മുഖ്യധാരാ മുസ്ലിം സംഘടനകളെല്ലാം തന്നെ തമസ്‌കരിക്കുകയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ അറിയാതിരിക്കുന്നതിന് ഇരുട്ടറകള്‍ക്കുള്ളില്‍ കുഴിച്ചുമൂടുകയോ ചെയ്തു. കേരളത്തിലെ സാംസ്‌കാരിക ഇടങ്ങളിലെവിടേയും ഇദ്ദേഹത്തെ അടയാളപ്പെടുത്തിയതുമില്ല. 30-ല്‍പ്പരം ചെറുതും വലുതുമായ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് കുഞ്ഞഹമ്മദ് മൗലവി. അവയില്‍ പലതും ലോകപ്രശസ്ത ഇസ്ലാമിക്ക് ലൈബ്രറികളിലെ റഫറന്‍സ് ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെട്ടവയുമാണ്. നൂറുല്‍ ഖുര്‍ആന്‍, നൂറുല്‍ ഫുര്‍ഖാന്‍, അല്‍ഹുദാ, ഒരു സത്യബോധനം, ഹിലല്‍, ഈസാ നബി മരിച്ചിട്ടില്ലേ? മീര്‍സാതുയ്യത്തിന്നൊരു വെല്ലുവിളി, ഖുത്തുബാത്തില്‍ ഖുര്‍ആനിയ്യഃ, അല്‍ഇസ്ലാഹ് എന്നിവയാണ് ഇദ്ദേഹം എഴുതിയ പ്രധാന കൃതികള്‍. നീണ്ടകാലത്തെ സഞ്ചാരങ്ങളിലൂടെ തന്റെ ജ്ഞാനത്തെ വളര്‍ത്തിക്കൊണ്ടുവരികയും കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് തികച്ചും നവ്യമായ ചിന്തയും സിദ്ധാന്തവുമായ അഹ്ല്‌ലുല്‍ ഖുര്‍ആന്‍ ആശയത്തെ അതിന്റെ തനിമയോടെ പ്രായോഗികവല്‍ക്കരിക്കുകയും അത് ഉള്‍ക്കൊണ്ട ഒരു സമൂഹത്തെ ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അത് നൂറ്റാണ്ടുകള്‍ പിന്നിട്ട് ഇപ്പോഴും യാതൊരു പോറലുമേല്‍ക്കാതെ മാടായിയില്‍ നിലനില്‍ക്കുന്നുമുണ്ട്. 1956 ആഗസ്ത് 31-ന് മദ്രാസില്‍ വെച്ച് മൗലവി മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളേയും പ്രവൃത്തികളേയും ഇന്നു പുനര്‍വായിക്കുമ്പോള്‍ ഇസ്ലാം മതത്തേയും അതിലെ ആന്തരിക വൈരുദ്ധ്യങ്ങളേയും അതിന്റെ പരിവര്‍ത്തനോന്മുഖ മുഖത്തിന്റേയും പുതിയ ചിത്രമാണ് നമുക്ക് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com